രാഹുൽ രാധാകൃഷ്​ണൻ

മതം, രാഷ്ട്രീയം, ജീവിതം

പറഞ്ഞു പഴകിയ പദമായി മാറിയ ‘ഇസ്​ലാമോഫോബിയ' വെറുപ്പ് ഉൽപാദിപ്പിക്കുന്ന വാക്കാവുന്നത് മുൻധാരണകളെ കൂട്ടുപിടിച്ചാണ്

‘മുഹമ്മദനിസ'ത്തിനോടുള്ള പാശ്ചാത്യലോകത്തിന്റെ ഭയത്തിന്റെ വേരുകൾ

മുസ്‌ലിം സ്വത്വം ഉന്നംവെച്ചുള്ള ഇസ്‌ലാമോഫോബിയ എന്ന വാക്ക് എൺപതുകളിലാണ് ആദ്യം പരാമർശിക്കപ്പെട്ടതെങ്കിലും അച്ചടിമാധ്യമത്തിൽ ഈ വാക്ക് നടാടെ പ്രത്യക്ഷപ്പെട്ടത് 1991 ഫെബ്രുവരിയിൽ അമേരിക്കയിലെ ഒരു ആനുകാലികത്തിലാണ്. 1997 മാർച്ച് രണ്ടിനാണ് ബ്രിട്ടനിലെ "The Independent' പത്രത്തിൽ ഇസ്‌ലാമോഫോബിയയെ വിശകലനം ചെയ്തുകൊണ്ടുള്ള Runnymede Trust ന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. "ഇസ്‌ലാമികമായ കൃത്യത' നടപ്പിലാക്കണമെന്ന പരോക്ഷലക്ഷ്യം അതിലുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല. ഇസ്‌ലാമോഫോബിയയുടെ നാൾവഴികളെ യുക്തിഭദ്രവും ചരിത്രപരവുമായി അവലോകനം ചെയ്യുന്ന പ്രസ്തുത റിപ്പോർട്ട് പ്രധാനപ്പെട്ട ഒരു നയരേഖയാണ്. മുസ്‌ലിം സമൂഹത്തെ സ്പർശിക്കുന്ന എട്ടു പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുള്ള വഴികളാണ് ഇതിൽ ആരായുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും എണ്ണമറ്റ സംവാദങ്ങൾ പല നിലയിൽ നടത്തിയിട്ടും പൂർണ വിരാമമിടാൻ സാധ്യമാവാത്ത തരത്തിലുള്ള വ്യവഹാരങ്ങളാണിവ. ഒരു സമൂഹത്തിന്റെ ജീവിതശൈലി, സാംസ്‌കാരിക ശീലങ്ങൾ, വ്യക്തിപരമായ ചായ്‌വുകൾ
എന്നിങ്ങനെയുള്ള അടരുകൾ ആശ്രയിക്കുന്നത് അനേകം ഘടകങ്ങളെയാവും. എങ്കിലും നിയതമായ അതിരുകളുള്ള വംശീയത എന്ന ചങ്ങലവട്ടത്തിൽ കെട്ടിയിട്ടിരിക്കുന്ന മനോഭാവം അപകടകരമാണ്. വംശീയത എന്ന അടിച്ചട്ടത്തിൽ ആഴ്ന്നിറങ്ങിയ വികാരമാണ് ഇസ്‌ലാമോഫോബിയ എന്ന കണ്ടെത്തലിൽ കഴമ്പുണ്ട്. വിവിധ കാലഘട്ടങ്ങളിലായി വ്യത്യസ്തമായ നിലപാടുകളുള്ള അപഗ്രഥനവും അവലോകനവും ഈ വിഷയത്തിൽ നടന്നു എന്നത് ഇതിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു.

എഡ്വേർഡ് സെയ്ദ്
എഡ്വേർഡ് സെയ്ദ്

1981ൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിക്കുകയും പിന്നീട് 1997ൽ വിപുലീകരിക്കുകയും ചെയ്ത എഡ്വേഡ് സെയ്ദിന്റെ "Covering Islam: How the Media and the Experts Determine How We See the Rest of the World' എന്ന പുസ്തകത്തിൽ ഊന്നുന്ന ഘടകങ്ങൾക്ക് പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. Orientalist എന്നും Occidental എന്നും പൗരസ്ത്യ-പാശ്ചാത്യ വീക്ഷണങ്ങളെ നിർവചിച്ച സെയ്ദ്, ഭൂമിശാസ്ത്രത്തിന്റെ ധ്രുവീകരണത്തെ ഇങ്ങനെയൊരു അടിസ്ഥാനത്തിലാണ് വിഭജിച്ചത്. പരമ്പരാഗതമായി പൗരസ്ത്യദേശങ്ങളെ മേൽക്കോയ്മയുള്ള ഭാവത്തോടെയാണ് പാശ്ചാത്യലോകം കാണുന്നതെങ്കിലും വലിപ്പം കൊണ്ടും കരുത്ത് കൊണ്ടും കിഴക്കൻ രാജ്യങ്ങൾ ഒട്ടും പിന്നിലല്ല. ഇസ്‌ലാമിനെ പൗരസ്ത്യമായി ഗണിച്ചുകൊണ്ട് പൗരസ്ത്യവാദം അനുശാസിക്കുന്ന സങ്കൽപങ്ങളിൽ ഉറച്ചുനിൽക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി എന്ന് സെയ്ദ് സ്ഥാപിക്കുന്നു. ഇത്തരത്തിലൊരു കാഴ്ചപ്പാട് രൂപീകൃതമാവുന്നതോടെ ഇസ്‌ലാം, പാശ്ചാത്യരാഷ്ട്രീയത്തിന് വെല്ലുവിളി ഉയർത്തുന്ന മതമായി തീരുകയാണ്.

സ്വധർമ പരിത്യാഗവും "ദൈവ'ദൂഷണവും അന്ധകാരവും നിറഞ്ഞ മതമായിട്ടാണ് ഇസ്‌ലാനെ മധ്യകാലം മുതൽക്കേ യൂറോപ്യൻ അധീശത്വം വീക്ഷിച്ചിരുന്നത്. പ്രവാചകനിൽ അധിഷ്ഠിതമായ ഇസ്‌ലാനെ പൂർണമായി അംഗീകരിക്കാൻ ക്രിസ്തുമതം തയ്യാറായിരുന്നില്ല.

സ്വാഭാവികമായും പടിഞ്ഞാറൻനാടുകളും ക്രൈസ്തവമതവും മറ്റൊരു കണ്ണോടു കൂടി ഇസ്‌ലാമിനെ കണ്ടുതുടങ്ങി. ഇതിന്റെ അനുരണനങ്ങൾ ഏറ്റവും കൂടുതൽ പ്രത്യക്ഷമായത് യൂറോപ്പിന്റെ (പിന്നീട് അമേരിക്കയുടെയും) പശ്ചാത്തലത്തിലായിരുന്നു. സ്വധർമ പരിത്യാഗവും "ദൈവ'ദൂഷണവും അന്ധകാരവും നിറഞ്ഞ മതമായിട്ടാണ് ഇസ്‌ലാനെ മധ്യകാലം മുതൽക്കേ യൂറോപ്യൻ അധീശത്വം വീക്ഷിച്ചിരുന്നത്. പ്രവാചകനിൽ അധിഷ്ഠിതമായ ഇസ്‌ലാനെ പൂർണമായി അംഗീകരിക്കാൻ ക്രിസ്തുമതം തയ്യാറായിരുന്നില്ല. എന്നാൽ കാലക്രമേണ ഇസ്‌ലാം മതം എന്നതിലുപരി ഒരു രാഷ്ട്രീയ ശക്തിയായി പരിണമിക്കുന്നതിനു ലോകം സാക്ഷ്യം വഹിച്ചു. യൂറോപ്യൻ ഭരണകൂടങ്ങൾ അതൊരു മുന്നറിയിപ്പും ഭീഷണിയുമായി കണക്കാക്കി. ക്രൈസ്തവ മതത്തേക്കാൾ വീര്യവും ചെറുപ്പവും ഊർജവും പ്രവഹിച്ചിരുന്ന ഇസ്‌ലാം കിഴക്കൻ രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറും എത്തി. മാത്രമല്ല ഇസ്‌ലാമിന്റെ പ്രഭാവം കുറയുകയും യൂറോപ്പിന്റെ ഔന്നത്യം വർധിക്കുകയും ചെയ്തിട്ടും "മുഹമ്മദനിസ'ത്തിനോടുള്ള പാശ്ചാത്യലോകത്തിന്റെ ഭയം ഇല്ലാതായില്ല.

മുസ്‌ലിം അമേരിക്കൻ വിമെൻസ് പോളിസി ഫോറം കുടിയേറ്റക്കാർക്കും മുസ്‌ലിംകൾക്കും പിന്തുണ പ്രഖ്യാപിച്ച് 2017 ജനുവരി 26ന് യു.എസിൽ സംഘടിപ്പിച്ച റാലി
മുസ്‌ലിം അമേരിക്കൻ വിമെൻസ് പോളിസി ഫോറം കുടിയേറ്റക്കാർക്കും മുസ്‌ലിംകൾക്കും പിന്തുണ പ്രഖ്യാപിച്ച് 2017 ജനുവരി 26ന് യു.എസിൽ സംഘടിപ്പിച്ച റാലി

ഭൂമിശാസ്ത്രപരമായി യൂറോപ്പിന്റെ സമീപത്തുള്ള ഇസ്‌ലാം വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളെ സംശയ ദൃഷ്ടിയോടെയാണ് പാശ്ചാത്യ അധികാരവർഗവും ഒരു പരിധി വരെയെങ്കിലും പടിഞ്ഞാറൻ സമൂഹവും നോക്കിക്കാണുന്നത്. ഈ സന്ദേഹത്തെ സാധൂകരിക്കുന്ന ചരിത്രവും എഴുപതുകളുടെ തുടക്കത്തിൽ കുത്തനെ ഉയർന്ന എണ്ണവിലയും "ഇസ്‌ലാമിക' രാഷ്ടങ്ങളുടെ വേറൊരു തേരോട്ടത്തിൽ അവസാനിക്കുമെന്ന ആപത്ഭയം പാശ്ചാത്യരാജ്യങ്ങളെ ഗ്രസിച്ചു. ഇപ്പറഞ്ഞതിന്റെ ബാക്കിയായി, എഴുപതുകളുടെ ഒടുവിൽ ഇറാൻ അമേരിക്കയ്ക്ക് വലിയതരത്തിലുള്ള ഞെട്ടലാണ് കൊടുത്തത്. എൺപതുകളിലും തൊണ്ണൂറുകളിലും "ബീജാവാപം' ചെയ്യപ്പെട്ട ‘ഇസ്‌ലാമിക തീവ്രവാദം' ഇതിന്റെ ആധിക്യം വർധിപ്പിക്കുകയാണുണ്ടായത്. ഇറാനുമായുള്ള ബന്ധം വഷളായ അമേരിക്ക തീവ്രവാദം ഉൽപാദിപ്പിക്കുന്ന രാജ്യമായി ഇറാനെ ലോകവ്യാപകമായി ചിത്രീകരിച്ചു. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ ബലം കുറയുമെന്ന ഉത്കണ്ഠ മൂലം പാശ്ചാത്യമാധ്യമങ്ങളിൽ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനെതിരെ ലേഖനങ്ങൾ വരുന്നത് പതിവായി. ലോസ് ആഞ്ചലസ് ടൈംസിൽ തൊണ്ണൂറുകളുടെ ആദ്യം വന്ന ഒരു ലേഖനത്തിൽ മുപ്പതോ നാൽപ്പതോ വർഷം മുൻപ് കമ്യൂണിസത്തിനെതിരെ എങ്ങനെയാണോ ഇടപെടലുകൾ നടത്തിയത് അതിലും കൗശലപൂർവ്വം വേണം ഇസ്‌ലാമിനെ നേരിടാനെന്ന ആഹ്വാനം ഉണ്ടായിരുന്നു (Robin Wright, January 26, 1991).

റുഷ്ദിക്കെതിരെ ഫത്​വ പുറപ്പെടുവിച്ച ആയത്തൊള്ള ഖൊമേനിയുടെ വിശ്വാസങ്ങളെ പിന്തുണച്ചിരുന്ന മതമൗലികവാദികൾ ബ്രിട്ടനിലുണ്ട് എന്നത് ബ്രിട്ടീഷ് പൊതുസമൂഹം പ്രതീക്ഷിച്ചിരുന്നില്ല

'മുസ്‌ലിംനെസ്സ്'

ഇസ്‌ലാമോഫോബിയ എന്ന വികാരം യൂറോപ്പിലും വിശേഷിച്ച് ബ്രിട്ടനിലും നിലയുറപ്പിക്കുന്നതിനു മുന്നേയായിരുന്നു സൽമാൻ റുഷ്ദിയുടെ "The Satanic Verses' എന്ന പുസ്തകവുമായി ബന്ധപ്പെട്ട കോളിളക്കം നടന്നത്. ബ്രിട്ടനിൽ ജീവിച്ചിരുന്ന മുസ്‌ലിംകൾ "The Satanic Verses' നെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ബ്രിട്ടനിൽ ജീവിച്ചിരുന്ന എഴുത്തുകാരനെതിരെ ബ്രിട്ടീഷ് മുസ്‌ലിംകൾ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ പുസ്തകം തെരുവിൽ വെച്ചുകത്തിക്കുകയും ചെയ്തത് പാശ്ചാത്യലോകത്തെ സാംസ്‌കാരിക സമൂഹത്തെ ഞെട്ടിച്ചു. റുഷ്ദിക്കെതിരെ ഫത്​വ പുറപ്പെടുവിച്ച ആയത്തൊള്ള ഖൊമേനിയുടെ വിശ്വാസങ്ങളെ പിന്തുണച്ചിരുന്ന മതമൗലികവാദികൾ ബ്രിട്ടനിലുണ്ട് എന്നത് ബ്രിട്ടീഷ് പൊതുസമൂഹം പ്രതീക്ഷിച്ചിരുന്നില്ല. 1950കൾ മുതൽ വ്യാപകമായ, ബ്രിട്ടനിലേക്കുള്ള മുസ്‌ലിം കുടിയേറ്റത്തെ അധികൃതർ സൂക്ഷ്മതയോടെ വിശകലനം ചെയ്യണമെന്ന നയം പതുക്കെ രൂപപ്പെടുകയായിരുന്നു. വിശാല കാഴ്ചപ്പാടുണ്ടായിരുന്ന, 1965 കാലത്തെ ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന റോയ് ജെൻകിൻസ് സാംസ്‌കാരിക നാനാത്വം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സഹിഷ്ണുതയോടുകൂടിയുള്ള രാഷ്ട്രീയനയം കുടിയേറ്റക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ കൊണ്ടുവന്നു. എന്നാൽ ഏതാണ് കാൽനൂറ്റാണ്ട് കഴിയുമ്പോഴേക്കും ഈ നയം എടുത്തത് തെറ്റായിപ്പോയോ എന്ന അസ്ഥൈര്യം അദ്ദേഹം പ്രകടിപ്പിച്ചു.

സൽമാൻ റുഷ്ദി
സൽമാൻ റുഷ്ദി

ഇങ്ങനെയാണ് കുടിയേറ്റക്കാരെ മതാടിസ്ഥാനത്തിൽ കാണുന്ന അപകടകരമായ ചിന്താഗതി ക്രമപ്പെടുന്നത്. റാഡിക്കൽ വിചാരങ്ങളുള്ളവരെ മതമൗലികവാദികളായി കാണുന്നതും ഇതിന്റെ തുടർച്ചയെന്നോണമാണ്. റുഷ്ദിയുടെ നോവലുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പടിഞ്ഞാറൻ സമൂഹത്തിലെ ഒരു രാഷ്ട്രീയസമസ്യയായി ഉരുണ്ടുകൂടാൻ അധികം സമയമെടുത്തില്ല. ഒരുപക്ഷെ, ഇതാവും "പുതിയ' മുസ്‌ലിം സമൂഹം രാഷ്ട്രീയമായി നടത്തിയ ആദ്യത്തെ ഇടപെടലും. കുടിയേറ്റക്കാരായ മുസ്‌ലിംകളുടെ സ്വഭാവം, അതിന്റെ പാശ്ചാത്യൻ സമൂഹവുമായുള്ള വ്യവഹാരങ്ങൾ, സഹിഷ്ണുതയുടെ തോതും നിർവചനവും എന്നിങ്ങനെ പല തലങ്ങളിലേക്ക് വ്യാപിച്ച ഈ പ്രശ്‌നം പിന്നീട് നടന്ന സംഭവങ്ങളിലേക്ക് (9/9, 7/7 സംഭവങ്ങൾ) നീണ്ടുകിടക്കുന്നതായാണ് "വെള്ളക്കാരു'ടെ പൊതുസമൂഹം വായിച്ചെടുത്തത്. റുഷ്ദിയുമായി ബന്ധപ്പെട്ട വിഷയം ചൂടുപിടിച്ചപ്പോഴാണ് മുസ്‌ലിം റാഡിക്കൽ ചിന്താഗതിയുടെ ദിശയും മാറിയത്. സാർവലൗകികമായ മതനിരപേക്ഷത എന്ന ആശയം ബഹുസാംസ്‌കാരികതയ്ക്ക് വഴി മാറുകയും ചെയ്തു. കെനാൻ മാലിക് എഴുതിയ "From Fatwa to Jihad' എന്ന പുസ്തകത്തിൽ റുഷ്ദിയുടെ The Satanic Verses എന്ന പുസ്തകവുമായി ബന്ധപ്പെട്ട ബ്രിട്ടനിലെ മുസ്‌ലിംകളുടെ ഇടയിലുണ്ടായ ആകുലതയും, അസഹിഷ്ണുതയും അതുകഴിഞ്ഞുള്ള വര്ഷങ്ങളിൽ അവരെ മറ്റൊരുരീതിയിൽ നോക്കിക്കാണാൻ പാശ്ചാത്യഭരണകൂടങ്ങളെയും ഒട്ടൊക്കെ പൊതുസമൂഹത്തെയും പ്രേരിപ്പിച്ചു.

ഇറാനിലെ ഷാ ഭരണകൂടത്തിനെതിരായ 1979ലെ വിപ്ലവത്തിന്റെ ഭാഗമായി നടന്ന റാലി
ഇറാനിലെ ഷാ ഭരണകൂടത്തിനെതിരായ 1979ലെ വിപ്ലവത്തിന്റെ ഭാഗമായി നടന്ന റാലി

ഒരുകാലത്ത്, കെനാൻ മാലിക്കിനെ പോലെയുള്ള ഏഷ്യാക്കാർ വംശീയ വിവേചനം മൂലം രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടരായി. എന്നാൽ രാഷ്ട്രീയത്തിൽ മുഴുകിയതിനുശേഷമാണ് അവർക്ക് വംശീയതയുടെ അടരുകൾ ആഴത്തിൽ തിരിച്ചറിയാൻ സാധിച്ചത്. ഇസ്‌ലാം എന്ന മതത്തെ ഒരു വർഗമാക്കി പരിണമിപ്പിക്കുക എന്നതിന്റെ വിത്തുകൾ പാകിയത് ഇസ്‌ലാമോഫോബിയയാണ്. ഇതുസംബന്ധിച്ച ഫിക്ഷനുകൾ കുടിയേറ്റ/അപരത്വ വ്യവഹാരങ്ങളെ ജനകീയമാക്കാൻ ശ്രമിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവർ അനുഭവിക്കുന്ന വംശീയപ്രശ്‌നത്തെ കുറിച്ച് മോണിക്ക അലി, കമില ഷംസി, ഹനീഫ് ഖുറേഷി തുടങ്ങിയ എഴുത്തുകാരുടെ നോവലുകൾ ലോകശ്രദ്ധ നേടി. കുടിയേറ്റത്തിന്റെയും വംശീയതയുടെയും സംഘർഷങ്ങൾ, മുസ്‌ലിം
നാമധാരിയാകുന്നതോടെ വേറിട്ട ദിശയിൽ അനുഭവിക്കേണ്ടി വരുന്നു. ‘‘ഒരിക്കൽ ഞങ്ങളെ കുടിയേറ്റക്കാരെന്നാണ് വിളിച്ചിരുന്നത്. എന്നാൽ പിന്നീട്, രാഷ്ട്രീയകാരണങ്ങൾ കൊണ്ട് ഞങ്ങൾ "കറുത്തവരായി'. ബ്രിട്ടനിൽ ഏഷ്യാക്കാർ എന്ന സ്വത്വമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾ ഇപ്പോൾ യൂറോപ്പുകാർതന്നെയാണ്. ഏഷ്യൻ അംശങ്ങൾ ഞങ്ങൾക്ക് ഇപ്പോൾ കുറവാണ്. മുസ്‌ലിം എന്ന പൊതു സമ്മതിമുദ്രയിൽ ഞങ്ങൾ അറിയപ്പെടാൻ തുടങ്ങിയത് അതിനും ഏറെക്കാലം കഴിഞ്ഞാണ്. രാഷ്ട്രീയമായ വിധിയായിരുന്നു അത്'’.

വൈയക്തികമായ അനുഭവങ്ങളെ ഭാവന കലർത്തിയും അല്ലാതെയും അവതരിപ്പിക്കുന്ന ആഖ്യാനങ്ങൾ കുടിയേറ്റത്തിന്റെ പൊതുസ്വഭാവമെന്നിരിക്കെ, പടിഞ്ഞാറൻ രാഷ്ട്രങ്ങളിലേക്ക് കുടിയേറിയ മുസ്‌ലിം എഴുത്തുകാരുടെ മണ്ഡലം കൂടുതൽ ഗൗരവത്തോടെ നിരീക്ഷിക്കണം

ഹനീഫ് ഖുറേഷിയുടെ "Something to Tell You' എന്ന നോവലിലെ ആഖ്യാതാവിന്റെ വാക്കുകളാണിവ. വൈയക്തികമായ അനുഭവങ്ങളെ ഭാവന കലർത്തിയും അല്ലാതെയും അവതരിപ്പിക്കുന്ന ആഖ്യാനങ്ങൾ കുടിയേറ്റത്തിന്റെ പൊതുസ്വഭാവമെന്നിരിക്കെ, പടിഞ്ഞാറൻ രാഷ്ട്രങ്ങളിലേക്ക് കുടിയേറിയ മുസ്‌ലിം എഴുത്തുകാരുടെ മണ്ഡലം കൂടുതൽ ഗൗരവത്തോടെ നിരീക്ഷിക്കണം. "അവർ നമ്മളെപ്പോലെയല്ല' എന്ന തദ്ദേശീയരുടെ മനോഭാവം ഏറ്റവും പ്രതികൂലമായി അലട്ടുന്നത് യൂറോപ്പിലും അമേരിക്കയിലും എത്തിച്ചേരുന്ന മുസ്‌ലിംകളെയാണ്.

സാമ്രാജ്യത്വം , വംശീയത, പ്രതിരോധം മുതലായ രാഷ്ട്രീയസംഹിതകൾക്ക് മേൽ വ്യാജോക്തികളുടേതായ സിദ്ധാന്തം നിർമിക്കാനുള്ള പരിചയായി ഇസ്‌ലാമോഫോബിയയെ മുന്നോട്ടുവെക്കുന്നു എന്നാണ് "The Muslims Are Coming! Islamophobia, Extremism, and the Domestic War on Terror' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ അരുൺ കുന്ദ്നാനിയുടെ വീക്ഷണം.

 ഇറാനിയൻ ഇസ്​ലാമിക വിപ്ലവത്തിന്റെ രാഷ്​ട്രീയ- ആത്​മീയ ആചാര്യൻ ആയത്തൊള്ള ഖൊമേനി.
ഇറാനിയൻ ഇസ്​ലാമിക വിപ്ലവത്തിന്റെ രാഷ്​ട്രീയ- ആത്​മീയ ആചാര്യൻ ആയത്തൊള്ള ഖൊമേനി.

ഇസ്‌ലാമോഫോബിയയ്ക്ക് വഴിമരുന്നിട്ടുകൊണ്ട് ആവിർഭാവം ചെയ്ത പാശ്ചാത്യചിന്തകളെ ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയയിടത്തിൽ നിന്ന് വേറിട്ട മതപ്രബോധനം ഇസ്‌ലാമിൽ നടക്കാത്തത് കൊണ്ടാണ് അപകടകരമായ തലത്തിലുള്ള മൗലികവാദം ഉടലെടുക്കുന്നത് എന്നാണ് അവയിൽ ചിലത് അവതരിപ്പിക്കുന്ന യുക്തി. ഇതിൽ നിന്ന് ഒരുപടി കൂടെ കടന്നു ഇസ്‌ലാമിക സംസ്‌കാരം ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന മുൻധാരണ സൃഷ്ടിക്കാനുള്ള എതിർചേരിയുള്ളവരുടെ യത്‌നത്തെയാണ് ഗ്രന്ഥകാരൻ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്. ഇസ്‌ലാമിന്റെ പാഠ്യക്രമത്തെ ആധുനികതയ്ക്ക് നിരക്കാത്തതെന്നും സമഗ്രാധിപത്യപരമെന്നും ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരവേല ചെയ്യുന്നതിനെ അദ്ദേഹം അപലപിക്കുന്നു. "മുസ്‌ലിംനെസ്സ്' എന്ന ആശയത്തെ ബലപ്പെടുത്താൻ വേണ്ടി തീവ്രവാദ ആക്രമണങ്ങൾ പോലെയുള്ള സംഭവങ്ങളെ കരുവാക്കുന്ന പദ്ധതിയായിട്ടാണ് ഇസ്‌ലാമോഫോബിയയെ അരുൺ കുന്ദ്നാനി കാണുന്നത്. രാഷ്ട്രീയവിരോധങ്ങളെ സൈദ്ധാന്തികമായ തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതിനും സാംസ്‌കാരികമായ തലത്തിൽ അതിനു വേരുകൾ സൃഷ്ടിക്കുന്നതിനും ഇസ്‌ലാമോഫോബിയ സഹായകമാവുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഇസ്‌ലാമോഫോബിയ എന്ന രീതി ഒരു മതത്തെ വംശമായി രൂപാന്തരീകരണം ചെയ്യുകയാണെന്ന് കുന്ദ്നാനിയുടെ വാദമുഖം ചർച്ച ചെയ്യേണ്ടതാണ്.

നിരപരാധികളായ അനേകം മുസ്‌ലിംകൾ ഇസ്‌ലാമാഫോബിയയെ ഭയന്ന് കഴിയുന്ന വേളയിലാണ് ചാർലി ഹെബ്‌ദോ അദ്ധ്യായം അരങ്ങേറിയത്. പാശ്ചാത്യ -പൗരസ്ത്യ ഉരസലിനെ ഉത്തേജിപ്പിച്ച സംഭവം ഫ്രാൻസിലെ മുസ്‌ലിംകളെ അരക്ഷിതരാക്കി

ഇസ്‌ലാമും പടിഞ്ഞാറും

9/11 ആക്രമണവും 7/7 ബോംബിങ്ങും മുസ്‌ലിംകളോടുള്ള കാഴ്ചപ്പാട് പ്രതിലോമകരമാക്കി. വെറുപ്പും ഭീതിയും ഉളവാക്കുന്ന തരത്തിൽ അവരെ കണ്ടുതുടങ്ങിയതോടെ, സ്വത്വപ്രതിസന്ധിയുടെ ആഴവും പരപ്പും രൂപപ്പെട്ടു. ചാർലി ഹെബ്ദോ കൂട്ടക്കൊലപാതകത്തോടെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായ രീതിയിൽ പ്രതിഷേധവും അമർഷവും അണപൊട്ടി. നിരപരാധികളായ അനേകം മുസ്‌ലിംകൾ ഇസ്‌ലാമാഫോബിയയെ ഭയന്ന് കഴിയുന്ന വേളയിലാണ് ചാർലി ഹെബ്‌ദോ അദ്ധ്യായം അരങ്ങേറിയത്. പാശ്ചാത്യ -പൗരസ്ത്യ ഉരസലിനെ ഉത്തേജിപ്പിച്ച സംഭവം ഫ്രാൻസിലെ മുസ്‌ലിംകളെ അരക്ഷിതരാക്കി. മുസ്‌ലിം ആണെന്ന് പൊതുസമൂഹമധ്യത്തിൽ പറയാൻ സാധിക്കാത്ത വിധത്തിൽ വിദ്വേഷം ആളിക്കത്തി. കലാപകലുഷിതമായ രാജ്യങ്ങളിൽ നിന്ന് അഭയം തേടിയെത്തിയ ഇസ്‌ലാം മതത്തിൽ പെട്ടവരെയാണ് ഇത് ഏറ്റവും അധികം അസ്വസ്ഥരാക്കിയത്. വംശീയമായി വിവേചനം അഭിമുഖീകരിക്കുന്ന മുസ്‌ലിം അഭയാർത്ഥികളും കുടിയേറ്റക്കാരും അപരത്വത്തിന്റെ സങ്കീർണമായ തലത്തിലേക്ക് പതിക്കുന്ന അവസ്ഥയാണിത്.

ബംഗ്ലാദേശിൽ ജനിച്ച ബ്രിട്ടീഷ് നോവലിസ്റ്റ് മോണിക്ക അലി
ബംഗ്ലാദേശിൽ ജനിച്ച ബ്രിട്ടീഷ് നോവലിസ്റ്റ് മോണിക്ക അലി

പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറ്റം ചെയ്യുന്നവർക്ക് സംജാതമാവുന്ന സ്വത്വപരമായ സങ്കരത്വം മതചിഹ്നങ്ങളെ കൂടുതൽ ആശ്ലേഷിക്കാൻ അവർക്ക് പ്രേരണയേകുന്നു. ഇവിടെയാണ് ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള വിനിമയം സംഘർഷാത്മകമാകുന്നത്. ഇസ്‌ലാമും പടിഞ്ഞാറും മറ്റൊരുതലത്തിലും വ്യാഖ്യാനിക്കപ്പെടാറുണ്ട്. മെഡിറ്റേറിയൻ കടലിന്റെ വടക്കുള്ള യൂറോപ്പിലെ രാജ്യങ്ങളെയും തെക്കുള്ള വടക്കൻ ആഫ്രിക്കയിലെ രാജ്യങ്ങളെയും പോലെ അവ ഭൂമിശാസ്ത്രപരവും നരവംശപരമായും മത- സാംസ്‌കാരികപരമായും രണ്ടു പകുതികളിൽ കിടക്കുന്നു എന്ന ആശയമാണത്. ഇപ്പറഞ്ഞ ഭൂഭാഗത്തുനിന്നു തന്നെയാണ് ഇസ്‌ലാം, ക്രൈസ്തവ, ജൂത മതങ്ങൾ തഴച്ചു വളർന്നതെങ്കിലും യൂറോപ്യൻ അധിനിവേശത്തിന്റെ തിക്തത അനുഭവിക്കേണ്ടി വന്നത് ഇസ്‌ലാമിനായിരുന്നു. ഈ വിഷയത്തിൽ അൾജീരിയയിൽ ജനിച്ച് ഫ്രാൻസിൽ ജീവിച്ച ദെറീദയുടെ ദർശനങ്ങൾ പ്രാധാന്യമർഹിക്കുന്നതാണ്.
ഇസ്‌ലാമും പടിഞ്ഞാറും എന്ന വിഷയത്തെ അധികരിച്ച് ദെറീദ അൾജീരിയയിലെ ചിന്തകനായ മുസ്തഫ ഷെരീഫുമായി നടത്തിയ സംഭാഷണങ്ങൾ ഏകോപിപ്പിച്ചുകൊണ്ടാണ് "Islam and the West - A Conversation with Jacques Derrida' എന്ന പുസ്തകം പിറവിയെടുക്കുന്നത്. അറബ് ജൂതവംശജനായ ദെറീദ ഇസ്‌ലാമുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് ഇതിൽ പങ്കുവെക്കുന്നു. ബഹുസ്വരമായ ഇസ്‌ലാം പോലെ പല വിധത്തിലുള്ള മുസ്‌ലിം ഉണ്ട്. പാശ്ചാത്യനാടുകൾ ബഹുസ്വരമാവുന്നതും വിവിധ പാശ്ചാത്യനാടുകൾ ഉണ്ടായിരുന്നതും പോലെയുള്ള സ്ഥിതിവിശേഷമാണിത്.

അഫ്ഗാനിസ്ഥാനിൽ പഖ്ത്യ പ്രവിശ്യയിലെ ബാമോസായിയിലുള്ള ഒരു സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിന് കെട്ടിടമോ ക്ലാസ്മുറികളോ ഇല്ല. പുറത്തെ മരച്ചുവട്ടിലാണ് പഠനം
അഫ്ഗാനിസ്ഥാനിൽ പഖ്ത്യ പ്രവിശ്യയിലെ ബാമോസായിയിലുള്ള ഒരു സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിന് കെട്ടിടമോ ക്ലാസ്മുറികളോ ഇല്ല. പുറത്തെ മരച്ചുവട്ടിലാണ് പഠനം

അപരൻ/അപര എന്ന സ്വത്വത്തെ അദ്ദേഹം നോക്കിക്കാണുന്നത് അതിനെ ചുറ്റിലുമുള്ളവരോട് ഏറ്റവും ചായ്‌വുള്ള ക്രമത്തിലേക്കാകുക എന്ന വിധത്തിലാണ്. ഇതിനെ സങ്കരസ്വത്വമായി ദെറിദ വിഭാവനം ചെയ്യുന്നു. എന്നാൽ ഇങ്ങനെയുള്ള ഒരു ലയനം/ കൊടുക്കൽവാങ്ങൽ (മുസ്‌ലിംകളായ) കുടിയേറ്റക്കാർക്ക് ആലോചിക്കാനാവുമോ? അഭയാർത്ഥികൾ അപരരായി ഗണിക്കപ്പെടുന്ന സമകാലത്ത് അപരത്വത്തിനും മൗലികവാദത്തിനും ഇടയിലുള്ള പരിതഃസ്ഥിതിയാണ് പ്രായേണ കണ്ടുവരുന്നത്. ഈ ചുറ്റുപാടിൽ, തീവ്രവാദത്തിന്റെ പരിണതഫലമായ മാനസികാഘാതം, പലസ്തീനിലും മറ്റും നിന്നുമുള്ള അഭയാർത്ഥികളുടെ ആത്മഹത്യ, ബന്ദികളായി പിടിച്ചുവെച്ചിരിക്കുന്നവരുടെ സ്ഥിതി എന്നിങ്ങനെ മുസ്‌ലിം സമുദായത്തെ പ്രത്യക്ഷമായും (പരോക്ഷമായും) അന്ധാളിപ്പിക്കുന്ന സംഗതികൾ പലതാണ് എന്ന് മുസ്തഫ അക്കമിട്ട് നിരത്തുന്നു.

ഇസ്​ലാം വിശ്വാസികൾ പടിഞ്ഞാറിന്റെ കണ്ണിൽ ഒരുകാലത്തു കരടായിരുന്നില്ല. എണ്ണ പര്യവേക്ഷണം ആരംഭിച്ച മുപ്പതുകളിൽ അമേരിക്കയ്ക്ക് സൗദി അറേബ്യയുമായി നയതന്ത്രതലത്തിലുള്ള സൗഹൃദം രൂപപ്പെട്ടിരുന്നു. ഏറെ വൈകാതെ അമേരിക്കൻ ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം വെളിവായി. മധ്യപൂർവ ഏഷ്യയിൽ ആധിപത്യം സ്ഥാപിക്കാനും സോവിയറ്റു യൂണിയനെ അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുക എന്നതായിരുന്നു അമേരിക്കയുടെ തന്ത്രം. 1979ലെ ഇറാനിയൻ വിപ്ലവത്തോടെ, ഇസ്‌ലാമികശക്തികളുമായി ബാന്ധവം നിലനിർത്തിയ പ്രബലരായ ലോക രാജ്യങ്ങളുടെ സൗഹൃദഭാവത്തിനു ചില വിള്ളലുകളുണ്ടായി. എങ്കിലും വിശുദ്ധപോരാളികൾ ആയി (അൽ ഖാഇദയുടെ പൂർവരൂപം) അഫ്ഗാനിസ്ഥാനിൽ സോവിയറ്റു യൂണിയനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക മുസ്‌ലിംകളെ ഉപയോഗപ്പെടുത്തി. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷവും ഈ ബന്ധം നിലനിന്നിരുന്നു എന്നത് പ്രസിദ്ധീകരിക്കപ്പെട്ട വസ്തുതയാണ്. ഒടുവിൽ 2001ലാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്.

മതം ജീവിതത്തിൽ സജീവമാകുന്നത് രണ്ടു തരമാവാം. ഒന്നുകിൽ ആത്മീയത കലർന്ന പ്രാർത്ഥനയോടെയോ അല്ലെങ്കിൽ അംഗീകരിക്കാൻ പ്രയാസമുള്ള തീവ്രമായ മൗലികവാദത്തിന്റെ ചേരുവയോടുകൂടിയോ ആവാം അത് സംഭവിക്കുന്നത്. രണ്ടായാലും അത് ജീവിതത്തിന്റെ പരിവട്ടങ്ങളിൽ സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മദ്ധ്യേയുള്ള ഒരു വിച്ഛേദമാണ്

എഴുപതുകൾക്ക് ഒടുവിൽ, ഇറാനിലെ വിപ്ലവത്തെ തുടർന്ന്, അമേരിക്ക ആശങ്കയോടെ വരച്ച ഭാവനാഭൂപടത്തിൽ ഏറ്റവും ഭീഷണി ഉയർത്തുന്ന കൂട്ടർ മധ്യപൂർവ രാഷ്ട്രങ്ങളിലെ അറബ് വംശജർ ആയിരുന്നു. അമേരിക്ക എല്ലാ തരത്തിലും സഹായിച്ചിരുന്ന ഇസ്രയേലിന്റെ ഭാവി ഉത്കണ്ഠാകുലമാക്കുന്ന ഘടകം കൂടിയായി ഇത് വളർന്നു. അമേരിക്കയുടെ വരേണ്യഭരണകൂടത്തിന് മുന്നിൽ "ഇസ്‌ലാമിക' ഭീഷണി ജനനം കൊള്ളുന്നതിന്റെ പാത പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നിന്ന് ഉരുവപ്പെട്ടു. നിർബന്ധിതമായ വിധത്തിൽ സൈനികവിന്യാസം നടന്നിട്ടുള്ള ഫലസ്തീനിലെ മുസ്‌ലിം ജനതയുടെ പീഡനപർവത്തെ സൗകര്യപൂർവം വിസ്മരിച്ചുകൊണ്ട്, "മതഭ്രാന്തുപിടിച്ച' അറബികളെ പറ്റിയായിരുന്നു അമേരിക്കയും ഇസ്രയേലും സദാ വിവശരായത്. മതഭ്രാന്ത് ചാർത്തപ്പെട്ട അറബികളുടെ സംസ്‌കാരത്തിനുമേൽ മറ്റൊരു രാഷ്ട്രീയത്തിന്റെ പ്രബലത പിടിമുറുക്കി. സ്വാഭാവികമായും ഇത്തരം "വിശ്വാസത്തിന്റെ' മറവിൽ തങ്ങളുടേതായ പട്ടാളനീക്കങ്ങൾ നടത്താൻ അമേരിക്ക-ഇസ്രായേൽ അച്ചുതണ്ടിനു കഴിഞ്ഞു. ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള സംഘർഷം അങ്ങനെ നിലവിൽ വന്നു. ഈ സംഹിത രാഷ്ട്രീയബലാബലത്തിനും സാമ്രാജ്യത്വമോഹത്തിനും അധിഷ്ഠിതമായ സംഘട്ടനത്തിനു കളമൊരുക്കുന്നു.

പൊളിറ്റിക്കൽ ഇസ്​ലാമിന്റെ വളർച്ച

9/11 നു നടന്ന ഭീകരസംഭവത്തെ തുടർന്ന് അമേരിക്കയിലെങ്ങും ഖുർആൻ വിൽപ്പന ഏറിയ തോതിൽ വർധിച്ചു. തീവ്രവാദവും ആക്രമണവും നടമാടുന്നതിനു പിന്നിലെ മതപരമായ കാരണങ്ങൾ തെരയാൻ വേണ്ടി പൊതുസമൂഹം വ്യാപകമായി ഖുർആൻ വാങ്ങിത്തുടങ്ങി. ക്രിസ്ത്യൻ മതസമൂഹവുമായി ബന്ധമുള്ള ആക്രമണങ്ങളിൽ ആരും ബൈബിളിൽ അതിന്റെ കാര്യകാരണങ്ങൾ അന്വേഷിച്ചിരുന്നില്ല എന്ന് ഓർക്കണം. യൂറോപ്പും അമേരിക്കയും എങ്ങനെയാണ് മുസ്‌ലിമിനെ ശത്രുവായി അവതരിപ്പിക്കുന്നതെന്ന വിധത്തിലുള്ള ചിത്രമാണ് വരച്ചെടുക്കുന്നത്. അങ്ങനെ ഇസ്‌ലാം കാലാകാലങ്ങളിൽ ഭരണാധികാരിമാരുടെ സൗകര്യങ്ങൾക്കായി രൂപം കൊണ്ട "അപരന്മാരുടെ' കൂട്ടമായി മാറി. മധ്യകാലത്തും അതിനു ശേഷവും ഇസ്​ലാം മതവിശ്വാസികളെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി ഉപയോഗിച്ച യൂറോപ്പിന്റെ അതേ പാതയിലൂടെയാണ് അമേരിക്കയും സമകാലത്ത് സഞ്ചരിച്ചതെന്നു വ്യക്തം. 1970 കളുടെ അവസാനത്തോടെ അമേരിക്കയിൽ ക്രിസ്ത്യൻ മൗലികവാദവും പുതുതായി ഉദയം ചെയ്ത ക്രിസ്ത്യൻ റൈറ്റ് പ്രസ്ഥാനവും സജീവമായി. സാമൂഹികപ്രശ്‌നങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള പ്രവർത്തക സംഘമായിത് ഭവിച്ചു. പറഞ്ഞുവരുന്നത്, ഇസ്‌ലാം മാത്രമല്ല മറ്റു മതങ്ങളും രാഷ്ട്രീയവുമായി കൂടിച്ചേർന്നു പ്രവർത്തിച്ചിരുന്നു എന്നതാണ്. പക്ഷെ ദൗർഭാഗ്യകരമായ ചില സംഭവങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുകയും നിഷ്പക്ഷമായ തീരുമാനത്തിലെത്തുകയും വേണം.

 സഹോദരനെയും കൊണ്ട് ഗ്രീസ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന സിറിയൻ അഭയാർത്ഥി ബാലൻ / Photo :UNHRC
സഹോദരനെയും കൊണ്ട് ഗ്രീസ് അതിർത്തി കടക്കാൻ ശ്രമിക്കുന്ന സിറിയൻ അഭയാർത്ഥി ബാലൻ / Photo :UNHRC

രാഷ്ട്രീയ ലക്ഷ്യങ്ങളും പരികല്പനകളും ഇസ്‌ലാം മതമൗലികവാദത്തെ പൊളിറ്റിക്കൽ ഇസ്‌ലാം എന്ന സങ്കേതത്തിലേക്ക് വ്യാഖ്യാനിക്കപ്പെടുന്നതിനു ഇടയാക്കി. ദീപാ കുമാറിന്റെ ശ്രദ്ധേയമായ "Islamophobia and the Politics of Empire' എന്ന പുസ്തകത്തിൽ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ വകഭേദത്തെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഇറാനെയാണ് എഴുത്തുകാരി ഒരു "കേസ് സ്റ്റഡി' പോലെ എടുത്തിരിക്കുന്നത്. ഷാ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഖൊമേനിയുടെ നേതൃത്വത്തിൽ ഷിയ മുസ്​ലിംകളാണ് ഇറാനിൽ വിപ്ലവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. രാഷ്ട്രീയത്തിൽ അത്രകണ്ട് തൽപരരല്ലാതിരുന്ന ഷിയ മുസ്​ലിംകളെ ഇസ്‌ലാമിന്റെ പേരിൽ ഒരുമിപ്പിച്ച് നിർത്താനും വിപ്ലവത്തിന്റെ ഭാഗമാക്കാനും ഖൊമേനിക്ക് സാധിച്ചു. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനു മാർഗം സൃഷ്ടിക്കാൻ ഇസ്‌ലാം ഐക്യദാർഢ്യത്തെ വിജയകരമായി കൂട്ടുപിടിച്ച ഖൊമേനിയുടെ പിൽക്കാല ചെയ്തികൾ നമുക്കറിയാവുന്നതാണ്.

മതനിരപേക്ഷമായ ദേശീയതയുടെ പരാജയം, ഇടതുപക്ഷത്തിന്റെ അപചയം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയാണ് പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ വളർച്ചയ്ക്ക് നിദാനമായതെന്ന്​ ദീപാ കുമാർ പറയുന്നു

എന്നാൽ ഇതിനിടയിൽ, ഇതേ കാലഘട്ടത്തിൽ ഫലസ്തീനിൽ സുന്നികളുടെ മുസ്‌ലിം ബ്രദർഹുഡ് താരതമ്യേന നിശ്ശബ്ദരായിരുന്നു. പൊതുമധ്യത്തിലെ പ്രക്ഷോഭങ്ങൾക്ക് പകരം അവർ വരും തലമുറകളെ ഒരു "ഇസ്‌ലാമിക് സ്റ്റേറ്റ്' വാർത്തെടുക്കാനായി സജ്ജരാക്കുകയായിരുന്നുവത്രെ. എന്നാൽ ഈ ബ്രദർഹുഡിൽ ചെറിയ തരത്തിൽ ആശയസംഘർഷമുണ്ടാകുകയും ഫലസ്തീന് വേണ്ടി "വിശുദ്ധയുദ്ധം' ചെയ്യാനുള്ള ആഹ്വാനമുണ്ടാകുകയും ചെയ്തു. ബ്രദർഹുഡിലെ അംഗങ്ങൾ തമ്മിൽ വൈരുധ്യങ്ങൾ രൂക്ഷമായി. ഏറെ വൈകാതെ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഹമാസ് എന്ന സംഘടന ജന്മമെടുത്തു. പിന്നീട് മതം കൂടെ ഈ കലാപത്തിന്റെ ഭാഗഭാക്കാവുന്നതാണ് കാണാൻ കഴിഞ്ഞത്. ഗാസ മുനമ്പിലും വെസ്റ്റ്ബാങ്കിലുമുള്ള ഇസ്രയേൽ അധിനിവേശത്തെ ചെറുത്തുനിൽക്കുന്ന ഫലസ്തീൻ പോരാളികൾക്ക്, രാജ്യം അധിനിവേശം ചെയ്തതിനോടെന്ന പോലെ ഇസ്‌ലാമിനെ ഉന്മൂലനാശം ചെയ്യാനുള്ള പദ്ധതികളെ തകർക്കുക എന്നതും മുഖ്യമായിരുന്നു. മത/രാഷ്ട്രീയലക്ഷ്യങ്ങൾ ഒരേ സ്ഥാനത്തു കേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് അവർ നടന്നു നീങ്ങുന്ന കാഴ്ചയാണിത്. ഇങ്ങനെയുള്ള ചുറ്റുപാടിൽ, ഇസ്​ലാമിക നിയമം അനുശാസിക്കുന്ന ഒരു ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ധാരണ നിലവിൽ വരുകയാണ്.

കെയ്‌റോയിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ  മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തകരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടപ്പോൾ (2014 ജൂലൈ 26)
കെയ്‌റോയിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തകരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടപ്പോൾ (2014 ജൂലൈ 26)

തീവ്രതയുടെ തോതിൽ ഏറ്റക്കുറച്ചിലുകളുള്ള സംഘടനകൾ ഒരുമിച്ച് ചേരുമ്പോഴുള്ള പ്രതിസന്ധികൾ സാധാരണമാണ്. ദീപാ കുമാർ ചൂണ്ടിക്കാട്ടുന്ന മൂന്ന് ഘടകങ്ങൾ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ വളർച്ചയ്ക്ക് നിദാനമായിട്ടുണ്ട്. മതനിരപേക്ഷമായ ദേശീയതയുടെ പരാജയം, ഇടതുപക്ഷത്തിന്റെ അപചയം, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയാണ് ദീപാ കുമാർ ഈ വിഷയത്തെ സംബന്ധിച്ച് തന്റെ പുസ്തകത്തിൽ ഉയർത്തിക്കാട്ടുന്നത്. രണ്ടാം ലോകയുദ്ധാനന്തരം അധിനിവേശ വിരുദ്ധപ്രവർത്തനങ്ങൾക്ക് ആക്കം കൂടുകയും പല രാജ്യങ്ങളും മതനിരപേക്ഷമായ രീതികൾ പിൻതുടരാനും ആരംഭിച്ചു. എന്നാൽ സൗദിഅറേബ്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പടിഞ്ഞാറൻ രാജ്യങ്ങളുടെ പ്രഭാവലയം മാഞ്ഞുപോയിരുന്നില്ല.

മൂടുപടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന സ്ത്രീത്വത്തെ അനാവരണം ചെയ്യാനായിരുന്നു കൊളോണിയൽ ശക്തികൾ ശ്രമിച്ചത്. എന്നാൽ കാലത്തിനു മാറ്റം വരുമ്പോഴേക്കും ശിരോവസ്ത്രത്തിന്റെ രാഷ്ട്രീയാർത്ഥത്തിന് സ്ഥിതിഭേദമുണ്ടാവുകയാണ്

മതകേന്ദ്രീകൃതമല്ലാത്ത ദേശീയത എന്നതിന് തകർച്ച സംഭവിക്കുന്നതോടെ ഇസ്‌ലാമിക അനുയായികൾക്ക് വർധനവ് വന്നുതുടങ്ങി. ഇതിന്റെ ദൃഷ്ടാന്തമെന്നോണം ഈജിപ്തിലെ വിദ്യാർത്ഥികൾ ഇടതുപക്ഷത്തോട് വിമുഖത കാണിക്കുകയും അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിക ജീവിതം നയിക്കുന്നവരായി മാറുകയും ചെയ്തു. അൻവർ സാദത്ത് ഈജിപ്തിന്റെ രാഷ്ട്രപതിയായിരുന്ന എഴുപതുകളിൽ ഭരണകൂടം ബോധപൂർവം ഇസ്‌ലാമിക സംഘങ്ങളെയും യുവാക്കൾ മതാനുകൂലികളാകുന്നതിനെയും പിന്തുണച്ചു. ഇടതുപക്ഷത്തിന്റെ സ്വാധീനം നിർമാർജനം ചെയ്തുകൊണ്ട് തീവ്രചിന്താഗതിക്കാരായ ഇസ്‌ലാം വിശ്വാസികളെ വാർത്തെടുത്ത ഈജിപ്ത് ഭരണകൂടം ഒരു ഉദാഹരണം മാത്രമാണ്. തിരക്കുപിടിച്ച പൊതുഗതാഗതവാഹനങ്ങളിൽ വിദ്യാർത്ഥിനികൾ അവഹേളിക്കപ്പെടുന്നത് പതിവായപ്പോൾ അവരെ പ്രത്യേക ബസ്സുകളിൽ കൊണ്ടുപോകാനുള്ള "ഇസ്​ലാമിക' പരിഹാരം അവിടെ നിലവിൽ വന്നു. എന്നാൽ അവർക്ക് ശിരോവസ്ത്രം നിർബന്ധിതമാക്കി. ദീപാ കുമാർ വിശദീകരിക്കുന്ന ഈ പ്രശ്‌നത്തിന്റെ കൃത്യതക്കുറവിനെ സംബോധന ചെയ്യാൻ, അന്ന് ഉത്തരവാദിത്തമുള്ളവർ തയ്യാറായതുമില്ല. വൈകാതെ തന്നെ അള്ളാഹു അക്ബർ എന്ന വിളിയും ജനാധിപത്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾക്കൊപ്പം മുഴങ്ങിക്കേട്ടു.

മതനിരപേക്ഷമെന്നോ മതാത്മകമെന്നോയുള്ള അന്തരമില്ലാതെ രാഷ്ട്രീയം സ്വാർത്ഥലാഭങ്ങൾക്കായി യത്‌നിക്കുന്നതിന്റെ സമീപദൃശ്യങ്ങളിലൊന്നാണ് ഇത്. പരമ്പരാഗതമായി മുസ്‌ലിം സ്ത്രീകൾ വിധേയത്വമുള്ളവരാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിന്റെ വിവാദം വിളിച്ചുവരുത്തിയ വാക്കുകൾ ഇവിടെ ഓർമിക്കാം. ഹിജാബും ബുർഖയും അണിയുന്നതു‌കൊണ്ട് അവരുടെ സ്വത്വബോധം യാഥാസ്ഥിതികമാണെന്ന പൊതുബോധം ഊട്ടിയുറപ്പിക്കാനേ ഇത്തരം അഭിപ്രായപ്രകടനങ്ങൾക്ക് സാധിക്കൂ.

റോഹിംഗ്യൻ അഭയാർഥികൾ
റോഹിംഗ്യൻ അഭയാർഥികൾ

പൊതുസമൂഹത്തിന്റെ ഇസ്‌ലാമോഫോബിയയോടൊപ്പം സ്ത്രീവിരുദ്ധത സ്വന്തം സമുദായത്തിൽനിന്നു വരെ ഏറ്റുവാങ്ങേണ്ടി വരുന്ന മുസ്‌ലിം സ്ത്രീകളെ കുറിച്ചുള്ള ഒരു സമൂഹധാരണയാണ് കാമറൂൺ പങ്കുവെച്ചതെന്നു കരുതണം. ഈ അടുത്തകാലത്ത്​, ലണ്ടനിൽ, സ്‌കൂളിൽ പഠിക്കുന്ന കുട്ടിയെ വിളിക്കാൻ ഹിജാബ് അണിഞ്ഞുപോയ യുവതിയെ മൂന്നു സ്ത്രീകൾ ചേർന്ന് അധിക്ഷേപിച്ചത് വാർത്തയായിരുന്നു. ഈ ഘട്ടത്തിൽ, അൾജീരിയയെ അധിനിവേശം ചെയ്ത ഫ്രാൻസിന്റെ തത്വസംഹിതയെ ഫ്രാൻസ് ഫാനോൻ വിവരിച്ചത് എടുത്തുപറയേണ്ട കാര്യമാണ്. സ്ത്രീകളുടെ സ്വത്വബോധത്തെ തകർക്കാനുള്ള അധിനിവേശ ശക്തികളുടെ "യുക്തി'യെയാണ് ഫാനോൻ വ്യക്തമാക്കുന്നത്. മൂടുപടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന സ്ത്രീത്വത്തെ അനാവരണം ചെയ്യാനായിരുന്നു കൊളോണിയൽശക്തികൾ ശ്രമിച്ചത്. എന്നാൽ കാലത്തിനു മാറ്റം വരുമ്പോഴേക്കും ശിരോവസ്ത്രത്തിന്റെ രാഷ്ട്രീയാർത്ഥത്തിന് സ്ഥിതിഭേദമുണ്ടാവുകയാണ്. പടിഞ്ഞാറിന്റെ ആകുലതകളും രാഷ്ട്രീയ ബലപരീക്ഷകളും പ്രക്ഷേപിക്കുന്ന ആവരണമായി മുസ്‌ലിം ശിരോവസ്ത്രത്തിനു പരിവർത്തനം വന്നു. വസ്ത്രങ്ങൾ ഇസ്‌ലാമോഫോബിയയെ ധ്വനിപ്പിക്കുന്ന ആധാരമായിത്തീരുന്നു.

വംശീയത വേരുകളാഴ്ത്തിയിട്ടുള്ള ഇസ്‌ലാമോഫോബിയ ലക്ഷ്യം വെയ്ക്കുന്നത് മുസ്‌ലിം സ്വത്വത്തിന്റെയോ മുസ്‌ലിം സ്വത്വമെന്നു കരുതപ്പെടുന്നതിന്റെയോ ആവിഷ്‌കരണത്തിലാണ്

Islam and the West എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ മുസ്തഫ ഷെരിഫ് അര്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഉറപ്പിച്ചു പറയുന്ന ഒരു കാര്യമുണ്ട്. "മതം ജീവിതത്തിൽ സജീവമാകുന്നത് രണ്ടു തരമാവാം. ഒന്നുകിൽ ആത്മീയത കലർന്ന പ്രാർത്ഥനയോടെയോ അല്ലെങ്കിൽ അംഗീകരിക്കാൻ പ്രയാസമുള്ള തീവ്രമായ മൗലികവാദത്തിന്റെ ചേരുവയോടുകൂടിയോ ആവാം അത് സംഭവിക്കുന്നത്. രണ്ടായാലും അത് ജീവിതത്തിന്റെ പരിവട്ടങ്ങളിൽ സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മദ്ധ്യേയുള്ള ഒരു വിച്ഛേദമാണ്'. ഇങ്ങനെയുള്ള ജീവചക്രം പിന്തുടരുന്ന പൊതുസമൂഹം എത്തിനിൽക്കുന്നത് ഇസ്‌ലാമോഫോബിയയിലാണ്. പറഞ്ഞു പഴകിയ പദമായി മാറിക്കൊണ്ടിരിക്കുന്ന "ഇസ്‌ലാമോഫോബിയ' വെറുപ്പ് ഉൽപാദിപ്പിക്കുന്ന വാക്കാവുന്നത് മുൻധാരണകളെ കൂട്ടുപിടിച്ചാണ്. ചുരുക്കത്തിൽ, വംശീയത വേരുകളാഴ്ത്തിയിട്ടുള്ള ഇസ്‌ലാമോഫോബിയ ലക്ഷ്യം വെയ്ക്കുന്നത് മുസ്‌ലിം സ്വത്വത്തിന്റെയോ മുസ്‌ലിം സ്വത്വമെന്നു കരുതപ്പെടുന്നതിന്റെയോ ആവിഷ്‌കരണത്തിലാണ്. Runnymede Trust Reportൽ ഇസ്‌ലാമിനെ സംബന്ധിച്ച സങ്കുചിതവിചാരങ്ങളെ "Closed Set' ആയി വിശേഷിപ്പിച്ചിട്ടുണ്ട്. ആത്യന്തികമായി "അപരത്വ'ത്തിലേക്ക് നയിക്കുന്ന അത്തരം സ്ഥിതിവിശേഷങ്ങളിൽ നിന്ന് പൊതുസമൂഹം മുക്തി നേടിയിട്ടുണ്ടോ എന്ന ചോദ്യം തികച്ചും പ്രസക്തമാണ്.▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments