കേരളീയ സാമൂഹികാന്തരീക്ഷത്തെ നിറംകെടുത്തുന്ന പല നടപടികളും പല തരത്തിലുള്ള അപശബ്ദങ്ങളും മുഴങ്ങിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗഹാർദാന്തരീക്ഷത്തെ എങ്ങനെ പിടിച്ചു നിർത്താം എന്ന് ആലോചിക്കേണ്ടതാണ്. കേരളത്തിന്റെ സവിശേഷത, വ്യത്യസ്ത സമുദായങ്ങൾക്ക് പലവിധം ഉൾപ്പിരിവുകൾക്കിടയിലും സ്നേഹത്തോടും സൗഹാർദത്തോടും പെരുമാറാൻ കഴിയുന്നു എന്നതാണ്. കേരളീയർ എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ആ സൗഹാർദത്തിന്റെ പരിച്ഛേദമായി അവർക്ക് വർത്തിക്കാൻ കഴിയുന്നു. ഗൾഫുനാടുകളിൽ ദീർഘകാലം ജീവിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വളരെ അത്ഭുതത്തോടെ പാകിസ്ഥാനിലെയും മറ്റും ആളുകൾ അതെപ്പറ്റി ചോദിക്കാറുണ്ട്, നിങ്ങൾക്കെങ്ങനെ ഇത് കഴിയുന്നു എന്ന്.
ബി.ജെ.പി സുഹൃത്തുക്കളുടെ ചിരി
ഇസ്‌ലാമോഫോബിയ എന്ന ആശയത്തെക്കുറിച്ച് കാലങ്ങളായി ചർച്ച ചെയ്യുകയും, വായിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ. എന്നാൽ ഈയിടെയായി നമുക്കിടയിൽ തന്നെയുള്ള രാഷ്ട്രീയ പാർട്ടികളും, നേതാക്കളും പൊതുമണ്ഡലത്തിൽ ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുന്നത് കാണാം. യഥാർഥത്തിൽ കേരള സമൂഹം ഇസ്‌ലാമോഫോബിക് അല്ലെങ്കിൽ പോലും, സത്യാനന്തരകാലത്തിൽ ഇത്തരം നിരുത്തവാദിത്തപരമായ പരാമർശങ്ങൾ മൂലം നഷ്ടപ്പെടുന്ന ഒന്നു തന്നെയാണ് വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം.
ഇത്തരം സാഹചര്യത്തിലേക്ക് കേരളം വരാനുണ്ടായ സാഹചര്യം നോക്കാം. ബി.ജെ.പിക്ക് കേരളത്തിൽ വളർച്ചയുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ ബി.ജെ.പി ഒറ്റക്ക് ശ്രമിച്ചാൽ കേരളത്തിൽ വർഗീയത വളർത്താൻ കഴിയില്ല. വർഗീയതയാണ് ബി.ജെ.പിയുടെ മുഖമുദ്ര എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, വടക്കെ ഇന്ത്യയിൽ കാണുന്ന തരത്തിലുള്ള വർഗീയത കേരളത്തിൽ വളർത്താൻ കഴിയാത്ത വിധം സൗഹാർദത്തോടെയാണ് ഇവിടെ വ്യത്യസ്ത വിഭാഗങ്ങൾ നിലനിന്നുപോരുന്നത്.
ഗുജറാത്തിലെ രണ്ടു നേതാക്കളുടെ കൈകളിൽ അവിചാരിതമായി രാജ്യത്തിന്റെ ഭരണം അകപ്പെട്ടപ്പോൾ ഉണ്ടായ തീവ്രതയാണ് ഇതെന്ന് വിശ്വസിക്കാനാണ് കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ ഇഷ്ടപ്പെടുന്നത്
ബി.ജെ.പിയിൽ എനിക്ക് ധാരാളം നല്ല സുഹൃത്തുക്കളുണ്ട്. പാർട്ടിയിൽ നിൽക്കുമ്പോൾ, മുമ്പ് ഗോൾവാക്കർ പറഞ്ഞതും, ഇപ്പോൾ അമിത് ഷാ പറഞ്ഞു കൊണ്ടിരിക്കുന്നതുമായ ഹിന്ദുത്വ വർഗീയത ഫലവത്താകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ അവർ ചിരിക്കുകയാണുണ്ടായത്, അവർ അതിനുവേണ്ടി വാദിച്ചിരുന്നില്ല. ഗുജറാത്തിലെ രണ്ടു നേതാക്കളുടെ കൈകളിൽ അവിചാരിതമായി രാജ്യത്തിന്റെ ഭരണം അകപ്പെട്ടപ്പോൾ ഉണ്ടായ തീവ്രതയാണ് ഇതെന്ന് വിശ്വസിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്.
പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ, അതിന്റെ രൂക്ഷമായ അവസ്ഥകൾ വിവരിക്കുമ്പോൾ നിങ്ങൾ മിണ്ടാതിരി, അങ്ങനൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് ബി.ജെ.പിയിലെ ആളുകൾ എന്നോട് പറഞ്ഞത്. ഇത് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിട്ടല്ല എനിക്ക് തോന്നിയത്.
ജമാഅത്തെ ഇസ്‌ലാമിയും സി.പി.എമ്മും
ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പരാമർശങ്ങളിലേക്ക് വഴി തെളിച്ച മറ്റൊരു സംഭവമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രവേശനം. വളരെക്കാലത്തെ ചരിത്രമുള്ള ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. എന്നാൽ അതൊരു ശരിയായ അറിവാണെന്ന് പറയാനൊക്കില്ല. ഒരു മതസംഘടന, സുന്നി, സലഫി, മുജാഹിദ് പോലെ മതപരമായ ചില കാര്യങ്ങളിൽ കുറച്ച് തീവ്രമായ കാഴ്ചപ്പാടുള്ള ഒരു സംഘടന. അതിൽ കവിഞ്ഞ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിൽ സക്രിയമാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇതിന്റെ നേതൃത്വം തന്നെ ഇത്തരത്തിൽ കരുതിയിരുന്നോ എന്ന് സംശയമാണ്. അങ്ങനെയാണ് വെൽഫെയർ പാർട്ടി രൂപീകരിക്കുന്നത്. അതിനുമുമ്പ് ജമാഅത്തെ ഇസ്‌ലാമി ഒരു ഇടതുപക്ഷ മനസ്സ് സൂക്ഷിച്ചിരുന്നു.
ഒരു രാഷ്ട്രീയ സംഘടന എന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമിക്ക് ചേരാനും ചാരാനും പറ്റിയ ഇടമായിരുന്നു ഇടതുപക്ഷം അഥവാ സി.പി.എം പോലുള്ള പാർട്ടികൾ
വിശ്വാസപരമായി രണ്ടു ധ്രുവങ്ങളിലാണെന്നിരിക്കെ കമ്യൂണിസവും ഇസ്‌ലാമും പല കാര്യങ്ങളിലും ഒരേ ചിന്താഗതി വെച്ചു പുലർത്തുന്നതായി കാണാം. ഇസ്‌ലാം പരലോക ജീവതത്തിനും, കമ്യൂണിസം ബൗദ്ധിക വാദത്തിനുമാണ് ഊന്നൽ നൽകുന്നത്. അനശ്വരമായ പരലോക ജീവിതവും, സ്വർഗവും ആണ് ഇസ്‌ലാമും അത് പിൻപറ്റുന്ന ജമാഅത്തെ ഇസ്‌ലാമിയും മുന്നിൽ കാണുന്നതെങ്കിൽ ഈ ലോകം എങ്ങനെ സ്വർഗമാക്കാമെന്നാണ് കമ്യൂണിസം ചിന്തിക്കുന്നത്.
എന്നാൽ, രണ്ടു ധ്രുവങ്ങളിലിരിക്കെ തന്നെ രണ്ടു കൂട്ടരേയും യോജിപ്പിക്കുന്ന ചില കണ്ണികളുണ്ട്. ഇരുകൂട്ടരും അധിനിവേശത്തിനും, സാമ്രാജ്യത്വത്തിനും, സാമ്രാജ്യത്വ ചൂഷണത്തിനുമെതിരാണ്. അതേപോലെ, തൊഴിലാളി വർഗത്തോട് ഇരു വിഭാഗത്തിനുമുള്ള താൽപര്യം. ഇങ്ങനെ നോക്കുമ്പോൾ ഒരു രാഷ്ട്രീയ സംഘടന എന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമിക്ക് ചേരാനും ചാരാനും പറ്റിയ ഇടമായിരുന്നു ഇടതുപക്ഷം അഥവാ സി.പി.എം പോലുള്ള പാർട്ടികൾ. പല തെരഞ്ഞെടുപ്പുകളിലും ഇത്തരം പാർട്ടികളെ ജമാഅത്തെ ഇസ്‌ലാമി സഹായിച്ചു പോന്നതായിട്ടാണ് അനുഭവം.
പ്രായോഗികജീവിതത്തിൽ ഈ രണ്ടു സിദ്ധാന്തങ്ങളും യോജിച്ചു പോകുന്നതായിക്കാണാം. അധ്വാനിക്കുന്നവരുടേയും, മർദ്ദിതരുടേയും, അടിച്ചമർത്തപ്പെട്ടവരുടെയും ഭാഗത്തുനിന്ന് സംസാരിക്കുന്ന സംഘടനകൾ എന്ന നിലക്ക് ഇവ തമ്മിൽ സ്വാഭാവികമായ ഒരു ബന്ധം ഉണ്ടായിരുന്നതായി കാണാം. അത് ആരും ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീരുമാനിച്ച ഉടമ്പടിയല്ല. കലവറയില്ലാത്ത പിന്തുണ ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തിന് വോട്ടായി നൽകിയിരുന്നപ്പോഴും, ഒരിക്കൽ പോലും യു.ഡി.എഫ് ഇവർ തമ്മിൽ ബന്ധമുണ്ടെന്നത് ആരോപണമായി പൊതുവേദികളിൽ പ്രശ്നവത്കരിച്ചുകണ്ടിട്ടില്ല. അതോടൊപ്പം സി.പി.എം നേതാക്കളുമായി ചില ചർച്ചകൾ നടത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. ചിലതിൽ ഞാനും പങ്കാളിയായിട്ടുണ്ട്.
യാഥാസ്ഥിതിക മുസ്‌ലിംവിഭാഗങ്ങളെ ലീഗിൽ നിന്ന് അകറ്റാൻ
എന്നാൽ 2019ലെ തെരഞ്ഞെടുപ്പ് വളരെ സങ്കീർണമായ ഒന്നായിരുന്നു. നരേന്ദ്ര മോദി രണ്ടാമതും കേന്ദ്രത്തിൽ അധികാരം പിടിക്കാനൊരുങ്ങുമ്പോൾ അതിന് തടയിടുക എന്നത് മതന്യൂനപക്ഷങ്ങളുടെ കടമയായിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തിയാൽ തങ്ങൾ നേരിടാനിരിക്കുന്ന ഭീഷണിയെപ്പറ്റി മതന്യൂനപക്ഷങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതിനാൽ മോദി അധികാരത്തിലെത്തുന്നത് ജനാധിപത്യരീതിയിൽ തടയാൻ മതേതരവിശ്വാസികളും, മതവിശ്വാസികളും ഒരേപോലെ ശ്രമിച്ചു എന്നത് യാഥാർഥ്യമാണ്. ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതി മനസ്സിലാക്കിയതിൽ നിന്ന് ഇടതുപക്ഷത്തിനെക്കാളുപരി കോൺഗ്രസിനെയാണ് ഇത്തരം വിഭാഗക്കാർ ബി.ജെ.പിയുടെ മുഖ്യ പ്രതിപക്ഷമായി കണ്ടത്. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്തത്തിലുള്ള കോൺഗ്രസിന് എല്ലാ പിന്തുണയും കേരളത്തിൽ നിന്ന് ലഭിച്ചു.
പ്രാദേശിക രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് നോക്കുമ്പോൾ ഇടതുപക്ഷത്തിന് ഇത് അംഗീകരിക്കാൻ കഴിയില്ലെങ്കിലും, ബിഹാറിലും മറ്റും ബി.ജെ.പിക്കെതിരെ ഇടതുപാർട്ടികൾ കോൺഗ്രസുമായി സഖ്യം ചേരുന്നത് നമുക്ക് കാണാം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് തെറ്റുപറ്റി എന്നു പറയാൻ നിവൃത്തിയില്ല. ഇനി കേരളത്തിലും ബി.ജെ.പി ശക്തിയാർജിച്ചു വരുമ്പോൾ കോൺഗ്രസും സി.പി.എമ്മും ഒന്നിക്കും എന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോൾ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പല പഞ്ചായത്തുകളിലും ബി.ജെ.പിയെ അകറ്റി നിർത്താൻ ഇരുപക്ഷവും ഒന്നിക്കുന്ന ആരോഗ്യകരമായ പ്രവണത നമുക്ക് കാണാം.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട്, വിഘടിച്ചു നിൽക്കുന്ന വെൽഫെയർ പാർട്ടിയെ തങ്ങളുമായി സഹകരിപ്പിക്കുന്നതിനു പകരം, അത് കോൺഗ്രസിനെതിരെ ആയുധമാക്കി ഭൂരിപക്ഷ വോട്ടുകൾ എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ചാണ് ഇടതുപക്ഷം ചിന്തിച്ചത്.
യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങളായ സുന്നി വിഭാഗങ്ങൾക്കും മറ്റും ജമാഅത്തെ ഇസ്‌ലാമിയോടുള്ള മതപരമായ യോജിപ്പില്ലായ്മ മുതലെടുത്ത് വോട്ടാക്കാനും, തീവ്രവാദത്തെ എതിർത്തു എന്നു കാണിച്ച് ബി.ജെ.പി ചായ്വുള്ള ഭൂരിപക്ഷ വോട്ടുകൾ വരെ വാരിക്കൂട്ടലമുണാണ് ഇടതിന്റെ ലക്ഷ്യം.
മാധ്യമങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമിയെ തീവ്രചിന്താധാരയായി ചിത്രീകരിക്കാനും സി.പി.എമ്മിലെ എ.എ. റഹിം, മുഹമ്മദ് റിയാസ്, എളമരം കരീം തുടങ്ങിയ മുസ്‌ലിം നാമധാരികളായ നേതാക്കൾ ശ്രമിക്കുകയുണ്ടായി. ഇതുകൊണ്ട് രണ്ടു നേട്ടങ്ങളാണ് സി.പി.എം ലക്ഷ്യം വെക്കുന്നതെന്ന് കാണാം. യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങളായ സുന്നി വിഭാഗങ്ങൾക്കും മറ്റും ജമാഅത്തെ ഇസ്‌ലാമിയോടുള്ള മതപരമായ യോജിപ്പില്ലായ്മ മുതലെടുത്ത് വോട്ടാക്കാനും, തീവ്രവാദത്തെ എതിർത്തു എന്നു കാണിച്ച് ബി.ജെ.പി ചായ്വുള്ള ഭൂരിപക്ഷ വോട്ടുകൾ വരെ വാരിക്കൂട്ടലുമാണ് ഇവരുടെ ലക്ഷ്യം.
സുന്നി വിഭാഗവും, മുജാഹിദ് വിഭാഗവും വിശ്വാസപരവും, അനുഷ്ഠാനപരവുമായ കാര്യങ്ങളിൽ തീവ്രമായ വിയോജിപ്പ് വെച്ചു പുലർത്തുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി നീക്കുപോക്കുണ്ടാക്കാൻ യു.ഡി.എഫിൽ മുന്നിട്ടിറങ്ങിയത് മുസ്‌ലിംലീഗ് ആണെന്ന നിലക്ക്, അവരിൽ നിന്ന് യാഥാസ്ഥിതിക മുസ്‌ലിം വിഭാഗങ്ങളെ ഭാഗികമായെങ്കിലും അകറ്റുക എന്നതും ഇടതിന്റെ ലക്ഷ്യമാണ്.
ലീഗുള്ളപ്പോൾ എന്തിനാണ് വെൽഫെയർ പാർട്ടി?
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തെരഞ്ഞെടുപ്പിൽ സജീവമായത് വെൽഫെയർ പാർട്ടി ആണെങ്കിലും, മാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഇതിനുപിന്നിൽ സാധ്യമായ രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, വെൽഫെയർ പാർട്ടിക്ക് കാര്യമായ പരിഗണന കൊടുക്കേണ്ടതില്ല എന്ന ബോധപൂർവമായ തീരുമാനം. രണ്ടാമത്, ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ തീവ്രവാദവുമായി ബന്ധപ്പെടുത്താൻ താൽപര്യപ്പെടുന്ന പൊതുബോധം.
സയിദ് അബുൽ അഅ്‌ല മൗദൂദി എന്ന പണ്ഡിതൻ, തന്റെ ഇസ്‌ലാമിക രാഷ്ട്രസങ്കൽപ്പത്തെക്കുറിച്ച് (പാകിസ്ഥാൻ ഭരണഘടന രൂപീകരിക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്) ഒരു ഇസ്‌ലാമിക സമൂഹത്തിൽ നിന്നെഴുതിയ പുസ്തകം ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും എല്ലാവർക്കും ലഭ്യമാക്കിയിട്ടുമുള്ളതുമാണ്. ഈ പ്രത്യശാസ്ത്ര സമീപനം തീർച്ചയായും കേരളം പോലുള്ള സമൂഹത്തിൽ സ്വാഭാവികമായും അങ്കലാപ്പിനിടയാക്കും.
എന്നാൽ ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും വിധ്വംസക പ്രവർത്തനത്തിൽ ഏർപ്പെടുകയോ, കലാപത്തിന് മുന്നിട്ടിറങ്ങുകയോ ചെയ്തിട്ടില്ല. എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തുകയാണെങ്കിൽ ആ സംഘടന പ്രവർത്തനരഹിതമാക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. ഇതൊക്കയാണെങ്കിലും അതിലെ തീവ്രമായ ചില ആശയങ്ങൾ, എഴുതപ്പെട്ട പരിതസ്ഥിതിയിൽ നിന്ന് പറിച്ചെടുത്ത് വികൃതമായി അവതരിപ്പിക്കുന്നതായി കാണാം. സി.പി.എം മാത്രമല്ല, മതസംഘടനകളും ഇതിനെ വളരെയേറെ സഹായിച്ചതായി കാണാം.
മുസ്‌ലിം ലീഗ് എന്ന സംഘടന, പേരിൽ സാമുദായികത പേറുന്നുണ്ടെങ്കിൽ പോലും, ഉന്നതമായ മതേതര മൂല്യങ്ങൾ പുലർത്തുന്ന, ഒട്ടും വർഗീയമല്ലാത്ത സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ട്
നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു പൊളിറ്റിക്കൽ ഓർഗനൈസേഷനുമായി ജമാഅത്തെ ഇസ്‌ലാമി രംഗത്തു വരേണ്ട ആവശ്യമില്ല. മുസ്‌ലിം ലീഗ് എന്ന സംഘടന, പേരിൽ സാമുദായികത പേറുന്നുണ്ടെങ്കിൽ പോലും, ഉന്നതമായ മതേതര മൂല്യങ്ങൾ പുലർത്തുന്ന, ഒട്ടും വർഗീയമല്ലാത്ത സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രധാനമായും മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ പാർലമെന്റിലും നിയമസഭയിലും എത്തുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. വെൽഫെയർ പാർട്ടിയിലൂടെ മതന്യൂനപക്ഷങ്ങൾക്ക് ചെയ്തു നൽകാവുന്നതൊക്കെ മുസ്ലിംലീഗിലൂടെ സാധ്യമാവും.
മുസ്‌ലിം ലീഗിന് ഒറ്റക്കുനിന്ന് ജയിക്കാൻ പാകത്തിനുള്ള ഡെമോഗ്രഫി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ല. ഉള്ളത് ജമ്മു കശ്മീരിലാണ്. അവിടെ മുസ്‌ലിം ലീഗും ഇല്ല. ഇത്തരം ഒരവസ്ഥയിൽ പ്രത്യയശാസ്ത്രപരമായും മറ്റും ആശങ്ക ജനിപ്പിക്കുന്ന സ്വഭാവം മുസ്‌ലിം ലീഗിനില്ല. ഒരു പ്രത്യയശാസ്ത്രം തന്നെ അതിനില്ലെന്നു പറയാം. മുസ്ലിംലീഗിനെ സംബന്ധിച്ച് മുസ്‌ലിം ന്യൂനപക്ഷത്തിന് ഭരണതലത്തിലും മറ്റും കൃത്യമായ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്നതാണ് മുഖ്യ അജണ്ട. ഒരർഥത്തിൽ അവരുടെ പ്രത്യയശാസ്ത്രവും അതുതന്നെ.
സമൂഹത്തിൽ വെൽഫെയർ പാർട്ടിയുടെ ആവശ്യകത രേഖപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല
അതേസമയം, മൗദൂദിയുടെ പശ്ചാത്തല ചിത്രവുമായി വെൽഫയർ പാർട്ടി രാഷ്ട്രീയത്തിലിറങ്ങുമ്പോൾ തീർച്ചയായും അവർക്ക് ആ പ്രത്യയശാസ്ത്രത്തിന്റെ ഭാരം ചുമക്കേണ്ടതായിട്ടുണ്ട്. സമൂഹത്തിൽ വെൽഫെയർ പാർട്ടിയുടെ ആവശ്യകത രേഖപ്പെടുത്താനുള്ള പ്രവർത്തനങ്ങളും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രളയസമയത്തും മറ്റും സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് വെൽഫെയർ പാർട്ടി ഇല്ലായിരുന്നു എന്ന് അതിന് അർഥമില്ല. എന്നാൽ പാർട്ടിയുടെ എല്ലാ ചലനത്തിലും, അനക്കത്തിലും, ഇസ്‌ലാം മുഴച്ചു നിൽക്കുന്നതു കാണാം. അതിൽ ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അവരെ തെറ്റുപറയാൻ പറ്റില്ല. ഈ പരിതസ്ഥിയിലാണ് വെൽഫയർ പാർട്ടിയെ ആളുകളുടെ മുന്നിൽ അവരുടെ രാഷ്ട്രീയ എതിരാളികൾ അവതരിപ്പിക്കുന്നതും, ജമാഅത്തെ ഇസ്‌ലാമിയുടെ സാഹിത്യങ്ങിലേക്കും മൗദൂദിയുടെ ആശയ ആദർശങ്ങളിലേക്കും വിരൽ ചൂണ്ടി, ഇവിടെയിതാ ഭീകരത വളരുന്നു എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ സജീവമാകുന്നതും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരം നീക്കങ്ങൾ സാധാരണവുമാണ്. ഇതിന്റെ ഭാഗമായി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.
കോൺഗ്രസ്, തല ചീഞ്ഞ ഒരു പെരുമ്പാമ്പ്
ഇതോടൊപ്പം കോൺഗ്രസിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയം മതേതര ജനാധിപത്യ ക്യാമ്പിനെ ഒരേസമയം അമ്പരിപ്പിക്കുന്നതും, പിടിച്ചു കുലുക്കുന്നതുമാണ്. രാഹുൽ ഗാന്ധി ഒരു പ്രതീക്ഷയല്ലാതായിത്തീർന്നിരിക്കുന്നു. തല ചീഞ്ഞ ഒരു പെരുമ്പാമ്പാണ് കോൺഗ്രസ്. ഗാന്ധിമാർക്ക് അപ്പുറം ഒരു നേതൃത്വത്തെ കൊണ്ടുവരാനോ, അതിനെക്കുറിച്ച് ചിന്തിക്കാനോ പാർട്ടിക്ക് കഴിയുന്നില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികൾ കേരളത്തിലെ കോൺഗ്രസ് നേതൃത്തത്തിന്റെ പ്രവർത്തനങ്ങളിലും നിഴലിച്ചു കാണാം. ഈയൊരു സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ കേരളരാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ് ചൂണ്ടിക്കാട്ടി, മുസ്‌ലിം ലീഗാണോ കോൺഗ്രസിനെ നയിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ പിണറായി വിജയനിൽ നിന്നും മറ്റും ഉണ്ടാവുന്നത്. മുസ്‌ലിം ലീഗ് നയിച്ചതു കൊണ്ട് ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോന്നില്ലെന്നും, യു.ഡി.എഫ് മുന്നണിയിൽ കോൺഗ്രസിനൊപ്പം ദീർഘകാലമായി ലീഗ് പ്രവർത്തിക്കുന്നതും എല്ലാവർക്കും അറിയാം.
എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ച് മുസ്‌ലിം ലീഗിനെക്കുറിച്ച് പൊതുമണ്ഡലത്തിൽ ആശങ്ക ഉണ്ടാക്കുന്നത് തീർച്ചയായും വർഗീയച്ചുവയുള്ള നീക്കമാണ്. വിവിധ മതവിഭാഗങ്ങൾ സമാധാനത്തോടെ കഴിഞ്ഞു പോകുന്നിടത്ത് ഇത്തരം പ്രസ്താവനകൾ അപകടരമാണെന്നതിൽ തർക്കമില്ല.
ഇതെല്ലാം ചേർത്തു വെക്കുമ്പോൾ സംഭവിക്കുന്നത്, ലോകാടിസ്ഥാനത്തിൽ ശക്തിപ്പെട്ടുവരുന്നതായ ഇസ്‌ലാമിക തീവ്രവാദം കേരളത്തേയും വിഴുങ്ങുന്നു, അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെടുന്നു എന്ന ആഖ്യാനം നൽകാൻ സഹായിക്കും എന്നതാണ്. വെൽഫെയർ പാർട്ടിയെ പോലൊരു സംഘടനയെ ആവിഷ്‌കരിക്കുമ്പോൾ അത് ഉണ്ടാക്കിത്തീർക്കുന്നതും, തീർത്തതുമായ ഒരുപാട് അനർഥങ്ങളുണ്ട്. അത് ഉൾക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമി പുനഃപരിശോധക്ക് തയ്യാറാവുകയും ചെയ്യണം.▮