ഡിജിറ്റൽ ആർക്കൈവിനെ സാധ്യതകളുടെ ഒരു സാങ്കേതികവിദ്യയായാണ് പൊതുവെ അവതരിപ്പിച്ചുപോരുന്നത്. ദുർബലവും നശിച്ചുപോകാൻ സാധ്യതയുള്ളതുമായ രേഖകളെ സംരക്ഷിക്കാനും, ഭൂമിശാസ്ത്രപരമായ അകലങ്ങളുടെ തടസ്സങ്ങൾ മറികടക്കാനും, സ്ഥാപനങ്ങളുടെ ശേഖരങ്ങൾ അവയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രാപ്യമാക്കാനും കഴിയുന്ന ഒരു തുറന്ന വിജ്ഞാനലോകമായാണ് ഡിജിറ്റൽ ആർക്കൈവ് വിവരിക്കപ്പെടുന്നത്.
എന്നാൽ, ജ്ഞാനോൽപ്പാദനം, മൂലധനം, പ്രത്യയശാസ്ത്രം, അധികാരബന്ധങ്ങൾ എന്നിവ ഡിജിറ്റൽ ആർക്കൈവിന്റെ രൂപീകരണത്തിൽ ഇടപെടുന്നതെങ്ങനെ എന്ന് ഈ ലേഖനം ചർച്ച ചെയ്യുന്നു:
ഡിജിറ്റൽ ആർക്കൈവുകളുടെ സൃഷ്ടിയെയും ഉപയോഗത്തെയും നിർണയിക്കുന്ന സാഹചര്യങ്ങളെയും അധികാരബന്ധങ്ങളെയും സാധ്യതകളെയും വിമോചനമൂല്യത്തെയും കുറിച്ചുള്ള വാഗ്ദാനം എങ്ങനെ മറച്ചുവയ്ക്കപ്പെടുന്നു.
ആർക്കൈവിനെക്കുറിച്ചുള്ള ചിന്തയുടെ സൈദ്ധാന്തിക അടിത്തറകളെ ലേഖനം പുനർനിർമ്മിക്കുന്നു.
ഫൂക്കോ, ദെറിദ, എംബെംബെ എന്നിവരുടെ വ്യവഹാരവിശകലനപരവും അപനിർമ്മാണപരവുമായ സമീപനങ്ങൾ; കോളനിവാഴ്ചയുടെ ആർക്കൈവിനെക്കുറിച്ചുള്ള കോഹൻ, ഡിർക്സ്, ഗുഹ, സ്റ്റോളർ, അരോൻഡേയ്ക്കർ എന്നിവരുടെ പഠനങ്ങൾ; നിശ്ശബ്ദതയും അധികാരവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്ന ട്രൂയോ, ഹാരിസ്, ഷ്വാർട്സ്, കുക്ക്, ഹാർട്ട്മാൻ എന്നിവരുടെ വിമർശനങ്ങൾ; ശരീരത്തിൽചേർന്ന ഓർമ്മ, സമുദായ സ്മരണകൾ, ഭാവിയിലേക്കു നീളുന്ന ഇച്ഛകൾ എന്നിവയെക്കുറിച്ചുള്ള ടെയ്ലർ, അപ്പാദുരൈ, ഫ്ലിൻ, കാസ്വെൽ എന്നിവരുടെ ചിന്തകൾ- ഇവയെല്ലാം ഈ സൈദ്ധാന്തിക പുനർവിചിന്തനത്തിന്റെ ഭാഗമാകുന്നു.
തുടർന്ന്, ഡിജിറ്റൈസേഷൻ ആർക്കൈവിന്റെ പുനർരൂപവത്കരണമാണെന്ന് ലേഖനം സ്ഥാപിക്കുന്നു. ആർക്കൈവിന്റെ പരമ്പരാഗത തത്വങ്ങളായ ഉത്ഭവബന്ധം (provenance), മൂലക്രമം (original order) എന്നിവയ്ക്കു പകരം, ഡാറ്റാബേസിന്റെ യുക്തി, സാങ്കേതിക മാനദണ്ഡങ്ങൾ, പ്ലാറ്റ്ഫോമുകളുടെ ഘടന, രാഷ്ട്രീയ സമ്പദ്വ്യവസ്ഥ എന്നിവയാണ് ഈ പുതിയ രൂപവത്കരണത്തെ ക്രമീകരിക്കുന്നത്.
ഒരു ആർക്കൈവ് തുറന്നുകൊടുക്കുക എന്നത് ആരുടെ രേഖകളാണ് ആർക്കൈവിൽ ഉൾപ്പെടുന്നത്, ആർക്കാണ് അവയിലേക്ക് പ്രവേശനം ലഭിക്കുന്നത്, അവ എങ്ങനെ സൂക്ഷിക്കപ്പെടുകയും വിവരിക്കപ്പെടുകയും ചെയ്യുന്നു, ഈ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ആർക്കാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ലേഖനം മൂന്ന് വിശകലനസമീപനങ്ങൾ സ്വീകരിക്കുന്നു: പ്രാപ്യതയെ ചുറ്റിപ്പറ്റിയുള്ള പ്രത്യയശാസ്ത്രത്തിന്റെ വിമർശനം; രേഖകളെ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്ന അധികാരരാഷ്ട്രീയത്തിന്റെ വിശകലനം; ഡിജിറ്റൽ പ്രതിരൂപം, കാലം, പരിപാലനം എന്നിവയെക്കുറിച്ചുള്ള ദാർശനിക വിചിന്തനം. അവസാനത്തേതിൽ, രേഖകളുടെ കണ്ടെത്തൽസാധ്യതയെ ക്രമാനുഗതമായി രൂപപ്പെടുത്തുന്ന നാല് ഘട്ടങ്ങളുള്ള ഒരു വിശകലനരൂപരേഖയും അവതരിപ്പിക്കുന്നു.
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുടെ ഏഷ്യൻ ശേഖരം, ബ്രിട്ടീഷ് മ്യൂസിയം ഇന്ത്യൻ കലാവസ്തുക്കളുടെയും അനുബന്ധ രേഖകളുടെയും ഡിജിറ്റൽ ശേഖരം, നെതർലൻഡ്സിലെ ലൈഡൻ യൂണിവേഴ്സിറ്റിയുടെ ഓറിയന്റൽ ശേഖരം, ഹേഗിലെ നാഷണൽ ആർക്കൈവ്സിലെ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ (VOC) രേഖകൾ എന്നിവയുടെ പഠനത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ലേഖനം.
സമീപകാലത്തെ മൂന്ന് സംഭവങ്ങളിലൂടെ ഈ സമീപനത്തിന്റെ പ്രസക്തി പരിശോധിക്കുന്നു: ഇന്റർനെറ്റ് ആർക്കൈവിന്റെ നിയന്ത്രിത ഡിജിറ്റൽ വായ്പാപദ്ധതി, 2023-ൽ ബ്രിട്ടീഷ് ലൈബ്രറിയെ ബാധിച്ച റാൻസംവെയർ സൈബർ ആക്രമണം, ഖത്തർ ഡിജിറ്റൽ ലൈബ്രറിയിലെ ദ്വിഭാഷാ വിവരണരീതികൾ എന്നിവ.
ഡിജിറ്റൈസേഷനെയും പ്രാപ്യതയെയും നിരാകരിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച്, അവ സ്വയം നീതിയുടെയും ജനാധിപത്യവൽക്കരണത്തിന്റെയും ഉറപ്പുകളാണെന്ന ധാരണയെ ചോദ്യം ചെയ്യുകയാണ്. ഒരു ആർക്കൈവിനെ തുറക്കുക എന്നത് രേഖകളുടെ തെരഞ്ഞെടുപ്പ്, അവയുടെ വിവരണം, അവയിലേക്കുള്ള പ്രവേശനം, അവയുടെ പുനരുപയോഗം, അവയുടെ ദീർഘകാല സംരക്ഷണം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുക കൂടിയാണ്. ഈ തീരുമാനങ്ങളെല്ലാം സ്വാഭാവികമായി നിർണയിക്കപ്പെടുന്നതല്ല എന്ന തിരിച്ചറിവിൽനിന്നാണ് ഡിജിറ്റൽ ആർക്കൈവിനോടുള്ള വിമർശനാത്മക സമീപനം ആരംഭിക്കുന്നത്.

തിരച്ചിലിനായി സ്വയംസമർപ്പിക്കുന്ന ആർക്കൈവ്
ആധുനിക സാംസ്കാരികനയങ്ങളുടെ ഭാഷയിൽ, “ഒരു ശേഖരം ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്” എന്ന പ്രഖ്യാപനത്തോളം സംശയരഹിതവും ആത്മവിശ്വാസപൂർണവുമായ വാക്യങ്ങൾ വിരളമാണ്. ഈ വാക്യം ഒരേസമയം പല വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നു. ദുർബലവും നശിച്ചുപോകാൻ സാധ്യതയുള്ളതുമായ മൂലരേഖകൾ സുരക്ഷിതമായി വിശ്രമിക്കാമെന്നതിനാൽ ഇത് സംരക്ഷണത്തിന്റെ വാഗ്ദാനമാണ്. ഭൂമിശാസ്ത്രപരമായ അകലം ഇനി ഒരു ശേഖരത്തിലേക്കുള്ള പ്രവേശനം നിർണയിക്കില്ലെന്നതിനാൽ ഇത് ജനാധിപത്യവൽക്കരണത്തിന്റെ വാഗ്ദാനവുമാണ്. എല്ലാറ്റിലേക്കും എത്തിച്ചേരാൻ കഴിയുമെന്ന പ്രതീതി തിരച്ചിൽജാലകം സൃഷ്ടിക്കുന്നതിനാൽ, സമഗ്രതയുടെ വാഗ്ദാനവും അതിലുണ്ട്. എന്നാൽ, ഈ വാഗ്ദാനം അറിവിനെക്കുറിച്ചുള്ള ഒരു അവകാശവാദമാണ്.
ഒരു ആർക്കൈവ് എന്നത് സംരക്ഷിച്ചുവെച്ച അവശിഷ്ടങ്ങളുടെ ഒരു ശേഖരം മാത്രമല്ല. എന്തെല്ലാം രേഖപ്പെടുത്തണം, എന്തെല്ലാം സൂക്ഷിക്കണം, അവയെ ഏത് ക്രമത്തിൽ വിന്യസിക്കണം, ആർക്കെല്ലാം അവ കാണാൻ അനുവാദം നൽകണം- ഇത്തരം തീരുമാനങ്ങളുടെ ഫലമാണ് ആർക്കൈവ്. ഈ തീരുമാനങ്ങളിലെല്ലാം അവയെ രൂപപ്പെടുത്തിയ സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും മൂല്യങ്ങൾ പതിഞ്ഞിരിക്കുന്നു.
പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും അവയുമായി പൗരന്മാർ ഇടപഴകുകയും ചെയ്യുന്ന ഉപകരണങ്ങളും പ്ലാറ്റ്ഫോമുകളും ഒരു സ്വകാര്യ കോർപ്പറേഷന്റെ വാണിജ്യനയങ്ങൾക്ക് വിധേയമാണ്.
ഡിജിറ്റൈസേഷൻ നടക്കുന്നതോടെ ഈ യുക്തി അപ്രത്യക്ഷമാകുന്നില്ല എന്ന് മാത്രമല്ല, പുതിയ സമീപനങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും ആർക്കൈവ് വീണ്ടും ക്രമീകരിക്കപ്പെടുന്നു. ഏതെല്ലാം രേഖകൾ സ്കാൻ ചെയ്യണം, അവയെ എങ്ങനെ വിവരിക്കണം, ആ വിവരണം ഏത് രൂപവ്യവസ്ഥയിലും ഏത് ഭാഷയിലുമാണ് സൂക്ഷിക്കേണ്ടത്, തിരച്ചിൽയന്ത്രം അവയ്ക്ക് ഏത് സ്ഥാനമാണ് നൽകേണ്ടത്, ഏത് അനുമതിയുടെ അടിസ്ഥാനത്തിലാണ് അവ പുനരുപയോഗിക്കാനാവുക- ഇവയെല്ലാം ആർക്കൈവിന്റെ പുതിയ രൂപത്തെ നിർണയിക്കുന്ന ചോദ്യങ്ങളാണ്.
ഈ സമീപനങ്ങളെയും തീരുമാനങ്ങളെയുമാണ് ലേഖനം വിശകലനത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നത്. ഡിജിറ്റൈസേഷൻ നിലവിലുള്ള ആർക്കൈവിനുമേൽ അടരായി രൂപംകൊള്ളുന്ന രണ്ടാമതൊരു ആർക്കൈവൽ രൂപവത്കരണമാണ് എന്നതാണ് ഇതിന്റെ വാദം. അതിനെ സ്വതന്ത്രമായി സൈദ്ധാന്തികമായി മനസ്സിലാക്കണം; നേരത്തേ നിലനിന്നിരുന്ന ഒരു ശേഖരത്തിലേക്കുള്ള സുതാര്യമായ ജാലകമായി മാത്രം കാണാനാവില്ല.
ഈ വാദത്തിന് മൂന്ന് പ്രധാന തലങ്ങളുണ്ട്.
ഒന്നാമതായി, കഴിഞ്ഞ 50 വർഷങ്ങളിലായി വികസിച്ചുവന്ന ആർക്കൈവ് സിദ്ധാന്തങ്ങളിൽ ഡിജിറ്റൽ ആർക്കൈവിനെ വിമർശനാത്മകമായി സമീപിക്കാനുള്ള ഒട്ടേറെ ആശയോപകരണങ്ങൾ ഇതിനകംതന്നെയുണ്ട്. എന്നാൽ, അവയിൽ ഭൂരിഭാഗവും കടലാസ് രേഖകളുടെയും സ്ഥാപനങ്ങളുടെയും പശ്ചാത്തലത്തിലാണ് രൂപപ്പെട്ടത്. അതിനാൽ ഡാറ്റാബേസുകൾ, പ്ലാറ്റ്ഫോമുകൾ, മാനദണ്ഡങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളിലേക്കും അവയെ വികസിപ്പിക്കേണ്ടതുണ്ട്.
രണ്ടാമതായി, ഡിജിറ്റൽ ആർക്കൈവ് പ്രവേശനത്തെക്കുറിച്ചുള്ള ഒരു സങ്കൽപ്പനത്താൽ ഘടിതമാണ്. തുറന്ന പ്രവേശനം, തിരയാനുള്ള സൗകര്യം, വിപുലമായ തോത് എന്നിവ സ്വതവേ ഗുണകരമാണെന്ന ധാരണ ഈ സങ്കല്പനം വളർത്തുന്നു. അതിന്റെ ഫലമായി, തിരഞ്ഞെടുപ്പ്, അധ്വാനം, ഭാഷ, നിയമം, പണം എന്നിവയുമായി ബന്ധപ്പെട്ട അധികാരബന്ധങ്ങൾ മറഞ്ഞുപോകുന്നു.

മൂന്നാമതായി, ഈ രണ്ട് വിശകലനങ്ങളിൽനിന്ന് ഡിജിറ്റൽ ആർക്കൈവിനെ സമീപിക്കാനുള്ള ഒരു വിമർശനാത്മക രീതിശാസ്ത്രം വികസിപ്പിക്കാം. അടിസ്ഥാനസൗകര്യത്തെ തന്നെ ഒരു വാദമായി കാണുകയും, വിവരണത്തെ വ്യാഖ്യാനപ്രവർത്തനമായി തിരിച്ചറിയുകയും, തിരിച്ചെടുക്കലിനെ രാഷ്ട്രീയത്തിന്റെ പ്രവർത്തനമേഖലയായി മനസ്സിലാക്കുകയും ചെയ്യുന്ന സമീപനമാണത്. ഈ തിരിച്ചറിവുകളെ ഗവേഷകർക്കും സ്ഥാപനങ്ങൾക്കും പ്രയോഗിക്കാവുന്ന രീതികളാക്കി മാറ്റുകയാണ് അതിന്റെ ലക്ഷ്യം.
ഈ ലേഖനത്തിന്റെ വാദങ്ങൾ പുതിയ ഫീൽഡ്വർക്കിനെയോ അളവുകണക്കുകളെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളെയോ ആശ്രയിച്ചല്ല രൂപപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ പ്രസിദ്ധീകരിച്ച രേഖകൾ, ആർക്കൈവുകളിലേക്കുള്ള യാത്രകൾ, അക്കാദമിക പഠനങ്ങൾ, പൊതുരേഖകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയാണ്.
ലേഖനം ആറ് ഘട്ടങ്ങളിലായാണ് വികസിക്കുന്നത്. ആദ്യഘട്ടം; ആർക്കൈവ് സിദ്ധാന്തത്തിന്റെ അടിസ്ഥാനങ്ങളെ പുനർനിർമിക്കുന്നു: നിയമവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആർക്കൈവ്, കൊളോണിയൽ ആർക്കൈവ്, നിശ്ശബ്ദതയും അധികാരവും, ശരീരത്തിൽ പതിഞ്ഞതും ഭാവിയിലേക്കു നീളുന്നതുമായ സ്മൃതിരൂപങ്ങൾ എന്നിവയാണ് അതിന്റെ വിഷയങ്ങൾ.
രണ്ടാംഘട്ടം; ആർക്കൈവിൽനിന്ന് ഡാറ്റാബേസിലേക്കും അവിടെനിന്ന് പ്ലാറ്റ്ഫോമിലേക്കുമുള്ള ഡിജിറ്റൽ പരിവർത്തനത്തെ പരിശോധിക്കുന്നു.
മൂന്നും നാലും ഘട്ടങ്ങൾ; യഥാക്രമം പ്രവേശനത്തിന്റെ പ്രത്യയശാസ്ത്രത്തെയും റിട്രീവലിന്റെ രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നു.
അഞ്ചാംഘട്ടം; ഡിജിറ്റൽ പ്രതിരൂപം, കാലം, പരിപാലനം എന്നിവയുടെ ദാർശനിക പ്രശ്നങ്ങളിലേക്ക് കടക്കുന്നു.
ആറാമത്തേത്; വിമർശനാത്മക സമീപനവും അതിന്റെ രീതികളും വിശദീകരിക്കുന്നു; തുടർന്ന് മൂന്ന് ഉദാഹരണങ്ങളിലൂടെ അവയുടെ പ്രയോഗസാധ്യത പരിശോധിക്കുകയും ലേഖനത്തിന്റെ മുഖ്യവാദങ്ങൾ സംഗ്രഹിക്കുകയും ചെയ്യുന്നു.

അടിത്തറകൾ: ആർക്കൈവിന്റെ
സൈദ്ധാന്തിക സമീപനങ്ങൾ
നിയമവും വ്യവഹാരവും സാങ്കേതികതയുമായി ആർക്കൈവ്:
ഗ്രീക്ക് ἀρχεῖον (അർഖേൻ, പൊതുസ്ഥലം) മൂലം ἀρχή (arkhē, ആരംഭം,അധികാരം); ലത്തീനിൽ archīvum ആയി, സംരക്ഷിതപൊതുരേഖകൾ എന്നർത്ഥം വരുന്ന archive ഫ്രഞ്ച് ഭാഷയിലൂടെ 1600- ഓടെ ഇംഗ്ലീഷിലെത്തി. 19-ാം നൂറ്റാണ്ടിൽ ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായാണ് ആധുനിക ആർക്കൈവ് സംരക്ഷണവിദ്യ അതിന്റെ അടിസ്ഥാനതത്ത്വങ്ങൾ വികസിപ്പിച്ചത്. രേഖകളുടെ ഉത്ഭവബന്ധം (provenance), മൂലക്രമം (original order) എന്നിവ ഈ ശാസ്ത്രശാഖയുടെ കേന്ദ്രതത്ത്വങ്ങളായി അംഗീകരിക്കപ്പെട്ടു. ഒരു രേഖ അത് സൃഷ്ടിച്ച സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ രേഖാശേഖരവുമായി ബന്ധപ്പെടുത്തി സൂക്ഷിക്കണമെന്നതാണ് ഉത്ഭവബന്ധത്തിന്റെ തത്വം. അതുപോലെ, രേഖ സൃഷ്ടിച്ച സ്ഥാപനം അതിന് നൽകിയ ക്രമം നിലനിർത്തി ക്രമീകരിക്കണമെന്നതാണ് മൂലക്രമത്തിന്റെ തത്വം. 1898-ൽ മുള്ളർ, ഫീത്ത്, ഫ്രൂയിൻ എന്നിവർ തയ്യാറാക്കിയ ഡച്ച് കൈപ്പുസ്തകത്തിലാണ് ഈ തത്വങ്ങൾ ആർക്കൈവ് സംരക്ഷണവിദ്യയുടെ അടിസ്ഥാനനിയമങ്ങളായി ക്രോഡീകരിക്കപ്പെട്ടത്.
ഈ തത്വങ്ങൾ രണ്ട് മുൻധാരണകളെ ആശ്രയിച്ചിരുന്നു. രേഖകൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾക്ക് സ്ഥിരതയുണ്ടെന്നും, രേഖകളുടെ ആധികാരികത സംരക്ഷിക്കുന്ന കാവൽക്കാരനാണ് ആർക്കൈവിസ്റ്റ് എന്നുമായിരുന്നു ആ ധാരണകൾ. എന്നാൽ, 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വികസിച്ച സൈദ്ധാന്തിക ചിന്തകൾ ഈ രണ്ട് മുൻധാരണകളെയും ചോദ്യംചെയ്തു.
ഈ പരമ്പരാഗത കാഴ്ചപ്പാടിൽനിന്നുള്ള ആദ്യത്തെ നിർണായകമായ മാറ്റം മിഷേൽ ഫൂക്കോയുടെ The Archaeology of Knowledge എന്ന കൃതിയിലൂടെയാണ് ഉണ്ടായത്. ആർക്കൈവ് എന്ന പദംകൊണ്ട് ഒരു കെട്ടിടത്തെയോ രേഖകളുടെ ശേഖരത്തെയോ അല്ല ഫൂക്കോ ഉദ്ദേശിച്ചത്. മറിച്ച്, ഒരു പ്രത്യേക ചരിത്രസാഹചര്യത്തിൽ എന്തെല്ലാം പറയാൻ കഴിയും, പ്രസ്താവനകൾ എങ്ങനെ സംരക്ഷിക്കപ്പെടുന്നു, പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു, കാലക്രമത്തിൽ രൂപാന്തരപ്പെടുന്നു എന്നിവയെ നിയന്ത്രിക്കുന്ന വ്യവസ്ഥയെയാണ് അദ്ദേഹം ആർക്കൈവ് എന്നു വിളിച്ചത്.
ഈ അർത്ഥത്തിൽ, ഏതൊരു രേഖാശേഖരത്തിനും മുമ്പേ നിലനിൽക്കുന്നതാണ് ആർക്കൈവ്. ചില പ്രസ്താവനകൾ സാധ്യമാകുകയും മറ്റു ചിലത് അസാധ്യമാകുകയും ചെയ്യുന്ന വ്യവസ്ഥയാണത്. ആർക്കൈവ് പഠനത്തിൽ ഈ ചിന്ത സൃഷ്ടിച്ച നിർണായക മാറ്റം, അധികാരത്തെ വെറും അടിച്ചമർത്തലിന്റെ പ്രവർത്തനമായി കാണുന്നതിൽനിന്ന്, എന്തെല്ലാം പറയാനോ പ്രസ്താവിക്കാനോ കഴിയുമെന്നതിനെ നിർണയിക്കുന്ന ഘടനയിലേക്ക് ശ്രദ്ധ തിരിച്ചതാണ്.
ഷാക് ദെറിദയുടെ Archive Fever ഈ മാറ്റത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോയി; അതിന് രാഷ്ട്രീയമായൊരു ഭൗതികതയും നൽകി. ഔദ്യോഗിക രേഖകൾ സ്വന്തം വസതിയിൽ സൂക്ഷിച്ചിരുന്ന ഗ്രീക്ക് അധികാരിയായിരുന്നു ആർക്കോൺ. ഈ എന്ന പദത്തിലേക്കാണ് ദെറിദ ആർക്കൈവ് എന്ന വാക്കിന്റെ വേരുകൾ പിന്തുടരുന്നത്. രേഖകൾ സൂക്ഷിക്കാനുള്ള അധികാരം കൈവശംവെച്ചിരുന്ന ആ അധികാരിക്ക് നിയമത്തെ വ്യാഖ്യാനിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ആർക്കൈവ് രണ്ട് തത്ത്വങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുന്നുവെന്ന് ദെറിദ വാദിക്കുന്നു: ആരംഭത്തിന്റെ തത്വവും അധികാരത്തിൻെറ തത്ത്വവും. അതിനാൽ, ആർക്കൈവ് എല്ലായ്പ്പോഴും അധികാരവുമായും സ്ഥലവുമായും ബന്ധപ്പെട്ടു നിൽക്കുന്നു. രേഖകൾ ഒരു നിശ്ചിത ഇടത്തിൽ സൂക്ഷിക്കുന്നതും അവയെ ഒരൊറ്റ സമാഹാരമായി ക്രമീകരിക്കുന്നതും ആർക്കൈവിന്റെ പ്രവർത്തനത്തിന്റെ ഭാഗമാണ്. ചിതറിക്കിടക്കുന്ന അടയാളങ്ങളെയും രേഖകളെയും ഒരു ഏകീകൃത സമാഹാരത്തിലേക്ക് കൂട്ടിച്ചേർക്കുന്ന ഈ പ്രക്രിയയും നിഷ്പക്ഷമല്ല.
ഇവിടെ ഡിജിറ്റൽ ആർക്കൈവിനെക്കുറിച്ചുള്ള ഇന്നത്തെ ചർച്ചയ്ക്ക് നേരിട്ട് പ്രസക്തമായ മറ്റൊരു വാദവും ദെറിദ മുന്നോട്ടുവയ്ക്കുന്നു. രേഖകൾ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക ഘടന, എന്തെല്ലാം ആർക്കൈവിൽ ഉൾപ്പെടുത്താനാകുമെന്നതിനെ മാത്രമല്ല, എന്തെല്ലാം രേഖകളായി നിലനിൽക്കാൻ കഴിയുമെന്നതിനെയും നിർണയിക്കുന്നു. അതിനാൽ, രേഖപ്പെടുത്താനുള്ള മാധ്യമത്തിൽ സംഭവിക്കുന്ന മാറ്റം ഭൂതകാലത്തെ നമുക്ക് അറിയാനും മനസ്സിലാക്കാനും കഴിയുന്ന രീതിയിലും മാറ്റം വരുത്തുന്നു. ഡിജിറ്റൽ ആർക്കൈവിനെ വിമർശനാത്മകമായി സമീപിക്കുന്നതിനുള്ള ആദ്യത്തെ തത്ത്വവും ഇതുതന്നെയാണ്: രേഖകൾ സൂക്ഷിക്കുകയും അവയെ തിരഞ്ഞുകണ്ടെത്തി വീണ്ടെടുക്കുകയും ചെയ്യുന്ന സാങ്കേതിക സംവിധാനം ആർക്കൈവിന് പുറത്തുള്ള ഒരു ഉപകരണമല്ല; അത് ആർക്കൈവിന്റെ തന്നെ ഭാഗമാണ്.
ആർക്കൈവിന്റെ അധികാരത്തെയും അതിന്റെ പരിമിതികളെയും കുറിച്ചുള്ള അഷീൽ എംബെംബെയുടെ പഠനം ഈ ചർച്ചയ്ക്ക് മറ്റൊരു മാനം നൽകുന്നു. ഭരണകൂടത്തിൽനിന്നും രേഖകൾക്ക് അത് നൽകുന്ന അംഗീകാരത്തിൽനിന്നും അധികാരം ആർജിക്കുന്ന ഒരു വ്യവസ്ഥയായാണ് എംബെംബെ ആർക്കൈവിനെ കാണുന്നത്. ആർക്കൈവ് ഒരു കെട്ടിടവും രേഖകളുടെ സമാഹാരവും മാത്രമല്ല; മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ബന്ധത്തെ ഒരു പ്രത്യേക രീതിയിൽ രൂപപ്പെടുത്തുന്ന സംവിധാനവുമാണ് അത്.
ഈ മൂന്ന് ചിന്താധാരകളിൽ നിന്ന് ഈ ലേഖനത്തിന്റെ തുടർവാദങ്ങൾക്ക് നിർണായകമായ ആശയങ്ങൾ രൂപപ്പെടുന്നു.
ഒന്നാമതായി, ആർക്കൈവ് നിഷ്പക്ഷമായൊരു സംഭരണപാത്രമല്ല; അത് നിയമങ്ങളുടെയും വ്യവസ്ഥകളുടെയും സമുച്ചയമാണ്.
രണ്ടാമതായി, ആർക്കൈവ് അധികാരത്തോടും സ്ഥലത്തോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
മൂന്നാമതായി, രേഖകൾ സൂക്ഷിക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള സാങ്കേതിക രീതികൾ ആർക്കൈവിന്റെ അർത്ഥത്തിന് പുറത്തുള്ളവയല്ല; അവയും ആ അർത്ഥത്തെ രൂപപ്പെടുത്തുന്നു.
ചില ചരിത്രങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തപ്പെടാതെ പോകുന്നതിനും അവയ്ക്ക് അർത്ഥം നൽകുന്ന ഭാഷയും വർഗീകരണവും പരിമിതപ്പെടുന്നതിനും പിന്നിൽ ചരിത്രപരമായ അധികാരബന്ധങ്ങളുണ്ട്.
കൊളോണിയൽ ആർക്കൈവും
വിഷയിയുടെ രൂപീകരണവും
കൊളോണിയൽ ഭരണകൂടങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽനിന്ന് വികസിച്ചുവന്ന രണ്ടാമത്തെ പ്രധാന സൈദ്ധാന്തികധാര, സാമ്രാജ്യത്വ ഭരണത്തിന്റെ രേഖകളെ ആശ്രയിക്കുന്ന ഡിജിറ്റൽ ആർക്കൈവുകളെക്കുറിച്ചുള്ള ഏതു ചർച്ചയ്ക്കും അനിവാര്യമാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അറിവിനെ അധികാരത്തിന്റെ ഉപകരണമായി ഉപയോഗിച്ചുവെന്നാണ് ബെർണാഡ് കോൺ വാദിച്ചത്. സെൻസസ്, സർവേ, മ്യൂസിയം, സമാഹരിക്കപ്പെട്ട ചരിത്രരേഖകൾ തുടങ്ങിയവയിലൂടെ കൊളോണിയൽ ഭരണകൂടം സമൂഹത്തെക്കുറിച്ചുള്ള അറിവ് ഉൽപ്പാദിപ്പിച്ചു. ഈ അറിവ്, ഭരണപരമായി സമൂഹത്തെ തിരിച്ചറിയാനും വർഗീകരിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒന്നാക്കി മാറ്റി. ഈ പ്രക്രിയയെ വിശദീകരിക്കാൻ കോഹൻ അന്വേഷണരീതികൾ (investigative modalities) എന്ന ആശയം ഉപയോഗിക്കുന്നു.
നിക്കോളാസ് ഡിർക്സ് ഈ വാദത്തെ ജാതിയുടെ ചരിത്രത്തിലേക്ക് വികസിപ്പിച്ചു. പ്രത്യേകിച്ചും സെൻസസിലൂടെയും നരവംശശാസ്ത്രപരമായ ഭരണനടപടികളിലൂടെയും നടപ്പിലാക്കിയ കൊളോണിയൽ വർഗീകരണം, വൈവിധ്യമാർന്ന സാമൂഹിക ആചാരങ്ങളെയും ബന്ധങ്ങളെയും ഒരൊറ്റ മുഖ്യവിഭാഗത്തിന്റെ കീഴിൽ ക്രമീകരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിലൂടെ ഇന്ത്യൻ സമൂഹത്തെ മനസ്സിലാക്കുന്നതിനും ഭരണപരമായി നിർവചിക്കുന്നതിനുമുള്ള പ്രധാന ചട്ടക്കൂടായി ജാതി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അറിവുൽപ്പാദനത്തെക്കുറിച്ചുള്ള പഠനത്തിൽ തോമസ് റിച്ചാർഡ്സ് “സാമ്രാജ്യത്വ ആർക്കൈവ്” എന്ന ആശയത്തെ സമഗ്രമായ അറിവ് കൈവശപ്പെടുത്താമെന്ന ഒരു ഭാവനയായി വ്യാഖ്യാനിക്കുന്നു. ബലപ്രയോഗം സാമ്രാജ്യത്തെ ഒന്നിപ്പിച്ചതുപോലെതന്നെ, വിവരശേഖരണത്തിന്റെയും അറിവിന്റെ ക്രമീകരണത്തിന്റെയും സംവിധാനങ്ങളും അതിനെ ഏകീകരിച്ചു.
ദക്ഷിണേഷ്യൻ ചരിത്രകാരന്മാർ ഈ തിരിച്ചറിവുകളെ ചരിത്രരചനയുടെ രീതിശാസ്ത്രവുമായി ബന്ധിപ്പിച്ചു. കർഷകകലാപങ്ങളെക്കുറിച്ചുള്ള രണജിത് ഗുഹയുടെ പഠനം, ഔദ്യോഗിക രേഖകൾ ഭരണകൂടത്തിന്റെ കാഴ്ചപ്പാടിൽനിന്നാണ് എഴുതപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു. കലാപകാരികളുടെ പ്രവർത്തനങ്ങളെ പ്രതികാര ത്തിന്റെ ഭാഷയിലൂടെ രേഖപ്പെടുത്തുമ്പോൾ, അവരുടെ പ്രവൃത്തികൾക്ക് ഭരണകൂടം നൽകിയ അർത്ഥവും വ്യാഖ്യാനവും രേഖകളിൽ പതിയുന്നു. അതിനാൽ, ചരിത്രകാരൻ രേഖകളെ അവയുടെ രചയിതാക്കൾ ഉദ്ദേശിച്ച അർത്ഥത്തിൽ മാത്രം വായിച്ചാൽ പോരാ; ആ രേഖകൾ രൂപപ്പെടുത്തിയ അധികാരതാൽപര്യങ്ങളെ അപനിർമ്മിച്ചു കൊണ്ട് വായിക്കേണ്ടതുണ്ട്.
ആൻ ലോറ സ്റ്റോളറുടെ Along the Archival Grain ഈ തിരിച്ചറിവുകളെ ഒരു രീതിശാസ്ത്രപരമായ നിർദേശമായി വികസിപ്പിക്കുന്നു. ആർക്കൈവിനെ അതിന്റെ സ്വന്തം രൂപീകരണപ്രക്രിയയുടെ ഉൽപ്പന്നമായി വായിക്കുക എന്നതാണ് സ്റ്റോളർ മുന്നോട്ടുവയ്ക്കുന്ന സമീപനം. അതായത്, രേഖകളിൽ പ്രത്യക്ഷപ്പെടുന്ന വിവരങ്ങൾ മാത്രം പരിശോധിക്കുന്നതിനുപകരം, അവ എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്, ഏതു ഭരണപരമായ ആവശ്യങ്ങളാണ് അവയുടെ രൂപത്തെ നിർണയിച്ചത്, ഏതു വിഭാഗീകരണങ്ങളിലൂടെയാണ് അവയ്ക്ക് അർത്ഥം ലഭിച്ചത് എന്നിവയും അന്വേഷണത്തിന്റെ ഭാഗമാക്കണം.
ഇന്ത്യയിലെ ലൈംഗികതയെയും കൊളോണിയൽ ആർക്കൈവിനെയും കുറിച്ചുള്ള അഞ്ജലി അരൺഡേക്കറുടെ പഠനം ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ആർക്കൈവിനുള്ളിൽ രേഖപ്പെടുത്തപ്പെടാതെ കിടക്കുന്ന ലൈംഗിക വിഷയികളെ കണ്ടെത്തി പുറത്തുകൊണ്ടുവരിക എന്നതാണ് ചരിത്രകാരരുടെ ദൗത്യമെന്ന് അവർ മുൻകൂട്ടി കരുതുന്നില്ല. പകരം, അത്തരം വീണ്ടെടുപ്പ് അനിവാര്യമാണോ എന്നും ആർക്കൈവിന്റെ സർവജ്ഞ അധികാരം എത്രത്തോളം വിശ്വസനീയമാണെന്നും അവർ സംശയിയ്ക്കുന്നു.
ഈ വിമർശനം ഡിജിറ്റൽ ആർക്കൈവുകളുടെ ലോകത്തേക്കും വ്യാപിക്കുന്നു. ഇതുവരെ മറഞ്ഞുകിടന്നതെല്ലാം ഡിജിറ്റൈസേഷനിലൂടെ ദൃശ്യമാകുമെന്ന വാഗ്ദാനമാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖകൾ കൂടുതൽ വ്യാപകമായി ലഭ്യമാക്കാൻ കഴിയുമെന്നത് ശരിയാണ്. എന്നാൽ, ദൃശ്യതയുടെ അഭാവം രേഖകളുടെ ലഭ്യതക്കുറവുകൊണ്ടു മാത്രം ഉണ്ടാകുന്നതല്ല; ചില ചരിത്രങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തപ്പെടാതെ പോകുന്നതിനും അവയ്ക്ക് അർത്ഥം നൽകുന്ന ഭാഷയും വർഗീകരണവും പരിമിതപ്പെടുന്നതിനും പിന്നിൽ ചരിത്രപരമായ അധികാരബന്ധങ്ങളുണ്ട്. അതിനാൽ, ഡിജിറ്റൈസേഷൻ മറഞ്ഞുകിടക്കുന്നവയെ സ്വാഭാവികമായി വെളിച്ചത്തുകൊണ്ടുവരുമെന്ന വിശ്വാസം വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്.

സ്മൃതി, നിശ്ശബ്ദത, അധികാരം:
അവയുടെ നിർമ്മാണം
മിഷേൽ- റോൾഫ് ട്രൂയോയുടെ Silencing the Past എന്ന കൃതി ആർക്കൈവിനും അധികാരത്തിനും ഇടയിലുള്ള ബന്ധത്തെ വിശകലനം ചെയ്യാൻ കൃത്യമായൊരു ഭാഷ നൽകുന്നു. ഈ കാഴ്ചപ്പാടിൽ, നിശ്ശബ്ദത എന്നത് ഒരൊറ്റ അടിച്ചമർത്തൽപ്രവൃത്തിയുടെ ഫലമല്ല. ചരിത്രപരമായ അറിവ് ഉൽപ്പാദിപ്പിക്കപ്പെടുന്ന മുഴുവൻ ശൃംഖലയിലൂടെയും വ്യാപിച്ചുകിടക്കുന്ന പ്രക്രിയയാണത്. വസ്തുതകൾ രൂപപ്പെടുന്ന ഘട്ടത്തിൽ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടുന്നു; തുടർന്ന്, വസ്തുതകൾ സമാഹരിക്കപ്പെടുന്ന ഘട്ടത്തിൽ ആർക്കൈവുകൾ രൂപംകൊള്ളുന്നു; ആ വസ്തുതകളെ വീണ്ടെടുത്ത് ആഖ്യാനങ്ങളാക്കി മാറ്റുന്ന ഘട്ടത്തിൽ ചരിത്രവിവരണങ്ങൾ നിർമിക്കപ്പെടുന്നു; ഒടുവിൽ, ഭൂതകാലസംഭവങ്ങൾക്ക് പിന്നീടുള്ള ചരിത്രബോധത്തിൽ അർത്ഥവും പ്രാധാന്യവും ലഭിക്കുന്നു. ട്രൂയോ ഈ ഘട്ടങ്ങളെ യഥാക്രമം സ്രോതസ്സുകളുടെ നിർമ്മാണം, ആർക്കൈവിന്റെ നിർമ്മാണം, ആഖ്യാനങ്ങളുടെ നിർമ്മാണം, ചരിത്രപരമായ പ്രാധാന്യത്തിന്റെ രൂപീകരണം എന്നിങ്ങനെ വിശദീകരിക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ ആർക്കൈവിനെക്കുറിച്ചുള്ള വെർൺ ഹാരിസിന്റെ പഠനവും സമാനമായൊരു പ്രശ്നത്തിലേക്കാണ് വിരൽചൂണ്ടുന്നത്. യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ ഒരു ചെറിയ അംശം മാത്രമാണ് ആർക്കൈവിൽ രേഖകളായി നിലനിൽക്കുന്നത്. ആ അംശം പോലും യാദൃച്ഛികമായി രൂപപ്പെട്ടതല്ല; രേഖപ്പെടുത്തപ്പെടുന്നതെന്ത്, ഒഴിവാക്കപ്പെടുന്നതെന്ത്, സൂക്ഷിക്കപ്പെടുന്നതെന്ത് എന്നിങ്ങനെയുള്ള ഓരോ തിരഞ്ഞെടുപ്പിനെയും അധികാരം സ്വാധീനിക്കുന്നു.
ജോൺ ഷ്വാർട്സും ടെറി കുക്കും ഈ തിരിച്ചറിവിനെ ആർക്കൈവ് സംരക്ഷണത്തിന്റെ അടിസ്ഥാനനിലപാടായി വികസിപ്പിച്ചു. ആർക്കൈവുകൾ നിഷ്ക്രിയമായി രേഖകൾ സൂക്ഷിച്ചുവയ്ക്കുന്ന ഇടങ്ങളല്ലെന്നും, കൂട്ടായ സ്മൃതിയുടെ നിർമ്മാണത്തിലും അധികാരത്തിന്റെ പ്രവർത്തനത്തിലും സജീവമായി ഇടപെടുന്ന ഘടകങ്ങളാണെന്നും ആർക്കൈവിസ്റ്റുകൾ അംഗീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതായത്, ആർക്കൈവ് ഭൂതകാലത്തെ അതേപടി സംരക്ഷിക്കുന്നില്ല; എന്താണ് ഭൂതകാലമായി ഓർക്കപ്പെടേണ്ടത്, ഏതെല്ലാം അനുഭവങ്ങളാണ് പൊതുസ്മൃതിയുടെ ഭാഗമാകേണ്ടത് എന്നതിനെ രൂപപ്പെടുത്തുന്നതിലും അത് പങ്കുവഹിക്കുന്നു.
പിന്നീട് ടെറി കുക്ക് ആർക്കൈവ് ചിന്തയുടെ നാല് തുടർച്ചയായ മാതൃകകളെ വേർതിരിച്ചുകാട്ടി: തെളിവായി ആർക്കൈവ്, സ്മൃതിയായി ആർക്കൈവ്, സ്വത്വമായി ആർക്കൈവ്, സമുദായമായി ആർക്കൈവ്. ഈ ക്രമവികാസത്തിന് സൈദ്ധാന്തിക പ്രാധാന്യമുണ്ട്. പക്ഷപാതരഹിതമായ സംരക്ഷണമാണ് ആർക്കൈവിന്റെ ലക്ഷ്യമെന്ന ധാരണയിൽനിന്ന്, സ്മൃതി സാമൂഹികമായി നിർമ്മിക്കപ്പെടുന്ന പ്രക്രിയയിൽ ആർക്കൈവിസ്റ്റും പങ്കാളിയാണെന്ന തിരിച്ചറിവിലേക്കുള്ള മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. അതോടൊപ്പം, തങ്ങളെക്കുറിച്ചുള്ള രേഖകളിൽ ബന്ധപ്പെട്ട സമുദായങ്ങൾക്കും ശബ്ദവും പങ്കാളിത്തവും ഉണ്ടായിരിക്കണം എന്ന ആശയവും ഇവിടെ ഉയർന്നുവരുന്നു.
അറ്റ്ലാന്റിക് അടിമത്തത്തിന്റെ ആർക്കൈവിനെക്കുറിച്ചുള്ള സൈദിയ ഹാർട്ട്മാന്റെ പഠനത്തിൽ നിശ്ശബ്ദതയുടെ പ്രശ്നം അതിന്റെ ഏറ്റവും തീവ്രമായ രൂപത്തിലെത്തുന്നു. അടിമയാക്കപ്പെട്ട ഒരു പെൺകുട്ടി അവളെ തടവിലാക്കിയവരുടെ രേഖകളിൽ ഒരു സംഭവമോ ഉപസംഭവമോ മാത്രമായി പ്രത്യക്ഷപ്പെടുമ്പോൾ, അവളുടെ ജീവിതത്തെക്കുറിച്ച് ഉത്തരവാദിത്തത്തോടെ എന്താണ് പറയാൻ കഴിയുക? ആ രേഖകൾ അനുവദിക്കാത്ത അനുഭവങ്ങളെക്കുറിച്ച് ചരിത്രകാരന് സങ്കൽപ്പിക്കാനാകുമോ? അങ്ങനെ സങ്കൽപ്പിക്കുമ്പോൾ, സങ്കൽപ്പം ചരിത്രപരമായ തെളിവല്ലെന്ന തിരിച്ചറിവ് എങ്ങനെ നിലനിർത്താം? ഈ ചോദ്യങ്ങളാണ് ഹാർട്ട്മാൻ ഉയർത്തുന്നത്.
ഇവിടെയാണ് അവർ വിമർശനാത്മക സങ്കൽപ്പാഖ്യാനം (critical fabulation) എന്ന ആഖ്യാനരീതിയെ അവതരിപ്പിക്കുന്നത്. രേഖകൾ നൽകുന്ന തെളിവുകളുടെ അതിരുകളിൽനിന്നുകൊണ്ട്, ആർക്കൈവ് മൗനത്തിലാക്കിയ അനുഭവങ്ങളെക്കുറിച്ച് സങ്കൽപ്പാത്മകമായി എഴുതാൻ ശ്രമിക്കുന്ന രീതിയാണിത്. എന്നാൽ, അത്തരം സങ്കൽപ്പത്തെ തെളിയിക്കപ്പെട്ട ചരിത്രവസ്തുതയായി അവതരിപ്പിക്കരുതെന്ന നൈതികമായ തിരിച്ചറിവും ഈ രീതിയുടെ ഭാഗമാണ്.
ഹാർട്ട്മാന്റെ വാദം ഡിജിറ്റൽ ആർക്കൈവുകൾക്കും നേരിട്ട് ബാധകമാണ്. തിരഞ്ഞു പോകാവുന്ന ഒരു ഡാറ്റാബേസ്, രേഖപ്പെടുത്തപ്പെടാൻ ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ജീവിതങ്ങളിലേക്കുള്ള സുതാര്യമായ ജാലകമാണെന്ന വിശ്വാസം നമ്മെ ആകർഷിച്ചേക്കാം. എന്നാൽ, അങ്ങനെ വിശ്വസിക്കുമ്പോൾ ആർക്കൈവിന്റെ സ്വന്തം പരിമിതികളും അതിന്റെ മൗനങ്ങൾ സൃഷ്ടിച്ച അധികാരബന്ധങ്ങളും നാം മറന്നുപോകാൻ സാധ്യതയുണ്ട്. ആർക്കൈവിന്റെ അതിക്രമം എന്ന ഹാർട്ട്മാന്റെ ആശയം ഓർമിപ്പിക്കുന്നത് ഇതാണ്: ചില ജീവിതങ്ങളെ രേഖകളിൽനിന്ന് ഒഴിവാക്കുക മാത്രമല്ല അധികാരം ചെയ്യുന്നത്; രേഖപ്പെടുത്തിയ ജീവിതങ്ങളെ എങ്ങനെ കാണണം, എങ്ങനെ വ്യാഖ്യാനിക്കണം എന്നതിനെയും അത് നിർണയിക്കുന്നു.
ആർക്കൈവ് സംരക്ഷണത്തെ രേഖകളുടെ പരിപാലനത്തിൽ ഒതുക്കാതെ, ആരുടെ സ്മൃതിയാണ് സംരക്ഷിക്കപ്പെടുന്നത്, ആരുടെ അനുഭവങ്ങളാണ് രേഖപ്പെടുത്തപ്പെടുന്നത്, ആ രേഖകൾക്ക് അർത്ഥം നൽകുന്നതിൽ ആർക്കാണ് അധികാരമുള്ളത് എന്നീ ചോദ്യങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
ആർക്കൈവും പുനരാവിഷ്കരണ സഞ്ചയവും: ശരീരബദ്ധത, സമുദായം, ഭാവിയിലേക്കുള്ള അഭിലാഷം
സ്മൃതിയെ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാക്കുന്ന സമീപനത്തെയും വിമർശനാത്മക ആർക്കൈവ് സിദ്ധാന്തം ചോദ്യംചെയ്യുന്നു. ഡയാന ടെയ്ലർ, ആർക്കൈവിനെ പാഠങ്ങൾ, രേഖകൾ, കെട്ടിടങ്ങൾ തുടങ്ങിയ ദീർഘകാലം നിലനിൽക്കുമെന്ന് കരുതപ്പെടുന്ന ഭൗതികരൂപങ്ങളുടെ മേഖലയായി കാണുമ്പോൾ, പുനരാവിഷ്കരണസഞ്ചയം (repertoire) ശരീരത്തിൽ പതിഞ്ഞ പ്രവർത്തനങ്ങൾ, പ്രകടനങ്ങൾ, ആംഗ്യങ്ങൾ, വാമൊഴിപാരമ്പര്യങ്ങൾ എന്നിവയിലൂടെ അറിവ് കൈമാറുന്ന മേഖലയാണെന്ന് വിശദീകരിക്കുന്നു. എഴുത്തുരേഖകൾക്കാണ് ചരിത്രപരമായി കൂടുതൽ വിശ്വാസ്യതയും പ്രാധാന്യവും ലഭിച്ചിട്ടുള്ളത്; അതേസമയം, ശരീരത്തിലൂടെയും പ്രകടനത്തിലൂടെയും വാമൊഴിയിലൂടെയും കൈമാറപ്പെടുന്ന അറിവിന്റെ രൂപങ്ങൾ പലപ്പോഴും വിലകുറഞ്ഞവയായി കണക്കാക്കപ്പെടുന്നു.
ഈ രണ്ട് മേഖലകളെയും പരസ്പരവിരുദ്ധങ്ങളായി കാണേണ്ടതില്ല; അവ പരസ്പരം ഇഴചേർന്നാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും, അവയ്ക്കിടയിൽ ഒരു ശ്രേണീബന്ധം പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൈസേഷൻ ഈ അസമത്വത്തെ ഇല്ലാതാക്കുന്നതിനുപകരം ആവർത്തിക്കാനും സാധ്യതയുണ്ട്. കാരണം, സ്കാൻ ചെയ്ത് ഡിജിറ്റൽ രേഖയാക്കാൻ കഴിയുന്നവയ്ക്കാണ് പലപ്പോഴും ആർക്കൈവിൽ ഇടം ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനാകുന്നതാണ് പ്രാധാന്യമുള്ളത് എന്ന ധാരണ ശക്തിപ്പെടുന്നു.
അർജുൻ അപ്പാദുരൈയുടെ കാഴ്ചപ്പാടിൽ, ആർക്കൈവുകൾ ഭൂതകാലത്തിന്റെ നിക്ഷേപശാലകൾ മാത്രമല്ല. സമൂഹങ്ങളും സ്ഥാപനങ്ങളും തങ്ങൾക്കുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്മൃതിയെ ഭാവനയിൽ രൂപപ്പെടുത്തുകയും നിർമ്മിക്കുകയും ചെയ്യുന്ന ഇടങ്ങൾ കൂടിയാണ് അവ. ഈ അർത്ഥത്തിൽ, ആർക്കൈവ് ഭൂതകാലത്തെ സംരക്ഷിക്കുന്നതോടൊപ്പം ഭാവിയിലേക്കുള്ള അഭിലാഷങ്ങളെയും ഉൾക്കൊള്ളുന്നു. പങ്കാളിത്തത്തിനും ഉപയോക്താക്കളുടെ ഇടപെടലിനും കൂടുതൽ അവസരം നൽകുന്നതിലൂടെ പുതിയ മാധ്യമങ്ങൾക്ക് ആർക്കൈവിനെ ജനാധിപത്യവൽക്കരിക്കാനാകുമെന്നും അപ്പാദുരൈ വാദിക്കുന്നു.
എറിക് കെറ്റലാറിന്റെ അവ്യക്തമായ ആഖ്യാനങ്ങൾ (tacit narratives) എന്ന ആശയം രേഖകളുടെ അർത്ഥം അവ സൃഷ്ടിക്കപ്പെടുന്ന നിമിഷത്തിൽത്തന്നെ പൂർണമായി നിർണയിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നു. രേഖകൾ സൃഷ്ടിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും കാലക്രമത്തിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവയുടെ അർത്ഥം വികസിക്കുന്നത്. അതിനാൽ, ആർക്കൈവ് ഒരിക്കലും പൂർത്തിയായ ഒരു ഘടനയല്ല; പുതിയ ഉപയോഗങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും തുടർച്ചയായി സജീവമാകുന്ന പ്രക്രിയയാണ് അത്.
സ്വതന്ത്രമായ സമുദായ ആർക്കൈവുകളെക്കുറിച്ചുള്ള എറിക് ഫ്ലിന്നിന്റെയും സഹപ്രവർത്തകരായ സ്റ്റീവൻസിന്റെയും ഷെപ്പേർഡിന്റെയും പഠനങ്ങൾ ഈ വാദത്തിന് പ്രായോഗികമായൊരു മാനം നൽകുന്നു. ഔദ്യോഗിക സ്ഥാപനങ്ങളുടെ മുഖ്യധാരയ്ക്ക് പുറത്തുനിന്നുകൊണ്ട്, സ്വന്തം രേഖകൾ ശേഖരിക്കുകയും അവയ്ക്ക് വിവരണങ്ങൾ നൽകുകയും സ്വന്തം നിബന്ധനകളനുസരിച്ച് അവയെ സംരക്ഷിക്കുകയും ചെയ്യുന്ന സമുദായങ്ങളുടെ പ്രവർത്തനങ്ങളെയാണ് അവർ പരിശോധിക്കുന്നത്. ഇവിടെ രേഖകളുടെ അർത്ഥം നിർണയിക്കാനുള്ള അധികാരം സ്ഥാപനങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നില്ല; സ്വന്തം ചരിത്രത്തെ എങ്ങനെ രേഖപ്പെടുത്തണം, എങ്ങനെ അവതരിപ്പിക്കണം എന്നതിൽ സമുദായങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്നു.
മിഷേൽ കാസ്വെല്ലും സഹപ്രവർത്തകരും ഈ വിഷയത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം വ്യക്തമാക്കാൻ രണ്ട് ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നു: പ്രതീകാത്മകമായ ഉന്മൂലനം (symbolic annihilation), പ്രാതിനിധ്യത്തിലൂടെയുള്ള ഉൾച്ചേരൽ (representational belonging). ഒരു സമുദായം ആർക്കൈവിൽ പ്രതിനിധീകരിക്കപ്പെടാതിരിക്കുകയോ തെറ്റായി പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുമ്പോൾ, അത് പ്രതീകാത്മകമായ ഉന്മൂലനത്തിന് വിധേയമാകുന്നു. മറിച്ച്, ഒരു സമുദായത്തിന് ആർക്കൈവിൽ സ്വന്തം സാന്നിധ്യം തിരിച്ചറിയാനും തങ്ങളെക്കുറിച്ചുള്ള വിവരണങ്ങളെ സ്വാധീനിക്കാനും കഴിയുമ്പോൾ, പ്രാതിനിധ്യത്തിലൂടെയുള്ള ഉൾച്ചേരൽ സാധ്യമാകുന്നു.
കാസ്വെല്ലും സിഫോറും മുന്നോട്ടുവച്ച തീവ്രസഹാനുഭൂതിയുടെ സ്ത്രീവാദ നൈതികതയും, പുൻസലാനും കാസ്വെല്ലും വികസിപ്പിച്ച ആർക്കൈവിക സാമൂഹികനീതിയുടെ സമീപനവും ഈ തിരിച്ചറിവുകളെ പ്രായോഗികമായ നൈതികതത്ത്വങ്ങളാക്കി മാറ്റുന്നു. ആർക്കൈവ് സംരക്ഷണത്തെ രേഖകളുടെ പരിപാലനത്തിൽ ഒതുക്കാതെ, ആരുടെ സ്മൃതിയാണ് സംരക്ഷിക്കപ്പെടുന്നത്, ആരുടെ അനുഭവങ്ങളാണ് രേഖപ്പെടുത്തപ്പെടുന്നത്, ആ രേഖകൾക്ക് അർത്ഥം നൽകുന്നതിൽ ആർക്കാണ് അധികാരമുള്ളത് എന്നീ ചോദ്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഈ സമീപനങ്ങൾ ചെയ്യുന്നത്.

വിശദീകരണങ്ങൾ അപര്യാപ്തമായ മേഖലകൾ
മുകളിൽ ചർച്ച ചെയ്ത സൈദ്ധാന്തിക പാരമ്പര്യം സമ്പന്നമാണെങ്കിലും, ഡിജിറ്റൽ ആർക്കൈവുകളെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നാല് പ്രതിസന്ധികൾ നേരിടേണ്ടിവരും.
ഒന്നാമതായി, നിലവിലുള്ള സിദ്ധാന്തങ്ങളിൽ ഭൂരിഭാഗവും രേഖകളുടെ സൃഷ്ടി, തിരഞ്ഞെടുപ്പ്, സംരക്ഷണം എന്നീ ഘട്ടങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ വീണ്ടെടുക്കൽ എന്ന ഘട്ടത്തെ അവ അത്ര വ്യവസ്ഥാപിതമായി പരിശോധിക്കുന്നില്ല. ഒരു രേഖ നിലനിൽക്കുകയും പട്ടികയിൽ ഉൾപ്പെടുത്തപ്പെടുകയും ഡിജിറ്റൈസ് ചെയ്യപ്പെടുകയും ചെയ്തിട്ടും, പ്രായോഗികമായി അത് ഉപയോഗിക്കാനാകാതെ പോകാം. മിഷേൽ-റോൾഫ് ട്രൂയോയുടെ മാതൃകയിൽ ഈ ഘട്ടത്തിന് ഒരു സ്ഥാനം ഉണ്ടെങ്കിലും, നെറ്റ്വർക്ക് അധിഷ്ഠിതമായ ഡിജിറ്റൽ പരിസരങ്ങളിൽ അതിനെ നിർണയിക്കുന്ന ഘടകങ്ങൾ- തിരച്ചിൽഫലങ്ങളുടെ ക്രമനിർണയ അൽഗോരിതങ്ങൾ, ഉപയോക്താവ് ഉപയോഗിക്കുന്ന പദങ്ങളും രേഖകളിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ, ഉപയോക്തൃമുഖത്തിന്റെ രൂപകൽപ്പന- എന്നിവ പ്രധാനമായും ഇൻഫോമാറ്റിക്സിന്റെ പരിധിയിലാണ് പഠിക്കപ്പെട്ടിട്ടുള്ളത്. വിമർശനാത്മക ആർക്കൈവ് സിദ്ധാന്തവുമായി അവയെ ബന്ധിപ്പിച്ചുള്ള പഠനങ്ങൾ താരതമ്യേന കുറവാണ്.
രണ്ടാമതായി, ഡിജിറ്റൽ ആർക്കൈവിന്റെ രാഷ്ട്രീയ നിർവാഹക വിദ്യ (പൊളിറ്റിക്കൽ ഇക്കോണമി) നിലവിലുള്ള ചർച്ചകളിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. പ്ലാറ്റ്ഫോമുകളോടുള്ള ആശ്രിതത്വം, ഫണ്ടിംഗ് ഏജൻസികളുടെ പങ്ക്, കോപ്പി റൈറ്റ് നിയമങ്ങളുടെ നിയന്ത്രണം എന്നിവ ഡിജിറ്റൽ ആർക്കൈവിന്റെ പ്രവർത്തനത്തെ എങ്ങനെ നിർണയിക്കുന്നു എന്നത് കൂടുതൽ വിശദമായ പഠനം ആവശ്യപ്പെടുന്നു.
അതുപോലെ, ഡിജിറ്റൽ രേഖകളുടെ സൂക്ഷിപ്പിന് നിരന്തരമായ പരിപാലനവും സാങ്കേതികമായ പുതുക്കലും ആവശ്യമാണ്. അതിനാൽ, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുമെന്ന ആർക്കൈവിന്റെ അവകാശവാദം കടലാസ് രേഖകളുടെ കാര്യത്തിൽ ഉണ്ടായിരുന്ന അർത്ഥത്തിൽ ഡിജിറ്റൽ രേഖകൾക്ക് ബാധകമല്ല. ഡിജിറ്റൽ സംഭരണത്തിന്റെ ഭൗതികവും കാലപരവുമായ സാഹചര്യങ്ങൾ ആർക്കൈവിന്റെ സ്ഥിരതയെക്കുറിച്ചുള്ള ധാരണയെ അടിസ്ഥാനപരമായി മാറ്റുന്നു.
ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള സ്ഥിരമായൊരു ഭാവന, അതു ഭൗതികമല്ലെന്നും അതുകൊണ്ടുതന്നെ ശാശ്വതമാണെന്നുമാണ്. ഡിജിറ്റൽ സംഭരണത്തെക്കുറിച്ചുള്ള മാത്യു കിർഷൻബോമിന്റെ ഗവേഷണം ഈ ധാരണയെ ചോദ്യംചെയ്യുന്നു.
നാലാമതായി, ഇതുവരെ വികസിച്ചുവന്ന ചർച്ചകൾ യൂറോപ്പിലെയും (വടക്കേ അമേരിക്കയിലെയും) സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും രൂപപ്പെട്ടിട്ടുള്ളത്. പല ഭാഷകളും വ്യത്യസ്ത ലിപിവ്യവസ്ഥകളും ഒരുമിച്ചു നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഡിജിറ്റൽ വിവരണരീതികൾ നേരിടുന്ന പരിമിതികളെക്കുറിച്ചുള്ള പഠനങ്ങൾ താരതമ്യേന കുറവാണ്. ഭാഷാപരമായും ലിപിപരമായും വൈവിധ്യമുള്ള രേഖകളെ ഡിജിറ്റൽ സംവിധാനങ്ങൾ എങ്ങനെ നിർണയിക്കുന്നു, വർഗീകരിക്കുന്നു, ലഭ്യമാക്കുന്നു എന്നത് ഒരു പ്രശ്നമായി അവശേഷിക്കുന്നു.
ഈ നാല് വിഷയങ്ങളും തുടർന്നുള്ള ഭാഗങ്ങളിൽ ഒന്നൊന്നായി പരിശോധിക്കുന്നു. അ, ആങ്ങനെ ആർക്കൈവിനെക്കുറിച്ചുള്ള വിമർശനാത്മക ചിന്തയെ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ യാഥാർഥ്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഈ ലേഖനത്തിന്റ ലക്ഷ്യം.
ഡിജിറ്റൽ ടേൺ: ആർക്കൈവിൽനിന്ന് ഡാറ്റാബേസിലേക്കും പ്ലാറ്റ്ഫോമിലേക്കും
ക്രമവും തിരച്ചിലും
വസ്തു ആർക്കൈവ് ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ക്രമവ്യവസ്ഥയാണ് നൽകുന്നത്. ഓരോ രേഖയും രേഖാശേഖരങ്ങൾ (fonds), പരമ്പരകൾ (series), ഫയലുകൾ, വ്യക്തിഗത രേഖകൾ എന്നിങ്ങനെ പരസ്പരം ബന്ധിപ്പിച്ച ഒരു ശ്രേണീക്രമത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഒരു രേഖയുടെ അർത്ഥം അതിൽ മാത്രം ഒതുങ്ങുന്നില്ല; അതിനോടു ചേർന്നുകിടക്കുന്ന മറ്റു രേഖകളുമായുള്ള ബന്ധവും, ആ രേഖകളെ ഒരുമിച്ച് സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്ത സ്ഥാപനവുമായുള്ള ബന്ധവും അതിന്റെ അർത്ഥത്തെ നിർണയിക്കുന്നു.
എന്നാൽ, ഡാറ്റാബേസ് മറ്റൊരു യുക്തിയിലാണ് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ ശേഖരങ്ങളിൽ രേഖകൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ സാധാരണയായി ഉപയോക്താവിനോട് ഒരു തിരച്ചിൽവാക്കോ ചോദ്യമോ നൽകാൻ ആവശ്യപ്പെടുന്നു; തുടർന്ന് പ്രസക്തിയുടെ ക്രമത്തിൽ വിന്യസിച്ച രേഖകളുടെ ഒരു പട്ടികയാണ് ലഭിക്കുന്നത്. ഈ രീതിയിൽ, ഓരോ രേഖയും അതിനെ സൃഷ്ടിച്ച സാമൂഹികവും സ്ഥാപനപരവുമായ ഘടനകളിൽനിന്ന് വേർപെട്ട്, തിരച്ചിലിലൂടെ കണ്ടെത്താവുന്ന ഒരു സ്വതന്ത്ര ഘടകമായി പ്രത്യക്ഷപ്പെടുന്നു.
രേഖകളുടെ ശ്രേണീക്രമത്തെ യന്ത്രങ്ങൾക്ക് വായിക്കാവുന്ന രൂപത്തിലേക്ക് മാറ്റുന്നതിനും, അവയുടെ ഉത്ഭവബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണം നിലനിർത്തുന്നതിനുമായി Encoded Archival Description പോലുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. രേഖകൾ കണ്ടെത്താൻ സഹായിക്കുന്ന പരമ്പരാഗത ഉപാധികളെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിൽ ഈ മാനദണ്ഡങ്ങൾ വിജയകരമായിട്ടുമുണ്ട്. എങ്കിലും ഗവേഷകർ യഥാർത്ഥത്തിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ തിരച്ചിലിൽ മിക്കപ്പോഴും മുൻനിരയിലെത്തുന്നത് വ്യക്തിഗത രേഖയും തിരച്ചിലിന്റെ ഫലവുമാണ്. ആ രേഖയെ അതിന്റെ വിശാലമായ പശ്ചാത്തലവുമായി ബന്ധിപ്പിച്ചുനിർത്താൻ കഴിയുമോ എന്നത്, മാനദണ്ഡങ്ങൾ നിർദേശിക്കുന്ന ശ്രേണീക്രമത്തെ പ്ലാറ്റ്ഫോം എത്രത്തോളം കൃത്യമായി അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
വ്യത്യസ്ത വിജ്ഞാനശാഖകളിൽ ആർക്കൈവ് എന്ന ആശയം എങ്ങനെ പ്രയോഗിക്കപ്പെടുന്നുവെന്ന് പരിശോധിച്ച മാർലീൻ മനോഫ്, ആർക്കൈവ്, ഗ്രന്ഥശാല, മ്യൂസിയം, ഡാറ്റാബേസ് എന്നിവയ്ക്കിടയിൽ ഒരുകാലത്ത് നിലനിന്നിരുന്ന അതിരുകൾ ക്രമേണ മങ്ങിപ്പോകുന്നതായി ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, ആർക്കൈവിന്റെ ഭാഷയും ആശയലോകവും പുതിയതും വ്യത്യസ്തവുമായ പ്രവർത്തനമേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു.
ഈ അതിരുകൾ മങ്ങുന്നതിന് റ്റാത്തവികവും ഭാഷാപരവുമായ പ്രത്യാഘാതങ്ങളുണ്ട്. പരമ്പരാഗത ആർക്കൈവിന് അതിന്റെ രേഖകൾ സൃഷ്ടിച്ച സ്ഥാപനവുമായുള്ള ബന്ധത്തിൽനിന്നാണ് അധികാരം ലഭിക്കുന്നത്. എന്നാൽ, ഡിജിറ്റൽ ശേഖരത്തിന്റെ ആധികാരികത പലപ്പോഴും അതിനെ പരിപാലിക്കുന്ന സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും, പ്ലാറ്റ്ഫോമിന്റെ ദൃശ്യതയും, തിരച്ചിൽയന്ത്രം സൃഷ്ടിക്കുന്ന സമഗ്രതയുടെ പ്രതീതിയും ചേർന്നാണ് രൂപപ്പെടുന്നത്. അങ്ങനെ, രേഖയുടെ ഉത്ഭവത്തിൽനിന്ന് അതിനെ അവതരിപ്പിക്കുന്ന മുഖപ്പിലേക്കാണ് അധികാരത്തിന്റെ കേന്ദ്രം നീങ്ങുന്നത്.

ഭൗതികത, സ്മൃതി, പരിപാലനം
ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള സ്ഥിരമായൊരു ഭാവന, അതു ഭൗതികമല്ലെന്നും അതുകൊണ്ടുതന്നെ ശാശ്വതമാണെന്നുമാണ്. ഡിജിറ്റൽ സംഭരണത്തെക്കുറിച്ചുള്ള മാത്യു കിർഷൻബോമിന്റെ ഗവേഷണം ഈ ധാരണയെ ചോദ്യംചെയ്യുന്നു. ഡിജിറ്റൽ രേഖപ്പെടുത്തലിന്റെ രൂപപരമായ ഭൗതികത (formal materiality)-സോഫ്റ്റ്വെയർ വിവരങ്ങളെ ക്രമീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി- ഡിസ്കുകളിലും ഇലക്ട്രോണിക് സർക്യൂട്ടുകളിലും അവശേഷിക്കുന്ന ഭൗതിക അടയാളങ്ങളുടെ അന്വേഷണാത്മക ഭൗതികതയിൽനിന്ന് (forensic materiality) അദ്ദേഹം വേർതിരിച്ചുകാണിക്കുന്നു. ഈ വിശകലനത്തിലൂടെ ഡിജിറ്റൽ വസ്തുക്കൾ ഭൗതികതയില്ലാത്തവയോ മാറ്റമില്ലാതെ നിലനിൽക്കുന്നവയോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മാധ്യമപുരാവസ്തുശാസ്ത്രത്തിന്റെ ഈ പാരമ്പര്യത്തിൽത്തന്നെ, വോൾഫ്ഗാങ് ഏൺസ്റ്റ് ഡിജിറ്റൽ സ്മൃതിയെ ഒരു പ്രക്രിയയായും പ്രവർത്തനമായും മനസ്സിലാക്കുന്നു. ഇവിടെ സ്മൃതി എന്നത് മാറ്റമില്ലാതെ കിടക്കുന്ന രേഖകളുടെ ശേഖരമല്ല; പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക സംവിധാനങ്ങളുടെ ഫലമാണ്. രേഖകളെ വീണ്ടെടുക്കുകയും വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്ന സാങ്കേതിക പ്രവർത്തനങ്ങളിലൂടെയാണ് ആർക്കൈവ് നിലനിൽക്കുകയും അനുഭവവേദ്യമാകുകയും ചെയ്യുന്നത്.
ഡിജിറ്റൽ ആർക്കൈവിനെക്കുറിച്ചുള്ള വിമർശനാത്മക സിദ്ധാന്തത്തിന് ഈ തിരിച്ചറിവ് പ്രായോഗികമായ പ്രാധാന്യമുണ്ട്. നിരന്തരമായ സാങ്കേതിക പിന്തുണ ആവശ്യമുള്ള ആർക്കൈവ്, ബജറ്റുകളെയും സേവനദാതാക്കളെയും സുരക്ഷാസംവിധാനങ്ങളെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ, ഡിജിറ്റൽ രേഖകളുടെ സംരക്ഷണം സാങ്കേതികവിദ്യയുടെ മാത്രം പ്രശ്നമല്ല; ധനസഹായം, വിഭവങ്ങളുടെ വിതരണം, സ്ഥാപനപരമായ മുൻഗണനകൾ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ പ്രശ്നം കൂടിയാണ്.
ഡാറ്റ ഒരിക്കലും അതിന്റെ അസംസ്കൃത രൂപത്തിൽ നമുക്ക് ലഭിക്കുന്നില്ല; അത് ശേഖരിക്കപ്പെടുന്ന സാഹചര്യങ്ങൾ അതിനെ എപ്പോഴും ഒരു പ്രത്യേക രീതിയിൽ രൂപപ്പെടുത്തുന്നു.
അടിസ്ഥാനസൗകര്യങ്ങൾ, മാനദണ്ഡങ്ങൾ, ഡാറ്റയുടെ നിർമ്മാണം
ഡിജിറ്റൽ ആർക്കൈവിലേക്കുള്ള ഈ പരിവർത്തനത്തെ മനസ്സിലാക്കാൻ ഏറ്റവും പ്രയോജനകരമായ ആശയങ്ങളിലൊന്ന് സൂസൻ ലീ സ്റ്റാർ വികസിപ്പിച്ച അടിസ്ഥാനസൗകര്യം (infrastructure) എന്ന ആശയമാണ്. അടിസ്ഥാനസൗകര്യങ്ങൾ മറ്റു ഘടനകളുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്; ഉപയോക്താക്കൾ അവയുടെ സാന്നിധ്യം സാധാരണയായി സ്വാഭാവികമായി അംഗീകരിക്കുന്നു. എന്നാൽ, അവയിൽ തകരാറുണ്ടാകുമ്പോഴാണ് പലപ്പോഴും അവയുടെ സാന്നിധ്യവും പ്രാധാന്യവും വ്യക്തമായി വെളിപ്പെടുന്നത് എന്നാണ് സ്റ്റാർ വാദിക്കുന്നത്.
ലിസ ഗിറ്റൽമാനും സഹരചയിതാക്കളും മറ്റൊരു പ്രധാന വസ്തുത ചൂണ്ടിക്കാട്ടുന്നു: ഡാറ്റ ഒരിക്കലും അതിന്റെ അസംസ്കൃത രൂപത്തിൽ നമുക്ക് ലഭിക്കുന്നില്ല; അത് ശേഖരിക്കപ്പെടുന്ന സാഹചര്യങ്ങൾ അതിനെ എപ്പോഴും ഒരു പ്രത്യേക രീതിയിൽ രൂപപ്പെടുത്തുന്നു. Data എന്ന പദം അക്ഷരാർഥത്തിൽ ‘നൽകപ്പെട്ടത്’ എന്ന അർത്ഥം മുന്നോട്ടുവയ്ക്കുമ്പോൾ, മനുഷ്യവിജ്ഞാനശാഖകളിലെ തെളിവുകൾ സ്വാഭാവികമായി ലഭിക്കുന്നവയല്ലെന്നും തിരഞ്ഞെടുപ്പിലൂടെയും വ്യാഖ്യാനത്തിലൂടെയും നിർമ്മിക്കപ്പെടുന്നവയാണെന്നും സൂചിപ്പിക്കാൻ capta എന്ന പദം ഉപയോഗിക്കണമെന്ന് മറ്റൊരു ചിന്തക നിർദേശിക്കുന്നു.
ഈ വാദങ്ങളെല്ലാം ഡിജിറ്റൽ ആർക്കൈവിനെക്കുറിച്ചുള്ള ഒരൊറ്റ നിർണായകമായ നിഗമനത്തിലേക്കാണ് നയിക്കുന്നത്. വിവരങ്ങൾ ക്രമീകരിക്കുന്ന രൂപവ്യവസ്ഥ, നിയന്ത്രിത പദാവലി, ചിത്രങ്ങളുടെ ഫയൽരൂപം, അച്ചടിച്ച അക്ഷരങ്ങളെ യന്ത്രങ്ങൾക്ക് വായിക്കാവുന്ന ടെക്സ്റ്റാക്കി മാറ്റുന്ന ഒ.സി.ആർ. (OCR) പ്രക്രിയ, തിരച്ചിൽഫലങ്ങളുടെ ക്രമം നിർണയിക്കുന്ന അൽഗോരിതം—ഇവയൊന്നും ആർക്കൈവിനെ ഉപയോക്താവിലേക്കെത്തിക്കുന്ന വെറും ഉപകരണങ്ങളല്ല. അവ ആർക്കൈവിന്റെ ഘടനയിൽത്തന്നെ ഉൾപ്പെട്ടിരിക്കുന്നു.
ഫൂക്കോ വിശദീകരിച്ച, എന്തെല്ലാം പ്രസ്താവിക്കാനാകുമെന്നതിനെ നിയന്ത്രിക്കുന്ന വ്യവസ്ഥയുടെ പ്രവർത്തനവും ദെറിദ ചർച്ചചെയ്ത രേഖകളെ ഒരു സമാഹാരത്തിലേക്ക് ക്രമീകരിക്കുന്ന സാങ്കേതികതയും ഈ ഘടകങ്ങളിലൂടെ ഡിജിറ്റൽ ലോകത്തും തുടരുന്നു. ഈ അടിസ്ഥാനസൗകര്യങ്ങൾ സാധാരണയായി ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പെടുന്ന ആളുകൾക്കുതന്നെ ദൃശ്യമാകാതെ നിലനിൽക്കുകയും ചെയ്യുന്നു.

പ്ലാറ്റ്ഫോം
ആർക്കൈവ്, ഡാറ്റാബേസ്, പ്ലാറ്റ്ഫോം എന്ന ആശയക്രമത്തിലെ അവസാന ഘടകമാണ് പ്ലാറ്റ്ഫോം. ടെക്നോളജി കമ്പനികൾ ഈ പദം ഉപയോഗിക്കുന്നത് തങ്ങളുടെ സേവനങ്ങളെ നിഷ്പക്ഷവും ഉപയോക്താക്കളെ സഹായിക്കുന്നതുമായ ഇടനില സംവിധാനങ്ങളായി അവതരിപ്പിക്കാനാണെന്ന് ടാർൾട്ടൺ ഗില്ലസ്പി ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അത്തരമൊരു അവതരണം ആ സേവനങ്ങൾക്കുള്ളിൽ നടക്കുന്ന ഉള്ളടക്കപരമായ തിരഞ്ഞെടുപ്പുകളെയും സാമ്പത്തിക തീരുമാനങ്ങളെയും മറച്ചുവയ്ക്കുന്നു.
പല ചിന്തകരും ഈ ഇടനില സംവിധാനങ്ങളെ മുതലാളിത്തത്തിന്റെ പുതിയൊരു രൂപത്തിലേക്കുള്ള വിശാലമായ മാറ്റത്തിന്റെ ഭാഗമായി കാണുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ഡാറ്റ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന അടിസ്ഥാനസൗകര്യങ്ങൾ കമ്പനികൾ നിർമ്മിക്കുന്നതിലൂടെ, ഡാറ്റയെ ആശ്രയിച്ചുള്ള പുതിയ സാമ്പത്തിക ബന്ധങ്ങൾ രൂപപ്പെടുന്നു.
വാണിജ്യാടിസ്ഥാനത്തിലുള്ള സംഭരണകേന്ദ്രങ്ങളായാലും, ക്ലൗഡ് സേവനങ്ങളായാലും, പുറംകമ്പനികൾ നൽകുന്ന രേഖാന്വേഷണ സംവിധാനങ്ങളായാലും, സാംസ്കാരിക സ്ഥാപനങ്ങൾ ഇത്തരം അടിസ്ഥാനസൗകര്യങ്ങളെ കൂടുതലായി ആശ്രയിച്ചുവരുന്നു. എന്നാൽ, ഈ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കരാർവ്യവസ്ഥകളും സാങ്കേതിക നിബന്ധനകളും രൂപപ്പെടുത്തുന്നതിൽ ആ സ്ഥാപനങ്ങൾക്ക് പലപ്പോഴും നിർണായകമായ പങ്കില്ല.
ഇതോടെ, ആർക്കൈവ് ഒരു അടഞ്ഞ സ്ഥാപനമോ കെട്ടിടമോ ഔദ്യോഗിക അധികാരകേന്ദ്രമോ മാത്രമായി നിലനിൽക്കുന്നില്ല. പകരം, സ്ഥാപനങ്ങൾ, സാങ്കേതിക സേവനദാതാക്കൾ, ഫണ്ടിങ് ഏജൻസികൾ , മാനദണ്ഡങ്ങൾ നിർണയിക്കുന്ന സംഘടനകൾ, ഉപയോക്താക്കൾ എന്നിവർക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ബന്ധങ്ങളുടെ ശൃംഖലയായി മാറുന്നു. അതിനനുസരിച്ച്, ആർക്കൈവിന്റെ രാഷ്ട്രീയവും ഒരു കേന്ദ്രത്തിൽ മാത്രം ഒതുങ്ങാതെ ഈ ബന്ധങ്ങളിലുടനീളം വിതരണം ചെയ്യപ്പെടുന്നു.

പ്രവേശനത്തിന്റെ പ്രത്യയശാസ്ത്രം
ഇവിടെ പ്രത്യയശാസ്ത്രം എന്ന പദം ഒരു പരിമിതമായ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്: ചരിത്രപരമായ സാഹചര്യങ്ങളിൽ രൂപപ്പെട്ട ചില ക്രമീകരണങ്ങളെ സ്വാഭാവികവും ചോദ്യംചെയ്യാനാവാത്തതുമായ കാര്യങ്ങളായി അവതരിപ്പിക്കുന്ന ധാരണകളുടെ സമുച്ചയം എന്ന നിലയിൽ. ഡിജിറ്റൽ ആർക്കൈവുകളെക്കുറിച്ചുള്ള പൊതുവ്യവഹാരം ഇത്തരമൊരു പ്രവേശനപ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടിരിക്കുന്നത്. അതിൽ ചില പ്രധാന തത്വങ്ങളുണ്ട്.
ആദ്യത്തേത്, പ്രവേശനം നീതിപൂർവമാണ് എന്ന ധാരണയാണ്. ഒരു ശേഖരം ഓൺലൈനിൽ തുറന്നുകൊടുക്കുന്നത് അതിനെ ജനാധിപത്യവൽക്കരിക്കുന്ന പ്രവൃത്തിയായും, പ്രവേശനം നിയന്ത്രിക്കുന്നത് അറിവിനെ കുത്തകയാക്കുന്ന പ്രവൃത്തിയായും അവതരിപ്പിക്കപ്പെടുന്നു. രണ്ടാമത്തേത്, തിരയാനുള്ള സൗകര്യം സമഗ്രതയുടെ ഉറപ്പാണ് എന്ന വിശ്വാസമാണ്. തിരയാൻ കഴിയുന്ന ഒരു ആർക്കൈവ്, അതിലുള്ളതെല്ലാം കണ്ടെത്താനാകുന്ന ഒരു സമ്പൂർണ ശേഖരമാണെന്ന പ്രതീതി സൃഷ്ടിക്കുന്നു. മൂന്നാമത്തേത്, സാങ്കേതികവിദ്യ നിഷ്പക്ഷമാണ് എന്ന ധാരണയാണ്. സ്കാനറുകളും വിവരവിന്യാസങ്ങളും അൽഗോരിതങ്ങളും രേഖകളെ മാറ്റമില്ലാതെ കൈമാറുന്ന ഉപകരണങ്ങൾ മാത്രമാണെന്നും അവ രേഖകളുടെ അർത്ഥത്തെയോ പ്രാധാന്യത്തെയോ രൂപപ്പെടുത്തുന്നില്ലെന്നും വിവക്ഷിക്കപ്പെടുന്നു. നാലാമത്തേത്, വ്യാപ്തിയാണ് മൂല്യത്തിന്റെ അളവുകോൽ എന്ന തത്ത്വമാണ്. എത്ര രേഖകൾ ഡിജിറ്റൈസ് ചെയ്തു, എത്ര പേജുകൾ കാണപ്പെട്ടു, എത്ര ഉപയോക്താക്കളിലേക്ക് എത്തിച്ചേർന്നു എന്നിവയാണ് വിജയത്തിന്റെ പ്രധാന മാനദണ്ഡങ്ങളായി മാറുന്നത്.
ഈ ഓരോ ധാരണയിലും യാഥാർഥ്യത്തിന്റെ ഒരു അംശമുണ്ട്. ഡിജിറ്റൽ പ്രവേശനം വിപുലമാക്കുന്നത് ഗവേഷണത്തിനും അറിവിന്റെ ഉപയോഗത്തിനും സമുദായങ്ങളുടെ പങ്കാളിത്തത്തിനും പുതിയ സാധ്യതകൾ തുറന്നിട്ടുണ്ട്. എന്നാൽ, ഓരോ വാഗ്ദാനത്തിനും അതിന്റേതായ പരിമിതികളുമുണ്ട്. പ്രവേശനം വർധിച്ചു എന്നതുകൊണ്ടുമാത്രം നീതി ഉറപ്പാകുന്നില്ല; തിരച്ചിൽ സാധ്യമാണ് എന്നതുകൊണ്ടുമാത്രം എല്ലാ രേഖകളും കണ്ടെത്താനാകുന്നില്ല; സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതുകൊണ്ടുമാത്രം തീരുമാനങ്ങൾ നിഷ്പക്ഷമാകുന്നില്ല; രേഖകളുടെ എണ്ണം വർധിച്ചു എന്നതുകൊണ്ടുമാത്രം അവയുടെ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം മെച്ചപ്പെടുന്നുമില്ല.

പ്രാപ്യത സാർവത്രികമായ നേട്ടം?
പ്രാപ്യതയെയും പ്രവേശനത്തെയും നീതിയുമായി സമീകരിക്കുന്ന സമീപനത്തെ ഏറ്റവും ശക്തമായി വിമർശിച്ചിട്ടുള്ളത് തദ്ദേശീയ വിജ്ഞാനപാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകരും ആർക്കൈവ് സംരക്ഷകരുമാണ്. ഓസ്ട്രേലിയയിലെ വരുമുങ്ഗു (Warumungu) ആദിവാസി സമുദായവുമായി സഹകരിച്ച് വികസിപ്പിച്ച മുകുർതു (Mukurtu) എന്ന ഉള്ളടക്കസംവിധാനത്തെക്കുറിച്ചുള്ള പഠനത്തിൽ കിംബർലി ക്രിസ്റ്റൻ ഒരു പ്രധാന വാദം മുന്നോട്ടുവയ്ക്കുന്നു: വിവരങ്ങൾ സ്വതന്ത്രമായി ലഭ്യമാകണം എന്ന ആധുനിക സാങ്കേതിക മുദ്രാവാക്യം തദ്ദേശീയ വിജ്ഞാനത്തിന്റെ കാര്യത്തിൽ എല്ലായ്പ്പോഴും ബാധകമല്ല. കാരണം, പല തദ്ദേശീയ വിജ്ഞാനപാരമ്പര്യങ്ങളിലും അറിവ് പങ്കുവയ്ക്കുന്നതിനും കൈമാറുന്നതിനും വ്യക്തമായ സാമൂഹികവും സാംസ്കാരികവുമായ ചട്ടങ്ങളുണ്ട്. ആരാണ് ഒരു പ്രത്യേക അറിവ് കാണേണ്ടത്, കേൾക്കേണ്ടത്, അതിനെക്കുറിച്ച് സംസാരിക്കേണ്ടത്, ഏതു സാഹചര്യത്തിലാണ് അതിന് അനുമതി നൽകേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ ചട്ടങ്ങൾ നിർണയിക്കുന്നു. അതിനാൽ, അറിവിനെ നിയന്ത്രണങ്ങളില്ലാതെ എല്ലാവർക്കും ലഭ്യമാക്കുന്നത് സ്വതവേ വിമോചനപരമായ പ്രവൃത്തിയല്ല. മറിച്ച്, സ്വന്തം സാംസ്കാരിക വിഭവങ്ങളുടെ മേലുള്ള സമുദായങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തുന്ന ഒരു അതിക്രമമായി അത് മാറിയേക്കാം.
ചോദ്യം, അറിവ് തുറന്നുകൊടുക്കണോ അടച്ചുവയ്ക്കണോ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആർക്കാണ് പ്രവേശനം ലഭിക്കുന്നത്? ആരുടെ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് അനുവദിക്കപ്പെടുന്നത്? അതിൽനിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുന്നത്?- ഇവയാണ് നിർണായകമായ ചോദ്യങ്ങൾ.
ഈ വിമർശനം തദ്ദേശീയ ഡേറ്റാ ഭരണത്തിനായുള്ള CARE തത്ത്വങ്ങളിൽ കൂടുതൽ വിപുലമായ രൂപം കൈക്കൊള്ളുന്നു. റിസർച്ച് ഡാറ്റാ അലയൻസിന്റെ കീഴിൽ പ്രവർത്തിച്ച അന്താരാഷ്ട്ര തദ്ദേശീയ ഡാറ്റാ പരമാധികാര സംഘ(Global Indigenous Data Alliance - GIDA)ത്തിൽനിന്നാണ് ഈ തത്ത്വങ്ങൾ വികസിച്ചുവന്നത്. ഡിജിറ്റൽ ആർക്കൈവിനെക്കുറിച്ചുള്ള വിമർശനാത്മക സമീപനത്തിന് ഇവ നൽകുന്ന സംഭാവന നിർണായകമാണ്: പ്രവേശനത്തിന്റെ മൂല്യത്തെ പൂർണമായി തള്ളിക്കളയാതെതന്നെ, പ്രവേശനം എന്ന ആശയത്തെ കൂടുതൽ ഉത്തരവാദിത്തത്തോടെ വിശകലനം ചെയ്യാൻ ഇവ സഹായിക്കുന്നു.
ചോദ്യം അറിവ് തുറന്നുകൊടുക്കണോ അടച്ചുവയ്ക്കണോ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആർക്കാണ് പ്രവേശനം ലഭിക്കുന്നത്? ആരുടെ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് അനുവദിക്കപ്പെടുന്നത്? അതിൽനിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുന്നത്?- ഇവയാണ് നിർണായകമായ ചോദ്യങ്ങൾ.
ഈ ചോദ്യങ്ങൾ ഡിജിറ്റൽ ആർക്കൈവിന്റെ ജനാധിപത്യവാഗ്ദാനത്തെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അറിവ് ലഭ്യമാക്കുന്നത് പ്രധാനമാണ്; എന്നാൽ, ആ അറിവിന്റെ ഉടമസ്ഥത, അതിന്റെ സാംസ്കാരിക പശ്ചാത്തലം, അതിനെ പങ്കുവയ്ക്കാനുള്ള സമുദായങ്ങളുടെ അവകാശം എന്നിവയും അത്രതന്നെ പ്രധാനമാണ്.

നിയമവും പ്രവേശനത്തിന്റെ
നിയന്ത്രിത അതിരുകളും
പ്രവേശനത്തെ സാങ്കേതികവും സാംസ്കാരികവുമായ നിബന്ധനകൾ മാത്രമല്ല നിയന്ത്രിക്കുന്നത്; നിയമപരമായ നിയന്ത്രണങ്ങളും അതിന്റെ പരിധി നിർണയിക്കുന്നു. ഇന്റർനെറ്റ് ആർക്കൈവ് നടപ്പാക്കിയ നിയന്ത്രിത ഡിജിറ്റൽ വായ്പാപദ്ധതി ഇതിന് സമീപകാലത്തെ ഒരു പ്രധാന ഉദാഹരണമാണ്.
2023-ൽ ന്യൂയോർക്കിലെ ഒരു ഫെഡറൽ ജില്ലാ കോടതി, ഇന്റർനെറ്റ് ആർക്കൈവ് പുസ്തകങ്ങൾ സ്കാൻ ചെയ്ത് വായ്പയായി നൽകുന്ന രീതി പ്രസാധകരുടെ പകർപ്പവകാശം ലംഘിക്കുന്നുവെന്ന് വിധിച്ചു. 2024 സെപ്റ്റംബറിൽ രണ്ടാം സർക്യൂട്ട് അപ്പീൽ കോടതിയും ആ വിധി ശരിവച്ചു. തുടർന്ന്, ഇന്റർനെറ്റ് ആർക്കൈവ് സുപ്രീം കോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും, വായ്പാപദ്ധതിയിൽനിന്ന് അഞ്ചുലക്ഷത്തിലധികം പുസ്തകങ്ങൾ പിൻവലിച്ചതായി അറിയിക്കുകയും ചെയ്തു. ഈ സംഭവം ഡിജിറ്റൽ പ്രവേശനം അഭികാമ്യമല്ലെന്ന് തെളിയിക്കുന്നില്ല. മറിച്ച്, എല്ലാവർക്കും പങ്കിടാവുന്ന വിജ്ഞാനശേഖരം നിരന്തരം വികസിപ്പിക്കാമെന്ന ആശയം നിയമപരമായ അവകാശങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും, അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടാവുന്നതാണെന്നും വ്യക്തമാക്കുന്നു. അതുപോലെ, പ്രവേശനത്തിന്റെ സാധ്യത പകർപ്പവകാശം കൈവശമുള്ളവരുടെ വാണിജ്യപരമായ താൽപര്യങ്ങളാലും നിയന്ത്രിക്കപ്പെടുന്നു.
അതിനാൽ, ഡിജിറ്റൽ പ്രവേശനം വിപുലമാക്കുക എന്ന ലക്ഷ്യം നിയമപരമായ നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമല്ല. ഒരു ശേഖരം സാങ്കേതികമായി ലഭ്യമാക്കാൻ കഴിയുന്നതും അത് നിയമപരമായി ലഭ്യമാക്കാൻ അനുവാദമുണ്ടാകുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഇന്റർനെറ്റ് ആർക്കൈവിന്റെ അനുഭവം, ഡിജിറ്റൽ ആർക്കൈവിന്റെ വിമോചനവാഗ്ദാനവും നിയമപരവും സാമ്പത്തികവുമായ അധികാരബന്ധങ്ങളുടെ പരിധിക്കുള്ളിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

രാഷ്ട്രീയ നിർവാഹക വ്യവസ്ഥ, സമ്പത്ത്, മാനദണ്ഡങ്ങൾ
നാലാമത്തെ അടിസ്ഥാനധാരണയായ വ്യാപ്തിയെ മൂല്യമായി കാണുന്ന സമീപനം, ഡിജിറ്റൈസേഷന്റെ സാമ്പത്തിക ഘടനയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ധനസഹായം നൽകുന്ന പദ്ധതികൾക്ക് എളുപ്പത്തിൽ അളക്കാനും റിപ്പോർട്ട് ചെയ്യാനും കഴിയുന്ന ഫലങ്ങളോടാണ് സാധാരണയായി കൂടുതൽ താൽപര്യം. എത്ര രേഖകൾ ഡിജിറ്റൈസ് ചെയ്തു എന്നത് കണക്കാക്കുന്നത്, അവയ്ക്ക് നൽകിയ വിവരണങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനെക്കാളും കമ്മ്യൂണിറ്റികളുമായി നടത്തിയ കൂടിയാലോചനകളുടെ ആഴം പരിശോധിക്കുന്നതിനെക്കാളും എളുപ്പമാണല്ലോ.
ഇതിന്റെ ഫലമായി, സന്ദർഭവും വിശദാംശങ്ങളും നിലനിർത്തുന്നതിനെക്കാൾ രേഖകളുടെ എണ്ണം പരമാവധി വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനം രൂപപ്പെടുന്നു. ഡിജിറ്റൈസേഷൻ വാണിജ്യ അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിക്കുമ്പോൾ ഈ പ്രവണത കൂടുതൽ ശക്തമാകാം. അങ്ങനെ, അളക്കാൻ എളുപ്പമുള്ള നേട്ടങ്ങൾക്കു മുൻഗണന ലഭിക്കുകയും, രേഖകളുടെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം വിശദീകരിക്കുന്ന പ്രവർത്തനങ്ങൾ പിന്നിലാകുകയും ചെയ്യുന്നു.
നിക് കൗഡ്രിയും ഉലീസസ് മെഹിയാസും ഡാറ്റാ കൊളോണിയലിസം എന്ന സങ്കൽപ്പനത്തിലൂടെ ഇതിലും വിശാലമായൊരു പ്രക്രിയയെ വിശദീകരിക്കുന്നു. മനുഷ്യജീവിതത്തെ ഡാറ്റയായി ശേഖരിക്കുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയായി മാറുന്നതാണ് ഇതിന്റെ കേന്ദ്രം. അവരുടെ പഠനം പ്രധാനമായും സാമൂഹികമാധ്യമങ്ങളെയും ഡാറ്റാധിഷ്ഠിത സമ്പദ്വ്യവസ്ഥയെയും കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, സാംസ്കാരികമായി മൂല്യമുള്ള വസ്തുക്കളുടെ ഡിജിറ്റൈസേഷനിൽനിന്ന് ആർക്കാണ് നേട്ടമുണ്ടാകുന്നത്, ഏതു നിബന്ധനകളാലാണ് ആ നേട്ടം സൃഷ്ടിക്കപ്പെടുന്നത് എന്നീ ചോദ്യങ്ങൾ ഉയർത്താൻ ഈ സങ്കൽപ്പനം സഹായിക്കുന്നു.
ഡിജിറ്റൈസേഷന്റെ വിജയത്തെ രേഖകളുടെ എണ്ണത്തിലോ ഉപയോക്താക്കളുടെ എണ്ണത്തിലോ മാത്രം അളക്കാനാവില്ല. രേഖകൾ ഏതു സാഹചര്യത്തിലാണ് തിരഞ്ഞെടുത്തത്, അവയ്ക്ക് നൽകിയ വിവരണങ്ങൾ ആരുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നു, ആർക്കൊക്കെയാണ് അവ ലഭ്യമാകുന്നത്, ആർക്കാണ് പ്രയോജനം ലഭിക്കുന്നത് എന്നിവയും വിലയിരുത്തലിന്റെ ഭാഗമാകണം.
ചരിത്രപരമായി കോളനിവാഴ്ചയ്ക്ക് വിധേയമായിരുന്ന സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകം മറ്റിടങ്ങളിലെ സ്ഥാപനങ്ങളും കമ്പനികളും ഡിജിറ്റൈസ് ചെയ്യുകയും തങ്ങളുടെ സംവിധാനങ്ങളിൽ സൂക്ഷിക്കുകയും സാമ്പത്തികമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നിടത്തെല്ലാം ഈ ചോദ്യം പ്രസക്തമാണ്. രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിലൂടെ അവ സംരക്ഷിക്കപ്പെടുകയും കൂടുതൽ ആളുകൾക്ക് ലഭ്യമാകുകയും ചെയ്യാം. എന്നാൽ, അവയുടെ ഡിജിറ്റൽ രൂപത്തിന്റെ ഉടമസ്ഥത ആർക്കാണ്, അവ സൂക്ഷിക്കുന്ന അടിസ്ഥാനസൗകര്യങ്ങളെ നിയന്ത്രിക്കുന്നത് ആരാണ്, അവയിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന സാമ്പത്തികവും വിജ്ഞാനപരവുമായ മൂല്യം ആർക്കാണ് ലഭിക്കുന്നത് എന്നീ ചോദ്യങ്ങൾ അതോടൊപ്പം ഉയരുന്നു.
രൂപിക റിസാമിന്റെ വിമർശനത്തോടു ചേർത്തുവായിക്കാവുന്ന മറ്റൊരു മുന്നറിയിപ്പും ഇവിടെ പ്രസക്തമാണ്: ഡിജിറ്റൽ സാംസ്കാരിക പദ്ധതികൾക്കിടയിലും അസമത്വങ്ങൾ നിലനിൽക്കുന്നു; അവയ്ക്കുമുമ്പ് നിലനിന്നിരുന്ന വിജ്ഞാന അടിസ്ഥാനസൗകര്യങ്ങളിലെ അസമത്വങ്ങളെ ഡിജിറ്റൽ സാങ്കേതികവിദ്യ പരിഹരിക്കുകയില്ല.
അതുകൊണ്ട്, ഡിജിറ്റൈസേഷന്റെ വിജയത്തെ രേഖകളുടെ എണ്ണത്തിലോ ഉപയോക്താക്കളുടെ എണ്ണത്തിലോ മാത്രം അളക്കാനാവില്ല. രേഖകൾ ഏതു സാഹചര്യത്തിലാണ് തിരഞ്ഞെടുത്തത്, അവയ്ക്ക് നൽകിയ വിവരണങ്ങൾ ആരുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നു, ആർക്കൊക്കെയാണ് അവ ലഭ്യമാകുന്നത്, ആർക്കാണ് പ്രയോജനം ലഭിക്കുന്നത് എന്നിവയും വിലയിരുത്തലിന്റെ ഭാഗമാകണം. പ്രവേശനത്തിന്റെ വാഗ്ദാനം ജനാധിപത്യപരമായ സാധ്യതയാകണമെങ്കിൽ, അതിന്റെ പിന്നിലുള്ള അധികാരബന്ധങ്ങളും സാമ്പത്തിക താൽപര്യങ്ങളും ദൃശ്യമാക്കേണ്ടതുണ്ട്.

വീണ്ടെടുക്കലിന്റെ രാഷ്ട്രീയം:
നിശ്ശബ്ദതയുടെ രണ്ട് രൂപങ്ങൾ
ഈ ഭാഗം രണ്ടു തരത്തിലുള്ള നിശ്ശബ്ദതകളെ വേർതിരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്: രേഖീകരണത്തിലെ നിശ്ശബ്ദതയും വീണ്ടെടുക്കലിലെ നിശ്ശബ്ദതയും. (മിഷേൽ-റോൾഫ് ട്രൂയോയുടെ Silencing the Past എന്ന കൃതിയെ പരാമര്ശിച്ചിരുന്നതോർക്കുക) രേഖീകരണത്തിലെ നിശ്ശബ്ദത എന്നത് രേഖപ്പെടുത്തപ്പെടാതെ പോയതോ പിന്നീട് നശിപ്പിക്കപ്പെട്ടതോ ആയ അനുഭവങ്ങളെയും സംഭവങ്ങളെയും സൂചിപ്പിക്കുന്നു. Trouillot മുതൽ Hartman വരെയുള്ള വിമർശനാത്മക ആർക്കൈവ് സൈദ്ധാന്തികരുടെ പഠനങ്ങളിൽ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ഈ നിശ്ശബ്ദതയുടെ രൂപമാണ്. എന്നാൽ വീണ്ടെടുക്കലിലെ നിശ്ശബ്ദത എന്നത് രേഖപ്പെടുത്തപ്പെടുകയും സംരക്ഷിക്കപ്പെടുകയും—ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റപ്പെടുകയും—ചെയ്തിട്ടും തിരച്ചിലിലൂടെ കണ്ടെത്താനാവാതെ പോകുന്ന കാര്യങ്ങൾ അവശേഷിപ്പിക്കുന്ന ശൂന്യതകളെയാണ് സൂചിപ്പിക്കുന്നത്.
രണ്ടാമത്തെ ഈ രൂപം - വീണ്ടെടുക്കലിലെ നിശ്ശബ്ദത - താരതമ്യേന വളരെ കുറച്ചേ പഠിക്കപ്പെട്ടിട്ടുള്ളൂ. പ്രവേശനസൗകര്യത്തെക്കുറിച്ചുള്ള പ്രചാരണഭാഷ അതിനെ സജീവമായി മറച്ചുവയ്ക്കുകയും ചെയ്യുന്നു. ഒരു ശേഖരം തിരയാവുന്നതാണെന്ന് അവകാശപ്പെടുമ്പോൾ, പ്രസക്തമായതെന്തും തിരച്ചിലിലൂടെ കണ്ടെത്താനാകുമെന്ന ധാരണയാണ് അതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തിരച്ചിലിലൂടെ വീണ്ടെടുക്കാനാകാതെ പോകുന്ന ഒന്നും അവശേഷിക്കുന്നില്ലെന്ന അവകാശവാദമാണത്. എന്നാൽ ഈ അവകാശവാദം പലപ്പോഴും യഥാർത്ഥ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നില്ല.
വിവരങ്ങളുടെ വീണ്ടെടുക്കൽ (information retrieval) എന്ന പഠനമേഖല ഈ പ്രശ്നത്തെ കൃത്യമായി നിർവചിക്കാൻ സഹായിക്കുന്ന ഒരു ആശയഭാഷ നൽകുന്നു. തിരച്ചിലിന്റെ കാര്യക്ഷമത അളക്കുന്നതിനുള്ള പരമ്പരാഗത മാനദണ്ഡങ്ങളിൽ രണ്ടെണ്ണമാണ് കൃത്യത (precision), വീണ്ടെടുക്കൽ (recall) എന്നിവ. തിരച്ചിലിലൂടെ ലഭിക്കുന്ന ഫലങ്ങളിൽ എത്രത്തോളം പ്രസക്തമായവയുണ്ട് എന്നതിന്റെ അനുപാതമാണ് precision; പ്രസക്തമായ ആകെ രേഖകളിൽ എത്രത്തോളം തിരച്ചിലിലൂടെ ലഭിക്കുന്നു എന്നതിന്റെ അനുപാതമാണ് വീണ്ടെടുക്കൽ (recall).
ആർക്കൈവിന്റെ ഉപയോക്താക്കൾക്ക് കൃത്യത (precision), എളുപ്പത്തിൽ വിലയിരുത്താനാകും; കാരണം, പ്രസക്തിയില്ലാത്ത ഫലങ്ങൾ അവരുടെ മുന്നിൽ ദൃശ്യമാണ്. എന്നാൽ ‘വീണ്ടെടുക്കൽ’ വിലയിരുത്തുക അത്ര എളുപ്പമല്ല. തിരച്ചിലിലൂടെ ലഭിക്കാത്ത രേഖകൾ നിർവചനപ്രകാരം തന്നെ ഉപയോക്താവിന്റെ കാഴ്ചപ്പാടിന് പുറത്തായിരിക്കും. അതിനാൽ, ഒരു സംവിധാനം വളരെ നന്നായി പ്രവർത്തിക്കുന്നതായി തോന്നിയാലും, ചില പ്രത്യേകതരം രേഖകളെ അത് വ്യവസ്ഥാപിതമായി തിരച്ചിലിൽനിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കാം.
Furnas-ഉം സഹപ്രവർത്തകരും ചൂണ്ടിക്കാട്ടിയ പദാവലിപ്രശ്നം (vocabulary problem) ഈ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുന്നു. ഒരേ കാര്യത്തെ സൂചിപ്പിക്കാൻ വ്യത്യസ്ത ആളുകൾ വ്യത്യസ്ത പദങ്ങൾ ഉപയോഗിക്കുന്നു; എന്നാൽ ഒരു പ്രത്യേക പദാവലിയെ അടിസ്ഥാനമാക്കിയുള്ള തിരച്ചിൽ, മറ്റൊരു പദാവലി ഉപയോഗിച്ച് വിവരിക്കപ്പെട്ട രേഖകളെ കണ്ടെത്തുന്നതിൽ പരാജയപ്പെടാം. അതിനാൽ, ഒരു രേഖ ആർക്കൈവിൽ നിലനിൽക്കുന്നു എന്നതുകൊണ്ടുമാത്രം അത് തിരച്ചിലിലൂടെ കണ്ടെത്താനാകുമെന്ന് ഉറപ്പില്ല. രേഖയുടെ സാന്നിധ്യവും അതിന്റെ വീണ്ടെടുക്കൽസാധ്യതയും തമ്മിൽ നിർണായകമായ ഒരു വിടവ് നിലനിൽക്കുന്നു.

വർഗീകരണം, പാരമ്പര്യമായി കൈമാറപ്പെടുന്ന പദാവലി, കുടിയേറ്റം
പദാവലി പരമ്പരയായി കൈമാറിക്കിട്ടുന്നതായിരിക്കുമ്പോൾ, ഈ പ്രശ്നം രാഷ്ട്രീയമായ ഉള്ളടക്കം കൈവരിക്കുന്നു. ഡ്യൂവി ദശാംശ വർഗീകരണ സമ്പ്രദായം(Dewey Decimal Classification), ലൈബ്രറി ഓഫ് കോൺഗ്രസ് വിഷയശീർഷകങ്ങൾ (Library of Congress Subject Headings) തുടങ്ങിയ വർഗീകരണ സംവിധാനങ്ങളുടെ ഘടനകൾ ലിംഗം, വംശം, അറിവിന്റെ സംഘാടനം എന്നിവയെക്കുറിച്ചുള്ള ആധിപത്യധാരണകളിൽ അധിഷ്ഠിതമാണെന്നും, ആ ധാരണകളോട് പൊരുത്തപ്പെടാത്ത അറിവിനെയും അനുഭവങ്ങളെയും അവ പാർശ്വവൽക്കരിക്കുന്നുവെന്നും ഹോപ് ഓൾസൺ തെളിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ പഴയ കാറ്റലോഗ് രേഖകളിൽ പ്രശ്നകരമോ അപമാനകരമോ ആയ പദപ്രയോഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതും അവ തിരുത്തുന്നതിലുള്ള പ്രയാസങ്ങളും കാറ്റലോഗ് പഠനം എന്ന മേഖലയിലെ നിരന്തര പ്രശ്നമാണ് .
കൊളോണിയൽ രേഖകൾ സൂക്ഷിക്കുന്ന ആർക്കൈവുകളിൽ ഈ പ്രശ്നത്തിന് സവിശേഷമായൊരു രൂപമുണ്ട്. കോഹൻ, ഡിര്കസ് എന്നിവർ ചൂണ്ടിക്കാട്ടിയതുപോലെ, കൊളോണിയൽ ഭരണകൂടങ്ങൾ തങ്ങളുടെ അധീനരായ ജനങ്ങളെ ജാതി, ഗോത്രം, വംശം, മതം തുടങ്ങിയ വിഭാഗങ്ങളിലൂടെ വർഗീകരിച്ചിരുന്നു. ഈ വിഭാഗങ്ങൾ ആർക്കൈവിലെ രേഖകൾ കണ്ടെത്തുന്നതിനുള്ള സഹായകപ്പട്ടികകളിലും വിവരണങ്ങളിലും (finding aids) വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ, കൊളോണിയൽ ഭരണകൂടത്തിന്റെ വർഗീകരണയുക്തി സമകാലികമായ തിരച്ചിൽപരിസരത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പഴയ വിവരണങ്ങളെ പുതിയ സംവിധാനങ്ങളിലേക്ക് പതിവുപ്രകാരം മാറ്റിവയ്ക്കുന്ന മെറ്റാഡാറ്റാ കുടിയേറ്റം (metadata migration) ഈ വിഭാഗങ്ങളെ പുനരുത്പാദിപ്പിച്ചേക്കാം; അവ നിലനിർത്തണമെന്ന തീരുമാനം ആരും ബോധപൂർവം എടുത്തിട്ടില്ലെങ്കിലും അതു സംഭവിക്കാം.
ഇതിനു കാരണം, വർഗീകരണവിഭാഗങ്ങൾ മാനദണ്ഡത്തിന്റെ ഘടനയ്ക്കുള്ളിൽ തന്നെ പതിഞ്ഞുകിടക്കുന്നു എന്നതാണ്. അവ നീക്കംചെയ്താൽ, അവയെ ആശ്രയിക്കുന്ന മറ്റു ഘടകങ്ങളെയും പുനർനിർമിക്കേണ്ടിവരും. വർഗീകരണം അടിസ്ഥാനസൗകര്യമായി പ്രവർത്തിക്കുന്നുവെന്ന ആശയം ഈ പ്രശ്നത്തെ വിശദീകരിക്കുന്നു. അതായത്, കൊളോണിയൽ വർഗീകരണങ്ങൾ പഴയ രേഖകളിലെ പദങ്ങളായി മാത്രം നിലനിൽക്കുന്നില്ല; അവയെ ആശ്രയിക്കുന്ന സാങ്കേതികവും ഭരണപരവുമായ സംവിധാനങ്ങളിലൂടെ അവ വർത്തമാനകാലത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
വീണ്ടെടുക്കലിലെ അസമത്വം:
ഒരു വിശകലന മാതൃക
ഒരു രേഖ തിരച്ചിലിലൂടെ കണ്ടെത്തപ്പെടാനുള്ള സാധ്യത എങ്ങനെ രൂപപ്പെടുന്നു എന്നത് പരിശോധിക്കാനായി, ഈ ലേഖനം ഒരു സാങ്കൽപ്പിക മാതൃക മുന്നോട്ടുവയ്ക്കുന്നു. ഒരു രേഖയുടെ കണ്ടെത്തൽസാധ്യത നാലു ഘട്ടങ്ങളിലൂടെ രൂപപ്പെടുന്നു:
1. തിരഞ്ഞെടുപ്പ് (selection):
ആ രേഖ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റപ്പെടുന്നുണ്ടോ എന്നത്.
2. വിവരണരചന (description):
രേഖയോട് ചേർക്കപ്പെടുന്ന മെറ്റാഡാറ്റ(രേഖകളെ തിരിച്ചറിയാനും വർഗീകരിക്കാനും കണ്ടെത്താനും സഹായിക്കുന്ന അടിസ്ഥാന വിവരങ്ങളാണ് മെറ്റാഡാറ്റ)കളുടെ സമൃദ്ധി, കൃത്യത, ഭാഷ, പദാവലി എന്നിവ.
3. ഘടനാപരമായ ക്രമീകരണം (structuring): സൂചികവൽക്കരണം, നിയന്ത്രിത പദാവലികൾ, രേഖകൾ തമ്മിലുള്ള യന്ത്രവായനാസാധ്യമായ ബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്ന മെറ്റാഡാറ്റയുടെ സാങ്കേതിക സംഘടന.
4. അവതരണം (presentation):
രേഖ ഉപയോക്താവിന്റെ മുന്നിലെത്തുന്ന തിരച്ചിൽമുഖം, ഫലങ്ങളുടെ റാങ്കിങ്, സ്വതവേ പ്രദർശിപ്പിക്കപ്പെടുന്ന ക്രമം എന്നിവ.
ഈ ഘട്ടങ്ങൾ പരസ്പരം കൂട്ടിച്ചേർന്നാണ് പ്രവർത്തിക്കുന്നതെന്നതാണ് ഈ മാതൃകയുടെ കേന്ദ്രപരികൽപന. വിവരണം, ഘടന, അവതരണം എന്നിവയുടെ അപര്യാപ്തത രേഖയുടെ തിരച്ചിൽ ശേഷി കുറക്കുന്നു. ഓരോ ഘട്ടത്തിലുമുള്ള കുറവുകൾ ഒന്നിച്ചുചേർന്ന് ഒരു രേഖയെ പ്രായോഗികമായി അദൃശ്യമാക്കാൻ കഴിയും.
ലോകത്തിലെ വിവിധ ഭാഷകൾക്കായി ഭാഷാസാങ്കേതികവിദ്യ ലഭ്യമാകുന്നതിൽ അതീവമായ അസമത്വമുണ്ടെന്ന വസ്തുത സുവിദിതമാണ്. ചുരുക്കം ചില ഭാഷകൾക്ക് വിപുലമായ സാങ്കേതികവിഭവങ്ങൾ ലഭ്യമാകുമ്പോൾ, ഭൂരിഭാഗം ഭാഷകൾക്കും അത്തരം വിഭവങ്ങൾ തീരെ കുറവോ ഇല്ലാത്തതോ ആയ അവസ്ഥയുണ്ട്.
ഈ മാതൃകയിൽനിന്ന് രണ്ടു നിഗമനങ്ങൾ ഉരുത്തിരിയുന്നു. ആദ്യത്തേത് തിരുത്തലിന്റെയും പരിഹാരത്തിന്റെയും സാധ്യതയെക്കുറിച്ചാണ്. മുൻഘട്ടത്തിൽ സംഭവിച്ച വീഴ്ചയെ പിന്നീടുള്ള ഇടപെടൽകൊണ്ട് പൂർണമായി നികത്താനാവില്ല. ഒരു ക്യൂറേറ്റ് ചെയ്ത പ്രദർശനം ഒരു രേഖയെ കൂടുതൽ ദൃശ്യമാക്കാം; എന്നാൽ മുമ്പ് സൃഷ്ടിക്കപ്പെടാതെ പോയ മെറ്റാഡാറ്റയെ അതിന് പിന്നോട്ടുപോയി സൃഷ്ടിക്കാനാവില്ല. അതിനാൽ വിഭവങ്ങൾ പരിമിതമായ സാഹചര്യങ്ങളിൽ, തിരുത്തൽപ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ സ്വാധീനം ചെലുത്താനാകുന്ന ഘട്ടം പലപ്പോഴും വിവരണത്തിന്റെ ഘട്ടമായിരിക്കും.
രണ്ടാമത്തെ നിഗമനം ഉത്തരവാദിത്വത്തെക്കുറിച്ചാണ്. തിരഞ്ഞെടുപ്പുസംബന്ധമായ തീരുമാനങ്ങൾ സാധാരണയായി ഉന്നതതലത്തിൽ എടുക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നു; അവ പൊതുരേഖകളിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ വിവരണരചനയെയും ഘടനാപരമായ ക്രമീകരണത്തെയും സംബന്ധിച്ച തീരുമാനങ്ങൾ താഴ്ന്ന ഭരണതലങ്ങളിലുള്ള ജീവനക്കാരാണ് പലപ്പോഴും എടുക്കുന്നത്; അവ ജ്ഞാനപരമായ പരിശോധനയ്ക്ക് തുറന്നുകൊടുക്കാത്ത റെജിസ്റ്ററുകളിലോ മാർഗനിർദേശങ്ങളിലോ മാത്രമായിരിക്കും രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ, ഒരു രേഖ കണ്ടെത്താനാകുമോ എന്നതിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന ഘട്ടങ്ങൾ തന്നെയാണ് വിമർശനാത്മക പരിശോധനയ്ക്ക് ഏറ്റവും കുറച്ചുമാത്രം വിധേയമാകുന്നത്.
കാലക്രമത്തിൽ ഈ പ്രത്യാഘാതം കൂടുതൽ ശക്തിപ്പെടാനും സാധ്യതയുണ്ട്. ശാസ്ത്രലോകത്തിലെ പല മാതൃകകളും സൂചിപ്പിക്കുന്നത്, വിവരണരചനയിലെ ആദ്യകാല അസമത്വങ്ങൾ പിന്നീട് ഉദ്ധരണികളിലും ഉപയോഗത്തിലും അവഗണനയുടെ സ്ഥിരമായ മാതൃകകളായി മാറാമെന്നാണ്. ഈ നാല് ഘട്ടങ്ങളുള്ള മാതൃകയെ മുഴുവനായും, തുടർന്നുള്ള രീതിശാസ്ത്രഭാഗത്ത് വിശദീകരിക്കുന്നതുപോലെ, അനുഭവപരമായ പരിശോധന ആവശ്യമായ ഒരു പരികൽപനയായിട്ടാണ് കാണേണ്ടത്.

ഭാഷ, ലിപി, യന്ത്രവിവരണത്തിന്റെ പരിമിതികൾ
ഈ നാല് ഘട്ടങ്ങളും എല്ലാ ഭാഷകളിലും ഒരേ രീതിയിലല്ല വിതരണം ചെയ്യപ്പെടുന്നത്. വിവരണങ്ങൾ പലപ്പോഴും സ്ഥാപനത്തിന്റെ കാറ്റലോഗ് ഉപയോഗിക്കുന്ന ഭാഷയിലാണ് എഴുതപ്പെടുന്നത്; ആ ഭാഷ മുൻകാല കൊളോണിയൽ ഭരണകൂടത്തിന്റെ ഭാഷയായിരിക്കാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ, മറ്റു ഭാഷകളിലുള്ള രേഖകൾ കാറ്റലോഗിന്റെ ഭാഷയിൽ തിരയാൻ കഴിയുന്നവർക്കു മാത്രമേ പ്രാപ്യമാകൂ.
ലോകത്തിലെ വിവിധ ഭാഷകൾക്കായി ഭാഷാസാങ്കേതികവിദ്യ ലഭ്യമാകുന്നതിൽ അതീവമായ അസമത്വമുണ്ടെന്ന വസ്തുത സുവിദിതമാണ്. ചുരുക്കം ചില ഭാഷകൾക്ക് വിപുലമായ സാങ്കേതികവിഭവങ്ങൾ ലഭ്യമാകുമ്പോൾ, ഭൂരിഭാഗം ഭാഷകൾക്കും അത്തരം വിഭവങ്ങൾ തീരെ കുറവോ ഇല്ലാത്തതോ ആയ അവസ്ഥയുണ്ട്. ഡാറ്റയുടെ അഭാവവും ചരിത്രരേഖകളുടെ പഴക്കവും മങ്ങിപ്പോയ അവസ്ഥയും ചേർന്നുണ്ടാക്കുന്ന വെല്ലുവിളികൾ, യന്ത്രസഹായത്തോടെയുള്ള ലിപ്യന്തരണത്തെയും അക്ഷരം തിരിച്ചറിയലിനെയും (optical character recognition- OCR) പ്രത്യേകിച്ച് വിശ്വസനീയമല്ലാത്തതാക്കുന്നു. ഇത്തരം സാങ്കേതികവിദ്യ ഏറ്റവും ആവശ്യമായ ഭാഷകൾക്കും ലിപികൾക്കുമാണ് ഈ പരിമിതികൾ കൂടുതലായി ബാധകമാകുന്നത് എന്നതും വസ്തുതയാണ്.
അതുകൊണ്ട്, ഒരു ആർക്കൈവ് ഔപചാരികമായി സമഗ്രമാണെന്ന് അവകാശപ്പെട്ടാലും, ഒന്നിലധികം ഭാഷകളും ലിപികളും ഉൾക്കൊള്ളുന്ന ശേഖരം വീണ്ടെടുക്കലിന്റെ തലത്തിൽ ഭാഷാപരമായ അധികാരശ്രേണിയെ വീണ്ടും ഉത്പാദിപ്പിച്ചേക്കാം. എല്ലാ രേഖകളും ശേഖരത്തിൽ നിലനിൽക്കുന്നതും അവയെല്ലാം ഒരുപോലെ കണ്ടെത്താനാകുന്നതും ഒരേ കാര്യമല്ല. രേഖകൾ ഏതു ഭാഷയിൽ വിവരിക്കപ്പെടുന്നു, അവയുടെ ലിപികൾ യന്ത്രങ്ങൾക്ക് എത്രത്തോളം വായിക്കാനാകുന്നു, ഏതു ഭാഷകളിലാണ് തിരച്ചിൽ നടത്താൻ കഴിയുന്നത് എന്നിവയാണ് ആർകൈവിലേക്കുള്ള യഥാർത്ഥ പ്രവേശനസാധ്യതയെ നിർണയിക്കുന്നത്.
ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയ ഒരു രേഖ എന്താണ്? അത് മൂലരേഖയല്ല; സാധാരണ അർത്ഥത്തിൽ പറയാവുന്ന ഒരു പകർപ്പുമല്ല. ചിത്രീകരണം, കംപ്രഷൻ, ലിപ്യന്തരണം, വിവരണരചന, സൂചികവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളുടെ പരമ്പരയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു പുതിയ വസ്തുവാണത്.
ഗവേഷകരുടെ തിരച്ചിൽശീലങ്ങൾ, തിരച്ചിൽമുഖങ്ങൾ, ഫലങ്ങളുടെ റാങ്കിങ്
അവതരണം തന്നെ ഒരു പ്രത്യേക രാഷ്ട്രീയപ്രവർത്തനമാണ്. വാണിജ്യപരമായ തിരച്ചിൽയന്ത്രങ്ങളെക്കുറിച്ചുള്ള സഫിയ നോബിൾ -ന്റെ പഠനം ഇവിടെ പ്രസക്തമാണ്: ഫലങ്ങൾക്ക് മുൻഗണന നിശ്ചയിക്കുന്ന റാങ്കിങ് ഒരു എഡിറ്റോറിയൽ തീരുമാനമാണ്; എന്നാൽ അത് സാങ്കേതികപ്രക്രിയയുടെ സ്വാഭാവികമായ ഫലമെന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്.
ആർക്കൈവുകളിലെ ഗവേഷണങ്ങൾ കാണിക്കുന്നത്, ചരിത്രകാരന്മാരുടെ വിവരാന്വേഷണശീലങ്ങളിൽ ആർക്കൈവിന്റെ ഘടനയെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തൽ, സന്ദർഭപരമായ അറിവ് വികസിപ്പിക്കൽ, യാദൃച്ഛികമായി കണ്ടെത്തുന്ന വിവരങ്ങളും ആസൂത്രിതമായ തിരച്ചിലും ഉപയോഗിക്കൽ എന്നിവയെല്ലാം ഉൾപ്പെടുന്നു എന്നതാണ്. എന്നാൽ ഒരു രേഖാശ്രേണിയിലൂടെ ക്രമമായി സഞ്ചരിക്കാനും അതിന്റെ ഉള്ളടക്കം നിരീക്ഷിക്കാനും സഹായിക്കുന്ന പഴയ രീതിക്കുപകരം, തിരച്ചിൽഫലങ്ങളുടെ പട്ടിക മാത്രം സ്കാൻ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഡിജിറ്റൽ മുഖങ്ങൾ ഈ സാഹചര്യങ്ങളെ മാറ്റിമറിക്കുന്നു. അത്തരം സംവിധാനങ്ങളിൽ, തിരച്ചിൽയന്ത്രം പുറത്തുകൊണ്ടുവരാത്ത കാര്യങ്ങൾ ഗവേഷകന്റെ കാഴ്ചയിൽപ്പെടുകയില്ല; അതിനാൽ അവ ലഭിച്ചില്ലെന്ന കാര്യം തിരിച്ചറിയാനുള്ള മാർഗങ്ങളും ഗവേഷകനു വളരെ കുറവായിരിക്കും.
പകരംപ്രതിനിധാനം, കാലം, പരിചരണം
ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയ ഒരു രേഖ എന്താണ്? അത് മൂലരേഖയല്ല; സാധാരണ അർത്ഥത്തിൽ പറയാവുന്ന ഒരു പകർപ്പുമല്ല. ചിത്രീകരണം, കംപ്രഷൻ, ലിപ്യന്തരണം, വിവരണരചന, സൂചികവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളുടെ പരമ്പരയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു പുതിയ വസ്തുവാണത്. ഈ പ്രവർത്തനങ്ങളിൽ ഓരോന്നും മൂലരേഖയിൽ മുൻകൂട്ടി ഉണ്ടായിരുന്നില്ലാത്ത തിരഞ്ഞെടുപ്പുകൾ നടത്തുന്നു.
ഓരോ പുനരുത്പാദനവും ഒരുതരം പുനഃസംജ്ഞീകരണമാണെന്ന (re-encoding) വാദം, ഡിജിറ്റൽ പകരംപ്രതിനിധാനത്തിന് അതിന്റേതായ സവിശേഷതകളും സാധ്യതകളും ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. തിരച്ചിലിലൂടെ കണ്ടെത്താനാകുക, വ്യത്യസ്ത രേഖകളുമായി പുനഃസംയോജിപ്പിക്കപ്പെടുക, ദൂരസ്ഥലങ്ങളിൽനിന്ന് പരിശോധിക്കപ്പെടുക എന്നിവ അതിന്റെ സാധ്യതകളാണ്. അതേസമയം, ഭൗതികവസ്തുവിന്റെ ഉപരിതലഘടന, വലിപ്പം, സന്ദർഭം തുടങ്ങിയവ നഷ്ടപ്പെടാനും ഇടയുണ്ട്.

ചിതറിക്കിടക്കുന്ന അടയാളങ്ങളെയും രേഖകളെയും പരിശോധിക്കാവുന്ന ഒരു ക്രമത്തിലേക്ക് കൂട്ടിച്ചേർക്കുന്ന ഈ പ്രവർത്തനത്തെ ദെറിദ, consignation('ഏല്പിച്ചുകൊടുക്കൽ') എന്ന ആശയത്തിലൂടെ വിശദീകരിക്കുന്നു. കടലാസ് ആർക്കൈവിനെ വീണ്ടും ഒരു പുതിയ സംവിധാനത്തിലേക്കും പുതിയ നിയമവ്യവസ്ഥയിലേക്കും ഏൽപ്പിക്കുന്ന പ്രക്രിയയാണത്. അതിനാൽ നിർണായകമായ ചോദ്യം ഡിജിറ്റൽ പകരംപ്രതിനിധാനം മൂലരേഖയോട് വിശ്വസ്തമാണോ എന്നത് മാത്രമല്ല; അത് എന്തിനോടാണ് വിശ്വസ്തത പുലർത്തുന്നത്, ആ വിശ്വസ്തത നിർണയിക്കുന്നത് ആരാണ് എന്നതുമാണ്.
ഡിജിറ്റൽ വിവരത്തെ പ്രവർത്തനപ്രക്രിയകളിലൂടെ മനസ്സിലാക്കുന്ന സമീപനം ഈ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഒരു ഡിജിറ്റൽ ആർക്കൈവ് തിരച്ചിലിലൂടെയും പ്രദർശനത്തിലൂടെയും പ്രവർത്തനക്ഷമമാകുന്നുവെങ്കിൽ, ഓരോ തിരച്ചിലും സ്ഥിരമായ ഒരു സ്ഥലത്തേക്കുള്ള സന്ദർശനമല്ല; മറിച്ച് ആർക്കൈവിനെ വീണ്ടും പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്ന ഒരു പ്രക്രിയയാണ്. ഇതോടെ അസ്തിത്വപരമായ ഒരു മാറ്റം സംഭവിക്കുന്നു: ആർക്കൈവ് ഒരു സ്ഥിരവസ്തുവെന്ന നിലയിൽനിന്ന് ഒരു പ്രക്രിയയായി മാറുന്നു; പരിശോധിക്കപ്പെടുന്ന രേഖ, തിരച്ചിലിലൂടെ സംഭവിക്കുന്ന ഫലമായും മാറുന്നു.
ഡാറ്റാബേസിന്റെ ആർക്കൈവ് ഓരോ തിരച്ചിലിലൂടെയും വീണ്ടും പരിവർത്തിക്കപ്പെടുന്നു. ഇവിടെ, ആർക്കൈവിൽനിന്ന് വ്യത്യസ്തമായി ഡയാന ടെയ്ലർ അവതരിപ്പിച്ച 'റിപ്പര്ത്തുആ' (repertoire) എന്ന ആശയം അപ്രതീക്ഷിതമായൊരു രൂപത്തിൽ വീണ്ടും പ്രസക്തമാകുന്നു. ശരീരത്തിലൂടെയും പ്രവർത്തനത്തിലൂടെയും സജീവമാകുന്ന സാംസ്കാരിക സ്മൃതിയും, ഡിജിറ്റൽ തിരച്ചിലിലൂടെ ഓരോ തവണയും പുനർനിർമിക്കപ്പെടുന്ന ആർക്കൈവിന്റെ പ്രവർത്തനവും തമ്മിൽ ഒരു പുതിയ സംവാദ സാധ്യത ഇതിലൂടെ തുറക്കപ്പെടുന്നു.
കാലം, വാഗ്ദാനം, കാലഹരണപ്പെടൽ
ആർക്കൈവ് ഭൂതകാലവുമായി മാത്രമല്ല, ഭാവിയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ദെറിദ വാദിക്കുന്നു. ഒരു രേഖ ആർക്കൈവിൽ സൂക്ഷിക്കുക എന്നത് ഭാവിയിൽ അതിനെ വായിക്കുന്ന ഒരാൾക്ക് അത് ലഭ്യമായിരിക്കുമെന്ന വാഗ്ദാനം നൽകുന്നതിനു തുല്യമാണ്. ഇതിലൂടെ ഇനിയും വന്നെത്താത്ത ഒരു കാലത്തോടുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കപ്പെടുന്നു. ഡിജിറ്റൽ ആർക്കൈവിൽ ഈ കാലബന്ധം കൂടുതൽ വ്യക്തവും അതേസമയം കൂടുതൽ ദുർബലവുമാകുന്നു. അതിൽ ചരിത്രത്തിന്റെ പല നിമിഷങ്ങളും ഒന്നിനുമുകളിൽ മറ്റൊന്നായി അടിഞ്ഞുകൂടുന്നു: മൂലരേഖ സൃഷ്ടിക്കപ്പെട്ട നിമിഷം, അതിനെ തുടർന്നുള്ള കാറ്റലോഗിങ് ഘട്ടങ്ങൾ, ഡിജിറ്റൈസേഷൻ നടന്ന സമയം, പിന്നീട് വേദികൾ മാറിമാറി രേഖകൾ കൈമാറ്റം ചെയ്യപ്പെടുന്ന തുടർച്ചയായ നിമിഷങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു.
ഗൂഗിളിന്റെ സ്വകാര്യതാനയത്തിൽ സമീപകാലത്തു വരുത്തിയ പരിഷ്കാരങ്ങളും സർക്കാർ രേഖകളെ സംബന്ധിച്ച നിയന്ത്രിത വ്യാപാരനയത്തിലെ പുതിയ വ്യവസ്ഥകളും ഡേറ്റാ ഭരണത്തിന്റെ ആഗോള വ്യവസ്ഥയിൽ ഘടനാപരമായ പരിണാമത്തെയാണ് അടയാളപ്പെടുത്തുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു കാറ്റലോഗിൽ രൂപപ്പെട്ട വർഗീകരണപദം വിവിധ സംവിധാനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് വർത്തമാനകാലത്ത് പ്രത്യക്ഷപ്പെടുമ്പോൾ, അത് സമകാലികമായ ഒന്നെന്ന പ്രതീതി സൃഷ്ടിക്കുന്നു; കാരണം, അതിനെ അവതരിപ്പിക്കുന്ന ഡിജിറ്റൽ തിരച്ചിൽമുഖം പുതിയതാണ്. എന്നാൽ പുതിയ മുഖം പഴയ വർഗീകരണത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കുന്നില്ല. മറിച്ച്, ആ ചരിത്രത്തെ സമകാലികതയുടെ രൂപത്തിൽ വീണ്ടും അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
സമുദായങ്ങളും സ്ഥാപനങ്ങളും എന്തെല്ലാം ഓർമിക്കപ്പെടണം എന്ന് തീരുമാനിക്കുന്ന അഭിലാഷങ്ങളുടെ ആർക്കൈവ്, (aspirational archive) എന്ന അർജുൻ അപ്പാദുരയുടെ ആശയം, ഭാവിയെ ഉദ്ദേശ്യപൂർവം രൂപപ്പെടുത്തുന്ന പ്രക്രിയയായി ആർക്കൈവിനെ മനസ്സിലാക്കാൻ സഹായിക്കുന്നു. ഭാവിയിലെ ഉപയോക്താക്കൾ എന്തെല്ലാം ചോദ്യങ്ങൾ ചോദിച്ചേക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പ്രതീക്ഷയും നിക്ഷേപവുമാണ് വിവരണരചന. എന്നാൽ ഈ പ്രതീക്ഷ പരാജയപ്പെടാനും സാധ്യതയുണ്ട്. അവഗണനകൊണ്ടു മാത്രമല്ല, തുടർച്ചയായ പുനർനിർമാണം ആവശ്യമായ ഡിജിറ്റൽ ആർക്കൈവിന്റെ സ്വഭാവംകൊണ്ടും ആ വാഗ്ദാനം തകരാം. അടുത്ത ഘട്ടത്തിലേക്കുള്ള സാങ്കേതികമായ കുടിയേറ്റത്തിനുള്ള സാമ്പത്തികവും ഭരണപരവുമായ ശേഷി ഉണ്ടായിരിക്കുന്നിടത്തോളം മാത്രമേ അത്തരമൊരു ഡിജിറ്റൽ ആർക്കൈവിന്റെ നിലനിൽപ്പ് സാധ്യമാകുകയുള്ളു.
ദൃശ്യതയുടെ നൈതികത
പ്രവേശനത്തിന്റെ പ്രത്യയശാസ്ത്രം ദൃശ്യതയെ സ്വതവേ ഒരു നന്മയായി കാണുന്നു. എന്നാൽ Foucault-യുടെ ആധുനിക അധികാരത്തെക്കുറിച്ചുള്ള വിശകലനം കാണിക്കുന്നത്, ദൃശ്യത അംഗീകാരത്തിനുള്ള ഉപാധിയായിരിക്കുന്നതുപോലെതന്നെ, ഒരാളെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയനാക്കുന്ന അവസ്ഥയുടെ ഭാഗവുമാകാമെന്നാണ്. ആർക്കൈവിൽ സൂക്ഷിക്കപ്പെട്ടവരെ വീണ്ടും തുറന്നുകാട്ടുന്നതിലൂടെ, അവർ ആദ്യം രേഖപ്പെടുത്തപ്പെട്ടിരുന്ന അധികാരപരമായ ഭാഷയും വർഗീകരണവും വീണ്ടും ആവർത്തിക്കപ്പെടാം. അതുപോലെ, തദ്ദേശീയ വിജ്ഞാനത്തെ സംബന്ധിച്ച സാംസ്കാരിക പ്രോട്ടോക്കോളുകളെയും CARE Principles-നെയും കുറിച്ച് ചില അറിവുകൾ പൊതുവിൽ തുറന്നുകാട്ടുന്നത് അവയെ നിയന്ത്രിക്കുന്ന സമുദായങ്ങളുടെ മാനദണ്ഡങ്ങളുടെയും നിയന്ത്രിത പ്രവേശനാവകാശങ്ങളുടെയും ലംഘനമാകാമെന്ന് വ്യക്തമാക്കുന്നു. (തദ്ദേശീയ ജനവിഭാഗങ്ങളുടെ അറിവുകൾ, ഡേറ്റ, സാംസ്കാരിക പൈതൃകം എന്നിവയുടെ സംരക്ഷണം, പരിപാലനം, ഉത്തരവാദിത്തപൂർവമായ ഉപയോഗം എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രധാനപ്പെട്ട അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളാണ് സാംസ്കാരിക പ്രോട്ടോക്കോളുകളും CARE തത്ത്വങ്ങളും)
ആർക്കൈവ് പ്രവർത്തനങ്ങളെ തീവ്രമായ സഹാനുഭൂതിയുടെ (radical empathy) അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണമെന്ന് കസ്വെലും സിഫോറും നിർദേശിക്കുന്നു. ആർക്കൈവിസ്റ്റുകൾ, രേഖകൾ സൃഷ്ടിച്ചവർ, രേഖകളിൽ പ്രതിനിധീകരിക്കപ്പെടുന്നവർ, അവരുടെ സമുദായങ്ങൾ എന്നിവർക്കിടയിൽ നിലനിൽക്കുന്ന വൈകാരികബന്ധങ്ങളെ തിരിച്ചറിയുകയും അവയോട് ഉത്തരവാദിത്വത്തോടെ ഇടപെടുകയും ചെയ്യുന്ന പരിചരണരീതിയാണത്. ഈ സമീപനം സൂചിപ്പിക്കുന്നത്, ഡിജിറ്റൽ ആർക്കൈവിൽ എന്ത് ഉൾപ്പെടുത്തണം, അത് എന്തിനെ പ്രതിനിധീകരിക്കണം, ഏതു ഭാഷയിൽ എങ്ങനെ വിവരിക്കണം എന്നീ തീരുമാനങ്ങൾ രേഖകളെക്കുറിച്ചുള്ള സാങ്കേതികമായ തീരുമാനങ്ങൾ മാത്രമല്ല എന്നതാണ്. അവ മനുഷ്യരെക്കുറിച്ചുള്ള നൈതിക തീരുമാനങ്ങളാണ്.

വിമർശനാത്മക വീക്ഷണത്തിൽ
മൂന്ന് സന്ദർഭങ്ങൾ
മുകളിൽ അവതരിപ്പിച്ച സമീപനത്തെ പൊതുവായി ലഭ്യമായ രേഖകളാൽ പിന്തുണയ്ക്കപ്പെടുന്ന മൂന്ന് സമീപകാല സന്ദർഭങ്ങളുടെ സഹായത്തോടെ പരിശോധിക്കാം. ഇവയെ സമ്പൂർണ പരിശോധനകളായോ ഔപചാരിക ഓഡിറ്റുകളായോ അല്ല ലേഖനം അവതരിപ്പിക്കുന്നത്. മറിച്ച്, നാം ചർച്ച ചെയ്ത സാഹചര്യം ഈ ഉദാഹരണങ്ങളിലൂടെ എങ്ങനെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെന്ന് കാണിക്കുകയാണ് ലക്ഷ്യം.
Internet Archive:
നിയമവും പ്രവേശനത്തിന്റെ ദുർബലതയും:
Internet Archive-ന്റെ നിയന്ത്രിത ഡിജിറ്റൽ വായ്പാ പദ്ധതി പ്രകാരം, Internet Archive-ഓ അതിന്റെ പങ്കാളി ലൈബ്രറികളോ അച്ചടിരൂപത്തിൽ സ്വന്തമാക്കിയിരുന്ന പുസ്തകങ്ങൾ സ്കാൻ ചെയ്ത് ഡിജിറ്റൽ പകർപ്പുകളാക്കി, അച്ചടിപ്പുസ്തകങ്ങൾ വായനയ്ക്കു നൽകുന്നതിനു സമാനമായ രീതിയിൽ, ഒരു സമയത്ത് ഒരു പകർപ്പ് എന്ന അടിസ്ഥാനത്തിൽ വായനയ്ക്കു നൽകിയിരുന്നു. ലൈബ്രറിയിലെ പുസ്തകവിതരണത്തിന്റെ ഡിജിറ്റൽ തുല്യരൂപമാണിതെന്നായിരുന്നു Internet Archive-ന്റെ വാദം.
എന്നാൽ 2023-ൽ ഇതിനെതിരെ അമേരിക്കയിലെ ഒരു ജില്ലാ കോടതി നാല് പ്രസാധകർക്ക് അനുകൂലമായി വിധിച്ചു. തുടർന്ന്, 2024 സെപ്റ്റംബറിൽ, Internet Archive-ന്റെ ഈ ഉപയോഗം ന്യായമായ ഉപയോഗം (fair use) അല്ലെന്ന് രണ്ടാം സർക്യൂട്ട് അപ്പീൽ കോടതി സ്ഥിരീകരിച്ചു. 2024 ഡിസംബറിൽ, സുപ്രീം കോടതിയിൽ പുനഃപരിശോധന തേടില്ലെന്ന് Internet Archive പ്രഖ്യാപിക്കുകയും, ഈ നിയമനടപടിയുടെ ഫലമായി വായനയ്ക്കു നൽകുന്നതിൽനിന്ന് അരലക്ഷത്തിലധികം പുസ്തകങ്ങൾ നീക്കംചെയ്തതായി അറിയിക്കുകയും ചെയ്തു.
ഈ ലേഖനത്തിന്റെ വിശകലനചട്ടക്കൂടിൽ നോക്കുമ്പോൾ, പ്രവേശനത്തിന്റെ പ്രത്യയശാസ്ത്രത്തിന് പിന്നിലുള്ള നിയമപരമായ നിബന്ധനകളാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. എല്ലാവർക്കും പങ്കുവയ്ക്കാവുന്ന ഒരു പൊതുസമ്പത്ത് വികസിപ്പിക്കുകയാണെന്ന് തോന്നിപ്പിച്ചിരുന്ന ക്രമീകരണം യഥാർത്ഥത്തിൽ പിൻവലിക്കാവുന്ന അനുമതിയെ ആശ്രയിച്ചിരുന്നതായി തെളിഞ്ഞു. ആർക്കൈവിന് പുറത്തുനിന്നുള്ള നിയമപരമായ ഇടപെടലിലൂടെ വായനയ്ക്കു ലഭ്യമായിരുന്ന രേഖകൾ നീക്കംചെയ്യപ്പെട്ടത്, വീണ്ടെടുക്കലിലെ നിശ്ശബ്ദതയുടെ ഒരു ഉദാഹരണമാണ്.
അതേസമയം, ഈ കേസിൽ ഒരു പ്രധാനപ്പെട്ട വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. തർക്കം പകർപ്പവകാശം നിലനിൽക്കുന്ന പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വായനയ്ക്കു നൽകുന്ന പദ്ധതിയെക്കുറിച്ചായിരുന്നു; അപൂർവമായ ആർക്കൈവൽ രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ചല്ല. അതിനാൽ, ഈ കേസിൽനിന്നുള്ള വിശകലനപരമായ പാഠം അതിന്റെ യഥാർത്ഥ പരിധിക്കപ്പുറം വ്യാപിപ്പിക്കരുത്. ഡിജിറ്റൽ ശേഖരങ്ങളിലേക്കുള്ള പ്രവേശനം, തുറന്ന പ്രവേശനത്തെക്കുറിച്ചുള്ള പ്രചാരണഭാഷ പലപ്പോഴും പരാമർശിക്കാത്ത നിയമപരവും വാണിജ്യപരവുമായ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നു മാത്രമേ വ്യഞ്ജിപ്പിക്കുന്നുള്ളു.
ലോകത്തിന്റെ ഗണ്യമായൊരു ഭാഗത്തെ ഡിജിറ്റൽ ആശയവിനിമയവും വിവരപ്രവാഹവും കൈകാര്യം ചെയ്യുന്ന ഗൂഗിളിനെപ്പോലൊരു കോർപ്പറേഷൻ, ഡേറ്റ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തുമ്പോൾ, ആധുനിക ആർകൈവൽ നിർമ്മിതിയുടെ അടിസ്ഥാനസ്വഭാവത്തിൽ തന്നെ മാറ്റം സംഭവിക്കുന്നു.
ബ്രിട്ടീഷ് ലൈബ്രറി:
തകരാറിലൂടെ ദൃശ്യമാകുന്ന
അടിസ്ഥാനസൗകര്യം:
2023 ഒക്ടോബർ 28-ന് Rhysida എന്ന റാൻസംവെയർ സംഘം ബ്രിട്ടീഷ് ലൈബ്രറിയെ ആക്രമിച്ചു. ഇതിന്റെ ഫലമായി ലൈബ്രറിയുടെ ഭൂരിഭാഗം ഓൺലൈൻ സംവിധാനങ്ങളും ബാധിക്കപ്പെടുകയും, ഡാറ്റ പുറത്തേക്ക് ചോർത്തപ്പെടുകയും, സെർവർ സംവിധാനങ്ങളുടെ ഗണ്യമായൊരു ഭാഗം എൻക്രിപ്റ്റ് ചെയ്യപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ലൈബ്രറി പ്രസിദ്ധീകരിച്ച അവലോകനമനുസരിച്ച്, കാലക്രമത്തിൽ സങ്കീർണമാവുകയും അടിഞ്ഞുകൂടുകയും ചെയ്ത സാങ്കേതിക അടിസ്ഥാനസൗകര്യം ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നതിൽ പങ്കുവഹിച്ചു. തിരച്ചിൽ നടത്താവുന്ന കാറ്റലോഗിന്റെ ഒരു പതിപ്പ് മാസങ്ങൾക്കുശേഷം മാത്രമാണ് വീണ്ടും ലഭ്യമായത്. ചില സംവിധാനങ്ങളെ പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുക മാത്രമല്ല, പുതിയ അടിസ്ഥാനസൗകര്യത്തിൽ വീണ്ടും നിർമിക്കേണ്ടതായും വന്നു. 2023 ഡിസംബറിൽ ലൈബ്രറി അടിയന്തരപ്രതികരണഘട്ടത്തിൽനിന്ന് പുനഃസ്ഥാപനപദ്ധതിയിലേക്ക് മാറി.
അടിസ്ഥാനസൗകര്യം തകരാറിലാകുമ്പോഴാണ് അത് ദൃശ്യമാകുന്നതെന്ന നിരീക്ഷണത്തിന് ഈ സംഭവം വ്യക്തമായ ഉദാഹരണമാണ്. അതോടൊപ്പം, വീണ്ടെടുക്കലിനെക്കുറിച്ചുള്ള വാദത്തെയും ഇത് പ്രായോഗികമായി വ്യക്തമാക്കുന്നു. രേഖകൾ ഭൗതികമായി ശേഖരത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും, അവ കണ്ടെത്താനുള്ള സംവിധാനം പ്രവർത്തനരഹിതമായാൽ പല ആവശ്യങ്ങൾക്കും ആ രേഖകൾ പ്രായോഗികമായി അപ്രാപ്യമാകും. വിവരണരചനയും ഘടനാപരമായ ക്രമീകരണവുമാണ് കണ്ടെത്തൽസാധ്യതയുടെ നിബന്ധനകൾ; നാല് ഘട്ടങ്ങളുള്ള മാതൃകയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ.
അടിസ്ഥാനസൗകര്യങ്ങളുടെ തകരാറിനെക്കുറിച്ച് വിശദമായ അവലോകനം പ്രസിദ്ധീകരിച്ച British Library-യുടെ നടപടി, ഇത്തരം പരാജയങ്ങളെ ചുറ്റിപ്പറ്റി സാധാരണ നിലനിൽക്കുന്ന വിവരങ്ങളുടെ അതാര്യതയ്ക്ക് ഒരു പ്രധാനപ്പെട്ട മറുദാഹരണമാണ്. മുകളിൽ നിർദേശിച്ച നിർമാണപ്രസ്താവനകൾ എന്തുതരം രേഖീകരണം നൽകണം എന്നതിന് ഈ അവലോകനം ഒരു മാതൃകയും മുന്നോട്ടുവയ്ക്കുന്നു.

ധനസഹായം, തിരഞ്ഞെടുപ്പ്, ദ്വിഭാഷാ വിവരണരചന: ഖത്തർ ഡിജിറ്റൽ ലൈബ്രറി
മുൻ ഉദാഹരണങ്ങളിൽനിന്ന് വ്യത്യസ്തമായി, British Library-യും Qatar Foundation-ഉം തമ്മിൽ 2012-ൽ ആരംഭിച്ച പങ്കാളിത്തത്തിന്റെ ഫലമായി 2014-ൽ ആരംഭിച്ച സംരംഭമാണ് ഖത്തർ ഡിജിറ്റൽ ലൈബ്രറി. ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത് Qatar Foundation ആണ്; രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുകയും അവയുടെ ചരിത്രസന്ദർഭം വിശദീകരിക്കുന്ന ഉള്ളടക്കം തയ്യാറാക്കുകയും ചെയ്യുന്നത് British Library ആണ്. ഗൾഫ് ചരിത്രവുമായി ബന്ധപ്പെട്ട India Office Records, സ്വകാര്യരേഖകൾ, അറബി കൈയെഴുത്തുപ്രതികൾ എന്നിവയ്ക്കാണ് പദ്ധതിയിൽ പ്രധാനമായും ശ്രദ്ധ നൽകുന്നത്.
ഈ ശേഖരത്തിലെ മെറ്റാഡാറ്റയും സന്ദർഭവിവരണ ലേഖനങ്ങളും ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്. കൊളോണിയൽ രേഖകളിൽ കാണപ്പെടുന്ന പ്രശ്നകരമായ പദപ്രയോഗങ്ങളെ കൈകാര്യം ചെയ്യുന്നതിനായി, പദ്ധതിയിലെ വിവർത്തകർ conscientious bilingual description എന്നു വിശേഷിപ്പിക്കുന്ന ദ്വിഭാഷാ വിവരണരചനയ്ക്കുള്ള മാർഗനിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
എന്നാൽ ഈ കേസിൽ ആദ്യഘട്ടമായ രേഖകളുടെ തിരഞ്ഞെടുപ്പ്, പദ്ധതിക്ക് ധനസഹായം നൽകുന്ന സ്ഥാപനത്തിന്റെയും ബന്ധപ്പെട്ട പ്രദേശത്തിന്റെയും മുൻഗണനകളാൽ സ്വാധീനിക്കപ്പെടുന്നു. അതിനാൽ, തിരഞ്ഞെടുപ്പ് എന്നത് എല്ലാ രേഖകളെയും നിഷ്പക്ഷമായി ഉൾക്കൊള്ളാനുള്ള യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം നിർണയിക്കപ്പെടുന്നില്ല. പദ്ധതിയുടെ മുൻഗണനകൾ ആരുടെ താൽപര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നതും അതിന്റെ ഘടനയുടെ ഭാഗമാണ്.
അതേസമയം, ഈ പദ്ധതി രണ്ടാമത്തെ ഘട്ടമായ വിവരണരചനയിൽ ബോധപൂർവമായ നിക്ഷേപം നടത്തിയതിന്റെ ഉദാഹരണവുമാണ്. ദ്വിഭാഷയിലുള്ളതും ചരിത്രസന്ദർഭം ഉൾക്കൊള്ളുന്നതുമായ വിവരണങ്ങൾ, കൊളോണിയൽ ഭരണകൂടത്തിന്റെ ഭാഷയിൽ തിരച്ചിൽ നടത്താൻ കഴിയുന്നവർക്ക് മാത്രമായി രേഖകളുടെ പ്രവേശനം പരിമിതപ്പെടുന്ന ഭാഷാപരമായ വിടവിനെ നേരിട്ട് അഭിസംബോധന ചെയ്യുന്നു.
എന്നിരുന്നാലും, ലഭ്യമായ രേഖകൾ മാത്രം ഉപയോഗിച്ച് ഉത്തരം നൽകാനാവാത്ത ചില ചോദ്യങ്ങൾ ഈ സംഭവം ഉയർത്തുന്നു. പാരമ്പര്യമായി കൈമാറിയ കൊളോണിയൽ പദങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾ തിരച്ചിൽ നടത്തുമ്പോൾ രേഖകൾ കണ്ടെത്താനാകുന്ന സാഹചര്യത്തിൽ എന്ത് സംഭവിക്കുന്നു? രേഖകളെ വ്യാഖ്യാനിക്കാനുള്ള അധികാരം ശേഖരം കൈവശംവയ്ക്കുന്ന സ്ഥാപനത്തിനും ധനസഹായം നൽകുന്ന സ്ഥാപനത്തിനും ആ രേഖകൾ പ്രതിനിധീകരിക്കുന്ന ചരിത്രത്തിന്റെ ഭാഗമായ സമുദായങ്ങൾക്കും ഇടയിൽ എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്?
മുകളിൽ നിർദേശിച്ച നിർമാണപ്രസ്താവനകളും സമുദായാധിഷ്ഠിത ഗവേഷണരീതികളും ഇത്തരം ചോദ്യങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നതിനുള്ള മാർഗങ്ങളാണ്.
സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് സ്വന്തം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന്റെ നിബന്ധനകളിൽ മാറ്റം വരുത്തുന്നതിലൂടെ, ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ ഉള്ളടക്കത്തിലും പ്രവർത്തനപരിധിയിലും ഗൂഗിൾ കൂടുതൽ നേരിട്ടുള്ള നിയന്ത്രണം സ്ഥാപിക്കുകയാണ്.
ഗൂഗിളിന്റെ പുതിയ
നയപരിഷ്കാരങ്ങൾ
ഗൂഗിളിന്റെ പുതിയ നയപരിഷ്കാരങ്ങൾ എങ്ങനെയാണ് ഭാവി ഡിജിറ്റൽ ആർക്കൈവിന്റെ ഭരണക്രമത്തെ നിർണ്ണയിക്കുന്നത്?
ഗൂഗിളിന്റെ സ്വകാര്യതാനയത്തിൽ സമീപകാലത്തു വരുത്തിയ പരിഷ്കാരങ്ങളും സർക്കാർ രേഖകളെ സംബന്ധിച്ച നിയന്ത്രിത വ്യാപാരനയത്തിലെ പുതിയ വ്യവസ്ഥകളും ഡേറ്റാ ഭരണത്തിന്റെ ആഗോള വ്യവസ്ഥയിൽ ഘടനാപരമായ പരിണാമത്തെയാണ് അടയാളപ്പെടുത്തുന്നത്. കേവലം ഭരണപരമായ ക്രമീകരണങ്ങളായി ഈ പരിഷ്കാരങ്ങൾ ചുരുക്കിക്കാണാനാവില്ല. Conduct Atlas എന്ന നിരീക്ഷകസംഘം നടത്തിയ വിശകലനമനുസരിച്ച്, സ്വകാര്യതാനയത്തിൽ പരസ്യാവശ്യങ്ങൾക്കായുള്ള ഡേറ്റാ വിനിയോഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും നിലവിലുള്ള പല കാര്യങ്ങളിലും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. തൊട്ടുമുൻപ് നിയന്ത്രിത വ്യാപാരനയത്തിൽ വരുത്തിയ പരിഷ്കാരവുമായി ഇവയെ ചേർത്തുവായിക്കുമ്പോൾ, ഈ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങൾ വ്യക്തിഗത ഉപയോക്താവിന്റെ സ്വകാര്യതയിൽ മാത്രം ഒതുങ്ങുന്നില്ല. പൊതു ആർക്കൈവുകളുടെ ഭാവിയെയും ഡിജിറ്റൈസേഷൻ എന്ന പ്രക്രിയയുടെ അടിസ്ഥാന സ്വഭാവത്തെയും അവ വ്യവസ്ഥാപരമായി ബാധിക്കുന്നു എന്ന് കാണാം.
പരമ്പരാഗതമായി സേവനദാതാവെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഗൂഗിൾ, ഡേറ്റയെ സജീവമായി കൈകാര്യം ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന അധികാരകേന്ദ്രമായി കൂടുതൽ ശക്തിയാർജിക്കുന്നതിന്റെ സൂചനയാണിത്. ഡിജിറ്റൽ യുഗത്തിൽ അറിവിനെ സംരക്ഷിക്കുന്നതിനും അതിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും അതിനെ വ്യാഖ്യാനിക്കുന്നതിനുമുള്ള ഭാവിസാധ്യതകളിൽ ഈ പരിണാമം നിർണായകമായ സ്വാധീനം ചെലുത്തും.
ഗൂഗിളിന്റെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലുടനീളം ഉപയോക്തൃവിവരങ്ങൾ കൂടുതൽ ഗാഢമായി പ്രയോജനപ്പെടുത്തപ്പെടുന്നു എന്നതാണ് ഇതിന്റെ അർത്ഥം. സുതാര്യത വർധിപ്പിക്കാനാണ് പുതിയ പരിഷ്കാരമെന്നു പ്രഖ്യാപിക്കുമ്പോഴും, ഘടനാപരമായ മാറ്റങ്ങളുടെ കൂടുതൽ സങ്കീർണമായ രൂപമാണ് അതിലൂടെ വികസിക്കുന്നതെന്ന് വ്യക്തമാണ്. വ്യക്തിഗത വിവരങ്ങളെ പ്രതിഫലമായി കൈമാറിക്കൊണ്ട് സൗജന്യസേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന, ഇതിനകം സർവവ്യാപകമായിത്തീർന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ യുക്തിയെ ഈ മാറ്റം കൂടുതൽ ദൃഢമാക്കുന്നു. എന്നാൽ ആർക്കൈവൽ വിജ്ഞാനശാഖയുടെയും ഡിജിറ്റൽ സംരക്ഷണത്തിന്റെയും മണ്ഡലങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ സങ്കീർണമാണ്. ലോകത്തിന്റെ ഗണ്യമായൊരു ഭാഗത്തെ ഡിജിറ്റൽ ആശയവിനിമയവും വിവരപ്രവാഹവും കൈകാര്യം ചെയ്യുന്ന ഗൂഗിളിനെപ്പോലൊരു കോർപ്പറേഷൻ, ഡേറ്റ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തുമ്പോൾ, ആധുനിക ആർകൈവൽ നിർമ്മിതിയുടെ അടിസ്ഥാനസ്വഭാവത്തിൽ തന്നെ മാറ്റം സംഭവിക്കുന്നു. ഉപയോക്താക്കളിൽനിന്ന് ശേഖരിക്കുന്ന തിരയൽവിവരങ്ങൾ, ഇ- മെയിലുകൾ, സ്ഥാനസംബന്ധിയായ വിവരങ്ങൾ എന്നിവ ഇപ്പോൾ സേവനവിതരണത്തിനും വാണിജ്യവിശകലനത്തിനുമായി ഒരേസമയം ഉപയോഗിക്കപ്പെടുന്നു എന്നതാണ് 'വിപുലീകരിച്ച പരസ്യവിനിയോഗം' എന്നതിന്റെ അന്തസ്സത്ത.

സേവനവിതരണവും വാണിജ്യവിശകലനവും തമ്മിലുള്ള ഈ ദ്വന്ദ്വം ആർക്കൈവൽ ദൗത്യത്തെ കൂടുതൽ ദുഷ്കരമാക്കുന്നു. കാരണം, രേഖകളെ അവയുടെ യഥാർത്ഥ സന്ദർഭത്തിലും തെളിവുമൂല്യത്തിലും സംരക്ഷിക്കുക എന്ന (ആദർശ)അടിസ്ഥാനതത്വത്തിന്റെ നിരന്തരമായ ധ്വസനം ഇതിലൂടെ സംഭവിക്കും. 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളെ മനസ്സിലാക്കാൻ ഭാവിയിലെ പഠിതാക്കൾ ആശ്രയിക്കേണ്ടിവരുന്ന ഡേറ്റ, അതിന്റെ സൃഷ്ടിയുടെ നിമിഷത്തിൽത്തന്നെ വാണിജ്യലക്ഷ്യങ്ങളാൽ രൂപപ്പെടുത്തപ്പെടുകയും പുനഃപ്രക്രിയയ്ക്കു വിധേയമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ, ചരിത്രത്തിന്റെ ഭാവിരേഖകൾ അവ രൂപംകൊള്ളുന്ന നിമിഷംമുതൽത്തന്നെ വിപണിയുടെ യുക്തിയാൽ രൂപീകരിക്കപ്പെടുന്നു.
സർക്കാർരേഖകളെയും സേവനങ്ങളെയും സംബന്ധിച്ച നിയന്ത്രിത വ്യാപാരനയം ഈ സങ്കീർണതയ്ക്ക് മറ്റൊരു തലംകൂടി കൂട്ടിച്ചേർക്കുന്നു. സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് സ്വന്തം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന്റെ നിബന്ധനകളിൽ മാറ്റം വരുത്തുന്നതിലൂടെ, ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ ഉള്ളടക്കത്തിലും പ്രവർത്തനപരിധിയിലും ഗൂഗിൾ കൂടുതൽ നേരിട്ടുള്ള നിയന്ത്രണം സ്ഥാപിക്കുകയാണ്. പൊതുവ്യവഹാരത്തിന്റെ ആർക്കൈവൽ ചരിത്രത്തെയും ഭരണപരമായ സുതാര്യതയെയും സംബന്ധിച്ച് ഇതിന് ഗൗരവമേറിയ പ്രത്യാഘാതങ്ങളുണ്ട്. സർക്കാർ പ്രവർത്തനങ്ങളുടെ ചില മേഖലകളിൽ ഗൂഗിൾ സേവനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തപ്പെടുമ്പോൾ, പൊതുസ്ഥാപനങ്ങളുടെ ഡിജിറ്റൽ സാന്നിധ്യത്തിൽ വിടവുകളോ പക്ഷപാതപരമായ പ്രതിനിധാനങ്ങളോ രൂപപ്പെടാൻ സാധ്യതയുണ്ട്.
Internet Archive പോലുള്ള വെബ്- ആർക്കൈവിങ് സംരംഭങ്ങളെയും ദേശീയ ഗ്രന്ഥശാലകളുടെ ഡിജിറ്റൽ സംരക്ഷണപദ്ധതികളെയും ആശ്രയിക്കുന്ന വെബ് ആർക്കൈവുകൾ സർക്കാർ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ രേഖ അപൂർണമോ ശിഥിലമോ ആണെന്ന് കണ്ടെത്തിയെക്കാം. കാരണം, പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും അവയുമായി പൗരന്മാർ ഇടപഴകുകയും ചെയ്യുന്ന ഉപകരണങ്ങളും പ്ലാറ്റ്ഫോമുകളും ഒരു സ്വകാര്യ കോർപ്പറേഷന്റെ വാണിജ്യനയങ്ങൾക്ക് വിധേയമാണ്. ഇതിലൂടെ, സാമൂഹിക പ്രവർത്തനങ്ങളുടെ സമഗ്രമായ രേഖ എന്ന ആർക്കൈവൽ തത്വം ലംഘിക്കപ്പെടുകയും പൊതുജീവിതത്തിന്റെ ചരിത്രരേഖ നിലനിർത്താനുള്ള സാധ്യത അപകടത്തിലാവുകയും ചെയ്യുന്നു. പൊതുമണ്ഡലത്തിന്റെ ചരിത്രം ഇങ്ങനെ സ്വകാര്യ പ്ലാറ്റ്ഫോമുകളുടെ നയപരിധിക്കുള്ളിൽ ഒതുങ്ങുമ്പോൾ, ആർക്കൈവിന്റെ സമഗ്രത എന്നത് സാങ്കേതികമായ ഒരു പ്രശ്നം മാത്രമല്ലാതാകുന്നു; അത് ചരിത്രപരമായ ഉത്തരവാദിത്വത്തിന്റെയും ജനാധിപത്യപരമായ സുതാര്യതയുടെയും പ്രശ്നമായി മാറുന്നു.
മതിയായ രാഷ്ട്രീയ സാമ്പത്തിക പിന്തുണയില്ലാത്ത സ്ഥാപനങ്ങളിൽ സൂക്ഷിക്കപ്പെടുന്ന ബഹുഭാഷാ, ബഹുലിപി ശേഖരങ്ങളിലെ ഡിജിറ്റൽ വിവരണരചനയെക്കുറിച്ചുള്ള അനുഭവപരമായ തെളിവുകൾ ഇപ്പോഴും പരിമിതമാണ്.
ഗവേഷണത്തിന്റെ പരിമിതികളും തുടർദിശകളും
ഈ ലേഖനത്തിലെ വാദങ്ങൾക്ക് വ്യക്തമായി നിർവചിക്കേണ്ട ചില പരിധികളുണ്ട്. ഒന്നാമതായി, ഇത് പ്രധാനമായും ആശയപരമായ ഒരു പഠനമാണ്. ഓരോ ഘട്ടത്തിലുമുള്ള കുറവുകൾ പരസ്പരം കൂട്ടിച്ചേർന്ന് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്ന വാദം ഉപയോഗവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ പരിശോധിച്ചിട്ടില്ല. രണ്ടാമതായി, ലേഖനം പൊതുവായി ലഭ്യമായ രേഖകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം രേഖകൾ എല്ലാ സ്ഥാപനങ്ങളിലും ഒരേ അളവിൽ ലഭ്യമല്ല; എന്തെല്ലാം കാര്യങ്ങൾ രേഖപ്പെടുത്തണമെന്ന് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയും അവയെ സ്വാധീനിക്കുന്നു. അതിനാൽ, ഈ പഠനം ഔപചാരിക ഓഡിറ്റല്ല, മറിച്ച് ആശയങ്ങൾ പ്രയോഗത്തിൽ എങ്ങനെ പ്രവർത്തിക്കാമെന്ന് കാണിക്കുന്ന ഉദാഹരണാത്മക വിശകലനമാണ്. ലേഖകൻ സന്ദർശിച്ച ബൃഹത്തായ ആർകൈവ്കൾ ഒരു സാധാരണ ലേഖനത്തിൽ ഉൾക്കൊള്ളിക്കാനാകാത്ത വിധം വിപുലമായ പ്രശ്ന സങ്കീർണ്ണതകൾ ഉൾച്ചേരുന്നവയാണ്. ഹേഗിലെ നാഷണൽ ആർകിഫ്, പാരീസിലെ ബിബ്ലിയോതെക് നാഷണൽ ഡി ഫ്രാൻസ് (Bibliothèque nationale de France - BnF) അഥവാ ഫ്രഞ്ച് നാഷണൽ ലൈബ്രറിയും അതിന്റ ഫ്രാൻസ്വ മിത്തറാങ് സൈറ്റും (4 കോടിയിലധികം പുസ്തകങ്ങളും രേഖകളും) എഡിൻബറയിലെ ലൈബ്രറികൾ ഉദാഹരണത്തിന്.
മൂന്നാമതായി, ലേഖനം ആശ്രയിക്കുന്ന സൈദ്ധാന്തിക സാഹിത്യത്തിന്റെ വലിയൊരു ഭാഗം യൂറോ-അമേരിക്കൻ സ്ഥാപനപരമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേസമയം, അതിലെ പ്രധാനപ്പെട്ട പല സംഭാവനകളും കൊളോണിയൽാനന്തര പഠനങ്ങളിൽനിന്നും ദക്ഷിണേഷ്യൻ ജ്ഞാന സഞ്ചയത്തിൽ നിന്നുമാണ് വരുന്നത്. മതിയായ രാഷ്ട്രീയ സാമ്പത്തിക പിന്തുണയില്ലാത്ത സ്ഥാപനങ്ങളിൽ സൂക്ഷിക്കപ്പെടുന്ന ബഹുഭാഷാ, ബഹുലിപി ശേഖരങ്ങളിലെ ഡിജിറ്റൽ വിവരണരചനയെക്കുറിച്ചുള്ള അനുഭവപരമായ തെളിവുകൾ ഇപ്പോഴും പരിമിതമാണ്.

മറ്റൊന്ന് , യാന്ത്രിക വിവരണരചനയും ലിപ്യന്തരണവും ഉൾപ്പെടുന്ന സാങ്കേതികവിദ്യകൾ അക്കാദമിക പഠനങ്ങൾക്കു പിന്തുടരാനാകുന്നതിലും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ, ഇവിടെ അവതരിപ്പിക്കുന്ന എല്ലാ പ്രസ്താവനകളെയും താൽക്കാലികവും തുടർപരിശോധന ആവശ്യമായവയുമായി കാണണം.
ഇതുവരെയുള്ള പഠനത്തിൽനിന്ന് നിരവധി തുടർഗവേഷണ ദിശകൾ തുറന്നുവരുന്നു. മെറ്റാഡാറ്റാ പരിശോധനകളെ ഉപയോഗവിവരങ്ങളുമായും ഉദ്ധരണിവിവരങ്ങളുമായും സംയോജിപ്പിച്ച്, കുറവുകൾ പരസ്പരം കൂട്ടിച്ചേർന്ന് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്ന പരികൽപന പരിശോധനാ വിഷയമാക്കേണ്ടതാണ്. കൊളോണിയൽ രേഖകൾ ഉൾക്കൊള്ളുന്ന ശേഖരങ്ങളിൽ ഭാഷകളും ലിപികളും തമ്മിൽ താരതമ്യപരമായ തിരച്ചിൽപരിശോധനകൾ നടത്തുന്നത് പദാവലികളുടെ പൊരുത്തക്കേടിന്റെ വ്യാപ്തി വെളിപ്പെടുത്തും. സമുദായങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന വിലയിരുത്തലുകൾക്ക് പ്രതിനിധാനത്തിലൂടെയുള്ള അംഗത്വബോധം പ്രായോഗികമായി എന്താണ് അർത്ഥമാക്കുന്നതെന്ന് നിർവചിക്കാനാകും.
വലിയൊരളവിൽ അദൃശ്യവും പലപ്പോഴും തൊഴിൽപരമായ അനിശ്ചിതത്വങ്ങൾ നിറഞ്ഞതുമായ വിവരണരചനാപദ്ധതികളെക്കുറിച്ചുള്ള പഠനം, ആർക്കൈവിന്റെ രൂപീകരണം ആശ്രയിക്കുന്ന രണ്ടാം ഘടകമായ സാമ്പത്തികഘടനയെ വ്യക്തമാക്കും. അതുപോലെ, പരിപാലനം, സാങ്കേതിക കുടിയേറ്റം, സംവിധാനങ്ങളുടെ തകരാർ എന്നിവയെക്കുറിച്ചുള്ള ദീർഘകാല പഠനങ്ങൾ ഡിജിറ്റൽ സംരക്ഷണം സാങ്കേതികവിദ്യയുടെ മാത്രം പ്രശ്നമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നം കൂടിയാണെന്ന വാദത്തെ പരിശോധിക്കാൻ സഹായിക്കും.

ആർക്കെവിന്റെ രണ്ടു ജീവിതങ്ങൾ
ഭൗതിക ആർക്കൈവിന്റെ തിരഞ്ഞെടുക്കപ്പെട്ട രൂപീകരണത്തിനുമുകളിൽ മറ്റൊരു രൂപീകരണമായി ഡിജിറ്റൽ ആർക്കൈവ് നിലകൊള്ളുന്നു എന്നാണ് ഈ ലേഖനം വാദിക്കുന്നത്. മാനദണ്ഡങ്ങൾ, ഡാറ്റാബേസുകൾ, ഡിജിറ്റൽ വേദികൾ, നിയമങ്ങൾ, ധനസഹായം എന്നിവയുടെ സ്വന്തം സംവിധാനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഈ രണ്ടാം രൂപീകരണം, ഭൗതിക ആർക്കൈവിൽ ഇതിനകം നിലനിൽക്കുന്ന തിരഞ്ഞെടുപ്പുകളെയും ഒഴിവാക്കലുകളെയും വീണ്ടും ക്രമീകരിക്കുന്നു.
ഫൂക്കോയുടെയും ദെരിദയുടെയും സൈദ്ധാന്തിക പാരമ്പര്യം, കൊളോണിയൽ ആർക്കൈവിനെക്കുറിച്ചുള്ള പോസ്റ്കൊളോണിയൽ ഗവേഷണങ്ങൾ, നിശ്ശബ്ദതയെയും അധികാരത്തെയും കുറിച്ചുള്ള പഠനങ്ങൾ, ശരീരബദ്ധവും സമുദായാധിഷ്ഠിതവുമായ സ്മൃതിയെക്കുറിച്ചുള്ള സൈദ്ധാന്തിക സമീപനങ്ങൾ എന്നിവയെല്ലാം നിഷ്പക്ഷമായ ഒരു ആർക്കൈവ് എന്നത് നിലവിലില്ലെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ഡിജിറ്റൽ പരിവർത്തനത്തെ വിശകലനം ചെയ്യാനുള്ള ആശയപരമായ ഉപകരണങ്ങളും ഈ പഠനങ്ങൾ നൽകുന്നു. എന്നാൽ ഡിജിറ്റൽ പരിവർത്തനം രാഷ്ട്രീയപ്രവർത്തനത്തിന് പുതിയൊരു ഇടം കൂടി സൃഷ്ടിക്കുന്നു: രേഖകൾ വീണ്ടെടുക്കപ്പെടുന്ന നിമിഷംതന്നെ. തുടർച്ചയായ പരിപാലനത്തെ ആശ്രയിക്കുന്ന പുതിയൊരു ഭൗതികതയും, ചരിത്രപരവും സാഹചര്യാധിഷ്ഠിതവുമായ ക്രമീകരണങ്ങളെ സ്വയം തെളിയിക്കപ്പെട്ട നന്മകളായി അവതരിപ്പിക്കുന്ന പ്രവേശനത്തിന്റെ പ്രത്യയശാസ്ത്രവും അതിനൊപ്പം രൂപപ്പെടുന്നു.
അടിസ്ഥാനസൗകര്യത്തെ വാദമായും വിവരണരചനയെ വ്യാഖ്യാനമായും വീണ്ടെടുക്കലിനെ രാഷ്ട്രീയമായും അത് കാണുന്നു. സ്വന്തം രേഖകളെക്കുറിച്ച് സമുദായങ്ങൾക്കുള്ള ബഹുസ്വരമായ അധികാരത്തെ അംഗീകരിക്കുകയും, ആർക്കൈവിനെ കാലത്തിലുടനീളം ആരാണ് നിലനിർത്തുന്നത്, അതിന് എന്ത് ചെലവാണ് വരുന്നത് എന്നീ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു.
ആർക്കൈവിനെക്കുറിച്ചുള്ള ചോദ്യം, അന്തിമമായി, അധികാരത്തെക്കുറിച്ചും കാലത്തെ ക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചോദ്യമാണ്.
ഡേറ്റാ ഘടനകളുടെയും കരാറുകളുടെയും രേഖാപരമായ വായന, മെറ്റാഡാറ്റാ പരിശോധന, താരതമ്യപരമായ തിരച്ചിൽപരിശോധന, പങ്കാളിത്തപരമായ വിവരണരചന, നിർമാണപ്രസ്താവനകൾ എന്നിവയാണ് ഈ സമീപനം മുന്നോട്ടുവയ്ക്കുന്ന ചില രീതികൾ. ഇവിടെ പരിശോധിച്ച ഉദാഹരണങ്ങൾ വ്യത്യസ്ത രീതികളിൽ മൂന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നു: പ്രവേശനം നിയമപരമായ വ്യവസ്ഥകളാൽ നിർണയിക്കപ്പെടുന്നു; അടിസ്ഥാനസൗകര്യത്തിന്റെ പ്രാധാന്യം അത് തകരാറിലാകുമ്പോഴാണ് വ്യക്തമായി വെളിപ്പെടുന്നത്; ആവശ്യമായ വിഭവങ്ങളും ഉദ്ദേശ്യപൂർവമായ രൂപകല്പനയും ലഭിക്കുമ്പോൾ വിവരണരചനയ്ക്ക് മുൻകാല അസമത്വങ്ങൾ തിരുത്തുന്നതിനുള്ള ഉപാധിയായി പ്രവർത്തിക്കാനാകും.
ഡിജിറ്റൈസേഷനോടോ പ്രവേശനസൗകര്യത്തോടോ ഉള്ള എതിർപ്പല്ല ഈ വാദത്തിന്റെ അടിസ്ഥാനം. അവയിലേതെങ്കിലും സ്വയം ന്യായീകരിക്കപ്പെടേണ്ടതില്ലെന്ന ധാരണയോടാണ് ഇത് വിയോജിക്കുന്നത്. ഒരു ആർക്കൈവ് തുറന്നുകൊടുക്കുക എന്നത് ആരുടെ രേഖകളാണ് ആർക്കൈവിൽ ഉൾപ്പെടുന്നത്, ആർക്കാണ് അവയിലേക്ക് പ്രവേശനം ലഭിക്കുന്നത്, അവ എങ്ങനെ സൂക്ഷിക്കപ്പെടുകയും വിവരിക്കപ്പെടുകയും ചെയ്യുന്നു, ഈ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ആർക്കാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം, ആർക്കൈവിന്റെ ഭാവിനിലനിൽപ്പിനുള്ള ഉത്തരവാദിത്തം ആർക്കാണ് എന്ന പ്രശ്നവുമുണ്ട്.
ഡിജിറ്റൽ ആർക്കൈവിനെക്കുറിച്ചുള്ള വിമർശനാത്മകമായ സമീപനം ഈ ചോദ്യങ്ങളെ നിരന്തരം മനസ്സിൽ സൂക്ഷിക്കുന്നു. അങ്ങനെ ആർക്കൈവിനെക്കുറിച്ചുള്ള ചിന്തകർ മുന്നോട്ടുവച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് അതിനെ വിലയിരുത്തുകയും ചെയ്യുന്നു: ആർക്കൈവിനെക്കുറിച്ചുള്ള ചോദ്യം, അന്തിമമായി, അധികാരത്തെക്കുറിച്ചും കാലത്തെ ക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ചോദ്യമാണ്.

▮
കുറിപ്പുകൾ:
1. ജെ. എം. ഷ്വാർട്സ് ആൻഡ് ടി. കുക്ക്, “ആർക്കൈവ്സ്, റെക്കോർഡ്സ്, ആൻഡ് പവർ: ദി മേക്കിങ് ഓഫ് മോഡേൺ മെമ്മറി,” ആർക്കൈവൽ സയൻസ് 2, നം. 1–2 (2002); എ. എൽ. സ്റ്റോളർ, അലോങ് ദി ആർക്കൈവൽ ഗ്രെയിൻ: എപ്പിസ്റ്റമിക് ആൻക്സൈറ്റീസ് ആൻഡ് കൊളോണിയൽ കോമൺ സെൻസ് (പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, 2009).
2. ഡിജിറ്റൽ ആർക്കൈവ് എന്ന പദത്തിന്റെ പരിധി. ഈ ലേഖനത്തിൽ ഡിജിറ്റൽ ആർക്കൈവ് എന്ന പദം മൂന്ന് തരത്തിലുള്ള വസ്തുക്കളെ ഉൾക്കൊള്ളുന്ന പൊതുപദമായാണ് ഉപയോഗിക്കുന്നത്: ഭൗതികരൂപത്തിൽ സൃഷ്ടിക്കപ്പെട്ട രേഖകളുടെ ഡിജിറ്റൽ പകരംപ്രതിനിധാനങ്ങളായ ഡിജിറ്റൈസ് ചെയ്ത ശേഖരങ്ങൾ; തുടക്കത്തിൽത്തന്നെ ഡിജിറ്റൽ രൂപത്തിൽ സൃഷ്ടിക്കപ്പെട്ട രേഖകൾ അടങ്ങിയ born-digital ആർക്കൈവുകൾ; ഓൺലൈൻ ഉള്ളടക്കം ശേഖരിക്കുന്ന വെബ് അല്ലെങ്കിൽ ഡിജിറ്റൽ വേദി ആർക്കൈവുകൾ. ഈ ലേഖനത്തിന്റെ പ്രധാന ശ്രദ്ധ ആദ്യത്തെ വിഭാഗത്തിലാണ്; മറ്റ് വിഭാഗങ്ങൾക്കും ഇതിലെ വാദങ്ങൾ ഭാഗികമായി ബാധകമാണ്. ഡിജിറ്റൽ സാഹചര്യങ്ങളിൽ ആർക്കൈവ്, ലൈബ്രറി, മ്യൂസിയം, ഡാറ്റാബേസ് എന്നിവയ്ക്കിടയിലെ അതിരുകൾ പരസ്പരം കടന്നുകയറുന്നതാണെന്ന Manoff-ന്റെ (2004) നിരീക്ഷണവും ലേഖനം അംഗീകരിക്കുന്നു.
3. എസ്. മുള്ളർ, ജെ. എ. ഫെയ്ത്, ആൻഡ് ആർ. ഫ്രൂയിൻ, മാനുവൽ ഫോർ ദി അറേഞ്ച്മെന്റ് ആൻഡ് ഡിസ്ക്രിപ്ഷൻ ഓഫ് ആർക്കൈവ്സ്, പരിഭാഷ എ. എച്ച്. ലെവിറ്റ് (സൊസൈറ്റി ഓഫ് അമേരിക്കൻ ആർക്കൈവിസ്റ്റ്സ്, 2003; മൂലകൃതി 1898).
4. എം. ഫൂക്കോ, ദി ആർക്കിയോളജി ഓഫ് നോളജ്, പരിഭാഷ എ. എം. ഷെറിഡൻ സ്മിത്ത് (പാന്തിയോൺ ബുക്സ്, 1972; മൂലകൃതി 1969).
5. ജെ. ദെറിദ, ആർക്കൈവ് ഫീവർ: എ ഫ്രോയ്ഡിയൻ ഇംപ്രഷൻ, പരിഭാഷ ഇ. പ്രെനോവിറ്റ്സ് (യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ്, 1996; മൂലകൃതി 1995).
6. ദെറിദ -യുടെ ഇലക്ട്രോണിക് മെയിലിനെക്കുറിച്ചുള്ള പരാമർശം. ഇലക്ട്രോണിക് മെയിലിനെക്കുറിച്ചുള്ള ദെറിദ -യുടെ പരാമർശം ഹ്രസ്വവും ഊഹാത്മകവുമാണ്. ആർക്കൈവ് ചെയ്യുന്നതിനുള്ള സാങ്കേതിക ഘടന, എന്തെല്ലാം ആർക്കൈവിൽ ഉൾപ്പെടുത്താനാകുമെന്ന് നിർണയിക്കുന്നു എന്ന തത്ത്വം വ്യക്തമാക്കുന്നതിനാണ് ഇവിടെ അത് ഉദ്ധരിച്ചിരിക്കുന്നത്; ഭാവിയെക്കുറിച്ച് അദ്ദേഹം വികസിപ്പിച്ചെടുത്ത ഒരു പ്രവചനമായി അതിനെ കാണാനല്ല.
7. എ. എംബെംബെ, “ദി പവർ ഓഫ് ദി ആർക്കൈവ് ആൻഡ് ഇറ്റ്സ് ലിമിറ്റ്സ്,” ഇൻ റീഫിഗറിങ് ദി ആർക്കൈവ്, എഡി. സി. ഹാമിൽട്ടൺ, വി. ഹാരിസ്, ജെ. ടെയ്ലർ, എം. പിക്കോവർ, ജി. റീഡ്, ആൻഡ് ആർ. സാലെ (ക്ലൂവർ അക്കാദമിക്, 2002).
8. ബി. എസ്. കോൻ, കൊളോണിയലിസം ആൻഡ് ഇറ്റ്സ് ഫോംസ് ഓഫ് നോളജ്: ദി ബ്രിട്ടീഷ് ഇൻ ഇന്ത്യ (പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, 1996).
9. എൻ. ബി. ഡിർക്സ്, കാസ്റ്റ്സ് ഓഫ് മൈൻഡ്: കൊളോണിയലിസം ആൻഡ് ദി മേക്കിങ് ഓഫ് മോഡേൺ ഇന്ത്യ (പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, 2001).
10. ടി. റിച്ചാർഡ്സ്, ദി ഇംപീരിയൽ ആർക്കൈവ്: നോളജ് ആൻഡ് ദി ഫാന്റസി ഓഫ് എംപയർ (വെർസോ, 1993).
11. ആർ. ഗുഹ, എലിമെന്ററി ആസ്പെക്റ്റ്സ് ഓഫ് പെസന്റ് ഇൻസർജൻസി ഇൻ കൊളോണിയൽ ഇന്ത്യ (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1983).
12. സ്റ്റോലെറുടെ പഠനരീതിയുടെ പ്രയോഗം. സ്റ്റോലെറുടെ സ്വന്തം പഠനവസ്തു ഡച്ച് കൊളോണിയൽ ആർക്കൈവാണ്. അവരുടെ പഠനരീതി ബ്രിട്ടീഷ് ഇന്ത്യയിലെയോ മറ്റ് സാമ്രാജ്യത്വ ഭരണകൂടങ്ങളിലെയോ രേഖകളിൽ പ്രയോഗിക്കുന്നത് ഒരു താരതമ്യപരമായ വിപുലീകരണമാണ്. കൊളോണിയൽ ഭരണരീതികൾ തമ്മിൽ താരതമ്യം ചെയ്യാവുന്ന ഘടകങ്ങളുണ്ടെന്ന ധാരണയെ ഈ വിപുലീകരണം ആശ്രയിക്കുന്നു. അതേ ഭാഗത്ത് ഉദ്ധരിച്ചിരിക്കുന്ന കോഹന്റെയും ഡിർക്സ് -ന്റെയും കൃതികൾ ഈ താരതമ്യത്തിന് പിന്തുണ നൽകുന്നുണ്ടെങ്കിലും, അതിനെ പൂർണമായി തെളിയിക്കുന്നില്ല.
13. എ. അരോണ്ടേക്കർ, ഫോർ ദി റെക്കോർഡ്: ഓൺ സെക്ഷ്വാലിറ്റി ആൻഡ് ദി കൊളോണിയൽ ആർക്കൈവ് ഇൻ ഇന്ത്യ (ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രസ്സ്, 2009).
14. എം.-ആർ. ട്രൂയോ, സൈലൻസിങ് ദി പാസ്റ്റ: പവർ ആൻഡ് ദി പ്രൊഡക്ഷൻ ഓഫ് ഹിസ്റ്ററി (ബീക്കൺ പ്രസ്സ്, 1995). ട്രൗയിലോ യുടെ നിശ്ശബ്ദതയുടെ നാല് ഘട്ടങ്ങൾ. ട്രൗയിലോ വിശദീകരിക്കുന്ന നാല് ഘട്ടങ്ങൾ ഇവയാണ്: സ്രോതസ്സുകളുടെ നിർമ്മാണം—വസ്തുതകളുടെ സൃഷ്ടി; ആർക്കൈവുകളുടെ നിർമ്മാണം—വസ്തുതകളുടെ സമാഹരണം; കഥനങ്ങളുടെ നിർമ്മാണം—വസ്തുതകളുടെ വീണ്ടെടുക്കൽ; അന്തിമമായി ചരിത്രത്തിന്റെ നിർമ്മാണം—ഭൂതകാലത്തിന് പിൽക്കാലത്ത് നൽകപ്പെടുന്ന പ്രാധാന്യം. ഇവയിൽ മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളാണ് വീണ്ടെടുക്കലിനെക്കുറിച്ചുള്ള ഈ ലേഖനത്തിന്റെ ചർച്ചയ്ക്ക് ഏറ്റവും പ്രസക്തമായത്.
15. വി. ഹാരിസ്, “ദി ആർക്കൈവൽ സ്ലൈവർ: പവർ, മെമ്മറി, ആൻഡ് ആർക്കൈവ്സ് ഇൻ സൗത്ത് ആഫ്രിക്ക,” ആർക്കൈവൽ സയൻസ് 2, നം. 1–2 (2002).
16. ഷ്വാർട്സ് ആൻഡ് കുക്ക്, “ആർക്കൈവ്സ്, റെക്കോർഡ്സ്, ആൻഡ് പവർ.”
17. ടി. കുക്ക്, “എവിഡൻസ്, മെമ്മറി, ഐഡന്റിറ്റി, ആൻഡ് കമ്മ്യൂണിറ്റി: ഫോർ ഷിഫ്റ്റിങ് ആർക്കൈവൽ പാരഡൈംസ്,” ആർക്കൈവൽ സയൻസ് 13, നം. 2–3 (2013).
18. എസ്. ഹാർട്ട്മാൻ, “വീനസ് ഇൻ ടു ആക്ട്സ്,” സ്മോൾ ആക്സ് 12, നം. 2 (2008).
19. ഡി. ടെയ്ലർ, ദി ആർക്കൈവ് ആൻഡ് ദി റെപ്പർട്ട്വാർ: പെർഫോമിങ് കൾച്ചറൽ മെമ്മറി ഇൻ ദി അമേരിക്കാസ് (ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രസ്സ്, 2003).
20. എ. അപ്പദുറൈ, “ആർക്കൈവ് ആൻഡ് ആസ്പിരേഷൻ,” ഇൻ ഇൻഫർമേഷൻ ഈസ് അലൈവ്, എഡി. ജെ. ബ്രൗവർ ആൻഡ് എ. മൾഡർ (വി2 പബ്ലിഷിങ്, 2003).
21. ഇ. കെറ്റലാർ, “ടാസിറ്റ് നറേറ്റീവ്സ്: ദി മീനിങ്സ് ഓഫ് ആർക്കൈവ്സ്,” ആർക്കൈവൽ സയൻസ് 1, നം. 2 (2001).
22. എ. ഫ്ലിൻ, എം. സ്റ്റീവൻസ്, ആൻഡ് ഇ. ഷെപ്പേർഡ്, “ഹൂസ് മെമ്മറീസ്, ഹൂസ് ആർക്കൈവ്സ്? ഇൻഡിപെൻഡന്റ് കമ്മ്യൂണിറ്റി ആർക്കൈവ്സ്, ഓട്ടോണമി ആൻഡ് ദി മെയിൻസ്ട്രീം,” ആർക്കൈവൽ സയൻസ് 9, നം. 1–2 (2009).
23. എം. കാസ്വെൽ, എം. സിഫോർ, ആൻഡ് എം. എച്ച്. റാമിറെസ്, “‘ടു സഡൻലി ഡിസ്കവർ യുവർസെൽഫ് എക്സിസ്റ്റിങ്’: അൺകവറിങ് ദി ഇംപാക്റ്റ് ഓഫ് കമ്മ്യൂണിറ്റി ആർക്കൈവ്സ്,” ദി അമേരിക്കൻ ആർക്കൈവിസ്റ്റ് 79, നം. 1 (2016).
24. എം. കാസ്വെൽ ആൻഡ് എം. സിഫോർ, “ഫ്രം ഹ്യൂമൻ റൈറ്റ്സ് ടു ഫെമിനിസ്റ്റ് എത്തിക്സ്: റാഡിക്കൽ എംപതി ഇൻ ദി ആർക്കൈവ്സ്,” ആർക്കൈവേറിയ 81 (2016); ആർ. എൽ. പുൻസലാൻ ആൻഡ് എം. കാസ്വെൽ, “ക്രിട്ടിക്കൽ ഡയറക്ഷൻസ് ഫോർ ആർക്കൈവൽ അപ്രോച്ചസ് ടു സോഷ്യൽ ജസ്റ്റിസ്,” ദി ലൈബ്രറി ക്വാർട്ടർലി 86, നം. 1 (2016).
25. എൽ. മനോവിച്ച്, ദി ലാംഗ്വേജ് ഓഫ് ന്യൂ മീഡിയ (എം.ഐ.ടി. പ്രസ്സ്, 2001). മനോവിച് -ന്റെ വാദത്തിന്റെ പരിധി. മനോവിച് -ന്റെ വാദം പുതിയ മാധ്യമങ്ങളെ പൊതുവായി സംബന്ധിക്കുന്നതാണ്; ആർക്കൈവുകളെ മാത്രം കേന്ദ്രീകരിക്കുന്നതല്ല. ഡാറ്റാബേസുകൾക്ക് തിരച്ചിൽമുഖങ്ങളിലൂടെയും രൂപകല്പനയിലൂടെയും കഥനരൂപങ്ങൾ കൈവരിക്കാനാകുമെന്ന് കാണിച്ചുകൊണ്ട് പിൽക്കാല പഠനങ്ങൾ അദ്ദേഹത്തിന്റെ വാദത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഇവിടെ, ക്രമീകരണവും തിരച്ചിലും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനാണ് അദ്ദേഹത്തിന്റെ വാദം ഉപയോഗിക്കുന്നത്; ആ രണ്ട് രീതികളും പൂർണമായി പരസ്പരവിരുദ്ധമാണെന്ന ശക്തമായ അവകാശവാദം അതിന് ആവശ്യമായിട്ടില്ല.
26. എം. മനോഫ്, “തിയറീസ് ഓഫ് ദി ആർക്കൈവ് ഫ്രം അക്രോസ് ദി ഡിസിപ്ലിൻസ്,” പോർട്ടൽ: ലൈബ്രറീസ് ആൻഡ് ദി അക്കാദമി 4, നം. 1 (2004).
27. എം. ജി. കിർഷൻബോം, മെക്കാനിസംസ്: ന്യൂ മീഡിയ ആൻഡ് ദി ഫോറൻസിക് ഇമാജിനേഷൻ (എം.ഐ.ടി. പ്രസ്സ്, 2008).
28. ഡബ്ല്യു. ഏർൻസ്റ്റ്, ഡിജിറ്റൽ മെമ്മറി ആൻഡ് ദി ആർക്കൈവ്, എഡി. ജെ. പരീക്ക (യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട പ്രസ്സ്, 2013).
29. ഡിജിറ്റൽ സ്ഥിരതയും പരിപാലനച്ചെലവും. ഡിജിറ്റൽ സംഭരണം സ്ഥിരമായി നിലനിൽക്കുന്നു എന്ന പൊതുധാരണ, ഡിജിറ്റൽ സംഭരണത്തിന്റെ യഥാർത്ഥ സ്വഭാവത്തെ തെറ്റായി അവതരിപ്പിക്കുന്നുവെന്നാണ് ചുങ് -ന്റെ വാദം. ആവർത്തിച്ചുള്ള പുനർനിർമാണത്തിലൂടെയാണ് ഡിജിറ്റൽ സംഭരണം നിലനിൽക്കുന്നത്; അതിനാൽ സ്ഥിരതയും ക്ഷണികതയും അതിൽ ഒരേസമയം പ്രവർത്തിക്കുന്നു. എന്നാൽ സ്ഥാപനങ്ങൾ പരിപാലനത്തിനുള്ള ബജറ്റുകളെ ആശ്രയിച്ചിരിക്കുന്നു എന്ന നിഗമനം ചുങ് -ന്റെ നേരിട്ടുള്ള വാദമല്ല; ഈ ലേഖനം അതിൽനിന്ന് വികസിപ്പിച്ചെടുക്കുന്ന നിഗമനമാണ്. ഡബ്ല്യു. എച്ച്. കെ. ചുൻ, “ദി എൻഡ്യൂറിങ് എഫെമെറൽ, ഓർ ദി ഫ്യൂച്ചർ ഈസ് എ മെമ്മറി,” ക്രിട്ടിക്കൽ ഇൻക്വയറി 35, നം. 1 (2008).
30. എൽ. ഗിറ്റൽമാൻ, എഡി., “റോ ഡാറ്റ” ഈസ് ആൻ ഓക്സിമോറോൺ (എം.ഐ.ടി. പ്രസ്സ്, 2013).
31. ജെ. ഡ്രക്കർ, “ഹ്യൂമാനിറ്റീസ് അപ്രോച്ചസ് ടു ഗ്രാഫിക്കൽ ഡിസ്പ്ലേ,” ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ക്വാർട്ടർലി 5, നം. 1 (2011).
32. ടി. ഗില്ലസ്പി, “ദി പൊളിറ്റിക്സ് ഓഫ് ‘പ്ലാറ്റ്ഫോംസ്,’” ന്യൂ മീഡിയ & സൊസൈറ്റി 12, നം. 3 (2010).
33. എൻ. സ്ര്നിസെക്, പ്ലാറ്റ്ഫോം ക്യാപിറ്റലിസം (പോളിറ്റി, 2016).
34. കെ. ക്രിസ്റ്റൻ, “ഡസ് ഇൻഫർമേഷൻ റിയലി വാണ്ട് ടു ബി ഫ്രീ? ഇൻഡിജിനസ് നോളജ് സിസ്റ്റംസ് ആൻഡ് ദി ക്വസ്റ്റ്യൻ ഓഫ് ഓപ്പൺനസ്,” ഇന്റർനാഷണൽ ജേണൽ ഓഫ് കമ്മ്യൂണിക്കേഷൻ 6 (2012).
35. CARE പ്രിൻസിപൽസ് -ന്റെ പ്രയോഗപരിധി. തദ്ദേശീയ ജനവിഭാഗങ്ങളുടെ ഡാറ്റാ പരമാധികാരത്തെക്കുറിച്ചുള്ള ചർച്ചകളിൽനിന്നും തദ്ദേശീയ ജനങ്ങളുമായുള്ള കൂടിയാലോചനകളിലൂടെയുമാണ് CARE Principles വികസിപ്പിക്കപ്പെട്ടത്. സ്ഥാപനങ്ങൾ കൈവശംവയ്ക്കുന്ന രേഖകളുമായി ബന്ധപ്പെട്ട മറ്റ് സമുദായങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ ഈ തത്ത്വങ്ങൾ ഇവിടെ ഉപയോഗിക്കുന്നത് ഒരു താരതമ്യപരമായ പ്രയോഗമാണ്. അവയെ വിശ്വസ്തമായി മറ്റൊരു സാഹചര്യത്തിലേക്ക് കൊണ്ടുപോകണമെങ്കിൽ, ബന്ധപ്പെട്ട സമുദായങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്; തത്ത്വങ്ങളെ യാന്ത്രികമായി മറ്റിടങ്ങളിൽ പ്രയോഗിക്കുന്നത് മതിയാകില്ല.
36. എസ്. ആർ. കരോൾ തുടങ്ങിയവർ, “ദി കെയർ പ്രിൻസിപ്പിൾസ് ഫോർ ഇൻഡിജിനസ് ഡാറ്റ ഗവേണൻസ്,” ഡാറ്റ സയൻസ് ജേണൽ 19 (2020): ആർട്ടിക്കിൾ 43, https://doi.org/10.5334/dsj-2020-043; എം. ഡി. വിൽക്കിൻസൺ തുടങ്ങിയവർ, “ദി ഫെയർ ഗൈഡിങ് പ്രിൻസിപ്പിൾസ് ഫോർ സയന്റിഫിക് ഡാറ്റ മാനേജ്മെന്റ് ആൻഡ് സ്റ്റീവാർഡ്ഷിപ്പ്,” സയന്റിഫിക് ഡാറ്റ 3 (2016): ആർട്ടിക്കിൾ 160018.
37. ഹാഷെറ്റ് ബുക്ക് ഗ്രൂപ്പ്, ഇൻക്. വി. ഇന്റർനെറ്റ് ആർക്കൈവ്, 115 F.4th 163 (രണ്ടാം സർക്യൂട്ട്, 2024).
38. എൻ. കൗഡ്രി ആൻഡ് യു. എ. മെജിയാസ്, ദി കോസ്റ്റ്സ് ഓഫ് കണക്ഷൻ: ഹൗ ഡാറ്റ ഈസ് കോളനൈസിങ് ഹ്യൂമൻ ലൈഫ് ആൻഡ് അപ്രോപ്രിയേറ്റിങ് ഇറ്റ് ഫോർ ക്യാപിറ്റലിസം (സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2019).
39. ആർ. റിസം, ന്യൂ ഡിജിറ്റൽ വേൾഡ്സ്: പോസ്റ്റ്കൊളോണിയൽ ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ഇൻ തിയറി, പ്രാക്സിസ്, ആൻഡ് പെഡഗജി (നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രസ്സ്, 2019).
40. സി. ഡി. മാനിങ്, പി. രാഘവൻ, ആൻഡ് എച്ച്. ഷ്യൂട്ട്സെ, ഇൻട്രഡക്ഷൻ ടു ഇൻഫർമേഷൻ റിട്രീവൽ (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 2008).
41. ജി. ഡബ്ല്യു. ഫർണാസ് തുടങ്ങിയവർ, “ദി വൊക്കാബുലറി പ്രോബ്ലം ഇൻ ഹ്യൂമൻ-സിസ്റ്റം കമ്മ്യൂണിക്കേഷൻ,” കമ്മ്യൂണിക്കേഷൻസ് ഓഫ് ദി എ.സി.എം. 30, നം. 11 (1987).
42. എച്ച്. എ. ഓൾസൺ, ദി പവർ ടു നെയിം: ലൊക്കേറ്റിങ് ദി ലിമിറ്റ്സ് ഓഫ് സബ്ജക്റ്റ് റെപ്രസെന്റേഷൻ ഇൻ ലൈബ്രറീസ് (ക്ലൂവർ അക്കാദമിക്, 2002).
43. ഇ. ഡ്രാബിൻസ്കി, “ക്വിയറിങ് ദി കാറ്റലോഗ്: ക്വിയർ തിയറി ആൻഡ് ദി പൊളിറ്റിക്സ് ഓഫ് കറക്ഷൻ,” ദി ലൈബ്രറി ക്വാർട്ടർലി 83, നം. 2 (2013).
44. കോൻ, കൊളോണിയലിസം ആൻഡ് ഇറ്റ്സ് ഫോംസ് ഓഫ് നോളജ്; ഡിർക്സ്, കാസ്റ്റ്സ് ഓഫ് മൈൻഡ്; സ്റ്റോളർ, അലോങ് ദി ആർക്കൈവൽ ഗ്രെയിൻ.
45. ജി. സി. ബൗക്കർ ആൻഡ് എസ്. എൽ. സ്റ്റാർ, സോർട്ടിങ് തിങ്സ് ഔട്ട്: ക്ലാസിഫിക്കേഷൻ ആൻഡ് ഇറ്റ്സ് കോൺസിക്വൻസസ് (എം.ഐ.ടി. പ്രസ്സ്, 1999).
46. നാല് ഘട്ടങ്ങളുടെയും പരസ്പരപ്രവർത്തനം. ഈ ഘട്ടങ്ങളെ കർശനമായി പരസ്പരം സ്വതന്ത്രമായ ഗുണനസാധ്യതകളായി കണക്കാക്കിയാൽ, അവ ഓരോന്നും മറ്റൊന്നിൽനിന്ന് സ്വതന്ത്രമാണെന്ന് കരുതേണ്ടിവരും. എന്നാൽ പ്രായോഗികമായി അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്. ഒരു ഘട്ടത്തിലെ കുറവ് മറ്റൊരു ഘട്ടത്തിലെ കുറവിന്റെ പ്രത്യാഘാതം കൂടുതൽ ഗുരുതരമാക്കുന്നു എന്ന പരസ്പരപ്രവർത്തനത്തെയാണ് ഇവിടെ ഈ പദം സൂചിപ്പിക്കുന്നത്. അതിനാൽ, അനുഭവപരമായി അളക്കാവുന്ന രീതിയിൽ രൂപപ്പെടുത്തുന്നതുവരെ ഈ മാതൃകയെ ഗുണപരമായ ഒരു വിശകലനരീതിയായി കാണുന്നതാണ് ഉചിതം.
47. ഒന്നിലധികം സ്ഥാപനങ്ങളിൽനിന്നുള്ള മെറ്റാഡാറ്റാ സമാഹരണം. വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള മെറ്റാഡാറ്റ ഒരുമിച്ചുകൂട്ടുന്ന സമാഹരണസംവിധാനങ്ങൾക്കും ഇതേ ഘടനാപരമായ യുക്തി ബാധകമാണ്. പൊതുവായ ഒരു മെറ്റാഡാറ്റാ മാതൃക പരസ്പരപ്രവർത്തനക്ഷമത മെച്ചപ്പെടുത്തുമെങ്കിലും, സംഭാവന ചെയ്യുന്ന സ്ഥാപനങ്ങൾ നൽകാത്ത വിവരണങ്ങൾ അതിന് സൃഷ്ടിക്കാനാവില്ല. അതിനാൽ, വിവരണരചനയിലെ അസമത്വങ്ങൾ സമാഹരണസംവിധാനത്തിലൂടെയും തുടർന്നുപോകുന്നു. ഇത് ഇത്തരം സംവിധാനങ്ങളുടെ ഘടനയിൽനിന്ന് ഉരുത്തിരിയുന്ന നിഗമനമാണ്; ഒരു പ്രത്യേക സമാഹരണസംവിധാനത്തെക്കുറിച്ചുള്ള പരിശോധനാഫലമല്ല.
48. എ.-എൽ. ബറാബാസി ആൻഡ് ആർ. ആൽബർട്ട്, “എമർജൻസ് ഓഫ് സ്കെയിലിങ് ഇൻ റാൻഡം നെറ്റ്വർക്ക്സ്,” സയൻസ് 286, നം. 5439 (1999), https://doi.org/10.1126/science.286.5439.509; ആർ. കെ. മെർട്ടൺ, “ദി മാത്യു എഫക്റ്റ് ഇൻ സയൻസ്,” സയൻസ് 159, നം. 3810 (1968).
49. പി. ജോഷി തുടങ്ങിയവർ, “ദി സ്റ്റേറ്റ് ആൻഡ് ഫേറ്റ് ഓഫ് ലിംഗ്വിസ്റ്റിക് ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ ഇൻ ദി എൻ.എൽ.പി. വേൾഡ്,” ഇൻ പ്രൊസീഡിങ്സ് ഓഫ് ദി 58ത് ആന്വൽ മീറ്റിങ് ഓഫ് ദി അസോസിയേഷൻ ഫോർ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് (അസോസിയേഷൻ ഫോർ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, 2020).
50. എം. അഗർവാൾ ആൻഡ് എ. അനസ്തസോപുലോസ്, “എ കോൺസൈസ് സർവേ ഓഫ് ഒ.സി.ആർ. ഫോർ ലോ-റിസോഴ്സ് ലാംഗ്വേജസ്,” ഇൻ പ്രൊസീഡിങ്സ് ഓഫ് ദി ഫോർത്ത് വർക്ക്ഷോപ്പ് ഓൺ നാചുറൽ ലാംഗ്വേജ് പ്രോസസ്സിങ് ഫോർ ഇൻഡിജിനസ് ലാംഗ്വേജസ് ഓഫ് ദി അമേരിക്കാസ് (അമേരിക്കാസ് എൻ.എൽ.പി. 2024) (അസോസിയേഷൻ ഫോർ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, 2024).
51. യാന്ത്രിക വിവരണരചനയിലെ പാരമ്പര്യ പക്ഷപാതങ്ങൾ. നിലവിലുള്ളതും കൊളോണിയൽ സ്വാധീനങ്ങൾ പതിഞ്ഞിരിക്കുന്നതുമായ മെറ്റാഡാറ്റയിൽ പരിശീലിപ്പിച്ച ഉപകരണങ്ങൾ അതിലെ വർഗീകരണയുക്തി പുനരുത്പാദിപ്പിച്ചേക്കാമെന്ന നിഗമനം, കാറ്റലോഗിങ് പഠനങ്ങളുടെയും Colavizza-യും സഹപ്രവർത്തകരും സംഗ്രഹിച്ച ചർച്ചകളുടെയും അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത യുക്തിസഹമായ വിപുലീകരണമാണ്. ഏതൊരു പ്രത്യേക സാങ്കേതികപ്രയോഗത്തിലും ഈ നിഗമനം അനുഭവപരമായി പരിശോധിക്കേണ്ടതാണ്. ജി. കൊളാവിസ തുടങ്ങിയവർ, “ആർക്കൈവ്സ് ആൻഡ് എ.ഐ.: ആൻ ഓവർവ്യൂ ഓഫ് കറന്റ് ഡിബേറ്റ്സ് ആൻഡ് ഫ്യൂച്ചർ പെർസ്പെക്റ്റീവ്സ്,” എ.സി.എം. ജേണൽ ഓൺ കമ്പ്യൂട്ടിങ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് 15, നം. 1 (2021): ആർട്ടിക്കിൾ 4.
52. എസ്. യു. നോബിൾ, അൽഗോരിതംസ് ഓഫ് ഒപ്രഷൻ: ഹൗ സെർച്ച് എൻജിൻസ് റീഇൻഫോഴ്സ് റേസിസം (ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രസ്സ്, 2018).
53. ഡബ്ല്യു. എം. ഡഫ് ആൻഡ് സി. എ. ജോൺസൺ, “ആക്സിഡന്റലി ഫൗണ്ട് ഓൺ പർപ്പസ്: ഇൻഫർമേഷൻ-സീക്കിങ് ബിഹേവിയർ ഓഫ് ഹിസ്റ്റോറിയൻസ് ഇൻ ആർക്കൈവ്സ്,” ദി ലൈബ്രറി ക്വാർട്ടർലി 72, നം. 4 (2002).
54. ജെ. മക്ഗാൻ, റേഡിയന്റ് ടെക്സ്ച്വാലിറ്റി: ലിറ്ററേച്ചർ ആഫ്റ്റർ ദി വേൾഡ് വൈഡ് വെബ് (പാൽഗ്രേവ്, 2001).
55. ദെറിദ, ആർക്കൈവ് ഫീവർ.
56. ഏർൻസ്റ്റ്, ഡിജിറ്റൽ മെമ്മറി ആൻഡ് ദി ആർക്കൈവ്.
57. ദെറിദ, ആർക്കൈവ് ഫീവർ.
58. അപ്പദുറൈ, “ആർക്കൈവ് ആൻഡ് ആസ്പിരേഷൻ.”
59. എം. ഫൂക്കോ, ഡിസിപ്ലിൻ ആൻഡ് പണിഷ്: ദി ബർത്ത് ഓഫ് ദി പ്രിസൺ, പരിഭാഷ എ. ഷെറിഡൻ (പാന്തിയോൺ ബുക്സ്, 1977; മൂലകൃതി 1975).
60. കരോൾ തുടങ്ങിയവർ, “ദി കെയർ പ്രിൻസിപ്പിൾസ്.”; ക്രിസ്റ്റൻ, “ഡസ് ഇൻഫർമേഷൻ റിയലി വാണ്ട് ടു ബി ഫ്രീ.”
61. കാസ്വെൽ ആൻഡ് സിഫോർ, “ഫ്രം ഹ്യൂമൻ റൈറ്റ്സ് ടു ഫെമിനിസ്റ്റ് എത്തിക്സ്.”
62. ഹാഷെറ്റ് ബുക്ക് ഗ്രൂപ്പ്, ഇൻക്. വി. ഇന്റർനെറ്റ് ആർക്കൈവ്.
63. ഇന്റർനെറ്റ് ആർക്കൈവ്, “കൺട്രോൾഡ് ഡിജിറ്റൽ ലെൻഡിങ്” [ബ്ലോഗ് ടാഗ് ആർക്കൈവ്], ഇന്റർനെറ്റ് ആർക്കൈവ് ബ്ലോഗ്, തീയതി ലഭ്യമല്ല, https://blog.archive.org/tag/controlled-digital-lending/. Internet Archive-നെതിരായ നിയമനടപടിയുടെ പശ്ചാത്തലം. 2020-ലെ National Emergency Library പദ്ധതിക്കു പിന്നാലെയാണ് ഈ നിയമനടപടി ഉണ്ടായത്. രണ്ടാം സർക്യൂട്ട് കോടതിയുടെ വിധി ആ പദ്ധതിയെയും Internet Archive-ന്റെ സാധാരണ controlled digital lending പദ്ധതിയെയും അഭിസംബോധന ചെയ്തു. ലൈബ്രറികൾക്ക് ലൈസൻസ് എടുക്കാനും സ്വന്തമാക്കാനും വായനയ്ക്കു നൽകാനും കഴിയുന്ന ഡിജിറ്റൽ പുസ്തകങ്ങളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുമെന്നും Internet Archive അറിയിച്ചിരുന്നു (Internet Archive, n.d.).
64. ബ്രിട്ടീഷ് ലൈബ്രറി, ലേണിങ് ലെസൺസ് ഫ്രം ദി സൈബർ-അറ്റാക്ക്: ബ്രിട്ടീഷ് ലൈബ്രറി സൈബർ ഇൻസിഡന്റ് റിവ്യൂ (2024), https://www.bl.uk/home/british-library-cyber-incident-review-8-march-2024.pdf.
65. ബ്രിട്ടീഷ് ലൈബ്രറി, ലേണിങ് ലെസൺസ് ഫ്രം ദി സൈബർ-അറ്റാക്ക്. British Library-യിലെ സൈബർ ആക്രമണം. ആക്രമണത്തിന് Rhysida സംഘമാണ് ഉത്തരവാദികളെന്ന പ്രസ്താവന, ലൈബ്രറിയുടെ അവലോകനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ആ സംഘത്തിന്റെ സ്വന്തം അവകാശവാദമാണ്. ആക്രമണസമയത്ത് British Library തുറന്നുതന്നെ പ്രവർത്തിച്ചിരുന്നുവെങ്കിലും, പ്രസിദ്ധീകരിച്ച അവലോകനങ്ങൾ പ്രകാരം ഗവേഷണസേവനങ്ങളിലേക്കുള്ള പ്രവേശനം ഗുരുതരമായി ബാധിക്കപ്പെട്ടിരുന്നു.
66. എസ്. എൽ. സ്റ്റാർ, “ദി എത്നോഗ്രഫി ഓഫ് ഇൻഫ്രാസ്ട്രക്ചർ,” അമേരിക്കൻ ബിഹേവിയറൽ സയന്റിസ്റ്റ് 43, നം. 3 (1999).
67. “ഡിജിറ്റൈസിങ് 1,000 ഇയേഴ്സ് ഓഫ് ഗൾഫ് ഹിസ്റ്ററി,” നേച്ചർ മിഡിൽ ഈസ്റ്റ്, 2014, https://doi.org/10.1038/nmiddleeast.2014.264.
68. ഡി. വുഡ്ബ്രിഡ്ജ്, സി. റീഡ്, ആൻഡ് എം. അബോലെസ്, കോൺഷൻഷ്യസ് ബൈലിംഗ്വൽ ഡിസ്ക്രിപ്ഷൻ [ഓൺലൈൻ വിഭവം] (ആർക്കൈവോസ്, 2022), https://collectionstrust.org.uk/resource/conscientious-bilingual-description/. Qatar Digital Library-യെക്കുറിച്ചുള്ള തെളിവുകളുടെ പരിധി. Qatar Digital Library-യെക്കുറിച്ചുള്ള വിവരണം പങ്കാളിത്തത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങളെയും conscientious bilingual description എന്ന വിഭവത്തെക്കുറിച്ചുള്ള Collections Trust-ന്റെ പട്ടികയെയും ആശ്രയിച്ചിരിക്കുന്നു.
69. മൂന്ന് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണം. ഈ മൂന്ന് സംഭവങ്ങളും വിശകലനചട്ടക്കൂടിന്റെ ഓരോ പ്രത്യേക വശവും വ്യക്തമായി കാണിച്ചുതരുന്നതിനാലാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമുദായങ്ങളുടെ നിയന്ത്രണത്തിലുള്ള ആർക്കൈവുകൾ പോലുള്ള മറ്റൊരു കൂട്ടം ഉദാഹരണങ്ങൾ തിരഞ്ഞെടുത്തിരുന്നെങ്കിൽ, വിമർശനാത്മക സമീപനത്തിന്റെ വ്യത്യസ്ത വശങ്ങൾ കൂടുതൽ ഊന്നിപ്പറയപ്പെടുകയും കൂടുതൽ പ്രതീക്ഷാജനകമായ നിഗമനങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം.
▮
ഗ്രന്ഥസൂചി:
അഗർവാൾ, എം., ആൻഡ് എ. അനസ്തസോപുലോസ്. “എ കോൺസൈസ് സർവേ ഓഫ് ഒ.സി.ആർ. ഫോർ ലോ-റിസോഴ്സ് ലാംഗ്വേജസ്.” ഇൻ പ്രൊസീഡിങ്സ് ഓഫ് ദി ഫോർത്ത് വർക്ക്ഷോപ്പ് ഓൺ നാചുറൽ ലാംഗ്വേജ് പ്രോസസ്സിങ് ഫോർ ഇൻഡിജിനസ് ലാംഗ്വേജസ് ഓഫ് ദി അമേരിക്കാസ് (അമേരിക്കാസ് എൻ.എൽ.പി. 2024). അസോസിയേഷൻ ഫോർ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, 2024.
അപ്പദുറൈ, എ. “ആർക്കൈവ് ആൻഡ് ആസ്പിരേഷൻ.” ഇൻ ഇൻഫർമേഷൻ ഈസ് അലൈവ്, എഡി. ജെ. ബ്രൗവർ ആൻഡ് എ. മൾഡർ, 14–25. വി2 പബ്ലിഷിങ്, 2003.
അരോണ്ടേക്കർ, എ. ഫോർ ദി റെക്കോർഡ്: ഓൺ സെക്ഷ്വാലിറ്റി ആൻഡ് ദി കൊളോണിയൽ ആർക്കൈവ് ഇൻ ഇന്ത്യ. ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രസ്സ്, 2009.
ബറാബാസി, എ.-എൽ., ആൻഡ് ആർ. ആൽബർട്ട്. “എമർജൻസ് ഓഫ് സ്കെയിലിങ് ഇൻ റാൻഡം നെറ്റ്വർക്ക്സ്.” സയൻസ് 286, നം. 5439 (1999): 509–512. https://doi.org/10.1126/science.286.5439.509
ബൗക്കർ, ജി. സി., ആൻഡ് എസ്. എൽ. സ്റ്റാർ. സോർട്ടിങ് തിങ്സ് ഔട്ട്: ക്ലാസിഫിക്കേഷൻ ആൻഡ് ഇറ്റ്സ് കോൺസിക്വൻസസ്. എം.ഐ.ടി. പ്രസ്സ്, 1999.
ബ്രിട്ടീഷ് ലൈബ്രറി. ലേണിങ് ലെസൺസ് ഫ്രം ദി സൈബർ-അറ്റാക്ക്: ബ്രിട്ടീഷ് ലൈബ്രറി സൈബർ ഇൻസിഡന്റ് റിവ്യൂ. 2024. https://www.bl.uk/home/british-library-cyber-incident-review-8-march-2024.pdf
കരോൾ, എസ്. ആർ., ഐ. ഗാർബ, ഒ. എൽ. ഫിഗുറോവ-റോഡ്രിഗസ്, ജെ. ഹോൾബ്രൂക്ക്, ആർ. ലൊവറ്റ്, എസ്. മറ്റെരെചേര, എം. പാർസൺസ്, തുടങ്ങിയവർ. “ദി കെയർ പ്രിൻസിപ്പിൾസ് ഫോർ ഇൻഡിജിനസ് ഡാറ്റ ഗവേണൻസ്.” ഡാറ്റ സയൻസ് ജേണൽ 19 (2020): ആർട്ടിക്കിൾ 43. https://doi.org/10.5334/dsj-2020-043
കാസ്വെൽ, എം., ആൻഡ് എം. സിഫോർ. “ഫ്രം ഹ്യൂമൻ റൈറ്റ്സ് ടു ഫെമിനിസ്റ്റ് എത്തിക്സ്: റാഡിക്കൽ എംപതി ഇൻ ദി ആർക്കൈവ്സ്.” ആർക്കൈവേറിയ 81 (2016): 23–43.
കാസ്വെൽ, എം., എം. സിഫോർ, ആൻഡ് എം. എച്ച്. റാമിറെസ്. “‘ടു സഡൻലി ഡിസ്കവർ യുവർസെൽഫ് എക്സിസ്റ്റിങ്’: അൺകവറിങ് ദി ഇംപാക്റ്റ് ഓഫ് കമ്മ്യൂണിറ്റി ആർക്കൈവ്സ്.” ദി അമേരിക്കൻ ആർക്കൈവിസ്റ്റ് 79, നം. 1 (2016): 56–81.
ക്രിസ്റ്റൻ, കെ. “ഡസ് ഇൻഫർമേഷൻ റിയലി വാണ്ട് ടു ബി ഫ്രീ? ഇൻഡിജിനസ് നോളജ് സിസ്റ്റംസ് ആൻഡ് ദി ക്വസ്റ്റ്യൻ ഓഫ് ഓപ്പൺനസ്.” ഇന്റർനാഷണൽ ജേണൽ ഓഫ് കമ്മ്യൂണിക്കേഷൻ 6 (2012): 2870–2893.
ചുൻ, ഡബ്ല്യു. എച്ച്. കെ. “ദി എൻഡ്യൂറിങ് എഫെമെറൽ, ഓർ ദി ഫ്യൂച്ചർ ഈസ് എ മെമ്മറി.” ക്രിട്ടിക്കൽ ഇൻക്വയറി 35, നം. 1 (2008): 148–171.
കോൻ, ബി. എസ്. കൊളോണിയലിസം ആൻഡ് ഇറ്റ്സ് ഫോംസ് ഓഫ് നോളജ്: ദി ബ്രിട്ടീഷ് ഇൻ ഇന്ത്യ. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, 1996.
കൊളാവിസ, ജി., ടി. ബ്ലാങ്കെ, സി. ജ്യൂർഗൻസ്, ആൻഡ് ജെ. നോർഡെഗ്രാഫ്. “ആർക്കൈവ്സ് ആൻഡ് എ.ഐ.: ആൻ ഓവർവ്യൂ ഓഫ് കറന്റ് ഡിബേറ്റ്സ് ആൻഡ് ഫ്യൂച്ചർ പെർസ്പെക്റ്റീവ്സ്.” എ.സി.എം. ജേണൽ ഓൺ കമ്പ്യൂട്ടിങ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് 15, നം. 1 (2021): ആർട്ടിക്കിൾ 4.
കുക്ക്, ടി. “എവിഡൻസ്, മെമ്മറി, ഐഡന്റിറ്റി, ആൻഡ് കമ്മ്യൂണിറ്റി: ഫോർ ഷിഫ്റ്റിങ് ആർക്കൈവൽ പാരഡൈംസ്.” ആർക്കൈവൽ സയൻസ് 13, നം. 2–3 (2013): 95–120.
കൗഡ്രി, എൻ., ആൻഡ് യു. എ. മെജിയാസ്. ദി കോസ്റ്റ്സ് ഓഫ് കണക്ഷൻ: ഹൗ ഡാറ്റ ഈസ് കോളനൈസിങ് ഹ്യൂമൻ ലൈഫ് ആൻഡ് അപ്രോപ്രിയേറ്റിങ് ഇറ്റ് ഫോർ ക്യാപിറ്റലിസം. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2019.
ദെറിദ, ജെ. ആർക്കൈവ് ഫീവർ: എ ഫ്രോയ്ഡിയൻ ഇംപ്രഷൻ. പരിഭാഷ ഇ. പ്രെനോവിറ്റ്സ്. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പ്രസ്സ്, 1996. മൂലകൃതി പ്രസിദ്ധീകരിച്ചത് 1995.
“ഡിജിറ്റൈസിങ് 1,000 ഇയേഴ്സ് ഓഫ് ഗൾഫ് ഹിസ്റ്ററി.” നേച്ചർ മിഡിൽ ഈസ്റ്റ്. 2014. https://doi.org/10.1038/nmiddleeast.2014.264
ഡിർക്സ്, എൻ. ബി. കാസ്റ്റ്സ് ഓഫ് മൈൻഡ്: കൊളോണിയലിസം ആൻഡ് ദി മേക്കിങ് ഓഫ് മോഡേൺ ഇന്ത്യ. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, 2001.
ഡ്രാബിൻസ്കി, ഇ. “ക്വിയറിങ് ദി കാറ്റലോഗ്: ക്വിയർ തിയറി ആൻഡ് ദി പൊളിറ്റിക്സ് ഓഫ് കറക്ഷൻ.” ദി ലൈബ്രറി ക്വാർട്ടർലി 83, നം. 2 (2013): 94–111.
ഡ്രക്കർ, ജെ. “ഹ്യൂമാനിറ്റീസ് അപ്രോച്ചസ് ടു ഗ്രാഫിക്കൽ ഡിസ്പ്ലേ.” ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ക്വാർട്ടർലി 5, നം. 1 (2011).
ഡഫ്, ഡബ്ല്യു. എം., ആൻഡ് സി. എ. ജോൺസൺ. “ആക്സിഡന്റലി ഫൗണ്ട് ഓൺ പർപ്പസ്: ഇൻഫർമേഷൻ-സീക്കിങ് ബിഹേവിയർ ഓഫ് ഹിസ്റ്റോറിയൻസ് ഇൻ ആർക്കൈവ്സ്.” ദി ലൈബ്രറി ക്വാർട്ടർലി 72, നം. 4 (2002): 472–496.
ഏർൻസ്റ്റ്, ഡബ്ല്യു. ഡിജിറ്റൽ മെമ്മറി ആൻഡ് ദി ആർക്കൈവ്. എഡി. ജെ. പരീക്ക. യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട പ്രസ്സ്, 2013.
ഫ്ലിൻ, എ., എം. സ്റ്റീവൻസ്, ആൻഡ് ഇ. ഷെപ്പേർഡ്. “ഹൂസ് മെമ്മറീസ്, ഹൂസ് ആർക്കൈവ്സ്? ഇൻഡിപെൻഡന്റ് കമ്മ്യൂണിറ്റി ആർക്കൈവ്സ്, ഓട്ടോണമി ആൻഡ് ദി മെയിൻസ്ട്രീം.” ആർക്കൈവൽ സയൻസ് 9, നം. 1–2 (2009): 71–86.
ഫൂക്കോ, എം. ദി ആർക്കിയോളജി ഓഫ് നോളജ്. പരിഭാഷ എ. എം. ഷെറിഡൻ സ്മിത്ത്. പാന്തിയോൺ ബുക്സ്, 1972. മൂലകൃതി പ്രസിദ്ധീകരിച്ചത് 1969.
ഫൂക്കോ, എം. ഡിസിപ്ലിൻ ആൻഡ് പണിഷ്: ദി ബർത്ത് ഓഫ് ദി പ്രിസൺ. പരിഭാഷ എ. ഷെറിഡൻ. പാന്തിയോൺ ബുക്സ്, 1977. മൂലകൃതി പ്രസിദ്ധീകരിച്ചത് 1975.
ഫർണാസ്, ജി. ഡബ്ല്യു., ടി. കെ. ലാൻഡൗവർ, എൽ. എം. ഗോമസ്, ആൻഡ് എസ്. ടി. ഡുമൈസ്. “ദി വൊക്കാബുലറി പ്രോബ്ലം ഇൻ ഹ്യൂമൻ-സിസ്റ്റം കമ്മ്യൂണിക്കേഷൻ.” കമ്മ്യൂണിക്കേഷൻസ് ഓഫ് ദി എ.സി.എം. 30, നം. 11 (1987): 964–971.
ഗെബ്രു, ടി., ജെ. മോർഗൻസ്റ്റേൺ, ബി. വെച്ചിയോൺ, ജെ. ഡബ്ല്യു. വോൺ, എച്ച്. വാലക്, എച്ച്. ഡൗമെ III, ആൻഡ് കെ. ക്രോഫോർഡ്. “ഡാറ്റാഷീറ്റ്സ് ഫോർ ഡാറ്റാസെറ്റ്സ്.” കമ്മ്യൂണിക്കേഷൻസ് ഓഫ് ദി എ.സി.എം. 64, നം. 12 (2021): 86–92.
ഗില്ലസ്പി, ടി. “ദി പൊളിറ്റിക്സ് ഓഫ് ‘പ്ലാറ്റ്ഫോംസ്.’” ന്യൂ മീഡിയ & സൊസൈറ്റി 12, നം. 3 (2010): 347–364.
ഗിറ്റൽമാൻ, എൽ., എഡി. “റോ ഡാറ്റ” ഈസ് ആൻ ഓക്സിമോറോൺ. എം.ഐ.ടി. പ്രസ്സ്, 2013.
ഗുഹ, ആർ. എലിമെന്ററി ആസ്പെക്റ്റ്സ് ഓഫ് പെസന്റ് ഇൻസർജൻസി ഇൻ കൊളോണിയൽ ഇന്ത്യ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1983.
ഹാഷെറ്റ് ബുക്ക് ഗ്രൂപ്പ്, ഇൻക്. വി. ഇന്റർനെറ്റ് ആർക്കൈവ്, 115 F.4th 163 (രണ്ടാം സർക്യൂട്ട്, 2024).
ഹാരിസ്, വി. “ദി ആർക്കൈവൽ സ്ലൈവർ: പവർ, മെമ്മറി, ആൻഡ് ആർക്കൈവ്സ് ഇൻ സൗത്ത് ആഫ്രിക്ക.” ആർക്കൈവൽ സയൻസ് 2, നം. 1–2 (2002): 63–86.
ഹാർട്ട്മാൻ, എസ്. “വീനസ് ഇൻ ടു ആക്ട്സ്.” സ്മോൾ ആക്സ് 12, നം. 2 (2008): 1–14.
ഇന്റർനെറ്റ് ആർക്കൈവ്. “കൺട്രോൾഡ് ഡിജിറ്റൽ ലെൻഡിങ്.” [ബ്ലോഗ് ടാഗ് ആർക്കൈവ്]. ഇന്റർനെറ്റ് ആർക്കൈവ് ബ്ലോഗ്. തീയതി ലഭ്യമല്ല. https://blog.archive.org/tag/controlled-digital-lending/
ജോഷി, പി., എസ്. സാന്തി, എ. ബുധിരാജ, കെ. ബാലി, ആൻഡ് എം. ചൗധരി. “ദി സ്റ്റേറ്റ് ആൻഡ് ഫേറ്റ് ഓഫ് ലിംഗ്വിസ്റ്റിക് ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ ഇൻ ദി എൻ.എൽ.പി. വേൾഡ്.” ഇൻ പ്രൊസീഡിങ്സ് ഓഫ് ദി 58ത് ആന്വൽ മീറ്റിങ് ഓഫ് ദി അസോസിയേഷൻ ഫോർ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, 6282–6293. അസോസിയേഷൻ ഫോർ കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, 2020.
കെറ്റലാർ, ഇ. “ടാസിറ്റ് നറേറ്റീവ്സ്: ദി മീനിങ്സ് ഓഫ് ആർക്കൈവ്സ്.” ആർക്കൈവൽ സയൻസ് 1, നം. 2 (2001): 131–141.
കിർഷൻബോം, എം. ജി. മെക്കാനിസംസ്: ന്യൂ മീഡിയ ആൻഡ് ദി ഫോറൻസിക് ഇമാജിനേഷൻ. എം.ഐ.ടി. പ്രസ്സ്, 2008.
മാനിങ്, സി. ഡി., പി. രാഘവൻ, ആൻഡ് എച്ച്. ഷ്യൂട്ട്സെ. ഇൻട്രഡക്ഷൻ ടു ഇൻഫർമേഷൻ റിട്രീവൽ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 2008.
മനോഫ്, എം. “തിയറീസ് ഓഫ് ദി ആർക്കൈവ് ഫ്രം അക്രോസ് ദി ഡിസിപ്ലിൻസ്.” പോർട്ടൽ: ലൈബ്രറീസ് ആൻഡ് ദി അക്കാദമി 4, നം. 1 (2004): 9–25.
മനോവിച്ച്, എൽ. ദി ലാംഗ്വേജ് ഓഫ് ന്യൂ മീഡിയ. എം.ഐ.ടി. പ്രസ്സ്, 2001.
എംബെംബെ, എ. “ദി പവർ ഓഫ് ദി ആർക്കൈവ് ആൻഡ് ഇറ്റ്സ് ലിമിറ്റ്സ്.” ഇൻ റീഫിഗറിങ് ദി ആർക്കൈവ്, എഡി. സി. ഹാമിൽട്ടൺ, വി. ഹാരിസ്, ജെ. ടെയ്ലർ, എം. പിക്കോവർ, ജി. റീഡ്, ആൻഡ് ആർ. സാലെ, 19–26. ക്ലൂവർ അക്കാദമിക്, 2002.
മക്ഗാൻ, ജെ. റേഡിയന്റ് ടെക്സ്ച്വാലിറ്റി: ലിറ്ററേച്ചർ ആഫ്റ്റർ ദി വേൾഡ് വൈഡ് വെബ്. പാൽഗ്രേവ്, 2001.
മെർട്ടൺ, ആർ. കെ. “ദി മാത്യു എഫക്റ്റ് ഇൻ സയൻസ്.” സയൻസ് 159, നം. 3810 (1968): 56–63.
മുള്ളർ, എസ്., ജെ. എ. ഫെയ്ത്, ആൻഡ് ആർ. ഫ്രൂയിൻ. മാനുവൽ ഫോർ ദി അറേഞ്ച്മെന്റ് ആൻഡ് ഡിസ്ക്രിപ്ഷൻ ഓഫ് ആർക്കൈവ്സ്. പരിഭാഷ എ. എച്ച്. ലെവിറ്റ്. സൊസൈറ്റി ഓഫ് അമേരിക്കൻ ആർക്കൈവിസ്റ്റ്സ്, 2003. മൂലകൃതി പ്രസിദ്ധീകരിച്ചത് 1898.
നോബിൾ, എസ്. യു. അൽഗോരിതംസ് ഓഫ് ഒപ്രഷൻ: ഹൗ സെർച്ച് എൻജിൻസ് റീഇൻഫോഴ്സ് റേസിസം. ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രസ്സ്, 2018.
ഓൾസൺ, എച്ച്. എ. ദി പവർ ടു നെയിം: ലൊക്കേറ്റിങ് ദി ലിമിറ്റ്സ് ഓഫ് സബ്ജക്റ്റ് റെപ്രസെന്റേഷൻ ഇൻ ലൈബ്രറീസ്. ക്ലൂവർ അക്കാദമിക്, 2002.
പിറ്റി, ഡി. വി. “എൻകോഡഡ് ആർക്കൈവൽ ഡിസ്ക്രിപ്ഷൻ: ആൻ ഇൻട്രഡക്ഷൻ ആൻഡ് ഓവർവ്യൂ.” ഡി-ലിബ് മാഗസിൻ 5, നം. 11 (1999).
പുൻസലാൻ, ആർ. എൽ., ആൻഡ് എം. കാസ്വെൽ. “ക്രിട്ടിക്കൽ ഡയറക്ഷൻസ് ഫോർ ആർക്കൈവൽ അപ്രോച്ചസ് ടു സോഷ്യൽ ജസ്റ്റിസ്.” ദി ലൈബ്രറി ക്വാർട്ടർലി 86, നം. 1 (2016): 25–42.
റിച്ചാർഡ്സ്, ടി. ദി ഇംപീരിയൽ ആർക്കൈവ്: നോളജ് ആൻഡ് ദി ഫാന്റസി ഓഫ് എംപയർ. വെർസോ, 1993.
റിസം, ആർ. ന്യൂ ഡിജിറ്റൽ വേൾഡ്സ്: പോസ്റ്റ്കൊളോണിയൽ ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ഇൻ തിയറി, പ്രാക്സിസ്, ആൻഡ് പെഡഗജി. നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രസ്സ്, 2019.
ഷ്വാർട്സ്, ജെ. എം., ആൻഡ് ടി. കുക്ക്. “ആർക്കൈവ്സ്, റെക്കോർഡ്സ്, ആൻഡ് പവർ: ദി മേക്കിങ് ഓഫ് മോഡേൺ മെമ്മറി.” ആർക്കൈവൽ സയൻസ് 2, നം. 1–2 (2002): 1–19.
സ്ര്നിസെക്, എൻ. പ്ലാറ്റ്ഫോം ക്യാപിറ്റലിസം. പോളിറ്റി, 2016.
സ്റ്റാർ, എസ്. എൽ. “ദി എത്നോഗ്രഫി ഓഫ് ഇൻഫ്രാസ്ട്രക്ചർ.” അമേരിക്കൻ ബിഹേവിയറൽ സയന്റിസ്റ്റ് 43, നം. 3 (1999): 377–391.
സ്റ്റോളർ, എ. എൽ. അലോങ് ദി ആർക്കൈവൽ ഗ്രെയിൻ: എപ്പിസ്റ്റമിക് ആൻക്സൈറ്റീസ് ആൻഡ് കൊളോണിയൽ കോമൺ സെൻസ്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, 2009.
ടെയ്ലർ, ഡി. ദി ആർക്കൈവ് ആൻഡ് ദി റെപ്പർട്ട്വാർ: പെർഫോമിങ് കൾച്ചറൽ മെമ്മറി ഇൻ ദി അമേരിക്കാസ്. ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രസ്സ്, 2003.
ട്രൂയോ, എം.-ആർ. സൈലൻസിങ് ദി പാസ്റ്റ: പവർ ആൻഡ് ദി പ്രൊഡക്ഷൻ ഓഫ് ഹിസ്റ്ററി. ബീക്കൺ പ്രസ്സ്, 1995.
വിൽക്കിൻസൺ, എം. ഡി., എം. ഡുമോണ്ടിയർ, ഐ. ജെ. ജെ. ആൽബേഴ്സ്ബർഗ്, തുടങ്ങിയവർ. “ദി ഫെയർ ഗൈഡിങ് പ്രിൻസിപ്പിൾസ് ഫോർ സയന്റിഫിക് ഡാറ്റ മാനേജ്മെന്റ് ആൻഡ് സ്റ്റീവാർഡ്ഷിപ്പ്.” സയന്റിഫിക് ഡാറ്റ 3 (2016): ആർട്ടിക്കിൾ 160018.
വുഡ്ബ്രിഡ്ജ്, ഡി., സി. റീഡ്, ആൻഡ് എം. അബോലെസ്. കോൺഷൻഷ്യസ് ബൈലിംഗ്വൽ ഡിസ്ക്രിപ്ഷൻ. [ഓൺലൈൻ വിഭവം]. ആർക്കൈവോസ്, 2022. https://collectionstrust.org.uk/resource/conscientious-bilingual-description/
