യഹൂദ അമിഖായ് / Photo: Hana Amichai

ചിലപ്പോൾ ചലം, ചിലപ്പോൾ ഒരു കവിത പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നു...

ജൂതദേശീയതയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നു വിശേഷിപ്പിക്കാവുന്ന യഹൂദ അമിഖായിയുടെ കവിതകളുടെ പഠനം

പിറന്ന നാടിനുവേണ്ടിയുള്ള യഹൂദരുടെ നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പും സ്വന്തം മണ്ണിൽനിന്നു നിഷ്‌കാസിതരാകാൻ വിധിക്കപ്പെട്ട പലസ്‍തീൻ ജനതയുടെ കണ്ണുനീരും ഇരു ദേശീയതകൾക്കും സമ്മാനിച്ചത് ചോരയുടെ മണമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന, ഇപ്പോഴും തുടരുന്ന രക്തച്ചൊരിച്ചിൽ പരസ്പരം നിർമിക്കപ്പെട്ട വെറുപ്പിന്റെ ആഖ്യാനങ്ങളിലൂടെ, രാഷ്ട്രീയ നടപടികളിലൂടെ തുടരുന്നു. അതിനിടയിൽ വെള്ളിരേഖ പോലെ തെളിയുന്ന വാക്കുകൾ നാം ശ്രവിക്കുന്നത് രണ്ടു വിശ്വകവികളുടെ കവിതകളിൽ നിന്നാണ്. ജൂതദേശീയതയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നു വിശേഷിപ്പിക്കാവുന്ന യഹൂദ അമിഖായ് ആണ് അതിലൊരാൾ. മറ്റേത് പലസ്​തീൻ അറബ് ദേശീയതയുടെ പതാകവാഹകനായ മഹമൂദ് ദർവിഷും.

തന്റെ സഹപാഠിയടക്കം കൊല്ലപ്പെട്ട ഹോളോകാസ്റ്റിന്റെ ഓർമ മറക്കാനാവണം ജർമൻ മാതൃഭാഷയോടും അക്കാലത്തെ അനുഭവങ്ങളോടും കവിതയിൽ അദ്ദേഹം അകലം പാലിച്ചത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ദേശത്തിന്റെ സംസ്‌കാരചരിത്രത്തിൽ ഉള്ളടങ്ങിയ വംശസ്‍മൃതി (കൾച്ചറൽ മെമ്മറി) യെ നിരന്തരം വീണ്ടെടുത്തുകൊണ്ടാണ് അവർ സ്വന്തം ജനതയുടെ സ്വാതന്ത്ര്യദാഹത്തെ ജ്വലിപ്പിച്ചുനിർത്തിയത്. അമിഖായ്‌യുടെ കവിതകളിൽ അത് മന്ദ്രസ്ഥായിയിൽ ലീനധ്വനിയായി മുഴങ്ങിയെങ്കിൽ ദർവീഷിൽ അത് സ്‌ഫോടനാത്മകത കൈവരിച്ചു എന്നേ വ്യത്യാസമുള്ളു. നേർക്കുനേർ ആയുധമേന്തി നിൽക്കുന്ന രണ്ടു ദേശീയതകളുടെ കവികളായിരുന്നിട്ടും അവരുടെ ആഖ്യാനങ്ങളിൽ വെറുപ്പിന്റെയോ അപരവിദ്വേഷത്തിന്റെയോ സ്വരം ഒട്ടുമേ കലർന്നിരുന്നില്ല എന്നതാണ് മുഖ്യം. എന്നുമാത്രമല്ല സഹാനുഭൂതിയും പരസ്‍പരാശ്ലേഷത്തിനുളള ത്വരയും അവ പ്രകടമാക്കുകയും ചെയ്തു. സങ്കുചിത ദേശബോധത്തിനപ്പുറം വിശ്വ മാനവികതയുടെ ഇണക്കുഭാഷയായി അവ മാറുന്നത് വായനയിലെ മറ്റൊരത്ഭുതമാണ്.

മഹമൂദ് ദർവിഷ് / Photo: palestine-studies.org
മഹമൂദ് ദർവിഷ് / Photo: palestine-studies.org

അമിഖായ് കവിതകളിലെ ബാല്യാനുഭങ്ങളുടെ അഭാവം ശ്രദ്ധേയമാണ്. തന്റെ സഹപാഠിയടക്കം കൊല്ലപ്പെട്ട ഹോളോകാസ്റ്റിന്റെ ഓർമയെ മറക്കാനാവണം ജർമൻ മാതൃഭാഷയോടും അക്കാലത്തെ അനുഭവങ്ങളോടും കവിതയിൽ അദ്ദേഹം അകലം പാലിച്ചത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ അനുഭവമെഴുതാൻ അദ്ദേഹം പിന്നീട് നോവലിനെയാണ് കൂട്ടുപിടിക്കുന്നത്. ഹിറ്റ്‌ലറുടെ വംശഹത്യ തീവ്രമാകുന്ന ഘട്ടത്തിൽ 1936ൽ ജർമനിയിൽ നിന്ന് പലസ്‍തീനിലേക്ക് കുടിയേറിയതാണ് അമിഖായുടെ കുടുംബം. അതേവർഷം അവർ ജെറുസലേമിൽ സ്ഥിരതാമസം തുടങ്ങുകയും ചെയ്തു. പന്ത്രണ്ടാമത്തെ വയസ്സിൽ, പിറന്ന നാടിനെ ഉപേക്ഷിക്കേണ്ടിവന്ന അമിഖായ്, യഹൂദരുടെ ഭാഷയായ ഹീബ്രുവിനെ ജീവനുതുല്യം സ്‌നേഹിച്ചു. പിൽക്കാലത്ത് ഹീബ്രു കവിതയുടെ ആധുനികീകരണത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

ജൂതസേനയുടെ ഭാഗമായിട്ടുപാലും വംശീയവികാരത്തിന്റെ ലാഞ്ചനയില്ലാതെ അദ്ദേഹം എഴുതി. ഇരയാക്കപ്പെടുന്ന ജനതയോടുള്ള നിർവ്യാജമായ സഹാനുഭൂതിയോടെ.

പിറന്ന നാട്ടിൽനിന്നുള്ള വംശവെറിയുടെയും തുടർന്ന് പലായനത്തിന്റെയും അനുഭവങ്ങൾക്കൊടുവിൽ അമിഖായ് സ്വീകരിക്കുന്നത് യോദ്ധാവിന്റെ ജീവിതമാണ്. 1948ൽ ജൂതയുവാക്കൾക്ക് നിർബ്ബന്ധ സൈനികസേവനം നടപ്പിലാക്കുന്നതിനുമുമ്പുതന്നെ അമിഖായ് ബ്രിട്ടീഷ് ആർമിയുടെ ഭാഗമായി രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയുണ്ടായി. 1947-49 കാലത്തെ പലസ്‌തീനിനെതിരെയുള്ള ഈസ്രായേൽ സൈനികനടപടിയിലും 56ലെ സിനായ് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. 1973 വരെ സൈനികവൃത്തിയും അദ്ധ്യാപനവും മാറിമാറി അദ്ദേഹം നിർവ്വഹിക്കുന്നുണ്ട്. പലസ്‌തീൻ ജനതയ്ക്ക് മേലുള്ള സൈനിക കടന്നാക്രമണങ്ങളും പലസ്‌തീൻ തീവ്രസംഘങ്ങളുടെ ബോംബാക്രമണങ്ങളും നിരന്തരം കാണാനിടവന്ന അമിഖായ്, യുദ്ധവും ഹിംസയും മാനവരാശിക്കു സമ്മാനിക്കുന്ന നിത്യദുരിതങ്ങളെക്കുറിച്ച് ചിന്തിച്ചു. അങ്ങിനെ, തോക്കേന്തിയ ജീവിതംകൊണ്ട് പൂർത്തിയാകാനാകാതെപോയ നീതിബോധത്തെ കവിതയിലൂടെ വീണ്ടെടുത്തു.

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗസയിലെ ഒരു തെരുവ് / Photo: pixabay
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗസയിലെ ഒരു തെരുവ് / Photo: pixabay

ജൂതസേനയുടെ ഭാഗമായിട്ടുപാലും വംശീയവികാരത്തിന്റെ ലാഞ്ചനയില്ലാതെ അദ്ദേഹം എഴുതി. ഇരയാക്കപ്പെടുന്ന ജനതയോടുള്ള നിർവ്യാജമായ സഹാനുഭൂതിയോടെ, യുദ്ധത്തിന്റെ നിഷ്ഫലത വിളിച്ചോതിക്കൊണ്ടുള്ള എഴുത്തായിരുന്നു അത്.

"സിയോൺ മലമുകളിൽ ആടിനെ തിരയുന്ന അറബ് ഇടയൻ' എന്ന കവിത, ജൂത-അറബ് സംഘർഷത്തിന് പകരമായി മറ്റൊരു സ്‌നേഹമതത്തെ മുന്നോട്ടു വയ്‌ക്കുന്നു. സിയോൺ മലമുകളിൽ നഷ്ടപ്പെട്ട ആടിനെ തിരയുന്ന അറബിയും എതിരെയുള്ള മലയിൽ സ്വന്തം കുഞ്ഞിനെ തിരയുന്ന ജൂതനായ കവിയും ഒരേ സങ്കടത്തെയാണ് പിന്തുടരുന്നത്. അവരുടെ നിലവിളികൾ താഴ്വാരത്തിനു മുകളിൽ വച്ച് പരസ്പരം സന്ധിക്കുന്നു, ഒന്നാകുന്നു. മരണയന്ത്രത്തിൽ അരഞ്ഞു തീരാനാണെങ്കിൽ കുഞ്ഞുങ്ങളെ തിരികെ വേണ്ട എന്ന കവിയുടെ സങ്കടത്തിൽ പലസ്‌തീൻ യുദ്ധത്തിൽ കൊല്ലപ്പെട്ട മുഴുവൻ കുഞ്ഞുങ്ങളുടെയും വിലാപമുണ്ട്. "ഇക്കാലത്ത് ഈ മലമുകളിൽ രണ്ടു പേർ ഒരാടിനേയോ സ്വന്തം കുഞ്ഞിനേയോ തിരയുന്നുവെങ്കിൽ അത് ഒരു പുതിയ മതത്തിനുള്ള തുടക്കമാവുന്നു.' എന്നാണ് കവിത അവസാനിക്കുന്നത്. ഈ പുതിയ മതം, മതദേശീയതകളുടെ മുകളിൽ സ്‌നേഹത്തിന്റെ പുതിയൊരു വ്യവസ്ഥ വിഭാവനം ചെയ്യുന്നു.

"സഊൾ രാജാവും ഞാനും' എന്ന കവിതയിൽ അധികാരവും ജനവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ പ്രശ്‌നവൽക്കരിക്കുന്നു. വിരലിനെ സമ്മാനമായി നല്കിയ ശേഷം കൈ മുഴുവനായും തിരികെ ചോദിക്കുന്ന ഒരു ചതി, അധികാരത്തിന്റെ പെരുമാറ്റത്തിൽ ഉളളടങ്ങിയിരിക്കുന്നു എന്ന രാഷ്ട്രീയ വിവേകം ഈ കവിത മുന്നോട്ടുവയ്ക്കുന്നു."ക്ലോക്കിലെ അലാറം പോലെ അവന്റെ ഹൃദയം. അതിനെ ദേശത്തിന്റെ സമയമായി താക്കോൽ കൊടുത്തു വച്ചു. ആരും അവനെ തടഞ്ഞില്ല കഴുതകൾ മാത്രം'
അവയുടെ മഞ്ഞപ്പല്ല് വെളിവാക്കി' എന്ന പര്യവസാനത്തിൽ അധികാരവ്യവസ്ഥയുടെ പരിഹാസ്യതയും സൂചിതമാണ്."അല്ലയോ മാംസത്തിന്റെ വിധവകളേ! രക്തത്തിന്റെ അനാഥരേ! എനിക്കു രക്ഷപ്പെടണം'
എന്ന് ഹിംസയിൽനിന്നുള്ള മോചനത്തെ "ഇബ്‌നു ഗബ്‌റോൾ' എന്ന കവിതയിൽ അമിഖായ് വിളംബരം ചെയ്യുന്നുണ്ട്. "മുറിയിലെ മൂന്നുനാലു പേർ' എന്ന കവിതയിൽ ജന്നലിലൂടെ പുറത്തേക്കു നോക്കുന്ന ഒന്നാമൻ കാണാൻ വിധിക്കപ്പെടുന്നത്"മുള്ളുകൾക്കിടയിലെ അനീതി, മലയിൽ പടരുന്ന തീ, സർവ്വതും നഷ്ടപ്പെട്ടവരുടെ വീട്ടിലേക്കുള്ള മടക്കം'എന്നിങ്ങനെ രാഷ്ട്രവ്യവഹാരത്തിന്റെ മുറിവുകളെയാണ്. തുന്നിയ പൂക്കളെക്കൊണ്ട് മറയ്ക്കപ്പെട്ട ശവക്കച്ച അണിയേണ്ടിവരുന്ന ജനതയുടെ നിസ്സഹായതയും ആ കവിതയുടെ ആധികളിലൊന്നാണ്.

യഹൂദ അമിഖായ് / Photo: Wikimedia Commons
യഹൂദ അമിഖായ് / Photo: Wikimedia Commons

യുദ്ധത്തിന്റെ പ്രഹരശേഷിയെ തീവ്രമായവതരിപ്പിച്ച "ഡയമീറ്റർ ഓഫ് ദ ബോംബ് ' എന്ന കവിത, ലോകകവിതയിൽ തന്നെ സമാനതകളില്ലാത്ത രചനയാണ്. അനുനിമിഷം വികസിക്കുന്ന ഹിംസയുടെ പരിധിയെ ആ കവിത കാട്ടിത്തരുന്നു. മുപ്പത് സെന്റിമീറ്റർ മാത്രമുള്ള ബോംബിന്റെ വ്യാസപരിധി, ലോകത്തോളം വലുതാകുന്നതിന്റെ നടുക്കുന്ന ചിത്രമാണ് ആ കവിത. തകർക്കപ്പെട്ട ആശുപത്രികൾ, കൊല്ലപ്പെട്ട ദൂരദേശക്കാരിയായ പെൺകുട്ടി, അവളെ വൻകരയ്ക്കപ്പുറം കാത്തു നിൽക്കുന്ന കാമുകൻ - ഇതെല്ലാം ചേർന്ന് ലോകത്തെ മുഴുവൻ ആ ബോംബിന്റെ വ്യാസത്തിനകത്തേക്ക് കൊണ്ടുവരുന്നു. അനാഥരുടെ നിലവിളി ദൈവത്തേയും അതിൽ ഉൾച്ചേർക്കുന്നു.

എല്ലാ കവിതയും രാഷ്ട്രീയ കവിതയാണെന്നു പറഞ്ഞത് മിറോസ്ലവ് ഹോലുബ് എന്ന ചെക്കോസ്ലോവാക്യൻ കവിയാണ്. ഒരിക്കൽ അമിഖായ് അതാവർത്തിക്കുന്നുണ്ട്.

""ചിലപ്പോൾ ജൂഡിയൻ കുന്നുകളുടെ അതിർത്തിയെന്നപോലെ നാമൊരിക്കലും സമാധാനം കണ്ടെത്തുകയില്ല'' എന്ന് നിരാശപ്പെട്ടും, ""നാല്പത്തിരണ്ടു വർഷത്തെ കീറിയ കടലാസെ''ന്ന് തന്റെ തോക്കേന്തിയ ജീവിതത്തെ തിരിച്ചറിഞ്ഞും ആ കവിത കുറ്റബോധത്തോടെ സഞ്ചരിച്ചു. അപ്പോഴും ജറുസലേമിനോടുള്ള പ്രണയം നഷ്ടമാവാതെ കാക്കുകയും ചെയ്തു. "സെസാരിയ ബീച്ചിനെകുറിച്ചുള്ള രണ്ടുഗീതങ്ങൾ' എന്ന കവിത അമിഖായ് ഇങ്ങനെയാണവസാനിപ്പിക്കുന്നത്:

"അടുത്ത വേനൽകാലത്ത് വീണ്ടും വരിക'' അല്ലെങ്കിൽ അതുപോലുള്ള വാക്കുകൾ എന്റെ ജീവിതത്തെ ഗ്രസിക്കുന്നു, എന്റെ ദിനങ്ങളെ കവരുന്നു, പൊട്ടിത്തെറിക്കാനായി അടയാളം വച്ച പാലത്തിലൂടെ സൈനികരുടെ ഒരു നിര കടന്നുപോകുന്നതുപോലെ. ""വീണ്ടും വരിക അടുത്ത വേനൽകാലം'' ആരുണ്ട് ആ വാക്കുകൾ കേൾക്കാത്തവരായി? പക്ഷെ ആര് തിരിച്ചുവരാൻ?'

തിരിച്ചുവരാത്തവരിൽ യുദ്ധത്തിൽ മരിച്ചു പോകുന്നവർ മാത്രമല്ല, തന്നെ വിട്ടുപോയ കാമുകി റൂത്ത് ഹെർമ്മനുമുണ്ടാകാം. "ലുഡ് വിഗ് വ്യൂഫർ' എന്ന തന്റെ ജർമൻ പേര് യഹൂദ അമിഖായ് എന്ന്​ മാറ്റിയതും സ്വസ്ഥജീവിതത്തിന്റെ സ്വപ്നം തന്നിൽ നിറച്ചതും അവരായിരുന്നല്ലൊ.

മിറോസ്ലവ് ഹോലുബ്
മിറോസ്ലവ് ഹോലുബ്

എല്ലാ കവിതയും രാഷ്ട്രീയ കവിതയാണെന്നു പറഞ്ഞത് മിറോസ്ലവ് ഹോലുബ് എന്ന ചെക്കോസ്ലോവാക്യൻ കവിയാണ്. ഒരിക്കൽ അമിഖായ് അതാവർത്തിക്കുന്നുണ്ട്. ചില്ലുമേടയിലിരുന്ന് കാപ്പി നുണയുന്നതിനെപ്പറ്റിയുള്ള കവിതയിലും ഒരു രാഷ്ട്രീയധ്വനി അടങ്ങിയിട്ടുണ്ട് എന്നദ്ദേഹം പറയുകയുണ്ടായി. ചരിത്രം, യുദ്ധം, പ്രണയം എന്നിങ്ങനെ മനുഷ്യ ജീവിതത്തിലെ അനുഭവരാശികളെല്ലാം ആ കവിതയുടെ തിളനിലയെ നിർണ്ണയിച്ചു. പലസ്തീൻ മണ്ണിലിരുന്ന് അങ്ങേയറ്റം അനുഭാവത്തോടെ യഹൂദരെ അഭിവാദ്യം ചെയ്ത മഹമൂദ് ദർവിഷിന്റെ കവിതയിലെന്നപോലെ മാനവികവിമോചനത്തിന്റെ ആ തീവ്രസ്വരം ലോകകവിതയിൽ മാറ്റൊലികൊണ്ടു. രണ്ടായിരാമാണ്ടിൽ, തന്റെ എഴുപത്തിയാറാം വയസ്സിൽ, കാൻസർ രോഗത്തിനടിപ്പെട്ട് മരണത്തിനുകീഴടങ്ങിയ ശേഷവും ആ ശബ്ദം ലോകത്തെങ്ങുമുള്ള കാവ്യാരാധകരിൽ മുഴങ്ങുന്നു, കൂടുതൽ രാഷ്ട്രീയധ്വനികളോടെ, അഗാധമായി.

യഹൂദ അമിഖായിയുടെ കവിതകൾ, വിവർത്തനം വീരാൻകുട്ടി

ഇബ്‌നു ഗബിറോൾ

ചിലപ്പോൾ ചലം,
ചിലപ്പോൾ ഒരു കവിത.

ചിലത് എപ്പോഴും പൊട്ടിയൊലിച്ചുകൊണ്ട്,
എപ്പോഴും വേദനയായും.
എന്റെ പിതാവ് ഒരുമരം - പിതാക്കന്മാരുടെ കാട്ടിലെ,
പച്ചപ്പഞ്ഞിയിൽ പൊതിഞ്ഞത്.

അല്ലയോ മാംസത്തിന്റെ വിധവകളേ
രക്തത്തിൻ അനാഥരേ
എനിക്ക് രക്ഷപ്പെടണം.

കണ്ണുകൾ ടിന്ന്തുറപ്പപോലെ മൂർച്ചയുള്ളത്
അതു തുറന്നുതന്നു ഭാരമുള്ള രഹസ്യങ്ങളെ.

എന്നാൽ
എന്റെ നെഞ്ചിലെ മുറിവിലൂടെ ദൈവം ലോകത്തെ
എത്തിനോക്കുന്നു.

ഞാനാണു വാതിൽ,
അവന്റെ എടുപ്പിന്.

(ഇബ്‌നു ഗബിറോൾ:പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹീബ്രു കവിയും തത്വചിന്തകനും.)

ഖേദകരം,നാമെത്ര നല്ല കണ്ടുപിടുത്തമായിരുന്നു

വർ മുറിച്ചുമാറ്റി
നിന്റെ തുടകളെ എന്റെ ഇടുപ്പിൽനിന്ന്
എന്നെ സംബന്ധിച്ച് അവർ ശസ്ത്രക്രിയാവിദഗ്ധന്മാർ,അവരേവരും.

അവർ പൊളിച്ചുമാറ്റിക്കളഞ്ഞു നമ്മെ
ഒരാളിൽനിന്നു മറ്റെയാളെ.
എന്നെ സംബന്ധിച്ച് അവർ എഞ്ചിനിയറിങ്ങ് വിദഗ്ധന്മാർ,
അവരെല്ലാവരും.

ഖേദകരം,നാമെത്ര നല്ല, സ്‌നേഹം നിറഞ്ഞ കണ്ടുപിടുത്തമായിരുന്നു
ഒരാളിൽനിന്ന്, അയാളുടെ പങ്കാളിയിൽനിന്ന്
നിർമ്മിക്കപ്പെട്ട ഒരാകാശക്കപ്പൽ.
ചിറകുകളും സകലതുമതേ.
നാം വായുവിൽ ഉയർന്നുനിന്നു ഭൂമിക്കു സ്വല്പം മുകളിലായി.
നാം പറക്കുകപോലും ചെയ്തു ചെറുതായി.

ദൈവത്തിനു കൃപയുണ്ട്, അങ്കനവാടി കുഞ്ഞുങ്ങൾക്കുമേൽ

ദൈവത്തിനു കൃപയുണ്ട് അങ്കനവാടി കുഞ്ഞുങ്ങൾക്കുമേൽ,
സ്‌കൂൾ കുട്ടികൾക്കുമേൽ കുറവാണ്
മുതിർന്നവരോട് ഒട്ടുമില്ല അവനു ദയ.

അവൻ അവരെ ഉപേക്ഷിക്കുന്നു
ചിലപ്പോഴവർക്ക് നാലുകാളിലിഴയേണ്ടി വരുന്നു-
ചുട്ട മണലിലിലൂടെ ഡ്രസ്സിങ്ങ് സ്റ്റേഷനിലെത്താൻ,
രക്തമൊലിക്കുന്നുണ്ടാവും അവർക്കപ്പോൾ.

എന്നാൽ ചിലപ്പോൾ അവന് ദയയുണ്ടാവും ചിലരുടെമേൽ
അകളങ്കമായി സ്‌നേഹിക്കുന്നവരോട്.
അവരോട് അവന് നല്ല കരുതൽ,
നിരത്തുവക്കത്തെ ബെഞ്ചിൽ ഉറങ്ങുന്ന ഒരാളുടെമേൽ മരമെന്നപോലെ
അവൻ തണൽ വിരിക്കുമവർക്ക്.

ഒരുപക്ഷെ നാമും ചിലവഴിച്ചേക്കും അവരിൽ
നമ്മുടെ കരുണയുടെ അവസാനത്തെ നാണയങ്ങൾ,
അമ്മയിൽനിന്നു കിട്ടിയത്.

അതുമൂലം അവരുടെ സന്തോഷം നമ്മെ കാക്കും,
ഇപ്പോഴും വരാനിരിക്കുന്ന നാളുകളിലും.
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വീരാൻകുട്ടി

കവി. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജിൽ മലയാളവിഭാഗം മേധാവിയായിരുന്നു. ജലഭൂപടം, ആട്ടോഗ്രാഫ്, മൺവീറ്, വീരാൻകുട്ടിയുടെ കവിതകൾ (സമ്പൂർണം), നിശ്ശബ്ദതയുടെ റിപ്പബ്ലിക് തുടങ്ങിയവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments