ഓൺലൈനിൽ പതിയിരിക്കുന്ന അപകടങ്ങൾ, സുരക്ഷ ശക്തമാക്കാൻ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ഓൺലൈൻ സുരക്ഷയുടെ ഒരു പ്രധാന ഘടകം പാസ്‍വേർഡുകൾ തന്നെയാണ്. ഇതിനുവേണ്ടി നിങ്ങൾ ശക്തമായ പാസ്‍വേർഡുകളും പാസ്‍വേർഡ് മാനേജറും ഉപയോഗിക്കുക. നിങ്ങൾക്ക് എളുപ്പത്തിൽ ഒരു പാസ്‍വേർഡ് ഓർമ്മിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, ഒരു ഹാക്കർക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിന്‌റെ സഹായത്തോടെ അത് വേഗത്തിൽ ഊഹിച്ചു കണ്ടെത്താനും കഴിയും.

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഒക്ടോബർ സൈബർ സുരക്ഷാ ബോധവൽക്കരണ മാസമായി ആചരിക്കുന്നുണ്ട്. അമേരിക്കയിൽ ഓൺലൈൻ സുരക്ഷയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി 2004 മുതൽ ഒക്ടോബർ മാസത്തിൽ ഒരു വാർഷിക ബോധവൽക്കരണ പരിപാടി നടക്കാറുണ്ട്. സൈബർ സുരക്ഷാ മേഖലയിൽ പണിയെടുക്കുന്നവർ അവർക്കറിയുന്ന രീതിയിൽ നേരിട്ടോ, ഓൺലൈനിലൂടെയോ സൈബർ തട്ടിപ്പുകളെ എങ്ങനെയൊക്കെ തിരിച്ചറിയാം എന്നതിനെക്കുറിച്ചുമുള്ള ക്ലാസുകൾ ഈ മാസം മുഴുവൻ സംഘടിപ്പിക്കാറുണ്ട്. പലവിധം സൈബർ സുരക്ഷാ ടിപ്പുകളും പങ്കുവയ്ക്കാറുണ്ട്.

"ഓൺലൈനിൽ സുരക്ഷിതമായി ക്രയവിക്രയങ്ങൾ ചെയ്യാൻ എളുപ്പമാണ്.' എന്നതാണ് ഇക്കൊല്ലത്തെ ഒക്ടോബർ സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ പ്രമേയം.

സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഓൺലൈനിലും ഓഫ്‌ലൈനിലും സംരക്ഷിക്കുന്നതിന് ലളിതമായതെങ്കിലും ചില നടപടികൾ എടുക്കാനുള്ള സമയമാണിത്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഈ സംരക്ഷണ നടപടികൾ ഒരു മാസത്തിൽ മാത്രമായി ഒതുങ്ങരുത്. എല്ലാ കാലത്തും തുടരേണ്ടതാണ്. കാരണം നിങ്ങളുടെ ഓൺലൈൻ ആക്റ്റിവിറ്റികൾ ഒരു മാസത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നവയല്ലല്ലോ.

ഇത്തവണത്തെ സുരക്ഷാമാർഗ്ഗങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഓൺലൈനിൽ സുരക്ഷിതമായി ഇടപെടലുകൾ നടത്താൻ ഉതകുന്ന രീതിയിൽ നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ കഴിയുന്ന നാല് പ്രധാന ഓൺലൈൻ പെരുമാറ്റങ്ങളിൽ ആണ്.

1 ) Multi-factor authentication ഓൺ ചെയ്യുക :

ഓൺലൈനിൽ സുരക്ഷിതമായി തുടരുന്നതിനും ഇടപെടലുകൾ നടത്തുന്നതിനും ഏറ്റവും വേഗതയേറിയതും എളുപ്പവുമായ മാർഗ്ഗങ്ങളിലൊന്ന് നിങ്ങളുടെ അക്കൗണ്ടുകളിൽ Multi-factor authentication ഓൺ ചെയ്യുക എന്നതാണ്. ഏതാനും മിനിറ്റുകൾ മാത്രം എടുക്കുന്ന ഏറ്റവും ലളിതമായ ഒരു കാര്യമാണ്. ഒരു അക്കൗണ്ടിൽ, നിങ്ങൾ ഇത് ഒറ്റ തവണ മാത്രമേ ചെയ്യേണ്ടതുള്ളൂ. നിങ്ങളുടെ അക്കൗണ്ടുകളിൽ Multi-factor authentication ഓൺ ആയാൽ, ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് ആക്‌സസ് നേടുന്നത് ഇരട്ടി ബുദ്ധിമുട്ടാണ്.

എന്താണ് Multi-factor authentication (MFA)?

ടു-ഫാക്ടർ authentication എന്നും അറിയപ്പെടുന്ന ഈ ടെക്‌നോളജി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് രണ്ട് ഭാഗമായുള്ള വിവരങ്ങൾ നിർബന്ധമാക്കിക്കൊണ്ടു നിങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു. ടു-ഫാക്ടർ authentication ന്റെ ഒരു സാധാരണ ഉദാഹരണം: നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ആദ്യം നിങ്ങളുടെ ഇമെയിൽ ഐഡിയും അതിനുശേഷം നിങ്ങളുടെ പാസ്‌വേർഡും ടൈപ്പ് ചെയ്യുക , അതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത സ്മാർട്ട്‌ഫോണിലേക്ക് അയച്ച OTP ടൈപ്പ് ചെയ്യുക. എന്നാൽ മാത്രമേ ലോഗിൻ ചെയ്യാൻ പറ്റൂ . അതായത് , നിങ്ങളുടെ യൂസർ നെയിമും പാസ്‍വേഡും ആണ് ആദ്യത്തെ ഫാക്ടർ. രണ്ടാമത്തെ ഫാക്ടർ ആണ് രജിസ്റ്റർ ചെയ്ത സ്മാർട്‌ഫോണിൽ വരുന്ന OTP.

ടു-ഫാക്ടർ authentication ഉപയോഗിച്ചേക്കാവുന്ന ഒരു രണ്ടാം ഘട്ടത്തിന്റെ മറ്റ് ഉദാഹരണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
ഒരു സുരക്ഷാ ചോദ്യം ( ഉദാഹരണത്തിന്, "നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ പേര് എന്തായിരുന്നു?') നിങ്ങളുടെ മുഖം അല്ലെങ്കിൽ വിരലടയാളം പോലുള്ള ഒരു ബയോമെട്രിക് ഐഡന്റിഫയർ.

ഒരു ആധികാരിക ആപ്ലിക്കേഷൻ വഴി നിങ്ങൾക്ക് ലഭിക്കുന്ന ഒരു താൽക്കാലിക പാസ്‌കോഡ് അഥവാ OTP. (ഇത് ഗൂഗിൾ അല്ലെങ്കിൽ മൈക്രോസോഫ്ട് authenticator അങ്ങനെ ഏതെങ്കിലും ആപ്ലിക്കേഷൻസ് ആവാം ... പക്ഷേ അവ പ്ലേ സ്റ്റോറിൽ നിന്നോ അഥവാ ആപ്പ് സ്റ്റോറിൽ നിന്നോ മാത്രമേ ഇൻസ്റ്റാൾ ചെയ്യാവൂ . വേറെ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷിതമല്ല)

നിങ്ങൾക്ക് സാധാരണയായി നിങ്ങളുടെ ഏതെങ്കിലും ഒരു അക്കൗണ്ടിലേക്ക് പോയി, സെറ്റിംഗ്‌സിൽ സെക്യൂരിറ്റിയുടെ കീഴിൽ മൾട്ടി-ഫാക്ടർ authentication ഓൺ ചെയ്യാൻ കഴിയും. അവിടെ നിങ്ങൾക്ക് മൾട്ടി-ഫാക്ടർ authentication "ഓൺ' എന്നതിലേക്ക് ടോഗിൾ ചെയ്യാം. എവിടെയ്ക്കാണോ നിങ്ങളുടെ സെക്യൂരിറ്റി കോഡ് അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്, അവിടെ നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം പോലുള്ള എന്തെങ്കിലും ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.
നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിൽ ഈ സെറ്റിംഗ്‌സ് ചെയ്യാൻ ഇവിടെ സന്ദർശിക്കുക, നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ ഈ സെറ്റിംഗ്‌സ് ചെയ്യാൻ ഇവിടെ സന്ദർശിക്കുക

അടുത്തതായി നിങ്ങൾ ഉടനെ ചെയ്യേണ്ട ചില കാര്യങ്ങൾ. ഒരു അരമണിക്കൂറിനുള്ളിൽ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അക്കൗണ്ടുകളിൽ മൾട്ടി-ഫാക്ടർ authentication (MFA) സെറ്റപ്പ് ചെയ്യുക. ഏതൊക്കെയാണ് പ്രധാനപ്പെട്ട അക്കൗണ്ടുകൾ എന്നത് നിങ്ങളാണ് തീരുമാനിക്കേണ്ടത്. നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ്, ഇമെയിൽ, പേയ്‌മെന്റ്, യൂട്ടിലിറ്റികൾ, ഓൺലൈൻ ഷോപ്പിംഗ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നതൊക്കെ ആ ലിസ്റ്റിൽ വരും. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒരു നല്ല തുടക്കസ്ഥലമാണ്, പക്ഷേ കൂടുതൽ പ്രധാനമായി, നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും മറ്റ് വ്യക്തിഗത തിരിച്ചറിയൽ വിശദാംശങ്ങളും ( PII - Personally Identifiable Information) സംഭരിക്കുന്ന ഏത് അക്കൗണ്ടിലും നിങ്ങൾ മൾട്ടി-ഫാക്ടർ authentication (MFA) ഓൺ ആക്കണം .

ഏതൊക്കെ ഓൺലൈൻ വെബ്‌സൈറ്റുകൾ മൾട്ടി-ഫാക്ടർ authentication (MFA) സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നതറിയാൻ ഓൺലൈനിൽ സെർച്ച് ചെയ്യുക .

2. നല്ല പാസ്‍വേർഡ് പ്രാക്റ്റീസുകൾ പരിശീലിക്കുക :

ഓൺലൈൻ സുരക്ഷയുടെ മറ്റൊരു പ്രധാന ഘടകം പാസ്‍വേർഡുകൾ തന്നെയാണ്. ഇതിനുവേണ്ടി നിങ്ങൾ ശക്തമായ പാസ്‍വേർഡുകളും പാസ്‍വേർഡ് മാനേജറും ഉപയോഗിക്കുക. നിങ്ങൾക്ക് എളുപ്പത്തിൽ ഒരു പാസ്‍വേർഡ് ഓർമ്മിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, ഒരു ഹാക്കർക്ക് ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് അത് വേഗത്തിൽ ഊഹിച്ചു കണ്ടെത്താനും നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിലേക്കുള്ള അക്‌സസ്സ് ലഭിക്കാനും സാധ്യതയുണ്ട്. പിന്നത്തെ കാര്യം പറയേണ്ടല്ലോ

സ്‌ട്രോങ്ങായ ഒരു പാസ്‍വേർഡിന് താഴെപ്പറഞ്ഞ ഗുണങ്ങളുള്ളത് അഭികാമ്യമാണ് :
കോംപ്ലക്‌സ് - വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ ഉണ്ടാവണം, നീളം - കുറഞ്ഞത് 16 അക്ഷരങ്ങൾ എങ്കിലും വേണം . നീണ്ട പാസ്‍വേർഡുകൾ കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ച് വേഗത്തിൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്, ഊഹിക്കാൻ പ്രയാസമായിരിക്കണം - പേരുകളും ജന്മദിനങ്ങളും പോലുള്ള യഥാർഥ വാക്കുകളോ വ്യക്തിഗത വിശദാംശങ്ങളോ പാസ്‍വേർഡിൽ ഉണ്ടാവരുത്.

എന്നാൽ മുകളിൽ പറഞ്ഞ സ്‌ട്രോങ്ങായ ഒരു പാസ്‍വേർഡിന് ഉണ്ടായിരിക്കേണ്ട സവിശേഷതകൾ പാസ്‍വേർഡുകൾ ഓർത്തിരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ടാണ് നമ്മുടെ പാസ്‍വേർഡുകളെ സുരക്ഷിതമായി ഓർത്തിരിക്കാൻ പാസ്‍വേർഡ് മാനേജർമാർ ഒരു നല്ല അപ്ലിക്കേഷൻ ആണ്. പാസ്‍വേർഡ് മാനേജർമാർ സുരക്ഷിതമായ ഒരു ഓൺലൈൻ സ്റ്റോറേജിൽ അഥവാ വാൾട്ടിൽ നിങ്ങളുടെ എല്ലാ പാസ്‍വേർഡുകളും സൂക്ഷിക്കുന്നു, ആവശ്യാനുസരണം നിങ്ങൾക്കായി സ്‌ട്രോങ്ങായ പാസ്‍വേർഡുകൾ സൃഷ്ടിക്കാനും അവയ്ക്കു കഴിയും, കൂടാതെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള മറ്റ് പ്രധാന വിവരങ്ങൾ പോലും സുരക്ഷിതമായി സ്റ്റോർ ചെയ്യാനും കഴിയും. നിങ്ങൾ ഒരു സൈറ്റിലേക്ക് ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾക്കായി നിങ്ങളുടെ പാസ്‍വേർഡുകൾ വേഗത്തിലും എളുപ്പത്തിലും ഓട്ടോ-ഫിൽ ചെയ്യാനും പാസ്‍വേർഡ് മാനേജർസിനു കഴിയും.

ഏതൊക്കെ പാസ്‍വേർഡ് മാനേജർമാരുണ്ടെന്നുള്ള കൂടുതൽ വിവരങ്ങൾ വായിക്കാനുള്ള ലിങ്ക്

നിങ്ങളുടെ പാസ്‍വേർഡ് മാനേജർ തിരഞ്ഞെടുക്കുക, ഒരു അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യുക, ഒരു മാസ്റ്റർ പാസ്‍വേർഡ് തിരഞ്ഞെടുക്കുക. നിങ്ങളുടെ മാസ്റ്റർ പാസ്‍വേർഡ് വളരെ ദൈർഘ്യമേറിയതും ഊഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുമാക്കുക. അത് സുരക്ഷിതമായ ഒരിടത്ത് സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ദയവുചെയ്ത് നിങ്ങളുടെ പാസ്‍വേർഡുകൾ ഒരിടത്തും എഴുതി സൂക്ഷിക്കാതിരിക്കുക. നിങ്ങളുടെ മാസ്റ്റർ പാസ്‍വേർഡ് നിങ്ങളുടെ പാസ്‍വേർഡ് മാനേജറിലേക്ക് നിങ്ങൾക്ക് ആക്‌സസ് നൽകുന്ന പോലെ മറ്റേതൊരാൾക്കും അക്‌സസ്സ് നൽകാം എന്നോർമിക്കുക.

3 ) നിങ്ങളുടെ സോഫ്റ്റ്‍വെയർ ഉടനടി അപ്‌ഡേറ്റ് ചെയ്യുക:

നിങ്ങളുടെ സോഫ്റ്റ്‍വെയർ കാലികമായി നിലനിർത്തുന്നത് ഓൺലൈനിൽ സുരക്ഷിതമായി ക്രയവിക്രയം നടത്താൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പവും പ്രധാനപ്പെട്ടതുമായ കാര്യങ്ങളിൽ ഒന്നാണ്. സോഫ്റ്റ്‍വെയർ അപ്‌ഡേറ്റുകൾ പലപ്പോഴും സോഫ്റ്റ്‍വെയർ ബഗ്ഗുകളോ സെക്യൂരിറ്റി പഴുതുകളോ പരിഹരിക്കുന്നതിനാൽ ആക്രമണകാരികൾക്ക് നിങ്ങളുടെ ഡാറ്റയിലേക്ക് ആക്‌സസ് നേടാനും വൈറസ് അല്ലെങ്കിൽ റാൻസംവെയർ ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തെ ഇൻഫെക്ട് ചെയ്യാനും റിമോട്ടായി നിങ്ങളുടെ കമ്പ്യൂട്ടർ നിയന്ത്രിച്ച് ചൂഷണം ചെയ്യാനും കഴിയും.

ഒരു സാധാരണ ഷെഡ്യൂളിൽ അല്ലെങ്കിൽ അപ്‌ഡേറ്റ് ലഭ്യമാണെന്ന് നിങ്ങളെ അറിയിക്കുന്ന അലേർട്ട് ലഭിക്കുമ്പോഴെല്ലാം നിങ്ങളുടെ സോഫ്റ്റ്‍വെയർ അപ്‌ഡേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. സോഫ്റ്റ്‍വെയർ അപ്‌ഡേറ്റുകൾ പിന്നീട് ചെയ്യാം എന്നു വിചാരിച്ചു മാറ്റിവയ്ക്കുന്നതിനു പകരം ഉടൻ തന്നെ ചെയ്യുന്ന ശീലം പ്രാവർത്തികമാക്കുക. പരിരക്ഷയുടെ ഒരു എക്‌സ്ട്രാ ലെയർ ആയി നല്ല ക്വാളിറ്റിയുള്ള ഒരു സുരക്ഷാ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുന്നതും നല്ല ശീലമാണ്. സൗകര്യത്തിനും വേഗതയ്ക്കും, ഓട്ടോമാറ്റിക് സോഫ്റ്റ്‍വെയർ അപ്‌ഡേറ്റുകൾ ഓണാക്കുക. സോഫ്റ്റ്‍വെയർ മാനുവലായി അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മാസത്തിലൊരിക്കൽ അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നതിന് ഒരു അലെർട്ട് സെറ്റ് ചെയ്യുക .

4 ) ഫിഷിങ് തട്ടിപ്പുകൾ തിരിച്ചറിയുക

ഫിഷിംഗ് തട്ടിപ്പുകൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും പഠിക്കുന്നത് ഓൺലൈനിൽ സുരക്ഷിതമായി ഇരിക്കുന്നതിന് നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന ഒരു മികച്ച നടപടിയാണ്. ഭാഗ്യവശാൽ, ഇത് ചെയ്യാൻ വളരെ എളുപ്പമാണ്, മാത്രമല്ല അധികം സമയമെടുക്കില്ല താനും .

എന്താണ് ഫിഷിംഗ് തട്ടിപ്പ്? തട്ടിപ്പിനായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്കുചെയ്യാൻ പ്രേരിപ്പിക്കൽ , വ്യക്തിഗത വിവരങ്ങൾ നൽകാൻ പ്രേരിപ്പിക്കൽ, അല്ലെങ്കിൽ പേയ്‌മെന്റ് നടത്താൻ പ്രേരിപ്പിക്കൽ തുടങ്ങിയ ഏതെങ്കിലും ഒരു ഫ്രോഡ് നടപടി എടുക്കുന്നതിൽ നിങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനായി സൈബർ തട്ടിപ്പുകാർ നിങ്ങൾക്ക് ഒരു വ്യാജ ഇമെയിൽ, നേരിട്ടുള്ള സന്ദേശം, ടെക്സ്റ്റ് അല്ലെങ്കിൽ ഒരു പോപ്പ്-അപ്പ് പരസ്യം ഒക്കെ അയയ്ക്കുമ്പോഴാണ് ഫിഷിങ് സംഭവിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ ബാങ്ക് പോലുള്ള പരിചിതമായ കമ്പനിയിൽ നിന്നുള്ള ഒരു യഥാർഥ ഇമെയിൽ പോലെയായിരിക്കും ഇമ്മാതിരി ഫിഷിങ് ഇമെയിലുകൾ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ബാങ്കിൽ നിന്നും അയച്ചിരിക്കുന്നു എന്ന് തോന്നാമെങ്കിലും സൂക്ഷിക്കേണ്ടതാണ് .

ഫിഷിംഗ് ഇ മെയിലുകൾ അയയ്ക്കുന്ന കാര്യത്തിൽ തട്ടിപ്പുകാർ കൂടുതൽ സങ്കീർണ്ണരായി തീർന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. എന്നാലും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയുന്ന ചില അടയാളങ്ങൾ ഇപ്പോഴും ഉണ്ട്. പല ഓഫറുകളും കണ്ടാൽ "ഇതിലും മികച്ച ഓഫർ സ്വപ്നങ്ങളിൽ മാത്രം ' എന്ന പോലെ തോന്നാം. അപ്പോൾ ഉറപ്പിച്ചോളൂ അമ്മാതിരി ഓഫറുകൾ സ്വപ്നങ്ങളിലേ കാണൂ എന്ന്. വിശ്വസിക്കാതിരിക്കുക. അത്രന്നെ. വിലക്കുറവുള്ള സ്മാർട്ട്‌ഫോണുകൾ അല്ലെങ്കിൽ അന്തരാഷ്ട്ര വെക്കേഷന് ട്രിപ്പുകൾ പോലുള്ള കാര്യങ്ങൾക്ക് അവിശ്വസനീയമാംവിധം വിലകുറഞ്ഞ ഓഫറുകളായി തോന്നുന്നവയുമായി ഫിഷിംഗ് ഇമെയിലുകൾ നിങ്ങളെ ആകർഷിക്കാൻ ശ്രമിച്ചേക്കാം. ഓഫറുകൾ ഒഴിവാക്കാനാവാത്തതായി തോന്നാം. അവ ഫിഷിംഗ് ഇമെയിലുകൾ ആയിരിക്കാം. ഇമ്മാതിരി തട്ടിപ്പുകൾക്ക് ഇപ്പോഴും പലരും ഇരകളാകാറുണ്ട് എന്നതാണ് അവസ്ഥ.

അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും നിങ്ങൾക്കു ലഭിക്കുന്ന ഈമെയിലിൽ ഉണ്ടെങ്കിൽ അതും ഒരു സൂചനയാണ് ഫിഷിങ്ങിന്റെ . ഫിഷിംഗ് ഇമെയിലുകൾ നിങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്‌തേക്കില്ല. പകരം, "പ്രിയ സർ അല്ലെങ്കിൽ മാഡം' അല്ലെങ്കിൽ "ഡിയർ അക്കൗണ്ട് ഹോൾഡർ' പോലുള്ള ഒരു പൊതുവായ അഭിവാദ്യത്തോടെ ഇമെയിൽ ആരംഭിക്കാം. ഇതും ഒരു സൂചനയാണ് . നിങ്ങളുടെ ബാങ്കുകൾ ഒരിക്കലും നിങ്ങളോട് ആധാർ പോലെയുള്ള കാര്യങ്ങൾ ഇമെയിലിലൂടെ ചോദിക്കില്ല എന്ന് ബാങ്കുകൾ തന്നെ കസ്റ്റമേഴ്‌സിനെ സ്ഥിരമായി അറിയിക്കാറുണ്ട് . അപ്പോൾ അങ്ങനത്തെ ഫിഷിങ് ഇമെയിലുകൾ കിട്ടിയാൽ ബാങ്കിന്റെ ഫ്രോഡ് റിപ്പോർട്ടിങ് സെന്ററിൽ ബന്ധപ്പെടേണ്ടതാണ് . അതുപോലെ നിങ്ങളുടെ അക്കൗണ്ടുകൾ ഉടനെ ക്ലോസ് ചെയ്യും അതുകൊണ്ടു ഉടനെതന്നെ നിങ്ങൾക്കു ലഭിച്ച ഇമെയിലിൽ ഉള്ള ലിങ്കിൽ ക്ലിക്കി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാൻ പറഞ്ഞാലും പരിഭ്രമിച്ചു ഉടൻ ലിങ്കിൽ ക്ലിക്കരുത്. പകരം ബാങ്കിനെ അറിയിക്കുക. അജ്ഞാതമായ ഒരു ഹൈപ്പർലിങ്കിൽ ക്ലിക്കുചെയ്യാൻ അഭ്യർഥിക്കുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ഓപ്ഷനു മുകളിലൂടെ ഹോവർ ചെയ്താൽ (ക്ലിക്കരുത് ...) ലിങ്ക് നിങ്ങളെ ശരിക്കും ഒരു വ്യാജ, അക്ഷരത്തെറ്റുള്ള ഡൊമെയ്‌നിലേക്ക് കൊണ്ടുപോകുന്നുവെന്ന് കാണിച്ചേക്കാം. ഈ ലിങ്ക് ശരിക്കുള്ള ലിങ്കായി കാണപ്പെടാൻ വേണ്ടി തട്ടിപ്പിൽ സൃഷ്ടിച്ചതായിരിക്കും ... പക്ഷേ ഇതും ഫിഷിങ് ടെക്നിക്കുകളുടെ ഒരു ഭാഗമാണ് എന്ന് മനസ്സിലാക്കുക.

സൈബർ സുരക്ഷാ എന്നത് ഏതെങ്കിലും ഒരു മാസത്തിൽ മാത്രം ആചരിക്കേണ്ട ഒന്നല്ല. അവ എല്ലാ ദിവസവും ശ്രദ്ധിച്ചു മനസ്സിലാക്കി നമ്മളെക്കൊണ്ടാവുന്നതുപോലെ പ്രാവർത്തികമാക്കേണ്ടവയാണ് എന്നതാണ് ഏറ്റവും പ്രധാനം .

വിമൽ സാർ പ്രേമത്തിൽ ജാവയെക്കുറിച്ചു പഠിപ്പിക്കുന്നതുപോലെയാണ് സൈബർസുരക്ഷയും സോ സിമ്പിൾ, ബട്ട് പവർഫുൾ.

അപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ, ഇല്ലെങ്കിൽ ചോദിക്കാൻ മടിക്കരുത് വിമൽ സാറിനോടല്ല, എന്നോട്. അപ്പൊ അടുത്ത തവണ കാണാം .

Comments