ഡിജിറ്റൽ സ്പേസിൽ അക്രമം നടത്തുന്നത് റോഡിലിറങ്ങി ഒരാളെ തല്ലുന്നതിനെക്കാൾ എളുപ്പമാണ്

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

ജനാധിപത്യം എന്ന വാക്കിൽത്തന്നെ അതുണ്ട്. സംവാദമെന്നത് വിയോജിപ്പുകൾക്ക് ഇടം നല്കലാണ്, ഏകപക്ഷീയമായി പറഞ്ഞുകൊണ്ടിരിക്കലല്ല. വാസ്തവത്തിൽ പ്രഭാഷണങ്ങളുടെ പ്രസക്തി കുറയുകയും സംവാദങ്ങൾ കൂടുതലുണ്ടാവുകയും ചെയ്യേണ്ട കാലമാണിത്. ഒരർത്ഥത്തിൽ ഏതു വിഷയത്തിലുള്ള പ്രഭാഷണങ്ങളുടെയും ഏകപക്ഷീയതയും അധികാര നിലകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ആശയപരമായി നിലകൊള്ളുന്നത് ഏതു ഭാഗത്താണെങ്കിലും അവ പോലും സംവാദങ്ങൾക്കു വഴിമാറുന്ന തരത്തിൽ രൂപാന്തരപ്പെട്ടിട്ടുണ്ട് എന്ന് ശ്രദ്ധിച്ചാൽ കാണാം. നമ്മുടെ പൊതുമണ്ഡലം സംവാദപ്രധാനമായിരുന്നു എക്കാലവും. അതു കൊണ്ടു തന്നെ അവ ഇല്ലാതാക്കുകയെന്നത് ജനാധിപത്യത്തെ റദ്ദ് ചെയ്യും.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിലെ ജനാധിപത്യ സ്വഭാവത്തെക്കുറിച്ചു പറഞ്ഞല്ലോ. സ്വാഭാവികമായും ഭാഷ അതിലൊരു പ്രധാന ഘടകമാണ്. സ്വന്തം വികാരങ്ങളുടെ പ്രകടനമല്ല സംവാദത്തിന്റെ ഉദ്ദേശ്യം. ഇതരരെ വാദിച്ചു തോല്പിക്കുകയുമല്ല. ചർച്ച ചെയ്യാനെടുക്കുന്ന വിഷയത്തിന്റെ അതിരുകൾ വിശാലമാക്കുക എന്ന ഉദ്ദേശ്യമാണ് സംവാദങ്ങൾക്കുള്ളത്.
വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുകയും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുകയും വേണം. സംവാദത്തിന്റെ ഭാഷ അതിനനുസരിച്ച് എഡിറ്റ് ചെയ്യപ്പെടുന്നതു മാത്രമല്ല പൊതു ഇടത്തെ പെരുമാറ്റമര്യാദകളിൽ അത് ഉൾപ്പെടുന്നതു പോലും സ്വാഗതം ചെയ്യുന്നു. കാരണം സ്ത്രീകളും ദളിതരും ലൈംഗിക ന്യൂനപക്ഷങ്ങളുമടങ്ങുന്നപ്രിവിലിജ്ഡ് അല്ലാത്ത വിഭാഗങ്ങൾക്കും പൊതു ഇടങ്ങളിൽ ഇടപെടുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്യേണ്ടതുണ്ട്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ഒരു ദശകത്തിന്റെ അനുഭവം വച്ച് സൈബർ സ്‌പെയ്‌സിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഉത്തരം. സംവാദങ്ങളിലിടപെടുകയും മാറിനിന്ന് ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. മുഖമില്ലാത്ത, ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലാത്ത ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്ക് എന്ത് സംവാദ സ്വഭാവമാണുള്ളത്? അതേസമയം ആരോഗ്യകരമായ സംവാദങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും പോകുന്നു. ഉദാഹരണത്തിന് നിലവിലെ കെ. റയിൽ വിഷയമെടുക്കാം. ഇത്തരമൊരു കാര്യത്തിൽ ഗവ. ജനങ്ങളോട് പലവട്ടം പലതലങ്ങളിൽ സംസാരിക്കേണ്ടതുണ്ട്. ആശങ്കകളും വിയോജിപ്പുകളും കേൾക്കേണ്ടതുണ്ട്. അതിൽ യാതൊരു അസ്വാഭാവികതയുമില്ല. വിയോജിപ്പുകൾ ആക്രമണങ്ങളോ അധിക്ഷേപങ്ങളോ അല്ല. ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടാവേണ്ട ഗൗരവതരമായ ചർച്ചകൾ കവിതയെ ചുറ്റിക്കറങ്ങിപ്പോകുന്നതും വ്യക്തിപരമായ ആക്രമണങ്ങളായി മാറിത്തീരുന്നതും ഉദാഹരണമാണ്. സംസാരിക്കേണ്ട വിഷയത്തിന്റെ മെറിറ്റിനെ തമസ്‌കരിക്കുന്ന പ്രവണതകൾ ഏത് സ്പേസിലായാലും ഉചിതമല്ല.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഡിജിറ്റൽ സ്പേസിൽ അക്രമം നടത്തുന്നത് റോഡിലിറങ്ങി ഒരാളെ തല്ലുന്നതിനെക്കാൾ എളുപ്പമാണ്. സൈബറിൽ തെറ്റായതോ ഉറപ്പില്ലാത്തതോ ആയ ഒരു വസ്തുത പ്രചരിപ്പിക്കുന്നത് ഒരു പൊതുയോഗത്തിൽ സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനെക്കാൾ എളുപ്പമാണ്. പലപ്പോഴും കൈ നനയാത്ത മീൻ പിടിത്തം നടക്കുന്ന സ്ഥലമാണ് സൈബർ സ്പേസ്. അത് പുറമെയുള്ള കാര്യം. സൂക്ഷ്മമായി നോക്കിയാൽ രണ്ടുതരം ആക്രമണങ്ങളും ഒരേ മനോനിലയുടെ ഉൽപന്നങ്ങളാണ് എന്നു കാണാം. എത്ര യുക്തിരഹിതമായ പ്രസ്താവനകൾക്കും സൈബറിൽ ഇടമുണ്ട്. അനുയായികളെയും കിട്ടും. കവലകളിലാവുമ്പോൾ ഒപ്പം നില്ക്കുന്നവരെയെങ്കിലും അത് ബോധ്യപ്പെടുത്തേണ്ടി വരുന്നതു കൊണ്ട് താരതമ്യേന പ്രയാസമായിരിക്കുമെന്നു മാത്രം.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

ഗീതഗോവിന്ദത്തെ പരാമർശിച്ചു തുടങ്ങുന്ന ഒരു എഫ് ബി പോസ്റ്റിനു ചുവട്ടിൽ അത് തങ്ങളുടെ പൈതൃക സ്വത്താണെന്നവകാശപ്പെട്ട ഒരു കൂട്ടർ വന്നിരുന്നു. അച്ഛൻ, മകൻ എന്നിവരെയൊക്കെ ച്ചേർത്ത് തെറി വിളിക്കുകയായിരുന്നു. അന്നൊരു പരാതിയൊക്കെ പോലീസിന്റെ സൈബർ വിഭാഗത്തിന് കൊടുത്തിരുന്നു. മുഴുവൻ ഫെയ്ക് ഐ ഡി കളാവുകയും പലതും രാജ്യത്തിന് പുറത്താവുകയും ചെയ്തതിനാലാവും അതിൽ നടപടികളൊന്നുമുണ്ടായില്ല. പിന്നെ ഇപ്പോൾ പരാതി കൊടുക്കാൻ തോന്നാറില്ല. സ്വയം ഫ്‌ളഷ് ചെയ്യാവുന്നതേയുള്ളൂവെന്ന നിലപാടിലാണ്. കേട്ടാലൊന്നും തോന്നാറില്ല. അവർക്കറിയുന്നത് അവർ പറയുന്നു, നമുക്കറിയുന്നത് നാം പറയുന്നു. സൈബർ സ്പേസിൽ കഴിഞ്ഞ പത്തു വർഷം നിന്നിട്ടുള്ള നിലപാടുള്ള സ്ത്രീകളിലധികവും ഇത്തരം അനുഭവങ്ങൾ നേരിട്ടിരിക്കും. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവരിതിനകം പഠിച്ചിട്ടുണ്ടെന്നതാണ് വസ്തുത.


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments