മെസപ്പൊട്ടേമിയയിലെ ഊർ നഗരത്തിലെ കല്ലറയിൽ നിന്നും കണ്ടെടുത്ത കലാസൃഷ്ടി (2600 ബി.സി) / Photo: Wikimedia Commons

ഉത്തരാധുനികത കടന്നുകയറുന്നു

1783ലാണ്; ബർലിനിലെ വ്യാഴാഴ്ച ക്ലബ്ബിൽ കൂടിച്ചേർന്നവരോട് എന്താണ് ജ്ഞാനോദയം (What is Enlightenment?) എന്ന് ഇമ്മാനുവൽ കാന്റ് സംസാരിക്കുന്നുണ്ട്. മനുഷ്യൻ തന്റെ മേൽ സ്വയം ചുമത്തിയ പക്വതയില്ലായ്മയിൽ നിന്നുള്ള വിമോചനമായി ജ്ഞാനോദയപ്രബുദ്ധതയെ കാന്റ് കാണുന്നു. ഈ പക്വതയില്ലായ്മ ഗ്രാഹ്യശേഷിയുടെ അഭാവമോ അജ്ഞതയോ ആയിരുന്നില്ല. ബാഹ്യാധികാരങ്ങളിൽ നിന്ന് വിമോചനം നേടുന്നതിനുള്ള കെല്പില്ലായ്മയായിരുന്നു. നമുക്കറിയാവുന്ന ജ്ഞാനത്തെ ഉപയോഗിക്കാനുള്ള ധൈര്യമുണ്ടാകുകയെന്നതായിരുന്നു പ്രബുദ്ധതയുടെ മുദ്രാവാക്യം. പ്രബുദ്ധതയുടെ യുഗം ആഗതമായെന്ന് കാന്റ് അവകാശപ്പെട്ടില്ല. എന്നാൽ, ജ്ഞാനോദയപ്രബുദ്ധതയിലേക്ക് നയിക്കുന്ന പ്രക്രിയകളുടെ തുടക്കമാണിതെന്ന് അദ്ദേഹം കരുതി. മനുഷ്യചരിത്രത്തിലെ ഒരു പുതിയ പ്രഭാതത്തിന് തങ്ങൾ സാക്ഷിയാകുകയാണെന്ന് പ്രബുദ്ധതയുടെ മൂല്യങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നവർ എല്ലാവരും വിശ്വസിച്ചിരുന്നു. വിമർശാത്മകയുക്തിയുടെ പ്രാമുഖ്യത്തിലാണ് അത് ഊന്നിനിന്നത്. എല്ലാവിധികളും വിമർശാത്മകമാണെന്ന് അതു പറഞ്ഞുവെച്ചു. സ്വാശ്രയമായ വളർച്ചയ്ക്ക് സ്വയം വിമർശിക്കാൻ കഴിവുളള സ്വന്തം യുക്തിയെ ആശ്രയിച്ചു ജീവിക്കണമെന്ന് പ്രേരിപ്പിക്കപ്പെടുകയായിരുന്നു. സ്വതന്ത്രമനുഷ്യൻ സ്വതന്ത്രമായി ചിന്തിക്കുന്നവനും സ്വന്തം ചിന്തക്കനുസരിച്ചു പ്രവർത്തിക്കുന്നവനുമാണെന്ന് തീരുമാനിക്കപ്പെട്ടു. യുക്തിബോധത്തിന്റെ പരിമിതികളെ കുറിച്ച് ബോധ്യപ്പെടുമ്പോൾ തന്നെ ഓരോവിധ യുക്തിയുടേയും നിയമങ്ങൾക്കനുസരിച്ചു പെരുമാറിക്കൊണ്ട് പരിമിതികളെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാമെന്ന് കരുതപ്പെട്ടു. കാന്റ് യുക്തിബോധത്തെ വർഗീകരിക്കുകയും ഓരോ ഗണത്തിന്റേയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

റഷ്യയിലെ Kaliningrad State University ലെ ഇമ്മാനുവൽ കാന്റിന്റെ പ്രതിമ

യുക്തിബോധത്തിന്റെ പുതിയ ചിന്ത പുതിയ ജ്ഞാനോൽപാദനരീതിയേയും പുതിയ സാമൂഹികക്രമത്തേയും ആവശ്യപ്പെടുന്നതായിരുന്നു. വ്യക്തിസ്വാതന്ത്ര്യം, ശാസ്ത്രീയത, ഐഹികത, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച, ബഹുസ്വരത, സാർവ്വലൗകികത എന്നിങ്ങനെയുള്ള സങ്കല്പനങ്ങളെല്ലാം പാശ്ചാത്യ ജ്ഞാനോദയപ്രബുദ്ധതയുടെ കാരണയുക്തിയോടൊപ്പമാണ് വളർന്നു വന്നത്. വ്യക്തിവാദം, കാരണയുക്തി, ശാസ്ത്രീയത, ഐഹികത എന്നീ ജ്ഞാനോദയമൂല്യങ്ങളേയാണ് ആധുനികതയെ താങ്ങിനിർത്തുന്ന മഹാസ്തംഭങ്ങളായി കണക്കാക്കപ്പെടുന്നത്. പാശ്ചാത്യരാഷ്ട്രങ്ങളുടേയും അവയുടെ കോളനികളായിരുന്ന രാജ്യങ്ങളുടേയും ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ ജ്ഞാനോദയത്തിന്റേയും ആധുനികതയുടേയും മൂല്യങ്ങൾ നിർണ്ണായകമായ പങ്കു വഹിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടു മുതലെങ്കിലും, നമ്മുടെ ഭരണസ്ഥാപനങ്ങളും നീതിന്യായവ്യവസ്ഥയും വൈദ്യസംസ്‌കാരവും വിദ്യാഭ്യാസ സമ്പ്രദായവും തത്ത്വചിന്തയും കലയും സാഹിത്യവും ശാസ്ത്രവുമെല്ലാം വികസിച്ചു വന്നത് ആധുനികതയുടെ മൂല്യങ്ങളിൽ നിന്നുകൊണ്ടാണ്. ഇപ്പോൾ, ഉത്തരാധുനികതയുടെ ഘട്ടത്തിൽ, പാശ്ചാത്യപ്രബുദ്ധതയുടെ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. സത്താവാദത്തിലും അടിസ്ഥാനവാദത്തിലും നിൽക്കുന്ന അതിന്റെ പ്രമാണങ്ങൾക്ക് ദാർശനികമായി യാതൊരു ന്യായീകരണവുമില്ലെന്നു പ്രഖ്യാപിക്കപ്പെടുന്നു. അതു മിഥ്യയായ സമഗ്രതയെയാണ് പേറുന്നതെന്നു ആരോപിക്കപ്പെടുന്നു.

അടിസ്ഥാനങ്ങളെ അന്വേഷിക്കുന്ന പ്രവർത്തനങ്ങളെ ഉത്തരാധുനികത വിമർശിക്കുന്നു. അടിസ്ഥാന നിഷേധത്തിന്റെ ഭാഷയെ വിശദീകരിച്ച് ഉറപ്പിക്കുന്നു. അസ്തിത്വത്തിന്റെ ആഖ്യാനത്തിനും സാർവ്വലൗകികജ്ഞാനത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങളെ വിശദീകരിക്കുന്നതിനും വേണ്ടി കേവലവും ഉപാധിരഹിതവുമായ അടിസ്ഥാനത്തെ തിരയുന്ന ശ്രമമായിട്ടാണ് ഉത്തരാധുനികർ അടിസ്ഥാനവാദത്തെ മനസ്സിലാക്കുന്നത്. പരമ്പരാഗത അതിഭൗതികവും ജ്ഞാനശാസ്ത്രവും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. ആദ്യത്തേത്, അസ്തിത്വത്തിന്റെ അടിത്തറയായി ദൈവത്തെ സങ്കൽപ്പിക്കുന്നു. ഈ അടിസ്ഥാന ഉണ്മയെ എല്ലാറ്റിലും ദർശിക്കുന്നു. ഉണ്മയെ സാന്നിധ്യമായി നിർണ്ണയിക്കുന്നതിലാണ് പരമ്പരാഗത അതിഭൗതികം മുഴുകിയിരിക്കുന്നത്. സത്ത, കർത്താവ്, അതീതം, പദാർത്ഥം, ബോധം, മനഃസാക്ഷി എന്നിങ്ങനെ അടിസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ നാമങ്ങളിലും സാന്നിധ്യത്തിന്റെ സ്ഥിതമൂലകത്തെ കാണാൻ കഴിയുമെന്ന് ദറിദ പറയുന്നുണ്ട്. അതിഭൗതികത്തിന്റെ അതേ ഉൽക്കണ്ഠ ഇതരരൂപങ്ങളിൽ ജ്ഞാനശാസ്ത്രവും പ്രകടിപ്പിക്കുന്നു. കേവലസത്യത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങളെയാണ് അത് ഉയർത്തിപ്പിടിക്കുന്നത്. പരമ്പരാഗതമായ അതിഭൗതികത്തിന്റേയും ജ്ഞാനശാസ്ത്രത്തിന്റേയും ഈ അടിസ്ഥാനവാദപദ്ധതികളെ തത്ത്വചിന്ത പൊതുവിൽ പങ്കുവയ്ക്കുന്നുണ്ടെന്ന് ഉത്തരാധുനികർ കരുതുന്നു.

ശാസ്ത്രവും തത്ത്വചിന്തയും സത്തയെയാണ്; അനിവാര്യ ഗുണങ്ങളെയാണ്, തേടുന്നത്. അന്വേഷിക്കുന്ന വസ്തുവിന്; അത് പ്രകൃതിയോ സമൂഹമോ ചരിത്രമോ മനുഷ്യന്റെ അഹംബോധമോ എന്തുമാകട്ടെ, ഒരു ആന്തരപ്രകൃതിയുണ്ടെന്നും അതു വിശ്ലേഷണത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നും കരുതുന്നു.

ഉത്തരാധുനികരുടെ പരിപ്രേക്ഷ്യത്തിൽ ശാസ്ത്രവും തത്ത്വചിന്തയോടൊപ്പം അടിസ്ഥാനവാദത്തിലും സത്താവാദത്തിലും നിലയുറച്ചു നിൽക്കുന്ന ഒരു സംരംഭമാണ്. ദൈവത്തെ കുറിച്ചുള്ള വിഭാവനങ്ങളെ ശാസ്ത്രം ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഐഹികതയുടെ ലോകത്ത് യുക്തിപദ്ധതികളുടേയും നിയമങ്ങളുടേയും ചരിത്രത്തിന്റേയും ഒക്കെ രൂപത്തിൽ അതീതത്തെ കുറിച്ചുള്ള ചിന്തകൾ പ്രത്യക്ഷപ്പെടുന്നു. ദൈവചിന്തയെ മറ്റു രൂപങ്ങളിൽ അവതരിപ്പിക്കുന്ന രീതിയാണിത്. സത്യത്തേയും യാഥാർത്ഥ്യത്തിന്റെ സത്തയേയും കണ്ടെത്തിയതായി തത്ത്വചിന്ത അവകാശപ്പെടുന്നതു പോലെ ശാസ്ത്രസിദ്ധാന്തങ്ങൾ ബാഹ്യയാഥാർത്ഥ്യത്തിന്റെ "കണ്ണാടി പ്രതിബിംബ'ങ്ങളെ നിർമ്മിക്കുന്നതിനു ശ്രമിക്കുന്നു. തത്ത്വചിന്തയുടെ രീതിശാസ്ത്രത്തിൽ കാരണയുക്തിക്കു വലിയ പങ്കുണ്ട്. ശാസ്ത്രം പരീക്ഷണനിരീക്ഷണങ്ങളുടെയും സാമാന്യവൽക്കരണങ്ങളൂടെയും രീതിശാസ്ത്രത്തെ സ്വീകരിക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ഈ രീതിശാസ്ത്രങ്ങളിലൂടെ പ്രപഞ്ചത്തിന്റെ യാഥാർത്ഥ്യത്തെ കണ്ടെത്താൻ കഴിയുമെന്ന ധാരണയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത് പ്രപഞ്ചം ഉണ്മയുടെ സാന്നിധ്യമാണെന്ന സങ്കൽപ്പനമാണ്. വസ്തുനിഷ്ഠയാഥാർത്ഥ്യത്തേയും കൃത്യമായ പ്രതിനിധാനത്തേയും കുറിച്ചുളള ശാസ്ത്രത്തിന്റെ സങ്കൽപനങ്ങളിൽ കൈവല്യത്തേയോ അതീതത്തേയോ കുറിച്ചുള്ള ധാരണകളാണ് കാണാൻ കഴിയുക! ശാസ്ത്രവും തത്ത്വചിന്തയും സത്തയെയാണ്; അനിവാര്യ ഗുണങ്ങളെയാണ്, തേടുന്നത്. അന്വേഷിക്കുന്ന വസ്തുവിന്; അത് പ്രകൃതിയോ സമൂഹമോ ചരിത്രമോ മനുഷ്യന്റെ അഹംബോധമോ എന്തുമാകട്ടെ, ഒരു ആന്തരപ്രകൃതിയുണ്ടെന്നും അതു വിശ്ലേഷണത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നും കരുതുന്നു. സത്താവാദത്തിന്റേയും അടിസ്ഥാനവാദത്തിന്റേയും പാരമ്പര്യങ്ങളെയാണ് ശാസ്ത്രവും തത്ത്വചിന്തയും പിന്തുടരുന്നത്.

ഭാഷയുടെ മണ്ഡലം പ്രശ്നസങ്കീർണ്ണമാണെന്ന സമീപനം സ്വീകരിക്കാൻ ശാസ്ത്രത്തിനോ തത്ത്വചിന്തയ്ക്കോ കഴിഞ്ഞിട്ടില്ല. വാക്ക് സുതാര്യമായി ഏകാർത്ഥത്തെ വിനിമയം ചെയ്യുന്നതായി അതു സങ്കൽപ്പിച്ചിരിക്കുന്നു. സൂചകവും സുചിതവും തമ്മിൽ ഒന്നിനൊന്നു പരസ്പരബന്ധം കല്പിക്കുന്നു. സിദ്ധാന്തത്തിൽ നിന്ന് തീർത്തും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നിരീക്ഷണഭാഷയെ ശാസ്ത്രം സങ്കൽപിക്കുന്നു. വാക്കുകൾക്ക് എല്ലാറ്റിന്റേയും സത്തയെ പ്രതിനിധീകരിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ വാക്കുകളുടെ ഒരു ബൃഹത്ശേഖരത്തെ യാതൊരു വിവേചനവുമില്ലാതെ സ്വീകരിക്കുന്നു. ഭാഷയ്ക്കു പുറത്തു നിൽക്കുന്ന സത്തയും അർത്ഥവും ഉണ്ടെന്നും ഭാഷയിലൂടെ ഇവ കൃത്യമായി പ്രതിനിധീകരിക്കാൻ കഴിയുമെന്നും കരുതുന്നതിനെ ഉത്തരാധുനികർ വിമർശിക്കുന്നു. ഇതിനെ ഭാഷയെ കുറിച്ചുള്ള വളരെ അപരിഷ്‌കൃതമായ വീക്ഷണം എന്ന് ആരോപിക്കുകയും ആഴത്തിലുള്ള സന്ദേഹങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. നാം ഉപയോഗിക്കുന്നത് "ശരിയായ' ഭാഷയാണോ എന്ന ചോദ്യം ഉന്നയിക്കണമെന്നു നിർദ്ദേശിക്കുന്നു.

ഭാഷയെ പ്രതിനിധീകരണത്തിന്റെ വ്യവസ്ഥയായി കരുതാൻ പാടില്ലെന്നു ഉത്തരാധുനികർ നിർബന്ധിക്കുന്നുണ്ട്. ഭാഷ ലോകത്തെ കുറിച്ചുളള നമ്മുടെ വിവരണങ്ങളുടെ മാധ്യമമാണ്. നാം സ്വരൂപിക്കുന്ന ജ്ഞാനം മാധ്യമീകരണത്തിനു വിധേയമാകുന്നുവെന്നർത്ഥം. ഭാഷയിലൂടെ സാധ്യമാകുന്നത് വിവരണങ്ങൾ മാത്രമാണ്. അത് ലോകത്തിന്റെ കണ്ണാടി പ്രതിബിംബങ്ങളോ കൃത്യമായ പ്രതിനിധാനങ്ങളോ അല്ല. ഈ വിവരണങ്ങൾ ശരിയാണെന്നോ തെറ്റാണെന്നോ പറയാൻ മാത്രമേ നമുക്കു കഴിയൂ. സത്യമെന്നത് ഭാഷയാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഗുണം മാത്രമാണ്.

പ്രപഞ്ചത്തിന് അതിന്റേതായ ഒരു ഭാഷയില്ല. അത് നമുക്കുവേണ്ടി ഒരു സവിശേഷഭാഷയേയും നിർദ്ദേശിക്കുന്നില്ല. ഏതു ഭാഷാലീലയിലാണ് ഏർപ്പെടേണ്ടതെന്ന് പ്രപഞ്ചം നമ്മോടു നിർദ്ദേശിക്കുന്നില്ല. ഒരു വാക്കിനും ആന്തരികപ്രകൃതിയോ ശുദ്ധസത്തയോ നിശ്ചിത അർത്ഥമോ ഇല്ല. ഭാഷകളെല്ലാം മനുഷ്യന്റെ നിർമ്മിതികളാണ്. ഭാഷയിലെ വാക്കുകളുടെ അർത്ഥം നാം സൃഷ്ടിക്കുന്നതാണ്. അഥവാ വാക്കിന്റെ അർത്ഥം നാം സൃഷ്ടിക്കേണ്ടതാണ്; അത് നിർമ്മിക്കപ്പെടേണ്ടതാണ്. കണ്ടുപിടിക്കപ്പെടേണ്ടതല്ല. വാക്കിന് കേവലമോ പൂർവ്വനിശ്ചിതമോ ആയ അർത്ഥമില്ലെങ്കിൽ സൂചകവും സൂചിതവും വേർതിരിക്കപ്പെടണം. സൂചകത്തിനും സൂചിതത്തിനുമിടയിൽ ഒരു അകലമുണ്ട്. സൂചകങ്ങൾ സൂചിതത്തിന്റെ പ്രതിനിധാനങ്ങളോ പകർപ്പുകളോ അല്ല. ഒരു ചിഹ്നത്തേയും കേവലമായി ഏകാർത്ഥത്തിലേക്കു ചുരുക്കാൻ കഴിയില്ല. അതിനെ ഏക വസ്തുവിന്റെ പ്രതിനിധാനമാണെന്നും കരുതാൻ കഴിയില്ല. ചിഹ്നങ്ങൾ, അതിന്റെ കർത്താവിനോ ഉത്ഭവകേന്ദ്രങ്ങൾക്കോ അതീതമാണ്. കർത്താവ് ഉദ്ദേശിച്ച അർത്ഥത്തിനുപരിയായി ചിഹ്നങ്ങളോരോന്നും പല അർത്ഥങ്ങൾ കൊണ്ട് അനുനാദം ചെയ്യുകയാണ്. ഇത്, വാക്കിനെ, വിവരണത്തെ വിഭിന്ന രീതികളിൽ വായിക്കാൻ കഴിയുമെന്ന സ്ഥിതി സൃഷ്ടിക്കുന്നു. വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിലെ നോട്ടങ്ങൾ കൊണ്ട് വായനയിലൂടെ വ്യത്യസ്ത അർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയും. വായനക്കാരന്റെ സംസ്‌കാരവും ബോധവും ജ്ഞാനവുമെല്ലാം വായനയെ സ്വാധീനിക്കുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോൾ വായ്മൊഴിക്ക് ഉപരിയായി എഴുത്തിലെ ചിഹ്നങ്ങളുടെ മെച്ചത്തെക്കുറിച്ച് ഉത്തരാധുനികതയുടെ ദാർശനികന്മാർ പറയുന്നുണ്ട്. എഴുത്ത് എല്ലാവർക്കും ലഭ്യമാണ്. ഭാഷ അറിയാവുന്നവർക്ക് അതു വായിക്കാം. അത് വ്യത്യസ്ത അർത്ഥോൽപാദനത്തിന് കാരണമാകുന്നു.

നമ്മുടെ ജ്ഞാനം ഭാഷയുടെ മാധ്യമീകരണത്തിന് മാത്രമല്ല വിധേയമാകുന്നത്. നാം സ്വീകരിക്കുന്ന സൈദ്ധാന്തിക ആശയപ്രരൂപ (Theoretical paradigm) വും നമ്മുടെ ജ്ഞാനത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. നാം ലോകത്തെ കാണുന്നതും മനസ്സിലാക്കുന്നതും സൈദ്ധാന്തിക ആശയപ്രരൂപത്തിലൂടെയാണ്. അതുകൊണ്ട്, പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ വിവരണങ്ങൾ ബാഹ്യലോകത്തിന്റെ കണ്ണാടി പ്രതിബിംബങ്ങളല്ല. മറിച്ച്, ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കുകയും ഉപയോഗിക്കുകയും നീതികരിക്കുകയും ചെയ്യുന്ന മാനവികനിർമ്മിതികളാണ്. വാക്യങ്ങളും വിവരണങ്ങളും രൂപീകരിക്കപ്പെടുന്ന ഭാഷാലീലകൾ അതുകൊണ്ട് പ്രധാനമായിരിക്കുന്നുവെന്ന് ഉത്തരാധുനികർ പറയുന്നു.

ജെ.എഫ്. ല്യോത്താർ

ശാസ്ത്രം ആഖ്യാനങ്ങളുമായി എപ്പോഴും സംഘർഷത്തിലാണെന്ന് ല്യോത്താർ (J.F Lyotard) എഴുതുന്നുണ്ട്. ശാസ്ത്രത്തിന്റെ മാനദണ്ഡമനുസരിച്ച് അവ കെട്ടുകഥകളാണ്. ശാസ്ത്രം അതിന്റെ ഇടപെടലുകളെ ന്യായീകരിക്കാൻ കടപ്പെട്ടിരിക്കുന്നു. തത്ത്വചിന്തയോട് ചേർന്ന് അത് നീതീകരണത്തിന്റെ വ്യവഹാരങ്ങളെ ഉൽപ്പാദിപ്പിക്കുന്നു. ശാസ്ത്രം ഒരു ബൃഹത് ആഖ്യാനമാണ്. വിജ്ഞാനത്തിന്റെ സമകാലാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടിൽ ല്യോത്താർ ബൃഹത് ആഖ്യാനങ്ങളോടുള്ള അവിശ്വാസമായി ഉത്തരാധുനികതയെ നിർവ്വചിക്കുന്നു. ഈ അവിശ്വാസം ശാസ്ത്രവികാസത്തിന്റെ തുടർച്ചയും അതിന്റെ ഫലവുമാണ്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ശാസ്ത്രവും സാങ്കേതികവിദ്യയും ഭാഷയുമായി ചേർന്നു ചെയ്യുന്ന കാര്യങ്ങളെ ല്യോത്താർ വിശദീകരിച്ചെഴുതുന്നു. ഭാഷാശാസ്ത്രം, കമ്പ്യൂട്ടറുകളും അവയുടെ ഭാഷകളും, വിവരസാങ്കേതികവിദ്യ, വിവരസംഭരണം, വിവർത്തനത്തിന്റെ പ്രശ്നങ്ങളും കമ്പ്യൂട്ടർ ഭാഷകൾ അതിനു സമർത്ഥമാണോയെന്ന അന്വേഷണവും, വിനിമയ സാങ്കേതികവിദ്യ എന്നിവയെ എല്ലാം അദ്ദേഹം എടുത്തെഴുതുന്നു. വിജ്ഞാനം ചരക്കായി മാറിത്തീർന്നിരിക്കുന്നു. വിജ്ഞാനം ഉൽപ്പാദിപ്പിക്കുന്നത് വിൽക്കുന്നതിനു വേണ്ടിയായിരിക്കുന്നു! വിവരച്ചരക്കായി തീർന്ന വിജ്ഞാനം അധികാരത്തിന്റെ വലിയ കൂട്ടാളി ആയിരിക്കുന്നു. വിജ്ഞാനത്തിന്റെ പ്രകൃതത്തിലുണ്ടായിട്ടുള്ള പരിവർത്തനം പൗരസമൂഹവും ബഹുരാഷ്ട്രകോർപ്പറേഷനുകളും തമ്മിലുള്ള ബന്ധത്തെ പുതുക്കി നിർവ്വചിക്കാൻ നിർബ്ബന്ധിക്കുന്നു.

ജ്ഞാനോദയയുക്തിയുടേത്, അടിസ്ഥാനവാദത്തിൽ നിൽക്കുന്ന പരിപ്രേക്ഷ്യത്തിന്റെ പ്രകാശനമായിരുന്നു. ചരിത്രത്തിലെ അനിവാര്യനിയമങ്ങളെ കുറിച്ച് അന്വേഷിക്കാൻ അതു പ്രേരിപ്പിച്ചു. കേവലാശയത്തേയും വിമോചകവർഗത്തേയും കുറിച്ചുള്ള ആശയങ്ങൾ അടിസ്ഥാനവാദത്തിൽ നിന്നും പ്രചോദനം നേടി സൃഷ്ടിക്കപ്പെട്ടവയാണ്. ഉത്തരാധുനികതയുടെ അടിസ്ഥാനവാദ നിഷേധത്തിന്റെ സമീപനത്തിൽ ജ്ഞാനോദയപ്രബുദ്ധതയും അതിന്റെ പദ്ധതികളും വൈകല്യങ്ങൾ നിറഞ്ഞതാണ്. കേവലാത്മാവിനേയും ചരിത്രത്തേയും തൊഴിലാളിവർഗത്തേയും കുറിച്ചെല്ലാം പറയുന്ന ബൃഹദാഖ്യാനങ്ങളെല്ലാം രീതിശാസ്ത്രപരമായ പിളർപ്പുകളിൽ പതിച്ചിരിക്കുന്നുവെന്ന് ഉത്തരാധുനികത പറയുന്നു. ഈ ബൃഹദാഖ്യാനങ്ങൾ അസത്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. സത്തയും ഉണ്മയും വസ്തുവുമെല്ലാം കണ്ടെത്തപ്പെടേണ്ടതാണെന്നു കരുതുന്ന; അവ മനുഷ്യർ നിർമ്മിക്കുന്നതാണെന്നു മനസ്സിലാക്കാത്ത ബൃഹദാഖ്യാനങ്ങൾ ഘടനയിലാണ് ഫോക്കസ് ചെയ്യുന്നത്. ജ്ഞാനോദയത്തിന്റെ ബൃഹദാഖ്യാനങ്ങൾ ചരിത്രത്തിലെ സവിശേഷങ്ങളെ മറയ്ക്കുകയും സാമാന്യങ്ങളിലെത്തിച്ചേരുകയും ചെയ്യുന്നു. ല്യോത്താറിന്റെ വാക്കുകളിൽ പറഞ്ഞാൽ സൂക്ഷ്മാഖ്യാനങ്ങൾ സവിശേഷങ്ങളെ സ്വീകരിക്കുമ്പോൾ, ബൃഹദാഖ്യാനങ്ങൾ അവയിൽ നിന്നും അകലെയാണ്. ചരിത്രത്തിന്റെ മഹാകഥ സവിശേഷങ്ങളെ നിഹനിക്കുന്നതിൽ എത്തിച്ചേരുന്നു. ചരിത്രത്തിന്റെ അന്ത്യത്തിൽ മനുഷ്യൻ മാത്രം അവശേഷിക്കുന്നു. മനുഷ്യരാശിയിലെ തന്നെ സൂക്ഷ്മങ്ങളും സവിശേഷങ്ങളും വ്യർത്ഥമായി തീരുന്നു. ബൃഹദാഖ്യാനങ്ങൾ സാമൂഹ്യപ്രക്രിയകളിലെ ബഹുസ്വരതയെ അധീശഘടനയിലേക്കോ സ്വത്വത്തിലേക്കോ ന്യൂനീകരിക്കുന്നു. നിർണ്ണായകഘടകം പ്രാഥമികഘടനയാണെന്നു വാദിക്കുന്ന; മാർക്സിസത്തിൽ അത് മുഖ്യവൈരുദ്ധ്യമാണ്, ഇത്തരം വിശ്ലേഷണങ്ങൾ ചരിത്രപ്രക്രിയകളെ അടഞ്ഞവ്യവസ്ഥകളാക്കുകയും സ്വാതന്ത്ര്യത്തെ മാരകമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

ടി.എസ്. എലിയറ്റും ഗബ്രിയേൽ ഗാർസ്യ മാർകേസും കോവിലനും നിർമ്മിക്കുന്ന ലോകവിവർത്തനങ്ങളേക്കാൾ കൂടുതൽ മെച്ചപ്പെട്ടതല്ല ഐൻസ്‌റ്റൈനും ഫെയ്ൻമാനും മേഘനാദ്സാഹയും നിർമ്മിക്കുന്ന ലോകവിവർത്തനങ്ങളെന്നു സാരം.

സവിശേഷഗണങ്ങളിൽ നിന്നും സ്വതന്ത്രമായി ചരിത്രത്തിന്റെ സാർവ്വലൗകികനിയമങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉത്തരാധുനികർ കരുതുന്നു. മനുഷ്യമനസ്സിൽ നിന്നും സ്വതന്ത്രമായി; മനുഷ്യമനസ്സിനു പുറത്ത്, നമുക്കു കണ്ടെത്തിപ്പിടിക്കാനുള്ള സത്യം നിലനിൽക്കുന്നില്ല. ജ്ഞാനോദയത്തിന്റെ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുള്ള വിജയവിശ്വാസത്തിന്റെ സ്ഥാനത്ത്, സാഹിത്യത്തോടും രാഷ്ട്രീയത്തോടും താരതമ്യം ചെയ്യാവുന്ന മറ്റൊരു മാനവികപ്രവർത്തനം മാത്രമായിട്ടാണ് ശാസ്ത്രത്തെ ഉത്തരാധുനികർ മനസ്സിലാക്കുന്നത്. എന്താണു സംഭവിക്കുന്നതെന്നു പ്രവചിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കഴിയുന്ന രീതിയിൽ പ്രയോജനക്ഷമമായ വിവരണങ്ങൾ മഹാശാസ്ത്രജ്ഞന്മാർ നിർമ്മിച്ചെടുക്കുന്നു. ഇത് രാഷ്ട്രീയസൈദ്ധാന്തികരും കവികളും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കു വേണ്ടി വിവരണങ്ങൾ നിർമ്മിക്കുന്നതിനു സമാനവും സദൃശവുമാണെന്ന് റിച്ചാർഡ് റോർട്ടി എഴുതുന്നുണ്ട്. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളിലൂടേയും ദാർശനികയുക്തിയിലൂടേയും സത്യത്തെ കണ്ടെത്താൻ കഴിയുമെന്ന ആശയം പ്രപഞ്ചം ഒരു ഉണ്മയുടെ സൃഷ്ടിയാണെന്നും അതിന് അതിന്റേതായ ഒരു ഭാഷയുണ്ടെന്നുമുള്ള പാരമ്പര്യവിശ്വാസത്തിൽ നിന്നും ജനിക്കുന്നതാണ്. കവികളേയും സാഹിത്യകാരന്മാരേയും പോലെ ലോകത്തെ കുറിച്ചുള്ള ചില വിവർത്തനങ്ങൾ നൽകാൻ ശാസ്ത്രജ്ഞന്മാർക്കും കഴിയുന്നുണ്ടെന്നതിന്നപ്പുറത്ത് ശാസ്ത്രത്തിനു സവിശേഷമായ മെച്ചങ്ങളൊന്നുമില്ലെന്ന് നെൽസൺ ഗുഡ്മാൻ

നെൽസൺ ഗുഡ്മാൻ

പറയുന്നു. ടി.എസ്. എലിയറ്റും ഗബ്രിയേൽ ഗാർസ്യ മാർകേസും കോവിലനും നിർമ്മിക്കുന്ന ലോകവിവർത്തനങ്ങളേക്കാൾ കൂടുതൽ മെച്ചപ്പെട്ടതല്ല ഐൻസ്‌റ്റൈനും ഫെയ്ൻമാനും മേഘനാദ്സാഹയും നിർമ്മിക്കുന്ന ലോകവിവർത്തനങ്ങളെന്നു സാരം.

ശാസ്ത്രജ്ഞാനം വിജ്ഞാനത്തിന്റെ സാകല്യത്തെ പ്രതിനിധീകരിക്കുന്നില്ല. ആഖ്യാനാത്മകജ്ഞാനം (Narrative Knowledge) എന്നു വിളിക്കാവുന്ന മറ്റൊരു വിഭാഗത്തോടൊപ്പം മത്സരത്തിലും സംഘർഷത്തിലുമാണ് അതു നിലനിന്നിട്ടുള്ളത്. ആഖ്യാനാത്മകജ്ഞാനം സൗഹൃദപരവും ആന്തരികമായി സമതുലിതവുമായിരുന്നു. ശാസ്ത്രജ്ഞാനത്തിന്റെ നൈതികവും രാഷ്ട്രീയവുമായ നിലയെ ല്യോത്താർ വികലനം ചെയ്യുന്നുണ്ട്. ശാസ്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും യഥാർത്ഥജ്ഞാനത്തിലേക്കുള്ള പാത എന്നതിലുപരിയായി അധികാരത്തിന്റെ ഒരു വ്യവഹാരമെന്ന നിലയ്ക്ക് അത് വെളിവാക്കപ്പെട്ടിരിക്കുന്നുവെന്നും വിമർശിക്കുന്ന ഉത്തരാധുനികരുമുണ്ട്. അധികാരവും ശാസ്ത്രവിജ്ഞാനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുളള വിശ്ലേഷണങ്ങൾ അവർ മുന്നോട്ടുവയ്ക്കുന്നു. ശാസ്ത്രം ഉറപ്പില്ലാത്ത ഒരു വ്യവസ്ഥയാണ്. അതിന്റെ വിവിധ കാലങ്ങളിലെ വ്യത്യസ്തപ്രവർത്തനങ്ങളെ സ്വയം വ്യാഖ്യാനിക്കാനും നീതീകരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ബൃഹത്ആഖ്യാനമാണ്. ശാസ്ത്രത്തിന് പ്രാപഞ്ചികമായ ഒരു രീതിശാസ്ത്രമുണ്ടെന്ന അവകാശവാദവും അതിന്റെ പ്രവർത്തനങ്ങളേയും പ്രശ്നങ്ങളേയും ആ രീതിശാസ്ത്രം കൊണ്ടു തന്നെ വിശദീകരിക്കുകയും പരിഹരിക്കുകയും ചെയ്യാമെന്നുള്ള വിശ്വാസവും ഉത്തരാധുനികർക്ക് അസ്വീകാര്യമാണ്. ശാസ്ത്രത്തിന്റെ വികാസത്തെ തുടർച്ചാരഹിതവും വൈരുദ്ധ്യങ്ങൾക്കു കീഴ്പ്പെട്ടതുമായിട്ടാണ് ഉത്തരാധുനികത കാണുന്നത്.

ശാസ്ത്രത്തിലെ വസ്തു പ്രകൃത്യായുള്ള വസ്തുവല്ല. ശാസ്ത്രം അതിന്റെ വസ്തുവിനെ നിർമ്മിച്ചെടുക്കുകയാണ്. അതിന്റെ വ്യവഹാരത്തിനു യോജിച്ച ഭാഷയേയും ശാസ്ത്രം നിർമ്മിക്കുന്നു. ലോകവും അതിലെ വസ്തുക്കളും പ്രകൃത്യായുള്ള രൂപങ്ങളിൽ ശാസ്ത്രനിരീക്ഷണത്തിനു ഉപയോഗിക്കുന്നില്ല. നിർവ്വചനങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ, പരിവർത്തനങ്ങളിലൂടെ തയ്യാറാക്കിയ വസ്തുക്കളാണ് ശാസ്ത്രത്തിന്റെ പ്രയോഗങ്ങൾക്കു വിധേയമാക്കപ്പെടുന്നത്. അതുകൊണ്ട് ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്താൽ നിർവ്വചിക്കപ്പെടുന്ന പ്രതീകങ്ങളുടെ കൃത്യത മാത്രമേ ശാസ്ത്രഭാഷയ്ക്ക് ലഭ്യമാകുകയുളളൂ. ശാസ്ത്രം സ്വയം ന്യായീകരിക്കുന്നത് അതിന്റെ സത്യത്തെയും യാഥാർത്ഥ്യത്തെയും കുറിച്ചുളള വിഭാവനങ്ങളിലൂടെയാണ്. ഈ സത്യസങ്കല്പനങ്ങൾ ചോദ്യം ചെയ്യപ്പെടാവുന്നവയാണെന്ന് ഉത്തരാധുനികത വിലയിരുത്തുന്നു. ബാഹ്യലോകം കണ്ണാടി പ്രതിബിംബങ്ങളെപ്പോലെ ശാസ്ത്രത്തിലൂടെ പ്രതിനിധീകരിക്കാൻ കഴിയുന്നതാണെങ്കിൽ, ഇവയെ നിർവ്വഹിക്കുന്ന പ്രവർത്തനക്രമങ്ങളായി ശാസ്ത്രം ചുരുങ്ങുന്നു. ഈ രീതിശാസ്ത്രം സത്യം ഉല്പാദിപ്പിക്കാൻ കഴിവുളളതിന്റെ പേരിൽ സംരക്ഷിക്കപ്പെടുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന സത്യമാകട്ടെ, രീതിശാസ്ത്രത്തിന്റെ പേരിൽ പ്രതിരോധിക്കപ്പെടുന്നു. വർത്തുളമായ വാദഗതിയാണത്. സ്വയം നിർമ്മിച്ചെടുത്ത അടിസ്ഥാനങ്ങളിലല്ല ശാസ്ത്രം പ്രവർത്തിക്കുന്നത്. ഇത്തരം അടിസ്ഥാനങ്ങൾ സജ്ജീകരിച്ചെടുക്കാൻ ശാസ്ത്രത്തിന് കഴിവില്ല. ശാസ്ത്രസിദ്ധാന്തങ്ങൾ സവിശേഷമായ ചില ആശയപ്രരൂപങ്ങളുടെ അടിസ്ഥാനങ്ങളിലാണ് നിർമ്മിക്കപ്പെടുന്നത്.

അന്തമില്ലാത്ത അനിശ്ചിതത്വങ്ങളുടേയും ആകസ്മികതകളുടേയും ബഹുസ്വരങ്ങളുടേയും പൊരുത്തക്കേടുകളുടേയും പദങ്ങളിൽ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരാധുനികതയുടെ അടിസ്ഥാന നിഷേധ അജണ്ട സാമൂഹിക അസ്തിത്വത്തേയും പരസ്പരധാരണകളേയും വിനിമയത്തേയും ദുഷിപ്പിക്കുന്ന മുറകളെ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

ലോകത്തെ അതേപടി അറിയുന്നതിനുള്ള സാധ്യതയെ ചോദ്യം ചെയ്യുമ്പോഴും ഉത്തരാധുനികതയുടെ വക്താക്കൾ സത്യത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങളെ പുനർനിർവ്വചിക്കുകയോ ചരിത്രവൽക്കരിക്കുകയോ ചെയ്യുന്നില്ല. ആന്തരികപ്രകൃതി, ശുദ്ധസത്ത എന്നിങ്ങനെയുള്ള കേവലാടിസ്ഥാനങ്ങളെ അവർ തള്ളിക്കളയുകയും നമുക്കു സഞ്ചരിക്കാനുള്ള ദിശ നിർദ്ദേശിക്കുന്ന പാവനമായ അർത്ഥം ഇല്ലെന്നു പറയുകയും ചെയ്യുന്നു. അർത്ഥം സ്വയം നിർമ്മിക്കപ്പെടേണ്ടതാണ്, കണ്ടെത്തപ്പെടുന്നതല്ല. ശാസ്ത്രത്തിന്റെ അനുഭവൈകസംപ്രത്യയവൽക്കരണത്തിനും ജ്ഞാനോദയത്തിന്റെ ശാസ്ത്രീയതയോടുള്ള ആശ്രിതത്വത്തിനുമെതിരായ ഖണ്ഡനമായിട്ടാണ് ഉത്തരാധുനികതയുടെ വീക്ഷണം മുന്നോട്ടുവയ്ക്കപ്പെടുന്നത്. അറിയുന്ന വിഷയിയ്ക്കു പുറത്ത്, വിഷയിയിൽ നിന്നും സ്വതന്ത്രമായി നിൽക്കുന്ന ഒരു ലോകമുണ്ടെന്നും ഇന്ദ്രിയസംവേദനങ്ങളിലൂടെ അതിനെ അറിയാൻ കഴിയുമെന്നും ശാസ്ത്രം ഇതാണു ചെയ്യുന്നതെന്നുമുള്ള വിശ്വാസത്തെ ഉത്തരാധുനികതയുടെ വക്താക്കൾ ചോദ്യം ചെയ്യുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സത്യത്തിന്റെ അനുരൂപതാസിദ്ധാന്ത (Correspondence Theory) ത്തിൽ ഉള്ളടങ്ങിയിരിക്കുന്ന പ്രതിനിധാനത്തെ കുറിച്ചുള്ള ആശയത്തെ ഉത്തരാധുനികർ വെല്ലുവിളിക്കുന്നു. സംഭവങ്ങളെ ഒരു സാമാന്യനിയമത്തിലേക്കു കീഴ്പ്പെടുത്തിക്കൊണ്ട് വിശദീകരിക്കുന്നത് ന്യൂനീകൃതവും അസമർത്ഥവുമാണെന്ന് വാദിക്കുന്നു. എന്നാൽ, അത് കാരണങ്ങളെയോ ബാഹ്യതാൽപ്പര്യങ്ങളെയോ ചരിത്രസന്ദർഭങ്ങളെയോ പഠിക്കുന്നതിനെ നിർദ്ദേശിക്കുന്നുമില്ല. അർത്ഥങ്ങളെ പുനഃസൃഷ്ടിക്കുന്ന ആഖ്യാനാത്മകനിർമ്മിതികളെ അത് വിമർശാത്മകമായി കാണുന്നു. ഈ രീതിയിലുള്ള എല്ലാ ധാരണകൾക്കുമെതിരെ അത് വ്യത്യസ്തതകളേയും വ്യതിരിക്തതകളേയും ആഘോഷിക്കുകയും അപനിർമ്മിക്കുന്നതിൽ ഊന്നുകയും ചെയ്യുന്നു. ഉത്തരാധുനികതയുടെ ധൈഷണിക അജണ്ടയുടെ ഉള്ളടക്കം ഇതാണ്.

എല്ലാ പൊതുപദ്ധതികളിലും പൊതുകരാറുകളിലും സമവായങ്ങളിലും അധികാരത്തിന്റെ പ്രയോഗവും പീഡനവും ഉളളടങ്ങിയിട്ടുണ്ടെന്ന് ഉത്തരാധുനികർ പറയുന്നു. കേവലമായി നീതീകരിക്കാവുന്ന പദ്ധതികളില്ല. അതുകൊണ്ട്, ഉത്തരാധുനികത വിമോചനത്തിന്റെ വിവിധ പദ്ധതികളെ ഉയർത്തിപ്പിടിക്കുന്നു. സമഗ്രതയേയും സാകല്യത്തേയും കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്ന പദ്ധതികളെ നിരാകരിക്കുന്നു. അത് ബൃഹത് രാഷ്ട്രീയത്തെ ശിഥിലീകരിക്കുന്നു. സൂക്ഷ്മരാഷ്ട്രീയങ്ങളെ സ്വീകരിക്കുകയും അവയുടെ വ്യത്യസ്ത യുക്തികളെ സാധൂകരിക്കുകയും ചെയ്യുന്നു. ഇതിന്നകം വ്യക്തമായതു പോലെ ഉത്തരാധുനികതയുടെ നിലപാടുകൾ ആപേക്ഷികതാവാദത്തിൽ നില്ക്കുന്നതാണ്. അന്തമില്ലാത്ത അനിശ്ചിതത്വങ്ങളുടേയും ആകസ്മികതകളുടേയും ബഹുസ്വരങ്ങളുടേയും പൊരുത്തക്കേടുകളുടേയും പദങ്ങളിൽ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരാധുനികതയുടെ അടിസ്ഥാന നിഷേധ അജണ്ട സാമൂഹിക അസ്തിത്വത്തേയും പരസ്പരധാരണകളേയും വിനിമയത്തേയും ദുഷിപ്പിക്കുന്ന മുറകളെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. നിശ്ചിതത്വത്തിനും ഉറപ്പിനും ചെറിയ ഒരു ഇടം പോലും നൽകാത്ത സമീപനം പ്രയോഗത്തിനും പ്രവർത്തനത്തിനുമുള്ള സാധ്യതകളെ നിഹനിക്കുന്നു. വ്യക്തികളെ ശാക്തീകരിക്കാനുള്ള ഉത്തരാധുനികപരിശ്രമങ്ങൾ സംഘടിതപ്രക്ഷോഭങ്ങളെ ദുർബ്ബലപ്പെടുത്തുന്നതാണ്. എല്ലാ പദ്ധതികളുടേയും ഘടനകളുടേയും അസ്പഷ്ടമായ സ്ഥിതിയെ കുറിച്ച് അവബോധമുള്ള ഉത്തരാധുനികർ രാഷ്ട്രീയപ്രക്ഷോഭങ്ങൾക്കു സന്നദ്ധരാകാൻ സാധ്യതയില്ല. ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും എത്തിച്ചേരുന്ന സമവായങ്ങളെ അധികാരപ്രയോഗമായി മനസ്സിലാക്കുന്ന ഉത്തരാധുനികത രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ തുടർച്ചയിൽ ഒത്തുതീർപ്പുകളും സമവായങ്ങളും ഉണ്ടാകുന്നതിനേയും സമാനമായി വീക്ഷിച്ചേക്കാം. ഉണ്മയുടെ അതിഭൗതികത്തിനും അനുരൂപതാസിദ്ധാന്തങ്ങൾക്കുമെതിരായ വിമർശമുയർത്തിയ ഉത്തരാധുനികത ചില പരിപ്രേക്ഷ്യപരമായ ഉൾക്കാഴ്ചകൾ നൽകിയെങ്കിലും അതിന്റെ ആപേക്ഷികവാദപരമായ നിലപാടുകൾ ഉയർത്തുന്ന സൈദ്ധാന്തികപ്രശ്നങ്ങൾ അത്യധികം സങ്കീർണ്ണമാണ്. ഉത്തരാധുനികതയുടെ ആശയങ്ങൾ ഊർജ്ജം നൽകി വളർത്തിയ സാമൂഹികനിർമ്മിതിവാദത്തിന്റെ ചില സമീപനങ്ങൾ സമൂഹത്തിലെ പ്രതിലോമശക്തികളെ പിന്തുണയ്ക്കുന്നതും അതിവാദങ്ങളിലേക്കു നീങ്ങുന്നതും കാണാവുന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ നടന്ന "ശാസ്ത്രയുദ്ധങ്ങൾ' ഉത്തരാധുനികതയുടെ ശാസ്ത്രവിമർശത്തിന്റെ തുടർച്ചയിലാണ് സംഭവിക്കുന്നത്. ▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments