ആൽഗോരിതം എന്ന പുതിയ അധികാരി;
നെറ്റിസൺ എങ്ങനെ അതിജീവിക്കും?

ഇന്റർനെറ്റിന്റെ ആൽഗോരിതം സൃഷ്ടിക്കുന്ന സങ്കീർണതകളെക്കുറിച്ചുള്ള വിശകലനം. ആൽഗോരിതം ഒരു ‘സ്മാർട്ട് അസിസന്റ്സ്’ എന്ന ഐഡന്റിറ്റിയിൽ നിന്ന് നിയന്ത്രണങ്ങൾക്ക് വഴങ്ങാത്ത ഒരു അധികാരി എന്ന രൂപത്തിലേക്ക് മൈഗ്രേറ്റ് ചെയ്തുകഴിഞ്ഞിരിക്കുന്നു. അത്, ഉപയോഗിക്കുന്നവരുടെ സാമാന്യബോധത്തെ വലിയ രീതിയിൽ ആക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ഇന്റർനെറ്റ് പൗരർക്ക് ഈ സാഹചര്യത്തെ എങ്ങനെയാണ് കൈകകാര്യം ചെയ്യാനാകുക?

സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട രണ്ട് വ്യക്തിഗതാനുഭവങ്ങൾ പറഞ്ഞു തുടങ്ങാം: ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ്, മുസ്ലിംകൾക്കെതിരെ ഇൻറർനെറ്റിലും സോഷ്യൽ മീഡിയാ വാളുകളിലും വരുന്ന അസത്യ പ്രചാരണങ്ങൾ പ്രധിരോധിക്കനെന്ന പേരിൽ ഒരുപറ്റം നെറ്റിസൺസ് തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഒന്നാമത്തെ സംഭവം നടക്കുന്നത്. ലേഖകനവിടെ ചില സ്ക്രീൻ ഷോട്ടുകൾ കാണാനിടയായി. ഇറാനിയൻ സിനിമാ സംവിധായകൻ മാജിദ് മജീദിയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ Muhammad: The Messenger of God എന്ന സിനിമയെ അധികരിച്ചായിരുന്നു അവയെല്ലാം.

സിനിമയെപ്പറ്റി വളരെ ആധികാരികമെന്ന് തോന്നിക്കും തരത്തിൽ പ്രതികരിക്കുന്ന ചില തലപ്പാവ് ധാരികളായ മൗലാനമാരുടെ ഫോട്ടോകളുള്ള ഏകദേശം ഒരേ രൂപഭാവത്തിലുള്ള വിവിധ പ്രൊഫൈലുകളിൽ നിന്നാണ് ഈ ‘ആധികാരിക’ പ്രതികരണങ്ങൾ വന്നിട്ടുള്ളത്. ഈ മെസ്സേജുകളും സ്ക്രീൻ ഷോട്ടുകളുമെല്ലാം പറന്നു നടക്കാൻ തുടങ്ങിയതാകട്ടെ, മേൽപ്പറഞ്ഞ സിനിമ ഇന്ത്യയിൽ റിലീസാകാൻ പോകുന്നുവെന്ന വാർത്തകൾ പ്രചരിച്ച ഉടനെയും. തലപ്പാവ് മൗലാനമാരുടെ ഈ ഏകരൂപ മെസ്സേജുകളുടെ ഉള്ളടക്കം സിനിമയെ റിലീസിന് അനുവദിക്കരുതെന്ന ശക്തമായ ആഹ്വാനമായിരുന്നു.

Muhammad: The Messenger of God എന്ന സിനിമയിൽ നിന്ന്
Muhammad: The Messenger of God എന്ന സിനിമയിൽ നിന്ന്

കാരണം, ഈ സിനിമയിൽ പ്രവാചകൻ മുഹമ്മദിനെ കാണിക്കുന്നുവെന്നും ഇസ്‍ലാമിൽ അത് അനുവദനീയമല്ല എന്നുമൊക്കെയുള്ള വാദങ്ങളാണ് മുസ്‍ലിംകൾക്കു വേണ്ടിയെന്ന പ്രതീതിയിൽ അവരുയർത്തിയത്. മെസ്സേജുകളുടെ സ്വഭാവവും അവ പ്രചരിച്ച സമയവും സന്ദർഭവുമെല്ലാം ഒന്നിച്ചു ചേർത്തു വായിച്ചപ്പോൾ തന്നെ മനസ്സിലായി, ഇതൊരു അസത്യ ബോംബാണെന്നതും, ചിരപരിചിതമായ ചില ‘പ്രമുഖ’ ഐ.ടി. സെല്ലുകളുടെ സൃഷ്ടിയാണിവയെന്നും.

അതായത്, സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ സൗന്ദര്യബോധത്തെയോ മാനിക്കാത്ത അസഹിഷ്ണുക്കളാണ് ഈ തലപ്പാവ് ധാരികളായ സമുദായമെന്ന് മുഖ്യധാരയെക്കൊണ്ട് പറയിക്കാനും ആ ബോധത്തെ അന്തരീക്ഷത്തിൽ തന്നെ കത്തിച്ചുനിർത്താനും വേണ്ടി, ചില ഫെയ്ക്ക് മുസ്‍ലിം പ്രൊഫൈലുകളുണ്ടാക്കിയ ശേഷം കാണിച്ച ഒരു തനി വെറുപ്പുൽപ്പാദന വേല.

അസത്യ ബോംബുകളെ ഒരു സാധാരണ ഇന്റർനെറ്റ് പൗരന് / പൗരയ്ക്ക് തിരിച്ചറിയാനാവുക? തിരിച്ചറിഞ്ഞാൽ ഇതിനോടെങ്ങനെയാണ് പ്രതികരിക്കുക? ഇവയെ അവഗണിക്കുകയാണോ വേണ്ടത്, അതല്ല അവരവരുടെ മനോധർമമനുസരിച്ച് അപ്പപ്പോൾ പ്രതികരിക്കുകയാണോ വേണ്ടത്? ഇന്റർനെറ്റിന്റെ മനഃശാസ്ത്രം മനസ്സിലാക്കാൻ ഇവർക്കെങ്ങനെ കഴിയും?

അപ്പോഴും മെസ്സേജിന്റെ ‘ബിഹൈന്റ് ദ സീൻ’ അറിയാതെ സമുദായത്തെ പറ്റി വേവലാതി പൂണ്ടു കഴിയുന്ന പലരും അവ ഫോർവേഡ് ചെയ്യുന്ന തിരക്കിലായിരുന്നു. എങ്ങനെയാണ് ഇത്തരം അസത്യ ബോംബുകളെ ഒരു സാധാരണ ഇന്റർനെറ്റ് പൗരന് / പൗരയ്ക്ക് തിരിച്ചറിയാനാവുക? തിരിച്ചറിഞ്ഞാൽ ഇതിനോടെങ്ങനെയാണ് പ്രതികരിക്കുക? ഇവയെ അവഗണിക്കുകയാണോ വേണ്ടത്, അതല്ല അവരവരുടെ മനോധർമമനുസരിച്ച് അപ്പപ്പോൾ പ്രതികരിക്കുകയാണോ വേണ്ടത്? ഇന്റർനെറ്റിന്റെ മനഃശാസ്ത്രം മനസ്സിലാക്കാൻ ഇവർക്കെങ്ങനെ കഴിയും?

2014- ലാണ് ഇനി പറയുന്ന രണ്ടാമത്തെ സംഭവം. ഒരു പ്രമുഖ മലയാളി എഴുത്തുകാരൻ തന്റെ സോഷ്യൽ മീഡിയ വാളിൽ, മുസ്‍ലിം മതമേലധ്യക്ഷന്മാരെയും ഉസ്താദുമാരെയും അതി നിശിതമായി വിമർശിക്കുന്ന ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിന്റെ വാദങ്ങൾ പലതും തർക്കിതമായിരുന്നെങ്കിലും ഭാഷ തികച്ചും സഭ്യമായിരുന്നു. ആരെയും പേരെടുത്തു പരാമർശിക്കുകയോ കാടടച്ചു വെടിവെക്കുകയോ ചെയ്യാത്ത സ്ഫുടഭാഷ. സ്വാഭാവികമായും തന്റെ സമർത്ഥനങ്ങൾ ശക്തമായ വാഗ്വാദങ്ങൾക്ക് ഹേതുവാകുകയും പോസ്റ്റിനു താഴെ കമന്റുകൾ കുമിഞ്ഞു കൂടുകയും ചെയ്തു. ഈ കൂതൂഹലങ്ങൾക്കു പിറ്റേന്ന് അദ്ദേഹം മറ്റൊരു കുറിപ്പും ചില സ്ക്രീൻഷോട്ടുകളും ചേർത്ത് അതേ വാളിൽ തന്നെ പോസ്റ്റ് ചെയ്തു. തലേന്നുനടന്ന വാഗ്വാദങ്ങളുടെ ചില തെളിവുകളായിരുന്ന ആ സ്ക്രീൻഷോട്ടുകളിൽ, അദ്ദേഹത്തിന്റെ ഇൻബോക്സിലേക്ക് വന്ന തികച്ചും അമാന്യവും അസഭ്യ നിർഭരവുമായ ചില മെസ്സേജുകളായിരുന്നു.

ഇന്റർനെറ്റില്ലാതെയും സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും ഇനി കുറേക്കാലത്തേക്കെങ്കിലും ജീവിതം ഏറെക്കുറെ അചിന്ത്യമാണ്.  Photo: Lyncconf Games, Flickr
ഇന്റർനെറ്റില്ലാതെയും സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും ഇനി കുറേക്കാലത്തേക്കെങ്കിലും ജീവിതം ഏറെക്കുറെ അചിന്ത്യമാണ്. Photo: Lyncconf Games, Flickr

സന്ദേശകന്റെ പേരു നോക്കിയപ്പോൾ എന്റെ സോഷ്യൽ മീഡിയാപരിസരത്തുള്ള ഒരു സുപരിചിത വ്യക്തി. ഞാൻ അയാളയച്ച അസഭ്യങ്ങളിലേക്കും അയാളുടെ സ്വന്തം പ്രൊഫൈലിലേക്കും മാറിമാറി നോക്കി അമ്പരപ്പെട്ടു കൊണ്ടിരുന്നു. അയാൾ ഏകദേശം ഒരു ദശാബ്ദത്തിനു പുറത്ത് ഒരു മത പഠന കേന്ദ്രത്തിൽ താമസിച്ചു പഠിച്ച ഒരു ‘മുത്തഖി’ യായ ബിരുദധാരിയാണ്. തന്റെ മതസ്ഥാപനത്തിൽ നിന്ന് സംസാരമര്യാദയും (ആദാബുൽ കലാം) മൗനത്തിന്റെ മര്യാദയും (ആദാബുസ്സ്വംത്) സഞ്ചാരവഴിയിൽ പാലിക്കേണ്ട മര്യാദയും (ആദാബുത്ത്വരീഖ്) എല്ലാമടങ്ങിയ ഒരു പിടി മതഗ്രന്ഥങ്ങൾ ചർവിതചർവണം നടത്തി എന്നെനിക്കുറപ്പുള്ള ഒരു മാന്യൻ. എല്ലാതരം ആദാബുകളെയും കുറിച്ച് വർഷാവർഷം പരീക്ഷയെഴുതി ജയിച്ചുവന്ന ടിയാന് പക്ഷേ, അപ്പഠിച്ചതൊന്നിനെയും സോഷ്യൽ മീഡിയയിൽ പ്രയോഗിക്കേണ്ട ‘ആദാബു’കളായി തോന്നിയില്ലെന്നതിനുമപ്പുറം അവയൊന്നും ഇന്റർനെറ്റ് ഉപയോഗത്തിന്റെ മര്യാദയായി വിവർത്തനം ചെയ്യാനുള്ള മാനസികവളർച്ച എത്തിയില്ലല്ലോ എന്നാലോചിച്ചപ്പോൾ അയാളുടെ ദശാബ്ദക്കാലത്തെ കിതാബോത്തിനെക്കുറിച്ച് പല വികാരങ്ങളിലൂടെയും മനസ്സ് പാഞ്ഞു. ഇത്രയും പറഞ്ഞത്, റിയാലിറ്റിയുടെ ലോകത്തുനിന്ന് പൊടുന്നനെ വിർച്വൽ റിയാലിറ്റിയുടെ ലോകത്തെത്തിയ ഒരു സാധാരണ നെറ്റിസന്റെ ഇന്റർനെറ്റ് സാക്ഷരതയെപ്പറ്റി ചില ആലോചനകൾ പങ്കുവെക്കാനാണ്.

നമ്മളകപ്പെട്ടിരിക്കുന്ന വല സങ്കീർണമാണ്. അതേപ്പറ്റിയുള്ള വിചാരങ്ങൾ അതിലേറെ സങ്കീർണമാണ്. അതിനാൽ തന്നെ നെറ്റിസൺസ് അവരവരുടെ മനഃസാക്ഷിക്കും മനോധർമത്തിനുമനുസൃതമായി ഈ വലക്കകത്ത് കിടന്നു പര്യവേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.

ആൽഗോരിതം നൽകുന്ന
വൈഷമ്യങ്ങൾ

ഇന്റർനെറ്റില്ലാതെയും സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും ഇനി കുറേക്കാലത്തേക്കെങ്കിലും ജീവിതം ഏറെക്കുറെ അചിന്ത്യമാണെന്ന് 21ാം നൂറ്റാണ്ടിൽ ഇനി ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. നമുക്കത് ആവശ്യമുണ്ടോ ഇല്ലയോ എന്നതല്ല, അവക്ക് നമ്മെ വളരെ ആവശ്യമാണെന്നതാണ് നമ്മെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്.

ബി.സി. 430- ൽ Pericles എന്ന തത്വചിന്തകൻ രാഷ്ട്രീയത്തെപ്പറ്റി പറഞ്ഞതിങ്ങനെയാണ്: 'രാഷ്ട്രീയം നിങ്ങൾക്കാവശ്യമില്ലെങ്കിലും അതിനു നിങ്ങളെയാവശ്യമുണ്ട്; നിങ്ങളെവിടെപ്പോയാലും രാഷ്ട്രീയം നിങ്ങളെ പിന്തുടർന്ന് കൊണ്ടേയിരിക്കും'. ഇപ്പറഞ്ഞതിന്റെ പ്രസക്തി ഇന്നത്തെ രാഷ്ട്രീയത്തെക്കാൾ ഇന്റർനെറ്റ്- ആൽഗോരിത വ്യവഹാരങ്ങളെപ്പറ്റി ആലോചിക്കുമ്പോഴാണ് കൂടുതൽ ബോധ്യപ്പെടുന്നത്. അതായത്, നമ്മൾ ഒരു ലോക വലക്കകത്താണ് (Web); ഈ വലയെ എങ്ങനെ സമീപിക്കണമെന്നോ മറ്റോ ഉള്ള ധർമവിചാരങ്ങളടങ്ങുന്ന നിയതമായ ഒരു ചട്ടക്കൂടൊന്നും നമുക്കു മുന്നിലില്ല താനും.

നമ്മളകപ്പെട്ടിരിക്കുന്ന വല സങ്കീർണമാണ്. അതേപ്പറ്റിയുള്ള വിചാരങ്ങൾ അതിലേറെ സങ്കീർണമാണ്. അതിനാൽ തന്നെ നെറ്റിസൺസ് അവരവരുടെ മനഃസാക്ഷിക്കും മനോധർമത്തിനുമനുസൃതമായി ഈ വലക്കകത്ത് കിടന്നു പര്യവേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിന്റെ ആൽഗോരിതം പക്ഷേ, ഇതിനിടയിൽ ഇവരെ എങ്ങോട്ടെല്ലാം എത്തിക്കുന്നുവെന്നത് സങ്കല്പാതീതവുമാണ്.

നമ്മളകപ്പെട്ടിരിക്കുന്ന വല സങ്കീർണമാണ്. അതേപ്പറ്റിയുള്ള വിചാരങ്ങൾ അതിലേറെ സങ്കീർണമാണ്.
നമ്മളകപ്പെട്ടിരിക്കുന്ന വല സങ്കീർണമാണ്. അതേപ്പറ്റിയുള്ള വിചാരങ്ങൾ അതിലേറെ സങ്കീർണമാണ്.

നാം ചിന്തിക്കുന്നതിനുമപ്പുറമാണ് ആൽഗോരിതം ഉണ്ടാക്കുന്ന സങ്കീർണതകൾ. അതൊരു ‘സ്മാർട്ട് അസിസന്റ്സ്’ എന്ന ഐഡന്റിറ്റിയിൽ നിന്ന് നിയന്ത്രണങ്ങൾക്ക് വഴങ്ങാത്ത ഒരു അധികാരി എന്ന രൂപത്തിലേക്ക് മൈഗ്രേറ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു.

അതായത്, കയ്യിലിരിക്കുന്ന സ്മാർട്ട് വാച്ചും സ്മാർട്ട് ഫോണും കേവല സഹായികൾ എന്ന ലേബലിൽനിന്ന് നമ്മുടെ നിയന്താക്കളായിക്കഴിഞ്ഞിട്ടുണ്ട്. ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോൾ പോലും ആൽഗോരിതം എന്റെ കീബോഡ് മനനം ചെയ്ത് ഞാൻ തുടർച്ചയായി ഉപയോഗിക്കുന്ന പദസഞ്ചയങ്ങളെ അതിവിദഗ്ധമായി പെറുക്കിയെടുത്ത് അടുത്ത നിമിഷം എന്റെ സ്വത്വത്തിന് ഏറ്റവും അനുയോജ്യമായ ഇൻപുട്ട് തരാൻ വേണ്ടി പണിയെടുത്തു കൊണ്ടിരിക്കുകയാണ്.

ഒരു സാധാരണ ഇന്റർനെറ്റ് ഉപഭോക്താവിന് ആൽഗോരിതത്തിന്റെ ഇങ്ങനെയുള്ള ഇടപെടൽ കൊണ്ട് എന്താണ് പ്രശ്നം? ചില പരസ്യങ്ങളും വിവരങ്ങളുമൊക്കെ യാദൃച്ഛയാ തരുന്നതു കൊണ്ടെന്തു സംഭവിക്കാനാണ്?

ഇനി ഞാൻ ‘സോഷ്യൽ മീഡിയ എത്തിക്സ്’ എന്ന് ഗൂഗിളിൽ തിരയുമ്പോൾ അൽപനിമിഷം മുന്നേ കിട്ടിയ റിസൽട്ടല്ല ഗൂഗിൾ ആൽഗോരിതം എനിക്ക് നൽകാൻ പോകുന്നത്. എന്റെ സുഹൃത്തിനോട് ഫോൺ വഴി ഒരു അനൗപചാരിക സംഭാഷണത്തിലേർപ്പെടുമ്പോൾപോലും ആൽഗോരിതം അവിടെ മുടങ്ങാതെ ഇടപെടുന്നുണ്ട്. ഞങ്ങളുടെ സംഭാഷണം കുശാഗ്ര നിർമിത ബുദ്ധിയോടെ നിരീക്ഷിച്ച് അതിലെ പ്രധാന തീമുകൾ വിശകലനം ചെയ്ത ശേഷം എന്റെ ഫേസ്ബുക് പ്രൊഫൈലിലേക്ക് വിവരം കൈമാറുകയും തുടർന്ന് ഫേസ്ബുക് തദ്വിഷയ സംബന്ധിയായ ഒരു പിടി പരസ്യങ്ങൾ എനിക്ക് പ്രത്യേകമായി കാണിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു വിശദപ്രക്രിയ ഇതിനിടയിൽ നടക്കുന്നു.

അത് ചിലപ്പോൾ ഒരു ഫുഡ് സ്പോട്ട് ആയിരിക്കും; അല്ലെങ്കിൽ എന്റെ ബജറ്റിനനുസരിച്ച ഒരു ഗാഡ്ജെറ്റ് ആയിരിക്കും; അതുമല്ലെങ്കിൽ അന്നേരം ഞാൻ ആലോചിട്ടില്ലാത്ത, എന്നാൽ യാതൊരു വിചാരവുമില്ലാതെ വെറുതെ പറഞ്ഞു പോയ വല്ല സാധനങ്ങളുടെയും ചിത്രങ്ങളും സ്ഥലവിവരങ്ങളുമടങ്ങിയ പരസ്യങ്ങളായിരിക്കും. ഇവിടെ ആൽഗോരിതം നമ്മുടെ പരിപാലകാനായ ഒരു കാരണവരും, മെന്ററും നമ്മുടെ മനഃസാക്ഷിയെ ഉത്തേജിപ്പിക്കുന്ന ഒരു ഇൻഫ്ലൂവൻസറും (influencer) ഒക്കെയായി പരിണാമം കൊള്ളുന്നത് കാണാം.

‘സോഷ്യൽ മീഡിയ എത്തിക്സ്’ എന്ന് ഗൂഗിളിൽ തിരയുമ്പോൾ അൽപനിമിഷം മുന്നേ കിട്ടിയ റിസൽട്ടല്ല ഗൂഗിൾ ആൽഗോരിതം എനിക്ക് നൽകാൻ പോകുന്നത്.
‘സോഷ്യൽ മീഡിയ എത്തിക്സ്’ എന്ന് ഗൂഗിളിൽ തിരയുമ്പോൾ അൽപനിമിഷം മുന്നേ കിട്ടിയ റിസൽട്ടല്ല ഗൂഗിൾ ആൽഗോരിതം എനിക്ക് നൽകാൻ പോകുന്നത്.

പക്ഷെ, ഇതിത്ര പ്രശ്നമാക്കേണ്ടതുണ്ടോ? ഒരു സാധാരണ ഇന്റർനെറ്റ് ഉപഭോക്താവിന് ആൽഗോരിതത്തിന്റെ ഇങ്ങനെയുള്ള ഇടപെടൽ കൊണ്ട് എന്താണ് പ്രശ്നം? ചില പരസ്യങ്ങളും വിവരങ്ങളുമൊക്കെ യാദൃച്ഛയാ തരുന്നതു കൊണ്ടെന്തു സംഭവിക്കാനാണ്? ഇതിന്റെ മറുപടി യുവാൽ നോഹ ഹരാരി (Harari, Y. -2019- 21 lessons for the 21st century, Vintage) വിവരിക്കുന്ന ഒരു സംഭവത്തിലുണ്ട്. തൽസംഭവത്തെ ഇസ്രായേലുകാരനായ അദ്ദേഹം ഒരു ‘ട്രാജികോമിക്’ (tragicomic) ആയാണ് വിശേഷിപ്പിക്കുന്നതെങ്കിലും നമുക്കതിൽ കോമഡിയൊന്നും കാണാനാവില്ല.

2017- ലെ ഒരു പ്രഭാതത്തിൽ ഒരു പലസ്തീൻകാരൻ തന്റെ ജോലിസ്ഥലത്തെ ബുൾഡോസറിനരികെ നിന്ന് ഒരു സാധാരണ ഫോട്ടോ സ്വന്തം ഫേസ്ബുക് വാളിൽ അപ്‌ലോഡ് ചെയ്യുന്നു. ഫോട്ടോക്ക് അടിക്കുറിപ്പെഴുതിയത് ‘ഗുഡ് മോണിംഗ്’ എന്നർത്ഥം വരുന്ന അറബി പ്രാദേശിക പ്രയോഗമായ ‘യസ്ബെഹ്ച്ചും’ എന്നും. നമ്മൾ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന ഇന്റർനെറ്റിന്റെ ഓട്ടോമാറ്റിക് ആൽഗോരിതം ഇവിടെയും വർക്ക് ചെയ്തു. മുസ്‍ലിമും പലസ്തീനിയുമായ അദ്ദേഹത്തിന്റെ ‘യസ്ബെഹ്ച്ചും’ എന്ന അടിക്കുറിപ്പിനെ ആൽഗോരിതം വായിച്ചത് ‘നിങ്ങളെയെല്ലാം കൊന്നു കളയും’ എന്നർത്ഥം വരുന്ന ‘യദ്‌ബഹ്ച്ചും’ എന്നാണ്. പശ്ചാത്തലത്തിൽ ബുൾഡോസറും യദ്‌ബഹ്ച്ചും എന്ന ‘ആക്രോശ’വുമൊക്കെ കണ്ട ഇസ്രായേൽ പോലീസ് ക്ഷിപ്രവേഗത്തിൽ യുവാവിനെ ചങ്ങലയിട്ടു കൊണ്ടുപോയി. അയാളുടെ ‘സ്മാർട്ട്’ മൊബൈൽ ഫോണിലെ ആൽഗോരിതത്തിന്റെ 'സ്വാഭാവിക' നിരീക്ഷണത്തിൽ അയാൾ ബുൾഡോസർ അടങ്ങുന്ന സന്നാഹങ്ങളുമായി തന്റെ എതിർ രാജ്യത്തിനുനേരെ ആക്രോശിക്കുന്ന ഒരു തീവ്ര ഭീകരവാദിയായിരുന്നു. (Ibid). ഇതാണ് ഏകപക്ഷീയ രാഷ്ട്രീയവിവരം ഫീഡ് ചെയ്യപ്പെട്ട ഒരു പ്രാദേശിക ആൽഗോരിതം മനുഷ്യന് നൽകുന്ന ഒരു സന്നിഗ്ധത.

വിവരം (information) കൈമാറുമ്പോൾ ഓരോ വ്യക്തിയെയും തരംതിരിച്ചു കാണാനും വ്യക്തികൾക്കിടയിൽ വിവേചനത്തോടെ പ്രവർത്തിക്കാനും ഇതേ ആൽഗോരിതത്തിനു കഴിയും. നിങ്ങളൊരു പി.എച്ച്ഡി ഗ്രാജുവേറ്റ് ആണെന്നിരിക്കട്ടെ (നിങ്ങളുടെ കീശയിൽ കൊണ്ടുനടക്കുന്ന ആൽഗോരിതത്തിന് അത് കൃത്യമായി അറിയാം).

ഒരു പലസ്തീൻകാരൻ തന്റെ ജോലിസ്ഥലത്തെ ബുൾഡോസറിനരികെ നിന്ന് ഒരു സാധാരണ ഫോട്ടോ സ്വന്തം ഫേസ്ബുക് വാളിൽ അപ്‌ലോഡ് ചെയ്യുന്നു. ഫോട്ടോക്ക് അടിക്കുറിപ്പെഴുതിയത് ‘ഗുഡ് മോണിംഗ്’ എന്നർത്ഥം വരുന്ന അറബി പ്രാദേശിക പ്രയോഗമായ ‘യസ്ബെഹ്ച്ചും’ എന്നും. അടിക്കുറിപ്പിനെ ആൽഗോരിതം വായിച്ചത് ‘നിങ്ങളെയെല്ലാം കൊന്നു കളയും’ എന്നർത്ഥം വരുന്ന ‘യദ്‌ബഹ്ച്ചും’ എന്നാണ്.
ഒരു പലസ്തീൻകാരൻ തന്റെ ജോലിസ്ഥലത്തെ ബുൾഡോസറിനരികെ നിന്ന് ഒരു സാധാരണ ഫോട്ടോ സ്വന്തം ഫേസ്ബുക് വാളിൽ അപ്‌ലോഡ് ചെയ്യുന്നു. ഫോട്ടോക്ക് അടിക്കുറിപ്പെഴുതിയത് ‘ഗുഡ് മോണിംഗ്’ എന്നർത്ഥം വരുന്ന അറബി പ്രാദേശിക പ്രയോഗമായ ‘യസ്ബെഹ്ച്ചും’ എന്നും. അടിക്കുറിപ്പിനെ ആൽഗോരിതം വായിച്ചത് ‘നിങ്ങളെയെല്ലാം കൊന്നു കളയും’ എന്നർത്ഥം വരുന്ന ‘യദ്‌ബഹ്ച്ചും’ എന്നാണ്.

What is education? എന്ന് നിങ്ങൾ ഗൂഗിളിൽ തിരയുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഡിവൈസിലൂടെ ലഭിക്കുന്ന മറുപടിയായിരിക്കില്ല, പ്രത്യേകം ബിരുദമൊന്നുമില്ലാത്ത സാധാരണക്കാർക്ക് ഇതേ ചോദ്യത്തിന്റെ മറുപടിയായിക്കിട്ടുന്നത്. കാരണം ആൽഗോരിതം ഈ രണ്ടു പേർക്കും ഒരു പോലെയല്ല പ്രവർത്തിക്കുന്നത്. പി.എച്ച്ഡി എടുത്ത നിങ്ങളുടെ പഠനനിലവാരവും ചോദ്യത്തിന്റെ വ്യാപ്തിയുമെല്ലാം നിങ്ങളുടെ സൈൻ ഇന്നിലൂടെ (sign in) നിതാന്ത കൃത്യതയോടെ ഗ്രഹിച്ചുവെച്ചിട്ടുള്ള ആൽഗോരിതം തദനുസൃത മറുപടി നിങ്ങൾക്ക് തരുമ്പോൾ ഇതേ ആൽഗോരിതം അപരർക്ക് നൽകുന്നത് അവരുടെ പഠനനിലവാരത്തിനും ജീവിതചുറ്റുപാടുകൾക്കും അനുയോജ്യമായ മറ്റു ചില ഔട്ട്‌പുട്ട്സ് ആയിരിക്കും.

ഒരേ ചോദ്യം വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലുള്ള രണ്ടു പേർ ചോദിക്കുമ്പോൾ ആൽഗോരിതം നൽകുന്ന മറുപടി യാതൊരു സാമ്യതയുമില്ലാത്ത വിധം രണ്ടു തരത്തിൽ. ഇതൊരു വല്ലാത്ത സന്നിഗ്ദ്ധാവസ്ഥ തന്നെയല്ലേ. മനുഷ്യജീവിതത്തിൽ ആൽഗോരിതം ഉണ്ടാക്കുന്ന വലിയൊരു വൈഷമ്യമാണിത്.

സിനിമാ നിർമാതാവ് Max Stossel തന്റെ രണ്ടു സുഹൃത്തുക്കളോട് ഒരു ചോദ്യം ചോദിച്ചു: “How many refugees committed crimes in Europe?” സ്വാഭാവികമായും നാമേവരും ചെയ്യുന്നതുപോലെ, രണ്ടു പേരും മറുപടിക്കായി ഗൂഗിളിൽ പരതി. എന്നാൽ കിട്ടിയ മറുപടികൾ തികച്ചും വിഭിന്നമായിരുന്നു. ഒരാൾക്ക് ഗൂഗിൾ ആൽഗോരിതം കൊടുത്ത മറുപടി, അഭയാർഥികൾ പ്രത്യേകിച്ച് ശല്യമോ അപകടമോ യൂറോപ്പിൽ ഉണ്ടാക്കുന്നില്ലെന്ന് തെളിയിക്കുന്ന ചില വസ്തു നിഷ്ടമായ കണക്കുകളും രേഖകളുമൊക്കെയായിരുന്നു. ഇവയെല്ലാം ചില വിശ്വസനീയ റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് ഇയാൾക്ക് ലഭിച്ചത്.
പക്ഷേ, ഇതേ ചോദ്യത്തിനു രണ്ടാമത്തെ സുഹൃത്തിന് ഗൂഗിൾ നൽകിയ മറുപടി വളരെയധികം കൃത്രിമപ്പണികൾ ചെയ്ത (manipulated) തികച്ചും വസ്തുതാവിരുദ്ധ വിവരങ്ങളുമായിരുന്നു. (Butt, S. -2020- Artificial intelligence is creating a new madhhab.).

അതായത്, ഒരേ ചോദ്യം വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലുള്ള രണ്ടു പേർ ചോദിക്കുമ്പോൾ ആൽഗോരിതം നൽകുന്ന മറുപടി യാതൊരു സാമ്യതയുമില്ലാത്ത വിധം രണ്ടു തരത്തിൽ. ഇതൊരു വല്ലാത്ത സന്നിഗ്ദ്ധാവസ്ഥ തന്നെയല്ലേ. മനുഷ്യജീവിതത്തിൽ ആൽഗോരിതം ഉണ്ടാക്കുന്ന വലിയൊരു വൈഷമ്യമാണിത്.

തന്റെ സുഹൃത്തുക്കളെപ്പറ്റി Stossel പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘അവരിരുവരും രണ്ടു വ്യത്യസ്ത ലോകങ്ങളിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. യാഥാർഥ്യമെന്ന് അവർ ധരിച്ചതിന്റെ രണ്ടു പതിപ്പുകളുടെ ലോകമാണത്.’ (Ibid). അപ്പോൾ ആൽഗോരിതം പല രൂപങ്ങളിൽ പല കാരണങ്ങളിൽ പല കാലങ്ങളിൽ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടാം. തൽഫലമായി അത് നമുക്ക് നൽകുന്ന റിയാലിറ്റികളിലും ഈ ബഹുത്വം (multiplicity) തീർച്ചയായും ഉണ്ടാകും.

നിങ്ങളൊരു ആണോ പെണ്ണോ ആഫ്രിക്കൻ-അമേരിക്കനോ ആയതുകൊണ്ടല്ല നിങ്ങളോടുള്ള ആൽഗോരിതത്തിന്റെ വിവേചനം; നിങ്ങൾ നിങ്ങളായതുകൊണ്ടു മാത്രമാണ് Max Stossel
നിങ്ങളൊരു ആണോ പെണ്ണോ ആഫ്രിക്കൻ-അമേരിക്കനോ ആയതുകൊണ്ടല്ല നിങ്ങളോടുള്ള ആൽഗോരിതത്തിന്റെ വിവേചനം; നിങ്ങൾ നിങ്ങളായതുകൊണ്ടു മാത്രമാണ് Max Stossel

ഹരാരി ഈ ഭീകരാവസ്ഥയെ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: നിലവിലെ സ്ഥിതിയിൽ, ഒരു ആൽഗോരിതത്തിന് നിങ്ങളോട് വ്യക്തിപരമായി വിവേചനം കാണിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. അതിന്റെ കാരണമുണ്ടോ നിങ്ങളറിയുന്നു. ഒരു പക്ഷെ, ആൽഗോരിതത്തിനിഷ്ടപ്പെടാത്ത വല്ലതും നിങ്ങളുടെ ഡി.എൻ.എയിലോ, ഇതുവരെയുള്ള ജീവിതസാഹചര്യങ്ങളിലോ ഫേസ്ബുക്ക് അക്കൌണ്ടിലോ ഉണ്ടായാൽ അതുമതി ആൽഗോരിതത്തിന്. നിങ്ങളൊരു ആണോ പെണ്ണോ ആഫ്രിക്കൻ-അമേരിക്കനോ ആയതുകൊണ്ടല്ല നിങ്ങളോടുള്ള ഈ വിവേചനം; നിങ്ങൾ നിങ്ങളായതുകൊണ്ടു മാത്രമാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നമ്മൾ നേരിടാൻ പോകുന്നത് കൂട്ടവിവേചനമല്ല; മറിച്ച് വ്യക്തിഗത വിവേചനങ്ങളുടെ ആധിക്യ പ്രശ്നങ്ങളാണ്. (Harari -2019- p.67, 68).

ഇത്തരത്തിലുള്ള ആൽഗോരിത വിവേചനത്തിന്റെ സംഘടിത പ്രയോഗങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പലസ്തീൻ പ്രശ്നസംബന്ധമായ വാർത്തകൾ. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ ഒട്ടുമിക്ക സമൂഹമാധ്യമങ്ങളും പലസ്തീനിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ മറച്ചുവെക്കാൻ വേണ്ടിയുള്ള ചില ഓട്ടോമേറ്റഡ് ആൽഗോരിതം സെറ്റ് ചെയ്തുവെച്ചിട്ടുണ്ടത്രെ. ഫേസ്ബുക്ക് ഈ വംശഹത്യയും ഇസ്രായേലിന്റെ ഭീകരപ്രവർത്തനവും പൂഴ്ത്തി വയ്ക്കുന്നു എന്നു മാത്രമല്ല, ഇസ്രായേലി ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും തങ്ങൾക്കനുകൂലമായ രീതിയിൽ ലോകവ്യാപകമായി പ്രചരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.

യുവാൽ നോഹ ഹരാരി
യുവാൽ നോഹ ഹരാരി

ഞാൻ ഈയിടെ കണ്ട അത്തരമൊരു ഇസ്രായേലി ഫേസ്ബുക്ക് പേജിന്റെ ലൈക്ക് ബട്ടൻ പ്രത്യക്ഷപ്പെടുന്നത് 76 മില്യൺ പേർ പേജ് ലൈക്ക് ചെയ്യുകയും ഫോളോ ബട്ടൺ അമർത്തുകയും ചെയ്തിട്ടുണ്ടെന്ന മട്ടിലാണ്. വസ്തുതക്ക് നിരക്കാത്ത ഈ കൃത്രിമത്വം കണ്ടപ്പോൾ ഓർമ വന്നത്, വ്യാജ ഫോളോവേഴ്‌സിനെ കൊണ്ട് തങ്ങളുടെ സമൂഹമാധ്യമ സ്വാധീനത്തിന്റെ അളവ് പെരുപ്പിച്ചു കാണിച്ചു നമുക്കിടയിൽ ജീവിക്കുന്ന മര്യാദകെട്ട ചില ഗ്ലോബൽ-ലോക്കൽ രാഷ്ട്രീയക്കാരെയാണ്. ഇങ്ങനെയൊക്കെയാണ് ഫെയ്സ്ബുക്ക് തന്റെ കച്ചവടത്തിൽ പാലിക്കുന്ന സദാചാരം. കഴിഞ്ഞില്ല; ഇസ്രായേൽ ഭീകരത ലോകത്തെ അറിയിക്കുന്നുവെന്ന കാരണത്താൽ, അധിനിവിഷ്ട ഷെയ്ഖ് ജർറയിലെ വാർത്താവതാരകരുടെയും റിപ്പോർട്ടർമാരുടെയും ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ അക്കൗണ്ടുകൾ അതിശക്തമായ സെൻസറിങ്ങിനും ഇരയാകുന്നുണ്ടത്രേ.

‘മൂന്നാം ലോക മഹായുദ്ധം വെള്ളത്തിന്റെ പേരിലായിരിക്കും’ എന്ന പ്രവചനത്തിന് ഇനിയങ്ങോട്ട് വലിയ പ്രസക്തിയൊന്നുമില്ല. അത്തരം മെറ്റീരിയൽ പ്രോപ്പർട്ടി-ബേസ്ഡ് യുദ്ധങ്ങളുടെ എക്സ്പെയറി ഡേറ്റ് കുറിച്ചുകൊണ്ടാണ് ആൽഗോരിത യുദ്ധവും ക്ലൗഡ് യുദ്ധവും അനുബന്ധ കച്ചവടങ്ങളും രംഗം കീഴടക്കിക്കൊണ്ടിരിക്കുന്നത്.

ആൽഗോരിതത്തിന്റെ ഇമ്മട്ടിലുള്ള വിവേചനാധികാരപ്രയോഗം അക്കാദമിക ലോകത്തും ക്ഷിപ്രവ്യാപിയായിട്ടുണ്ട്. സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ Arab and Muslim Ethnicities and Diasporas (AMED) Studies, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ Council for UC Faculty Associations (CUFCA), University of California Humanities Research Institute (UCHRI) എന്നീ സ്ഥാപനങ്ങൾ ചേർന്ന് നടത്തിയ ഒരു ഓൺലൈൻ പരിപാടി, സൂം, ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഒന്നാകെ ബഹിഷ്കരിക്കുകയും അവയുടെ ആൽഗോരിതം ഈ പരിപാടി പുറംലോകം കാണേണ്ടതില്ല എന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. കാരണമെന്തെന്നല്ലേ... ‘Whose Narratives? What Free Speech for Palestine?’ എന്നായിരുന്നു പരിപാടിയുടെ തലക്കെട്ട്. (Report: Digital apartheid: Palestinians being silenced on social media)

കാലദേശ വൈജാത്യമന്യേ ഒരു പ്രത്യേക സമുദായത്തിനുനേരെ എടുത്തുപയോഗിക്കുന്ന ഇത്തരത്തിലുള്ള വിവേചന വൈദഗ്ദ്ധ്യം ആൽഗോരിതം കാണിക്കുന്നതിന്റെ ധാർമികമാനം ചർച്ചയാവുക തന്നെ വേണമല്ലോ. വെറുപ്പും അവിശ്വാസവും ഫോബിയയും എല്ലാം ഒരു നേരുമില്ലാതെ നിർലോഭം പ്രചരിപ്പിക്കുന്നതിൽ സങ്കോചമുണ്ടാവുകയല്ലേ ഒരു നാഗരികാൽഗോരിത ബുദ്ധിയിൽ കാണേണ്ടത്. പക്ഷേ കാര്യം അങ്ങനെയൊന്നുമല്ല.

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ  തുടങ്ങിയ ഒട്ടുമിക്ക സമൂഹമാധ്യമങ്ങളും പലസ്തീനിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ മറച്ചുവെക്കാൻ വേണ്ടിയുള്ള ചില ഓട്ടോമേറ്റഡ് ആൽഗോരിതം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടത്രേ.
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ ഒട്ടുമിക്ക സമൂഹമാധ്യമങ്ങളും പലസ്തീനിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ മറച്ചുവെക്കാൻ വേണ്ടിയുള്ള ചില ഓട്ടോമേറ്റഡ് ആൽഗോരിതം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടത്രേ.

2020 ഡിസംബർ 21 ന് ഓസ്ട്രേലിയയിലെ വിക്ടോറിയൻ സുപ്രീംകോടതി പ്രമാദമായ ഒരു കേസിൽ വിധി പറയുകയുണ്ടായി. അവിടുത്തെ കുപ്രസിദ്ധ മതമേധാവിയായ ഇമാം മുഹമ്മദ് തൗഹീദിക്കെതിരെ ഓസ്ട്രേലിയക്കാരനായ ഒരു മുസ്‍ലിം വക്കീലും ഭാര്യയും ഫയൽചെയ്ത കേസായിരുന്നു അത്.

തൗഹീദിയുടെ വാദങ്ങളടങ്ങുന്ന അപേക്ഷ കോടതി നിർദാക്ഷിണ്യം വലിച്ചെറിഞ്ഞു. ഇയാൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മുസ്‍ലിംകൾക്കെതിരെ അസത്യങ്ങളും വെറുപ്പും പരത്തിയാണ് ഒരു സെലബ്രിറ്റിയായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പ്രാഥമികാന്വേഷണത്തിൽ കോടതി കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെയാണ്: ഇമാം തൗഹീദി എന്ന ഈ വെറുപ്പുൽപാദകൻ തന്റെ ജീവിതത്തിൽ ഇതുവരെ ഒരു മതസ്ഥാപനത്തിലെങ്കിലും പഠിക്കുകയോ ഏതെങ്കിലും പള്ളിയുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ‘സമാധാനത്തിന്റെ ഇമാം’ (Imam of peace) എന്ന് സോഷ്യൽ മീഡിയയിലൂടെ സ്വയം നാമകരണം ചെയ്ത് അത് മാർക്കറ്റ് ചെയ്തു വളർന്നതാണ്. പക്ഷേ നിരവധിയാളുകൾ ഇസ്‍ലാമിനെയും മുസ്ലിമിനെയും മനസ്സിലാക്കാൻ ഉപയോഗിച്ചത് മതത്തിനെതിരെ വെറുപ്പ് മാത്രം പറയുന്ന ഇയാളുടെ ഫെയ്സ് ബുക്ക്, ട്വിറ്റർ പേജുകളായിരുന്നുവത്രെ.

2017- ൽ എ ബി സി (Australian Broadcasting Corporation) ഇയാളെക്കുറിച്ച്, ‘ഓസ്ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിലുമായി യാതൊരു ബന്ധവും ഇല്ലാത്തവൻ, ഔദ്യോഗികമായി 'ഇമാം', 'ഷെയ്ഖ്' എന്നീ പദങ്ങളുപയോഗിക്കാൻ യോഗ്യതയില്ലാത്തവൻ, ഓസ്ട്രേലിയയിലെ ഏതെങ്കിലും പള്ളിയുമായോ മത കേന്ദ്രങ്ങളുമായോ യാതൊരു അടുപ്പവും ഇല്ലാത്തവൻ’ തുടങ്ങി കോടതി കണ്ടെത്തിയ വസ്തുതകളെല്ലാം എഴുതി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇയാളുടെ വെറുപ്പു കച്ചവടത്തിന് കൂട്ടുനിന്ന ആൽഗോരിതത്തിന്റെ ധാർമികത എന്താണ്?

ഓസ്ട്രേലിയയിലെ കുപ്രസിദ്ധ മതമേധാവിയായ ഇമാം മുഹമ്മദ് തൗഹീദി സുബ്രഹ്മണ്യം സ്വാമിക്കൊപ്പം / Photo: thequint
ഓസ്ട്രേലിയയിലെ കുപ്രസിദ്ധ മതമേധാവിയായ ഇമാം മുഹമ്മദ് തൗഹീദി സുബ്രഹ്മണ്യം സ്വാമിക്കൊപ്പം / Photo: thequint

ധാർമികതയിൽ ആൽഗോരിതം
എങ്ങനെയാണ് മനുഷ്യപ്പെടുന്നത്?

‘മൂന്നാം ലോക മഹായുദ്ധം വെള്ളത്തിന്റെ പേരിലായിരിക്കും’ എന്ന പ്രവചനത്തിന് ഇനിയങ്ങോട്ട് വലിയ പ്രസക്തിയൊന്നുമില്ല. അത്തരം മെറ്റീരിയൽ പ്രോപ്പർട്ടി-ബേസ്ഡ് യുദ്ധങ്ങളുടെ എക്സ്പെയറി ഡേറ്റ് കുറിച്ചുകൊണ്ടാണ് ആൽഗോരിത യുദ്ധവും ക്ലൗഡ് യുദ്ധവും അനുബന്ധ കച്ചവടങ്ങളും രംഗം കീഴടക്കിക്കൊണ്ടിരിക്കുന്നത്.

പ്രൊജക്ട് നിംബസ് (Project Nimbus) ഈ യുദ്ധമുഖത്തേക്കുള്ള ഒരു വമ്പൻ വാതായനമാണെന്ന് പറയാം. ഇസ്രായേൽ ഗവൺമെൻറിന് ക്ലൗഡ് സേവനങ്ങൾ നൽകാൻ ഗൂഗിൾ, ആമസോൺ എന്നീ ദ്വയങ്ങൾ 1.2 ബില്യൺ യു.എസ് ഡോളർ കൈപ്പറ്റി നടപ്പിലാക്കാൻ പോകുന്ന ഒരു സംരംഭമാണ് പ്രൊജക്ട് നിംബസ്. (Desk, D. W. (2024, April 24).

ഇതിലൂടെ ലക്ഷ്യമിടുന്നത് ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള വെല്ലുവിളികൾ നേരിടുകയാണത്രെ. സ്വാഭാവികമായും ആൽഗോരിതത്തിന്റെ വിവിധ മുഖങ്ങൾ ഉപയോഗിച്ച് യാഥാർത്ഥ്യമാക്കുന്ന ഈ പ്രോജക്ട് കൊണ്ട് ഇസ്രായേലിന് സാധ്യമാവുക അതിബൃഹത്തായ ഡേറ്റാ വിശകലനങ്ങളും എ.ഐ പരിശീലനങ്ങളും ഡേറ്റ- ബേസ്ഡ് ഹോസ്റ്റിംഗും ഒക്കെയാണ്.

എന്നാൽ, ഈ പ്രോജക്ടിലെ അസ്വാഭാവികത തിരിച്ചറിയാതിരിക്കാൻ മാത്രം ബുദ്ധിഹീനരായിരിക്കില്ലല്ലോ ഗൂഗിളിന്റെയും ആമസോണിന്റെയും 'ടെക്കി’കളാകാതെ മനുഷ്യരായിത്തന്നെ നിലകൊള്ളുന്ന തൊഴിലാളികളിൽ ചിലരെങ്കിലും. അതുകൊണ്ടുതന്നെ ഇസ്രായേലിന്റെ തീക്കളി തിരിച്ചറിഞ്ഞ പലരും 2021 മുതൽ ഈ ആൽഗോരിത അധാർമികതക്കെതിരെ നിരന്തര പ്രക്ഷോഭം ഉയർത്തി വരുകയാണ്; ഗാസ വംശഹത്യ തുടർന്നുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ പ്രത്യേകിച്ചും. (Staff, A. J. -2024, April 23- What is Project Nimbus, and why are Google workers protesting Israel deal? Al Jazeera. Retrieved May 12, 2024).

പ്രൊജക്ട് നിംബസ് (Project Nimbus) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗൂഗ്ൾ തൊഴിലാളികൾ നടത്തിയ പ്രതിഷേധം / Photo: Screenshot from Aljazeera Video
പ്രൊജക്ട് നിംബസ് (Project Nimbus) നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗൂഗ്ൾ തൊഴിലാളികൾ നടത്തിയ പ്രതിഷേധം / Photo: Screenshot from Aljazeera Video

ഇസ്രായേൽ ഈ ആൽഗോരിതത്തെ ഉപയോഗിക്കാൻ പോകുന്നത് ഒരു മിലിറ്ററി ടൂൾ ആയിട്ടാണ് എന്നത് ഇവർക്കെല്ലാം പകൽപോലെ അറിയാം. ഓരോ പലസ്തീനിയെയും പ്രായ- ലിംഗ വൈജാത്യമനുസരിച്ച് തിരിച്ചറിയാനും നമ്മുടെ സാധാരണ സങ്കല്പത്തിൽ ഒരിക്കൽ പോലും വരാത്ത അതിസൂക്ഷ്മമായ സ്വകാര്യ വിവരങ്ങൾ വരെ ശേഖരിച്ച് പലസ്തീനിയെ വിഭജിക്കാനും വേർതിരിക്കാനുമെല്ലാം ഈ ബില്യൺ ഡോളർ വിലയുള്ള ആൽഗോരിതത്തിനു കഴിയുമെന്നു തിരിച്ചറിയാൻ സാമാന്യബോധം മാത്രം മതി.

മറ്റൊരു എ.ഐ മെഷീനാണ് 'ലാവണ്ടർ'. ഇതും ഇസ്രായേലിന് സിസ്റ്റമാറ്റിക്കായ ബോംബു വർഷത്തിന് നിയമിതമായ മെക്കാനിസമാണത്രേ. ഗാസാ മുനമ്പിലെ നിലവിലെ യുദ്ധത്തിൽ സൈനിക സേവനമനുഷ്ഠിച്ച ആറ് ഇസ്രായേലി ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ പ്രകാരം, കൊലപാതകത്തിനുള്ള ഉന്നം പിടിക്കാൻ എ.ഐ നേരിട്ട് പങ്കാളികളായിരുന്നുവത്രെ.

ആൽഗോരിത വിവേചനത്തിന്റെ സംഘടിത പ്രയോഗങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പലസ്തീൻ പ്രശ്നസംബന്ധമായ വാർത്തകൾ.

അവിടെ നടന്ന നിരന്തര ബോംബാക്രമണത്തിൽ 'ലാവണ്ടർ' ഒരു പ്രധാന പങ്ക് വഹിച്ചു. ഗാസാ നിവാസികൾ തങ്ങളുടെ കുടുംബാംഗങ്ങളോടൊത്ത് രാത്രി സമയം വീടുകളിലായിരിക്കെ – യുദ്ധമുഖത്തല്ല - ഇസ്രായേൽ സൈന്യം അവരെ വ്യവസ്ഥാപിതമായി വേട്ടയാടി. ലാവണ്ടറുടെ സഹായത്താൽ അക്കാര്യം എളുപ്പമായിരുന്നുവെന്ന് ഇസ്രാ​യേൽ അവകാശപ്പെടുന്നു. ഒരു വ്യക്തിയുടെ യാത്രാറൂട്ട് പിടിച്ചെടുക്കാൻ ലാവണ്ടറിനു നിഷ്പ്രയാസം സാധിക്കുമെന്നതിനാൽ രാത്രി തന്നെ നോക്കി ഉന്നം വെക്കാൻ തുനിഞ്ഞ ആൽഗോരിതത്തിന്റെ ആധുനിക മനുഷ്യപ്പെടലാണിത്.

ഇതിൽ പ്രവർത്തിക്കുന്ന ആൽഗോരിതത്തിന്റെ കൃത്യത 90% ആണെന്ന് പ്രൊജക്റ്റ് മേധാവികൾ അവകാശപ്പെടുന്നു. അതായത്, ആളുകളെ തെരഞ്ഞുപിടിച്ച് കൊല്ലാനുള്ള പരിപാടി 90 ശതമാനവും വിജയിക്കും. പിന്നെ ബാക്കിയുള്ള 10% തെറ്റു വരാനിടയുണ്ട്; എന്നുപറഞ്ഞാൽ, നിരപരാധികൾ കൊല്ലപ്പെടാനുള്ള സാധ്യത 10 ശതമാനം. അത് ഇസ്രായേൽ എന്ന വംശഘാതകർക്ക് തങ്ങളുടെ വിശ്വാസ പ്രകാരം ഒരു തെറ്റല്ല താനും. എങ്ങനെയുണ്ട് പ്രൊജക്ട് നിംബസ് - ലാവണ്ടർ ആൽഗോരിതവും അതിന്റെ സദാചാര ബോധവും.

ഗാസാ നിവാസികൾ തങ്ങളുടെ കുടുംബാംഗങ്ങളോടൊത്ത് രാത്രി സമയം വീടുകളിലായിരിക്കെ ലാവണ്ടറുടെ സഹായത്താൽ ഇസ്രായേൽ സൈന്യം അവരെ വേട്ടയാടി. / Photo: Screenshot of a targeted attack by the Israel drones.
ഗാസാ നിവാസികൾ തങ്ങളുടെ കുടുംബാംഗങ്ങളോടൊത്ത് രാത്രി സമയം വീടുകളിലായിരിക്കെ ലാവണ്ടറുടെ സഹായത്താൽ ഇസ്രായേൽ സൈന്യം അവരെ വേട്ടയാടി. / Photo: Screenshot of a targeted attack by the Israel drones.

സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപ്പോളജിസ്റ്റ് പ്രൊഫ. റോബർട്ട് ജെ ഗോൺസാലിസ് (Robert J. González) ഈ വർഷം ‘How Big Tech and Silicon Valley are Transforming the Military-Industrial Complex’ എന്ന തലക്കെട്ടിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. (González, R. J. (2024). How Big Tech and Silicon Valley are Transforming the Military-Industrial Complex. Cost of War. Watson Institute of International and Public Affairs).

യു.എസ്. അടക്കമുള്ള രാഷ്ട്രങ്ങൾ ആൽഗോരിതത്തെ ഒരു മിലിറ്ററി ടൂളായി ഉപയോഗിക്കാൻ പോകുന്നത് എങ്ങനെയെന്ന് കൃത്യമായ വിശദീകരണം അദ്ദേഹം നൽകുന്നുണ്ട്. മൈക്രോസോഫ്റ്റ്, ആമസോൺ, ആൽഫബെറ്റ്, ഒറാക്കിൾ, ഹ്യൂലറ്റ് പാക്കാഡ്, ഐ ബി എം, ഇന്റൽ, മോട്ടറോള, ഡെൽ തുടങ്ങിയ സിലിക്കൺവാലി ടെക് ഭീമന്മാർക്കെല്ലാം ബില്യൺ കണക്കിന് ഡോളറുകളാണത്രേ യു.എസ്. പ്രതിരോധ വിഭാഗം (Department of Defence-DoD) വാഗ്ദാനം ചെയ്തിട്ടുള്ളത്. അതായത് Tech Inquiry എന്ന ഗവേഷണസ്ഥാപനം കണ്ടെത്തിയതനുസരിച്ച് 2018- നും 2022- നുമിടയിൽ മൈക്രോസോഫ്റ്റിന് 13.5 ബില്യൺ, ആമസോണിന് 10.2 ബില്യൺ, ആൽഫബെറ്റിന് 4.3 ബില്യൺ എന്നിങ്ങനെയായി ഏകദേശം 28 ബില്യൺ ഡോളറിന് കരാർ നടന്നിട്ടുണ്ടെന്ന്. വിശദവിവരത്തിനായി, ഗോൺസാലിസിന്റെ പ്രബന്ധത്തിൽ കൊടുത്ത അതേ വിലവിവരപ്പട്ടിക ഇവിടെ ചേർക്കുന്നു:

സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപ്പോളജിസ്റ്റ് പ്രൊഫ. റോബർട്ട് ജെ ഗോൺസാലിസ് എഴുതിയ ലേഖനത്തിൽ നൽകിയ വിലവിവരപ്പട്ടിക. സിലിക്കൺവാലി ടെക് ഭീമന്മാർക്ക് ബില്യൺ കണക്കിന് ഡോളറുകളാണത്രേ യു.എസ്. പ്രതിരോധ വിഭാഗം വാഗ്ദാനം ചെയ്തിട്ടുള്ളത്.
സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപ്പോളജിസ്റ്റ് പ്രൊഫ. റോബർട്ട് ജെ ഗോൺസാലിസ് എഴുതിയ ലേഖനത്തിൽ നൽകിയ വിലവിവരപ്പട്ടിക. സിലിക്കൺവാലി ടെക് ഭീമന്മാർക്ക് ബില്യൺ കണക്കിന് ഡോളറുകളാണത്രേ യു.എസ്. പ്രതിരോധ വിഭാഗം വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഇക്കാണുന്നത്, സാധാരണ ലോക പൗരർക്ക് കിട്ടാവുന്നതിന്റെ പരമാവധി വിവരങ്ങൾക്കനുസരിച്ചുമാത്രം തയ്യാറാക്കിയതാണു കേട്ടോ. പുറത്തറിയാത്ത മറ്റെന്തെല്ലാം പിന്നാമ്പുറക്കഥകൾ ഇതിലുണ്ടെന്ന് ആർക്കറിയാം.

നമ്മുടെ സർവകലാശാലകളും സ്കൂളുകളും ചെയ്യേണ്ടതെന്താണ്?

ക്ലാരിറ്റിയുള്ള ഒരു ആൽഗോരിത സാക്ഷരതയാണ് അടുത്ത പ്രശ്നം. അനുനിമിഷം അപ്‌ഡേഷനുകൾ നടന്നുകൊണ്ടിരിക്കുന്ന ആൽഗോരിത ലോകത്തിന്റെ അക്ഷരമാല പഠിക്കുന്നത് ഒട്ടും എളുപ്പമല്ല. യാതൊരു സ്ഥായീഭാവവുമില്ലാത്ത ഈ പുതിയ ടൂളിന്റെ വളർച്ച വിദ്യാഭ്യാസ ലോകവും സമ്മിശ്ര വികാരത്തോടെയാണ് നോക്കിക്കാണുന്നത്. നമ്മൾ കേട്ടുപരിചയിച്ച ധാർമിക സങ്കീർണതകൾ ഒന്നുകൂടി ഗൗരവ വിശകലനത്തിന് വിധേയമാക്കാൻ ആൽഗോരിതം നമ്മെ പ്രേരിപ്പിക്കുന്നു. കാരണം, ഏതെങ്കിലുമൊക്കെ ഒരു ധാർമിക ചട്ടക്കൂട് കോഡ് ചെയ്യാതെ വിട്ടാൽ ഈ നിർമിതബുദ്ധി കൈവിട്ട കളി കളിക്കുമെന്ന് സകല വിദഗ്ദ്ധരും വിലയിരുത്തിക്കഴിഞ്ഞു. (Satell, G. -2016, November 15- Teaching an algorithm to understand right and wrong. Harvard Business Review).

ഒരു സ്വയം നിയന്ത്രിത കാർ വഴിയാത്രക്കാരനെ രക്ഷിക്കാൻ തന്റെ പിന്നിലിരിക്കുന്ന യാത്രികനെ കൊലക്ക് കൊടുക്കണോ, കോഡ് ചെയ്തു വിട്ട ഒരു ഡ്രോൺ ഭീകരവാദിയെ വകവരുത്താൻ പായുമ്പോൾ കണ്മുന്നിൽ കാണുന്ന സിവിലിയൻസിന്റെ ജീവൻ റിസ്കിലകപ്പെടുത്തണോ, ഓപറേഷൻ തിയറ്ററിലെ ജീവിതത്തിനും മരണത്തിനുമിടക്കുള്ള തീരുമാനമെടുക്കാനുള്ള അവകാശം മനുഷ്യ ഡോക്ടറെ പോലെ ആൽഗോരിത ഭിഷഗ്വരനും വിട്ടു കൊടുക്കണോ തുടങ്ങിയ ഒരുപിടി വൈഷമ്യം പിടിച്ച ചോദ്യങ്ങൾക്കുള്ള മറുപടി സർവ്വകലാശാലകൾ തീസീസുകളായും അക്കാദമിക പേപ്പറുകളായും പ്രസിദ്ധീകരിക്കേണ്ടതുണ്ടോ? ഇനി പ്രസിദ്ധീകരിച്ചാൽ അവക്കൊക്കെ എത്ര കാലത്തെ വാലിഡിറ്റിയുണ്ടാകും?

ആൽഗോരിത സദാചാരത്തെ പറ്റി ഗവേഷണം നടത്തുന്ന Satell (2016) പറഞ്ഞത്, മനുഷ്യന് ഇന്ന് നിജപ്പെടുത്തപ്പെട്ടിട്ടുള്ള പല മൂല്യങ്ങളെക്കാളും ഉന്നതമായ ചില ധാർമിക നിലവാരം (moral standard) ആൽഗോരിതത്തിനു വേണ്ടി നിർണയിക്കേണ്ടതുണ്ടെന്ന് ഇവ്വിഷയകമായി തന്നോട് സംസാരിച്ച എ.ഐ വിദഗ്ധർ ഒന്നടങ്കം കണിശമായി അഭിപ്രായപ്പെടുന്നുവെന്നാണ്.

മനുഷ്യൻ ഒരുപക്ഷേ, ചില അതിഗുരുതര പിഴവുകൾ വരുത്തിയാലൊഴികെ, സ്വയമെടുക്കുന്ന തീരുമാനങ്ങളുടെയെല്ലാം സയുക്തികത മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊള്ളണം എന്നൊന്നുമില്ല. പക്ഷേ, ആൽഗോരിതത്തിന്റെ കാര്യം അങ്ങനെയല്ല. അതിൽ ചില സുതാര്യതകൾ അത്യന്താപേക്ഷിതമാണ്. അതായത്, മനുഷ്യനിൽ മിക്കപ്പോഴും നാം പ്രതീക്ഷിക്കുന്ന സാമാന്യബോധം (Commonsense) ഒരു ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രതീക്ഷിക്കുക വയ്യാത്തതിനാൽ ചില ഉന്നത ധാർമിക മാനദണ്ഡങ്ങൾ നിജപ്പെടുത്തിയേ തിരൂ. (Teaching ai ethics-2023, January 26- Leon Furze).

ഒരു സ്വയംനിയന്ത്രിത കാർ വഴിയാത്രക്കാരനെ രക്ഷിക്കാൻ തന്റെ പിന്നിലിരിക്കുന്ന യാത്രികനെ കൊലക്ക് കൊടുക്കുമോ?
ഒരു സ്വയംനിയന്ത്രിത കാർ വഴിയാത്രക്കാരനെ രക്ഷിക്കാൻ തന്റെ പിന്നിലിരിക്കുന്ന യാത്രികനെ കൊലക്ക് കൊടുക്കുമോ?

അപ്പോൾ സർവകലാശാലകൾ ഈ സുതാര്യതക്കു വേണ്ടിയുള്ള അക്കാദമിക വ്യവഹാരങ്ങൾ തുടങ്ങേണ്ടതുണ്ട്. വിശ്വപ്രസിദ്ധ കോംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഇക്കാര്യത്തിലും ഒരു വഴികാട്ടിയായി നമുക്കു മുന്നിലുണ്ട്. Ethics of AI, data, and algorithm എന്ന വിഷയത്തിൽ ഒരു എംഫിൽ കോഴ്സിന് തുടക്കം കുറിച്ചിരിക്കുന്നു, ​കേംബ്രിഡ്ജ്. കോഴ്സ് കഴിയുമ്പോഴേക്കും എ.ഐ, ഡേറ്റ, ആൽഗോരിതം എന്നിവയുടെ സിദ്ധാന്ത ചരിത്രത്തിലും തത്വശാസ്ത്രത്തിലുമുള്ള ഗഹന ജ്ഞാനം, പൊതുസമൂഹത്തിൽ ഡിജിറ്റൽ സാങ്കേതികതയുടെ പ്രയോഗത്തെയും അവയുടെ സാധ്യതകളെയും സംബന്ധിച്ച അറിവ്, ആൽഗോരിത സദാചാരം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റിയുള്ള വിമർശനാത്മക കാഴ്ചപ്പാട്, ആൽഗോരിതത്തിന്റെയും ഡേറ്റയുടെയും സ്വഭാവത്തെ സംബന്ധിച്ച വീക്ഷണവും തദനുബന്ധമായ അന്വേഷണ-ഗവേഷണങ്ങൾക്കുള്ള നൈപുണ്യം എന്നിവയെല്ലാം കേംബ്രിഡ്ജ് വാഗ്ദാനം ചെയ്യുന്നു. ഇത് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലോ മറ്റോ നൽകിവരുന്ന ഒരു സാങ്കേതിക കോഴ്സ് അല്ല കേട്ടോ. മറിച്ച്, കേംബ്രിഡ്ജിലെ ഫിലോസഫി ഡിപ്പാർട്മെന്റാണ് ഇത് ഓഫർ ചെയ്യുന്നത്. അതായത്, ഇത് തികച്ചും ധാർമികശാസ്ത്ര വിചാരത്തിലൂന്നിയ ഒരു കോഴ്സാണെന്നു ചുരുക്കം.

ആൽഗോരിതത്തിൽ ചില സുതാര്യതകൾ അത്യന്താപേക്ഷിതമാണ്. അതായത്, മനുഷ്യനിൽ മിക്കപ്പോഴും നാം പ്രതീക്ഷിക്കുന്ന സാമാന്യബോധം (Commonsense) ഒരു ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രതീക്ഷിക്കുക വയ്യാത്തതിനാൽ ചില ഉന്നത ധാർമിക മാനദണ്ഡങ്ങൾ നിജപ്പെടുത്തിയേ തിരൂ.

കേംബ്രിഡ്ജിലെത്തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടിന്യൂയിങ് എജുക്കേഷനിലും (Institute of Continuing Education- ICE) ഒരു പാർട് ടൈം മാസ്റ്റർ ഓഫ് സ്റ്റഡീസ് പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട് (MSt. in AI Ethics and Society). സർവകലാശാലക്കു കീഴിൽ തന്നെയുള്ള Leverhulme Center for Future of Intelligence (LCFI) മായി ചേർന്നാണ് ഈ കോഴ്‌സിന്റെ പാഠ്യ പദ്ധതിയും മറ്റും ആസൂത്രണം ചെയ്തിട്ടുള്ളത്. കോഴ്സ് കഴിയുമ്പോഴേക്കും എ.ഐയുടെ ധാർമിക വെല്ലുവിളികളും അവ ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങളും സംബന്ധിച്ച അവഗാഹം, നിലവിലുള്ള എ.ഐ സിസ്റ്റത്തിന്റെ പ്രയോഗങ്ങൾ, അവ മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ പറ്റിയുള്ള ആഴത്തിലുള്ള അറിവ്, എ.ഐ ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യാനുള്ള ത്രാണി, നിർമിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ നിലവിലെ ഭരണ നേതൃത്വം കൈക്കൊള്ളുന്ന സമീപന ശാസ്ത്രത്തിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കുക, എ.ഐ ധാർമികതയുമായി ബന്ധപ്പെട്ട പുതിയ സമീപനങ്ങൾക്കുള്ള അവഗാഹം തുടങ്ങി സൈദ്ധാന്തികവും പ്രായോഗികവുമായ അറിവുകളെല്ലാം ഒരു പഠിതാവ് ആർജിച്ചിരിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.

കേംബ്രിഡ്ജിനു പുറമേ എം ഐ ടി (Ethics of AI: Safeguarding Humanity), ഓക്സ്ഫഡ് (Artificial Intelligence Ethics), യൂനിവേഴ്സിറ്റി ഓഫ് മെൽബൺ (Introduction to the Ethics of Artificial Intelligence), നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (Role of Ethics in Artificial Intelligence) തുടങ്ങിയ വമ്പൻ സർവകലാശാലകളിലെല്ലാം സമാനമായ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട് എന്നത് ശുഭോദർക്കമാണ്.

 ഓപറേഷൻ തിയറ്ററിലെ ജീവിതത്തിനും മരണത്തിനുമിടക്കുള്ള തീരുമാനമെടുക്കാനുള്ള അവകാശം മനുഷ്യഡോക്ടറെ പോലെ ആൽഗോരിത ഡോക്ടർക്കും വിട്ടുകൊടുക്കണോ?
ഓപറേഷൻ തിയറ്ററിലെ ജീവിതത്തിനും മരണത്തിനുമിടക്കുള്ള തീരുമാനമെടുക്കാനുള്ള അവകാശം മനുഷ്യഡോക്ടറെ പോലെ ആൽഗോരിത ഡോക്ടർക്കും വിട്ടുകൊടുക്കണോ?

അതിനർത്ഥം, അടുത്ത ഒരു പത്ത് വർഷത്തിനുള്ളിൽ ഇവ്വിഷയകമായി പരസഹസ്രം അതിഗഹനമായ അക്കാദമിക പഠനങ്ങൾ പ്രസിദ്ധീകൃതമാകുമെന്നാണ്. എന്നാലേ അവ നമ്മുടെ സ്കൂളുകളിൽ വളരെ വ്യവസ്ഥാപിതമായി പഠിപ്പിക്കാനും പ്രയോഗിക്കാനും കഴിയൂ. സ്കൂൾവിഷയങ്ങളുടെ സൈദ്ധാന്തിക ചട്ടക്കൂടുകൾ ഇങ്ങനെയാണല്ലോ രൂപംകൊള്ളുന്നത്. പക്ഷേ, സാർവ്വലൗകികമായ ഒരു ധാർമിക ചട്ടക്കൂട് സ്കൂളിനുവേണ്ടി രൂപപ്പെടുത്തിയെടുക്കുക അത്രയൊന്നും എളുപ്പവുമല്ല. ഇനി കരിക്കുലം രൂപപ്പെട്ടാൽ തന്നെ അത് ഫലപ്രദമായി സംവേദനം ചെയ്യാൻ കഴിയുന്ന അധ്യാപകരുടെ 'സാക്ഷര' വളർച്ചയും ഒരു പ്രശ്നമാണ്. ഒരുപക്ഷേ, അതായിരിക്കാം നമ്മുടെ സ്ഥാപനങ്ങൾ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. എന്നാൽ ഈ പത്തുവർഷക്കാലയളവിനുള്ളിൽ സർവ്വകലാശാലാ അധ്യാപകരെ പോലെ തന്നെ സ്കൂൾ അധ്യാപകരും ആൽഗോരിത സാക്ഷരരാകുന്നതോടൊപ്പം ഇനിയുമൊന്നുകൂടെ നാഗരിക ഔന്നിത്യവും പക്വതയും പ്രാപിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

സർവകലാശാലകളോ സ്‌കൂളുകളോ ആകട്ടെ, രണ്ടിലും വിഷയീഭവിക്കേണ്ട ആൽഗോരിതത്തിന്റെ ധാർമികതലങ്ങൾ പലതുമുണ്ട്. താഴെക്കൊടുത്ത ഗ്രാഫിൽ കാണിച്ച റിസ്കുകളും അതിനു പുറമെ നമ്മൾ തുടക്കത്തിൽ പറഞ്ഞ പക്ഷാപാതിത്വം, അസത്യങ്ങളുടെ പ്രചാരണം, അവ തടയാനുള്ള മാർഗങ്ങൾ, സ്വകാര്യതയും സുരക്ഷിതത്വവും, സുതാര്യതയില്ലായ്മയും അനന്തരഫലങ്ങളും, ഡേറ്റ ശേഖരണവും ഡേറ്റഫിക്കേഷനും (datafication)- നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട സകലതിനേയും ആൽഗോരിതത്തിനു ഫീഡ് ചെയ്യാൻ വേണ്ടി ഒരൊറ്റ ഡേറ്റാ പോയിന്റിലേക്ക് ചുരുക്കിക്കെട്ടുന്നതാണ് ഡേറ്റഫിക്കേഷൻ- അഫക്ട് റെക്കഗ്നിഷൻ - affect recognition- (മുഖഭാവം, ശരീരഭാഷ, സംസാരരീതി എന്നിവ നോക്കി ഒരാളുടെ വൈകാരികഭാവം മനസ്സിലാക്കൽ), തൊഴിൽ മേഖലയും മനുഷ്യനും, ആൽഗോരിതത്തിന്റെ അധികാരവും ആധിപത്യവും, എ.ഐയുടെ കാഴ്ചപ്പാടിലെ നാനാത്വം (diversity), ഉത്തരവാദിത്തബോധം, വിശ്വാസ്യത, വിവരശേഖരണത്തിലും കൈമാറ്റത്തിലും പാലിക്കേണ്ട ധർമ്മനീതി (integrity), തുടങ്ങിയ പല മാനങ്ങളുള്ള വിഷയങ്ങളുണ്ട്. (Teaching ai ethics. (2023, January 26). Leon Furze). ഈ വിഷയങ്ങൾ ഓരോന്നും പ്രത്യേക സമീപനം അർഹിക്കുന്നുണ്ട്.

ഇതിന്റെ ആദ്യപടി സ്കൂളുകൾ വഴി സോഷ്യൽ മീഡിയാസാക്ഷരത കുട്ടികളിലേക്കെത്തിക്കുക എന്നതാണ്. ഇവിടെ സാക്ഷരത എന്നത് അക്ഷരം കൊണ്ടുള്ള വ്യായാമമായി തെറ്റിദ്ധരിക്കരുത്. ഒരാൾ ഓൺലൈൻ ആകുമ്പോഴും ഓഫ്‌ലൈൻ ആകുമ്പോഴും പാലിക്കേണ്ട ധാർമിക മര്യാദ വ്യവസ്ഥാപിതമായി പഠിക്കുകയെന്നതാണ് സാക്ഷരത.

പക്ഷേ, അപ്പോഴും അധ്യാപകരുടെ മനോഭാവവും സമീപനവും സന്നദ്ധതയും ഒക്കെത്തന്നെയാണ് വലിയ വെല്ലുവിളികൾ. എന്നാൽ ഇതേ വെല്ലുവിളികളെ മറികടക്കാൻ സ്കൂളുകളിൽ ഒന്നോ രണ്ടോ മുഴുസമയ എ.ഐ അധ്യാപകർ നിയമിതരാകുന്ന കാലവും അതിവിദൂരമല്ല. ഇന്ന് അതിനിപുണരും പരിചയ സമ്പന്നരുമായ അധ്യാപകർ അഞ്ചു മണിക്കൂറിനകം നിർവഹിക്കുന്ന അച്ചടക്ക സംബന്ധമായ ജോലികൾ (disciplinary works) നിർമിത ബുദ്ധിമതിയായ അദ്ധ്യാപകർക്ക് കേവലം 30 സെക്കൻഡിനുള്ളിൽ ചെയ്യാനാവും എന്നതിനു പുറമേ, കോസ്റ്റ് ഇഫക്ടിവായ സമ്പൂർണ്ണ സ്കൂൾ ഘടന തന്നെ ഈ എ.ഐ സഹായിയെക്കൊണ്ട് നിർമിക്കാൻ കഴിയും. അത് സ്കൂളിലേക്കുള്ള സ്റ്റാഫ് നിയമനം മുതൽ ക്ലാസ് റൂം മാനേജ്മെൻറ്, സ്റ്റുഡൻറ് ആൻഡ് സ്റ്റാഫ് മോണിറ്ററിങ്, പബ്ലിക് റിലേഷൻ, ധനകാര്യം, എന്നിവ വരെയുള്ള സകല കാര്യങ്ങളിലേക്കും വികസിപ്പിക്കാനും ഇനി അധിക കാലമൊന്നും വേണ്ട.

പക്ഷേ, അപ്പോഴും മാനുഷിക ഭാഷാവഴക്കങ്ങളിൽ നിന്നു മാറി നിർമിതബുദ്ധിയുടെ ഭാഷയിലെത്തുമ്പോൾ മനുഷ്യനിൽ പ്രവർത്തിക്കുന്ന സാമാന്യബോധം അവിടെ നിർമ്മിതമാവണമെന്നില്ല. താഴെക്കാണുന്ന ചിത്രം അതിന്റെ വലിയൊരുദാഹരണമാണ്. ‘I never said she stole my money’ എന്നൊരാൾ പ്രസ്താവിക്കുമ്പോൾ വാക്കിലെ ഊന്നലാണ് കേൾവിക്കാർക്കു കിട്ടേണ്ട അർഥം തീരുമാനിക്കുന്നത്. ഈ ഊന്നലുകളാണ് ഭാഷക്കുള്ളിലെ ഭാഷ. അത് ഗ്രഹിച്ചെടുക്കാനുള്ള മാനുഷികശേഷിയെയാണ് നാം കോമൺസെൻസെന്നു വിളിക്കുന്നത്.

ഗ്രാഫിൽ കാണുന്നതു പ്രകാരം, ഒരൊറ്റ പ്രസ്താവനയെ ഊന്നലുകൾക്കനുസരിച്ചു തരങ്ങളായി മനസ്സിലാക്കണമെങ്കിൽ ആൽഗോരിതത്തിന് ഇനിയുമൊരുപാട് വഴിദൂരം സഞ്ചരിക്കേണ്ടതായുണ്ട്. അവിടെ നമ്മൾ കൊടുക്കുന്ന പ്രോംപ്റ്റുകൾ (prompts) ഒരുപക്ഷേ, എല്ലാ തവണയും ഒരേ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ഈ പ്രോംപ്റ്റുകൾ തന്നെ നമ്മുടെ സമയമേറെ കവർന്നെടുക്കും. ‘അങ്ങനെയെങ്കിൽ സാമാന്യബോധമില്ലാത്ത ഒരു എ.ഐ അധ്യാപകനെ/ അധ്യാപികയെ നമ്മളെങ്ങനെ കുട്ടികളുടെ കാര്യങ്ങൾ വിശ്വസിച്ചേൽപ്പിക്കും?’ എന്ന തരത്തിലുള്ള ഒട്ടനേകം ചോദ്യങ്ങളും കുറച്ചു കാലത്തേക്കെങ്കിലും ഇവിടെ നിലനിൽക്കും.

ചുരുക്കത്തിൽ, ആൽഗോരിതത്തിന്റെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം (responsible usage) മനുഷ്യൻ നന്നായിത്തന്നെ പഠിക്കേണ്ടിയിരിക്കുന്നു. എ.ഐ ഒരേസമയം മാനവീകരണത്തിനും അമാനവീകരണത്തിനും വിധേയമാവുന്ന അതിസങ്കീർണതകൾ നിലനിൽക്കുന്നുണ്ട്. ഒരു കളക്ടീവ് മോറൽ ഫ്രെയിംവർക്കില്ലാത്ത ആൽഗോരിതമിക് അനിശ്ചിതത്വം പ്രവചനാതീതമായ വിപത്തുകൾക്ക് വളം വെക്കും. അതെല്ലാം മുന്നിൽകണ്ട് നിരന്തരം അപ്‌ഡേഷനുകൾ സംഭവിക്കുന്ന ഒരു വിദ്യാഭ്യാസ ഘടന സർവകലാശാലകളിൽ നിന്ന് തുടങ്ങി സ്‌കൂളുകളിലേക്കെത്തിക്കുകയെന്നതാണ് വിദ്യാഭാസ വിചക്ഷണരുടെ ഇനിയുള്ള മുൻഗണനാ ജോലികൾ. സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രസ്താവനയിലൂടെ ഈ വിഷയമിവിടെ ഉപസംഹരിക്കാം: "എ.ഐ സംസ്ഥാപനത്തിന്റെ വിജയമായിരിക്കും മാനവചരിത്രത്തിലെ ഏറ്റവും വലിയൊരു സംഭവം. നിർഭാഗ്യവശാൽ അതിലെ റിസ്കുകൾ ഒഴിവാക്കാൻ നമ്മൾ പഠിച്ചില്ലെങ്കിൽ നമ്മുടെ ഏറ്റവും അവസാന വിജയവും ഇതായിരിക്കും".

Comments