ഇതാ, പ്രപഞ്ചത്തിന്​ ഒരു സമയയന്ത്രം

ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള പഴയ ധാരണകളെ പൊളിച്ചെഴുതുന്നതിനും നവീകരിക്കുന്നതിനും അഭൂതപൂർവ്വമായ സംഭാവനകളാണ് ഹബ്ൾ ടെലസ്‌ക്കോപ്പ് നൽകിയത്. ജ്യോതിശാസ്ത്രം ഹബ്‌ളിനു മുമ്പും പിമ്പും എന്നു വേർതിരിയുന്നു. പഴയ പ്രപഞ്ചത്തിലല്ല ഹബ്‌ളിനു ശേഷം നാം ജീവിക്കുന്നത്. ഇത്​ ഹബ്​ൾ ടെലസ്​കോപ്പിന്റെ മുപ്പതാം വർഷമാണ്​

പ്രപഞ്ചത്തെ കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ മാറ്റങ്ങൾക്കും തിരുത്തലുകൾക്കും വിധേയമാക്കിയ നിരവധി വിപ്ലവങ്ങളെ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്നും നമുക്കു കണ്ടെടുക്കാവുന്നതാണ്. അവയിൽ, കോപ്പർനിക്കസിന്റെ പേരിൽ അറിയപ്പെടുന്ന വിപ്ലവം വളരെ പ്രാധാന്യമുള്ള ഒന്നത്രെ! അവന്റെ അരുമയായ മനുഷ്യന്​ വസിക്കാൻ സ്രഷ്ടാവ് തെരഞ്ഞെടുത്തു നൽകിയ ഭൂമിയെ കേന്ദ്രമാക്കുന്ന ലോകത്തിനു പകരം സൂര്യകേന്ദ്രലോകത്തെ സ്ഥാപിക്കുന്ന വിപ്ലവമാണ് കോപ്പർനിക്കസിലൂടെ സംഭവിച്ചത്. സൂര്യനെന്ന നക്ഷത്രത്തെ ചുറ്റുന്ന ഒരു ചെറിയ ഗ്രഹമായി ഭൂമി മാറ്റപ്പെട്ടു. ഗലീലിയോയും മറ്റും നിർമ്മിച്ച ദൂരദർശിനികളിലൂടെ സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ കാണുന്നതിനും കോപ്പർനിക്കസിന്റെ സൗരയൂഥസങ്കൽപ്പനങ്ങളെ ഉറപ്പിക്കുന്നതിനും പിന്നീടു കഴിയുന്നുണ്ട്.

ഗലീലിയോ ഗലീലി
ഗലീലിയോ ഗലീലി

പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെയാണെന്നു നിർണയിക്കുന്നതിനും ഉറപ്പിക്കുന്നതിനും ആദ്യകാലദൂരദർശിനികൾക്കു തന്നെ കഴിയുന്നു.

പിൽക്കാലത്ത്, ആധുനികശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും വൻ തോതിലുള്ള വികാസത്തിന്റെ ഫലമായി എത്രയോ ക്ഷമതയേറിയ ദൂരദർശിനികൾ നിർമിക്കപ്പെട്ടിരിക്കുന്നു!

ഒരു പുതിയ പ്രപഞ്ചം

ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന എഡ്വിൻ ഹബ്‌ളിന്റെ പേരിൽ അറിയപ്പെടുന്ന ഹബ്ൾ ടെലസ്‌ക്കോപ്പ്, പരീക്ഷണാത്മകശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും മണ്ഡലത്തിൽ ഇപ്പോഴും ഒരു വിസ്മയമാണ്. 1990 ഏപ്രിൽ 24നു വിക്ഷേപിക്കപ്പെട്ട ഈ ദൂരദർശിനിയിലൂടെ മനുഷ്യൻ ഒരു പുതിയ പ്രപഞ്ചത്തെ കാണുകയായിരുന്നു! ഭീമാകാരങ്ങളായ നിരവധി ഗാലക്‌സികൾ നിറഞ്ഞ പ്രപഞ്ചത്തിൽ, ശരാശരി വലിപ്പം മാത്രമുള്ള ആകാശഗംഗ എന്ന ഗാലക്‌സിയിലെ അതിസാധാരണമായ ഒരു ചെറുനക്ഷത്രത്തിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഗ്രഹത്തിലാണ് താൻ വസിക്കുന്നതെന്നു പ്രപഞ്ചകേന്ദ്രസ്ഥാനീയനെന്നു കരുതിയിരുന്ന മനുഷ്യന് സ്വന്തം കാഴ്ചയിലൂടെ തന്നെ ബോദ്ധ്യപ്പെടുകയായിരുന്നു!

ഒരു ചെറുനക്ഷത്രത്തിനെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഗ്രഹത്തിലാണ് താൻ വസിക്കുന്നതെന്നു പ്രപഞ്ചകേന്ദ്രസ്ഥാനീയനെന്നു കരുതിയിരുന്ന മനുഷ്യന് സ്വന്തം കാഴ്ചയിലൂടെ തന്നെ ബോദ്ധ്യപ്പെടുകയായിരുന്നു!

ഭൗതികപ്രപഞ്ചത്തെ കുറിച്ചുള്ള പഴയ ധാരണകളെ പൊളിച്ചെഴുതുന്നതിനും നവീകരിക്കുന്നതിനും പുതിയ ധാരണകളെ സ്വരൂപിക്കുന്നതിനും അഭൂതപൂർവ്വമായ സംഭാവനകളാണ് ഹബ്ൾ ടെലസ്‌ക്കോപ്പ് നൽകിയത്

1,63,000 പ്രകാശവർഷങ്ങൾക്കകലെ, നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന മെഗല്ലനിക് ക്ലൗഡിന്റെ മേഖലയിൽ ഭീമാകാരമായ ഒരു ചെമപ്പു നെബുല (എൻ.ജി.സി 2014)യുടേയും അതിന്റെ അയൽപക്കത്തുള്ള നീല നെബുലയുടേയും(എൻ.ജി.സി 2020)ഛായാചിത്രങ്ങൾ വരച്ചെടുത്തു കാണിച്ചു കൊണ്ട് ഹബ്ൾ ടെലസ്‌ക്കോപ്പ് അതിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുകയാണ്. മറ്റൊരു ഗാലക്‌സിയിൽ സംഭവിക്കുന്ന നക്ഷത്രജനനങ്ങൾക്കിടയിലെ അഗ്നിക്കൊടുങ്കാറ്റിനെ ആലേഖനം ചെയ്തു കൊണ്ട് പ്രപഞ്ചത്തിന്റെ സൗന്ദര്യത്തേയും നിഗൂഢതയേയും ഒരേ സമയം തുറന്നു കാണിക്കുന്നു, ഇത്.

എൻ.ജി.സി 2014
എൻ.ജി.സി 2014

ചരിത്രത്തിൽ ഒരിക്കലും ഇല്ലാതിരുന്ന കാഴ്​ച

ഭൂമിക്ക്​ 558 കിലോമീറ്റർ മുകളിൽ, ഭൗമാന്തരീക്ഷത്തിനു പുറത്തുള്ള ഒരു ഭ്രമണവലയത്തിൽ ഭൂമിയെ ചുറ്റി സഞ്ചരിച്ചാണ് ഈ കൂറ്റൻ ദൂരദർശിനി പ്രപഞ്ചത്തെ നോക്കുന്നത്. അതു വീക്ഷിക്കുന്ന പ്രപഞ്ചവസ്തുക്കളിൽ നിന്നുള്ള പ്രകാശത്തെ ഒരു കണ്ണാടിയിൽ പ്രതിഫലിപ്പിച്ചു ശേഖരിക്കുകയും ശാസ്‌ത്രോപകരണങ്ങളുടെ സംവേദിനികൾ കൊണ്ടു പരിശോധിക്കുകയും ചെയ്യുന്നു. ദൃശ്യപ്രകാശത്തോടൊപ്പം അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് കിരണങ്ങളെ കൂടി സംവേദനം ചെയ്യാൻ കഴിവുള്ള ആറു ക്യാമറകൾ ശാസ്‌ത്രോപകരണങ്ങളുടെ ഭാഗമായുണ്ട്. ഹബ്ൾ ടെലസ്‌ക്കോപ്പിന്റെ ആദ്യത്തെ ദർപ്പണത്തിന് 2.4 മീറ്റർ വ്യാസവും 13.2 മീറ്റർ നീളവുമുണ്ട്. ഈ കണ്ണാടിയിൽ നിന്നും പ്രതിഫലിക്കുന്ന ഊർജ്ജം രണ്ടാമത്തെ ദർപ്പണത്തിലൂടെ ശാസ്‌ത്രോപകരണങ്ങൾക്കെല്ലാം ലഭ്യമാകുന്ന ഫോക്കസിൽ എത്തിച്ചേരുന്നു. ദൂരദർശിനിയുടെ ഫോക്കൽദൂരം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് പ്രകാശത്തിന്റെ സഞ്ചാരപാതയ്ക്കുള്ളത്.

സൈദ്ധാന്തികഭൗതികത്തിന്റെ നിർമ്മിതികളായിരുന്ന തമോഗർത്തങ്ങളുടെ അസ്തിത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങൾ നിലനിന്നിരുന്ന ഒരു സന്ദർഭത്തിലാണ് ഹബ്ൾ ടെലസ്‌ക്കോപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്

സവിശേഷമായ ഏതെങ്കിലും ഒരു പ്രപഞ്ചപ്രതിഭാസത്തിന്റെ കൂടുതൽ വിവരങ്ങളറിയുവാൻ, ആഴമുള്ള പ്രതിബിംബങ്ങൾക്കു വേണ്ടി ഒരേ ബിന്ദുവിലേക്കു തന്നെ ദിവസങ്ങളോളം നോക്കിയിരിക്കാൻ ഈ ടെലസ്‌ക്കോപ്പിനു കഴിയും. ഭൗമാന്തരീക്ഷത്തിന്റെ അഭാവം പ്രകാശത്തിന്റെ ചിതറലുകളെ ഒഴിവാക്കുന്നതുമൂലം അതീവ വ്യക്തതയുള്ള പ്രതിബിംബങ്ങൾ ലഭിക്കുന്നു. ചരിത്രത്തിലൊരിക്കലും മനുഷ്യരാശിക്ക് ഇത്രയും വ്യക്തതയോടെ പ്രപഞ്ചത്തെ കാണാൻ കഴിഞ്ഞിരുന്നില്ല! അന്നേവരെ മറഞ്ഞു കിടന്നിരുന്ന പ്രപഞ്ചത്തെയാണ് ഈ ദൂരദർശിനിയുടെ നോട്ടങ്ങൾ വെളിപ്പെടുത്തിയത്. മേരിലാന്റ് ഗ്രീൻബെർട്ടിലെ ശൂന്യാകാശപേടകകേന്ദ്രമാണ് ഹബ്ൾ ടെലസ്‌ക്കോപ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

എത്ര തുച്ഛം, ദുർബ്ബലം; നമ്മുടെ ഭൂമി

വിജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു പുതിയ ലോകത്തെയാണ് ഹബ്ൾ ടെലസ്‌ക്കോപ്പിലൂടെ രൂപപ്പെട്ട പ്രതിബിംബങ്ങളും ചിത്രങ്ങളും കാണിച്ചുതരുന്നത്. ലോകത്തിലെ മഹാചിത്രകാരന്മാർ വരയ്ക്കുന്ന നിറക്കൂട്ടുകളെ വെല്ലുന്ന നിറങ്ങളുടെ സംഘാതത്തെ ഈ ദൂരദർശിനി നിർമിച്ചെടുത്തു. ആരിലും അത്ഭുതമുളവാക്കുന്നതാണത്. ആരുടേയും ജിജ്ഞാസയെ ഉത്തേജിപ്പിക്കുന്നതാണത്. പ്രപഞ്ചത്തിന്റെ സങ്കീർണവും അത്ഭുതകരവുമായ രൂപത്തെ അത്​ പിടിച്ചെടുത്തു. പ്രപഞ്ചത്തിനു മുന്നിൽ നമ്മുടെ ഭൂമി എത്ര തുച്ഛവും ദുർബ്ബലവുമാണെന്ന് ഹബ്ൾ ചിത്രങ്ങൾ കാണിച്ചു തരുന്നു. നക്ഷത്രങ്ങളുടെ ജനനവും മരണവും അതു പകർത്തി വരച്ചു. ഹബ്ൾ കൊണ്ടുവന്ന സൗന്ദര്യവും അതു പങ്കുവച്ച അത്ഭുതവുമില്ലാതെ ഇപ്പോൾ ലോകത്തെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നു കരുതുന്നവരുണ്ട്. അതു പ്രപഞ്ചത്തിലേക്കുള്ള മനുഷ്യന്റെ കണ്ണായി. ജ്യോതിശാസ്ത്രം ഹബ്‌ളിനു മുമ്പും പിമ്പും എന്നു വേർതിരിയുന്നു. പഴയ പ്രപഞ്ചത്തിലല്ല ഹബ്‌ളിനു ശേഷം നാം ജീവിക്കുന്നത്.

പ്രപഞ്ചത്തിന്റെ 97 ശതമാനവും നേരിട്ടു കാണാൻ ഈ ടെലസ്‌ക്കോപ്പിനു കഴിയുന്നുണ്ട്. പ്രപഞ്ചത്തിന്റെ വയസ്സ് 10 മുതൽ 20 വരെ ബില്യൺ വർഷങ്ങൾക്കിടയിലായിരിക്കുമെന്ന ഏകദേശധാരണയാണ് ഹബ്ൾ ടെലസ്‌ക്കോപ്പ് വിക്ഷേപിക്കുന്ന സമയത്ത് നമുക്കുണ്ടായിരുന്നത്. ദൂരത്തെ കുറിച്ച് കൃത്യമായി പഠിക്കാൻ സഹായിച്ച ചില നക്ഷത്രങ്ങളിൽ നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ വയസ്സ് കൂടുതൽ കൃത്യമായി 13.8 ബില്യൻ വർഷങ്ങളാണെന്നു നിശ്ചയിക്കാൻ ഈ ദൂരദർശിനി കാരണമായിരിക്കുന്നു. പ്രപഞ്ചകാലത്തെ കുറിച്ചുള്ള ഈ അറിവ് ഉപയോഗിച്ചു കൊണ്ട് നക്ഷത്രങ്ങളുടേയും ഗാലക്‌സികളുടേയും വികാസചരിത്രം വിശദമായി പഠിക്കാൻ കഴിയുന്നു.

പിന്നിട്ട കാലത്തിലേക്കുള്ള നോട്ടം

പ്രപഞ്ചം ത്വരിതഗതിയിൽ വികസിച്ചു കൊണ്ടിരിക്കുകയാണെന്ന ധാരണ സ്വരൂപിക്കാൻ കഴിഞ്ഞത് ഹബ്ൾ ടെലസ്‌ക്കോപ്പിലൂടെയുള്ള നിരീക്ഷണഫലങ്ങളിലൂടെയാണ്. ത്വരിതവികാസത്തിന്റെ നിരക്ക് അളക്കുന്നതിനും ടെലസ്‌ക്കോപ്പിനു കഴിഞ്ഞു. ഇരുണ്ട ഊർജ്ജത്തെ ഇപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ഉറപ്പിക്കാൻ ഈ കണ്ടെത്തലിനു കഴിഞ്ഞിട്ടുണ്ട്. പ്രപഞ്ചദ്രവ്യത്തിന്റെ 67 ശതമാനം ഇരുണ്ട ഊർജ്ജമാണെങ്കിൽ മാത്രമേ നിർണ്ണായകസാന്ദ്രതയെ കുറിച്ചുള്ള കലനങ്ങളുമായി പൊരുത്തപ്പെടൂ. പ്രപഞ്ചത്തിന്റെ മറ്റു ഘടകങ്ങൾ 27.3 ശതമാനം ഇരുണ്ടദ്രവ്യവും 4.7 ശതമാനം ദൃശ്യദ്രവ്യവുമാണ്. ഇരുണ്ടദ്രവ്യം കാണാൻ കഴിയുന്നതല്ല. ഗുരുത്വാകർഷണപ്രഭാവം മൂലം അനുഭവവേദ്യമാകുന്നതാണത്.

ദൂരത്തെ കുറിച്ച് കൃത്യമായി പഠിക്കാൻ സഹായിച്ച ചില നക്ഷത്രങ്ങളിൽ നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ വയസ്സ് കൂടുതൽ കൃത്യമായി 13.8 ബില്യൻ വർഷങ്ങളാണെന്നു നിശ്ചയിക്കാൻ ഈ ദൂരദർശിനി കാരണമായിരിക്കുന്നു

നേരത്തെ കരുതിയിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇരുണ്ടദ്രവ്യം ചെറിയകൂട്ടങ്ങളായിട്ടാണ് അനുഭവപ്പെടുന്നതെന്ന് ഹബ്ൾ ടെലസ്‌ക്കോപ്പിലൂടെയുള്ള നിരീക്ഷണങ്ങൾ കാണിക്കുന്നു. ശീതഇരുണ്ടദ്രവ്യത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങളെ പിന്തുണക്കുന്ന കാര്യമാണിത്. എല്ലാ ഗാലക്‌സികളും ഇരുണ്ടദ്രവ്യത്തിനുള്ളിലാണ് രൂപം കൊള്ളുന്നതത്രെ!

ഈ ദൂരദർശിനിയിലൂടെയുള്ള നോട്ടം പിന്നിട്ട കാലത്തിലേക്കുള്ള നോട്ടമാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ നിന്ന്​ പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ 1.3 സെക്കണ്ട് സമയമെടുക്കും. ആ പ്രകാശത്തിലൂടെ ചന്ദ്രന്റെ ഉപരിതലത്തെ കാണുന്ന നമുക്കു 1.3 സെക്കണ്ട് മുമ്പുള്ള ചന്ദ്രോപരിതലത്തെയാണ് കാണാൻ കഴിയുന്നത്. വളരെ അകലെയുള്ള പ്രപഞ്ചവസ്തുക്കളിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുന്നതിന് ഏറെ സമയമെടുക്കുന്നു. അതായത്, ആ പ്രകാശത്തിൽ നിന്നും നമുക്കു ലഭിക്കുന്നത് ഏറെക്കാലം മുമ്പുള്ള പ്രപഞ്ചവസ്തുക്കളുടെ വിവരങ്ങളാണ്. മെഗല്ലനിക് ക്ലൗഡിൽ നിന്നും വരുന്ന പ്രകാശം നാം ഇപ്പോൾ കാണുന്നുവെങ്കിൽ, അത് 1,63,000 വർഷങ്ങൾക്കു മുന്നേ അതിന്റെ സ്രോതസിൽ നിന്നും പുറപ്പെട്ടതാണ്. വിദൂരവസ്തുക്കളിൽ നിന്നുള്ള പ്രകാശത്തെ സ്വീകരിക്കുന്ന ഹബ്ൾ ടെലസ്‌ക്കോപ്പ് പ്രപഞ്ചത്തിന്റെ ഭൂതകാലത്തെ കുറിച്ച് അറിയാൻ നമ്മെ സഹായിക്കുന്ന സമയയന്ത്രമായി മാറിത്തീരുന്നു.

സൈദ്ധാന്തികഭൗതികത്തിന്റെ നിർമ്മിതികളായിരുന്ന തമോഗർത്തങ്ങളുടെ അസ്തിത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങൾ നിലനിന്നിരുന്ന ഒരു സന്ദർഭത്തിലാണ് ഹബ്ൾ ടെലസ്‌ക്കോപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഉയർന്ന ദ്രവ്യമാനമുള്ള നക്ഷത്രങ്ങളുടെ മരണം ഉയർന്ന നിലയിലുള്ള ഗുരുത്വാകർഷണതകർച്ചകൾക്കു കാരണമാകുകയും ഉയർന്ന സാന്ദ്രതയുള്ള തമോഗർത്തങ്ങളുടെ രൂപീകരണത്തിലേക്കു നയിക്കുകയും ചെയ്യുമെന്നാണ് സൈദ്ധാന്തികഭൗതികം നിർദ്ദേശിച്ചിരുന്നത്. തമോഗർത്തങ്ങൾ ഗാലക്‌സികൾക്കിടയിൽ സാധാരണമാണെന്നുറപ്പിക്കാൻ ഹബ്ൾ ടെലസ്‌ക്കോപ്പിന്റെ സൂക്ഷ്മനിരീക്ഷണങ്ങൾക്കു കഴിഞ്ഞു. പൊട്ടിത്തെറിയിലൂടെ ധാരാളം ഊർജ്ജം പുറത്തേക്കു വമിക്കുന്ന ഗാമാകിരണസ്‌ഫോടനങ്ങൾ പ്രപഞ്ചത്തിൽ സാധാരണമാണ്. സൂര്യൻ 10 ബില്യൻ വർഷങ്ങൾ കൊണ്ട് ഉൽസർജിക്കുന്ന ഊർജ്ജമാണ് ഇത്തരം സ്‌ഫോടനം പുറത്തേക്കു വിടുന്നത്. ഇത് എങ്ങനെ സാദ്ധ്യമാകുന്നുവെന്ന കടങ്കഥക്ക് തമോഗർത്തങ്ങളെ കുറിച്ചുള്ള വികലനങ്ങൾ ഉത്തരം നൽകിയിട്ടുണ്ട്. ഭാരമേറിയ നക്ഷത്രങ്ങൾ തകർന്ന് തമോഗർത്തങ്ങളാകുന്ന പ്രക്രിയക്കിടയിലാണ് ഗാമാകിരണസ്‌ഫോടനങ്ങൾ നടക്കുന്നതെന്നു കണ്ടെത്താൻ ദൂരദർശിനിക്കു കഴിഞ്ഞു.

സൗരയൂഥത്തിനുചുറ്റുമുള്ള ഗ്രഹങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റു നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റെ സ്വഭാവപഠനത്തിനും ഹബ്ൾ ദൂരദർശിനി ഉപയോഗിക്കുന്നു. നിക്‌സ്, ഹൈഡ്ര എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയതും ഈ ദൂരദർശിനി തന്നെ. ഹബ്ൾ മുഖേന ഇതിന്നകം 1.4 ദശലക്ഷം നിരീക്ഷണങ്ങളുടെ ഡാറ്റ ശേഖരിക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രകാരന്മാർക്ക് ഈ ഡാറ്റ ഉപയോഗിക്കാനുള്ള അവസരങ്ങളുണ്ട്. പതിനേഴായിരത്തിലധികം ശാസ്ത്രപ്രബന്ധങ്ങളും ലേഖനങ്ങളും ഇതിനെ ആസ്പദമാക്കി എഴുതപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന തലമുറകളേയും ഇന്ധനം നിറയ്ക്കാനുള്ള വിവരങ്ങൾ ഇതു നൽകിയിരിക്കുന്നു.

2021ൽ വിക്ഷേപിക്കപ്പെടുമെന്നു കരുതുന്ന കൂടുതൽ ക്ഷമതയുള്ള ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പിനൊപ്പം ഹബ്ൾ ടെലസ്‌ക്കോപ്പിന് പത്തോ ഇരുപതോ വർഷം കൂടി പ്രവർത്തിക്കാൻ കഴിയുമെന്നു കരുതപ്പെടുന്നു.


Summary: The Hubble Telescope has made unprecedented contributions of the physical universe. Astronomy distinguishes between pre-Hubble and post-Hubble. Vijayakymar writes.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments