ശാസ്ത്രത്തിന്റെ ജ്ഞാനശാസ്​ത്രം

ശാസ്ത്രത്തിന്റെ ചരിത്രം, രീതിശാസ്ത്രം, ദർശനം എന്നിവയുടെ അവലോകനങ്ങളിലൂടെ ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രത്തെക്കുറിച്ച്​ (The Epistemology of Science) വിശദീകരിക്കുന്നു, പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നു

ശാസ്ത്രജ്ഞാനത്തിന്റെ വഴികൾ ഏതാണ്?

ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചാണ് പറയേണ്ടത്. കാര്യം പ്രശ്നനിർഭരമാണ്. ശാസ്ത്രവും രീതിശാസ്ത്രവും ഏകാത്മകഗണങ്ങളല്ലല്ലോ. ഭൗതികശാസ്ത്രങ്ങൾ, ജീവശാസ്ത്രങ്ങൾ, സാമൂഹികശാസ്ത്രങ്ങൾ, മാനവികശാസ്ത്രങ്ങൾ... ഇവയ്ക്കെല്ലാം വ്യതിരിക്തതകളും വ്യത്യസ്തതകളുമുണ്ട്. അവയെ ഏകോപിപ്പിച്ച് ശാസ്ത്രം എന്നു വിളിച്ചാൽ തന്നെയും അതിന് ഏകീകൃതമായ ഒരു രീതിശാസ്ത്രം നിർദ്ദേശിക്കാൻ കഴിയില്ല. ഈ ഗണങ്ങളുടെ ബഹുലസ്വഭാവം നമ്മുടെ ചർച്ചയെ പ്രശ്നനിർഭരമാക്കുന്നു.

ശാസ്ത്രത്തിന് ഏകീകൃത രീതിശാസ്ത്രം അന്വേഷിക്കുന്നവർ മുതൽ പല രീതിശാസ്ത്രങ്ങളുടെ പ്രയോഗങ്ങളെ കുറിച്ചു പറയുന്നവരും ഏതു രീതിശാസ്ത്രവുമാകാം എന്നു പ്രഖ്യാപിക്കുന്നവരും വരെ... ബഹുസ്വരങ്ങൾ നമ്മുടെ ചർച്ചയിൽ കടന്നുവരുകയും ചെയ്യും! നിരവധി രീതിശാസ്ത്രങ്ങളുടെ പ്രയോഗക്കളരിയായാണ് ആധുനികശാസ്ത്രം ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏകീകൃതവും കൃത്യവുമായ ഒരു രീതിശാസ്ത്രത്തെ ശാസ്ത്രത്തിനു കൽപ്പിച്ചു നൽകുന്നത് സർവ്വശക്തനും സർവ്വവ്യാപിയുമായ ഏകദൈവത്തിന്റെയോ പ്രപഞ്ചത്തിന്റെ ഏകസത്തയായ ബ്രഹ്മത്തെയോ കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ഇതരരൂപങ്ങളിൽ പ്രയോഗിക്കുന്നതു പോലെയായിരിക്കും.

പ്രപഞ്ചയാഥാർത്ഥ്യം ഏകമാണെന്ന ധാരണ, അതിനെ കുറിച്ചുള്ള ജ്ഞാനവും അതിലേക്ക് എത്തിച്ചേരാനുള്ള രീതിശാസ്ത്രവും ഏകമാണെന്നു ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ജ്ഞാനത്തെ കേവലവും സ്ഥിതവുമായി കാണുന്ന സ്ഥിതിയുമുണ്ട്. ഇവയെ ഇങ്ങനെയൊക്കെയാണോ സമീപിക്കേണ്ടത്? പ്രയോഗത്തിലുള്ള വ്യത്യസ്ത രീതിശാസ്ത്രങ്ങളുടെ വികലനങ്ങളിലൂടെയേ നമുക്ക് കാര്യങ്ങളുടെ ഉള്ളിലേക്കു കടക്കാൻ കഴിയൂ.

ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുള്ള ചർച്ചകൾ, ഗ്രീക്കു ചിന്തകരായ പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും ജ്ഞാനശാസ്ത്രപരമായ സംഭാവനകൾ സൂചിപ്പിച്ചു കൊണ്ടായിരിക്കും മിക്കവാറും ആരംഭിക്കുന്നത്. മറ്റു പുരാതന ശാസ്ത്രസംസ്‌കാരങ്ങളുടെ ഈടുവയ്പുകളെ കാണാതിരിക്കുന്നതും യുറോപ്പിനെ കേന്ദ്രീകരിക്കുന്നതുമായ ഒരു സമീപനമാണിതെന്ന വിമർശനം ഇതിനെതിരെ സ്വാഭാവികമായും ഉയരാവുന്നതാണ്.

പ്രാചീനസംസ്‌കാരകേന്ദ്രങ്ങളായിരുന്ന ഇന്ത്യയുടേയും ചൈനയുടേയും അറേബ്യൻ നാടുകളുടേയും മറ്റും സംഭാവനകൾ ഇത്തരം ചർച്ചകളിൽ കാര്യമായി പരിഗണിക്കപ്പെടുന്നില്ലെന്നത് വസ്തുതയാണ്. കോപ്പർനിക്കസിന്റെ പേരിൽ അറിയപ്പെടുന്ന വിപ്ലവത്തിനു പല നൂറ്റാണ്ടുകൾ മുന്നേ തന്നെ ആര്യഭടൻ എന്ന ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ സൂര്യകേന്ദ്രസിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നതായി കാണാം. ഐസക് ന്യൂട്ടനും ലബനിറ്റ്സും

ഗ്രീസിന്റെ വിജ്ഞാന ദേവതയായ അഥീന കറുത്ത ആഫ്രിക്കൻ സ്ത്രീയാണെന്ന് പറയുന്ന മാർട്ടിൻ ബർണാലിന്റെ 'ബ്ലാക്ക് അഥീന' എന്ന പുസ്തകത്തിന്റെ കവർ

മറ്റും കാൽക്കുലസ് രൂപീകരിക്കുന്നതിന്റെ മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പെങ്കിലും കേരളീയനായ സംഗമഗ്രാമമാധവന്റെ ഗണിതശാസ്ത്ര സ്‌കൂൾ ആ ഗണിതശാഖയിലെ മർമ്മപ്രധാനമായ പല ശ്രേണികളും കണ്ടെത്തിയിരുന്നതായി ഇപ്പോൾ നമുക്കറിയാം. ആൽക്കെമി സിദ്ധാന്തത്തിന്റെ കീഴിലെ സുശിക്ഷിതമായ പരീക്ഷണങ്ങളുടെ ഫലമായി ചൈനയിൽ വെടിമരുന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നു. എട്ടാം നൂറ്റാണ്ടിൽ തന്നെ യാന്ത്രികഘടികാരത്തെ നിർമ്മിക്കാനുള്ള കഴിവും അവർ നേടിയിരുന്നു. പഴയ കാലത്തെ ഗ്രീക്ക് ജ്ഞാനം സംരക്ഷിക്കപ്പെട്ടത് അറബിനാടുകളിലാണെന്നും അവിടെ നിന്നും യൂറോപ്പിലേക്ക് അത് തിരിച്ചെത്തുകയായിരുന്നുവെന്നും ഗ്രീക്കിനെ ശാസ്ത്രതത്ത്വചിന്തയുടെ കേന്ദ്രമായി ഉറപ്പിക്കുന്നത് ഇതിന്റെ തുടർച്ചയിലാണെന്നും ഇപ്പോൾ സന്ദേഹങ്ങളില്ലാതെ ബോധ്യപ്പെട്ടിട്ടുണ്ട്.

അഥീന ഒരു മദാമ്മയല്ല, കറുത്ത ആഫ്രിക്കൻ സ്ത്രീയാണ്​

അരിസ്റ്റോട്ടിലിന്റെ ഭൗതികവാദത്തെ ക്രൈസ്തവദൈവശാസ്ത്രപദ്ധതിയുമായി കൂട്ടിച്ചേർക്കുന്ന ഒരു പ്രവർത്തനം തോമസ് അക്വിനാസ് നിർവ്വഹിക്കുന്നതായും യൂറോപ്പിന് ആവശ്യമായ "പുതിയ ഗ്രീസി'നെ നിർമ്മിച്ചെടുക്കുന്ന ഒരു പ്രക്രിയയായിരുന്നു ഇതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ, ഇരുണ്ട ഭൂഖണ്ഡമെന്ന് പില്ക്കാല യൂറോപ്യൻ നാഗരികതകൾ വിശേഷിപ്പിച്ച ആഫ്രിക്കയുടെ പ്രാചീനനാഗരികതകളോട് ഗ്രീക്ക് ചിന്തക്കു വലിയ കടപ്പാടുണ്ടെന്ന് ചരിത്രകാരനായ മാർട്ടിൻ ബർണാൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രീസിന്റെ വിജ്ഞാനദേവതയായ അഥീന ഒരു മദാമ്മയല്ല, കറുത്ത ആഫ്രിക്കൻ സ്ത്രീയാണെന്ന് മാർട്ടിൻ ബർണാലിന്റെ പുസ്തകശീർഷകം തന്നെ പറയുന്നു. നൂറ്റാണ്ടുകൾക്കും സഹസ്രാബ്ദങ്ങൾക്കും മുന്നേ തന്നെ വ്യത്യസ്ത സംസ്‌കാരങ്ങൾ അവയുടേതായ ശാസ്ത്രപ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നുവെന്നത് ഇപ്പോൾ സുവിദിതമായിരിക്കുന്നു.

മാർട്ടിൻ ബർണാൽ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആധുനികശാസ്ത്രം എന്നു നാം വ്യവഹരിക്കുന്ന സാമൂഹികപ്രസ്ഥാനം രൂപം കൊണ്ടത് യൂറോപ്പിലാണ്. മാധവാചാര്യന്റെ ഗണിതശാസ്ത്രപരമായ കഴിവുകൾക്ക് ന്യൂട്ടന്റേതിനു സമാനമായ ഒരു ബലതന്ത്രത്തിനു രൂപം നല്കാൻ കഴിയുകയുണ്ടായില്ല. അതു പോലെ തന്നെ ചൈനക്കോ അറബിനാടുകൾക്കോ ആധുനികശാസ്ത്രത്തിന്റെ ജന്മഗേഹമാകാനും കഴിഞ്ഞില്ല. ജ്ഞാനശാസ്ത്രത്തെ കുറിച്ചുള്ള ക്രമീകൃതമായ ആദ്യകാലവികലനങ്ങൾ നമുക്കു ലഭ്യമാകുന്നത് പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും വ്യവഹാരങ്ങളിൽ നിന്നാണെന്നതും പ്രധാനമാണ്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുള്ള ചർച്ചകൾ പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും ചിന്തകളിൽ നിന്നും ആരംഭിക്കുന്നതിനുള്ള കാരണങ്ങൾ ഇതെല്ലാമാണ്.

ആധുനികശാസ്ത്രം എന്നു നാം വ്യവഹരിക്കുന്ന സാമൂഹികപ്രസ്ഥാനം രൂപം കൊണ്ടത് യൂറോപ്പിലാണ്. മാധവാചാര്യന്റെ ഗണിതശാസ്ത്രപരമായ കഴിവുകൾക്ക് ന്യൂട്ടന്റേതിനു സമാനമായ ഒരു ബലതന്ത്രത്തിനു രൂപം നല്കാൻ കഴിഞ്ഞില്ല. അതു പോലെ തന്നെ ചൈനക്കോ അറബിനാടുകൾക്കോ ആധുനികശാസ്ത്രത്തിന്റെ ജന്മഗേഹമാകാനും കഴിഞ്ഞില്ല

പണ്ഡിതരെന്നു വിളിക്കപ്പെടുന്നവരുടെ അഭിപ്രായമോ ആധികാരികതയോ കൊണ്ടു നിർണ്ണയിക്കപ്പെടുന്നതല്ല ജ്ഞാനമെന്ന് പ്ലേറ്റോ കരുതിയിരുന്നു. ശരിയായ ജ്ഞാനം യഥാതഥവും സന്തുലിതവും മാറ്റമില്ലാത്തതുമാണ്. ഇന്ദ്രിയാനുഭവങ്ങളുടെ ലോകത്തെ അദ്ദേഹം അവിശ്വസിച്ചു. ഇന്ദ്രിയാനുഭവങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. സ്ഥിരതയില്ലാത്തതാണ്. നമ്മുടെ ധിഷണയ്ക്കു പ്രാപ്തമാകുന്ന മാറ്റമില്ലാത്ത രൂപങ്ങളുടെ മറ്റൊരു ലോകത്തെ പ്ലേറ്റോ വിഭാവനം ചെയ്തു. മാറ്റമില്ലാത്ത ലോകരൂപങ്ങൾ ഇന്ദ്രിയങ്ങളിലൂടെ അനുഭവവേദ്യമാകുന്നില്ല. ശുദ്ധചിന്തയിലൂടെ നമുക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന ലോകമാണത്.

ഗണിതശാസ്ത്രത്തിലെ ബിന്ദു, രേഖ, തലം, വൃത്തം, ഗോളം എന്നീ സങ്കൽപ്പനങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ സങ്കൽപ്പനങ്ങൾക്ക് യഥാതഥമായ അസ്തിത്വമുണ്ടെങ്കിലും അവ ഇന്ദ്രിയാനുഭവങ്ങളിലൂടെ പ്രാപ്തമാകുന്ന ജ്ഞാനമല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. അവ അമൂർത്തസങ്കൽപ്പനങ്ങളാണ്. ഇന്ദ്രിയാനുഭവങ്ങളിൽ നിന്നും മുക്തമായ യാഥാർത്ഥ്യത്തെ പ്ലേറ്റോ സ്ഥാപിക്കുന്നത് ഇങ്ങനെയാണ്. പ്രപഞ്ചത്തെ ഒരു ജീവിയായിട്ടാണ് അദ്ദേഹം കണ്ടത്. പ്ലേറ്റോ ഒരു യഥാതഥവാദിയായിരുന്നു. നിരീക്ഷകന്റെ മനസ്സിൽ നിന്നും തീർത്തും സ്വതന്ത്രമായി നില്ക്കുന്ന ഒരു യഥാർത്ഥലോകത്തെ അദ്ദേഹം സങ്കൽപ്പിച്ചിരുന്നു. എന്നാൽ, ലോകത്തെ കുറിച്ചുള്ള എല്ലാവിധ യാന്ത്രികവിശദീകരണങ്ങളേയും അദ്ദേഹം തിരസ്‌ക്കരിച്ചു.

പ്ലേറ്റോ, അരിസ്റ്റോട്ടിൽ

തന്റെ അദ്ധ്യാപകനായ പ്ലേറ്റോയിൽ നിന്നും വ്യത്യസ്തനായി അരിസ്റ്റോട്ടിൽ ഇന്ദ്രിയാനുഭവത്തെ ജ്ഞാനാർജ്ജനത്തിനുള്ള മാർഗമായി കണ്ടു. ബാഹ്യലോകത്തിൽ നിന്നും ലഭ്യമാകുന്ന സംവേദനങ്ങളിൽ നിന്നാണ് നാം ആരംഭിക്കുന്നത്. ഇന്ദ്രിയാനുഭവങ്ങളിൽ നിന്നോ നിരീക്ഷണങ്ങളിൽ നിന്നോ അമൂർത്തവല്ക്കരിച്ചെടുക്കുന്ന പ്രാഥമികതത്ത്വങ്ങളുടെ വിചിന്തനശാസ്ത്രപരവും നിയാമകവുമായ പ്രായോഗിക വിശദീകരണങ്ങളിലൂടെ യഥാർത്ഥജ്ഞാനം ലഭ്യമാകുന്നതായി അരിസ്റ്റോട്ടിൽ കരുതുന്നു. യഥാതഥവാദിയായിരുന്ന അരിസ്റ്റോട്ടിൽ പ്ലേറ്റോയെ പോലെ പ്രപഞ്ചത്തെ ഒരു ജീവിയായി സങ്കൽപ്പിച്ചു.

ബെർലിനിലെ ഹെർമാറ്റിലുള്ള പ്ലേറ്റോയുടെ പ്രതിമയും, റോമിലെ സ്പാഡ പാലസിലുള്ള അരിസ്റ്റോട്ടിലിന്റെ പ്രതിമയും

വിചിന്തനാത്മകയുക്തിയുടെ പ്രയോഗങ്ങളിലൂടെയാണ് ജ്ഞാനം ലഭ്യമാകുന്നതെന്ന പ്ലേറ്റോയുടെ നിലപാടും നിരീക്ഷണാധിഷ്ഠിതമായ അനുഭവങ്ങളിലൂടെ ജ്ഞാനം ആർജ്ജിക്കാൻ കഴിയുമെന്ന അരിസ്റ്റോട്ടിലിന്റെ സമീപനവും ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രധാരണകളുടെ രൂപീകരണങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇരുവീക്ഷണങ്ങൾക്കുമിടയിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഓരോന്നിനും കാലത്തിന്റെ പരിമിതികളുമുണ്ടായിരുന്നു. ഇന്ദ്രിയങ്ങൾക്കു ലഭ്യമാകുന്ന പ്രക്രിയകളുടേയും പ്രതിഭാസങ്ങളുടേയും വിവരണങ്ങൾ തയ്യാറാക്കിയ ഗ്രീക്കുകാരുടെ നിരീക്ഷണസംവിധാനങ്ങളും ആധുനികശാസ്ത്രത്തിലെ പരീക്ഷണശാസ്ത്രകാരന്മാർ സൃഷ്ടിക്കുന്ന നിയന്ത്രിതവും ആദർശപരവുമായ പരീക്ഷണസംവിധാനങ്ങളും തമ്മിൽ ഏറെ ദൂരമുണ്ടെങ്കിലും അവയ്ക്കിടയിലെ ബന്ധം പരാമർശിക്കപ്പെടേണ്ടതാണല്ലോ.

ശാസ്ത്രം യുക്തിപരമായ അന്വേഷണത്തിന്റെ ആശയമാതൃകകളെയാണ് സ്വീകരിക്കുന്നതെന്നാണ് സാമാന്യജനത കരുതിയിരിക്കുന്നത്. സാമാന്യജനത ശാസ്ത്രത്തിൽ വിശ്വസിക്കുന്നത് അതുകൊണ്ടാണ്

അനുഭവൈകവാദത്തെ രണ്ടു രീതികളിൽ സമീപിക്കാം. പ്രേരണാത്മകരീതി (Inductive method) യും അഭ്യൂഹാത്മകരീതി (Deductive Method)യും. അനുഭവങ്ങളേയും നിരീക്ഷണങ്ങളേയും വിശ്ലേഷണങ്ങൾക്കും വികലനങ്ങൾക്കും വിധേയമാക്കുകയും സാമാന്യവത്ക്കരണത്തിലൂടെ സിദ്ധാന്തം രൂപീകരിക്കുകയും ചെയ്യുന്ന രീതിയാണ് പ്രേരണാത്മകതയുടേത്. അഭ്യൂഹാത്മകരീതിയിൽ ഊഹിച്ചെടുക്കാവുന്ന ഒരു സിദ്ധാന്തത്തിൽ നിന്നും അഥവാ ജ്ഞാനാനുമാനത്തിൽ നിന്നും ആരംഭിക്കുകയും ഇതിനെ അടിസ്ഥാനമാക്കി വ്യത്യസ്ത നിരീക്ഷണങ്ങളേയും അനുഭവങ്ങളേയും പരിശോധിക്കുകയും സവിശേഷസന്ദർഭങ്ങളോരോന്നിനും സിദ്ധാന്തം ബാധകമാണെന്നു കണ്ടെത്തുകയും ചെയ്യുന്നു.

ചില പ്രസ്താവനകളൂടെ വികലനങ്ങളിലൂടെ പ്രേരണാത്മകരീതി (Inductive method) യും അഭ്യൂഹാത്മകരീതി (Deductive Method)യും കൂടുതൽ നന്നായി വ്യക്തമാക്കാം. താഴെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
പ്രസ്താവന:1 എല്ലാ മലയാളികൾക്കും പായസം ഇഷ്ടമാണ്.
പ്രസ്താവന:2 രാമു ഒരു മലയാളിയാണ്.
ഈ പ്രസ്താവനകൾ പൂർവ്വവ്യവസ്ഥകളാണ്. അവയിൽ നിന്നും യുക്തിവിചാരത്തിലൂടെ ഒരു അനുമാനത്തിൽ എത്തിച്ചേരാൻ കഴിയും.
അനുമാനം: രാമുവിന് പായസം ഇഷ്ടമാണ്.

പ്രസ്താവന:3 ആ കുട്ടയിൽ നിന്നും പുറത്തെടുത്ത അഞ്ചു തക്കാളിയും ചീഞ്ഞതായിരുന്നു.
പ്രസ്താവന:4 ആ കുട്ടയിൽ നിറയ്ക്കുമ്പോൾ എല്ലാ തക്കാളിയും ഒരേ പോലെ നല്ലതായിരുന്നു.
അനുമാനം: ആ കുട്ടയിൽ നിന്നും പുറത്തെടുക്കുന്ന അടുത്ത തക്കാളി ചീഞ്ഞതായിരിക്കും.

ഫ്രാൻസിസ് ബേക്കൺ

അഭ്യൂഹാത്മകരീതി കൂടുതൽ ക്ഷമതയുള്ളതാണെന്നു കരുതപ്പെടുന്നുണ്ടെങ്കിലും പ്രതിഭാസങ്ങളെ കുറിച്ചും പ്രക്രിയകളെ കുറിച്ചും പ്രാഥമികമായി ഗ്രഹിക്കുന്നതിന് പ്രേരണാത്മകതയുടെ രീതിശാസ്ത്രമാണ് കൂടുതൽ എളുപ്പതരമെന്നു ആദ്യകാലശാസ്ത്രജ്ഞന്മാർ കരുതിയിരുന്നു.

ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന്റെ സ്ഥാപകനായി വിളിക്കപ്പെടുന്ന ഫ്രാൻസിസ് ബേക്കനാണ് പ്രേരണാത്മകരീതിയുടെ പ്രധാന വക്താവായി അറിയപ്പെടുന്നത്. ശാസ്ത്രജ്ഞൻ ശ്രദ്ധാപൂർവ്വമായ നിരീക്ഷണങ്ങളിൽ നിന്നും നിയന്ത്രിതമായ പരീക്ഷണങ്ങളിൽ നിന്നും ആരംഭിക്കുന്നു. തന്റെ കണ്ടെത്തലുകൾ വ്യവസ്ഥാപൂർവ്വം രേഖപ്പെടുത്തുന്നു. സ്വയം വെളിപ്പെടുന്ന സത്യങ്ങളിൽ നിന്നും ശാസ്ത്രജ്ഞന്മാർ തങ്ങളുടെ മനസ്സുകളെ ഒഴിച്ചു നിർത്തുകയും നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും ബദ്ധശ്രദ്ധരായിരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം സാമാന്യമായ തീർപ്പുകളിലേക്ക് നയിക്കുകയും വേണമെന്ന് ബേക്കൺ നിർദ്ദേശിക്കുന്നുണ്ട്. ലഭ്യമായ എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തിൽ ഒരു അനുമാനത്തിലെത്തിച്ചേരുന്നു. ശാസ്ത്രം നിയമപ്രമാണങ്ങളുടെ ഒരു പിരമിഡിനെ നിർമ്മിക്കുന്നുവെന്ന കാര്യത്തിൽ ബേക്കണും ദക്കാർത്തേയും യോജിക്കുന്നുണ്ട്. ഏറ്റവും സാമാന്യമായ നിയമങ്ങൾ അതിന്റെ ശിഖരമുനയിലാണ്. ക്രമേണയുള്ള പ്രേരണാത്മക ഉയർച്ചയിലൂടെ ഏറ്റവും സാമാന്യമായ നിയമങ്ങളിലേക്കെത്തുന്നതായി ബേക്കൺ സങ്കൽപ്പിക്കുമ്പോൾ, ദക്കാർത്തെ ശിഖരമുനയിൽ നിന്നാരംഭിക്കുകയും ഏറ്റവും സാമാന്യമായ നിയമത്തിന്റെ കീഴോട്ടുള്ള അഭ്യൂഹാത്മകമായ പഠനത്തിന്റെ രീതി സ്വീകരിക്കുകയും ചെയ്യുന്നു.

റെനെ ദെക്കാർത്തെ

മനസ്സിൽ കൃത്യമായും വ്യക്തമായും തെളിഞ്ഞു കാണുന്ന ആശയം സത്യമായിരിക്കണമെന്ന് ദക്കാർത്തെ കരുതിയിരുന്നു. സ്വയം വ്യക്തമായ ആദ്യതത്ത്വങ്ങളിൽ നിന്നും ആരംഭിക്കുന്ന പദ്ധതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ശാസ്ത്രപ്രവർത്തനത്തിനു തുടക്കമാകുന്ന ആദ്യതത്ത്വങ്ങൾ സഹജാവബോധത്തിലൂടെ ലഭ്യമാകേണ്ടതാണ്. ഈ വാദത്തിനുള്ള ഒരു ഉദാഹരണമായി യൂക്ലിഡിന്റെ ജ്യാമിതിയെ ദെക്കാർത്തെ ചൂണ്ടിക്കാണിച്ചു.

സംഭാവ്യതക്കു ശാസ്ത്രപ്രശ്നങ്ങളിലുള്ള പങ്ക്

സ്വയം വ്യക്തമായ ആദ്യപ്രമാണങ്ങളും വിചിന്തനാത്മക അഭ്യൂഹങ്ങളുടെ പദ്ധതിയുമായി യൂക്ലിഡിന്റെ ജ്യാമിതി കേവലമായി ഉറപ്പുള്ള ഫലങ്ങളിലേക്കു നയിക്കപ്പെടും. എന്നാൽ, രീതിശാസ്ത്രത്തെ കുറിച്ചുള്ള വ്യവഹാരങ്ങൾ((Discourses on Method) എന്ന പിൽക്കാലകൃതിയിൽ ഭൗതികശാസ്ത്രനിയമങ്ങൾ വളരെ ശുദ്ധമായി അഭ്യൂഹാത്മകമായ വഴികളിലൂടെയാണ് ആർജ്ജിക്കേണ്ടതെന്ന സമീപനത്തിൽ നിന്നും ദക്കാർത്തെ പിൻവാങ്ങുന്നുണ്ട്. സാമാന്യനിയമങ്ങൾ ഈ രീതിയിലൂടെ സ്വരൂപിച്ചെടുക്കാൻ കഴിയുമെങ്കിലും ഇന്ദ്രിയാനുഭവങ്ങൾ നൽകുന്ന വിവരങ്ങളുമായി ഇതിനെ ബന്ധിപ്പിച്ചു കൊണ്ട് ശാസ്ത്രത്തിലെ സവിശേഷനിയമങ്ങൾ രൂപീകരിക്കണമെന്നു നിർദ്ദേശിക്കുന്നുമുണ്ട്. ഇതു പ്രയോഗത്തിൽ വരുന്നതോടെ ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുളള സങ്കൽപ്പനങ്ങൾ നന്നായി പ്രവർത്തനക്ഷമമായി തുടങ്ങി.

ഡേവിഡ് ഹ്യൂം

ആംഗലേയ ദാർശനികനായിരുന്ന ഡേവിഡ് ഹ്യൂം പ്രേരണാത്മകരീതിശാസ്ത്രത്തിനു മേൽ സുപ്രധാനമായ ചില ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. കാരണനിയമത്തെ വിശ്ലേഷണത്തിനു വിധേയമാക്കിക്കൊണ്ട്, തുടർച്ചയായ ചില നിരീക്ഷണങ്ങളിൽ ഒരേ ഫലം നൽകുന്നുവെന്നത് സാർവ്വലൗകികവും സാമാന്യവുമായ നിയമങ്ങളിലേക്കു നയിക്കുമെന്നു പറയാൻ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. അനിവാര്യമായ ചില ബന്ധങ്ങൾ നമുക്കു അനുഭവിക്കാനാകുന്നുണ്ടെങ്കിലും, ഭാവികാലത്തു ലഭ്യമാകുന്ന ഫലങ്ങളെല്ലാം ഭൂതകാലഫലങ്ങളേയും പ്രേരണാത്മകയുക്തിയേയും ശരി വയ്ക്കുന്നതാകണമെന്നില്ലെന്ന് ഹ്യൂം പറഞ്ഞു. ഇന്നേ വരെ സൂര്യൻ ഉദിച്ചിരുന്നുവെന്നത് നാളേയും സൂര്യൻ ഉദിക്കുമെന്നതിനുള്ള ഉറപ്പല്ല. പ്രേരണാത്മകയുക്തിയുടെ പ്രയോഗത്തിന് പ്രപഞ്ചത്തിലെ ഏകരൂപമായ പ്രകൃത(Uniformity Nature)ത്തെയാണ് നാം ആശ്രയിക്കുന്നത്. പ്രാരംഭത്തിൽ തന്നെ ഏകരൂപപ്രകൃതിയെ സ്വീകരിക്കുന്ന ഒരു സിദ്ധാന്തത്തിന് സ്വയം ഏകരൂപപ്രകൃതി ശരിയാണെന്നു തെളിയിക്കാൻ കഴിയില്ല.

പ്രേരണാത്മകയുക്തിയുടെ അടിസ്ഥാനപ്രമാണങ്ങളിലെത്തുന്നതിനും പ്രേരണാത്മകയുക്തി തന്നെ ഉപയോഗിക്കേണ്ടി വരുന്നതു കൊണ്ട് അതിന്റെ നീതീകരണം ചാക്രികമായ വാദത്തിലൂടെയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഹ്യൂം ചെയ്തത്. പ്രേരണാത്മകരീതിശാസ്ത്രം ഉന്നയിച്ച പ്രശ്നങ്ങൾ ഹ്യൂമിന്റെ പ്രശ്നം എന്ന പേരിലാണ് അറിയപ്പെട്ടത്. ശുദ്ധമായ അനുഭവൈകവാദം കേവലമായി ശാസ്ത്രത്തിനു വേണ്ട അടിത്തറയെ നൽകുന്നില്ലെന്ന് ഹ്യൂമിന്റെ പ്രശ്നം തെളിയിച്ചതായി ബർട്രാന്റ് റസ്സൽ പറയുന്നുണ്ട്.

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം, പാശ്ചാത്യപണ്ഡിതരുടെ ദർശനത്തിൽ / ഫോട്ടോ: researchgate.net

ശാസ്ത്രം യുക്തിപരമായ അന്വേഷണത്തിന്റെ ആശയമാതൃകകളെയാണ് സ്വീകരിക്കുന്നതെന്നാണ് സാമാന്യജനത കരുതിയിരിക്കുന്നത്. സാമാന്യജനത ശാസ്ത്രത്തിൽ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. ശാസ്ത്രം പ്രേരണാത്മകതയുടെ രീതിശാസ്ത്രത്തെയാണ് സ്വീകരിക്കുന്നതെന്നാണ് നാം കണ്ടത്. പ്രേരണാത്മകതയുടെ രീതിശാസ്ത്രം യുക്തിപരമായി നീതീകരിക്കാവുന്നതല്ലെന്നാണ് ഹ്യൂം വാദിക്കുന്നത്. ശാസ്ത്രത്തിന്റെ അടിത്തറകൾ നാം കരുതുന്നതു പോലെ അത്രമേൽ ഉറപ്പുള്ളവയല്ലെന്നു തോന്നുന്ന പ്രകരണങ്ങളെ ഇതു സൃഷ്ടിക്കുന്നുണ്ടെന്നു പറയണം. സംഭാവ്യതയെ കുറിച്ചുള്ള സങ്കൽപ്പനങ്ങൾ ഈ പ്രശ്നത്തെ പരിഹരിക്കുമെന്നു കരുതുന്നവരുണ്ട്. ശാസ്ത്രജ്ഞാനം നൂറു ശതമാനം പൂർണ്ണമല്ലെങ്കിലും ഏറ്റവും സംഭാവ്യത(Probability)യുള്ളതാണ് അതെന്ന് ഈ വാദം പറയുന്നു.

ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സൂര്യൻ നാളെയും ഉദിക്കുമെന്നു നിഗമിക്കുന്നത് മറിച്ചു നിഗമിക്കുന്നതിനേക്കാൾ ഉയർന്ന സംഭാവ്യതയുള്ളതാണെന്നും സംഭാവ്യതക്കു ശാസ്ത്രപ്രശ്നങ്ങളിലുള്ള പങ്ക് ഹ്യൂമിന്റെ പ്രശ്നത്തെ ലഘൂകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഭൗതികലോകത്തെ സംബന്ധിച്ചുള്ള അവകാശവാദങ്ങളെ പരിശോധിക്കുന്നതിനും നിശ്ചയിക്കുന്നതിനുമുള്ള മാനദണ്ഡമായി പ്രേരണാത്മകതയെ സ്വീകരിച്ചതിനു ശേഷം ആ മാനദണ്ഡം തന്നെ യുക്തിപരമാണോയെന്ന് അന്വേഷിക്കുന്നത് ഉചിതമല്ലെന്നു പറയുന്ന പീറ്റർ സ്ട്രൗസനെ പോലുള്ള ചിന്തകരുമുണ്ട്.

കാൾപോപ്പർ എന്ന ശാസ്ത്രദാർശനികൻ ഹ്യൂമിന്റെ പ്രശ്നത്തെ ഗൗരവപൂർവ്വം വീക്ഷിക്കുകയും അഭ്യൂഹാത്മകവിചിന്തനരീതിയെ മാത്രമേ ശാസ്ത്രജ്ഞന്മാർ ആശ്രയിക്കാൻ പാടുള്ളൂ എന്നു നിഷ്‌ക്കർഷിക്കുകയും ചെയ്യുന്നുണ്ട്. പ്രേരണാത്മകയുക്തിവിചാരത്തിന്റെ തുടർച്ചയിൽ അദ്ദേഹം അസത്യവൽക്കരണ(Falsification)ത്തിന്റെ രീതിയിലേക്കു നീങ്ങുന്നു. ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഒരു ശാസ്ത്രസിദ്ധാന്തം ശരിയാണെന്നു തെളിയിക്കാൻ സാദ്ധ്യമല്ലെങ്കിലും അതു തെറ്റാണോയെന്നു പരിശോധിക്കാനും തെറ്റാണെന്നു തെളിയിക്കാനും കഴിഞ്ഞേക്കുമെന്നാണ് കാൾപോപ്പർ വാദിച്ചത്. അതായത് ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ ഗരിമയുടെ ഉരകല്ലായി അസത്യവൽക്കരണത്തെ സ്വീകരിക്കാം. എല്ലാ ലോഹങ്ങളും വിദ്യുത്ചാലകങ്ങളാണ് എന്ന ഭൗതികശാസ്ത്രസിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാൻ വിദ്യുത്ചാലകമല്ലാത്ത ഒരു ലോഹത്തെ കണ്ടെത്തിയാൽ മതിയല്ലോ? ഇതിലൂടെ ആ ശാസ്ത്രസിദ്ധാന്തം അസത്യവൽക്കരണത്തിനു വിധേയമായെന്നും അത് സാർവ്വലൗകികമായ ശാസ്ത്രസിദ്ധാന്തമല്ലെന്നും പറയാൻ കഴിയും. അസത്യവൽക്കരണത്തെ ശാസ്ത്രീയതയുടെ തന്നെ ഉരകല്ലായി സ്വീകരിക്കാൻ കഴിയുമെന്ന് പോപ്പർ വാദിക്കുന്നു. അസത്യവൽക്കരണത്തിന്റെ നിബന്ധനകൾക്കു വിധേയമാകുന്നുണ്ടോയെന്ന കാര്യത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രം, കപടശാസ്ത്രം എന്നിങ്ങനെയുള്ള വിഭജനങ്ങൾക്കും അദ്ദേഹം മുതിരുന്നു.

മാർക്​സ്​, ​ഫ്രോയ്ഡ്​; എത്ര​ത്തോളം ശാസ്​ത്രീയം?

ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള അതിരുകൾ നിർണ്ണയിക്കുന്ന തന്റെ രീതി ഉപയോഗിച്ചു കൊണ്ട് മാർക്സിസവും ഫ്രോയ്ഡിന്റെ മനോവിശകലനവും ശാസ്ത്രീയമല്ലെന്ന് പോപ്പർ വിധിക്കുന്നു. മാർക്സ് നിരീക്ഷിച്ചതു പോലെ മുതലാളിത്തം ഉച്ചഘട്ടത്തിലെത്തിയ രാജ്യങ്ങളിൽ വിപ്ലവം നടക്കുകയും സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കും നീങ്ങുകയും ചെയ്യാത്തതു കൊണ്ട് ആ സിദ്ധാന്തം തെറ്റാണെന്നു തെളിഞ്ഞതായി പോപ്പർ പറയുന്നുണ്ട്. ശാസ്ത്രജ്ഞന്മാർക്കോ ശാസ്ത്രചിന്തകന്മാർക്കോ നിരുപാധികം പിന്തുണക്കാവുന്ന ഒരു സമീപനമല്ല പോപ്പർ സ്വീകരിക്കുന്നത്.

ഒരു ശാസ്ത്രസിദ്ധാന്തത്തിന് അപവാദങ്ങൾ കണ്ടെത്തിയാൽ, ആ സിദ്ധാന്തത്തെ നിലനിർത്താൻ കഴിയുന്ന രീതിയിലുള്ള സവിശേഷമായ അനൗപചാരിക സങ്കൽപ്പന(ad hoc hypothesis) ങ്ങളെ ശാസ്ത്രജ്ഞന്മാർ മുന്നോട്ടു വയ്ക്കാറുണ്ട്. യുറാനസ് വരെയുള്ള ഏഴു ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥവ്യവസ്ഥയെയാണ് ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമം ഉപയോഗിച്ച് ആദ്യകാലങ്ങളിൽ വിശദീകരിച്ചിരുന്നത്. പിന്നീട്, യുറാനസിന്റെ സഞ്ചാരപഥം ന്യൂട്ടന്റെ സിദ്ധാന്തത്തെ പൂർണ്ണമായും പിന്തുടരുന്നില്ലെന്നു കണ്ടെത്തുന്നുണ്ട്.

1712ലെ ഐസക് ന്യൂട്ടൻ, സർ ജയിംസ് തോൺഹിൽ വരച്ച ചിത്രം

ഇപ്പോൾ, ന്യൂട്ടന്റെ സിദ്ധാന്തത്തെ തള്ളിക്കളയുന്നതിനല്ല, മറിച്ച്, ഈ സവിശേഷസാഹചര്യത്തിനു യോജിച്ച ഒരു സങ്കൽപ്പനത്തെ കൂട്ടിച്ചേർത്തു കൊണ്ട് ന്യൂട്ടന്റെ സിദ്ധാന്തത്തെ നിലനിർത്തുന്നതിനാണ് ശാസ്ത്രജ്ഞന്മാർ ശ്രമിച്ചത്. ഇതേ വരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഗ്രഹം യുറാനസിൽ ഗുരുത്വാകർഷണബലം പ്രയോഗിക്കുന്നതാകണം അതിന്റെ സഞ്ചാരപഥത്തിലെ വിപഥനത്തിനു കാരണമെന്ന് ആഡംസ്, ലെവറിയർ എന്നീ ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നു. നെപ്ട്യൂൺ എന്ന ഗ്രഹത്തെ അപ്പോൾ കണ്ടെത്തിയിരുന്നില്ല. പിൽക്കാലത്ത് നെപ്ട്യൂൺ എന്ന ഗ്രഹത്തെ കണ്ടെത്തുകയും ആഡംസിന്റേയും ലെവറിയറുടേയും നിർദ്ദേശങ്ങൾ ശരിയാണെന്നു ബോദ്ധ്യപ്പെടുകയും ചെയ്തു. പ്ലൂട്ടോ എന്ന ഗ്രഹത്തെ കൂടി സൗരയൂഥവ്യവസ്ഥയിൽ ഉൾപ്പെടുത്തിയതും പിന്നീട് കുള്ളഗ്രഹം എന്ന പേരിൽ അതിനെ ഒഴിവാക്കിയതും കൂടി ശാസ്ത്രചരിത്രത്തിന്റെ ഭാഗമാണ്.

മുതലാളിത്തം സോഷ്യലിസത്തിലേക്കോ കമ്മ്യൂണിസത്തിലേക്കോ നീങ്ങിയിട്ടില്ലെന്നത്, മാർക്സിന്റെ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്നുവെന്നു പറയുന്നതിനു മുന്നേ അതിനു മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്

ശാസ്ത്രത്തിലെ നിർവ്വചനങ്ങളും സങ്കൽപ്പനങ്ങളും നിരന്തരപരിണാമിയും നിരന്തരം നവീകരിക്കപ്പെടുന്നതുമാണെന്ന കാര്യത്തെ അടിവരയിടുന്ന അനുഭവങ്ങളാണിത്. മുതലാളിത്തം സോഷ്യലിസത്തിലേക്കോ കമ്മ്യൂണിസത്തിലേക്കോ നീങ്ങിയിട്ടില്ലെന്നത്, മാർക്സിന്റെ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്നുവെന്നു പറയുന്നതിനു മുന്നേ അതിനു മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. ആഡംസിന്റേയും ലെവറിയറുടേയും ഇടപെടലുകൾ ശരിയാണെന്നു പറയുന്നവർ, ഇതര കാരണങ്ങളുണ്ടോയെന്നു തിരയാതെ മാർക്സിസം കപടശാസ്ത്രമാണെന്നു വാദിക്കുന്നത് അന്യായമാണ്. നിരീക്ഷണഫലങ്ങളോട് സംഘർഷത്തിലാകുന്നുവെന്നതു കൊണ്ട് ഒരു ശാസ്ത്രസിദ്ധാന്തവും പെട്ടെന്ന് ഉപേക്ഷിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. വളരെ വിശദമായി എഴുതേണ്ട കാര്യമാണിത്.

പ്രപഞ്ചം; വ്യത്യസ്തതകളില്ലാത്ത തുടർച്ച

ശാസ്ത്രത്തിനു യോജിച്ച ഒരു ഉരകല്ല് നിർമ്മിക്കാനുള്ള കാൾ പോപ്പറുടെ ത്വരയെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതാണ്. ശാസ്ത്രത്തിനും കപടശാസ്ത്രത്തിനുമിടയിൽ ശരിയായ അതിർത്തികൾ നിർമ്മിക്കാൻ ശ്രമിക്കുന്ന കാൾ പോപ്പർ, എല്ലാ ശാസ്ത്രങ്ങൾക്കും പൊതുവായും അനിവാര്യമായും അതിന്റെ സത്തയായും എന്തോ ഉണ്ടെന്ന സങ്കൽപ്പനത്തിലാണ് നിൽക്കുന്നത്. ശാസ്ത്രത്തിന്റെ

കാൾപോപ്പർ, 1990കളിൽ

സത്തയെ കുറിച്ചുള്ള ഒരു സങ്കൽപ്പനം പോപ്പറുടെ രീതിശാസ്ത്രത്തിന്നടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നു സാരം. സത്താവാദപരമായ സമീപനമാണത്. ശാസ്ത്രത്തെ നയിക്കുന്ന ദൈവത്തെ കുറിച്ചുള്ള വാദമാണിത്. ചോദ്യം ചെയ്യപ്പെടേണ്ട വാദഗതിയാണിത്. ശാസ്ത്രം വിഭിന്നവും വ്യത്യസ്തവുമായ പ്രവർത്തനപദ്ധതികളുടെ ഒരു സംഘാതമാണ്. ചില പ്രകരണങ്ങളിൽ ചില കാര്യങ്ങളെ അവ പങ്കു വയ്ക്കുന്നുണ്ടാകാം. എല്ലായ്പോഴും അങ്ങനെയാകണമെന്നില്ല. ഒരു കളിയെ നിർവ്വചിക്കുന്ന ഉറപ്പുള്ള സവിശേഷഗണം ലക്ഷണങ്ങളില്ലെന്ന് വിറ്റ്ഗൺസ്‌റ്റൈൺ പറയുന്നുണ്ട്. മിക്കവാറും എല്ലാ കളികളിലും പിന്തുടരുന്ന അയവാർന്ന ഒരു കൂട്ടം ലക്ഷണങ്ങളുണ്ടാകാം. അവയിൽ ചിലതില്ലയെന്നത് ഒരു കളിയെ കളിയല്ലാതാക്കുന്നില്ല. വിറ്റ്ഗൺസ്‌റ്റൈന്റെ ഈ അഭിപ്രായം ശാസ്ത്രത്തിനും ബാധകമായിരിക്കണം.

ശാസ്ത്രചരിത്രത്തിൽ അനുഭവൈക വാദത്തിന്റെ വലിയ ഇടപെടലുകളെ കുറിച്ചു പറയുന്നതിനു മുന്നേ ഇമ്മാനുവേൽ കാന്റിന്റെ യുക്തിചിന്തയെ കുറിച്ചു ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. ഇമ്മാനുവൽ കാന്റിന്റെ ശുദ്ധയുക്തിയുടെ വിമർശനം എന്ന പുസ്തകം തത്ത്വചിന്തയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നല്ലോ. നമ്മുടെ അനുഭവത്തിൽ മനസ്സിന് എന്തു പങ്കാണുള്ളതെന്ന പ്രശ്നം കാന്റ് ഉന്നയിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു - നമ്മുടെ സംവേദനങ്ങളിലൂടെ നാം ആർജ്ജിച്ചെടുക്കുന്ന ലോകം നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്. നമുക്ക് ലോകത്തെ അതേപടി ഗ്രഹിച്ചെടുക്കുന്നതിനുള്ള മാർഗ്ഗങ്ങളില്ല. നാം ജ്ഞാനാർജ്ജനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ലോകത്തെ സവിശേഷരീതിയിൽ രൂപപ്പെടുത്തുന്നുണ്ട്. സ്ഥലകാലങ്ങളോ കാരണബന്ധങ്ങളോ ഇല്ലാതെ നമുക്ക് ഭൗതികവസ്തുവിനെയോ ഭൗതികസംഭവങ്ങളെയോ സങ്കല്പിക്കാൻ കഴിയില്ല.

പ്രപഞ്ചം അതിന്റേതായ യുക്തിയിൽ വ്യത്യസ്ത വസ്തുക്കളായോ സംഭവങ്ങളായോ പ്രത്യക്ഷപ്പെടുന്നില്ല. മറിച്ച്, അത് വ്യത്യസ്തതകളില്ലാത്ത തുടർച്ചയാണ്. ചിന്തയുടെ അടിസ്ഥാനസംവർഗങ്ങൾ ഘടകവസ്തുക്കളേയും സ്വഭാവഗുണങ്ങളേയും കൊത്തിയെടുക്കുകയാണ്. ഈ നിർമാണപ്രക്രിയ, നാം എങ്ങനെയാണ് ലോകത്തെ അനുഭവിക്കുന്നത് എന്നതിന്റെ മാറ്റമില്ലാത്തതും സ്വേച്ഛാനുസരണമല്ലാത്തതുമായ സവിശേഷപ്രകാശനമാണ്. ഭൗതികശാസ്ത്രത്തിനു യോജിച്ച ഒരു ദർശനത്തെ രൂപീകരിക്കുകയെന്നത് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദൗത്യമായി ഇമ്മാനുവൽ കാന്റ് ഏറ്റെടുക്കുന്നുണ്ട്.

സ്ഥലവും കാലവും ബാഹ്യയാഥാർത്ഥ്യത്തിന്റെ ഭാഗമാണെന്ന് കാന്റ് കരുതിയിരുന്നില്ലല്ലോ. അവ രണ്ടും, വസ്തുക്കളേയും സംഭവങ്ങളേയും ബന്ധിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ നമ്മുടെ മനസ്സിൽ മുന്നേ നിലനിൽക്കുന്ന ഘടനകളായിട്ടാണ് കാന്റ് മനസ്സിലാക്കിയിരുന്നത്. ഐൻസ്‌റ്റൈന്റെ ആപേക്ഷികസിദ്ധാന്തം കാന്റിയന്മാരെ ഞെട്ടിക്കുന്ന ശാസ്ത്രാവിഷ്‌ക്കാരമായിരുന്നു. ആപേക്ഷിക സിദ്ധാന്തം സ്ഥല-കാലങ്ങൾ ചലനത്താലും ഗുരുത്വാകർഷണ ബലത്താലും ബാധിക്കുന്നവയായി കണ്ടെത്തുന്നുണ്ടല്ലോ? ശുദ്ധചിന്ത കൊണ്ട് പ്രകൃതിയെ അറിയാൻ കഴിയുമെന്നു കരുതുന്ന ഈ സമീപനത്തോടുള്ള വിമർശം കൂടിയായിട്ടാണ് പ്രത്യക്ഷവസ്തുവാദം ശാസ്ത്രചരിത്രത്തിൽ ശ്രദ്ധേയമാകുന്നത്. എന്നാൽ, അത് കലുഷിതമായ ചില അവസ്ഥകളേയും സൃഷ്ടിച്ചു. ▮

(അവസാനിക്കുന്നില്ല)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments