AI ജയിച്ചു,
മനുഷ്യരും ജയിക്കുന്നു…

AI തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെങ്കിലും, അതിനെ മാനുഷികമായും പ്രായോഗികമായും സമീപിച്ചാൽ, തൊഴിൽ നഷ്ടപ്പെടാതെ തന്നെ പുതുപുത്തൻ അവസരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് വിശദീകരിക്കുകയാണ് സംഗമേശ്വരൻ മാണിക്യം. Artificial Intelligence കാലത്തെ തൊഴിൽമേഖലകളെക്കുറിച്ച് അദ്ദേഹം എഴുതുന്നു…

Artificial Intelligence (AI) എന്നത് സമകാലീന സാങ്കേതികവിദ്യയുടെ വലിയൊരു കുതിപ്പാണ് എന്ന് നിസ്സംശയം പറയാം. വ്യവസായ മേഖലയിലാണ് ഇതിന്റെ പ്രയോജനങ്ങളും ദോഷഫലങ്ങളും വളരെ ശക്തമായി പൊതുവെ അനുഭവപ്പെടുന്നത്, പ്രത്യേകിച്ച് തൊഴിൽ മേഖലയിൽ. നിർഭാഗ്യവശാൽ ചിലയിടങ്ങളിൽ വലിയ പ്രതിസന്ധിയും മറ്റിടങ്ങളിൽ പുതിയ അവസരങ്ങളും AI-യുടെ ഉപഭോഗം സൃഷ്ടിക്കുന്നുണ്ട്.

AI-യുടെ അതിവേഗവളർച്ച വ്യത്യസ്ത മേഖലകളിൽ വ്യാപക മാറ്റമുണ്ടാക്കുന്നുണ്ട്. മെഷീൻ ലേണിങ് (Machine Learning), ഡീപ് ലേണിങ് (Deep Learning), സ്വയം പഠിക്കുന്ന സംവിധാനങ്ങൾ, സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ തുടങ്ങിയവയുടെ വരവോടെ നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യ പല രീതികളിലും തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ആഗോള സാമ്പത്തിക ഫോറത്തിന്റെ പഠനങ്ങൾ പ്രകാരം, അടുത്ത 5-10 വർഷത്തിനുള്ളിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

തൊഴിൽ മേഖലയിലെ പ്രതിസന്ധികളും
ഭാവിയിലെ ജോലി സാധ്യതകളും

സമീപ വർഷങ്ങളിലെ ആഗോള തൊഴിൽ സ്ഥിതിഗതികൾ പരിശോധിച്ചാൽ, AI- യുടെ വ്യാപനം കാരണം നിരവധി തസ്തികകൾ പതിയേ ഇല്ലാതാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക ഫോറത്തിന്റെ (World Economic Forum) പഠനങ്ങൾ പ്രകാരം, അടുത്ത 5-10 വർഷത്തിനുള്ളിൽ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. പ്രതീക്ഷയ്ക്കു വക നൽകുന്ന കാര്യവുമുണ്ട്: പല രീതിയിലുമുള്ള വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

AI-യ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത രീതിയിൽ സർഗ്ഗാത്മകത ആവശ്യപ്പെടുന്ന ജോലികൾക്ക് കൂടുതൽ പ്രാധാന്യമേറിവരുന്നു. ഡാറ്റ സയന്റിസ്റ്റ് (Data Scientist), ലാംഗ്വേജ് മോഡലിംഗ്, AI എഞ്ചിനീയർ, മെഷീൻ ലേണിങ് വിദഗ്ധർ, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് എഞ്ചിനീയറിംഗ് വിദഗ്ധർ തുടങ്ങിയവർക്ക് ഉണർവേകുന്ന അവസരങ്ങൾ രൂപപ്പെടുന്നുമുണ്ട്.

AI- മൂലം വ്യത്യസ്ത മേഖലകളിലുണ്ടാകുന്ന തൊഴിൽ പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് നോക്കാം:

നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന റോബോട്ടിക്സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ കാരണം തൊഴിലാളികളുടെ ആവശ്യം കുറഞ്ഞുവരികയാണ്. ഇതോടെ മാനുവൽ ജോലികൾ ഇല്ലാതാകുന്നു, തൊഴിലാളികൾക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുന്നു.

ആരോഗ്യ മേഖലയിൽ AI ഉപയോഗം വർധിക്കുമ്പോൾ ആശങ്കയോടൊപ്പം പ്രതീക്ഷകളുമുണ്ട്. രോഗനിർണയം, ഫാർമസി, സർജറി, രോഗവ്യാപനം കുറയ്ക്കാനുള്ള ഉപാധികൾ തുടങ്ങിയവയിൽ AI വലിയ പങ്ക് വഹിക്കുന്നു. എന്നാൽ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും അടിസ്ഥാന പ്രവർത്തനങ്ങളെല്ലാം AI കൈകാര്യം ചെയ്യുമോ എന്നതിൽ ആശങ്കയുണ്ട്.

AI- യുടെ വളർച്ച മനുഷ്യജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനകളാണ് വേണ്ടത്.
AI- യുടെ വളർച്ച മനുഷ്യജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനകളാണ് വേണ്ടത്.

വിദ്യാഭ്യാസ മേഖലയിലും AI ഇടപെടൽ വർദ്ധിക്കുന്നു. ഓൺലൈൻ പഠനം, വ്യക്തിഗത പഠന പരിഷ്കാരങ്ങൾ, ഓട്ടോമേറ്റഡ് ഗ്രേഡിങ് സിസ്റ്റങ്ങൾ തുടങ്ങിയവയിലൂടെ AI അധ്യാപകരുടെ പ്രവർത്തനം എളുപ്പമാക്കുന്നു. എന്നാൽ, അധ്യാപകരുടെ ആവശ്യം കുറയുമോ എന്നതും ചൂടുള്ള ചർച്ചാവിഷയമാണ്.

ബാങ്കിംഗ്, ഫിനാൻസ് മേഖലകളിൽ AI ഉപയോഗം കുതിക്കുകയാണ്. ബാങ്കുകളിൽ സ്വയം പ്രവർത്തിക്കുന്ന എടിഎമ്മുകൾ, ഓട്ടോമേറ്റഡ് കസ്റ്റമർ സർവീസ് ബോട്ടുകൾ, ലോൺ അപ്രൂവൽ ഓട്ടോമേഷൻ എന്നിവയിലൂടെ തൊഴിൽ സാധ്യതകളിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

AI-യുടെ ഉപയോഗത്തിൽ പ്രതീക്ഷിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്, ഉടലെടുക്കാൻ സാധ്യതയുള്ള ചില ധാർമ്മിക പ്രശ്നങ്ങൾ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുള്ള ഭീഷണി, പക്ഷപാതപരമായി തീരുമാനങ്ങളെടുക്കുന്ന ചില AI ആൽഗോരിതങ്ങൾ, തെറ്റായ ഡാറ്റ ഉപയോഗിച്ച് തീരുമാനമെടുക്കുന്ന സിസ്റ്റങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

AI-യുമായുള്ള മാനവരാശിയുടെ മല്പിടുത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

  • AI ഉപയോഗത്തിൽ കർശന നിയമങ്ങൾ ഏർപ്പെടുത്തുന്നത് ഒരു പരിധി വരെ സഹായിച്ചേക്കാം. ജോലി ചെയ്യുന്നവർക്ക് തുടർച്ചയായ പുനർപരിശീലനം എന്നതായിരിക്കണം അടിസ്ഥാന തത്വം. പുതുതായി ഉരുത്തിരിഞ്ഞുവരുന്ന അവസരങ്ങൾക്കായി ആൾക്കാർക്ക് AI-യിൽ അടിസ്ഥാനപരമായ പുനർപരിശീലനം നൽകണം.

  • AI-യെ പൂർണ്ണമായും ദൈനംദിന ജീവിതത്തിൽനിന്നും മാറ്റിനിർത്താതെ, അതിന്റെ സാധ്യതകൾ മനസ്സിലാക്കി ആസൂത്രിതമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ മാനവരാശിയുടെ ഉന്നമനത്തിനുതകും എന്ന് നിസ്സംശയം പറയാം.

AI തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെങ്കിലും, അതിനെ മാനുഷികമായും പ്രായോഗികമായും സമീപിച്ചാൽ, തൊഴിൽ നഷ്ടപ്പെടാതെ തന്നെ പുതുപുത്തൻ അവസരങ്ങൾ കണ്ടെത്താൻ കഴിയും. AI- യുടെ വളർച്ച മനുഷ്യജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും, അതിന്റെ ദോഷഫലങ്ങൾ നിയന്ത്രിക്കാൻ വേണ്ട നടപടികൾ എന്തായിരിക്കണമെന്നുമുള്ള ആലോചനകളാണ് വേണ്ടത്. AI-യുടെ ഇടപെടലുകളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

Comments