ഗുരുത്വാകർഷണ തരംഗ ഡിറ്റക്ടറുകളിലൊന്നിനരികിൽ വെബർ / Photo: University of Maryland Libraries

​ പരീക്ഷണശാലയിലെ ജീവിതം

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 15

ജ്ഞാനശാസ്ത്രപരമായ പ്രശ്‌നങ്ങൾ സാമൂഹികശാസ്ത്രപരമായ ഒരു തലത്തിലേക്കു മാറ്റപ്പെടുന്നതും വിവർത്തനം ചെയ്യപ്പെടുന്നതും എങ്ങനെയാണ്?

ലോജിക്കൽ പോസിറ്റിവിസത്തിന്റെ സമീപനങ്ങൾ ആന്തരികപ്രശ്‌നങ്ങളിൽ പെട്ട് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ? ഒരു പ്രസ്താവനയുടെ അർത്ഥം അനുഭവൈകഘടകങ്ങൾ കൊണ്ടും സൈദ്ധാന്തികഘടകങ്ങൾ കൊണ്ടും വിചിന്തനാത്മകമായി വിശ്ലേഷണം ചെയ്യാൻ കഴിയുമെന്ന സമീപനം അനുഭവവാദപരമായ വരട്ടുതത്ത്വവാദമാണെന്ന് ക്വിൻ സുവ്യക്തമാക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിറ്റ്ഗൺസ്റ്റൈന്റെ ഒരു നിർദ്ദേശത്തിന്റെ പ്രാധാന്യം ശ്രദ്ധിക്കപ്പെടുന്നത്. വിചിന്തനാത്മകവിശ്ലേഷണത്തിനു പകരം സാധാരണഭാഷാപ്രയോഗങ്ങളുടെ വിശ്ലേഷണത്തെ സ്വീകരിക്കണമെന്ന വിറ്റ്ഗൺസ്റ്റൈന്റെ നിർദ്ദേശം വ്യത്യസ്തമായ വഴിയെ കാണിക്കുന്നതായിരുന്നു. ശാസ്ത്രസിദ്ധാന്തങ്ങളോ ശാസ്ത്രപാഠപുസ്തകങ്ങളിലെ പ്രസ്താവനകളോ മാത്രം തത്ത്വചിന്തകന്മാർ വികലനത്തിനു വിധേയമാക്കിയാൽ പോര. പാഠപുസ്തകജ്ഞാനമാകുന്നതിനു മുമ്പുള്ള പരീക്ഷണശാലയിലെ കുറിപ്പുകളും ചർച്ചകളും ശാസ്ത്രജ്ഞന്മാർക്കിടയിലെ കത്തിടപാടുകളും മറ്റു വിനിമയങ്ങളുമെല്ലാം വികലനത്തിനു വിധേയമാകണം. ശുദ്ധസൈദ്ധാന്തികവിശ്ലേഷണത്തിന്റെ മേഖലയിൽ നിന്നും പ്രയോഗത്തിന്റെ മേഖലയിലേക്കു തിരിയാനുള്ള ശ്രമമായി ഇതിനെ കാണണം. ശാസ്ത്രം താരതമ്യത്തിലൂടെ പഠിക്കണമെന്ന ആശയം ഇതിന്നടിയിൽ പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രത്തിന് അനന്യമായ രീതിശാസ്ത്രമുണ്ടെന്ന വിശ്വാസത്തെ സ്വീകരിക്കാത്ത സമീപനമാണിത്. ഒരു പക്ഷേ, തോമസ്‌കുണിനും പോൾ ഫയറബന്റിനും ഡേവിഡ് ബ്ലൂറിനുമൊക്കെ ഊർജ്ജം നൽകിയ സമീപനമാണിതെന്നും പറയാവുന്നതാണ്. ഡേവിഡ് ബ്ലൂറിന്റെ "ശക്തമായ പദ്ധതി'യാകട്ടെ, ശാസ്ത്രജ്ഞാനത്തിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും മറ്റും നടത്തുന്ന ഇടപെടലുകളേയാണ് പ്രധാനമായും കേന്ദ്രീകരിച്ചത്.

ഹാരി കൊള്ളിൻസ്

ശാസ്ത്രസമൂഹങ്ങളിലെ സാമൂഹികപ്രക്രിയകളെ പഠിക്കുന്ന സാമൂഹികശാസ്ത്രജ്ഞന്മാരുമുണ്ടായിരുന്നു. ശാസ്ത്രവിജ്ഞാനത്തിന്റെ സാമൂഹികശാസ്ത്രം എന്നാണ് ഇത് അറിയപ്പെട്ടത്. ജ്ഞാനശാസ്ത്രപരമായ പ്രശ്‌നങ്ങൾ സാമൂഹികശാസ്ത്രപരമായ ഒരു തലത്തിലേക്കു മാറ്റപ്പെടുന്നതും വിവർത്തനം ചെയ്യപ്പെടുന്നതും എങ്ങനെയാണ്? എങ്ങനെയാണ് അർത്ഥം നിർമിക്കപ്പെടുന്നത്? കൊള്ളിൻസ് (Harry Collins) എന്ന സാമൂഹികശാസ്ത്രജ്ഞൻ ഇങ്ങനെയുള്ള ചില പ്രശ്‌നങ്ങളെ സംബോധന ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കൊള്ളിൻസ് പറയുന്നു: ശാസ്ത്രത്തിലെ ഭാഷാപ്രയോഗങ്ങളും ജ്ഞാനോൽപ്പാദനവും സാമൂഹികവൽക്കരിക്കപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിൽ പ്രവൃത്തിയെടുക്കുന്നവരുടെ പരസ്പരസമ്മതത്തിലാണ് ശാസ്ത്രം പ്രവർത്തിക്കുന്നത്. ഈ പൊതുസമ്മതം കേവലം പൊതുസമ്മതമല്ല, സാമൂഹികവൽക്കരണമാണ്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം സാമൂഹികവൽക്കരണത്തിന്റെ പ്രശ്‌നമാണെന്നു പറയാൻ പ്രേരിപ്പിക്കുന്നതാണിത്. കൊള്ളിൻസ് പറയുന്നത് ശരിയെങ്കിൽ, ശാസ്ത്രജ്ഞാനത്തെ കുറിച്ചുള്ള സാധാരണ ധാരണകളെ തകർക്കുന്നതാണത്.

ശാസ്ത്രസിദ്ധാന്തങ്ങൾ സ്വീകരിക്കപ്പെടുന്നത് ശാസ്ത്രജ്ഞസമൂഹത്തിലെ വിശദമായ ചർച്ചകൾക്കു ശേഷമാണ്. എപ്പോഴെല്ലാം ശാസ്ത്രജ്ഞന്മാർ വിസമ്മതങ്ങൾ തുടരുന്നുവോ അപ്പോഴെല്ലാം പരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞൻ ആ സവിശേഷസമൂഹത്തെ തൃപ്തിപ്പെടുത്തുന്നുണ്ടോയെന്ന കാര്യം പരിശോധിക്കപ്പെടുന്നു.

ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്ന ശാസ്ത്രസിദ്ധാന്തത്തിന്റെ പുനരുൽപ്പാദനക്ഷമത (Reproducibility) യെ കൊള്ളിൻസ് വിശദമായി പഠിക്കുന്നുണ്ട്. ഗുരുത്വാകർഷണതരംഗങ്ങളെ കണ്ടെത്താനുള്ള വെബറുടെ പരീക്ഷണമാണ് അദ്ദേഹം പഠിക്കുന്നത്. വെബർ സവിശേഷമായ ആന്റിനകൾ നിർമ്മിക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ച ആന്റിനകളിൽ ഒരേ സമയത്ത് തരംഗങ്ങളെ രേഖപ്പെടുത്തിയതായി വെബർ അവകാശപ്പെട്ടു. ആന്റിനയിൽ എത്തിച്ചേരാൻ സാധ്യതയുള്ള എല്ലാ വിധത്തിലുള്ള മറ്റു അലോസരങ്ങളേയും ഒച്ചയേയും ഒഴിവാക്കുന്നതിനു തനിക്കു കഴിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, ഐൻസ്റ്റൈന്റെ സിദ്ധാന്തം പ്രവചിച്ച അളവിനേക്കാൾ ഏറിയ തോതിൽ ഊർജ്ജമുള്ള തരംഗങ്ങളാണ് വെബർക്കു ലഭിച്ചത്.

പല പരീക്ഷണശാലകളും വെബറിന്റെ പരീക്ഷണം ആവർത്തിച്ചുവെങ്കിലും അവയിലൊന്നും വെബർക്കു കിട്ടിയ പരീക്ഷണഫലം ലഭ്യമായില്ല. വെബറിന്റെ പരീക്ഷണങ്ങളെ കുറിച്ച് സന്ദേഹങ്ങൾ ഉണ്ടാകുന്ന സന്ദർഭമാണിത്. മറ്റുള്ളവർ ഉപയോഗിച്ചത് ശരിയായ ഉപകരണമായിരിക്കില്ലെന്നും അവരുടെ നടപടിക്രമങ്ങൾ ശരിയായിരിക്കാൻ സാധ്യതയില്ലെന്നും വെബർ പറയുന്നുണ്ട്. ശാസ്ത്രസിദ്ധാന്തങ്ങളുടേയും ഗവേഷണഫലങ്ങളുടേയും പുനരുൽപ്പാദനക്ഷമതയെ കുറിച്ച് കൊള്ളിൻസ് പഠനം ആരംഭിക്കുന്നത് ഈ സന്ദർഭത്തിലാണ്. പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി അദ്ദേഹം അഭിമുഖചർച്ചകൾ നടത്തുന്നു. വെബറിന് ഗുരുത്വാകർഷണതരംഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, ഇങ്ങനെ അഭിപ്രായപ്പെട്ടവർ തന്നെ അതിന്നായി പറഞ്ഞ കാരണങ്ങൾ വളരെ വ്യത്യസ്തങ്ങളായിരുന്നു. ശാസ്ത്രസിദ്ധാന്തങ്ങൾ സ്വീകരിക്കപ്പെടുന്നത് ശാസ്ത്രജ്ഞസമൂഹത്തിലെ വിശദമായ ചർച്ചകൾക്കു ശേഷമാണ്. എപ്പോഴെല്ലാം ശാസ്ത്രജ്ഞന്മാർ വിസമ്മതങ്ങൾ തുടരുന്നുവോ അപ്പോഴെല്ലാം പരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞൻ ആ സവിശേഷസമൂഹത്തെ തൃപ്തിപ്പെടുത്തുന്നുണ്ടോയെന്ന കാര്യം പരിശോധിക്കപ്പെടുന്നു. ഇത് നിരന്തരം നടക്കുന്ന കാര്യമാണ്.

വളരെ സാമാന്യമായി പ്രകൃതി ശാസ്ത്രജ്ഞന്മാർ എന്നു വിളിക്കാവുന്ന ഇവരുടെ പരീക്ഷണശാലകളിൽ "പ്രകൃതി'യെ കാണാനുണ്ടായിരുന്നില്ല. കൂട്ടിലടച്ചിരുന്ന കുറേ ഗിനിപ്പന്നികളും എലികളും ഒഴിച്ചാൽ വിവിധ യാന്ത്രികോപകരണങ്ങൾ, ഫ്‌ളാസ്‌ക്കുകൾ, പരീക്ഷണലായനികൾ, കമ്പ്യൂട്ടർ, പ്രിന്റർ, സ്‌കാനർ... ഇവയെല്ലാമാണ് പരീക്ഷണശാലയിൽ കാണുന്നത്

പരീക്ഷണശാലയിൽ നിന്നും ശാസ്ത്രപാഠപുസ്തകങ്ങളിലേക്ക് എത്തിപ്പെടുന്നത് ഈ സവിശേഷസമൂഹത്തിന്റെ അംഗീകാരം ലഭിച്ച, "സ്ഥാപനവൽകൃതമായ വസ്തുത'കളാണ്. ശാസ്ത്രവസ്തുതകൾ സാമൂഹികമായി നിർമ്മിക്കപ്പെട്ടതാണെന്നു നിഗമിക്കാവുന്നതാണെന്നു ചുരുക്കം. കൊള്ളിൻസ് പറയുന്നത്, ലോകത്തിന്റെ ക്രമത്തെ നമ്മുടെ ഇന്ദ്രിയങ്ങളിൽ ലോകം ചുമത്തുന്നതല്ലെന്നും സ്ഥാപനവൽകൃതമായ വിശ്വാസങ്ങളുടെ ക്രമത്തെ ലോകത്തിനു മേൽ ശാസ്ത്രജ്ഞസമൂഹം ചുമത്തുന്നതാണെന്നുമത്രെ! മനുഷ്യർക്ക് വസ്തുക്കളെ "അതേ പടി' (things in itself) ഗ്രഹിക്കാൻ കഴിയില്ലെന്ന് കാന്റ് പറയുന്നതിനോടു സദൃശമായ അനുഭവമാണ് കൊള്ളിൻസിന്റെ വാദങ്ങളിലുള്ളത്. കാന്റിന്റെ അതീത അഹംബോധ (Transcendental Ego) ത്തെ സ്ഥാപനവൽകൃത വിശ്വാസങ്ങൾ കൊണ്ട് കൊള്ളിൻസ് പകരം വയ്ക്കുന്നു. വളരെ ന്യൂനീകൃതമായ, സങ്കോചിപ്പിക്കപ്പെട്ട ജ്ഞാനശാസ്ത്രത്തെയാണ് കൊള്ളിൻസ് സ്വീകരിക്കുന്നത്. ശാസ്ത്രത്തിന്റെ പ്രേരണാത്മകയുക്തിയെ സാമൂഹികവൽക്കരണത്തിന്റെ പ്രശ്‌നമായി കൊള്ളിൻസ് മാറ്റിയെഴുതുന്നു.

ബ്രൂണോ ലാത്വ

ശാസ്ത്രം ഒരു സാമൂഹികനിർമ്മിതി മാത്രമാണെങ്കിൽ, അലുമിനിയം ആന്റിനകളേയും കമ്പ്യൂട്ടർ പ്രോഗ്രാമുകളേയും തന്റെ പരീക്ഷണശാലയിലേക്കു വെബർ കൊണ്ടുവരുന്നത് എന്തിനാണ്? ശാസ്ത്രം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കുന്നതിന്, അത് ഒരു സാമൂഹികനിർമ്മിതി മാത്രമാണോയെന്നു തിരിച്ചറിയുന്നതിന് ഒരു പരീക്ഷണശാല സന്ദർശിക്കുന്നത് ഉചിതമായിരിക്കും. ബ്രൂണോ ലാത്വ (Bruno Latour) എന്ന ചിന്തകൻ ഇതാണ് ചെയ്തത്. ശാസ്ത്രവസ്തുതകൾ ഉരുത്തിരിയുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിന് ബ്രൂണോ ലാത്വ സാന്റിയാഗോ സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്നു. അവിടെ താമസിക്കുന്നു. പഠിക്കുന്നു. ലോകത്തെ യുക്തിപരമായി പഠിക്കേണ്ടതാണെന്ന ദർശനത്തെ കൈയ്യൊഴിയുന്നതിന്റെ പേരിൽ ബ്രൂണോ ലാത്വയെ വീൺബർഗ് വിമർശിക്കുന്നുണ്ട്. ലാത്വയുടെ സന്ദർശനസമയത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ഗവേഷണം തലച്ചോറിലെ ഹൈപ്പോതലാമസിലെ ചില ഹോർമോൺപ്രക്രിയകളെ നിയന്ത്രിക്കുന്ന വസ്തുക്കളുടെ രാസഘടന കണ്ടെത്തുന്നതിനായിരുന്നു. ഈ ഗവേഷണത്തിന്റെ കേന്ദ്രപ്രശ്‌നം സാങ്കേതികമായിരുന്നു, സംപ്രത്യയപരമായിരുന്നില്ല. ഗവേഷകർ തിരയുന്ന വസ്തുക്കൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ തലച്ചോറിൽ കാണുന്നുള്ളൂ. കൃത്രിമമായി നിർമ്മിച്ച വസ്തുക്കൾ ഉപയോഗിച്ച് സമാനമായ ജീവശാസ്ത്രപ്രഭാവങ്ങൾ ഉണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണവും ഗവേഷണവും ഇതോടൊപ്പം നടക്കുന്നുണ്ടായിരുന്നു.

സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ട്

സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ബ്രൂണോ ലാത്വയുടെ സന്ദർശനവും പഠനവും പൂർത്തിയാക്കിയതിനു ശേഷം ഉടനെ തന്നെ ഷാലി എന്ന ശാസ്ത്രജ്ഞനോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഗില്ലെമിനിന് 1977ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നുണ്ട്. തലച്ചോറിലെ പെപ്‌റ്റൈഡ് ഹോർമോണിന്റെ ഉൽപ്പാദനത്തിനാണ് സമ്മാനം ലഭിക്കുന്നത്. സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്ന കാര്യത്തെ കുറിച്ച് മതിപ്പുണ്ടാക്കുന്ന കാര്യമാണല്ലോ ഇത്. എന്നാൽ, വളരെ സാമാന്യമായി പ്രകൃതി ശാസ്ത്രജ്ഞന്മാർ എന്നു വിളിക്കാവുന്ന ഇവരുടെ പരീക്ഷണശാലകളിൽ "പ്രകൃതി'യെ കാണാനുണ്ടായിരുന്നില്ല. കൂട്ടിലടച്ചിരുന്ന കുറേ ഗിനിപ്പന്നികളും എലികളും ഒഴിച്ചാൽ വിവിധ യാന്ത്രികോപകരണങ്ങൾ, ഫ്‌ളാസ്‌ക്കുകൾ, പരീക്ഷണലായനികൾ, കമ്പ്യൂട്ടർ, പ്രിന്റർ, സ്‌കാനർ... ഇവയെല്ലാമാണ് പരീക്ഷണശാലയിൽ കാണുന്നത്. പരീക്ഷണശാലയിലെ ഒരു വിഭാഗം ജോലിക്കാർ ലായനികൾ തയ്യാറാക്കുന്നതിലും പരിശോധിക്കുന്നതിലും ചാർട്ടുകളും ഗ്രാഫുകളും വരയ്ക്കുന്നതിലും മുഴുകിയിരിക്കുമ്പോൾ ശാസ്ത്രജ്ഞവിഭാഗം മിക്കവാറും സമയം സംഭാഷണങ്ങളിലും വായനയിലും എഴുത്തിലും മാത്രം ചെലവഴിക്കുന്നു.

ശാസ്ത്രജ്ഞന്മാരുടെ മുറികളിൽ ധാരാളം പുസ്തകങ്ങളും പ്രിന്റൗട്ടുകളും കുറിപ്പുകളും ഗ്രാഫുകളും കാണാം. ഈ അന്തരീക്ഷത്തിൽ എങ്ങനെയാണ് പ്രകൃതിയെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതെന്ന അന്വേഷണമാണ് ലാത്വ നിർവ്വഹിക്കുന്നത്. പരീക്ഷണശാലയ്ക്കുള്ളിലും ശാസ്ത്രജ്ഞസമൂഹത്തിൽ പൊതുവിൽ തന്നെയും എങ്ങനെയാണ് വിവരണങ്ങളും പാഠങ്ങളും വിതരണം ചെയ്യപ്പെടുന്നതെന്നും അവ പരിവർത്തനങ്ങൾക്കു വിധേയമാകുന്നതെന്നും ലാത്വ പരിശോധിക്കുന്നു. ഇവയുടെ അടിസ്ഥാനത്തിൽ വസ്തുതകളും ജ്ഞാനവും നിർമ്മിക്കപ്പെടുന്നതെങ്ങനെയാണെന്നു പഠിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ലിഖിതങ്ങളാണ് പരീക്ഷണത്തിന്റെ നിബന്ധനകളേയും ഫലങ്ങളേയും എഴുത്തുകളും സംഖ്യകളും ഗ്രാഫുകളുമാക്കി പരിവർത്തിപ്പിക്കുന്നത്. ഇവ ലഭിച്ചു കഴിഞ്ഞാൽ പ്രകൃതിവസ്തുക്കളെയോ പരീക്ഷണവസ്തുക്കളെയോ ശാസ്ത്രജ്ഞന്റെ ഓഫീസ് മുറിയിലേക്കു കൊണ്ടുവരേണ്ടതില്ല.

രാസവസ്തുക്കളും പരീക്ഷണമൃഗങ്ങളും മറ്റും ഉൾപ്പെടുന്ന വസ്തുക്കളെ ഒരു സംഖ്യയോ ഗ്രാഫോ ചിത്രമോ ആയി പരിവർത്തിപ്പിക്കുന്ന ലിഖിതോപകരണങ്ങളുടെ പ്രാധാന്യം ലാത്വ കാണുന്നുണ്ട്. ഒരു ലിഖിതം ലഭ്യമായാൽ അത് എളുപ്പത്തിൽ സൂക്ഷിക്കാനും (എഴുത്തിന് വായ്‌മൊഴിവാക്യത്തിനപ്പുറമുള്ള മെച്ചങ്ങളെ കുറിച്ച് ദറിദ പറയുന്നതു ഓർക്കാവുന്നതാണ്) വിനിമയം ചെയ്യാനും കൂട്ടിച്ചേർക്കാനും താരതമ്യം ചെയ്യാനും മറ്റും കഴിയും. അതിന് സ്ഥല, കാലങ്ങളിൽ വളരെ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയും. മനുഷ്യരുടെ ഓർമയെ ആശ്രയിക്കുന്നതിനേക്കാളും ലിഖിതങ്ങളെ ആശ്രയിക്കുന്നത് കൂടുതൽ മെച്ചമാണെന്നു കരുതാം. രാസവസ്തുക്കൾ പെട്ടെന്ന് ഗുണം നഷ്ടപ്പെട്ട് മോശമാകുന്നു, ക്ഷയിക്കുന്നു. എന്നാൽ, അതിൽ നിന്നും പരീക്ഷണങ്ങളിലൂടെ ലഭ്യമാകുന്ന ലിഖിതങ്ങളെ നമുക്ക് കൂടുതലായി അവലംബിക്കാം. ലിഖിതങ്ങളാണ് പരീക്ഷണത്തിന്റെ നിബന്ധനകളേയും ഫലങ്ങളേയും എഴുത്തുകളും സംഖ്യകളും ഗ്രാഫുകളുമാക്കി പരിവർത്തിപ്പിക്കുന്നത്. ഇവ ലഭിച്ചു കഴിഞ്ഞാൽ പ്രകൃതിവസ്തുക്കളെയോ പരീക്ഷണവസ്തുക്കളെയോ ശാസ്ത്രജ്ഞന്റെ ഓഫീസ് മുറിയിലേക്കു കൊണ്ടുവരേണ്ടതില്ല. പിന്നീട്, എപ്പോൾ വേണമെങ്കിലും വിശകലനം ചെയ്യാൻ, വീണ്ടും വീണ്ടും വിശകലനം ചെയ്യാനുള്ള ആവശ്യമായ ഡാറ്റ ലിഖിതങ്ങൾ നൽകുന്നു. ഈ ലിഖിതങ്ങളുടെ, അവ നൽകുന്ന ഡാറ്റകളുടെ പല പ്രാവശ്യം നടക്കുന്ന കൂട്ടിവായനകളിലൂടെയാണ് ശാസ്ത്രപ്രബന്ധം തയ്യാറാക്കപ്പെടുന്നത്.

ലിഖിതങ്ങളുടെ പല വായനകളിലൂടെ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞേക്കാം. P രാസഘടനയുള്ള പദാർത്ഥം കുത്തിവയ്ക്കപ്പെട്ട എലി R എന്ന സ്വഭാവം കാണിച്ചു എന്ന നിഗമനത്തിലെത്തി ചേർന്നുവെന്നു കരുതുക. കൂടുതൽ നിരീക്ഷണങ്ങളോടൊപ്പം ഈ നിഗമനം പരിഷ്‌ക്കരിക്കപ്പെടാം. ചിലപ്പോൾ എല്ലാ നിരീക്ഷണങ്ങളും ഒരേ ഫലം തന്നെ നൽകിയെന്നും വരാം. വ്യത്യസ്ത നിരീക്ഷണഫലങ്ങൾ മൂലം ഒരു നിരീക്ഷണഫലത്തിലെത്താൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടുവെന്നും വരാം. എല്ലാ നടപടിക്രമങ്ങളും ഒരു ഫലത്തിൽ എത്തിച്ചേരുന്ന സ്ഥിതിയിൽ ഒരു വസ്തുത സ്ഥാപിക്കപ്പെട്ടുവെന്നും കരുതാം. ഭാഷാപ്രസ്താവവും വസ്തുതയും തമ്മിലുള്ള സമാനതയെയാണ് യാഥാർത്ഥ്യമെന്നോ ശരിയെന്നോ സത്യമെന്നോ വിളിക്കുന്നത്. ഇവയുടെ സമാനത സ്ഥാപിക്കാൻ ശാസ്ത്രപ്രവർത്തനത്തിന്റെ നീണ്ട പ്രക്രിയ ആവശ്യമുണ്ട്. പല വിവർത്തനങ്ങളിലൂടെയാണ് ജ്ഞാനവും യാഥാർത്ഥ്യവും കരഗതമാകുന്നത്. പരസ്പരബന്ധങ്ങളിലെ സമാനതയിലെത്താൻ പൊതുസമ്മതത്തിലെത്തിയാൽ മാത്രം പോര. ശാസ്ത്രപ്രവർത്തനത്തിന്റെ ഒരു നീണ്ട പ്രക്രിയയ്‌ക്കൊടുവിലാണ് പൊതുസമ്മതത്തിലെത്തുന്നത്. ആ നീണ്ട പ്രക്രിയ പ്രധാനമാണ്. പ്രസ്താവനയിലല്ല ഊന്നൽ. പ്രസ്താവനകളുടെ സഞ്ചാരത്തിലാണ്. സഞ്ചാരത്തിനിടയിൽ അവ പരിവർത്തിക്കപ്പെടുന്നു. പരിവർത്തനങ്ങളുടെയും വിവർത്തനങ്ങളുടെയും നീണ്ട ശൃംഖലയിൽ ലിഖിതങ്ങളും പ്രസ്താവനകളും രേഖകളും എങ്ങനെയാണ് ക്രമീകരിക്കുന്നതെന്ന കാര്യം ശാസ്ത്രസിദ്ധാന്തങ്ങളുടെ രൂപീകരണത്തിൽ പ്രധാനമാണ്.

ഈ പഠനത്തിൽ ബ്രൂണോ ലാത്വയോടൊപ്പം സ്റ്റിവ് വൂൾഗർ കൂടി ചേരുന്നുണ്ട്. 1979ൽ, ലാത്വയും വൂൾഗറും ചേർന്ന് പരീക്ഷണശാലയിലെ ജീവിതം : ശാസ്ത്രവസ്തുതകളുടെ നിർമ്മാണം (Laboratory Life: The Construction of Scientific Facts) എന്ന പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ ശാസ്ത്രത്തിന്റെ സാമൂഹികപാഠങ്ങൾക്കു ലഭ്യമാകുന്ന സംഭാവനയായിട്ടാണ് ആദ്യം മനസ്സിലാക്കപ്പെട്ടത്. ഇത് തെറ്റായ ഒരു വായനയായിരുന്നു. വ്യാഖ്യാനത്തിന്റെ

സാമൂഹികപ്രക്രിയകളോ പ്രസ്താവനകൾക്കിടയിലെ പൊതുസമ്മതമോ മാത്രം കൊണ്ട് ശാസ്ത്രസിദ്ധാന്തങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നില്ല. യാഥാർത്ഥ്യത്തെ അറിയുന്നതിന് യാഥാർത്ഥ്യത്തിൽ ഇടപെടുകയും അതിനെ മാറ്റിത്തീർക്കുകയും വേണം. ശാസ്ത്രപ്രവർത്തനങ്ങളിലേർപ്പെടുകയെന്നാൽ ജ്ഞാനശാസ്ത്രപരവും ഭവശാസ്ത്രപരവുമായ പ്രവർത്തനങ്ങളിൽ മുഴുകുകയെന്നാണർത്ഥം.

ഒരു സവിശേഷ ശാസ്ത്രപ്രസ്താവന യാഥാർത്ഥ്യവുമായി ബന്ധമുള്ളതാണോയെന്ന്, അത് ശാസ്ത്രജ്ഞന്റെ ഭാവനാവിലാസം മാത്രമാണോയെന്ന്, അത് ശാസ്ത്രപ്രവർത്തനത്തിലെ നടപടിക്രമങ്ങളുടെ സൃഷ്ടിമാത്രമാണോയെന്ന് ശാസ്ത്രജ്ഞന്മാർ നിരന്തരം ചോദിക്കുന്നുണ്ട്. യഥാതഥവാദത്തെ കുറിച്ചും ആപേക്ഷികവാദത്തെ കുറിച്ചും മറ്റുമുള്ള ചർച്ചകൾ തത്ത്വചിന്തകന്മാർക്കു വിട്ടു കൊടുത്തിട്ട് ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ പ്രവർത്തനങ്ങളിൽ മാത്രം മുഴുകിയിരിക്കുകയാണെന്നു കരുതുന്നത് അനുചിതമായിരിക്കും. പ്രകരണത്തിനനുസരിച്ച് അവർ യഥാതഥവാദികളുടെയോ ആശയവാദികളുടെയോ ആപേക്ഷികവാദികളുടെയോ സന്ദേഹവാദികളുടെയോ ഒക്കെ രൂപം സ്വീകരിച്ചുവെന്നു വരാം. വസ്തുതകളെ കുറിച്ചുള്ള ചർച്ചകൾ ഒരു സാമൂഹികശാസ്ത്രജ്ഞന്റെയോ തത്ത്വചിന്തകന്റെയോ സവിശേഷാധികാരത്തിൽ വരുന്ന കാര്യമല്ല. ഇങ്ങനെയെല്ലാം പറയുന്ന ലാത്വയും വൂൾഗറും കാൾ മാർക്‌സിന്റെ വാക്കുകൾ തുടർന്ന് ഉദ്ധരിക്കുന്നു. "മനുഷ്യന്റെ ചിന്ത വസ്തുനിഷ്ഠമായ യാഥാർത്ഥ്യമുള്ളതാണോയെന്നത് സിദ്ധാന്തത്തിന്റെ പ്രശ്‌നമല്ല; പ്രായോഗികപ്രശ്‌നമാണ്. പ്രായോഗികപ്രവർത്തനത്തിൽ മനുഷ്യൻ തന്റെ ചിന്തയുടെ സത്യാവസ്ഥയെ, യാഥാർത്ഥ്യത്തെ, ശക്തിയെ തെളിയിക്കണം.' യാഥാർത്ഥ്യത്തെ അറിയുന്നതിന് യാഥാർത്ഥ്യത്തിൽ ഇടപെടുകയും അതിനെ മാറ്റിത്തീർക്കുകയും വേണമെന്നു സൂചിപ്പിക്കുന്ന ലാത്വയും വൂൾഗറും യഥാർത്ഥശാസ്ത്രത്തിന്റെ മണ്ഡലം സിദ്ധാന്തവും പ്രയോഗവും കൂടിച്ചേരുന്നതാണെന്നും പ്രകൃതിയെ മാറ്റുന്നതിലൂടെയാണ് ദ്രവ്യത്തിന്റെ ഗുണധർമ്മങ്ങൾ മനസ്സിലാകുന്നതെന്നും പറയുന്ന ക്രിസ്റ്റഫർ കോഡ്‌വെല്ലിന്റെ വാക്കുകളെ ഓർമ്മയിൽ കൊണ്ടുവരുന്നു. ശാസ്ത്രത്തിന്റെ വസ്തുത സ്ഥാപിക്കപ്പെടുന്നതെങ്ങനെയെന്ന അന്വേഷണം ഒരു പരീക്ഷണശാലയിലെ സന്ദർശനത്തിലൂടെ എന്നതു പോലെ ഒരു ശാസ്ത്രപ്രബന്ധത്തിന്റെ സൂക്ഷ്മമായ വായനയിലൂടെയും സാധ്യമാകുമെന്നു ലാത്വ പറയുന്നുണ്ട്.

തന്റെ പരീക്ഷണശാലയിലെ അനുഭവങ്ങൾക്കും ചർച്ചകൾക്കും വൂൾഗറുമായി ചേർന്നുള്ള പുസ്തകത്തിനും ശേഷം പ്രവർത്തക - ശൃംഖലാ സിദ്ധാന്തം (Actor Network Theory) എന്നൊരു സമീപനം ബ്രൂണോ ലാത്വ മുന്നോട്ടു വയ്ക്കുന്നുണ്ട്. മിഷേൽ കാലൻ, ജോൺ ലോ എന്നിവർ ലാത്വയോടൊപ്പം ഈ സിദ്ധാന്തരൂപീകരണത്തിൽ പങ്കു ചേരുന്നു. സിദ്ധാന്തമെന്നു പറഞ്ഞുവെങ്കിലും ഒരു വിവരണാത്മകരീതിപദ്ധതിയെന്നു വിളിക്കുന്നതാണ് കൂടുതൽ ഉചിതം. ശാസ്ത്ര-സാങ്കേതികവിദ്യാപഠനങ്ങളിലാണ് ഇത് ആദ്യം ഉപയോഗിച്ചതെങ്കിലും ഇപ്പോൾ മറ്റു പല മേഖലകളിലും ഇതു പ്രവർത്തനക്ഷമമായിരിക്കുന്നു. മനുഷ്യകേന്ദ്രിതമായ കർത്തൃത്വസങ്കൽപ്പനത്തെ, നിർവ്വാഹകശേഷി സങ്കൽപ്പനത്തെ, മാനുഷികേതരഘടകങ്ങളിലേക്കു വ്യാപിപ്പിക്കുന്ന സമീപനമാണ് പ്രവർത്തക - ശൃംഖലാ സിദ്ധാന്തത്തിൽ ലാത്വയും കൂട്ടരും സ്വീകരിക്കുന്നത്. ആധുനികതയുടെ വസ്തുനിഷ്ഠവാദത്തിനും സവിശേഷവൽകൃതമായ പഠനരീതിക്കുമെതിരെ, ഉത്തരാധുനികതയുടെ മറു ഏകപക്ഷീയതക്കെതിരെ, അഥവാ എല്ലാറ്റിനേയും ഭാഷാലീലകളായി കാണുന്ന സമീപനത്തി‌നെതിരെ യാഥാർത്ഥ്യത്തിന്റെ മൂർത്തപ്രകൃതത്തെ വികലനത്തിനു വിധേയമാക്കാൻ കഴിയുന്ന ഒരു ചിന്തയുടെ അന്വേഷണമാണ് പ്രവർത്തക - ശൃംഖലാ സിദ്ധാന്തത്തിലേക്കു ലാത്വയെ നയിക്കുന്നത്. ഇത് സത്താവിരുദ്ധമായ സമീപനമാണ്. പ്രവർത്തക - ശൃംഖലാ സിദ്ധാന്തത്തിലെ പ്രവർത്തകം (Actant) എന്തുമാകാം. ഒരു പൂച്ച, ഒരു തൊഴിലാളി, ഒരു കല്ല്, നദി, ആത്മാവ്, അബോധം, കൊടുങ്കാറ്റ്, വൈറസ് എന്നിങ്ങനെ എന്തും ഒരു പ്രവർത്തകമാകാം. അതു മനുഷ്യകേന്ദ്രിതമല്ലെന്നർത്ഥം. മാനുഷികേതരഘടകങ്ങളേയും പ്രവർത്തകമായി പരിഗണിക്കുന്നു. ശൃംഖലയെന്നത് പ്രവർത്തകശൃംഖലയാണ്. ശൃംഖല ഒരിക്കലും നിശ്ചലമായിരിക്കുന്നില്ല. പ്രവർത്തകശൃംഖലയ്ക്കുള്ളിലേ ഒരു പ്രവർത്തകം പ്രവർത്തനക്ഷമമാകുന്നുള്ളൂ.

സ്റ്റിവ് വൂൾഗർ

യാഥാർത്ഥ്യത്തിന് പ്രകൃതിപരമോ സാമൂഹികമോ വ്യാവഹാരികമോ ആയ ഘടകങ്ങളുണ്ട്. യാഥാർത്ഥ്യത്തെ ഇവയിൽ ഏതെങ്കിലും ഒന്നു മാത്രമായി ചുരുക്കുന്ന പ്രവണത വ്യാപകമാണ്. ഏകപക്ഷീയമെന്നു വിളിക്കാവുന്ന പ്രവണതകളുടെ ആധാരം ഇതത്രേ! ഇതിനു പകരം, ഈ ഘടകങ്ങളെ മൂന്നിനേയും ഉൾക്കൊള്ളുന്ന സംയുക്തപ്രക്രിയയായി യാഥാർത്ഥ്യത്തെ നോക്കിക്കാണാനാണ് ലാത്വ ശ്രമിക്കുന്നത്. പ്രകൃതി, സമൂഹം, വ്യവഹാരം എന്നിവയുടെ സംയുക്തമാണ് യാഥാർത്ഥ്യം. ഇവ മൂന്നും കൂടിച്ചേർന്നോ കൂടിക്കലർന്നോ നിൽക്കുന്നു. യാഥാർത്ഥ്യത്തിന്റെ മൂർത്തപ്രകൃതം അന്വേഷിക്കുന്നതിന് ഇതു സഹായകമാകുന്നു. യാഥാർത്ഥ്യത്തിന്റെ സാമൂഹികപരത അതിന്റെ പ്രകൃതിപരതയ്ക്കും വ്യാവഹാരികതയ്ക്കും എതിരെ കേവലമായി നിലകൊള്ളുന്നതല്ല. യാഥാർത്ഥ്യത്തിന്റെ വ്യാവഹാരികത അതിന്റെ പ്രകൃതിപരവും സാമൂഹികവുമായ ഉള്ളടക്കത്തെ നിശൂന്യമാക്കുന്നില്ല. യാഥാർത്ഥ്യത്തിന്റെ പ്രകൃതിപരത അതിന്റെ സാമൂഹികപരതയ്ക്കും വ്യാവഹാരികതയ്ക്കും ഒപ്പം പ്രധാനമാണ്. ഇവ പരസ്പരം പൂരിപ്പിക്കുകയും യാഥാർത്ഥ്യത്തെ നിർണ്ണയിക്കുന്നതിൽ ഒരുമിച്ചു പങ്കെടുക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളുടെ പങ്കാളിത്തം തുല്യമായി വിതരണം ചെയ്യപ്പെട്ടു നിൽക്കുന്നതല്ല. ഇവ ഓരോന്നും ഭിന്ന അനുപാതങ്ങളിൽ പ്രക്രിയയിൽ പങ്കാളികളാകുന്നു. പ്രകരണങ്ങൾക്കനുസരിച്ച് ഓരോന്നിന്റേയും പങ്കാളിത്തം ഏറിയും കുറഞ്ഞുമിരിക്കുന്നു. എന്നാൽ, യാഥാർത്ഥ്യത്തെ അതിന്റെ സാകല്യത്തിൽ രൂപപ്പെടുത്തുന്ന പ്രക്രിയയിൽ ഇവയോരോന്നും പ്രധാനമായിരിക്കുന്നു.

യാഥാർത്ഥ്യത്തെ നിർണ്ണയിക്കുന്നത് നിരവധി പ്രഭാവങ്ങൾ ഒന്നുചേർന്നാണ്. അനേകം പ്രഭാവങ്ങളുടെ സംഗമബിന്ദുവായി യാഥാർത്ഥ്യത്തെ കണക്കാക്കാം. യാഥാർത്ഥ്യത്തിന്റെ ഒരു സവിശേഷ പ്രകരണത്തെ നിശ്ചയിക്കുന്നതിൽ ഏറിയ പങ്കുവഹിക്കുന്ന പ്രഭാവത്തെ കേന്ദ്രപ്രവർത്തകം എന്നു വിളിക്കാം. ഒരു പ്രകരണത്തിൽ കേന്ദ്രപ്രവർത്തകമായി നില കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഘടകം മറ്റൊരു പ്രകരണത്തിൽ അതേ പങ്കു നിർവ്വഹിക്കണമെന്നില്ല. മാറുന്ന പ്രകരണങ്ങൾക്കനുസരിച്ച് കേന്ദ്രപ്രവർത്തകങ്ങൾ മാറാമെന്നു സാരം. സവിശേഷപ്രകരണത്തിലെ കേന്ദ്രപ്രവർത്തകത്തിനു ചുറ്റുമായി മറ്റു പ്രവർത്തകങ്ങൾ പ്രവർത്തിക്കുന്നു. അവ ആ പ്രകരണത്തിൽ പരസ്പരം പൊരുത്തപ്പെട്ടു നിൽക്കുന്ന ശൃംഖലയാണ്. പ്രവർത്തകവും പ്രവർത്തകശൃംഖലയും തമ്മിൽ വൈരുദ്ധ്യാത്മകമായ ബന്ധമാണുള്ളത്.

ശാസ്ത്രത്തിനുള്ളിൽ ശാസ്ത്രീയമായതൊന്നും നടക്കുന്നില്ലെന്നാണ് ലാത്വയും വൂൾഗറും പറയുന്നതെന്ന് മീരാനന്ദ വിമർശിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ കാരണയുക്തിയെ അതിസാധാരണമായ യുക്തിരീതികളോട് സമാനമായി ഇവർ കാണുന്നുവെന്ന വിമർശനമാണ് അവർ ഉയർത്തുന്നത്.

എങ്ങനെയാണ് ഒരു പ്രവർത്തകശൃംഖല രൂപം കൊള്ളുന്നത്? ഒരു പ്രവർത്തകം അതിനെ കേന്ദ്രമാക്കുന്ന അനേകം പ്രവർത്തകങ്ങളുടെ ശൃംഖലാബന്ധം രൂപീകരിക്കുന്നതെങ്ങനെയാണെന്ന ചോദ്യമാണിത്. ഇത് ഒരു വിവർത്തനത്തിലൂടെയാണ് സാധ്യമാകുന്നതെന്ന് പ്രവർത്തക - ശൃംഖലാ വിവരണാത്മകരീതിപദ്ധതിയുടെ വക്താക്കൾ പറയുന്നു. പ്രശ്‌നവൽക്കരണത്തിന്റേയും താൽപ്പര്യമുദ്രണത്തിന്റേയും ശൃംഖലയിലേക്കുള്ള ഉൾച്ചേർക്കലിന്റേയും ഘട്ടങ്ങളിലൂടെയാണ് ശൃംഖലാബന്ധരൂപീകരണത്തിന്റെ വിവർത്തനം സാധ്യമാകുന്നത്. കേന്ദ്രപ്രവർത്തകത്തിന്റെ താൽപ്പര്യത്തിന്നസൃതം മറ്റു പ്രവർത്തകങ്ങളുടെ താൽപര്യങ്ങളെ നിർവചിച്ചു പ്രശ്‌നവൽക്കരിക്കുന്നു, അഥവാ കേന്ദ്രപ്രവർത്തകത്തിന്റെ കാഴ്ചയെ പൊതുവായ കാഴ്ചയാക്കുന്നു. അതിന്റെ താൽപ്പര്യത്തിലേക്ക് മറ്റു പ്രവർത്തകങ്ങളെ കൊണ്ടുവരുന്നു. ഈ പ്രവർത്തകങ്ങളെ പ്രവർത്തകശൃംഖലയിൽ ഉൾച്ചേർക്കുന്നു. ഈ മൂന്നു പ്രവർത്തനങ്ങളെയും ചേർത്ത് വിവർത്തനം എന്നു വിളിക്കാം. ശാസ്ത്രപരീക്ഷണശാലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ലിഖിതങ്ങളിൽ ഈ വിവർത്തനപ്രക്രിയകൾ വിവരിക്കപ്പെടുന്നുണ്ടാകും.

ശാസ്ത്രത്തിനുള്ളിൽ ശാസ്ത്രീയമായതൊന്നും നടക്കുന്നില്ലെന്നാണ് ലാത്വയും വൂൾഗറും പറയുന്നതെന്ന് മീരാനന്ദ വിമർശിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ കാരണയുക്തിയെ അതിസാധാരണമായ യുക്തിരീതികളോട് സമാനമായി ഇവർ കാണുന്നുവെന്ന വിമർശനമാണ് അവർ ഉയർത്തുന്നത്. ഡേവിഡ് ബ്ലൂറും മറ്റും ഉൾപ്പെട്ട എഡിൻബറോ സ്‌കൂളിന്റെ സാമൂഹികനിർമ്മിതിവാദത്തിൽ നിന്നും ലാത്വയുടെ വീക്ഷണങ്ങൾ അകന്നു നിൽക്കുന്നു. ബ്ലൂറും ലാത്വയും തമ്മിൽ വലിയ സംവാദങ്ങൾ നടക്കുന്നുമുണ്ട്. മെർട്ടന്റേയും മാൻഹൈമിന്റേയും മറ്റും സമീപനങ്ങളിലേക്കു ലാത്വ തിരിച്ചു പോകുന്നതായി ലാത്വക്കെതിരെ (Anti Latour) എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിൽ ബ്ലൂർ പറയുന്നു. ലാത്വ ഇതിനു മറുപടി എഴുതുന്നുണ്ട്. ശാസ്ത്രവിജ്ഞാനത്തിന്റെ സാമൂഹികശാസ്ത്രം അന്വേഷിക്കുന്ന എഡിൻബറോ സ്‌കൂളിന്റെ സമീപനങ്ങളിലല്ല നിൽക്കുന്നതെങ്കിലും ലാത്വയെ സാമൂഹിക നിർമിതിവാദിയായിട്ടാണ് മിക്കവാറും മനസ്സിലാക്കപ്പെടുന്നത്. തത്ത്വചിന്തയുടെ വ്യവസ്ഥാപിതരൂപങ്ങൾക്കെതിരെ സഞ്ചരിക്കാൻ ബ്രൂണോ ലാത്വ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് തത്ത്വചിന്തകന്മാരുടെ ഇടയിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കാൻ കാരണമാകുകയും ചെയ്തു. ▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments