ടെലഗ്രാം സഹ സ്ഥാപകനും സി.ഇ.ഒയുമായ പാവേൽ ഡ്യൂറോവ് (Pavel Durov) പാരീസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ ചർച്ചകൾക്കായിരുന്നു വഴിയൊരുക്കിയത്. മെസേജിങ് ആപ്പായ ടെലഗ്രാമിലെ (Telegram) ദുരുപയോഗം തടയാൻ ഡ്യുറോവ് ഒരിടപെടലും നടത്തുന്നില്ലെന്നായിരുന്നു ഉയർന്നുവന്ന ആരോപണം. ഇപ്പോഴിതാ ഡ്യുറോവ് പുറത്തുവന്ന ശേഷം ടെലഗ്രാം പുതിയ ചില ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഒളിക്കാനൊന്നുമില്ലെന്നും കണ്ടന്റുകൾ സെൻസർ ചെയ്യില്ലെന്നും ഡ്യൂറോവ് നേരത്തെ നിലപാട് എടുത്തിരുന്നുവെങ്കിലും അതിൽ മാറ്റമുണ്ടാവുമെന്ന സൂചനയാണ് ടെലഗ്രാമിലെ പുതിയ ഫീച്ചറുകൾ വ്യക്തമാക്കുന്നത്.
നിയമ പരിപാലന ഏജൻസികൾക്ക് വിവരങ്ങൾ കൈമാറില്ലെന്ന ഉറപ്പിൽ നിന്ന് ടെലഗ്രാം പിന്നോക്കം പോയിരിക്കുന്നു. യൂസേഴ്സിന്റെ ഡാറ്റകൾ ഒരു ഏജൻിക്കും കൈമാറില്ലെന്ന ടെലഗ്രാമിന്റെ ഉറപ്പിൽ മാറ്റം വരുന്നുവെന്ന് ‘ദ വേർജ്’ റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ വിവരങ്ങളും പ്രൈവറ്റ് ചാറ്റുകളും രഹസ്യമായിരിക്കുമെന്ന ടെലഗ്രാമിന്റെ ഉറപ്പിനെയാണ് ഈ മാറ്റങ്ങൾ ചോദ്യം ചെയ്യുന്നത്. ടെലഗ്രാമിലെ പേഴ്സണൽ ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും സുരക്ഷിതമാണെന്നും വിവരങ്ങൾ പങ്കുവെക്കില്ലെന്നുമാണ് ടെലഗ്രാം ഔദ്യോഗിക വക്താക്കൾ ഇപ്പോഴും അവകാശപ്പെടുന്നത്. ടെലഗ്രാമിലെ ഉപഭോക്താക്കൾക്ക് അനുചിതമായി തോന്നുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇപ്പോൾ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ടെലഗ്രാം വക്താവ് റെമി വോൺ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടന്റുകൾ റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യാനുള്ള അഭ്യർഥനകൾക്കായി [email protected] എന്ന email id ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ടെലഗ്രാമിൽ ഇപ്പോൾ 10 മില്യൺ ആളുകളാണ് പണമടച്ച് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 10 മില്യൺ ആളുകൾ ടെലഗ്രാം പ്രീമിയം ആസ്വദിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പാവേൽ ഡ്യൂറോവ് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്. “കാലഹരണപ്പെട്ട ചില ഫീച്ചറുകൾ ഒഴിവാക്കികൊണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ്. 0.1 ശതമാനം ആളുകൾ മാത്രം ഉപയോഗിച്ചിരുന്ന, എന്നാൽ തട്ടിപ്പുകൾക്കായി വ്യാപക ദുരുപയോഗം നടന്നിരുന്ന പീപ്പിൾ നിയർ ബൈ ഫീച്ചർ നീക്കം ചെയ്യും. ഇതിന് പകരമായി ബിസിനസ് കാറ്റലോഗുകൾ പ്രദർശിപ്പിക്കാനും പെയ്മെന്റുകൾ തടസ്സമില്ലാതെ സ്വീകരിക്കാനും കഴിയുന്ന ‘ബിസിനസ്സ് നിയർബൈ’ എ്ന്ന പുതിയ ഫീച്ചർ അവതരിപ്പിക്കും. ടെലഗ്രാമിലെ 99.999 ശതമാനം ഉപഭോക്താക്കൾക്കും കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും 0.001 ശതമാനം ആളുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നത് കാരണം എല്ലാവരുടെയും പ്രതിച്ഛായ നഷ്ടപ്പെടുകയാണ്. അത് കൊണ്ടാണ് ഈ വർഷം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.” - പാവേൽ ഡ്യൂറോവ് എക്‌സിൽ കുറിച്ചു.
ടെലഗ്രാമിന്റെ ബ്ലോഗിംഗ് ടൂളായ ടെലഗ്രാഫിൽ ഇനി പുതിയ ചിത്രങ്ങളോ വീഡിയോകളോ അപ്ലോഡ് ചെയ്യുന്നത് നിർത്തലാക്കിയതായും പാവേൽ ഡ്യൂറോവ് വ്യക്തമാക്കി.
നേരത്തെ, ഡ്യുറോവിന്റെ അറസ്റ്റ് വലിയ ചർച്ചയായതോടെ തങ്ങളുടെ നിലപാട് വിശദീകരിച്ച് ടെലഗ്രാം കമ്പനി രംഗത്തെത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചാണ് ടെലഗ്രാം പ്രവർത്തിക്കുന്നത്. ടെലഗ്രാമിനും സി.ഇ.ഒ പാവേൽ ഡ്യുറോവിനും ഒന്നും തന്നെ ഒളിക്കാനില്ല. ഒരു പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആ പ്ലാറ്റ്‌ഫോമിനും അതിന്റെ ഉടമയ്ക്കുമാണ് എന്ന് പറയുന്നത് വിചിത്രമായ കാര്യമാണെന്നുമായിരുന്നു കമ്പനി നേരത്തെ പറഞ്ഞിരുന്നത്. യൂസേഴ്‌സിന്റെ സ്വകാര്യതയ്ക്ക് വേണ്ടി നിലകൊള്ളുമെന്നാണ് ഡ്യുറോവ് എക്കാലത്തും നിലപാടെടുത്തിട്ടുള്ളത്. അക്കാര്യത്തിൽ ഒരു നിലപാട് മാറ്റത്തിനും അദ്ദേഹം തയ്യാറായിരുന്നില്ല. ടെലഗ്രാമിലെ കണ്ടന്റ് സെൻസർ ചെയ്യാൻ താൻ തയ്യാറല്ലെന്നും ഡ്യുറോവ് പറഞ്ഞിരുന്നു. ടെലഗ്രാം എപ്പോഴും നിഷ്പക്ഷമായി തന്നെയാണ് നിലനിൽക്കുക. രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും തങ്ങൾ എപ്പോഴും മുക്തരായിരിക്കുമെന്നും ഡ്യുറോവ് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചതോടെ ഡ്യൂറോവ് തന്റെ പഴയ നിലപാടുകളിൽ നിന്ന് വ്യതിചലിച്ചുവെന്ന വിലയിരുത്തൽ ഉയർന്നുവന്നിട്ടുണ്ട്.
X Telegram Meta:ഭരണകൂട സെൻസറിങും സ്വയം സെൻസറിങും;
ചില ചോദ്യങ്ങൾ