സമൂഹ മാധ്യമങ്ങള്‍
നിങ്ങളുടെ ദൈനംദിന സ്വഭാവത്തെ
ബാധിക്കുന്നുണ്ടോ ?
സമൂഹ മാധ്യമങ്ങള്‍ നിങ്ങളുടെ ദൈനംദിന സ്വഭാവത്തെ ബാധിക്കുന്നുണ്ടോ
നമ്മുടെ സാമൂഹ്യജീവിതത്തെത്തന്നെ നിരൂപണം നടത്താന്‍ കെല്‍പ്പുള്ള പ്രേക്ഷകരെ ഉണ്ടാക്കുന്നതുവഴി നമ്മള്‍ എങ്ങിനെ സമൂഹ മാധ്യമങ്ങളില്‍ പെരുമാറുന്നു എന്ന രീതി തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. സൈക്കോളജിസ്റ്റുകള്‍ ഇതിനെ Hawthorne ഇഫെക്ട് എന്നും പറയാറുണ്ട്. ഇത് പ്രധാനമായും പ്രതിപാദിക്കുന്നത് ആരെങ്കിലും അവരുടെ സാമൂഹ്യമായ പെരുമാറ്റത്തെ നിരീക്ഷിക്കുന്നുണ്ടെങ്കില്‍ അതുമൂലം ആള്‍ക്കാരുടെ പെരുമാറ്റത്തിലുണ്ടാവുന്ന വ്യതിയാനമാണ്.
18 Sep 2022, 10:37 AM
പല തരത്തിലുമുള്ള സമൂഹ മാധ്യമങ്ങള്‍ നമ്മളില്‍ ബഹുഭൂരിപക്ഷവും ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേറെക്കാലമായെങ്കിലും അവയൊക്കെ നമ്മുടെ ദൈനംദിന പെരുമാറ്റത്തെ എങ്ങനെയൊക്കെ സാരമായി സ്വാധീനിക്കുന്നുണ്ട് എന്നുള്ള പഠനങ്ങള്‍ പിന്നീടാണ് തുടങ്ങിയത്. പലരുടെയും ഓണ്‍ലൈന്‍ പെരുമാറ്റവും ഓഫ്‌ലൈന്‍ പെരുമാറ്റവും തമ്മില്‍ അഗജാന്തരമുണ്ടാവാം. അതിനുള്ള ഒരു പ്രധാന കാരണമെന്തെന്നാല്‍ മോണിറ്ററിംഗ് തന്നെയാണ്. നമ്മുടെയെല്ലാം ദൈനംദിന പ്രവര്‍ത്തികള്‍ ആരോ ഒരു ക്യാമറ വെച്ച് നിരീക്ഷിക്കുന്നുണ്ടെന്ന് കരുതുക. അപ്പോള്‍ പെരുമാറ്റവും വേറെ രീതിയിലാവാം. സിസിടിവി ക്യാമറയുടെ ഉദാഹരണം ആലോചിച്ചാല്‍ മതി. സിസിടിവി വെച്ചശേഷം പല സ്ഥലങ്ങളിലും അടിച്ചുമാറ്റലുകള്‍ കുറഞ്ഞു എന്ന് പലരും തമാശയായി പറയാറുണ്ടെങ്കിലും, സംഗതി ശരിതന്നെയല്ലേ എന്ന് തോന്നിപ്പോകും. ഒരു പൊതുസ്ഥലത്ത് പോകുന്ന നമ്മള്‍ അവിടെ സിസിടിവി ക്യാമറകളുണ്ടെങ്കില്‍ പിന്നീട് പെരുമാറുന്നത് വേറെ രീതിയിലായേക്കാം എന്നാണ് ബിഹേവിയറല്‍ സയന്റിസ്റ്റുകളുടെ അഭിപ്രായം. അത് കോമണ്‍ സെന്‍സുമാണ്.
സമൂഹ മാധ്യമങ്ങളിലെ അവസ്ഥയും ഏതാണ്ട് ഇതേപോലെയാണ്. കാരണം ആ പ്ലാറ്റ്ഫോമുകളില്‍ ആര്‍ക്കും നമ്മളെ എപ്പോള്‍ വേണമെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കാം. കുറെയേറെ സംഗതികള്‍ നമ്മുടെ കണ്‍ട്രോളിലാണെങ്കിലും, പലതും നമ്മുടെ പരിധിക്കപ്പുറത്തുതന്നെയാണ്. ചില കാര്യങ്ങള്‍ ടെക്‌നിക്കല്‍ കണ്‍ട്രോളുകളാണെങ്കിലും, പലതും ബിഹേവിയറല്‍ ആയതുകൊണ്ട് വരുതിയില്‍ കൊണ്ടുവരാന്‍ പാടാണ്.
ഒരു പബ്ലിക് കമ്പനി മാധ്യമങ്ങളിലും പബ്ലിക്കിലും എന്തൊക്കെ പറയുന്നു എന്നത് തീര്‍ച്ചയായും സ്റ്റോക്ക് മാര്‍ക്കറ്റില്‍ അവരുടെ ഓഹരി മൂല്യത്തില്‍ പലരീതിയിലുമുള്ള സ്വാധീനം ചെലുത്താം. അതുകൊണ്ടുതന്നെ എല്ലാ പബ്ലിക് കമ്പനികളും അവരുടെ മാധ്യമങ്ങളുമായും പബ്ലിക്കുമായും ഇടപെടുന്ന ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരെ തീര്‍ച്ചയായും ഒരു പബ്ലിക് റിലേഷന്‍സ് പരിശീലനം കൊടുക്കാറുണ്ട്. പബ്ലിക്കായി എന്തൊക്കെ കാര്യങ്ങള്‍ എങ്ങനെയൊക്കെ പറയാം എന്ന ട്രെയിനിങ് ആണിത്.
സമൂഹ മാധ്യമങ്ങളിലെ നമ്മുടെ പെരുമാറ്റവും ഒരു പബ്ലിക് കമ്പനിയുടെ പെരുമാറ്റങ്ങളും ഏതാണ്ടൊരേപോലെയാണ് നിരീക്ഷിക്കപ്പെടുന്നത്. നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പബ്ലിക്കായി പോസ്റ്റുചെയ്യുന്ന പല കാര്യങ്ങളും ഇതേപോലെയുള്ള ഭൂതക്കണ്ണാടിയില്‍കൂടിയാണ് പലരും നോക്കിക്കാണാന്‍ സാധ്യതയുള്ളത്. പബ്ലിക് കമ്പനിയുടെ കാര്യത്തില്‍ അവര്‍ പബ്ലിക്കായി ചെയ്യുന്നതും പറയുന്നതും അവരുടെ ഓഹരി വിപണിയുടെ മൂല്യത്തില്‍ അപ്പപ്പോള്‍ത്തന്നെ ഏറ്റക്കുറച്ചിലുണ്ടാക്കിയേക്കാം. വിപണി അതിനെ സസൂക്ഷ്മം വീക്ഷിക്കുന്നതുപോലെയാണ് സമൂഹ മാധ്യമങ്ങളിലെ ആളുകളുടെ സോഷ്യല്‍ സ്റ്റാറ്റസും അളക്കപ്പെടുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ നമ്മളെല്ലാം തന്നെ നമ്മുടെ ഒരു പേഴ്സണല്‍ ബ്രാന്‍ഡിങ് അഥവാ ഐഡന്റിറ്റി സൃഷ്ടിക്കുന്നു. അതുകൊണ്ട് നമ്മളെല്ലാവരും തന്നെ ഓരോരോ പബ്ലിക് റിലേഷന്‍സ് പ്രൊഫഷണലുകള്‍ ആണെന്ന് പറയേണ്ടി വരും. സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ അളക്കപ്പെടുന്നത് അവര്‍ക്ക് ലഭിക്കുന്ന ലൈക്കുകളും, കമെന്റുകളും പിന്നെയവരുടെ സോഷ്യല്‍ സ്റ്റാറ്റസും ഒക്കെ നോക്കിയാണ്. ഓഹരിവിപണി പോലെത്തന്നെ ഓരോ തവണയും നമ്മള്‍ ഓരോ കാര്യങ്ങള്‍ പോസ്റ്റുചെയ്യുമ്പോഴും നമ്മുടെ സോഷ്യല്‍ സ്റ്റാറ്റസും മാറിക്കൊണ്ടിരിക്കും. വിദേശ രാജ്യത്തില്‍ നിന്നെടുത്ത വെക്കേഷന്‍ ഫോട്ടോസ് പോസ്റ്റ് ചെയ്താലും വിലപിടിച്ച കാറു വാങ്ങിയ വിവരം പോസ്റ്റുചെയ്താലും സോഷ്യല്‍ സ്റ്റാറ്റസ് കൂടുന്നത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. ഈ പറഞ്ഞ സോഷ്യല്‍ സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് പലരും സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിമാത്രം കാര്യങ്ങള്‍ ചെയ്തു എന്ന് വരുത്താന്‍ വേണ്ടി പോസ്റ്റുചെയ്യുമ്പോഴാണ്. സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും പലരും നിത്യജീവിതത്തില്‍ ചെയ്യുന്നവരായിക്കൊള്ളണമെന്നില്ല എന്നര്‍ത്ഥം.
ഇന്നത്തെക്കാലത്ത് പല കമ്പനികളും ഉദ്യോഗാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഐഡി അഥവാ ഹാന്‍ഡില്‍ ചോദിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യയിലും പുറത്തുമുള്ള പല ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ഇതേ കാര്യങ്ങള്‍ പരിശോധിക്കാറുണ്ട്. എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെങ്കിലും ഇന്നത്തെക്കാലത്ത് സമൂഹ മാധ്യമങ്ങളില്‍ അവയെല്ലാം വെട്ടിത്തുറന്ന് പറയുകയും, എഴുതുകയും വേണോ എന്നാലോചിക്കേണ്ടിയിരിക്കുന്നു.
"ട്രിക്ക് മിറര്‍ ' എന്ന പുസ്തകത്തില്‍ സുപ്രസിദ്ധ എഴുത്തുകാരി ജിയ ടോലെന്റിനോ കുറിക്കുന്നതിങ്ങനെ : "Where we had once been free to be ourselves online, we are now chained to ourselves online, and this made us self-conscious '
ചുരുക്കത്തില്‍ ഓണ്‍ലൈനില്‍ നമ്മളെല്ലാം നമ്മളില്‍ത്തന്നെ തളയ്ക്കപ്പെട്ടിരിക്കുന്നു... ഇത് നമ്മളെയെല്ലാം സ്വയംബോധം ഉള്ളവരാക്കിമാറ്റിയിരിക്കുന്നു. ഇരുപത്തിനാലുമണിക്കൂറും സൈബര്‍ ലോകത്തേയ്ക്കും സമൂഹ മാധ്യമങ്ങളിലേക്കുമുള്ള കതകുകള്‍ തുറന്നുകിടക്കുന്നത് നമ്മളെയെല്ലാം സാമൂഹ്യമായി പതിന്മടങ്ങു ഊര്‍ജ്ജിതരാക്കിയിരിക്കുന്നു. അത്രയ്ക്ക് അധികം ഊര്‍ജ്ജിതരാവണോ എന്നതാണ് ഈ രംഗത്ത് പഠനം നടത്തുന്ന പല വിദഗ്ധരുടേയും ചോദ്യം. സമൂഹ മാധ്യമങ്ങളില്‍ നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും, എഴുതുന്ന ഓരോ വാക്കുകളും, പോസ്റ്റോ ഷെയറോ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും പലരും സസൂക്ഷ്മം പരിശോധിക്കാം. നമ്മളെ നിരൂപണം ചെയ്യാനോ വിലയിരുത്താനോ ഉപയോഗിക്കപ്പെടാം എന്ന രീതിയില്‍ സമ്പൂര്‍ണമായി മാറിക്കഴിഞ്ഞാല്‍ പിന്നെ പലരും സാമൂഹ്യ ഭയം എന്ന കാരാഗൃഹത്തില്‍ പെട്ടുപോയേക്കാം. എന്തിനു റിസ്‌ക് എടുക്കണം എന്ന് പലരും ചിന്തിച്ചേക്കാം. ഇത്രയ്ക്കൊക്കെ പോസ്റ്റുചെയ്യുന്നതിനുമുമ്പ് ചിന്തിക്കേണ്ടതുണ്ടോ എന്ന് പലരും ചോദിച്ചേക്കാം ...
നേരത്തേ പറഞ്ഞതുപോലെ ചിലകാര്യങ്ങള്‍ നമ്മുടെ കണ്‍ട്രോളിലാണ്. ഉദാഹരണത്തിന് നമ്മളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ audience ആരാവണമെന്നു നമ്മള്‍ക്ക് തീരുമാനിക്കാവുന്നതേയുള്ളൂ. ആ പ്രൈവസി സെറ്റിങ് ശെരിയായി സെറ്റ് ചെയ്യാതെ പിന്നെ പബ്ലിക് ആയി പോസ്റ്റുചെയ്ത ഒരു പോസ്റ്റിനെപ്പറ്റി പിന്നീട് വിലപിച്ചിട്ടുകാര്യമില്ല എന്നുതന്നെ .
സുപ്രസിദ്ധ തമിഴ് നടനും സംവിധായകനുമായ മനോബാല ഏതോ ഒരു സിനിമയില്‍ പറയുന്ന ഡയലോഗ് പോലെ "റിസ്‌ക് എടുക്കറദ് റസ്‌ക് ശാപ്പിടറ മാതിരി...'. അതായതു നിങ്ങളുടെ കയ്യിലുള്ള നല്ല ചൂടുള്ള ചായയില്‍ എത്ര നേരമാണ് റസ്‌ക് മുക്കി പൊടിഞ്ഞുവീഴാതെ കഴിക്കേണ്ടത് എന്ന് നിങ്ങള്‍ക്കല്ലേ തീരുമാനിക്കാന്‍ പറ്റുക? റിസ്‌ക് എടുക്കണോ വേണ്ടയോ എന്നത് ഓരോരുത്തരെയും അനുസരിച്ചിരിക്കും. എത്ര റിസ്‌ക് എടുക്കണമെന്നതും അതുപോലെയാണ് .
നമ്മളെല്ലാവരും മനസ്സിലാക്കേണ്ട കാര്യമെന്തെന്നാല്‍ സൈബര്‍ സ്‌പേസ് എന്നത് ഒട്ടും മറവിരോഗമില്ലാത്ത ഒന്നാണ്. അതായത് നമ്മള്‍ ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തുന്ന എല്ലാകാര്യങ്ങളും നമ്മള്‍ ഡിലീറ്റ് ചെയ്താലും പല ആര്‍ക്കൈവുകളിലും മായാതെ അങ്ങനെ കിടപ്പുണ്ടാവും. അതുകൊണ്ട് നമ്മുടെ ഒരൊറ്റ കമെന്റോ ട്വീറ്റോ മതി നമ്മുടെ ജീവിതം മാറിമാറിയാന്‍. ഇത് നമ്മള്‍ പലപ്പോഴും ട്രംപിന്റെ പഴയ ട്വീറ്റുകളില്‍ കണ്ടിട്ടുള്ളതാണ്. പലതും ഒരു മൂന്നാം ലോകമഹായുദ്ധമുണ്ടാക്കാന്‍ കെല്‍പ്പുള്ളതായിരുന്നുതാനും.
നമ്മുടെ സാമൂഹ്യജീവിതത്തെത്തന്നെ നിരൂപണം നടത്താന്‍ കെല്‍പ്പുള്ള പ്രേക്ഷകരെ ഉണ്ടാക്കുന്നതുവഴി നമ്മള്‍ എങ്ങിനെ സമൂഹ മാധ്യമങ്ങളില്‍ പെരുമാറുന്നു എന്ന രീതി തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. സൈക്കോളജിസ്റ്റുകള്‍ ഇതിനെ Hawthorne ഇഫെക്ട് എന്നും പറയാറുണ്ട്. ഇത് പ്രധാനമായും പ്രതിപാദിക്കുന്നത് ആരെങ്കിലും അവരുടെ സാമൂഹ്യമായ പെരുമാറ്റത്തെ നിരീക്ഷിക്കുന്നുണ്ടെങ്കില്‍ അതുമൂലം ആള്‍ക്കാരുടെ പെരുമാറ്റത്തിലുണ്ടാവുന്ന വ്യതിയാനമാണ്. 1958 ല്‍ നടന്ന ഒരു പഠനത്തില്‍ ഗവേഷകര്‍ ഫാക്ടറിയില്‍ പണിയെടുക്കുന്നവരുടെ പണിയില്‍ നല്ല പ്രകാശപൂരിതമായ അന്തരീക്ഷം ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ അവര്‍ മനസ്സിലാക്കിയത് നല്ല പുരോഗതിയുണ്ടെന്നാണ്. പഠനം തുടങ്ങിയപ്പോള്‍ പണിക്കാര്‍ നല്ല ചുറുചുറുപ്പോടെ പണിയെടുക്കുന്നുണ്ടായിരുന്നു. പഠനം നിറുത്തിയപ്പോള്‍ ചുറുചുറുപ്പ് കുറഞ്ഞു. ഇതിനെക്കുറിച്ച് ഗവേഷകര്‍ മനസ്സിലാക്കിയത് എന്തെന്നാല്‍ ചുറുചുറുപ്പോടുകൂടിയുള്ള പണിയെടുക്കലിന് കാരണം നല്ല പ്രകാശപൂരിതമായ അന്തരീക്ഷം കാരണമല്ല, മറിച്ചു ആരോ അവരുടെ പണി സസൂക്ഷ്മം വീക്ഷിച്ചു നിരീക്ഷിക്കുന്നതുകൊണ്ടാണ് എന്നതാണ്.
ഇന്നത്തെ സമൂഹ മാധ്യമങ്ങളില്‍ ഇതാണ് അവസ്ഥ. സമൂഹ മാധ്യമങ്ങളില്‍ നമ്മുടെ പോസ്റ്റുകളും പെരുമാറ്റരീതികളും നമ്മള്‍ നമുക്ക് തന്നെ ഉണ്ടാക്കിയ വല്യേട്ടന്‍മാരായി മാറിക്കഴിഞ്ഞിരിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പലതിലും നമ്മള്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ പോസ്റ്റ് ചെയ്യുന്നപോലെയല്ല ഇപ്പോള്‍ പലരും പോസ്റ്റ് ചെയ്യുന്നത്. പലരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു ഇതെല്ലാം പെർമനെന്റ് ആയി സൈബര്‍ലോകത്ത് അങ്ങിനെ കിടക്കും എന്ന്. ജീവിതത്തില്‍ നമ്മള്‍ നേടുന്ന വിജയങ്ങളെപ്പോലെതന്നെയാണ് പരാജയങ്ങളും. മാത്രമല്ല സമൂഹ മാധ്യമങ്ങളില്‍ നമ്മള്‍ പോസ്റ്റ് ഇട്ടാലും ഇല്ലെങ്കിലും നമ്മുടെ സുഹൃത്തുക്കളോ ശത്രുക്കളോ പോസ്റ്റ് ചെയ്താല്‍ എല്ലാത്തിനും പബ്ലിക് ആയൊരു രേഖയുണ്ടാവും എന്നതാണ് പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ റിസ്‌ക് എടുക്കുന്ന ഒരു മാനസികനിലയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

സമൂഹ മാധ്യമങ്ങള്‍ നമ്മളെ മറ്റുള്ളവര്‍ നിരൂപണം അല്ലെങ്കില്‍ ജഡ്ജ്‌മെന്റ് നടത്താന്‍ പറ്റിയ ഒരു വസ്തുവായിമാറ്റിക്കഴിഞ്ഞിരിക്കുന്നു. നമുക്കുചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്നതിനുപകരം, ബാക്കിയുള്ളവര്‍ നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് ശ്രദ്ധമുഴുവന്‍. ഇത് ഏതാണ്ട് പ്രസിദ്ധിയുടെ തുറുങ്കിലടയ്ക്കപ്പെട്ട സെലിബ്രിറ്റികളുടെ അവസ്ഥയാണ്, അതായത് നമ്മുടെ കാണികളെ കണ്ട്രോള്‍ ചെയ്യുന്നതിനുപകരം അവര്‍ നമ്മളെ കണ്ട്രോള്‍ ചെയ്യുന്നതിന് സമാനമാണ് എന്നതാണ്.
അപ്പോള്‍ പിന്നെയുള്ള ചോദ്യം ഈ സോഷ്യല്‍ മീഡിയ ട്രാപ്പില്‍ നിന്നും എങ്ങനെ മോചിതരാകാം എന്നതാണ്. മുഴുവനായുള്ള മോചനം ഏതാണ്ട് അസാധ്യമാണ്. ലോകമെമ്പാടുമുള്ള കോടാനുകോടി ജനങ്ങള്‍ ഇതേ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ നമുക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുക്കമാണ്. പക്ഷെ അവ നമ്മുടെ കണ്‍ട്രോളില്‍ ഉള്ള കാര്യങ്ങളാണ്. പറ്റുമെങ്കില്‍ എല്ലാ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിനില്‍ക്കുക. ഇല്ലെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സ്വീകരിക്കാം.
സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുക. ഒറ്റയ്ക്ക് കുറച്ചു സമയം ചിലവഴിക്കുക. പലപ്പോഴും നമ്മള്‍ ഒറ്റയ്ക്ക് ചിന്തിക്കുമ്പോഴാണ് നമ്മുടെ മൂല്യങ്ങള്‍ പലതും രൂപീകൃതമാവുക. ബാക്കിയുള്ളവര്‍ നമ്മളെക്കുറിച്ചെന്തു ചിന്തിക്കും എന്നാലോചിച്ചാല്‍ പിന്നെ നമുക്ക് സ്വതന്ത്രചിന്ത സാധ്യമാവാന്‍ ബുദ്ധിമുട്ടായിരിക്കും. സോഷ്യല്‍ മീഡിയ ഉപയോഗിച്ചേതീരൂ എന്നാണെങ്കില്‍ അത് നിങ്ങള്‍ക്ക് പ്രചോദനം തരുന്ന രീതിയില്‍ ആവട്ടെ. നിങ്ങളുടെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ ഒന്ന് റീസെറ്റ് ചെയ്യുക. ക്യൂറേറ്റ് ചെയ്യലും ആവാം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നവരുടെ ചുറ്റിലും നില്‍ക്കാം പോസിറ്റിവിറ്റി സ്വായത്തമാക്കാം .
നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൈവസി സെറ്റിങ്ങുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കാറുണ്ട്. അവ വായിച്ചു മനസ്സിലാക്കുക. മുന്‍പ് വിശദീകരിച്ചപോലെ പല കാര്യങ്ങളും നിങ്ങളുടെ കണ്‍ട്രോളിലാണ്. അവ വേണ്ടവിധം പ്രയോജനപ്പെടുത്തുക. നേരിട്ടറിയാത്ത ആള്‍ക്കാരില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുക. കോമണ്‍ ഫ്രണ്ട്സ് ഉള്ളതുകൊണ്ടുമാത്രം ഫ്രണ്ട് റിക്വസ്റ്റ് ചെയ്യാതിരിക്കുക, സ്വീകരിക്കാതിരിക്കുക.
ഇന്‍സ്റ്റാഗ്രാമില്‍ നടന്ന ഒരു ഇന്റര്‍നാഷണല്‍ തട്ടിപ്പിന്റെ വിശേഷം അടുത്ത ലേഖനത്തില്‍.
സംഗമേശ്വരന്‍ മാണിക്യം എഴുതിയ മറ്റ് ലേഖനങ്ങള്‍ വായിക്കാം
അന്താരാഷ്ട്ര സൈബര്‍സുരക്ഷാ വിദഗ്ധന്‍. സൈബര്‍സുരക്ഷാ പ്രഭാഷകനും എഴുത്തുകാരനുമാണ്. ഇന്റര്‍പോളിന്റെ പ്രത്യേക ക്ഷണിതാവ്. GSEC, CISSP, CISM, CRISC, CCSK തുടങ്ങിയ അന്താരാഷ്ട്ര സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍സ് നേടിയിട്ടുണ്ട്.
അശോകന്‍ ചരുവില്‍
Jan 18, 2023
51 Minutes Watch
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Dec 14, 2022
5 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Nov 24, 2022
5 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Oct 16, 2022
9 Minutes Read