ആൻഡ്രൂ പിക്കറിങ് / Photo: Wikimedia Commons

നിർമ്മിതിവാദത്തെ കുറിച്ചു വീണ്ടും

വിവിധ ശാസ്ത്രസിദ്ധാന്തങ്ങളെ സാമൂഹിക നിർമ്മിതിവാദം എങ്ങനെയാണ് സമീപിക്കുന്നത്? ഒരു ഉദാഹരണത്തിലൂടെ ഈ കാര്യം പറയാനാണ് ഇവിടെ ആദ്യം ശ്രമിക്കുന്നത്. കണികാഭൗതികത്തിലെ പ്രമാണമാതൃക (Standard Model) സാമൂഹികനിർമ്മിതിവാദത്തിന്റെ വീക്ഷണത്തിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നാണ് പരിശോധിക്കുന്നത്. ശാസ്ത്രചരിത്രകാരനും സാമൂഹികശാസ്ത്രജ്ഞനുമായ ആൻഡ്രൂ പിക്കറിങ് ഇതിനെ നോക്കിക്കാണുന്ന രീതിയാണ് ആധാരമാക്കുന്നത്. അദ്ദേഹം രചിച്ച ക്വാർക്കുകളെ നിർമ്മിക്കുന്നു (Constructing Quarks) എന്ന പുസ്തകം സാമൂഹികനിർമ്മിതിവാദത്തിന്റെ സമീപനങ്ങളെ ശക്തമായി പിന്തുടരുന്നതാണ്.

അണുകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ശക്തബല (Strong Force)ത്തിനു വിധേയമാകുന്ന കണങ്ങളെ ഹാഡ്രോണു(Hadrons)കളെന്നാണ് കണികാഭൗതികത്തിൽ വിളിക്കുന്നത്. പ്രോട്ടോണും ന്യൂട്രോണും ഉൾപ്പെടെ എല്ലാ ബാരിയോണുകളും ഇവയോടൊപ്പം മിസോണുകളും ഹാഡ്രോണുകളുടെ ഗണത്തിൽ പെടുന്നു. ഹാഡ്രോണകൾ അടിസ്ഥാനകണങ്ങളല്ല. ഇവ ക്വാർക്കുകൾ എന്നു വിളിക്കപ്പെടുന്ന മൗലികകണങ്ങൾ കൊണ്ടു നിർമ്മിതമാണെന്നു സിദ്ധാന്തിക്കപ്പെട്ടിരിക്കുന്നു. മൗലികകണങ്ങളാണെന്നു കരുതപ്പെടുന്ന ലെപ്‌ടോണുകൾ ശക്തബലത്തിനു വിധേയമാകുന്നില്ല. ഇലക്‌ട്രോണുകളും മ്യുവോണുകളും ട്വാണുകളും അവയുടെ ന്യൂട്രിനോകളും അടങ്ങുന്ന ലെപ്‌ടോൺ കണങ്ങൾ വിദ്യുത്-ക്ഷീണബലത്തിനു വിധേയമാകുന്നവയാണ്. ഈ മൗലികകണങ്ങളുടെയെല്ലാം സമമിതി (Symmetry)യെ കുറിച്ചു പറയുന്ന ഒരു പ്രമാണമാതൃകയെ (Standard Model) ഭൗതികശാസ്ത്രജ്ഞന്മാർ മുന്നോട്ടുവച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ ദ്രവ്യം ആറു ക്വാർക്കു കണികകളും ആറു ലെപ്‌ടോൺ കണികകളും കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്ന് ഈ പ്രമാണമാതൃക നിർദ്ദേശിക്കുന്നു. ഇവയോടൊപ്പം അടിസ്ഥാനബലങ്ങളുടെ വിശദീകരണത്തിനു സഹായിക്കുന്ന ബോസോണുകളെ കൂടി ഉൾപ്പെടുത്തിയാൽ പ്രപഞ്ചത്തിന്റെ അടിസ്ഥാനങ്ങളെ നിർവ്വചിക്കുന്ന കണികകളുടെ ഒരു സമ്പൂർണ്ണചിത്രമാകും. ഇതാണ് പ്രമാണമാതൃക. ക്വാർക്ക് മാതൃകയനുസരിച്ച് ബാരിയോണുകൾ മൂന്നു ക്വാർക്കുകൾ ചേർന്നാണ് നിർമ്മിതമായിരിക്കുന്നത്, മിസോണുകൾ ഒരു ക്വാർക്കും ആന്റിക്വാർക്കും ചേർന്നു നിർമ്മിക്കപ്പെടുന്നു. പ്രോട്ടോണിന്റെ ഘടന രണ്ട് അപ് (up) ക്വാർക്കുകളും ഒരു ഡൗൺ (down)ക്വാർക്കും ചേർന്നതാണ്, ന്യൂട്രോണിന്റേതാകട്ടെ രണ്ട് ഡൗൺ ക്വാർക്കുകളും ഒരു അപ് ക്വാർക്കും ചേർന്നതും.

പ്രോട്ടോണിന്റെ ക്വാർക്ക് ഘടന. രണ്ട് അപ് ക്വാർക്കുകളും ഒരു ഡൗൺ ക്വാർക്കും ചേർന്നതാണ് പ്രോട്ടോണിന്റെ ഘടന

മുറെ ജെൽമാനും ജോർജ് സ്വീഗുമാണ് ക്വാർക്കുകളെ കുറിച്ചുള്ള നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത്. കണികാഭൗതികത്തിലെ മിക്കവാറും എല്ലാ പ്രശ്‌നങ്ങളേയും നന്നായി നിർദ്ധാരണം ചെയ്യുന്നതിന് ക്വാർക്ക് മാതൃകക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്ത് ജെഫ്രി ച്യൂ എന്ന ശാസ്ത്രജ്ഞൻ മുന്നോട്ടുവച്ച ബൂട്ട്‌സ്ട്രാപ്പ് സിദ്ധാന്തത്തെ (Bootstrap Theory) തള്ളിക്കളഞ്ഞു കൊണ്ടാണ്

മുറെ ജെൽമാൻ

ക്വാർക്ക് മാതൃക സ്വീകരിക്കപ്പെടുന്നത്. എന്നാൽ, സാമൂഹികനിർമ്മിതിവാദത്തിൽ ഉറച്ചു നിന്നുകൊണ്ട് എഴുതുന്ന ആൻഡ്രൂ പിക്കറിങ് പറയുന്നത്, ക്വാർക്കുകളുടെ സൃഷ്ടി കണികാഭൗതിക ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണശാലകളിലെ പ്രയോഗത്തിന്റെ പരിണിതഫലം മാത്രമാണെന്നാണ്. ശാസ്ത്രജ്ഞന്മാരുടെ ഗവേഷണഫലങ്ങൾ ക്വാർക്കുകളുടെ യാഥാർത്ഥ്യത്തെ തെളിയിക്കുന്നില്ല. അത് സവിശേഷപരീക്ഷണസങ്കേതങ്ങളുടെ സൃഷ്ടിയാണ്.

പ്രമാണമാതൃകയിലേലേക്കുളള മാർഗം അനിവാര്യമായ ഒന്നായിരുന്നുവോയെന്ന് പിക്കറിങ് സന്ദേഹിക്കുന്നു. പ്രപഞ്ചം പ്രവർത്തിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ചുളള ആത്യന്തിക സത്യം ഇതാണോ? പിക്കറിങ് ക്വാർക്കിനെ നിഷേധിക്കുകയല്ല ചെയ്യുന്നത്. ഭൗതികശാസ്ത്രം ക്വാർക്കിന്റെ പാത തന്നെ പിന്തുടരണമെന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രപഞ്ചത്തെ ഇതരരീതികളിലും വിശദീകരിക്കാം. റുഥർഫോർഡ് ഉദ്ഘാടനം ചെയ്ത അണു വിഘടനത്തിന്റെ വഴികളാണ് ക്വാർക്കിലും ഹിഗ്‌സ് ബോസോണിലും മറ്റും എത്തിനിൽക്കുന്നത്. ഒരു വിജയകരമായ ശാസ്ത്രം ഈ വഴി തന്നെ പിന്തുടരണമെന്നില്ല.

ക്വാർക്കുകൾ ദ്രവ്യത്തിന്റെ അടിസ്ഥാന മൂലകങ്ങളാണെങ്കിൽ മൗലികകണങ്ങളെ വിശദീകരിക്കുന്നതിന് മറ്റു സിദ്ധാന്തങ്ങളെ തിരയേണ്ടതില്ല. എന്നാൽ, ചില ശാസ്ത്രജ്ഞന്മാർ ബദൽ വിശദീകരണ മാതൃകകളെ തിരയുന്നുണ്ട്. ചില ബദൽ മാതൃകകൾക്ക് പ്രമാണമാതൃക(Standard model)യുടെ സമാന വിശദീകരണങ്ങൾ

ജോർജ് സ്വീഗ്

നല്കാൻ കഴിഞ്ഞേക്കുമെന്ന് പിക്കറിങ് പറയുന്നു. രണ്ടു അപ് (up)ക്വാർക്കും ഒരു ഡൗൺ (down) ക്വാർക്കും ഒത്തുചേർന്ന കണത്തെ പോലെ പ്രോട്ടോൺ പെരുമാറുന്നുവെന്നത്, ക്വാർക്കുകൾ യഥാർത്ഥ്യത്തിൽ നിലനില്ക്കുന്നുണ്ടെന്നു തെളിയിക്കുന്നില്ല. പ്രോട്ടോൺ വ്യവസ്ഥയിൽ നിന്നും മറ്റും ക്വാർക്കുകളെ വേർതിരിച്ചെടുക്കുക അസാധ്യമാണെന്നാണ് ഇപ്പോൾ നിഗമിക്കുന്നത്. ചാർജുകളുടെ ക്വാണ്ടീകരണത്തേയും മൗലികചാർജിന്റെ മൂല്യത്തേയും കുറിച്ച് നിലനിന്നിരുന്ന ധാരണകളെ നിഷേധിക്കുന്നതിനാൽ ജോർജ് സ്വീഗിന്റേയും മറ്റും നിർദ്ദേശങ്ങൾ ആദ്യകാലങ്ങളിൽ വലിയ വിമർശനങ്ങളെ നേരിട്ടിരുന്നു. തന്റെ നിർദ്ദേശങ്ങൾ വളരെ ആശങ്കയോടെയാണ് ജെൽമാൻ ആദ്യം പ്രസിദ്ധീകരണത്തിന് നല്കിയത്. 1964-ൽ അസാധ്യമാണെന്ന് കരുതിയ ഇക്കാര്യത്തെ ചൊല്ലി ഇപ്പോൾ ഒരു ഭൗതികശാസ്ത്രജ്ഞനും ആശങ്കാകുലനല്ലെന്ന് പിക്കറിങ് പറയുന്നു. ഭൗതികശാസ്ത്രജ്ഞന്മാർ ഒരു സാർവ്വത്രികസിദ്ധാന്ത (TOE: Theory of Everything)ത്തിനു വേണ്ടി ശ്രമിക്കുകയാണ്. ഒരു ഏകസിദ്ധാന്തത്തിന് എല്ലാ വസ്തുതകളേയും കൃത്യമായി വിശദീകരിക്കാൻ കഴിയില്ലെന്നതുകൊണ്ട് ഇതു വിജയത്തിലെത്തുകയില്ലെന്നാണ് പിക്കറിങ് നിഗമിക്കുന്നത്. ആധുനിക ഭൗതികശാസ്ത്രം യാഥാർത്ഥ്യത്തെ കുറിച്ച് വിശദീകരണങ്ങൾ നല്കാൻ ശ്രമിക്കുന്ന വളരെ ക്ലേശകരമായ ഒരു മാർഗമാണെന്ന അഭിപ്രായവും പിക്കറിങ്ങിനുണ്ട്. പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ വീൻബർഗിന് പിക്കറിങിന്റെ വാദം അസ്വീകാര്യമാണ്.

ഭൂമി സൂര്യനെ ചുറ്റുകയാണെന്നോ സൂര്യൻ ഭൂമിയെ ചുറ്റുകയാണെന്നോ പറയുന്ന പ്രസ്താവനകളിൽ വലിയ വൈരുദ്ധ്യമില്ലെന്ന സമീപനം സ്വീകരിക്കാൻ ഗുഡ്മാനു കഴിയുന്നു. വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിൽ ഈ പ്രസ്താവനകൾ ശരിയാണെന്നു ഗുഡ്മാൻ പറയും.

സാമൂഹിക നിർമ്മിതിവാദത്തിൽ നിൽക്കുന്ന ഒരു ശാസ്ത്രചരിത്രകാരൻ കാര്യങ്ങളെ വിവരിക്കുന്ന രീതി ആൻഡ്രൂ പിക്കറിങിൽ കാണാം. സാമൂഹികനിർമ്മിതിവാദിയായ ഒരു തത്ത്വചിന്തകൻ കാര്യങ്ങളെ എങ്ങനെയാണ് വിവരിക്കുന്നത്? നെൽസൺ ഗുഡ്മാൻ സാമൂഹികനിർമ്മിതിവാദത്തിന്റെ തലത്തിൽ നിന്നുകൊണ്ട് പ്രശ്‌നങ്ങളെ സമീപിക്കുന്ന ഒരു തത്ത്വചിന്തകനാണ്. അദ്ദേഹം ഒരു സാർവ്വലോകവാദിയല്ല. ജ്ഞാനശാസ്ത്രപരമായ ആപേക്ഷികവാദം ഗുഡ്മാനിലുണ്ട്. ഭൂമി സൂര്യനെ ചുറ്റുകയാണെന്നോ സൂര്യൻ ഭൂമിയെ

നെൽസൺ ഗുഡ്മാൻ

ചുറ്റുകയാണെന്നോ പറയുന്ന പ്രസ്താവനകളിൽ വലിയ വൈരുദ്ധ്യമില്ലെന്ന സമീപനം സ്വീകരിക്കാൻ ഗുഡ്മാനു കഴിയുന്നു. വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിൽ ഈ പ്രസ്താവനകൾ ശരിയാണെന്നു ഗുഡ്മാൻ പറയും. ഭൗതികശാസ്ത്രം, ജീവശാസ്ത്രം, സാഹിത്യം, കല എന്നിങ്ങനെ പല വ്യവസ്ഥകളുണ്ടെന്നും ഏതെങ്കിലുമൊന്നിനെ മറ്റൊന്നിലേക്കു ചുരുക്കാൻ കഴിയില്ലെന്നും ഗുഡ്മാൻ ഉറപ്പിക്കുന്നുണ്ട്. ഏതെങ്കിലും ജ്ഞാനത്തിനു സവിശേഷപദവി നൽകുന്നതിനോടു ഗുഡ്മാൻ യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ ജ്ഞാനശാസ്ത്രപരമായ ആപേക്ഷികവാദം ബഹുലതാവാദ(Pluralism)ത്തിലേക്കു നയിക്കുന്നതാണ്. സാമൂഹികനിർമ്മിതിവാദത്തിന്റേയും പരിപ്രേക്ഷ്യവാദത്തിന്റേയും താൽപ്പര്യങ്ങളെ ബഹുലതയുടെ സങ്കൽപ്പനങ്ങളുമായി ഗുഡ്മാൻ ബന്ധിപ്പിക്കുന്നു. ബഹുത്വത്തിനും ബഹുലതകൾക്കും വേണ്ടി വാദിക്കുന്നവർ ശാസ്ത്രവിരുദ്ധരോ ശാസ്ത്രത്തിന്റെ ശത്രുക്കളോ അല്ലെന്നും പൂർണ്ണമൂല്യത്തോടെ ശാസ്ത്രത്തെ ഉൾക്കൊള്ളുന്നവരാണെന്നും ഗുഡ്മാൻ പറയുന്നു. വ്യത്യസ്ത ലോകവീക്ഷണങ്ങൾ സാധ്യമാണെന്നും അവയ്ക്ക് നിലനിൽക്കാൻ അർഹതയുണ്ടെന്നും പറയുകയാണ് ബഹുലതാവാദികൾ ചെയ്യുന്നത്. ഭൗതികശാസ്ത്രം എല്ലാറ്റിനേയും ഉൾക്കൊള്ളുന്നുവെന്നും എല്ലാ വ്യാഖ്യാനങ്ങളും അതിലേക്കു സങ്കോചിപ്പിക്കപ്പെടേണ്ടതാണെന്നും കരുതുന്നത് ഏകത്വത്തെ കുറിച്ചുള്ള, ഏകസത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ്. പരസ്പരം കൂട്ടിച്ചേർക്കാനോ യോജിപ്പിക്കാനോ കഴിയാത്തവ കൂടി യാഥാർത്ഥ്യത്തിന്റെ ഭാഗമാകാം. ഒത്തുചേരാൻ കഴിയാത്തവയെ ഭൗതികശാസ്ത്രം തന്നെ സ്വീകരിക്കുന്നുണ്ട്. ദ്രവ്യത്തിന്റേയും വികിരണങ്ങളുടേയും ദ്വൈതസ്വഭാവം - കണികാസ്വഭാവവും തരംഗസ്വഭാവവും - സിദ്ധാന്തീകരിക്കുമ്പോൾ ഇതാണ് സംഭവിക്കുന്നത്. ഇലക്‌ട്രോണിന് കണികകളുടെ സ്വഭാവമായ ദ്രവ്യമാനവും തരംഗങ്ങളുടെ സ്വഭാവമായ തരംഗദൈർഘ്യവും ഭൗതികശാസ്ത്രം നിർദ്ദേശിക്കുന്നു. വിഭംഗനപരീക്ഷണങ്ങളെ വിശദീകരിക്കാൻ ഇലക്‌ട്രോണിനെ തരംഗമായി വീക്ഷിക്കുന്നവർ പ്രകാശവിദ്യുത്പ്രഭാവത്തിന്റെ വിശദീകരണത്തിൽ അതിനെ കണികയായി വീക്ഷിക്കുന്നു. ഇലക്‌ട്രോണിന്റെ ബഹുലയാഥാർത്ഥ്യമാണ് ഇവിടെ വെളിപ്പെടുന്നത്. സംഖ്യകളെ ഗണസിദ്ധാന്തത്തിന്റെ ഭാഗമാക്കുന്ന ഗണിതശാസ്ത്രജ്ഞന്മാർ ജ്യാമിതീയബിന്ദുക്കളെ സ്ഥലരാശിയിലെ ഘടകങ്ങളായി കാണുന്നതു പോലെ പരിധി(limit point)കളായും കാണുന്നു.

എല്ലായിടത്തും പ്രയോജനത്തിന്നനുസരിച്ച് കാര്യങ്ങളെ സ്വീകരിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തവർ, ഈ പ്രയോജനവാദചിന്തയെ മനുഷ്യജീവിതത്തിന് ഒഴിവാക്കാൻ കഴിയാത്ത ധർമ്മചിന്തയിലേക്കു വ്യാപിപ്പിക്കുന്നില്ലെങ്കിൽ, തത്ത്വചിന്തയിൽ നാം എന്താണ് ചെയ്യുന്നത്?

ഒരു നോവലിലെ ആശയങ്ങളേയും സംഘർഷങ്ങളേയും കഥാകാരന്റെ ലോകവീക്ഷണത്തേയും ഭൗതികശാസ്ത്രത്തിലേക്കു ചുരുക്കുന്നതെങ്ങനെയാണ്? നോവൽ പ്രത്യക്ഷയഥാർത്ഥമായിരിക്കണമെന്നില്ല, അതു ഭാവനാസൃഷ്ടിയാണ്. എന്നാൽ ലോകത്തെ മനസ്സിലാക്കുന്നതിന് അതും നമ്മെ സഹായിക്കുന്നുണ്ട്. കലയിലെ ശരികൾ ശാസ്ത്രത്തിലെ ശരികളേക്കാൾ കൂടുതൽ അളവിലോ കുറഞ്ഞ അളവിലോ ആത്മനിഷ്ഠമാണെന്നോ വസ്തുനിഷ്ഠമാണെന്നോ പറയുകയല്ലെന്നും ശാസ്ത്രത്തിന്റേയും കലയുടേയും നീതീകരണത്തിന്റെ രേഖകൾ വസ്തുനിഷ്ഠതയ്ക്കും ആത്മനിഷ്ഠതയ്ക്കുമിടയിലുള്ള രേഖയുമായി കൂടിച്ചേരുന്നതല്ലെന്നു പറയുക മാത്രമാണ് താൻ ചെയ്യുന്നതെന്നും ഗുഡ്മാൻ കൂട്ടിച്ചേർക്കുന്നു. ഗണിതശാസ്ത്രജ്ഞന്മാർ എത്രയോ അമൂർത്തവസ്തുക്കളെ തങ്ങളുടെ സിദ്ധാന്തങ്ങളിലേക്കു സ്വീകരിക്കുന്നു. ഭൗതികശാസ്ത്രജ്ഞന്മാർ തങ്ങളുടെ ശാസ്ത്രപ്രയോഗങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തവയെന്ന നിലയ്ക്ക് സൂക്ഷ്മകണങ്ങൾ, സ്ഥല-കാല നൈരന്തര്യം... എന്നിങ്ങനെയുള്ള സങ്കൽപ്പനങ്ങളെ സ്വീകരിക്കുന്നു. ഇലക്‌ട്രോണുകളേയും പ്രോട്ടോണുകളേയും ആരും നഗ്നനേത്രങ്ങൾ കൊണ്ടു കണ്ടിട്ടില്ല. ന്യൂട്രിനോകളുടെ ദ്രവ്യമായുള്ള പ്രതിപ്രവർത്തനം വളരെ വളരെ ദുർബ്ബലമാണെന്നാണ് സിദ്ധാന്തീകരിക്കുന്നത്. അവയുടെ നിലനിൽപ്പിന് പരോക്ഷമായ തെളിവുകളേയാണ് ആശ്രയിക്കുന്നത്. പ്രകാശവർഷം നീളമുള്ള ഒരു ഉരുക്കുദണ്ഡിലൂടെ കടന്നുപോകുന്ന ഒരു ന്യൂട്രിനോ യാതൊരു പ്രതിപ്രവർത്തനത്തിനും വിധേയമാകാതെ പുറത്തു വരുമത്രേ! അത്രമാത്രം ദുർബ്ബലമായിട്ടാണ് അത് ദ്രവ്യത്തോടു പ്രതിപ്രവർത്തിക്കുന്നത്.

ഹാഡ്രോണുകളിൽ നിന്നും ക്വാർക്കുകളെ സ്വതന്ത്രമാക്കി വേർതിരിക്കാൻ കഴിയുമെന്നു കരുതപ്പെടുന്നില്ല. എന്നാൽ, ഇലക്‌ട്രോണുകളുടേയും ന്യൂട്രിനോകളുടേയും ക്വാർക്കുകളുടേയും അസ്തിത്വത്തിൽ ഭൗതികശാസ്ത്രം ഉറച്ചു വിശ്വസിക്കുന്നുണ്ട്. നമ്മുടെ അനുഭവത്തെ ഗ്രഹിക്കുന്നതിനുള്ള ഒഴിച്ചു കൂടാനാവാത്ത മാർഗമെന്ന നിലയ്ക്ക് തങ്ങളുടെ ലോകത്തെ പുന:സൃഷ്ടിക്കുന്നതിന് രൂപകങ്ങളെ ഉപയോഗിക്കുന്നു. ഇവയെ ധാർമ്മികചിന്തയിലേക്കു വ്യാപിപ്പിക്കാൻ ഭൗതികശാസ്ത്രജ്ഞന്മാർ മടിക്കുന്നതെന്തിനാണ്? എല്ലായിടത്തും പ്രയോജനത്തിന്നനുസരിച്ച് കാര്യങ്ങളെ സ്വീകരിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തവർ, ഈ പ്രയോജനവാദചിന്തയെ മനുഷ്യജീവിതത്തിന് ഒഴിവാക്കാൻ കഴിയാത്ത ധർമ്മചിന്തയിലേക്കു വ്യാപിപ്പിക്കുന്നില്ലെങ്കിൽ, തത്ത്വചിന്തയിൽ നാം എന്താണ് ചെയ്യുന്നത്? നെൽസൻ ഗുഡ്മാൻ ഇങ്ങനെയെല്ലാം ചിന്തിക്കുകയും ഗൗരവതരമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

ബാരി ബേൺസ്

മറ്റേതൊരു ജ്ഞാനാർജ്ജനമാർഗത്തേയും പോലെ ശാസ്ത്രത്തിന്റെ രീതിശാസ്ത്രവും സൈദ്ധാന്തികചട്ടക്കൂടിനും ലോകവീക്ഷണത്തിനും ആപേക്ഷികമായിരിക്കുന്നതിനാൽ, ശാസ്ത്രജ്ഞാനവും ഒരു മാനവികനിർമ്മിതി മാത്രമാണ്, അത് യാഥാർത്ഥ്യത്തിന്റെ കണ്ടെത്തലല്ല. സാമൂഹിക നിർമ്മിതിവാദത്തിന്റെ ഉറച്ച നിലപാട് ഇതാണ്. ഇതനുസരിച്ച്, സാമൂഹികമായി നിർമ്മിക്കപ്പെടുന്ന ഔപചാരികമായ യോജിപ്പിന്റേയോ ഒത്തുതീർപ്പിന്റേയോ ഫലമെന്ന നിലയ്ക്കു മാത്രമേ ശാസ്ത്രസിദ്ധാന്തങ്ങളെ മനസ്സിലാക്കാൻ നമുക്കു കഴിയൂ! പ്രകൃതിപ്രപഞ്ചം, അതിനെ അറിയാൻ ശ്രമിക്കുന്ന വിഷയി, സാമൂഹികവും സാംസ്‌കാരികവുമായ പ്രയോഗങ്ങൾ എന്നിങ്ങനെ ജ്ഞാനാർജ്ജനപ്രക്രിയയിൽ പങ്കെടുക്കുന്ന മൂന്നു ഘടകങ്ങളിൽ ആദ്യം പറഞ്ഞ രണ്ടെണ്ണത്തെ സാമുഹികനിർമ്മിതിവാദികൾ നിരുപാധികം ഉപേക്ഷിക്കുന്നു. ജ്ഞാനാർജ്ജനപ്രക്രിയ സാമൂഹികവും സാംസ്‌കാരികവുമായ പ്രയോഗങ്ങളിലേക്ക് ന്യൂനീകരിക്കപ്പെടുന്നു. നമ്മുടെ സംവേദനങ്ങളും സംപ്രത്യയപരമായ സംവർഗങ്ങളും കാരണയുക്തിയുടെ വിശദീകരണങ്ങളും സാമൂഹികജീവിതത്തിൽ മുങ്ങിത്താഴ്ന്നിരിക്കുന്നുവെന്നു കൃത്യമായി പറയുമ്പോൾ തന്നെ, സാമൂഹികനിർമ്മിതിവാദം സാംസ്‌കാരികപ്രയോഗങ്ങളുടെ അത്യധികമായ വലിച്ചുനീട്ടലിലൂടെ പ്രകൃതിലോകത്തേയും വിഷയിയേയും അപ്രസക്തമാക്കുകയും ജ്ഞാനചിത്രത്തിൽ നിന്നും അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു. റോബർട്ട് മെർട്ടന്റേയും കാൾ മാൻഹൈമിന്റേയും മറ്റും സൈദ്ധാന്തിക ഇടപെടലുകളിൽ ശാസ്ത്രത്തിന്റെ സാമൂഹികനിബന്ധനകളേയും ഉപാധികളേയും പഠനത്തിനു വിധേയമാക്കിയിരുന്നു. എന്നാൽ, സാമൂഹികനിർമ്മിതിവാദികളിലെത്തുമ്പോൾ ശാസ്ത്രത്തിന്റെ സാങ്കേതികമായ ഉള്ളടക്കത്തെ തന്നെ സാമൂഹികസംവർഗങ്ങൾ നിർണ്ണയിക്കുന്നതായി വാദിക്കപ്പെടുന്നു. ശാസ്ത്രത്തിന്റെ ജ്ഞാനാർജ്ജനരീതിയെ സാമൂഹിക, സാംസ്‌കാരികപ്രയോഗങ്ങളിലേക്കു ചുരുക്കുന്നതോടെ ശാസ്ത്രജ്ഞാനമെന്നത് ഒരു സമൂഹത്തിലെ ആധികാരിക ജ്ഞാനാന്വേഷകരുടെ വിശ്വാസമായി മാറിത്തീരുന്നു. ശാസ്ത്രമെന്നത് ശാസ്ത്രജ്ഞസമൂഹത്തിന്റെ വിശ്വാസമാണെന്ന ഉത്തരാധുനികതയുടേയും സാമൂഹികനിർമ്മിതിവാദത്തിന്റേയും നിലപാടിന്റെ അർത്ഥം ഇതാണ്.

ഡേവിഡ് ബ്ലൂർ

1970ൽ ഡേവിഡ് ബ്ലൂറിന്റേയും ബാരി ബേൺസിന്റേയും മറ്റും നേതൃത്വത്തിൽ രൂപം കൊണ്ട ശക്തമായ പദ്ധതി (Strong programme) ശാസ്ത്രസിദ്ധാന്തങ്ങളുടെ ഉള്ളടക്കത്തെ സാമൂഹികമായി വിശദീകരിക്കുന്നതിനു ലക്ഷ്യം വയ്ക്കുന്നതാണ്. പ്രകൃതിശാസ്ത്രത്തിന്റെ വിശദീകരണത്തിൽ പ്രകൃതി തന്നെ വിട്ടുപോകുന്ന സമീപനമാണിതെന്നു വിമർശിക്കപ്പെടുന്നതു സ്വാഭാവികം മാത്രം. ശാസ്ത്രീയയുക്തിയേയും വസ്തുനിഷ്ഠതയേയും കേവലവും അതീതവുമായി സങ്കൽപ്പിച്ചു കൊണ്ട് ശാസ്ത്രത്തിന് സവിശേഷപദവി നൽകുന്ന പ്രവർത്തനങ്ങളെ ഡേവിഡ് ബ്ലൂർ കുറ്റപ്പെടുത്തുന്നു. എല്ലാ വിജ്ഞാനത്തേയും അവയുടെ സാധുതയ്‌ക്കോ വസ്തുനിഷ്ഠതയ്‌ക്കോ ഉപരിയായി പ്രകൃതി പ്രതിഭാസത്തിന്റെ വിശദീകരണമായി കണക്കാക്കണമെന്ന് ബ്ലൂർ ആവശ്യപ്പെടുന്നു. എല്ലാ വിശ്വാസങ്ങളും ഒരേ വിധത്തിലുള്ള പരിചരണത്തിനും വിശദീകരണത്തിനും വിധേയമാകണം. യുക്തിപരമല്ലാത്ത വിശ്വാസങ്ങളെ വിശദീകരിക്കാൻ സാമൂഹികഘടകങ്ങൾക്കു സാധ്യമാകുന്നുണ്ടെങ്കിൽ, യുക്തിപരമായ വിശ്വാസങ്ങൾ കൂടി സാമൂഹികഘടകങ്ങൾ കൊണ്ടും വിശദീകരിക്കണം. യുക്തിപരമാണോ അയുക്തികമാണോ എന്നതിനെ സംബന്ധിച്ച് മുന്നേകൂട്ടിയുള്ള വിധി നീതീകരിക്കാവുന്നതല്ല. കാരണയുക്തിയുടെ ആധികാരികതയെ ഇല്ലാതാക്കാനായി ശക്തമായ പദ്ധതിയുടെ വക്താക്കൾ കാരണയുക്തിയുടെ കളികളിലേർപ്പെടുകയാണെന്ന് റോയ് ഭാസ്‌ക്കർ ഇതിനെ വിമർശിക്കുന്നുണ്ട്.
ശരിയോടും തെറ്റിനോടും യുക്തിയോടും യുക്തിരാഹിത്യത്തോടും വിജയത്തോടും പരാജയത്തോടും പക്ഷപാതരഹിതമായി പെരുമാറണമെന്നും അവയെ തുല്യതയോടെ പരിചരിക്കണമെന്നും ഡേവിഡ് ബ്ലൂർ ആവശ്യപ്പെടുന്നു. ശാസ്ത്രജ്ഞാനം ശാസ്ത്രജ്ഞസമൂഹത്തിന്റെ വിശ്വാസമാണെന്നും ഇതര വിശ്വാസങ്ങൾക്ക് വ്യവഹാരത്തിൽ നൽകുന്ന പ്രാധാന്യം മാത്രമേ ശാസ്ത്രവിശ്വാസത്തിനും നൽകേണ്ടതുള്ളൂയെന്നും പറയുന്ന സമീപനമാണിത്. ഒരേ വിധത്തിലുള്ള കാരണങ്ങളാണ് വിശ്വാസങ്ങളിലെ ശരിയേയും തെറ്റിനേയും വിശദീകരിക്കുന്നത്. വിശദീകരണത്തിന്റെ രീതിയിൽ സമമിതി (Symmetry) പാലിക്കപ്പെടണം. വിശദീകരണങ്ങൾ പ്രത്യാവർത്തിത (Reflexive)ക്ഷമമായിരിക്കണം. തത്ത്വത്തിൽ, ഈ വിശദീകരണത്തിന്റെ പാറ്റേണുകൾ സാമൂഹികശാസ്ത്രത്തിൽ തന്നെ പ്രയോഗക്ഷമമായിരിക്കണം. ശാസ്ത്രജ്ഞാനത്തെ മനസ്സിലാക്കുന്നതിന് ആപേക്ഷികവാദപരമായ രീതി ആവശ്യമാണെന്ന് ഇവർ പറയുന്നു. ചില ജ്ഞാനരൂപങ്ങൾക്കു സവിശേഷപദവി നൽകുകയും ആപേക്ഷികവാദത്തെ എതിർക്കുകയും ചെയ്യുന്നവരാണ് ശാസ്ത്രീയജ്ഞാനത്തെ ഗ്രഹിക്കുന്നതിന് ഭീഷണിയായി നിൽക്കുന്നതത്രെ!

ശാസ്ത്രത്തിന്റെ പ്രയോഗത്തിൽ സാമൂഹികവും സാംസ്‌കാരികവുമായ ഘടകങ്ങൾ പങ്കെടുക്കുന്നു എന്ന വിഷയത്തിലല്ല യഥാതഥവാദികളും നിർമ്മിതിവാദികളും വിയോജിക്കുന്നത്. ശാസ്ത്രപ്രതിഭാസത്തിന്റെ കാരണഘടനയെ സാമൂഹിക, സാംസ്‌കാരികഘടകങ്ങൾ നിർണ്ണയിക്കുന്നുണ്ടോയെന്ന പ്രശ്‌നത്തിലാണ് അവർ തെറ്റിപ്പിരിയുന്നത്. സാമൂഹിക, സാംസ്‌കാരികഘടകങ്ങളെ ഭവശാസ്ത്രപരമായി ഉദാസീനമായി യഥാതഥവാദികൾ കാണുമ്പോൾ പ്രതിഭാസരൂപീകരണത്തിനും

നോർ സെറ്റിന

ലോകസംഘാടനത്തിനും ഉതകുന്നതായിട്ടാണ് നിർമ്മിതിവാദികൾ മനസ്സിലാക്കുന്നത്. ജ്ഞാനം സാമൂഹികമായി നിർമ്മിക്കപ്പെടുന്നതാണെന്ന് നിർമ്മിതിവാദികൾ ഉറപ്പിക്കുന്നു, യാഥാർത്ഥ്യത്തെ നമുക്ക് അറിയാൻ കഴിയുന്നത് സാമൂഹികമായി നിർമ്മിക്കപ്പെട്ട ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. നമുക്ക് ലോകത്തെ അതേപടി അറിയാൻ കഴിയില്ല. നമുക്ക് അറിയാൻ കഴിയുന്ന ലോകം സാമൂഹികമായ സമ്പ്രദായങ്ങളിലൂടെ നാം നിർമ്മിച്ചെടുക്കുന്ന ലോകം തന്നെയാണ്. നോർ സെറ്റിന(Knorr Cetina)യുടെ അഭിപ്രായത്തിൽ, നാം അറിയുന്ന ലോകം ഒരു സാംസ്‌കാരികവസ്തുവാണ്. നമ്മുടെ ഭാഷയിലൂടെയും പ്രയോഗങ്ങളിലൂടെയും തിരിച്ചറിയപ്പെടുന്ന ലോകമാണത്. നമ്മുടെ സംപ്രത്യയങ്ങളും സമ്പ്രദായങ്ങളും ഭവശാസ്ത്രപരമായി നിഷ്‌ക്കളങ്കമല്ല, അത് ലോകത്തെ നിർമ്മിക്കുന്നതിനു കെൽപ്പുള്ളതാണ്.

ഏതൊന്നിനെ കുറിച്ചും ശാസ്ത്രീയമായ ഗ്രാഹ്യം ഉണ്ടാകണമെങ്കിൽ ശരിയും തെറ്റും വേർതിരിക്കപ്പെടണം. അനിഷ സ്‌ക്കൂളിൽ പോയി എന്ന പ്രസ്താവന അനുഭവാധിഷ്ഠിതമായും യുക്തിപരമായും ശരിയാണെങ്കിൽ, അനിഷ സ്‌കൂളിൽ പോയില്ല എന്ന പ്രസ്താവന ശരിയാകുന്നതെങ്ങനെയാണ്? ഈ രണ്ടു പ്രസ്താവനകളും തുല്യനിലയിൽ ജ്ഞാനത്തെ രേഖപ്പെടുത്തുന്നതായി പരിഗണിക്കുന്നത് എങ്ങനെയാണ്? ശരിയും തെറ്റും തുല്യരീതിയിൽ പരിചരിക്കപ്പെടുകയും സമമിതി പാലിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ഇങ്ങനെയുള്ള ചോദ്യങ്ങൾ അല്ലൻ സോക്കലും ഴാങ് ബ്രിക്‌മോന്റും ഉയർത്തുന്നുണ്ട്. ബ്ലൂറിന്റെ ശക്തമായ പദ്ധതിയെ അവർ വിമർശിക്കുന്നു. പെൺശാസ്ത്രവാദികൾ; ഈവ്‌ലിൻ ഫോക്‌സ്‌കെല്ലറും സാന്ദ്ര ഹാർഡിങും ഹെലൻ ലോഞ്ജിനോയും മറ്റും, ശക്തമായ പദ്ധതിയെ പിൻപറ്റുന്നതായി മീരാ നന്ദ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ഫെമിനിസ്റ്റ് ശാസ്ത്രവാദികളും ശാസ്ത്രത്തിന്റെ ഉള്ളടക്കം ഒരു സാമൂഹിക വിശദീകരണം ആവശ്യപ്പെടുന്നുണ്ടെന്ന ആശയത്തെ സ്വീകരിക്കുന്നുവെന്നാണ് മീര പറയുന്നത്. ഡേവിഡ് ബ്ലൂറിന്റെ സമമിതി വിശദീകരണം സ്വീകരിക്കുന്ന ആർക്കും അതിന്റെ ജ്ഞാനശാസ്ത്രപരമായ ആപേക്ഷികവാദത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് മീര കൂട്ടിച്ചേർക്കുന്നു.

മീര നന്ദ

നാം അറിയുന്ന ലോകം ഒരു സാംസ്‌കാരികവസ്തുവാണെന്ന നോർ സെറ്റിനയുടെ അഭിപ്രായം ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ ശാസ്ത്രവിമർശകരും പങ്കുവയ്ക്കുന്നതാണെന്ന് മീരാ നന്ദ എഴുതുന്നുണ്ട്. ഇവർ എല്ലാവരും പറയുന്നത് ഒരേ സൈദ്ധാന്തികപദങ്ങളിലായിരിക്കണമെന്നില്ല. മാനുഷികജ്ഞാനത്തിന്റെ വിഷയമെന്ന നിലയ്ക്ക് പ്രകൃതി അതിന്റെ നഗ്നമായ രൂപത്തിൽ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന്, ചിന്തയിൽ രൂപപ്പെട്ട പ്രകൃതിയാണ് നമ്മുടെ മുന്നിലെത്തുന്നതെന്ന് ഡോണ ഹാരാവേയും സാന്ദ്ര ഹാർഡിങും പറയുന്നതിനെ മീര ഉദ്ധരിക്കുന്നു. അധിനിവേശാനന്തര എഴുത്തുകൾ സവിശേഷമായ സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ചട്ടക്കൂടുകളിലുള്ള 'സവിശേഷമായ നമ്മളെ' നിർവ്വചിക്കുകയും വംശീയശാസ്ത്രങ്ങളുടെ വഴികൾ തുറക്കുകയും ചെയ്യുന്നു. ഈ സിദ്ധാന്തങ്ങളിലെല്ലാം അടിയുറച്ച മനുഷ്യകേന്ദ്രവാദം പ്രവർത്തിക്കുന്നുണ്ട്. നിർണ്ണയനത്തിന്റെ ദിശ മനുഷ്യന്റെ ആത്മനിഷ്ഠതയിൽ ആരംഭിക്കുന്നതാണ്. സാംസ്‌കാരികമായി നാം തളയ്ക്കപ്പെട്ടിരിക്കുന്ന വിശ്വാസങ്ങളുടെ പരിധികളാണ് അറിയേണ്ട ലോകത്തിന്റെ പരിധികളെ നിശ്ചയിക്കുന്നത്. പ്രകൃതിയെ ചിന്തയിൽ രൂപീകരിക്കപ്പെട്ടതായി കാണുന്ന പ്രവണത ഇവിടെ കാണാം. ഭാഷ ഉപയോഗിക്കുന്ന മൃഗങ്ങളെന്ന നിലയ്ക്ക് നാം ലോകത്തെ ഗ്രഹിക്കുന്നത് ഭാഷയിലൂടെയാണെന്നതു ശരിയാണെങ്കിലും നാം മിക്കപ്പോഴും പറയുന്നത് ഭാഷയിൽ നിന്നും സ്വതന്ത്രമായി നിൽക്കുന്ന അവസ്ഥയിലുള്ള കാര്യങ്ങളെ കുറിച്ചാണെന്നു മീരാ നന്ദ പറയുന്നു.

പ്രകൃതി ഊമയല്ല. നാം തെറ്റി നടക്കുമ്പോൾ അതു നമ്മളോടു സംസാരിക്കുന്നുണ്ട്. തെറ്റായ രോഗനിർണ്ണയം മൂലം ഒരു കുട്ടി മരിക്കുമ്പോൾ, പ്രാർത്ഥനകൾക്കു ശേഷവും മഴ പെയ്യാതിരിക്കുമ്പോൾ, ഒരു പാലം ഉറപ്പില്ലാതെ തകരുമ്പോൾ...ഇവയെല്ലാം പ്രകൃതി നമ്മളോടു സംസാരിക്കുന്ന മാർഗങ്ങളാണ്.

പ്രകൃതി മൂകമാണെന്നും നമ്മളോട് ഒന്നും അനുശാസിക്കുന്നില്ലെന്നും നിർമ്മിതിവാദികൾ കരുതുന്നു. ഒരു ശാസ്ത്രജ്ഞയെന്ന നിലയ്ക്ക് മറിച്ചുള്ള അഭിപ്രായമാണ് മീരാനന്ദയ്ക്കുള്ളത്. പ്രകൃതി ഊമയല്ല. നാം തെറ്റി നടക്കുമ്പോൾ അതു നമ്മളോടു സംസാരിക്കുന്നുണ്ട്. തെറ്റായ രോഗനിർണ്ണയം മൂലം ഒരു കുട്ടി മരിക്കുമ്പോൾ, പ്രാർത്ഥനകൾക്കു ശേഷവും മഴ പെയ്യാതിരിക്കുമ്പോൾ, ഒരു പാലം ഉറപ്പില്ലാതെ തകരുമ്പോൾ...ഇവയെല്ലാം പ്രകൃതി നമ്മളോടു സംസാരിക്കുന്ന മാർഗങ്ങളാണ്. നമ്മുടെ നിയമങ്ങളെ പരിശോധിക്കാൻ, നമ്മുടെ വർഗീകരണങ്ങളുടെ തെറ്റുകൾ തിരുത്തി നവീകരിക്കാൻ പ്രകൃതി പറയുന്നു. അനുഭവങ്ങളിൽ നിന്നും കൂടുതൽ ക്ഷമതയോടെ നമ്മുടെ മാർഗങ്ങളെ കുറിച്ചു പഠിക്കാൻ നമ്മുടെ സംപ്രത്യയപരമായ ചട്ടക്കുട് നിരന്തരം നവീകരിക്കാൻ, സാമൂഹികമായ ഗണത്തിൽപെട്ടവയിൽ നിന്നും പ്രകൃതിപരമായ ഗണത്തിൽപെട്ടവയെ വേർതിരിക്കുന്നതിനു പഠിക്കാൻ തന്നിലുള്ള പ്രകൃതി ശാസ്ത്രജ്ഞ ഉറപ്പോടെ ആവശ്യപ്പെടുന്നതായി മീരാനന്ദ എഴുതുന്നു. നമ്മുടെ വ്യവഹാരങ്ങളിൽ സാമൂഹികം / പ്രകൃതിപരം (Social / Natural) എന്ന വിഭജനം അനിവാര്യമാണെന്ന സമീപനം മീര സ്വീകരിക്കുന്നു. പ്രകൃതിപരമായ വസ്തുക്കൾ പരീക്ഷണശാലയിലെ പരിവർത്തനങ്ങൾക്കു വിധേയമാകുന്നവയാണ്, ശാസ്ത്രം നിർമ്മിച്ചെടുക്കുന്ന ഈ വസ്തുക്കളെ സകർമ്മക(transitive)ങ്ങളായി മീര കാണുന്നു. പ്രകൃതിശാസ്ത്രത്തിന്റെ വിഷയവസ്തു സകർമ്മകങ്ങളാണ്. പരീക്ഷണശാലയ്ക്കു പുറത്തുള്ള വസ്തുക്കൾ അകർമ്മക(intransitive)ങ്ങളാണ്, സാമൂഹികശാസ്ത്രത്തിന്റെ വ്യവഹാരങ്ങളിൽ ഇവയാണ് കടന്നുവരുന്നത്. ഈ വ്യത്യാസം പ്രധാനമാണെന്ന നിലപാടാണ് മീരാനന്ദ സ്വീകരിക്കുന്നത്. പ്രകൃതിയുടെ സന്ദേശങ്ങളെ ശ്രവിക്കാനുള്ള നമ്മുടെ കഴിവുകളെ ശാസ്ത്രം മെച്ചപ്പെടുത്തുകയും നന്നാക്കുകയും ചെയ്യുന്നുവെന്നുള്ള വിശ്വാസത്തെയാണ്; പ്രകൃതിശാസ്ത്രത്തിൽ പ്രവൃത്തിയെടുക്കുന്നവരുടെ വിശ്വാസത്തെയാണ്, നിർമ്മിതിവാദികൾ നിരസിക്കുന്നത്. എന്നാൽ, ഇത്തരം വിവരണങ്ങൾക്കപ്പുറം വിശദീകരണങ്ങൾ നൽകാൻ ശാസ്ത്രത്തിനു കഴിയുന്ന സ്ഥിതി ഇപ്പോൾ; കഴിഞ്ഞ നൂറ്റാണ്ടുകളിലെ പ്രവർത്തനങ്ങൾക്കു ശേഷം, സംജാതമായിരിക്കുന്നു. പ്രകൃതിയിലെ പല കറുത്തപെട്ടികളെയും തുറക്കാനും അവയിലെ യാഥാർത്ഥ്യത്തെ വെളിപ്പെടുത്താനും ശാസ്ത്രത്തിനു കഴിഞ്ഞിരിക്കുന്നു. ആവർത്തനപട്ടികയിൽ രാസമൂലകങ്ങളുടെ വർഗീകരണത്തെ അണുഘടനയിലൂടെ വിശദീകരിക്കാൻ, ഒരു നിറത്തിന്റെ സംവേദനം എങ്ങനെയാണു സാധ്യമാകുന്നതെന്നു പറയാൻ... ഒക്കെ ഇപ്പോൾ അതിനു കഴിഞ്ഞിരിക്കുന്നു.

റോയ് ഭാസ്കർ

ശാസ്ത്രം അതിന്റെ വസ്തുവിനെ നിർമ്മിച്ചെടുക്കുന്നുവെന്ന ബാഷ്‌ലാദിന്റെ വാക്കുകളെ ചൂണ്ടി പരീക്ഷണശാലയെന്നത് പ്രകൃതിയെ ഉൾക്കൊള്ളുന്ന ഇടമല്ല, പ്രകൃതിയെ ബഹിഷ്‌ക്കരിക്കുന്ന ഇടമാണെന്ന് നോർ സെറ്റിന പറയുന്നുണ്ട്. പരീക്ഷണശാലയുടെ നിർമ്മിതിയേയും കൃത്രിമത്വത്തേയും സെറ്റിന അപനിർമ്മിക്കുന്നു. പരീക്ഷണശാലക്ക് പ്രകൃതിവസ്തുക്കളെ സാംസ്‌കാരികവസ്തുക്കളായി മാറ്റാൻ കഴിവുണ്ട്. അത് പ്രകൃതി അവസ്ഥകളെ സാമൂഹികമായ അറ്റകുറ്റപ്പണിക്കു വിധേയമാക്കുന്നു. എന്നാൽ, പരീക്ഷണഫലങ്ങൾ പുനരുൽപ്പാദനക്ഷമമാണെന്ന കാര്യം അത് ഏതെങ്കിലും പ്രാദേശികമായ സവിശേഷ പരീക്ഷണസജ്ജീകരണത്തിലുള്ള പ്രവർത്തനഫലമല്ലെന്നു സൂചിപ്പിക്കുന്നുണ്ട്. ഒരു പരീക്ഷണത്തിൽ വിനിയോഗിക്കപ്പെടുന്ന മനുഷ്യശേഷി പ്രകൃതിയിൽ നിലനിൽക്കുന്ന കഴിവുകളേയും ഘടനകളേയും സാക്ഷാത്കരിക്കുന്നതേയുള്ളൂവെന്ന് റോയ് ഭാസ്‌കർ പറയുന്നു. പരീക്ഷണശാലയ്ക്കു പുറത്തുള്ള പഠനവസ്തുക്കളിൽ കൂടി സജീവമായിരിക്കുന്ന ബന്ധവ്യവസ്ഥകളേയും ഘടനകളേയും കുറിച്ച് ഈ പരീക്ഷണങ്ങൾ നമ്മളോടു പറയുന്നു. നമ്മുടെ സകർമ്മകജ്ഞാന(Transitive Knowledge)വും പ്രയോഗവും അകർമ്മകമാന(Intransitive Dimension)ത്തിനു സമാനമാണെന്ന് ബാഷ്‌ലാദ് സങ്കൽപ്പിക്കുന്നുണ്ട്. ഇതു ശരിയായ നിരീക്ഷണമായി മീരാനന്ദ പരിഗണിക്കുന്നില്ല. അകർമ്മകവസ്തു(Intransitive Objects)ക്കളെ കൂടി തിരിച്ചറിയാൻ ശേഷിയുള്ള വ്യവസ്ഥകളെ കൂടി പരീക്ഷണശാലയിലെ പരീക്ഷണങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ടാകും. എന്നാൽ, സാമൂഹികശാസ്ത്രത്തിന്റെ അന്വേഷണവിഷയമാകുന്ന അകർമ്മകവസ്തുക്കളെ പരീക്ഷണങ്ങൾ ഉൽപ്പാദിപ്പിക്കുന്നില്ലെന്ന് റോയ് ഭാസ്‌കർ ശരിയായി ചൂണ്ടിക്കാട്ടുന്നതായി മീരാനന്ദ എഴുതുന്നു.

ഉത്തരാധുനികതയുടേയും സാമൂഹികനിർമ്മിതിവാദത്തിന്റേയും നിലപാടുകളും സമീപനങ്ങളും വലിയ ശാസ്ത്രയുദ്ധങ്ങളിലേക്കു നയിക്കപ്പെടുന്നതാണ്, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ നാം കാണുന്നത്.▮


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments