വിശ്വാസികളിൽനിന്ന്​ ബ്രാഹ്​മണധർമം പുറന്തള്ളിയ ‘ബഹുജന’ങ്ങൾ

ബ്രാഹ്മണ ധര്‍മത്തെയും അതില്‍ വിശ്വസിക്കുന്ന സവര്‍ണരെയുമാണ് വരേണ്യ വ്യവഹാരങ്ങള്‍ വിശ്വാസികളായി പരിഗണിച്ചത്. ഇതില്‍ ദലിതര്‍, സ്ത്രീകള്‍, പിന്നാക്ക ജാതി വിഭാഗങ്ങള്‍ എന്നിവര്‍ക്കൊന്നും യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല.

വിശ്വാസവും അവിശ്വാസവും തമ്മിലുള്ള യുദ്ധവും കലഹങ്ങളും സംവാദവും ഒരേസമയം ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ ശാന്തിയിലും അശാന്തിയിലും വൈരുദ്ധ്യങ്ങളിലും പടര്‍ത്തി നിര്‍ത്തിയിരുന്നു. പലപ്പോഴും രക്തം ചൊരിയുന്ന കലഹങ്ങളും, പരസ്പരം ഏറ്റവും ഉത്തമമായതിനെ സ്വാംശീകരിക്കാനുള്ള പ്രവണതകളും തുടര്‍ന്നിരുന്നു.

എന്താണ് വിശ്വാസം, എന്താണ് അവിശ്വാസം എന്ന ചോദ്യം ഉന്നയിക്കേണ്ടി വരുന്ന സന്ദര്‍ഭമിതാണ്. ഒരു മതത്തെ സംബന്ധിച്ച് ഇതര മതവിശ്വാസികള്‍ അവിശ്വാസികളാണ്. ആധുനിക കാലത്ത് നാസ്തികര്‍, യുക്തിവാദികള്‍ എന്നിവരെ അവിശ്വാസികളായി ഗണിക്കുന്നുണ്ടെങ്കിലും പ്രാചീന മധ്യകാല ഘട്ടങ്ങളില്‍ 'അവിശ്വാസി ' യെ സ്ഥാനപ്പെടുത്തിയത് വ്യതിരിക്തമായാണ്.

ആസ്തികര്‍ വേദത്തെ അംഗീകരിക്കുന്നവരും നാസ്തികര്‍ വേദത്തെ അംഗീകരിക്കാത്തവരുമായിരുന്നു. ഇതില്‍ വിശ്വാസം എന്നത് വേദ വിശ്വാസം എന്ന അര്‍ത്ഥത്തിലാണ് ഉരുവം കൊള്ളുന്നത്.

വൈദിക സംഹിതകളില്‍ വ്രാത്യന്മാര്‍, ശിശ്‌ന ദേവന്മാര്‍ എന്നിവരെ വൈദിക ധര്‍മത്തില്‍ വിശ്വസിക്കാത്ത അവിശ്വാസികളായാണ് മുദ്ര കുത്തിയിരുന്നത്. ഋഗ്വേദം ഏഴാം മണ്ഡലത്തിലെ വസിഷ്ഠന്റെ സ്തുതികളില്‍ അഗ്‌നി ആരാധനകളില്‍ വിശ്വസിക്കാത്ത രാക്ഷസന്മാരെയും അസുരന്മാരെയും വസിഷ്ഠര്‍ഷി കുറ്റപ്പെടുത്തുന്നുണ്ട്. യാഗ- യജ്ഞ പാരമ്പര്യങ്ങളില്‍ വിശ്വസിക്കാതിരുന്ന ബഹുജനവൃന്ദത്തിന്റെ ചിത്രം വൈദിക സംഹിതകളില്‍ ദര്‍ശിക്കാം. ഇത്തരം അവിശ്വാസികളായ വൈദിക ധര്‍മ ശത്രുക്കളില്‍ നിന്ന്​ രക്ഷിക്കാന്‍ ആര്യ ഋഷികള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. വൈദികര്‍ അവിശ്വാസികളായി ഗണിക്കുന്നവര്‍ തീര്‍ത്തും നിരീശ്വരരോ മറ്റോ ആയിരുന്നുമില്ല. ഇന്ത്യയിലെ ആസ്തികര്‍, നാസ്തികര്‍ എന്നുള്ള തരംതിരിക്കലിലും ഈശ്വരവിശ്വാസികള്‍, നിരീശ്വര വാദികള്‍ എന്ന അര്‍ത്ഥമായിരുന്നില്ല ഉണ്ടായിരുന്നത്. ആസ്തികര്‍ വേദത്തെ അംഗീകരിക്കുന്നവരും നാസ്തികര്‍ വേദത്തെ അംഗീകരിക്കാത്തവരുമായിരുന്നു. ഇതില്‍ വിശ്വാസം എന്നത് വേദ വിശ്വാസം എന്ന അര്‍ത്ഥത്തിലാണ് ഉരുവം കൊള്ളുന്നത്.

Photo: Flickr

ബുദ്ധനെയും ബുദ്ധ ധര്‍മത്തെയും ആദ്യകാലത്ത് വൈദികധര്‍മം നാസ്തികതയായാണ് വിലയിരുത്തിയത്. 'നാസ്തി കോ വേദനിന്ദകഃ' എന്ന മനുസ്മൃതി വചനം വേദത്തെ വിശ്വസിക്കാത്ത, വേദധര്‍മം അനുസരിക്കാത്ത അവൈദികരെ ലക്ഷ്യമാക്കിയാണ് പ്രയോഗിച്ചിട്ടുള്ളത്. വൈദികധര്‍മം എന്നതാവട്ടെ യജ്ഞ പാരമ്പര്യത്തിലും ചാതുര്‍വര്‍ണ്യ ആശ്രമ വിശ്വാസത്തിലും അധിഷ്ഠിതമായിരുന്നു. ചുരുക്കത്തില്‍ അഗ്‌നി അനുഷ്ഠാനങ്ങളില്‍ നിലീനമായ യാഗങ്ങളിലും ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലും വിശ്വസിക്കാത്തവരെ വൈദികാര്യരും ധര്‍മശാസ്​ത്ര കര്‍ത്താക്കളും നാസ്തികരായി ഗണിച്ചു. ഇതിഹാസ- പുരാണ രചനാകാലത്ത് വൈദികധര്‍മത്തെ അനുസരിക്കാത്തവരെ പാഷണ്ഡര്‍ എന്നും ബ്രാഹ്മണ ധര്‍മം പുറന്തള്ളി സ്ഥാനപ്പെടുത്തി. നാസ്തികര്‍, പാഷണ്ഡര്‍ തുടങ്ങിയ പ്രയോഗങ്ങള്‍ സാമൂഹിക ഭ്രഷ്ടിനുള്ള ആര്യ ബ്രാഹ്മണമതത്തിന്റെ ആഹ്വാനം കൂടിയായിരുന്നു.

വൈദിക ധര്‍മത്തിന്റെ വിശ്വാസപാരമ്പര്യത്തിന് പുറത്തായിരുന്നു ബൗദ്ധര്‍, ജൈനര്‍, ശ്രമണര്‍, വാലഖില്യര്‍ തുടങ്ങിയ ബഹുജ്ഞാനാന്വേഷകരായവരുടെ പാരമ്പര്യവുo സാമൂഹിക വിചാരങ്ങളും വികസിച്ചു വന്നത്. ഇത് ബ്രാഹ്മണമതത്തെ വലിയ രീതിയില്‍ അലോസരപ്പെടുത്തിയിരുന്നു എന്ന് ബുദ്ധനെ കള്ളനെന്ന് വിളിക്കുന്ന വാല്മീകി രാമായണഭാഗത്തില്‍ നിന്നു തന്നെ അറിയാം. ചാര്‍വാക ദര്‍ശനം പ്രചരിപ്പിച്ച ചാര്‍വാക ഋഷിയെ അഗ്‌നിക്കിരയാക്കിയ കഥ മഹാഭാരതത്തിലുമുണ്ട്. കാലക്രമത്തില്‍ രക്തം പൊടിയാതെ അബ്രാഹ്മണ പാരമ്പര്യങ്ങളെ ബ്രാഹ്മണ മതത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ടാണ് ബ്രാഹ്മണ്യത്തിനെതിരായ സമരങ്ങളെ ബ്രാഹ്മണ്യം സംഹരിച്ചത്. ഇത് ഇന്നും തുടരുകയും ചെയ്യുന്നു.

Photo: Unsplash

ദശരഥന് ബലിയിടുന്ന രാമനെ അതില്‍ നിന്ന്​ വിലക്കുകയും രാജ്യം ശരിയായി പരിപാലിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്ന ജാബാലിയില്‍ തെളിയുന്നത് വൈദികധര്‍മത്തിനെതിരായ വിമര്‍ശനമാണ്. ഹിംസാത്മകമായ യാഗാനുഷ്ഠാനങ്ങളെ ചാര്‍വാകന്മാര്‍ നിശിതമായും യുക്തിയുക്തമായും ഖണ്ഡിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. മാധവാചാര്യരുടെ സര്‍വ ദര്‍ശന സംഗ്രഹത്തില്‍ ചാര്‍വാക ദര്‍ശനം ക്രോഡീകരിച്ചിട്ടുള്ളതില്‍ നിന്ന്​ ഇതു മനസിലാക്കാം.

ചാതുര്‍വര്‍ണ്യത്തെയും ബ്രാഹ്മണ്യത്തെയും മുറുകെ പിടിക്കുന്നവര്‍ക്കല്ല വിശ്വാസികളുടെ കുത്തകാവകാശം. വൈദിക ധര്‍മത്തെയും ബ്രാഹ്മണ്യത്തെയും വിമര്‍ശിക്കുന്ന വിശ്വാസ പാരമ്പര്യം കൂടി ഇന്ത്യയില്‍ നിലനിന്നിരുന്നു.

വിശ്വാസത്തിന്റെ പന്ഥാവുകള്‍ക്കിടയില്‍ പോലും ഹിംസാത്മകമായ വിവേചനങ്ങള്‍ നിലനിനിന്നിരുന്നു / നിലനില്‍ക്കുന്നു. അവര്‍ണരായ വിശ്വാസികളോട് സവര്‍ണര്‍ പുലര്‍ത്തിയ കൊടിയ വിവേചനം ഹിന്ദു മതത്തിന്റെ ചരിത്രത്തെ പാപപങ്കിലമാക്കുന്നുണ്ട്. അവര്‍ണര്‍ ആരാധിക്കുന്ന ശിവലിംഗങ്ങള്‍ ബ്രാഹ്മണര്‍ ആരാധിക്കുന്നതില്‍ നിന്ന്​ വിലക്കുന്ന ത്രിലോചന ശിവാചാര്യരുടെ പ്രായശ്ചിത്ത സമുച്ചയം (CE 11 ) ബ്രാഹ്മണ്യത്തിന്റെ കൊടിയ വിവേചനത്തിന്റെ ക്രൂരമായ തെളിവാണ്. സ്ത്രീകളായ വിശ്വാസികളോട് ബ്രാഹ്മണ ധര്‍മം നിന്ദ്യമായാണ് പെരുമാറിയിരുന്നത്. ആര്‍ത്തവാശുദ്ധി ആരോപിച്ചും പാതിവ്രത്യം അടിച്ചേല്‍പ്പിച്ചുമാണ് ഈ വിവേചനം നടപ്പില്‍ വരുത്തിയത്.

ബ്രാഹ്മണ ധര്‍മത്തെയും അതില്‍ വിശ്വസിക്കുന്ന സവര്‍ണരെയുമാണ് വരേണ്യ വ്യവഹാരങ്ങള്‍ വിശ്വാസികളായി പരിഗണിച്ചത്. ഇതില്‍ ദലിതര്‍, സ്ത്രീകള്‍, പിന്നാക്ക ജാതി വിഭാഗങ്ങള്‍ എന്നിവര്‍ക്കൊന്നും യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. ഹിന്ദു മത വിശ്വാസികളായ ദലിതരോടുള്ള സവര്‍ണരുടെ ക്രൂരമായ വിവേചനത്തെ സംബന്ധിച്ച് 1935- ല്‍ നാസികിലെ യോളയില്‍ നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ തുറന്നു സംസാരിക്കുന്നുണ്ട്. വിമോചനത്തിനുള്ള വഴിയായി മത പരിവര്‍ത്തനം അവശ്യമാണെന്ന് ഡോ. അംബേദ്കര്‍ നിരീക്ഷിക്കുന്നതിന്റെ അടിസ്ഥാന കാരണം ഹിന്ദു മതത്തിലെ ക്രൂരമായ വിവേചനം തന്നെയായിരുന്നു.

Photo: Wikipedia

ചുരുക്കത്തില്‍, വിശ്വാസികള്‍ എന്നതുകൊണ്ട് ഇന്ത്യന്‍ ബ്രാഹ്മണ്യ വ്യവഹാരം അര്‍ത്ഥമാക്കിയത് വൈദികധര്‍മത്തിലും ചാതുര്‍വര്‍ണ്യത്തിലും വിശ്വസിക്കുന്ന സവര്‍ണരെ ലക്ഷ്യമാക്കിയാണ്. അവിശ്വാസികളും വിശ്വാസികളുമായ ബഹുജനങ്ങള്‍ ഈ പരികല്പനക്കു പുറത്തായിരുന്നു എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ ചാതുര്‍വര്‍ണ്യത്തെയും ബ്രാഹ്മണ്യത്തെയും മുറുകെ പിടിക്കുന്നവര്‍ക്കല്ല വിശ്വാസികളുടെ കുത്തകാവകാശം. വൈദിക ധര്‍മത്തെയും ബ്രാഹ്മണ്യത്തെയും വിമര്‍ശിക്കുന്ന വിശ്വാസ പാരമ്പര്യം കൂടി ഇന്ത്യയില്‍ നിലനിന്നിരുന്നു. അവര്‍ണരായ ശൈവ ധര്‍മ വിശ്വാസികള്‍, ബൗദ്ധര്‍, ജൈനര്‍ തുടങ്ങിയവരെല്ലാം വൈദിക ധര്‍മത്തെയും ചാതുര്‍വര്‍ണ്യത്തെയും സമ്പൂര്‍ണമായി നിരസിക്കുന്നവരാണ്.

ആധുനിക കാലത്ത് വൈദിക ബ്രാഹ്മണ്യത്തിന്റെ ഹിംസാ ധര്‍മത്തിനെതിരായി വിമോചനാത്മകമായ ആത്മീയ വഴികള്‍ തുറന്നിട്ടവരാണ് നാരായണ ഗുരു, പൊയ്കയില്‍ അപ്പച്ചന്‍, അയ്യാ വൈകുണ്ഠര്‍, തൈക്കാട്ട് അയ്യാവു സ്വാമികള്‍ തുടങ്ങിയവര്‍. ബ്രാഹ്മണ്യത്തിനെതിരായി ഗുരുവിന്റെയും മറ്റും വിമോചന പന്ഥാവുകള്‍ വികസിപ്പിച്ചു കൊണ്ടു മാത്രമേ ഇന്ത്യയെ സാഹോദര്യ ജനാധിപത്യത്തില്‍ നിലനിര്‍ത്താന്‍ കഴിയൂ. ഇല്ലെങ്കില്‍, വിശ്വാസികളുടെ കുത്തക ഏറ്റെടുത്ത് ഹിന്ദുത്വര്‍ ജനാധിപത്യ ഇന്ത്യയെ ഫാസിസത്തിന്റെ യുദ്ധക്കളമാക്കി തീര്‍ക്കും. വിശ്വാസി ആണെന്നതോ അവിശ്വാസി ആണെന്ന തോ അല്ല ഒരു മനുഷ്യന്റെ മൂല്യം നിര്‍ണയിക്കുന്നത്. മറിച്ച്, ആ വ്യക്തി മനുഷ്യത്വം ഉള്‍ക്കൊള്ളുന്ന ആളാണോ എന്നതാണ്. "മനുഷ്യാണാം മനുഷ്യത്വം' എന്നതുകൊണ്ട്​ നാണു ഗുരു ലക്ഷ്യമാക്കിയത് മൈത്രിയിലും കരുണയിലും ആണ്ടു മുങ്ങിയ മനുഷ്യാത്മാവിനെയാണ്. യുക്തിവാദിയായ സഹോദരന്റെ പ്രവൃത്തിയില്‍ ദൈവാനുഭവത്തെ ദര്‍ശിക്കുന്ന ഗുരുവില്‍ വിശ്വാസി- അവിശ്വാസി ദ്വന്ദ്വങ്ങള്‍ സമ്പൂര്‍ണമായി കൊഴിയുകയും കരുണയിലും സാഹോദര്യത്തിലും അനുകമ്പയിലും മുങ്ങി നിവര്‍ന്ന് അനുകമ്പയാണ്ട മനുഷ്യ ശരീരങ്ങളായി മാറാന്‍ ഗുരു ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ശ്രീ നാരായണ ഗുരു

1928 ജനുവരി 18 ന് ത്ര്യംസക്കില്‍ നടന്ന യോഗത്തില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇപ്രകാരം പ്രസ്താവിച്ചു: "മനുഷ്യന്റെ മൂല്യം സ്വയം സിദ്ധമാണ്, സ്വയം സ്പഷ്ടമാണ്; ഭക്തിയുടെ പകിട്ടു കൊണ്ടല്ല അവന് മൂല്യം കൈവരുന്നത് '. ഗുരുവും അംബേദ്കറും സന്ധിക്കുന്ന സാഹോദര്യ ജനാധിപത്യത്തിന്റെ മഹത്തായ മൂല്യത്തിന്റെ സംഗമ സ്ഥാനമാണിത്. വെറുപ്പിന്റെ കലാ പാഹ്വാനങ്ങളുടെ കാലത്ത് വിശ്വാസി- അവിശ്വാസി ഭേദമില്ലാതെ സര്‍വരിലേക്കും തുറക്കുന്ന അരുള്‍ നിറഞ്ഞ സ്‌നേഹത്തിന്റെ പങ്കുവെയ്ക്കലുകളാണ് അനിവാര്യം. വെറുപ്പിന്റെ വ്യാപാരശാലകള്‍ വര്‍ദ്ധിക്കുമ്പോള്‍ അരുളിലും അന്‍പിലും അനുകമ്പയിലും നിലീനമായ മനുഷ്യത്വത്തിന്റെ ജീവിതാനുഭൂതി പകര്‍ച്ച ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നതിനും സാമൂഹ്യ ജനാധിപത്യത്തെ കരുപിടിപ്പിക്കുന്നതിനുമുള്ള ഉത്തമമായ "കരു ' വാണ്.

Comments