മനുഷ്യരായി നടക്കേണ്ടിവന്ന യന്ത്രങ്ങള്‍

ചിന്തിക്കുന്ന യന്ത്രം എന്ന ആശയത്തെയും അതിന്റെ ചരിത്രവും അവതരിപ്പിക്കുന്നു. ഒരു മിത്ത് എന്ന നിലയില്‍ അത് എങ്ങനെ പ്രവര്‍ത്തനക്ഷമമാവുന്നു എന്നതിനെക്കുറിച്ച് ചില ആലോചനകളും.

ചിന്തിക്കുന്ന യന്ത്രം എന്ന ആശയത്തെ ഒരു മിത്ത് എന്ന നിലയില്‍ കാണാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. ഒരുപക്ഷെ, സാങ്കേതികവിദ്യയുടെ ലോകത്തിലെ ഏറ്റവും പ്രബലമായ ഒരു മിത്താണ് അത്. മിത്ത് എന്നത് വെറുമൊരു കെട്ടുകഥയല്ല. ചിന്തിക്കുന്ന യന്ത്രം എന്നത് ഇന്നൊരു കെട്ടുകഥയല്ലല്ലോ. വിചിത്രമോ വിസ്മയകരമോ ആയ ഒരു ആശയമല്ല ഇന്നത്. നമുക്ക് തീര്‍ത്തും പരിചിതമാണ് ‘യന്തിരചിന്തനം’. പോക്കറ്റില്‍ ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുമ്പോള്‍ ചിന്തിക്കുന്ന ഒരു യന്ത്രം നമ്മുടെ കൂടെയുണ്ട്, നമ്മുടെ ഹൃദയത്തോട് ചേര്‍ന്ന്. അത് വിവരങ്ങള്‍ തരുന്നുണ്ട്, ഓര്‍ക്കുന്നുണ്ട്, കണക്കുകൂട്ടുന്നുണ്ട്, വിശകലനം ചെയ്യുന്നുണ്ട്, പ്രവചിക്കുന്നുണ്ട്, പ്രതികരിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍, തലച്ചോറിന്റെ ഒരു കഷ്ണം ആണ് നമ്മള്‍ പോക്കറ്റില്‍ കൊണ്ടുനടക്കുന്നത്. ഇപ്പറഞ്ഞതൊന്നും സ്വതന്ത്രമായ ചിന്തയല്ല എന്നും മുന്‍കൂറായി പ്രോഗ്രാം ചെയ്യപ്പെട്ട യാന്ത്രികമായ പെരുമാറ്റങ്ങള്‍ മാത്രമാണെന്നുമൊക്കെ വാദിക്കുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടെന്നുതോന്നുന്നില്ല.

മനുഷ്യജീവിയുടെ മസ്തിഷ്‌കവും പല മട്ടില്‍ പ്രോഗ്രാം ചെയ്യപ്പെട്ടതാണ് എന്ന പഴയ വാദം തന്നെ മതി അതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് കാണിക്കാന്‍. മനുഷ്യജീവിക്ക് മാത്രമേ ചിന്തിക്കാനാവു എന്ന ലബ്ധപ്രതിഷ്ഠമായ വിശ്വാസത്തേയോ ആശ്വാസത്തേയോ അടിസ്ഥാനമാക്കി യന്ത്രചിന്തനം അസാധ്യമാണെന്ന് വാദിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്. ചിന്തിക്കുന്ന ജീവിയാണ് മനുഷ്യന്‍ എന്നുപറയുമ്പോള്‍ ഏതുതരം പ്രവൃത്തികളെയാണ് ചിന്തനം എന്ന് വിശേഷിപ്പിക്കേണ്ടതെന്ന കാര്യത്തില്‍ മുന്‍കൂറായി തീര്‍പ്പുണ്ടാക്കി ലക്ഷണവശാല്‍ മനുഷ്യജീവിയില്‍ അത് ആരോപിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതേ ലക്ഷണശാസ്ത്രം വെച്ച് ചിന്തിക്കുന്ന യന്ത്രത്തെ സങ്കല്പിക്കുന്നതിലും തെറ്റൊന്നുമില്ല. ഇവിടെ ശ്രമിക്കുന്നത്, ചിന്തിക്കുന്ന യന്ത്രം എന്ന ആശയത്തെ ഒന്നടുത്തുവെച്ച് പരിശോധിക്കാനാണ്. അതിന്റെ ചരിത്രം ഹ്രസ്വമായി അവതരിപ്പിക്കാനാണ് ആദ്യത്തെ ഭാഗത്ത് ശ്രമിക്കുന്നത്. പിന്നീട്, ഒരു മിത്ത് എന്ന നിലയില്‍ അത് എങ്ങനെ പ്രവര്‍ത്തനക്ഷമമാവുന്നു എന്നതിനെക്കുറിച്ച് ചില ആലോചനകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.

മിത്ത് വെറുമൊരു കെട്ടുകഥയല്ലെന്ന് പറഞ്ഞു. പറയുന്ന കഥയല്ല, മറിച്ച് ജീവിക്കുന്ന കഥയാണ് മിത്ത്. ആളുകള്‍ അതില്‍ ജീവിക്കുന്നു. യഥാര്‍ത്ഥമായ ഒന്നിനെയും സൂചിപ്പിക്കുന്നില്ലെങ്കിലും അത് അയഥാര്‍ത്ഥമല്ല. മൂര്‍ത്തമായ ഫലസിദ്ധികളുണ്ട് മിത്തിന്. ജീവിതത്തെ ആനിമേറ്റ് ചെയ്യുന്ന, ചലിപ്പിക്കുന്ന കഥയാണത്. മാത്രവുമല്ല നിലവിലുള്ള അവസ്ഥ എന്താണോ അതിനെ മറികടക്കാനുള്ള വഴി നിര്‍ദ്ദേശിക്കുന്നുണ്ട് മിത്തുകള്‍. നമ്മള്‍ എന്താണ് എന്നതിനപ്പുറം എന്താവണം എന്നതിലേക്ക് ചൂണ്ടുന്നുണ്ട് അവ. സാങ്കേതികശാസ്ത്രപരമായ മിത്ത് എന്ന മട്ടില്‍ ചിന്തിക്കുന്ന യന്ത്രം എന്ന ആശയത്തെ എടുക്കുമ്പോള്‍ ഈ വശം പ്രധാനമായി വരുന്നു. സാങ്കേതികവിദ്യയുടെ ലോകത്തെ ജീവത്താക്കുന്ന മിത്താണ് അത്. ആ മിത്ത് ചെയ്യുന്നതും മേല്‍പ്പറഞ്ഞ കാര്യം തന്നെയാണ്. ആദര്‍ശാത്മകമായ ഒരു അവസ്ഥയെ ചൂണ്ടിയാണ് അത് നിലവിലുള്ളതിനെ ജീവത്താക്കുന്നത്. എന്താണ് (What is) എന്നതിലേക്കാവില്ല അത് ചൂണ്ടുന്നത്, എന്താവണം (What ought to be) എന്നതിലേക്കായിരിക്കും. നിലവിലുള്ള ഒരു യന്ത്രത്തെ വിവരിക്കുകയല്ല ഈ മിത്ത്. ചിന്തിക്കുന്ന ഒരു യന്ത്രം ഉണ്ടാവണം, അല്ലെങ്കില്‍ മനുഷ്യന്‍ യന്ത്രം പോലെ ചിന്തിക്കണം എന്നൊക്കെയാവാം അത് പറയുന്നത്. എന്നാല്‍, സാങ്കേതിവിദ്യയിലെ മിത്തിന്റെ ഒരു സ്വഭാവം അതിന്റെ അനിതരസാധാരണമായ കരുത്താണ്. ആദര്‍ശാത്മകം എന്ന നിലയില്‍ നിര്‍ദേശിക്കപ്പെടുന്ന ഒരു അവസ്ഥ നിലവിലുള്ള ഒന്നാണെന്ന ധാരണ അത് സൃഷ്ടിക്കുന്നു. ഈ ധാരണ ഒരു വിശ്വാസം മാത്രമല്ല. നമ്മള്‍ അതിലാണ് ശ്വസിക്കുന്നത്. അത് നമ്മുടെ ആവാസവ്യവസ്ഥയായി മാറുന്നു. സാങ്കേതികവിദ്യ പ്രകൃതി തന്നതിനുമേല്‍ മനുഷ്യന്‍ തീര്‍ത്ത ഒരു ഏച്ചുകെട്ടലല്ല. അത് നമ്മുടെ ആവാസവ്യവസ്ഥ തന്നെയായി മാറുന്നുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അത് സ്വന്തം പ്രതിച്ഛായയില്‍ മനുഷ്യരെ സൃഷ്ടിക്കുന്നുണ്ട്.

യന്ത്രം ചിന്തിക്കുമോ?

ചിന്തിക്കുന്ന യന്ത്രം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് അലന്‍ റ്റിയുറിങ്ങാണ്. കമ്പ്യൂട്ടിങ് മെഷിനറി ആന്‍ഡ് ഇന്റലിജന്‍സ് എന്ന അദ്ദേഹത്തിന്റെ 1950- ലെ പ്രബന്ധം തുടങ്ങുന്നത് തന്നെ ഒരു യന്ത്രത്തിന് ചിന്തിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തോടെയാണ്. അത്യന്തം വിപ്ലവകരമായ ചോദ്യമാണത്. വിശേഷിച്ചും ഇന്നത്തെ നിലയിലുള്ള കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ നിലവില്‍ വരുന്നതിനും മുന്‍പുള്ള കാലഘട്ടത്തില്‍. ചിന്ത എന്ന പദം എന്തിനെയാണ് കുറിക്കുന്നത് എന്നത് പ്രധാനമാണ്. പല സൂചനകളെ ഉള്‍ക്കൊള്ളുന്ന മട്ടില്‍ അതിസങ്കീര്‍ണമായ പദമാണത്. അതിന്റെ ഒഴിവാക്കാനാവാത്ത സൂചനകളിലൊന്ന് ബുദ്ധിയാണ്. ബൗദ്ധികമായ പ്രവൃത്തിയാണ്, പെരുമാറ്റമാണ് ചിന്ത എന്നതാണല്ലോ നടപ്പുള്ള ധാരണ. അപ്പോള്‍, ഒരു യന്ത്രത്തിന് ചിന്തിക്കാനാവുമോ എന്ന ചോദ്യം യന്ത്രത്തിന് ബുദ്ധിപൂര്‍വകമായി പെരുമാറാന്‍ കഴിയുമോ എന്ന ചോദ്യമാണ്. ഇന്റലിജന്‍സ് എന്ന പദമാണ്​ കൂടുതല്‍അനുയോജ്യം. കൃത്രിമബുദ്ധി, യന്ത്രബുദ്ധി എന്നീ ആശയങ്ങളുടെയൊക്കെ തുടക്കം അലന്‍ റ്റിയുറിങ്ങിന്റെ വിപ്ലവകരമായ ചോദ്യവും ഗവേഷണവുമാണ്. ഒരു പെരുമാറ്റത്തെ, പ്രവൃത്തിയെ ബുദ്ധിപൂര്‍വകം എന്ന് വിശേഷിപ്പിക്കാനുള്ള ഉപാധി എന്താണ്? ഏത് ഘടകം ഉള്‍ച്ചേര്‍ന്നാലാണ് ഒരു പ്രവൃത്തി ബുദ്ധിപൂര്‍വകം ആവുക? പല ഘടകങ്ങളുണ്ടാവാമെങ്കിലും അവയില്‍ ഏറ്റവും അനിവാര്യമായത് ഏതാണ് എന്നതാണ് പ്രശ്‌നം. ഒരു ചോദ്യത്തിന് ഉചിതമായ ഉത്തരം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുന്നുവെങ്കില്‍ അത് ബുദ്ധിയുള്ള പെരുമാറ്റമാണ് എന്ന് പറയാറുണ്ട്. ബൗദ്ധികശേഷിയെക്കുറിച്ച് പണ്ടേ നിലനില്‍ക്കുന്ന ഒരു ധാരണയാണിത്​. ചാറ്റ് ജി.പി.ടിയുടെ കാലത്ത് ബുദ്ധിയുടെ സുവ്യക്തമായ മാനദണ്ഡമായി ഇപ്പറഞ്ഞ ചോദ്യോത്തരയുക്തി മാറിയത് ഉദാഹരണമായെടുക്കാം.

അലന്‍ റ്റിയുറിങ്

ഉചിതമായി പ്രതികരിക്കുക എന്നാല്‍ എന്താണ്? ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ് എന്ന ചോദ്യത്തിന് ജവഹര്‍ലാല്‍ നെഹ്‌റു എന്ന് ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിവരം കുറവാണെന്ന് വരും. എന്നാല്‍, നിങ്ങള്‍ക്ക് ബുദ്ധിയില്ല എന്ന നിഗമനത്തിലെത്താന്‍ ഇത് മതിയാവില്ല. കാരണം, ചോദ്യത്തിനുള്ള ഉത്തരമാണ്​ നിങ്ങള്‍ നല്‍കിയത്. അത് വസ്തുതാപരമല്ല എന്നുമാത്രം. ഉത്തരത്തില്‍ ഔചിത്യം ഉണ്ട്, വസ്തുതയില്ല. മേല്‍പ്പറഞ്ഞ ചോദ്യത്തിന്റെ മറുപടിയായി താജ് മഹല്‍ ഇന്ത്യയിലാണ് എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് ബുദ്ധിശൂന്യമായ പ്രതികരണമാണ്. ഉത്തരത്തെ ഒരു പ്രസ്താവനയായി എടുത്താല്‍ അത് വസ്തുതാപരമായി ശരിയുമാണ് എങ്കിലും. മറ്റൊരു കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. സാധുതയും വസ്തുതയും തമ്മിലെ വേര്‍തിരിവ് തത്വചിന്തയ്ക്ക് പണ്ടേ പരിചിതമായ ഒന്നാണ്. വാദങ്ങളെ സംബന്ധിച്ചുള്ളതാണ് അത്. തര്‍ക്കശാസ്ത്രത്തില്‍ പണ്ടുമുതലേ ഇത് കാണാം. ഇവിടെ സാധുത എന്നത് രൂപപരമായ സംഗതിയാണ്.

എല്ലാ മനുഷ്യരും മരണമുള്ളവരാണ്, സോക്രട്ടീസ് മനുഷ്യനാണ്, ആയതിനാല്‍ സോക്രട്ടീസ് മരണമുള്ളവനാണ് എന്ന വാദം രൂപപരമായി സാധുവാണ്. ഇത് സാധുവാകുന്നത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസ്താവങ്ങള്‍ വസ്തുതാപരയതുകൊണ്ടല്ല. അവക്കുപകരം വസ്തുതാപരമായി ശരിയല്ലാത്ത പ്രസ്താവങ്ങളാണ്​ വാദത്തിലുള്ളതെങ്കിലും സാധുതയ്ക്ക് കോട്ടമൊന്നും വരില്ല. മനുഷ്യന്‍, മരണം, സോക്രട്ടീസ് എന്നീ വാക്കുകളുടെ അര്‍ത്ഥമോ സൂചനയോ ഒന്നും പ്രശ്‌നമല്ല. മനുഷ്യരുടെ മസ്തിഷ്‌കം അടിസ്ഥാനപരമായി ഇതേ മട്ടില്‍ രൂപപരമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലോ? എങ്കില്‍ ലോജിക് നമ്മുടെ തലയിലുണ്ടെന്നര്‍ത്ഥം വരും. ഈ പ്രവര്‍ത്തനത്തെയാണ് ബുദ്ധി എന്ന് വിശേഷിപ്പിക്കുന്നതെങ്കില്‍ ഇതേ പ്രവര്‍ത്തനം എവിടെയുണ്ടോ അവിടെയൊക്കെ ബുദ്ധിയുണ്ട് എന്നും അനുമാനിക്കാം. രൂപപരമായ ഒരു പ്രവര്‍ത്തനപദ്ധതി കൃത്രിമമായി ഉണ്ടാക്കാനായാല്‍ അത് കൃത്രിമബുദ്ധിയായി. ചുരുക്കിപ്പറഞ്ഞാല്‍ കൃത്രിമബുദ്ധി എന്ന ആശയത്തിന്റെ ബീജരൂപത്തിലുള്ള സാധ്യത തര്‍ക്കശാസ്ത്ര ചിന്തയുടെ പാരമ്പര്യത്തില്‍ തന്നെയുണ്ട്. റ്റിയുറിങ് ചര്‍ച്ച ചെയ്ത പ്രശ്‌നത്തിലേക്ക് വന്നാല്‍, വാദമോ തര്‍ക്കമോ അല്ല കാര്യം. ഉചിതമായ പ്രതികരണം സാധുവാകുന്നത് അതിന്റെ ഘടനയെ അടിസ്ഥാനമാക്കിയാണ്. ചോദ്യത്തിന്റെ ഘടനയോട് ചേരുന്ന ഉത്തരമാണ് ഉചിതമായ പ്രതികരണം എന്ന് സാമാന്യേന പറയാം. ഇങ്ങനെ ഒരു യന്ത്രം പ്രതികരിച്ചാല്‍ അതില്‍ ബുദ്ധിയുണ്ട്. ഉചിതമായ രീതിയില്‍ പ്രതികരിക്കുക എന്നത് മനുഷ്യന് കഴിയുന്നതും യന്ത്രത്തിന് കഴിയാത്തതുമായ ഒന്നാണ് എന്നതാണ് പരമ്പരാഗതമായ ഒരു ധാരണ. ഈ ധാരണയെ ആഴത്തില്‍ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു ആശയമെന്ന നിലയിലാണ് യന്ത്രബുദ്ധി എന്ന ആശയം റ്റിയുറിങ് ഉന്നയിക്കുന്നത്.

ഒരു യന്ത്രത്തോടും ഒരു മനുഷ്യനോടും ചില ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ ലഭ്യമാവുകയും ചെയ്യുന്ന അവസ്ഥാവിശേഷം, ഒരു കളി, സങ്കല്‍പ്പിക്കുക. യന്ത്രവും മനുഷ്യനും ചോദ്യം ചോദിക്കുന്ന ആളും പരസ്പരം ദൃശ്യമല്ലാത്ത വിധം വെവ്വേറെ അറകളിലാണ് എന്നും സങ്കല്‍പ്പിക്കുക. ഏത് അറയിലാണ് യന്ത്രമുള്ളതെന്നും ഏത് അറയിലാണ് മനുഷ്യനുള്ളതെന്നും ചോദ്യകര്‍ത്താവിന് മുന്നേ അറിയില്ല. ലഭ്യമായ ഉത്തരങ്ങള്‍ വിലയിരുത്തിയ ശേഷവും അയാള്‍ക്ക് ഇക്കാര്യം വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നു കരുതുക. അതായത്, ഏതുത്തരമാണ് യന്ത്രത്തിന്റേത് ഏതുത്തരമാണ് മനുഷ്യന്റേത് എന്നയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ആ കളിയില്‍ യന്ത്രം ജയിച്ചു. ഇതിനെ ബുദ്ധിപരീക്ഷയായി എടുത്താല്‍ പരീക്ഷയില്‍ വിജയിച്ച യന്ത്രത്തിന് ബുദ്ധിയുണ്ട് എന്നര്‍ത്ഥം. ഇതിനെയാണ് റ്റിയുറിങ് ടെസ്റ്റ് എന്ന് വിശേഷിപ്പിച്ചു പോരുന്നത്. ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. റ്റിയുറിങ്ങിന്റെ കാലത്ത് ഇങ്ങനെയൊരു യന്ത്രം ഇല്ല. ഈ നിലയില്‍ നോക്കിയാല്‍ അയഥാര്‍ത്ഥമായ ഒരു സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി, ചിന്തയില്‍ നടത്തിയ ഒരു പരീക്ഷണമായിയിരുന്നു അത്. ഇന്ന് അത് അയഥാര്‍ത്ഥമായ ഒന്നല്ല. ചാറ്റ് ജി.പി.റ്റിയില്‍ ഒരു ചോദ്യത്തിന് ലഭ്യമായ ഉത്തരം നോക്കുക. ഒരു മനുഷ്യന്റേതില്‍ നിന്ന്​ അതിനെ വേര്‍തിരിക്കാനായെന്നുവരില്ല. റ്റിയുറിങ് ടെസ്റ്റ് ജയിച്ച യന്ത്രങ്ങള്‍, ഈ അര്‍ത്ഥത്തില്‍, ഇന്നുണ്ട്. മുന്‍പ് സൂചിപ്പിച്ചപോലെ ചിന്തിക്കുന്ന യന്ത്രം കേവലം ഒരു മിത്തല്ല. അത്യന്തം വിപ്ലവകരമായ രീതിയില്‍ ഒരു ലോകത്തെ ആനിമേറ്റ് ചെയ്ത ആശയമാണ് റ്റിയുറിങ് മുന്നോട്ടുവെച്ചത്. വളരെ രഹസ്യസ്വഭാവമുള്ള ചില ഗവേഷണ പ്രവര്‍ത്തനങ്ങളായിരുന്നു റ്റിയുറിങ് ഏര്‍പ്പെട്ടത്. രണ്ടാം ലോക യുദ്ധത്തില്‍ ബ്രിട്ടനുവേണ്ടി ജര്‍മന്‍ മിലിറ്ററി മെസ്സേജുകളുടെ ഡിക്കോഡിങായിരുന്നു റ്റിയുറിങ് ചെയ്തിരുന്നത്. അതിനുള്ള യന്ത്രസംവിധാനം അദ്ദേഹം വിജയകരമായി രൂപപ്പെടുത്തി. യുദ്ധം ജയിച്ചതിനുശേഷമുള്ള റ്റിയുറിങ്ങിന്റെ ജീവിതം വലിയ ദുരന്തമായിരുന്നു എന്നത് ചരിത്രം. സ്വവര്‍ഗാനുരാഗിയാണ് എന്ന കാരണത്താല്‍ അദ്ദേഹം ജയിലിലടയ്ക്കപ്പെടുകയും രാസ വന്ധ്യംകരണത്തിന് വിധേയനാക്കപ്പെടുകയും ചെയ്തു. ചികിത്സ / ശിക്ഷ നടക്കുന്ന സമയത്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

ദെക്കാര്‍ത്തിന്റെ പാവ

റ്റിയുറിങിനുമുന്‍പ് മറ്റാരും യന്ത്രത്തിന് ചിന്തിക്കാനാവുമോ എന്ന ചോദ്യം ഒരു പരികല്പനാരൂപത്തില്‍ മുന്നോട്ടുവെച്ചതായി അറിവില്ല. എന്നാല്‍ ഒരു പ്രവൃത്തിയോട് ഉചിതമായി പ്രതികരിക്കാനുള്ള ശേഷിയെ മനുഷ്യബുദ്ധിയുടെ സവിശേഷതയായി എണ്ണുന്ന കാഴ്ച്ചപ്പാട് വളരെ മുന്‍പേ ഉണ്ട്. കൗതുകകരമായ ഒരു കാര്യം, ആധുനിക തത്വചിന്തയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെനേ ദെക്കാര്‍ത്ത് തന്നെ ഈ ആശയം അവതരിപ്പിച്ചിരുന്നു എന്നതാണ്. മാത്രവുമല്ല, ഈ ആശയത്തെ മുന്‍നിര്‍ത്തി മനുഷ്യബുദ്ധിയും യന്ത്രവും തമ്മിലെ വ്യത്യാസത്തെ അദ്ദേഹം അടയാളപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തെളിവുമുണ്ട്. ഇന്നത്തെ അര്‍ത്ഥത്തിലുള്ള യന്ത്രങ്ങളോ സാങ്കേതികവിദ്യയോ നിലവിലില്ലാതിരുന്ന ഒരു കാലത്താണ് ഇതെന്നോര്‍ക്കണം. ഒരുപക്ഷെ, ഘടികാരങ്ങള്‍ മാത്രമായിരുന്ന അന്നത്തെ ശ്രദ്ധേയമായ സാങ്കേതികവിദ്യ. മനുഷ്യശരീരം തന്നെ ഒരു യന്ത്രം പ്രവര്‍ത്തിക്കുന്ന പോലെയാണ് പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം അനുമാനിച്ചിരുന്നു. ദെക്കാര്‍ത്തിന്റെ ‘ഡിസ്കോഴ്‌സ് ഓണ്‍ മെത്തേഡ്’ (Discourse on Method) എന്ന കൃതിയില്‍ യന്ത്രവിദ്യയ്ക്ക് സഞ്ചരിക്കാവുന്ന പരമാവധി ദൂരത്തെ സങ്കല്പിക്കുന്നുണ്ട്. യന്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയെ പല നിലകളിലും സ്വാധീനിച്ചിരുന്നു എന്ന കാര്യം വ്യക്തമാണ്. ചെറിയ പ്രായത്തില്‍ മരിച്ചുപോയ മകളുടെ പേരില്‍ അദ്ദേഹം ഒരു പാവയെ ഉണ്ടാക്കിയ കഥ പ്രചാരത്തിലുണ്ട്. പെരുന്തച്ചന്റെ പാവയെ പോലെ, ചില ശബ്​ദങ്ങളോടോ സ്പര്‍ശത്തോടോ ഒക്കെ ഈ മരപ്പാവ പ്രതികരിക്കുമായിരുന്നെത്ര. സ്വീഡനിലേക്കുള്ള ഒരു കപ്പല്‍ യാത്രയില്‍ പാവയെ ഒളിപ്പിച്ചുവെച്ച പെട്ടി തുറന്നുകാണിക്കാന്‍ അദ്ദേഹത്തോട് കപ്പിത്താന്‍ നിര്‍ബന്ധിച്ചുവെന്നും പെട്ടി തുറന്ന ഉടന്‍ പാവ ശബ്​ദിച്ചുവെന്നും ഭയചകിതനായ കപ്പിത്താന്‍ പാവയെ കടലിലെറിഞ്ഞുവെന്നും ഒക്കെയാണ് കഥ.

ഇതൊരു കഥ മാത്രമായിരിക്കാം. എന്നാല്‍, ഒരു പ്രവൃത്തിയോടുള്ള പ്രതികരണമെന്ന തരത്തില്‍ ചില ശബ്​ദങ്ങള്‍ പുറപ്പെടുവിക്കുകയോ ചില സവിശേഷമായ രീതികളില്‍ പെരുമാറുകയോ ചെയ്യുന്ന യന്ത്രങ്ങള്‍ സാധ്യമാണെന്ന് അദ്ദേഹം ഡിസ്കോഴ്‌സ് ഓണ്‍ മെത്തേഡ് എന്ന കൃതിയില്‍ പറയുന്നുവെന്നത് ശ്രദ്ധേയമാണ്. ശബ്​ദിക്കുന്ന യന്ത്രപ്പാവയെ നിര്‍മിക്കാനായേക്കും. ഒരുപക്ഷേ, ഈ പാവയ്ക്ക് ചിരിക്കാനും കരയാനും ശബ്​ദങ്ങള്‍ പുറപ്പെടുവിക്കാനും ഒക്കെ കഴിഞ്ഞേക്കും. എന്നാല്‍അതിന് ഒരു ശബ്​ദത്തോട് ഉചിതമായി പ്രതികരിക്കാന്‍ കഴിയില്ല. ഈ അര്‍ത്ഥത്തില്‍ യന്ത്രവിദ്യയുടെ ഭാവിസാധ്യതകളിലൂടെ എത്രദൂരം സഞ്ചരിച്ചാലും ചിന്തിക്കുന്ന യന്ത്രത്തില്‍ എത്താനാവില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. കാരണം, ഉചിതമായി പ്രതികരിക്കാന്‍ ചിന്ത വേണം. ചിന്തിക്കാന്‍ ‘മനസ്സ്’ വേണം. മനസ്സിന് മാത്രമേ ചിന്തിക്കാനാവു. അതായത്, ഉചിതമായി പ്രതികരിക്കാന്‍ ഒരു യന്ത്രത്തിനാവാത്തത് സാങ്കേതികവിദ്യാപരമായ അപര്യാപ്തത കൊണ്ടല്ല. ചിന്തിക്കുന്ന യന്ത്രം എന്നത് തന്നെ ഒരു ഭവശാസ്ത്രപരമായ അസാധ്യതയാണ്. കാരണം, യന്ത്രത്തെ ഒരു ശരീരമായേ കാണാന്‍ പറ്റൂ. ഏതു ശരീരത്തിന്റെയും ഉണ്മ ഭൗതികമാണ്. ഭൗതികമായിരിക്കുക എന്നാല്‍ വ്യാപ്തിയുള്ള വസ്തുവായിരിക്കുക എന്നാണ്. അഴിച്ചെടുത്താല്‍ അതില്‍ വ്യാപ്തിയില്ലാത്തതായി ഒന്നും അവശേഷിക്കില്ല. വ്യാപ്തി ഇല്ലാത്ത ശരീരം എന്നത് അചിന്ത്യമാണ്. മനസ്സിന് വ്യാപ്തിയില്ല. അത് ഭൗതിക വസ്തുവല്ല, ചിന്തിക്കുന്ന വസ്തുവാണ്. അതില്‍ വ്യാപ്തി എന്ന ഗുണം ആരോപിക്കാനാവില്ല. ചിന്തിക്കുന്ന ശരീരം എന്നതുപോലെ വ്യാപ്തിയുള്ള ചിന്തയും അസംബന്ധകരമാണ്. ചിന്തയുടെ നിഗൂഢമായ ഇടം ആയി മനസ്സ് എന്ന ആശയത്തെ അവതരിപ്പിക്കുകയാണ് ദെക്കാര്‍ത്ത് ചെയ്തത് എന്ന് പറയാം. മനുഷ്യശരീരത്തെ യന്ത്രമായി എടുത്താല്‍ അതിനുള്ളിലെ ഭൂതം ആണ് മനസ്സ് (Ghost in the machine എന്ന് Gilbert Ryle). മനസ്സിനെകുറിക്കുന്ന ഈ ആശയവും ഒരു മിത്ത് ആവാം. ഒരുപക്ഷെ, ആധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പ്രബുദ്ധ’ ജീവിതത്തെ ആനിമേറ്റ് ചെയ്ത ഏറ്റവും പ്രബലമായ മിത്തായി അത് മാറി.

റെനേ ദെക്കാര്‍ത്ത്

യന്ത്രം ചെയ്യുന്നതെന്തെന്ന് അതിനറിയില്ല

റ്റിയുറിങിന്റെ പരീക്ഷയില്‍ വിജയിച്ച യന്ത്രത്തെ ബുദ്ധിയുള്ള യന്ത്രമായി കാണുകയും മനുഷ്യബുദ്ധിയും ഇതേ മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ദെക്കാര്‍ത്തിന്റെ ഭൂതത്തിന് നില്‍ക്കക്കള്ളിയില്ലാതെ വരും. ഈ അര്‍ത്ഥത്തില്‍, കാര്‍ത്തീസിയന്‍ ഭൂതത്തിന്റെ ഉച്ചാടനത്തിലേക്കാണ് റ്റിയുറിങിന്റെ പരികല്പനയും നിര്‍മിത ബുദ്ധി ഗവേഷണങ്ങളും വഴിതുറന്നത്. മനുഷ്യരുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മേല്‍പ്പറഞ്ഞ യന്ത്രത്തിന്റെ പ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല എന്ന വാദമുണ്ട്. നിര്‍മിതബുദ്ധിയുടെ മണ്ഡലത്തിലെ തീവ്രവാദം ആണിത്. കുറ്റമറ്റ രീതിയില്‍ നിര്‍മിക്കപ്പെട്ട ഒരു യന്ത്രത്തിന് മനുഷ്യരുടെ മസ്തിഷ്‌കത്തെ അനുകരിക്കാന്‍ കഴിയും എന്ന വാദം മിതവാദമാണ്. തീവ്രവാദമാണ് സാ​മ്പ്രദായിക തത്ത്വചിന്തയെ അങ്കലാപ്പിലാക്കുന്നത്. കാരണം, ഈ വാദം സാധുവാണെങ്കില്‍ തത്ത്വചിന്തയുടെ പരമ്പരാഗതമായ മേച്ചില്‍പ്പുറങ്ങള്‍ നഷ്ടമാകും. മനസ്സ്, ആത്മാവ്, ബോധം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ നീങ്ങും. ഈ ആപല്‍ശങ്കയാണ് ചിന്തിക്കുന്ന യന്ത്രം എന്ന ആശയത്തോടുള്ള തത്ത്വചിന്താപരമായ ആക്രമണങ്ങളുടെ ഒരേയൊരു പ്രചോദനം എന്ന് കരുതുക വയ്യ. മേല്‍പ്പറഞ്ഞ തീവ്രവാദം മുന്നോട്ടുവെയ്ക്കുന്നവര്‍ക്ക് മനുഷ്യബുദ്ധിയെ മനസ്സിലാക്കുന്നതില്‍ പിണഞ്ഞ അടിസ്ഥാനപരമായ അബദ്ധങ്ങള്‍ തുറന്നുകാട്ടാന്‍ ശ്രമിച്ച തത്ത്വചിന്തകര്‍ഏറെയുണ്ട്. അവരില്‍ പ്രധാനി ജോണ്‍ സേള്‍ (John Searle) ആണ്.

1980- ല്‍ പ്രസിദ്ധീകൃതമായ മൈന്‍ഡ്‌സ്, ബ്രെയിൻസ്​ ആൻഡ്​ പ്രോഗ്രാംസ്​ (Minds, Brains and Programs) എന്ന അദ്ദേഹത്തിന്റെ പ്രബന്ധമാണ് ഇതിന് തുടക്കമിട്ടത്. ‘ചൈനീസ് റൂം പരീക്ഷണം’ എന്ന പേരില്‍ പ്രസിദ്ധമായ അദ്ദേഹത്തിന്റെ വാദത്തിന്റെ കാതലായ വശം ചുരുക്കിപ്പറയാം: ചൈനീസ് ഭാഷ ഒട്ടും വശമില്ലാത്ത, ഇംഗ്ലീഷ് ഭാഷ അറിയുന്ന ഒരാള്‍ ഒരു മുറിയിലിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ചൈനീസ് ഭാഷയിലെ അക്ഷരങ്ങള്‍ പെറുക്കിവെച്ച് വാചകങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന, ഇംഗ്ലീഷിലുള്ള ഒരു കൈപ്പുസ്തകം അയാളുടെ പക്കലുണ്ട്. എന്നാല്‍, വാക്കുകളുടെയോ വാചകങ്ങളുടെയോ അര്‍ത്ഥങ്ങള്‍ പുസ്തകത്തില്‍ നിന്ന്​ ലഭ്യമല്ല. ഈ മുറിയുടെ ഒരു വശത്തുകൂടി ചൈനീസ് ഭാഷയിലെഴുതിയ ചില വാചകങ്ങള്‍ അകത്തേക്ക് കിട്ടുന്നു. കൈപ്പുസ്തകത്തിന്റെ സഹായത്തില്‍ അയാള്‍ ആ വാചകങ്ങളോട് ചൈനീസ് ഭാഷയില്‍ പ്രതികരിക്കുന്നു. പ്രതികരണങ്ങള്‍ മറുവശത്തുകൂടി പുറത്തേക്ക് തള്ളുന്നു. പുറത്തുവന്ന വാചകങ്ങള്‍ അകത്തേക്ക് നല്‍കിയ വാചകങ്ങള്‍ക്കുള്ള ഉചിതമായ പ്രതികരണങ്ങളാണ്. ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു എന്നു കരുതുക. ഒരു പക്ഷെ കൈപ്പുസ്തകത്തിന്റെ സഹായമില്ലാതെ തന്നെ ചൈനീസ് ഭാഷയില്‍ പ്രതികരിക്കാനുള്ള വൈദഗ്ധ്യം അയാള്‍ നേടിയേക്കാം. ചുരുക്കത്തില്‍, അയാള്‍ അയത്‌നലളിതമായി ചൈനീസ് ഭാഷ കൈകാര്യം ചെയ്യുന്നു. പക്ഷെ അപ്പോഴും അയാള്‍ക്ക് ചൈനീസ് ഭാഷ അറിയില്ല. അയാള്‍ അതിവിദഗ്ധമായി ചൈനീസ് ഭാഷ കൈകാര്യം ചെയ്യുന്നതായി നമുക്കു തോന്നും. പക്ഷെ, ഒരു വാക്കു പോലും അയാള്‍ക്കറിയില്ല. റ്റിയുറിങ് ടെസ്റ്റില്‍ വിജയിക്കുന്ന യന്ത്രത്തില്‍ വാസ്തവത്തില്‍സംഭവിക്കുന്നത് ഇതാണെന്നാണ് സേള്‍ പറയാന്‍ ശ്രമിക്കുന്നത്. യന്ത്രം ചിന്തിക്കുന്നതായി നമുക്കുതോന്നും. എന്നാല്‍ അത് ചിന്തയല്ല. മനുഷ്യസമാനമായ ബുദ്ധിശേഷി പ്രകടിപ്പിക്കുന്ന മട്ടില്‍ ഒരു യന്ത്രത്തെ എത്രതന്നെ സുസജ്ജമാക്കിയാലും അതിന്റെ പ്രവര്‍ത്തനത്തെ മനോവ്യാപാരമായി കാണാനായില്ല.

ജോണ്‍ സേള്‍

മനുഷ്യജീവിക്ക് മനസ്സ് ഉണ്ട്; യന്ത്രത്തിന് അതുണ്ടാവില്ല എന്ന ലളിതമായ വാദമല്ല ഇത്. മനസ്സ് എന്നതിനെ ഒരു സത്ത എന്ന മട്ടില്‍ കാണണമെന്നില്ല. ഒരു പ്രവൃത്തിയെ മനോവ്യാപാരമായി കാണുന്നത് അതിന്റെ സവിശേഷമായ ഒരു സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ്. എന്താണ് ആ സ്വഭാവം എന്നതാണ് പ്രശ്‌നം. മലയാളത്തില്‍ മനസ്സിലാക്കല്‍ എന്ന പ്രയോഗമുണ്ടല്ലോ. മനോവ്യാപാരങ്ങളുടെ അടിസ്ഥാനപരമായ ഒരു സ്വഭാവമായി ഇതിനെ എടുക്കുക. പുറത്തുള്ളതിനെ നമ്മള്‍ മനസ്സിനകത്താക്കുന്നു, അഥവാ ഉള്‍ക്കൊള്ളുന്നു. ഇന്റെന്‍ഷനാലിറ്റി (Intentionality) എന്ന പദമാണ് സേള്‍ ഉപയോഗിക്കുന്നത്. ജര്‍മന്‍ ഫിനോമിനോളജിയുടെ ചിന്തനപാരമ്പര്യത്തില്‍ നിന്നാണ് ഈ പദം അദ്ദേഹം കണ്ടെടുക്കുന്നത്. എന്നാല്‍, ഫിനോമിനോളജിയില്‍ ഉള്ള അതേ അര്‍ത്ഥമാണോ അദ്ദേഹം അതിന് കല്‍പ്പിക്കുന്നത് എന്നത് ഒരു തര്‍ക്കവിഷയമാണ്. അതവിടെ നില്‍ക്കട്ടെ. മനസ്സിലാക്കല്‍ എന്ന പദത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാല്‍, മനോവ്യാപാരങ്ങളില്‍ ഒരു ഉള്‍ക്കൊള്ളല്‍ നടക്കുന്നുണ്ട്. ഉള്‍ക്കൊണ്ടത് അവയുടെ ഉള്ളടക്കമാണ്: പ്രതിനിധാനപരമായ ഉള്ളടക്കം. ഫിനോമിനോളജിയുടെ ചില ധാരകളിലെങ്കിലും ഇന്റെന്‍ഷനാലിറ്റി എന്നത് പ്രതിനിധാനമല്ല. ലോകം വിഷയിയില്‍ ഉന്മീലിതമാവുന്നത് പ്രതിനിധാനപരമായല്ല. അതെന്തായാലും, സേള്‍ അതിനെ എടുക്കുന്നത് അര്‍ത്ഥസംബന്ധിയായ ഒരു സങ്കല്‍പ്പനമായാണ്. മനസ്സിലാക്കുക എന്നാല്‍ ആര്‍ത്ഥികമായി (semantic) ഉള്‍ക്കൊള്ളുക എന്നാണ്. മനുഷ്യചിന്തയുടെ അനിവാര്യമായ ഒരു തലമാണ് ഇത്.

ഇങ്ങനെയാണെങ്കില്‍ ചൈനീസ് ഭാഷ മനസ്സിലാകാതെ സംസാരിക്കുന്ന ആള്‍ ചിന്താപരമായ ഒരു പ്രവൃത്തിയിലല്ല ഏര്‍പ്പെടുന്നത്. വാക്യഘടനാപരമായ (syntactic) ഒരു പ്രോസസ്സിങ്​ മാത്രമേ അവിടെ നടക്കുന്നുള്ളൂ. വാക്യഘടനാപരമായ തലത്തില്‍നിന്ന്​ ആര്‍ത്ഥികമായ തലം ഉരുത്തിരിച്ചെടുക്കാനാവില്ല. മനുഷ്യബുദ്ധിയെ അതെപടി യാന്ത്രികമായി പുനരാവിഷ്‌കരിക്കാം എന്ന തീവ്രനിലപാട് കൈക്കൊള്ളുന്നവര്‍ വാസ്തവത്തില്‍ ആര്‍ത്ഥികമായ തലത്തെ അവഗണിക്കുകയാണ്. ബുദ്ധിയുടെ അനിവാര്യമായ തലമായി അവര്‍അതിനെ കാണുന്നില്ല. ചിന്തിക്കുന്ന യന്ത്രം വാസ്തവത്തില്‍ ചിന്തിക്കുന്നില്ല; എന്തിനെക്കുറിച്ചാണോ ‘ചിന്തിക്കുന്നത്’ അതിനെ ആര്‍ത്ഥികമായി ഉള്‍ക്കൊള്ളുന്നില്ല. അത് ചെയ്യുന്നതെന്തെന്ന് അതിന് മനസ്സിലാവില്ല. മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന തോന്നല്‍ അതുണ്ടാക്കുന്നു എന്നുമാത്രം. ഒരു പ്രവൃത്തി അതില്‍ ആരാണോ ഏര്‍പ്പെടുന്നത് അയാള്‍ക്ക് അര്‍ത്ഥവത്തായിത്തീരണം. അപ്പോള്‍ മാത്രമേ അത് ബൗദ്ധികമായ പ്രവര്‍ത്തനമാവുന്നുള്ളൂ. മനുഷ്യജീവിയുടെ കാര്യത്തില്‍ ഇതാണ് നടക്കുന്നത്. (കൃത്രിമ ബുദ്ധിയില്‍ ‘As if’ Intentionality മാത്രമാണുള്ളത്, Intrinsic intentionality അല്ല എന്ന് സേള്‍ പറയുന്നത് ശ്രദ്ധേയം). സേളിന്റെ ഈ വാദത്തെ പിന്‍പറ്റുന്ന പല ചിന്തകള്‍ രൂപപ്പെട്ടിട്ടുണ്ട്. ‘യന്ത്രചിന്തനം’ എന്ന ആശയത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ക്ക് പുതിയൊരു ദിശ നൽകിയ സുപ്രധാനമായ ഇടപെടലായി അത് അംഗീകരിക്കപ്പെടുന്നു. ഇതിനര്‍ത്ഥം അത് സര്‍വ്വസമ്മതമായ ഒരു വാദമായി മാറി എന്നല്ല. ഇതിനെതിരായ കാഴ്ച്ചപ്പാടുകള്‍ പലതും ഈ ഗവേഷണമേഖലയില്‍ നിലവിലുണ്ട്. ഒരുപക്ഷെ ഡാനിയേല്‍ ഡെന്നറ്റ് (Daniel Dennett) ആണ് മുന്‍പ് സൂചിപ്പിച്ച തീവ്രവാദത്തെ പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന സമകാലചിന്തകരില്‍ പ്രമുഖന്‍. മസ്തിഷ്‌കം എന്നത് വെറുമൊരു യന്ത്രം മാത്രമാണെന്ന് അദ്ദേഹം തീര്‍ത്തുപറയുന്നു. തീര്‍ത്തും വാക്യഘടനാപരമായ ​പ്രോസസ്സിങ്​ മാത്രമേ അത് ചെയ്യുന്നുള്ളു. അതില്‍ അര്‍ത്ഥവും മനസ്സിലാക്കലും പ്രതിനിധാനവും ഒന്നുമില്ല. ഡെന്നറ്റിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, നമ്മുടെ മസ്തിഷ്‌കം പല കാര്യങ്ങളും ചെയ്യുന്നുണ്ട്; പക്ഷെ അതെന്താണ് ചെയ്യുന്നതെന്ന് അതിനറിയില്ല. ചുരുക്കിപ്പറഞ്ഞാല്‍, അര്‍ത്ഥഗ്രഹണവും മനസ്സിലാക്കലും പ്രതിനിധാനവും ഒക്കെയാണ് ‘ബുദ്ധി’ എങ്കില്‍ നമ്മുടെ ബുദ്ധിക്ക് ബുദ്ധിയില്ല.

ഡാനിയേല്‍ ഡെന്നറ്റ്

യന്ത്രത്തിന് ശരീരമുണ്ടോ?

മേല്‍പ്പറഞ്ഞ മോഡലുകളെ മനസ്സ്, ബോധം എന്നീ പരമ്പരാഗതമായ സങ്കല്‍പ്പനങ്ങളെ ചുറ്റിപ്പറ്റി രൂപപ്പെട്ടുവന്ന ചിന്തനരീതിയോടുള്ള പരസ്പരഭിന്നമായ രണ്ട് പ്രതികരണങ്ങളായും കാണാം. യന്ത്രചിന്തനം എന്ന ആശയത്തെ എതിര്‍ക്കുന്നവര്‍ മനുഷ്യജീവിയുടെ ചിന്തനവൃത്തിയില്‍ വാക്യഘടനാപരമല്ലാത്ത ഒരു തലം അനിവാര്യമായും ഉണ്ടെന്ന് വാദിക്കുന്നു. ഈ തലം മനസ്സ് എന്ന പരമ്പരാഗതമായ ആശയത്തിന്റെ പ്രച്ഛന്നമായ ഒരു രൂപത്തെ കുറിക്കുന്നുണ്ട് എന്ന് നിശ്ചയമായും വാദിക്കാവുന്നതാണ്. ഈ അര്‍ത്ഥത്തില്‍, മനുഷ്യചിന്തനത്തിന്റെ ഇടമായി മനസ്സിനെ പുനരാനയിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. എതിര്‍പക്ഷമാകട്ടെ, മസ്തിഷ്‌കത്തിനുള്ളില്‍ അങ്ങനെയൊരു ഭൂതം നിലനില്‍ക്കുന്നില്ലെന്ന് വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരുതരം ഭൂതോച്ചാടനം!

മനസ്സിനെ വിട്ട്, ചിന്തിക്കുന്ന യന്ത്രത്തിന് ശരീരമുണ്ടോ എന്ന മറ്റൊരു ചോദ്യം ഉന്നയിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത് എന്ന് നോക്കാനാണ് ഇനി ശ്രമിക്കുന്നത്. ചിന്തനവും ശരീരവും തമ്മിലെ ബന്ധം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങളില്‍ ഇന്ന് സജീവമായി കടന്നുവരുന്ന ഒരു പ്രശ്‌നമാണ്. ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നിന്ന്​ മുറിഞ്ഞുമാറി നില്‍ക്കുന്ന ഒരു മണ്ഡലത്തിലല്ല നടക്കുന്നത് എന്നും അവ അനിവാര്യമായും ശരീരനിഷ്ഠമാണെന്നുമുള്ള കാഴ്ച്ചപ്പാട് ഇവിടെ പ്രധാനമായിവരുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചിന്ത തന്നെ ശരീരമാര്‍ജ്ജിക്കുന്ന ഘട്ടത്തെ നിര്‍ണായകമായ ഒരു വഴിത്തിരിവായി എണ്ണാറുണ്ട്. (Embodied Cognitive Science എന്ന ആശയം ഈ വഴിത്തിരിവിനെ കുറിക്കുന്നു).

ഈ മേഖലയിലെ സുപ്രധാനമായ ഒരു പ്രവണതയെ E എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന നാല് വാക്കുകളെ (Embodied, Embedded, Extended, Enactive) ചേര്‍ത്തുവെച്ച് ‘4E Cognition’ എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കാറുണ്ട്. അതില്‍ സൂചിതമാവുന്ന ആശയങ്ങളെ ചുരുക്കത്തില്‍ പറയാന്‍ ശ്രമിക്കാം. ഒന്നാമതായി, മനോവൃത്തികള്‍ അനിവാര്യമായും ശരീരസ്ഥമാണ്. മനസ്സ് മസ്തിഷ്‌കം തന്നെയാണെന്നോ അത് ശരീരത്തിന്റെ ഭാഗമാണെന്നോ ഉള്ള അര്‍ത്ഥത്തിലല്ല ഇത് പറയുന്നത്. മനസിന്റേത്​ എന്ന് വ്യവഹരിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അഭൗതികമല്ല. അറിയലും ചിന്തിക്കലുമൊന്നും അശരീരിയായ പ്രവര്‍ത്തനങ്ങളല്ല. മാത്രവുമല്ല, ഒരു ജഡപദാര്‍ത്ഥമായല്ല ശരീരത്തെ കാണേണ്ടത്. ജീവത്തായ പ്രതിഭാസം എന്ന നിലയില്‍ അത് ചുറ്റുപാടുകളില്‍, സാമൂഹികമോ സാംസ്കാരികമോ ഒക്കെയായ പ്രകരണങ്ങളില്‍, വേരൂന്നി നില്‍ക്കുന്നു. മൂന്നാമതായി, ശരീരത്തിന്റെ അതിരുകള്‍ കവിഞ്ഞൊഴുകുന്ന ഒരു തലം കൂടിയുണ്ട് മനോവൃത്തികള്‍ക്ക്. ഒരു ഉപകരണം കൈകാര്യം ചെയ്യുന്ന ഒരാളുടെ മനസ്സ് ശരീരത്തിന്റെ അതിരുകള്‍ക്കപ്പുറം ആ ഉപകാരണത്തിലേക്ക് പരക്കുന്നു. വാഹനം ഓടിക്കുന്ന ഒരാളുടെ ശരീരബോധം വാഹനത്തിന്റെ ലോഹശരീരത്തെകൂടി ഉള്‍ക്കൊള്ളുന്ന മട്ടില്‍ വ്യാപിച്ചുനില്‍ക്കുന്നു. മനസ്സും ചിന്തയുമൊന്നും തലയില്‍ തളംകെട്ടി കിടക്കുകയല്ലെന്ന് ചുരുക്കം. മറ്റൊരു സുപ്രധാനമായ തലം കൂടി മനോവൃത്തികള്‍ക്കുണ്ട്. ലോകത്തെ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളുടെ പാര്‍പ്പിടമല്ല തല. അറിവും ചിന്തയുമൊക്കെ പ്രയോഗങ്ങള്‍ കൂടിയാണ്. ലോകാനുനുഭവങ്ങളെയും ആഭിമുഖ്യങ്ങളെയും തീരുമാനങ്ങളെയും പ്രവൃത്തികളെയുമെല്ലാം രൂപപ്പെടുത്തുകയും മാറ്റുകയുമൊക്കെ ചെയ്യുന്ന പ്രയോഗരൂപങ്ങളായിക്കൂടി അവയെ കാണാം.

തലയുടെ ചുമടും താങ്ങി നീങ്ങുന്ന ഒന്നല്ല ശരീരം. ബുദ്ധി ‘തലസ്ഥാന’ത്തിരുന്ന് ശരീരത്തെ ഭരിക്കുകയല്ല. മനുഷ്യനെ കുറിക്കുന്ന ലബ്​ധപ്രതിഷ്ഠമായ ഒരു ഇമേജ് ഉടഞ്ഞുപോവുന്നുണ്ട് ഇവിടെ. ബൗദ്ധികം, കായികം എന്ന മട്ടില്‍ പ്രവൃത്തികളെ ഉച്ചനീചക്രമത്തില്‍ വേര്‍തിരിക്കുന്ന ഒരു കാഴ്ച്ചപ്പാടിനെ നിര്‍വീര്യമാക്കുന്ന ഇടപെടല്‍ കൂടിയായി ഇതിനെ കാണാം. ഈ വിചാരവിപ്ലവത്തിലേക്ക് നയിച്ച ചിന്തനപാരമ്പര്യങ്ങളില്‍ സുപ്രധാനമായത് ഫിനോമിനോളജി ആണ്. ഈ പാരമ്പര്യത്തിനുള്ളില്‍, വിശേഷിച്ചും മെര്‍ലു- പോന്തി (Merleau- Ponty) വികസിപ്പിച്ചെടുത്ത ചട്ടക്കൂടിനുള്ളില്‍, ശരീരം എന്നത് ഒരു വസ്തുവല്ല. അറിവിന്റെ വിഷയമായി നില്‍ക്കുന്ന ഒന്ന് എന്നതിനുപകരം അറിയുന്ന ആളും അറിവിന്റെ വിഷയവും തമ്മിലെ ബന്ധത്തെത്തന്നെ സാധ്യമാക്കുന്ന ഒന്നായി ശരീരത്തെ എടുക്കുക. അതായത്, ശരീരം ലോകത്തിലെ ഒരു വസ്തുവല്ല. ലോകം ഉണ്ടാവുന്നത്, അനുഭവമാവുന്നത്, ശരീരത്തിലൂടെയാണ്. ഈ ശരീരസങ്കല്പനത്തെ അതിന്റെ സൂക്ഷ്മവും വിസ്ഫോടകവുമായ തലങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്, മേല്‍വിവരിച്ച ഗവേഷണങ്ങള്‍ എന്ന് കരുതിക്കൂടാ. ബൗദ്ധികവ്യാപാരങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശരീരത്തിന്റെ നിര്‍ണായകമായ സ്ഥാനം വെളിവാക്കാനാണ് അവ ഏറിയ പങ്കും ശ്രമിച്ചത്. എന്നാല്‍, മെര്‍ലു- പോന്തിയുടെ ആലോചനകള്‍ പിന്തുടര്‍ന്നാല്‍ ശരീരത്തെക്കുറിച്ചുള്ള കുറെക്കൂടി വിപ്ലവകരമായ മറ്റൊരു കാഴ്ച്ചയാണ് ലഭ്യമാവുക. ബുദ്ധിക്ക് ചിന്തിക്കാനുള്ള അസംസ്കൃത വിഭവങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഒന്നല്ല ശരീരം. മറിച്ച്, ശരീരം തന്നെയാണ് ചിന്തിക്കുന്നത്. ഈ ചിന്തനം ഒരു പ്രവൃത്തിയോ ലോകത്തിന്റെ പ്രതിനിധാനമോ അല്ല; അത് ശരീരത്തിന്റെ ആവിഷ്‌ക്കാരം തന്നെ, ലോകത്തിന്റെയും. ഈ ആശയം യന്ത്രചിന്തനത്തിന്റെ പ്രകരണത്തില്‍ തീര്‍ത്തും അസംഗതവുമാണ്. ചിന്തനത്തിന്റെ പ്രകൃതം ഇതാണെങ്കില്‍ മനുഷ്യന്റെ പ്രതിച്​ഛായയില്‍ യന്ത്രത്തെ നിര്‍മിക്കാനാവുമെന്ന തീവ്രവാദം അതിന്റെ അടിസ്ഥാന പരികല്പനയുടെ തലത്തില്‍ തന്നെ അസാധുവായി മാറും.

ശരീരത്തെ അടിസ്ഥാനമാക്കുന്ന കാഴ്ച്ചപ്പാട് സേള്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടില്‍ നിന്ന്​ ഏറെ വ്യത്യസ്തമാണ്. അര്‍ത്ഥത്തെക്കുറിച്ചും മനോവൃത്തികളുടെ ആര്‍ത്ഥികമായ തലത്തെക്കുറിച്ചും പറയുമ്പോള്‍ സേള്‍ ഈന്നുന്നത് പ്രതിനിധാനത്തിന്റെ യുക്തിയിലാണ്. ചുരുക്കത്തില്‍പറഞ്ഞാല്‍, അദ്ദേഹത്തിന്റെ നോട്ടത്തില്‍ മാനസികം എന്ന് വിശേഷിപ്പിക്കാവുന്ന ഏത് പ്രവൃത്തിയും എന്തിനെയോ കുറിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചിന്തിക്കുമ്പോള്‍ നമ്മള്‍ എന്തിനെയോ കുറിച്ചാണ് ചിന്തിക്കുന്നത്. ഈ കുറിയ്ക്കലിനെ പ്രതിനിധാനമായാണ് സേള്‍ കാണാന്‍ ശ്രമിക്കുന്നത്. മനസ്സിലാക്കല്‍ എന്നത് ഇത്തരത്തില്‍ പുറത്തുള്ളതിനെ അകത്താക്കുന്ന ക്രിയയായി കാണുമ്പോള്‍ അകവും പുറവും എന്ന പഴയ കാര്‍ത്തീഷ്യന്‍ ദ്വന്ദ്വം പുനരാനയിക്കപ്പെടുകയാണ്. ഫലത്തില്‍, ഒരു മിത്തിനെ നിര്‍വീര്യമാക്കാന്‍ മറ്റൊരു മിത്തിനെ പുനരാനയിക്കുകയാണ് സേള്‍ ചെയ്യുന്നത് എന്ന് വാദിക്കാവുന്നതാണ്. എന്നാല്‍, ശരീരത്തെ അടിസ്ഥാനമാക്കുന്ന കാഴ്ച്ചപ്പാടില്‍ പ്രതിനിധാനം എന്ന പ്രശ്‌നം കടന്നുവരുന്നില്ല. ശരീരം ലോകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നല്ല. ലോകം ശരീരത്തിലൂടെ ആവിഷ്‌കൃതമാവുന്നു എന്ന് പറയാം. സങ്കീര്‍ണമായ ഈ ആശയത്തെ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാകാന്‍ ശ്രമിക്കാം: ഒരു കസേര കസേരയാവുന്നത് നമുക്കുമുന്നിലുള്ള ഒരു വസ്തു എന്ന നിലയിലല്ല. ഇരിക്കുക എന്ന ശരീരസാധ്യതയുടെ, അംഗവിന്യാസത്തിന്റെ പ്രകരണത്തിലാണ് കസേര കസേരയാവുന്നത്. കസേരയുടെ അര്‍ത്ഥം എന്നുപറയുന്നത് ആ വാക്കില്‍ സൂചിതമാവുന്ന വസ്തുവല്ല. ശരീരത്തിന്റെ പ്രകരണത്തിലുള്ള അതിന്റെ സാംഗത്യം ആണ്. ലോകം ഈ മട്ടില്‍ ശരീരത്തിലൂടെയാണ് ആവിഷ്‌കൃതമാവുന്നത്. ശരീരത്തില്‍ അത് പല നിലകളില്‍ സംഗതമാവുന്നു. പ്രായോഗിക ജീവിതസന്ദര്‍ഭങ്ങളില്‍നിന്നും ഉരുത്തിയുന്ന സാമൂഹികവും സാംസ്കാരികവുമൊക്കെയായ മുന്‍ധാരണകളും മുന്‍വിധികളും ഒക്കെ അതില്‍ കലര്‍ന്നേ പറ്റു. ശരീരത്തിന്റെ ആവാസവ്യവസ്ഥയാണ് അത്. തലച്ചോറ് പ്രവര്‍ത്തിക്കുന്നത് ഈ വ്യവസ്ഥക്കുള്ളിലാണ്. ഇങ്ങനെ നോക്കുമ്പോള്‍ സാംഗത്യം എന്നതിനെ കേവലം പ്രതിനിധാനമായി തെറ്റിദ്ധരിച്ചുകൂടാ. സേളിന്റെ പരീക്ഷണമുറിയിലെ ആളുടെ കൈവശം ചൈനീസ് ഭാഷയിലെ വാക്കുകളുടെ അര്‍ത്ഥം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്ന പുസ്തകം കൂടി ഉണ്ടെന്നു കരുതുക. എന്നാലും സാംഗത്യത്തിന്റെ പ്രശ്‌നം ബാക്കി നില്‍ക്കും. ശരീരത്തിന്റെ / സാംഗത്യത്തിന്റെ തലത്തെ മുന്‍കൂറായി റദ്ദാക്കിക്കൊണ്ട് മസ്തിഷ്‌കത്തെ നിര്‍വ്വചിക്കുമ്പോള്‍ മാത്രമാണ് അതൊരു യന്ത്രം ആവുന്നത്. ചിന്തിക്കുന്ന യന്ത്രം എന്ന മിത്ത് നില്‍ക്കുന്നത് ഈ യുക്തിയിന്മേലാണ്.

ഒരു മിത്തിന്റെ ബലതന്ത്രം

ചിന്തിക്കുന്ന യന്ത്രം എന്ന ആശയത്തെ ഒരു മിത്ത് എന്ന നിലയില്‍ സമീപിക്കുമ്പോള്‍ അതിന്റെ രണ്ട് സ്വഭാവങ്ങള്‍ പ്രധാനമായി വരുന്നുവെന്ന് തുടക്കത്തില്‍ പറഞ്ഞു. ഒന്നാമതായി, അത് നിലവിലുള്ള ഒന്നിനേയുമല്ല സൂചിപ്പിക്കുന്നത്, മറിച്ച് ‘ഉണ്ടാവേണ്ട’ ഒന്നിനെയാണ്. എന്താണ് ഉണ്ടാവേണ്ടത് എന്നതിനെ സംബന്ധിച്ച മുന്‍ധാരണകളുണ്ട് അതില്‍. യന്ത്രത്തിന്റെ പ്രതിച്​ഛായയില്‍ മനുഷ്യനുണ്ടാവുകയോ മനുഷ്യന്റെ പ്രതിച്​ഛായയില്‍ വര്‍ദ്ധിതമായ ക്രിയാശേഷിയോടെ ഒരു യന്ത്രമുണ്ടാവുകയോ ചെയ്യുന്ന ആദര്‍ശാത്മകമായ ഒരു അവസ്ഥയാണ് ഈ മിത്തിന്റെ സൂചനാബിന്ദു. സാങ്കേതികവിദ്യ സാങ്കേതികം മാത്രമല്ല, പ്രത്യയശാസ്ത്രപരവും കൂടിയാണ്. ആശയം ഉപകരണമായും ഉപകരണം ആശയമായും വര്‍ത്തിക്കുന്ന മണ്ഡലമാണത്. രണ്ടാമതായി, ഏതാവസ്ഥയാണോ ഉണ്ടാവേണ്ട അവസ്ഥയായി നിര്‍ദ്ദേശിക്കപ്പെടുന്നത് അതിനെ നിലവിലുള്ള അവസ്ഥയായി അവതരിപ്പിച്ചു കൊണ്ടാവാം ഈ മിത്ത് നമുക്കിടയില്‍ പ്രവര്‍ത്തനക്ഷമമാവുന്നത്. മനുഷ്യനെപ്പോലെ പെരുമാറുന്ന യന്ത്രം ഉണ്ടാക്കലല്ല ഈ മേഖലയിലെ ഇന്നത്തെ ഗവേഷണങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. മനുഷ്യനെപ്പോലെ പെരുമാറാന്‍ മനുഷ്യനുണ്ട്. വേണ്ടത് മനുഷ്യന് ചെയ്യാന്‍ പറ്റാത്ത പ്രവൃത്തികള്‍ ചെയ്യുന്ന യന്ത്രമാണ്. റ്റിയുറിങിന്റെ പരികല്പനയില്‍ നിന്ന്​ ഈ ഗവേഷണസംരംഭം മുന്നോട്ടുപോയത് അതിന്റെ ലക്ഷ്യത്തെ തന്നെ തിരുത്തിക്കൊണ്ടാണ്. മനുഷ്യജീവിയുടെ നിലവിലുള്ള അവസ്ഥയെ, പരിമിതിയെ മറികടക്കുന്ന യന്ത്രമാണ് അവയുടെ ലക്ഷ്യസ്ഥാനം. അങ്ങനെയെങ്കില്‍, മനുഷ്യചിന്തനത്തിന്റെ നിലവിലുള്ള അവസ്ഥാവിശേഷങ്ങള്‍ ചൂണ്ടിക്കാട്ടി അതിനോട് പ്രതികരിക്കുന്നത് അസംബന്ധകരമാവും. എന്നാല്‍, ഈ മട്ടിലുള്ള പ്രതികരണം പ്രസകതമാവുന്നത് മനുഷ്യവസ്ഥയില്‍ മറികടക്കേണ്ടുന്ന പരിമിതിയായി എണ്ണപ്പെടുന്നതെന്ത് എന്ന കാര്യത്തിലേക്ക് ശ്രദ്ധ തിരിയുമ്പോഴാണ്. യന്ത്രത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ മനുഷ്യചിന്തനത്തിന്റെ പരിമിതി എന്താണ്? അതിന്റെ ശാരീരികത തന്നെ. യന്ത്രത്തിന് ശരീരമില്ല. അതിന്റെ കെട്ടുപാടുകളുമില്ല. അപ്പോള്‍, വേണ്ടത്, അഭികാമ്യമായത്, ശരീരബദ്ധമല്ലാത്ത ചിന്തയാണെന്നുവരും. ഒരുദാഹരണം എടുത്താല്‍, ശരീരബദ്ധമായ ചിന്തയെ പലതും ബാധിക്കും. വികാരങ്ങളും ആധികളും സങ്കടങ്ങളും ഉത്കണ്ഠകളും ഒക്കെ അതിന്റെ ഉന്മേഷം കെടുത്തും. ശരീരം വിയര്‍ക്കും. യന്ത്രത്തിന് വിയര്‍ക്കില്ല. ഉത്പാദനത്തിന്റെ പ്രകരണത്തില്‍ നോക്കിയാല്‍, ചിന്തിക്കുന്ന യന്ത്രങ്ങളാണ് മൂലധനത്തിന് അഭികാമ്യം. ചിന്തിക്കുന്ന യന്ത്രം ചിന്തിക്കുന്ന മൂലധനം തന്നെ.


ടി.വി. മധു

സാംസ്‌കാരിക വിമർശകൻ, ചിന്തകൻ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം മേധാവിയും പ്രൊഫസറും. നവ മാർക്‌സിസം, പോസ്റ്റ് മാർക്‌സിസം, ഉത്തരാധുനികത, ആധുനികത തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നു. നവ മാർക്‌സിസ്റ്റ് സാമൂഹികവിമർശനം, ഞാൻ എന്ന അഭാവം, മാർക്‌സിനൊപ്പം മാർക്‌സിനുശേഷം (നിസാർ അഹമ്മദിനൊപ്പം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments