ഭൗമ ദിനത്തിന്റെ 45-ാം വാർഷികത്തിന് നാസ പ്രസിദ്ധീകരിച്ച ഭൂമിയുടെ ചിത്രം

വിയന്ന സർക്കിളിനു ശേഷം

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 11

മാനുഷികമായ മറ്റു സാംസ്‌കാരികസംരംഭങ്ങളെയെന്ന പോലെ തുടർച്ചയില്ലായ്മകളുടേയും അനൈക്യത്തിന്റേയും വ്യത്യസ്ത മാനദണ്ഡങ്ങളുടേയും ഒത്തുചേരായ്മകളുടേയും കഥയാണ് ശാസ്ത്രത്തിനും പറയാനുള്ളത്.

ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ ഔപചാരികവൽക്കരിക്കാനുള്ള (Formalize) വിയന്ന സർക്കിളിലെ ബുദ്ധിജീവികളുടെ പരിശ്രമം അപൂർണ്ണമായ ചില ഫലങ്ങളാണ് സൃഷ്ടിച്ചത്. അവരുടെ വിചിന്തനാത്മക പ്രത്യക്ഷവസ്തുവാദ (Logical Positivism) ത്തിനെതിരെ വലിയ വിമർശങ്ങൾ പല കോണുകളിൽ നിന്നും ഉയർന്ന വന്നിരുന്നല്ലോ? ഹുസേലിന്റേയും വിറ്റ്‌ജെൻസ്റ്റൈന്റേയും കോഡ്‌വെല്ലിന്റെയും
ഹൈഡഗറുടേയും മറ്റും വിമർശനങ്ങൾക്കൊപ്പം കാൾ പോപ്പറുടേയും വില്ലാർഡ് വാൻ ക്വിനിന്റേയും ഗഡമറുടേയും മറ്റും ഇടപെടലുകളുമുണ്ടായിരുന്നു. ശാസ്ത്രസിദ്ധാന്തങ്ങളുടെ തെളിയിക്കലിനേയും പരിശോധനീയതയേയും കുറിച്ചുള്ള പോസിറ്റിവിസ്റ്റുകളുടെ സമീപനങ്ങൾക്കെതിരെ അസത്യവൽക്കരണത്തിന്റെ വഴി നിർദ്ദേശിച്ച കാൾപോപ്പറുടെ രീതിശാസ്ത്രം നാം സങ്കൽപ്പിക്കുന്നതിലും കൂടുതൽ പ്രശ്നസങ്കീർണ്ണമായിരുന്നു. ഏതെങ്കിലും ശാസ്ത്രസിദ്ധാന്തത്തെ കുറിച്ച് ഉറപ്പോടെ പറയുന്നതിനു കഴിയാത്ത സ്ഥിതിയാണ് അതു സൃഷ്ടിച്ചത്. ഒരു സിദ്ധാന്തം അസത്യവൽക്കരണത്തെ മറികടക്കുകയും സവിശേഷസന്ദർഭങ്ങളെ വിശദീകരിക്കുകയും ചെയ്താൽ ഭാഗികമായെങ്കിലും അത് ഉറപ്പുള്ള സിദ്ധാന്തമാണെന്ന് ശാസ്ത്രജ്ഞന്മാർ കരുതുന്നുണ്ടാകും. ഭാവിയിൽ ഇത്തരം സവിശേഷ സന്ദർഭങ്ങളെയെങ്കിലും വിശദീകരിക്കുന്നതിനുള്ള ശേഷി അതിനുണ്ടെന്നും ശാസ്ത്രജ്ഞന്മാർ കരുതിയേക്കാം. അതിന്റെ സംഭാവ്യതയെ കുറിച്ച് അവർ ആലോചിച്ചേക്കാം. എന്നാൽ, കാൾ പോപ്പർ ഇങ്ങനെയൊരു ഉറപ്പിനെയോ സംഭാവ്യതയേയോ ഒരിക്കലും അംഗീകരിക്കുകയുണ്ടായില്ല. തന്റെ ജീവിതത്തിലുടനീളം ഈ നിർദ്ദേശത്തെ തീർത്തും എതിർക്കുന്ന സമീപനമാണ് കാൾ പോപ്പർ സ്വീകരിച്ചത്. അഭ്യൂഹാത്മകരീതിശാസ്ത്രത്തിന് അങ്ങനെ ഒരു നിഗമനം സാധ്യമല്ലെന്നാണ് പോപ്പർ കരുതിയത്. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നാളെ സൂര്യൻ ഉദിക്കില്ലെന്നു ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും അഭ്യൂഹാത്മക രീതിശാസ്ത്രപ്രകാരം നാളെ സൂര്യൻ ഉദിക്കുമെന്നു പറയാൻ കഴിയില്ല.

ന്യൂട്ടോണിയൻ ഭൗതികത്തെ ഐൻസ്റ്റൈനിയൻ ഭൗതികം കൊണ്ടു മാറ്റിസ്ഥാപിച്ച ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വിപ്ലവം അനേകം ശാസ്ത്രദാർശനികന്മാരെ പെട്ടെന്നു സ്വാധീനിക്കുകയുണ്ടായി

അസത്യവൽക്കരണത്തിലൂടെ ഹ്യൂമിന്റെ പ്രശ്നത്തെ പരിഹരിച്ചതായി കാൾ പോപ്പർ കാണുന്നുണ്ട്. ആ ആത്മവിശ്വാസം ശരിയായിരുന്നോ? അസത്യവൽക്കരണത്തെ അക്ഷരാർത്ഥത്തിൽ സമീപിക്കുകയാണെങ്കിൽ, സൗരയൂഥഗ്രഹമായ ബുധന്റെ സഞ്ചാരപഥത്തിൽ കൃത്യത കാണാതിരുന്ന സന്ദർഭത്തിൽ തന്നെ ന്യൂട്ടോണിയൻ ഭൗതികം അസത്യവൽക്കരിക്കപ്പെട്ടുവെന്നും അതു തള്ളിക്കളയേണ്ടതാണെന്നും പറയേണ്ടി വരും. ന്യൂട്ടോണിയൻ ഭൗതികം സൃഷ്ടിച്ച വിജയകരമായ അനേകം ശാസ്ത്രഫലങ്ങളെ നിഷേധിച്ചുകൊണ്ട് ഇത് സാധ്യമാകുമോ? ശാസ്ത്രജ്ഞന്മാർക്കു സ്വീകരിക്കാൻ കഴിയാതിരുന്ന ചില കാര്യങ്ങളെങ്കിലും കാൾ പോപ്പറുടെ അസത്യവൽക്കരണത്തിൽ ഉണ്ടായിരുന്നു.

ന്യൂട്ടോണിയൻ ഭൗതികത്തെ ഐൻസ്റ്റൈനിയൻ ഭൗതികം കൊണ്ടു മാറ്റിസ്ഥാപിച്ച ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വിപ്ലവം അനേകം ശാസ്ത്രദാർശനികന്മാരെ പെട്ടെന്നു സ്വാധീനിക്കുകയുണ്ടായി. മനുഷ്യന്റെ ജ്ഞാനാർജ്ജനത്തിന്റെ ചരിത്രത്തിൽ എത്രയും നന്നായി ഉറപ്പിക്കപ്പെട്ട ശാസ്ത്രസിദ്ധാന്തത്തിന്റെ; ന്യൂട്ടോണിയൻ ഭൗതികത്തിന്റെ, പ്രതിസ്ഥാപനം ശാസ്ത്രത്തെ കുറിച്ചുള്ള ചിന്തയിൽ വളരെ വലിയ ആഘാതമാണേൽപ്പിച്ചത്. ഇതിന്റെ പ്രാധാന്യമേറിയ ഒരു അനന്തരഫലം ശാസ്ത്രത്തിന്റെ തത്ത്വചിന്തക്കു പ്രാധാന്യം ലഭിക്കുന്നുവെന്നതാണ്. നിരീക്ഷണഫലങ്ങൾക്കനുസരിച്ച് ശാസ്ത്രസിദ്ധാന്തത്തെ കീഴ്നിർണ്ണയന (Under Determination) ത്തിനു വിധേയമാക്കുന്ന പിയറി ദുഹെമിന്റെയും വില്ലാർഡ് വാൻ ക്വിനിന്റെയും പ്രബന്ധങ്ങളെ ഈ പ്രകരണത്തിന്റെ പ്രത്യക്ഷഫലമായി കാണാൻ കഴിയും. ഒരു ശാസ്ത്രസിദ്ധാന്തത്തിനുള്ള തെളിവ് മറ്റ് അനേകം സിദ്ധാന്തങ്ങൾക്കു കൂടി യോജിച്ചതാകുകയും എന്നാൽ ഈ സിദ്ധാന്തങ്ങൾ പരസ്പരം ഒത്തുചേർക്കാൻ

പിയറി ദുഹം

കഴിയാത്തതാകുകയും ചെയ്യുമ്പോഴാണ്, ആ സിദ്ധാന്തങ്ങൾ കീഴ്നിർണ്ണയനത്തിനു വിധേയമായെന്നു പറയുന്നത്. നമുക്ക് ഒരു ഗണം ഇന്ദ്രിയാനുഭവങ്ങളുണ്ടെന്നു കരുതുക. ഇവയെ ഉപയോഗിച്ച് നമ്മുടെ അനുഭവത്തെ വിശദീകരിക്കുന്ന സിദ്ധാന്തം നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും കരുതുക. ലഭ്യമായ ഡാറ്റ ഉപയോഗിച്ച് ഒരു സിദ്ധാന്തമല്ല, അനേകം സിദ്ധാന്തങ്ങൾ നിർമ്മിക്കാൻ കഴിയും. ഈ സിദ്ധാന്തങ്ങൾ പരസ്പരം ഒത്തുചേരുന്നവയായിരിക്കണമെന്നില്ല. ഈ സന്ദർഭത്തിൽ, തെളിവുകളായി സ്വീകരിക്കപ്പെട്ട ഇന്ദ്രിയാനുഭവങ്ങൾ സിദ്ധാന്തങ്ങളെ കീഴ്നിർണ്ണയനത്തിനു വിധേയമാക്കിയെന്നു പറയാവുന്നതാണ്. തെളിവിനെ ഉറപ്പിക്കുന്ന ഒരു സിദ്ധാന്തത്തെ മാത്രം കണ്ടെത്തുകയും ഒന്നൊഴികെ മറ്റെല്ലാ സിദ്ധാന്തങ്ങളേയും തള്ളിക്കളയുകയും ചെയ്യുന്ന നിർണ്ണായകമായ പരീക്ഷണം ഭൗതികശാസ്ത്രത്തിൽ അസാധ്യമാണെന്നു പിയറി ദുഹം തന്റെ പ്രബന്ധത്തിൽ പറയുന്നു.

ക്വിനിന്റെ കീഴ്നിർണ്ണയനവും പോപ്പറുടെ അസത്യവൽക്കരണവും ഒത്തുചേർക്കാൻ കഴിയുന്നതല്ല. ഒരു ശാസ്ത്രസങ്കൽപ്പനത്തെ മറ്റു വിശ്വാസങ്ങളിൽ നിന്നും മാറ്റി നിർത്തി പരിശോധിക്കാവുന്നതാണെന്ന് പോപ്പർ കരുതുന്നുണ്ട്. ക്വിൻ ഈ വീക്ഷണത്തെ വെല്ലുവിളിക്കുന്നു. ദുഹെമിന്റെ കീഴ്നിർണ്ണയനത്തെ കുറിച്ചുള്ള വീക്ഷണത്തെ അദ്ദേഹം എല്ലാ ശാസ്ത്രങ്ങളിലേക്കും വ്യാപിപ്പിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നു. നിരീക്ഷണഫലങ്ങൾ കൊണ്ട് ഒരു സിദ്ധാന്തത്തെ കീഴ്നിർണ്ണയനം നടത്തുന്നത് ഭൗതികശാസ്ത്രത്തിനു മാത്രമുള്ള കാര്യമല്ലെന്ന്, എവിടെയും കണ്ടുവരുന്നതാണെന്ന് ക്വിൻ എഴുതുന്നു.

വില്ലാർഡ് വാൻ ക്വിൻ

ശാസ്ത്രത്തിലെ സങ്കൽപ്പനങ്ങളും വിശ്വാസങ്ങളും പരസ്പരബന്ധമുള്ള ഒരു സങ്കീർണ്ണസംവിധാനത്തിന്റെ ഭാഗമാണെന്നും ഇവയിൽ ഏതെങ്കിലുമൊന്നിനെ ഒറ്റപ്പെടുത്തി കാണാൻ കഴിയില്ലെന്നും ക്വിനിന്റെ സാകല്യവാദം (Holism) പറയുന്നു. പരീക്ഷണത്തിന്റെ പരിശോധനയ്ക്കു വിധേയമാകുന്നത് കൂടിച്ചേർന്നു നിൽക്കുന്ന ധാരാളം സൈദ്ധാന്തിക വിശ്വാസങ്ങളാണ്, ഒറ്റയ്ക്ക് ഒരു സങ്കൽപ്പനവും പരീക്ഷണത്തിനു വിധേയമാകുന്നില്ല. ഗണിതപ്രസ്താവനകളെ വിശ്ലേഷണാത്മക നിർദ്ദേശങ്ങളായും ജ്യാമിതിയെ ഇതിൽ നിന്നും വ്യത്യസ്തമായി അനുഭവൈകശാസ്ത്രപരമായും കാണുന്ന, അവയെ വിശ്ലേഷണാത്മകം(Analytic),സംശ്ലേഷണാത്മകം(Synthetic) എന്നിങ്ങനെ വേർതിരിക്കുന്ന ഡേവിഡ് ഹിൽബർട്ടിന്റെ സമീപനത്തെ ക്വിൻ തന്റെ സാകല്യവാദ നിലപാടിൽ നിന്നു കൊണ്ടു വിമർശിക്കുന്നുണ്ട്.

നമുക്കു പരിമിത എണ്ണം ബിന്ദുക്കളുണ്ട്. ഈ ബിന്ദുക്കളിലൂടെ അനന്യമായ ഒരു ഏകപാത വരയ്ക്കാൻ കഴിയുമോ? അനന്തം പാതകൾ വരയ്ക്കാൻ കഴിയുമെന്നതാണ് അനുഭവം. അതുപോലെ, പരിമിത എണ്ണം ഡാറ്റയിൽ നിന്നും അനന്തം സിദ്ധാന്തങ്ങൾ നിർമ്മിക്കപ്പെടും.

നമ്മുടെ പരീക്ഷണാത്മക തെളിവുകൾ പരിമിതമാണ്; എന്നാൽ, നമ്മുടെ സിദ്ധാന്തങ്ങളിൽ നിന്നും അനന്തം ആനുഭവൈക പ്രവചനങ്ങൾ സാധ്യമാണ്. ഉദാഹരണത്തിന്, ന്യൂട്ടോണിയൻ ഭൗതികം എങ്ങനെയാണ് ഗ്രഹങ്ങൾ സഞ്ചരിക്കുന്നതെന്നു മാത്രമല്ല പ്രവചിക്കുന്നത്, ഇപ്പോൾ വിക്ഷേപിച്ചു കഴിഞ്ഞതും ഇനിയും വിക്ഷേപിക്കാനിരിക്കുന്നതുമായ എത്രയോ കൃത്രിമോപഗ്രഹങ്ങളുടെ പാതയെ കുറിച്ചും അതു പ്രവചിക്കുന്നു. നമുക്കു പരിമിത എണ്ണം ബിന്ദുക്കളുണ്ട്. ഈ ബിന്ദുക്കളിലൂടെ അനന്യമായ ഒരു ഏകപാത വരയ്ക്കാൻ കഴിയുമോ? അനന്തം പാതകൾ വരയ്ക്കാൻ കഴിയുമെന്നതാണ് അനുഭവം. അതുപോലെ, പരിമിത എണ്ണം ഡാറ്റയിൽ നിന്നും അനന്തം സിദ്ധാന്തങ്ങൾ നിർമ്മിക്കപ്പെടും. ലഭ്യമായ ഡാറ്റ ഉപയോഗിച്ച് ഒരു അനന്യപാത(Unique path) നാം നിർമ്മിച്ചുവെന്നു കരുതുക. പുതിയ അനുഭവത്തിൽ നിന്നും കിട്ടുന്ന ഡാറ്റ; പുതിയ ബിന്ദു, ആ പാതയിലെ ഒരു ബിന്ദുവായി മാറിത്തീരുന്നുവെങ്കിൽ നാം വരച്ചത് അനന്യപാതയാണെന്നു കരുതാം. നമ്മുടെ അനന്യപാതയിൽ ഉൾപ്പെടാതിരിക്കുന്ന ബിന്ദുവിനെ നിർമ്മിക്കുന്ന സ്വർഗ്ഗീയ ഗൂഢാലോചന നടക്കുന്നില്ല! ഐൻസ്റ്റൈൻ പറയുന്നു "ദൈവം നിഗൂഢമാണ്, പക്ഷേ വിദ്വേഷം ജനിപ്പിക്കുന്നില്ല'

ഹാൻസ് ജോർജ് ഗഡമർ

ഹുസേലിന്റേയും ഹൈഡഗറുടേയും തുടർച്ചയിൽ നിന്നുകൊണ്ടാണ് ഹാൻസ് ജോർജ് ഗഡമർ ശാസ്ത്രത്തേയും അതിന്റെ രീതിശാസ്ത്രത്തേയും നോക്കിക്കണ്ടത്. ഹൈഡഗറുടെ ഉണ്മയെ കുറിച്ചുള്ള ചോദ്യത്തിൽ ഗഡമർ സ്വാധീനിക്കപ്പെട്ടിരുന്നു. മനുഷ്യാസ്തിത്വത്തിന്നടിയിൽ സ്ഥിതി ചെയ്യുന്ന സർവ്വവ്യാപിയും അവർണ്ണനീയവുമായ പ്രകൃതത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്ന രീതിയിൽ, ഹൈഡഗറുടെ ഉണ്മയോടുള്ള പ്രതിജ്ഞാബദ്ധതയെ ഗഡമർ വികസിപ്പിച്ചു. മനുഷ്യജ്ഞാനത്തിന്റെ ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ നിൽപ്പിനെ ഗഡമർ സ്പഷ്ടമാക്കി. മനുഷ്യചിന്തയ്ക്ക് ഭാഷയും പാരമ്പര്യവും എത്രമേൽ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു. ഉണ്മയുടെ അടിയിൽ ഭാഷയുണ്ട്. ഉണ്മയെ കവിഞ്ഞു നിൽക്കുന്ന ഭാഷയുണ്ട്. ഉണ്മ നിർമ്മിക്കുന്ന ഭാഷയുണ്ട്. ഗഡമർ പോസിറ്റിവിസത്തിന്റെ നിലപാടുകളെ വിമർശിച്ചു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുള്ള സമീപനങ്ങളെ ചോദ്യം ചെയ്തു. സത്യത്തെ ഏതെങ്കിലും ഒരു കൂട്ടം പ്രമാണങ്ങളിലേക്കോ അളവുകളിലേക്കോ സവിശേഷരീതികളിലേക്കോ ചുരുക്കാനാവില്ലെന്നു പറഞ്ഞു. ആധിപത്യപരമായ പ്രവണതകൾക്കെതിരെ നിന്ന ഗഡമർ ശാസ്ത്രത്തിനോ രീതിശാസ്ത്രത്തിനോ എതിരായിരുന്നില്ല. സത്യത്തിന്റെ മണ്ഡലത്തെ രീതിശാസ്ത്രത്തിന്നപ്പുറമെത്തിക്കാൻ സത്യത്തെ ഒരു അനുഭവമോ സംഭവമോ ആയി ഗഡമർ കണ്ടു. നാം ഇടപെടുകയും മാറ്റുകയും ചെയ്യുന്നതാണത്. ഗഡമറുടെ സത്യവും രീതിശാസ്ത്രവും (Truth and Method) എന്ന പുസ്തകം രീതിശാസ്ത്രവാദത്തിനും ശാസ്ത്രമാത്രവാദത്തിനും പ്രത്യക്ഷവസ്തുവാദത്തിനും വിമർശനമായി എഴുതപ്പെട്ടതാണ്. മനുഷ്യൻ തിരയുന്ന അർത്ഥപൂർണ്ണമായ ജ്ഞാനം പ്രകൃതിശാസ്ത്രത്തിലേക്കു ചുരുക്കാവുന്നതല്ലെന്നും ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന്നപ്പുറത്തും ആഴത്തിലുള്ള ജ്ഞാനമുണ്ടെന്നും ഗഡമർ കാണുന്നു. ഗഡമർ രീതിശാസ്ത്രത്തിന്റെ പേരിൽ സത്യത്തെ എതിർക്കുന്നുവെന്ന് ഹേബർമാസ് വിമർശിക്കുന്നുണ്ട്.

ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിനു വെളിപ്പെടുത്താനാകാത്ത സത്യങ്ങളുണ്ടെന്ന് ഹുസേലിനെ പോലെ ഗഡമറും കണ്ടെത്തുന്നു. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന ശാസ്ത്രജ്ഞാനത്തിന്നപ്പുറത്ത് സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഒരു വസ്തുവിനെ അതിന്റെ മുഴുവൻ സവിശേഷതയിലും മനസ്സിലാക്കുന്ന സമീപനങ്ങൾ വേണമെന്ന് ഗഡമർ പറയുന്നു.

ശാസ്ത്രജ്ഞന് വിഷയവസ്തുവുമായുള്ള ബന്ധം നിസംഗതയുടെയോ ഉദാസീനതയുടെയോ ആണ്. മാറ്റിനിർത്തപ്പെട്ട, അന്യമായ വസ്തുവാണത്. അത് വ്യാഖ്യാനശാസ്ത്രാത്മക(Hermeneutic)മായ വസ്തുവല്ല. സാമാന്യത്തിലേക്കു ചുരുക്കപ്പെടാനുള്ള വസ്തുവാണത്. ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠത വിഷയവസ്തുവിന്റെ സവിശേഷതയെ, വ്യക്തിത്വത്തെ ഒഴിവാക്കുകയും എപ്പോഴും സാമാന്യത്തിലേക്കു നോക്കുകയും ചെയ്യുന്നു. കലാകാരന്റെ വിഷയവസ്തു അയാളുടെ അനുഭവത്തെ മാറ്റിത്തീർക്കുന്ന വസ്തുവാണ്, അവിടെ വിഷയവസ്തുവിനോടുള്ള ബന്ധത്തിൽ അടുപ്പവും ആസക്തിയുമുണ്ട്. പി.എൻ. ഗോപീകൃഷ്ണൻ തന്റെ കവിതയിൽ പിരിയൻ സ്‌ക്രൂവിനെ എത്ര സ്നേഹത്തോടെയാണ് നോക്കുന്നത്? പിരിയാണിയിൽ പ്രകൃതിയുടെ സർഗാത്മകതയെ വായിച്ചെടുക്കുന്ന കവി, മനുഷ്യന്റെ സംസ്‌ക്കാരത്തെ കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുന്നു. എഞ്ചിനീയർക്ക് പിരിയാണി ഒരു തുളയിൽ തിരുകിക്കയറ്റി മുറുക്കി ഉറപ്പിക്കുന്നതിനുള്ള വസ്തു മാത്രമാണ്. പിരിയാണിയുടെ പെട്ടെന്നുള്ള ധർമ്മത്തിലേക്ക് അതു ചുരുക്കപ്പെടുന്നു. പിരിയൻ സ്‌ക്രൂവിനെ കുറിച്ച് ഗോപീകൃഷ്ണൻ തന്റെ കവിതയിൽ സൃഷ്ടിക്കുന്ന അർത്ഥങ്ങൾ പോലെ പുതിയ അർത്ഥങ്ങൾ എഞ്ചിനീയർ തന്റെ ശാസ്ത്രസങ്കേതത്തിൽ സൃഷ്ടിക്കുന്നില്ല. ശാസ്ത്രം അർത്ഥങ്ങളിൽ നിന്നും അകന്നുനിൽക്കുന്നുവെന്ന് ഗഡമർ പറയുന്നു. ശാസ്ത്രത്തിന്റെ വലിയ വിജയങ്ങൾ അതിന്റെ രീതിശാസ്ത്രത്തിന്റെ വിഗ്രഹവൽക്കരണത്തിനു കാരണമായിരിക്കുന്നു. മാനവികശാസ്ത്രങ്ങളും പ്രകൃതിശാസ്ത്രങ്ങളെ മാതൃകയാക്കി അവയുടെ വഴിയിലാണ്. ഹുസേൽ സൂചിപ്പിക്കുന്നതു പോലെ ശാസ്ത്രം ജീവിതലോകത്തു നിന്നും മാറിപ്പോയിരിക്കുന്നു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിനു വെളിപ്പെടുത്താനാകാത്ത സത്യങ്ങളുണ്ടെന്ന് ഹുസേലിനെ പോലെ ഗഡമറും കണ്ടെത്തുന്നു. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന ശാസ്ത്രജ്ഞാനത്തിന്നപ്പുറത്ത് സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ഒരു വസ്തുവിനെ അതിന്റെ മുഴുവൻ സവിശേഷതയിലും മനസ്സിലാക്കുന്ന സമീപനങ്ങൾ വേണമെന്ന് ഗഡമർ പറയുന്നു. ശാസ്ത്രം സ്വയം തന്നെ അതിന്റെ രീതിശാസ്ത്രത്തിന്റെ പരിമിതികൾ മനസ്സിലാക്കേണ്ടതുണ്ട്.

ശാസ്ത്രത്തേയും സംസ്‌കാരത്തേയും കുറിച്ചുള്ള സംവാദങ്ങളിൽ തോമസ്‌ കുണിന്റെ പ്രശസ്തമായ പുസ്തകം എത്രയോ പ്രകാശം ചൊരിഞ്ഞു കഴിഞ്ഞിരിക്കുന്നു!

സത്യം ഗ്രഹിക്കാനുളള സുനിശ്ചിതമാർഗമായി ശാസ്ത്രത്തെ സ്വീകരിക്കുകയും വസ്തുനിഷ്ഠജ്ഞാനത്തിന്റെ അലംഘനീയതയെ ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ലോജിക്കൽ പോസിറ്റിവിസ്റ്റുകളുടെ സമീപനങ്ങളോട് വിയോജിക്കുന്ന ശ്രമമെന്ന നിലയ്ക്കു തന്നെയാണ് തോമസ് കുനിന്റെ ശാസ്ത്രചരിത്രാന്വേഷണങ്ങളും ആദ്യമായി ശ്രദ്ധയിലേക്കു വരിക! ശാസ്ത്രത്തേയും സംസ്‌കാരത്തേയും കുറിച്ചുള്ള സംവാദങ്ങളിൽ തോമസ്‌ കുനിന്റെ പ്രശസ്തമായ പുസ്തകം എത്രയോ പ്രകാശം ചൊരിഞ്ഞു കഴിഞ്ഞിരിക്കുന്നു! 1962ൽ പ്രസിദ്ധീകൃതമായ ശാസ്ത്രവിപ്ലവങ്ങളുടെ ഘടന (The Structure of Scientific Revolutions) ദശലക്ഷത്തിലേറെ പകർപ്പുകൾ വിറ്റഴിക്കപ്പെട്ടു. ഈ പുസ്തകത്തിലൂടെ രൂപപ്പെട്ട ആശയമാതൃക (Paradigm), ആശയമാതൃകാവ്യതിയാനം(Paradigm Shift) തുടങ്ങിയ പരികൽപ്പനകൾ ഇപ്പോൾ ലോകമെമ്പാടും ശാസ്ത്രവ്യവഹാരങ്ങൾക്കപ്പുറം മറ്റു വ്യവഹാരങ്ങളിൽ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. തത്ത്വചിന്തകന്മാരും ചരിത്രകാരന്മാരും മുതൽ വ്യാപാരികൾ വരെ അതിന്റെ ഉപഭോക്താക്കളാണ്.

വിചിന്തനാത്മക പ്രത്യക്ഷവസ്തുവാദം (Logical Positivism) ലോകമെമ്പാടുമുള്ള ബുദ്ധിജീവികളെ കീഴ്പ്പെടുത്തിയിരുന്ന ഒരു സന്ദർഭത്തിലാണ് തോമസ് കുൻ ഈ പുസ്തകം എഴുതുന്നത്. റുഡോൾഫ് കർനാപും ഹാൻസ് റീഷൺബാഹും കാൾ പോപ്പറും മറ്റും രംഗം കീഴടക്കിയിരുന്ന കാലമായിരുന്നു അത്.

ജ്ഞാനശാസ്ത്രത്തിന്റെ ആശയമാതൃകയായി പ്രകൃതിശാസ്ത്രം സ്ഥാപിക്കപ്പെട്ടിരുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, പോസിറ്റിവിസത്തിനോടുള്ള വിമർശനങ്ങളും വളരെ ശക്തമായി ഉയർന്നു കഴിഞ്ഞിരുന്നു. ഹൈഡഗറുടേയും മെഡവറുടേയും മറ്റും രചനകളിൽ പുതിയ പ്രത്യക്ഷവാദം വിമർശിക്കപ്പെടുകയും ബദൽ അന്വേഷണങ്ങൾക്കു തുടക്കമിടുകയും ചെയ്തിരുന്നുവല്ലോ? ഈ സന്ദർഭത്തിൽ, ശാസ്ത്രത്തെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു ചിത്രം നൽകിക്കൊണ്ടാണ് തോമസ്‌ കുനിന്റെ പുസ്തകം പ്രസിദ്ധീകൃതമാകുന്നത്. ആ പുസ്തകം ഏറിയകൂറും ഒരു ചരിത്രാഖ്യാനമായിരുന്നു. ശാസ്ത്രജ്ഞാനത്തിന്റെ സാമാന്യപ്രകൃതത്തെ കുറിച്ചു പറയാൻ ചരിത്രഗവേഷണത്തിൽ നിന്നും കിട്ടിയ സാമഗ്രികളെ കുൻ ഉപയോഗിച്ചു. അതേ സമയം, തത്ത്വചിന്താപരമായി അതിനു വളരെ പ്രാധാന്യമുണ്ടായിരുന്നു. തോമസ് കുൻ യുക്തിപരതയുടേയും വസ്തുനിഷ്ഠതയുടേയും സങ്കൽപ്പനങ്ങളിൽ പുരാവൃത്തത്തിന്റെ പ്രഭാവങ്ങൾ കണ്ടു.

ശാസ്ത്രചരിത്രത്തെ സാധാരണശാസ്ത്രം (Normal Science), വിപ്ലവകരമായ ശാസ്ത്രം (Revolutionary Science) എന്നീ പരികൽപ്പനകൾ കൊണ്ട് തോമസ് ‌കുൻ സമീപിക്കുന്നു. സാധാരണ ശാസ്ത്രത്തിന്റെ ഘട്ടത്തിൽ എല്ലാ ശാസ്ത്രജ്ഞൻമാരും അവർക്കിടയിൽ ആധിപത്യത്തിലുള്ള ആശയമാതൃക (Paradigm)യെ സ്വീകരിക്കുകയും പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യുന്നതിന് ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഈ ആശയമാതൃകയെ വ്യാപകമാക്കാനും ഉറപ്പിക്കാനുമാണ് സാധാരണശാസ്ത്രം ശ്രമിക്കുന്നത്. അനുകരണീയമായ ഈ മാതൃകയുടെ കീഴിലാണ് എല്ലാ ശാസ്ത്രപ്രശ്നങ്ങളും നിർദ്ധാരണം ചെയ്യുന്നത്. ശാസ്ത്രഗവേഷണത്തിനുള്ള ഉത്തമമാതൃകയായി അതു നിലനിൽക്കുന്നു. പരമ്പരാഗതവും യാഥാസ്ഥിതികവുമായ സാധാരണശാസ്ത്ര(Normal Science)ത്തിന്റെ ദീർഘനാളത്തെ പ്രവർത്തനത്തെ തുടർന്ന് ആശയമാതൃകക്കു യോജിക്കാത്ത വിധത്തിൽ അപവാദങ്ങളും (Anomalies) അപാകതകളും കുമിഞ്ഞുകൂടുന്നു, പുതിയ കണ്ടെത്തലുകളെ വിശദീകരിക്കാൻ ആശയമാതൃകയ്ക്കു കഴിയാതാകുന്നു. പ്രതിസന്ധികൾ രൂപം കൊള്ളുന്നു, അതു പതുക്കെ വിപ്ലവകരമായ മാറ്റത്തിലേക്കു നീങ്ങുന്നു. സാധാരണശാസ്ത്രം പ്രവർത്തിക്കുന്നത് ഒരു സവിശേഷ ആശയമാതൃകയുടെ കീഴിൽ ഉയർന്ന ചിട്ടയോടെയാണ്. സാധാരണശാസ്ത്രത്തിന്റെ ആവർത്തിച്ചുള്ള പരാജയങ്ങളും പുതിയ സമീപനങ്ങളുടെ ഉദയവുമാണ് മാറ്റത്തിനും വിപ്ലവത്തിനും പ്രേരകമാകുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിലൂടെ പ്രയോഗതന്ത്രങ്ങളും ബദൽ നിർദ്ദേശങ്ങളുമായി പുതിയ സങ്കൽപ്പനങ്ങളും ആശയങ്ങളും രൂപം കൊള്ളുന്നു. വിപ്ലവത്തിന്റെ അവസാനഘട്ടത്തിൽ യുവശാസ്ത്രജ്ഞന്മാർ സ്വീകരിക്കുന്ന പുത്തൻ ആശയമാതൃക പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഉതകുന്നതായി സ്വീകരിക്കപ്പെടുന്നു. ഇതാണ് വിപ്ലവത്തിന്റെ സന്ദർഭം.

ശാസ്ത്രജ്ഞന്റെ വ്യക്തിപരമായ നിലപാടുകൾ അയുക്തികമാകുന്നതു ശാസ്ത്രസിദ്ധാന്തങ്ങളെ ബാധിക്കുമെന്ന സാമാന്യവിശ്വാസം അപ്രസക്തമാകുന്ന സന്ദർഭമാണിത്. വ്യക്തിയായ ശാസ്ത്രജ്ഞൻ അഭിമുഖീകരിക്കുന്ന സാമൂഹികസമ്മർദ്ദങ്ങളും രാഷ്ട്രീയമായ ചേരിതിരിവുകളും സാമ്പത്തികതാൽപ്പര്യങ്ങളും ശാസ്ത്രസിദ്ധാന്തത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിക്കാമെന്ന ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതില്ല.

ആശയമാതൃകയിൽ സംഭവിക്കുന്ന ഈ വ്യതിയാനം യുക്തിപരമായ ഒരു പ്രക്രിയയുടെ ഭാഗമാണെന്നു പറയാൻ കഴിയില്ലെന്നു കുൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുതുതായി രൂപം കൊണ്ട വിപ്ലവകരമായ ശാസ്ത്രത്തിന് സാധാരണശാസ്ത്രത്തിന്റെ പ്രവർത്തനപദ്ധതികളോട് ഒരു യോജിപ്പും ഉണ്ടായിരിക്കില്ല. അതിന്റെ ആശയമാതൃക വ്യത്യസ്തമാണെന്നു മാത്രമല്ല, ഒരേ നിലവാരത്തിൽ അളക്കാൻ കഴിയാത്തവ (Incommensurable)യുമാണ്. ആശയമാതൃകാ വ്യതിയാനങ്ങളെ മതപരിവർത്തനത്തോടും രാഷ്ട്രീയവിപ്ലവങ്ങളോടുമൊക്കെ കുൻ ആദ്യകാലത്തു സമീകരിച്ചു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുന്നുണ്ട്. വ്യത്യസ്ത ആശയമാതൃകകളിൽ പണിയെടുക്കുന്ന ശാസ്ത്രജ്ഞന്മാർ വ്യത്യസ്തലോകങ്ങളിൽ ജീവിക്കുന്നവരാണെന്നു കുൻ പറയും. ആശയമാതൃകാവ്യതിയാനത്തിലൂടെ നിർമ്മിക്കപ്പെടുന്ന ശാസ്ത്രം നമ്മെ കൂടുതൽ സത്യത്തിലേക്കു നയിക്കുകയാണെന്ന സങ്കൽപ്പനത്തെ കുൻ സ്വീകരിക്കുന്നില്ല. ശാസ്ത്രത്തിന്, അതിന്റെ നിയമങ്ങൾക്കും സിദ്ധാന്തങ്ങൾക്കും സഞ്ചിതസ്വഭാവ (Cumulative Nature)മുണ്ടെന്ന വാദവും കുന്നിനു സ്വീകാര്യമല്ല. ശാസ്ത്രജ്ഞാനം ശാസ്ത്രസമൂഹത്തിന്റെ നിർമ്മിതിയാണ്. ശാസ്ത്രജ്ഞന്റെ വ്യക്തിപരമായ നിലപാടുകൾ അയുക്തികമാകുന്നതു ശാസ്ത്രസിദ്ധാന്തങ്ങളെ ബാധിക്കുമെന്ന സാമാന്യവിശ്വാസം അപ്രസക്തമാകുന്ന സന്ദർഭമാണിത്. വ്യക്തിയായ ശാസ്ത്രജ്ഞൻ അഭിമുഖീകരിക്കുന്ന സാമൂഹികസമ്മർദ്ദങ്ങളും രാഷ്ട്രീയമായ ചേരിതിരിവുകളും സാമ്പത്തികതാൽപ്പര്യങ്ങളും ശാസ്ത്രസിദ്ധാന്തത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിക്കാമെന്ന ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതില്ല. ശാസ്ത്രഗവേഷണത്തിന്റെ ആശയമാതൃക ഏതെങ്കിലും വ്യക്തിയുടേതല്ല. ശാസ്ത്രജ്ഞസമൂഹത്തിന്റേയാണ്. വ്യക്തിയായ ശാസ്ത്രജ്ഞന്റെ യുക്തിയിലുപരി ശാസ്ത്രജ്ഞസമൂഹമെത്തുന്ന സമവായത്തിലാണ് ആശയമാതൃക വ്യാപകമായി സ്വീകാര്യമാകുന്നതും ശാസ്ത്രഗവേഷണത്തെ നയിക്കുന്നതും. സാധാരണശാസ്ത്രത്തിന്റെ ആശയമാതൃക വിചിന്തനശാസ്ത്രപരമായ പരിഗണനകളുടെ ഫലമാണെന്ന സമീപനം കുനിന് അസ്വീകാര്യമാണ്. കാൾ പോപ്പറുടെ അസത്യവൽക്കരണത്തെ കുറിച്ചുള്ള സമീപനങ്ങൾ വിപ്ലവാത്മകശാസ്ത്രത്തെ മാത്രമേ പരിഗണിക്കുന്നുള്ളുവെന്നും സാധാരണശാസ്ത്രത്തിന്റെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്നില്ലെന്നും വിമർശിക്കാവുന്നതാണ്.

തോമസ് കുൻ

തോമസ് കുനിനെ ദാർശനികന്മാരുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തും? പെട്ടെന്നുള്ള വർഗീകരണത്തിന് കുൻ വഴങ്ങുന്നില്ല. നിയോ കാന്റിയനായി അദ്ദേഹത്തെ കാണുന്നവരുണ്ട്. ഉത്തരാധുനികരുടേയും സാമൂഹികനിർമ്മിതിവാദികളുടേയും വരവിനു വഴിയൊരുക്കി കൊടുത്ത ഉത്തരാധുനികനായും അദ്ദേഹത്തെ ചിലർ വിലയിരുത്തുന്നു. ല്യോത്താറിന്റെ നിർവ്വചനപ്രകാരം ഉത്തരാധുനികത ബൃഹദാഖ്യാനങ്ങളോടുള്ള സന്ദേഹമാണെന്നതിനാൽ, ജ്ഞാനോദയപദ്ധതിയെ ഉറപ്പിച്ച ആധുനികശാസ്ത്രം എന്ന ബൃഹദാഖ്യാനത്തെ സന്ദേഹത്തോടെ കാണുന്ന ഉത്തരാധുനികനായി തോമസ് ‌കുനിനെ കാണാമെന്നു വാദിക്കാവുന്നതാണ്. അജ്ഞതയിൽ നിന്നും അതു സൃഷ്ടിക്കുന്ന സാമൂഹികവിപത്തുകളിൽ നിന്നും ലോകത്തെ രക്ഷിക്കുന്ന വിമോചനശക്തിയാണെന്ന, ലോകത്തെ കുറിച്ചുള്ള ആത്യന്തികസത്യത്തിലേക്കു മനുഷ്യനെ നയിക്കുന്ന പുരോഗമനശക്തിയാണെന്ന അവകാശവാദവുമായി ശാസ്ത്രത്തിന്റെ ബൃഹദ്പദ്ധതി പ്രത്യക്ഷപ്പെടുന്നുവെന്ന് ഉത്തരാധുനികത വിലയിരുത്തുന്നുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ ഏറ്റവും മിടുക്കരായ പൗരന്മാർ പ്രകൃതിലോകത്തെ നിശിതമായി പഠിച്ച് ഈ പുരോഗതിയെ നേടിയെടുക്കുന്നു. ശാസ്ത്രത്തിന്റെ വമ്പൻപദ്ധതിയുടെ സങ്കൽപ്പനങ്ങളെ കുൻ പങ്കു വയ്ക്കുന്നില്ലെന്നതു തീർച്ചയുള്ള കാര്യമാണ്. രേഖീയവും തുടർച്ചയുള്ളതും സഞ്ചിതവും ഏകാത്മകവുമായ കഥയാണ് ശാസ്ത്രത്തിന്റെ ചരിത്രം പറയുന്നതെന്ന ധാരണയെ തോമസ് കുൻ നിഷേധിക്കുന്നു. മാനുഷികമായ മറ്റു സാംസ്‌കാരിക സംരംഭങ്ങളെയെന്ന പോലെ തുടർച്ചയില്ലായ്മകളുടേയും അനൈക്യത്തിന്റേയും വ്യത്യസ്ത മാനദണ്ഡങ്ങളുടേയും ഒത്തുചേരായ്മകളുടേയും കഥയാണ് ശാസ്ത്രത്തിനും പറയാനുള്ളത്. അത് കണ്ടെത്തലുകളുടേതെന്നതിലുപരി ഏറിയപങ്കും നിർമ്മിതികളുടേതാണെന്നു പറയുന്ന കുൻ ശാസ്ത്രത്തെ കുറിച്ചുള്ള ജ്ഞാനോദയപദ്ധതിയുടെ വിവരണങ്ങളെ നിർകേന്ദ്രീകരിക്കുന്നു. പ്രകൃതിക്ക് ഏതെങ്കിലും സവിശേഷമായ ഭാഷയുണ്ടെന്ന വിശ്വാസത്തെയും ശാസ്ത്രചരിത്രം ഒരു മഹദ്പുസ്തകമാണെന്ന ധാരണയേയും കുൻ കയ്യൊഴിയുന്നു. വ്യത്യസ്തവും വൈവിധ്യമേറിയതുമായ നിരവധി രൂപങ്ങളുടെ സമാഹാരമായി പ്രത്യക്ഷപ്പെടുന്ന ശാസ്ത്രം സ്വയം നീതീകരിക്കാവുന്ന സ്ഥിതിയിലല്ല.

തോമസ്‌ കുൻ പരമ്പരാഗത ജ്ഞാനശാസ്ത്രസങ്കൽപ്പനങ്ങളെ പല രീതിയിൽ വെല്ലുവിളിക്കുന്നുണ്ട്. യഥാതഥവാദത്തേയും കാരണയുക്തിയേയും വസ്തുനിഷ്ഠതയേയും നീതീകരണത്തേയും കുറിച്ചുള്ള പരമ്പരാഗതസങ്കൽപ്പനങ്ങളെ അദ്ദേഹം നിരസിക്കുന്നു. ജ്ഞാനത്തെ സ്ഥിരമായ അടിത്തറയിൽ പണിതെടുക്കാമെന്ന സങ്കൽപ്പനം കുനിനു സ്വീകാര്യമല്ല. നിരീക്ഷണഭാഷയേയും സൈദ്ധാന്തികഭാഷയേയും കുറിച്ചുള്ള പരമ്പരാഗത അനുഭവൈകവാദത്തിന്റെ കൃത്യമായ വിഭജനങ്ങളെ നിരസിക്കുന്നു. ശാസ്ത്രത്തിന്റെ ഏക രീതിശാസ്ത്രത്തെ കുറിച്ചുള്ള അവകാശവാദങ്ങളേയും ഒഴിവാക്കുന്നു. ശാസ്ത്രജ്ഞന്മാർ പിന്നിലേക്കു നോക്കി നീതീകരണം ചമയ്ക്കുന്നവരല്ല, മുന്നിലേക്കു നോക്കുന്ന പ്രശ്നപരിഹാരകരാണ് എന്ന സമീപനമാണ് തോമസ് കുൻ കൈക്കൊള്ളുന്നത്. ജ്ഞാനോദയചിന്തയുടെ മുഖ്യപ്രവണതകൾക്കെതിരെ നടക്കുന്ന ഒരു പ്രവർത്തനം കുനിൽ സംഭവിക്കുന്നുണ്ട്. സവിശേഷവിഷയങ്ങളുടെ ഉള്ളടക്കത്തിൽ നിന്നും വ്യത്യസ്തമായി സാർവ്വലൗകികമായ ഒരു കാരണയുക്തിയുള്ളതായി അദ്ദേഹം കരുതുന്നില്ല.

ഒരു സവിശേഷ ആശയമാതൃകയെ പിന്തുടരുന്നവരാകാൻ ശാസ്ത്രജ്ഞന്മാരെ പ്രചോദിപ്പിച്ചു കൊണ്ട് ശാസ്ത്രത്തിന്റെ ആധിപത്യപ്രവണതകളെ ഉറപ്പിക്കുകയാണ് കുൻ ചെയ്തതെന്ന് പോൾ ഫയറബെന്റ് വിമർശിക്കുന്നു.

വിശ്ലേഷണാത്മകം (Analytic), സംശ്ലേഷണാത്മകം(Synthetic) എന്നിങ്ങനെയുള്ള വേർതിരിക്കലിനെ വിമർശിക്കുന്ന അമേരിക്കൻ വിചിന്തനശാസ്ത്രജ്ഞനായ ക്വിനി(Quine)നോട് ഇക്കാര്യങ്ങളിൽ കുൻ കടപ്പെട്ടിട്ടുണ്ടാകാമെങ്കിലും ക്വിനിന്റെ പോസിറ്റിവിസ്റ്റ് നിലപാടുകളോടു അദ്ദേഹം വിയോജിക്കുന്നു. സത്യത്തിലേക്കും കൃത്യതയിലേക്കും വ്യക്തതയിലേക്കും നയിക്കുകയും ലോകത്തേയും അതിന്റെ അനുഭവത്തേയും അതേപടി പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു സവിശേഷഭാഷയോ വിചിന്തനശാസ്ത്രമോ ഇല്ല. വിചിന്തനശാസ്ത്രത്തിന്റെ നിയാമകബന്ധങ്ങൾക്കപ്പുറത്ത് രൂപകവും ഉപമയും സാദൃശ്യവും ഒക്കെ കടന്നു വരുന്ന സാഹിത്യവിഷയമായ അലങ്കാരശാസ്ത്രത്തിന്റേയും വാചാടോപ(Rhetoric)ത്തിന്റേയും ബന്ധങ്ങളോടാണ് കുൻ ചേർന്നുനിൽക്കുന്നത്. ശാസ്ത്രചിന്ത ശുദ്ധമായ വിചിന്തനശാസ്ത്രനിയമങ്ങളുടെ പ്രയോഗമാണെന്ന വിശ്വാസത്തെ അദ്ദേഹം നിരാകരിക്കുന്നു.

സ്റ്റീവ് ഫുള്ളർ

കുനിന്റെ വിമർശം ശീതസമരകാലഘട്ടത്തിന്റെ രേഖയാണെന്ന് സ്റ്റീവ് ഫുള്ളർ ചൂണ്ടിക്കാണിക്കുന്നു. ഫ്രാൻസിസ് ഫുക്കുയാമയുടെയും ഡാനിയൽ ബെല്ലിന്റെയും മറ്റും ആഗോളമൂലധനത്തിനു സഹായകമായ നിലപാടുകളെ തോമസ് കുനും പിൻപറ്റുന്നതായി ഫുള്ളർ ആരോപിക്കുന്നുണ്ട്. തോമസ് കുനിന്റെ നിലപാടുകൾ ഉത്തരാധുനികരുടെയും സാമൂഹികനിർമ്മിതിവാദികളുടെയും കൈകളിൽ ചില ഏറിയ വാദങ്ങൾക്ക് കീഴ്പ്പെടുന്നത് പെട്ടെന്നു ബോധ്യപ്പെടാവുന്ന ഒരു കാര്യമാണ്. ഒരു സവിശേഷ ആശയമാതൃകയെ പിന്തുടരുന്നവരാകാൻ ശാസ്ത്രജ്ഞന്മാരെ പ്രചോദിപ്പിച്ചു കൊണ്ട് ശാസ്ത്രത്തിന്റെ ആധിപത്യപ്രവണതകളെ ഉറപ്പിക്കുകയാണ് കുൻ ചെയ്തതെന്ന് പോൾ ഫയറബെന്റ് വിമർശിക്കുന്നു.

കുൻ ശാസ്ത്രവിരുദ്ധനല്ല. ആധുനികശാസ്ത്രത്തെ നല്ലതെന്നു തന്നെ അദ്ദേഹം കരുതി. അതിന്റെ മഹത്തായ ധൈഷണിക, സാമൂഹികമൂല്യങ്ങളിൽ വിശ്വസിച്ചു

ജ്ഞാനോദയചിന്ത ശാസ്ത്രത്തിന്റെ സാർവ്വജനീനമായ ബന്ധങ്ങളിലാണ് ഊന്നിനിന്നത്. എന്നാൽ, തോമസ് കുൻ പ്രാദേശികവും സവിശേഷവിഷയകേന്ദ്രീകൃതവുമായ ചരിത്രപാരമ്പര്യങ്ങളെ ശുദ്ധയുക്തിയുടെ അവകാശവാദങ്ങൾക്കു മേലെ പ്രതിഷ്ഠിക്കുന്നു. ശുദ്ധയുക്തിക്കുപരിയായി പാരമ്പര്യസാമൂഹികപ്രയോഗങ്ങൾ ധൈഷണികമായ സ്പഷ്ടതയെ രൂപീകരിക്കുന്നു. കുനിന്റെ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്ന മതാത്മകവും രാഷ്ട്രീയവുമായ രൂപകങ്ങൾ മൂല്യവും വസ്തുതയും തമ്മിലുള്ള കർശനമായ വിഭജനത്തെ സന്ദിഗ്ദ്ധതയിലാക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇവിടെ, കുനിന്റെ ശാസ്ത്രസങ്കൽപ്പനത്തിൽ യാഥാസ്ഥിതികമായ പ്രവണതകൾ ഉണ്ടെന്നു തോന്നാവുന്നതാണ്. കുൻ ശാസ്ത്രവിരുദ്ധനല്ല. ആധുനികശാസ്ത്രത്തെ നല്ലതെന്നു തന്നെ അദ്ദേഹം കരുതി. അതിന്റെ മഹത്തായ ധൈഷണിക, സാമൂഹികമൂല്യങ്ങളിൽ വിശ്വസിച്ചു. അദ്ദേഹത്തിന്റെ പഠനങ്ങളിൽ നിന്നും ഊർജ്ജം നേടിക്കൊണ്ടു രൂപീകരിക്കപ്പെട്ട സാമൂഹികശാസ്ത്രത്തിലെ ശക്തമായ പദ്ധതി(Strong Programme)യെ അദ്ദേഹം നിരസിക്കുകയും അതിനെ ഭ്രാന്തമായ അപനിർമ്മാണം എന്നു വിളിക്കുകയും ചെയ്തു. സന്ദേഹിയായ ഒരു നിരീക്ഷകനെ പോലെ കുൻ ശാസ്ത്രത്തിനു പുറത്തു നിന്നു.▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments