എം. ലുഖ്മാൻ

ഇസ്‌ലാമിനെ കൂടുതൽ ദൃശ്യതയോടെ
സമൂഹം മനസ്സിലാക്കട്ടെ

എല്ലാറ്റിനെയും ഇസ്​ലാമോ ഫോബിക് ആയി വായിക്കുന്ന, പ്രചാരണം നടത്തുന്ന ജമാഅത്തെ ഇസ്​ലാമി മാധ്യമങ്ങൾ വാസ്തവത്തിൽ കേരളത്തിൽ മുസ്‌ലിം വിരുദ്ധമായ ഒരു ബോധത്തിന്റെ വിപുലീകരണത്തിനാണ് ശ്രമിക്കുന്നത്

കേരളീയ ഇസ്‌ലാമിന്റെ സവിശേഷത, മുഹമ്മദ് നബി കാണിച്ച മതത്തിന്റെ അക്ഷരാർഥത്തിലുള്ള പകർപ്പായിരുന്നു ഇവിടെ വന്നത് എന്നതാണ്. നബിയുടെ കാലത്തുതന്നെ ഇസ്‌ലാം കേരളത്തിൽ വന്നുവെന്നാണ് ചരിത്രപരമായ ഒരു നിഗമനം. അറേബ്യയും പൗരാണിക കേരളവും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധങ്ങൾ വഴിയായിരുന്നു, മതത്തിന്റെ സ്വാഭാവികമായ വരവ്. അതിനാൽ, ഇസ്‌ലാം കേരളത്തിലെത്തിയത്​ കലർപ്പുകൾ ഒട്ടുമില്ലാതെയാണ്. അതിന്റെ പരിശുദ്ധി എല്ലാ കാലത്തും നിലനിന്നു പോരുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി പ്രചരിപ്പിച്ച മതത്തിന്റെ അകക്കാമ്പ് കരുണയും സ്നേഹവും ആയിരുന്നു. വിശ്വാസത്തിന്റെ തന്നെ ആത്മാവ്, അല്ലാഹുവിനെ ദൈവമായും മുഹമ്മദ് നബിയെ അല്ലാഹുവിന്റെ പ്രവാചകനായും വിശ്വസിക്കുന്ന ഒരാൾ ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒരുപാട് മൂല്യങ്ങളുണ്ട്. അവയുടെയെല്ലാം പരമമായ ലക്ഷ്യം ഹൃദയശുദ്ധിയും, അതിലൂടെ സൽപ്രവർത്തനങ്ങളും, അങ്ങനെ മനോഹരമായ ഒരു ജീവിതം ഈ ലോകത്ത് സാധ്യമാക്കലുമാണ്. അഥവാ, അത്തരം സംശുദ്ധ ജീവിതം നയിച്ചാലേ അല്ലാഹുവും മുഹമ്മദ് നബിയും ഇഷ്ടപ്പെടുന്ന ജീവിതം ആകൂ എന്ന ഇസ്‌ലാം മതത്തിന്റെ മൗലികമായ സങ്കൽപ്പത്തിന്റെ സാക്ഷാത്കാരം തങ്ങളുടെ ജീവിതത്തിലൂടെ സാർഥകമാക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കുന്നത്.

ഹിന്ദു- കൃസ്ത്യൻ മത വിശ്വാസികൾക്കുള്ളിൽ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ ഏകീകരണ ശ്രമങ്ങളുണ്ട്- അതിനെ തുടർന്ന്​ വർഗീയത വളരെ ആഴത്തിൽ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പടരുന്നുണ്ട്

കേരളം ഇങ്ങനെയായിരുന്നു...

കേരളത്തിന്റെ ചരിത്രത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചാണ് സാമ്രാജ്യത്വത്തെ നേരിടുന്നത്. ഒരാൾക്ക് സഹായം ആവശ്യമായാൽ മറ്റേയാൾ കൂടെ ഉണ്ടാകുമായിരുന്നു. മതപരമായ വിഭജനത്തിന്റേതായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വ്യത്യസ്ത മതങ്ങളിൽ പ്രവർത്തിക്കുമ്പോഴും അഗാധ ഹൃദയ ബന്ധം ഉണ്ടായിരുന്നു. അതിപ്പോഴും, നാം വിചാരിക്കുന്ന പോലെ ശിഥിലമായിട്ടൊന്നും ഇല്ല. വ്യക്തിപരമായ രണ്ടനുഭവം പറയട്ടെ. ഭാര്യയെ പ്രസവത്തിന്​ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ഞാൻ ഇതെഴുതുന്നത്. അരീക്കോടുള്ള അവരുടെ തൊട്ടയൽവീട് ഹിന്ദു വിശ്വാസികളുടേതാണ്. യാത്രയാക്കാൻ അവരും വന്നിരുന്നു. പ്രസവം അടുത്ത ദിവസങ്ങളിൽ ഭാര്യക്ക് ഇഷ്ടമുള്ള പല പലഹാരങ്ങളും അവർ കൊണ്ട് വരുമായിരുന്നു. രണ്ടു വീടുകളാണ്. രണ്ടു മതങ്ങളാണ്. പക്ഷെ, മനസ്സ് അഗാധമായ ഒന്നിച്ചുനിൽക്കലിന്റേതാണ്.

മറ്റൊന്ന് എന്റെ ചെറുപ്പകാലത്തേതാണ്. മുസ്‌ലിംകൾ 90 ശതമാനവും ഉള്ള പ്രദേശമാണ് ഞങ്ങളുടേത്. അടുത്തുള്ള ഒരേയൊരു ഹൈന്ദവ വീട് ഗോപാലേട്ടന്റേതായിരുന്നു. അവർ ഹിന്ദുമതത്തെ വളരെ ആഴത്തിൽ പ്രാക്ടീസ് ചെയ്യുന്നവരാണ്. പല ദിവസങ്ങളിലും രാത്രി ഉച്ചത്തിൽ രാമായണം വായിക്കുമായിരുന്നു അദ്ദേഹം. അതൊന്നും അവിടുത്തെ ഒരു വീട്ടുകാർക്കും ശല്യമായി തോന്നിയിരുന്നില്ല. ആ പ്രദേശത്തെ തന്നെ ഏക പലചരക്കു കട ഗോപാലേട്ടന്റേതായിരുന്നു. അവിടെ നിന്ന്, പത്രം വായിച്ചാണ് എന്റെ അക്ഷര വായന വികസിക്കുന്നത്. ഇന്നും ഇങ്ങനെയുള്ള വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള അഗാധമായ ഇഴയടുപ്പം മിക്കവാറും എല്ലായിടങ്ങളിലും ഉണ്ട്. പക്ഷെ, അവയുടെ അടുപ്പത്തിന്റെ കെട്ടുകൾ പലയിടത്തും ദുർബലപ്പെട്ടു വരികയാണ്. പരസ്പരം അവിശ്വാസം കൂടുന്നു. എന്തൊക്കെയാവാം ഇതിനു കാരണം?

കഴിഞ്ഞ വർഷം എന്നെ ഞെട്ടിച്ച ഒരു സംഭവമുണ്ട്. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന നാട്, ഇപ്പോഴും മതേതര ഭാവം വളരെ സുന്ദരമായി നിലനിൽക്കുന്ന പ്രദേശമാണ്. പ്രധാന റോഡിൽ നിന്ന് വീട്ടിലേക്ക്​ ഓട്ടോയിൽ വരുമ്പോൾ, മുസ്‌ലിമായ അതിന്റെ ഉടമ ഒരനുഭവം പങ്കുവെച്ചു. അദ്ദേഹത്തിന് ഓട്ടോക്ക് പുറമെ ഒരു ടാക്സി കാറുമുണ്ട്. ആ പ്രദേശത്ത്​ കല്യാണവും മറ്റും ഉണ്ടാകുമ്പോൾ സ്ഥിരമായി ഓടുന്ന ടാക്സിയാണ്. എന്നാൽ അടുത്തിടെ ചില ഹൈന്ദവ സുഹൃത്തുക്കൾ ഒരു തീരുമാനം എടുത്തുവത്രെ. മുസ്‌ലിംകളുടെ ടാക്സി വിളിക്കേണ്ടതില്ല എന്ന്. പിന്നെ, ഹിന്ദു വിശ്വാസികളുടെ കല്യാണങ്ങൾക്ക്​ അദ്ദേഹത്തിന്റെ തന്നെ സുഹൃത്തായ ഹൈന്ദവ സഹോദരനെ ഡ്രൈവറാക്കി വിടാറാണ് പതിവ്. നാട്ടിൽ ഒരു പ്രശ്‌നവും ഇല്ലാഞ്ഞിട്ടും കുമിഞ്ഞു കൂടിയ, പരസ്പര വിശ്വാസമില്ലായ്മയുടെ ആഴം കാണിക്കുന്നതാണ് ഈ സംഭവം. ഹിന്ദു- കൃസ്ത്യൻ മത വിശ്വാസികൾക്കുള്ളിൽ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ ഏകീകരണ ശ്രമങ്ങളുണ്ട്- അതിനെ തുടർന്ന്​ വർഗീയത വളരെ ആഴത്തിൽ മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് പടരുന്നുണ്ട്. ആ ഘടകം മൂർത്തമായി നിലനിൽക്കുന്നു. എന്നാൽ, മുസ്‌ലിം കമ്യൂണിറ്റിക്കുള്ളിൽ 30 വർഷമായി ജീവിച്ച ഒരാളെന്ന നിലയിൽ- അതും മലബാറിലെ വിവിധ പ്രദേശങ്ങളിൽ- ഇസ്‌ലാമിക ദൈവശാസ്ത്രം പത്തു വർഷം പഠിച്ച വിദ്യാർത്ഥിയെന്ന നിലയിൽ, മുസ്​ലിംകൾക്കിടയിൽ നിലനിൽക്കുന്ന ചിന്താധാരകളെ കൗതുകത്തോടെ നിരീക്ഷിച്ചു വരുന്ന ഒരാളെന്ന നിലയിൽ ചില ബോധ്യങ്ങൾ പങ്കുവെക്കാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്.

മുസ്‌ലിം കുടുംബ ചിത്രം (1914) / Photo : keralaculture.org

മുസ്‌ലിംകളുടെ വർദ്ധനവ് കേരളത്തിൽ സംഭവിച്ചത് അഗാധമായ തെളിച്ചമുള്ള , എല്ലാവരെയും ഒരു പോലെ കാണുന്ന ജീവിതമാണ് ഓരോ വിശ്വാസിയും നയിച്ചിരുന്നത് എന്നതിനാലാണ്

കേരളീയ ഇസ്‌ലാം, ചരിത്രത്തിൽ എക്കാലവും പ്രഫുല്ലമായിരുന്നു. വൈജ്ഞാനിക ബന്ധിതവും ആയിരുന്നു. ആയിരക്കണക്കിന് പുസ്തകങ്ങൾ അറബിയിലും അറബി മലയാളത്തിലുമായി ഇവിടെ രചിക്കപ്പെട്ടിട്ടുണ്ട്. വിശേഷിച്ചും പതിനഞ്ചാം നൂറ്റാണ്ടു മുതൽ. അതിൽ സാഹിത്യമുണ്ട്, മതമുണ്ട്, സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട രീതികളെ കുറിച്ചുള്ള പഠനങ്ങളുണ്ട്, ഭാഷാ ഗ്രന്ഥങ്ങളുണ്ട്. എപ്പോഴും അറിവുള്ള, അലിവുള്ള ജീവിതം തുടരാനുള്ള നിഷ്കർഷകളുണ്ട്. ദേശാന്തര മുസ്‌ലിം കമ്യൂണിറ്റികളുമായി ഇവിടത്തെ മുസ്‌ലിം പണ്ഡിതന്മാർക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നു. അതിനാൽ തന്നെ, മതത്തിന്റെ ശരിയായ, ശുദ്ധമായ രൂപത്തെ ഇവിടെ മുസ്​ലിംകൾക്ക് പ്രാപ്യമായിരുന്നു. അതെപ്പോഴും സ്നേഹത്തിന്റേതായിരുന്നു. മുസ്‌ലിംകളുടെ വർദ്ധനവ് കേരളത്തിൽ സംഭവിച്ചത് അഗാധമായ തെളിച്ചമുള്ള , എല്ലാവരെയും ഒരു പോലെ കാണുന്ന ജീവിതമാണ് ഓരോ വിശ്വാസിയും നയിച്ചിരുന്നത് എന്നതിനാലാണ്.

എന്നാൽ, 1900 -ഓടെ കാര്യങ്ങൾ മാറുന്നുണ്ട്. അതേവരെ, മുസ്‌ലിം ജീവിതത്തിന്റെ അടിസ്ഥാനം സൂഫിസം ആയിരുന്നു. എന്താണ് സൂഫി എന്നതിന്റെ മതകീയമായ പാരികല്പനകൾ എന്നൊരു സന്ദേഹം പൊതുവെ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിനെ ലളിതമായി, ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സംഭവം കൊണ്ട് വിവരിക്കാം.

മദീനയിലെ പള്ളിയിൽ മുഹമ്മദ് നബിയും അനുചരരും ഇരിക്കുന്നു. അന്നേരം അപരിചിതനായ ഒരാൾ കടന്നുവരുന്നു, നബിയുടെ മുന്നിൽ ഇരുന്നു, എന്നിട്ട്​ചോദിച്ചു: എന്താണ് ഇസ്‌ലാം?
നബി പറഞ്ഞു: "അല്ലാഹുവിലും അവന്റെ ദൂതനായ മുഹമ്മദ് നബിയിലും വിശ്വസിക്കലാണ്. നിസ്കാരം നിലനിറുത്തലും സകാത്ത് നൽകലും ആണ്. റമളാനിൽ നോമ്പ് നോൽക്കലും സാധ്യമായവൻ ഹജ്ജ് നിർവ്വഹിക്കലും ആണ്’. ആഗതൻ പറഞ്ഞു: താങ്കൾ പറഞ്ഞത് വാസ്തവമാണ്. ഇനി ഈമാനിനെ കുറിച്ച്​എനിക്ക് വിവരിച്ചു തരൂ.
നബി പറഞ്ഞു: ‘അല്ലാഹുവിലും അവന്റെ മാലാഖമാരിലും വിശുദ്ധഗ്രന്ഥങ്ങളിലും അന്ത്യനാളിലും വിശ്വസിക്കലുമാണ്. എല്ലാ നന്മയും തിന്മയും അല്ലാഹുവിൽ നിന്ന് വരുന്നതാണ് എന്ന വിശ്വാസമാണ്'
അങ്ങ് പറഞ്ഞത് വാസ്തവമാണ്, ആഗതൻ പ്രതിവചിച്ചു. ഇനി ‘ഇഹ്‌സാനിനെ' കുറിച്ച് വിവരിച്ചു തരൂ: അല്ലാഹുവിനെ ആരാധിക്കുമ്പോൾ അവൻ നിന്നെ കാണുന്നുവെന്ന പോലെ നിർവ്വഹിക്കുക, നീയവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.
തുടർന്ന് ചില കാര്യങ്ങൾ കൂടി ആരാഞ്ഞ ശേഷം ആഗതൻ തിരികെപ്പോയി. ആരാണാ വന്നത് എന്ന സന്ദേഹത്തിൽ നിൽക്കുന്ന അനുചരരോട് നബി പറഞ്ഞു: ആ വന്നത് ജിബ്‌രീൽ മാലാഖയാണ്. നിങ്ങളെ മതം പഠിപ്പിക്കാൻ വന്നതാണ്.

ഈ സംഭവത്തിലെ ഇഹ്‌സാൻ എന്ന സങ്കല്പമാണ്​ ഇസ്​ലാമിന്റെ ആധ്യാത്മിക സ്വഭാവത്തെ നിർണയിക്കുന്നത്. ഒരു വിശ്വാസിയുടെ എല്ലാ അനക്കങ്ങളും സൃഷ്ടാവായ അല്ലാഹു നമ്മെ നിരീക്ഷിക്കുന്നു എന്ന വിചാരത്തിലുള്ളതാകണം. ഇസ്‌ലാമിക വിശ്വാസത്തിന്റെ സ്വഭാവം മനുഷ്യ ജീവിതത്തിലെ എല്ലാം മതവുമായും ബന്ധപ്പെട്ടിരിക്കുന്നു. വ്രതം എടുക്കലും നിസ്കരിക്കലും മാത്രമല്ല, ജോലിക്കു പോകുന്നതും ഭക്ഷണം കഴിക്കുന്നതും, കുളിക്കുന്നതും എല്ലാം നല്ല ഉദ്ദേശ്യത്തോടെ ആകുമ്പോൾ- അഥവാ , അതിലൂടെ കുടുംബത്തെ പോറ്റണം, മക്കൾക്ക്​ വിദ്യാഭ്യാസം നൽകണം, നല്ലൊരു സമൂഹത്തെ സൃഷ്ടിക്കണം പോലുള്ള- പ്രതിഫലം ലഭിക്കുന്നു. അതേസമയം, പ്രകടമായി നന്മ വിതക്കുന്നതാണ് എങ്കിലും ഹൃദയത്തിൽ മോശം വിചാരമാണ് ഒരു കർമം നിർവഹിക്കുമ്പോൾ ഉള്ളതെങ്കിൽ അത് വിഫലമാകും. പ്രവാചകർ പഠിപ്പിക്കുന്നുണ്ട്; ഒരാൾ നല്ല ജ്ഞാനിയാണ് എന്നറിയപ്പെടാനും അങ്ങനെ ജനപ്രീതി നേടാനുമാണ് വിജ്ഞാനം നേടിയത് എങ്കിൽ പരലോകത്ത് വിഫലമായിരിക്കും. നല്ല ദാനം ചെയ്യുന്നവനാണ് എന്ന പെരുമക്ക് വേണ്ടിയാണ്​ സഹായം നൽകുന്നതെങ്കിൽ അതും ആത്യന്തികമായി അദ്ദേഹത്തിന്റെ ആത്മാവിന് പ്രയോജനരഹിതമാണ്. മറിച്ച്, വലതു കൈ നൽകുമ്പോൾ ഇടതു കൈ അറിയാതിരിക്കാനുള്ള സൂക്ഷമത- അതാണ് വിശ്വാസിക്ക് വേണ്ടത്.

യൂറോപ്പ്​ വിഭാവനം ചെയ്ത പല സങ്കല്പങ്ങളും കോളനിവത്കൃത മുസ്‌ലിം രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. അവയെ, സൂക്ഷ്മതയില്ലാതെ ആവാഹിച്ച പലരും, ഇസ്​ലാമിനെ പരമ്പരാഗതമായി തുടർന്ന് പോന്നതിൽ നിന്ന്​ വ്യത്യസ്തമായ ആഖ്യാനങ്ങളിൽ പരിചയപ്പെടുത്താൻ ശ്രമിച്ചു

ഇത്തരം ബോധം ഏറ്റുവാങ്ങിയ വളരെ ട്രാൻസ്​പാരന്റ്​ ആയ മുസ്‌ലിം സമൂഹമാണ്​ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, പതിനെട്ടാം നൂറ്റാണ്ടോടെ മുസ്‌ലിം സമൂഹത്തിൽ ചിന്താപരമായ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ട്. കോളനിവൽക്കരണം ഏറെക്കുറെ എല്ലാ മുസ്‌ലിം രാജ്യങ്ങളിലും നടന്നു. വ്യാവസായിക വിപ്ലവം ഉണ്ടായി. അതിന്റെയൊക്കെ ഭാഗമായി, യൂറോപ്പ്​ വിഭാവനം ചെയ്ത പല സങ്കല്പങ്ങളും കോളനിവത്കൃത മുസ്‌ലിം രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. അവയെ, സൂക്ഷ്മതയില്ലാതെ ആവാഹിച്ച പലരും, ഇസ്​ലാമിനെ പരമ്പരാഗതമായി തുടർന്ന് പോന്നതിൽ നിന്ന്​ വ്യത്യസ്തമായ ആഖ്യാനങ്ങളിൽ പരിചയപ്പെടുത്താൻ ശ്രമിച്ചു. അതിന്​ മുസ്​ലിംകൾക്കിടയിൽ നിന്നുള്ള ഒരു ശിഥിലമായ ധാരയെ അവർ ചേർത്തു പിടിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്നു തൈമിയ്യ എന്ന മുസ്‌ലിം പണ്ഡിതൻ മുന്നോട്ടു വെച്ച പല വാദങ്ങളും പ്രവാചക കാലം മുതൽ മുസ്​ലിം സമൂഹം അനുവർത്തിച്ചു വരുന്നതിന്​ വിരുദ്ധമായവ ആയിരുന്നു. മതത്തെ, ആത്മീയ കേന്ദ്രീകൃതം എന്നതിൽ നിന്ന് മാറ്റി, അന്നുവരെ മുസ്‌ലിം സമൂഹം നിലനിറുത്തിയ രീതിക്കു വിരുദ്ധമായി അനുഷ്ഠാനപരതയിൽ തളച്ചിട്ടു അദ്ദേഹം. മതത്തിൽ അനുവദനീയമായ പല സംഗതികളെയും അവിശ്വാസം ആക്കി. ഒരുദാഹരണം: വിശുദ്ധ ജീവിതം നയിച്ച ഇസ്‌ലാമിക ആധ്യാത്മിക നേതാക്കൾ ​ശ്രേഷ്​ഠരും, അല്ലാഹുവിന്റെ അടുക്കൽ സവിശേഷമായ പരിഗണന ലഭിക്കുന്നവരും ആണ് എന്നാണ്​ മുസ്​ലിം വിശ്വാസം. അങ്ങനെയുള്ളവരുടെ ദർഗകളിൽ പോയി, അവരെ ഇടയാളരാക്കി പ്രാർത്ഥിക്കുന്ന വിശ്വാസമുണ്ട് മുസ്​ലിംകൾക്ക്. അതിനെ അദ്ദേഹം വിലക്കി. അതിൽ അവിശ്വാസം ആരോപിച്ചു. അതിനെ തുടർന്നാണ്, ദർഗകൾ സന്ദർശിക്കുന്ന മുസ്​ലിംകൾക്കെതിരെ വലിയ തോതിൽ ആക്രമണമൊക്കെ പിന്നീട് വരുന്നത്.

സലഫിസവും ഭിന്ന രാഷ്ട്രീയ പ്രതിനിധാനങ്ങളും

സിറിയൻ സുന്നി പണ്ഡിതനായ ശൈഖ് മുഹമ്മദ് അൽ യാഖൂബിയുടെ Refuting ISIS: A rebuttal of its religious and ideological foundations എന്ന പുസ്തകം 2015 ലാണ്​ ഇറങ്ങിയത്​. അതിലദ്ദേഹം പറയുന്ന കാര്യങ്ങൾ സലഫിസവുമായി ബന്ധപ്പെട്ട ആധുനിക വായനകൾക്ക് കൃത്യതമായ വിവരണം നൽകുന്നു. സലഫിസത്തെ രണ്ടായിട്ടാണ് അദ്ദേഹം പറയുന്നത്. ഒന്ന്: സലഫിസം ഇൻ ഡോഗ്മ, രണ്ട്: സലഫിസം ഇൻ ഫിഖ്ഹ്. ഒന്നാമത്തേതിൽ, ഇബ്‌നു തൈമിയ്യയെ അതിന്റെ മുഖ്യ ആശയദാതാവായി കാണുന്നു. രണ്ടാമത്​, ഇസ്‌ലാമിലെ വിജ്ഞാന ജീവിത ക്രമങ്ങളെ കൃത്യമായി നിർണയിക്കുന്ന നാല്​ സ്‌കൂൾ ഓഫ് തോട്ടുകളെ (മദ്ഹബുകളെ) നിരസിച്ചു നടത്തുന്ന സ്വയം വ്യാഖ്യാന ശ്രമങ്ങളേയും, അതിന്റെ പ്രാക്ടീസിംഗിനെയും ആണ്. അഥവാ ഖുർആനിലേക്കും തിരുചര്യയിലേക്കും ക്ഷണിച്ച്​ എല്ലാ പാരമ്പര്യത്തെയും നിരാകരിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഒരു മിശ്രിതമായിട്ടാണ് അദ്ദേഹം ‘ഐസിസ്’ രൂപീകരണത്തെയും അതിന്റെ പ്രത്യശാസ്ത്രത്തെയും വിശകലനം ചെയ്യുന്നത്.

ഖുർആനിനെയും ഹദീസിനെയും സ്വയമേയുള്ള വ്യാഖ്യാനങ്ങളിലൂടെ വിവരിക്കുകയും, പ്രവാചകർ മുതൽ വികസിച്ചു വന്ന ജ്ഞാനശാസ്‌ത്രത്തിന്റെ തുടർച്ചകളിൽ എത്തിയ ഇമാം ഗസ്സാലിയോ, ഇമാം നവവിയോ ഒന്നും അവകാശപ്പെടാത്ത മുജ്‌തഹിദ്- അഥവാ, മതത്തെ സ്വന്തമായി വ്യാഖ്യാനിക്കാനുള്ള ശേഷി- സ്വയം എടുത്തണിയുകയും, അതനുസരിച്ചു മതവ്യാഖ്യാനം നടത്തി എല്ലാത്തരം ആസുരതകളും നടപ്പാക്കുകയും, അതിന് തിയോളജിക്കൽ അംഗീകാരം നിർമ്മിക്കുകയുമാണ് ഇവർ ചെയ്യുന്നത്.

രണ്ടു തരത്തിലാണ് ‘ഐസിസ്’ നിർമാണത്തിലേക്കുള്ള സലഫിസത്തിന്റെ പ്രവർത്തന രീതി വിപുലപ്പെടുന്നത്. ഒന്ന്: പരമ്പരാഗത ഇസ്‌ലാമിക കാഴ്ച്പ്പാടുകളെ പാർശ്വവത്കരിച്ചു. രണ്ട്: ഇസ്‌ലാമിന്റെ പേരിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ രൂപപ്പെടുത്തി. ഇസ്‌ലാം രാഷ്ട്രീയ രൂപമായി നിലനിൽക്കണം എന്നത് എങ്ങനെയാണ് സലഫിസത്തിന്റെ മുഖ്യ അജണ്ടയായി മാറുന്നത്?

എ.ഡി 1263–1328 കാലത്തു ജീവിച്ച ഇബനു തൈമിയ്യഃയുടെ വാദങ്ങൾ പുനരാവിഷ്‌ക്കപ്പെട്ടതിന്റെ ഫലമായിട്ടാണ്​ 18ാം നൂറ്റാണ്ടിൽ സലഫിസം അറേബ്യയിൽ അധികാരം നേടുന്നത്. 1703–1792 വരെ ജീവിച്ച മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് ആണ് ഈ രാഷ്ട്രീയ പ്രവേശനത്തിന്​ തുടക്കമിടുന്നത്. ഇബ്‌നു തൈമിയ്യയാൽ സ്വാധീനിക്കപ്പെട്ട അബ്ദുൽ വഹാബ്, മുസ്​ലിംകൾ അന്ധതയിലും അജ്ഞതയിലുമാണ് ജീവിക്കുന്നത് എന്ന വാദമുയർത്തി, തൗഹീദിലേക്ക്​- ഏകദൈവ വിശ്വാസത്തിലേക്ക്- ക്ഷണിക്കുകയായിരുന്നു എന്ന പ്രതീതിയിൽ പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഭാഗമായി മനുഷ്യനും അല്ലാഹുവിനും ഇടയിൽ വസീല- ഇന്റർമീഡിയേഷൻ- ആവശ്യമില്ല എന്നൊരു വാദം ഉന്നയിച്ചു. ഇബ്നു അബ്ദുൽ വഹാബ് ആവിഷ്കരിച്ച തൗഹീദ് തുടരാത്തവരെയൊക്കെ അദ്ദേഹം മുശ്രിക് -അവിശ്വാസി - ആയും മത നിരാസിയായും മുദ്രകുത്തുന്ന അവസ്ഥ വന്നു.

സലഫിസത്തിന്റെ മറ്റൊരു തലത്തെക്കൂടി നാം വിശകലനം ചെയ്യണം. ഇസ്‌ലാമിക് മോഡേണിസം എന്ന പേരിൽ കേരളത്തിൽ സലഫിസം, നവോഥാന പ്രസ്ഥാനം എന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ടു. ജമാലുദ്ദീൻ അഫ്‌ഗാനിയും മുഹമ്മദ് അബ്ദുവും റഷീദ് രിദയും മുന്നോട്ടു വെച്ച സലഫിത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. 2015ൽ പുറത്തിറങ്ങിയ ഹെന്രി ലൂയിസറുടെ ദി മേക്കിങ് ഓഫ് സലഫിസം എന്ന പുസ്തകത്തിൽ, സലഫിസത്തെ രണ്ടായി കാറ്റഗറൈസ് ചെയ്യന്നുണ്ട്. ഒന്ന്; മോഡേണിസ്റ്റ് സലഫിസം, രണ്ടാമത് പ്യൂരിസ്റ്റ് സലഫിസം.

പ്യൂരിറ്റൻറ് സലഫിസത്തിൽ അദ്ദേഹം പറയുന്നത്​, ഇബ്നു അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള അത്യധികം അക്രമകരമായ സലഫിസത്തെയാണ്. എന്നാൽ മറ്റേതിനെ പരിക്ക് കുറഞ്ഞത് എന്ന നിലയിലുമാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഇവ രണ്ടും ഇസ്‌ലാമിന്റെ പരമ്പരാഗതവും മൗലികവുമായ ധാരക്ക് മാരകമായ ആഘാതം ഏൽപ്പിക്കാൻ പോന്നതായിരുന്നു. 1838 മുതൽ 1897 വരെയാണ് ജമാലുദ്ദീൻ അഫ്‌ഗാനിയുടെ കാലം. അദ്ദേഹത്തിന് തന്റെ തോന്നലുകൾ പ്രചരിപ്പിക്കാൻ പറ്റുന്ന വിധത്തിലുള്ള നിലം, അതിനു മുമ്പേ മരിച്ച ഇബ്നു അബ്ദുൽ വഹാബ് രൂപപ്പെടുത്തിയിട്ടുണ്ടായിരുന്നു.

സലഫിസത്തെ സുന്നി ഉലമാക്കൾ അതീവ ഗൗരവത്തിൽ കാണുകയും; തങ്ങളുടെ പ്രവർത്തനത്തിന്റെ നല്ലൊരു ഊർജം അതിനെ പ്രതിരോധിക്കാനും വിശ്വാസികളിലേക്ക്​ സലഫി ബാധ ഒരു തരത്തിലും ബാധിക്കാതിരിക്കാനും വിനിയോഗിക്കുകയും ചെയ്‌തു

പടിഞ്ഞാറൻ ഇംപീരിയലിസത്തിനെതിരെ എന്ന പ്രതീതിയിൽ പ്രവർത്തനങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ രീതികൾ ഇസ്‌ലാമിന്റെ ആത്മീയത നഷ്ടപ്പെടുത്തുന്നവയായിരുന്നു. തുടർന്നുവന്ന മുഹമ്മദ് അബ്ദു, അഫ്‌ഗാനിയുടെ വിദ്യാർത്ഥിയായിരുന്നു. രണ്ടു പേരും രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ശ്രമിച്ചപ്പോൾ, അഫ്‌ഗാനിയെ ഈജിപ്ത് സർക്കാർ ജയിലിലടക്കുകയും, അബ്ദുവിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്‌തു. അയാൾ പിന്നീട് ലബനാനിലേക്കും ഫ്രാൻസിലേക്കും കുടിയേറി അവിടെ സലഫിസത്തിന്റെ ശാഖകൾ ഉണ്ടാക്കാൻ ശ്രമം നടത്തി . ഇവരുടെ ചിന്തകളുടെ സ്വാധീനത്താൽ തുടർന്ന് റഷീദ് രിദ വരുന്നു (1865 – 1935). അദ്ദേഹം, കൂടുതൽ റിഗ്രെസ്സിവ് ആയ സലഫി ആയിരുന്നു. ഇബ്നു അബ്ദുൽ വഹാബിന്റെ പല വാദങ്ങളും പ്രചരിപ്പിക്കാൻ, തന്റെ അൽ മനാർ ഉപയോഗപ്പെടുത്തിയിരുന്നു.

1900 ലെ ആദ്യവർഷങ്ങളിൽ ഈജിപ്തിൽ അടക്കം സലഫിസം വലിയ തോതിൽ വളരുന്നത്​, ഇബ്നു അബ്ദുൽ വഹാബിന്റെ രീതികൾ റഷീദ് രിദയെ സ്വാധീനിച്ചതുമൂലമാണ്​. മുസ്‌ലിം പണ്ഡിതർ അവിടെയെല്ലാം പ്രതിരോധം തീർക്കുന്നു. റഷീദ് രിദയോടെ നേരത്തെ പറഞ്ഞ രണ്ടു രീതികളും ഒരേപോലെയാവുന്നുണ്ട്. കേരളത്തിൽ വക്കം അബ്ദുൽ ഖാദിർ മൗലവിയെ സ്വാധീനിച്ചത് അതിനാൽ തന്നെ റഷീദ് രിദയുടെ, പ്രകടമായി തന്നെ ഇബ്നു അബ്ദുൽ വഹാബിന്റെ രീതികളോട് വലിയ ചായ്‌വുണ്ടായിരുന്ന സലഫിസമാണ്. വക്കം മൗലവിയുടെ പുസ്തകത്തിൽ എന്തുകൊണ്ട് താൻ വഹാബി എന്ന് വിളിക്കപ്പെടുന്നു വന്നത് വിശദീകരിച്ചു, ഇബ്നു അബ്ദുൽ വഹാബിന്റെ എല്ലാ ആശയങ്ങളെയും ന്യായീകരിച്ച്​ എഴുതുന്നുണ്ട്.

1950 മുതലുള്ള ഓയിൽ ബൂം വലിയ വികാസം ഉണ്ടാക്കി. അതോടെ, വിഭാഗീയമായ, എല്ലാവരാലും പുറന്തള്ളപ്പെട്ടു നിന്നിരുന്ന സലഫിസം പുതിയ പുറംമോടിയണിഞ്ഞ രൂപങ്ങളിലൂടെ ലോകത്തേക്ക് വ്യാപിക്കുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള തീവ്ര സലഫി പ്രചാരണത്തിനായി, വിശേഷിച്ച്​ രാഷ്ട്രീയ പ്രക്രിയക്ക് വേണ്ടി ഉപയോഗിച്ചതാണ്​ ‘അൽ വലാ വാല് ബറാ’. സ്വാലിഹ് ഫൗസാനെ പോലുള്ള സലഫി രചയിതാക്കൾ ഇതിനെ വിവരിക്കുന്നത് തൗഹീദ്- ഏകദൈവ വിശ്വാസം- കഴിഞ്ഞാൽ മുസ്‌ലിംകൾ രണ്ടാമതായി പഠിക്കേണ്ടതും പിൻപറ്റേണ്ടതുമായ സംജ്ഞ എന്ന നിലക്കാണ്. അമുസ്‌ലിംകളോട് ചിരിക്കരുത് പോലെ, ഒരു ബഹുസ്വര സമൂഹത്തിൽ മാരക പ്രഹരമേല്പിക്കുന്ന വിദ്വേഷ പ്രചാരണം കേരളത്തിൽ സലഫികൾ നടത്തിയത് ഈ സംജ്ഞയെ വിവരിച്ചാണ്. ഇതേ വലാഉം ബാറാഉം പറഞ്ഞാണ് ശ്രീലങ്കയിൽ ഈസ്റ്റർ ദിന ചാവേർ ആക്രമണത്തിന് നേതൃത്വം നൽകിയ സഹ്‌റാൻ ഹാഷിമും തീവ്രതയിലേക്ക് സലഫി പങ്കാളികളെ നയിച്ചിരുന്നത് എന്ന് ഇയാളുടേതായി പുറത്തുവന്ന പ്രസംഗങ്ങളിൽ വ്യക്തമാണ്.

പലപ്പോഴും ബ്രദർഹുഡിനെ പൊളിറ്റിക്കൽ ഇസ്‌ലാം ആക്കി ലോകത്ത് അവതരിപ്പിക്കുമ്പോൾ സലഫികൾ മറഞ്ഞു നിന്നായിരുന്നു പ്രവർത്തനം. മീഡിയ അറ്റൻഷൻ അവർക്കുമേൽ ഇല്ലാതെ പോയി. അതോടൊപ്പം ഇവരെ വളർത്തുന്നതിൽ പടിഞ്ഞാറിന് വിവിധ താൽപര്യങ്ങളുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിൽ സലഫി രൂപമായ താലിബാനെ പോറ്റിയത് അമേരിക്കയായിരുന്നുവല്ലോ, ചെച്നിയ, അഫ്ഗാൻ എന്നിവിടങ്ങളിലെല്ലാം അമേരിക്ക ഇവരെ പ്രയോജനപ്പെടുത്തി, റഷ്യയെ തകർക്കാൻ. എന്നാൽ, സലഫിസം ആയുധപരമായി വലിയ മേധാവിത്തത്തിലേക്കു വരികയായിരുന്നു; അതോടെ.

ഗ്ലോബൽ സലഫിസം ഇസ്‌ലാംസ്‌ ന്യൂ റിലീജിയസ് മൂവ്മെ​ന്റ് എന്ന പുസ്തകം എഡിറ്റ് ചെയ്‌ത റോയൽ മെയ്‌ജർ ആമുഖത്തിൽ വിവരിക്കുന്ന ചില കാര്യങ്ങളുണ്ട്: ഒന്ന്: 9/ 11 ആക്രമണ ശേഷമാണ് സലഫിസം ഒരു പ്രധാന പ്രശ്‌നമായി ലോകം ശ്രദ്ധിച്ചത്. അതിനു മുമ്പുള്ള പല സലഫി വായനകളും സൗദി അറേബ്യയുടെ ചരിത്രത്തെ പഠിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഈയൊരു ആനുകൂല്യത്തിലൂടെ, വേഗത്തിൽ, 1990 കളിൽ വിശേഷിച്ചും, യൂറോപ്പിലും അമേരിക്കയിലും ഒക്കെ സലഫികൾ ഇടം കണ്ടെത്തി എന്നവർ പറയുന്നു.

സലഫിസത്തെ സുന്നി ഉലമാക്കൾ അതീവ ഗൗരവത്തിൽ കാണുകയും; തങ്ങളുടെ പ്രവർത്തനത്തിന്റെ നല്ലൊരു ഊർജം അതിനെ പ്രതിരോധിക്കാനും വിശ്വാസികളിലേക്ക്​ സലഫി ബാധ ഒരു തരത്തിലും ബാധിക്കാതിരിക്കാനും വിനിയോഗിക്കുകയും ചെയ്‌തു. 1926 ൽ കേരളത്തിൽ സമസ്ത രൂപീകരിക്കുന്നതുതന്നെ സലഫിസത്തെ തടയാനാണല്ലോ. ആ ദൗത്യം നിർവഹിക്കപ്പെട്ടതു കൊണ്ടാണ് രാഷ്ട്രീയപരവും സാമ്പത്തികവുമായ വലിയ സ്വാധീനങ്ങളിലൂടെ മുസ്‌ലിം ജനസാമാന്യത്തിലേക്കു വരാൻ ശ്രമിച്ചിട്ടും; പത്തു ശതമാനം പോലും വിശ്വാസികളെ അവർക്ക് സ്വാധീനിക്കാൻ കഴിയാതെ വന്നത്​. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സുന്നി പണ്ഡിതരാണ് സലഫിസത്തെ പ്രതിരോധിച്ചത്. എന്നാൽ, അധികാരപരമായും, പുറംമോടി പുരോഗമന മുഖത്തിലൂടെയും സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചതിനാൽ ഭരണകൂടങ്ങൾക്കും പൊതു സമൂഹത്തിനും ഇവരെ പലയിടങ്ങളിലും യഥാർത്ഥ സ്വഭാവത്തിൽ മനസ്സിലാക്കാൻ പറ്റിയില്ല എന്നതാണ് വാസ്‌തവം.

ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ ആക്രമണത്തെ ഈയൊരു തലത്തിൽ പരിശോധിക്കണം. സലഫിസം ഉയർത്തുന്ന തീവ്രതയുടെ പ്രശ്‌നം ശ്രീലങ്കയിൽ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ശ്രീലങ്കൻ അക്രമികളിൽ മുഖം വ്യക്തമായ സഹ്‌റാൻ ഹാഷിമിന്റെ പ്രസംഗം പുറത്തുവന്നിട്ടുണ്ട്. സലഫി ആശയത്തിന് ലോകത്ത് ബീജാവാപം നൽകിയ ഇബ്നു തൈമിയ്യയെ ഉദ്ധരിച്ചാണ് അയാൾ സംസാരിക്കുന്നത്, മുസ്‌ലിം വിശ്വാസികളെ അവിശ്വാസികൾ ആണെന്നു പ്രഖ്യാപിച്ചുകൊണ്ട്.

കേരളത്തിൽ നിന്ന് ഐ.എസിലേക്ക്​ പലായനം നടന്നിട്ടും, സഹ്‌റാൻ ഹാഷിം നടത്തിയ പോലുള്ള വിഷപ്രസംഗങ്ങൾ നടന്നിട്ടും ഇപ്പോഴും സലഫിസത്തെ അതിന്റെ ഭിന്നഭാവങ്ങളെ പ്രശ്‌നകാരണമായി പലർക്കും മനസിലാവുന്നില്ല എന്നതാണ് അപകടകരം

ശ്രീലങ്കയിലെ സലഫി ആക്രമണം ചാവേർ രൂപത്തിലേക്ക് വന്നത് ഇതാദ്യമാണെങ്കിൽ മഖ്ബറ പൊളിക്കൽ പോലുള്ള രീതികൾ നേരത്തെ അവിടെ നടപ്പിലാക്കിയിട്ടുണ്ട്. 2006-ൽ നടന്ന ഒരു സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഓർക്കുന്നുണ്ടാകും. ലങ്കയിലെ പ്രമുഖ സൂഫി ശൈഖ് ആയ അബ്ദുൽ പവിലിയാൻ മരിച്ചപ്പോൾ, അദ്ദേഹം പ്രവർത്തനം കേന്ദ്രീകരിച്ചിരുന്ന, കാട്ടാങ്കുടി ത്വരീഖത്തുൽ മുഫ്ലിഹീൻ പള്ളിക്ക് സമീപം ജനാസ അടക്കം ചെയ്യാൻ വിശ്വാസികൾ ശ്രമിച്ചപ്പോൾ കനത്ത പ്രതിഷേധവുമായി സലഫികൾ രംഗത്ത് വന്നു. അദ്ദേഹം ജീവിതകാലത്ത് അവിശ്വാസം പ്രചരിപ്പിച്ചുവെന്നും സൂഫിയായ അദ്ദേഹത്തിന്റെ ദർഗ അവിടെ ഉയർന്നുവരുമെന്നും അത് ഖുർആനിന് വിരുദ്ധമാണ് എന്നും പറഞ്ഞായിരുന്നു സലഫികൾ സംഘർഷം ഉണ്ടാക്കിയത്. ആ പ്രദേശം മൊത്തം ഒരു കലാപത്തിന്റെ രീതിയിലേക്ക് സലഫികൾ മാറ്റി. അനവധി ദിവസം ഹർത്താൽ നടന്നു. പരിസരത്തെ സുന്നി സൂഫി പള്ളികൾക്കു നേരെ ആക്രമണം ഉണ്ടായി. അബ്ദുൽ പവിലിയാന്റെ മൂന്നു അനുയായികളുടെ വീടുകൾക്കു തീവെച്ചു. രംഗം ശാന്തമായപ്പോൾ അക്രമികൾ അദ്ദേഹത്തിന്റെ ഖബറിടം തകർത്ത്​ ശരീരം നടുറോഡിൽ തള്ളി. പൊലീസ് കണ്ടെടുത്ത് വീണ്ടും നേരത്തെയുള്ള സ്ഥലത്ത് തന്നെ മറമാടുകയായിരുന്നു.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിമിനെതിരെ ശക്തമായി പ്രചാരണം നടത്തിയത് അവിടെയുള്ള സുന്നി- സൂഫി മുസ്​ലിംകളായിരുന്നു. കാട്ടാൻകുടിയിലെ സുന്നി മുസ്‌ലിംകൾ വ്യവഹരിക്കുന്ന സ്ഥലങ്ങളിൽ ഇയാൾ തീവ്രപ്രചാരണത്തിന് ശ്രമിച്ചപ്പോൾ അവരെല്ലാവരും ബഹിഷ്കരിക്കുകയായിരുന്നു. തുടർന്ന്, ഇയാൾ അനുയായികളെയും കൂട്ടി റാലികൾ നടത്തി. സുന്നി മുസ്​ലിംകൾ അധികമായി അധിവസിക്കുന്ന സ്ഥലങ്ങളിലേക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ ആ പ്രകടനം പോകുമ്പോൾ ലൗഡ് സ്പീക്കർ തിരിച്ചുവച്ച്​ തന്റെ വിഷലിപ്തമായ ആശയ പ്രചാരണത്തിന് ശ്രമിച്ചു. 2012 ൽ ഇയാൾ സ്വന്തമായി ഒരു പള്ളിയുണ്ടാക്കി. അപകടം മനസ്സിലാക്കിയ പ്രദേശത്തെ സൂഫി മുസ്‌ലിംകൾ ഇയാൾക്കെതിരെ പൊലീസിനെ സമീപിച്ചു, എന്നാൽ പൊലീസ് പരാതി കാര്യമാക്കിയില്ല. അതിന്​ കാരണമായി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന ആര്യബന്ധു മാധ്യമങ്ങളോടു പറഞ്ഞത്, മതമീമാംസ തർക്കങ്ങൾ എന്ന നിലയിലാണ് അതിനെ മനസ്സിലാക്കിയത് എന്നും ഗൗരവത്തിൽ എടുത്തില്ല എന്നുമാണ്. അഥവാ അപകടകരമായ സലഫി തീവ്രതയുടെ ആശാനായിരുന്നു സഹ്‌റാൻ ഹാഷിമെന്നും അത് സാമൂഹിക തലത്തിൽ വലിയ ആഘാതം ഉണ്ടാക്കുമെന്നും പൊലീസിന് മനസ്സിലാക്കാൻ പറ്റിയില്ല. കേരളത്തിൽ നിന്ന് ഐ.എസിലേക്ക്​ പലായനം നടന്നിട്ടും, സഹ്‌റാൻ ഹാഷിം നടത്തിയ പോലുള്ള വിഷപ്രസംഗങ്ങൾ നടന്നിട്ടും ഇപ്പോഴും സലഫിസത്തെ അതിന്റെ ഭിന്നഭാവങ്ങളെ പ്രശ്‌നകാരണമായി പലർക്കും മനസിലാവുന്നില്ല എന്നതാണ് അപകടകരം.

ജമാഅത്തെ ഇസ്​ലാമി പൊളിറ്റിക്സിന്റെ വേരുകൾ സലഫിസം വരുന്നതോടെ തന്നെ, 1940 കൾ മുതൽ കേരളത്തിലും ഉണ്ടാകുന്നുണ്ട്. പക്ഷെ, മുഖ്യധാരാ മുസ്‌ലിം സമൂഹം അവരെ നിരാകരിച്ചു. അവരുടെ ഡോക്​ട്രിൻസിനെ സൂക്ഷ്മമായി വിലയിരുത്തി, അവയെ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ദർശനങ്ങൾക്ക് വിരുദ്ധമാണ് എന്ന് ഫത്‌വകൾ നൽകി. അതുകൊണ്ട് തന്നെ, വലിയൊരു സമൂഹത്തെ അവർക്ക് ആകർഷിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ്, അക്ഷരങ്ങൾ വഴിയും മാധ്യമങ്ങൾ വഴിയും പേരുണ്ടാക്കാനും, അതിലൂടെ സമൂഹത്തെ ആകർഷിക്കാനും ഇവർ ശ്രമം നടത്തുന്നത്. നേരത്തെ സൂചിപ്പിച്ച, ഇസ്‌ലാമിന്റെ മൗലിക ദർശനങ്ങളെ നിരാകരിക്കുന്ന സലഫി ആശയത്തിന്റെ വിപുലീകരണത്തിൽ നിന്ന് മുളച്ചതാണ് അബുൽ അഅലാ മൗദൂദിയുടെ ജമാഅത്തെ ഇസ്​ലാമിയും.

സലഫിസത്തോടുള്ള പോപ്പുലർ പ്രതികരണങ്ങൾ

സലഫിസത്തെ വിശ്വാസികൾ നിരാകരിച്ചപ്പോഴും, മുസ്‌ലിം ലീഗ്​ പിന്തുണയോടെയാണ് ഇവിടെ അത് വേരുപിടിക്കുന്നത്.
കേരളീയ മുസ്​ലിംകളെ കുറിച്ചുള്ള പഠനങ്ങൾ നിരവധി പരിമിതികൾക്കകത്തുള്ളവയാണ്. മാപ്പിള മുസ്​ലിംകളെ പറ്റിയുള്ള ആദ്യത്തെ അക്കാദമിക പഠനം എന്നൊക്കെ റോളണ്ട് ഇ മില്ലറിന്റെ Mappila Muslims of Kerala: A Study in Islamic Trends എന്ന പുസ്തകത്തെ വിശേഷിപ്പിക്കാറുണ്ട്. ദീർഘകാലം മലബാറിൽ മാപ്പിള മുസ്​ലിംകളുടെ കൂടെ ജീവിച്ചതിലൂടെ ലഭിച്ച അനുഭവങ്ങളിലൂടെയും അന്വേഷങ്ങളിലൂടെയും രൂപപ്പെടുത്തിയ ആശയങ്ങളാണ് പുസ്തകത്തിലുള്ളത് എന്നാണ് പൊതുവെ അവകാശവാദങ്ങൾ. സത്യത്തിൽ മാപ്പിള മുസ്​ലിംകളുടെ ജൈവികതയെ സൂക്ഷ്മാർത്ഥത്തിൽ അടയാളപ്പെടുത്തുകയോ, പരാമർശിക്കുകയോ ചെയ്തിട്ടില്ല മില്ലർ.

മില്ലർ മാറ്റി നിറുത്തിയ മാപ്പിള മുസ്​ലിംകളിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസമനുസരിച്ചു ജീവിക്കുന്നവർക്കുണ്ടായിരുന്ന അറിവിന്റെ ഉൽപാദനത്തിനും വിതരണത്തിനും ഉള്ള ശേഷിയെ കുറിച്ച് മനസ്സിലാക്കാൻ കേരളത്തിലെ പരമ്പരാഗത മുസ്‌ലിംകളുടെ വൈജ്ഞാനിക കേന്ദ്രങ്ങളിലേക്ക് എത്തി നോക്കിയാൽ മതി. പൊന്നാനിയും തിരൂരങ്ങാടിയും ചാലിയവും സമാനമായ നൂറുകണക്കിന് മുസ്‌ലിം ദേശങ്ങളും കേന്ദ്രീകരിച്ച് നൂറ്റാണ്ടുകളായി നടന്നു വന്ന അറിവിന്റെ വിനിമയത്തിന്റെ ആഴം തിട്ടപ്പെടുത്താനാവാത്ത വിധം വിപുലമാണ്. അറബിയിലും അറബി മലയാളത്തിലുമായി കേരളീയ മുസ്‌ലിം പണ്ഡിതന്മാർ എഴുതിവെച്ച സർവതലസ്പർശിയായ അറിവുകൾ മനസ്സിലാക്കാനുള്ള അവബോധം പലർക്കുമുണ്ടായില്ല. പാരമ്പര്യ ജ്ഞാന വിനിമയങ്ങളെ മുഴുവൻ പിന്തിരിപ്പനാക്കി മുദ്രകുത്തിയ യൂറോ കേന്ദ്രീകൃത ചിന്തകളോ, ആ ചിന്തകളെ ഉപജീവിച്ച് രൂപപ്പെട്ട ഉൽപതിഷ്ണു പ്രസ്ഥാനങ്ങൾ അന്യായമായി സൃഷ്ടിച്ചെടുത്ത മേൽകോയ്മക്കുള്ള അംഗീകാരങ്ങളോ ഒക്കെയാണ് ഇപ്പോഴും മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എന്നത് വലിയ പരിമിതിയാണ്.

മുസ്‌ലിംകളിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ വൈജ്ഞാനികവും മതപരവുമായ സ്വത്വ മുദ്രകളെ ശിഥിലമാക്കാൻ ഉദ്യമിച്ചായിരുന്നു കേരളത്തിലെ സലഫികളുടെ പ്രവർത്തനങ്ങൾ

കേരളത്തിൽ യൂറോ കേന്ദ്രീകൃത ചിന്തകൾക്ക് സ്വാധീനം ലഭിക്കാൻ നിദാനമായ നിരവധി ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം സമുദായത്തിന്റെ പേരിൽ രാഷ്ട്രീയ പ്രസ്ഥാനം ആവിർഭവിച്ചതും വികസിച്ചതും ഈ ചിന്താധാരകളുടെ അരികുപറ്റിയായിരുന്നു എന്ന വസ്തുതയാണ്. മുസ്‌ലിം ലീഗിന്റെ പ്രാരംഭ പ്രമേയങ്ങളിലൊന്നായി വിശദീകരിക്കുന്നത്, യഥാർത്ഥ മതവിശ്വാസം മുസ്‌ലിംകൾക്കിടയിൽ പ്രചരിപ്പിക്കുക എന്നതാണ്. മതപരമായി കേരളീയ മുസ്‌ലിംകൾ സമ്പന്നമായി നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തരം ഒരു പ്രമേയവുമായി ലീഗ് രൂപപ്പെടുന്നത് എന്നത് എത്രത്തോളം ആ കാലഘട്ടത്തിലെ സലഫികളുടെ ആശയപരമായ താൽപര്യങ്ങളുമായി ആ പ്രസ്ഥാനം ഇണങ്ങിച്ചേർന്നിരുന്നു എന്നത് ബോധ്യപ്പെടുത്തുന്നുണ്ട്.

എക്കാലത്തും മുസ്‌ലിംകളിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ വൈജ്ഞാനികവും മതപരവുമായ സ്വത്വ മുദ്രകളെ ശിഥിലമാക്കാൻ ഉദ്യമിച്ചായിരുന്നു കേരളത്തിലെ സലഫികളുടെ പ്രവർത്തനങ്ങൾ. എണ്ണത്തിൽ അശേഷം പരിമിതമായിട്ടും പലയിടങ്ങളിലും സുന്നികളുടെ ഭൗതിക സ്വത്തുക്കൾ ഇവർ വരുതിയിലാക്കിയത് രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലായിരുന്നു. ഉദാഹരണത്തിന് കോഴിക്കോട്ടെ മുഹിയുദ്ദീൻ മസ്ജിദ്. ഈ പള്ളിയുടെ പേര് സൂചിപ്പിക്കുന്നത് മുഹിയുദ്ദീൻ ശൈഖുമായി കേരളത്തിലെ സുന്നി മുസ്‌ലിംകൾക്കുള്ള ആത്മബന്ധവും, ഖാളീ മുഹമ്മദിന്റെ മുഹിയുദ്ദീൻ മാല ആലാപനം ചെയ്ത് ആധ്യാത്മികമായി ഉയരാൻ തൽപരരായ മുസ്‌ലിംകളുടെ പശ്ചാത്തലവുമാണ്. ഈ പാരമ്പര്യത്തിൽ തുടർന്നു വന്ന സുന്നികളുടെ സമ്പൂർണ നിയന്ത്രണത്തിൽ നിർമിക്കപ്പെട്ട മുഹിയുദ്ദീൻ മസ്ജിദ് സലഫികളുടെ കീഴിലേക്ക് വന്നതിന്റെ പിന്നിൽ ലീഗിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ മേൽകോയ്മ നേടിയത് പ്രകടമായിരുന്നു.

കേരളത്തിലെ സുന്നി ഉലമാക്കൾ, സലഫിസം ആരംഭിച്ച ഘട്ടത്തിൽ തന്നെ ആ പ്രത്യയശാസ്ത്രത്തിന്റെ ഭീകരത മനസ്സിലാക്കിയിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് രൂപം കൊടുക്കുന്നത് ഇവരുടെ അപകടകരമായ ഇടപെടലുകളെ പ്രതിരോധിക്കാനായിരുന്നു. സമസ്തയുടെ ശക്തമായ മതപരമായ പ്രതിരോധപ്രവർത്തനങ്ങൾ തങ്ങളുടെ ആശയ പ്രചരണത്തിന് വിലങ്ങുതടിയാവുന്നു എന്ന് കണ്ടപ്പോഴാണ് ലീഗിന്റെ വേറെയൊരു പ്ലാറ്റ്‌ഫോമിലൂടെ സലഫിസത്തെ അവതരിപ്പിക്കാൻ അവർ ശ്രമിച്ചത്. കെ.എം. സീതിയുടെ ജീവചരിത്രം ഒരേസമയം കേരളത്തിലെ സലഫികളുടെയും മുസ്‌ലിം ലീഗിന്റെയും പരസ്പര പൂരകമായ ചരിത്രമാകുന്നത് അങ്ങനെയാണ്.

കേരളത്തിലെ ആദ്യ സലഫി ആശയക്കാരനെന്ന് പറയാവുന്ന വക്കം അബ്ദുൽ ഖാദർ മൗലവിയെ കേന്ദ്രീകരിച്ച് അവതരിപ്പിക്കപ്പെടുന്ന മുസ്‌ലിം നവോത്ഥാനം എന്ന സങ്കൽപ്പം സൂക്ഷ്മമായി എത്രമാത്രം പ്രശ്നങ്ങളുള്ളതാണ് എന്ന് തിരിച്ചറിയാൻ അദ്ദേഹമെഴുതിയ ഗ്രന്ഥങ്ങൾ മാത്രം പരിശോധിച്ചാൽ മതി. ഇബ്‌നു അബ്ദുൽ വഹാബിന്റെ ആശയങ്ങളും വ്യഖ്യാനങ്ങളും മതപരമായോ സാധുത നൽകി ന്യായീകരിക്കാൻ മാത്രം ഇദ്ദേഹം നൂറോളം പേജുകൾ എഴുതിയിട്ടുണ്ട്.

എം.എ. അബ്ദുൽ ഖാദിർ മുസ്‌ലിയാർ

കേരളത്തിലേക്കെത്തിയത് സലഫിസത്തിന്റെ സങ്കുചിതമായ മത വ്യാഖ്യാനങ്ങളായിരുന്നുവെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.1940 കളിൽ ജമാഅത്തെ ഇസ്‌ലാമി രൂപം കൊണ്ടപ്പോഴും സുന്നി പണ്ഡിതന്മാർ ശക്തമായി പ്രതിരോധിച്ചു. എം.എ. അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ പല ഗ്രന്ഥങ്ങളും ജമാഅത്തെ ഇസ്​ലാമിയെ തുറന്നുകാണിക്കുന്നവയാണ്.

ഇപ്പോൾ ജമാഅത്തെ ഇസ്​ലാമിയെ മുസ്‌ലിം ലീഗിന്റെ ഇടപെടലിന്റെ ഫലമായി യു.ഡി.എഫിലേക്കെത്തിക്കുമ്പോൾ, ശിഥിലമാകുന്നത് ലീഗിന്റെ മതേതര അടിത്തറയും, യു.ഡി.എഫിനെ പറ്റി നിലനിൽക്കുന്ന മതേതര കാഴ്ചച്ചപ്പാടുകളുമാണ്

ഇസ്​ലാമോഫോബിയയുടെ ആധുനികമായ പ്രചാരണങ്ങൾക്ക്​ നിമിത്തമായ ചില ഘടകങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. ഇപ്പോൾ ജമാഅത്തെ ഇസ്​ലാമിയെ മുസ്‌ലിം ലീഗിന്റെ ഇടപെടലിന്റെ ഫലമായി യു.ഡി.എഫിലേക്കെത്തിക്കുമ്പോൾ, ശിഥിലമാകുന്നത് ലീഗിന്റെ മതേതര അടിത്തറയും, യു.ഡി.എഫിനെ പറ്റി നിലനിൽക്കുന്ന മതേതര കാഴ്ചച്ചപ്പാടുകളുമാണ്. എല്ലാറ്റിനെയും ഇസ്​ലാമോ ഫോബിക് ആയി വായിക്കുന്ന, പ്രചാരണം നടത്തുന്ന ജമാഅത്തെ ഇസ്​ലാമി മാധ്യമങ്ങൾ വാസ്തവത്തിൽ കേരളത്തിൽ മുസ്‌ലിം വിരുദ്ധമായ ഒരു ബോധത്തിന്റെ വിപുലീകരണത്തിനാണ് ശ്രമിക്കുന്നത്. അതിനെ ചെറുക്കുക; തനിമയുള്ള കളങ്കമില്ലാത്ത കേരളത്തിലെ 90 ശതമാനം മുസ്​ലിംകളും പിൻപറ്റുന്ന ഇസ്‌ലാമിനെ കൂടുതൽ ദൃശ്യതയോടെ സമൂഹം മനസ്സിലാക്കട്ടെ.

സുന്നി മുസ്​ലിംകളുടെ ജാഗ്രത

തുടക്കത്തിൽ സൂചിപ്പിച്ച പോലെ, വിവിധ മത സമൂഹങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെ ന്യൂനീകരിക്കാനുള്ള ജമാഅത്തെ ഇസ്‌ലാമി ശ്രമത്തെ മുസ്‌ലിംകൾ തന്നെയാണ് ശക്തമായി തിരിച്ചറിയേണ്ടതും എതിർക്കേണ്ടതും. മുമ്പ് ആ എതിർപ്പ് ശക്തമായിരുന്നു. "തർക്കുൽ മുവലാത്' അഥവാ ബന്ധവിച്ഛേദനം എന്നൊരു സംജ്ഞയുണ്ട് ഇസ്‌ലാമിന്റെ ജ്ഞാന ശാസ്ത്രത്തിൽ. അതായത്, ഇസ്‌ലാമിന്റെ അകക്കാമ്പിനെ നിഷേധിച്ച്​ മതത്തിന്​ ശരിയല്ലാത്ത വ്യാഖ്യാനങ്ങൾ നൽകി സമൂഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്​ സലഫിയും ജമാഅത്തും; വിവാഹ ബന്ധവും ഇസ്‌ലാമിന്റെ പരസ്പര അഭിവാദനമായ സലാം പോലും നിഷിദ്ധമാക്കിയും. വാസ്തവത്തിൽ, കേരളത്തിൽ സലഫികൾ രാഷ്ട്രീയപരമായ മേധാവിത്വം നേടിയിട്ടും, ജമാഅത്തെ ഇസ്‌ലാമി ആസൂത്രിതമായി മാധ്യമ ദൃശ്യത കൈവരിച്ചിട്ടും അവരുടെ എണ്ണം ഏറെയൊന്നും കൂടാതിരുന്നത്, സുന്നി മുസ്‌ലിംകളും അവരുടെ ഉലമാക്കളും പുലർത്തിയ ജാഗ്രത കാരണമാണ്.

മുസ്‌ലിം ലീഗിന്റെ അധികാരത്തിന്റെ ബലത്തിൽ സലഫികളും, മാധ്യമ പ്രചാരണങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമിയും
ദൃശ്യത നേടുന്നത് അപകടകരമായിട്ടുണ്ട്. മലപ്പുറത്തെയോ കോഴിക്കോട്ടെയോ ഹിന്ദു സമൂഹം മുസ്‌ലിംകളെ മനസ്സിലാക്കുന്നത്, മുസ്‌ലിംകൾ അവരെ തിരിച്ചു മനസ്സിലാക്കുന്നത് ആഴമുള്ള വ്യക്തി ബന്ധങ്ങളിലൂടെയും അയൽ ബന്ധങ്ങളിലൂടെയുമാണ്. അത്തരം, സംസർഗ്ഗങ്ങളുടെ സംശുദ്ധിയെ ഒരു മാധ്യമ പ്രചാരണത്തിനും രാഷ്ട്രീയ പ്രചാരണത്തിനും പെട്ടെന്നൊന്നും തകർക്കാൻ ആകില്ല. എന്നാൽ, മുസ്‌ലിംകളുമായി അനുഭവങ്ങളില്ലാത്ത മറ്റൊരു മതത്തിലുള്ള ആൾ ഈ പ്രചാരണങ്ങളിൽ പെട്ടെന്നു വീണുപോകും. അതിനാൽ, ദൃശ്യതയിൽ കാണുന്ന മുസ്‌ലിമിന്റെ രൂപം, 90 ശതമാനം മുസ്‌ലിംകളെയും പ്രതിനിധാനം ചെയ്യുന്ന സൂഫി ഇസ്‌ലാമിന്റേതാകണം. അതിന്​, മനഃപൂർവമായ ശ്രമങ്ങൾ സുന്നി മുസ്‌ലിംകൾ നടത്തണം.

ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സംഘപരിവാറിന്റെ അജണ്ടയായ ഹിന്ദുത്വ ഏകീകരണത്തിനാണ് സഹായകമാകുക. കേരളത്തിൽ സംഘപരിവാറിന്റെ വളർച്ച ഫലപ്രദമായി തടയുന്നതിൽ ഇടതുപക്ഷത്തിനുള്ള, വിശേഷിച്ചും സി.പി.എമ്മിനുള്ള പങ്ക്​, രാഷ്ട്രീയം സൂക്ഷ്മമായി കാണുന്ന ആരെങ്കിലും നിഷേധിക്കും എന്ന്​ തോന്നുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ, സംഘപരിവാറിന്റെ ആളാക്കി അവതരിപ്പിക്കുന്ന എഡിറ്റോറിയൽ ലേഖനം കഴിഞ്ഞദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയെ യു.ഡി.എഫിൽ എത്തിക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം, മതേതരത്വത്തെ തന്നെ പതിയെ ശിഥിലമാക്കി, എല്ലാവരെയും അവരവരുടെ മതത്തിന്റെ ആളുകൾ മാത്രമാക്കി പരിമിതപ്പെടുത്തുക എന്നതുകൂടിയാണ്.

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ കേരളത്തിന്റെ വേറിട്ടുള്ള ഈ നിൽപ്പ് ഇടതുപക്ഷത്തിന് ആഴത്തിൽ രാഷ്ട്രീയവും സംഘടനാപരവുമായ വേരുള്ളത് കൊണ്ടാണ് എന്നാണ് തോന്നിയിട്ടുള്ളത്. അമിത്ഷായുടെ വരവോടെ സംഘടനാപരമായി ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കണമെങ്കിൽ ജനാധിപത്യ- മതേതര നിലപാട് അണികളിലേക്കും പൊതുവിടത്തിലേക്കും സംക്രമിപ്പിക്കാൻ സംഘടനാപരവും രാഷ്ട്രീയപരവുമായ അടിത്തറ വേണം. അതിപ്പോഴും, കേരളത്തിൽ സി.പി.എമ്മിനോളം മറ്റൊരു രാഷ്ട്രീയപാർട്ടിക്കുമില്ല.

കേരളം ഇന്നത്തെ കർണാടകയോ, മധ്യപ്രദേശോ ആവാൻ അധികം ദൂരമൊന്നും പോവേണ്ടതില്ലായിരുന്നു; സി.പി.എം ഇല്ലായിരുന്നുവെങ്കിൽ. കെ. സുധാകരൻ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്; കോൺഗ്രസിന് സംഘടനാപരമായ കെട്ടുറപ്പ്​ഇല്ലായിരുന്നു; പാരമ്പര്യത്തിന്റെയും ആദർശത്തിന്റെയും പേരിൽ വളർന്നു വന്ന പാർട്ടിയാണ് എന്ന്. എന്നാൽ, ഇന്ന് ഉപരിപ്ലവമായി ആദർശം പറഞ്ഞാൽ മാത്രം നിലനിൽക്കാൻ കെല്പുള്ള സ്ഥിതിയിലല്ല ഒരു പാർട്ടിയുടെയും അവസ്ഥ. ഇപ്പോൾ കേരളത്തിലെ കോൺഗ്രസിൽ കാണുന്നത്​ പരസ്പര വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളും, അധികാരം മാത്രം പ്രധാന താൽപര്യമാകുന്ന രാഷ്​ട്രീയവുമാണ്​.

കേരളത്തിന്റെ സാമൂഹിക സാചര്യത്തെ സൂക്ഷമതയോടെ ഇടതുപക്ഷവും മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ, ഇടത് സമം സംഘപരിവാർ എന്ന സമവാക്യം വങ്കത്തരമാണ്- തെറ്റാണ്

മതപരമായ ഐഡന്റിറ്റിയുടെ പേരിൽ മാത്രം രാഷ്ട്രീയ ശാക്തീകരണം നടത്തുന്ന ശക്തികൾക്ക് കൂടുതൽ പ്രാബല്യം ലഭിക്കാതിരിക്കാൻ ഇടതുപക്ഷം നിമിത്തമായിട്ടുണ്ട്. ഒരുപക്ഷെ, മുസ്‌ലിംകളുടെ പേരിൽ രാഷ്ട്രീയ ശാക്തീകരണം നടന്നത് കേരളം സംസ്ഥാനമായി രൂപപ്പെടും മുമ്പേയായിരുന്നു. അപ്പുറത്തും മതത്തിന്റെ പേരിലും താല്പര്യങ്ങളോടെയും രാഷ്ട്രീയമായ ഏകീകരണവും പ്രബലമായ പാർട്ടികളും രൂപപ്പെടുമായിരുന്നു, ഇടതുപക്ഷം ഇല്ലായിരുന്നുവെങ്കിൽ. എന്നാൽ, സംസ്ഥാനം രൂപപ്പെട്ടയുടൻ ഇടതുപക്ഷം ഇവിടെ അധികാരത്തിൽ വന്നു, പിന്നീടുള്ള കാലത്ത് വലതുപക്ഷ മാധ്യമങ്ങളുടെ ശക്തമായ ആക്രമണങ്ങൾക്ക് നടുവിലൂടെ, സാധാരണക്കാരായ മനുഷ്യരെ ചേർത്തുനിർത്തി നടത്തിയ പ്രവർത്തനങ്ങളിലൂടെ, ഇടതുപക്ഷം ശക്​മാകുകയും അടിത്തറ ഭദ്രമാക്കുകയുമായിരുന്നു. അതിനാൽ മതബന്ധിതമായ പാർട്ടികളുടെ സാധ്യതകൾ അടഞ്ഞുപോയി.

ഇടതു അജണ്ടകളിൽ വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ല എന്നല്ല പറഞ്ഞു വരുന്നത്. കേരളത്തിന്റെ സാമൂഹിക സാചര്യത്തെ സൂക്ഷമതയോടെ ഇടതുപക്ഷവും മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ, ഇടത് സമം സംഘപരിവാർ എന്ന സമവാക്യം വങ്കത്തരമാണ്- തെറ്റാണ്. കേരളത്തെ വിഭജിക്കാൻ ലക്ഷ്യമാക്കിയുള്ളതും ആണ്. പിണറായി വിജയൻ മുസ്‌ലിം ലീഗിനെ കുറിച്ച് ഒരു പ്രസ്താവന നടത്തുമ്പോഴേക്ക്, അദ്ദേഹത്തെ ഇസ്‌ലാമോഫോബിക് ആക്കുന്നവരുടെ അജണ്ട തുറന്നുകാണിക്കപ്പെടണം. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തെ ഇങ്ങനെ പരിധികൾ ഇല്ലാതെ സ്വീകരിച്ചാൽ, അത് യു.ഡി.എഫിന്റെ മതേതര സ്വഭാവത്തെ പതിയെ ശിഥിലമാക്കും എന്നവർ എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നല്ലതാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം

മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയ രാഷ്ട്രീയം കളിക്കുന്നു എന്ന രൂപത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ പറഞ്ഞു എന്ന്​ മീഡിയവൺ ഈയിടെ നൽകിയ വ്യാജ വാർത്ത ജമാഅത്തെ ഇസ്‌ലാമി കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. ഹിന്ദു- മുസ്‌ലിം എന്ന വിഭജനം രൂപപ്പെടുത്തി വർഗീയ ചിന്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമം. മുഖ്യമന്ത്രി ഇസ്‌ലാമോഫോബ് ആണ് എന്ന് കാന്തപുരത്തെ പോലുള്ള ഒരു മുസ്‌ലിം നേതാവ് പറഞ്ഞു എന്ന് വരുത്തി, മുസ്‌ലിംകൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും വേർത്തിരിവ് ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ, അത് വ്യാജ പ്രചാരണം ആണ് എന്നും, സോളിഡാരിറ്റിയുടെ മുദ്രാവാക്യം പോലെ വൈകാരികതയിലും, മുസ്‌ലിംകളെ തീവ്രതയിലേക്ക്​ കൊണ്ടുപോകുന്ന വിധത്തിലും അല്ല കാന്തപുരം സംസാരിക്കാറ് എന്നും അദ്ദേഹത്തിന്റെ ഓഫീസ് തന്നെ വ്യക്തമാക്കി. എന്നിട്ടും, വ്യാജ വാർത്ത പിൻവലിക്കാൻ മീഡിയ വൺ തയാറായിട്ടില്ല.

മാധ്യമം, മീഡിയ വൺ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമി നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകളെ കുറിച്ചുള്ള തെറ്റായ ചിത്രനിർമാണങ്ങളെപ്പറ്റി വളരെ സെക്കുലറായ, ആഴത്തിലുള്ള മതേതര ബോധമുള്ള പലരും പങ്കുവെച്ചിരുന്നു. ഇസ്‌ലാമോഫോബിയയെ കേന്ദ്രമാക്കി ഇവർ പടച്ചുവിടുന്ന പ്രചാരണങ്ങൾ പോലും, മുസ്‌ലിംകളും മറ്റിതര മതവിഭാഗങ്ങളും തമ്മിൽ വിള്ളലുകൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്​, അതിലൂടെ രൂപപ്പെടുന്ന അകലങ്ങളെ വീർപ്പിച്ച്​ അതിനിടയിൽ തങ്ങളുടെ വൈകല്യങ്ങളെ നിറക്കുക എന്ന ലക്ഷ്യത്തോടെയുള്ളതുമാണ്.

വംശീയതയുടെ വ്യത്യസ്ത ഭാവങ്ങളുമായി വരുന്നവരെ അരികിലേക്ക് മാറ്റി നിറുത്തണം. അവരുല്പാദിപ്പിക്കുന്ന വ്യാജവാർത്തകളെ നിരന്തരം അവിശ്വസിക്കണം. വിഭിന്നതകളെ സർഗാത്മകവും ആരോഗ്യകരവുമായ സംവാദങ്ങളിലൂടെ പരിഹരിക്കാൻ പറ്റണം. അങ്ങനെ, ജൈവികതയും പ്രസരിപ്പും ഉള്ള സമൂഹമെന്നെ നിലയിൽ, ഇന്ത്യയിൽ വ്യത്യസ്തമായി മലയാളികൾ നിൽക്കുന്ന ഈയവസ്ഥയെ, കൂടുതൽ പോഷിപ്പിച്ചു കൊണ്ടിരിക്കണം. നമുക്ക്​ അതിജീവിക്കണം, വേറിട്ടുകൊണ്ടല്ല; ആഴത്തിൽ ചേർന്നുനിന്നുകൊണ്ട്. ▮


എം ലുഖ്മാൻ

എഴുത്തുകാരൻ. മതം, സാഹിത്യം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിൽ എഴുതാറുണ്ട്.

Comments