ഫേസ്ആപ്പിൽ ജോർജ് ഫ്ലോയ്ഡിന്റെ നിറമെന്തായിരിക്കും?

ജോർജ്ജ് ഫ്ലോയിഡിന്റെ നിറവും വംശവും അദ്ദേഹത്തിന്റെ കൊല്ലപ്പെടലിനുള്ള കാരണമായി മാറിയതിന്റെ പ്രതിഷേധങ്ങളും ആത്മരോഷങ്ങളും നിറഞ്ഞു നിൽക്കേത്തന്നെയാണ് ഫേസ് ആപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗ മാവുന്നത്. സൗന്ദര്യത്തെ സംബന്ധിച്ച പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രൂപപരിണാമമാണ് ഫേസ് ആപ്പ് നൽകിയത്. ഈ പശ്ചാത്തലത്തിൽ ഫേസ് ആപ്പുപയോഗിച്ച് മുഖം മാറ്റി രസിക്കുന്നവരുടെ പ്രത്യേകിച്ച് മലയാളികളുടെ ശരീരത്തെ സംബന്ധിച്ച ധാരണകളും അതിന്റെ മന:ശാസ്ത്രവും വിശകലനം ചെയ്യുകയാണ് കേരള സർവ്വകലാശാലയിൽ മന: ശാസ്ത്ര അധ്യാപികയും എഴുത്തുകാരിയുമായ ഡോ: റ്റിസി മറിയം തോമസ്

2017-ലാണ് ഫേസ്ആപ്പ് എന്ന റഷ്യൻ നിർമിതമായ മൊബൈൽ ആപ്ലിക്കേഷൻ വിനോദത്തിന്റെ പുതിയ സാധ്യതകളുമായി കടന്നു വന്നത്. ഇത് വെറും മുഖം മിനുക്കു പണിയല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോരുത്തരുടെയും നാഡീഞരമ്പുകളുടെ സങ്കീർണ സംവിധാനത്തിന് മാറ്റു കൂട്ടുന്ന സൗന്ദര്യവൽക്കരണമാണ്. ഏതെല്ലാം നിർദേശങ്ങൾ കൊടുത്താലും നിങ്ങളെ അതീവ സൗന്ദര്യമുള്ള ഉൽപ്പന്നങ്ങൾ ആക്കിതീർക്കുന്ന കൃത്രിമ ബുദ്ധി! സ്വന്തം മുഖത്തിലൂടെ ആണാവാനും പെണ്ണാവാനും പ്രായം കൂട്ടാനും കുറയ്ക്കാനും സുന്ദരമാവാനും കഴിയുന്നു.

റിമി ടോമി

അറിഞ്ഞോ അറിയാതെയോ ഫേസ്ആപ്പിലൂടെ നമ്മളൊക്കെ, കാലത്തെ മുന്നോട്ടും പിറകോട്ടും ചിലപ്പോൾ പലജന്മങ്ങൾ ചാടിക്കടത്തിയും കുളിരുകോരി നിർവൃതിയടയുന്നു! യൂറോപ്യൻ സൗന്ദര്യ അളവ് കോലുകൾ സാധാരണമാക്കുന്ന ഫേസ് ആപ്പ്, സൗന്ദര്യവൈജാത്യങ്ങളെ അവഗണിച്ച് മുഖ്യധാരാ മാനദണ്ഡങ്ങൾ ഒന്നുകൂടെ ശരി വെക്കുന്നു. ഫേസ്ആപ് പോലെയുള്ള വിനോദപരമായ മൊബൈൽ ആപ്ലിക്കേഷൻസിലൂടെ കടന്നുപോകുന്ന വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ധാരാളം ചർച്ചകൾ ഉണ്ടാവുന്നുണ്ടെന്നത് പരസ്യമായ കാര്യമാണ്. ഏതൊരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്തുപയോഗിക്കുമ്പോൾ അവരുടെ നിബന്ധനകൾക്കും നമ്മൾ വഴങ്ങുകയാണ്. നമ്മൾ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ എവിടേക്കു പോകുന്നു, ആരുപയോഗിക്കുന്നു, എന്തിനുപയോഗിക്കുന്നു എന്നിങ്ങനെ കൃത്യമായ യാതൊരു വ്യക്തതയും ഫേസ്ആപ്പ് നൽകുന്നില്ല, ആ കാര്യങ്ങൾ ആരും വായിച്ചു നോക്കാറുമില്ല.

കറുത്ത വർഗക്കാരനും നിരായുധനുമായ ജോർജ് ഫ്‌ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമേരിക്കൻ പോലീസിന്റെ ക്രൂരതയെ പ്രതികരണ രൂപേണ വിമർശിക്കുന്ന ധാരാളം പോസ്റ്റുകൾ വന്നു പോയ ഉടനെയാണ് ഫേസ് ആപ്പ് വീണ്ടും തല പൊക്കിയത്.

അതിനു പകരം ഈ ഫോട്ടോകൾ ഏതിനും, എവിടെയും ഉപയോഗിക്കാനുള്ള അനുവാദമാണ് നമ്മൾ ഫേസ്ആപ്പിനു നൽകുന്നത്! അത് മാത്രമല്ല, നമ്മുടെ ഫോണിലെ എല്ലാ വിവരങ്ങളും, ഫോണിൽ എന്തൊക്കെ വ്യക്തിപരമായ കാര്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ അതെല്ലാം മറ്റേതോ സെർവറിലേക്കു കൈമാറാനുള്ള അനുമതി പത്രത്തിലാണ് മുഖം മാറ്റാനായുള്ള വ്യഗ്രതയിൽ നമ്മൾ ഒപ്പിടുന്നത്. താഴെ പറയുന്ന നിബന്ധന വായിക്കു.
If you use FaceApp you are giving them a license to use your photos, your name, your username, and your likeness for any purpose including commercial purposes (like on a billboard or internet ad) -- see their Terms: https://twitter.com/scottbudman/status/1151283963383578624 ...
ഫേസ്ആപ്പിലൂടെ മാത്രമേ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും നമ്മൾ പരസ്യമാക്കുന്നുള്ളൂ എന്നല്ല ഇതിനർഥം. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വത്വാവിഷ്‌കാരത്തിനു ധൃതിപ്പെടുമ്പോൾ നമ്മൾ ഗൗരവമായി എടുക്കാത്ത വിപണന തന്ത്രങ്ങൾ നമ്മുടെ മനസ്സിന്റെ പലതരം മുഖങ്ങളെ വെളിവാക്കുന്നുണ്ട്, മാറ്റി മറിക്കുന്നുണ്ട്. സ്വകാര്യതയുടെ പ്രശ്‌നങ്ങളെക്കുറിച്ച് മോശമല്ലാത്ത നിലക്ക് അവബോധം ഉണ്ടായിട്ടും വെറും രസത്തിന് മുഖം മാറ്റാനുള്ള നമ്മുടെ ഈ വെമ്പൽ ഉണ്ടല്ലോ, അതാണ് സൂക്ഷ്മമായി നോക്കിക്കാണേണ്ടത്. വെറും ഒരു കൗതുകത്തിനപ്പുറം മാനസികവും സാമൂഹ്യവും സാംസ്‌കാരികവും ആത്മികവുമായ പല മാനങ്ങളും നിരീക്ഷണങ്ങളും ഫേസ്ആപ്പ് ലഹരിയിലും അതേ തുടർന്നുള്ള പ്രകടനപരതയിലുമുണ്ട്.

കാളിദാസ് ജയറാം

കറുത്തവരുടെ ലോകത്തെ ഫേസ് ആപ്പ്

പബ്ലിക് സെൽഫ് - പ്രൈവറ്റ് സെൽഫ് എന്ന ദ്വന്ദ വ്യക്തിത്വങ്ങളിൽ കുടുങ്ങിയാണ് മിക്കപ്പോഴും സോഷ്യൽ മീഡിയയിലെ നമ്മുടെ സാന്നിധ്യം. ഒരാളുടെ പൊതുസ്വത്വവും സ്വകാര്യസ്വത്വവും തമ്മിൽ അവർ അറിഞ്ഞോ അറിയാതെയോ പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. നിഗൂഢമായി സൂക്ഷിക്കുന്ന പല സ്വഭാവങ്ങളും പൊതുവേദികളിൽ പ്രദർശിപ്പിക്കാൻ നമ്മൾ തയ്യാറല്ല, അത് അഭികാമ്യവുമല്ല. ഈ വൈരുദ്ധ്യത്തിന്റെ ഒരു തരത്തിലുള്ള ആഘോഷമാണ് ഫേസ്ആപ്പ്. പ്രകടനപരമായ സ്വത്വത്തെ കേന്ദ്രീകരിച്ചു കൊണ്ട് സ്വകാര്യ സ്വത്ത്വത്തെ സാമാന്യവൽക്കരിക്കുന്നു ഫേസ്ആപ്പ് ചിത്രങ്ങൾ. ഒരേ നിറം, രൂപം, ഭാവം, നോട്ടം, ആകർഷണീയത എന്നിവയെല്ലാം അൽപാൽപ്പം വ്യത്യസ്തയോടെ മാത്രം അവതരിപ്പിച്ച് എല്ലാവരും ഒരേ പൊതുസ്വത്വം പങ്കു വെച്ച് സന്തോഷിക്കുന്നു. നമ്മുടെ സ്വകാര്യ സൗന്ദര്യ "പ്രശ്‌ന'ങ്ങളെല്ലാം പൊതുസൗന്ദര്യ നിയമങ്ങൾ കൊണ്ട് എഡിറ്റ് ചെയ്യപ്പെടുന്നു. പൊതു-സ്വകാര്യ സൗന്ദര്യ പ്രതിസന്ധിക്കു താൽക്കാലിക ശമനമായി എന്ന് കരുതുന്നു!

വെളുക്കാനും വടിവൊത്തു ചമയാനും പെടാപ്പാടുപെടുന്ന നമ്മൾ തന്നെയാണ് മുൻപ് പറഞ്ഞ ചൂടൻ പ്രതികരണങ്ങൾ നടത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടായാൽ തന്നെ സാമൂഹ്യ മാറ്റത്തിന്റെ ഏതോ ഒരു പടവ് കയറിക്കഴിഞ്ഞു എന്ന് പറയാം!

എന്നാൽ അവിടം കൊണ്ട് നിസ്സാരമായി മറക്കാനാവുന്നതല്ല ഫേസ്ആപ്പ് ഉപഭോക്താക്കളുടെ സ്വത്വ പ്രതിസന്ധി. ഉദാഹരണത്തിന്, ഇവരുടെ കഴിഞ്ഞ കാലപോസ്റ്റുകൾ ശ്രദ്ധിക്കുക. കറുത്ത വർഗക്കാരനും നിരായുധനുമായ ജോർജ് ഫ്‌ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമേരിക്കൻ പോലീസിന്റെ ക്രൂരതയെ പ്രതികരണ രൂപേണ വിമർശിക്കുന്ന ധാരാളം പോസ്റ്റുകൾ വന്നു പോയ ഉടനെയാണ് ഫേസ് ആപ്പ് വീണ്ടും തല പൊക്കിയത്. വർണ വിവേചനത്തിന്റെ ചരിത്രാന്വേഷണം മുതൽ ശരീരം, ശരീരബോധം, നിറത്തിന്റെ അടിസ്ഥനത്തിലുള്ള വർഗീയത, ബോഡി shaming എന്ന് വേണ്ട, അഭിപ്രായ പ്രകടനങ്ങളുടെയും ഐക്യദാർഢ്യങ്ങളുടെയും നാളുകൾ ആയിരുന്നു അവ.

ജോർജ് ഫ്ലോയ്ഡ് / Photo: Wikimedia Commons

എന്നാൽ ഈ പ്രതികരണം രേഖപ്പെടുത്തിയവർ എത്രത്തോളം എഡിറ്റഡ് അല്ലാത്ത സ്വന്തം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ആത്മപരിശോധന നടത്താവുന്നതാണ്! 2017-ൽ ഫേസ്ആപ്പ്, ആളുകളുടെ പ്രായം മാറ്റി ശ്രദ്ധ നേടി. 2020-ൽ സിനിമയിലും കായിക രംഗത്തും സജീവമായവർ, ആണായും പെണ്ണായും മാറി പ്രത്യക്ഷപ്പെട്ടപ്പോൾ ഫേസ്ആപ്പ് വീണ്ടും തരംഗമായി. പ്രിയപ്പെട്ട താരങ്ങൾക്ക് ആകാമെങ്കിൽ നമ്മൾക്ക് എന്ത് കൊണ്ട് പാടില്ല! ധാർമികതയും സാമൂഹ്യ പ്രതിബദ്ധതയും വെളിവാക്കാത്ത താരാരാധനയും, ഫേസ്ആപ്പിന്റെ മറ്റൊരു മുഖമാണ്. അടുത്തിടെയായി മുഖ്യധാര മാസികകൾ മുഖചിത്രമായും, അഭിമുഖങ്ങളായും കറുപ്പിന്റെ സൗന്ദര്യമാതൃകകളിലേക്ക് ചുവടു മാറുമ്പോളും അവയുടെ പരസ്യക്കമ്പനികൾ തൊലി വെളുപ്പിക്കാൻ തന്നെയാണ് നില കൊള്ളുന്നത്. വെളുപ്പ്, വടിവ്, ശാരീരികാകർഷണം എന്നീ പരിമാണങ്ങൾ വിപണനക്കെണികളാവുകയും വർഗീയത, ലിംഗബോധം, പൗരബോധം എന്നിവയൊക്കെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. വെളുക്കാനും വടിവൊത്തു ചമയാനും പെടാപ്പാടുപെടുന്ന നമ്മൾ തന്നെയാണ് മുൻപ് പറഞ്ഞ ചൂടൻ പ്രതികരണങ്ങൾ നടത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടായാൽ തന്നെ സാമൂഹ്യ മാറ്റത്തിന്റെ ഏതോ ഒരു പടവ് കയറിക്കഴിഞ്ഞു എന്ന് പറയാം!

ആരുടെ സൗന്ദര്യം?

ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ശരീരം സ്വായത്തമാക്കാൻ ശ്രമിക്കൽ മനുഷ്യ സഹജമാണ്. പക്ഷെ എല്ലാ ശ്രദ്ധയും മുഖത്തേക്ക് അതുവഴി ശരീരത്തിലേക്ക് മാത്രം എന്നൊരു അപകടം ഫേസ്ആപ്പിനുണ്ട്. സഹജ ഗുണങ്ങൾക്കും ശാരീരിക പ്രത്യേകതകൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുക വഴി അനുഭവവും പരിശീലനവും മൂലം നേടിയെടുത്ത ഒരാളുടെ കഴിവുകളോ ലക്ഷ്യങ്ങളോ പെരുമാറ്റങ്ങളോ അപ്രസക്തമാവുന്നു. വൈജാത്യങ്ങളുടെ സൗന്ദര്യമെന്ന സാധ്യതയെ പൂർണമായി നിരാകരിച്ചു കൊണ്ടാണ് വെളുപ്പും മൃദുലതയും ചിരിയും പൊതു ശ്രദ്ധ നേടുന്നത്. ഈ പ്രവണത വെറുതെ ചിരിച്ചു തള്ളാവുന്ന ഒന്നല്ല, ആഴമേറിയ പ്രത്യാഘാതങ്ങൾ നമ്മുടെ ബന്ധങ്ങളിലും മേഖലകളിലും ഉണ്ടാക്കാൻ മാത്രം അപകടം പിടിച്ച ഒന്നാണ്. പ്രണയ- വിവാഹ ബന്ധങ്ങളിൽ സൗന്ദര്യം മേൽക്കോയ്മ നേടുമ്പോൾ ദീർഘ കാല ജീവിതത്തിനു വേണ്ട ഒരുപാടു ഘടകങ്ങൾ പിന്തള്ളപ്പെടുകയാണ്. വിവാഹ പരസ്യങ്ങളുടെ നീണ്ട പട്ടികയും മറ്റൊന്നല്ല തേടുന്നത്. ആണിലും പെണ്ണിലും പ്രകടനപരമായ എന്തൊക്കെ ശാരീരിക ഗുണങ്ങളാണോ ഉള്ളത് അവയെ മാത്രം അന്വേഷിക്കുക വഴി പരസ്പരം മനസ്സിലാക്കൽ, സ്‌നേഹിക്കൽ എന്നീ അവശ്യം വേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം ഇല്ലാതെ പോകുന്നു! ഒന്നിച്ചു ദാമ്പത്യ ജീവിതം തുടങ്ങുമ്പോൾ പുറം മേനിക്കപ്പുറം യാഥാർഥ്യങ്ങളെ നേരിടേണ്ടി വരുന്നു.

ആൻറണി വർഗീസ്

കാപട്യങ്ങൾ ചിലപ്പോൾ കൊലപാതകമായും, ആത്മഹത്യയായും, വിവാഹ മോചനങ്ങളും പീഡനങ്ങളുമായും വീണ്ടും നമ്മുടെ മുന്നിലെത്തുന്നു! പിന്നീട് ഇവയൊക്കെ വായിച്ചു സഹതപിക്കുന്ന, രോഷം കൊള്ളുന്ന നമ്മളാണ് സ്‌ക്രീനിൽ! (ഇതൊക്കെത്തന്നെയല്ലേ സജിയേ പ്രഹസനം!). വ്യാജമായ ശാരീരിക ഗുണങ്ങളെ വാഴ്ത്തൽ അവസാനിപ്പിക്കുകയും ആന്തരികമായ മാനുഷിക മൂല്യങ്ങളെ തേടുകയും ചെയ്യാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും കുടുംബ ബന്ധങ്ങൾക്കും കഴിയാവുന്നതാണ്. യുക്തിയെയും വിവേചനത്തെയും ഉണർത്തികൊണ്ട് പക്വമായ തീരുമാനങ്ങൾ എടുക്കാൻ മുതിർന്നവരുടെ ലോകത്തിനു കഴിഞ്ഞാൽ ഇത്തരം അവബോധ പക്ഷപാതിത്വങ്ങൾ (കോഗ്‌നിറ്റീവ് ബയസ്) ഏറെക്കുറെ ഒഴിവാക്കാൻ കഴിയും. അതിനു വേണ്ടത് വിവേകപൂർവമായ നിരന്തര ശ്രമം ആണ്. സ്വയം പരതയെ മനസ്സിലാക്കി വ്യക്തി മൂല്യങ്ങളുടെ പുനർ നിർമാണത്തിന് ഫേസ്ആപ്പിന്റെ ഉപഭോക്താക്കൾക്കു ശ്രമിക്കാവുന്നതേയുള്ളു.

ഫേസ് ആപ്പിന്റെ മനഃശ്ശാസ്ത്രം

പരിണാമ മനഃശാസ്ത്ര ചിന്തകൾ (evolutionary psychology) മനുഷ്യന്റെ അതിജീവനത്തെ മാത്രം ലക്ഷ്യമിടുന്നു. മനുഷ്യ വംശത്തിന്റെ ശാരീരിക നിലനിൽപ്പിനു വേണ്ടി കുടുംബം മുതലുള്ള എല്ലാ സ്ഥാപനങ്ങളെയും വിശദീകരിക്കുന്നു. ഉദാഹരണത്തിന്, വിവാഹ പരസ്യങ്ങളിൽ സൗന്ദര്യവും ആരോഗ്യവും പഠിപ്പും പ്രധാനമായി കരുതുന്നത് ശ്രേഷ്ഠമായ പുതുതലമുറയുടെ പ്രത്യുല്പാദനത്തിനു വേണ്ടിയാണെന്ന് പരിണാമ മനശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ മനസിലാക്കാം. തികച്ചും ശാരീരികവും ജനിതകവും പരിണാമപരവുമാണ് ഈ ചിന്തകൾ. വാസ്തവത്തിൽ, മേൽപ്പറഞ്ഞ "ശ്രേഷ്ഠത' ഇല്ലാത്ത അനേകം മനുഷ്യർ പ്രത്യുല്പ്പാദനം മാത്രം ലക്ഷ്യമാക്കാതെ, ചെറുതും വലുതുമായ ദൃഢബന്ധങ്ങളിൽ ഏർപ്പെടുന്നുണ്ട്. അവയിൽ ലിംഗ, മത, കാല, ദേശ, വർഗ സാമ്യങ്ങളും വൈജാത്യങ്ങളുമുണ്ട്. പ്രത്യുത്പാദനലക്ഷ്യം ഇല്ലാത്തതും വേണ്ടെന്നു വെക്കുന്നതുമായ ധാരാളം പങ്കാളികൾ നമുക്ക് ചുറ്റുമുണ്ട്. "വിശേഷം വല്ലതുമായോ' എന്ന "വലിയ' ചോദ്യത്തെ നിസ്സാരമായി അവഗണിക്കുകയോ വേണ്ട മറുപടി കൊടുക്കുകയോ ചെയ്യുന്നു അവർ. വിവാഹവും പ്രണയ ബന്ധങ്ങളും വേണ്ടേ വേണ്ട എന്നു വെക്കുന്നവരുണ്ട്.

വൈജാത്യങ്ങളുടെ സൗന്ദര്യമെന്ന സാധ്യതയെ പൂർണമായി നിരാകരിച്ചു കൊണ്ടാണ് വെളുപ്പും മൃദുലതയും ചിരിയും പൊതു ശ്രദ്ധ നേടുന്നത്. ഈ പ്രവണത വെറുതെ ചിരിച്ചു തള്ളാവുന്ന ഒന്നല്ല, ആഴമേറിയ പ്രത്യാഘാതങ്ങൾ നമ്മുടെ ബന്ധങ്ങളിലും മേഖലകളിലും ഉണ്ടാക്കാൻ മാത്രം അപകടം പിടിച്ച ഒന്നാണ്.

ഒന്നിലധികം പങ്കാളികൾക്കൊപ്പം കഴിയുന്നവരുണ്ട് . വിവാഹിതരാവാതെ ജീവിത കാലം ഒന്നിച്ചു കഴിയുന്നവരും ഇടയ്ക്കു പിരിയുന്നവരുമുണ്ട്. യഥാർത്ഥത്തിൽ, ജീവിത ബന്ധങ്ങൾ അത്യന്തം സങ്കീർണമായി തന്നെയാണ് നിലകൊള്ളുന്നത്. എന്നാൽ സാമ്പ്രദായിക ലോകത്ത് (അതൊരുപക്ഷേ ഭാവനാ ലോകമെന്നും പറയാം) ബന്ധങ്ങളെ പ്രത്യുത്പാദന ലക്ഷ്യത്തോടെ, ശാരീരിക പ്രാധാന്യത്തോടെ കാണുകയാണ് ചെയ്യുന്നത്. ബന്ധങ്ങളിലെ വൈജാത്യത്തെ സാമൂഹ്യ മനശാസ്ത്ര (social psychology) ഉപകരണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്. പരിണാമ മനഃശാസ്ത്ര ചിന്തകൾക്ക് അനേകം വിമർശനങ്ങൾ സാമൂഹ്യ മനഃശാസ്ത്രം മുന്നോട്ടു വെച്ചിട്ടുണ്ട്. കൂട്ടമായി താമസിക്കുന്ന ജനവിഭാഗം, വംശീയ നിലനിൽപിനുപരിയായി, വിദ്യാഭ്യാസത്തിലൂടെയും അവബോധനത്തിലൂടെയും ആർജിക്കുന്ന അറിവുകൾ കൊണ്ട് എങ്ങനെ പൗരബോധമുള്ള തലമുറയായി പരിണമിക്കുന്നു എന്നുള്ള നിലയ്ക്കാണ് അവ പഠിക്കപ്പെടുന്നത്. ആർജ്ജിച്ചെടുത്ത അറിവുകൾ പങ്കുവെക്കപ്പെടുന്ന സാംസ്‌കാരികതയാണ്. ഈ പൊതുബോധത്തിന്റെ കൈമാറ്റമാണ് സാക്ഷരരും ഉന്നത ചിന്തകളുള്ളവരുമായി മനുഷ്യരെ മാറ്റുന്നത്. അതുകൊണ്ട്, പ്രത്യുല്പാദനത്തിനും മെച്ചപ്പെട്ട ജീനുകളുടെ കൈമാറ്റത്തിനും അപ്പുറത്തുള്ള, സാംസ്‌കാരികമായ അതിജീവനത്തിലൂടെ ഫേസ് ആപ്പിന്റെ സൗന്ദര്യബോധത്തെ മനസ്സിലാക്കേണ്ടതാണ്.

Oldage Filter

മലയാളിയുടെ ഉത്കണ്ഠകൾ

പ്രവചിക്കാനാവാത്ത അടുത്ത നിമിഷങ്ങളെ മനുഷ്യൻ എങ്ങനെയാണു സമീപിക്കുന്നത്? അനിശ്ചിതത്വത്തെ ഒഴിവാക്കാനുള്ള പ്രവണത (അൺസർട്ടണിറ്റി അവോയ്ഡൻസ്) ഓരോ സമൂഹത്തിലും വ്യത്യസ്ത രീതിയിൽ ആണെന്ന് പ്രശസ്ത സാംസ്‌കാരിക മനഃശാസ്ത്രജ്ഞൻ ഗീർട്ട് ഹോഫ്സ്റ്റെഡ് പറയുന്നു. ഇവയെ മനസ്സിലാക്കാൻ പൊതുസമൂഹത്തിന്റെ പെരുമാറ്റങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ഭാവിയെപ്പറ്റി അത്ര മോശമല്ലാത്ത നിലയിൽ ഉത്കണ്ഠാകുലരാണ് മലയാളികൾ. അനിശ്ചിതമായ ഭാവിയെ അറിയാനുള്ള എല്ലാ മാർഗങ്ങളും മലയാളികളുടെ പൊതുബോധം അന്വേഷിക്കാറുണ്ട്. ചെറുപ്പകാലത്ത് ക്ലാസ് ഇടവേളകളിലെ പരസ്പരമുള്ള കൈ രേഖാ നോട്ടം മുതൽ മലയാളത്തിലെ ആരോഗ്യ പ്രസിദ്ധീകരങ്ങളുടെയും ആരോഗ്യ ലേഖനങ്ങളുടെയും എണ്ണത്തിലുള്ള വർധനവും ഈ പ്രവണതയെ സാക്ഷ്യപ്പെടുത്തുന്നു. ഭാവി ഭദ്രമാക്കാനുള്ള മതപരമായ മുൻകരുതലുകൾ, ഭൂസ്വത്തു ശേഖരിക്കൽ, തലമുറകൾക്കു വേണ്ടിയുള്ള സമ്പാദ്യം, സർക്കാർ ജോലിയുടെ ഭദ്രത, കോവിഡിന് ശേഷമുള്ള കൃഷി താല്പര്യങ്ങൾ എന്നിങ്ങനെ അനേകം നിരീക്ഷണങ്ങൾ ചുറ്റുമുണ്ട്. സാമ്പ്രദായികമായ രീതികളിലെ മാറ്റങ്ങളോടുള്ള പൊതു എതിർപ്പ്, പ്രളയം, കോവിഡ് പ്രതിരോധത്തിലൂടെ വെളിവാക്കപ്പെട്ട പൊതുഅതിജീവന വ്യഗ്രത, അടുത്തിടെയായി കാണപ്പെടുന്ന മാനസിക അസ്വസ്ഥതകളിലെ വർധന എന്നിവയൊക്കെ അനിശ്ചിതമായ ഭാവിയെ ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകളും പ്രതികരണങ്ങളുമാണ്.

സിതാര കൃഷ്ണകുമാർ

പൊതു സമൂഹം എന്ന നിലയ്ക്ക് ഇവ പലപ്പോഴും ഒന്നിച്ചു നിൽക്കാൻ സഹായകമാകുമെങ്കിലും വേണ്ടത്ര മുൻ കരുതൽ ഇല്ലായ്മ, പല തരത്തിലുള്ള ന്യൂറോട്ടിക് പ്രവണതകളിലേക്കു മലയാളിയെ എത്തിച്ചേക്കാം. മറ്റു സമൂഹങ്ങളെയും ഭാഷയെയും അക്ഷമയോടെയും അസഹിഷ്ണതയോടെയും സമീപിക്കുക മുതൽ സ്വന്തം നാടും ഭാഷയും സംസ്‌കാരവും എന്തിലും ശ്രേഷ്ഠമാണെന്ന സംശയാതീതമായ മലയാളിയുടെ പൊതുവിശ്വാസങ്ങൾ വിവേക പൂർവമായി കരുതാനാവില്ല. അജ്ഞാതമായ ഭാവികാലത്തെ സഹിഷ്ണുതയോടെയും സഹനമനോഭാവത്തോടെയും
സമീപിക്കുന്ന പൊതു രീതി മലയാളിക്ക് എത്ര മാത്രമുണ്ടെന്ന് ഇനിയും പഠിക്കപ്പെടേണ്ടതാണ്. അനിശ്ചിതത്വത്തെ ഒഴിവാക്കാനുള്ള പ്രവണതയുടെ പശ്ചാത്തലത്തിൽ ഫേസ്ആപ്പ്, ആണും പെണ്ണുമായി മാറിയും പ്രായം കൂട്ടിയും കുറച്ചും നമ്മുടെ വ്യക്തതയില്ലാത്ത നാളെകളെ ഭാവനയിൽ സുന്ദരമാക്കുന്നു. അതുവഴി, ഫേസ് ആപ്പ് ആവേശം, അനിശ്ചിതവും പ്രവചനാതീതവുമായ ജീവിതത്തെ ലളിതവത്കരിക്കുകയും അതിനെ യാഥാർഥ്യ ബോധത്തോടെ മനസ്സിലാക്കാതിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സൗന്ദര്യത്തിന്റെ അതിരില്ലാത്ത ആകാശത്തെ ഭയപ്പെടാതെ, അവയെ വലിച്ചു മുറുക്കിയും വെട്ടിയൊതുക്കിയും ചിട്ടപ്പെടുത്താതെ, അവരവരായി തന്നെ ഓരോ ഫോട്ടോക്കും പോസ് ചെയ്യാൻ നമുക്ക് കഴിയുമോ?
ശ്രമിച്ചു പരാജയപ്പെട്ട സമൂഹ മാതൃകകളുടെ ചുഴികളിൽ നിന്നും പുറത്തു കടന്ന്, നവീകരിക്കപ്പെട്ട പൊതു വഴികളെ നമുക്ക് തിരയാനാവുമോ?

Comments