ഗതികാല ഗൂഗിൾ
രതികാല ഗൂഗിൾ
സരസ്വതികാല ഗൂഗിൾ

‘‘എന്റെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു അത്ഭുതകരമായ ഒരു സംഗതി, ഗൂഗിളിന്റെ ടൈപ്പ് ഉപകരണങ്ങൾക്ക് പോകെപ്പോകെ എന്റെ എഴുത്തുവേഗതയെ എടുക്കാൻ പറ്റുന്നില്ല എന്നതായിരുന്നു. ടൈപ്പ് ചെയ്യാനുള്ള എന്റെ വേഗത അതിന് കിട്ടിയിരുന്നില്ല. പ്രത്യേകരീതിയിൽ ഞാനുണ്ടാക്കുന്ന വാക്കുകൾ അതിന് ടൈപ്പ് ചെയ്യാനേ കഴിഞ്ഞില്ല. ഞാൻ എങ്ങനെ കൂടുതൽ വേഗത്തിൽ ടൈപ്പ് ചെയ്യും എന്ന് ഞാൻ ഗൂഗിളിനോട് തന്നെ ചോദിച്ചു. അതിനും സെർച്ച് എഞ്ചിന് മറുപടിയുണ്ടായിരുന്നു.’’- ജീവിതത്തിലെ വിചിത്രങ്ങളായ ഗൂഗിൾ അനുഭവങ്ങളെക്കുറിച്ച് ഇന്ദു മോനോൻ എഴുതുന്നു

ഗതികാല ഗൂഗിൾ

ത്യത്തിൽ ഏറ്റവും ക്യൂട്ടും കൗതുകവുമുള്ള ഒരു ചെല്ലപ്പേര് എന്ന നിലയിലാണ് ഡിഗ്രി കാലത്ത് ഗൂഗിൾ എന്ന സംഗതിയെ ഞാനാദ്യം കാണുന്നത്. ഒന്നു തൊട്ടാൽ പ്ലും പ്ലും എന്നു പൊട്ടുന്ന ബബിൾ എന്നോ കവിളിൽ നല്ലഴകായി ചിരിയ്ക്കൊപ്പം വിടരുന്ന ഡിംമ്പിൾ എന്നോ ഓമനിച്ചു വിളിക്കാവുന്ന ഒരു പിളിപിളി പേര്. അതിൽ കവിഞ്ഞെനിക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനം ഇല്ലെന്നുതന്നെ പറയാം. മനുഷ്യരുടെ വിനിമയത്തിന്റെ ഗതി, വിപ്ലവത്തിന്റെ ഗതി വിനോദത്തിന്റെ ഗതി, വിജ്ഞാനത്തിന്റെ ഗതി, വിഷാദത്തിന്റെ ഗതി, വികാരത്തിന്റെ ഗതി വിദ്വേഷത്തിന്റെ ഗതി- എല്ലാ ഗതിവിഗതികളും നിർണ്ണയിക്കുന്ന ഗതികാലവിപ്ലവമാണതെന്ന് ഞാൻ ഓർത്തുപോലുമില്ല.

അക്കാലത്ത് എനിക്ക് സുപരിചിതമായിരുന്ന ഏക സേർച്ച് എഞ്ചിനായ യാഹുവിനും മുകളിലാണതെന്നു പത്രത്തിൽ അത്ഭുതത്തോടെ വായിച്ചു. അയൽപക്കത്തെ പ്രിയചേച്ചിയെ കല്യാണം കഴിച്ച അരുൺ എന്ന എൻജിനീയറാണ് യാഹു എന്താണെന്നും അതിന്റെ ആവശ്യങ്ങളെന്തെന്നും പ്രത്യേകതകളെന്തെന്നുമൊക്കെ പരിചയപ്പെടുത്തി തന്നത്. ഞങ്ങളുടെ നാട്ടിൽ ആദ്യത്തെ യു.എസ്. എഞ്ചിനിയർ മരുമോനായി വന്ന ഒരേയൊരു ആളാണെങ്കിലും പുള്ളിക്കാരൻ ഒരു തനി നാട്ടുമ്പുറത്തുകാരനായിരുന്നു. കുട്ടികളെല്ലാം കമ്പ്യൂട്ടർ പഠിക്കണമെന്നും വായനശാലയിൽ കമ്പ്യൂട്ടർ നൽകുമെന്നും വരെ പ്രഖ്യാപിച്ചു കളഞ്ഞു മൂപ്പര്. അറുപിശുക്കനായ അമ്മായിയപ്പന്റെ തടസ്സവാദങ്ങളിൽ തട്ടി രാമനാട്ടുകര വായനശാലയിൽ കമ്പ്യൂട്ടർ വന്നതേയില്ല. ഒരു ഇടക്കാല ഇടപെടലെന്നോണം ബാംഗ്ലൂരിൽ പോയ ഒരു ഹണിമൂൺ ട്രിപ്പിന്റെ വരവിൽ ഞങ്ങൾക്കെല്ലാം ഓരോരോ ഇ- മെയിൽ ഐ.ഡി ഉണ്ടാക്കിത്തന്നിരുന്നു. കൊട്ടത്തേങ്ങാ കിട്ടിയ പട്ടിയെപ്പോലെ ഡയറിയിൽ പാസ്​വേഡും ഐ.ഡിയും എഴുതി വെച്ചു.

‘മറ്റൊരാൾക്ക് ഷയർ ചെയ്യരുത്. രഹസ്യമാണ് പാസ്​വേഡ്’- എന്തു ചെയ്യാനാണ്? ആരു കട്ടോണ്ടു പോകാനാണ്? ഞങ്ങൾക്കാർക്കും മെയിൽ ഉപയോഗിക്കാനായി ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല.

എന്റെയാത്മമിത്രം പ്രശാന്തിയുടെ നാടായ തൃശ്ശൂരിൽവെച്ചാണ് ഞാൻ ഇന്റർനെറ്റ് കഫേ ആദ്യം കാണുന്നതും ഉപയോഗിക്കുന്നതും. എഞ്ചിനിയറിങ്ങ് തോറ്റ ഒരുവന്റെ ബിസിനസ് ശൃംഖല.

‘ഈ താടിക്കാരന് 40 പേപ്പർ അരിയറുണ്ട്. ഓരോ വർഷവും ഓരോ പേപ്പർ കഷ്ടി പാസാവുന്നുണ്ട്. ഇപ്പോ ഇവിടെ കഫേയിട്ടിരിയ്ക്ക്യാ.’

‘40 കൊല്ലം, അപ്പോ 60 വയസ്സുവരെ ഏട്ടായി ഇവിടെ കാണ്വേരിയ്ക്കും’, എനിയ്ക്ക് ചിരിപൊട്ടി.

സത്യത്തിൽ ചിരിയ്ക്കാൻ ഒന്നുമില്ല. എന്റെ രാമനാട്ടുകരയിലാകട്ടെ ഒരു ഇന്റർനെറ്റ് കഫേ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഒരെണ്ണം വന്നു. രാമനാട്ടുകരയിലെ ഒരേയൊരു ഇന്റർനെറ്റ് ഷോപ്പ്. മെലിഞ്ഞു മെലിഞ്ഞുള്ള ഒരു ചേട്ടന്റെ കടയായിരുന്നു അത്. യഥാർത്ഥത്തിൽ അത് ഒരു കഫെ അല്ല. റിയൽ എസ്റ്റേറ്റ്, ടാക്സ് പോലെ മറ്റെന്തൊക്കെയോ ബിസിനസുകൾ ചെയ്യുന്ന അങ്ങേര് ഒരു രാവിലെ വെണ്ടക്ക അക്ഷരത്തിൽ ഇവിടെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് എന്ന് എഴുതി. അപ്പോൾ ഞങ്ങളെല്ലാമതിനെ ഒരു കഫേ പദവി നൽകി സ്വീകരിക്കുകയായിരുന്നു. ഒരിക്കൽ പ്രശാന്തിയും ഞാനും കൂടി ആ കടയിലേക്ക് പോയി. സത്യം ഓൺലൈൻ എന്ന് എഴുതിയ ഒരു ചെറിയ ബോർഡ് മാത്രം. ആ കടയിൽ ഒരു പഴയ കാലത്തോ മറ്റോ വാങ്ങിച്ച മഞ്ഞപിടിച്ച കമ്പ്യൂട്ടറാണ് ഉണ്ടായിരുന്നത്.

Representative image

പ്രശാന്തി ദൽഹിയിൽ നിന്ന് വന്നവളാണ്. പരിഷ്‌ക്കാരിയാണ്. ലോകത്തെക്കുറിച്ചും ഇന്റർനെറ്റിനെക്കുറിച്ചും അറിവുള്ളവളാണ്. സർവ്വോപരി ഇ- മെയിൽ അയക്കാൻ അറിയുന്ന ആളുമാണ്. ഞാനും സുജിതയും ആദ്യമായി കഫേയിൽ പോയപ്പോൾ അതിന്റെ നടത്തിപ്പുകാരന്റെ സഹായത്തോടേ പ്രശാന്തിയ്ക്ക് ഇ-മെയിൽ അയച്ചിട്ടുപോലുമുണ്ട്.

പ്രശാന്തിയുടെ വീട്ടിൽ അവളുടെ പ്രേമവുമായി ബന്ധപ്പെട്ട എന്തൊക്കെയോ ജാതിപ്രശ്‌നങ്ങളു ണ്ടായി. പ്രതിഷേധം പ്രതിരോധമെന്ന നിലക്കൊരു ഇറങ്ങിപ്പോക്കുണ്ടായി. നേരെ എന്റെ വീട്ടിൽ വന്നു താമസിയ്ക്കാൻ തുടങ്ങി. മൊബൈൽ ഫോണിന് റെയിഞ്ച് ഇല്ലാത്ത, ഇന്റർനെറ്റ് ഷോപ്പുകൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ നാട്ടിൻപുറത്ത് മെലിഞ്ഞ ചേട്ടന്റെ ‘സത്യം റിയാൾട്ടേർസ് കട’ എനിയ്ക്കു മാത്രമല്ല പ്രശാന്തിയ്ക്കും അത്ഭുതകരമായി തന്നെ തോന്നി.

കുറ്റം പറയരുതെല്ലോ, അവിടെ സ്വകാര്യതയൊന്നും ഉണ്ടായിരുന്നില്ല. ചേട്ടന്റെ ഷോപ്പിന്റെ പ്രധാന കൗണ്ടറിൽ വെച്ചിരിക്കുന്ന മുഖ്യ കമ്പ്യൂട്ടറാണ് നായകൻ. അയാൾ നമ്മൾ വരുമ്പോൾ ഇറങ്ങി മാറും. നമ്മൾ കയറിയിരുന്ന് ബ്രൗസ് ചെയ്യുകയോ ഇ- മെയിൽ അയക്കുകയോ ചെയ്യാം. യാഹു ഡോട്ട് കോം വരുന്ന ഒരു മെയിൽ ഐ.ഡി ആയിരുന്നു അവൾക്കും എനിക്കും ഉണ്ടായിരുന്നത്. അതെന്ന് എപ്പോൾ എങ്ങനെ തുടങ്ങിയെന്ന് അവൾക്ക് ഓർമ്മയില്ല. ഇന്റർനെറ്റുമായി അത്യാവശ്യം ഇടപാടുള്ള അവളുടെ ആ വർത്തമാനം എനിയ്ക്കത്ര രുചിച്ചുമില്ല. ആ മറവി ഒരുതരം കള്ളത്തരമായി എനിയ്ക്കു തോന്നി.

പ്രശാന്തി യാഹു തുറന്നു. അവൾ വിശദമായി കാമുകനെഴുതി. ഇടയ്ക്ക് കരഞ്ഞു. ഇടയ്ക്ക് ചിരിച്ചു. ഇടയ്ക്കു മൂക്കട്ട പിഴിഞ്ഞു. സുദീർഘമായ കത്തുകളായിരുന്നു. നാലോ അഞ്ചോ എണ്ണം അയച്ചു എന്നാണ് ഓർമ. പാട്ടുള്ള ഗ്രീറ്റിങ്ങ് കാർഡ് അയച്ചപ്പോൾ ഞാൻ സ്ത്ബ്ധയായി. അതയക്കാനെങ്കിലും ഒരു കാമുകനടിയന്തരമാണെന്നു ഞാൻ കരുതി.
‘നിനക്കയക്കണോ?’
‘ആർക്ക്? നീയ്യിവിടെ ഇരിയ്ക്കയല്ലെ. പിന്നെയാർക്കാ?’
ഒരുപക്ഷെ അവൻ പെട്ടന്നതു കണ്ട് മറുപടി വന്നാലോ എന്നായിരുന്നു അവളുടെ പ്രതീക്ഷ. അതിനായി കുറച്ചുനേരം കൂടി കാത്തിരുന്നു.
‘എനിക്ക് ആ സാധനം കാണണം’, ഞാൻ പെട്ടന്നു പറഞ്ഞു.
‘ഏതു സാധനം?’
‘ഗൂഗിൾ’
‘പിന്നെന്താ കാണിക്കാമല്ലോ’
അങ്ങനെ ആദ്യമായി പത്രത്തിൽ മാത്രം വായിച്ചു കേട്ട ഗൂഗിൾ തുറക്കപ്പെട്ടു.

‘ഇതിന് ഉത്തരം അറിയാത്തതായി ഒന്നുമില്ല. ലോകത്തെ പറ്റി എന്ത് ചോദിച്ചാലും ഇത് ഉത്തരം നൽകും.’
‘നമ്മൾ എങ്ങനെ ചോദിക്കും?’
‘റേഡിയോയിലെ കത്തു പരിപാട്യല്ലദ്. ഇയ്യ് വിചാരിയ്ക്കുന്ന പോലെ മൈക്കില് ചോദ്യമൊന്നും ചോയ്‌ക്കേണ്ട. ദാ ഇങ്ങനെ’- പ്രശാന്തി മികച്ച ഒരു കമ്പ്യൂട്ടർ എഞ്ചിനീയറുടെ ഭാവത്തോടെ കീ പാഡിൽകൊട്ടി. പ്രശാന്തിയുടെ ചേട്ടൻ, കാമുകൻ, ചേച്ചി എല്ലാവരും കമ്പ്യൂട്ടർ എഞ്ചിനീയർമായിരുന്നു. അവൾക്ക് എല്ലാം അറിയാമായിരുന്നു. അതിനുമപ്പുറം പ്രശാന്തിയ്ക്ക് ഒരു കീപാഡാണ് കാമുകൻ കഴിഞ്ഞ പിറന്നാളിനു സമ്മാനിച്ചത്. കമ്പ്യൂട്ടർ വാങ്ങിക്കൊടുക്കും മുമ്പേ കീപാഡ് വാങ്ങി നൽകി കൃതാർത്ഥനായി അവൻ. അതു വെച്ചു ചുമ്മാ ടൈപ്പ് ചെയ്ത് പ്രശാന്തിക്കൊരു എക്‌സ്പീരിയൻസൊക്കെ വന്നിരുന്നു. ഒഴിഞ്ഞു കിട്ടുമ്പോൾ സ്വന്തം ചേട്ടന്റെയും ചേച്ചിയുടെയും കമ്പ്യൂട്ടറുകൾ അവൾ ദുരുപയോഗം ചെയ്തു. മൈൻ സ്വീപ്പേർസ്, റമ്മി എന്നീ രണ്ടു കളികൾ അറഞ്ചം പുറഞ്ചം കളിച്ചു.

ഒഴിഞ്ഞു കിട്ടുമ്പോൾ സ്വന്തം ചേട്ടന്റെയും ചേച്ചിയുടെയും കമ്പ്യൂട്ടറുകൾ അവൾ ദുരുപയോഗം ചെയ്തു. മൈൻ സ്വീപ്പേർസ്, റമ്മി എന്നീ രണ്ടു കളികൾ അറഞ്ചം പുറഞ്ചം കളിച്ചു.

‘ദാണ് പ്ലസ് ചിഹ്നം. ഇത് ഉപയോഗിക്കണം. ഉദാഹരണത്തിന് നിനക്ക് അമേരിക്കയിലെ തക്കാളിയുടെ വില അറിയണം എന്ന് വിചാരിക്കൂ. അപ്പോൾ നീ എന്ത് ചെയ്യണം?’ അവളുടെ ആധികാരികതയും ഭാവവും കണ്ടപ്പോൾ അവളുടെ കാമുകൻ റിതേഷിനെ ഓർമ വന്നു. അവന്റെ പരിശീലനമാണിതൊക്കെ.

‘ടൊമാറ്റോ പ്ലസ് പ്രൈസ് പ്ലസ് അമേരിക്ക എന്ന് ടൈപ്പ് ചെയ്യണം’
അവൾക്കറിയുന്ന കാര്യമൊക്കെ എനിയ്ക്ക് പറഞ്ഞു തന്നു. നല്ല രസകരമായിരുന്നു ആ സെർച്ച്. 2012-ൽ പി.ജി കഴിഞ്ഞ സമയമായിരുന്നു അത്.
‘ബുക്കെടുത്തില്ല..’
‘എന്തിനു ബുക്ക്?’
‘ഇതൊക്കെ എഴുതിവെയ്ക്കണ്ടെ?’
‘എന്തിന്, മനസ്സിൽ പഠിച്ചാമതി. സ്‌കില്ലാണിത്. സ്‌കില്ല്’, ഞാൻ പൊട്ടിയെപ്പോലെ തലയാട്ടി.

അരമണിക്കൂർ നേരം പെട്ടെന്ന് കഴിഞ്ഞു. 200 രൂപയോ മറ്റോ ആയിരുന്നു ബില്ല്. ഏറ്റവും ലക്ഷൂറിയസായ നഗരത്തിലെ ഹോസ്റ്റലിൽ പോലും അക്കാലത്ത് മാസം 600 രൂപയായിരുന്നു വാടക എന്ന് ഓർക്കണം.
‘ഒരു നൂറുർപ്പ്യ കൊണ്ടാ’
‘അപ്പം റേഷങ്കട? മാവേലി? അമ്മ നമ്മളെ ശരിയാക്കും.’
‘വീട്ടിലു പൈസയിണ്ട്. പോയിട്ട് എടുത്തു വന്നു വാങ്ങാം.’
പ്രശാന്തി പൈസ കൊടുത്തശേഷവും മെലിഞ്ഞ ചേട്ടനെ നന്നായി പ്രാകി.
‘പിശാശ്, തനി പിശാശ്... തൃശ്ശൂരിൽ ഇത്ര പൈസയൊന്നുമില്ല ’നഗരത്തിൽ കഫേകൾക്കു നടുവിൽ താമസിക്കുന്ന അവൾക്ക് ഇന്റർനെറ്റ് വില വിവരങ്ങൾ അറിയാമായിരുന്നു.

‘ഇത്ര ദുഃഖാണച്ചാൽ എന്തിനാ ഇന്റെർനെറ്റ് യൂസ് ചെയ്യണേ?’
‘റിതേഷേട്ടന് കത്തയക്കണ്ടെ മോളെ?’
‘വേണം വേണം അതു വേണം’, ഞാൻ കളിയാക്കി.
‘നിനക്ക് ഒരു വലിയ സത്യം അറിയുമോ?’
‘എന്താണത്? പുദീത്? ’ഞാൻ കൗതുകപ്പെട്ടു.
‘എനിക്ക് അടുത്ത വർഷം തന്നെ ജി- മെയിൽ അഡ്രസ് കിട്ടും’
‘അതെന്താണ്? ’ഞാൻ വാപൊളിച്ചു.
‘അത് ഗൂഗിളിന്റെ മെയിൽ സർവീസ് ആണ്. നമ്മുടെ യാഹു പോലെ തന്നെ.’
‘അതെന്താ ഇപ്പോൾ കിട്ടില്ലേ?’
‘ഇപ്പോ ഇന്ത്യയിലില്ല. അമേരിക്കയിലേയുള്ളൂ. അത് പരീക്ഷണാടിസ്ഥാനത്തിലോ മറ്റോ ഇവിടെ വന്നിട്ടുള്ളൂ. ഉടനെ തന്നെ വരും. റിതേഷേട്ടൻ അതിൽ വർക്ക് ചെയ്യുകയാണ്.’

Representative image

അവളുടെ പിറ്റ്സ്സ് ബിലാനി എംടെക് കാരൻ ജാഡത്തെണ്ടി പറഞ്ഞുകൊടുക്കുന്ന അറിവാണ്. എനിയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഒരു പന്നനാണ് റിതേഷേട്ടൻ.
‘ഓന് വേറെ ചുറ്റിക്കളിയൊക്കെ ഉണ്ട്’, ഇസബെല്ല ശബ്ദം താഴ്ത്തി പറഞ്ഞത് ഞാനോർത്തു.
‘അജ്വേട്ടൻ പറഞ്ഞതാ’, ഇസയുടെ കാമുകനും ഭാവിവരനും അതിലേറെ കോഴിയും പഞ്ചാരയുമായ അജിത് കുരുവിളയുടെ വചനങ്ങൾ കേട്ട് ഞാനും സുജിതയും ഞെട്ടി.
‘റിതേഷും അജിത്തുമൊക്കെ കണക്കാണ്. ഇവറ്റകൾക്ക് എന്നും വെട്ടം വരുമോയെന്തോ?’, സുജിത എന്റെ ചെവിയിൽ പിറുപിറുത്തു.
‘പഠിക്കാനുള്ള മെറ്റീരിയൽ ഇ- മെയിൽ വഴി കൊടുക്കുന്നുണ്ട്. നീ ഇവർക്ക് നോട്ടൊക്കെ കൊടുക്കുന്നതല്ലെ? നിനക്കെപ്പോഴെങ്കിലും അവരു തന്നിട്ടുണ്ടോ?’

രാമനാട്ടുകര വായനശാലയും കോളേജിൽ ലൈബ്രറിയും മാത്രം ഉപയോഗിച്ച് എന്റെ പഠിത്തമൊക്കെ എല്ലാം തീർന്നുകഴിഞ്ഞിട്ട് ഈ വെളിപ്പെടുത്തലിനെന്തു പ്രസക്തി. ഞാൻ സുജിതയെ നോക്കി ഇളിച്ചു.
‘നിനക്കീ കൂട്ടത്തിലിരുന്നു കുരു പെറുക്കുന്ന സൊഭാവം മാറീല്ലെ?’
2004 കഴിഞ്ഞിട്ടുണ്ടാവും, അപ്പോഴാണിതൊക്കെയും കൊണ്ടുള്ള വരവ്.

‘എനിക്കും ഒരു ഗൂഗിൾ ഇ- മെയിൽ ഐ.ഡി എടുത്തുതരുമോ?’ ഞാൻ പ്രശാന്തിയോട് ചോദിച്ചു.

‘അയ്യോ സോറിഡാ. അത് നടക്കും എന്ന് തോന്നുന്നില്ല’, പ്രശാന്തി അല്പം ഗൗരവത്തിലായി. ‘ഗൂഗിൾ മെയിൽ ഐ.ഡി കിട്ടണം എന്നുണ്ടെങ്കിൽ നമ്മളെ ആരെങ്കിലും ക്ഷണിക്കണം.’
‘ഇതെന്താ കല്യാണമാണോ കുറിയടിച്ച് ക്ഷണിക്കാൻ? ’എനിക്ക് പരിഭവം തോന്നി.

‘എന്റെ ചെക്കൻ ഗോൾഡ് മെഡലിസ്റ്റ് ആയതുകൊണ്ട് ഇന്ത്യയിൽ നിന്ന് ഗൂഗിൾ തെരഞ്ഞെടുത്ത ആളാണ്. അദ്ദേഹത്തിന് അഞ്ച് പേരെ ഇൻവിറ്റേഷൻ കൊടുത്ത് വിളിക്കാൻ സാധിക്കും. അതിൽ ഒന്ന് ഞാനാണ് അത്രതന്നെ. അല്ല നിനക്ക് എന്തിനാണ് ഇപ്പോൾ ഗൂഗിളിന്റെ ഇമെയിൽ?’

ശരിക്കും സത്യം തന്നെ. എന്തിനാണ് എനിക്ക് google-ന്റെ ഇ- മെയിൽ? കമ്പ്യൂട്ടർ ഓൺ ചെയ്യാനും ഓഫ് ചെയ്യാൻ പോലും പലപ്പോഴും മറന്നു പോകുന്ന, ശരിയായ രീതിയിൽ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യാത്തതിനാൽ എപ്പോഴും വഴക്ക് കിട്ടുന്ന എനിക്ക് എന്ത് കമ്പ്യൂട്ടർ, എന്ത് ഇന്റർനെറ്റ്, എന്തു ഗൂഗിൾ? എന്നാലും പ്രശാന്തിയുടെ ഗർവ്വം എനിയ്ക്കു പിടിച്ചില്ല.

ഓ എന്നാ പിന്നെ ഗൂഗിൾ പഠിച്ചുകളയും എന്ന് തന്നെ ഞാൻ കരുതി. അടുത്ത ദിവസം തന്നെ വാശിപിടിച്ച് ടൗണിലെ ഒരു കമ്പ്യൂട്ടർ സെന്ററിൽ ചേർന്നു. എം.എസ് ഓഫീസ് കാശ് കൊടുത്ത് പഠിക്കാൻ പോയ അപൂർവ്വം ചിലരിൽ ഒരാളാണ് ഞാൻ. എന്റെ ഗതികെട്ടകാലത്ത് ജോലി കിട്ടുമെന്നു ഞാൻ വിശ്വസിപ്പിച്ച് അമ്മയേയും അച്ഛനേയും പറ്റിച്ചുചേർന്ന ഒരേയൊരു കോഴ്സാണത്.

രതികാല ഗൂഗിൾ

ഇസബെല്ലയും സുജിതയുമൊക്കെ പറഞ്ഞത് പരമാർത്ഥമായിരുന്നു. വീട്ടുകാരെ മുഴുവൻ വെറുപ്പിച്ച് റിതേഷിനെയേ കെട്ടുവെന്ന് കട്ടായം പറഞ്ഞ പ്രശാന്തിയെ റിതേഷ് ഭംഗിയായി കയ്യൊഴിഞ്ഞു. റിതേഷ് + പ്രശാന്തി മേനോൻ എന്ന സമവാക്യങ്ങളൊക്കെ റിതേഷിന്റെ അച്ഛൻ തള്ളിക്കളഞ്ഞു. ഒരു ജാതി ഒരു മതമെന്ന വാദമൊക്കെ കാറ്റിൽ പറന്നു.
‘ഒരീഴവക്കുട്ട്യേ കെട്ടീല്ലെങ്കിൽ മച്ചിലെ ചാത്തൻ പ്രശ്‌നണ്ടാക്കും’
പറക്കുട്ടിയോ കരിങ്കുട്ടിയോ പൂക്കുട്ടിയോ തീക്കുട്ടിയോ ആരായാലും ഗുരുവിന്റെ വചനങ്ങളൊക്കെ ഇറയത്ത് മാത്രമേ ഉണ്ടായുള്ളൂ. ചാത്തനു നവോത്ഥാനം തെല്ലു കുറവായിരുന്നിരിയ്ക്കണം.

പ്രശാന്തി നേരെ ടിക്കറ്റെടുത്ത് ആരുമറിയാതെ ബാംഗ്ലൂരിലേയ്ക്കു പോയി. ആഘോഷിച്ചു കൊണ്ടാടി രണ്ടാളും പിരിഞ്ഞു മാന്യരായി. ആ പ്രേമം പൂർണമായും തകർന്നു പണ്ടാരമടങ്ങിയപ്പോഴും പ്രശാന്തി ഒരു മാതിരി പ്രേതപിശാചിനെ പോലെ എന്റെ വീട്ടിലേക്കുതന്നെ വന്നു. ദുഃഖിതർക്കുള്ള ഇടമായിരുന്നു എന്റെ ശ്രീഹരി വീട്. നല്ല സ്‌നേഹം, നല്ല ഭക്ഷണം., ആരെയും ജഡ്ജ് ചെയ്യാത്ത ഒരമ്മ. നല്ല സമാധാനം. തെളിഞ്ഞ സൂര്യപ്രകാശം വീണ മുറ്റവും തൊടിയും. പുറകിൽ പച്ചപ്പായൽ വഴുന്നുകൊഴുന്ന നരിപ്പുള്ളിച്ചികളുടെ കടൽ. വളപ്പിൽ കുളം. കോളറാകാലത്തെ കിണർ, നീലിത്തോട്, നീലാട്ടെ വല്യകുളം. എല്ലാവർക്കും ശ്രീഹരിയിൽ നിന്നും ശാന്തി കിട്ടി.

2005- ന്റെ തുടക്കകാലഘട്ടമായിരുന്നു അത്. എയർപോർട്ടിൽ വച്ച് മൂക്കു ചീറ്റിയും പിഴിഞ്ഞും ഭർത്താവ് മരിച്ചതുപോലെ പൊട്ടിക്കരഞ്ഞും ഉടുപ്പുകളിൽ കണ്ണീർ വീണു നനഞ്ഞു കുതിർന്ന ഈറമായും അവൾ തല്ലിയലച്ചുനിന്നു.

തലേന്നു ഫോണിൽ വിളിക്കേ ഏതോ ബീച്ചരികിലെ കണ്ടൽക്കാട്ടിൽ അവനൊപ്പം പോയി ഉടൽ പങ്കിട്ട പകലിനെപ്പറ്റി അവൾ കുറ്റബോധത്തോടെ വിതുമ്മി. ‘എന്നോടവനു സ്‌നേഹമില്ലെന്നെങ്ങനെ പറയാനാകും, കഴിഞ്ഞാഴ്ചയിൽ പോലും… അവനെനിക്കത് --- ചെയ്ത് തന്നില്ലേ?’

കോഴിക്കോട് ടൗണിലാകട്ടെ ഇന്റർനെറ്റ് കടകൾ ധാരാളമായിരുന്നു. കോർണേഷൻ തിയേറ്ററിന്റെ എതിരെയുള്ള ദ്വാരകയായിരുന്നു അതിൽ സുപ്രധാനം.

ഏത് എന്നുചോദിക്കാൻ ഭയന്നെങ്കിലും ഗൂഗിൾ അമ്മായി എന്റെ മനസ്സിനെ സമാധാനിപ്പിച്ചു. ഈ പുതിയ പദം എന്തെന്ന് ഞാൻ കണ്ടെത്തിക്കോളാമെന്ന് ആത്മവിശ്വാസം കൂറി.

‘നീ കരയണ്ട, കേറി വാ’, ബാംഗ്ലൂരിലേക്ക് എന്തു നുണ പറഞ്ഞാണിവൾ പോയതെന്ന് ആശങ്കിച്ചു ഞാൻ നിൽക്കേ, അതിസുന്ദരനായ ഒരു ചെറുപ്പക്കാരന്റെ തോളിൽ തൊട്ടു തൊട്ടില്ല, ചാഞ്ഞു ചാഞ്ഞില്ല എന്നപോലെ പ്രശാന്തി അറൈവൽ ഗേറ്റ് കടന്നുവന്നു. അതിസുന്ദരനായിരുന്നുവെങ്കിലും അവനിലുള്ള എന്തോതരം നെഗറ്റീവ് എനർജി എന്നെ പിന്നോട്ട് വലിച്ചു.
‘ഇത് നിരഞ്ജൻ’
അവളെയും അവനെയും ഞാൻ മാറിമാറി നോക്കി.
‘ഹെലോ മാഡം ഇന്ദു, ഹലോ അയാം നിരഞ്ജൻ... ഗൂഗിളിൽ വർക്ക് ചെയ്യുന്നു. മാങ്കാവിലാണ്’
ഉടനെ എയർപോർട്ടിനുവെളിയിൽ നിന്നുള്ള ഒരു കല്യാണപ്പെരയിൽ നിന്ന് ഒരു പാട്ട് ഉയർന്നു. ‘കണ്ണാടി കൂടും കൂട്ടി...’, ഞാൻ വീണ്ടും സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി കാണാനുണ്ടോ ലഡു പൊട്ടിയ ആ മുഖം? ഇല്ല കഠിന ദുഃഖം തന്നെയാണ്.

ആ ചെറുപ്പക്കാരനും ഒരു നവ എൻജിനീയർ തന്നെയായിരുന്നു. റിതേഷിനെപ്പോലെ തന്നെ ഗൂഗിളിൽ ജോലി ചെയ്യുകയാണ്. അവൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴിയാണ്. അടുത്ത മാസം യു.എസിൽ പുതിയ ജോലിക്ക് പോകും. മൊത്ത സ്വയ വിവരണം കേട്ടപ്പോൾ അൽപ്പനെന്നു മനസ്സിൽ തോന്നി.
‘ഈ കുട്ടി വളരെ ഡിപ്രെസ്ഡ് ആണ്. ശരിക്കും കണ്ടപ്പോൾ പാവം തോന്നി. അതാണ് ഞാൻ അവളെ ഇവിടെ എത്തിച്ചത്’, അയ്യോ എന്തൊരു ഒലക്കമ്മലെ ഭവ്യത.
‘താങ്ക്യൂ, നിരഞ്ജൻ’
മര്യാദ കൈവെടിഞ്ഞില്ല. സമ്മർ ഇൻ ബത്‌ലഹേം സിനിമയിലെ നിരഞ്ജൻ എന്ന കഥാപാത്രവും ചില പ്രേമങ്ങളും മനസ്സിൽ ഓടിയെത്തിയെങ്കിലും ഗൗരവം വിടാതെ തന്നെ ഞാൻ യാന്ത്രികമായി പ്രത്യഭിവാദനം ചെയ്തു.
‘ആ തന്തയില്ലാത്ത തെണ്ടി, അവനെന്നെ ഇട്ട് പോയി’
‘അതിനാണോ ഈ പുഷന്റെ ഷർട്ടില് നീയ്യ് മൂക്കട്ട തേച്ചത്. കഷ്ടം ശാന്തി’, ഞാനവളെ കൈകൂപ്പി.
‘അല്ല സത്യത്തിൽ നിന്റെ അമ്മ പറയുന്നപോലെ നിനക്ക് കുഴപ്പമുണ്ടോ?’
‘ഓഹ് നീയെന്നെ എന്തിനാ തെറ്റിദ്ധരിയ്ക്കണെ?’

അവൾ ഓട്ടോറിക്ഷയിൽ കയറിയപ്പോഴേയ്ക്കും വീണ്ടും മൂക്കുചീറ്റി കരയാനാരംഭിച്ചു. ഞാൻ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. പ്രത്യേകിച്ച് പ്രയോജനം ഒന്നുമുണ്ടായില്ല.

അവൾ ഓട്ടോറിക്ഷയിൽ കയറിയപ്പോഴേയ്ക്കും വീണ്ടും മൂക്കുചീറ്റി കരയാനാരംഭിച്ചു. ഞാൻ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. പ്രത്യേകിച്ച് പ്രയോജനം ഒന്നുമുണ്ടായില്ല.
‘ഇവിടെ അങ്ങാടിയിലിപ്പം കഫേയൊക്കെ ഉണ്ടോ?’
‘റിത്ത്വേട്ടൻ പോയില്ലെ, ഇനിയെന്തിനാ കഫേ?’

അപ്പോഴേക്കും രാമനാട്ടുകരയിൽ ഒന്നു രണ്ട് കഫേകൾ ഉണ്ടായിവന്നിരുന്നു. സ്വന്തമായി ഒരു ഇ-മെയിൽ ഐ.ഡിയൊക്കെ ജി- മെയിൽ വാലോട് കൂടി ഞാൻ സംഘടിപ്പിച്ചിരുന്ന കാലമായിരുന്നു അത്.

കോഴിക്കോട് ടൗണിലാകട്ടെ ഇന്റർനെറ്റ് കടകൾ ധാരാളമായിരുന്നു. കോർണേഷൻ തിയേറ്ററിന്റെ എതിരെയുള്ള ദ്വാരകയായിരുന്നു അതിൽ സുപ്രധാനം. പ്രശസ്തവുമതേ, കുപ്രസിദ്ധവുമതേ.

ഞാനും പ്രേമരഹിത പ്രശാന്തിയും ഇസബെല്ലയും സുജിതയും വെറുതെ ദ്വാരകയിൽ പോയി. ദുഃഖമായിരുന്നെങ്കിലും പരദൂഷണത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല. വന്നതിന്റെ പിറ്റേ ദിവസം തന്നെ സുനയനയുടെ രതിജീവിത കഥപറഞ്ഞു പ്രശാന്തി.

സുനയനയുടെ യന്ത്രരതിക്കഥ

സുനയനയുടെ കഥ കേട്ട് ഞങ്ങളെല്ലാം പരിഭ്രമിച്ചു. കൗമാരകാലത്ത് വല്ലാതെ പണ്ടാരമടക്കിയ ഒന്നായിപ്പോയിരുന്നു ആ കഥ. ഇപ്പോഴത് തമാശയെങ്കിലും അന്നത് ഭീകരമായിരുന്നു.

സമ്മർ ഇൻ ബത്‌ലഹേം സിനിമയിലെ നിരഞ്ജൻ എന്ന കഥാപാത്രവും ചില പ്രേമങ്ങളും മനസ്സിൽ ഓടിയെത്തിയെങ്കിലും ഗൗരവം വിടാതെ തന്നെ ഞാൻ യാന്ത്രികമായി പ്രത്യഭിവാദനം ചെയ്തു.

പഠിക്കാൻ അത്രയൊന്നും മിടുക്കിയല്ലാത്ത, എന്നാൽപന പോലെ വളർന്ന, സുനയനയെ അവളുടെ ബാറുകാരൻ തന്തപ്പടി കെട്ടിച്ചുവിടാൻ തീരുമാനിച്ചു. കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധമായത് അമേരിക്കയിലുള്ള ഒരു എൻജിനീയറുടെ ആലോചന തന്നെയായിരുന്നു.
‘അവ്ൾക്കേ കളട്ടർമാരെ ഇഷ്ടല്ല, അല്ലെ നയ്നേ? ’അവളുടെ അച്ഛമ്മ സ്വർണത്തോട കിലുക്കി.

കണ്ടമാനം കാശുള്ളവളായിരുന്നു സുനയന. അവളുടെ പ്രഭുകുടുംബത്തിനു പണമൊരു പ്രശ്നമേ അല്ലാത്തതിനാൽ വീട്ടിൽ തന്നെ ഇന്റർനെറ്റ് മോഡവും കമ്പ്യൂട്ടറും സ്ഥാപിക്കാൻ അവൾക്ക് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. സുനയനയുടെ കല്യാണനിശ്ചയം കഴിഞ്ഞ അന്നുതന്നെ അവളുടെ കല്യാണവും രജിസ്റ്റർ ചെയ്തിരുന്നു. അമേരിക്കയിൽ നിന്ന് വിസ കിട്ടാനും മറ്റ് യാത്രാസംഗതികൾ എളുപ്പത്തിലാക്കാനും വേണ്ടിയായിരുന്നു അത്. നിയമപരമായി അവർ ഭാര്യാഭർത്താക്കന്മാരായി തീർന്നിരുന്നു. ആറുമാസങ്ങൾ കഴിഞ്ഞാൽ കല്യാണം നടന്ന ഒരാഴ്ചയ്ക്കകം അമേരിക്കയിലേക്ക് പോകാൻ അതുകൊണ്ടുതന്നെ സുനയനയ്ക്ക് എളുപ്പം കഴിയുമായിരുന്നു.

‘ഗൂഗിളീ സെർച്ച് ചെയ്ത് എനിയ്ക്കീ സ്കൈപ്പ് കണ്ടു പിടിക്കണം... അതിൽ നമുക്ക് അക്കൗണ്ട് എടുത്താൽ ആളെ കണ്ടുകൊണ്ട് സംസാരിക്കാം’, പ്രശാന്തിയവളുടെ അറിവ് വിതറി.
‘സുനേന ആഴ്ചയിൽ മൂന്നുദിവസം തന്റെ ഭർത്താവിനോട് സംസാരിക്കാറുണ്ട്, സ്കൈപ്പ് വഴി.’ എന്നാൽ അതൊന്നും ആയിരുന്നില്ല അതിന്റെ കൗതുകകരമായ രഹസ്യം. പ്രശാന്തി ശബ്ദം താഴ്ത്തി, ‘അവൾ അവനോട് ഉമ്മ വയ്ക്കലും പ്രേമ വർത്താനവും മാത്രമല്ല നടത്തുന്നത്’
‘പിന്നെ?’ ഞങ്ങൾ മറ്റെന്തു കുന്തം എന്ന് അത്ഭുതത്തോടെ കണ്ണുമിഴിച്ചു.
‘അവർ കമ്പ്യൂട്ടർ സെക്സ് ചെയ്യും.’

ഞങ്ങൾക്കിടയിൽ പരിപൂർണ നിശ്ശബ്ദത വന്നു ഭവിച്ചു. ശരിയായ രതി പോലും എന്ത് എന്ന് തന്നെ അറിയാത്ത ഞങ്ങൾക്ക് എന്ത് കമ്പ്യൂട്ടർ രതി, എന്തു യന്ത്രരതി?

സുനേന ആഴ്ചയിൽ മൂന്നുദിവസം തന്റെ ഭർത്താവിനോട് സംസാരിക്കാറുണ്ട്, സ്‌കൈപ്പ് വഴി.

‘ചേച്ചിയോട് ചോദിക്കൂ, ചേച്ചി പറഞ്ഞുതരാം’, പ്രശാന്തി ഒന്നുകൂടി ഉഷാറായി.
‘സ്കൈപ്പ് എന്ന് പുതിയ സാധനം വെച്ചാണല്ലോ അവർ സംസാരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും കാണാം. ഒരു ദിവസം അവൻ ഒരു ചോദ്യം. സുനയനേ, നെഞ്ചൊന്നു ഞാൻ കണ്ടോട്ടെ എന്ന്?

‘ഈഹ് വൃത്തികെട്ടവൻ’, സുജിത കാർക്കിച്ചു തുപ്പി. ഇസബെല്ല ഒന്നും മിണ്ടാതെ നഖം കടിച്ചു. നിഗൂഢവും രഹസ്യാത്മകവുമായ കഥ കേൾക്കാനുള്ള കൗതുകത്തിൽ കണ്ണുകൾ വിടർത്തി ഞാൻ നാണിച്ചുനിന്നു.

‘അയ്യടാ അവളുടെ ഒരു ഇളി നോക്ക്. ഇതൊക്കെ എഴുതിവയ്ക്കാൻ വേണ്ടിയാണ് നമ്മളോട് അവൾ ഇതൊക്കെ ചോദിക്കുന്നത് കേട്ടോ സുജീ. ടീ നീയെങ്ങാനും ഇത് കഥ എഴുതിയാ നിന്നെ ഞാൻ തച്ചു കൊല്ലും’
‘അയ്യേ ഇതൊക്കെ എങ്ങനെ കഥയായി എഴുതുക? ’അത്ഭുതകരമായ യന്ത്രരതിയുടെ കഥ പ്രശാന്തി പറഞ്ഞു തുടങ്ങി.
അവൻ കുറേ നിർബന്ധിച്ചപ്പോൾ അവൾ ഒരു നൈറ്റ് ഡ്രസിൽ വന്നിരുന്നു. റിവീലിങ്ങ് ആണോ എന്ന് ചോദിച്ചാൽ സാമാന്യം റിവീലിംഗ് തന്നെയാണ്. പിന്നെ അവര് തമ്മിൽ വർത്തമാനം ഒക്കെ പറഞ്ഞു. അത് കഴിഞ്ഞപ്പോൾ പിന്നെ ചങ്ങാതിക്ക് കൺട്രോൾ പോയി. പുള്ളി ഒറ്റ ചോദ്യമാണ് ഞാൻ ചെയ്യട്ടെ എന്ന്
ഇത്തവണ ഞാനും സുജിതയും ഇസബെല്ലയും ഒരേപോലെ ഞെട്ടിപ്പോയി.
എന്നിട്ട് എന്ന് ചോദിക്കാനുള്ള ധൈര്യം ഇല്ലാതെ ഞങ്ങൾ നിന്നു.
‘അവൾ സമ്മതിച്ചു. അവൻ ആ ക്യാമറയുടെ മുന്നിലിരുന്ന് എല്ലാം ചെയ്തു. സുനേന ഒരു തലയണയെ കെട്ടിപ്പിടിച്ച് അവിടെ അങ്ങനെ ഇരുന്നു’
‘വൃത്തികേട്’, ഇസ പിറുപിറുത്തു.
‘കേൾക്കാൻ വലിയ ഇൻട്രസ്റ്റ് ആയിരുന്നല്ലോ, ഇപ്പോഴെങ്ങനെ വൃത്തികേട് ആയത്? അവരു ഭാര്യാഭർത്താക്കന്മാരാ’ പ്രശാന്തി ഞങ്ങളെ ദേഷ്യത്തോടെ നോക്കി.

ഞങ്ങൾക്കൊന്നും പറയാനുണ്ടായിരുന്നില്ല എങ്കിലും സ്കൈപ്പ് കണ്ടുപിടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അവിടെയും ഗൂഗിൾ അല്ലാതെ ഞങ്ങൾക്ക് മറ്റെന്ത് മാർഗം. അതിനും മുമ്പേ കൗതുകത്താൽ സുജിത ടൈപ്പ് ചെയ്തു; Did yo mean virtual sex?
ഗൂഗിളമ്മായി തിരുത്തി.

Did yo mean virtual sex?
ഗൂഗിളമ്മായി തിരുത്തി.

ഞാൻ ഗൂഗിളിൽ വിർച്വൽ രതിയെന്നു ടൈപ്പ് ചെയ്തു. ഏകാന്തതയുടെയും യാന്ത്രികതയുടെയും അശരണതയുടെയും ഒരു ലോകമാണെന്നു ലേഖനങ്ങൾ വിളിച്ചുപറഞ്ഞു.

സത്യത്തിൽ ദ്വാരകയിലേക്ക് ഞങ്ങൾ സംഘമായി പോയത് ഒരു സ്കൈപ്പ് ഐ.ഡി ഉണ്ടാക്കുന്നതിനെ കുറിച്ച് പഠിക്കാനാണ്. എന്തായാലും ഗൂഗിൾ അമ്മായി നൽകിയ വിവരമനുസരിച്ച് ഞങ്ങൾ ഒരു സ്കൈപ്പ് ഐ.ഡി ഉണ്ടാക്കി. ഇനി ആർക്ക് മെസേജ് അയക്കും? ഞങ്ങൾ ആകെ പരിഭ്രാന്തനായി. സ്കൈപ്പ് ഉപയോഗിക്കുന്ന ആരും തന്നെ ഞങ്ങളുടെ പരിചയത്തിലുണ്ടായിരുന്നില്ല.
‘എനിക്കുണ്ട്’, പ്രശാന്തി പെട്ടെന്ന് പറഞ്ഞു.
‘ആര്?’
‘രെഞ്ചുവേട്ടൻ’
‘ഏത് രഞ്ജുവേട്ടൻ? ഞങ്ങൾ അറിയാത്ത ഏത് അവതാരം?’
രഞ്ജുവേട്ടനെ നിനക്ക് അറിയാം?’' അന്ന് എയർപോർട്ടിൽ വച്ച് കണ്ടില്ലേ?''
‘എന്റെ ദൈവമേ, ആ മൂക്കട്ടകുമാരനോ, അവൻ അമേരിക്കയിലേക്ക് പോയില്ലേ?’
‘പോയല്ലോ, ഞങ്ങൾ മെയിൽ വഴി സൗഹൃദം പുതുക്കുന്നുണ്ട്’
‘കഴിഞ്ഞ മെയിലിൽ അവൻ എനിക്ക് സ്കൈപ്പ് ഐ.ഡി അയച്ചു തന്നിരുന്നു. പാസ്​വേഡും’., മുഖത്തോടു മുഖം നോക്കി ഇതുവരെ കഥയറിയാതെ ആട്ടം കാണുന്നവരായിരുന്നു ഞങ്ങൾ.
‘ഈ ബസൊക്കെ കേറി ടൗണിൽ വന്നെത്തിയത് ഇതിനായിരുന്നുവല്ലേ?’
ഇതിന്റെ പേര് ഞരമ്പുളുക്ക് എന്നാണ്.
‘ഇവൾക്ക് ആന്റി ലാംഗ്വേജിനെ പറ്റി എന്തോ എഴുതണമെന്നും അതിനു ഗൂഗിൾ സെർച്ച് ചെയ്യാം എന്നും പറഞ്ഞല്ലേ നീ വന്നത്?’, ഇസബെല്ല പ്രശാന്തിയോട് തുറന്നുചോദിച്ചു.
‘ഇതും എന്റെ മനസ്സിലുണ്ടായിരുന്നു.’

പ്രശാന്തി സ്ഥിരമായി ഗൂഗിൾ സേർച്ചിനെന്നും പറഞ്ഞ് കഫേകളിൽ പോയി. രഞ്ജുവേട്ടനുമായുള്ള മെയിലുകളോ സ്കൈപ്പുകളോ എന്തൊക്കെയോ തുടർന്നുപോന്നു. 6-7 മാസം കഴിഞ്ഞപ്പോൾ നിരഞ്ജനും അവളുടെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷനായി. മറ്റു പോവഴികളില്ലാതെ പ്രശാന്തി വീട്ടുകാർ ചൂണ്ടിക്കാട്ടിയ ഒരു എഞ്ചിനീയറെ തന്നെ കെട്ടി അമേരിക്കയിലേക്കുപോയി. അയാളും പക്ഷെ ഗൂഗിളിൽ എഞ്ചിനീയറായിരുന്നു.

പ്രശാന്തി പോയശേഷം വീണ്ടും മൂന്നാലഞ്ച് തവണ ഞങ്ങൾ ദ്വാരകയിൽ പോയിരുന്നു. ആണും പെണ്ണും ഓരോ കൂട്ടിലും ഇണക്കുരുവികളെ പോലെ കൊഞ്ചിയും കുറുകിയും പ്രേമവും കാമവും പറഞ്ഞ് ആനന്ദലീലകളാടുന്ന ഇടമായി മാറിയിരുന്നു ഇന്റർനെറ്റ് കഫേകൾ. ദ്വാരകയും അങ്ങനെ തന്നെയായിരുന്നു. പോണും ഡാർക്ക് വെബും രതിവൈകൃതങ്ങളും പ്രേമവും കാമവും ആരും കാണാതെ ചുംബിക്കലും കെട്ടിപ്പിടിക്കലും കുത്തിമറിയലും.

അപ്പുറത്തെ ക്യാബിനിൽ നിന്ന് തട്ടുംപുറത്ത് പൂച്ചയും എലിയും വീണ പോലത്തെ ബുദു ബുദാം ശബ്ദങ്ങൾ ഞങ്ങൾ കേട്ടു.
‘ഇത് ശരിയാകുന്നു സ്ഥലമാണെന്ന് എനിക്ക് തോന്നുന്നില്ല. മൊത്തം കച്ചോടങ്ങളാണ്’, സുജിത ക്ഷോഭിച്ചു.
‘പാവം ഇണക്കുരുവികൾ അല്ലേ, അവർ എന്തെങ്കിലും ചെയ്യട്ടെ. നമ്മളെന്ത്നാ ജഡ്ജ് ചെയ്യുന്നേ?’

പിന്നെ ഒരിക്കൽ കൂടി അതേ കഫേയിൽ ഞങ്ങൾ പോയി, പിഎച്ച് ഡി സിനോപ്സിസ് മാതൃകകൾ നോക്കാൻ. അവയെങ്ങനെ എഴുതണം, തിരുത്തണം, എങ്ങനെ ശരിയാക്കണം എന്നറിയാൻ. ഞാനും സുജിതയും മാത്രം. കമ്പ്യൂട്ടർ പരിജ്ഞാനം ഒട്ടുമില്ലാത്ത ആളാണ് സുജിത. മൈൻസ്വീപ്പിങ് കളിക്കുശേഷം കമ്പ്യൂട്ടർ ഷട്ട് ചെയ്യുന്നതിനുപകരം സ്വിച്ച് ഓഫ് ചെയ്ത് പ്രശാന്തിയുടെ കമ്പ്യൂട്ടർ അവൾ കേടു വരുത്തിയിട്ടുണ്ട്. പിന്നെയും ഭേദം ഞാനാണ്. എം എസ് ഓഫീസ് എന്ന അത്ഭുതകോഴ്സ് പഠിച്ച ആളാണല്ലോ ഞാൻ.

എന്നത്തെയും പോലെ ഇണകളക്ഷമരായി ഊഴം കാത്തു നിന്നു. ക്യുബിക്കിളുകൾ ഒന്നും ഒഴിവുണ്ടായിരുന്നില്ല. ചിലർ ഞങ്ങളെ നോക്കി ചിരിച്ചു. ഇക്കിളിപൂണ്ടു ചിരിയ്ക്കുന്ന ശബ്ദങ്ങൾ, നിശ്വാസങ്ങൾ ചുംബന ശബ്ദങ്ങൾ… എല്ലാം കേട്ടു ഞങ്ങൾ കുറച്ചുനേരം കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ക്യുബിക്കിൾ നമ്പർ 8 ഒഴിഞ്ഞു. തളർന്ന മുഖത്തോടെ ഒരു പെൺകുട്ടിയും ചിരിച്ചുകൊണ്ട് ഒരു പുരുഷനും ഇറങ്ങിപ്പോയി. ഞങ്ങൾ ആ ക്യാബിനിലേക്ക് പ്രവേശിച്ചു.
സുജിത കേറി ഗൂഗിൾ സെർച്ച് ചെയ്തതും തൊട്ടുമുന്നിലുള്ള ആളുകൾ സെർച്ച് ചെയ്ത വിൻഡോ ഓപ്പൺ ആയി വന്നു.
ഇന്നും ഭയാനകമായ ഓർമ എന്റെയും സുജിതയുടെയും തല പൊട്ടിക്കുന്നതാണ്. ഒരു പക്ഷേ ഒരു പോൺ സൈറ്റ് കണ്ടാലൊക്കെ ഞെട്ടലുളവാകുമായിരുന്നിരിയ്ക്കാം. എന്നാൽ ഇത്രമേൽ അറപ്പും ജുഗ്പസയും തോന്നും വിധം വൈകൃതകരമായ ഗൂഗിൾ അമ്മായിയുടെ മുഖം ഞങ്ങൾ കാണുമെന്ന് കരുതിയതല്ല. Shit city.com എന്നതായിരുന്നു അവർ സേർച്ച് ചെയ്തു കണ്ടു കൊണ്ടിരുന്ന സൈറ്റ്.
‘ഈശോയേ’, സുജിത അലറി.
ഇന്റർനെറ്റ് കഫേ നടത്തുന്ന വിളറിയ മുഖമുള്ള പെൺകുട്ടി ഓടിവന്നു.
‘എന്തുപറ്റി? ’ഞങ്ങൾ രണ്ടുപേരും ഭയാശങ്കളോടെ അത് ചൂണ്ടിക്കാണിച്ചു.
‘ഓ, നാശങ്ങൾ’, അവൾ ചെടിപ്പോടെ വിൻഡോ ഷട്ട് ഡൗൺ ചെയ്തുതന്നു.
രതിവൈകൃതങ്ങളുടെ പാരമ്യത കണ്ട് ഞങ്ങൾ തന്നെ തളർന്നിരുന്നു.
‘അവൾടെ കാര്യം’, സുജിത നെടുവീർപ്പിട്ടു.
അവിടെനിന്ന് അൽപം മുമ്പിറങ്ങിപ്പോയ ആ പെൺകുട്ടിയുടെ മുഖത്തെ ദീനത ഓർമിക്കേ ഞങ്ങൾക്ക് സങ്കടം വന്നു.
‘മതിയാക്ക്, ഇതിന് നമുക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ മതി’, എനിക്ക് ആ ലോകം ചെടിപ്പുളവാർന്നതായി തോന്നി.

ഞങ്ങൾ പിന്നീട് പലപ്പോഴും അതേ കാമുകനൊപ്പം ആ പെൺകുട്ടിയെ നഗരത്തിൽ കണ്ടിട്ടുണ്ട്. ഞാനും സുജിതയും പരസ്പരം മുഖത്തുനോക്കും. കലിപ്പനായ ഒരു കാമുകനുള്ള ഒരു പെൺകുട്ടി അനുഭവിക്കേണ്ടതു മുഴുവൻ അവൾ അനുഭവിച്ചു തീർത്തുവെന്നും പിന്നീടറിഞ്ഞു. മുഖത്ത് അടിക്കലും ഉപദ്രവിക്കലും ഒക്കെയുള്ള ടോക്സിക്കായ കാമുകനായിരുന്നു അവനെന്ന് ഒരു സുഹൃത്ത് പറയവേ, അതുമാത്രം ആയിരിക്കില്ല എന്നുറക്കെ പറയാൻ തോന്നി ഞങ്ങൾക്ക്.

പോകെ പോകെ, രതിവൈകൃതരോഗികളുടെ കോട്ട കൂടിയാണ് google എന്ന് ആ പ്രായത്തിൽ തന്നെ ഞങ്ങൾ മനസ്സിലാക്കി. ഒരു പുസ്തകങ്ങളിൽ നിന്ന് കിട്ടാത്ത അത്രയും വിവരങ്ങൾ ഞങ്ങൾക്ക് ഗൂഗിളിൽ നിന്ന് കിട്ടിത്തുടങ്ങി. അക്കാദമികം, സാഹിത്യം, കൗതുകം ഒക്കെ ഗൂഗിൾ നിവർത്തിച്ചു. വാത്സ്യായനന്റെ പുസ്തകം തരൂ എന്നു പറഞ്ഞപ്പോൾ ഡോ. വാത്സ്യായനന്റെ സോഷ്യോളജി ഗൈഡ് തന്നെ ലൈബ്രറിയിലെ ജയരാജൻ ചേട്ടനെ ഞങ്ങൾ കഫേയിലിരുന്നു കളീയാക്കി ചിരിച്ചു.

സരസ്വതീകാല ഗൂഗിൾ സന്ധ്യകൾ

സത്യത്തിൽ ഗൂഗിളൊരു വാഗ്ദേവതയായിരുന്നു. സരസ്വതിയെപ്പോലെ ആർക്കും വിദ്യ പകർന്നവൾ.

ഒരിടത്തും കിട്ടാത്ത സോഷ്യോളജി പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാനായി തന്നതും പുതുപുതു പാട്ടുകൾ തന്നതും ഗൂഗിൾ തന്നെയായിരുന്നു. വിവർത്തനം ചെയ്യാനുള്ള ഇംഗ്ലീഷ് കവിതകൾ, അതും ഗൂഗിളിനോട് ചോദിച്ചാൽ കിട്ടുമായിരുന്നു.

ഗൂഗിൾ സെർച്ചിന്റെ എഴുത്തുപകരണങ്ങൾ പുതിയ ഒരു ലോകം എനിക്ക് കാത്തുവെച്ചിരുന്നു.

ഞങ്ങളെക്കാളും പിന്നെ ജനിച്ച്, ഞങ്ങളെക്കാളും വേഗം വളർന്നു ഗതിപിടിച്ച ഗൂഗിൾ ഒരു ആൽമരമായി മാറി. എന്താണ് ഗൂഗിളിൽ ഇല്ലാത്തത്? എല്ലാമുണ്ടായിരുന്നു. എല്ലാത്തിനും ഉണ്ടായിരുന്നു ഒരുത്തരം. അമ്മയെപ്പോലെ അവൾക്ക് ഏതു പ്രശ്നത്തിനും പ്രതിവിധികളുണ്ടായിരുന്നു. സരസ്വതി ദേവതയെപ്പോലെ സംഗീതം, സാഹിത്യം, സിനിമ, സ്നേഹം, സംസ്കാരം… എല്ലാത്തിന്റെയും സംഗമഭൂമിയായിരുന്നു അത്. പുസ്തകങ്ങൾ കട്ടെടുത്തു മുറിയിൽ അടച്ചുവെച്ച് ഒളിച്ചു പഠിച്ച സുഹൃത്തുക്കളോട് ഗൂഗിൾ കൊഞ്ഞനം കുത്തി. ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന എന്റെ ഡിക്ഷ്ണറികളും എൻസൈക്ലോപീരിയകളും അലമാരയിൽ പൊടിപിടിച്ച് കിടന്നു.

ബ്രാഹ്മണനു മാത്രമായി വേദങ്ങൾ സൂക്ഷിച്ച വിജ്ഞാനം വിരൽത്തുമ്പിൽ ജാതിമതഭേദമെന്യേ ലഭ്യമായി. എല്ലാവർക്കും അറിവുകൾ സ്വായത്തമായി. അറിവിന്റെ കുത്തകകൾ തകർന്നു. മരണനിശ്ശബ്ദയാവശ്യപ്പെടുന്ന വായനശാലകൾ ശൂന്യമായി.

എന്നാൽ ഇതിനേക്കാളേറെ അതിവിപ്ലവകരമായ സംഗതിയായി എനിക്ക് തോന്നിയത്, ഗൂഗിൾ സേർച്ചിൽ എനിക്ക് കിട്ടിയെ കൈയെഴുത്ത് ഉപകരണങ്ങളാണ്. അത് ഗൂഗിളിനെ മറ്റൊരു നിലയിലേക്ക് മാറ്റി. കൈകൊണ്ട് മാത്രം എഴുതി ശീലമുള്ള എനിക്ക് ടൈപ്പ് ചെയ്യുക ഏറെ ശ്രമകരമായിരുന്നു. കാരണം മലയാളം ടൈപ്പിംഗും ഐ.എസ്.എമ്മും ഒന്നുമെനിക്ക് അറിയുമായിരുന്നില്ല. അക്കാലത്താണ് ഗൂഗിൾ തന്റെ മെയിൽ ബോക്സ് തുറന്നാൽ മ എന്ന അക്ഷരത്താൽ മലയാളം എഴുതാവുന്ന ഒരു തന്ത്രവുമായി വന്നത്. എന്റെ ചെറിയമ്മയുടെ മകൻ കിരൺ ആണ് മലയാളം എഴുതാനുള്ള ഗൂഗിളിലെ അത്ഭുതവാതിൽ എനിക്ക് തുറന്നുതന്നത്.

''ആരാണ് ഇന്ദു ചേച്ചിക്ക് മലയാളം കൊടുത്ത് ഈ ക്രൂരത ചെയ്തത്?'', എന്റെ അനിയത്തി എന്റെ ഭ്രാന്തു പിടിച്ച എഫ് ബി പോസ്റ്റുകൾ കണ്ടു മടുത്ത് ചോദിച്ചു. വിപ്ലവകരമായ അക്ഷരപ്രപഞ്ചത്തിൽ ഗൂഗിൾ എനിക്ക് ഇടം നൽകിയെന്നുവേണം പറയാൻ. എല്ലാ സംഗതികളും മലയാളത്തിൽ ടൈപ്പ് ചെയ്യാൻ എനിക്ക് സാധിച്ചു. കപ്പലിനെ കുറിച്ചുള്ള വിചിത്ര പുസ്തകം 500 പേജ് കൈകൊണ്ടുതന്നെ എഴുതിയിരുന്ന എനിക്ക് എഴുത്തിന്റെ അതിഗംഭീരവും ലളിതവുമായ ഒരു ലോകമാണ് കിരൺ തുറന്നുതന്നത്. ഗൂഗിളിന്റെ ഏറ്റവും അത്ഭുതകരമായ കണ്ടുപിടിത്തമായിരുന്നു അത്.

ഗൂഗിൾ സെർച്ചിന്റെ എഴുത്തുപകരണങ്ങൾ പുതിയ ഒരു ലോകം എനിക്ക് കാത്തുവെച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് എഴുത്ത് ആയാസരഹിതമാക്കുന്ന മാന്ത്രികവിദ്യ. ഗൂഗിൾ ഡ്രൈവിൽ ഞാൻ നോവലുകൾ എഴുതി. എന്റെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു അത്ഭുതകരമായ ഒരു സംഗതി, ഗൂഗിളിന്റെ ടൈപ്പ് ഉപകരണങ്ങൾക്ക് പോകെപ്പോകെ എന്റെ എഴുത്തുവേഗതയെ എടുക്കാൻ പറ്റുന്നില്ല എന്നതായിരുന്നു. ഞാൻ എഴുതിക്കഴിയുമ്പോൾ ഗൂഗിൾ ഒരുമിച്ച് പാരഗ്രാഫുകൾ കാണിച്ചു. ചിലപ്പോൾ നിന്നു. ടൈപ്പ് ചെയ്യാനുള്ള എന്റെ വേഗത അതിന് കിട്ടിയിരുന്നില്ല. പ്രത്യേകരീതിയിൽ ഞാനുണ്ടാക്കുന്ന വാക്കുകൾ അതിന് ടൈപ്പ് ചെയ്യാനേ കഴിഞ്ഞില്ല. ഞാൻ എങ്ങനെ കൂടുതൽ വേഗത്തിൽ ടൈപ്പ് ചെയ്യും എന്ന് ഞാൻ ഗൂഗിളിനോട് തന്നെ ചോദിച്ചു. അതിനും സെർച്ച് എഞ്ചിന് മറുപടിയുണ്ടായിരുന്നു. ഗൂഗിൾ ഹാൻഡ് റൈറ്റിംഗ്, ഗൂഗിൾ വോയിസ് ടൈപ്പിംഗ് പോലെയുള്ള അത്യാധുനിക ഉപകരണങ്ങളുമായി ഗൂഗിളിന്റെ സർഗക്രിയാ സരസ്വതി എന്നെ അനുഗ്രഹിച്ചു. രാത്രി ഉറക്കത്തിൽ കണ്ട സാധനം വാങ്ങാനുള്ള പരസ്യം രാവിലെ കാട്ടി തന്നു. ഇതിലും മീതെയായി ഗൂഗിളിന് ഒന്നും തരാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്.

''ഹമ്മെ, മാഹാമായേ…’’

വഴിതെറ്റിയവർക്ക് അന്വേഷണത്തിന്റെ ഭൂപടമായും ബന്ധങ്ങളെ കണ്ണിചേർക്കുന്ന ഫോൺ പുസ്തകമായും പുതുപുതു വാർത്തകളായും ആരോഗ്യത്തെ അളക്കുന്ന ആപ്പായും ഫോട്ടോകളെ സൂക്ഷിയ്ക്കുന്ന കലവറപ്പെട്ടിയായും ചാറ്റായും ഗൂഗിൾ മീറ്റായും പ്ലേയ് ആയും ഷോപ്പിങ്ങ് ആയും യൂട്യൂബായും വിവർത്തകയായും പൈസയെറിയുന്ന ജിപേ ആയും ബിസിനസ് ആയും പരസ്യമായും എല്ലാമായി ഗൂഗിളെന്ന സരസ്വതി അവളുടെ വിശ്വരൂപം കാണിയ്ക്കുന്നു.

ഭരണസരസ്വതിയും
മരണസരസ്വതിയും
അവൾ തന്നെ...

എന്റെ ഗൂഗിൾദേവത…


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments