സൂക്ഷിക്കുക, 2023 ൽ ഒരു സോഷ്യൽ മീഡിയ ആക്രമണം നിങ്ങളെയും കാത്തിരിക്കുന്നു

സൈബർ കുറ്റവാളികൾ അവരുടെ അടുത്ത ആക്രമണം സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലേയ്ക്ക് ആണ് വ്യാപിക്കാൻ സാധ്യതയേറെയും. വലിയ സോഷ്യൽ മീഡിയ ഭീഷണികളെ നേരിടേണ്ടിവരുമ്പോൾ, അധികാരം കൈയാളുന്നത് നിങ്ങളാണെന്ന് ഓർക്കുക. ഓൺലൈനിൽ നിങ്ങൾ എന്താണ് പോസ്റ്റുന്നതെന്നും, ആർക്കൊക്കെ അത് കാണാനാകുമെന്നും നിങ്ങൾ മാത്രം നിയന്ത്രിക്കുന്നു. അതാണ് ഓർക്കേണ്ടത്.

Instagram, Facebook, Twitter, LinkedIn തുടങ്ങി ഇക്കാലത്ത് തിരഞ്ഞെടുക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു കുറവുമില്ല. സൈബർ കുറ്റവാളികൾ അവരുടെ അടുത്ത ആക്രമണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേയ്ക്ക് ആണ് വ്യാപിക്കാൻ സാധ്യതയേറെയും. 2023 ൽ കരുതിയിരിക്കേണ്ട സോഷ്യൽ മീഡിയ ആക്രമണങ്ങൾ എന്തൊക്കെയായിരിക്കും എന്ന്​ പരിശോധിക്കാം.

അപ്പോൾ ഇനി, സോഷ്യൽ മീഡിയയിൽ സ്ഥിരമായി ചെയ്യുന്നതു പോലെ ചെയ്‌തോളൂ. സ്‌ക്രോളിംഗ് ആയിക്കോട്ടെ! അതിന്റെയിടയ്ക്കു വായിച്ചുമനസ്സിലാക്കാൻ മറക്കരുത് എന്നേയുള്ളൂ...

1. സോഷ്യൽ എഞ്ചിനീയറിംഗ്

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കവർന്നെടുക്കാനോ നിങ്ങളെ കബളിപ്പിക്കാനോ ഒരു ഹാക്കർ ഉപയോഗിച്ചേക്കാവുന്ന ഏത് സൈബർ ആക്രമണത്തെയും സോഷ്യൽ എഞ്ചിനീയറിംഗ് എന്ന് പറയാം. ഇത് നിങ്ങളുടെ ഇ- മെയിൽ ഇൻബോക്സിലേക്ക് അയച്ച ഫിഷിംഗ് ഇ- മെയിലിന്റെ രൂപത്തിലോ നിങ്ങളുടെ iPhone അല്ലെങ്കിൽ Androidലേക്ക് അയച്ച സ്മിഷിംഗ് ടെക്​സ്​റ്റിന്റെ രൂപത്തിലോ ആകാം.

ഫോണിലൂടെയോ ഇ- മെയിൽ അല്ലെങ്കിൽ ടെക്​സ്​റ്റ്​ വഴിയോ അപരിചിതർക്ക് ഒരിക്കലും നിങ്ങളുടെ സെൻസിറ്റീവ് അഥവാ സ്വകാര്യ ഡാറ്റ നൽകരുത് എന്നതാണ് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന വഴി. മറുവശത്തുള്ള വ്യക്തി സത്യം പറയുന്നതായി 100% ഉറപ്പിക്കാൻ സൈബർലോകത്തിൽ ബുദ്ധിമുട്ടാണ്. അതുപോലെ, ഇമ്മാതിരി സെൻസിറ്റീവ് ആയ വിഷയങ്ങൾ ഫോണിലൂടെ കൈമാറേണ്ടി വരികയാണെങ്കിൽ ഒരു പൊതുസ്ഥലത്താണെങ്കിൽ, നിങ്ങളുടെ അടുത്താരുമില്ല എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കൊടുക്കുക. അല്ലെങ്കിൽ സോഷ്യൽ എഞ്ചിനീയറിംഗ് ടെക്​നിക്​ ആയ സ്‌നൂപിങ് ആണെങ്കിൽ eavesdropping നു ഇരയായേക്കാം.

അതായത്, പൊതു ഇടങ്ങളിൽ നിന്നുകൊണ്ട് സെൻസിറ്റീവ് ആയ കാര്യങ്ങൾ ഏതുസമയത്തായാലും വിളിച്ചുകൂവരുത്. ലാലേട്ടന്റെ "രസതന്ത്രത്തിൽ' ഇന്നസെന്റിന്റെ കഥാപാത്രമായ മണികണ്ഠൻ ആശാരി രാത്രിയിൽ പൊതുഇടമായ സ്ഥലത്തു ചെന്നുനിന്ന് കണ്മണിയെക്കുറിച്ച്​ വിളിച്ചുകൂവി പുലിവാലുപിടിച്ചതുപോലെയിരിക്കും. അത്രന്നെ.

2. ഫിഷിംഗ്

ഒരു സൈബർ ക്രിമിനൽ നിങ്ങൾക്ക് ഏതെങ്കിലും പ്രശസ്തമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു തട്ടിപ്പ്​ ഇ- മെയിൽ അയയ്ക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ ഫിഷിംഗ് സംഭവിക്കുന്നത്. നിങ്ങൾ ഉടനടി പരിഹരിക്കേണ്ട ഒരു "അക്കൗണ്ട് പ്രശ്നത്തെക്കുറിച്ച്' ആ തട്ടിപ്പു സന്ദേശം നിങ്ങളെ അലേർട്ട് ചെയ്‌തേക്കാം, ഉടനടി ക്ലിക്ക്‌ ചെയ്തു പരിഹരിക്കേണ്ട ഒരു പ്രത്യേക ലിങ്ക് ഇമ്മാതിരി ഫിഷിങ് തട്ടിപ്പ് ഇമെയിൽ സന്ദേശത്തിലുണ്ടാവും. അവയിലൊരിക്കലും ക്ലിക്ക് ചെയ്യരുത്.

ഈ ലിങ്കുകൾ പലപ്പോഴും നിങ്ങൾ ടൈപ്പ് ചെയ്യുന്നതെല്ലാം ട്രാക്ക് ചെയ്യാൻ കഴിയുന്ന സ്‌പൈവെയർ ബാധിച്ചതോ വ്യാജമായതോ ആയ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്നു. നിങ്ങളുടെ മറ്റ് ഓൺലൈൻ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനായി നിങ്ങൾ നൽകിയ ലോഗിൻ ക്രെഡൻഷ്യലുകൾ സൈബർ തട്ടിപ്പുകാർക്ക് റെക്കോർഡ് ചെയ്യാൻ കഴിയും.

3. മാൽവെയർ

സോഷ്യൽ മീഡിയയിലെ ഭീഷണികളിൽ സ്ഥിരമായി കണ്ടുവരുന്ന ഒന്നായി മാൽവെയറിനെ കാണാൻ കഴിയും, കാരണം ഇത് പലപ്പോഴും ഹാക്കർമാർ അവരുടെ സൈബർ ആക്രമണങ്ങൾ പ്രവർത്തികമാക്കുന്നതിന് ഉപയോഗിക്കുന്നു. വൈറസുകളും വേമുകളും മുതൽ ആഡ്വെയർ, സ്‌പൈവെയർ, ട്രോജനുകൾ വരെ, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൊന്നിൽ കടന്നുകയറാൻ ഒരു ഹാക്കർക്ക് ഉപയോഗിക്കാവുന്ന വിവിധ തരത്തിലുള്ള മാൽവെയർ ഉണ്ട്.

നിങ്ങൾ ഏത് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നുവെന്നും ഏതൊക്കെ ഫയലുകൾ തുറന്ന് ഡൗൺലോഡ് ചെയ്യുന്നുവെന്നും എപ്പോഴും ശ്രദ്ധിക്കുക. അപകടസാധ്യതയുള്ള ഉപകരണങ്ങളിലേക്ക് മാൽവെയർ പ്രോഗ്രാമുകൾ എത്തിക്കുന്നതിന് സൈബർ കുറ്റവാളികൾക്ക് ഒളിഞ്ഞിരിക്കുന്ന വഴികളുണ്ട്. നല്ല ഒരു ആന്റി മാൽവെയർ സോഫ്റ്റ്‌വയർ ഉപയോഗിക്കുന്നത് മാൽവെയർ മൂലമുണ്ടായേക്കാവുന്ന ആക്രമണങ്ങളിൽ നിന്ന്​ നല്ലൊരു പരിധി വരെ രക്ഷിക്കാം.

4. ഡാറ്റാ ബ്രീച്ചുകൾ

ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ടാർഗെറ്റുചെയ്യപ്പെടുന്ന സൈറ്റുകളിൽ ഒന്നാണ് സോഷ്യൽ മീഡിയ സൈറ്റുകൾ. വാസ്തവത്തിൽ, കഴിഞ്ഞകൊല്ലം 200 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ലിങ്ക്ഡിൻ ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യത ഏതെങ്കിലും ഒരു വിധത്തിൽ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നു പഠനങ്ങൾ സാധൂകരിക്കുന്നു.

തീർച്ചയായും, ഉപയോക്തൃ ഡാറ്റ ശരിയായി സംരക്ഷിക്കേണ്ട ചുമതല സോഷ്യൽ പ്ലാറ്റ്ഫോമുകളുടേതാണ്, എന്നാൽ നിങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നിങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ പ്രൊഫൈൽ ബയോയിൽ ഒരിക്കലും വ്യക്തിഗത ഇ- മെയിലുകളോ ഫോൺ നമ്പറുകളോ വിലാസങ്ങളോ ഉൾപ്പെടുത്തരുത് എന്നതാണ് ഒരു നല്ല അപ്രോച്ച്.

5. ക്ലിക്ക് ജാക്കിംഗ്

ഒരു നൂതന സോഷ്യൽ മീഡിയ ഭീഷണിയും ഹാക്കിംഗ് സാങ്കേതികതയുമാണ് ക്ലിക്ക് ജാക്കിംഗ്. ഈ സാങ്കേതികതയിൽ ധാരാളം കോഡിംഗ് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അത് പ്രധാനമായും ചെയ്യുന്നത് പേരിലുള്ളതുപോലെ തന്നെയാണ് - ഒരു ക്ലിക്ക് ഹൈജാക്ക് ചെയ്യുന്നു.

ഒരു സോഷ്യൽ മീഡിയ പേജിൽ നിങ്ങൾ ചെയ്യുന്ന ഒരു ക്ലിക്ക് അല്ലെങ്കിൽ "ലൈക്ക് ' മറ്റൊരു ബട്ടൺ അമർത്തി റീഡയറക്ടുചെയ്യുന്നതിലൂടെ ക്ലിക്ക് ജാക്കിംഗ് പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയയിലെ ഹാക്കർമാർ നിങ്ങളുടെ പ്രൊഫൈലിൽ ഒരു പോസ്റ്റ് സ്വയമേവ പങ്കിടുന്നതിനോ നിങ്ങളുടെ ഡിജിറ്റൽ ഡിവൈസിൽ ഡ്രൈവ്- ബൈ ഡൗൺലോഡ് ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഒരു പേജിലെ മറഞ്ഞിരിക്കുന്ന ബട്ടൺ ഓട്ടോമേറ്റ് ചെയ്തുകൊണ്ട് സാധിക്കും. ഏതുപേജിൽ ക്ലിക്ക് ചെയ്യുമ്പോഴും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും .

6. അഫിലിയേറ്റ് സ്‌കാമുകൾ അഥവാ അഴിമതികൾ

അഫിലിയേറ്റ് സ്‌കാമുകൾ സോഷ്യൽ മീഡിയ ഹാക്കർമാർക്ക് കൂടുതൽ പണം സമ്പാദിക്കാൻ വഴിയൊരുക്കിക്കൊടുക്കുന്നു. തങ്ങളുടെ വെബ്സൈറ്റുകളിലേക്ക് കൂടുതൽ ട്രാഫിക് കൊണ്ടുവരാൻ ശ്രമിക്കുന്ന തേർഡ് പാർട്ടി കമ്പനികൾക്ക് മോഷ്ടിച്ച ക്രെഡൻഷ്യലുകൾ വിറ്റാണ് അവർ ഇത് ചെയ്യുന്നത്.

ഒരു ഹാക്കർ സാധാരണയായി ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ വളരെ കരുതലോടെ സൃഷ്ടിച്ച ഒരു ലിങ്ക് ഉൾപ്പെടെ ഒരു വ്യാജ പരസ്യം സൃഷ്ടിക്കുകയും പോസ്റ്റുചെയ്യുകയും ചെയ്യുന്നു. ഒരിക്കൽ ക്ലിക്ക് ചെയ്താൽ, അത് നിങ്ങളെ അവരുടെ പ്രമോഷനായി രജിസ്റ്റർ ചെയ്യുന്നതിനായി വ്യക്തിഗത ഇമെയിലുകളോ വിലാസങ്ങളോ ഫോൺ നമ്പറുകളോ ആവശ്യപ്പെടുന്ന ഒരു വ്യാജ വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോയേക്കാം. യഥാർത്ഥ സമ്മാനമോ പ്രമോഷനോ ഇല്ലെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോഴേക്കും അവർ നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. 500 രൂപയ്ക്ക് ഐഫോൺ അല്ലെങ്കിൽ ഐപാഡ് എന്നപോലുള്ള തട്ടിപ്പു സ്‌കീമിലൊന്നും ചെന്ന് വീഴാതിരിക്കുക എന്ന് മാത്രമേ പറയാൻ പറ്റൂ. കാരണം സാമാന്യബുദ്ധി ഉപയോഗിച്ച് രക്ഷപ്പെടേണ്ടയിടത്ത് ആപ്പുകൾ ചിലപ്പോൾ സഹായകരമാവില്ല എന്നുതന്നെ.

7. വ്യാജ സമ്മാനങ്ങൾ

വ്യാജ സമ്മാനങ്ങൾ അഫിലിയേറ്റ് സ്‌കാമുകൾക്ക് സമാനമാണ്, എന്നാൽ ഒരു ഇടനിലക്കാരനെ ഉപയോഗിക്കുന്നതിനു പകരം ഹാക്കർമാർ നേരിട്ട് ഇടപാട് നടത്തുന്നു. അവർ കേവലം ഒരു പ്രമുഖ ബ്രാൻഡിന്റെയോ കമ്പനിയുടേയോ പേരുപയോഗിച്ച് ആൾമാറാട്ടം നടത്തുകയും വ്യാജ മത്സരങ്ങളോ സമ്മാനങ്ങളോ പോസ്റ്റ് ചെയ്ത് അവരുടെ ഏതെങ്കിലും ഒരു തട്ടിപ്പു വെബ്സൈറ്റിലേക്ക് ആളുകളെ ആകർഷിക്കുകയും ചെയ്തേക്കാം.

നിങ്ങൾ അവരുടെ തട്ടിപ്പു സൈറ്റിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങളെ കൂടുതൽ ചൂഷണം ചെയ്യുന്നതിനായി നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങളും ഇമെയിലുകളും മറ്റ് വ്യക്തിഗത ഡാറ്റകളും ശേഖരിക്കാൻ അവർ മാൽവെയർ ഉപയോഗിക്കാൻ ശ്രമിച്ചേക്കാം. മാൽവെയർ പ്രതിരോധിക്കാൻ ഒരു നല്ല ആന്റി മാൽവെയർ സോഫ്റ്റ്വെയർ സഹായിക്കും. പക്ഷേ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പു വെബ്സൈറ്റിൽ കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ സാമാന്യ ബുദ്ധിയുപയോഗിച്ചാണ് തീരുമാനിക്കേണ്ടത്. ശ്രദ്ധ വേണ്ടത് പല പല മേഖലകളിലാണ്. വെബ്‌സൈറ്റുകളുടെ സ്‌പെല്ലിങ് , സർട്ടിഫിക്കറ്റ് എന്നിവയൊക്കെ ശ്രദ്ധിച്ചുനോക്കേണ്ടതാണ് .

8. ക്യാറ്റ് ഫിഷിംഗ്

ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ തട്ടിപ്പുകളിലൊന്നാണ് ക്യാറ്റ് ഫിഷിംഗ്. നിങ്ങൾ വേറൊരു ആളാണെന്ന് ആളുകളെ കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വ്യാജ ഓൺലൈൻ പ്രൊഫൈൽ സൃഷ്ടിക്കുന്നത് ആണ് ഈ തട്ടിപ്പിന്റെ ആദ്യത്തെ പടി. കബളിപ്പിക്കപ്പെടാൻ തങ്ങൾ അത്രയ്ക്ക് മണ്ടരല്ലെന്ന് പലരും കരുതുന്നുണ്ടെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി ക്യാറ്റ്ഫിഷിംഗ് പോലുള്ള പ്രണയ തട്ടിപ്പുകൾക്ക് ഇരയായവർക്കു ഏതാണ്ട് 1.8 ബില്യൺ യു.എസ്. ഡോളറിലധികം നഷ്ടപ്പെട്ടതായിട്ടാണ് പല പഠനങ്ങളും തെളിയിക്കുന്നത് .

ഒരു ക്യാറ്റ് ഫിഷർ അല്ലെങ്കിൽ റൊമാൻസ് സ്‌കാമർ നിങ്ങളെ നേരിട്ട് കാണുന്നതിന് മുമ്പ് അവർക്ക് പണം കൈമാറാനും യൂസർ നൈമുകളും പാസ്‍വേഡുകളും പങ്കിടാനും മറ്റ് സംശയാസ്പദമായ അഭ്യർത്ഥനകളും നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങളെ നേരിട്ട് കാണാനുള്ള ആ മുഹൂർത്തം വരുമ്പോൾ, വിശദീകരിക്കാനാകാത്ത കാരണങ്ങൾ അവതരിപ്പിച്ചു നിങ്ങളെ നേരിട്ട് കാണുകയും ഇല്ല. പല പല കേസുകളിൽ കേട്ടിട്ടുള്ള രസകരങ്ങളായ കാരണങ്ങളും ഇവിടെ കുറിക്കുന്നില്ല ...

നിങ്ങളുടെയോ അഥവാ നിങ്ങളുടെ സുഹൃത്തുക്കളുടെയോ വ്യാജപ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ആ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ റിപ്പോർട്ട് ചെയ്യുക . അവരെ നേരിട്ടറിയിക്കുകയും ചെയ്യുക .

9. വ്യാജ ഫോളോവേഴ്സ്

സോഷ്യൽ മീഡിയ ലോകം നിങ്ങളെ ഓൺലൈനിൽ പിന്തുടരുന്നവരുടെ (സോഷ്യൽ മീഡിയ ഫോളോവേഴ്​സ്​) എണ്ണം നിങ്ങൾക്ക് അഭിമാനിക്കാവുന്ന ഒരു തരം സോഷ്യൽ സ്റ്റാറ്റസാക്കി മാറ്റിയിട്ടുണ്ട്. അതൊരുതരം സോഷ്യൽ ക്യാപ്പിറ്റലാണ്. എന്നിരുന്നാലും, ഈ ഫോളോവേഴ്സ് കൂടുന്തോറും നിങ്ങൾക്ക് വ്യാജ ഫോളോവേഴ്സിനെ ലഭിക്കാനുള്ള സാധ്യതയും ലേശം കൂടുതലാണ്.

സോഷ്യൽ മീഡിയയിലെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പലതരത്തിലുമുള്ള ഫിഷിംഗ് ഇമെയിലുകൾ എത്തിക്കുന്നതിനായി ഹാക്കർമാർ ചിലപ്പോൾ സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകളായിരിക്കാം ഇവയിൽ പലതും ഡാർക്ക് വെബിൽ നിങ്ങളുടെ സ്വകാര്യ ഡാറ്റ മോഷ്ടിക്കാനും/അല്ലെങ്കിൽ വിൽക്കാനും അവർക്ക് ഉപയോഗിക്കാം. നിങ്ങൾ സോഷ്യൽ മീഡിയയിൽ ഏതൊക്കെ ഓഡിയൻസിനു എന്തൊക്കെ ഷെയർ ചെയ്യുന്നു എന്ന് ഇടയ്ക്കിടയ്ക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്. കുറേയധികം ഫോളോവേഴ്സ് ഉണ്ടെങ്കിൽ നിങ്ങൾ അറിയാതെ ചെറിയൊരു ഗ്രൂപ്പിനെ ഉദ്ദേശിച്ചു പോസ്റ്റ് ചെയ്തത് അറിയാതെ ഓഡിയൻസ് പബ്ലിക് ആയിപ്പോയാൽ ചിലപ്പോൾ പ്രശ്‌നമായേക്കാം .

10. സൈബർ ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തൽ

സോഷ്യൽ മീഡിയയുടെ തുറന്ന സ്വഭാവത്തിന്റെ നിർഭാഗ്യകരമായ ഒരു പാർശ്വഫലമാണ് സൈബർ ബുള്ളിയിങ്. ആളുകൾ ചിലപ്പോൾ അവരുടെ അക്കൗണ്ടുകൾക്ക് പിന്നിലെ അനോണിമിറ്റി മുതലെടുക്കുകയും മറ്റുള്ളവരുടെ പോസ്റ്റുകളിൽ വിദ്വേഷകരവും വേദനിപ്പിക്കുന്നതുമായ അഭിപ്രായങ്ങൾ ഇടുകയും ചെയ്യുന്നു. ചില ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് കാര്യങ്ങൾ ഒഴിവാക്കുന്നതിൽ മികച്ചവരാണെന്നത് ശരിയാണ്. എന്നിരുന്നാലും, സ്ഥിരമായ സൈബർ ബുള്ളിയിങ് ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിലും ആത്മവിശ്വാസത്തിലും ദീർഘകാല സ്വാധീനം ചെലുത്തും. ഓരോരോ രാജ്യങ്ങളിലുമുള്ള സൈബർസുരക്ഷാനിയമങ്ങൾ ഇതിനെ പല രീതിയിലുമാണ് കൈകാര്യം ചെയ്യാറുള്ളത്. ഇന്ത്യയിലെ സൈബർസുരക്ഷാനിയമത്തിന്റെ കാഠിന്യക്കുറവുകൊണ്ടാണോ എന്തോ കഴിഞ്ഞകുറച്ചുകാലമായി ഇമ്മാതിരി സൈബർ ഭീഷണികൾ പലരും അനോണി ഐഡിയിൽ നിന്നല്ലാതെ സ്വന്തം ഐഡിയിൽ നിന്നും ചെയ്യുന്നതായി ഏതോ പഠനത്തിൽ സൂചിപ്പിച്ചിരുന്നു . ഇത് ആശങ്കാജനകമാണ് . സൈബർസുരക്ഷാനിയമത്തിന്റെ കാലാനുസൃതമായ മാറ്റങ്ങൾ ഈ പ്രവണതയിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം .

പലതരത്തിലുമുള്ള സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് വിശദമായൊരു ലേഖനം എഴുതുന്നുണ്ട് .

11. സൈബർ സ്റ്റാക്കിംഗ്

സൈബർ സ്റ്റാക്കിംഗ് സൈബർ ബുള്ളയിങ്ങിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു. മറ്റൊരാളെ ഭയപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ശാരീരികമായി ഉപദ്രവിക്കുന്നതിനായി ആരെങ്കിലും ഇൻബോക്‌സ് മെസ്സേജുകൾ, ഇമെയിലുകൾ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് രീതികൾ ഉപയോഗിക്കുമ്പോഴാണിത്.

സ്റ്റാക്കിങ് നിരവധി രൂപത്തിൽ പ്രത്യക്ഷപ്പെട്ടേക്കാം, എന്നാൽ ഒരു വ്യക്തിയിൽ നിന്നോ കമ്പനിയിൽ നിന്നോ നിങ്ങൾക്ക് ഓൺലൈനിൽ അനാവശ്യ ശ്രദ്ധ ലഭിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഒരു സൈബർ സ്റ്റാക്കറുമായാണ് ഇടപെടുന്നത് എന്നത് ഏതാണ്ടുറപ്പിക്കാം .

12. ഐഡന്റിറ്റി മോഷണം

നിങ്ങളുടെ പ്രൊഫൈലുകളിൽ വ്യക്തിഗത തിരിച്ചറിയാവുന്ന വിവരങ്ങൾ (PII)
പോസ്റ്റുചെയ്യുന്നതിൽ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, സോഷ്യൽ മീഡിയയിൽ നിങ്ങൾ ഐഡന്റിറ്റി മോഷണത്തിന് വിധേയരായേക്കാം. ഐഡന്റിറ്റി മോഷ്ടിക്കാൻ നോക്കുന്ന ഹാക്കർമാർ പ്രൊഫൈൽ ബയോസും അക്കൗണ്ട് വിശദാംശങ്ങളും അവർക്ക് കൈയിൽ കിട്ടുന്നതെന്തും നോക്കും.

നിങ്ങളുടെ ഐഡന്റിറ്റി അനുകരിക്കുന്നതിനോ ഒന്നിലധികം ആളുകളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് പൂർണ്ണമായും പുതിയ ഐഡന്റിറ്റി സൃഷ്ടിക്കുന്നതിനോ അവർക്ക് പിന്നീട് വിവരങ്ങൾ ശേഖരിക്കാനാകും. അടുത്തതായി നിങ്ങൾ അറിയുന്നത് നിങ്ങൾ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി എന്നതായിരിക്കാം .

വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓൺലൈൻ ഉപയോക്താക്കൾ വളരെയധികം വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയ ഭീഷണികൾ പലപ്പോഴും സംഭവിക്കാറുണ്ട്. ഐഡന്റിറ്റികൾ, ബാങ്കിംഗ് ക്രെഡൻഷ്യലുകൾ, മറ്റ് തരത്തിലുള്ള വ്യക്തിഗത ഡാറ്റ എന്നിവ മോശമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഹാക്കർമാർക്ക് ഈ ഡാറ്റ ശേഖരിക്കാനാകും.

ഓൺലൈനിൽ സോഷ്യൽ മീഡിയ ഹാക്കിംഗിന്റെ ഇരയാകുന്നത് ഒഴിവാക്കാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന നടപടികളുണ്ട്:

• സോഷ്യൽ മീഡിയ പോസ്റ്റുകളിലോ പ്രൊഫൈൽ ബയോസുകളിലോ ജകക ( Personally Identifiable Information) ഒരിക്കലും പങ്കിടരുത്.
• അക്കൗണ്ട് takeover ഒഴിവാക്കാൻ പാസ്‍വേഡുകൾ പതിവായി മാറ്റുക.
• നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിശദാംശങ്ങൾ ആർക്കൊക്കെ കാണാനാകുമെന്നത് നിയന്ത്രിക്കാൻ അക്കൗണ്ടുകൾ സ്വകാര്യമായി സജ്ജമാക്കുക.
• ലൊക്കേഷൻ ട്രാക്കിംഗ് ഒഴിവാക്കാൻ സഹായിക്കുന്നതിന് ഒരു VPN ഉപയോഗിക്കുക.
• അപരിചിതരിൽ നിന്നുള്ള അജ്ഞാത സൗഹൃദ അഭ്യർഥനകൾ സ്വീകരിക്കുന്നത് ഒഴിവാക്കുക.
• വ്യാജ സമ്മാനങ്ങൾ, അഫിലിയേറ്റ് തട്ടിപ്പുകൾ എന്നിവയിൽ നിന്നുള്ള സംശയാസ്പദമായ ലിങ്കുകൾ സസൂക്ഷ്മം പരിശോധിച്ചശേഷം ക്ലിക്ക് ചെയ്യുക .
• സോഷ്യൽ മീഡിയ സൈറ്റുകൾ കഴിവതും പബ്ലിക് വൈഫൈയിൽ ഉപയോഗിക്കാതിരിക്കുക .
• കൂടുതൽ സുരക്ഷയ്ക്കായി ആന്റിവൈറസ് സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യുക.

ഇന്നത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഭീഷണികളെ നേരിടേണ്ടിവരുമ്പോൾ, അധികാരം കൈയാളുന്നത് നിങ്ങളാണെന്ന് ഓർക്കുക. ഓൺലൈനിൽ എന്താണ് പോസ്റ്റുന്നതെന്നും, ആർക്കൊക്കെ അത് കാണാനാകുമെന്നും നിങ്ങൾ മാത്രം നിയന്ത്രിക്കുന്നു. അതാണ് ഓർക്കേണ്ടത്.


Summary: സൈബർ കുറ്റവാളികൾ അവരുടെ അടുത്ത ആക്രമണം സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലേയ്ക്ക് ആണ് വ്യാപിക്കാൻ സാധ്യതയേറെയും. വലിയ സോഷ്യൽ മീഡിയ ഭീഷണികളെ നേരിടേണ്ടിവരുമ്പോൾ, അധികാരം കൈയാളുന്നത് നിങ്ങളാണെന്ന് ഓർക്കുക. ഓൺലൈനിൽ നിങ്ങൾ എന്താണ് പോസ്റ്റുന്നതെന്നും, ആർക്കൊക്കെ അത് കാണാനാകുമെന്നും നിങ്ങൾ മാത്രം നിയന്ത്രിക്കുന്നു. അതാണ് ഓർക്കേണ്ടത്.


Comments