ബിസിനസ്സ് മാഗസിന്റെ കവറായി വന്ന വിഷ്ണുരൂപം ധരിച്ചുകൊണ്ടുള്ള ധോണിയുടെ ചിത്രം

മതവിമർശനം എന്തുകൊണ്ട് അസാധ്യമാകുന്നു?

മതരഹിതരുടെ ശാസ്ത്രബോധത്തിലൂന്നിയ പ്രബോധനങ്ങളെ വിലകുറച്ചു കാണുന്നതും അവഹേളിക്കുന്നതും മതമേലാളന്മാരുടെ വിനോദമാണ്. അപ്പോൾ മതരഹിതരായ മാനവസ്​നേഹികൾക്കുണ്ടാകുന്ന അവഹേളനം ഏതുകോടതിയാണ് ഗൗരവമായി പരിഗണിച്ചിട്ടുള്ളത്?

ന്ത്യ ഒരു മതരാഷ്ട്രമാണ് എന്നുപറയാൻ സാധിക്കില്ല. പക്ഷെ ഇതൊരു മതരാഷ്ട്രമായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് എന്ന സത്യം ഇപ്പോൾ സമ്മതിക്കാതെ തരമില്ലാതായിരിക്കുന്നു. കാക്കത്തൊള്ളായിരം കോടതിവിധികളുണ്ട്, ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലേബലിൽ നിരപരാധികളെ, ജനാധിപത്യ മതേതര വിശ്വാസികളെ, എഴുത്തുകാരെ, മതരഹിതരെ, യുക്തിവാദികളെ ജയിലടപ്പിച്ച കോടതി വിധികൾ! ആവിഷ്‌ക്കാരത്തിന്റെ പേരിൽ ആരെന്തു കളികളിച്ചാലും മതത്തിൽ മാത്രം ആരും തൊട്ടുകളിക്കരുത് എന്ന് താക്കീതു കൊടുക്കുന്ന വിധികൾ. ഈ കോടതി വിധികളുടെയൊക്കെ പൊതുസ്വഭാവമെന്താണ്? മതവിശ്വാസികളുടെ വികാരമെന്നത് പരിപാവനമാണെന്നുതന്നെയാണ് ഇന്ത്യൻ നീതിപീഠം വിശ്വസിക്കുന്നത്. ചിന്തകൾ സ്വയം രൂപീകരിക്കാനും അത് പങ്കുവെക്കാനും ഭരണഘടനാപരമായ നൈതികരീതിയിൽ എന്തിനേയും വിമർശിക്കാനുമുള്ള അധികാരം ആർട്ടിക്കിൾ 19 നൽകുമ്പോൾത്തന്നെ മതങ്ങളെ വിമർശിക്കുമ്പോൾ മാത്രം കോടതിക്ക് പൊള്ളുന്നത് എന്തുകൊണ്ടാവാം?

വിശ്വാസികൾക്കുമാത്രം ജീവിച്ചാൽ മതിയോ?

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 295 എ പറയുന്നത് മനഃപൂർവമോ ദുരുദ്ദേശ്യപരവുമായോ മതവികാരത്തെ വൃണപ്പെടുത്തുന്നതിനെക്കുറിച്ചാണ്. അതെ... അതാരു ചെയ്താലും തെറ്റുതന്നെ എന്നു സമ്മതിക്കാം. ഈ നാട്ടിൽ ആരുടേയും മതവികാരം വ്രണപ്പെടരുത്, എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളായി അവരവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും മുറുകെപ്പിടിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അതൊരിക്കലും മറ്റൊരാളിന്റെ വിശ്വാസ സ്വാതന്ത്ര്യത്തെയൊ സമത്വാധിഷ്ഠിതമായ നീതിയുടെ വിതരണത്തെയോ ബാധിക്കരുത്. ആധുനിക ഇന്ത്യയുടെ ശാസ്ത്രവബോധത്തിനും യുക്തിചിന്തയ്ക്കും നിരക്കാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ നൈതികത അവകാശപ്പെടാനില്ലാത്ത ദൈവങ്ങളുടെ പുണ്യപുരാണ കഥാസന്ദർഭങ്ങളോ, ഒക്കെ കാണുമ്പോൾ ചിന്തിക്കുന്ന, ആശയങ്ങൾ ആവിഷ്‌ക്കരിക്കുന്ന ആരും പല രീതിയിൽ വിമർശിക്കാം. ചിലർ എഴുത്തിലൂടെയാണ് പ്രതികരിക്കുക, മറ്റു ചിലർ സിനിമകളിലൂടെയോ നാടകങ്ങളിലൂടെയോ ചെയ്യാം. മറ്റു ചിലർ ബോഡി പൊളിറ്റിക്സിന്റെ സാധ്യതകൾ തേടാം. ഇതൊക്കെ എങ്ങനെയാണ് മതനിന്ദയാകുന്നത്?

മതരഹിതരായ പുരോഗമന വാദികളുടെ വികാരങ്ങളെക്കുറിച്ച് നമ്മുടെ നിതിന്യായ വ്യവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യയിൽ എല്ലാവരും മതവിശ്വാസികളാണോ... അല്ലല്ലോ.. സമൂഹത്തിന്റെ താഴെത്തട്ടിൽ കിടക്കുന്ന ദളിതരും, യുക്തിവാദികളും, ഒരു മതത്തിനുള്ളിൽ അതിനെ എതിർക്കാതെയോ പുൽകാതെയോ കഴിയുന്നവരും കൂടി ചേരുന്നതാണല്ലോ രാഷ്ട്രം. സംഘടിത മതത്തിന്റെ ഭാഗമല്ലാത്തവരുടെ മതം പുരോഗമന ചിന്തയുടെ മതമാണ്. ശാസ്ത്രസത്യങ്ങളുടേയും യാഥാർത്ഥ്യബോധത്തിന്റെയും മാർഗമാണ്. അതിന്റെ സ്വതന്ത്രമായ ഇടപെടലുകളെ ചോദ്യം ചെയ്യുമ്പോൾ ഇക്കൂട്ടർക്കും ആഴത്തിൽ മുറിവേൽക്കാം. അവരുടെ വികാരങ്ങളും വികാരങ്ങളാണ്. കൽബുർഗിയും, പൻസാരെയും, ഗൗരി ലങ്കേഷുമൊക്കെ രക്തസാക്ഷിത്വം വരിച്ചത് അവരുടെ ഈ ധൈഷണിക പാതയിൽ സുധീരം മുന്നോട്ടു പോയിക്കൊണ്ടിരുന്ന വേളയിലാണ്.

എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്
എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്

മതരഹിതരുടെ ശാസ്ത്രബോധത്തിലൂന്നിയ പ്രബോധനങ്ങളെ വിലകുറച്ചു കാണുന്നതും അവഹേളിക്കുന്നതും മതമേലാളന്മാരുടെ വിനോദമാണ്. അപ്പോൾ ഈ മതരഹിതരായ മാനവ സ്നേഹികൾക്കുണ്ടാകുന്ന അവഹേളനം ഇതുവരെ ഏതുകോടതിയാണ് ഗൗരവമായി പരിഗണിച്ചിട്ടുള്ളത്? മതരഹിതരായ പുരോഗമന വാദികളുടെ വികാരങ്ങളെക്കുറിച്ച് നമ്മുടെ നിതിന്യായ വ്യവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മതവിശ്വാസമില്ലാത്തവർക്ക് "വികാരം' ഇല്ല എന്നാണോ രാജ്യത്തെ ന്യായാധിപന്മാർ കരുതുന്നത്? അവനവന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു ജീവിക്കണമെന്നുള്ളവർക്ക് അങ്ങനെയാകാം. പക്ഷെ സമൂഹത്തിലെ യുക്തിരാഹിത്യത്തെ വിമർശിക്കുന്നവനെ മതനിന്ദകന്റെ ചാപ്പകുത്തി നാട്ടിലെ പുരോഗമന ചിന്താഗതിക്കാരെ ജയിലിലടയ്ക്കുന്നതിന്റെ കോൺസ്റ്റിറ്റിയൂഷണാലിറ്റിയെന്താണ്, അതിൽ എന്തു നൈതികതയാണുള്ളത്? മതവിശ്വാസികൾക്കുമാത്രം ജീവിക്കാൻ കൊള്ളുന്ന ഒരു നാടാക്കി ഇന്ത്യ എന്ന വിശാലചിന്തയെ പരിമിതപ്പെടുത്തുന്നതിനെതിരെ ഇന്ത്യയിലെ വിശാല പുരോഗമന പക്ഷം ഒന്നിച്ചു നിൽക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മതമെന്നാൽ മാർഗം എന്നാണർത്ഥം. ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ഒരു പാത മാത്രമാണ് മതം. ചുരുക്കിപ്പറഞ്ഞാൽ കുറെ റൂൾസിന്റെയും റെഗുലേഷൻസിന്റെയും ആചാരങ്ങളുടെയും ആകത്തുക മാത്രമാണ് മതം. ദൈവത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾകൂടിയാണ് മതം. ആത്യന്തികമായി അതൊരു ചിന്തയും മാർഗരേഖയും മാത്രമാണ്. ഒരു ജനാധിപത്യ നൈതികബോധത്തിന്റെ കണ്ണടയിലൂടെ നോക്കുമ്പോൾ ഒരിക്കലും അത് വിമർശനാതീതമല്ല എന്നുമാത്രമല്ല, അതിനെ ഒരു വലിയ വൈകാരിക സംഞ്ജയായി കാണേണ്ട കാര്യവുമില്ല. അങ്ങനെ ആരെങ്കിലുമൊക്കെ കാണുന്നുണ്ടെങ്കിൽത്തന്നെ അത് ജനാധിപത്യ നീതിന്യായവ്യവസ്ഥയെ സംബന്ധിച്ച് സാധാരണ നിലക്ക് ഗൗരവതരമായ ഒരു കാര്യവുമല്ല.

എഫ്.എം.സി.ജി. സാധനങ്ങൾ കൈയ്യിലേത്തിയ വിഷ്ണുരൂപത്തെക്കാൾ മാപ്പുകൊടുക്കാൻ കഴിയാത്ത എന്തു തെറ്റാണ് രഹ്‌ന ഫാത്തിമ എന്ന യുവതിയുടെ കാൽമുട്ടുകളുടെ പ്രദർശനത്തിൽ ഉണ്ടായിരുന്നത്

മതനിന്ദയും രഹ്‌ന ഫാത്തിമയും

ക്രിക്കറ്റുകളിക്കാരൻ ധോണിയുടെതായി വിഷ്ണുരൂപം ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം ഒരു ബിസിനസ്സ് മാഗസിന്റെ പുറംചട്ടയിൽ വന്നതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ വരികയുണ്ടായി. അതിൽ പറഞ്ഞത് മനഃപൂർവമല്ലാത്ത "ഇൻസൾട്ട്' ആണുണ്ടായിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇത് 295 എ യുടെ പരിധിയിൽ പെടുത്തേണ്ട കാര്യമില്ല എന്നാണ്. ഇത്തരം സംഭവങ്ങളെ പ്രശ്നവൽക്കരിക്കുന്നത് യഥാർത്ഥത്തിൽ നിയമവ്യവസ്ഥയുടെ ദുരൂപയോഗമാണെന്നാണ് 2017 ൽ കോടതി പരാമർശം നടത്തിയത്. എന്നാൽ 2018 ൽ ശബരിമല സ്ത്രീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ കാൽമുട്ടുകൾ പ്രദർശിപ്പിച്ച സ്വാമിനിയുടെ രൂപമണിഞ്ഞ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് രഹ്‌ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ കുറച്ചുകാലം ജാമ്യം കൊടുക്കാതെ തടവിൽ പാർപ്പിക്കുകയുണ്ടായി. ഈ കോടതി നടപടിയെ എങ്ങനെ വിലയിരുത്താം? എന്താണ് കേസിൽ കോടതി കണ്ട മതനിന്ദ? ധോണി മനഃപൂർവല്ലാതെയാണ് വിഷ്ണുവേഷം ധരിച്ചതെന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം അന്നു കണ്ടെത്തിയത്. ചിത്രം ഇന്നും ഇന്റർനെറ്റിൽ ലഭ്യമാണ്. ആറു കരങ്ങളിൽ ലേയ്സും കോളയും ബൂസ്റ്റും മൊബൈൽ ഫോണുമായി നിൽക്കുന്ന ചിത്രം മനഃപൂർവമല്ലാത്ത ഇൻസൾട്ടാണെന്നാണ് കോടതി പറഞ്ഞത്. മനഃപൂർവമല്ലാതെ ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിക്കാൻ കഴിയുമോ? ഇനിയത് മനഃപൂർവമാണെങ്കിൽത്തന്നെ അതിൽ മതനിന്ദയെന്ത് എന്ന ചോദ്യം ബാക്കി. കാൽമുട്ടുകൾ പ്രദർശിപ്പിച്ചു എന്ന പേരിൽ കോടതി നടപടി ഏറ്റുവാങ്ങേണ്ടി വന്ന രഹ്‌ന ഫാത്തിമയുടെ കേസിന് ധോണിയുടെ കേസുമായി താരതമ്യങ്ങളില്ല എന്നുവേണം കരുതാൻ. എന്നാൽ ധോണിയുടെ കേസിൽ അറസ്‌റ്റോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ധോണിക്ക് അനുഭവിക്കേണ്ടി വന്നില്ല.

രഹ്‌ന ഫാത്തിമ
രഹ്‌ന ഫാത്തിമ

എഫ്.എം.സി.ജി. സാധനങ്ങൾ കൈയ്യിലേത്തിയ വിഷ്ണുരൂപത്തെക്കാൾ മാപ്പുകൊടുക്കാൻ കഴിയാത്ത എന്തു തെറ്റാണ് രഹ്‌ന ഫാത്തിമ എന്ന യുവതിയുടെ കാൽമുട്ടുകളുടെ പ്രദർശനത്തിൽ ഉണ്ടായിരുന്നത്. മുറിപ്പെടുന്ന വികാരങ്ങളുടെ തോത് ഈ രണ്ടു ചിത്രങ്ങൾ കാണുന്നതിലൂടെ ഒരു വിശ്വാസിയിൽ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ആദ്യത്തെ ചിത്രത്തെക്കാൾ രണ്ടാമത്തെ ചിത്രത്തിൽ എന്താണ് മനഃപൂർവമായി ഒരു മതത്തെ വ്രണപ്പെടുത്തുന്നതായ ഘടകം? ആദ്യത്തെ ചിത്രത്തിൽ ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികളുടെ ആരാധനാ പാത്രമായ ധോണിയാണ്. രണ്ടാമത്തെ ചിത്രത്തിൽ, മോഡലും അഭിനേത്രിയുമൊക്കെയാണെങ്കിലും എവിടെയുമെത്താതെ പോയ ഒരു സാധാരണക്കാരിയാണ് കുറ്റക്കാരി. ഇത് ഇരട്ടനീതിയല്ലേ...?
ഈ ചിത്രത്തിൽ ഇവർ ചെയ്ത കുറ്റമെന്താണെന്നുമാത്രം ആരും ചോദിക്കരുത്. അതിന് കോടതിക്ക് ഉത്തരമില്ല. പ്രത്യേക്ഷത്തിൽ ഇതൊരു മതനിന്ദയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ പ്രതിയെ കോടതി റിമാന്റിൽ വെച്ചത്. രണ്ടു ചിത്രങ്ങളും മനഃപൂർവമായ ഒരു പ്രവൃത്തിയാണ്. മനഃപൂർവമല്ലാതെ രണ്ടുകൂട്ടർക്കും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാൻ സാധ്യമല്ല എന്നതാണ് സത്യം. ഒരു യുവതിയുടെ കാൽമുട്ടുകണ്ടാൽ മതവികാരം വ്രണപ്പെടുന്നതെങ്ങനെ എന്ന ചോദ്യം കേരളത്തിൽ സാധാരണക്കാരന്റെ സാമാന്യയുക്തി നെഞ്ചിൽക്കിടന്ന് ചക്രശ്വാസം വലിക്കുമ്പോൾ, നീതിന്യായസംവിധാനം ശബരിമല വിശ്വാസികളുടെ വികാരതരംഗത്തിന് വഴിപ്പെട്ട് "അഹങ്കാരി'യായ ഈ യുവതിയെ ഒരു പാഠം പഠിപ്പിക്കാൻ ഒരൽപം പഴയകാലത്തെ രാജാവിന്റെ നീതിബോധത്തിലേക്ക് മടങ്ങിപ്പോയി എന്ന് പരസ്യമായി പറയാൻ, വാദിക്കാൻ ഒരാളും ധൈര്യപ്പെട്ടില്ല.

ഡോ. ബി.ആർ. അംബേദ്കർ, പെരിയാർ ഇ.വി. രാമസ്വാമി
ഡോ. ബി.ആർ. അംബേദ്കർ, പെരിയാർ ഇ.വി. രാമസ്വാമി

പ്രശസ്തി ലക്ഷ്യമിട്ട് ശബരിമലയിൽ പോയി സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന പേരിൽ ഭരണ കക്ഷിയും, വിശ്വാസികളെ വെല്ലുവിളിച്ചതിന്റെ പകയിൽ വലതു-പ്രതിപക്ഷ ശക്തികളും ഈ അനീതിയോട് നിശബ്ദത പാലിച്ചു. മതവിശ്വാസികളുടെ വ്രണപ്പെടാൻ വെമ്പിനിൽക്കുന്ന മൃദുല വികാരങ്ങളുടെ പേരിൽ ഇവിടെ ഒരു സാധാരണ പൗരന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. 295 എ എത്രമാത്രം കാട്ടുനീതിയാണെന്നോ, അതിന്റെ ജനാധിപത്യ വിരുദ്ധത എത്രത്തോളമുണ്ടെന്നതോ എവിടെയും ഒരു ചർച്ചയായില്ല. കോടതിയലക്ഷ്യം പേടിച്ച് ആരും അതൊരു ചർച്ചാവിഷയമാക്കിയിരിക്കില്ല. മലയാള സിനിമയിലെ സർവാദരണീയനായ ഒരു നടന്റേതായി, കറുത്ത മുണ്ട് തുടയ്ക്കു മുകളിൽ വലിച്ചുടുത്ത് ജീപ്പിന്റെ ബോണറ്റിൽ കയറിയിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ കോടതിക്കെതിരെ ട്രോളായി പലരും ഷെയർ ചെയ്തു. ആണുങ്ങൾ കറുപ്പു വസ്ത്രമുടുത്ത് തുടകാണിച്ചാൽ പ്രശ്നമില്ല. സ്ത്രീകൾ കാൽമുട്ടുകാണിച്ചാൽ മാത്രം വൃണപ്പെടുന്ന മതവികാരത്തിന് എന്തോ കുഴമുണ്ടല്ലൊ എന്ന് കോടതിക്ക് തോന്നിയതുമില്ല.

മതത്തിനാകാം, മനുഷ്യന് പാടില്ല

മതത്തിന് മനുഷ്യനിന്ദ എത്രവേണമെങ്കിലുമാകാം. പക്ഷെ മനുഷ്യന് മതനിന്ദ പാടില്ല. മതത്തിന് മനുഷ്യനെ അവഹേളിക്കാം. ലിംഗ സമത്വത്തെ നിഷേധിക്കാം. മനുഷ്യരെ പലതരം ശ്രേണി വ്യവസ്ഥകളിൽ വേർതിരിച്ച് പീഡിപ്പിക്കാം. ദൈവത്തിന്റെ പേരിൽ, വിശ്വാസങ്ങളുടെ പേരിൽ, ആചാരങ്ങളുടെ പേരിൽ എത്രവേണമെങ്കിലും മനുഷ്യരെ വഴിതെറ്റിക്കാം, മതരഹിതരെയും യുക്തിവാദികളേയും പുലയാട്ടുവിളിക്കാം, കൊന്നുതള്ളാം... ആർക്കും ഒരു പരാതിയുമില്ല. നിയമങ്ങളുണ്ട്, പക്ഷെ എല്ലാത്തിനുമില്ല. മതരഹിതരുടെ ജീവിതമതം (പാത) ശാസ്ത്ര ചിന്തയും യുക്തിചിന്തയുമാണ്. അത് സ്വതന്ത്രമായി പറയാനും പങ്കുവയ്ക്കാനുമുള്ള അവകാശത്തിന്റെ നിഷേധമായിട്ടാണ് പലപ്പോഴും 295 എ വന്നു നിൽക്കാറ്.

ആർത്തവം അയിത്തമായിക്കണ്ട് യുവതികൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെ ഒരു നിന്ദയായിക്കണ്ട് കോടതി സ്വമധേയാ കേസെടുക്കേണ്ടതല്ലേ. വിശ്വാസത്തിന്റെ ലേബലിൽ ഈ ഹീനമായ മനുഷ്യാവകാശലംഘനത്തിനെതിരെ കോടതി കണ്ണടയ്ക്കുന്നുണ്ടെങ്കിൽ ഈ മതബോധത്തിനകത്താണ് നീതിബോധം പ്രവർത്തിക്കുന്നത് എന്നുവേണ്ടേ കരുതാൻ? ഈ മനുഷ്യാവകാശ ധ്വംസനത്തെ ചോദ്യം ചെയ്യുന്നതോ പരിഹസിക്കുന്നതോ പലപ്പോഴും മതനിന്ദയായി വ്യാഖ്യാനിക്കാറുമുണ്ട്.
ഈ അടുത്തിടെ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്ത "താണ്ടവ്' എന്ന വെബ്സീരിസിൽ ഹിന്ദു ദൈവങ്ങളെ വികലമായി അവതരിപ്പിക്കുന്നു എന്ന പരാതിയിൽ അതിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഈ കുറിപ്പെഴുതുന്നതുവരെ താണ്ടവിനെതിരെയുള്ള എഫ്.ഐ.ആർ. കോടതി റദ്ദു ചെയ്തിട്ടില്ല. ദൈവങ്ങൾ വിമർശനത്തിന് അതീതരാണോ? ഒരു വലിയ സമൂഹത്തിന്റെ ആരാധനാമൂർത്തിയാണ് എന്നതുകൊണ്ടുമാത്രം പുരാണ കഥാപാത്രങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് ഒരു ജനാധിപത്യ വ്യവസ്ഥയിൽ നിന്നുകൊണ്ട് പറയാൻ കഴിയന്നതെങ്ങനെയാണ്.

നിന്ദയും വിമർശനവും

എന്താണ് "നിന്ദ', എന്താണ് വിമർശനം എന്നതിന്റെ അതിരുകളെ കൃത്യമായി അടയാളപ്പെടുത്താൻ നമുക്കു കഴിയാതെ പോകുന്നതാണ് ഇവിടെ പ്രശ്നം. സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന, തെറ്റുതിരുത്തി മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന പുരോഗമന ചിന്തയെ ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്ത് എന്തിനെക്കുറിച്ചും സദുദ്ദേശ്യപരമായി പുനരാവിഷ്‌ക്കാരിക്കാനോ, ആക്ഷേപ ഹാസ്യരൂപത്തിലോ, മറ്റേതെങ്കിലും രൂപത്തിലോ ആർക്കും, ദൈവങ്ങളെ എന്നല്ല- ഈ ലോകത്തിലെ എന്തിനേയും നമുക്ക് ഉപയോഗിക്കാം എന്നതാണ് യഥാർത്ഥ ജനാധിപത്യ നീതി. എന്നാൽ സമൂഹത്തെയോ വ്യക്തികളെയോ ദുരുദ്ദേശ്യപരമായി ഇകഴ്ത്തിക്കാട്ടുന്ന, യാതൊരു സാമൂഹ്യനന്മയും അവകാശപ്പെടാനില്ലാത്ത, സമൂഹത്തെ പിന്നോട്ടു വലിക്കുന്ന കലാരൂപങ്ങൾ - അതിൽ ദൈവങ്ങളെയെന്നല്ല, ഏതൊന്നിനെയും ഇകഴ്ത്തിക്കാട്ടാനുള്ള അവകാശം ഈ ജനാധിപത്യ സമൂഹത്തിൽ ആർക്കുമില്ല എന്നുകൂടി പറഞ്ഞുവയ്ക്കുമ്പോഴേ ആദ്യം പങ്കുവെച്ച ആശയത്തിന് പൂർണത കൈവരൂ. ആ നിലക്കു നോക്കുമ്പോൾ താണ്ടവ് എന്ന വെബ്സീരിസിൽ യാതൊരു തെറ്റും കാണാൻ കഴിയില്ല. ഹിന്ദു ദൈവങ്ങളെ മാത്രം വിമർശിക്കുന്നു, എന്തുകൊണ്ട് മറ്റു മതങ്ങളിലെ ദൈവങ്ങളെ വിമർശിക്കുന്നില്ല, തുടങ്ങിയ വാദങ്ങൾക്ക് പ്രസക്തിയില്ല. അല്ലാഹുവും ജീസസും എന്നല്ല ലോകത്തിലെ ഒന്നും വിമർശനത്തിന് അതീതമല്ല. ഹിന്ദുക്കൾ ഒരുപാട് കാലംകൊണ്ട് സഹിക്കുന്നു, ഇനിയിത് സാധ്യമല്ല, മറ്റു മതങ്ങളിൽ ഇത്തരം സർക്കാസങ്ങൾ കൊണ്ടുവന്നാൽ ഇവിടെ കലാപമുണ്ടാകും തുടങ്ങിയ വാദങ്ങൾക്കൊന്നും ജനാധിപത്യ സംവാദങ്ങളിൽ പ്രസക്തിയില്ല. സമൂഹത്തിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ വളരെ പൗരാണികവും പിന്തിരിപ്പനുമായ മൂല്യങ്ങളെ വിശിഷ്ടവത്ക്കരിക്കുന്ന ദൈവങ്ങൾ, അതേതു മതത്തിലെതായാലും വിമർശിക്കപ്പെടുകതന്നെ ചെയ്യും. അതിന്റെ പേരിൽ, പൊട്ടിയൊലിക്കുന്ന മതവികാരങ്ങളുടെ പേരിൽ ജനാധിപത്യ നീതിയിൽ നഞ്ചുകലക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നുമാത്രമെ പറയാനുള്ളു.

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് പൊതുദേവാലയത്തിൽ കയറിച്ചെല്ലാനും ആരാധിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്ന ഏതൊരിടത്തും വിശ്വാസികൾക്കു ചുറ്റും ശക്തമായ പ്രതിരോധം തീർത്ത് യുക്തിവാദികൾ ഉണ്ടാകും- ഉണ്ടാകണം.

അവിശ്വാസികൾക്ക് അമ്പലത്തിലെന്തുകാര്യം?

ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിൽ പലരും ചോദിച്ച ഒരു ചോദ്യം "അവിശ്വാസികൾക്ക് ശബരിമലയിൽ എന്താണ് കാര്യം?' എന്നാണ്. എന്നാൽ മനസ്സിലാക്കുക; അവിശ്വാസികൾക്കാണ് സത്യത്തിൽ ശബരിമലയിൽ കാര്യമുള്ളത്. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പാതകളിൽ ബാരിക്കേഡുകൾ കെട്ടി സവർണഗുണ്ടകൾ വടിവാളുമായി കാവൽ നിന്നപ്പോൾ അവർക്കെതിരെ സമരം നയിച്ചത് ഒരു നിരീശ്വരവാദിയായിരുന്നു; പെരിയോർ എന്ന് തമിഴ് ജനത വിളിക്കുന്ന ഇ.വി. രാമസ്വാമി. അദ്ദേഹത്തിന് വൈക്കം ക്ഷേത്രത്തിൽ കയറിയിട്ടെന്തുകാര്യം? മതരഹിതരുടെ വിശ്വാസം എന്നുപറയുന്നത് പ്രധാനമായും മാനവികതയും മതേതരത്വവും സമത്വവും ജനാധിപത്യ നീതിയുമൊക്കെയാണ്. യുക്തിവാദി ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും, ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് പൊതുദേവാലയത്തിൽ കയറിച്ചെല്ലാനും ആരാധിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്ന ഏതൊരിടത്തും വിശ്വാസികൾക്കു ചുറ്റും ശക്തമായ പ്രതിരോധം തീർത്ത് യുക്തിവാദികൾ ഉണ്ടാകും- ഉണ്ടാകണം.

രഹ്നഫാത്തിമ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് ഒരു ചർച്ചാവിഷയമേയല്ല എന്നിരിക്കെയാണ് കേരളം അവരുടെ വിശ്വാസത്തെക്കുറിച്ചുമാത്രം ദിവസങ്ങളോളം ചാനലുകളിൽ അന്തിച്ചർച്ച നടത്തിയത് എന്നോർക്കണം. വിശ്വാസം എന്നതുതന്നെ ആപേക്ഷികമാണ്. അമ്പലത്തിൽ വരുന്നവരുടെയെല്ലാം വിശ്വാസത്തിന്റെ ആഴം പരിശോധിക്കാൻ യാതൊരു വിശ്വാസമാപിനികളും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസികൾക്ക് പ്രവേശനമില്ല എന്ന് നമ്മൾ പറയുന്നത്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ നടത്തിയ നാമജപ ഘോഷയാത്ര
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ നടത്തിയ നാമജപ ഘോഷയാത്ര

അമ്പലങ്ങൾ വിശ്വാസികളുടേതാണ് എന്നുപറയുമ്പോൾ വിശ്വാസം എന്നത് എല്ലാകാലത്തും ഒരുപോലെ നിൽക്കുന്ന ഒന്നല്ല. ഞാൻ വിശ്വാസിയാണെന്ന് അവകാശപ്പെടുകയും, എന്നെപ്പോലെതന്നെ അവകാശപ്പെടുന്ന മറ്റുചിലരുടേയും ഒരു കൂട്ടായ്മയാണ് വിശ്വാസി സമൂഹം എന്നുപറയുന്നത്. എന്റെ വിശ്വാസം ഞാൻ അവകാശപ്പെടുന്നതാണ്. എന്റെ വിശ്വാസം എന്നത് അളക്കാൻ യാതൊരു അംഗീകൃത മാനന്ദണ്ഡവുമില്ല എന്നിരിക്കെ എന്റെ അവകാശപ്പെടൽ മാത്രമാണ് "ഞാനൊരു വിശ്വാസിയാണ്' എന്നത്. അങ്ങിനെ ഒരുപാട് സ്വയം അവരോധിക്കപ്പെട്ട വിശ്വാസികൾ ചിലർക്കെതിരെ കലാപത്തിനിറങ്ങിത്തിരിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധത എത്രമാത്രമുണ്ടെന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഉൾക്കൊള്ളണം.

വിശ്വാസവും തോന്ന്യാസവും

എന്താണ് വിശ്വാസം എന്ന് നമ്മൾ നേരത്തെ ചർച്ച ചെയ്തു. ഇനി ഒരാളിന്റെ വിശ്വാസത്തെ നമ്മൾ മുഖവിലയ്ക്കെടുത്താലും ഒരാളിന്റെ വിശ്വാസത്തിന്റെ അതേ രൂപവും ഭാവവുമായിരിക്കുമോ മറ്റൊരാളിന്റെ വിശ്വാസത്തിനുണ്ടായിരിക്കുക. ഉദാഹരണത്തിന് എന്റെ മനസ്സിലെ ദൈവം നീതിമാനാണ്. എന്റെ മനസ്സിലെ ദൈവം, അമ്പലത്തിലെ ഹുണ്ടികയിലിടുന്ന വഴിപാടു പണത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭക്തന് രക്ഷയനുവദിക്കുന്ന ഒരു കൈക്കൂലിക്കാരനല്ല. മറിച്ച് പ്രപഞ്ചത്തിലെ സർവ ചരാചരങ്ങൾക്കും കാരണഭൂതനായ ഒരു വലിയ പ്രതിഭാസമാണ്. അതിനെ കേവലമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും നൂലുകൊണ്ട് ബന്ധിക്കുന്നത് അങ്ങേയറ്റം അസംബന്ധമായാണ് എനിക്കു തോന്നുന്നത്. ആ നിലക്ക് മറ്റൊരാളിന്റെ വിശ്വാസം എനിക്ക് തികച്ചും സങ്കുചിതമായ ഒന്നായി അനുഭവപ്പെടാം.

ജവഹർലാൽ നെഹ്റു ഭരണഘടനയിൽ ഒപ്പിടുന്നു
ജവഹർലാൽ നെഹ്റു ഭരണഘടനയിൽ ഒപ്പിടുന്നു

എന്നാൽ മറ്റൊരു വിശ്വാസിയെ പരിശോധിക്കുമ്പോൾ അയാളിന്റെയുള്ളിൽ ദൈവം ഞാൻ ആരാധിക്കുന്ന ദൈവത്തിൽ നിന്ന് തുലോം വ്യത്യസ്തമായിരിക്കാം. അവിടെ ദൈവം തികഞ്ഞ ആചാരഭ്രാന്തനും, ലിംഗപരമായ അയിത്തം കൊണ്ടുനടക്കുന്നവനും കൈക്കൂലിക്കാരനും ആഭിചാരക്കാരനുമായ ഒരു നികൃഷ്ടജീവിയുമായിരിക്കാം. ഇതറിയുന്ന എനിക്ക് അപരനോട് അങ്ങേയറ്റത്തെ വിരോധമുണ്ടാകാം. ചുരുക്കിപ്പറഞ്ഞാൽ വിശ്വാസത്തിന് ഏകരൂപമല്ല, അത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അപ്പോൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾക്കൊരിക്കലും ഒരു തീരുമാനത്തിലെത്താൻ കഴിയില്ല എന്നു ചുരുക്കം.

ദൈവസങ്കൽപത്തെ കേവലം ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് എന്ന് സങ്കുചിതമാക്കി അവതരിപ്പിക്കുന്ന മതങ്ങളുടെ പൊട്ടിയൊലിക്കുന്ന വികാരങ്ങളുടെ അഗ്‌നിയിൽ ജനാധിപത്യ നീതിയെ, മൂല്യങ്ങളെ ബലികൊടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

മതങ്ങൾ ദൈവത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണെന്ന് നേരത്തെ സൂചിപ്പിച്ചു. അതിൽ പലതും സങ്കുചിതമായ ദൈവ സങ്കൽപങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു നല്ല വിശ്വാസി അവന്റെ മൗലികമായ ദൈവ സങ്കൽപത്തെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വളരെ വിശാലമായ ഒരു പ്രപഞ്ച നിരീക്ഷണത്തിലൂടെ ആത്മീയ ശക്തിവിശേഷത്തിലൂടെ മതങ്ങളുടെ വ്യാഖ്യാനങ്ങൾക്കുമപ്പുറം തനതായ ഒരു ദൈവ സങ്കൽപത്തിൽ എത്തിച്ചേരുന്നു. ഒരു നല്ല സത്യവിശ്വാസിയെ സംബന്ധിച്ച് ജീവിതം തന്നെ ഒരു വലിയ സത്യാന്വേഷണമാണ്. ജനനം മുതൽ മരണംവരെ അവൻ സത്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. മരണത്തോടെ പരമമായ സത്യത്തിൽ അവൻ വിലയം പ്രാപിക്കുന്നു. സത്യാന്വേഷണത്തിനിടക്ക് അവൻ താണ്ടിയ വഴികളിലെ അനുഭവപരതയാണ് അവനെ സംബന്ധിച്ചിടത്തോളം ജീവിതം.
ദൈവസങ്കൽപം എന്നുപറയുന്നത് അങ്ങേയറ്റം വിശാലമായ ഒരു ചിന്താപദ്ധതിയാണ്, ജീവിതമൂല്യമാണ് എന്ന് അടയാളപ്പെടുത്തുന്നതിനു പകരം അത് കേവലം ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് എന്ന് സങ്കുചിതമാക്കി അവതരിപ്പിക്കുന്ന മതങ്ങളുടെ പൊട്ടിയൊലിക്കുന്ന വികാരങ്ങളുടെ അഗ്‌നിയിൽ ഈ രാജ്യത്തെ ജനാധിപത്യ നീതിയെ, മൂല്യങ്ങളെ ബലികൊടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.▮


സന്തോഷ്​ പല്ലശ്ശന

കവി, ഫ്രീലാൻസ് പത്രപ്രവർത്തകൻ. പന്ത്രണ്ടു നിലകളുള്ള ഒരു മരം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments