ചന്ദ്രയാൻ; ഒരു വലിയ ചുവട്, ഭാവിയിലേക്കുള്ള നിരവധി ചുവടുകൾ

ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കാൽവെപ്പിനെ പ്രതീക്ഷയോടെ ഉറ്റുനോക്കാൻ ലക്ഷക്കണക്കിന് മനുഷ്യരെ പ്രേരിപ്പിച്ചു എന്നത് ചന്ദ്രയാൻ മിഷന്റെ വലിയ വിജയം തന്നെയാണ്. നാളത്തെ ഇന്ത്യയുടെ ശാസ്ത്രജ്ഞർ പലരും ചന്ദ്രയാനെ കണ്ട് ശാസ്ത്രത്തെ സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ടാവണം.

ന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകൽ അവസാനിച്ചതിനെതുടർന്ന്, സപ്തംബർ ആദ്യം സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാൻ- 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉറക്കംവിട്ടുണരുന്നത് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഇതുവരെ സിഗ്‌നലുകൾ ലഭിച്ചിട്ടില്ലെങ്കിലും ഐ.എസ്.ആർ.ഒ ശ്രമം തുടരുകയാണ്. സെപ്തംബർ 22ന് ലാൻഡറിനെയും റോവറിനെയും പ്രവർത്തിപ്പിച്ചുതുടങ്ങാം എന്നായിരുന്നു പ്രതീക്ഷ. റോവറിനെ 300- 350 കിലോമീറ്റർ ദൂരം മാറ്റി സ്ഥാപിക്കാനും ശ്രമമുണ്ടായിരുന്നു. എന്നാൽ, ഈ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.

ആഗസ്റ്റ് 23ന് വൈകീട്ട് 6.04നാണ് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാന്റിങ് നടത്തിയത്. ചന്ദ്രനിൽ രാത്രി തുടങ്ങിയതോടെ, സപ്തംബർ രണ്ടിന് റോവറും നാലിന് ലാൻഡറും സ്ലീപിങ് മോഡിലേക്ക് മാറി. മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ, കെടും ശീതനിദ്രയിൽ കഴിഞ്ഞിരുന്ന ലാൻഡറും റോവറും, രാത്രി കഴിഞ്ഞാൽ, 22ന് പ്രവർത്തിച്ചുതുടങ്ങുമെന്നായിരുന്നു പ്രതീക്ഷ.
ഈ പരിശ്രമങ്ങളുടെ ഫലം എന്തുതന്നെയായാലും, ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കാൽവെപ്പിനെ പ്രതീക്ഷയോടെ ഉറ്റുനോക്കാൻ ലക്ഷക്കണക്കിന് മനുഷ്യരെ പ്രേരിപ്പിച്ചു എന്നത് ചന്ദ്രയാൻ മിഷന്റെ വലിയ വിജയം തന്നെയാണ്. നാളത്തെ ഇന്ത്യയുടെ ശാസ്ത്രജ്ഞർ പലരും ചന്ദ്രയാനെ കണ്ട് ശാസ്ത്രത്തെ സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ടാവണം.

ചന്ദ്രയാൻ-3

ഈ വികാരങ്ങൾക്കും അപ്പുറം, ചന്ദ്രയാനെ പോലെയുള്ള മിഷനുകളുടെ വിജയം ഉയർത്തിപ്പിടിക്കുന്ന മറ്റൊന്നുണ്ട്, അത് സയൻസിന്റെ തന്നെ ആധികാരികതയാണ്. കപടശാസ്ത്രങ്ങളിൽ ആളുകൾ വിശ്വസിക്കാനുള്ള ഒരു കാരണം അന്ധവിശ്വാസങ്ങൾ ആണെങ്കിൽ, മറ്റൊരു ഭാഗത്ത് റാഷനാലിറ്റിയുടെ മറപിടിച്ച്, ചിലർ ശാസ്ത്രത്തെ വെല്ലുവിളിക്കുന്നുണ്ട്. 'ശാസ്ത്രജ്ഞർ ചെയ്തു, കണ്ടുപിടിച്ചു എന്നു വിശ്വസിക്കുന്നതല്ലാതെ നിങ്ങൾ ആരെങ്കിലും അത് ചെയ്തുനോക്കിയിട്ടുണ്ടോ? അപ്പോൾ ശരിക്കും ശാസ്ത്രവും ഒരു മതം പോലെയല്ലേ' എന്ന ചോദ്യം കേട്ടിട്ടുണ്ട്. റാഷണൽ ചിന്താരീതി എന്ന പേരിൽ ഇതൊക്കെ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. ഇങ്ങനെയുള്ളവർ തിരിച്ചറിയേണ്ടത്, ശാസ്ത്രത്തിന്റെയും അതിന്റെ രീതികളുടെയും ആധികാരികത തെളിയിക്കുന്നത് അതിന്റെ പ്രഡിക്റ്റബിലിറ്റി (predictability) ആണ് എന്നതാണ്. എന്തെങ്കിലും ഒരു കാര്യം നിരീക്ഷിച്ചിട്ട് അതിനെ എന്തെങ്കിലും ഒരു തിയറി ഉണ്ടാക്കി വിശദീകരിക്കുന്നതല്ല ശാസ്ത്രം. ശാസ്ത്രത്തിന് അതിന്റെ വ്യക്തമായ രീതിയുണ്ട്. ഒരു അനുമാനത്തിലേക്കുനയിക്കാൻ സ്വീകരിക്കേണ്ട കൃത്യമായ മാർഗങ്ങളുണ്ട്. ആ രീതിയിൽ കണ്ടുപിടിച്ചതൊക്കെ ശരിയാണ് എന്നതിന്, ശരാശരി 3,84,400 കിലോമീറ്റർ അകലെയുള്ള നമ്മുടെ ഉപഗ്രഹത്തിൽ ചെന്നിറങ്ങി, അവിടെനിന്ന് നമ്മളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു പേടകത്തെ വിജയകരമായി എത്തിച്ചു കാണിക്കുന്നതിൽപരം എന്ത് തെളിവാണ് വേണ്ടത്?

ഇനി അത് പോരാ എങ്കിൽ, ചന്ദ്രനിൽ മനുഷ്യർ എത്തിയത് ഭൂമിയിൽനിന്ന് മനസ്സിലാക്കാൻ പറ്റിയ ഒരു ഗംഭീര തെളിവിനെക്കുറിച്ച് പറയാം. ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ച അപ്പോളോ 11 മിഷൻ, അവിടെ റെട്രോ റിഫ്ലക്ടറുകൾ (retro reflectors) എന്നൊരു സംഗതി വെച്ചിട്ടാണ് വന്നത്. വെളിച്ചം പതിക്കുന്ന ദിശയിലേക്കുതന്നെ കൃത്യം അതിനെ തിരിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന പ്രത്യേകതരം ഉപകരണങ്ങളാണിവ.

അപ്പോളോ-11 ദൗത്യം

1969 മുതൽ, ചന്ദ്രനിലുള്ള ഈ സംഗതിയിലേക്ക് ലേസർ അടിച്ച് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളക്കാൻ കഴിയുന്നുണ്ട്. ലേസർ തിരിച്ചുവരാനെടുക്കുന്ന സമയം നോക്കിയാണ് എത്ര ദൂരം എന്നത് നിശ്ചയിക്കുന്നത്. മനുഷ്യൻ ചന്ദ്രനിൽ എത്തിയിട്ടില്ല എന്നും ഇതൊക്കെ വെറും കള്ളത്തരമാണെന്നും പറയുന്ന ആർക്കുമുള്ള ഏറ്റവും വലിയ മറുപടിയാണിത്. ഇന്ന് ചന്ദ്രനിൽ 6 റെട്രോ റിഫ്ലക്ടറുകളുണ്ട്. പല സമയങ്ങളിലായി പല മിഷനുകൾ എത്തിച്ചവ. ഇത്തരം ഒന്ന് 2019- ൽ ചന്ദ്രയാൻ-2 എത്തിക്കേണ്ടതായിരുന്നു, പക്ഷെ ഇടിച്ചിറങ്ങിയതുകൊണ്ട് അന്നതിന് സാധിച്ചില്ല. പകരം ചന്ദ്രയാൻ-3 അത് കഴിഞ്ഞമാസം ഭദ്രമായി അങ്ങ് എത്തിച്ചിട്ടുണ്ട്.

ചന്ദ്രയാൻ ചെയ്തതും ചെയ്യാനുള്ളതുമായ ഒട്ടനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണിത്. മൂന്നു പ്രധാന കമ്പോണന്റുകളിലായി 7 പേലോഡുകളുമായാണ് ചന്ദ്രയാൻ പോയത്. സൾഫറിന്റെയും മറ്റും സാന്നിദ്ധ്യവും ചന്ദ്രന്റെ പ്രതലത്തിലെ ചൂടിന്റെ ഡേറ്റയും മറ്റുമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ള പ്രധാന നിരീക്ഷണങ്ങൾ.

2008 ൽ വിക്ഷേപിച്ച ചന്ദ്രയാൻ1- ന് ചന്ദ്രനിൽ വെള്ളത്തിന്റെ അംശം ഉൾപ്പെടെ പല പ്രധാന കണ്ടുപിടിത്തങ്ങളും നടത്താൻ കഴിഞ്ഞു. 2019- ൽ നിക്ഷേപിച്ച ചന്ദ്രയാൻ 2- ലെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്നുണ്ടെങ്കിലും ചന്ദ്രനിൽ ഇറങ്ങേണ്ടിയിരുന്ന അതിലെ വിക്രം ലാൻഡർ പക്ഷേ ഇടിച്ചാണ് ഇറങ്ങിയത്. ആദ്യ മിഷനുണ്ടായ വലിയ വിജയത്തിൽ നിന്നുള്ള അഭിമാനവും രണ്ടാമത്തേതിനുവന്ന ഭാഗികമായ തോൽവിയിൽ നിന്നുള്ള നിരാശയും കൂടിച്ചർന്ന് പ്രതീക്ഷയുടെ അമിതഭാരവുമായിട്ടാണ് ചന്ദ്രയാൻ 3 പുറപ്പെട്ടത് എന്ന് നിസ്സംശയം പറയാം. ആ പ്രതീക്ഷ നിറവേറ്റിക്കൊണ്ടുതന്നെ ചന്ദ്രന്റെ സൗത്ത് പോളിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന റെക്കോർഡ് ഇന്ത്യയ്ക്ക് വാങ്ങിത്തന്നു, ചന്ദ്രയാൻ 3. എന്നാൽ, രസകരമായ മറ്റൊരു റെക്കോർഡ് കൂടി ചന്ദ്രയാൻ ഇട്ടിട്ടുണ്ട് - ഒരു യൂട്യൂബ് റെക്കോർഡ്. ചന്ദ്രയാൻ 3 ലാൻഡിങ്ങിന്റെ ലൈവ് സ്ട്രീം ആണ് ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ലൈവ് ആയി കണ്ട വീഡിയോ. 90 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ മാത്രം അത് കണ്ടിരിക്കുന്നു. ഇന്ത്യയുടെ ജനസംഖ്യ വെച്ചുനോക്കുമ്പോൾ അത് തീരെ ചെറുതായി തോന്നാം. എന്നാൽ ന്യൂസ് ചാനലുകളിലൂടെയും, ഫേസ്ബുക്ക് അടക്കം ഇതര സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുപ്രദർശനങ്ങളിലൂടെയും മറ്റും എത്രയോ ആളുകൾ അത് കണ്ടിരിക്കണം. നേരത്തെ പറഞ്ഞ പ്രതീക്ഷയുണ്ടാക്കിയ കൗതുകം ഓരോ ഇന്ത്യക്കാരുടെയും മനസ്സിൽ ഉണ്ടായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. അതുകൊണ്ടുതന്നെ ആദ്യത്തെ റെക്കോർഡിനേക്കാൾ പ്രധാനമല്ലേ ഈ റെക്കോർഡ് എന്ന് ഒരുപക്ഷേ ചിന്തിക്കേണ്ടിവരും. കാരണം ഈ പറയുന്ന കൗതുകം ഇന്ത്യ എന്ന രാജ്യത്തിനും ഇവിടുത്തെ മനുഷ്യർക്കും മുൻപ് എന്നുമുണ്ടായിരുന്നതിനെക്കാളും ഇപ്പോൾ ആവശ്യമുണ്ട്.

Enter caption

പശു കാർബൺ ഡൈ ഓക്‌സൈഡ് ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്നു എന്ന വാദം 10 വർഷം മുമ്പ് കേൾക്കുമ്പോൾ തോന്നിയ ഞെട്ടലോടെയാവണമെന്നില്ല, ഗണപതിയുടെ തല മാറ്റിവയ്ക്കലാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി എന്ന വാദം നമ്മൾ കേട്ടത്. അശാസ്ത്രീയതയും കപടശാസ്ത്രവുമൊക്കെ വളരെ സാധാരണമായി മാറിക്കഴിഞ്ഞു. ഒടുവിൽ, ശാസ്ത്രവും മിത്തും തമ്മിൽ ചിലർക്ക് മാറിപ്പോകാനും തുടങ്ങിയിരിക്കുന്നു. ഈ പൊല്ലാപ്പുകൾക്കിടയിൽ ശാസ്ത്രബോധത്തിന്റെ വേരുകൾ അടുത്ത തലമുറയിലേക്ക് എത്തിക്കാൻ, ഈ ശാസ്ത്ര കൗതുകം ഏറ്റവും പ്രധാന കണ്ണിയായേക്കും.

കോടിക്കണക്കിനു മനുഷ്യർ പട്ടിണിയിൽ കഴിയുന്ന ഇന്ത്യയെ പോലെ ഒരു രാജ്യത്ത് ഇത്രയും ചെലവ് വരുത്തി ഒരു സ്‌പേസ് മിഷന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. പക്ഷേ ഇവിടെ മനസ്സിലാക്കേണ്ട കാര്യം, നമ്മുടെ അറിവ് മുന്നോട്ടു നീങ്ങും തോറും, ആ അറിവ് വെച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ സാധ്യതകളും വലുതാകും എന്നതാണ്. ബഹിരാകാശം വരെയും സ്വകാര്യവൽക്കരിക്കപ്പെടാൻ പോകുന്ന അതിവിദൂരമല്ലാ ഭാവിയിൽ ഐ.എസ്.ആർ.ഒ വളരേണ്ടതും രാജ്യത്തിന്റെയായി നിലനിന്നുപോകേണ്ടതും അത്യാവശ്യമാണ്.

ചന്ദ്രയാൻ ഏതൊക്കെ രീതിയിൽ ഇന്ത്യയെ മാറ്റിമറിക്കും എന്നത് കൃത്യമായി പ്രവചിക്കുക സാധ്യമല്ല. ഐ.എസ്.ആർ.ഒ 1980-കളിൽ വിക്ഷേപിച്ചുതുടങ്ങിയ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റ (INSAT) ത്തിലൂടെയാണ് ഇന്ത്യക്ക് സ്വന്തം ദൂരദർശനെ വളർത്താനായത്. ദൂരദർശൻ പോലെയൊരു പ്ലാറ്റ്‌ഫോം അന്ന് ഉണ്ടായിരുന്നില്ലെങ്കിൽ, ഇന്ന് കാണുന്ന രാജ്യമാകുമായിരുന്നോ ഇന്ത്യ? നമ്മുടെ വാർത്താ വിനിമയരംഗത്തിനും റിമോട്ട് സെൻസിങ്ങിനും കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത നിവാരണത്തിനുമെല്ലാം സ്വയംപര്യാപ്തത നൽകുന്നത് നമ്മുടെ ബഹിരാകാശ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും കൂടിയാണ്.

ഐ.എസ്.ആർ.ഒക്ക് ഇനിയും ഒത്തിരി ചെയ്യാനുണ്ട്. ആദിത്യ L1, ഒന്നാം ലഗ്രാഞ്ച് പോയന്റിലേക്ക് (legrange point) എത്താറായിരിക്കുന്നു. വർഷങ്ങളായി ഐ.എസ്.ആർ.ഒ ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുന്ന ഒരു മിഷനും പ്ലാൻ ചെയ്യുന്നുണ്ട്.

ആദിത്യ L1 ദൗത്യം

ചന്ദ്രയാൻ-3 ഇന്ത്യയിലുണ്ടാക്കുന്ന മാറ്റത്തെപ്പറ്റി പറയുമ്പോൾ മറ്റൊരു കാര്യം കൂട്ടിചേർക്കേണ്ടിവരും. ചന്ദ്രയാൻ-1 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് 'ജവഹർ പോയന്റ്' എന്നാണ് പേരിട്ടത്. 15 വർഷങ്ങൾക്കിപ്പുറം, ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് 'ചന്ദ്രമാതാ ശിവശക്തി പോയന്റ്' എന്നും. 15 വർഷങ്ങളുടെ വ്യത്യാസത്തിൽ ഇട്ട ഈ രണ്ടു പേരുകൾ മുന്നോട്ടുവെക്കുന്ന സൂചനകൾ ഏറെ പ്രസക്തമാണ്, ശാസ്ത്രത്തെ സംബന്ധിച്ചുമാത്രമല്ല, അതിനെ മുൻനിർത്തിയുള്ള രാഷ്ട്രീയമായ ഇടപെടലുകളെ സംബന്ധിച്ചും. ആ രാഷ്ട്രീയം മനസ്സിലാക്കി, അത് കൂട്ടിച്ചേർത്തുവായിക്കേണ്ടതുണ്ട്. എങ്കിലേ, തുറന്നുപിടിച്ച കണ്ണുകളോടെ ചന്ദ്രയാനെ കാണാനിരിക്കുന്ന അടുത്ത തലമുറക്ക്, വെറുപ്പിന്റെ രാഷ്ട്രീയം മറികടന്ന് മുന്നോട്ടു കുതിക്കാൻ കഴിയുകയുള്ളൂ.

ഇന്ത്യയുടെ ​ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ, 1984 ഏപ്രിൽ രണ്ടിന്, സോയൂസ് ടി 11 എന്ന ഉപഗ്രഹത്തിൽ ബഹിരാകാശത്തെത്തിയ സന്ദർഭത്തിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ചോദിച്ചു, അവിടെനിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെയിരിക്കുന്നു?
'സാരേ ജഹാൻ സെ അച്ഛാ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 39 വർഷം മുമ്പ് രാകേഷ് ശർമ വിശേഷിപ്പിച്ചതുപോലെ, ചന്ദ്രനിൽനിന്ന് നമ്മളെ നോക്കി സ്‌നേഹപൂർവ്വം സംസാരിക്കാൻ ആരെയെങ്കിലും നമ്മുടെ രാജ്യത്തിന് അവിടെ എത്തിക്കാനാകുമെന്നുതന്നെ പ്രതീക്ഷിക്കാം, അതിനായി കാത്തിരിക്കാം.

Comments