ഡൽഹി ജുമാ മസ്ജിദിൽ നടന്ന ഇഫ്താർ സംഗമത്തിനിടെ / Photo : Ajmal Mk Manikoth

മുസ്​ലിം ഡൽഹി

വിദ്യാർഥിയും ഗവേഷകയുമായി 2005 മുതൽ 2017 വരെ ഡൽഹിയിൽ ജീവിച്ച അനുഭവങ്ങളെ ഓർത്തെടുത്താൽ, ഏറ്റവും ഹൃദ്യമായി മനസ്സിൽ നിൽക്കുന്ന ഒന്നും രണ്ടും ഇടങ്ങൾ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ തന്നെയാണ്.

രാജ്യത്തെമ്പാടും വർഗീയധ്രുവീകരണത്തിന്​ ശക്തിയേറുന്നു, ഹിന്ദുത്വശക്തികൾ സംഘടനകൾക്കും അംഗത്വങ്ങൾക്കും അപ്പുറം സാധാരണക്കാരുടെ ദൈനംദിന ചിന്തയുടെ- പ്രവൃത്തിയുടെ മണ്ഡലത്തിലേക്ക് കടന്നുകയറി സൗകര്യപ്രദമായി ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഫാസിസം എന്ന് സിദ്ധാന്തപരമായി തെറ്റുകൂടാതെ വിളിക്കാനുള്ള ചില അവസാന മാനദണ്ഡങ്ങൾ കൂടി ഇന്ത്യയിലെ ദേശീയ രാഷ്ട്രീയഘടന - ഭരണകൂട രാഷ്ട്രീയം കൈവരിച്ചിരിക്കുന്നു. രാമക്ഷേത്രം എന്ന വാഗ്ദത്തഭൂമി ഇവിടത്തെ ഹിന്ദുവിന് നൽകിക്കഴിഞ്ഞ ആത്മവിശ്വാസത്തിൽ രണ്ടാം എൻ.ഡി.എ. സർക്കാർ അത്രതന്നെ സിംബോളിക് അല്ലാത്ത, കൂടുതൽ ഋജുവായ വർഗീയ അജണ്ടകളിലേക്ക് കടന്നിരിക്കുന്നു.

ലോകം അഭിമുഖീകരിക്കുന്ന വർഗ- വംശ- ജാതി- ലിംഗാക്രമങ്ങൾ അഭിമുഖീകരിക്കുന്ന ചർച്ച നടക്കണം. കിട്ടുന്ന അവസരങ്ങൾ ഫലപ്രദമായി ഇതിനുപയോഗിക്കുക എന്നത് ഫാസിസ്റ്റ് കാലത്തെ സുപ്രധാന പ്രതിരോധതന്ത്രമാണ്.

വിഭജനകാലം മുതൽ സ്വതന്ത്ര ഇന്ത്യ കടന്നുപോയ അനേകം വർഗീയ കലാപങ്ങളിൽ നിന്നും അതിന്റെ രാഷ്ട്രീയമാനങ്ങളിൽ നിന്നും എന്താണ് ഈ പുതിയ വർഗീയ ഋതുവിന്റെ തുടർച്ചകളും വ്യത്യാസങ്ങളും എന്ന് ആലോചിക്കാൻ ഒരുമ്പെടുന്ന ചില എഴുത്തുകൾ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ കാലങ്ങളായി ഗവേഷണം നടത്തുന്ന പ്രഗത്ഭർ പലരും ഇത് സവിശേഷമായി തന്നെ നിരീക്ഷിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രമുഖ നിരീക്ഷകനും ഗവേഷകനുമായ പ്രതാപ് ഭാനു മെഹ്ത പറഞ്ഞത്, ‘ഈ പുതിയ ഹിന്ദുമതം (Hinduism), നീചമായ മുൻവിധികളെ പരക്കെ സ്വീകരിക്കുന്നതും ഭരണകൂടത്തെ ഭൂരിപക്ഷാധികാരവുമായി സമന്വയിപ്പിക്കുന്നതും അവകാശങ്ങളെ നിന്ദിക്കുന്നതും ഹിംസയെ വാഴ്ത്തുന്നതുമായിരിക്കുന്നു' എന്നാണ്.
രാഷ്ട്രീയചിന്തകനും ഗവേഷകനുമായ അശുതോഷ് വാർഷ്‌ണേയ് കഴിഞ്ഞ ദിവസം ഇന്ത്യൻ എക്​സ്​പ്രസിൽ എഴുതിയ നിരീക്ഷണം, ഘോഷയാത്രകൾ വർഗീയ അക്രമങ്ങൾക്ക് അക്ഷരാർഥത്തിൽ വഴിയും രീതിയും മാർഗവും ആകുന്നതിനെക്കുറിച്ചാണ്​.

പ്രതാപ് ഭാനു മെഹ്ത

ഇന്ത്യയിൽ പലയിടത്തും വർഗീയ ലഹളകൾ നടന്നത് രാമനവമി ആഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്രകളുടെ മറപിടിച്ചാണ്. ഇടത്തരക്കാരും താഴെത്തട്ടിലുള്ളവരുമായ മുസ്​ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മൊഹല്ലകളിലൂടെ (ഉത്തരേന്ത്യയിൽ താമസസ്ഥലങ്ങളെ കൂട്ടങ്ങളാക്കി തിരിക്കുന്ന ഒരു പേര്) പൊലീസ് പെർമിഷൻ പോലും ഇല്ലാത്ത ഘോഷയാത്രകൾ പള്ളികളുടെ മുന്നിൽ, റംസാനിലെ പ്രധാന നിസ്‌കാരങ്ങൾ നടക്കുന്ന നേരങ്ങളിൽ നടത്തുകയും, കടുത്ത മുസ്​ലിം വിരുദ്ധ മുദ്രാവാക്യങ്ങളും തെറികളും ഭീഷണികളും മുഴക്കുകയും, പള്ളിയിലേക്കും മുസ്​ലിങ്ങളുടെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും കല്ലുകളും വടികളും മറ്റും എറിഞ്ഞ്​ അക്രമം തുടങ്ങിവെക്കുകയും ചെയ്യുന്ന രീതി ഡൽഹിയിൽ മാത്രമല്ല, പല സംസ്ഥാനങ്ങളിലും ഒരേദിവസം തന്നെ അരങ്ങേറി. ഡൽഹിയിലെ ജഹാംഗീർപുരി, രാജസ്ഥാനിലെ കരോളി എന്നിവിടങ്ങളിലും ജാർഖണ്ഡിലും പശ്ചിമബംഗാളിലും മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും കർണാടകയിലും അടക്കം അനേകം വർഗീയാതിക്രമങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടായി.

2016 മുതൽ 2020 വരെ രാജ്യത്ത് 3400 ഓളം കലാപങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന കണക്ക്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മാർച്ച് അവസാനം പാർലമെന്റിൽ പങ്കുവെച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരമാണ് റായ് ഇത് പറഞ്ഞത്. ഇതേ കാലയളവിൽ രാജ്യത്ത് 2.76 ലക്ഷം ലഹളാനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത്തരത്തിൽ ലഹളകൾ തുടർന്നാൽ അത് വൻതോതിലുള്ള വംശീയ കൂട്ടക്കൊലകൾക്ക് വഴിവെക്കുമെന്ന്​ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഈ പരിചയപ്പെടലുകളിൽ ഏറ്റവും ഹൃദ്യമായി മനസ്സിൽ നിൽക്കുന്ന ഒന്നും രണ്ടും ഇടങ്ങൾ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ തന്നെയാണ്.

ചില ഡൽഹി ഓർമകൾ

ഇത്തരം ഒരു ഘട്ടത്തിൽ വിദ്യാർഥിയും ഗവേഷകയുമായി 2005 മുതൽ 2017 വരെ ഡൽഹിയിൽ ജീവിച്ച അനുഭവങ്ങളെ എങ്ങനെ ഓർത്തെടുക്കാനാവും, ഒരു പൊളിറ്റിക്കൽ സയൻസ് അധ്യാപിക എന്ന നിലയിൽ എങ്ങനെ ഇതിനെ മനസ്സിലാക്കാനാകും എന്നൊക്കെയാണ് ചിന്തിക്കുന്നത്. ഡൽഹിയെക്കുറിച്ച് മാത്രമായി ചിന്തിക്കാൻ താരതമ്യേന എളുപ്പമാണ്, മറ്റെല്ലാ ഇടങ്ങളിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക പശ്ചാത്തലമാണ് അവിടെ ഉള്ളത്. വിഭജനകാലം, ആ കുടിയേറ്റം, ആഴത്തിൽ കുറിച്ചിട്ട അതിരുകളാണ് ആ നഗരത്തിലുള്ളത്. പിന്നീട് സിഖ് കലാപവും ഇവിടത്തെ ഇടങ്ങളെ/സ്ഥല രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് ആം ആദ്മി പാർട്ടിയുടെ ശാക്തീകരണമാണ് ഡൽഹിയെ കാര്യമായി സ്വാധീനിച്ച രാഷ്ട്രീയമാറ്റം. ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേതുപോലെ, ജാതീയവും, മതപരവും, വർഗപരവും ഭാഷാപരവും ഒക്കെയായ ഭൂമിശാസ്ത്രം തന്നെയാണ് ഇവിടത്തേത്.

ലാജ്പഥ് നഗറിൽ നിന്ന് / Photo : Wikimedia Commons

ഞാൻ പ്രധാനമായി താമസിച്ച ഇടങ്ങളെല്ലാം തെക്കൻ ഡൽഹിയിലെ താരതമ്യേന സമ്പന്നമായവയാണ്. ലാജ്പഥ് നഗർ ആദ്യകാല വിഭജനാനന്തര കോളനികളിൽ ഒന്നാണ്. വളരെ ചെലവേറിയ നഗരഭാഗമായിരുന്നു ഇത്. പിന്നീട് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഹോസ്റ്റലുകളിലും ഡൽഹിയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന മയൂർ വിഹാറിലും താമസിച്ചു. ഇതെല്ലാം താരതമ്യേന സൗകര്യപ്രദമായ ഇടങ്ങൾ തന്നെയായിരുന്നു. എന്നാൽ നാട്ടിൽ നിന്ന്​അകലെ, വൻ നഗരത്തിൽ അജ്ഞാത- സ്വതന്ത്രജീവിതം ആസ്വദിക്കാൻ തുനിഞ്ഞിറങ്ങിയതിനാൽ ഡൽഹിയിലെ ഒട്ടുമിക്ക ഇടങ്ങളിലും പലവട്ടം പല ആവശ്യങ്ങൾക്കായി പോകാനും ഭാഷ സ്വായത്തമാക്കാനും അതുവഴി ആളുകളെ അടുത്തറിയാനും സാധിച്ചു. രാഷ്ട്രീയപ്രവർത്തനങ്ങളും ഇതിനു സഹായകമായി. ഈ പരിചയപ്പെടലുകളിൽ ഏറ്റവും ഹൃദ്യമായി മനസ്സിൽ നിൽക്കുന്ന ഒന്നും രണ്ടും ഇടങ്ങൾ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ തന്നെയാണ്. ഈ സ്വകാര്യ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു വിദ്യാർഥി /ഗവേഷക എന്ന നിലയിൽ തോന്നുന്ന ചില ചിതറിയ ചിന്തകൾ പങ്കുവെക്കുകയാണ്​.

2020ൽ ഡൽഹിയിൽ നടന്ന കലാപത്തിന് ശേഷമുള്ള തെരുവിലെ ഒരു ദൃശ്യം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ സംഘപരിവാർ പ്രവർത്തകർ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു.

ഏകദേശം ഒരുവർഷം മുൻപ് വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ അതിക്രമങ്ങൾ പ്രാദേശികാവസ്ഥകളെ മുതലെടുത്ത ഒരു വ്യവസ്ഥാപിത ശ്രമത്തിന്റെ ഭാഗമായിത്തന്നെ വേണം കാണാൻ. ഇന്ന് കാണുന്ന രീതിയിലുള്ള വർഗീയസംഘർഷങ്ങൾ പുതിയ പ്രതിഭാസം എന്ന നിലയിൽ തന്നെ പഠിക്കേണ്ടതുണ്ട് എന്ന് പ്രമുഖർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് മുൻപും പിൻപും ഉണ്ടായ മത- അധികാര ധ്രുവീകരണം ഏറെ വ്യത്യസ്തതകളുള്ളതാണ്. കൊളോണിയൽ കാലത്തിനുമുൻപുള്ള സാമുദായിക ബന്ധങ്ങൾ പ്രശ്‌നരഹിതമായിരുന്നു എന്നല്ല. മറിച്ച്, ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും തമ്മിലും ഷിയാ- സുന്നി വിഭാഗങ്ങൾക്കിടയിലും ഓരോ സമുദായത്തിന്റെയും ഉള്ളിലുള്ള അവാന്തര വിഭാഗങ്ങൾ തമ്മിലും എല്ലാം മതപരമായ പലതരം സംഘർഷങ്ങൾ നിലനിന്നിരുന്നു. അതേസമയം, പൊതുജനങ്ങൾക്കിടയിൽ ഹിന്ദു-മുസ്​ലിം സ്വത്വങ്ങൾ മാറിമാറി പുൽകുന്നതും രാജാക്കന്മാർ തങ്ങളുടേതല്ലാത്ത മതസ്ഥാപനങ്ങളെയും അതിലെ ദിവ്യന്മാരെയും പരിഗണിക്കുന്നതും, അവർക്ക് സഹകരണം നൽകുന്നതുമെല്ലാം സ്വാഭാവിക കാര്യങ്ങളായിരുന്നു എന്നതാണ് സത്യം. ഇതൊന്നും വർഗീയതയുടെ ആധുനിക അർഥത്തിനുള്ളിൽ ഒതുക്കാൻ ആകില്ലെന്നാണ് പ്രഥമാ ബാനർജിയെപ്പോലെയുള്ള പണ്ഡിതരുടെ അഭിപ്രായം.

2004-നു ശേഷമുള്ള കാലഘട്ടത്തിൽ കേരളത്തിൽ നിന്ന്​ ഡൽഹിയിൽ പോയി പഠിക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായി എന്നുമാത്രമല്ല, മലബാറിൽ നിന്നുള്ള മാപ്പിള യുവാക്കളും യുവതികളും കൂടുതലായി ഇങ്ങോട്ടെത്തി എന്നതും പ്രസക്തമാണ്.

മുസ്​ലിം രാജാക്കന്മാർ മാറിമാറി ഭരിച്ച മധ്യകാല ഡൽഹി, ഈ ഉപഭൂഖണ്ഡത്തിന്റെ സങ്കര സംസ്‌കാരത്തിന് നൽകിയ രൂപരേഖ ഏറെ പ്രധാനപ്പെട്ടതാണ്. പുരാനി ദില്ലി (പഴയ ദില്ലി) എന്നറിയപ്പെടുന്ന ജുമാ മസ്ജിദും, ചെങ്കോട്ടയും സ്ഥിതിചെയ്യുന്ന, വളരെ സവിശേഷമായ സാംസ്‌കാരിക- സാമൂഹ്യ ചിഹ്നങ്ങൾ ഇപ്പോഴും പേറുന്ന ഇടം, സൂഫി സംസ്‌കാരത്തിന്റെയും മുഗൾ ഭക്ഷണത്തിന്റെയും ഹിന്ദുസ്ഥാനി ഭാഷയിൽ എഴുതിയ/പാടിയ മിർസാ ഗാലിബ് അടക്കമുള്ള വലിയ കലാകാരന്മാരുടെയും പേർഷ്യൻ- അറബിക് മാതൃകയിലുള്ള മനോഹര വാസ്തുകലയുടെയും മാത്രമല്ല, നിത്യജീവിതത്തിൽ ഏറ്റവും സുന്ദരമായ ഭാഷകളിൽ ഒന്ന് സംസാരിക്കുന്ന, പാരസ്പര്യത്തോടെ ജീവിക്കുന്ന, ആർക്കും എപ്പോഴും (നോമ്പ് കാലത്തു മാത്രമല്ല) സൗജന്യമായി ഭക്ഷണം കിട്ടുന്ന, സാധാരണക്കാരുടെ പേരിലും കൂടിയാണ് ഖ്യാതി നേടിയിട്ടുള്ളത്. രുചികരമായ മാംസവിഭവങ്ങൾ കുറഞ്ഞ ചെലവിൽ കഴിക്കാൻ വിദ്യാർഥികളായ ഞങ്ങൾക്ക്​പ്രധാന ആശ്രയം അത്യധികം തിരക്കുപിടിച്ച ഈ തെരുവുകൾ തന്നെയായിരുന്നു.

ഖ്വാജാ നിസാമുദ്ദീൻ ഔലിയയുടെ ഖബറിടം / Photo : Hazrat Nizamuddin Auliya, fb page

2004-നു ശേഷമുള്ള കാലഘട്ടത്തിൽ കേരളത്തിൽ നിന്ന്​ ഡൽഹിയിൽ പോയി പഠിക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായി എന്നുമാത്രമല്ല, മലബാറിൽ നിന്നുള്ള മാപ്പിള യുവാക്കളും യുവതികളും കൂടുതലായി ഇങ്ങോട്ടെത്തി എന്നതും പ്രസക്തമാണ്. ഉപരിപഠനത്തിന്, പ്രത്യേകിച്ച് ഐ.ഐ.ടി. എൻട്രൻസിനു വേണ്ടിയുള്ള തയ്യാറെടുപ്പിനും, ഡൽഹി സർവകലാശാലയിലെ ബിരുദ കോഴ്സുകൾക്കുമായി അനവധി വിദ്യാർഥികൾ മലബാറിൽ നിന്ന്​ അക്കാലത്ത് ഡൽഹിയിൽ വന്നത് പ്രാദേശികമായി നടന്ന വിദ്യാഭ്യാസപരമായ പല ഇടപെടലുകൾ മൂലമാണ്. ജമാ അത്തെ ഇസ്​ലാമി അടക്കമുള്ള സംഘടനകളുടെ പ്രോത്സാഹനം ലഭിച്ച് ഇത്തരത്തിൽ വിദ്യാഭ്യാസം നേടി ലോകത്തിന്റെ പലഭാഗത്തും ജോലിചെയ്ത് ജീവിക്കുന്ന ഒട്ടനേകം കൂട്ടുകാർ എനിക്കുണ്ട്. ഈ കൂട്ടുകാരുടെ കൂടെയാണ് മേൽപ്പറഞ്ഞ ‘പുരാനി ദില്ലി’ സന്ദർശിക്കാൻ ഏറെയും പോയിരുന്നത്. മതപരമായ സാമ്യമുണ്ടെങ്കിൽ പോലും അവരും ആ സംസ്‌കാരത്തിനുമുന്നിൽ എന്നെപ്പോലെ അത്ഭുതാദരവോടെ നിൽക്കുന്നതാണ് കണ്ടത്. ഇത്ര ചെറിയ തെരുവുകളിൽ, ഇത്ര വൃത്തിഹീനമായ വഴികളിൽ, കുടുസ്സുമുറികളിലും മുറികൾ പോലുമല്ലാത്ത തട്ടിൻപുറങ്ങളിലും ഇത്രയും സാഹോദര്യവും സ്‌നേഹവും എങ്ങനെ പുലരുന്നു എന്നത് ഇന്നും എന്നെ വിസ്മയിപ്പിക്കുന്നു. ഭക്ഷണം വിൽക്കുന്നവരായല്ല, അതിഥികളെ സൽക്കരിക്കുന്നവരായാണ് എനിക്കാ മുഖങ്ങൾ ഓർത്തെടുക്കാനാവുക. ഇത്തരം കാല്പനികവത്കരണം എത്ര വേണ്ടെന്നുവച്ചാലും പൂർണമായി ഒഴിവാക്കാൻ പറ്റാത്ത ചുരുക്കം ഇടങ്ങളിലൊന്നാണ് ഡൽഹിയിലെ ഈ ഓർമകൾ.

13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫിവര്യൻ ഖ്വാജാ നിസാമുദ്ദീൻ ഔലിയയുടെ ഖബറിടമായ ദർഗ കേന്ദ്രീകരിച്ച് സാധാരണക്കാർ ജീവിക്കുന്ന, ഹുമയൂണിന്റെ ശവകുടീരം പോലെ പ്രശസ്തവും മനോഹരവുമായ സ്മാരകങ്ങളുള്ള ഡൽഹിയിലെ മറ്റൊരു പ്രദേശമാണ് നിസാമുദ്ദീൻ. ഇന്ത്യയിലെമ്പാടുനിന്നുമുള്ള സൂഫി-ഹിന്ദുസ്ഥാനി സംഗീതജ്ഞർ നേർച്ചയായി തങ്ങളുടെ കല അർപ്പിക്കുന്നിടമാണ് ഈ ദർഗ. അതോടൊപ്പം, ദർഗയിൽ പ്രാർഥിക്കാനും പട്ടും പൂവും നേർച്ചയിടാനുമായി എല്ലാ ജാതിമതസ്ഥരും ഇവിടെ വന്നുപോകുന്നു. ഈ തിരക്കിൽ പാട്ടും മിതമായ വിലയിൽ ലഭിക്കുന്ന രുചിയുള്ള ഭക്ഷണവും ആസ്വദിച്ചലഞ്ഞതും കോർ മെമ്മറി തന്നെയാണ്!

ജാമിയ മിലിയ ഇസ്​ലാമിയ ക്യാംപസ് / Photo : Jamia News, fb page

കൂടാതെ, രാജ്യത്തെ പ്രധാന സർവകലാശാലകളായ ജാമിയ മിലിയ ഇസ്​ലാമിയ, ജാമിയ ഹംദർദ് എന്നിവയുടെ പരിസരങ്ങളിലും ഇത്തരം സാമുദായിക-സാംസ്‌കാരിക പശ്ചാത്തലം കാണാനാവും. കഴിഞ്ഞവർഷം പൗരത്വ ബില്ലിനെതിരെ സമരം ചെയ്തിരുന്ന ജനങ്ങൾക്കിടയിലേക്ക് അക്രമവുമായി വന്ന്​ 53 പേരുടെ കൊലയ്ക്കിടയാക്കിയ വർഗീയ ലഹള നടന്നത് വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫറാബാദ് മേഖലയിലായിരുന്നു. ഈയിടെ വർഗീയാതിക്രമം നടന്ന ജഹാംഗീർപുരി വടക്കൻ ഡൽഹിയിലാണ്. ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസ് എന്നറിയപ്പെടുന്ന പ്രധാന കാമ്പസ് ഇവിടെ നിന്ന്​ അധികം ദൂരത്തല്ല. ഡൽഹിയുടെ മധ്യഭാഗത്തുനിന്ന്​ വടക്കുകിഴക്കൻ ഭാഗത്തേക്ക് നീങ്ങുന്ന വഴിയിലാണ് പുരാനി ദില്ലി. തെക്കുകിഴക്കായി നിസാമുദ്ദീൻ. സാംസ്‌കാരികമായി പേരുകേട്ട ഈ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി താരതമ്യേന പുതിയ സെറ്റിൽമെന്റുകളാണ് ജാഫറാബാദിലും ജഹാംഗീർപുരിയിലുമുള്ളത്. ഈ രണ്ടിടങ്ങളും മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളാണെങ്കിലും പഴയ സ്മാരകങ്ങളോ പ്രശസ്ത ഭക്ഷണാലയങ്ങളോ ഒന്നുമില്ല പുറമെനിന്നുള്ളവരെ ആകർഷിക്കുന്നവയായി. ഇവിടങ്ങളിൽ നടന്ന ലഹളകളിൽ അറസ്‌റ്റ് ചെയ്യപ്പെട്ടത് ഏറെയും മുസ്​ലിങ്ങൾ തന്നെയാണ് എന്നത് ഇന്നൊരത്ഭുതമല്ലല്ലോ.

ഇന്ത്യയുടെ പലഭാഗത്തുനിന്നും വന്ന്​ ഡൽഹിയിൽ താമസിക്കുന്ന വിദ്യാർഥികളുടെ കൂടെയാണ് എന്റെ മനസ്സും പ്രാർഥനയും, പ്രത്യേകിച്ച് മുസ്​ലിം വിദ്യാർഥികൾ.

വിഭജിക്കപ്പെട്ട ക്ലാസ്​ മുറികൾ

2016 മുതൽ കൃത്യമായി ജെ.എൻ.യു.വിനെതിരായി നടത്തിയ നിയമപരവും നിയമേതരവുമായ പ്രവർത്തനങ്ങൾ ഈയവസരത്തിൽ ചേർത്തുവായിക്കാം. തീവ്ര വർഗീയ വലതുപക്ഷ രാഷ്ട്രീയത്തിന് ബദലായി, ആശയവൈവിധ്യം ജ്ഞാനരൂപീകരണത്തിന് അനിവാര്യമാണ് എന്നുവാദിക്കുന്ന ഒരിടമായി അത് തുടരുന്നു എന്നതിനാലായിരുന്നു ഈ ആക്രമണം. അക്കാലത്ത്​ കാമ്പസിന് പുറത്തുള്ള പൊതുജനം വിദ്യാർഥികളെ ഒറ്റപ്പെടുത്തുന്നതും അവകാശങ്ങൾ നിഷേധിക്കുന്നതും നേരിൽ അനുഭവിച്ചതാണ്. ഓട്ടോക്കാർ അങ്ങോട്ട് ഓടില്ല എന്നു പറയുന്നതുമുതൽ ദൈനംദിനജീവിതത്തെ ബാധിച്ച നിരവധി അവസരങ്ങൾ അക്കാലത്തുണ്ടായി. ക്രിമിനലുകളും ദേശദ്രോഹികളുമായി മുദ്രകുത്തപ്പെട്ടത് ഒരു സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികളുമായിരുന്നു. സാമ്പത്തിക കാരണങ്ങൾ (മുതലെടുക്കാനുതകുന്ന) നിരത്തി ഈ ലഹളകളെ ഒരു പ്രത്യേക രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമം ഒരു ഭാഗത്തുള്ളപ്പോൾ തന്നെ, ഫാസിസം ചരിത്രപരമായ അതിന്റെ ലക്ഷണങ്ങളെല്ലാം ഈ സംഭവങ്ങളിലൂടെ ഏതാണ്ട് വെളിപ്പെടുത്തിയിരിക്കുന്നു എന്നും നിരീക്ഷകർ മനസ്സിലാക്കുന്നു.

Photo : SFI JNU Unit, fb page

ഇന്ത്യയുടെ പലഭാഗത്തുനിന്നും വന്ന്​ ഡൽഹിയിൽ താമസിക്കുന്ന വിദ്യാർഥികളുടെ കൂടെയാണ് എന്റെ മനസ്സും പ്രാർഥനയും, പ്രത്യേകിച്ച് മുസ്​ലിം വിദ്യാർഥികൾ. കാലങ്ങളായി കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾ അനുഭവിച്ചിട്ടുള്ള, അനുഭവിക്കുന്ന പ്രശ്‌നങ്ങൾ എത്രയോ വിപുലമായിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബേബാക് (നിർഭയം) കളക്ടീവ്, അടുത്തിടെ ഇറക്കിയ പത്രക്കുറിപ്പിൽ ഈ ഭീതിയെ ഇങ്ങനെ സംഗ്രഹിക്കുന്നു: ‘എല്ലാ തരത്തിലുമുള്ള മത- സമുദായ സഹവർത്തിത്വത്തെ കുറിക്കുന്ന ദൃശ്യമായ ചിഹ്നങ്ങളും പ്രയോഗങ്ങളും മായ്ച്ചുകളയാനും അവയെ ആക്രമിക്കാനും രൂപാന്തരപ്പെടുത്തുവാനും വലിയതോതിൽ സംഘടിതമായി നടത്തുന്ന സമകാലികശ്രമങ്ങൾക്കുള്ളിൽ വച്ചുകൊണ്ട് ഈ അക്രമങ്ങളെ നോക്കിക്കാണണം'.

കർണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് നിരോധനം ഞാൻ പഠിപ്പിക്കുന്ന, വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളിലുണ്ടാക്കിയ അസ്വസ്ഥതയും ക്ലാസ്​ മുറിയിലെ വിഭജനവും ഭീതിയും മതപരവും, ആശയപരവുമായ പ്രതിസന്ധികളും അടുത്തുകാണാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരം ഓരോ അക്രമങ്ങളും അതിലുപരി, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ജുഡീഷ്യറിയിൽ നിന്നും ഈ അക്രമങ്ങൾക്കു ലഭിക്കുന്ന പരസ്യവും പ്രകടവുമായ പിന്തുണയും ഞങ്ങളുടെ ക്ലാസ്റൂമിനെ മുമ്പില്ലാത്തവിധം സംഘർഷഭരിതമാക്കുന്നുണ്ട്. ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും അക്കാദമിക കാര്യങ്ങളിലും പൊതു-സ്വകാര്യ ജീവിതത്തിലും സംഘിവത്കരണം ഏറിയ ഈ കാലത്ത് ക്ലാസ്റൂമുകളും കാമ്പസ് ഹോസ്റ്റലുകളും ഒന്നുംതന്നെ അസ്വസ്ഥരും ഭയന്നവരുമായ ഈ വിദ്യാർഥികൾക്ക് സുരക്ഷിത ഇടങ്ങളാവില്ലെന്ന് എനിക്കുറപ്പാണ്. സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ തുനിഞ്ഞ്​ ദൂരദേശങ്ങളിലെത്തുന്ന കുട്ടികളെ കൂടുതൽ സംഘർഷഭരിതമായ ദിനങ്ങളാണ് കാത്തിരിക്കുന്നത്​.

സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ തുനിഞ്ഞ്​ ദൂരദേശങ്ങളിലെത്തുന്ന കുട്ടികളെ കൂടുതൽ സംഘർഷഭരിതമായ ദിനങ്ങളാണ് കാത്തിരിക്കുന്നത്​. / Photo : Jamia News, fb page

സംഘടിതമായ വർഗീയനീക്കങ്ങൾ ചെറുക്കാൻ വിശാലമായ ഒരു ഐക്യം താഴെത്തട്ടുമുതൽ ഉണ്ടാവേണ്ടത് അനിവാര്യമാണല്ലോ, പ്രത്യേകിച്ച് പ്രതിപക്ഷം ഏറെക്കുറെ നിഷ്​പ്രഭമായി മാറിക്കഴിഞ്ഞ നിലയ്ക്ക്. ഏതെങ്കിലും പ്രാദേശിക കക്ഷിക്കോ, സമുദായ സംഘടനകൾക്കോ, ചെറുത്തുതോല്പിക്കാവുന്ന അവസ്ഥയല്ല ഉത്തരേന്ത്യ മുഴുക്കെ ഇപ്പോഴുള്ളത്​. അതിന്​ ശക്തിയും വ്യാപ്തിയുമുള്ള കക്ഷികൾ ആരും തന്നെയില്ലെന്നുപറയാം. എന്നാൽ ഹിന്ദു വേഴ്സസ് മുസ്​ലിം എന്ന നിലയ്ക്ക് ഇപ്പോൾ സംഘപരിവാർ പ്രദർശിപ്പിക്കുന്ന, ചരിത്രത്തിനു നിരക്കാത്ത, ബ്രിട്ടീഷുകാരുടെ പാത പിൻപറ്റി, കൃത്രിമങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഈ രാഷ്ട്രീയ സമവാക്യം, പൊള്ളയാണെന്ന് കാണിക്കാൻ, പൊതുജനത്തിന്​ ആന്തരവത്കരിക്കാൻ പാകത്തിന് ഈ നാടിന്റെ വൈവിധ്യം ഉയർത്തിക്കാട്ടേണ്ടതുണ്ട്. ബ്രിട്ടീഷ് ചരിത്രകാരന്മാരും പിന്നീടുവന്ന ദേശീയ ചരിത്രകാരന്മാരും വരച്ച മത- സമുദായ സ്പർധകളുടെ ചിത്രത്തിനുപകരം, അത്യധികം സമ്പന്നമായ, ഒരർഥത്തിലും ഇഴപിരിക്കാൻ കഴിയാത്ത ഒരു സങ്കര സംസ്‌കാരം അടിത്തട്ടിൽ മുഴുവനും മരിക്കാതെ കിടക്കുന്നത് പുറത്തെടുത്ത്​പുതുജീവൻ നൽകാൻ കൂടുതൽ ശ്രമങ്ങളുണ്ടാവണം. അതിലൂന്നിയ ദേശീയതയെ എത്ര പഴകിയതെന്നു തോന്നിയാലും പൊടി തട്ടിയെടുത്ത്​ ഗഹനമായ ചിന്തയിലൂടെ ഇന്നത്തെ സമൂഹത്തിനുതകുന്ന ഒന്നാക്കി മാറ്റാനും ശ്രമിക്കണം.
ഇരകളും, അന്യരും, സോഫ്റ്റ് ടാർഗറ്റുകളുമായി മാറുന്ന മുസ്​ലിം സ്വത്വത്തെ അതിന്റെ ആഴത്തിൽ, ഇവിടെ വേരിറങ്ങിയ സങ്കരസത്തയെ അഭിമാനത്തോടെ മുന്നോട്ടുവയ്ക്കാനും ആകണം. ശാരീരിക അക്രമത്തിനിരയാവുന്നതുപോലെ തന്നെ അപകടകരവും ചിലപ്പോഴെങ്കിലും കൂടുതൽ ദീർഘകാല ഫലങ്ങൾ ഉണ്ടാക്കുന്നവയുമാണ് ബൗദ്ധികമായും അക്കാദമികമായും ചിന്തയുടെ/ സർഗാത്മകതയുടെ എല്ലാ തലങ്ങളിലും ഭീതിയുണ്ടാക്കുന്ന അടച്ചിടലുകളും, അരുതായ്മകളും, പരിമിതികളും. ചിന്തിക്കാൻ പേടിക്കുന്ന ഒരു തലമുറ ഉണ്ടാകാതെ നോക്കുക എന്നത് ഏറ്റവും പ്രധാനമാണ്. എന്നാൽ ജീവൻ തന്നെ നിലനിൽക്കുന്നത് ചിന്തയെ ഭൂരിപക്ഷ -വർഗീയ സാംസ്‌കാരിക-ദേശീയതാവാദത്തിനനുസൃതമായി തളയ്ക്കുമ്പോഴാണ് എന്നുവന്നാൽ?

റീഡ് ഫോർ റവല്യൂഷൻ എന്ന ആശയവുമായി ജാമിയയിലെ നടപ്പാതയിൽ പൊതുജനങ്ങൾക്കു വായിക്കാനായി പുസ്തകങ്ങൾ നിരത്തി പ്രതീകാത്മകമായി നടത്തിയ സമരം

ഫാസിസത്തിനുവേണം ഒരു പ്രതിപക്ഷം

ഫാസിസം ഏതറ്റം വരെ ഇന്ത്യയിൽ പോകുമെന്നും നമ്മുടെ ആഴത്തിലുള്ള ജാതി-സമുദായ വൈവിധ്യങ്ങൾ ഏതുവരെ പൂർണമായൊരു പതനത്തെ ചെറുക്കുമെന്നും പറയാനാവുന്നില്ല, ഇപ്പോൾ. എന്നാൽ ചരിത്രത്തിൽ നിന്ന്​ നമുക്ക് പഠിക്കാൻ പറ്റുന്നത്, പിൽക്കാലത്ത്​ തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും പ്രധാനമായി ബാക്കി നിൽക്കുക, ഈ കാലഘട്ടത്തെ, അതുവഴി മനുഷ്യനെ, സമൂഹത്തെ, രാഷ്ട്രീയത്തെ, സംസ്‌കാരത്തെ, കലയെ ഒക്കെ പഠിക്കാൻ, വിദ്യാർഥികളും ഗവേഷകരും നടത്തുന്ന ശ്രമങ്ങളാകും. നാസി ജർമനിയും ഫാസിസ്റ്റ്​ ഇറ്റലിയും ഒക്കെ നമ്മെ ഓർമിപ്പിക്കുന്നത് ഈ ജാഗ്രത പുലർത്താനാണ്​. ആധുനിക തത്വചിന്തയെ മാറ്റിമറിച്ച അനേകം ചിന്തകരുണ്ടായത് ഫാസിസ്റ്റ് ഭൂമികകളിൽനിന്നാണ് എന്നുമാത്രമല്ല, ഇരകളാക്കപ്പെട്ടവരിൽ നിന്നായിരുന്നു എന്നതും പ്രസക്തമാണ്. അവരുടെ ചിന്തകളും അധികാരം/അതിജീവനം എന്നിവയിലൂന്നിയ മനുഷ്യനെ/ജീവനെ സംബന്ധിക്കുന്ന എല്ലാത്തിനോടും ആഴത്തിൽ ബന്ധപ്പെട്ടുകിടന്നു എന്നത് യാദൃച്​ഛികമല്ല. ഹാനാ ആറൻറ്​, മാക്‌സ് ഹൊർഖെയ്​മർ, വാൾട്ടർ ബെഞ്ചമിൻ, തിയോഡോർ അഡോണോ, എറിക് ഫ്രോം, ഹെർബെർട്ട്​ മാർക്യൂസെ എന്നീ ജർമൻ ചിന്തകർ ലോകപ്രശസ്തമായ സംഭാവനകൾ നല്കിയവരാണല്ലോ. ഇറ്റാലിയൻ കമ്മ്യുണിസ്റ്റും ചിന്തകനുമായ ആന്റോണിയോ ഗ്രാംഷി പ്രത്യേകം മുഖവുര വേണ്ടാത്തയാളുമാണ്.

അന്യമായി തോന്നുന്ന മതവും സംസ്‌കാരവും ഭാഷയും എല്ലാം ചേർത്തുപിടിക്കാൻ പറ്റിയാൽ, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഒരു മുഖ്യഘടകമായി. ഫാസിസത്തെ ചെറുക്കാൻ, പലമട്ടിൽ ചെറുക്കുന്നവരുടെ കൂടെ നിൽക്കാൻ, ഇരകളാകുന്നവരുടെ അന്തസ്സിനും ജീവനും വേണ്ടി നിലകൊള്ളാനുമൊക്കെ അത് നമ്മെ കൂടുതൽ കരുത്തരാക്കും.

ഡൽഹിയിലെ ജീവിതം എന്നെ പഠിപ്പിച്ച സുപ്രധാന വസ്തുതയും ഇതിനോട് ചേർന്നുനിൽക്കുന്നതാണ്. അവിടെ അനുഭവവേദ്യമായ വൈവിധ്യത്തെ മേൽപ്പറഞ്ഞ ഓരോ രീതിയിലും മനസ്സിലാക്കാനും ആന്തരികമായി അതിനോടൊപ്പം സഞ്ചരിക്കാനുമായാൽ, നമുക്ക് ഒരുഘട്ടത്തിൽ അന്യമായി തോന്നുന്ന മതവും സംസ്‌കാരവും ഭാഷയും എല്ലാം ചേർത്തുപിടിക്കാൻ പറ്റിയാൽ, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഒരു മുഖ്യഘടകമായി.
ഫാസിസത്തെ ചെറുക്കാൻ, പലമട്ടിൽ ചെറുക്കുന്നവരുടെ കൂടെ നിൽക്കാൻ, ഇരകളാകുന്നവരുടെ അന്തസ്സിനും ജീവനും വേണ്ടി നിലകൊള്ളാനുമൊക്കെ അത് നമ്മെ കൂടുതൽ കരുത്തരാക്കും. ദേശീയതലത്തിലും പ്രാദേശികമായും ബൗദ്ധികമായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തേണ്ടത് ഒരു കർത്തവ്യമായി അനുഭവപ്പെടുന്നുണ്ട്. വൻതോതിലുള്ള കായികമായ രാഷ്ട്രീയാതിക്രമങ്ങളെ ചെറുക്കുന്നതിൽ പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയമുന്നേറ്റങ്ങൾക്കാണ് കൂടുതൽ പ്രസക്തി എന്ന് പ്രാഥമികമായി തോന്നാം, എങ്കിലും മുൻപ് സൂചിപ്പിച്ച ചരിത്രശേഷിപ്പ് ബൗദ്ധികവും, പ്രത്യേകിച്ച് തത്വചിന്താപരവുമായ ആലോചനകളെയും ചെറുത്തുനിൽപ്പുകളെയും ഗൗരവത്തിലെടുക്കാൻ നമ്മെ പ്രേരിപ്പിക്കും.

യുവതലമുറ കൂടുതലായി നേരിടുന്ന മാനസികസംഘർഷങ്ങൾ പലതും ഈ വികലമായ സാമൂഹ്യക്രമത്തിൽ നിന്ന് ഉടലെടുക്കുന്നവയാണ് എന്ന് തിരിച്ചറിഞ്ഞ്​, അവരുടെ സവിശേഷമായ അസ്വസ്ഥതകളെ മനസ്സിലാക്കാനും സഹായം നൽകാനും അധ്യാപകർക്ക് കഴിയണം / Photo : JNU Updates, fb page

ഇതിൽ പൊതുനിരത്തുകൾക്കുള്ളത്ര തന്നെ പ്രസക്തി ക്ലാസ്​മുറികൾക്കുമുണ്ട്. അവിടെ നിൽക്കാനും സംസാരിക്കാനും ലഭിക്കുന്ന അവസാന അവസരം വരെ ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും സംവാദത്തിലും പാരസ്പര്യത്തിലും ഊന്നിയ ജീവിതരീതിക്ക് പ്രചാരം നൽകാനും ഉപയോഗിക്കേണ്ടത് അടിയന്തര ആവശ്യമാണ്. അത് വർഗീയത- ഫാസിസം എന്ന വിഷയത്തിൽ മാത്രം ഒതുങ്ങാനും പാടില്ല. പൊതുവിൽ ലോകം അഭിമുഖീകരിക്കുന്ന വർഗ- വംശ- ജാതി- ലിംഗാക്രമങ്ങൾ അഭിമുഖീകരിക്കുന്ന ചർച്ച നടക്കണം. കിട്ടുന്ന അവസരങ്ങൾ ഫലപ്രദമായി ഇതിനുപയോഗിക്കുക എന്നത് ഫാസിസ്റ്റ് കാലത്തെ സുപ്രധാന പ്രതിരോധതന്ത്രമാണ്. ഇത്തരത്തിൽ പ്രതിരോധത്തിനും, പ്രതിചിന്തകൾക്കും, വിമതശബ്ദങ്ങൾക്കും കഴിയാവുന്നത്ര ഇടങ്ങൾ ഒരുക്കുക.

കൂടാതെ, യുവതലമുറ കൂടുതലായി നേരിടുന്ന മാനസികസംഘർഷങ്ങൾ പലതും ഈ വികലമായ സാമൂഹ്യക്രമത്തിൽ നിന്ന് ഉടലെടുക്കുന്നവയാണ് എന്ന് തിരിച്ചറിഞ്ഞ്​, അവരുടെ സവിശേഷമായ അസ്വസ്ഥതകളെ മനസ്സിലാക്കാനും സഹായം നൽകാനും അധ്യാപകർക്ക് കഴിയണം. പ്രത്യേകിച്ച്, മുൻപ് സൂചിപ്പിച്ച സാഹചര്യങ്ങളിൽ ഒരു മുസ്​ലിം വിദ്യാർഥി- എന്റെ അനുഭവത്തിൽ കൂടുതലായി പെൺകുട്ടികൾ- കടന്നുപോകുന്ന അവസ്ഥകൾ ശ്രദ്ധിക്കാനും പക്വമായ സാന്നിധ്യമാകുവാനും അധ്യാപകർക്ക് കഴിയണം. ഇത്തരം സന്ദർഭങ്ങൾ കൂടുതലായി ഉണ്ടാവാൻ പോകുകയാണ് വരുംനാളുകളിൽ. സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്ന, ചർച്ചചെയ്യുന്ന ക്ലാസ്​മുറികളിൽ ഇത്തരം സവിശേഷ രാഷ്ട്രീയ ജാഗ്രതകൾ കൂടി ഉണ്ടാവണം. പൊതുവായി വേണ്ട മറ്റു നോട്ടങ്ങൾക്കുപരിയായിട്ടാണ്​ (വിദ്യാർഥികളുടെ ജാതി- ലിംഗ- ഭാഷ- വർഗ സവിശേഷതകൾ ഉയർത്തുന്ന സാഹചര്യം) ഇത് വേണ്ടത്. രാഷ്ട്രീയ ജാഗ്രതക്കുപുറമെ സാമൂഹ്യ- മാനസികാരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച ശ്രദ്ധ/എമ്പതി കൂടി ഇതിൽപ്പെടും.

ഇക്കാലം കൂടുതൽ തീക്ഷ്ണമായി അനുഭവപ്പെടാൻ പോകുന്ന വരുംകാലത്തിൽ ഫാസിസത്തിന്റെ പ്രതിപക്ഷം എന്ന നിലയിൽ നമുക്ക് ചെയ്യാനാവുന്ന കൂടുതൽ കാര്യങ്ങളെക്കുറിച്ച് ധാരാളം അഭിപ്രായങ്ങൾ പൊതുമണ്ഡലത്തിലെത്തട്ടെ എന്നാഗ്രഹിക്കാം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ആർദ്ര എൻ.ജി.

കവി, എഴുത്തുകാരി. കേരള കേന്ദ്ര സർവകലാശാല കാപിറ്റൽ സെൻററിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപിക.

Comments