ഗൂഗിൾ; ചില സന്ദേഹങ്ങൾ

ആഴമില്ലായ്മയുടെ ലോകമാണിത്. പരപ്പിനാണ് പ്രാധാന്യം അത്തരമൊരു ലോകത്തിന് ഗൂഗിളിലെ അറിവുകളുടെ ചുരുക്കെഴുത്തുകളോ പകർപ്പുകളോ മതിയാകും എന്നു തോന്നുന്നു. അന്വേഷണം എന്നത് അത് ലഘുപ്രയത്നം കൊണ്ടു സാധിക്കുന്നതാണ് എന്നാണ് ഗൂഗിൾ ഭാഷ്യം.

റ്റുമാനൂരിൽ പണ്ടേ ഉള്ളതാണ് കണ്ണാടിക്കാരന്റെ കട. ഒരു സ്റ്റേഷനറി കടയാണത്. അവിടന്ന് കിട്ടാത്തതായ ഒരു സ്റ്റേഷനറി ഐറ്റവും ഇല്ല എന്ന് പറയാറുണ്ട്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചുള്ള സാധനങ്ങൾ ശേഖരിച്ചു കൊണ്ടുള്ള വിപണന തന്ത്രമുണ്ടതിൽ.

ഗൂഗിളിൽ  അന്വേഷിച്ചാൽ ലഭ്യമാകാത്ത വിവരങ്ങൾ , അറിവുകൾ, ചിത്രങ്ങൾ  എന്നിവ കുറവായിരിക്കും. സിനിമകൾ, വീഡിയോ, സംഗീതം, ചിത്രകല, ശില്പകല, ഫിലോസഫി, ചരിത്രം എന്നിങ്ങനെ അറിവിന്റെ ഏതുശാഖയും നമുക്ക് ലഭ്യം. ഒരു ഓഫീസിന്റെ, ആശുപത്രിയുടെ, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫോൺ നമ്പർ, അഥവാ അവയുടെ ലൊക്കേഷൻ എന്നിവ അറിയാൻ അത് സഹായകരമാണ്. ദൂരമറിയാൻ, രാജ്യങ്ങളെക്കുറിച്ചറിയാൻ, അറിയാത്ത വഴികളിലൂടെ സഞ്ചരിക്കാനൊക്കെ അത് പ്രയോജനപ്രദമാണ്. അധ്യാപകർക്കും കുട്ടികൾക്കും വേണ്ടിയുള്ള ധാരാളം കാര്യങ്ങൾ, സിലബസിലെ പാഠഭാഗങ്ങൾ ഒക്കെ അതിലുണ്ട്.

കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നമ്മുടെ ജീവിതത്തിന് പുതിയ സാധ്യതകൾ തുറന്നു. ലോകത്തിലെ ഏതറിവുകളും ശ്യംഖല പോലെ ബന്ധിതമാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്കുപോകാനുളള ഹൈപ്പർ ലിങ്കുകളുണ്ട്. കമ്പ്യൂട്ടർ, ഐ.ടി എന്നിവ ഉണ്ടാക്കിയത് അടിസ്ഥാനപരമായി ജ്ഞാന വിസ്ഫോടനമാണ്. ഞാൻ സാഹിത്യചരിത്രം എഴുതിയപ്പോൾ എന്നെ കൂടുതൽ തുണച്ചത് ഹരിതകം, ബൂലോക കവിത, ഗൂഗിളിലെ പ്രൊഫൈലുകൾ , ട്രൂകോപ്പി തുടങ്ങിയവയാണ്. ആ സാധ്യതകൾ ഇല്ലായിരുന്നെങ്കിൽ നമ്മുടെ പല കവികളും അറിയപ്പെടാതെ പോയേനേ. കുറേ പുസ്തകങ്ങൾ ഇക്കാലയളവിൽ ഞാൻ പണം കൊടുത്തു വാങ്ങിയിട്ടുണ്ട്. എന്നാൽ സൈറ്റുകളിൽ നിന്ന് ഫ്രീയായി പുസ്തകങ്ങൾ പി.ഡി.എഫായി ലഭിച്ചതുകൊണ്ടാണ് ചിത്രകലയെക്കുറിച്ചും ജിപ്സികളെക്കുറിച്ചും എനിക്ക് വിശദമായി എഴുതാൻ കഴിഞ്ഞത്.

GOOGLE AND THE CULTURE OF SEARCH ( by Ken Hillis, Michael Petit and Kylie ) എന്ന ഗ്രന്ഥത്തിന്റെ തുടക്കം ഇങ്ങനെയാണ്: " What did you do before Google? The rise of Google as the dominant internet search provider reflects a generationally inflected notion that everything that matters is now on the Web, and should , in the moral sense of the verb, be accessible through search.”

കോളേജിലായിരുന്ന കാലത്ത് വളരെ മുമ്പു തന്നെ ഞാൻ അധ്യാപനത്തിൽ  കമ്പ്യൂട്ടർ  ഉപയോഗിച്ചിരുന്നു. ഗൂഗിൾ മലയാളത്തിൽ ടൈപ്പു ചെയ്ത് സേർച്ച് കൊടുത്താൽനാടകസാഹിത്യത്തെക്കു റിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കും. സിനിമകൾ ഡൗൺലോഡ് ചെയ്യാം. ലോകത്തിലെ ഒരു മാതിരിപ്പെട്ട രാജ്യങ്ങളെക്കുറിച്ച് കുറേ അറിവുകൾ ലഭ്യമാണ്. അത് അവിടെച്ചെന്ന് മനസിലാക്കാനുള്ള സാഹചര്യം പരിമിതമാണ്. എന്നാൽ ബ്രൗസിങ്ങിലൂടെ അറിയപ്പെടാത്ത ലോകങ്ങൾ മുന്നിലേക്കുവരുന്നു. മുമ്പൊക്കെ കലാപരമായി മേന്മയുള്ള സിനിമകളുടെ സി.ഡി.യോ ഡി. വി ഡി യോ വാങ്ങാൻ ബീമാപള്ളിയിലോ പെന്റാ മേനകയിലോ പോകണമായിരുന്നു. ഇന്ന് ലോകോത്തര സിനിമകൾ നമുക്ക് അടുത്തുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് പൊതുവേ വലിയ വിലയാണല്ലോ. കുറേ പുസ്തകങ്ങൾ ആമസോൺ വഴി ഞാൻ വാങ്ങിച്ചിട്ടുണ്ട്. എന്നാൽ ആമസോണിലും ലഭ്യമല്ലാത്ത, ലോകത്തെങ്ങും ലഭ്യമല്ലാത്ത പഴയ പുസ്തകങ്ങളുടെ പി.ഡി.എഫ് ലഭ്യമാണ്. അങ്ങനെ നോക്കുമ്പോൾ ഒരു ആർക്കൈവു കൂടിയാണ് ഗൂഗിൾ. മുകളിൽ പരാമർശിച്ച പുസ്തകത്തിൽ ഇങ്ങനെയും പറയുന്നു: "Google  did not invent the technology of internet search. For these reasons neither the culture of search nor Google is totally “revolutionary.” Rather,  Google operates as a nexus of power and knowledge newly constituted through extremely  rapid changes in networked media technologies and equally rapid changes in the social expectations and desires attending to them."  

ഇന്റർനെറ്റിലെ അറിവുകളുടെ ഒരു പ്രത്യേകത, പലതിനും ഓഥർഷിപ്പ് ഇല്ല എന്നതാണ്. പല വിവരങ്ങൾക്കും ഓഥർഷിപ്പ് ഇല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. മറ്റൊരു കാര്യം, അറിവുകളുടെ ഉല്പാദനം എന്നതിന് ഒരു രാഷ്ട്രീയ മുഖം ഇല്ല എന്നതാണ്.

അന്വേഷണത്തിന്റെ പുതിയൊരു സംസ്കാരം നിർമ്മിച്ചെടുക്കാൻ ഗൂഗിളിനു കഴിഞ്ഞു. പുസ്തകത്തെ സംബന്ധിച്ച് സ്ഥലത്തിലാണത് നിലകൊള്ളുന്നത്. സ്ഥലത്തിൽനിന്ന് അത് മറ്റൊരു സ്ഥലത്തെത്തിക്കാനായി നമ്മൾ പോസ്റ്റാഫീസിനെ ആശ്രയിക്കുന്നു. അതിന് കാലതാമസം എടുക്കും. വിലയും കൂടും. പുസ്തകങ്ങളിൽ വന്നിട്ടുള്ള അറിവുകൾ ഒരു പരിധിവരെ ലഭ്യമാണ്. എന്നാൽ അതെല്ലാം വിരൽത്തുമ്പിലുണ്ട് എന്നതാണ് ഗൂഗിളിന്റെ പ്രത്യേകത. ഇതുമൂലം പുസ്തകങ്ങൾ ഇല്ലാതാവുന്ന ഒരു കാലം ഉടനെ വരുമെന്ന് പറയുക വയ്യ. കാരണം ഇന്റർനെറ്റിലെ അറിവുകൾ പലതും പുസ്തകങ്ങളിൽ നിന്നുള്ളതാണ്. ഇന്റർനെറ്റിലെ അറിവുകളുടെ ഒരു പ്രത്യേകത, പലതിനും ഓഥർഷിപ്പ് ഇല്ല എന്നതാണ്. പല വിവരങ്ങൾക്കും ഓഥർഷിപ്പ് ഇല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. മറ്റൊരു കാര്യം, അറിവുകളുടെ ഉല്പാദനം എന്നതിന് ഒരു രാഷ്ട്രീയ മുഖം ഇല്ല എന്നതാണ്. അറിവിന്റെ ബിസിനസ് മാത്രമാണത്. ക്യാപ്പിലിസത്തിന്റെ ഒരു ബൈ പ്രോഡക്ടാണ് ഈ അറിവുൽപാദനം. അറിവു വ്യവസായം എന്നോ മറ്റോ പറയാം.

എന്നാൽ ഗൂഗിളിന് ഒരു പാട് പരിമിതികളുമുണ്ട്. ഗൂഗിളിലെ അറിവുകൾക്ക് എത്രമാത്രം ആധികാരികതയുണ്ടെന്നത് സംശയാസ്പദമാണ്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ ജനസംഖ്യാക്കണക്ക് ഗൂഗിൾ പറയുന്നത് കൃത്യമാണോ എന്ന് സന്ദേഹമുണ്ട്. അതുവച്ച് നമുക്ക് അതിനെ സംബന്ധിച്ച ഒരു സത്യം നിർമ്മിക്കാൻ കഴിഞ്ഞെന്നുവരികില്ല. ഗഹനമായി എഴുതുന്നവർക്ക് ഇന്റർനെറ്റിനെ ആശ്രയിച്ച് എഴുത്ത് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല. അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും ഗൂഗിളിൽ ഉണ്ട്.

ഗൂഗിൾ മാപ്പുപയോഗിച്ച് യാത്ര ചെയ്തവരുടെ ചില കഥകൾ യക്ഷിക്കഥകളെ വെല്ലുന്നു. അറിവിന്റെ സമാന്യവൽക്കരണമാണ് ഗൂഗിളിലെ അറിവുകളും വിവരങ്ങളും കൊണ്ട് ഉദ്ദേശിക്കുന്നത്. നമുക്ക് ആവശ്യമുള്ളത് മാത്രം എടുക്കുക എന്നേയുള്ളൂ. ഒരു വിഷയത്തിന്റെ സാമാന്യമായ പരിചയപ്പെടൽ എന്നതിനപ്പുറം ഗൂഗിളിനെ കാണാൻ പറ്റുമോ എന്നും സംശയമുണ്ട്.

Photo: Pexels

ഇവിടെ അറിവുകളുടെ ഇതര ഉറവിടങ്ങളുടെ അലഭ്യത ഗൂഗിളിനെ കൂടുതൽ ആശ്രയിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇപ്പോൾ ചർച്ചാ വിഷയമായ സനാതനധർമ്മത്തെ വിമർശിക്കാൻ പലരും അറിവിന്റെ ഉറവിടമാക്കിയത് ഗൂഗിളിലെ അറിവുകളാണ്. ഒന്നാമത് വിമർശകന്റെ അടുത്ത് മേൽപറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഉണ്ടാവുകയില്ല. ഇപ്പോൾ ഏതൊരു കാര്യവും പെട്ടെന്ന് ഉണ്ടാവുന്നു. അതിനുള്ള മറുപടിയും വിമർശനവും പെട്ടെന്നുതന്നെ ഉണ്ടാകണം. അല്ലെങ്കിൽ പുതിയ രാഷ്ട്രീയ വിഷയങ്ങൾ വന്ന് ആദ്യം പറഞ്ഞ വിഷയം അപ്രസക്തമാകും. ഇതിനൊരു വലിയ ഉദാഹരണം ഉണ്ട്. കൊറോണക്കാലത്താണ് അത് സംഭവിച്ചത്. ഗൂഗിളിനെ ആശ്രയിച്ചാണ് മിക്കവാറും പഠനപ്രവൃത്തികൾ, ക്ലാസ് നോട്ട്സുകൾ ഒക്കെ രൂപപ്പെട്ടത്. കുട്ടികൾക്ക് വിലക്കപ്പെട്ടിരുന്ന സ്മാർട്ട് ഫോണുകൾ വ്യാപകമായത് അപ്പോഴാണ്. നമ്മുടെ സമൂഹത്തെ അത് ഐ.ടി സമൂഹമാക്കി മാറ്റി. ഇത് അറിവിനെ വെറും വിവരങ്ങൾ മാത്രമാക്കി മാറ്റിയിട്ടുമുണ്ട്.

ആഴമില്ലായ്മയുടെ ലോകമാണിത്. പരപ്പിനാണ് പ്രാധാന്യം അത്തരമൊരു ലോകത്തിന് ഗൂഗിളിലെ അറിവുകളുടെ ചുരുക്കെഴുത്തുകളോ പകർപ്പുകളോ മതിയാകും എന്നു തോന്നുന്നു. അന്വേഷണം എന്നത് അത് ലഘുപ്രയത്നം കൊണ്ടു സാധിക്കുന്നതാണ് എന്നാണ് ഗൂഗിൾ ഭാഷ്യം.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments