ഭൗതികശാസ്ത്രത്തിലെ പ്രതിസന്ധിയും ക്വാണ്ടം ഭൗതികത്തിന്റെ നൂറാം വാർഷികവും

“ക്വാണ്ടം ഭൗതികത്തിലെ രൂപീകരണത്തിന്റെ ഘട്ടത്തിൽ ഭൗതികശാസ്ത്രജ്ഞരും തത്ത്വചിന്തകരും അഭിമുഖീകരിച്ച പ്രശ്നങ്ങളും പ്രതിസന്ധികളും തന്നെയാണ് മറ്റൊരർത്ഥത്തിൽ അതിന്റെ വലിയ മാനങ്ങളോടെ ഇപ്പോഴും തുടരുന്നത്,” ക്വാണ്ടം ഭൗതികത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ ഉയർന്നുവരുന്ന ചർച്ചകൾ വിശദീകരിക്കുകയാണ് വി. വിജയകുമാർ.

ഭൗതികശാസ്ത്രം ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് ആ മേഖലയിൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നവർക്ക് ഏതാണ്ട് പൊതുവിൽ ബോദ്ധ്യമായിക്കഴിഞ്ഞ കാലയളവാണിത്. ഭൗതികശാസ്ത്രജ്ഞർ ഉത്തരം കണ്ടെത്താൻ ആഗ്രഹിക്കുന്ന സൈദ്ധാന്തികഭൗതികത്തിലെ പല നിർദ്ദേശങ്ങളും പ്രശ്നങ്ങളും പരീക്ഷണശാലകളിൽ പ്രായോഗികമാണോയെന്നു പരിശോധിക്കാൻ കഴിയാത്തതും ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഫലങ്ങൾ ലഭ്യമാകാത്തതുമാണ് ഈ പ്രതിസന്ധിയിൽ പെട്ടെന്നു ദൃശ്യമാകുന്നത്. ഇതിനു പരിഹാരമെന്നോണം ഭൗതികശാസ്ത്രത്തിന്റെ മണ്ഡലത്തിൽ ഉപയോഗിക്കപ്പെടുന്ന രീതിശാസ്ത്രങ്ങളെയും (methodology) ഭൗതികശാസ്ത്രത്തിന് ഭൗതികവസ്തുക്കളിലുള്ള വിശ്വാസത്തെ തന്നെയും ഉപേക്ഷിക്കണമെന്നു പറയുകയും ഭൗതികത്തിന്നപ്പുറത്തേക്ക്, സ്ഥലകാലങ്ങൾക്കും ദ്രവ്യത്തിനും അപ്പുറത്തേക്ക്, ഭൗതികയാഥാർത്ഥ്യത്തിൻറെ നിർമ്മാണത്തിനായി അന്വേഷിക്കണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷവിഭാഗമെങ്കിലും ഗവേഷണമേഖലയിലും തത്ത്വചിന്താരംഗത്തും സജീവമായിരിക്കുന്ന സ്ഥിതിയുമുണ്ട്. ഭൗതികശാസ്ത്രത്തിലെ ഭൗതികവാദപരമായ (Materialistic) സമീപനങ്ങളെ ഉപേക്ഷിക്കണമെന്ന് ഇവർ നിർദ്ദേശിക്കുന്നു.

ക്വാണ്ടം ഭൗതികം രൂപപ്പെടുന്ന നാളുകളിൽ, ഏതാണ്ട് നൂറു വർഷങ്ങൾക്കു മുമ്പ്, ''ഭൗതികശാസ്ത്രത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് തെരുവിൽ നടക്കുന്നവർക്കു പോലും അറിയാം'' എന്ന ഒരു പ്രസ്താവന റഷ്യൻ വിപ്ലവത്തിന്റെ നേതാവായിരുന്ന ലെനിൻ നടത്തുന്നതായി കാണാം. ക്രിസ്റ്റഫർ കോഡ്വെൽ 'ഭൗതികശാസ്ത്രത്തിലെ പ്രതിസന്ധി' എന്ന പുസ്തകമെഴുതുന്നതും ഏതാണ്ട് ഈ സന്ദർഭത്തിലാണ്. ക്വാണ്ടം ഭൗതികത്തിലെ രൂപീകരണത്തിന്റെ ഘട്ടത്തിൽ ഭൗതികശാസ്ത്രജ്ഞരും തത്ത്വചിന്തകരും അഭിമുഖീകരിച്ച പ്രശ്നങ്ങളും പ്രതിസന്ധികളും തന്നെയാണ് മറ്റൊരർത്ഥത്തിൽ അതിന്റെ വലിയ മാനങ്ങളോടെ ഇപ്പോഴും തുടരുന്നത്. ഇതിനകം ഭൗതികശാസ്ത്രജ്ഞർ ഉറപ്പിച്ചുകഴിഞ്ഞ സിദ്ധാന്തങ്ങൾക്കിടയിൽ തന്നെയുള്ള ആശയപരവും ഗണിതപരവുമായ പൊരുത്തക്കേടുകൾ, പരീക്ഷണാത്മക സങ്കേതങ്ങളുടെ പരിമിതികൾ, പരീക്ഷണശാലകളിൽ നിന്നുള്ള ഡാറ്റയുടെ ഗൗരവതരമായ തോതിലുള്ള അഭാവം എന്നിങ്ങനെ പല കാര്യങ്ങൾ എടുത്തുപറയാൻ കഴിയും. ഇപ്പോൾ ക്വാണ്ടം ഭൗതികത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ ഈ ചർച്ചകൾ കൂടുതൽ വ്യാപകവും ഊർജ്ജസ്വലവും ആയിരിക്കുന്നു. പ്രശ്നങ്ങളുടെയും പ്രതിസന്ധിയുടെയും ആധാരങ്ങളെ സമൂർത്തതയിൽ കാണാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

ശാസ്ത്രത്തിന് ഏകീകൃതമായ ഒരു രീതിശാസ്ത്രം ഉണ്ടോ? ''ശാസ്ത്രത്തിൽ എന്തുമാകാം'' (anything goes) എന്നു പറയുന്നതിനുവേണ്ടി ''രീതിശാസ്ത്രത്തിനെതിരെ'' ('against method') എന്ന പുസ്തകം എഴുതിയത് പോൾ ഫയറബെൻറ് എന്ന ചിന്തകനാണ്. വ്യവസ്ഥാനുസൃതം പ്രവർത്തിക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനു മുന്നിൽ ഭൗതികശാസ്ത്രജ്ഞൻ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു അവസരവാദിയായിട്ടായിരിക്കും പ്രത്യക്ഷപ്പെടുകയെന്ന ഐൻസ്റ്റൈന്റെ വാക്കുകളും ഓർക്കുക. ഐൻസ്റ്റൈന്റെയും ഫയറബൻറിന്റെയും വാക്കുകൾക്കും നിരീക്ഷണങ്ങൾക്കും അപ്പുറം പ്രതിഭാസങ്ങളുടെയും പ്രക്രിയകളുടെയും വിശദീകരണത്തിനുപയോഗിക്കുന്ന വിവിധ ശാസ്ത്രമാതൃകകൾക്കിടയിലെ വൈരുദ്ധ്യങ്ങൾക്കപ്പുറം, ആധുനികശാസ്ത്രം എക്കാലത്തും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള യോജിപ്പിനെ അതിന്റെറെ പരമമായ രീതിശാസ്ത്രമായി സ്വീകരിച്ചിരുന്നു. ഗണിതശാസ്ത്രപരമായ സമീകരണങ്ങളും സിദ്ധാന്തങ്ങളും പരീക്ഷണാത്മകമായ തെളിവുകൾ കൊണ്ട് സാധൂകരിക്കപ്പെടണമെന്ന് അത് എക്കാലത്തും ഉറപ്പിച്ചിരുന്നു. ശാസ്ത്രവസ്തുവിൻറെ നിർമ്മാണത്തെ കുറിച്ചും പരീക്ഷണസങ്കേതങ്ങളുടെ ഗരിമയെ കുറിച്ചും മറ്റുമുള്ള വിമർശനങ്ങൾ പല രീതിയിൽ പുറത്ത് ഉയരുമ്പോഴും തങ്ങളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നതിന് ഭൗതികശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു.

ഇപ്പോൾ, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള യോജിപ്പിൻറെ രീതിശാസ്ത്രത്തെ അപ്രായോഗികമാക്കുന്ന സ്ഥിതിയിലേക്ക് കാലം ആധുനികശാസ്ത്രത്തെ എത്തിച്ചിരിക്കുന്നുവെന്നു പറയണം. യഥാർത്ഥത്തിൽ പ്രതിസന്ധിയുടെ കാതൽ ഇവിടെയാണ്. ചില മേഖലകളിലെങ്കിലും ഇത് എങ്ങനെയാണ് പ്രകടിതമാകുന്നതെന്നു നോക്കാം.

സമകാലഗവേഷണങ്ങൾ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങളും സാമാന്യ ആപേക്ഷികതാസിദ്ധാന്തവും സമന്വയിപ്പിക്കാനുള്ള കഴിവില്ലായ്മയാണ്. സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ ക്വാണ്ടം സിദ്ധാന്തവുമായി സംയോജിപ്പിക്കുന്നതിലെ പ്രധാന പ്രതിബന്ധം ഇതോടനുബന്ധിച്ചുളള കലനങ്ങൾ നിശ്ചിത ഉത്തരങ്ങൾ ലഭ്യമാകാതെ അനന്തത്തിൽ എത്തിച്ചേരുന്നു എന്നതായിരുന്നു. നൂൽ സിദ്ധാന്ത (String Theory)ത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് കരുതപ്പെട്ടിരുന്നു. ഗ്രാവിറ്റോൺ എന്ന കണിക നൂലിന്റെ ഒരു കമ്പനാവസ്ഥയ്ക്കു സദൃശമാണെന്ന് സൈദ്ധാന്തികമായി പറയാം. പ്രപഞ്ചത്തെ നിർണ്ണയിക്കുകയും നയിക്കുകയും ചെയ്യുന്നത് നൂൽസിദ്ധാന്തമാണെങ്കിൽ അനുയോജ്യമായ സംയോജിനീകരണം (Compatification)ഏതാണെന്നു കണ്ടെത്തുകയെന്നതും വളരെ പ്രധാനമാണ്. ഇത് വലിയൊരു ഗവേഷണമേഖലയാണ്. ഈ ഏകീകരണപ്രക്രിയയിൽ ഒരു അതിസമമിതി (Super Symmetry)യെയും ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഫെർമിയോണുകളും ബലക്ഷേത്രങ്ങളുടെ വിശദീകരണത്തിനുപയോഗിക്കുന്ന ബോസോണുകളും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന് ഈ അതിസമമിതി നിർദ്ദേശിക്കുന്നു. അത് പ്രപഞ്ചത്തിലെ എല്ലാ മൗലികകണങ്ങൾക്കും ഒരു ഉത്തമപങ്കാളി (Super partner)യെ കൂടി നിർദ്ദേശിക്കുന്നുമുണ്ട്. ഉത്തമപങ്കാളിക്ക് മൗലികകണത്തിന്റെ ചക്രണ(spin)ത്തിൽ നിന്നും 1/2 വ്യത്യാസമുണ്ടായിരിക്കും. ഗ്രാവിറ്റോണിന്റെ ഉത്തമപങ്കാളി ഗ്രാവിറ്റിനോയാണ്. ഫോട്ടോണിന്റേത് ഫോട്ടിനോയും ഇലക്‌ട്രോണിന്റേത് സെലക്‌ട്രോണുമാണ്. എന്നാൽ, ഈ ഉത്തമപങ്കാളികളിൽ ഒന്നിനേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ കണങ്ങൾക്ക് വളരെ ഉയർന്ന പിണ്ഡമുള്ളതു കൊണ്ടാണ് ഇതേവരെ ഇവയെ കണ്ടെത്താൻ കഴിയാത്തതെന്ന വിശദീകരണമാണ് ഇതിന്റെ വക്താക്കളായ ശാസ്ത്രജ്ഞർ നല്കുന്നത്. പ്രോട്ടോണിന്റെ ആയിരം മടങ്ങ് പിണ്ഡമാണ് പല ഉത്തമകണങ്ങൾക്കും ഇവർ നിർദ്ദേശിക്കുന്നത്. സൈദ്ധാന്തികഭൗതികം നിർദ്ദേശിക്കുന്ന സിദ്ധാന്തങ്ങൾക്ക് പരീക്ഷണാത്മക തെളിവുകൾ ലഭ്യമാക്കാൻ കഴിയുന്നില്ല.

റോജർ പെൻ റോസ് ഗവേഷണം ശരിയായ ദിശയിലല്ലെന്നു കരുതുന്ന ശാസ്ത്രജ്ഞനാണ്. സാമാന്യ ആപേക്ഷികസിദ്ധാന്തത്തെയും ക്വാണ്ടം ഭൗതികസിദ്ധാന്തത്തെയും യോജിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഐൻസ്റ്റൈന്റെ സിദ്ധാന്തം എപ്പോഴും ക്വാണ്ടം സിദ്ധാന്തത്തിന് അനുയോജ്യമായ രീതിയിൽ ചരിഞ്ഞു കൊടുക്കണമെന്ന വീക്ഷണമാണ് മേൽക്കൈ പുലർത്തുന്നതെന്നു പെൻ റോസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്വാണ്ടം നിയമങ്ങൾ പുതുക്കലിനു വിധേയമാകണമെന്നു നിർദ്ദേശിക്കുന്നവർ വളരെ ചുരുക്കമാണ്. ക്വാണ്ടം ഗ്രാവിറ്റി എന്ന നാമം തന്നെ അത് ഒരു ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തമാണെന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. സാമാന്യ ആപേക്ഷികസിദ്ധാന്തവും ക്വാണ്ടം ഭൗതികസിദ്ധാന്തവും തമ്മിലുള്ള യോഗത്തിൽ പ്രകൃതിയുടെ വീക്ഷണം ഇതല്ല എന്നതിന് തെളിവുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ക്വാണ്ടം ഭൗതികത്തിലെ മാനകപ്രശ്നത്തിനു കാരണമായ അവസ്ഥാ സങ്കോചന (Reduction of state)ത്തെ വിശദീകരിക്കുന്നതിൽ പോലും ഗുരുത്വാകർഷണത്തിനു വലിയ പങ്കുണ്ടാകാമെന്ന സമീപനമാണ് റോജർ പെൻ റോസിനുള്ളത്. സൈദ്ധാന്തിക ഭൗതികത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏകീകരണ പ്രശ്നത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ഒരു സമവായമുണ്ടാക്കുകയെന്നത് വളരെ പ്രധാനമാണ്.

റോജർ പെൻ റോസ്
റോജർ പെൻ റോസ്

പ്രപഞ്ചത്തിന്റെ വികാസത്തെ തടയാനുള്ള ശേഷി ദ്രവ്യത്തിന്റെ ആകർഷണബലത്തിനുണ്ടെങ്കിലും ത്വരണത്തോടെ അതു വികസിക്കുന്നത് എന്തുകൊണ്ടാണ്? ശരിയായ ഉത്തരം കിട്ടാത്ത ഒരു പ്രശ്‌നമാണിത്. പ്രപഞ്ചത്തിൽ നാം അറിയുന്ന രൂപത്തിലുള്ള പ്രകാശിക്കുന്ന ദ്രവ്യത്തിന്റെ സാന്ദ്രത പ്രപഞ്ചദ്രവ്യത്തിന്റെ ക്രാന്തികസാന്ദ്രത (critical density)യിൽ നിന്നും വളരെ കുറവാണെന്നാണ് കലനങ്ങൾ കാണിക്കുന്നത്. ഇതരരൂപങ്ങളിലുളള ദ്രവ്യം പ്രപഞ്ചത്തിലുണ്ടാകുമെന്ന നിഗമനത്തിലേക്കാണ് ഈ ഫലങ്ങൾ ശാസ്ത്രജ്ഞന്മാരെ നയിച്ചത്. ഇരുണ്ട ദ്രവ്യ (Dark Matter)വും ഇരുണ്ട ഊർജ്ജ(Dark Energy)വും സാന്ദ്രതാവ്യത്യാസത്തെ വിശദീകരിക്കുവാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ന്യൂട്രിനോയെപ്പോലുളള കണങ്ങളാണ് ഇരുണ്ടദ്രവ്യത്തിന്റെ ഘടകങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ, അവ ഇരുണ്ടദ്രവ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരിക്കും. ശീത ഇരുണ്ട ദ്രവ്യ(Cold Dark Matter)മെന്ന സങ്കല്പനം നിർദ്ദേശിക്കപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇവ ന്യൂട്രിനോകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്നവയായിരിക്കും. വിമ്പുകളെന്നും ആക്‌സിയോണുകളെന്നും വിളിക്കപ്പെടുന്ന ഇത്തരം കണങ്ങളെ കണ്ടെത്താനുളള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ എഴുപതുശതമാനത്തോളം ഇരുണ്ട ഊർജ്ജ (Dark Energy)മായിരിക്കുമത്രെ! ഇരുണ്ട ഊർജ്ജ പ്രശ്‌നം നിർദ്ധാരണം ചെയ്യുകയെന്നത് സൈദ്ധാന്തിക ഭൗതികത്തിലെ ഭാവിഗവേഷണത്തിന്റെ ഒരു പ്രധാന ചുമതലയാണ്. പ്രപഞ്ചത്തിന്റെ ഏറെ ഭാഗവും അദൃശ്യമായ ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊർജ്ജവും ചേർന്നതാണ്. അതിന്റെ സ്വഭാവം ഒരു പൂർണ്ണ രഹസ്യമായി തുടരുന്നു. നിലവിലുള്ള സിദ്ധാന്തങ്ങൾക്ക് അവയെ വിശദീകരിക്കാൻ കഴിയുന്നില്ല, ഇത് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ വലിയ വിടവാണ് സൃഷ്ടിക്കുന്നത്.

ക്വാണ്ടം ഭൗതികത്തിൽ, ഒരു സൂക്ഷ്മകണികയുടെ അവസ്ഥ അളക്കുന്നതുവരെ എണ്ണമറ്റ സാധ്യതകളുള്ള ഒരു തരംഗ പ്രവർത്തനമായി അതു നിലനിൽക്കുന്നു. അളവുപ്രക്രിയയിൽ അത് നിശ്ചിതമായ ഒരവസ്ഥയിലേക്ക് "തകരുന്നു." ( reduction of wavefunction ) ഈ അളവുപ്രക്രിയ നമുക്ക് മനസ്സിലാകുന്ന മൂർത്തമായ യാഥാർത്ഥ്യത്തെ എങ്ങനെ, എന്തുകൊണ്ട് സൃഷ്ടിക്കുന്നുവെന്നത് ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ്. ഇത് യാഥാർത്ഥ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നതുമാണ്.

പ്രപഞ്ചോൽപ്പത്തിക്കു കാരണമായി നിർദ്ദേശിക്കപ്പെടുന്ന മഹാവിസ്ഫോടനം തുല്യഅളവിൽ ദ്രവ്യവും പ്രതിദ്രവ്യവും (matter and antimatter) ഉൽ‌പ്പാദിപ്പിച്ചിരിക്കാമെന്നാണ് സൈദ്ധാന്തിക മാതൃകകൾ സൂചിപ്പിക്കുന്നത്. അവ പരസ്പരം ഉന്മൂലനം ചെയ്യുന്നവയാണ്. അപ്പോൾ, നമ്മുടെ നിരീക്ഷിതപ്രപഞ്ചം ഉൾക്കൊള്ളുന്ന ദ്രവ്യത്തിന്റെ ചെറിയ ആധിക്യത്തിന്, ദ്രവ്യ-പ്രതിദ്രവ്യ അസമമിതിക്ക് ബാരിയോൺ സംഖ്യകളുടെ സംരക്ഷണം ഭേദിക്കുന്ന ഗവേഷണഫലങ്ങൾ ലഭ്യമാകണം. സഖാറോവ് നിബന്ധനകളിൽ പ്രധാനമായ ഇത് ലഭ്യമായിട്ടില്ല. പരീക്ഷണപരവും രീതിശാസ്ത്രപരവുമായ തടസ്സങ്ങളും പരീക്ഷണ മാർഗ്ഗനിർദ്ദേശത്തിന്റെ അഭാവവും ഇതിനു കാരണമാകുന്നുണ്ട്.

ക്വാണ്ടം ഗുരുത്വാകർഷണം പോലുള്ള പ്രശ്നങ്ങളിൽ ആവശ്യമായ പരീക്ഷണങ്ങൾക്ക് നിലവിലെ കഴിവുകൾക്കപ്പുറമുള്ള സാങ്കേതികവിദ്യ ആവശ്യമാണ്. ഇത് പരീക്ഷണാത്മക തെളിവുകളുടെ അഭാവത്തിന് കാരണമായിരിക്കുന്നു. സൈദ്ധാന്തികഭൗതികത്തിൽ പ്രവർത്തിക്കുന്നവർ പരീക്ഷണാത്മക തെളിവുകൾ ഇല്ലാതെ പ്രവർത്തിക്കുന്നതിലേക്ക് ഇത് നയിക്കപ്പെടുന്നു. ഇത് ഗണിതസിദ്ധാന്തരൂപീകരണങ്ങളെ തന്നെ തെറ്റായ ദിശകളിലേക്ക് നയിക്കുന്നു.

സാങ്കേതികവിദ്യയുടെ പരിമിതികൾ പ്രത്യേകം എടുത്തുപറയണം. അടിസ്ഥാന പ്രതിഭാസങ്ങൾ സംഭവിക്കുന്ന വലിയ സ്കെയിലിനുള്ളിൽ (പ്ലാങ്ക് സ്കെയിൽ മുതൽ പ്രപഞ്ചത്തിന്റെ വലുപ്പം വരെ) പലപ്പോഴും പൂർണ്ണമായും നിയന്ത്രിതപരീക്ഷണങ്ങൾ അസാധ്യമായിരിക്കുന്നു. പല സന്ദർഭങ്ങളിലും പ്രതിഭാസങ്ങൾ പരോക്ഷമായി പഠിക്കേണ്ടതായി മാറുന്നു. നൂൽ സിദ്ധാന്തവും മറ്റും നിർദ്ദേശിക്കുന്ന കണങ്ങളെ കണ്ടെത്തുന്നതിനും മറ്റും ഇപ്പോൾ നാം നിർമ്മിച്ചിട്ടുള്ള കണികാത്വരകങ്ങളുടെ ശേഷി മതിയാകില്ല. ഉയർന്ന ഊർജ്ജക്ഷമതയുള്ള കണികാത്വരകങ്ങൾ നിർമ്മിക്കുന്നതിന് പ്രതീക്ഷിക്കാവുന്നതിലധികം ഫണ്ട് ആവശ്യമുണ്ട്.

വിഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സുരക്ഷിതമായ ഫണ്ടിംഗും ഗവേഷണ ഗ്രാന്റുകളും പലേ വിധത്തിലുള്ള തടസ്സങ്ങൾ നേരിടുന്നു. ഫണ്ടിംഗിന്റെ മത്സരസ്വഭാവം പലപ്പോഴും ശാസ്ത്രജ്ഞരെ വളരെ നൂതനവും ദീർഘകാലാധിഷ്ഠിതവുമായ പ്രോജക്റ്റുകളേക്കാൾ സുരക്ഷിതവും പ്രവചനീയവുമായ ഗവേഷണത്തിലേക്ക് തള്ളിവിടുന്നു, ഇത് മൗലികചോദ്യങ്ങളുയർത്തുന്ന ഗവേഷണങ്ങളെ തടസ്സപ്പെടുത്തുന്നു. വലിയ മുതൽമുടക്കു വേണ്ടിവരുന്ന കണികാത്വരകങ്ങളുടെയും മറ്റും നിർമ്മിതിക്ക് സഹായങ്ങൾ ലഭ്യമാകുക പ്രയാസകരമായിരിക്കുന്നു.

ഉയർന്ന സ്വാധീനമുള്ള ജേണലുകളിൽ പതിവായി പ്രസിദ്ധീകരിക്കാൻ ഗവേഷകർക്കു മേലുള്ള സമ്മർദ്ദം മോശമായി രൂപകൽപ്പന ചെയ്ത പഠനങ്ങളിലേക്കു നയിക്കപ്പെടുന്നുവെന്ന സ്ഥിതിയുമുണ്ട്. പിയർ-റിവ്യൂ സിസ്റ്റം തന്നെ പലപ്പോഴും മന്ദഗതിയിലുള്ളതും പൊരുത്തമില്ലാത്തതുമാണെന്ന വിമർശനവും ഉയരുന്നു. അക്കാദമിക് വിദഗ്ദ്ധരുടെ മേലുള്ള സമ്മർദ്ദകരമായ സാഹചര്യങ്ങൾ കഴിവുള്ള വ്യക്തികളെ ഈ മേഖല വിടാൻ ഇടയാക്കുന്നതായും കരുതണം.

ഇങ്ങനെ, ഭൗതികശാസ്ത്രഗവേഷണരംഗം വളരെ ഗൗരവതരമായ ചില പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തന്നെയാണ് ഇന്നേവരെയുള്ള ഭൗതികശാസ്ത്രത്തിൻറെ രീതിശാസ്ത്രത്തെയും അടിസ്ഥാനകാഴ്ചപ്പാടുകളെയും തന്നെ ഉപേക്ഷിക്കണമെന്ന നിലപാടുകളും സമീപനങ്ങളുമായി ചില ചിന്തകർ രംഗത്തു വന്നിരിക്കുന്നത്. ഭൗതികശാസ്ത്രം ഭൗതികവസ്തുക്കളിലുള്ള വിശ്വാസത്തെ തന്നെ ഉപേക്ഷിക്കണമെന്നു പറയുകയും ഭൗതികത്തിന്നപ്പുറത്തേക്ക്, സ്ഥല-കാലങ്ങൾക്കും ദ്രവ്യത്തിനും അപ്പുറത്തേക്ക്, ഭൗതികയാഥാർത്ഥ്യത്തെ നിർമ്മിക്കുന്നതിനായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഡീൺ റിക്ക്ൽസ് (Dean Rickles) എന്ന ചിന്തകനാണ്. ജോൺ വീലറും ഡേവിഡ് ബോമും ഈ ദിശയിൽ സഞ്ചരിച്ചുവെന്ന് അദ്ദേഹം പറയുന്നു. വേദപുസ്തകങ്ങൾ ഭൗതികശാസ്ത്രഗ്രന്ഥങ്ങളാണെന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നയാൾ എന്നു മീരാനന്ദ വിശേഷിപ്പിക്കുന്ന സുഭാഷ് കാക്ക് കഴിഞ്ഞ നവംബർ 21നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഭൗതികശാസ്ത്രത്തിലെ വൻ പ്രതിസന്ധി ഒരു യാഥാർത്ഥ്യമാണെന്നു പറയുന്നു. ഭൗതികശാസ്ത്രത്തിന് നിരീക്ഷകരെ കുറിച്ചുള്ള ഒരു സിദ്ധാന്തമില്ലെന്നും ബോധം (Consciousness) എന്ന പ്രതിഭാസത്തെ കുറിച്ചും സ്വാതന്ത്ര്യാനുഭവത്തെ കുറിച്ചും ധാരണകൾ സ്വരൂപിച്ചാലേ നിരീക്ഷണത്തെ കുറിച്ചുള്ള സിദ്ധാന്തം സാദ്ധ്യമാകൂയെന്നും അദ്ദേഹം പറയുന്നു. തൻറെ E-dimensionalityയെ കുറിച്ചുള്ള സിദ്ധാന്തം ഈ പ്രതിസന്ധിയിൽ സഹായകമാകില്ലേയെന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ഭൗതികത്തിൻറെ പ്രതിസന്ധിയുടെ ഘട്ടങ്ങളിലെല്ലാം മിസ്റ്റിസിസവും അതിഭൗതികവാദവും ഔഷധങ്ങളുമായി വരാറുണ്ട്. ഇപ്പോഴും അതു സംഭവിക്കുന്നുണ്ട്. അതിനോട് പലപ്പോഴും ഇടയേണ്ടി വരും. എന്നാൽ, ഇത് പ്രതിസന്ധിയെ കാണാതിരിക്കുന്നതിനോ മറയ്ക്കുന്നതിനോ ഉള്ള മാർഗ്ഗമാകരുത്.

ഭൗതികശാസ്ത്രം  ഭൗതികവസ്തുക്കളിലുള്ള വിശ്വാസത്തെ തന്നെ ഉപേക്ഷിക്കണമെന്നു പറയുകയും ഭൗതികത്തിന്നപ്പുറത്തേക്ക്, സ്ഥല-കാലങ്ങൾക്കും ദ്രവ്യത്തിനും അപ്പുറത്തേക്ക്, ഭൗതികയാഥാർത്ഥ്യത്തെ നിർമ്മിക്കുന്നതിനായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഡീൺ റിക്ക്ൽസ് (Dean Rickles) എന്ന ചിന്തകനാണ്.
ഭൗതികശാസ്ത്രം ഭൗതികവസ്തുക്കളിലുള്ള വിശ്വാസത്തെ തന്നെ ഉപേക്ഷിക്കണമെന്നു പറയുകയും ഭൗതികത്തിന്നപ്പുറത്തേക്ക്, സ്ഥല-കാലങ്ങൾക്കും ദ്രവ്യത്തിനും അപ്പുറത്തേക്ക്, ഭൗതികയാഥാർത്ഥ്യത്തെ നിർമ്മിക്കുന്നതിനായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഡീൺ റിക്ക്ൽസ് (Dean Rickles) എന്ന ചിന്തകനാണ്.

പ്രകൃതിശാസ്ത്രത്തിൻറെ രീതിശാസ്ത്രപ്രശ്നങ്ങളെക്കുറിച്ച് വർഷങ്ങൾക്കു മുമ്പേ തന്നെ ചിന്തകർ എഴുതിയിരുന്നു. ഫ്രെഡറിക് എംഗൽസ് 'ആൻറി ഡ്യൂറിങി'ൽ എഴുതുന്ന ചില വാക്യങ്ങൾ പ്രകൃതിശാസ്ത്രത്തിൻറെ രീതിശാസ്ത്രത്തിനുള്ള വിമർശനമാണെന്നു കാണാവുന്നതാണ്. വ്യത്യസ്ത വസ്തുക്കളെയും പ്രക്രിയകളെയും വർഗീകരിക്കുകയും ക്രമീകരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിൻറെ പ്രവർത്തനരീതി അന്വേഷണവിധേയമാക്കുന്നവയെ ഇതര വസ്തുക്കളിൽനിന്നും പ്രക്രിയകളിൽ നിന്നും അടർത്തിമാറ്റി നിരീക്ഷിക്കുന്ന അഥവാ സാകല്യത്തിൽ അവയ്ക്കുള്ള പരസ്പരബന്ധത്തെ അവഗണിക്കുന്ന രീതിയാണെന്ന് എംഗൽസ് പറയുന്നു. വസ്തുക്കളുടെയും പ്രക്രിയകളുടെയും പ്രകൃതമനുസരിച്ച് വ്യത്യസ്തങ്ങളായ പല മണ്ഡലങ്ങളുടെയും നിശ്ചിതസീമകൾക്കുള്ളിൽ ഈ പ്രവർത്തനരീതി പ്രയോജനകരമായേക്കാമെങ്കിലും ഈ സീമകൾക്കു പുറത്ത് പരിമിതവും അമൂർത്തവും വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമായിരിക്കും. ശാസ്ത്രത്തിൻറെ വളർച്ചയോടൊപ്പം ഈ വൈരുദ്ധ്യങ്ങൾ വർദ്ധിക്കുകയും രൂക്ഷങ്ങളായ പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്യും. എംഗൽസ് മുൻകൂട്ടിക്കണ്ട രീതിശാസ്ത്രപരമായ പ്രതിസന്ധി ചരിത്രത്തിലുടനീളം ഭൗതികശാസ്ത്രത്തെ പിന്തുടർന്നിട്ടുണ്ട്. ഇപ്പോൾ, അത് രീതിശാസ്ത്രത്തെ മാറ്റിത്തീർക്കണമെന്ന ആവശ്യമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു.

വസ്തുക്കളോടും ജ്യാമിതീയ ആകൃതികളോടുമൊപ്പം നമ്മുടെ ബോധമണ്ഡലത്തിലുള്ള അഭിലാഷങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും ഭൗതികശാസ്ത്രത്തിന്റെ നിർമ്മിതിയിൽ പങ്കു വഹിക്കുന്നില്ല. നാം വസ്തുനിഷ്ഠഗുണങ്ങളെ മാത്രം പരിഗണിക്കുന്നു. രുചിയും മണവും തുടങ്ങി ആത്മനിഷ്ഠമായതെന്ന് കരുതപ്പെടുന്നവയെ ദ്വിതീയഗുണങ്ങളാണെന്നു പറഞ്ഞുകൊണ്ട് രണ്ടാം നിരയിലേക്കു മാറ്റി നിർത്തുന്നു. ഈ വിചിന്തനരീതി ആപേക്ഷികതാസിദ്ധാന്തത്തിൽ എത്തുമ്പോഴേക്കും വസ്തുനിഷ്ഠഗുണങ്ങളെന്നു നാം നിശ്ചയിച്ചുറപ്പിച്ചവയെല്ലാം; നീളം, കാലം, ചലനം, ദ്രവ്യമാനം, ജ്യാമിതീയ ആകൃതികൾ. ഇവയെല്ലാം, നിരീക്ഷകനെ ആശ്രയിച്ചു നിൽക്കുന്നതാണെന്ന ഫലങ്ങൾ നൽകുന്ന നിലയിലേക്കു മാറുന്നു. അതാകട്ടെ, ഗണിതശാസ്ത്രസമീകരണങ്ങളുടെ ചിന്തകളിലൂടെയാണ് നാം കണ്ടെത്തുന്നത്. സ്വയം നിർണ്ണയിക്കുന്ന പൂർണ്ണമായ വസ്തുനിഷ്ഠലോകഭൗതികത്തെ തിരഞ്ഞ നമ്മൾ പൂർണ്ണമായും ആത്മനിഷ്ഠലോകത്തിൽ എത്തിച്ചേരുന്നുവെന്ന് ക്രിസ്റ്റഫർ കോഡ്‌വെൽ എഴുതുന്നുണ്ട്.

മന:ശാസ്ത്രത്തിന്റെ മണ്ഡലം ഇതിനു വിരുദ്ധമായ ദിശയിൽ സഞ്ചരിച്ച് സമാനമായ മറ്റൊരു ദുർഘടത്തിൽ പെടുന്നുവെന്നു കൂടി കോഡ്‌വെൽ നിരീക്ഷിക്കുന്നു. മനസ്സിനെ എല്ലാ ഭൗതികഗുണങ്ങളിൽ നിന്നും അടർത്തിമാറ്റുന്ന മന:ശാസ്ത്രപഠനം ഗുണങ്ങളൊന്നുമില്ലാത്ത ലോകത്താണ് എത്തിപ്പെടുന്നത്. ശാസ്ത്രജ്ഞർക്ക് ബോധം ശൂന്യതയായി മാറിത്തീരുന്നു. എന്നാൽ, മസ്തിഷ്‌ക്കം നിലനിൽക്കുന്നുണ്ട്. മനസ്സ് സംവേദനങ്ങളുടെ ദ്രവ്യം മാത്രമായി തിരിച്ചറിയുന്നു. ഇപ്പോൾ, വസ്തുവിന്റെ പെരുമാറ്റരീതി മാത്രമായി മനസ്സിനെ മനസ്സിലാക്കപ്പെടുന്നു. ദ്രവ്യത്തെ മാത്രം പരിഗണിക്കുന്ന ഭൗതികത്തിന്റെ പാചകവിധികൾ വസ്തുനിഷ്ഠഗുണങ്ങളിൽ നിന്നും അതിനെ അകറ്റി മനസ്സിലേക്ക് ബാഷ്പീകരിച്ച് ഇല്ലാതാകുമ്പോൾ മനസ്സിനെ മാത്രം പരിഗണിക്കുന്ന മന:ശാസ്ത്രത്തിന്റെ ക്രിയാവിധികൾ മനസ്സിനെ വസ്തുഗുണമാക്കുന്ന ബിഹേവിയറിസത്തിലേക്കു നയിക്കുന്നു. മനുഷ്യബോധത്തിനു പുറത്ത് സ്വതന്ത്രമായ അസ്തിത്വമുള്ള വസ്തുനിഷ്ഠലോകമുണ്ടെന്ന സങ്കൽപ്പനത്തിൽ ആരംഭിക്കുന്ന ഭൗതികപഠനങ്ങൾ നിരീക്ഷകനിൽ നിന്നും സ്വതന്ത്രമായ ലോകം ഇല്ലെന്ന ഉത്തരങ്ങളിൽ എത്തുന്നതാണ് ഇപ്പോൾ ക്വാണ്ടം ഭൗതികപഠനങ്ങളിൽ നാം കാണുന്നത്. അമൂർത്തവൽക്കരണരീതി സ്വാഭാവികമെന്നോണം അവസാനം എത്തിച്ചേരുന്ന സ്ഥിതിയാണോ ഇത്?

ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങളും കണികാഭൗതികവും മറ്റും നടത്തുന്ന മൗലികകണങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പാഴാണെന്ന സമീപനം ഹൈസൺബർഗും ഫ്രിറ്റ്‌ജോഫ് കാപ്രയും ജെഫ്രി ച്യൂവും മറ്റും മുന്നോട്ടുവച്ചിരുന്നു. ക്വാർക്കുകളെയും മറ്റും അന്വേഷിക്കുന്ന പരീക്ഷണങ്ങളെ ചൂണ്ടിയാണ് അവർ ഇങ്ങനെ പറയുന്നത്. ഏറ്റവും മൗലികമായ കണമേത് എന്ന അന്വേഷണം അനന്തപ്രക്രിയയെന്ന പോലെ നീണ്ടുപോകുന്ന വൃഥാപ്രയത്‌നമായിരിക്കും എന്ന സമീപനമാണ് ഇവർക്കുണ്ടായിരുന്നത്. ഈ സമീപനം ഉപേക്ഷിക്കണമെന്നും ജെഫ്രി ച്യൂവിന്റെ സാകല്യവീക്ഷണത്തിലുള്ള ബൂട്‌സ്ട്രാപ് സിദ്ധാന്തം സ്വീകരിക്കണമെന്നും നിർദ്ദേശിക്കപ്പെടുന്നുമുണ്ട്. ഒരു കണത്തിൽ എല്ലാ കണങ്ങളും ഉള്ളടങ്ങിയിരിക്കുന്നതായി കാണുന്നതാണ് ബൂട്‌സ്ട്രാപ് സിദ്ധാന്തത്തിന്റെ ദാർശനികസമീപനം. പരസ്പരചേർച്ചയുള്ളതും സമഗ്രതയിൽ വീക്ഷിക്കുന്നതുമായ സിദ്ധാന്തമാണിതെന്ന സമീപനമാണ് അവർ സ്വീകരിച്ചത്. അതിന് പൗരസ്ത്യദർശനവുമായുള്ള സമാനതകളെ കാപ്ര പറയുന്നു. ഭാവിയിൽ മനുഷ്യബോധത്തെ കൂടി ഗണിതഗണമായി ഉൾപ്പെടുത്താൻ കഴിയുന്ന രീതിയിൽ ബൂട്‌സ്ട്രാപ് സിദ്ധാന്തം വികസിതമാകുമെന്നും അദ്ദേഹം കണ്ടിരുന്നു. എന്നാൽ, ബൂട്‌സ്ട്രാപ് സിദ്ധാന്തം മിക്കവാറും പുറന്തള്ളപ്പെടുന്നതും ക്വാർക്കുകളും ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങളും ഭൗതികശാസ്ത്രത്തിന്റെ ഗവേഷണവഴികളെ നിർണ്ണയിക്കുന്നതുമാണ് നാം പിന്നീടുള്ള ചരിത്രത്തിൽ കാണുന്നത്. ആധുനികശാസ്ത്രത്തിന്റെ ഗണിതയുക്തിയുടെയും അനുമാനങ്ങളുടെയും ആധുനികപരീക്ഷണ, നിരീക്ഷണോപകരണങ്ങളുടെയും ജ്ഞാനത്തിന് കുറേക്കൂടി മുന്നോട്ടുപോകാൻ കഴിഞ്ഞിരിക്കുന്നുവെന്നു തന്നെയാണ് ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങൾ കാണിക്കുന്നത്. വിഷയത്തിൽ വിഷയിയുടെ ബോധം ഇടപെടുകയും വിഷയത്തെ നിർണ്ണയിക്കുകയും ചെയ്യുന്നുവെന്നു തെളിയണമെങ്കിൽ ക്വാണ്ടം ഭൗതികത്തിന്റെ ഗണിതശാസ്ത്ര സമീകരണങ്ങളിൽ ബോധം ഒരു ഗണിതപദമായി ഉൾപ്പെടണം. ഇക്കാര്യത്തെ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നതു കൊണ്ടാണ് ഭാവിയിൽ മനുഷ്യബോധത്തെ കൂടി ഗണിതപദമായി ഉൾപ്പെടുത്താൻ കഴിയുന്ന രീതിയിൽ ബൂട്‌സ്ട്രാപ് സിദ്ധാന്തം വികസിതമാകുമെന്ന പ്രതീക്ഷ ഫ്രിറ്റ്‌ജോഫ് കാപ്ര പുലർത്തിയത്. ക്വാണ്ടം ഭൗതികത്തിന്റെ ഏറ്റവും ആത്മനിഷ്ഠമായ വ്യാഖ്യാനമെന്ന പഴി കേട്ടിട്ടുള്ള കാർലോ റോവെല്ലിയുടെ വ്യാഖ്യാനം പോലും മനുഷ്യബോധത്തെ ക്വാണ്ടം ഭൗതികത്തിന്റെ ഗണിതസമീകരണങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കാണുന്നില്ല. റോവെല്ലിയുടെ വ്യാഖ്യാനം ആധുനികശാസ്ത്രത്തിന്റെ പ്രവർത്തനങ്ങളെ തന്നെ അസാദ്ധ്യമാക്കുന്നതാണെന്ന വിമർശനം പലരും ഉയർത്തിയപ്പോൾ റോവെല്ലി നൽകുന്ന മറുപടി ഇക്കാര്യത്തെ നന്നായി വ്യക്തമാക്കുന്നുണ്ട്.

അനന്തമായി നീളുന്ന ക്വാണ്ടം മാനകപ്രക്രിയക്ക് തീർപ്പു കൽപ്പിക്കാൻ മനുഷ്യബോധത്തെ ഗണിതഗണമായി ഉൾപ്പെടുത്തണമെന്ന വോൺ ന്യൂമാന്റെ ആദ്യകാലനിർദ്ദേശത്തിന്റെ വഴികളിലല്ല ഗവേഷണം മുന്നോട്ടുപോയത്. ബോധത്തിൽ കലനത്തിനു വിധേയമാകാത്ത ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെന്ന് റോജർ പെൻ റോസ് പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. ('Why do I believe that consciousness involves noncomputable ingredients? The reason is Gödel's theorem': Roger Penrose.) റോജർ പെൻ റോസിനെ സംബന്ധിച്ചിടത്തോളം ഗോഡലിന്റെ തിയറങ്ങൾ, നമ്മുടെ മനസ്സും തലച്ചോറും ഡിജിറ്റൽ കമ്പ്യൂട്ടറുകളല്ലെന്നതിന്റെ തെളിവുകളാണ്. ഇപ്പോൾ, ഭൗതികശാസ്ത്രത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പുതിയ മാനങ്ങളിലേക്കു നീങ്ങുമ്പോൾ പഴയ ആവശ്യങ്ങൾ വീണ്ടും ഉയരുന്നു! ബോധത്തെ ഗണിതപദങ്ങളിൽ വിശദീകരിക്കുകകയാണോ പെൻ റോസ് സൂചിപ്പിക്കുന്ന കലനത്തിനു വിധേയമാകാത്ത ചേരുവകളെ കണ്ടെത്തി നമ്മുടെ സിദ്ധാന്തങ്ങളുടെ ഭാഗമാക്കുകയാണോ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റു സാദ്ധ്യമായ വഴികൾ തുറക്കുകയാണോ വേണ്ടത്?

പ്രകൃതിശാസ്ത്രത്തിൻറെ രീതിശാസ്ത്രപ്രശ്നങ്ങളെക്കുറിച്ച് വർഷങ്ങൾക്കു മുമ്പേ തന്നെ ചിന്തകർ എഴുതിയിരുന്നു. ഫ്രെഡറിക് എംഗൽസ് 'ആൻറി ഡ്യൂറിങി'ൽ എഴുതുന്ന ചില വാക്യങ്ങൾ പ്രകൃതിശാസ്ത്രത്തിൻറെ രീതിശാസ്ത്രത്തിനുള്ള വിമർശനമാണെന്നു കാണാവുന്നതാണ്.
പ്രകൃതിശാസ്ത്രത്തിൻറെ രീതിശാസ്ത്രപ്രശ്നങ്ങളെക്കുറിച്ച് വർഷങ്ങൾക്കു മുമ്പേ തന്നെ ചിന്തകർ എഴുതിയിരുന്നു. ഫ്രെഡറിക് എംഗൽസ് 'ആൻറി ഡ്യൂറിങി'ൽ എഴുതുന്ന ചില വാക്യങ്ങൾ പ്രകൃതിശാസ്ത്രത്തിൻറെ രീതിശാസ്ത്രത്തിനുള്ള വിമർശനമാണെന്നു കാണാവുന്നതാണ്.

ഏകീകൃതസിദ്ധാന്തങ്ങൾക്കു വേണ്ടിയുള്ള അന്വേഷണങ്ങളാണ് ഈ പ്രതിസന്ധികളെ സൃഷ്ടിച്ചിരിക്കുന്നത്. അതിന്നിടയിൽ രൂപം കൊണ്ട നൂൽ സിദ്ധാന്തങ്ങൾ ഏകപ്രപഞ്ചത്തിനു പകരം ബഹുപ്രപഞ്ചത്തെകുറിച്ചു പറയുന്നതിൽ എത്തിച്ചേരുന്നതും നാം കാണുന്നുണ്ട്. ഏകീകൃതരൂപങ്ങൾക്കു പകരം ബഹുലരൂപങ്ങളെ അംഗീകരിക്കുന്ന ഒരു സൈദ്ധാന്തികപദ്ധതിയായിരിക്കില്ലേ ഉചിതം? പലതായി കാണുന്നതിനെ ഒന്നിലേക്കു ചുരുക്കുന്നതെന്തിന്? അനേകത്തെ ഏകത്തിലേക്കു ചുരുക്കുന്നതെന്തിന് ?

അവലംബം:

1. To unify relativity and quantum mechanics we must abandon materialism - Dean Rickles, iai, 20 june 2025

2. The Crisis in Physics is Real - Subhash Kak, Medium, Nov 25, 2025

3. Anti-Duhring - Engels,Progress Publishers, Moscow, 1977

4. The Crisis in Physics - Christopher Caudwell, Verso Books, 2017

5. ഏകമോ അനേകമോ? - വി വിജയകുമാർ, അന്യോന്യം ത്രൈമാസികം, ജൂൺ. 2023


Summary: The most important challenge facing contemporary research is the inability to reconcile quantum force field theories and general relativity, V Vijayakumar writes.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും, നീർമാതളത്തിന്റെ പൂവ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments