ശ്രീലങ്കയിലെ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡൻറിനെതിരെ നടത്തുന്ന പ്രതിഷേധത്തിൽ നിന്നും / Photo : Photo : Sajith Premadasa, fb page

സാഹസികമായ സാധ്യതകൾ
​ബാക്കിവെക്കുന്നു, ശ്രീലങ്ക

ശ്രീലങ്കയിൽ തമിഴ് ദേശീയതക്ക്​ ഉണർവ് സംഭവിക്കുന്നുണ്ട്​. ഇതിന്റെ മുതലെടുപ്പ് ഇന്ത്യയിലും നടക്കുന്നുണ്ട്. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിൽ, തമിഴ് ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദു സ്‌റ്റേറ്റാണ്, ഒരു ബഫർ സ്‌റ്റേറ്റിനെയാണ് ബി.ജെ.പി. പ്രമോട്ട് ചെയ്യാൻ ശ്രമിക്കുന്നത്. അതിൽ പഴയ എൽ.ടി.ടി.ഇ.ക്കാർക്കും അനുഭാവമുണ്ട്.

ശ്രീലങ്ക ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ, ആ രാജ്യത്തിന്റെ മാത്രം പ്രശ്‌നമായി കാണാനാകില്ല. ആഗോളതലത്തിൽ, സമീപകാലത്ത് സാമ്പത്തികമേഖലയിലടക്കം വലിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്ന ലോകബാങ്ക് റിപ്പോർട്ടനുസരിച്ച് 65 രാഷ്ട്രങ്ങൾ അതിസങ്കീർണമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ മെക്‌സിക്കോ, ബ്രസീൽ, എൽ സാൽവഡോർ, ചിലി, ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, ദക്ഷിണാഫ്രിക്ക, ടെൻസാനിയ, ഏഷ്യൻ രാജ്യങ്ങളായ നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, യൂറോപ്യൻ രാജ്യമായ തുർക്കി എന്നിവിടങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.

ചൈനയുടെ ‘സ്വന്തം' ശ്രീലങ്ക

ശ്രീലങ്കയിലെ സവിശേഷ പ്രശ്‌നം, കടമെടുപ്പുമായി ബന്ധപ്പെട്ടതാണ്. അതിനിടയിലാണ് കോവിഡും യുക്രെയ്ൻ യുദ്ധവുമെല്ലാം വന്നത്. കോവിഡ് ടൂറിസത്തെയും യുദ്ധം, ഭക്ഷണലഭ്യതയെയും രൂക്ഷമായി ബാധിച്ചു. ഗോതമ്പ് കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്‌നും. ഭക്ഷണദൗർലഭ്യമായിരിക്കും സമീപഭാവിയിലെ വലിയ പ്രശ്‌നമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ഈയിടെ ഗോതമ്പ് കയറ്റുമതി നിരോധിച്ചുവല്ലോ. വിവിധ തലങ്ങളിൽ ഇത്തരമൊരു പ്രതിസന്ധി ആഗോളതലത്തിൽ തന്നെയുണ്ട്. 2007-2009 കാലത്ത്, ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലൂടെയും ലോകം കടന്നുപോയിരുന്നു. ഇത്തരം ആഗോള സാഹചര്യങ്ങൾ ഏറ്റവും വേഗം ബാധിച്ച, അതിന്റെ ഏറ്റവും വലിയ ഇരയായ രാജ്യമാണ് ശ്രീലങ്ക.
ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപരമായി ടൂറിസത്തിലധിഷ്ഠിതമാണ്. ആഭ്യന്തരയുദ്ധത്തിനുശേഷം, അവർ ടൂറിസത്തെ ഏറ്റവും വലിയ വരുമാനപദ്ധതിയെന്ന നിലയിൽ ഹൈലൈറ്റ് ചെയ്യാൻ തുടങ്ങി. അതിനുവേണ്ടി വൻനിക്ഷേപങ്ങൾ നടത്തി.

മഹിന്ദ രാജപക്‌സെ

2005-ലാണ് മഹിന്ദ രാജപക്‌സെ പ്രസിഡന്റായി സ്ഥാനമേറ്റത്. അന്നുമുതൽ, ശ്രീലങ്കയെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനാക്കാൻ വലിയ കാമ്പയിനുകൾ നടക്കുന്നുണ്ട്. അതിനുവേണ്ട ഇൻഫ്രാസ്ട്രക്ചർ, ആഭ്യന്തരയുദ്ധശേഷം, 2010 ഓടെ വികസിപ്പിക്കാൻ തുടങ്ങി. ചൈനീസ് പക്ഷക്കാരനായ മഹിന്ദ, ഇന്ത്യയേക്കാൾ കൂടുതൽ ആശ്രയിച്ചത് ചൈനയെയാണ്. ആഭ്യന്തരയുദ്ധത്തിൽ തകർന്ന മേഖലകളെ പുനരുദ്ധരിക്കാൻ ചൈനയെ ആശ്രയിക്കുകയും മെഗാ ഇൻഫ്രാസ്ട്രക്ചർ പോളിസി കൊണ്ടുവരികയും ചെയ്തു. അങ്ങനെയാണ് ഹമ്പൻടോട്ടയെപ്പോലുള്ള തുറമുഖങ്ങൾ വികസിപ്പിക്കുന്നത്. കൊളംബോ പോർട്ട് സിറ്റി എന്ന പേരിൽ, ചൈനീസ് നിക്ഷേപത്തിൽ, 269 ഏക്കർ കടൽ നികത്തി നിർമിക്കുന്ന തുറമുഖനഗരമാണ് മറ്റൊരു മെഗാ പ്രൊജക്റ്റ്. കടൽഭൂമി നികത്തിയെടുക്കനുള്ള ചുമതല ചൈന ഹാർബർ എഞ്ചിനീയറിങ് കമ്പനിക്കാണ്. കടൽ നികത്താൻ മാത്രം ചൈനീസ് കമ്പനി മുടക്കിയത് 10,653 കോടി രൂപയാണ്. ഇതിനുപകരം, തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരിയും ചൈനീസ്​ കമ്പനിക്ക്​ 99 വർഷത്തെ പാട്ടത്തിന് നൽകുമെന്നാണ്​ രണ്ടുവർഷം മുമ്പ്​ തീരുമാനിച്ചത്​. എന്നാൽ, ചൈനയുമായുള്ള ‘ഡീൽ’ 99 വർഷത്തേയ്ക്കുകൂടി നീട്ടാനുള്ള വ്യവസ്​ഥയും നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടും വന്നിട്ടുണ്ട്​.

ലങ്കയുടെ തന്ത്രപ്രധാനമായിരുന്ന ഹമ്പൻടോട്ട തുറമുഖം

ഇത്തരം മെഗാ പദ്ധതികളിലൂടെ, ശ്രീലങ്കയുടെ ഇപ്പോഴത്തെ കടം 55 ബില്യൻ ഡോളർ വരും. അതിന്റെ പത്തുശതമാനം ചൈനയിൽനിന്നാണ്. ഇത് ഔദ്യോഗിക കടമാണ്. ഇതുകൂടാതെ, സ്വകാര്യസ്ഥാപനങ്ങൾ എടുത്ത കടമുണ്ട്.
ഇത്തരം മെഗാ പദ്ധതികൾ വരുന്നുണ്ടെങ്കിലും അതുകൊണ്ട് രാജ്യത്തിന് കാര്യമായ ഗുണമുണ്ടായില്ല. ഉദാഹരണത്തിന്, ഹമ്പൻടോട്ടയിൽ അതിഗംഭീരമായ അന്താരാഷ്ട്ര വിമാനത്താവളമുണ്ടാക്കി. ലോകത്ത്, ആളുകൾ ഉപയോഗിക്കാത്ത ഏക അന്താരാഷ്ട്ര വിമാനത്താവളമാണിത്. കടം തിരിച്ചടക്കാൻ പറ്റാത്തതുകൊണ്ട്, ഹമ്പൻടോട്ട പോർട്ട് ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് കൊടുത്തു. പോർട്ട് ഏതാണ്ട് ചൈനയുടെ കൈയിലായിക്കഴിഞ്ഞു. പോർട്ടുമായി ബന്ധപ്പെട്ട കരാറുകളൊക്കെ, സർക്കാറുമായിട്ടല്ല, രജപക്‌സെ കുടുംബാംഗങ്ങളുമായിട്ടാണ്. അവരാണ്, ഓഹരിയുടമകൾ. പോർട്ട് അടക്കമുള്ള വൻകിട പദ്ധതികൾ ഒരു ഫാമിലി ബിസിനസ് കൂടിയായിരുന്നു. അതായത്, രാജ്യത്തിന്റെ പ്രോപ്പർട്ടി ചൈനയ്ക്ക് കൈമാറുന്ന സ്ഥിതി വന്നു.

ദേശീയത, കുടുംബാധിപത്യം

യു.എന്നിന്റെ സാമ്പത്തിക റിപ്പോർട്ടനുസരിച്ച്, കിഴക്കൻ യൂറോപ്പിന് സമാനമായ വളർച്ചാനിരക്കുണ്ടായിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക. ആഭ്യന്തരയുദ്ധത്തിനുശേഷം, ഒരു ബൂമിന്റെ പ്രവണതയും പ്രകടമായിരുന്നു. ഇക്കാലത്ത്, മഹിന്ദ രാജപക്‌സെ പലതരം തന്ത്രങ്ങൾ പ്രയോഗിച്ച് സാമ്പത്തികസ്ഥിതി ഭദ്രമാക്കാൻ നോക്കി. അതോടൊപ്പം, സിംഹള ദേശീയത ശക്തമാക്കാൻ ശ്രമിച്ചു. തമിഴ് ദേശീയയെ തകർത്തശേഷം പുതിയ ശത്രുവിനെ കണ്ടെത്തി; ഇസ്‌ലാം.

തമിഴരും മുസ്‌ലിംകളും ഒരുമിച്ച് നിൽക്കുകയായിരുന്നുവെങ്കിൽ, ആഗോളതലത്തിൽ അതൊരു വലിയ ഇഷ്യു ആകുമായിരുന്നു. ഇസ്‌ലാമിനെ മാറ്റിനിർത്തിയതുകൊണ്ടാണ് എൽ.ടി.ടി.ഇ.ക്ക് ഇത്ര വലിയ പ്രതിസന്ധിയുണ്ടായത്.

ശ്രീലങ്കയുടെ ജനസംഖ്യയിൽ എട്ടുശതമാനമാണ് മുസ്‌ലിംകളുള്ളത്. എൽ.ടി.ടി.ഇ.യുടെ ഏറ്റവും വലിയ പരാജയം, തമിഴ് സംസാരിക്കുന്ന മുസ്‌ലിംകളെ ഒപ്പം കൂട്ടിയില്ല എന്നതാണ്. കാരണം, തമിഴരുടെ അത്ര ശക്തമായിരുന്നു മുസ്‌ലിം വിഭാഗവും. തമിഴരും മുസ്‌ലിംകളും ഒരുമിച്ച് നിൽക്കുകയായിരുന്നുവെങ്കിൽ, ആഗോളതലത്തിൽ അതൊരു വലിയ ഇഷ്യു ആകുമായിരുന്നു. ഇസ്‌ലാമിനെ മാറ്റിനിർത്തിയതുകൊണ്ടാണ് എൽ.ടി.ടി.ഇ.ക്ക് ഇത്ര വലിയ പ്രതിസന്ധിയുണ്ടായത്. എൽ.ടി.ടി.ഇ.യെ അനുകൂലിക്കുന്ന തമിഴ്‌നെറ്റ് എന്നൊരു പത്രമുണ്ട്. അത് എന്നെ ഇന്റർവ്യൂ ചെയ്തിരുന്നു. എന്തുകൊണ്ട് എൽ.ടി.ടി.ഇ. പരാജയപ്പെട്ടു എന്നതിന് കാരണമായി ഞാൻ ആ അഭിമുഖത്തിൽ പറഞ്ഞത് ഇക്കാര്യമാണ്. തുടക്കത്തിൽ, മുസ്‌ലിംകളും ഹിന്ദു തമിഴരും ഒന്നിച്ചായിരുന്നു. എന്നാൽ, എൽ.ടി.ടി.ഇ. ശക്തമായതോടെ, മുസ്‌ലിംകളെ ഇവർ ഒഴിവാക്കി. ജാഫ്‌നയിൽ നിന്ന് മുസ്‌ലിംകൾക്ക് പലായനം ചെയ്യേണ്ടിവന്നു. എൽ.ടി.ടി.ഇ. ഇല്ലാതായശേഷം, മുസ്‌ലിംകൾ വ്യാപാരത്തിലൊക്കെ ഏർപ്പെട്ട് വലിയ സംഘർഷമില്ലാതെ കഴിയുന്നതിനിടെയാണ്, ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷം സൃഷ്ടിച്ച് മഹിന്ദ, അവരിൽനിന്ന് പുതിയ ശത്രുവിനെ സൃഷ്ടിച്ചെടുത്തത്. അങ്ങനെ, അതിശക്തമായ ഒരു സിംഹള ദേശീയതയുടെ പിൻബലത്തിൽ, ഒരെതിർപ്പുമില്ലാതെ ഭരിക്കുകയായിരുന്നു ഈ കുടുംബം.

സൈനികവത്കരിക്കപ്പെട്ട ജനത

2010-ൽ, ടൂറിസം സമ്പദ്​വ്യവസ്​ഥയെക്കുറിച്ച് പഠിക്കാൻ ഞാൻ സുഹൃത്ത്​ സുമേഷുമൊത്ത് ​ശ്രീലങ്കയിൽ പോയിരുന്നു. ആ പഠനത്തിൽ ഒരു കാര്യം ശ്രദ്ധയിൽപെട്ടിരുന്നു. 2009-ൽ എൽ.ടി.ടി.ഇ.യെ പൂർണമായും ഇല്ലാതാക്കിയശേഷം ശ്രീലങ്കയ്ക്ക് പുറമെനിന്ന് ശത്രുക്കളുണ്ടായിരുന്നില്ല. അതിർത്തിയിൽ ഭീഷണികളില്ല. പക്ഷെ, ശ്രീലങ്കയുടെ മിലിറ്ററി ഇക്കോണമി നോക്കിയപ്പോൾ, യുദ്ധത്തിനുശേഷം ഓരോ വർഷവും, സൈനിക ചെലവ് കൂടിക്കൂടി വരികയാണ്. 2010-ൽ, വരുമാനത്തിന്റെ പ്രധാന പങ്കും മിലിറ്ററിക്കുവേണ്ടിയാണ് ചെലവാക്കുന്നത്. സത്യത്തിൽ, ഈ ചെലവിന് യാതൊരു യുക്തിയുമുണ്ടായിരുന്നില്ല. പതിനായിരക്കണക്കിനുപേരെ റിക്രൂട്ട് ചെയ്യുന്നു, ആയുധങ്ങൾ സമാഹരിക്കുന്നു, മിലിറ്ററി ഇൻഫ്രാസ്ട്രക്ചർ വികസനം നടത്തുന്നു. അങ്ങനെ, വൻതോതിലുള്ള സൈനിക ബജറ്റാണ്​ ശ്രീലങ്കയ്ക്കുണ്ടായിരുന്നത്. ഇതിനെല്ലാം ചൈനയെയാണ് ആശ്രയിക്കുന്നത്.

Photo : Sri Lanka Army - Defenders of the Nation, fb page

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ സൈനികശക്തിയുള്ള, ഏറ്റവും മിലിറ്ററെസ്​ ചെയ്യപ്പെട്ട രാഷ്​ട്രവും ജനതയുമായി ശ്രീലങ്ക മാറിയിരിക്കുകയാണ്​. ഇന്ത്യയിൽ 1000-ൽ മൂന്നുപേരാണ് മിലിറ്റിയിലുള്ളതെങ്കിൽ ശ്രീലങ്കയിൽ, 10 പേരുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ, ആളോഹരി (per capita) നോക്കിയാൽ, ഏറ്റവും കൂടുതൽ പേർ സൈന്യത്തിലുള്ളത് ശ്രീലങ്കയിലാണ്. ഈയൊരു സാഹചര്യം കൂടി, ഇപ്പോഴത്തെ പ്രതിസന്ധിയോടു ചേർത്തുവക്കണം- അതായത്, സൈനികച്ചെലവിലെ വർധന, കോവിഡ് പ്രതിസന്ധി, ചൈനയുടെ കടന്നുവരവ്, കൂടാതെ, ആഗോള പ്രതിസന്ധികളും.

രാസവളം ചേർത്ത ഓർഗാനിക് ഭരണം

ശ്രീലങ്കയുടെ രാഷ്ട്രീയ കാലാവസ്ഥ കൂടി ഈ പ്രതിസന്ധിക്കൊപ്പം പരിഗണിക്കേണ്ടതുണ്ട്. പ്രതിപക്ഷം തീർത്തും ദുർബലമാണ്. യു.എൻ.പി. പിളർന്ന് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ എസ്.ജെ.ബി. എന്ന പുതിയ പാർട്ടിയുണ്ടായി. ജനത വിമുക്തി പെരമുന പലതരം പിളർപ്പുകൾക്ക് വിധേയമായി. ലിബറൽ പാർട്ടി എന്നുപറയാവുന്ന ശ്രീലങ്കൻ ഫ്രീഡം പാർട്ടി ഇല്ലാതായി. തമിഴ് പാർട്ടികളിൽനിന്നുപോലും ശക്തമായ എതിർപ്പില്ലാതായയോടെ, ഭരണത്തിൽ രജപക്‌സെ കുടുംബാധിപത്യം സമ്പൂർണമായി. മഹിന്ദ, എതിർക്കപ്പെടാത്ത നേതാവായി.

ഓർഗാനിക് വളം ചൈനയിൽനിന്നാണ് ശ്രീലങ്ക ഇറക്കുമതി ചെയ്തിരുന്നത്. ചൈനയിൽനിന്നെത്തിയ ഓർഗാനിക് വളത്തിന്റെ വലിയൊരു കൺസൈൻമെൻറ്​, പരിശോധിച്ചപ്പോൾ അത് കെമിക്കലുമായി മിക്‌സ് ചെയ്തതായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന്, അത്​ തിരിച്ചയച്ചു. അന്നുമുതൽ, രാജപക്‌സെ സർക്കാർ ചൈനയുമായി അകലാൻ തുടങ്ങി.

മഹിന്ദ എതിരില്ലാത്ത ശക്തിയായി മാറിയപ്പോൾ, രാജപക്‌സെ കുടുംബം, ഭരണതലം സമ്പൂർണമായി പിടിച്ചടക്കി. മഹിന്ദയും സഹോദരൻ ഗോതാബയയും പ്രധാനമന്ത്രിയും പ്രസിഡന്റുമായി. രാജപക്‌സെ കുടുംബത്തിലെ ഏറ്റവും അടുത്ത പത്തുപന്ത്രണ്ടുപേരാണ് സർക്കാറിൽ വന്നത്, അതിൽ അഞ്ചുപേർ ഒരു ഗർഭപാത്രത്തിൽനിന്നായിരുന്നു! മഹിന്ദയുടെയും ഗോതാബയയുടെയും ഇളയ സഹോദരൻ ബേസിൽ രാജപക്‌സെയായിരുന്നു ധനമന്ത്രി. ഇവരൊക്കെയാണ് രാജ്യം അടക്കിഭരിച്ചത്. ഇതിനിടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഒരുവർഷം മുമ്പ് ഇതിന്റെ പ്രവണത പ്രത്യക്ഷപ്പെട്ടുതുടങ്ങി. അവശ്യസാധന ക്ഷാമം രൂക്ഷമായി. ശ്രീലങ്കയ്ക്ക് ഏറ്റവും ആശ്രയിക്കാൻ കഴിയുമായിരുന്ന ഇന്ത്യയുമായുള്ള ബന്ധം അകന്നതും പ്രശ്‌നം രൂക്ഷമാക്കി. ട്രേഡ് അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയായിരുന്നു ശ്രീലങ്കയെ ഏറ്റവും കൂടുതൽ സഹായിച്ചിരുന്നത്. അത് ഇല്ലാതായി. (അവസാനഘട്ടത്തിൽ പോലും ഇന്ത്യയാണ് സഹായത്തിനെത്തിയത് എന്നോർക്കുക).

ശ്രീലങ്കയിൽ (Srilanka Economic Crisis) വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡൻറിനെതിരെ കലാപവുമായി തെരുവിൽ. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിൻറെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ അണിനിരന്നത് / Photo : Sajith Premadasa, fb page

ചൈനയ്ക്ക് കടം തിരിച്ചുകൊടുക്കേണ്ട സമയമായി, പ്രതീക്ഷിച്ചത്ര വരുമാനമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയും കുടുംബാധിപത്യ ഭരണവും ഒപ്പം, ആഗോളതലത്തിലുള്ള നിയോലിബറൽ നയങ്ങളുടെ ആഘാതവും ചേർന്നപ്പോൾ, ജനുവരിയിൽ പ്രശ്‌നം രൂക്ഷമായി. പണപ്പെരുപ്പം റെക്കോർഡ്​ തലത്തിലേക്കുയർന്നു. ഖജനാവ്​ വറ്റിവരണ്ടു. എട്ടു ബില്യൻ ഡോളറിലധികം ചൈനീസ്​ വായ്​പ തിരിച്ചടയ്ക്കാൻ ശ്രീലങ്കൻ സർക്കാർ പാടുപെടുകയായിരുന്നു ഈ സമയം. കടം തിരിച്ചടക്കാനുള്ള ഡോളർ റിസർവ് ഇല്ലാതായി. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയാതായി. ആദ്യം ബാധിച്ചത് ഇന്ധനത്തെയാണ്, പെട്രോൾ- ഡീസൽ ക്ഷാമം രൂക്ഷമായി. പിന്നീട്, ഊർജപ്രതിസന്ധി. വൈദ്യുതി ഇല്ലാതായി. ഇതിനിടെ, രാജ്യത്തെ കൃഷിരീതി പൊടുന്നനെ ഓർഗാനിക് ആക്കിയത് വൻ തിരിച്ചടിയായി. രാസവളം നിരോധിക്കുകയും ചെയ്തു. ഓർഗാനിക് കൃഷിക്ക് ആഗോളതലത്തിൽ വലിയ മാർക്കറ്റാണ്, ടൂറിസത്തിനും ഇത് സഹായകമാകും എന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ നടപടി. ഉദാഹരണത്തിന്, ശ്രീലങ്കയുടെ ഓർഗാനിക് ടീ ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിലേക്ക് മത്സ്യ- കൃഷി ഉൽപ്പന്നങ്ങളുടെ കയറ്റുമതി ശ്രീലങ്കയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എന്നാൽ, കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ വൻ കുറവുണ്ടായി.

ഈ സമയത്ത്, ചൈനയുമായുള്ള ബന്ധം ഉലച്ച ഒരു സംഭവം കൂടിയുണ്ടായി. മുഴുവൻ ഓർഗാനിക് വളവും ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്, അത് വൻതോതിലുള്ള ഇറക്കുമതിയായിരുന്നു. ചൈനയിൽനിന്നെത്തിയ ഓർഗാനിക് വളത്തിന്റെ വലിയൊരു കൺസൈൻമെൻറ്​, പരിശോധിച്ചപ്പോൾ അത് കെമിക്കലുമായി മിക്‌സ് ചെയ്തതായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന്, ആ വലിയ ചരക്ക് തിരിച്ചയച്ചു. ശ്രീലങ്ക അതിന് പണം കൊടുത്തില്ല. അന്നുമുതൽ, രാജപക്‌സെ സർക്കാർ ചൈനയുമായി അകലാൻ തുടങ്ങി. അതോടെ, ചൈന നിലപാട് കർക്കശമാക്കി. ചൈന ചില മേഖലകൾ കൈയടക്കിതുടങ്ങിയപ്പോൾ, ശ്രീലങ്കൻ ദേശീയത ഉണരാൻ തുടങ്ങി. ഹമ്പൻടോട്ട, കൊളേംബോ തുറമുഖങ്ങൾ ചൈനക്ക് വിട്ടുകൊടുക്കുന്നു എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിനുകളുണ്ടായി. ശ്രീലങ്കയിലെ ചില ഭാഗങ്ങളിൽ യാത്ര ചെയ്യാൻ ചൈനീസ് മിലിറ്ററി വിസ ചോദിക്കുന്ന എന്ന പ്രചാരണം വന്നു. അതുവരെ, സിംഹള ദേശീയതയെയാണ്, തമിഴരെയും മുസ്‌ലിംകളെയും അടിച്ചമർത്താൻ രാജപക്‌സെ ഭരണകൂടം ഉപയോഗിച്ചിരുന്നത്. ഇപ്പോൾ, ദേശീയതയുടെ സ്വഭാവം മാറി, ദേശീയതയൊന്നാകെ രാജപക്‌സക്കെതിരായി. ബുദ്ധിസ്റ്റുകളുടെയും ദേശീയവാദികളുടെയും കണ്ണിൽ, രാജപക്‌സെ, ചൈനീസ് സാന്നിധ്യത്തിന്റെ സിംബലായി മാറി. അതിനിടയിൽ, എല്ലാ അധികാരവും പ്രസിഡന്റിൽ കേന്ദ്രീകരിക്കുന്ന 21ാം ഭരണഘടനാ ഭേദഗതി വന്നു, പ്രസിഡൻറ്​ എക്‌സിക്യൂട്ടിവ് പ്രസിഡന്റായി. പ്രസിഡന്റിന്റെ അധികാരം ശക്തമായി, ഏത് സർക്കാർ വരണം, പിരിച്ചുവിടണം തുടങ്ങിയ അധികാരങ്ങൾ പ്രസിഡന്റിൽ നിക്ഷിപ്തമായി

യു.എൻ.പി പിളർന്ന് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ എസ്.ജെ.ബി എന്ന പുതിയ പാർട്ടിയുണ്ടായി. ജനത വിമുക്തി പെരമുന പലതരം പിളർപ്പുകൾക്ക് വിധേയമായി. / Photo : Sajith Premadasa, fb page

റനിൽ ഒരു പ്രതീക്ഷ

ശ്രീലങ്കയിലുണ്ടായ പ്രതിഷേധം ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയല്ല സംഘടിപ്പിച്ചത്, അത് ആൾക്കൂട്ടങ്ങളിൽനിന്ന് പൊടുന്നനെ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജനകീയമായ ആവശ്യങ്ങളിലൂന്നിയുള്ള സമരങ്ങളായിരുന്നു അവ. പ്രസിഡൻറ്​ മാറണം എന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു. സൈന്യം തെരുവിലിറങ്ങി, പൊലീസ് ജനങ്ങൾക്കൊപ്പം നിന്നു, രാഷ്ട്രീയപാർട്ടി പ്രവർത്തകരും ജനങ്ങളും പ്രതിഷേധിച്ചു. ഒരു ആഭ്യന്തരയുദ്ധം, അല്ലെങ്കിൽ രാജപക്‌സെക്കുവേണ്ടി സൈന്യം അധികാരത്തിലെത്തുക എന്നീ രണ്ടു സാധ്യതകളാണ് ജനുവരിയിൽ മുന്നിൽ കണ്ടത്. കലാപത്തിന്റെ തുടക്കത്തിൽ, മഹിന്ദയെ വച്ചുകൊണ്ടുതന്നെ ദേശീയ സർക്കാർ രൂപീകരിക്കാൻ ശ്രമം നടന്നു. എന്നാൽ, നേതൃത്വം ഈ കുടുംബത്തിന്റെ തന്നെ കൈയിലായിരിക്കുമെന്നതിനാൽ അതിന് പ്രധാന പ്രതിപക്ഷനേതാവായ സജിത് പ്രേമദാസെയും എസ്. ജെ. ബിയും അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിൽ കലാപം മൂർച്ഛിക്കുകയും മഹിന്ദ രാജിവച്ച് ട്രിങ്കോമാലിയിലെ നേവൽ ക്യാമ്പിൽ ഒളിവിൽ പോകുകയും ചെയ്തു.
ഇപ്പോഴത്തെ നേതൃത്വത്തിൽ ഏറ്റവും സ്വീകാര്യനായ നേതാവ് റനിൽ വിക്രമസിംഗെയാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ യു. എൻ. പിക്ക് ഒരു എം.പിയേയുള്ളൂ. എങ്കിലും, രാഷ്ട്രീയത്തിനുപരി, ആളുകൾ ആദരിക്കുന്ന ഒരു ഫിഗറാണ് അദ്ദേഹം. പാശ്ചാത്യ രാജ്യങ്ങളുമായി നന്നായി നെഗോഷിയേറ്റ് ചെയ്ത് പരിചയമുണ്ട്. ഇന്ത്യയും ചൈനയുമായും നല്ല ബന്ധമാണ്. പ്രതിഷേധക്കാർക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ആവശ്യങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. പ്രസിഡന്റിന് അമിതാധികാരം നൽകുന്ന 21ാം ഭരണഘടനാഭേദഗതിക്കെതിരായ ഒരു ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. ഇത്തരം നടപടികളിലൂടെ, കഴിഞ്ഞ ഒരാഴ്ചയായി കലാപാന്തരീക്ഷത്തിന് അയവുവന്നിട്ടുണ്ട്.

റനിൽ വിക്രമസിംഗെ / Photo : Ranil Wickremesinghe, fb page

225 അംഗ പാർലമെന്റിൽ, 73കാരനായ റനിലിന്റെ പാർട്ടിക്ക് ഒരു അംഗമേയുള്ളൂ എങ്കിലും രാജപക്‌സെയുടെ ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയും സ്വതന്ത്രരും റനിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ഇത്തരം ഒത്തുതീർപ്പുകൾ രാജ്യത്തിന് ഗുണം ചെയ്യും. സ്ഥാനമേറ്റശേഷം റനിൽ ആദ്യമായി ചർച്ച നടത്തിയത് ഇന്ത്യ, ചൈന അംബാസഡർമാരുമായിട്ടാണ്. രാജ്യത്തെ ആദ്യം സുസ്ഥിരതയിലേക്ക് കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. റനിലിന്റേത് ആളില്ലാ പാർട്ടിയായതുകൊണ്ട് ശരിക്കും ഭരിക്കാൻ പോകുന്നത് ഗോതാബയയായിരിക്കുമെന്നാണ് ചില പ്രതിപക്ഷകക്ഷികൾ പറയുന്നത്. ഗോതാബയ പ്രസിഡന്റുസ്ഥാനം രാജിവച്ച് പുതിയ ബദലുണ്ടാക്കുകയാണെങ്കിൽ സഹകരിക്കാമെന്നാണ് അവരുടെ പക്ഷം. മറ്റൊരു ഓപ്ഷൻ, ഗോതാബയ രാജിവെച്ച് ഇടക്കാല പ്രധാനമന്ത്രിയായി നിലനിൽക്കുക, എന്നിട്ട് ഇലക്ഷൻ പ്രഖ്യാപിക്കുക. ഏതായാലും, സംഘർഷാവസ്ഥക്ക് ഇപ്പോഴൊരു അർധവിരാമമുണ്ട്.

മിലിറ്ററിവൽക്കരിക്കപ്പെട്ട ഒരു രാജ്യത്ത്, ആയിരത്തിൽ പത്തുപേരും മിലിറ്ററിയിലുള്ള ഒരു രാജ്യത്ത്, ഒരു സൈനിക ഇടപെടലിന്റെ സാധ്യത എത്രത്തോളമാണ്​?.

ഇതുവരെയുള്ള സ്ഥിതിഗതികൾ പരിശോധിച്ചാൽ, അവശേഷിക്കുന്ന സാധ്യതകളെക്കുറിച്ചുകൂടി പറയാം. ഒന്നുകിൽ, പ്രസിഡൻറ്​ ഗോതാബയ പെട്ടെന്ന് മാറാനുള്ള സാധ്യത കാണുന്നു. അല്ലെങ്കിൽ, പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജനം വീണ്ടും പ്രതിഷേധത്തിനിറങ്ങും. മറ്റൊന്ന്, മിലിറ്ററിവൽക്കരിക്കപ്പെട്ട ഒരു രാജ്യത്ത്, ആയിരത്തിൽ പത്തുപേരും മിലിറ്ററിയിലുള്ള ഒരു രാജ്യത്ത്, ഒരു സൈനിക ഇടപെടലിന്റെ സാധ്യതയാണ്. രാജപക്‌സെയുടെ പിന്തുണയോടെയുള്ള ഒരു സൈനിക ഇടപെടലോ അല്ലെങ്കിൽ, രാജപക്‌സയെ മറികടന്ന്, സൈന്യത്തിന്റേതുമാത്രമായ ഒരു ഇടപെടലോ. ഇത്​ അതിസാഹസികമായ ഒരു സാധ്യതയായിരിക്കാം. എങ്കിലും ഇത്​മുന്നിൽക്കണ്ടായിരിക്കാം, അരാജകത്വം ഒഴിവാക്കാൻ പ്രതിപക്ഷം ഒന്ന് പിൻവാങ്ങിനിൽക്കുന്നത്.

പ്രസിഡൻറ്​ ഗോതബയ രാജപക്‌സ / Photo : Gotabaya Rajapaksa, fb page

അണ്ണാമലൈ, ഒരു തമിഴ് ദേശീയവാദി പിറക്കുന്നു

ഇതിനുസമാന്തരമായി നടക്കുന്ന മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്, തമിഴ് ദേശീയതയുടെ ഉണർവ്. ആഗോള ഫണ്ട് സ്വീകരിച്ച് എൽ. ടി. ടി.ഇ ഒരു റീഗ്രൂപ്പിംഗ് നടത്തുന്നുണ്ട്. എൽ. ടി. ടി. ഇയോട് അനുഭാവമുള്ള തമിഴ് നാഷനൽ അലയൻസ് (ടി.എൻ.എ) എന്ന പാർട്ടിക്ക് പാർലമെന്റിൽ പത്ത് അംഗങ്ങളുണ്ട്. തമിഴ് ദേശീയതയോടുള്ള സിമ്പതി ശ്രീലങ്കൻ മണ്ണിൽ അവശേഷിക്കുന്നുമുണ്ട്. ഈ സിമ്പതിയുടെ മുതലെടുപ്പ് ഇന്ത്യയിലും നടക്കുന്നുണ്ട്. തമിഴ്‌നാട് ബി. ജെ. പി ഘടകം പ്രസിഡൻറ്​ കെ. അണ്ണാമലൈയാണ് ഈ നീക്കത്തിന് നേതൃത്വം കൊടുക്കുന്നത്. ഡി. എം. കെ ഒഴിച്ചുള്ള തമിഴ് പാർട്ടികൾ ദുർബലമാകുകയും എ. ഐ. എ .ഡി.എം.കെയിലടക്കമുള്ള പാർട്ടികളിൽ രണ്ടാം നിര നേതൃത്വം ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണ്, തമിഴ്‌നാട്ടിൽ ഒരു പുതിയ ബി. ജെ. പി നേതാവ് ഉയർന്നുവരുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിൽ ഒരു തമിഴ് ഹിന്ദു സ്‌റ്റേറ്റാണ് ബി. ജെ. പി വിഭാവനം ചെയ്യുന്നത്. തമിഴ് ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദു സ്‌റ്റേറ്റാണ്, ഒരു ബഫർ സ്‌റ്റേറ്റിനെയാണ് അവർ പ്രമോട്ട് ചെയ്യാൻ ശ്രമിക്കുന്നത്. അതിൽ പഴയ എൽ.ടി.ടി.ഇക്കാർക്കും അനുഭാവമുണ്ട്. എൽ. ടി. ടി. ക്ക് എപ്പോഴും ഒരു പ്രോ ഹിന്ദു സ്വഭാവമുണ്ടായിരുന്നു എന്നും ഓർക്കുക.

തമിഴ്‌നാട് ബി.ജെ.പി ഘടകം പ്രസിഡൻറ്​ കെ. അണ്ണാമലൈ

2009ൽ ശ്രീലങ്കൻ സർക്കാർ മുല്ലൈത്തീവിൽ നടത്തിയ തമിഴ് കൂട്ടക്കൊലയിലെ രക്തസാക്ഷികളെ ആദരിക്കാൻ ഈയിടെ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ അണ്ണാമലൈ പ്രസംഗിച്ചത് ഇങ്ങനെയാണ്: ‘‘2007- 08 കാലത്ത് നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, ശ്രീലങ്കൻ തമിഴരുടെ ഭാഗധേയം മറ്റൊന്നാകുമായിരുന്നു.''

മുഖ്യമന്ത്രി സ്റ്റാലിന്റെ ശക്തമായ ബി.ജെ.പി- സംഘ്പരിവാർ നിലപാടിനെതിരെ കൂടിയാണ് ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം. ബി.ജെ.പി കാമ്പയിനെതിരെ തമിഴ്‌നാട്ടിലെ ലെഫ്റ്റ്, ലിബറൽ കക്ഷികൾ പ്രചാരണം നടത്തുന്നുണ്ട്. എന്തായാലും, തമിഴ് ദേശീയത എവിടെയോ ഉണർന്നുവരുന്നുണ്ട്. ഇത്, ഭാവിയിലെ തമിഴ്‌നാട് രാഷ്ട്രീയത്തെ സ്വാധീനിച്ചേക്കാം. ഈയിടെ നടന്ന തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പുകളിൽ തങ്ങൾ ‘ചരിത്രപരമായ വിജയം' നേടിയതായി ബി.ജെ.പി പ്രചരിപ്പിക്കുന്നുമുണ്ട്. ഈ വിജയത്തോടെ, തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായി ബി.ജെ.പി മാറിയെന്നാണ് അണ്ണാമലൈ പ്രഖ്യാപിച്ചത്. ചുരുക്കത്തിൽ, ശ്രീലങ്കയിൽ തമിഴ് ദേശീയതയുടെ ചലനം ദൃശ്യമാകുന്നു, ഇന്ത്യയിൽനിന്ന് ഇത്തരം ഫ്രിഞ്ച് എലമെന്റുകൾ അതിനെ പ്രമോട്ട് ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ട സംഭവവികാസമാണ്. ഇതുവരെ ശ്രീലങ്കൻ പ്രാദേശിക രാഷ്ട്രീയത്തിൽ ഡി.എം.കെ കക്ഷിയായിരുന്നില്ല, എ.ഐ.എ.ഡി.എം.കെയും കോൺഗ്രസും ആയിരുന്നു കക്ഷികൾ. എന്നാലിപ്പോൾ, ഇതുവരെയില്ലാത്ത ഒരു പ്ലെയറാണ് വരുന്നത്, ഒരു ഹിന്ദു പാർട്ടി.

Photo : @prabhaarr, twitter

ചൈന ശ്രീലങ്കയിൽനിന്ന് പിന്മാറാൻ സാധ്യതയില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ഒരു ഒത്തുതീർപ്പിലേക്ക് പോകാനാണ് സാധ്യത. മറിച്ച്, ഒരു സൈനിക ഇടപെടൽ വരികയാണെങ്കിൽ അത് ചൈനക്ക് അനുകൂലമായിരിക്കും.

ഇന്ത്യ എന്തുചെയ്യും?

ശ്രീലങ്കൻ പ്രശ്‌നത്തിൽ ഇന്ത്യക്ക് എന്ത് നിലപാട് എടുക്കാൻ കഴിയും എന്നത് പ്രധാനമാണ്. മുമ്പത്തെ പോലെ ഒരു സമാധാന സേനയെ അയക്കാനൊന്നും ഇന്ത്യക്ക് ഇപ്പോൾ കഴിയില്ല. 1971ൽ ജനതാ വിമുക്തി പെരമുന, സിരിമാവോ ഭണ്ഡാരനായകേക്കെതിരായ കലാപത്തിൽ, അധികാരം പിടിച്ചെടുക്കുന്നതിന് അടുത്തെത്തിയതാണ്. ഒരുപക്ഷെ, ദക്ഷിണേഷ്യയിലെ ആദ്യ മാർക്‌സിസ്റ്റ് ഭരണമായി അത് മാറിയേനെ. ഇന്ത്യൻ സൈന്യമാണ് അതിനെ തകർത്തത്. ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ വിദേശ ഇടപെടൽ അതായിരുന്നു. ഇപ്പോൾ ഇത്തരം റിസ്‌ക് ഇന്ത്യ ഏറ്റെടുക്കില്ല. പകരം, വംശീയതയിലൂന്നിയുള്ള രാഷ്ട്രീയ ഓപ്പറേഷനുകളായിരിക്കും വരാൻ പോകുന്നത്.

ശ്രീലങ്കയുടെ കാര്യത്തിൽ ചൈന ഇത്ര താൽപര്യം കാണിക്കുന്നതിനുപുറകിൽ ജിയോ പൊളിറ്റിക്‌സിന്റെ സ്ട്രാറ്റജിക്കൽ പ്രാധാന്യം കൂടിയുണ്ട്. ഒന്ന്, ഇന്ത്യൻ മഹാസമുദ്രത്തിന്റെ നിയന്ത്രണം. ഇന്ത്യക്കും അതിൽ താൽപര്യമുണ്ടായിരുന്നു. എന്നാൽ, ഇന്ത്യ ഇടപെടാത്തതുകൊണ്ട്, തന്ത്രപരമായ പാളിച്ച പറ്റി. ചൈന ഇടിച്ചുകയറിയത് അതുകൊണ്ടാണ്. ചൈനയുടെ മെഗാ ഇൻവെസ്റ്റുമെൻറ്​ ഫോഴ്‌സ് ഇന്ത്യക്കില്ല എന്നും ഓർക്കുക.

ചൈന ശ്രീലങ്കയിൽനിന്ന് പിന്മാറാൻ സാധ്യതയില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ഒരു ഒത്തുതീർപ്പിലേക്ക് പോകാനാണ് സാധ്യത. മറിച്ച്, ഒരു സൈനിക ഇടപെടൽ വരികയാണെങ്കിൽ അത് ചൈനക്ക് അനുകൂലമായിരിക്കും. കാരണം, മിലിറ്ററി ട്രെയിനിങ്ങും ആയുധങ്ങളുമെല്ലാം ചൈനയിൽനിന്നാണ്. എൽ. ടി .യെ തകർത്തത് ചൈനീസ് ആയുധങ്ങളുപയോഗിച്ചാണ്. ഇതൊരു അപകടകരമായ സാധ്യത കൂടിയായിരിക്കും, പ്രത്യേകിച്ച് ഇന്ത്യയെ സംബന്ധിച്ച്- ഒരു മിലിറ്ററി ഭരണകൂടം അധികാരത്തിൽ വരിക, അത് ചൈനീസ് പക്ഷത്തായിരിക്കുക എന്നത്. ഇതുവരെ സമാധാനപരമായി നിലനിന്ന ഒരു മേഖല നിതാന്ത സംഘർഷഭൂമിയായി മാറാനുള്ള സാധ്യത തൽക്കാലം ഇല്ലെന്നുതന്നെ പ്രതീക്ഷിക്കാം.▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ടി.വൈ. വിനോദ്​കൃഷ്​ണൻ

സോഷ്യൽ എക്​സ്​ക്ലൂഷനുമായി ബന്ധപ്പെട്ട്​ പഠനം നടത്തുന്ന സെൻറർ ഫോർ റിസർച്ച്​ ആൻറ്​ എഡ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്​ഫോർമേഷന്റെ (CREST) എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഇൻ ചാർജ്​. ശ്രീലങ്ക, ഇന്ത്യ, വിയറ്റ്​നാം, സൗത്ത്​- ഈസ്​റ്റ്​ ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശീയ ജനതയെക്കുറിച്ചും ദലിത്- ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചും മൂന്നു പതിറ്റാണ്ടായി പഠനവും അന്വേഷണങ്ങളും നടത്തുന്നു.

Comments