ജനാധിപത്യത്തിൽ ഡീപ്ഫേക്കിന് വോട്ടുണ്ട്

ഡിജിറ്റൽ മീഡിയ ജീവിതം ടെക്സ്റ്റിൽ നിന്ന് പിൻവാങ്ങി വലിയ തോതിൽ വിഷ്വൽ ബേസ്ഡ് ആയിക്കൊണ്ടിരിക്കുകയാണ്. പുതിയ യൂസർ ബിഹേവിയർ പാറ്റേണുകളെ പഴയ പരമ്പരാ​ഗത മാധ്യമ അളവുകോൽ വച്ച് അളന്ന് തിട്ടപ്പെടുത്താനാവില്ല.

ണ്ടാൽ വിശ്വസിക്കാം, അല്ലാതെ വിശ്വസിക്കാനാവില്ല- കാഴ്ച സത്യമാണെന്ന ബോധ്യത്തിൽ നമ്മളെല്ലാം പറഞ്ഞിരിക്കാൻ‌ സാധ്യതയുള്ള ഒരു വാക്യം. എന്നാൽ ഡിജിറ്റൽ മീഡിയാ കാലത്ത് ദൃശ്യങ്ങൾ സത്യത്തിന്റെ പര്യായമാവണമെന്നില്ല. കാഴ്ചകളെ, ദൃശ്യങ്ങളെ വ്യാജമായി നിർമിക്കുക എന്നത് ഇന്ന് അത്ര വലിയ പണിയല്ല. അത് നേരത്തേ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ എന്ന ദുഷ്പ്പേരിൽ അറിയപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ ആ കളം പിടിച്ചിരിക്കുന്നത് ഡീപ്പ് ഫേക്കുകളാണ്. ആ പേരിൽ തന്നെ ആ വ്യാജന്റെ ആഴമുണ്ട്.

അത്ര പെട്ടെന്ന് തിരിച്ചറിയാനാവാത്ത തരത്തിലാണ് ഡീപ്ഫേക്കുകൾ മുഖവും ഭാവവും മാറ്റി കളം പിടിക്കുന്നത്. ചിത്രങ്ങളിൽ നിന്ന് ദൃശ്യങ്ങളിലേക്ക് വ്യാജ നിർമിതിയുണ്ടാക്കാനുള്ള മോർഫിങ് പോലുള്ള സാങ്കേതികവിദ്യ നേരത്തേയുണ്ട്. പക്ഷേ ജനറേറ്റീവ് AI യുടെ വരവോടെ ഇത്തരം വ്യാജ നിർമിതിക്കാവശ്യമായ ടൂളുകൾ അതിവേ​ഗം ജനകീയമായി. അതോടെ ആർ‌ക്കും ആരുടെ വ്യാജ വീഡിയോകളും കൃത്യമായ ഹൈപ്പർ റിയലിസ്റ്റിക്കായി ഉണ്ടാക്കാം എന്ന അവസ്ഥ വന്നു.

ഡീപ് ഫേക്ക് വീഡിയോകൾ തിരിച്ചറിയാനുള്ള AI ടൂളുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ അത്തരം ടൂളുകൾ ഉപയോ​ഗിച്ച് വ്യാജനെ കണ്ടുപിടിക്കുമ്പോഴേക്ക് അസത്യം ചെരിപ്പിട്ട് ഏറെ ദൂരം നടന്നിരിക്കുമെന്നത് ഒരു വസ്തുതയാണ്. നിരുപദ്രവം എന്നുതോന്നുന്ന സിനിമാ ക്ലിപ്പുകൾ‌ മുതൽ സിനിമാതാരങ്ങളുടെ വ്യാജ വീഡിയോ പതിപ്പുകൾ വരെ വൈറലായത് ലോകം കണ്ടു. ഡിജിറ്റൽ കാലത്തെ വ്യക്തിയുടെ സ്വകാര്യത എന്നത് ഒരു മിത്ത് മാത്രമാവുകയാണോ എന്നതാണ് ഉയരുന്ന ചോദ്യം.

ചിത്രം 1: ഡീപ്‌ഫേക്ക് വീഡിയോ (രശ്‌മിക മന്ദാന), ചിത്രം 2: ഒറിജിനൽ വീഡിയോ (സാറാ പട്ടേൽ)
ചിത്രം 1: ഡീപ്‌ഫേക്ക് വീഡിയോ (രശ്‌മിക മന്ദാന), ചിത്രം 2: ഒറിജിനൽ വീഡിയോ (സാറാ പട്ടേൽ)

ഡീപ്ഫേക്ക് ഡെമോക്രസി

ഒരു വ്യക്തിയുടെ സ്വകാര്യത എന്നതിനപ്പുറം ഡീപ് ഫേക്കുകൾ എങ്ങനെയൊക്കെയാവും 2024- ൽ വരാനുള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്നത് വലിയ ചോദ്യമാണ്. ഡിജിറ്റൽ മാധ്യമങ്ങളുടെ വരവോടെ ഫേക്ക് ന്യൂസുകളും ഫേക്ക് ചിത്രങ്ങളും തിരഞ്ഞെടുപ്പുകളിൽ ഇടപെട്ടത് എങ്ങനെയാണ് എന്നത് ഇന്ന് പഠനവിഷയമാണ്. എതിർ സ്ഥാനാർത്ഥിയുടെ ഡീപ്ഫേക്ക് വീഡിയോകൾ എത്ര ആഴത്തിൽ ജനാധിപത്യത്തെ മുറിവേൽപ്പിക്കും എന്ന് നിർണയിക്കുന്ന ഒരു തിരഞ്ഞെടുപ്പാവും വരാനിരിക്കുന്നത്.

അഡ്വാസ്ഡ് മെഷീൻ ലേണിങ് അൽ​ഗോരിതങ്ങൾ ഉപയോ​ഗിച്ച് നിർമ്മിക്കപ്പെടുന്ന ഡീപ്ഫേക്കുകൾ ദൃശ്യത്തെയും ശബ്ദത്തിനെയും വളരെ കൃത്യമായ ക്ലാരിറ്റിയിൽ പുനർനിർമിക്കാനാവുന്ന സാങ്കേതിക വിദ്യയാണ് എന്നത് ലോകത്തിന് ബോധ്യപ്പെട്ട കാര്യമാണ്. ഫേസ് സ്വാപ്പിങ് മുതൽ വോയിസ് സിന്തസിസ് ഉപയോ​ഗിച്ച് നിർമിക്കുന്ന ദൃശ്യങ്ങളുടെ വ്യാജത്വം അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇങ്ങനെ നിർമിക്കപ്പെടുന്ന വ്യാജ ദൃശ്യങ്ങൾ കാട്ടുതീ പോലെ വാട്സ്ആപ്പ് മുതൽ ടെല​ഗ്രാം വരെയുള്ള ഇൻസ്റ്റെന്റ് മെസേജിങ് ആപ്പുകൾ വഴി പ്രചരിപ്പിക്കപ്പെട്ടാൽ അതുണ്ടാക്കുന്ന അപകടം എത്രത്തോളം വലുതാണെന്ന് തിരിച്ചറിയപ്പെടുന്നത് തന്നെ തിരഞ്ഞെടുപ്പിനുശേഷമായിരിക്കും.

തിരഞ്ഞെടുപ്പിൽ, പ്രചാരണത്തിനാണ് ഊന്നൽ. ഈ പ്രചരണം ഡിജിറ്റൽ മീഡിയത്തിലേക്ക് വലിയ തോതിൽ ചേക്കേറിയിട്ട് കാലം കുറച്ചായി. 2014- ലെ തിരഞ്ഞെടുപ്പിൽ ട്രോളുകൾ എങ്ങനെയാണ് ബി ജെ പി ഐ.ടി സെൽ സമർത്ഥമായി ഉപയോ​ഗിച്ചത് എന്നത് വലിയ ചർച്ചകൾക്ക് വിധേയമായിരുന്നു. I Am a Troll എന്ന സ്വാതി ചതുർവേദിയുടെ പുസ്തകത്തിൽ നരേന്ദ്രമോദിയുടെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഇത്തരം ട്രോളുകളുടെ ഇടപെടൽ അക്കമിട്ട് നിരത്തുന്നുണ്ട്. ഇതിന് സമാനമായ രീതിയിൽ 2024- ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുടെ ഡീപ് ഫേക്കുകൾ‌ ഏതൊക്കെ പാർട്ടികളുടെ ഐ.ടി സെല്ലുകളിൽ‌ വെന്തുകൊണ്ടിരിക്കുന്നുണ്ട് എന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണ്.

ഒന്നാലോചിച്ചു നോക്കൂ, രാഹുൽ ​ഗാന്ധി പ്രത്യക്ഷപ്പെട്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന ഒരു സ്വകാര്യ വീഡിയോ എന്ന തരത്തിൽ ഒരു ദൃശ്യം പ്രചരിപ്പിക്കപ്പെട്ടാൽ എന്താവും അതിന്റെ പ്രത്യാഘാതം. ഹിന്ദു ദൈവങ്ങളെ മോശമാക്കി ചിത്രീകരിക്കുന്ന ഒരു പ്രസം​ഗം രാഹുൽ നടത്തി എന്ന് ഉത്തരേന്ത്യൻ ​ഗ്രാമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടാൽ എന്താവും അവസ്ഥ. സാധാരണക്കാർക്ക് ഒരു തരത്തിലും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ സൃഷ്ടിക്കപ്പെടുന്നു എന്നതുകൊണ്ടുതന്നെ ഇതിന് വലിയ പ്രചാരണം കിട്ടിയാൽ അതുണ്ടാക്കുന്ന ദുരന്തം എത്ര ഭീകരമായിരിക്കും എന്നാലോചിക്കുക. ഇങ്ങനെ സംഘടിതമായി പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ കാരണം ഒരു വിഭാ​ഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചാൽ എന്താവും ജനാധിപത്യത്തിന്റെ ഭാവി.

2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളുടെ ഏറ്റുമുട്ടൽ മാത്രമല്ല സംഭവിക്കാൻ പോകുന്നത്. കൃത്യവും സംഘടിതവുമായ ഡീപ്ഫേക്ക് നിർമിത ദൃശ്യങ്ങളുടെ പരസ്പര പോരാട്ട വേദികൂടിയാവും എന്ന കാര്യത്തിൽ സംശയമില്ല. ബി​ഗ് ഡേറ്റാ അനാലിസിസ് പോലുള്ള സങ്കേതങ്ങൾ കൂടി ഇത്തരം ഘട്ടങ്ങളിൽ ഉപയോ​ഗിക്കപ്പെട്ടേക്കും. ഒരു പ്രദേശത്തെ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെയും തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്നവരെയും അരാഷ്ട്രീയ നിലപാടുള്ളവരെയും വേർതിരിച്ചാവും ടാർ​ഗറ്റഡ് മെസേജിങ്. ഓരോരുത്തർക്കും വേണ്ട കണ്ടന്റുകളുടെ സ്വഭാവം തന്നെ വേറെ വേറെ ആയിരിക്കുകയും ചെയ്യും. സംഘടിതമായ ഐ.ടി ഇൻഫ്രാസ്ട്രക്ച്ചറുള്ള, കേഡർ സ്വഭാവമുള്ള പാർട്ടികൾ ഇത് ഏതറ്റം വരെ ഉപയോ​ഗിക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്. വ്യാജ ദൃശ്യനിർമിതി എതിർസ്ഥാനാർത്ഥിയെയും എതിർ പാർട്ടികളെയും ജനാധിപത്യ സംവിധാനങ്ങളെയും വരെ ലക്ഷ്യം വെക്കും എന്നകാര്യത്തിൽ സംശയമില്ല.

ഇത്തരം വീഡിയോകളെ ഓരോ ഫ്രെയിം ബൈ ഫ്രെയിം ആയി പരിശോധിച്ചാൽ പോലും അത് വ്യാജമാണെന്ന് തിരിച്ചറിയാനാവില്ല. Generative Adversarial Networks (GANs) പോലുള്ള അതിനൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് ഏറ്റവും കൃത്യമായ ഫേക്ക് ഇമേജുകൾ നിർമിച്ചെടുക്കുന്നത്. നൂറ് കണക്കിനോ ആയിരക്കണക്കിനോ ഇമേജ് ഡേറ്റാബേസിന്റെ സഹായത്തോടെയാണ് ഇങ്ങനെ തിരിച്ചറിയപ്പെടാൻ പറ്റാത്ത തരത്തിലുള്ള ഡീപ്ഫേക്ക് വീഡിയോകൾ ഉണ്ടാക്കുന്നത്. ഫേക്ക് ചെയ്യേണ്ട മുഖത്തിന്റെ ഇമേജ് ഡേറ്റയാണ് പല ആങ്കിളുകളിൽ നിന്ന് ശേഖരിച്ച് ഇതിനായി ഉപയോ​ഗിക്കുന്നത്.

സിനിമാ രം​ഗത്ത് ഡീപ്ഫേക്ക് സാങ്കേതിക വിദ്യ കാര്യമായി ഉപയോ​ഗിച്ചു തുടങ്ങിയിട്ടുണ്ട്. താരങ്ങളുടെ പ്രായം കുറയ്ക്കാനും ഇമോഷൻ‌, ടോൺ എന്നിവ കൃത്യമാക്കാനുമാണ് ഇത് ഉപയോ​ഗപ്പെടുത്തുന്നത്. എന്നാൽ ഡീപ്ഫേക്ക് വീഡിയോകളുടെ സാധ്യതകളെക്കാൾ ഏറെ ഇന്ന് ലോകം ചർച്ചചെയ്യുന്നത് അതിന്റെ വിനാശകരമായ വശമാണ്. സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഈ അടുത്ത കാലത്തുണ്ടായ ഡീപ്ഫേക്ക് വാർത്തകളെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ ഒരുതരത്തിലും വ്യാജമാണ് എന്നുതോന്നാത്ത തരത്തിലാണ് ഇത്തരം ദൃശ്യങ്ങളുടെ നിർമ്മിതി. കാരണം ഹൈപ്പർ റിയലിസ്റ്റിക്ക് ആയാണ് ഇത്തരം ഇമേജുകൾ, വീഡിയോകൾ ഉണ്ടാക്കപ്പെടുന്നത്.

ഡിജിറ്റൽ മീഡിയ ജീവിതം ടെക്സ്റ്റിൽ നിന്ന് പിൻവാങ്ങി വലിയ തോതിൽ വിഷ്വൽ ബേസ്ഡ് ആയിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള ഡീപ്ഫേക്കുകൾ വ്യാപകമാവുന്നതോടെ, കാണുന്നത് ഒന്നും തന്നെ സത്യമല്ലെന്ന നിലയിലേക്ക് ഡിജിറ്റൽ മാധ്യമങ്ങളിലെ ദൃശ്യവിശ്വാസ്യത തന്നെ വലിയോ തോതിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. സത്യമേതാണ് വ്യാജമേതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത തരത്തിലേക്ക് ഡിജിറ്റൽ മാധ്യമത്തിൽ കാഴ്ചകളെ ഇത് മാറ്റിയേക്കാം. ദൃശ്യങ്ങൾ തെളിവുകളായി സ്വീകരിക്കപ്പെടുന്ന നിലവിലുള്ള രീതിയിലും ഇത് മാറ്റമുണ്ടാക്കും. ചരിത്രത്തിന്റെ ഒരു കഷ്ണമായിട്ടായിരുന്നു ഇക്കാലമത്രയും ഫോട്ടോ​ഗ്രാഫിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഡീപ്ഫേക്കിന്റെ കാലത്ത് ഡിജിറ്റൽ ദൃശ്യങ്ങൾ പോലും തെളിവുകളോ ചരിത്രമോ ആയി ആരും കണക്കാക്കിയെന്ന് വരില്ല. കാണുന്നതും കേൾക്കുന്നതും സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ പാടുപെടുന്ന സത്യാനന്തര കാലത്തിലൂടെയുള്ള യാത്ര അതുകൊണ്ടുതന്നെ ദുഷ്ക്കരമാവും.

അമേരിക്കൻ നടനും കോമേഡിയനുമായ ബിൽ ഹാദറിന്റെ ഡീപ്ഫേക്ക് വീഡിയോ
അമേരിക്കൻ നടനും കോമേഡിയനുമായ ബിൽ ഹാദറിന്റെ ഡീപ്ഫേക്ക് വീഡിയോ

സോഷ്യൽ മീഡിയ ദൃശ്യഭാഷ

ഡിജിറ്റൽ മീഡിയ ജീവിതം ടെക്സ്റ്റിൽ നിന്ന് പിൻവാങ്ങി വലിയ തോതിൽ വിഷ്വൽ ബേസ്ഡ് ആയിക്കൊണ്ടിരിക്കുകയാണ്. ടെക്സ്റ്റ് അല്ലെങ്കിൽ എഴുത്ത് ഈ ദൃശ്യ മാധ്യമ പരിണാമ കാലത്ത് അവ​ഗണിക്കപ്പെടുന്നു എന്നത് വസ്തുത തന്നെയാണ്. പരസ്യ വിപണിയുടെ മാറ്റവും ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്. പുതിയ മാധ്യമങ്ങൾ പുതിയ യൂസർ ബിഹേവിയർ പാറ്റേണുകൾ സൃഷ്ടിച്ചിട്ടുണ്ട്. ആ യൂസർ ബിഹേവിയർ പാറ്റേണുകളെ പഴയ പരമ്പരാ​ഗത മാധ്യമ അളവുകോൽ വച്ച് നമുക്ക് അളന്ന് തിട്ടപ്പെടുത്താനാവില്ല.

എന്തുകൊണ്ടാണ് ഒരു വലിയ വിഭാ​ഗം യുവജനങ്ങൾ‌, കൗമാരപ്രായക്കാർ‌ ഫേസ്ബുക്കിനോട് വിടപറഞ്ഞത് എന്ന് ആലോചിക്കണം. അവരുടെ പരി​ഗണനയിൽ ഫേസ്ബുക്ക് തന്നെ ഒരു ഓൾഡ് മീഡിയം ആണ്.

പക്ഷേ, പരമ്പാരാ​ഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ മാധ്യമങ്ങളുടെ ബിഹേവിയർ ഷിഫ്റ്റ് വളരെ കൃത്യമായി അടയാളപ്പെടുത്താനും ട്രാക്ക് ചെയ്യാനും ഇന്നാവും. അതുകൊണ്ടുതന്നെ യൂസർ ബിഹേവിയർ പാറ്റേണുകളെ മനസ്സിലാക്കിയാണ് ഡിജിറ്റൽ മീഡിയത്തിലെ ദൃശ്യവിന്യാസം എന്ന് പറയാം. ഡിജിറ്റൽ മീഡിയാ രം​ഗത്തെ എല്ലാ വിഭാ​ഗങ്ങളും ദൃശ്യത്തിനാണ് കൂടുതൽ മുൻ​ഗണന നൽകുന്നത് അതുകൊണ്ടുതന്നെയാണ്. അത് സോഷ്യൽ മീഡിയ ആയാലും AI, AR,VR, XR പോലുള്ള ടെക്നോളജിയുടെ കാര്യത്തിലായാലും ദൃശ്യങ്ങൾക്കുള്ള മുൻ​ഗണന പ്രകടമാണ്.

എന്തുകൊണ്ടാണ് ഒരു വലിയ വിഭാ​ഗം യുവജനങ്ങൾ‌, കൗമാരപ്രായക്കാർ‌ ഫേസ്ബുക്കിനോട് വിടപറഞ്ഞത് എന്ന് ആലോചിക്കണം. അവരുടെ പരി​ഗണനയിൽ ഫേസ്ബുക്ക് തന്നെ ഒരു ഓൾഡ് മീഡിയം ആണ്. കാരണം അതിൽ വിഷ്വൽ എലമെന്റിനെക്കാൾ ടെക്സ്റ്റാണ് ഡോമിനേറ്റ് ചെയ്യുന്നത്. എന്നാൽ ഇൻസ്റ്റാ​ഗ്രാം, സ്നാപ്ചാറ്റ് പോലുള്ള മീഡിയങ്ങൾ വിഷ്വൽ ഫെസ്റ്റ് ആയാണ് അതിന്റെ ഘടന നിർ‌മിച്ചിരിക്കുന്നത് എന്നുകാണാം. ഈ വിഷ്വൽ ഫെസ്റ്റ് ട്രീറ്റ്മെന്റ് കൊണ്ടാണ് സ്നാപ്ചാറ്റ് ആദ്യം അമേരിക്കയിലും പിന്നീട് ഏഷ്യൻ രാജ്യങ്ങളിലും ഇപ്പോൾ ഇന്ത്യയിലും വലിയ തോതിൽ ജനപ്രിയമാവുന്നത്. പല ഘട്ടങ്ങളിലും ഫേസ്ബുക്കിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ സോഷ്യൽ മീഡിയയാണ് സ്നാപ്ചാറ്റ്. ഇതിന്റെ വിഷ്വൽ ഉള്ളടക്കം തന്നെയാണ് ഇത്തരത്തിൽ സ്നാപിനെ ജനപ്രിയമാക്കിയത്.

അമേരിക്കയിലെ യുവാക്കളും കൗമാരക്കാരും എന്തുകൊണ്ടാണ് ടിക്ക്ടോക്കിന് പിന്നാലെയും ഇന്ത്യൻ യൂത്ത് എന്തുകൊണ്ടാണ് റീൽസിനും ഷോട്സിനും പിന്നാലെയും പോകുന്നത് എന്ന ചോദ്യത്തിനും ഇതേ ഉത്തരമാണുള്ളത്. അവിടെ ദൃശ്യങ്ങൾക്കാണ് കൂടുതൽ പ്രസക്തി. അതുകൊണ്ടുതന്നെ അത് ഏറെ ആകർഷിക്കപ്പെടുകയും ചെയ്യുന്നു. ഇമോജികളും, മിമോജികളും, ചാറ്റ് സ്റ്റിക്കറുകളും നമ്മുടെ സോഷ്യൽ മീഡിയാ ചാറ്റ് ഇടങ്ങളെ വലിയ തോതിൽ കൈയ്യേറ്റം നടത്തിയതായി കാണാം. വാക്കുകൾക്കപ്പുറത്ത് മീമുകൾ ഇൻസ്റ്റെന്റ് മെസേജിങ് ആപ്പുകളിലെ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറിയിരിക്കുന്നു. ഇത് കേവലും കൗതുകം എന്നതിനപ്പുറം യൂസറുടെ ബിഹേവിയർ പാറ്റേണിൽ വന്ന മാറ്റത്തെയാണ് കാണിക്കുന്നത്.

ടെലിവിഷൻ എന്ന മാധ്യമം പോലും ഇപ്പോൾ ഏറ്റവും അധികം പേർ കാണുന്നത് യൂട്യൂബിലോ, ഫേസ്ബുക്ക് ടൈംലൈനിലോ ആണ്.

ഡിജിറ്റൽ മീഡിയാ കാലത്തെ ദൃശ്യ പരീക്ഷണങ്ങളുടെ സ്വാധീനം കേവലം ഡിജിറ്റലിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ദ ഹിന്ദു ദിനപത്രം റീ ഡിസൈൻ ചെയ്തപ്പോൾ അതിന്റെ ഉള്ളടക്കം സോഷ്യൽ മീഡിയാ ഡിസൈൻ പാറ്റേണിനോട് മത്സരിക്കുന്നതായിരുന്നു. അതായത് സോഷ്യൽ മീഡിയ പോലെ പരമ്പരാ​ഗത മാധ്യമങ്ങളുടെ രൂപകൽപ്പന മാറുന്നതായി കാണാം. ഡിജിറ്റലിൽ തന്നെ വെബ്സൈറ്റുകളുടെ രൂപകൽപ്പനയിലും ഈ സോഷ്യൽ മീഡിയാ വിഷ്വൽ ഡിസൈൻ പാറ്റേണുകളുടെ പ്രചോദനം കാണാം. വെബ്സൈറ്റുകൾ പോലും പരമ്പരാ​ഗത വിഷ്വൽ ഡിസൈൻ ഒഴിവാക്കി സോഷ്യൽ മീഡിയ ഡിസൈനുകൾക്ക് പിന്നാലെ പോകുന്നത് ഇപ്പോൾ ഒരു ട്രെന്റായി മാറുന്നുണ്ട്.

പരമ്പരാ​ഗത ടെലിവിഷൻ ചാനലുകൾ‌ പോലും ഇപ്പോൾ സോഷ്യൽ മീഡിയയോടാണ് സംസാരിക്കുന്നത്. അവരുടെ പരിപാടി നടക്കുമ്പോൾ‌ തത്സമയം വരുന്ന കമന്റുകളോട് സംവദിച്ച് ടെലിവിഷൻ ചാനലുകൾ സോഷ്യൽ മീഡിയയിലേക്കുള്ള പാലമിടുകയാണ് ചെയ്യുന്നത്. ഇവിടെ അതുവരെ കണ്ടുശീലിച്ച അവതാരക ഭാവങ്ങൾ എല്ലാം അഴിച്ചുവെച്ചാണ് സോഷ്യൽ മീഡിയയോട് ടെലിവിഷൻ അവതാരകർ ഇപ്പോൾ ഇടപെടുന്നത്. കാരണം, ടെലിവിഷൻ എന്ന മാധ്യമം പോലും ഇപ്പോൾ ഏറ്റവും അധികം പേർ കാണുന്നത് യൂട്യൂബിലോ, ഫേസ്ബുക്ക് ടൈംലൈനിലോ ആണ് എന്നതാണ് ഇങ്ങനെ ഒരു മാറ്റത്തിന് അവരെ പ്രേരിപ്പിക്കുന്നത്.

എല്ലാം മാറ്റും AI

സ്റ്റാർട്ട്, ആക്ഷൻ‌, ക്യാമറ- AI കളം പിടിക്കാൻ ഒരുങ്ങുന്നതോടെ സിനിമാ പ്രൊഡക്ഷനിലെ ഒഴിവാക്കാൻ പറ്റാത്ത വായ്ത്താരികൾ പഴങ്കഥയാവുകയാണ്. ദൃശ്യങ്ങൾ മിഴിവോടെ ഒപ്പിയെടുക്കാനായുള്ള കൃത്യമായ കമാന്റ് ആയിരുന്നു സ്റ്റാർട്ട്, ആക്ഷൻ‌, ക്യാമറ. എന്നാൽ തിരക്കഥ, സംഭാഷണം, ലൈറ്റിങ്, ക്യാമറ എന്നിവയെല്ലാം AI കമാന്റുകൾ കൈയ്യടക്കുന്നതോടെ പല സങ്കേതങ്ങളും പഴയതാവുകയാണ്. ഒരു നടന്റെ ശബ്ദത്തിൽ ഒരു സിനിമ മുഴുവൻ ആ നടനെക്കൊണ്ട് ഡബ്ബ് ചെയ്യിക്കാതെ ചെയ്യാനും അഭിനയിപ്പിക്കാനും AI ക്കാവും. പൂർണമായി AI സഹായത്തോടെ നിർമിച്ച ദി ഫ്രോസ്റ്റ് എന്ന ചെറു സിനിമ കാണുക.

ഡിജിറ്റൽ മീഡിയാ വീഡിയോ കൺസ്യൂമിങ് സ്വഭാവത്തിലെ അടിമുടി മാറ്റമാണ് ഇൻസ്റ്റ​ഗ്രാം റീൽസും, യൂട്യൂബ് ഷോട്സും കൊണ്ടുവന്നത്.

ഇത് ജനറേറ്റീവ് AI എന്ന സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുണ്ടാക്കിയ ആദ്യകാല സിനിമയായി കണക്കാക്കുക. ഈ സാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇപ്പോഴുളള പരിമിതികളെല്ലാം ഇതിന് മറികടക്കാനാവും എന്നാണ് കരുതപ്പെടുന്നത്. അത്ര വേ​ഗത്തിലാണ് AI വിഷ്വൽ സ്റ്റോറിടെല്ലിങ് മാറിക്കൊണ്ടിരിക്കുന്നത്.

അതുപോലെ തന്നെ ക്യാമറ, ലെൻസ്, തുടങ്ങിയ കാര്യങ്ങൾ ഏതാണ് ഉപയോ​ഗിക്കേണ്ടത് എന്ന് പ്രോപ്റ്റ് ചെയ്താൽ ആ രീതിയിലുള്ള ദൃശ്യങ്ങൾ നിർമിച്ചു കിട്ടുന്ന രീതിയിലേക്ക് AI വിഷ്വൽ സ്റ്റോറിടെല്ലിങ് മാറിയിട്ടുണ്ട്. അതായത്, കാനോൺ മാർക്ക് 3 സീരിസിലെ ക്യാമറ ഉപയോ​ഗിച്ചാണ് ദൃശ്യം ചിത്രീകരിക്കേണ്ടത് എന്നുകരുതുക. ലെൻസ് 70- 200 ആണ് വേണ്ടത് എന്ന് സങ്കൽപ്പിക്കുക. ഇങ്ങനെ ഒരു പ്രോപ്റ്റ് നൽകിയാൽ കാനോൺ മാർക്ക് 3യിൽ എടുത്ത ചിത്രത്തിന്റെ അതേ മിഴിവോടെ അതേ കളർടോണിൽ നമുക്ക് ദൃശ്യങ്ങൾ ലഭ്യമാവും.

AI സഹായത്തോടെ നിർമിച്ച ദി ഫ്രോസ്റ്റ് എന്ന സിനിമയിൽ നിന്ന്
AI സഹായത്തോടെ നിർമിച്ച ദി ഫ്രോസ്റ്റ് എന്ന സിനിമയിൽ നിന്ന്

സ്‍ക്രോളിംഗ്
സ്‍ക്രോളിംഗ്
സ്‍ക്രോളിംഗ്

സോഷ്യൽ മീഡിയയിൽ ഇത് റീലുകളുടെയും ഷോട്ടുകളുടെയും കാലമാണ്. പക്ഷേ വീഡിയോകൾ കുഞ്ഞനാണെങ്കിലും ഇത് കാണുന്നതാവട്ടെ ലക്ഷങ്ങളുമാണ്. ഡിജിറ്റൽ മീഡിയാ വീഡിയോ കൺസ്യൂമിങ് സ്വഭാവത്തിലെ അടിമുടി മാറ്റമാണ് ഇൻസ്റ്റ​ഗ്രാം റീൽസും, യൂട്യൂബ് ഷോട്സും കൊണ്ടുവന്നത്. ഈ ടൈം ലൈനിലെ സ്ക്രോളിങ് വേ​ഗത്തിനൊപ്പം പിടിച്ചുനിൽക്കാൻ പാകത്തിൽ‌ വീഡിയോകളുടെ ഘടനയിലും കണ്ടന്റിലും മാറ്റം വന്നതായി കാണാം. ആദ്യത്തെ 1-2 സെക്കന്റിൽ പിടിച്ചിരുത്താൻ പറ്റിയില്ലെങ്കിൽ ആ വീഡിയോയിൽ നിന്ന് തെന്നി അടുത്ത വീഡിയോയിലേക്ക് യൂസർ നാവി​ഗേറ്റ് ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം വീഡിയോകളുടെ ആദ്യ സെക്കന്റുകൾ ഏറ്റവും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യുക എന്ന രീതിയിലേക്ക് വീഡിയോ പ്രൊഡക്ഷൻ രീതികൾ മാറിയിട്ടുണ്ട്.

ഡിജിറ്റൽ ട്രാഫിക്കിന്റെ ഏതാണ്ട് 90 മുതൽ 96 ശതമാനം വരുന്നത് മൊബൈലിലൂടെയാണ്. അപ്പോൾ മൊബൈൽ ഇക്കോസിസ്റ്റത്തിന് അനുയോജ്യമായ തരത്തിൽ കണ്ടന്റുകൾ മാറ്റുന്നതിനാണ് ഇപ്പോൾ മാധ്യമ മുൻ​ഗണന.

വേ​ഗത കൂടിയ ഡിജിറ്റൽ ജീവിതത്തിൽ കുറഞ്ഞുവരുന്ന ഒന്നാണ് അറ്റൻഷൻ സ്പാൻ. ഈ അറ്റൻഷൻ സ്പാനിനുള്ളിൽ എങ്ങനെ കാഴ്ചക്കാരുടെ കണ്ണുകളെ തങ്ങളുടെ കണ്ടന്റ് കാണിക്കാം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതിനായി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങളിലെ നിറം, ദൃശ്യങ്ങളുടെ വേ​ഗം, ഫ്രെയിമുകൾ എന്നിവയെല്ലാം പ്രധാനപ്പെട്ട കാര്യമാണ്. പരമ്പരാ​ഗത ടെലിവിഷൻ മാധ്യമങ്ങളുടെ രീതിശാസ്ത്രത്തിൽ ഇത്തരം കുഞ്ഞൻ വീഡിയോകൾ നിർമിക്കാനാവുകയില്ല. ഡിജിറ്റൽ ഇക്കോസിസ്റ്റത്തിനും മൊബൈൽ ഇക്കോസിസ്റ്റത്തിനും പാകമാകുന്ന രീതിയിൽ വിഷ്വൽ ഭാഷ മാറ്റിപണിതേ ഇവിടെ നിലനിൽക്കാൻ ആവുകയുള്ളൂ.

മറ്റൊരു കാര്യം, ഡിജിറ്റൽ കണ്ടന്റുകൾ ഇന്ന് ഒരു യൂസർ കൺസ്യൂം ചെയ്യുന്നത് ഏറ്റവും അധികം മൊബൈലിലൂടെയാണ്. ഡിജിറ്റൽ ട്രാഫിക്കിന്റെ ഏതാണ്ട് 90 മുതൽ 96 ശതമാനം വരുന്നത് മൊബൈലിലൂടെയാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അപ്പോൾ മൊബൈൽ ഇക്കോസിസ്റ്റത്തിന് അനുയോജ്യമായ തരത്തിൽ കണ്ടന്റുകൾ മാറ്റുന്നതിനാണ് ഇപ്പോൾ മാധ്യമങ്ങൾ മുൻ​ഗണന നൽകുന്നത്.

'ഞാൻ' ആണ് കേന്ദ്രം

ദൃശ്യത്തിന്റെ കേന്ദ്ര കഥാപാത്രമായി യൂസർ മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സെൽഫികളിലും, വ്ലോ​ഗുകളിലുമെല്ലാം ഈ കാഴ്ചയുടെ ആഘോഷമാണ് നടക്കുന്നത്. ഇന്നലെവരെ പരമ്പരാ​ഗത ദൃശ്യമാധ്യമങ്ങളുടെ അടുത്തുപോലും എത്താൻ കഴിയാത്ത ഒരു വലിയ വിഭാ​ഗം ആളുകൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന താരപരിവേഷം ഇതിനുദാഹരണമാണ്. അവതരണശൈലിയിൽ നിന്ന് ആങ്കർമാർ സംസാര ശൈലിയിലേക്കുള്ള ചുവടുമാറ്റം ഇവിടെ ദൃശ്യമാണ്. ഇതിന് മറ്റൊരു കാരണം കൂടെയുണ്ട്. ടെലിവിഷൻ ദൃശ്യഭാഷയിൽ നിന്ന് ഡിജിറ്റൽ കാലത്തേക്ക് എത്തുമ്പോൾ സ്ക്രീനിലുള്ള മാറ്റം ഏറെ പ്രധാനപ്പെട്ടതാണ്. മൊബൈൽ ആണ് അവിടെ ഏറ്റവും അധികം പേർ ഉപയോ​ഗിക്കുന്ന സ്ക്രീൻ.

ടെലിവിഷൻ എന്നത് വളരെ ഫോർമലായ മാധ്യമമാണ്. ടെലിവിഷന്റെ ദൃശ്യഭാഷയും ശൈലിയും രൂപപ്പെടുത്തിയെടുത്തത് ഒന്നിലധികം പേരോട് ഒരേ സമയം സംവദിക്കുക എന്ന നിലയിലായിരുന്നു. അതിൽ വരുന്ന പരിപാടികളും, വാർത്തകളും നമ്മളിലേക്ക് എത്തിയിരുന്നത് സ്വീകരണമുറിയിലെ ടെലിവിഷൻ സെറ്റിലൂടെയാണ്. ഈ സ്വീകരണമുറിയിൽ ടി.വി കാണുമ്പോൾ പലപ്പോഴും ഒന്നിലധികം ആളുകളിലേക്കാവും എത്തുന്നത്. അതായത്, ഒരു ടെലിവിഷൻ പരിപാടി കാണുമ്പോൾ ടി.വി സ്ക്രീനിനും കാണുന്നയാളുടെ കണ്ണിനും ഇടയിൽ ഒന്നിലധികം ആളുകൾ കൂടെ ഉണ്ടാവാം. അതുകൊണ്ടുതന്നെ ഒരു വീടിന്റെ സ്വീകരണമുറി ഒരു സ്വകാര്യസ്ഥലമാണെങ്കിലും വിവരങ്ങളും വാർത്തകളും ടെലിവിഷനിൽ നിന്ന് പ്രക്ഷേപണം ചെയ്യുമ്പോൾ എത്തുന്നത് ഒന്നിലധികം പേരിലേക്കായിരിക്കാം.

എന്നാൽ, മൊബൈലിൽ ഒരു ഉപഭോക്താവ് ഒരു സ്റ്റോറി കാണുമ്പോൾ അയാളുടെ കണ്ണിനും സ്ക്രീനിനും ഇടയിൽ മറ്റാരും ഉണ്ടാവില്ല. ഈ സ്പേസ് അത്രയും സ്വകാര്യമായ ഒരിടമാണ്. ഈ ഇടത്തിലേക്കാണ് നമ്മൾ കണ്ടന്റ് കൊടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇവിടെ നമ്മൾ കൊടുക്കുന്ന വാർത്തകളും, വീഡിയോകളും വളരെ പേഴ്സണൽ/ ഇൻഫോർമൽ ആയ അപ്രോച്ച് സ്വീകരിക്കുന്നതാവും നല്ലത്. അത് ടെലിവിഷന്റെ രീതിപോലെ ഒന്നിലധികം പേരോട് സംവദിക്കുന്ന രീതിയിൽ ആയിരിക്കരുത്. മൊബൈലിന് വേണ്ടി നമ്മൾ ദൃശ്യമോ, ഓഡിയോയോ, ടെക്സ്റ്റ് കണ്ടൻന്റോ ഉണ്ടാക്കുമ്പോൾ ഈ തിരിച്ചറിവ് ഉണ്ടാവണം. അല്ലെങ്കിൽ ആ പ്രൊഡക്ഷൻ ടെലിവിഷൻ ദൃശ്യ വ്യാകരണത്തിൽ നിർമ്മിക്കപ്പെടാനാണ് സാധ്യത.

അപ്പോൾ ടെലിവിഷന്റെ ഹോറിസോണ്ടൽ സ്ക്രീനിൽ നിന്ന് മൊബൈലിന്റെ വെർട്ടിക്കൽ സ്ക്രിനിന് ഇണങ്ങുന്ന തരത്തിലുള്ള ഫോർമാറ്റിൽ ദൃശ്യങ്ങൾ അവതരിപ്പിക്കേണ്ടിവരും. നേരത്തെ പഠിച്ച ദൃശ്യപാഠങ്ങൾ പലതും ടെലിവിഷനു വേണ്ടിയോ സിനിമാ സ്ക്രീനിനുവേണ്ടിയോ രൂപപ്പെടുത്തിട്ടുള്ളതാണ്. അത് ബോധപൂർവം പുനർനിർവചിക്കാതെ മൊബൈലിനു വേണ്ടി കണ്ടൻറ് ഉണ്ടാക്കാൻ സാധിക്കില്ല. ഇവിടെ വീഡിയോ മാത്രമല്ല, ഓഡിയോയും ടെക്സ്റ്റും ഫോട്ടോയും ഗ്രാഫിക്സും എല്ലാം ഇതുപോലെ മൊബൈലിനനുയോജ്യമായ തരത്തിൽ പുതുക്കി പണിയാനാവുമോ എന്നാലോചിക്കണ്ടിവരും.

ഇനിയെന്ത്?

ഡിജിറ്റൽ മാധ്യമങ്ങളുടെ ദൃശ്യ സാഹസിക സഞ്ചാരങ്ങൾ തുടരുക തന്നെയാണ്. അത് AR, VR, XR സാങ്കേതിക വിദ്യകളിലൂടെ മുന്നോട്ടുതന്നെ പോയ്ക്കൊണ്ടിരിക്കുകയാണ്. ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ വിഷൻ പ്രോ എന്ന AR ഹെഡ്സെറ്റ് മതി സാങ്കേതികവിദ്യ ഏത് രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് മനസ്സിലാക്കാൻ. യൂസറെ കണ്ടന്റിന്റെ മധ്യത്തിൽ പ്രതിഷ്ഠിച്ചാണ് പുതിയ മുന്നേറ്റങ്ങൾ ഡിജിറ്റൽ മേഖലയിൽ നടക്കുന്നത്. സ്പേഷ്യൽ കംപ്യൂട്ടിങ് പോലുള്ള സാധ്യതകളുടെ ആദ്യപടി മാത്രമായി ഈ ഡിവൈസിനെ കണക്കാക്കേണ്ടിവരും.

മൊബൈൽ എന്നത് ഈ കാലത്തിന്റെ ഡിവൈസാണ്. അതിൽനിന്ന് വിഷ്വൽ മീഡിയം അതിന്റെ സഞ്ചാരം തുടരുക തന്നെയാണ്. ഇതൊന്ന് കണ്ടുനോക്കൂ:

ഡിജിറ്റൽ വിഷ്വൽ സ്റ്റോറിടെല്ലിങിന്റെ അനന്ത സാധ്യതകൾ തന്നെയാണ് മുന്നിലുള്ളത്. ഇന്നുവരെ കണ്ടതിന് അപ്പുറത്തുള്ള ഒരു ലോകത്തേക്കാണ് പുതിയ സ്പേഷ്യൽ കംപ്യൂട്ടിങ് നമ്മളെ നയിക്കുന്നത്. പക്ഷേ ഡിവൈസിന്റെ വലുപ്പം ഒരു വലിയ വെല്ലുവിളിയാണ്. ഭാവിയിൽ നമ്മൾ സാധരണ ധരിക്കുന്ന കണ്ണടയിലേക്ക് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യങ്ങൾ വരും എന്ന കാര്യം ഉറപ്പാണ്. ഇപ്പോൾ തന്നെ റെയ്ബാൻ എന്ന ഒന്നാം നിര കണ്ണട നിർമാണ കമ്പനി ഫേസ്ബുക്കുമായി ചേർന്ന് വെയറബിൾ ഡിവൈസുകൾ ഉണ്ടാക്കുന്നുണ്ട്. നാളിതുവരെ കണ്ടതും കേട്ടതുമായ രീതികളായിരിക്കില്ല ഭാവിയിൽ ദൃശ്യഭാഷാ പരിണാമം.

വാൽക്കഷ്ണം

സാങ്കേതികവിദ്യ കഴിഞ്ഞ നൂറ്റാണ്ടിൽ വളർന്നതിനെക്കാൾ പതിൻമടങ്ങ് വേ​ഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ലോകം ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും പുതിയതെന്ന് കരുതിയ സങ്കേതങ്ങൾ പഴയതാവുന്ന കാലം. ഈ കാലത്ത് ഡിജിറ്റൽ മാധ്യമങ്ങളിലെ സ്വകാര്യതയും ജനാധിപത്യവും പൗരസ്വാതന്ത്ര്യവും ചവുട്ടിമെതിക്കപ്പെടാതിരിക്കാൻ കരുതിയിരിക്കണം. സോഷ്യൽ മീഡിയാ അൽ​ഗോരിതങ്ങൾ പോലും പണം മുടക്കുന്ന പാർട്ടിക്കുവേണ്ടി മാറ്റിയെഴുതുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അവിടെ സാങ്കേതികവിദ്യകളോട് അകലം പാലിക്കുന്നതിന് പകരം അവയെ ചോദ്യം ചെയ്യാനും പുതുക്കാനും നമുക്കാവണം. അല്ലെങ്കിൽ പുതിയ കാലത്തെ എല്ലാ ജനാധിപത്യ ഇടങ്ങളും മറ്റാരുടെയൊക്കെയോ സ്വന്തമാവുന്നത് നമുക്ക് കാണേണ്ടിവരും. നിങ്ങൾ എന്ത് കാണണം, എന്ത് കേൾക്കണം എന്ന് അൽ​ഗോരിതങ്ങൾ അജണ്ട നിശ്ചയിക്കുമ്പോൾ ആ അൽ​ഗോരിതത്തെ തന്നെ ഇൻവസ്റ്റി​ഗേറ്റ് ചെയ്യാനും ചോദ്യം ചെയ്യാനും തിരുത്താനും നമുക്ക് ആവണം. പുതിയ കാലം ആവശ്യപ്പെടുന്നത് അത്തരം ഇടപെടലുകൾ കൂടെയാണ്.

Comments