സാംസൺ:പ്രണയത്തിൽ ബലിയായവന്റെ ഉയിർത്തെഴുന്നേൽപ്പ്​

‘ഇറ്റ്​ഫോക്ക്​’ മൂന്നുദിവസം പിന്നിടുമ്പോൾ, അവതരിപ്പിച്ച നാടകങ്ങളിൽ ഏറ്റവും കലാത്മകം എന്ന് പറയാവുന്ന അവതരണം ‘സാംസൺ’ തന്നെയാണ്. ഈ നാടകത്തിന്റെ കാഴ്​ചാ അനുഭവം.

God is whispering
in your heart,
in the whole existence,
just tune
your ears

രു ജനസമൂഹത്തിന്റെ വന്യമായ അടയാളങ്ങളെ വെളിച്ചവും നിഴലും കലർന്ന ചലനവേഗങ്ങളിൽ വരച്ചുചേർത്ത ഉടൽനൃത്തങ്ങളുടെ കാഴ്ചയിൽ സ്വയം നഷ്ടപ്പെട്ട ഒരു വൈകുന്നേരം.

അപ്രതീക്ഷിതമായി ഒരാൾ എത്തുന്ന ഇടം സ്വഭാവികമായ ചലനങ്ങളുടെ ആവാസ ഇടമാകുന്നു.

മനുഷ്യൻ എന്ന യഥാർഥ്യത്തിൽ നിന്ന് ദൈവം, രക്ഷകൻ എന്ന പ്രതീതിയിലേക്ക് ആ ഇടം കലർന്നുപോകുന്നു.

മനുഷ്യർ നിസ്സഹായരായി നിൽക്കുന്നു. കാലം അവരുടെ ജീവിതത്തിൽ ഇടപെടുന്നു.

നാം എത്തിപ്പെട്ടയിടത്ത് കറുപ്പിന്റെ തിളങ്ങുന്ന കരുത്ത്. കനത്ത വെളിച്ചം. നിശ്ശബ്ദതതയിൽ മനുഷ്യൻ മന്ത്രിക്കുന്ന പതിഞ്ഞ ഒച്ച.

തർകോവസ്‌കിയുടെ നൊസ്​റ്റാൾജിയയിൽ പള്ളിയിലെ തിളങ്ങുന്ന മഞ്ഞ വെളിച്ചത്തിൽ മാതാവിന്റെ തിരുരൂപത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു പെൺകുട്ടിയുടെ ദൃശ്യമുണ്ട്. പ്രാർത്ഥനയുടെ പതിഞ്ഞ മന്ത്രങ്ങൾ...

സാംസൺ ആരംഭിക്കുമ്പോൾ അവതരണ ഇടത്തെ സൂക്ഷ്മമായി പരിചരിക്കുന്ന അഭിനേതാക്കളെ കാണാം. യാതൊരു മുൻപ്രഖ്യാപനങ്ങളുമില്ലാതെ അവർ നിശ്ശബ്ദരായി ജീവിതത്തിൽ നിന്ന് അവതരണത്തിലേക്ക് കയറിയിരിക്കുന്നു.

photo: O. Ajith kumar

ഇടക്ക് പതിഞ്ഞ ചില ഒച്ചകൾ. അനക്കങ്ങൾ...

നേർത്ത വേഗത്തിൽനിന്ന് തുടങ്ങി അതിതീവ്രമായ താളത്തിലേക്ക് പകരുന്ന അവതരണതാളം. കറുത്തുതിളങ്ങുന്ന ഇരുട്ടിലേക്കാണ് സാംസൺ എന്ന മനുഷ്യനെ ഒരു സമൂഹം ആവാഹിക്കുന്നത്. വെളിച്ചത്തിന്റെ തീപ്പൊരികൾ പോലെ അയാളുടെ ശ്വാസം നമുക്ക് കേൾക്കാം. മുഖങ്ങൾ മൂടിയ കാലത്തിന്റെ കരുക്കൾ അയാളെ വർത്തമാനകാലത്തിലേക്ക് നിശ്ശബ്ദനാക്കുകയാണ്.

ഓരോ കാലത്തും മനുഷ്യർക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്. വാക്കുകൾ ഇല്ലാത്ത, നിശ്ശബ്ദനായ ആ രക്ഷകൻ അവരുടെ ജീവിതത്തിന്റെ കാവലാളാകുമെന്ന് അവർക്കുറപ്പാണ്.

സാംസൺ മരണപ്പെട്ടവരുടെ നിലവിളികൾ കേൾക്കുന്നുണ്ട്.
ലോകചരിത്രത്തിൽ എന്നും അടിച്ചമർത്തപ്പെട്ടവരുടെ ചരിത്രത്തിലേക്കാണ് സാംസണിന്റെ ആഖ്യാനപാഠം വിരൽചൂണ്ടുന്നത്. ബൈബിളിലെ സംസന്റെയും ദലീലയുടെയും കഥയുടെ ഒരടര് ഈ അവതരണത്തിലുണ്ട്.
പക്ഷെ അതിന്റെ ബഹുപാഠങ്ങളാണ് ദൃശ്യാഖ്യാനത്തിൽ സംവേദനം ചെയ്യുന്നത്. സമൂഹം മനുഷ്യനോട് ആവശ്യപ്പെടുന്നത് നിശ്ശബ്ദനായിരിക്കാനാണ് എന്ന വർത്തമാനകാല രാഷ്ട്രീയത്തോടാണ് സാംസന്റെ ആഖ്യാന പരിസരം ചേർന്നുകിടക്കുന്നത്.

photo: Raneesh Raveendran

സുഹുറാ സെൻഗെങ്ങേയുടെ Do not fear the pastഎന്ന ആഫ്രിക്കൻ കവിതയിൽ ഭൂതകാലം വർത്തമാനകാലത്തോട് മുഖാമുഖം നിൽക്കുന്ന കാഴ്ചയുണ്ട്.
ഭയപ്പെടുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്ന ഭൂതകാലത്തിൽനിന്ന് മനുഷ്യർ എന്താണ് പഠിക്കുന്നത്?

Do not fear the past.
It is painful
but it is real
Blood was spilt and people died
but love and unity had survived.

സാംസൺ മുന്നോട്ട് വയ്ക്കുന്ന ആന്തരികപാഠവും അതാണ്.

സിംഹത്തിന്റെ
അസ്ഥികൂടത്തിൽ നിന്ന്
ഞാൻ തേൻ ശേഖരിച്ചു
അവർ എന്റെ അസ്ഥികൾ
ഓരോന്നായി
ഊരിയെടുത്തു
അവർ
എന്റെ മാംസം ചുരണ്ടിയെടുത്തു.

photo: Raneesh Raveendran

സംസന്റെ ആത്മഗതങ്ങൾ കവിതയുടെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നു, അവതരണം. ഭാവിയുടെ തിയറ്റർ കാണാനിരിക്കുന്നത് റിച്വലുകളുടെ ആഴങ്ങളും മുഴക്കങ്ങളുമായിരിക്കും എന്ന് ഒന്നുകൂടി ഓർമിപ്പിക്കുന്നു സാംസൺ.മനുഷ്യരുടെ പ്രണയവും ഏകാന്തതയും അവരുടെ ആഴത്തിൽ ഒറ്റക്കുനിന്ന് കത്തുകയാണ്.
സാംസൺ എന്ന അഭിനയശരീരം ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ അയാളിൽനിന്ന് വേഗത്തിന്റെ ഒരു ഗ്രാഫ് ആയി വെളിപ്പെടുന്നു.
അധികാരവും നേതൃത്വവും അയാളുടെ ശിരസിൽ ഏൽപ്പിക്കുന്ന മുടിക്കാട് അയാളുടെ സ്വത്വത്തിൽ കനത്തുകിടക്കുന്നു.

മനുഷ്യനോട്, ആരാണ് എന്ന് ആവർത്തിച്ചു സാംസൺ.

അടിമത്തത്തിന്റെ സ്​പർശങ്ങളുള്ള ഓരോ ദേശവും സ്മൃതികളുടെ അടയാളങ്ങളിൽ നിന്നാണ് അതിജീവനത്തിന്റെ അഗ്‌നി ഏറ്റെടുക്കുന്നത്. തെയ്യവും തിറയും കൂളിയനും നമ്മുടെ പരമ്പരയെ പരിചരിക്കുന്നതുപോലെ തന്നെ സാംസൺ തന്റെ പുരവൃത്ത സ്മൃതിയിലും പുറത്താക്കലിന്റെ, അതിജീവനത്തിന്റെ, പ്രണയത്തിന്റെ, ചതിയുടെ ആഖ്യാനങ്ങളുണ്ട്.

ദൈവമാകാൻ വിധിക്കപ്പെട്ട മനുഷ്യന്റെ ഉടൽ പുകയുന്ന നീറ്റലിൽ നിന്നാണ്
സാംസൺ അതിജീവനത്തിന്റെ തീപ്പൊരികൾ കുടഞ്ഞുകളയുന്നത്

photo: Raneesh Raveendran

തേനീച്ചകളുടെ
സംഗീതം
എനിക്ക് രുചിക്കാനാകുന്നില്ലഎന്നാണയാൾ പറയുന്നത്.

അയാൾ പ്രപഞ്ചത്തിലേക്ക് അലറുകയാണ്.
ഒരാൾ അയാളിലേക്കല്ല അലറുന്നത്, പ്രപഞ്ചത്തിലെ എല്ലാ ജീവനും വേണ്ടിയാണ്​.

വാക്കിന്റെ മാത്രം സത്യത്തിലാണ് സാംസൺ എന്ന മനുഷ്യന്റെ നിറവ്. ദൈവവും മനുഷ്യനും തമ്മിലുള്ള അത്രമേൽ ദൃഢമായ ഇഴകളാണ് സാംസണിലെ പ്രമേയം.
അടിസ്ഥാനപരമായ സമാധാനം എന്നത് മനുഷ്യന് നഷ്ടപ്പെടുമ്പോൾ ചതിയെങ്കിൽ കൂടി പ്രണയമാണ് അവനെ കയ്യിലെടുക്കുന്നത്.

പാലായനം ചെയ്യേണ്ടി വരുന്ന മനുഷ്യന്റെ പൊരുതലുകൾക്ക് ദൈവം കാവൽ നിൽക്കുന്നു. അവരെ മൗനത്തിൽ നിന്ന് ദൈവം അലറിയുണർത്തുന്നു.
എന്നിട്ട് അവരുടെ നെഞ്ചകങ്ങളിൽ സ്വന്തം ഏകാന്തതയിലേക്ക്
നോക്കി ഒറ്റക്ക് നിൽക്കുന്നു.

photo: Raneesh Raveendran

കറുപ്പും വെളിച്ചവും ചുവപ്പും കലർന്ന നിറസങ്കലനമാണ് ഈ അവതരണത്തിൽ. ലൈവ് മ്യൂസിക് പ്രയോഗിച്ചതിന്റെ തെളിമ അവതരണത്തിൽ ഉടനീളമുണ്ടായിരുന്നു. ആഖ്യാനത്തോട് നീതി പുലർത്തുന്ന പ്രൊജക്ഷൻ, വെളിച്ച സംവിധാനം എന്നിവ സാംസന്റെ ആഖ്യാനം കൂടുതൽ ആസ്വാദ്യമാക്കി.
ആഫ്രിക്കയുടെ അതിജീവനവും സ്വത്വബോധവും ഏറെ പ്രകടമാകുന്ന
ദൃശ്യഭാഷയായിരുന്നു സാംസന്റേത്. പാർശ്വവൽക്കരിക്കപ്പെടുന്ന, കുടിയേറ്റത്തിന് വിധേയരാകേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ നിസ്സഹായത, വംശീയത, ഉടമബോധം എന്നിവ അവതരണത്തിന്റെ ശരീരത്തിലേക്ക് ആഖ്യാനരൂപങ്ങളായി കടന്നുവരുന്നു.

‘ഇറ്റ്​ഫോക്ക്​’ മൂന്നുദിവസം പിന്നിടുമ്പോൾ, അവതരിപ്പിച്ച നാടകങ്ങളിൽ ഏറ്റവും കലാത്മകം എന്ന് പറയാവുന്ന അവതരണം സാംസൺ തന്നെയാണ്.

സാംസൺ:
Dir. Brett Bailey
Third World Bun Fight
Dur. 1 H 40 M
South Africa.


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments