കൊട്ടിഘോഷിക്കപ്പെടുന്ന പല സൈബർ ആക്രമണങ്ങളും കേവലം ഇരവാദം പോലെ തോന്നുന്നു

സ്ത്രീകൾ, സമൂഹത്തിലെ താഴെത്തട്ടിലുള്ളവർ അനുഭവിക്കുന്ന സൈബർ ആക്രമണങ്ങൾ കൂടിയതരത്തിലുള്ളത് തന്നെയാണ്. യഥാർത്ഥ ജീവിതത്തിലും അവർ അത്രത്തോളം തന്നെ അനുഭവിക്കുന്നു എന്നുള്ളതാണ് വാസ്തവം. മറിച്ച് ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന പല സൈബർ ആക്രമണങ്ങളും കേവലം ഇരവാദം പോലെ തോന്നിയിട്ടുണ്ട്.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

അമ്മു വള്ളിക്കാട്ട്​: ജനാധിപത്യം ശക്തിപ്പെടുകയും ജനാധിപത്യമുള്ളയിടത്ത് സംവാദങ്ങൾ കൂടുതൽ ശക്തിപ്പെടുകയും ചെയ്യുന്നു. ഒന്ന് മറ്റൊന്നിൽ നിന്ന്​പിരിയാനാവാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നു. അലർജി ഉണ്ടാകുമ്പോൾ ചൊറിയേണ്ടി വരികയും, അങ്ങനെ ചൊറിയുമ്പോൾ കൂടുതൽ അലർജി ഉണ്ടാവുകയും ചെയ്യുന്നതു പോലെയുള്ള ഒരു വിഷമവൃത്തമാണ്, സംവാദങ്ങൾ നടക്കാത്തയിടത്ത് ജനാധിപത്യം ശോഷിക്കുകയും, അങ്ങനെ ജനാധിപത്യം ശിഥിലീകരികരിക്കപ്പെടുന്നയിടത്ത് കൂടുതൽ കൂടുതൽ സംവാദങ്ങൾക്ക് പൂട്ട് വീഴുന്നതും. ഓരോ സംവാദങ്ങളിലും സമൂഹത്തിന്റെ എല്ലാ അടരുകളിലുമുള്ള ആളുകളുടെ പ്രാതിനിധ്യമാണ് ജനാധിപത്യം മുന്നോട്ടുവയ്ക്കുന്നത്. ഒരാൾക്ക് പെട്ടന്നൊരു ദിവസം സംവാദത്തിലേക്ക് കയറിച്ചെല്ലാൻ സാധിക്കുന്നില്ല. ഒരാളെ സംവാദത്തിലേക്ക് എത്തിക്കണമെങ്കിൽ, തന്റെ പ്രശ്‌നങ്ങൾ സമൂഹത്തിനുമുന്നിൽ ഉന്നയിക്കാൻ പ്രാപ്തമാക്കണമെങ്കിൽ ശരിയായ രീതിയിൽ ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. കേവലം ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളോ, ആവശ്യങ്ങളോ അല്ല, മറിച്ച് മൂല്യാധിഷ്ഠിതബോധമാണ് ജനാധിപത്യ സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. അത് സാധ്യമാവുന്നത് സംവാദങ്ങളിലൂടെ മാത്രമാണ്. ഉദാഹരണത്തിന് ഭൂരിപക്ഷ വർഗീയതകൾ മറികടന്ന് സമൂഹത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ജനാധിപത്യ സമൂഹത്തിന് കഴിയുന്നുണ്ടെങ്കിൽ അത് ആശയ സംവാദത്തിലൂടെ സാധിച്ചെടുത്തതാണ്. അതായത് ഏറിയ പേർക്കും വേണ്ട കാര്യങ്ങൾ നടപ്പിലാക്കൽ അല്ല, ഉന്നതമൂല്യങ്ങൾക്കാണ് ജനാധിപത്യത്തിൽ പ്രാധാന്യം നൽകപെടുക.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിൽ ഉപയോഗിക്കുന്ന ഭാഷ സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളാനാവുന്ന പ്രായോഗിക ഭാഷ തന്നെയായിരിക്കണം. അക്കാദമിക്‌സിന്റെ ഭാഗമായി നടക്കുന്ന സംവാദങ്ങൾ വളരെ ടെക്‌നിക്കൽ ആയിരിക്കട്ടെ. എന്നാൽ ഒരു ആശയത്തിന് തെളിമ വന്നാൽ അത് സാധാരണക്കാർക്ക് ഉൾക്കൊള്ളാവുന്ന ഭാഷയിലേക്ക് മറിച്ച് എഴുതേണ്ടത് ഉത്തരവാദിത്തമായി ആ മേഖലയിലെ വിദഗ്ധർ കരുതേണ്ടതാണ്. സാഹിത്യവും കലയും സിനിമയുമൊക്കെ മനുഷ്യ മനസ്സിലേക്കുള്ള കുറുക്കുവഴിയാണ്. അതുകൊണ്ടാണ് രണ്ടുവരി കവിതയ്ക്ക് പലരുടെയും മനസ്സിലേക്ക് പെട്ടെന്ന് കയറിച്ചെല്ലാൻ സാധിക്കുന്നത്. ആയതിനാൽ സാഹിത്യ സംവാദങ്ങൾ കൂടുതൽ മനുഷ്യരിലേക്ക് എത്തിപ്പെടുന്നു. എന്നാൽ വിദഗ്ധർ പറയേണ്ടത് എഴുത്തുകാർ പറയുമ്പോൾ ആശയച്ചോർച്ച, തെറ്റിദ്ധാരണ എന്നിവ ഇല്ലാതിരിക്കാൻ വിദഗ്ധരോളം തന്നെ ഉത്തരവാദിത്വം എഴുത്തുകാരും കാണിക്കണം. ഇടതുപക്ഷത്തിലെ ബുദ്ധിജീവികൾ തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പരസ്പരം സംവദിക്കുമ്പോൾ, സാധാരണക്കാർക്ക് അത് മനസ്സിലാക്കാൻ സാധിക്കാത്തത് ഒരു ന്യൂനതയായി തോന്നിയിട്ടുണ്ട്. എല്ലാവരിലേക്കും എത്തപ്പെട്ട ആശയത്തിന് മാത്രമേ നിലനിൽപ്പുള്ളൂ. വംശീയ ഉന്മൂലനങ്ങളെല്ലാം ലോകത്ത് നടപ്പിലാക്കപ്പെട്ടത് സാധാരണ ജനങ്ങൾ ആ ആശയത്തിന്റെ വക്താക്കളാക്കപ്പെട്ടത് മൂലമാണ്. സാധാരണ വീട്ടമ്മയായിട്ടുള്ള എർണ പെട്രി എന്ന നാസി സ്ത്രിക്ക്, തനിക്കു മുന്നിൽ എത്തപ്പെട്ട നിസ്സഹായരായ ആറ് ജൂതകുട്ടികളെ, മറ്റു പ്രേരണകൾ കൂടാതെ നിഷ്‌ക്കരുണം വെടിവെച്ച് കൊല്ലാൻ സാധിച്ചുവെങ്കിൽ, അത് അവരിലേക്ക് എത്തിയ സംവാദങ്ങളുടെ പരിണിതഫലമായി കണക്കാക്കണം. ഇന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വർഗീയത ചെറുക്കുന്നുവെങ്കിൽ ചായ പീടികയിലെ രാഷ്ട്രീയ സംവാദങ്ങളിൽ സാധാരണജനങ്ങൾ ഭയരഹിതമായി ഏർപ്പെട്ടത് കൊണ്ടാണ് എന്ന് മനസ്സിലാക്കണം. പ്രതിപക്ഷ ബഹുമാനത്തിലൂന്നിയ പരസ്പര സംവാദത്തിനോടുവിൽ ഓരോരോ തീർപ്പുകളിൽ എത്തുന്നു. നമ്മളിലെ പെട്ടെന്നുള്ള പ്രതികരണം എന്നു നാം കരുതുന്ന പലതും ഇത്തരത്തിലുള്ള സംവാദത്തിലൂടെ നമ്മുടെ മനസ്സിന്റെ ഉള്ളറകളിൽ കയറിയുറച്ച ചിന്തകളാണ്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ഭരണഘടന അനുവദിച്ചു തന്ന തുല്യതയ്ക്ക് വേണ്ടി നിലകൊണ്ട സ്ത്രീയെ ഓടിച്ചിട്ടടിക്കാൻ, അത് ലജ്ജ കൂടാതെ നോക്കി നിൽക്കാൻ സാധിക്കുന്നവർ പൊതുവിടങ്ങളിലുണ്ട്. അതിനെ കയ്യടിച്ചും, ലൈക്ക് അടിച്ചും കമൻറ്​ അടിച്ചും പ്രോത്സാഹിപ്പിക്കുന്നവരെ കുറിച്ച് ഓർക്കുമ്പോഴാണ് നമ്മൾ സൈബർ സ്‌പേസിനെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത്. ഇവിടങ്ങളിൽ ആളുകൾ എളുപ്പത്തിൽ ഒത്തുകൂടുകയും, സംവദിക്കുകയും, ആശയങ്ങൾ പ്രചരിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തിന് എത്ര കണ്ട് ജനാധിപത്യത്തെ ഉൾക്കൊള്ളാനും അംഗീകരിക്കുവാനും സാധിക്കുന്നുവോ അത്രകണ്ടുതന്നെ സൈബർ സ്‌പേസിൽ ജനാധിപത്യത്തെയും സംവാദങ്ങളെയും ഉൾക്കൊള്ളാനും അംഗീകരിക്കുവാനും സാധിക്കുന്നു. രണ്ടിടങ്ങളിലും മൂല്യബോധം ഒരുമിച്ചു തന്നെ ഉയർന്നു വരേണ്ടതാണ്. സൈബർ സ്‌പേസിലെ ദൃശ്യപരത അതിവേഗത്തിൽ ആളുകളിലേക്ക് സംവാദം എത്തിക്കാൻ പര്യാപ്തമാണ്.

അടുത്തകാലം വരെയും നമ്മൾ ആസ്വദിച്ചിരുന്ന പല കറുത്ത ഹാസ്യങ്ങളും നമ്മളിന്ന് തള്ളിപ്പറയുന്നു. രാഷ്ട്രീയ ശരികൾ നോക്കി സംസാരിക്കുവാൻ ആളുകൾ പഠിച്ചത് സൈബറിടത്തിൽ നിന്നാണ്. എന്നാൽ ഇതേ ഗതിയിൽ തന്നെ ജനാധിപത്യവിരുദ്ധ ശക്തികൾക്കും വളരാനും സംവദിക്കുവാനും സാധിക്കും എന്നത് വിസ്മരിച്ചുകൂടാ. ജനാധിപത്യവാദികളായ മനുഷ്യർ സൈബർസ്‌പേസ്‌ന് മുകളിൽ ഇടം പിടിച്ചേ മതിയാകൂ. ഇല്ലെങ്കിൽ മുൻപ് നടന്നതുപോലെ ബ്ലോഗ് എന്ന പാരലൽ ലോകത്ത് വളരുന്ന അടുത്ത തലമുറയെ പെട്ടെന്നൊരുനാൾ തിരിച്ചറിയുമ്പോൾ ദൂരെ മാറി നിന്ന് ഞെട്ടാൻ മാത്രമേ സാധിക്കൂ. രാഷ്ട്രീയ ഇടപെടൽ എവിടെയും ആവശ്യമാണ്. എന്തുകൊണ്ട് നമ്മൾ പരിഹസിക്കുന്ന വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളിൽ ജനാധിപത്യ മൂല്യാധിഷ്ഠിത ആശയങ്ങൾ സംവദിക്കപ്പെടുന്നില്ല എന്ന് ആലോചിക്കണം. അതായത് സൈബർ ഇടങ്ങളിൽ കൂടുതൽ ജനാധിപത്യ സംവാദങ്ങൾ നടത്തുകയും, അത്തരത്തിൽ അവിടം കൂടുതൽ ജനാധിപത്യവത്ക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

വളരെ വ്യത്യാസമുണ്ട്, ഡിജിറ്റൽ സ്‌പേസ് ആൾക്കൂട്ടങ്ങൾ വളരെ പെട്ടെന്ന് രൂപപ്പെടുന്നു. ആൾക്കൂട്ടങ്ങൾ ഉണ്ടായി വരാനുള്ള ഭൗതികമായ അകലം ഇല്ലാതായിരിക്കുന്നത് സൈബർസ്‌പേസുകളിലാണ്. ലോകത്തെ രണ്ട് അറ്റങ്ങളിലുള്ള സമാന ഹൃദയർ രണ്ട് നിമിഷം കൊണ്ട് തമ്മിൽ ബന്ധപ്പെടുന്നു, ആശയപരമായ ഐക്യം ഉണ്ടാക്കിയെടുക്കുന്നു, തമ്മിൽ സംവദിക്കുന്നു, ആശയങ്ങൾ പ്രചരിപ്പിക്കുന്നു, മറ്റു മനുഷ്യരെ ആകർഷിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ഒരാൾക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞു. നേർക്ക് നേരെ പറയാത്ത പലതും എഴുതി വിടാനുള്ള കരുത്ത് സൈബറിടങ്ങളിൽ നമുക്കുണ്ടാവുന്നു. വ്യക്തിയധിക്ഷേപങ്ങളും, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റവും വളരെ നോർമലൈസ്ഡ് ആണ് സൈബർ ഇടങ്ങളിൽ. അവിടെ നമ്മൾ എളുപ്പത്തിൽ പലരിൽ ഒരാളാവുന്നു. പൊങ്കാലയിടാനുള്ള ആഹ്വാനങ്ങൾ ഒക്കെ എത്ര പെട്ടെന്നാണ് നമ്മളിലേക്ക് എത്തുന്നത്. എത്ര എളുപ്പത്തിലാണ് നമ്മൾ അതിന്റെ ഭാഗമാവുന്നത്.

നാം തിരഞ്ഞെടുക്കുന്ന കൂട്ടുകാരും, ഫോളോ ചെയ്യേണ്ടുന്ന പേജുകളും ആളുകളും പോലും നമ്മളുടെ നിയന്ത്രണത്തിലല്ല എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയ അൽഗോരിതങ്ങളുടെ അടിമകളാണ് നാം എന്ന തിരിച്ചറിവ് എത്രപേർക്ക് ഉണ്ട്. അതായത് ഇന്ന് നമ്മൾ ഉൾക്കൊള്ളുന്ന, പ്രചരിപ്പിക്കുന്ന ആശയങ്ങൾ വർഷങ്ങൾ കൊണ്ട് നമ്മളിൽ ഫീഡ് ചെയ്യപ്പെട്ടതാണ്. പൊതുബോധം രൂപപ്പെടുന്നത് ഇത്തരത്തിലാണ്. നമ്മൾ അറിയാതെ തന്നെ പല ആശയങ്ങളുടെ ഭാഗമാകുന്നു, പല അക്രമങ്ങളിലും പങ്കുചേരുന്നു.

അജ്ഞാത ഐഡികളും, വ്യാജ ഐഡികളും ഉപയോഗിച്ച് ഒളിച്ചിരുന്ന് ആക്രമണം നടത്താം എന്നതുകൊണ്ട് സൈബർ ആക്രമണങ്ങൾ മറ്റ് ആക്രമണങ്ങളെക്കാൾ കൂടുതൽ നടക്കുന്നു. ഈയിടെ ദി വയർ പുറത്ത് വിട്ട ടെക് ഫോഗ് എന്ന മൊബൈൽ അപ്ലിക്കേഷനെ പറ്റിയുള്ള വെളിപ്പെടുത്തലുകൾ സാധാരണക്കാർക്ക് ഉൾക്കൊള്ളാനാവുന്നതിലും അപ്പുറത്താണ്. അതായത് ലക്ഷക്കണക്കിന് നിർജ്ജീവമാക്കപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് ഹാഷ്​ടാഗ്​ ട്രെൻഡുകൾ ഉണ്ടാക്കിയെടുക്കുക. എതിർ സ്വരങ്ങളെ അടിച്ചമർത്താൻ വേണ്ടി അതിനെതിരായി വ്യാജ അല്ലങ്കിൽ പൊലിപ്പിച്ചെടുത്ത ഒരു ഹാഷ് ടാഗ് ട്രെൻഡ് സ്ഥാപിക്കുക. എതിർ വാർത്തകൾ പൂഴ്ത്തി വെക്കുക. അതിൽ നിന്നുതന്നെ തിരുത്തലുകൾ വരുത്തി പുതിയ വ്യാജവാർത്തകൾ സൃഷ്ടിക്കുക. ലക്ഷക്കണക്കിന് അക്കൗണ്ടുകളിൽ നിന്നും വാർത്തകൾ ഓട്ടോമാറ്റിക്കായി പല അക്കൗണ്ടുകളിലേക്ക് തിരിച്ചുവിടുക. മീഡിയ റിപ്പോട്ടർ സ്ത്രീയാണെങ്കിൽ അസഭ്യഭാഷയിൽ പ്രതികരിക്കുക. ഇതെല്ലാം ചെയ്യുന്നത് യന്ത്രങ്ങൾ ആണ്. അവർക്ക് വേണ്ടുന്നത് നമ്മളെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന ഡാറ്റാ സയൻസിന്റെയും, കൃത്രിമ ബുദ്ധിയുടെയും അനന്തസാധ്യതകളുപയോഗിച്ച് ജനാധിപത്യത്തെ തന്നെ തച്ചുടയ്ക്കുന്നത് ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ആളുകൾ ആണ്. കോവിഡ് കാലത്തെയും, ഡൽഹി കലാപകാലത്തേയും മുസ്ലിം വിരുദ്ധ ഹാഷ് ടാഗുകളുടെ ഉറവിടം ഈ ടെക് ഫോഗ് എന്ന അപ്ലിക്കേഷൻ ആണ് എന്ന് തെളിവ് സഹിതം റിപ്പോർട്ടുകൾ സ്ഥാപിക്കുന്നു

നമ്മൾ സൈബർ ഇടങ്ങൾ എത്രമാത്രം ഉപയോഗിക്കുന്നുവോ അത്രമാത്രം തന്നെ ബ്ലോക്ക് ചെയ്യുക, ഡിലീറ്റ് ചെയ്യുക, റിപ്പോർട്ട് ചെയ്യുക എന്നതൊക്കെ കൃത്യമായി ഉപയോഗപ്പെടുത്തണം. സെക്യൂരിറ്റി സെറ്റിംഗ്‌സ് ശരിയായി ഉപയോഗിക്കുക. ഈ സിസ്റ്റത്തിലെ ബാലൻസ് അങ്ങനെയൊക്കെയാണ് നിലനിർത്തേണ്ടത്. കൂടാതെ നിയമസംവിധാനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കുകയും, നിലവിലെ നിയമത്തിലെ പഴുതുകൾ അടക്കുകയും ചെയ്യണം. എന്നാൽ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങാവുകയുമരുത്. വളരെ സങ്കീർണ്ണമായ ഒരു സമസ്യ തന്നെയാണിത്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

ഈയടുത്തകാലത്തായി ഞാനൊരു സൈബർ ആക്രമണവും നേരിട്ടിട്ടില്ല, അല്ലെങ്കിൽ അത് കേടില്ലാതെ മാനേജ് ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്.
പലതും അവഗണിച്ച് മുന്നോട്ട് പോകാറാണ് പതിവ്. എന്നാൽ എൻജിനീയറിങ് കോളേജിൽ മൂന്നാം വർഷം പഠിക്കുമ്പോൾ ഒരു വലിയ സൈബർ ആക്രമണം ഞാൻ നേരിട്ടിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് ഫോൺ കാളുകൾ വരുന്ന തരത്തിലുള്ളത്. സാധാരണ ഒരു കുട്ടിയെ തകർക്കാൻ വേണ്ടി മാത്രം ശേഷിയുള്ളതായിരുന്നു അത്. എന്നാൽ എന്റെ വീട്ടുകാർ എന്റെ കൂടെ അടിപതറാതെ നിലയുറപ്പിച്ചത് കൊണ്ട് ഞാൻ നിയമസഹായം തേടുകയും, പ്രതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്റെ കോളേജിൽ തന്നെ പഠിക്കുന്ന സീനിയർ വിദ്യാർത്ഥി ചെയ്തതായിരുന്നു അത്. മൂന്നുവർഷം വരെ അകത്തു കിടക്കാനുള്ള ക്രിമിനൽകുറ്റം. സൈബർ പോലീസ് ഏറെ നിർബന്ധം പിടിച്ചെങ്കിലും വിദ്യാർത്ഥിയുടെ ഭാവിയോർത്ത് കേസുമായി ഞങ്ങൾ മുന്നോട്ടു പോയില്ല. രണ്ട് മൂന്ന് ദിവസത്തെ പോലീസ് ഇടപെടലിൽ തന്നെയയാൽ താൻ ചെയ്ത തെറ്റിന്റെ ഗുരുതര പ്രത്യാഘാതം മനസ്സിലാക്കിയിരുന്നു . ഇന്നായാൾ ലോകത്തിന്റെ മറ്റൊരു മൂലയിൽ സുഖമായി ജീവിക്കുന്നു. സോഷ്യൽ മീഡിയ ഒന്നുമത്ര പ്രചാരത്തിലില്ലാത്ത കാലത്താണ് എന്നോർക്കണം. അന്ന് ഓർക്കുട്ടിലാണ് ഇത് നടന്നത്.

സ്ത്രീകൾ, സമൂഹത്തിലെ താഴെത്തട്ടിലുള്ളവർ അനുഭവിക്കുന്ന സൈബർ ആക്രമണങ്ങൾ കൂടിയതരത്തിലുള്ളത് തന്നെയാണ്. യഥാർത്ഥ ജീവിതത്തിലും അവർ അത്രത്തോളം തന്നെ അനുഭവിക്കുന്നു എന്നുള്ളതാണ് വാസ്തവം. മറിച്ച് ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന പല സൈബർ ആക്രമണങ്ങളും കേവലം ഇരവാദം പോലെ തോന്നിയിട്ടുണ്ട്.

Comments