കരിന നെബുലയുടെ ഒരു ഭാഗം. നക്ഷത്രങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട് മുൻപ് ലഭ്യമല്ലാതിരുന്ന വിവരങ്ങൾ കൂടി ഉൾപ്പെട്ടതാണ് ജെയിംസ് വെബ് പകർത്തിയ NGC 3324 എന്ന് വിളിക്കപ്പെടുന്ന ഈ ഭാഗത്തിന്റെ ചിത്രം. / Photos : NASA

പ്രപഞ്ചത്തിലേക്ക്​
കണ്ണുതുറപ്പിക്കുന്നുജെയിംസ് വെബ്ബ്

ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരത്തുനിന്ന്, ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി പകർത്തിയ ദൃശ്യങ്ങൾ, പ്രപഞ്ചത്തിന്റെ ശൈശവഘട്ടം വെളിപ്പെടുത്തുന്നു. ഈ ദൃശ്യങ്ങളിലൂടെ പ്രപഞ്ചരഹസ്യങ്ങളുടെ ഇനിയും തുറക്കാത്ത പൂട്ടുകൾ പലതും വരുംദിവസങ്ങളിൽ തുറക്കപ്പെടുമെന്നുറപ്പാണ്.

ശാസ്ത്രലോകത്തുനിന്ന്​ പിന്നെയും ഒരു വിപ്ലവം വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. ലോകത്ത് ഇന്നുവരെ പകർത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴക്കമുള്ള കാഴ്ചയുമായി വന്ന ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പാണ് ഹീറോ.

എത്ര പഴയതെന്ന് ചോദിച്ചാൽ, 1380 കോടി വർഷം പ്രായമുള്ള പ്രപഞ്ചത്തിന് 100 കോടിയിൽ താഴെ മാത്രം പഴക്കമുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന കാഴ്ച അതിലുണ്ട്. അതായത്, പ്രപഞ്ചത്തിന്റെ ഒരു ബാല്യകാല ചിത്രം! വർണാഭമായ, മനോഹരമായ വേറെയും ചില ചിത്രങ്ങൾ നാസ ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. സത്യത്തിൽ വാൾപേപ്പറാക്കാൻ പറ്റിയ കുറേ ചിത്രങ്ങൾ എടുക്കാനാണോ ആയിരം കോടി ഡോളറോളം ചെലവിട്ട് ഇത്തരമൊരു ബഹിരാകാശ സാഹസം നമ്മൾ മനുഷ്യർ നടത്തിയത്? അല്ലെങ്കിൽ പിന്നെന്താണ് ഇത്തരം പരീക്ഷണങ്ങളുടെ പ്രസക്തി?

സ്‌പെയ്‌സ് ടെലിസ്‌കോപ്പുകൾ

ദൂരദർശിനികളുടെ ജോലി, സാധാരണഗതിയിൽ മനുഷ്യനേത്രങ്ങൾക്ക് ദൃശ്യമല്ലാത്ത ദൂരദൃശ്യങ്ങൾ നമുക്ക് കാട്ടിത്തരുക എന്നതാണ്. (ദൃശ്യങ്ങളെ വലുതാക്കി കാണിക്കൽ ടെലിസ്‌കോപ്പിന്റെയല്ല, മൈക്രോസ്‌കോപ്പിന്റെ ജോലിയാണ്). സ്വയം പ്രകാശിക്കുകയോ, പ്രകാശം പ്രതിഫലിപ്പിക്കുകയോ ചെയ്യുന്ന എല്ലാ ആകാശവസ്തുക്കളിൽ നിന്നും പ്രകാശം ഭൂമിയിലെത്തുന്നുണ്ട്. പക്ഷേ സ്രോതസ്സിൽ നിന്ന് കൂടുതൽ ദൂരേയ്ക്ക് പോകുന്തോറും കൂടുതൽ വലിയ വിസ്താരത്തിലേയ്ക്ക് വീതിക്കപ്പെട്ടുപോകുന്നതിനാൽ ഒരു സ്ഥലത്ത് ലഭ്യമാകുന്ന പ്രകാശം തീരെ കുറയും. നമ്മുടെ കണ്ണുകൾക്ക്, കൃഷ്ണമണിയെന്ന, 5 മി.മി. മാത്രം വ്യാസമുള്ള ദ്വാരത്തിലൂടെ അകത്തേയ്‌ക്കെടുക്കുന്ന പ്രകാശം മാത്രമേ കാഴ്ചയ്ക്ക് ലഭ്യമാകൂ. ഒരേ മഴയിൽ കൂടുതൽ വാവട്ടമുള്ള പാത്രം കൂടുതൽ വെള്ളം ശേഖരിക്കുന്നതുപോലെ, കണ്ണിനുപകരം കുറച്ചുകൂടി വാവട്ടമുള്ള ഒരു പ്രകാശപ്പാത്രം- അതൊരു ലെൻസോ കണ്ണാടിയോ ആകാം- ഉപയോഗിച്ച് കൂടുതൽ പ്രകാശം ശേഖരിക്കുക എന്നതാണ് ടെലിസ്‌കോപ്പ് ചെയ്യുന്നത്.

ആദ്യം പുറത്തുവന്ന SMACS 0723 എന്ന ഗാലക്‌സിക്കൂട്ടത്തിന്റെ ചിത്രം / Photo : nasa.gov

ബഹിരാകാശത്തുനിന്ന് പ്രകാശം ശേഖരിക്കാൻ ശ്രമിക്കുമ്പോൾ ഒരു പ്രധാന പ്രശ്‌നമുണ്ട്. ഇത്തിരിപ്പോന്ന ഈ പ്രകാശം അന്തരീക്ഷം എന്ന വാതകപടലത്തിനകത്തുകൂടിയാണ് ഇവിടെയെത്തുന്നത്. അത് പ്രകാശത്തിന്റെ ഒരു ഭാഗത്തെ ചിതറിച്ചുകളയുകയും വക്രീകരിക്കുകയും ഒക്കെ ചെയ്യും. സൂര്യപ്രകാശം പോലെ തീവ്രമായ പ്രകാശത്തിന് അതത്ര വലിയ നഷ്ടമല്ല. പക്ഷേ വിദൂരനക്ഷത്രങ്ങളിൽ നിന്നും നക്ഷത്രക്കൂട്ടങ്ങളിൽ (ഗാലക്‌സികൾ) നിന്നുമൊക്കെ വരുന്ന നനുത്ത പ്രകാശത്തിൽ ഇത് സാരമായ പ്രശ്‌നമാണ്. ഇത് പരിഹരിക്കാനാണ് നാം ബഹിരാകാശ ടെലിസ്‌കോപ്പുകളുടെ സഹായം തേടുന്നത്. തീർച്ചയായും ഇത് വളരെ ചെലവും അധ്വാനവും വെല്ലുവിളികളും നിറഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ, അത്രയും ഗത്യന്തരമില്ലാത്ത കാര്യങ്ങൾക്കാണ് അവയെ ഉപയോഗപ്പെടുത്തുന്നത്.

ഹബിൾ നൽകിയ അറിവുകളെ അടുത്ത തലത്തിലേയ്ക്ക് ഉയർത്താനാണ് ജെയിംസ് വെബ്ബ് സ്‌പെയ്‌സ് ടെലിസ്‌കോപ്പ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഹബിൾ 2.4 മീറ്റർ വ്യാസമുള്ള ഒരു കണ്ണാടിയാണ് ഉപയോഗിച്ചത് എങ്കിൽ, ജെയിംസ് വെബ്ബ് ആ സ്ഥാനത്ത് 6.5 മീറ്റർ വ്യാസമുള്ള കണ്ണാടിയാണ് പ്രകാശം ശേഖരിക്കാൻ ഉപയോഗിക്കുന്നത്.

ടെലിസ്‌കോപ്പ് പ്രകാശം ശേഖരിക്കുന്നു എന്നുപറയുമ്പോൾ ഒരു സാങ്കേതികത കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകാശം എന്നത് അടിസ്ഥാനപരമായി വൈദ്യുതകാന്തിക തരംഗങ്ങളാണ്. അക്കൂട്ടത്തിൽ മനുഷ്യന്റെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത പ്രകാശങ്ങളും ഉണ്ട്. തരംഗദൈർഘ്യം വളരെ കുറഞ്ഞ ഗാമാ വികിരണങ്ങൾ മുതൽ വളരെ കൂടിയ റേഡിയോ തരംഗങ്ങൾ വരെയുള്ള പ്രകാശവർണരാജിയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന്റെ കണ്ണുകൾക്ക് തിരിച്ചറിയാൻ കഴിയൂ. അന്തമില്ലാതെ പരന്നുകിടക്കുന്ന ഈ അണ്ഡകടാഹത്തിൽ ഒരു കടുകുമണിയോളം പോലും പ്രസക്തമല്ലാത്ത ഭൂമിയെന്ന ചെറുതരിയിലെ കോടാനുകോടി ജീവികളിൽ ഒന്ന് മാത്രമായ മനുഷ്യന്റെ കണ്ണുകൾക്ക് എന്ത് കാണാം, എന്ത് കാണാൻ കഴിയില്ല എന്നത് പ്രപഞ്ചത്തിന് ഒരു മാനദണ്ഡമാകേണ്ട കാര്യമില്ലല്ലോ! അതിലെ പല പ്രതിഭാസങ്ങൾ പലതരം തരംഗദൈർഘ്യങ്ങളുള്ള പ്രകാശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലതരം പ്രകാശങ്ങൾ സ്വീകരിക്കാൻ പാകത്തിനുള്ള പലതരം സ്‌പെയ്‌സ് ടെലിസ്‌കോപ്പുകൾ നമ്മൾ ഉപയോഗിച്ചിട്ടുണ്ട്. അവയോരോന്നും ഒരേ പ്രപഞ്ചഭാഗങ്ങളുടെ വ്യത്യസ്ത ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അപ്പോഴും മനുഷ്യന്റെ കണ്ണുകൾക്ക് അവ എങ്ങനെ കാണപ്പെടുമോ അതാണ് ‘ശരിയായ ചിത്രം' എന്നൊരു തോന്നൽ നമുക്കുണ്ടാവുമല്ലോ. അതുകൊണ്ടുതന്നെ വാർത്തകളിൽ നിറയുന്നതും നമുക്ക് ആസ്വാദ്യകരമായി തോന്നുന്നതും ഒരുപക്ഷേ ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിൽ എടുത്ത ചിത്രങ്ങളായിരിക്കും. ദൃശ്യപ്രകാശത്തിൽ വിദൂര പ്രപഞ്ചചിത്രങ്ങൾ പകർത്തിയ ഹബിൾ സ്‌പെയ്‌സ് ടെലിസ്‌കോപ്പ് കൂട്ടത്തിൽ താരമായിരിക്കുന്നതിന് പിന്നിൽ അതും ഒരു കാരണമാണ്. മുപ്പതിലധികം വർഷങ്ങളായി തുടരുന്ന സേവനത്തിനിടെ പ്രപഞ്ചത്തെക്കുറിച്ച് വിലപ്പെട്ട നിരവധി അറിവുകൾ സമ്മാനിക്കാൻ ഹബിളിന് സാധിച്ചിട്ടുണ്ട്.

ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ ഇൻസ്ട്രുമെന്റ് മൊഡ്യൂളിലേക്ക് നിയർ ഇൻഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫ്(NIRSpec) ഘടിപ്പിക്കുന്നു.

പുതുമുഖം രംഗപ്രവേശം ചെയ്യുമ്പോൾ

ഹബിൾ നൽകിയ അറിവുകളെ അടുത്ത തലത്തിലേയ്ക്ക് ഉയർത്താനാണ് ജെയിംസ് വെബ്ബ് സ്‌പെയ്‌സ് ടെലിസ്‌കോപ്പ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഹബിൾ 2.4 മീറ്റർ വ്യാസമുള്ള ഒരു കണ്ണാടിയാണ് ഉപയോഗിച്ചത് എങ്കിൽ, ജെയിംസ് വെബ്ബ് ആ സ്ഥാനത്ത് 6.5 മീറ്റർ വ്യാസമുള്ള കണ്ണാടിയാണ് പ്രകാശം ശേഖരിക്കാൻ ഉപയോഗിക്കുന്നത്. ഇത്രയും വലിയ ഒറ്റക്കണ്ണാടി ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുക ഏതാണ്ട് അസാദ്ധ്യമായതിനാൽ, മടക്കിവെക്കാവുന്ന 18 കഷണങ്ങളായിട്ടാണ് അത് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് മടക്കുനിവർത്തി, തരിമ്പുപോലും മാറാതെ കൃത്യമായി ഒരു കണ്ണാടിപോലെ ആക്കിമാറ്റുക എന്നൊക്കെ പറഞ്ഞാൽ ഭൂമിയിൽ തന്നെ വലിയ സാങ്കേതിക വെല്ലുവിളിയാണ്. അപ്പോൾപ്പിന്നെ അത് ബഹിരാകാശത്ത് കൊണ്ടുപോയി ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് എത്ര ശ്രമകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഇതുപോലെ നിരവധി എഞ്ജിനീയറിങ് വെല്ലുവിളികൾ ജെയിംസ് വെബ്ബ് തരണം ചെയ്തിട്ടുണ്ട്. 1996 മുതൽ ആലോചന തുടങ്ങി, പല തവണ ചെലവ് അധികരിക്കലും, രൂപകല്പന മാറ്റലും ഒക്കെയായി വിക്ഷേപണം 2021 ഡിസംബർ വരെ വൈകിയത് അത്തരം കടമ്പകൾ കാരണമായിരുന്നു.

സ്‌പെയ്‌സ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോൾ, പരോക്ഷമായി മറ്റൊരു പ്രധാനഗുണം കൂടി നമുക്ക് കിട്ടുന്നുണ്ട്. പ്രകാശം ക്ലിപ്തമായ വേഗമുള്ള ഒരു തരംഗമാണ്. അതിന് ശൂന്യാകാശത്തുകൂടി സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഇത് മനുഷ്യന്റെ നിത്യജീവിതാനുഭവവുമായി താരതമ്യം ചെയ്യുമ്പോൾ അനന്തമായ വേഗമെന്ന് തോന്നാമെങ്കിലും, ബഹിരാകാശത്തെ ദൂരങ്ങൾ പരിഗണിച്ചാൽ പ്രകാശത്തിന് പോലും സമയമെടുത്ത് സഞ്ചരിച്ചെത്തേണ്ടിവരും. സൂര്യനിൽ നിന്ന്​ പ്രകാശം ഭൂമിയിലെത്തുന്നത് എട്ട് മിനിറ്റ് കൊണ്ടാണ്. അതായത്, ഇപ്പോൾ ഭൂമിയിൽ വീണുകൊണ്ടിരിക്കുന്ന വെയിൽ നോക്കിയാൽ ആ പ്രകാശം എട്ടു മിനിറ്റ് മുൻപ് സൂര്യനിൽ നിന്ന് പുറപ്പെട്ടതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മൾ കാണുന്ന സൂര്യൻ എട്ടു മിനിറ്റ് പഴയതാണ്! സൂര്യൻ നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ്. അതുകഴിഞ്ഞ് തൊട്ടടുത്ത നക്ഷത്രമായ പ്രോക്‌സിമാ സെന്റോറി എടുത്താൽ അത് പ്രകാശത്തിന് 4.2 വർഷം കൊണ്ടുമാത്രം സഞ്ചരിച്ചെത്താൻ പറ്റുന്നത്ര ദൂരെയാണ്! അത് 4.2 ‘പ്രകാശവർഷം' ദൂരെയാണ് എന്ന് പറയാം. അതായത്, നമ്മൾ കാണുന്ന പ്രോക്‌സിമ 4.2 വർഷം പഴയതാണ്. ഇപ്പോൾ അവിടുന്നുള്ള പ്രകാശം ഇനിയും 4.2 വർഷം കഴിഞ്ഞേ ഇവിടെത്തൂ.

മനുഷ്യരാശിയ്ക്ക് ഏതാനം ലക്ഷം വർഷങ്ങളുടെ പഴക്കമേയുള്ളൂ എന്നിരിക്കെ ഒരു നക്ഷത്രം ജനിച്ച് മരിയ്ക്കുന്നത് നിരീക്ഷിക്കുക അസാദ്ധ്യമാണ്. എന്നാൽ ഉൽപ്പത്തിമുതലുള്ള പരിണാമത്തിന്റെ പല ഘട്ടങ്ങളിലുള്ള കോടാനുകോടി നക്ഷത്രങ്ങൾ നമുക്ക് ലഭ്യമായതിനാൽ പരമാവധി നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതുവഴി ആ പ്രക്രിയയും മനസ്സിലാക്കിയെടുക്കാനാവും

ഇപ്രകാരം, ബഹിരാകാശ ദൂരദർശിനികൾ ദൂരേയ്ക്ക് മാത്രമല്ല നോക്കുന്നത്, ഒപ്പം സമയത്തിൽ പിന്നിലേയ്ക്ക് കൂടിയാണ് നോക്കുന്നത് എന്നുകാണാം. എത്രത്തോളം ദൂരേയ്ക്ക് നോക്കാമോ അത്രത്തോളം പഴയ ഒരു കാഴ്ചയാകും നമുക്ക് കാണാൻ കിട്ടുക. ഇതൊരു വലിയ സാധ്യതയാണ് തുറന്നിടുന്നത്. പ്രപഞ്ചത്തിന്റെ ചരിത്രം അറിയാൻ പരമാവധി ദൂരേയ്ക്ക് നോക്കുക എന്നൊരു ഉപായം ഇവിടെ തെളിയുന്നു. അവിടെയാണ് സ്‌പെയ്‌സ് ടെലിസ്‌കോപ്പുകൾ പ്രസക്തമാകുന്നത്.

ജെയിംസ് വെബ്ബ് ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. നാല് പ്രധാന ലക്ഷ്യങ്ങളാണ് അത് മുന്നിൽ കാണുന്നത്. പ്രപഞ്ചത്തിൽ ആദ്യമുണ്ടായ നക്ഷത്രങ്ങളേയും ഗാലക്‌സികളേയും നിരീക്ഷിക്കുക എന്നതാണ് ഒന്ന്. പ്രപഞ്ചത്തിന് 1380 കോടി വർഷം പഴക്കമുണ്ട് എന്നതുകൊണ്ട്, 1300 കോടി പ്രകാശവർഷം അകലെയുള്ള ഒരു വസ്തുവിനെ നമുക്ക് നിരീക്ഷിക്കാനായാൽ അത് പ്രപഞ്ചത്തിന് 80 കോടി വർഷം പഴക്കമുള്ളപ്പോഴുള്ള അവസ്ഥയിലായിരിക്കുമല്ലോ. അങ്ങനെ പ്രപഞ്ചത്തിന്റെ ശൈശവഘട്ടം നമുക്ക് വെളിപ്പെട്ടുകിട്ടുന്നു. ഇന്നീ കാണുന്ന ബഹിരാകാശവസ്തുക്കളൊന്നും പ്രപഞ്ചത്തോടൊപ്പം ഉണ്ടായവയല്ല. ആറ്റങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്‌സികൾ, ഗാലക്‌സിക്കൂട്ടങ്ങൾ എന്നിങ്ങനെ പടിപടിയായി ഉരുത്തിരിഞ്ഞാണ് അവയുണ്ടായത്. അങ്ങനെ പ്രപഞ്ചത്തിന്റെ സ്ഥൂലഘടനയുടെ പരിണാമം എങ്ങനെയാണ് നടന്നത് എന്ന് മനസ്സിലാക്കാനും ജെയിംസ് വെബ്ബ് പദ്ധതിയിട്ടിട്ടുണ്ട്.

അഞ്ച് ഗ്യാലക്‌സികളുടെ കൂട്ടമായ 'സ്റ്റീഫൻസ് ക്വിന്റെറ്റ്' എന്ന ഭാഗത്തിന്റെ ചിത്രം. ജെയിംസ് വെബ് പകർത്തിയ ആയിരത്തോളം ഇമേജ് ഫയലുകളിൽ നിന്നുള്ള വിവരങ്ങൾ കൂട്ടിയോജിപ്പിച്ച് തയ്യാറാക്കിയത്.

നെബുലകൾ എന്നറിയപ്പെടുന്ന ഭീമൻ മേഘപടലങ്ങളിൽ നിന്നും കോടിക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് നക്ഷത്രങ്ങൾ ജന്മമെടുക്കുന്നത്. എന്തായാലും മനുഷ്യരാശിയ്ക്ക് തന്നെ ഏതാനം ലക്ഷം വർഷങ്ങളുടെ പഴക്കമേയുള്ളൂ എന്നിരിക്കെ ഒരു നക്ഷത്രം ജനിച്ച് മരിയ്ക്കുന്നത് നിരീക്ഷിക്കുക എന്നത് അസാദ്ധ്യമാണ്. എന്നാൽ ഉൽപ്പത്തിമുതലുള്ള പരിണാമത്തിന്റെ പല ഘട്ടങ്ങളിലുള്ള കോടാനുകോടി നക്ഷത്രങ്ങൾ നമുക്ക് ലഭ്യമായതിനാൽ പരമാവധി നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതുവഴി ആ പ്രക്രിയയും നമുക്ക് മനസ്സിലാക്കിയെടുക്കാനാവും. അതിന് പുറമേ, അന്യനക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഗ്രഹവ്യൂഹങ്ങളെക്കുറിച്ചും അവയുടെ അന്തരീക്ഷത്തിന്റെ സ്വഭാവത്തെ കുറിച്ചുമൊക്കെ പഠിക്കാൻ ഈ ടെലിസ്‌കോപ്പിന് കഴിയും.

വ്യാഴത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഈ ഗ്രഹത്തിന്റെ ഫോട്ടോയെടുക്കുക പ്രയാസമാണ്. എന്നാൽ അവിടെനിന്നുള്ള പ്രകാശത്തിൽ ഏതൊക്കെ തരംഗദൈർഘ്യമുള്ള പ്രകാശങ്ങൾ ഏതൊക്കെ അളവിൽ അടങ്ങിരിക്കുന്നു എന്ന് നോക്കിയാൽ അവിടെ എന്തൊക്കെ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ട് എന്ന സൂചന കിട്ടും

ശാസ്ത്രദൃഷ്ടിയിൽ ഹബിൾ ടെലിസ്‌കോപ്പിൽ നിന്ന് ഇതിനുള്ള പ്രധാന വ്യത്യാസം, അത് ശേഖരിക്കുന്ന പ്രകാശത്തിന്റെ സ്വഭാവമാണ്. ഹബിൾ ദൃശ്യപ്രകാശത്തിലും അൾട്രാവയലറ്റിലും ആണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത് എങ്കിൽ, ജെയിംസ് വെബ്ബ് ഇൻഫ്രാറെഡിലാണ് ഊന്നൽ നൽകുന്നത്. മേൽപ്പറഞ്ഞ പ്രതിഭാസങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ കൂടുതലും ആ തരംഗദൈർഘ്യ പരിധിയിലാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ അവിടെ അധികമായി നേരിടേണ്ട ഒരു വെല്ലുവിളിയുണ്ട്. ഇൻഫ്രാറെഡ് എന്നത് താപവികിരണങ്ങളാണ്. എല്ലാ വസ്തുക്കളും അവയുടെ താപനിലയ്ക്ക് ആനുപാതികമായി ഇത് പുറത്തുവിടുന്നുണ്ട്. ബാഹ്യാകാശത്ത് അതിവിദൂരതയിൽ നിന്ന് വരുന്ന ഇൻഫ്രാറെഡിന്റെ പല മടങ്ങ് വികിരണങ്ങൾ ഭൂമിയിൽ തന്നെ പല സ്രോതസ്സുകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ‘രണ്ടാം ലാഗ്രാൻജ് പോയിൻറ്​' എന്ന് വിളിക്കപ്പെടുന്ന ഒരു സവിശേഷ സ്ഥാനത്ത് ഇതിനെ പ്രതിഷ്ഠിക്കേണ്ടിവന്നത്. ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നീ ഗോളങ്ങളുടെ സംയുക്ത ഗുരുത്വാകർഷണത്തിന്റെ പ്രത്യേകത കൊണ്ട് സന്തുലിതമായ ഒരു സ്ഥാനമാണത്. അവിടെ നിന്ന് നോക്കുമ്പോൾ ഭൂമി തന്നെ സദാസമയവും സൂര്യനെ പേടകത്തിൽ നിന്ന് മറയ്ക്കുന്നുണ്ടാകും. ഭൂമിയിൽ നിന്ന് ചന്ദ്രനെക്കാൾ നാല് മടങ്ങ് ദൂരെയാണ് ഈ സ്ഥാനം എന്നതുകൊണ്ട് ഭൂമിയിൽ നിന്നുള്ള ഇൻഫ്രാറെഡ് വികിരണങ്ങളും അവിടെ തീരെ കുറവായിരിക്കും.

മുന്നോട്ട് നോക്കുമ്പോൾ

നിലവിൽ അഞ്ച് ചിത്രങ്ങളാണ് ജെയിംസ് വെബ്ബ് പുറത്തുവിട്ടിരിക്കുന്നത്. ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പ് അതിന്റെ ലക്ഷ്യമായി കണക്കാക്കുന്ന വ്യത്യസ്ത ശാസ്ത്രമേഖലകളെ പ്രതിനിധീകരിച്ചാണ് അവ തെരെഞ്ഞെടുക്കപ്പെട്ടത് എന്നുവേണം മനസ്സിലാക്കാൻ.
ആദ്യം പുറത്തുവന്നത് SMACS 0723 എന്ന ഗാലക്‌സിക്കൂട്ടത്തിന്റെ ചിത്രമാണ്. ഒരു മണൽത്തരിയെടുത്ത് കൈയകലത്തിൽ മുകളിലേക്ക് നീട്ടിപ്പിടിച്ചാൽ അതിന് മറയ്ക്കാൻ കഴിയുന്നത്ര ചെറിയൊരു ആകാശഭാഗമാണ് ചിത്രത്തിൽ. അതിനുള്ളിൽ ആയിരക്കണക്കിന് ഗാലക്‌സികളെ കാണാനാകും. പ്രപഞ്ചത്തിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും റെസല്യൂഷൻ ഉള്ള, ഏറ്റവും ദൂരെയുള്ള വസ്തുക്കളെ ഉൾക്കൊള്ളുന്ന ചിത്രമാണിത്.

നക്ഷത്രപരിണാമത്തിന്റെ രണ്ട് വ്യത്യസ്തഘട്ടങ്ങളിലുള്ള രണ്ട് നെബുലകളുടെ ചിത്രങ്ങളാണ് അടുത്തത്. അതിൽ കരിന നെബുല ഏതാണ്ട് 8500 പ്രകാശവർഷം അകലെ നക്ഷത്രങ്ങൾ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ഒരു ആകാശമേഖലയാണ്. സതേൺ റിങ് നെബുലയാകട്ടെ ഒരു നക്ഷത്രം നശിച്ചുപോയ സമയത്ത് അതിൽ നിന്ന്​ പുറന്തള്ളപ്പെട്ട പദാർത്ഥങ്ങൾ പടർന്നുകിടക്കുന്ന ഒരു പ്രദേശമാണ്. (ഇതിനെ രണ്ട് വ്യത്യസ്ത തരംഗദൈർഘ്യങ്ങളുള്ള പ്രകാശങ്ങൾ ഉപയോഗിച്ച് ചിത്രമെടുത്തിട്ടുണ്ട്.) ഏതാണ്ട് 2500 പ്രകാശവർഷം ദൂരെയാണ് അതുള്ളത്.
‘സ്റ്റെഫാൻസ് ക്വിന്റെറ്റ്’ എന്ന് വിളിക്കപ്പെടുന്ന അടുത്ത ചിത്രം ഒരു ഗാലക്‌സിക്കൂട്ടത്തിന്റേതാണ്. 29 കോടി പ്രകാശവർഷം അകലെയുള്ള അഞ്ച് ഗാലക്‌സികളുടെ ഒരു കൂട്ടമാണിത്. ഇവകളിലെ വാതകപൊടിപടലങ്ങൾ പരസ്പരം ഇടകലർന്നുകൊണ്ടിരിക്കുകയും അവിടങ്ങളിൽ പുതിയ നക്ഷത്രങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

ജെയിംസ് വെബ് പകർത്തിയ NGC 3132 എന്ന നെബുലയുടെ രണ്ട് ചിത്രങ്ങൾ. ആദ്യത്തെ ചിത്രം 'നിയർ ഇൻഫ്രാറെഡ് ക്യാമറ' ഉപയോഗിച്ച് പകർത്തിയത്. രണ്ടാമത്തേത് 'മിഡ് ഇൻഫ്രാറെഡ് ക്യാമറ' ഉപയോഗിച്ച് പകർത്തിയത്. / Photo: NASA

WASP 96 b എന്നൊരു അന്യഗ്രഹത്തിന്റെ പ്രകാശ സ്‌പെക്​ട്രമാണ് അവശേഷിക്കുന്ന ചിത്രം. ഇത് കൃത്യമായ അർത്ഥത്തിൽ ഒരു ചിത്രമല്ല, മറിച്ച്, ഒരു ഡേറ്റാ ചിത്രീകരണമാണ്. 1120 പ്രകാശവർഷം അകലെ നമ്മുടെ തന്നെ ഗാലക്‌സിയിലെ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെ സംബന്ധിച്ച ഡേറ്റയാണത്. നമ്മുടെ വ്യാഴത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഈ ഗ്രഹത്തിന്റെ ഫോട്ടോയെടുക്കുക പ്രയാസമാണ്. എന്നാൽ അവിടെനിന്നുള്ള പ്രകാശത്തിൽ ഏതൊക്കെ തരംഗദൈർഘ്യമുള്ള പ്രകാശങ്ങൾ ഏതൊക്കെ അളവിൽ അടങ്ങിരിക്കുന്നു എന്ന് നോക്കിയാൽ അവിടെ എന്തൊക്കെ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ട് എന്ന സൂചന കിട്ടും. അവിടെ ജലവും, മേഘങ്ങൾ പോലുള്ള അന്തരീക്ഷപ്രതിഭാസവും ഒക്കെ ഉണ്ടെന്ന് വെബ്ബ് നമ്മോട് പറയുന്നു.

WASP 96 b എന്ന വിദൂരഗ്രഹത്തിന്റെ പ്രകാശ സ്‌പെക്​ട്രം

വാർത്തകൾ ഈ അഞ്ച് ചിത്രങ്ങളെ ചുറ്റിപ്പറ്റിയായിരിക്കുമ്പോഴും ശാസ്ത്രലോകത്തിന് അവ വെറും ആദ്യസാമ്പിളുകൾ മാത്രമാണ്. പൊതുജനം കണ്ടാസ്വദിക്കുന്ന മനോഹരമായ ആ ചിത്രങ്ങളുടെ രൂപത്തിലല്ല ശാസ്ത്രലോകം അവയെ ഉപയോഗിക്കാൻ പോകുന്നതും. ടെലിസ്‌കോപ്പ് ഇൻഫ്രാറെഡ് പ്രകാശത്തെയാണ് പ്രധാനമായും സ്വീകരിക്കുന്നത് എന്നുപറഞ്ഞല്ലോ. അത് നമ്മുടെ കണ്ണുകൾക്ക് കാണാനാവുന്നതല്ലതാനും. അതുകൊണ്ടുതന്നെ മനുഷ്യന്റെ കണ്ണുകൾക്ക് അനുയോജ്യമായി അവയെ ഒന്ന് പരുവപ്പെടുത്തിയാണ് ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലെടുത്ത പഴയ ചിത്രങ്ങളിൽ കളർ ചേർക്കുന്നതുപോലെ ഒരു കൃത്രിമപ്രക്രിയ കൂടി അതിലടങ്ങിയിട്ടുണ്ട്. ഇൻഫ്രാറെഡിൽ കിട്ടുന്ന ഡേറ്റ പൊതുജനത്തിന് യഥാതഥമായി ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല എന്നതിനാലാണ് അത് വേണ്ടിവരുന്നത്. ശാസ്ത്രജ്ഞർ ആ ഡേറ്റയിൽ നിന്ന് അറിവ് ഉണ്ടാക്കുന്നത് ചിത്രങ്ങളാക്കിയതിന് ശേഷമല്ല, അതിന് മറ്റ് അപഗ്രഥന മാർഗങ്ങൾ ഉണ്ട്. അവയിലൂടെ പ്രപഞ്ചരഹസ്യങ്ങളുടെ ഇനിയും തുറക്കാത്ത പൂട്ടുകൾ പലതും വരുംദിവസങ്ങളിൽ തുറക്കപ്പെടുമെന്നുറപ്പാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വൈശാഖൻ തമ്പി

ശാസ്ത്രഗവേഷകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്പരപ്പിക്കുന്ന ശാസ്ത്രസത്യങ്ങൾ, അഹം ദ്രവ്യാസ്മി പ്രപഞ്ചത്തിന്റെ പാസ്‌വേഡ് എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments