2020 ജനവരി മുതൽ നോട്ടബിലിറ്റി നഷ്ടപ്പെട്ട മലയാള പുസ്തകങ്ങളും എഴുത്തുകാരും

രു വിഷയം വിജ്ഞാനകോശലേഖനമാവാൻ യോഗ്യതയുള്ളതാണോ എന്ന് വിക്കിപീഡിയ എന്ന സ്വതന്ത്രവിജ്ഞാനകോശം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളാണ് നോട്ടബിലിറ്റി എന്ന ഇംഗ്ലീഷ് വാക്കിന്റെ ഒരു അർത്ഥം. മലയാളം വിക്കിപീഡിയ ശ്രദ്ധേയത എന്ന വാക്കാണ് ഇതിന്റെ വിവർത്തനമായി ഉപയോഗിക്കുന്നത്. ശ്രദ്ധേയതയില്ലാത്ത കാര്യങ്ങൾ വിക്കിപീഡിയയിൽ ആരെങ്കിലും എഴുതിയാൽ അത് നീക്കം ചെയ്യപ്പെടും. അങ്ങനെ മലയാളം വിക്കിപീഡിയയിൽ ഈ വർഷം തുടക്കം മുതൽ ശ്രദ്ധേയതയില്ലായ്ക കാരണം പുറത്താക്കപ്പെട്ട ലേഖനങ്ങളിൽ, സാഹിത്യത്തിന്റെ മേഖലയിൽ പി.ഗീത, സുലോചന നാലപ്പാട്, പി. ആർ.നാഥൻ, കരൂർ ശശി, ആർ. രാജശ്രീ, കെ. വി.സിന്ധു എന്നിവർ ഉൾപ്പെടുന്നു. മലയാളത്തിലെ കവികളുടെ വിക്കിപീഡിയ പട്ടികയിൽ ഈ വെട്ടിമാറ്റൽ സമയത്ത് കെ. വി.സിന്ധുവിന്റെ പേര് ഉണ്ടായിരുന്നു എന്ന കൗതുകകരമായ വസ്തുതയും ഉണ്ട്. അഡ്വക്കറ്റ് രശ്മിത രാമചന്ദ്രനാണ് ശ്രദ്ധേയതയില്ലാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടവരിൽ മറ്റൊരാൾ.

മലയാളത്തിലെ പല കൃതികളും ശ്രദ്ധേയതയില്ല എന്നതിനാൽ ഇങ്ങനെ ഈ വിജ്ഞാനകോശത്തിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. അതിൽ ഇടശ്ശേരിയുടെ കൂട്ടുകൃഷി, എൻ. കൃഷ്ണപിള്ളയുടെ കന്യക മുതൽ പുതിയ തലമുറയിലെ രാജേന്ദ്രൻ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്സ്റ്റാൾ വരെ ഉൾപ്പെടുന്നു. സുഭാഷ് ചന്ദ്രന്റെ സമുദ്രശില, അജയ് പി.മങ്ങാടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര എന്നീ കൃതികൾ വെട്ടിമാറ്റപ്പെടും എന്ന അറിയിപ്പുമായി നിൽക്കുകയായിരുന്നു. അതിൽ സൂസന്നയുടെ ഗ്രന്ഥപ്പുര ഇപ്പോൾ ഭീഷണികൾ നേരിടാത്തവിധം ഞാൻ മെച്ചപ്പെടുത്തിയിട്ടുണ്ട്. സമുദ്രശില ഇപ്പോൾ വെട്ടിമാറ്റൽ ഭീഷണി നേരിടുന്നില്ലെങ്കിലും രണ്ട് വാക്യങ്ങളിൽ അവസാനിക്കുന്ന ലേഖനമാണ്. മലയാളത്തിലെ ഒരു വിജ്ഞാനകോശത്തിൽ എന്തൊക്കെയാണ് ഉണ്ടാവുക എന്ന സങ്കല്പത്തെ തകിടംമറിക്കുന്ന വിജ്ഞാനസങ്കല്പമാണ് മലയാളം വിക്കിപീഡിയിൽ നിലവിലുള്ളത് എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇത് ഒരു നിസ്സാരമായ പ്രശ്‌നമല്ല. ലോകമെമ്പാടും വിശ്വസനീയതനേടിയ ഒരു വിജ്ഞാനകോശത്തിന്റെ മലയാളം പതിപ്പ് നിരുത്തരവാദപരമായ വിധത്തിൽ വിജ്ഞാനം കൈകാര്യം ചെയ്യുന്നത് നിസ്സാരമായി കണക്കാക്കാവുന്ന പ്രശ്‌നമല്ല.

ആർക്കും ലേഖനങ്ങൾ എഴുതാവുന്നതും എഡിറ്റ് ചെയ്യാവുന്നമായ വിജ്ഞാനകോശമാണ് വിക്കിപീഡിയ എന്നറിയുമല്ലോ. 2001 ജനവരി 15ന് ആദ്യലേഖനം എഴുതിക്കൊണ്ട് ആരംഭിച്ച വിക്കിപീഡിയയുടെ സ്ഥാപകർ ജിമ്മി വെയിൽസും ലാറി സാംഗറുമാണ്. സ്വതന്ത്രമായ ഓൺലൈൻ വിജ്ഞാനകോശം എന്ന നിലയിൽ, കേന്ദ്രീകൃതമായ ഒരു അധികാരം വിക്കിപീഡിയ എഡിറ്റിങ്ങിൽ അരുതെന്ന ആശയം അവതരിപ്പിക്കുന്നത് സ്വതന്ത്രസോഫ്റ്റുവെയർ പ്രസ്ഥാനത്തിന്റെ താത്വികാചാര്യനായ റിച്ചാർഡ് സ്റ്റാൾമാനാണ്. പ്രസാധകരുടെ ഉടമസ്ഥതയിൽ പണ്ഡിതന്മാർ നിർമ്മിക്കുന്ന വിജ്ഞാനകോശം എന്ന സങ്കല്പത്തിൽനിന്നും ആർക്കും വിവരങ്ങൾ എഴുതിച്ചേർക്കാവുന്ന, തിരുത്താവുന്ന വിജ്ഞാനകോശം എന്ന സങ്കല്പം വലിയ സന്ദേഹങ്ങൾക്കാണ് വഴിയൊരുക്കിയത്. പക്ഷെ ഇന്ന് ഏറ്റവും വിശ്വസനീയമായ വിജ്ഞാനകോശമായി സാധാരണക്കാരും അക്കാദമികസമൂഹവും ലോകമെമ്പാടും വിക്കിപീഡിയയെ പരിഗണിക്കുന്നു. പ്രതിമാസം 495 ദശലക്ഷം വായനക്കാർ വിക്കിപീഡിയ വായിക്കുന്നുവെന്നാണ് 2019 ഡിസംബറിലെ കണക്ക്. അതിനു കാരണം ഉപയോക്തൃസമൂഹമാണ് വിക്കിപീഡിയ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് എന്നതാണ്. ഉത്തരവാദിത്തബോധവും സാമൂഹികപരിഗണനയും അറിവിനോട് ആദരവുമുള്ള സന്നദ്ധസേവകരാണ് ഇതിന്റെ വിജയത്തിനു പിന്നിൽ.

ജിമ്മി വെയിൽസ്
ജിമ്മി വെയിൽസ്

2002 ഡിസംബർ 21-ന്, അക്കാലത്ത് അമേരിക്കയിലെ ഒരു സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. യാണ് വിക്കിപീഡിയയുടെ മലയാളംപതിപ്പ് ആരംഭിക്കുന്നത്. മലയാളത്തിന്റെ യൂനിക്കോഡ് സാങ്കേതികത പിച്ചവെച്ച് നടക്കുന്ന ആ കാലത്ത് വളരെ പതുക്കെയായിരുന്നു മലയാളം വിക്കിപീഡിയയുടെ വളർച്ച. 2007ലാണ് 5000 ലേഖനങ്ങളുള്ള വിക്കിപീഡിയയായി മലയാളം മാറുന്നത്. നിലവിൽ മലയാളം വിക്കിയിൽ 68,936 ലേഖനങ്ങൾ ഉണ്ട്. ഇത് ഒരു വലിയ വളർച്ച തന്നെയാണ്. അതിനു പിന്നിൽ പ്രവർത്തിച്ച സന്നദ്ധസേവകരെല്ലാം അനുമോദിക്കപ്പെടേണ്ടവർ തന്നെയാണ്.

എന്നാൽ ഇതിനിടയിൽ വിജ്ഞാനത്തെക്കുറിച്ച് മലയാളം വിക്കിപീഡിയ രൂപപ്പെടുത്തിയ സങ്കല്പങ്ങളാണ് മേല്പറഞ്ഞ നോട്ടബിലിറ്റി പ്രശ്‌നത്തിനും അതുപോലെ വൈജ്ഞാനികതയ്ക്ക് ആപത്കരമായ നിരവധി കാര്യങ്ങൾക്കും കാരണം. ഇത് ഒരു നിസ്സാരമായ പ്രശ്‌നമല്ല. ലോകമെമ്പാടും വിശ്വസനീയതനേടിയ ഒരു വിജ്ഞാനകോശത്തിന്റെ മലയാളം പതിപ്പ് നിരുത്തരവാദപരമായ വിധത്തിൽ വിജ്ഞാനം കൈകാര്യം ചെയ്യുന്നത് നിസ്സാരമായി കണക്കാക്കാവുന്ന പ്രശ്‌നമല്ല.

ഇത് നോക്കുക:

"ജീവിതം രേഖ. സ്‌പെയിനിലായിരുന്നു ജോസുവിന്റ ജനനം. ഇദ്ദേഹത്തിന്റ പേരിൽ സ്പാനിഷ് നാമധേയ സമ്പ്രദായം ആണ് ഉപയോഗിക്കുന്നത്: ഇതനുസരിച്ചു ഒന്നാമത് പിതൃപരമ്പരയുടെ നാമമായ കുടുംബപ്പേര് പ്രിയോയും രണ്ടാമത്തെ നാമമായ മാതൃ കുടുംബത്തിന്റെ പേര് കരൈസ് ഉം ചേർത്ത് ജോസെ പ്രീയത്തോ കരൈസ് എന്ന പേര് നൽകി. (ജനനം: 27 ഫെബ്രുവരി 1993)ന് ലാഗോസ്റ്ററോ എന്ന സ്ഥലത്തായിരുന്നു ജനനം.

സാഹിത്യകൃതികളെയും മാദ്ധ്യമപ്രവർത്തകരെയും പൊതുപ്രവർത്തകരെയും ശ്രദ്ധേയതയില്ലായ്ക ആരോപിച്ച് ഗളച്ഛേദം ചെയ്ത നടപടി നല്കുന്ന സന്ദേശം എന്താണ്?

ജനങ്ങൾക്ക് ഇടയിൽ സാധാരണമായി "ഹോസു' എന്നറിയപ്പെടുന്ന സ്പാനിഷ് ഫുട്‌ബോളർ ഹോസു, ഫെരലാഡ FCക്കു വേണ്ടി പിന്നിൽ ഇടത് സ്ഥാനത്ത് ആണ് കളിക്കുന്നത്. സീനിയർ തലത്തിൽ ദേശീയ ലീഗുകളിലെ കളികളും ഗോളുകളും കണക്കിലെടുത്ത് 2018 ജൂലായ് 16ന് മികച്ച താരം എന്ന നിലയിൽ ഒരു പ്രമുഖ ക്ലബ് ഇദ്ദേഹത്തെ തിരികെ ടീമിൽ വാങ്ങിയിരുന്നു.' - മലയാളം വിക്കിപീഡിയയിൽ ജോസു എന്ന ശീർഷകത്തിൽ എഴുതപ്പെട്ട ലേഖനത്തിൽ നിന്നുമാണ് ഈ ഭാഗം. ലേഖനത്തിന്റെ ലിങ്ക്

സ്‌പെയിനിലെ ഒരു ഫുട്‌ബോൾ കളിക്കാരനാണ് ജോസു. ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കളിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ്, മലയാളത്തിലെ ഏറ്റവും മാനിക്കപ്പെടുന്ന സാഹിത്യകൃതികൾക്കുപോലും നിഷേധിക്കപ്പെട്ട വൈജ്ഞാനികമൂല്യം ഇദ്ദേഹത്തിന് ലഭിച്ചത്. 2018 ഒക്ടോബർ 6ന് ആരംഭിച്ച് ഇക്കാലമത്രയും ഇതേ നിലവാരത്തിൽ നിലനിന്ന ലേഖനം മോശം വിവർത്തനമെന്ന നിലയിൽ, മെയ് 24ന്, തിരുത്തി ശരിയാക്കുന്നതിനെക്കാൾ മാറ്റിയെഴുതുകയാവും നല്ലതെന്ന് നിർദ്ദേശിക്കുന്നത് സന്തോഷ് തോട്ടിങ്ങലാണ് (Principal Software Engineer at Language Engineering team of Wikimedia Foundation). വിക്കിപീഡിയിലെ കാര്യനിർവ്വാഹകന്മാർ ആരും തന്നെ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹോസു
ഹോസു

2020 ജനുവരി 1 മുതൽ മലയാളത്തിലെ നിരവധി എഴുത്തുകാരെയും സാഹിത്യകൃതികളെയും മാദ്ധ്യമപ്രവർത്തകരെയും പൊതുപ്രവർത്തകരെയും ശ്രദ്ധേയതയില്ലായ്ക ആരോപിച്ച് ഗളച്ഛേദം ചെയ്ത നടപടി നല്കുന്ന സന്ദേശം എന്താണ്?

വിക്കിപീഡിയയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് വ്യക്തമായി ചിട്ടപ്പെടുത്തിയ നയങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ്. അത് ഇംഗ്ലീഷിലുള്ള വിക്കിപീഡിയയുടെ പ്രവർത്തനത്തിന്റെ ഭാഗമായി രൂപവത്കരിക്കപ്പെട്ടതാണ്. അത്തരം നയങ്ങൾ ജനാധിപത്യപരമായ സംവാദത്തിലൂടെയും വോട്ടെടുപ്പിലൂടെയുമെല്ലാം മാറ്റാം. ആർക്കും സൗജന്യമായി ഉപയോഗിക്കാനും സ്വതന്ത്രമായി തിരുത്താനും ലേഖനങ്ങൾ എഴുതിച്ചേർക്കാനും സാധിക്കുന്ന ഒരു വിജ്ഞാനകോശം അരാജകത്വത്തിന്റെ കൂത്തരങ്ങാകാതിരിക്കാനുള്ള കാരണം വിക്കിനയങ്ങളും അവ നടപ്പിലാക്കുന്ന ജനാധിപത്യപരമായ രീതികളുമാണ്. വിക്കിപീഡിയയിൽ തിരുത്തൽ വരുത്താൻ ഒരു ഉപയോക്താവായി രജിസ്റ്റർ ചെയ്യുകപോലും വേണ്ട. താങ്കൾ തിരയുന്ന ഒരു വിവരം വിക്കിപീഡിയയിൽ ഉണ്ട്, പക്ഷെ അത് പൂർണ്ണമല്ല എന്നാണെങ്കിൽ താങ്കൾക്ക് അറിയാവുന്നവ എഴുതിച്ചേർക്കാം. അവയ്ക്ക് അവലംബമായ പ്രമാണങ്ങൾ നൽകുകയും വേണം. അത്രത്തോളം സ്വാതന്ത്ര്യം വിക്കിപീഡിയ നമുക്ക് നൽകുന്നു. മേൽപറഞ്ഞ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ശ്രദ്ധിക്കുന്ന നിരവധി ഉപയോക്താക്കളും കാര്യനിർവ്വാഹകരും അവ പരിശോധിക്കുകയും കൃത്യത ഉറപ്പുവരുത്തുകയും ചെയ്യും. അങ്ങനെയാണ്, ഇംഗ്ലീഷിലെ വിക്കിപീഡിയ വിശ്വാസ്യതയുള്ള, അവലംബനീയമായ സർവ്വവിജ്ഞാനകോശത്തിന്റെ നിലയിൽ എത്തിയത്.

ജോസു എന്ന ലേഖനം ഉദാഹരണമായെടുത്ത് മലയാളം വിക്കിപീഡിയയുടെ കാര്യം പരിശോധിക്കാം. ഏതാണ്ട് രണ്ട് വർഷമാകുന്നു ആ ലേഖനം ഉണ്ടായിട്ട്. ഇക്കാലത്തിനിടയിൽ ഏഴ് ഉപയോക്താക്കൾ ഈ ലേഖനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയതായി നാൾവഴി പരിശോധിച്ചാൽ കാണാം. എന്നിട്ടും രണ്ട് വർഷത്തോളം വേണ്ടിവന്നു ഈ ലേഖനത്തിന്റെ നിലവാരമില്ലായ്മ റിപ്പോർട്ട് ചെയ്യപ്പെടാൻ. എന്നിട്ടും, ശ്രദ്ധേയതയില്ലെന്ന് തീരുമാനിച്ച് നേരത്തെ പറഞ്ഞ ലേഖനങ്ങൾ വെട്ടിമാറ്റിയ കാര്യനിർവ്വാഹകരെല്ലാം ഇക്കാര്യത്തിൽ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുകയാണ്.

ഇത് ഒരു ആരോപണമല്ല, വസ്തുതയാണ്. ഒരോ എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും ശ്രദ്ധേയത വിക്കിപീഡിയിലെ തർക്കവിഷയമാണ്.

2006 മുതൽ വിക്കിപീഡിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അതിൽ പങ്കാളിയാവുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ എന്നെ ഇത് അമ്പരപ്പിക്കുന്നില്ല. കാരണമെന്തെന്ന് പറയാം. സാഹിത്യം പോലെ തന്നെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണല്ലോ ചലച്ചിത്രങ്ങൾ. മൂല്യപരിഗണനയുടെ അടിസ്ഥാനത്തിൽ നല്ലത് എന്ന് കണക്കാക്കപ്പെടുന്ന പുസ്തകങ്ങളാണ് വൈജ്ഞാനികമൂല്യമുള്ള കൃതികളായി സാഹിത്യത്തിൽ പരിഗണിക്കുക എന്നത് തർക്കവിഷയമല്ല. ഇതേ ന്യായം ചലച്ചിത്രങ്ങൾക്കും ബാധകമാണ്. മലയാളത്തിലെ ഏത് സിനിമയെക്കുറിച്ചും മലയാളം വിക്കിപീഡിയയിൽ ലേഖനമുണ്ട്. അത് കലാപരമായ മികവുള്ളതാണോ എന്ന പരിഗണന വേണ്ട. മലയാളത്തിലെ എത്ര എഴുത്തുകാരുടെ കൃതികളുടെ സമഗ്രമായ പട്ടിക അവരെക്കുറിച്ചുള്ള ലേഖനത്തിന്റെ ഭാഗമായി ഉണ്ട് എന്ന കാര്യം ഇതുമായി ചേർത്ത് പരിശോധിക്കേണ്ടതാണ്. പൊതുവേ എഴുത്തുകാരോടും പുസ്തകങ്ങളോടും വിപ്രതിപത്തി കാണിക്കുന്നവരാണ് കാര്യനിർവ്വാഹകർ.

ഇത് ഒരു ആരോപണമല്ല, വസ്തുതയാണ്. ഒരോ എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും ശ്രദ്ധേയത വിക്കിപീഡിയിലെ തർക്കവിഷയമാണ്. ഇന്ന് രാവിലെ നീക്കം ചെയ്യപ്പെട്ട ലേഖനമാണ് എ.എം. ഉണ്ണിക്കൃഷ്ണൻ. സാഹിത്യനിരൂപകനും ഗ്രന്ഥകാരനും സാസ്‌കാരികപ്രവർത്തകനും അദ്ധ്യാപകനും ഇപ്പോൾ പി. കെ. പരമേശ്വരൻനായർ ട്രസ്റ്റിന്റെ തലവനുമാണ് ഉണ്ണിക്കൃഷ്ണൻ. കേരളത്തിന്റെ പൊതുജീവിതത്തിൽ ശ്രദ്ധേയതയും ദൃശ്യതയുമുള്ള ഇദ്ദേഹത്തിന് പക്ഷെ വിക്കിപീഡിയയിൽ ശ്രദ്ധേയതയില്ലെന്നായിരുന്നു ആദ്യവാദം. ലേഖനം വിക്കി നയങ്ങൾക്കെതിരാണെന്നും അവലംബമില്ലെന്നും തുടർന്ന് അവർ വാദിച്ചു. ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ലേഖനത്തെക്കുറിച്ചുള്ള സംവാദത്തിൽ ഞാൻ വ്യക്തമാക്കി. പക്ഷെ, തങ്ങളുടെ അധികാരപരിധിയിൽ നയങ്ങൾ സ്വന്തം വാക്കാണെന്നും നിയമം സ്വന്തം നടപടികളുമാണെന്ന് തെളിയിച്ചുകൊണ്ട് അവർ ലേഖനം വെട്ടിമാറ്റി.

വൈജ്ഞാനികതയെ സംശുദ്ധമായി സംരക്ഷിക്കുവാൻ വിക്കിപീഡിയ കാര്യനിർവ്വാഹകർ നടത്തുന്ന ഈ പ്രവർത്തനത്തിന്റെ മൂല്യം മനസ്സിലാക്കാൻ വേറെ ചില വസ്തുതകൾ കൂടി അറിയേണ്ടതുണ്ട്.

എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങൾ, കാലടിയിലെ ക്ഷേത്രങ്ങൾ, കേരളത്തിലെ ശിവക്ഷേത്രങ്ങൾ, ഹിന്ദുക്ഷേത്രങ്ങൾ (മുസ്‌ലിം-ക്രിസ്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് വ്യവച്ഛേദിക്കാനായിരിക്കാം ഇങ്ങനെ കൃത്യതയുള്ള പേര്) എന്നിങ്ങനെ ചില വർഗ്ഗങ്ങൾ മലയാളം വിക്കിപീഡിയയിൽ ഉണ്ട്. ഒരു വർഗ്ഗം എന്നാൽ ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ലേഖനങ്ങൾ പട്ടികപ്പെടുത്തി കാണാനുള്ള സംവിധാനമാണ്. ഈ വർഗ്ഗങ്ങൾ കാണിക്കുന്നത്, ഏതൊരു ക്ഷേത്രവും വിക്കിപീഡിയ ലേഖനമാകാനുള്ള ശ്രദ്ധേയത, ക്ഷേത്രമാണ് എന്ന കാരണത്താൽ, സഹജമായി നേടുന്നുണ്ട് എന്നാണ്. അവയ്‌ക്കൊന്നും കാര്യനിർവ്വാഹകരുടെ കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ട. ഒരു സംവാദവും തർക്കവും ആവശ്യമില്ല. ഇതുപോലെ എറണാകുളം ജില്ലയിലെ ക്രൈസ്തവരുടെയോ മുസ്‌ലിങ്ങളുടെയോ പള്ളികൾക്ക് വർഗമില്ല. അതിനർത്ഥം സഹജമായ ശ്രദ്ധേയത മുസ്‌ലിം-ക്രിസ്ത്യൻ പള്ളികൾക്കില്ല എന്നതാവുമോ? അങ്ങനെ നയത്തിൽ എവിടെയെങ്കിലും ഉള്ളതായി എനിക്ക് അറിവില്ല.

എറണാകുളം ജില്ലയിലെ ക്രൈസ്തവരുടെയോ മുസ്‌ലിങ്ങളുടെയോ പള്ളികൾക്ക് വർഗമില്ല. അതിനർത്ഥം സഹജമായ ശ്രദ്ധേയത മുസ്‌ലിം-ക്രിസ്ത്യൻ പള്ളികൾക്കില്ല എന്നതാവുമോ?

പൊതുസമൂഹത്തിൽ ശ്രദ്ധേയതയും ദൃശ്യതയുമുള്ളവരാണ് പൊതുപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും ജനപ്രതിനിധികളും. ഏതെങ്കിലും ജില്ലയിലെ ഇത്തരം വ്യക്തികൾക്ക് വർഗമുണ്ടോ വിക്കിപീഡിയിൽ എന്ന് പരിശോധിച്ചുനോക്കുക. അവരെല്ലാം ശ്രദ്ധേയത തെളിയിക്കുവാൻ ബാദ്ധ്യസ്ഥരാണ്. ഒരു എഴുത്തുകാരിയെക്കുറിച്ചുള്ള ലേഖനത്തിൽ അവർക്ക് ലഭിച്ച അവാർഡുകളെക്കുറിച്ചുള്ള പരാമർശം തെളിവില്ല എന്ന ന്യായത്തിൽ എതിർക്കപ്പെട്ടു. അവാർഡിനെ സംബന്ധിക്കുന്ന വിവരത്തിന് അടിസ്ഥാനം പ്രസ്തുത എഴുത്തുകാരിയുടെ പുസ്തകത്തിലെ പരിചയക്കുറിപ്പാണെന്നത് അംഗീകരിക്കാനാവില്ലെന്നാണ് കാര്യനിർവ്വാഹകർ വാദിച്ചത്. മലയാളത്തിലെ എഴുത്തുകാരുടെ കൃതികളിലെ പരിചയക്കുറിപ്പുകൾ വിശ്വസിക്കാനാവാത്തതാണെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനമെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്: ഞാൻ കാര്യനിർവ്വാഹകനാണ്. ഞാൻ സംശയിക്കുന്നു. എന്റെ സംശയമാണ് ഇവിടത്തെ നിയമം.

വിക്കിപീഡിയ നയങ്ങളിൽ പ്രധാനമാണ് സമതുലിതാവസ്ഥ. അത് നിക്ഷ്പക്ഷത മാത്രമല്ല, വിഷയത്തിന്റെ പ്രതിപാദനത്തിൽ അവലംബിക്കേണ്ട സമതുലനം മാത്രവുമല്ല; വിവിധവിജ്ഞാനങ്ങൾക്ക് ലഭിക്കേണ്ട സമതുലിതമായ പരിഗണനയും സ്ഥാനവും കൂടിയാണ്. എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങൾ എന്ന ഒരു വർഗം (Category) ഉണ്ടായിരിക്കുകയും സമസ്തക്ഷേത്രങ്ങൾക്കും ശ്രദ്ധേയത ഉണ്ടാവുകയും മറ്റ് മതസ്തരുടെ ആരാധനാലയങ്ങൾക്ക് അത് ഇല്ലാതെ പോവുകയും ചെയ്യുന്നത് സമതുലനം ഇല്ലായ്കയാണ്.

മറ്റൊരു ഉദാഹരണം പറയാം. കേരളത്തിലെ ഇസ്ലാമികപണ്ഡിതർ എന്ന ഒരു വിഭാഗമുണ്ട്. സ്‌ക്രീൻ ഷോട്ട് കാണുക.

ഈ പട്ടികയിൽ കാണുന്നവരെക്കുറിച്ചെല്ലാം വിക്കിപീഡിയിൽ ലേഖനമുണ്ട്. എനിക്ക് വിശേഷിച്ച് അറിവില്ലാത്ത വിഷയമാണ് ഇസ്‌ലാംമതം. പക്ഷെ, ഈ പട്ടികയിലുള്ളവരുടെ പാണ്ഡിത്യം എങ്ങനെയാണ് തർക്കമില്ലാതെ വിക്കിപീഡിയയിലെ കാര്യനിർവ്വാഹകർ നിശ്ചയിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

ഒരു സാഹിത്യകൃതിയിൽ അതിന്റെ കർത്താവിനെ പരിചയപ്പെടുത്തുന്ന വസ്തുനിഷ്ഠമായ കുറിപ്പ് വിശ്വസനീയമല്ലെന്ന് കരുതുന്ന കാര്യനിർവ്വാഹകർ അത്തരം ഒരു തെളിവുമില്ലാതെ ഇവരെ പണ്ഡിതരായി സ്വീകരിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല. വിക്കിപ്പാണ്ഡിത്യം അതായിരിക്കാം എന്ന് സമ്മതിക്കാനും വിഷമമില്ല. പക്ഷെ, അപ്പോഴും സമതുലനം എന്ന പ്രശ്‌നം കടന്നുവരുന്നു. ഹിന്ദു പണ്ഡിതരും ക്രിസ്ത്യൻ പണ്ഡിതരുമില്ല. ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗങ്ങൾ പാണ്ഡിത്യത്തിന്റെ പരിധിക്കു പുറത്താണ് എന്നാണോ വിക്കിപീഡിയ കാര്യനിർവ്വാഹകർ തീരുമാനിച്ചിട്ടുള്ളത്? സ്വാമി സന്ദീപാനന്ദഗിരിയെക്കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക് : സംവാദത്തിൽ ഇദ്ദേഹത്തിന് ശ്രദ്ധേയതയുണ്ടോ എന്ന് രഞ്ജിത്ത് സിജി എന്ന കാര്യനിർവ്വാഹകൻ സംശയിക്കുന്നുണ്ട്. 2017 ജൂണിലെ സംശയത്തിന് ഇനിയും നിവൃത്തി വന്നിട്ടില്ല.

ഈ സ്‌ക്രീൻഷോട്ട് കാണുക.ലേഖനത്തിന്റെ ലിങ്ക്

നോക്കൂ, ശ്രദ്ധേയത ലഭിക്കാൻ ഇത്രയും മതി. ഇ.കെ. വിഭാഗത്തിന്റെ നേതാവായാൽ അതോടെ ശ്രദ്ധേയത ലഭിക്കും. ഈ വിഭാഗത്തിൽ ഉൾക്കൊള്ളിക്കാവുന്ന ലേഖനവും എഴുതാം. ഇസ്‌ലാമിലെ ഒരു വിഭാഗത്തിന്റെ ഉള്ളിലെ പരസ്പരം എതിർക്കുന്ന രണ്ട് വിഭാഗങ്ങളിൽ ഒന്നിന്റെ നേതാവ് എന്നത് എങ്ങനെയാണ് സഹജമായ ശ്രദ്ധേയത നേടുന്നത്? അതും സന്ദീപാനന്ദഗിരിയുടെ ശ്രദ്ധേയത സംശയിക്കപ്പെടുന്നേടത്ത്?

ഇക്കാലം മുഴുവൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് ജീവിതം നയിച്ച ഒരാളുടെ വിനീതസന്ദേഹങ്ങളാണ്. ജ്ഞാനത്തെക്കുറിച്ച് ഞാനും നിങ്ങളും കരുതിയതല്ലേ ആ "സാധനം'? കൂട്ടുകൃഷിയും കന്യകയും ശ്രദ്ധേയതയില്ലാതെ പുറത്താവുകയും ഇക്കാലത്തിനിടയിൽ കേട്ടിട്ടുപോലുമില്ലാത്ത കൃതികൾ (എന്റെ അറിവില്ലായ്മ എന്ന് സമ്മതിക്കുന്നതിൽ നാണക്കേടൊന്നുമില്ല) ജ്ഞാനമായും മാറുകയും ചെയ്യുന്നു. പാണ്ഡിത്യം എന്നതുതന്നെ മറ്റെന്തോ ആയിത്തീരുന്നു. പൊതുസമൂഹത്തിന്റെ ജ്ഞാനസങ്കല്പത്തെ ഈ വിധത്തിൽ തകിടംമറിക്കുന്ന പ്രവർത്തനങ്ങൾ വൈജ്ഞാനികപ്രവർത്തനമായാണോ കണക്കാക്കപ്പെടേണ്ടത്? അറിവിനെ പരിഗണിക്കാതിരിക്കുകയും അതിന്റെ സ്ഥാനത്ത് മറ്റ് പലതിനെയും സ്ഥാപിക്കുകയും ചെയ്യുന്ന ഈ പ്രവർത്തനം സമൂഹത്തിന് ഗുണമോ ദോഷമോ ചെയ്യുക? ഇപ്പോഴും വിക്കിപീഡിയിൽ ലേഖനങ്ങൾ എഴുതുകയും തിരുത്തുകയും ചെയ്യുന്നയാളാണ് ഞാൻ എന്നുകൂടി പറഞ്ഞ് നിറുത്തട്ടെ.

പട്ടിക: 2020 ജനവരി 1 മുതൽ ശ്രദ്ധേയതയില്ലാത്തതിനാൽ വിക്കിപീഡിയയിൽ നിന്നും പുറത്താക്കപ്പെട്ട ലേഖനങ്ങൾ. (നീക്കം ചെയ്ത തിയ്യതി, ലേഖനത്തിന്റെ ശീർഷകം, നീക്കം ചെയ്തയാൾ എന്ന ക്രമത്തിൽ.)
14 മെയ് - മുടിത്തെയ്യമുറയുന്നു (കിരൺ ഗോപി)

14 മെയ് - പി.ഗീത സംവാദം (കിരൺ ഗോപി)

13 മാർച്ച് - കാവ്യനർത്തകി (അഖിൽ ജാക്‌സൺ)

12 മാർച്ച് - ബാഷ്പാഞ്ജലി (രഞ്ജിത്ത് സിജി)

28 ഫിബ്രവരി - നൈറ്റ് ആന്റ് ഫോഗ് (അഖിൽ ജാക്‌സൺ)
28 ഫിബ്രവരി - ആർ.രാജശ്രീ (അഖിൽ ജാക്‌സൺ) ഈ വിഷയത്തിൽ പുതിയ ലേഖനം ഈ ലേഖകൻ എഴുതിയത് നിലവിലുണ്ട്.

27 ഫിബ്രവരി - സിന്ധു കെ.വി. (അഖിൽ ജാക്‌സൺ) ഈ വിഷയത്തിൽ പുതിയ ലേഖനം ഈ ലേഖകൻ എഴുതിയത് നിലവിലുണ്ട്.

27 ഫിബ്രവരി - കൂട്ടുകൃഷി (അഖിൽ ജാക്‌സൺ)

25 ഫിബ്രവരി - കരൂർ ശശി (അഖിൽ ജാക്‌സൺ)

24 ഫിബ്രവരി - വിട (രഞ്ജിത്ത് സിജി)
24 ഫിബ്രവരി - ചോറൂണ് (രഞ്ജിത്ത് സിജി)
24 ഫിബ്രവരി - സ്പന്ദിക്കുന്ന അസ്ഥിമാടം, സാനുമാഷുടെ ലേഖനം (രഞ്ജിത്ത് സിജി)

24 ഫിബ്രവരി - പാരിസ്ഥിതിക കല-ജി മധുസൂദനനന്റെ പുസ്തകം (രഞ്ജിത്ത് സിജി)

24 ഫിബ്രവരി - ഹാസ്യത്തിന്റെ ഉല്പത്തി - എം.പി.പോളിന്റെ ലേഖനം (രഞ്ജിത്ത് സിജി)

24 ഫിബ്രവരി - ഓർത്തൂസ് മലബാറിക്കസ് (രഞ്ജിത്ത് സിജി)
24 ഫിബ്രവരി - പി.ആർ.നാഥൻ (രഞ്ജിത്ത് സിജി)

24 ഫിബ്രവരി - കന്യക (രഞ്ജിത്ത് സിജി)

22 ഫിബ്രവരി - പകലുകൾ രാത്രികൾ (രഞ്ജിത്ത് സിജി)

21 ഫിബ്രവരി - മാണിക്കൻ, വിവാഹസമ്മാനം, പട്ടുപാവാട(സുഗതകുമാരി), ആ കൊച്ചുമാറാപ്പ്(വള്ളത്തോൾ) (രഞ്ജിത്ത് സിജി)

15 ഫിബ്രവരി - ഇതിഹാസകഥാപാത്രങ്ങൾ (രഞ്ജിത്ത് സിജി)

9 ഫിബ്രവരി - കിളിമഞ്ജാരോ ബുക്സ്റ്റാൾ (അഖിൽ ജാക്‌സൺ)

6 ഫിബ്രവരി - സുലോചന നാലപ്പാട്ട് (അഖിൽ ജാക്‌സൺ)

4 ഫിബ്രവരി - കാടിനെ ചെന്ന് തൊടുമ്പോൾ (രഞ്ജിത്ത് സിജി)

4 ഫിബ്രവരി - മണ്ടോടി കണ്ണൻ (രഞ്ജിത്ത് സിജി)
4 ഫിബ്രവരി - അഡ്വ.രശ്മിത രാമചന്ദ്രൻ (രഞ്ജിത്ത് സിജി)

4 ഫിബ്രവരി - സമുദ്രശില (രഞ്ജിത്ത് സിജി) (ഇപ്പോൾ രണ്ട് വാക്യങ്ങളിലുള്ള ലേഖനം)

4 ഫിബ്രവരി - മുടിത്തെയ്യമുറയുന്നു (രഞ്ജിത്ത് സിജി)

4 ഫിബ്രവരി - പി.ഗീത (രഞ്ജിത്ത് സിജി)

1 ജനുവരി - ശ്രീരേഖ (അഖിൽ ജാക്‌സൺ)

Comments