പുതിയ കാലത്തെ കുട്ടികളെ കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും ചില പരാതികളുണ്ട്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം എന്നതാണ് അതിൽ മുഖ്യമായ ഒന്ന്. കംപ്യൂട്ടർ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നവർ പോലും മൊബൈൽ ഉപയോഗത്തെ ആശങ്കയോടെയാണ് കാണുന്നത്. ഗെയിമുകൾ, എൻ്റർടൈൻമെൻറ് മാത്രം ലക്ഷ്യമാക്കിയുള്ള സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗമാവാം ഈ ആശങ്കക്കു കാരണം. എന്നാൽ കൃത്രിമബുദ്ധി (AI), റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), വെബ് 3, ബ്ലോക്ക്ചെയിൻ, ത്രിമാന അച്ചടി, ജനിതക എഞ്ചിനീയറിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ ലോകം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഭാവിയിലേക്ക് വളരുന്ന കുട്ടികളെ അതിൽ നിന്ന് മാറ്റി നിർത്തുന്നത് അനുഗുണമാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
മൊബൈൽ ഫോണുകളുടെ ദുരുപയോഗം കുറച്ച് സദുപയോഗം പ്രോത്സാപ്പിക്കുകയാണ് ഇതിൽ കൂടുതൽ ഉചിതമാവുക. മൊബൈൽ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയെല്ലാം ഉപയോഗിക്കുമ്പോൾ തീർച്ചയായും നമ്മൾ ആശങ്കപ്പെടേണ്ടത് അമിതമായ സ്ക്രീൻ ടൈമിനെക്കുറിച്ചാണ്. അമേരിക്കൻ പീഡിയാട്രിക് അസോസിയേഷൻ രണ്ടു മണിക്കൂറാണ് കുട്ടികൾക്ക് അനുവദിച്ച സ്ക്രീൻ സമയം. അതിനാൽ കൃത്യമായ ഒരു സമയക്രമം ഉണ്ടാക്കിയ ശേഷമായിരിക്കണം ഡിവൈസുകളുടെ ഉപയോഗത്തെക്കുറിച്ച് ആലോചിക്കേണ്ടത്. ഈ കാഴ്ചപ്പാടിൽ നിൽക്കുന്നവർക്ക് ഉപയോഗിക്കാവുന്ന നിർമിത ബുദ്ധിയിലധിഷ്ഠിതമായ ഭാഷാ മോഡലുകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. ചാറ്റ് ജി.പി.ടി, ഗൂഗ്ൾ ബാർഡ് തുടങ്ങി മനുഷ്യരെ പ്പോലെ ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ പ്രതികരണങ്ങൾ നൽകാനും സംഭാഷണത്തിൽ ഏർപ്പെടാനും കഴിവുള്ള ഒരു പാട് ചാറ്റ് ബോട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. മനുഷ്യഭാഷ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനാലാണ് ഇതിനെ ഭാഷാ മോഡൽ എന്ന് വിളിക്കുന്നത്.
സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠനം ആരംഭിക്കുന്നതിനു മുൻപേ കുട്ടികളിൽ സ്വയാർജിത പഠനബോധം സൃഷ്ടിക്കാൻ നമുക്ക് കഴിയണം. അങ്ങനെയുള്ളവർക്കാണ് ചാറ്റ് ബോട്ടുകൾ പോലുള്ളവ കൃത്യതയോടെ ഉപയോഗിക്കാൻ സാധിക്കുക.
എന്താണ് ചാറ്റ് ബോട്ടുകൾ
എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ അതിന് കൃത്യമായി മറുപടി നിമിഷങ്ങൾക്കകം നൽകാൻ കഴിയുന്ന ഒരു തരം ചാറ്റ് ബോക്സുകളാണ് ചാറ്റ് ബോട്ടുകൾ. എന്നാൽ ഗൂഗ്ൾ പോലുള്ള സെർച്ച് എഞ്ചിനുകൾ നൽകുന്നപോലെ പല നിർദ്ദേശങ്ങൾ നൽകുകയല്ല, പകരം നിർദ്ദിഷ്ട ഉത്തരം തന്നെ ലഭ്യമാക്കുന്ന, കുറച്ചുകൂടി സൂക്ഷ്മതയുള്ളതും ആ വിഷയത്തിൽ ഉണ്ടാവുന്ന അനുബന്ധ ചോദ്യങ്ങൾക്കുപോലും ഒരു സുഹൃത്തിനെ പോലെ മറുപടി നൽകാൻ കഴിയുന്നതുമായ കൃത്രിമബുദ്ധിയുമായി നടത്തുന്ന ഒരു തരം ചാറ്റിംഗ് തന്നെയാണ് ചാറ്റ് ബോട്ടുകൾ. ഇത് ഏതു വിഷയത്തെ കുറിച്ചുള്ള അന്വേഷണവുമാവാം. ഉത്തരങ്ങൾ എപ്പോഴും ചാറ്റ് ജി.പി.ടിയുടെ കയ്യിൽ ഭദ്രമായിരിക്കും. വിഷയം നൽകിയാൽ കവിത എഴുതാനും കഥ എഴുതാനും എഴുതിയ കവിതകൾ എഡിറ്റ് ചെയ്യാനുമെല്ലാം ചാറ്റ് ബോട്ടുകൾക്ക് കഴിയും. ഇത്തരത്തിലുള്ള ഒരു ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടി.യിലെ ജി സൂചിപ്പിക്കുന്നതും യന്ത്രത്തിൻ്റെ ജനറേറ്റ് ചെയ്യാനുള്ള ഈ കഴിവിനെ തന്നെ.
ഓപ്പൺ എ.ഐ. എന്ന കമ്പനി സൃഷ്ടിച്ച ഈ ചാറ്റ് ബോട്ടിൻ്റെ ജനകീയ സ്വീകരണം ഇത്തരത്തിലുള്ള ധാരാളം ചാറ്റ് ബോട്ടുകൾ നിർമ്മിക്കുന്നതിലേക്ക് വിവിധ കമ്പനികളെ നയിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗ്ൾ പുറത്തിറക്കിയ 'ഗൂഗ്ൾ ബാർഡ്' ഈ മേഖലയിലേക്ക് വന്ന ഒരു ചാറ്റ് ബോട്ടാണ്. ജി.മെയിൽ, ഗൂഗ്ൾ ഡോക്സ് തുടങ്ങിയ അപ്ളിക്കേഷനുകളുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം കൂടി ബാർഡ് നൽകുന്നുണ്ട്. മൈക്രോസോഫ്റ്റ്, ഫേസ് ബുക്ക് പോലുള്ള കമ്പനികളടക്കം ധാരാളം ചാറ്റ് ബോട്ടുകൾ വിവിധ തരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിന്നാണ് ഇത്തരം ചാറ്റ് ബോട്ടുകൾ പഠനബോധന പ്രക്രിയകളെ എങ്ങനെ സഹായിക്കുന്നു എന്നും അവ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നും അന്വേഷിക്കേണ്ടത്.
കുട്ടിയ്ക്ക് ഒരു വർച്വൽ സുഹൃത്ത് എന്ന രീതിയിലും നമുക്ക് ഈ സംവിധാനത്തെ കാണാം. ഉയർന്ന ബൗദ്ധിക നിലവാരത്തിൽ ചർച്ചകൾ നടത്താനും അതുവഴി ക്രിയാത്മക ചിന്ത വളർത്താനും സാധിക്കുന്ന ഒരു വർച്വൽ സുഹൃത്തായിരിക്കും ഇത്.
സ്വയം നിർദ്ദേശിക്കപ്പെട്ട പഠനം (Self Directed Learning) എന്ന രീതിയാണ് കുട്ടികളിൽ വളർന്നു വരേണ്ട ശീലം. അന്വേഷണാത്മകമായതോ പ്രചോനാത്മകമോ ആയ സാഹചര്യങ്ങളാണ് അധ്യാപകരും രക്ഷിതാക്കളും അതിനായി ഒരുക്കേണ്ടത്. പല വികസിത രാജ്യങ്ങളിലേയും കുട്ടികളിൽ പഠനം തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന ബോധം സൃഷ്ടിക്കാൻ മുതിർന്നവർക്ക് കഴിഞ്ഞിട്ടുണ്ട്. നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നാട്ടിൽ അത് ഇപ്പോഴും അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ ഉത്തരവാദിത്തമാണ് എന്ന ബോധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠനം ആരംഭിക്കുന്നതിനു മുൻപേ കുട്ടികളിൽ സ്വയാർജിത പഠനബോധം സൃഷ്ടിക്കാൻ നമുക്ക് കഴിയണം. അങ്ങനെയുള്ളവർക്കാണ് ചാറ്റ് ബോട്ടുകൾ പോലുള്ളവ കൃത്യതയോടെ ഉപയോഗിക്കാൻ സാധിക്കുക.
ആർടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ബോധനവും പഠനവും
തൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഒരു വ്യക്തിഗത ട്യൂഷൻ നൽകുന്ന അധ്യാപകരെ പോലെ മറുപടി പറയാൻ എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടിൽ സാധിക്കും. കുട്ടിയെ മനസ്സിലാക്കി മറുപടി കൊടുക്കുന്നത് പോലെ തന്നെ ആവശ്യാനുസരണം എല്ലാ വിശദീകരണവും വിദ്യാർത്ഥികൾക്ക് ചാറ്റിലൂടെ ലഭ്യമാകും. തുടർ ചോദ്യങ്ങളോ ഉദാഹരണസഹിതമുള്ള വിശദീകരണമോ ആവശ്യമെങ്കിൽ അവ നൽകാൻ ഇത്തരം ചാറ്റുബോട്ടുകൾക്ക് സാധിക്കും. ഓരോ കുട്ടിയ്ക്കും അവരവരുടെ പഠന വേഗതക്കനുസൃതമായി മുന്നോട്ടു പോവാൻ സഹായിക്കും. ഈ വ്യക്തിഗത സമീപനം സങ്കീർണ്ണമായ ആശയങ്ങൾ പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ പ്രാപ്തമാക്കും. ഇത് അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയും വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തുകയും ചെയ്യും.
ആശയവിനിമയശേഷിയും ഭാഷാപരിജ്ഞാനവും വളർത്താനുള്ള ഒരു മാർഗ്ഗമായും നമുക്ക് എ.ഐ. ചാറ്റ് ബോട്ടുകളെ ഉപയോഗപ്പെടുത്താം. സന്ദർഭാനുസൃതമായ സംഭാഷണങ്ങളാണ് കുട്ടികളുടെ ഭാഷാർജന ശേഷിയെ സഹായിക്കുക. മാത്രമല്ല ഭാഷാ പ്രയോഗം, വ്യാകരണം, പദാവലി എന്നിവയിൽ ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും കുട്ടികൾക്ക് കഴിയും. ഇത്തരം ഇടപെടലുകൾ ഒരേ സമയം ഭാഷണത്തിലൂടെയും, എഴുത്തിലൂടെയുമുള്ള ആശയവിനിമയ ശേഷിയും അതുവഴിയുള്ള ആത്മവിശ്വാസവും വർദ്ധിപ്പിക്കും
കുട്ടിയ്ക്ക് ഒരു വർച്വൽ സുഹൃത്ത് എന്ന രീതിയിലും നമുക്ക് ഈ സംവിധാനത്തെ കാണാം. വൈകാരികമായ ഒരു ഇടപെടൽ സാധ്യമല്ലെങ്കിലും മെസ്സേജുകൾ തയ്യാറാക്കി കൊടുക്കുക, സാമൂഹ്യ മാധ്യമങ്ങൾക്ക് വേണ്ട കമൻ്റുകളോ പോസ്റ്റുകളോ തയാറാക്കുക തുടങ്ങിയവയൊക്കെ സുഹൃത്തിനോടെന്ന പോലെ സ്വതന്ത്രമായി ആവശ്യപ്പെടാം. ഉയർന്ന ബൗദ്ധിക നിലവാരത്തിൽ ചർച്ചകൾ നടത്താനും അതുവഴി ക്രിയാത്മക ചിന്ത വളർത്താനും സാധിക്കുന്ന ഒരു വർച്വൽസുഹൃത്തായിരിക്കും ഇത്. സങ്കീർണമായ വിഷയങ്ങളെ പോലും വൈവിധ്യമായ അന്വേഷണത്തിലൂടെയുള്ള പ്രശ്ന പരിഹരണം നടത്തുകയും അത് കുട്ടിയുടെ ബൗദ്ധിക വികസനത്തെ സഹായിക്കുകയും ചെയ്യും.
ലോകോത്തരമായ വിവിധ വിവരങ്ങളിലേക്കുള്ള പ്രാപ്യത ഒരു വിദ്യാർത്ഥിക്ക് അഭികാമ്യമാണ്. എന്തെങ്കിലും ഒരു വിവരം ഒരാൾ സെർച്ച് എഞ്ചിനിൽ അന്വേഷിച്ചാൽ ഒട്ടനവധി ഉത്തരങ്ങളാണ് ലഭിക്കുക. അതിൽ നിന്ന് സുക്ഷ്മമായ വിവരം വേർതിരിച്ചെടുക്കൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ചാറ്റ് ബോട്ടുകളിലൂടെ ഒരു ഉത്തരം മാത്രം ലഭിക്കും. അവയ്ക്ക് കൂടുതൽ വിശകലനങ്ങൾ ആവശ്യമെങ്കിൽ ആവർത്തിച്ചുള്ള ചോദ്യങ്ങളിലൂടെ നമുക്ക് കൂടുതൽ വ്യക്തത വരുത്താനും സാധിക്കും.
സഹകരാണാത്മക പഠന സാധ്യതകളെ ഉപയോഗപ്പെടുത്താൻ നമുക്ക് ചാറ്റ് ബോട്ടുകളുടെ സഹായം ലഭ്യമാക്കാം.
വിദ്യാർത്ഥികളുമായി സംവാദത്തിൽ ഏർപ്പെട്ട് സഹകരിച്ചുള്ള പഠനാനുഭവങ്ങൾ സുഗമമാക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെട്ട് സഹകരണാത്മകവും സംവേദനാത്മകവുമായ പഠന അന്തരീക്ഷം വളർത്തിയെടുക്കാനും കഴിയും.
വലിയ പ്രബന്ധങ്ങൾ അടക്കം സംഗ്രഹിച്ച് നൽകാനും നൽകുന്ന വിവരങ്ങളെ ക്രോഡീകരിച്ചു നൽകാനുമെല്ലാം ചാറ്റ് ബോട്ടുകൾ കുട്ടികളെ സഹായിക്കും. നമ്മൾ തയ്യാറാക്കിയ വിവരണങ്ങൾ ആവശ്യമായ ഭാഷാവസ്തുതകൾ തിരുത്തി നമ്മുടെ ലേഖനങ്ങളെയോ നോട്ടുകളേയോ ഒക്കെ ഭാഷാപരമായ തെറ്റുകൾ ശരിയാക്കി ഏതു ശൈലിയാണോ നമുക്ക് ആവശ്യം ആ ഭാഷാശൈലിയിൽ നമ്മുടെ രചനകളെ ചാറ്റ് ബോട്ടുകൾ മാറ്റിത്തരും.
കുട്ടികൾക്ക് പഠനപുരോഗതി സ്വയം വിലയിരുത്താൻ ഉതകുന്ന തരത്തിലുള്ള പരീക്ഷകൾ ചാറ്റ് ബോട്ട് ഉപയോഗിച്ച് നടത്താൻ സാധിക്കും. വിവിധ തരത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കി നൽകാൻ സാധിക്കുമെന്നതിനാൽ സാധാരണ പരീക്ഷയുടെ അതേ സാധ്യതകൾ ഇതിലൂടെ ലഭ്യമാവും. കുട്ടികൾ തയാറാക്കുന്ന ഉത്തരങ്ങൾ അവലോകനം ചെയ്ത് നിർദ്ദേശങ്ങൾ നൽകുന്നതിനും ഇത് സഹായിക്കും.
ചാറ്റ്ബോട്ടുകൾ കുട്ടികളെ സംബന്ധിച്ച് രസകരവും ആകർഷകവുമാണ്. ആസ്വദിച്ച് പഠിക്കാൻ അത് സഹായിക്കുകയും അവർക്ക് തുടർന്നും പഠിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ അത് പോലെ തന്നെ ചില ദൂഷ്യങ്ങൾ കൂടി ഇതിനുണ്ട് എന്ന കാര്യവും പരിഗണിക്കാതിരിക്കരുത്.
ചാറ്റ് ബോട്ടുകൾ ഉയർത്തുന്ന വെല്ലുവിളികൾ
കുട്ടികളെ ഉദ്ദേശിച്ചല്ല ചാറ്റ് ബോട്ടുകൾ സൃഷ്ടിക്കപ്പെട്ടത് മാത്രമല്ല അതൊരു പഠനത്തിൻ്റെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മിക്കപ്പെട്ടതുമല്ല. പകരം അവയെ പഠനാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്. ചോദ്യങ്ങളെ റിവേർഡ് ചെയ്താണ് ചാറ്റ് ബോട്ടുകൾ ഉത്തരം നൽകുക എന്നതിനാൽ ചിലതിന് ഉത്തരമില്ലാതിരിക്കാനും ചില ചോദ്യങ്ങൾ തെറ്റിധരിച്ച് തെറ്റായ ഉത്തരം നൽകാനും സാധ്യത ഉണ്ട്. ഇത് മനസ്സിലാക്കി മുന്നോട്ട് നീങ്ങുന്നതിന് ചിലപ്പോൾ കുട്ടികൾക്ക് സാധിച്ചു എന്ന് വരില്ല. തൻ്റെ ചോദ്യം തെറ്റി എന്നു മനസ്സിലാക്കാതെ ഉത്തരം ശരിയെന്ന് കുട്ടി തെറ്റി ധരിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ അവ സൃഷ്ടിക്കുമല്ലോ.
പല തരത്തിലുമുള്ള ദത്തങ്ങളെ നൽകുകയാണ് ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ ചെയ്യുന്നത്. അവ മാനസിക പ്രക്രിയയിലൂടെ വളർത്തിയാണ് ഇൻഫർമേഷൻ, അറിവ് തുടങ്ങിയ ഉയർന്ന ചിന്താ പ്രക്രിയയിലേക്ക് വളരുന്നത്. എന്നാൻ ചാറ്റ് ബോട്ടുകൾ നൽകുന്നത് പ്രോസസ് ചെയ്ത ഡാറ്റകളാണ്. സ്വതന്ത്രമായ ചിന്തയോ നിരന്തരമായ അനേഷണമോ ആവശ്യമില്ലാതെ വിവരങ്ങൾ ലഭ്യമാവും എന്നതിനാൽ തന്നെ ഇവ ചിന്താ ശേഷിയെ കുറക്കുമോ എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്.
അധ്യാപകർ നിർദ്ദേശിക്കുന്ന അസൈൻ്റ്മെൻ്റുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾ ഇത്തരം ചാറ്റ് ബോട്ടുകളെ ആശ്രയിക്കുമെന്നും രചനാത്മക പ്രവർത്തനങ്ങളുടെ പ്രസക്തി നഷ്ടമാക്കും എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. ഒരു ഐ.ഐ.ടി. പ്രൊഫസർ വിദ്യാർത്ഥികൾക്ക് നൽകിയ അസൈൻമെൻറിൽ ചാറ്റ് ജി. പി.ടി. ഉപയോഗിക്കാമെന്ന് നോട്ട് കൊടുത്തത് സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. കാലാനുസൃതമായി അധ്യാപകരാണ് മാറേണ്ടത് എന്നാണ് ഇവ ഓർമിപ്പിക്കുന്നത്.
അനുചിതമായ ഉള്ളടക്കം ആക്സസ് ചെയ്യാൻ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാമെന്നതിനാൽ ഉചിതമായ ആവശ്യങ്ങൾക്ക് മാത്രമേ ചാറ്റ്ബോട്ട് ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതും പ്രധാനമാണ്. മനുഷ്യ അധ്യാപകരെ പോലെ ഇടപെടാൻ ചാറ്റ് ബോട്ടുകൾക്ക് സാധ്യമല്ല. അതിനാൽ ചാറ്റ്ബോട്ടുകളുടെ പരിമിതികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും രക്ഷിതാക്കളുടെ മേൽനോട്ടമുണ്ടാവേണ്ടതുമാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.