രാത്രി ഉറങ്ങുന്നതിനുമുൻപ് ഞാൻ കണ്ണട ഊരി വെക്കുന്നു. അതുപോലെ ഗൂഗിൾ ഗാഡ്ജറ്റും എടുത്തുമാറ്റുന്നു. ഇടക്ക് ഉറക്കമുണരുമ്പോഴും ചിലപ്പോൾ കണ്ണടയും ഗൂഗിളും പരതിയേക്കും. കാഴ്ച മങ്ങിയതിനാൽ, വർഷങ്ങളായി കണ്ണട ഉടലിന്റെ ഭാഗമായി മാറി. ഗൂഗിളും കൂടെ കൂടിയിട്ട് വർഷങ്ങളായി. സ്വന്തം പോലെയായിത്തീർന്നതു കൊണ്ട്, അതില്ലാത്ത കാലവും മറന്നു. ഗൂഗിൾ നമ്മോടൊപ്പം വന്നിട്ട് 25 വർഷങ്ങളായി. ഇപ്പോൾ അതുപോലൊന്ന് കൂടെയില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടാകും. കണ്ണട പോലെയോ കൃത്രിമാവയവങ്ങൾ പോലെയോ സൈബോർഗ്ഗ് ലോകത്ത് അതും ശരീരത്തിന്റെ ഓരത്ത് നില കൊള്ളുന്നു.
പരിമിതമാക്കപ്പെട്ട, അല്ലെങ്കിൽ പരിമിതമാക്കപ്പെടുന്ന നമ്മുടെ കഴിവുകളെ മെച്ചപ്പെടുത്തുന്നതുകൊണ്ടുതന്നെയാണ് ഈ ആധുനിക വ്യാപാരക്കമ്പനിയുമായി നമ്മൾ കമ്പനി ചേരുന്നത്. പലരുമായും പലവയുമായും കണ്ണി ചേർക്കപ്പെട്ടുകൊണ്ടിരിക്കുക എന്നത് മനുഷ്യരുടെ സഹജമായ കഴിവാണ്. ഗൂഗിളാകട്ടെ, കണ്ണികളെ വീണ്ടും വീണ്ടും കണ്ണിചേർത്തുകൊണ്ടിരിക്കുന്നു എന്നതാണ് അത് മനുഷ്യരെ കൂടുതലായി അടുപ്പിച്ചത്.
ഗൂഗിളിന്റെ അനന്തമായ സാദ്ധ്യതകളിൽ അൽപം മാത്രം ഉപയോഗിക്കുന്ന ആളാണ് ഞാൻ. എങ്കിൽ കൂടിയും അതെന്റെ സഹചാരിയായി. ഈയിടെയായി ക്ഷീണിച്ച എന്റെ തലനാരുകൾ (brain neurons) ഓർമകൾ നഷ്ടപ്പെടുത്തുന്നു. കൃത്യമായി ഉപയോഗിക്കേണ്ട വാക്കുകൾ ഒളിച്ചു കളിക്കും. അവയെ ഓടിച്ചിട്ട് പിടിച്ചെടുക്കാൻ പോലും ചിലപ്പോൾ ഗൂഗിൾ സഹായിക്കുന്നു. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒന്ന് കണ്ടെത്തി, പലയിടങ്ങളിലൂടെ ചെന്ന് പിടിക്കുകയാവും. നടക്കാനുള്ള ഊന്നുവടി പോലെ ചിന്തിക്കാൻ ഒരു സഹായി. കണക്കുകൂട്ടാനും ഗുണനപ്പട്ടിക പെരുക്കാനുമൊക്കെ എന്തിന് തല കൊണ്ട് പണിയെടുക്കണം? വിരൽ തൊട്ടാൽ മന്ത്രവിദ്യ പോലെ ആൻഡ്രോയ്ഡ് സ്ക്രീനിൽ തെളിയിച്ചുതരുന്ന കണക്ക് മാത്രമേ ഇപ്പോൾ ആവശ്യമായി വരുന്നുമുള്ളൂ.
വ്യക്തിപരമായ ഉപയോഗത്തിനപ്പുറം, ഗൂഗിൾ തുറന്നുതന്ന സാദ്ധ്യത അപാരമാണ്. ഈ നൂറ്റാണ്ടിൽജനിച്ചുവളരുന്ന കുട്ടികൾക്ക് അതിനുമുമ്പുള്ള ലോകം ഒരു പക്ഷെ, സങ്കൽപ്പിക്കാൻ തന്നെ കഴിയില്ല. എഴുത്തോലയിൽ നിന്ന് കടലാസിലേക്ക് മാറിയതിനേക്കാൾ എത്രയോ മടങ്ങ് വേഗതയിലാണ് അറിവിന്റെ സഞ്ചാരം, ഇപ്പോഴത്തെ ഡിജിറ്റൽ മാദ്ധ്യമലോകത്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഗൂഗിൾ ഇടം നേടി. വളരെ കുറച്ചു മാത്രം സേർച്ച് എൻജിനുകളുണ്ടായിരുന്ന കാലത്താണ് ഞാൻ ഗവേഷണം തുടങ്ങിയത്. എത്ര പ്രയാസപ്പെട്ടാണ് റഫറൻസ് മെറ്റീരിയലുകൾ കണ്ടെത്തിയിരുന്നത്? കമ്പ്യൂട്ടറുകളും ഇന്നത്തെ പോലെ ലഭ്യമായിരുന്നില്ലല്ലോ. സീനിയർ പ്രൊഫസർമാർക്കോ ലൈബ്രറിയിലോ ഒക്കെ മാത്രമാണ് കമ്പ്യൂട്ടർ ഉണ്ടായിരുന്നത്. ഇത്രയും എളുപ്പമുള്ള സേർച്ച് എൻജിനുകളും ഇല്ലാതിരുന്നതിനാൽ നല്ല ക്ഷമയോടെ മാത്രമേ ഗവേഷണം ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.
ഗൂഗിളിനുശേഷം ഓരോ വിഷയത്തിലും നേടുന്ന പുതിയ അറിവുകൾ കഠിനാദ്ധ്വാനമില്ലാതെ തന്നെ നമുക്ക് ലഭിക്കും. അതിനായി യാത്ര ചെയ്യുകയോ മറ്റുള്ളവരെ ആശ്രയിക്കുകയോ വേണ്ട. ചാരുകസേരയിൽ ഇരുന്നു മാത്രമല്ല, ബെഡ്ഡിൽ കിടന്നും ആവശ്യമുള്ള വിവരങ്ങൾ നേടിയെടുക്കാം. വിവരങ്ങൾ മാത്രമല്ല, ഏത് ദിശയിൽ നീങ്ങണമെന്നും ഓരോ വിഷയവുമായി ബന്ധപ്പെട്ടു വരുന്ന മറ്റു വിഷയങ്ങളിലേക്കുള്ള സൂചനകളും ലഭിക്കുന്നു. ആവശ്യപ്പെടാതെയും നമ്മുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് വിളമ്പിത്തന്നുകൊണ്ടിരിക്കാനുമുള്ള വിശാലത ഗൂഗിളിനുണ്ട്. ഇത് നമ്മളെ മാനിപ്പുലേറ്റ് ചെയ്യാൻ ഉപയോഗിച്ചേക്കാമെന്ന് വിമർശകർ കരുതുന്നുണ്ടെങ്കിലും, സമ്മാനങ്ങൾ പോലെ ആഗ്രഹിച്ച അറിവുകൾ മുന്നിലെത്തുമ്പോൾ ആരാണ് ആഹ്ളാദിക്കാത്തത്?
ഗൂഗിൾ സ്പ്രെഡ് ഷീറ്റ് വഴി വിവരങ്ങൾ ശേഖരിക്കാനും, സൂക്ഷിക്കാനും വിശകലനം ചെയ്യാനും എളുപ്പമായതിനാൽ പഠനങ്ങൾ ഇപ്പോൾ കുറെ കൂടി ലളിതമായി. കോവിഡ് പാൻഡെമിക്കിന്റെ കാലത്താണ് ഇത് വളരെ ഫലപ്രദമായി കണ്ടത്. പുതിയ രോഗമായതിനാൽ അതിന്റെ വ്യാപനസ്വഭാവം, മാരകത്വം, പ്രത്യാഘാതങ്ങൾ, മറ്റു രോഗങ്ങൾ മൂലമോ അവയുടെ മേലോ ചെലുത്തുന്ന പ്രഭാവം, പ്രായ വ്യത്യാസത്തിനും ലിംഗവ്യത്യാസത്തിനും അനുസരിച്ച് പ്രകടമാകുന്ന വ്യത്യാസങ്ങൾ, ഗർഭിണികളേയും ശിശുക്കളേയും ബാധിക്കുന്ന വിധം, ഫലപ്രദമായ ചികിത്സാരീതി കണ്ടെത്തൽ, വാക്സിന്റെ ക്ഷമതയും പാർശ്വഫലങ്ങളും തുടങ്ങി കോവിഡിനെ സംബന്ധിച്ചതെല്ലാം പെട്ടെന്ന് പഠിച്ചെടുക്കേണ്ട അവസ്ഥയായിരുന്നു അന്ന്. ഗൂഗിൾഎത്രത്തോളം സഹായകമായി എന്നത് ചരിത്രത്തിൽവിസ്മരിക്കാൻ കഴിയാത്ത കാര്യമാണ്. ലഭിക്കുന്ന ഡേറ്റകളെല്ലാം നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഒരേ സമയം എല്ലാവർക്കും പ്രാപ്യമാക്കാനുമൊക്കെയുള്ള സംവിധാനം അന്ന് ഒരുപാട് ഗുണം ചെയ്തു. മുൻപത്തെ കാലത്തായിരുന്നു എങ്കിൽ മരണങ്ങൾ എത്രയധികം ആയിരുന്നേക്കാമെന്നതും നിയന്ത്രണ വിധേയമാക്കാൻ എത്ര കാലം എടുത്തിരുന്നിരിക്കാം എന്നതും ഇപ്പോൾ നമ്മുടെ ഭാവനക്കപ്പുറത്താണ്.
യാത്രക്കും നേരിട്ടുള്ള മീറ്റിങ്ങുകൾക്കും വിലക്കുണ്ടായിരുന്ന അക്കാലത്ത് ദിവസവും ഇതുമായി ബന്ധപ്പെട്ട് രണ്ടോ മൂന്നോ ഓൺ ലൈൻ മീറ്ററിംഗുകൾ ചേരേണ്ടിയിരുന്നു. 'ഗൂഗിൾ മീറ്റ്'' എന്ന പ്ലാറ്റ് ഫോം മറ്റുള്ളവയോടൊപ്പം പിന്തുണയുമായി നിന്നു. കേരളത്തിൽ ഓൺ ലൈൻ പ്ലാറ്റ് ഫോമുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. ഇപ്പോൾ, വീഡിയോ ഉപയോഗിച്ച് പെട്ടെന്ന് ഒരു മീറ്റിങ് നടത്താൻ നമുക്കുള്ള സൗകര്യം മുൻപ് ഒരിക്കലും ചിന്തിച്ചിരുന്നതല്ല. കോവിഡ് കാലത്ത്, ഞങ്ങൾ ആരോഗ്യപ്രവർത്തകർക്കുണ്ടായ സൗകര്യം പോലെ, ഓരോ ഫീൽഡിലുമുള്ളവർക്ക് ഓരോ കാലത്തും ഗൂഗിളിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെട്ടിട്ടുണ്ടാകും.
വിജ്ഞാനവ്യാപനം എളുപ്പമാക്കുന്നതോടൊപ്പം തന്നെ ചിലപ്പോൾ അനുയോജ്യമല്ലാത്ത തരത്തിലുള്ള അതിന്റെ ഉപയോഗവും കാണാറുണ്ട്. രോഗങ്ങളെ കുറിച്ചുള്ള മനസ്സിലാക്കലിൽ പലപ്പോഴും ഗൂഗിൾ തെറ്റായ സൂചനകൾ നൽകുന്നു എന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. എന്നാലിതിന്റെ ഗുണവശങ്ങളുമുണ്ട്. രോഗത്തെ സംബന്ധിച്ച അറിവുകൾ നേടാൻ രോഗികൾക്ക് അവകാശമുണ്ട്. അത് രഹസ്യമാക്കി വക്കേണ്ടതില്ല. ഗൂഗിൾ വിജ്ഞാനവ്യാപനത്തിനുമുമ്പ് ഇത്ര എളുപ്പം സാധാരണക്കാർക്ക് രോഗത്തെ കുറിച്ചോ ചികിത്സയെ കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമാകുമായിരുന്നില്ല. രോഗികൾക്ക് അറിവുണ്ടാകുന്നത് ചികിത്സക്കും എളുപ്പമാണ്. എന്നാൽ, കുറച്ച് ആധിയുള്ളവർ ഗൂഗിളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വച്ച് അവരുടെ വെപ്രാളം കൂട്ടുകയും ചെയ്യാം. ഒരു തലവേദനയെ കുറിച്ച് നമ്മൾ ഗൂഗിളിൽ തെരയുകയാണെങ്കിൽ ഏറ്റവും സീരിയസ് ആയ കാരണം വരെ അതിലുണ്ടാകും. മെനിഞ്ചൈറ്റിസും കാൻസറും അന്യൂറിസവും അടങ്ങുന്ന നീണ്ട നിര രോഗങ്ങളുടെ വിശദീകരണം നമുക്ക് ലഭിക്കും. ഇതിൽ ഏറ്റവും ഭയാനകമായ രോഗമാണ് തനിക്കുള്ളതെന്ന് കരുതി ടെൻഷൻ അനുഭവിക്കുന്ന ആളുകളും ഉണ്ടാവും. അങ്ങനെ വരുമ്പോൾ ഗൂഗിൾ കൊണ്ട് സമാധാനം ഉണ്ടാവണമെന്നില്ല. നേരിട്ട് ഒരു ഡോക്ടറോട് സംസാരിക്കുമ്പോൾ അവർ സാഹചര്യം കണക്കിലെടുത്തും വൈദഗ്ദ്ധ്യം ഉപയോഗിച്ചും ഒരു നിഗമനത്തിലെത്തും. ആൾക്ക് ആശ്വാസം നൽകുന്ന സാന്ത്വനവും ഡോക്ടറുടെ അടുത്തുനിന്ന് ലഭിക്കും.
രോഗങ്ങളെ കുറിച്ച് ധാരാളം വിവരങ്ങൾ ഇപ്പോൾജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, അതോടൊപ്പമോ, അതിലധികമോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പുറത്തുവരുന്നു. വിനിമയത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം, നിയന്ത്രണമില്ലായ്മയും ഉള്ളതുകൊണ്ട് ഔചിത്യപൂർവ്വം അറിവുകൾ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആളുകൾക്ക് ബാദ്ധ്യസ്ഥതയും ഉണ്ടാകണം.
അടുത്തിടെ എന്റെ പഴയ ഒരു കൂട്ടുകാരി ഫോണിൽ വിളിച്ചു. സംസാരത്തിൽ വല്ലാത്ത ഒരു ആധി അനുഭവപ്പെട്ടു. സാധാരണ ഉള്ളതിനേക്കാൾ ഉച്ചത്തിലും തിടുക്കത്തിലും ആയിരുന്നു സംസാരം. രോഗലക്ഷണങ്ങൾ വിവരിക്കുന്നതിനിടെ എനിക്ക് കാൻസറാണോ എന്ന് ഭയമുണ്ട് എന്നു പറഞ്ഞു കൊണ്ടിരുന്നു. ശരീരത്തിൽ അവിടവിടെയായി നീര്, കാലിനടിയിൽ വേദന, ഇങ്ങനെ വളരെ അവ്യക്തമായ ലക്ഷണങ്ങളാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. ഇതൊക്കെ കാൻസറിന്റെ ലക്ഷണങ്ങളാണെന്ന് വായിക്കുകയും കേൾക്കുകയും ചെയ്തു എന്ന് ഇടക്കിടെ എന്നെ ഓർമ്മിപ്പിച്ചു. ഇങ്ങനെ നിർണ്ണയിക്കാൻ കഴിയുന്നതല്ല കാൻസർ എന്നുപറഞ്ഞ് ബോധ്യപ്പെടുത്താൻ നന്നായി പാടുപെടേണ്ടി വന്നു.
ഗൂഗിൾ ഡോക്ടറെ സ്വന്തം ചികിത്സകർക്ക് പകരമായി വക്കാൻ കഴിയില്ലെങ്കിലും മറ്റു അറിവുകൾക്കൊപ്പം ശരീരത്തെ കുറിച്ചും രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും ധാരാളം വിജ്ഞാനം പൊതുജനങ്ങൾക്ക് ആർജ്ജിക്കാൻ കഴിയുമെന്നത് വലിയ നേട്ടം തന്നെയാണ്. ഇനിയും പ്രചാരത്തിൽ വന്നിട്ടില്ലാത്തതും അടുത്ത് ഗവേഷണത്തിലൂടെ ലഭ്യമായേക്കാവുന്നതുമായ ചികിത്സകളെ കുറിച്ചുള്ള അറിവും പ്രതീക്ഷ നൽകി കൊണ്ടിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഡിക്കൽ ടെക്നോളജിയിൽ വരുത്തുന്ന മാറ്റങ്ങളും ഇതോട് ചേർത്തുകാണേണ്ടതാണ്.
ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുന്നതിന് ഗൂഗിളിനെയും അതിന്റെ പ്രൊഡക്ടുകളായ ആൻഡ്രോയ്ഡ്, യൂ ട്യൂബ് എന്നിവയെയും നിത്യജീവിതത്തിൽ എല്ലാവരും ഉപയോഗിക്കുന്നു. സംഗീതം പലപ്പോഴും ആനന്ദത്തിന്റെ കൊടുമുടിയിലെത്തിക്കുമെങ്കിലും, ഇടയിൽ കയറി വരുന്ന പരസ്യങ്ങൾ അതുപോലെ വലിച്ചു താഴെയിടുകയും ചെയ്യും. എങ്കിലും ഇഷ്ടമുള്ള സംഗീതം എപ്പോൾ വേണമെങ്കിലും വിരൽത്തുമ്പിൽകിട്ടുമെന്നത് പരസ്യം സഹിക്കാനുള്ള ക്ഷമയും പാകപ്പെടുത്തിയെടുക്കുന്നു.
മാർക്കറ്റിൽ പുതുതായി ഇറങ്ങുന്നതും ഇറങ്ങാൻ പോകുന്നതുമായ ഏതുവസ്തുക്കളും വീട്ടിലിരുന്നു തന്നെ തെരഞ്ഞുനോക്കാനും, ആവശ്യമായത് ചിലപ്പോൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് കണ്ട് വിസ്മയിക്കാനും കടയിൽ പോകാതെ വാങ്ങിയെടുക്കാനുമൊക്കെ ഗൂഗിൾ എപ്പോഴും ഗൈഡായി കൂടെയുണ്ട്. ഒരിക്കൽ, ഇഷ്ടപ്പെട്ട ഡ്രസുകൾ കുറെനേരം നോക്കിയതിനുപുറകേ, 'we have an eye on you' എന്ന ഒരു സന്ദേശവും അവയുടെ ആവർത്തിച്ചുള്ള പ്രദർശനവും കണ്ട് സംഭ്രമിച്ച് പോയിട്ടുണ്ട്. ചിലപ്പോഴെങ്കിലും, 'ഇതെന്തൊരു ശല്യം' എന്ന് ഓർത്തിട്ടുണ്ടെന്നതും പറയാതെ വയ്യ.
ഇപ്പോഴത്തെ വിദ്യാർത്ഥികളോട് ഒരു ചോദ്യം ചോദിച്ചാൽ അവർ ഉടൻ ഗൂഗിളിൽ തിരയും. ഉത്തരം അതിൽ കിട്ടുമെന്നും എങ്ങനെ കണ്ടെത്തണമെന്നും അവർക്കറിയാം. എന്നാൽ, ഇതത്ര ശരിയല്ലല്ലോ എന്ന് ഉള്ളിലെ മൂരാച്ചിമനസ്സ് ഒരു നിമിഷം ചിന്തിക്കുകയും പെട്ടെന്നുതന്നെ സ്വയം തിരുത്തി അവരുടെ പ്രസാദാത്മകമായ അന്വേഷണത്തെ പിന്താങ്ങുകയും ചെയ്യും. അമ്മിയിൽ അരച്ചാലേ കറിക്ക് രുചിയുണ്ടാകൂ എന്ന് ചില അമ്മാവന്മാർ പറയുന്നതുപോലെ ആകരുതല്ലോ എന്ന് ചിന്തിക്കും. എന്നാൽ, പരീക്ഷാ ഹാളിൽ പരീക്ഷകരെയും പരീക്ഷാസമ്പ്രദായത്തെ തന്നെയും വെട്ടിലാക്കി ഇത് മാനിപ്പുലേഷനായി ഉപയോഗപ്പെടുത്തുന്ന രീതിയും നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്. ഒരു പക്ഷെ, പഴയ പരീക്ഷാ സമ്പ്രദായങ്ങൾ ഗൂഗിൾ കാലത്തിന് വഴങ്ങുകയില്ലായിരിക്കാം.
ഡിജിറ്റൽ പഠനത്തിനുള്ള സാദ്ധ്യത മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അനാട്ടമി പഠിക്കാൻ ശവശരീരത്തിനായി അലയേണ്ട. സർജ്ജറി അടക്കം ഏത് പ്രൊസീജ്യറും എത്ര പ്രാവശ്യം വേണമെങ്കിലും കണ്ടു പഠിക്കാം. ആവശ്യമായ സ്പീഡിൽ, സൗകര്യമുള്ള സമയത്ത് ആസ്വദിച്ച് പഠിക്കാം.
ഗൂഗിൾ അമ്മായി എന്ന് മലയാളികൾ തമാശയാക്കുന്ന ഗൂഗിൾ മാപ്പ് സിസ്റ്റം എന്നെപ്പോലെ സ്ഥലബോധം കുറഞ്ഞവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. പലപ്പോഴും നമ്മൾ താമസിക്കുന്ന ഇടമോ പോകേണ്ട സ്ഥലമോ എത്തിച്ചേർന്ന ഇടമോ ഒക്കെ മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കുക ഒരു വലിയ പണിയാണ്. ഗൂഗിളിന്റെ ലൊക്കേഷൻ മാപ്പ് അത് എത്ര എളുപ്പമാക്കി തരുന്നു. സ്വന്തമായി ഡ്രൈവ് ചെയ്യാത്തതുകൊണ്ട് അതിനുള്ള ഉപയോഗം എനിക്കില്ല എങ്കിലും മറ്റുള്ളവർ ഒരേ സമയം ഗൂഗിൾ അമ്മായിയെ ശകാരിച്ചുകൊണ്ടുതന്നെ അത് ഉപയോഗപ്പെടുത്തുന്നത് കാണാം. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS), ഇന്ന് രോഗവാഹകരായ ജീവികളെയും പ്രാണികളെയും രേഖപ്പെടുത്തുന്നതിനും രോഗനിയന്ത്രണത്തിനും ഉപയോഗിക്കുന്നു എന്നുകൂടി എപ്പിഡെമിയോളജിസ്റ്റ് എന്ന നിലക്ക് ഞാൻ ഓർക്കേണ്ടതുണ്ട്.
ഏത് ഭാഷയിൽ വേണമെങ്കിലും നമുക്ക് പ്ലാറ്റുഫോമുകളിൽ സംവദിക്കാമെന്നതും രസകരമാണ്. കഴിഞ്ഞ ഒരു ദിവസം സോഷ്യൽ മീഡിയയിൽ, എല്ലാവരും മലയാളത്തിൽ സംസാരിക്കുകയും എഴുതുകയുമാണ്. മലയാളം അറിയാത്ത ഒരു സുഹൃത്തും ആ കൂട്ടത്തിലുണ്ട്. അദ്ദേഹവും സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. നിങ്ങൾക്ക് മലയാളം അറിയുമോ എന്ന് ഇടക്കാരോ ചോദിച്ചു. ഇല്ലെന്നും ഞാൻ ഗൂഗിൾ ട്രാൻസ്ലേഷൻ ചെയ്ത് മനസ്സിലാക്കുകയുമാണെന്നായിരുന്നു മറുപടി.
വയസ്സ് 66 ആയെങ്കിലും ഇതുവരെ പാചകം പരിശീലിച്ചിട്ടില്ല. ഇനിയും എപ്പോഴെങ്കിലും ചെയ്യണമെന്ന് തോന്നിയാലോ? ഗൂഗിൾ സഹായത്തിനുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. ഡിജിറ്റൽ ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ളതും പ്രചാരമുള്ളതും കുക്കറിക്കാണെന്ന് കേൾക്കുന്നു. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും പഠിക്കാമെന്ന ആശ്വാസം. ഇതുവരെ ഒരു ചുവട് പോലും വച്ചിട്ടില്ലെങ്കിലും ഇനിയും ഡാൻസ് പഠിക്കാമെന്ന ആത്മവിശ്വാസവും ഗൂഗിളും കൂട്ടരും നൽകുന്നു.
അനന്തമായ സാധ്യതകളുടെ ലോകമാണ് ഗൂഗിൾ തുറന്ന് തന്നതെങ്കിലും വായനയുടെ സൗകര്യമാണ് എനിക്ക് അധികം അടുപ്പമുണ്ടാക്കുന്നത്. കൂടുതൽ വായിക്കുക എന്നതല്ല, ഇഷ്ടമുള്ളത് വായിക്കുക എന്നതാണ് കാര്യം. മനസ്സിൽ മോഹമുണ്ടാകുന്ന സമയം അത് വിരലുകൾ തേടി കൊണ്ടുതരും എന്നത് എന്തൊരു സുഖമാണ്. ഒരു വിഷയം തേടി ചെന്നാൽ അതുമായി ബന്ധപ്പെട്ട എല്ലായിടത്തേക്കും ഉല്ലാസവതിയായ ഒരു ആതിഥേയയെ പോലെ നമ്മെ കൊണ്ടു പോകും. ചെറുപ്പത്തിൽ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് പഴയ തലമുറക്കാർ തീർച്ചയായും ആഗ്രഹിക്കും. അവർ മില്ലേനിയലുകളോട് അസൂയപ്പെട്ടാൽ അതിശയിക്കാനില്ല.
ഗൂഗിൾ തീർത്ത വിരൽത്തുമ്പിലെ വിസ്മയലോകം പ്രതീതിക്കും യാഥാർഥ്യത്തിനുമിടയിലുള്ള അതിര് മായിച്ചതു പോലെയാണ്. എല്ലാ ഇന്ദ്രിയങ്ങൾ കൊണ്ടും അറിയാൻ പാകത്തിലാണ് ആ ലോകം നമ്മോട് ചേർന്ന് നിൽക്കുന്നത്. വ്യാപാരത്തിന്റെ വശ്യതയും ദൈവത്തിന്റെ മാസ്മരികതയും ചേർന്ന പ്രതിഭാസം.