ഡിജിറ്റൽ ആൾക്കൂട്ടം ജനകീയാഭിപ്രായങ്ങളാണ്​ എന്ന്​ വിശ്വസിക്കാനാകില്ല

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

അശോകൻ ചരുവിൽ: സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ പിൻബലം. എല്ലാവിധ അധികാരത്തേയും രാഷ്ട്രീയ പാർട്ടികളെയും മതത്തേയും സാഹിത്യ കൃതികളയും വിലയിരുത്താനും വിമർശിക്കാനുമുള്ള അവകാശം പൗരർക്കുണ്ടായിരിക്കണം. വിമർശനത്തിനതീതമായ ഒരു ബിംബവും ഉണ്ടാകരുത്. ഇന്ത്യയിൽ നാം പിന്തുടരുന്ന ഫ്യൂഡൽ മൂല്യങ്ങൾ വിമർശനത്തേയും സംവാദത്തേയും തടസപ്പെടുത്തുന്നുണ്ട്. വിമർശിക്കേണ്ടതും വിമർശിക്കാതിരിക്കേണ്ടതുമായ ചിലതുണ്ട് എന്ന ധാരണ മാധ്യമങ്ങൾ പോലും പുലർത്തുന്നു. അവർണരെ വിമർശിക്കാം. കമ്യൂണിസ്റ്റുകാരനെ വിമർശിക്കാം. മതത്തിനു പുറത്തു നിൽക്കുന്നയാളെ വിമർശിക്കാം. എന്നാൽ മറിച്ചാവരുത് എന്ന ദൃഢബോധം അവർ പുലർത്തുന്നു. ഞാൻ ഇത്രകണ്ട് രാഷ്ട്രീയ നിരീക്ഷണം നടത്താത്ത (ഔദ്യോഗിക കാരണങ്ങളാൽ) ഒരു കാലത്ത് ഒരു പത്രം എന്നോട് കോളം എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അവർ വെച്ച ഒരു നിബന്ധന; മതത്തെ, അത് സ്വന്തം മതത്തെ ആയാലും വിമർശിക്കരുത് എന്നാണ്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിന്റെ ഭാഷ തികച്ചും ജനാധിപത്യപരമായിരിക്കണം. ഒരിക്കലും അസഭ്യമായിരിക്കരുത് (സഭ്യാസഭ്യങ്ങൾ എന്തെന്നത് കാലികവും ജനകീയവുമായ ഓഡിറ്റിംഗിനു വിധേയമാകണം).
ഇക്കാര്യത്തിൽ നമ്മുടെ സാഹിത്യവിമർശം പുലർത്തിപ്പോന്ന നിലപാടായിരിക്കും സ്വാഗതാർഹം. അവിടെ പരിഹാസവും കടന്നാക്രമണവും ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ട്രോളുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അത് സർഗ്ഗാത്മകമായ ഒരു മര്യാദ പുലർത്തിയിരുന്നു. അസഭ്യ പ്രയോഗം നടത്തുമ്പോൾ സംഭവിക്കുന്ന ഒരേയൊരു സംഗതി, ഉയർത്തുന്ന വിമർശനത്തിന്റെ ദൗർഭാഗ്യകരമായ പരാധീനത - പരിമിതി - വെളിപ്പെടുന്നു എന്നതു മാത്രമാണ്. പ്രകടിപ്പിക്കുന്നവരുടെ വികാര വിരേചനവും അതുണ്ടാക്കുന്ന ആത്മസംതൃപ്തിയുമാണ് അവിടെ ഉണ്ടാകുന്നത്.

സാഹിത്യത്തിന്റെ രൂപം (ഭാഷ ഉൾപ്പടെ) ഭാവത്തെ (ആശയത്തെ) ബാധിക്കുന്നു, നിർണയിക്കുന്നു എന്നു പറയുന്നതുപോലെയാണ്. സംവാദത്തിലെ ഭാഷ വളരെ പ്രധാനമാണ്. പക്ഷേ ആൾക്കൂട്ടം ഒന്നിച്ചു പങ്കെടുന്ന ഡിജിറ്റൽ സ്‌പേസിൽ ഇത് ഉണ്ടാകണമെന്നില്ല.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ഡിജിറ്റൽ സ്‌പേസ് അതിനുള്ള യാത്രയിലാണ്. ജനങ്ങൾ അവരുടെ രീതികളിൽ അതുപയോഗിക്കുന്നു എന്നു കണ്ട് നമ്മൾ പരിഭ്രമിക്കേണ്ട കാര്യമില്ല. നിരന്തരമായ ഇടപെടലുകളിലൂടെ ജനങ്ങൾ തന്നെ ശരിയായ വഴി കണ്ടെത്തും. അതിന് ആദ്യം വേണ്ടത് ഇവിടെ സമർത്ഥമായി കടന്നു നിൽക്കുന്ന മൂലധനത്തിന്റെ ഇടപെടൽ തിരിച്ചറിയുക എന്നതാണ്.

ഒരു കാര്യം ഉറപ്പ്, ഇന്ന് സമൂഹമാധ്യമങ്ങളെ ജീർണമാക്കുന്നത് സാധാരണ ജനങ്ങളുടെ ഇടപെടലോ അവരുടെ അപക്വമായ ഭാഷയോ അല്ല. മൂലധനശക്തികളുടെ സാന്നിധ്യമാണ്. വൻകിട പത്രങ്ങളുടെ ഓൺലൈൻ പോർട്ടലുകൾ എഴുതിവിടുന്ന അസഭ്യത്തിനും അശ്ലീലത്തിനും ഊഹാപോഹ പ്രചരണങ്ങൾക്കും സമാനമായി മറ്റൊന്നുമില്ല.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

പ്രത്യക്ഷത്തിൽ രണ്ടും രണ്ടാണെങ്കിലും ഫലം ഒന്നാണ്. ആഗോള രാഷ്ട്രീയ നീക്കങ്ങളുടെയും നിലവിലുള്ള വ്യവസ്ഥയുടേയും കരുവാകുമ്പോഴാണ് സമൂഹം ആൾക്കൂട്ടമാകുന്നത്. ഡിജിറ്റൽ അല്ലാത്ത സ്‌പേസിൽ ആൾക്കൂട്ട നിർമിതി അത്ര എളുപ്പമല്ല. സമരവും പ്രക്ഷോഭവും ആൾക്കൂട്ടമോ ആക്രമണമോ അല്ല എന്നു മനസ്സിലാക്കണം. ഡിജിറ്റൽ മേഖല കൂടുതൽ കൂടുതൽ കുത്തകവൽക്കരിക്കപ്പെടുകയും മൂലധനത്തിന്റെ കൈപ്പിടിയിലാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇവിടെ കാണുന്ന ആൾക്കൂട്ടം മനുഷ്യരുടേതാണ്, ജനകീയാഭിപ്രായങ്ങളാണ് എന്നു വിശ്വസിക്കാനാവില്ല. പുറത്തുള്ള ആൾക്കൂട്ടവും സമൂഹ മാധ്യമങ്ങളിലെ ആൾക്കൂട്ടവും തമ്മിലെ മറ്റൊരു വ്യത്യാസം പറയാം. പുറത്ത് ബഹളമുണ്ടാക്കുന്നത് പലപ്പോഴും സാമാന്യജനതയായിരിക്കും. അകത്ത് അത് മധ്യവർഗ ജീവികളാണ്, പുറമേക്ക് മാന്യമായ ഭാവം പ്രകടിപ്പിക്കുന്നവർ. ഫേസ്ബുക്കിൽ തെറി എഴുന്നവരിൽ പലരും ഉന്നത ഉദ്യോഗസ്ഥരും ബുദ്ധിജീവികളുമാണ്. ഈയിടെ എന്നെ പൂരത്തെറി വിളിച്ചത് പരിസ്ഥിതിവാദികൾ എന്ന് അവകാശപ്പെടുന്നവരാണ്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായ സൈബർ ആക്രമണങ്ങൾ നിരന്തരം നേരിട്ടു കൊണ്ടിരിക്കുന്നു. ഇത് ഞാൻ എടുക്കുന്ന കക്ഷിരാഷ്ട്രീയ നിലപാടു കൊണ്ടാണ് എന്നു പറയാനാവില്ല. പത്തു വയസ്സുള്ളപ്പോഴാണ്​ (ബാലസംഘം) ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്​. എന്റെ രാഷ്ട്രീയം ഞാൻ ഒരിക്കലും മറച്ചു വെച്ചിട്ടില്ല. ആക്രമണത്തിന് വിധേയനാവാൻ തുടങ്ങിയത് "അവർണ പക്ഷപാതം' പ്രകടിപ്പിക്കാൻ തുടങ്ങിയശേഷമാണ്. അത്രമാത്രം ശക്തമാണ് സൈബർ സ്‌പേസിലെ സവർണ പക്ഷം. ഞാൻ പലപ്പോഴും വ്യക്തമാക്കിയതുപോലെ പരിമിതമായിട്ടാണെങ്കിലും കേരളത്തിൽ നടന്ന സാമൂഹ്യ പരിവർത്തനത്തിന്റെ ഭാഗമായി പ്രിവിലേജുകൾ നഷ്ടപ്പെടും എന്നു കരുതുന്നവരാണ് അവർ. സാംസ്‌കാരിക രംഗത്തും മാധ്യമ രംഗത്തും ഇവരുടെ സാന്നിധ്യം ശക്തമാണ്. അവർണ പക്ഷ നിലപാടു സ്വീകരിക്കുന്നവരെ അവർ സഹിക്കും. കമ്യൂണിസ്റ്റ് ഇടതുപക്ഷത്തേയും കുറച്ചൊക്കെ സഹിക്കും. പക്ഷേ ഇതു രണ്ടും കൂടിക്കലർന്നവരെ അവർ ഒരിക്കലും സഹിക്കുകയില്ല. കാരണം ആ കൂട്ടായ്മയുടെ കരുത്ത് അവർ തിരിച്ചറിയുന്നുണ്ട്.

സൈബർ സ്‌പേസിലെ ആക്രമണങ്ങളെ ഞാൻ കാര്യമാക്കുന്നില്ല. ശാരീരികവും മാനസികവുമായ കടന്നാക്രമണങ്ങളെ നേരിട്ട മുൻഗാമികളുടെ കരുത്ത് കുറച്ചെങ്കിലും എനിക്ക് ലഭിച്ചിട്ടുണ്ട്. 1948-50 കാലത്ത് ഇരിങ്ങാലക്കുട ലോക്കപ്പിൽ മർദ്ദനമേറ്റ് തലയോടു പൊട്ടിയ നിരവധി പേരെ കണ്ടു വളർന്നതാണ്. കൂടുതൽ ആക്രമണമുണ്ടാവുമ്പോൾ സംതൃപ്തിയാണ് തോന്നുക. എന്റെ വാക്കുകൾ ഫലശൂന്യമായില്ല എന്ന സംതൃപ്തി.


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments