വാക്കിന്റെ
തേന്‍ നെല്ലിക്കകള്‍
ഉതിര്‍ന്നുവീഴുന്ന ഒച്ചകള്‍...
വാക്കിന്റെ തേന്‍ നെല്ലിക്കകള്‍ ഉതിര്‍ന്നുവീഴുന്ന ഒച്ചകള്‍...
രഗിലയുടെ കവിതയുടെ രാഷ്ട്രീയം അതിന്റെ വിസ്‌ഫോടന ശേഷിയുള്ള നിശ്ശബ്ദതയുടെ, ചെറുതുകളുടെ പരിചിത പരിസരങ്ങളുടെ, അമര്‍ത്തിയ നിലവിളിയുടെ രാഷ്ട്രീയമാണ്. ഒതുക്കി പറഞ്ഞാലും ഉറച്ചു തന്നെ അവയത് വെളിപ്പെടുത്തുന്നു. ഏറ്റം നവമായ ഭാഷയുടെ ചുവട് അതിന്റെ ഭാവുകത്വം പേറുന്നു. രഗില സജിയുടെ കവിതാ സമാഹാരമായ 'മൂങ്ങയില്‍നിന്ന് മൂളലിനെ വേര്‍പെടുത്തുംവിധം' വായിക്കുന്നു
15 Nov 2021, 12:38 PM
ചെറുപ്പത്തില്‍ കൈ വിരുത്തി കണ്ണടച്ച് കറങ്ങിക്കറങ്ങി നിലത്തു വീഴുന്ന ഒരു കളിയുണ്ടായിരുന്നു, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കിടയില്‍. വട്ടം ചുറ്റിച്ചുറ്റി ഒടുവില്‍ കണ്ണിലെ കാഴ്ച്ചയ്‌ക്കൊക്കെ ഒറ്റ നിറമായി മാറി താഴെ വീഴുന്ന ആ നിമിഷം സ്വന്തം ലോകത്തില്‍ നിന്നൊരു ബ്ലാക്ക് ഔട്ട് നിങ്ങളറിയുന്നു. മറ്റൊരു അജ്ഞാത ലോകത്തിന്റെ കളിനിയമങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുന്ന ആ നിമിഷം...
ആ നിമിഷം കവിതയാണ്...
രഗില സജിയുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇത്തരം ബ്ലാക്ക് ഔട്ടുകള്‍ അനവധിയാണ്. ഒരു വാക്കിന്റെ ലാവണ്യനുഭവത്തില്‍ നിന്ന് അതിന്റെ ഉടലിന്റെ അനേക സാധ്യതകളെ അഴിച്ചെടുക്കലാണ് രഗിലയിലെ കവിയുടെ പ്രാഥമികമായ ദൗത്യം. ഇവിടെ വായനക്കാരുടെ വീഴ്ച രഗില ഒരുക്കുന്ന വാക്കിന്റെ പുതിയ പ്രപഞ്ചത്തിലേക്കുള്ള വീഴ്ചയാണ്.
രഗില വാക്കിന്റെ കവിയാണ്. വാക്കിന്റെ വരുതിയില്‍ നിന്ന് പുറത്തേക്ക് ചിതറിയും കലര്‍ന്നുമാണ് ഇക്കവിയുടെ കവിതകള്‍ തന്റെ ലോകത്തെ പുനരടയാളപ്പെടുത്തുന്നതും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും. ഈ കവിതകളെ കോര്‍ത്തുകെട്ടിയ പേരില്‍ നിന്ന് തുടങ്ങാം. മൂങ്ങ എന്ന മൂര്‍ത്തമായ വസ്തുവില്‍ നിന്ന് മൂളലെന്ന അമൂര്‍ത്തയെ അരിച്ചെടുക്കലാണ് അഥവാ വാക്കിന്റെ മൂര്‍ത്ത ഭാവങ്ങളില്‍ നിന്ന് അമൂര്‍ത്തമായ അനേകം സാധ്യതകളെ ഫില്‍റ്റര്‍ ചെയ്‌തെടുക്കലാണ് ഇവിടെ കവിതയുടെ ധര്‍മം.
രഗില തന്റെ കവിതകളില്‍ ഒരേ സമയം സന്ദേഹിയും സംവാദകയുമാണ്. ഇവ സംസാരിക്കുന്നതൊക്കെയും ‘വെള്ളത്തിനകത്താവുന്ന ഞങ്ങളെ കുറിച്ചാണ്', ‘ഒറ്റക്കൊത്തിനകത്തുള്ള പാര്‍പ്പുകളെ ' കുറിച്ചാണ് ( ഭ്രമണം).

ഒരു മറുലോകത്തിരുന്നു ഈ ലോകത്തിന്റെ ഏറ്റം ചെറുതുകളെ, അതിന്റെ സൗന്ദര്യലോകങ്ങളെ, ദ്വന്ദ്വങ്ങളെ, അനേകം ഭേദങ്ങളെ നിര്‍വചിക്കാന്‍ വാക്കിന്റെ ഊക്കിലുള്ള ത്രോയിലൂടെ ശ്രമിക്കുകയാണ് കവി
‘ഊക്കില്‍ പാറി വന്ന
കനമുള്ളൊരു പക്ഷി
അതിന്റെ ഇരിപ്പ് പാടത്തെ ചെളിയില്‍
ഉപേക്ഷിച്ചു പോയി.
ഏറെ നേരം വെള്ളത്തിലേക്ക്
കണ്ണുകള്‍ ചൂണ്ടയാല്‍ കോര്‍ത്തിട്ട കൊറ്റി
അതിന്റെ നില്‍പ്പ്
ചെളിയില്‍ വരച്ചിട്ടു '
എന്നിങ്ങനെ തെളിയിലും ഒളിയിലും വിരിയുന്ന ദ്വന്ദങ്ങളുടെ വൈരുദ്ധ്യങ്ങളെ വരച്ചിടാന്‍ രഗിലയുടെ കവിതകള്‍ക്കാവുന്നുണ്ട്. അതിന്റെ നോട്ടം പടര്‍പ്പുകളിലേക്കല്ല, ആഴങ്ങള്‍ക്കുള്ളിലെ ആഴങ്ങളിലേക്കാണ്. ‘ഒരു സങ്കടത്തിനുള്ളിലെ അനേകം കുഞ്ഞ് സങ്കടങ്ങളിലേക്കാണ് ' (ആഴം).
ആഴത്തിനുള്ളിലെ സൂര്യനും ആഴത്തിലെ മരവും ഒരിക്കല്‍ നീട്ടിയ കുഞ്ഞ് കൗതുകങ്ങളെ ജീവിതത്തിന്റെ നിരാസങ്ങള്‍ കവച്ചു വയ്ക്കുന്നത് തത്വചിന്തപ്പെടാതെ നോക്കി നിന്ന് നിസ്സംഗയാവുന്ന കവിയാണ് ഇവിടെ.
രഗില തന്റെ കവിതകളില്‍ ഏകശില്പ രൂപങ്ങളെ ഒട്ടും താല്പര്യപ്പെടുന്നില്ല എന്നിവയുടെ പൊതു സ്വഭാവം വ്യക്തമാക്കുന്നു. ബഹുസ്വരങ്ങളിലേക്കുള്ള വിടര്‍ച്ചകളാണ് അതിന്റെ പാത . ‘കാതറിന്‍ മരിച്ച രാത്രിയിലെ' കാതറിനെ പോലെ സകലതിനും ‘കാതറിന്‍' എന്നുപേരിട്ടു കൊണ്ടിരിക്കുന്നത്ര താദാമ്യം അതിനു സ്വന്തം പരിസരങ്ങളോടും വസ്തുക്കളോടും ഉള്ളിലെ ലോകങ്ങളോടുമുണ്ട്.
ഇക്കവിതകളില്‍ എന്നെ ആകര്‍ഷിച്ച മറ്റൊരു വസ്തുത ചുറ്റിലുമുള്ള സചേതനവും അചേതനവുമായ വസ്തുക്കളോട് രഗിലയിലെ കവി നടത്തുന്ന
രസകരങ്ങളായ ചില സംഭാഷണങ്ങളാണ്. അതിന്റെ സൂക്ഷ്മഭാഷ സ്‌നിഗ്ധമായ ഏകാന്ത യാത്രകളില്‍ മാത്രം ഒരാള്‍ക്ക് വെളിപ്പെടുന്നത്ര മൃദുലവും ഏകാഗ്രവും ധ്യാനാത്മകവുമാണ്. അതുകൊണ്ടാണ് പുഴക്കരയില്‍ വീടില്ലാത്ത കവിയുടെ കുന്നിന്‍ ചെരിവിലെ വീട് മണല്‍ വരിയിലിരിക്കുന്ന പൊന്മയുടെ കൊക്കില്‍ വിറകൊള്ളുന്നത്. ( പുഴക്കരയില്‍ എനിക്ക് വീടില്ല ).

ഒച്ചകളില്‍ നിന്ന് അവയുടെ ശരീരങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ മിനക്കെടേണ്ടി വരുന്നത്. ‘അ' എന്ന അക്ഷരത്തിന്റെ ഉരുണ്ട ശരീരത്തില്‍ നിന്ന് ‘ആ' എന്ന ഈണത്തെ വേര്‍പ്പെടുത്തുന്നതുപോലെ, ‘ഉ' യില്‍ നിന്ന് ശ്വാസത്തെയും ‘ഊ' യില്‍ നിന്ന് താരാട്ടിന്റെ മൂളലിനെയും ‘ഏ' യില്‍ നിന്ന് നീരാവിയുടെ ആകൃതിയെയും വിഘടിപ്പിക്കാന്‍ കഴിയുന്നത്, (ഒച്ചയുടെ ശരീരം ).
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, രഗില കവിതയില്‍ അണിനിരത്തുന്ന സൂക്ഷ്മശരീരികളായ അനേകം ചെറുജീവികളുടെ സൗന്ദര്യപരമായ സമ്മേളനമാണ്. ഒച്ചുകളും തീരെ ചെറിയ പ്രാണികളും ഉറുമ്പുകളും പക്ഷി തൂവലിലെ ഇതളുകളും മുയല്‍ രോമങ്ങളും വരെ ഇതിലുണ്ട്. ഈ ലോകത്തിന്റെ വാണിജ്യ / ഉപഭോക്തൃ സംസ്‌കാരത്തിനുമേല്‍ ചെറുതുകളുടെ സൗന്ദര്യം വിതറുന്ന ചെപ്പടി വിദ്യ കവിയ്ക്ക് സ്വന്തം.
ഒരു കണ്ണാടിപൊട്ടിലൂടെ കാണുന്ന സ്വന്തo ലോകത്തിന്റെ ചിത്രമുദ്ര.
കവിതയില്‍ വീട് വയ്ക്കുക എളുതായ കാര്യമല്ല അനുനിമിഷം പുകഞ്ഞു, ലാവ വമിപ്പിക്കുന്ന അഗ്‌നിമകുടത്തിന്റെ ചോട്ടില്‍ സ്വന്തം പഴരസതോട്ടത്തെ പരിപാലിക്കുന്നതുപോലെയാണത്. രഗിലയുടെ കവിതയുടെ രാഷ്ട്രീയം അതിന്റെ വിസ്‌ഫോടന ശേഷിയുള്ള നിശ്ശബ്ദതയുടെ, ചെറുതുകളുടെ പരിചിത പരിസരങ്ങളുടെ, അമര്‍ത്തിയ നിലവിളിയുടെ രാഷ്ട്രീയമാണ്.
ഒതുക്കിപ്പറഞ്ഞാലും ഉറച്ചു തന്നെ അവയത് വെളിപ്പെടുത്തുന്നു. ഏറ്റം നവമായ ഭാഷയുടെ ചുവട് അതിന്റെ ഭാവുകത്വം പേറുന്നു.
ഇവിടെ രഗില വാക്കിന്റെ കവിയാണെന്ന് വീണ്ടും ഒരു ഏറ്റുപറച്ചില്‍ വേണ്ടി വരുന്നു. . ഏറ്റം കരുണയോടെ ആര്‍ദ്രതയോടെ, ഉദാരതയോടെ അത് എന്നോട് ചെറുതുകളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. ഒരേസമയം പ്രണയിയും വൈരാഗിയുമായ സ്‌നേഹമയിയും കലഹപ്രിയയുമായ
സ്ത്രീ പ്രപഞ്ചത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഇവയില്‍ വിളക്കി ചേര്‍ത്തിരിക്കുന്നു.
രഗിലയുടെ കവിതകളില്‍ വാച്യത്തിലും വ്യംഗ്യത്തിലും ആവര്‍ത്തിക്കപ്പെടുന്ന തന്‍രുചികളുടെ, അവനവന്‍ ഇടങ്ങളുടെ ആത്മാംശങ്ങള്‍ പുതിയതരം ഭാഷയുടെ, വാക്കിന്റെ പരിചരണത്തില്‍ പാകപ്പെടുന്നതുകൊണ്ട് മടുപ്പിക്കുന്നില്ല എന്നുതന്നെ പറയാം.
താനിടപെടുന്ന പരിസരങ്ങളുടെ സാമൂഹികവും ജൈവികവും കാലികവുമായ വ്യവസ്ഥകളെ വായിച്ചെടുക്കാനുള്ള ഈ കവിയുടെ ശ്രമങ്ങള്‍ ഭാഷയുമായി അനുനിമിഷം ആത്മാര്‍ഥമായി ഇടപെട്ടു കൊണ്ടാണെന്നുള്ളത് എന്നെ സന്തോഷിപ്പിക്കുന്നു.
ഈ കവിതകള്‍ വായിച്ചു തീരുമ്പോള്‍ വാക്ക് ഒളിച്ചു പാര്‍ക്കുന്ന പച്ചപ്പ് നിറഞ്ഞ കാടുകള്‍ക്കുള്ളില്‍ നിന്ന് ഇപ്പൊള്‍ പറിച്ചെടുത്ത ഒരു പിടി തേന്‍ നെല്ലിക്കകള്‍ എന്റെ മുന്നിലേയ്ക്ക് ആരോ നീട്ടുന്നു. അതിന്റെ സുഖമുള്ള പുളിപ്പും ചവര്‍പ്പും ഉമിനീരില്‍ ലയിപ്പിച്ചെടുത്തു ഞാന്‍ കണ്ണുകള്‍ ഇറുക്കിയടയ്ക്കുന്നു. ഒരു കവിള്‍ ജലത്തില്‍ വെറുതെ മധുരിച്ചു പോകുന്നു.
വി.കെ. ബാബു
Jan 28, 2023
8 minutes read
എസ്. ജോസഫ്
Jan 17, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read