സിയാവുദ്ദീൻ സർദാർ /Photo: RW Jamil, Wikimedia Commons

ശാസ്ത്രയുദ്ധങ്ങൾ​

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 18

രാഷ്ട്രീയമായി ഇടതുപക്ഷത്തു നില്ക്കുന്നുവെന്നു പറയുന്ന ഉത്തരാധുനികരുടെ ലക്ഷ്യവേധിയല്ലാത്ത കലഹം ഉത്തരവാദിത്തപൂർണമായ സാമൂഹിക വിമർശനം ആവിഷ്‌ക്കരിക്കുന്നതിൽ നിന്ന്​ അകലെയാണ്

ശാസ്ത്രത്തിന്റെ സാമൂഹികശാസ്ത്ര പഠനങ്ങൾ സൃഷ്ടിച്ച വിവാദപരമായ സ്ഥിതിക്ക്​എത്രയോ മുന്നേ ശാസ്ത്രയുദ്ധങ്ങൾ ആരംഭിച്ചിരുന്നുവെന്ന് സിയാവുദ്ദീൻ സർദാർ എഴുതുന്നുണ്ട്. ആധുനികതയുടെ രൂപീകരണഘട്ടത്തിൽ തന്നെ അവ ആരംഭിച്ചിരുന്നു. ചൈനയിലും ഇന്ത്യയിലും അറേബ്യൻ നാടുകളിലും ഉൾപ്പെടെ ലോകത്തിലെ വിവിധ സംസ്‌കാരങ്ങളിൽ ഉയിർക്കൊണ്ടിരുന്ന ശാസ്ത്രം ആധുനികതയുടെ ഉദയത്തോടൊപ്പം രൂപം കൊണ്ട പാശ്ചാത്യശാസ്ത്രത്തെ പോലെ തന്നെ യുക്തിപരവും വസ്തുനിഷ്ഠവുമായിരുന്നു. ബ്രഹ്മഗുപ്തന്റെ ഗണിതവും ചൈനക്കാരുടെ അച്ചടി വിദ്യയും വെടിമരുന്നും ഘടികാരവും ഇബ്ൻ അൽ ഹെയ്ത്താമിന്റെ പ്രകാശശാസ്ത്രപരീക്ഷണങ്ങളും കാലത്തിനും സംസ്‌കാരങ്ങൾക്കുമപ്പുറം ആനുഭവികമായി തെളിയിക്കാൻ കഴിയുന്നവയായിരുന്നു. പഴയ കാലത്തെ ശാസ്ത്രത്തിൽ, ഭൗതികം അതിഭൗതികത്തിൽ നിന്നും വേർപ്പെട്ടിരുന്നില്ല. അത് സംസ്‌കാരത്തിന്റെ മൂല്യഘടനയോടു ഉദ്ഗ്രഥിക്കപ്പെട്ടിരുന്നു. സാമൂഹികധർമ്മത്തിന്റെ ഭാഗമായി ശാസ്ത്രം മനസ്സിലാക്കപ്പെട്ടിരുന്നു.

അധിനിവേശാധികാരങ്ങളുടെ കീഴിൽ, ചൈനയുടേയും ഇന്ത്യയുടേയും അറബി നാടുകളുടേയും ശാസ്ത്രം യൂറോപ്യൻ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപ്രധാനവും അപ്രസക്തവുമെന്നു വിലയിരുത്തുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു

യൂറോപ്പിന് ശാസ്ത്രജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ ലഭിക്കുന്നത് ഈ സംസ്‌കൃതികളിൽ നിന്നും ഗ്രീക്ക് സംസ്‌കൃതിയിൽ നിന്നുമാണ്. ഗ്രീക്കുകാരുടെ ജ്ഞാനം അറേബ്യൻ നാടുകളിലൂടെ യൂറോപ്പിന് കൈമാറിക്കിട്ടിയതാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ ഇന്ത്യയിൽ, തുണി നിർമ്മാണം, ലോഹസംസ്‌ക്കരണം എന്നീ മേഖലകളിൽ നിലനിന്നിരുന്ന സാങ്കേതികവിദ്യകൾ യൂറോപ്യൻ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് വളരെ മെച്ചമായിരുന്നു. അന്ന് ഇന്ത്യൻ തുണിഉല്പന്നങ്ങൾ ഇംഗ്ലണ്ടിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നിലവിലിരുന്ന ജ്ഞാനരൂപങ്ങളിൽ നിന്നുള്ള അറിവുകളെ നേരിട്ടു തന്നെ പാശ്ചാത്യശാസ്ത്രം സ്വാംശീകരിച്ചിരുന്നുവെന്നും കാണണം. മലബാർ തീരത്തു കണ്ടുവരുന്ന സസ്യങ്ങളെ കുറിച്ച് ദേശവൈദ്യന്മാരും മറ്റും ആർജ്ജിച്ചിരുന്ന അറിവിനെ ഹോർത്തൂസ് മലബാറിക്കസിലൂടെ മലബാറിന്റെ ഡച്ചു ഗവർണറായിരുന്ന ഹെൻട്രി വാൻ റീഡ്സ് സമാഹരിച്ചതിന്റെ സ്വാധീനം ലിന്നെയ്സ് വികസിപ്പിച്ചെടുത്ത ജീവജാതികളുടെ വർഗീകരണത്തിൽ കണ്ടെത്താവുന്നതാണ്. എന്നാൽ, യൂറോപ്യൻ കൊളോണിയലിസം പൗരസ്ത്യ സംസ്‌കാരങ്ങളേയും നാഗരികതകളേയും നിഷേധിക്കുകയും അവയെ അപരിഷ്‌കൃതമെന്നു കൊണ്ടാടുകയും ചെയ്തു. അധിനിവേശാധികാരങ്ങളുടെ കീഴിൽ, ചൈനയുടേയും ഇന്ത്യയുടേയും അറബി നാടുകളുടേയും ശാസ്ത്രം യൂറോപ്യൻ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപ്രധാനവും അപ്രസക്തവുമെന്നു വിലയിരുത്തുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ആദ്യകാലത്തെ ശാസ്ത്രയുദ്ധങ്ങളുടെ അധികമൊന്നും ദൃശ്യമാകാത്ത ഏടുകളാണിവ. ഒന്നാമത്തെ ശാസ്ത്രയുദ്ധമായി സിയാവുദ്ദീൻ സർദാർ ഇവയെ കാണുന്നു.

മതാത്മകതയും ശാസ്ത്രീയതയും ഒരുമിച്ചു നിൽക്കുന്ന പ്രകരണങ്ങളെയാണ് സിയാവുദ്ദീൻ സർദാർ ഇഷ്ടപ്പെടുന്നത്. ഇസ്‌ലാമിക ലോകത്തിലെ ശാസ്ത്രത്തെ കുറിച്ചുള്ള വിവരണങ്ങളിലും മറ്റും ഇത് സവിശേഷമായും നമുക്ക് അനുഭവപ്പെടും. പാശ്ചാത്യേതര സംസ്‌കാരങ്ങളിൽ ജ്ഞാനത്തിന്റെ വ്യത്യസ്ത പ്രഭവകേന്ദ്രങ്ങളെ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം എഴുതുന്നു. യൂറോപ്പിന് ഇതു മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ അതിനനുസരിച്ചു ചിന്തിക്കാനോ കഴിഞ്ഞിരുന്നില്ല. യൂറോപ്പിന്റെ അധിനിവേശപദ്ധതിയും ഈ ചിന്താരാഹിത്യവും കൂടിച്ചേർന്നാണ് സത്യത്തിലേക്കുള്ള ഏക പാതയായി ശാസ്ത്രത്തെ മനസ്സിലാക്കുന്ന അതിന്റെ സമീപനം രൂപപ്പെടുന്നതത്രെ! മതത്തിന്റെ പിന്തുണയില്ലാത്ത ബൗദ്ധികാന്വേഷണത്തിന്റെ ഫലശൂന്യതയാണ് ഗലീലിയോയുടേയും ദെക്കാർത്തേയുടേയും ശാസ്ത്രത്തിൽ; ഇരുവരും നേരിട്ട് ക്രൈസ്തവതക്കെതിരെ രംഗത്തു വരുന്നില്ലെങ്കിലും, സിയാവുദ്ദീൻ സർദാർ ദർശിക്കുന്നത്. ആധുനിക പ്രകൃതിശാസ്ത്രത്തിന്റെ ആത്മവിശ്വാസത്തെ ബിഷപ്പ് ബെർക്കിലിയെ പോലുള്ള ചിന്തകന്മാരും കാൽപ്പനികവാദികളുടെ സ്‌കൂളും വിമർശനങ്ങൾക്കു വിധേയമാക്കുന്നുണ്ട്.

ഒന്നാം ലോകയുദ്ധം ബ്രിട്ടന്റെ സൈനികവും സാങ്കേതികവുമായ പരിമിതികളെ പുറത്തു കൊണ്ടുവരികയും ഇതിന്റെ തുടർച്ചയിൽ സർക്കാരിന്റെ മുൻകൈയ്യിലും സ്വകാര്യമേഖലയിലും ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്‌ക്കരിക്കപ്പെടുകയും ചെയ്തു. ഇതോടെ, ആധുനിക ശാസ്ത്രപ്രവർത്തനങ്ങൾക്ക് സാമ്പത്തിക രംഗവുമായുള്ള ബന്ധം ചർച്ച ചെയ്യപ്പെടുന്ന സ്ഥിതി സംജാതമാകുന്നു. മാർക്സിസ്റ്റ് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടലുകൾ പ്രത്യയശാസ്ത്രപരമായ മാനങ്ങൾ ആർജ്ജിക്കുന്നു. രണ്ടാം ശാസ്ത്രയുദ്ധമെന്നു വിളിക്കാവുന്ന മാനങ്ങൾ ഇതിനുണ്ടായിരുന്നു. 1931ൽ ലണ്ടനിൽ നടക്കുന്ന ശാസ്ത്രചരിത്രത്തെ കുറിച്ചുള്ള ഒരു കോൺഫറൻസിൽ സോവിയറ്റ് യൂണിയനിൽ നിന്നുള്ള പ്രതിനിധിസംഘം പങ്കെടുക്കുന്നുണ്ട്. ആ പ്രതിനിധി സംഘത്തിൽ അംഗമായിരുന്ന ബോറിസ് ഹെസ്സൻ ന്യൂട്ടന്റെ പ്രിൻസിപ്പിയയുടെ സാമൂഹികവും സാമ്പത്തികവുമായ വേരുകളെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കുന്നു.

ന്യൂട്ടന്റെ സംഭാവനകൾ ശാസ്ത്രധിഷണയുടേയോ ശാസ്ത്രത്തിന്റെ ആന്തരികവിചിന്തനത്തിന്റേയോ ഫലമെന്നതിലുപരി പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടന്റെ സാമൂഹിക, സാമ്പത്തികസ്ഥിതിയുടെ അനന്തരഫലമാണെന്ന് ഹെസ്സൻ വാദിക്കുന്നുണ്ട്. എന്നാൽ, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെ.ഡി. ബർണാലിന്റെ ശാസ്ത്രം ചരിത്രത്തിൽ, ശാസ്ത്രത്തിന്റെ സാമൂഹികധർമ്മം തുടങ്ങിയ പുസ്തകങ്ങൾ ശാസ്ത്രത്തെ സോഷ്യലിസത്തിന്റെ സഖ്യകക്ഷിയായി കാണുന്നുണ്ട്. ശാസ്ത്രത്തെ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായി കാണുന്ന ഒരു പ്രവണത ബെർണാലിന്റെ രചനകളിൽ കാണാൻ കഴിയുമായിരുന്നു. സോവിയറ്റ് യൂണിയന്റെ മുൻകൈയിൽ സോഷ്യലിസ്റ്റ് ശാസ്ത്രം എന്ന പരികൽപ്പനയും പ്രചരിതമായിരുന്നു. സോവിയറ്റ് ജനിതകശാസ്ത്രത്തിന്റെ മേഖലയിലുണ്ടായ ലൈസങ്കോ വിവാദം ഈ പരികൽപ്പനയുടെ അർത്ഥമൂല്യങ്ങളെ നശിപ്പിക്കുന്നതായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത്, സോവിയറ്റ് യൂണിയനിലെ ധാന്യമുല്പാദിപ്പിക്കുന്ന പ്രദേശങ്ങൾ നാസികളുടെ അധീനതയിലായപ്പോൾ ഉക്രെയ്ൻ പോലുളള ശീതപ്രദേശങ്ങളിൽ നിന്നും ഗോതമ്പ് വിളയിച്ചെടുക്കേണ്ട സ്ഥിതി ഉണ്ടായി. വാവിലോവിനെ പോലുളള വിഖ്യാത ശാസ്ത്രജ്ഞന്മാർ പിന്തുടർന്നിരുന്ന സമീപനപ്രകാരം ശീതപ്രദേശങ്ങളിൽ വിതയ്ക്കാൻ പാകത്തിനുളള വിത്ത് തയ്യാറാക്കുന്നതിന് ബീജാന്നത്തിൽ കൃത്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു. ഇതിന് അതീവക്ഷമതയും കൃത്യതയുമുളള ഉച്ച സാങ്കേതിക വിദ്യ ആവശ്യമാണെന്ന് ഇവർ കരുതി. എന്നാൽ, വേനൽക്കാല വിത്തുകൾക്ക് കൃത്രിമ പ്രകാശമേല്പിച്ചുകൊണ്ട് ശീതപ്രദേശങ്ങളിൽ വിതക്കാനുതകുന്ന വിത്തുകൾ നിർമ്മിച്ചെടുക്കാനും സോവിയറ്റ് ജനത അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധിയെ താൽക്കാലികമായി തരണം ചെയ്യാനും ലൈസങ്കോയുടെ നിർദ്ദേശങ്ങൾ മൂലം കഴിഞ്ഞു.

ജെ.ഡി. ബർണാൽ

ഇതോടെ പരിസ്ഥിതിഘടകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പറയുന്ന ലൈസങ്കോയുടെ വീക്ഷണം സോവിയറ്റ് യൂണിയനിലെ ജനിതക ശാസ്ത്രത്തിന്റെ മണ്ഡലത്തിൽ ആധിപത്യം ചെലുത്താൻ തുടങ്ങി. പരിസ്ഥിതിഘടകങ്ങളെ മാത്രം പരിഗണിക്കുകയും ജനിതകഘടകങ്ങളുടെ പങ്കിനെ പാടേ തളളിക്കളയുകയും ചെയ്യുന്ന വളരെ വിഭാഗീയവും ന്യൂനീകൃതവുമായ വീക്ഷണത്തിന്റെ വക്താവായി പെട്ടെന്നു തന്നെ ലൈസങ്കോ അധ:പതിച്ചു. എല്ലാ ആർജ്ജിത സ്വഭാവങ്ങളും തലമുറകളിലേക്കു പകരുമെന്നുപോലും അദ്ദേഹം വാദിക്കുകയുണ്ടായി. ജനകീയതയേയും വികാസത്തേയും കുറിച്ചുളള വളരെ യാന്ത്രികമായ ഒരു സമീപനമാണ് ലൈസങ്കോയെ നയിച്ചിരുന്നത്. ലൈസങ്കോയുടെ വീക്ഷണങ്ങളിലെ ഏകപക്ഷീയതയെ വിമർശിക്കുന്നതിനും തെറ്റായ അവകാശവാദങ്ങളെ തോല്പിക്കുന്നതിനും സോവിയറ്റ് യൂണിയനിലെ മാർക്സിസ്റ്റുകൾക്കു കഴിഞ്ഞില്ല. ലൈസങ്കോയുടെ വീക്ഷണത്തിന് ഔദ്യോഗികാംഗീകാരം ലഭിച്ചതോടെ വാവിലോവിനെ പോലുളള മിക്ക ശാസ്ത്രജ്ഞന്മാരും അക്കാദമികളിൽ നിന്നും പുറത്താക്കപ്പെടുകയും പലരും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. വാവിലോവ് ജയിലിൽ വച്ചു മരിക്കുകയായിരുന്നു. ലൈസങ്കോയുടെ സങ്കുചിത വീക്ഷണം സോവിയറ്റ് കൃഷിശാസ്ത്രത്തെ പിന്നിലേക്കു നടത്തുകയാണ് ചെയ്തത്.

രണ്ടാം ലോകയുദ്ധം സൃഷ്ടിച്ച കൊടിയ നാശങ്ങളും കെടുതികളും അണുബോംബിന്റെ ഭീകരതയും ശാസ്ത്രത്തെ കൂടി വിചാരണ ചെയ്യാൻ പ്രേരിപ്പിക്കുന്നതായിരുന്നു. ഇത് ശാസ്ത്രനിരാസവീക്ഷണങ്ങളോടുള്ള ആഭിമുഖ്യം വർധിപ്പിക്കുകയും ഹിരോഷിമയിലും നാഗസാക്കിയിലും ഓഷ്വിറ്റ്സിലും മറ്റും രാഷ്ട്രീയാധികാരശക്തികളെ സഹായിച്ച ശാസ്ത്രവും സാങ്കേതികവിദ്യയും പ്രതിക്കൂട്ടിലാക്കപ്പെടുകയും ചെയ്തു. നീതിപൂർവ്വമല്ലാത്ത ശാസ്ത്ര (Delegitimate Science) ത്തെ കുറിച്ചുള്ള പല വിമർശനങ്ങൾക്കും ഇതു കാരണമായി. ശാസ്ത്രീയ നിഷ്‌ക്കളങ്കതയുടെ യുഗം അവസാനിക്കുകയായിരുന്നു. ബെർടോൾഡ് ബ്രെഹ്റ്റ് തന്റെ ഗലീലിയോ നാടകം പുതുക്കിയെഴുതാൻ തയ്യാറാകുന്നു. പൂർണ്ണമായും ജ്ഞാനോദയവൽക്കരിക്കപ്പെട്ട ഭൂമിയിൽ നാശത്തിന്റെ വികിരണങ്ങൾ നിറയുന്നതിനെ കുറിച്ചു അഡോർണ എഴുതുന്നതും ഈ സന്ദർഭത്തിലാണ്.

തോമസ് കുണിന്റെ ശാസ്ത്രചരിത്രം കെട്ടഴിച്ചു വിട്ട പ്രചണ്ഡമായ പ്രചരണങ്ങളാണ് മൂന്നാമത്തെ ശാസ്ത്രയുദ്ധങ്ങളിലേക്കു നയിക്കപ്പെടുന്നതെന്നു സുവ്യക്തമാണല്ലോ?ആധുനികശാസ്ത്രത്തെ കുറിച്ച് ഉത്തരാധുനികരും സാമൂഹികനിർമ്മിതിവാദികളും മറ്റും പലേ വിമർശനങ്ങളും ഉയർത്തിക്കൊണ്ടിരുന്നപ്പോൾ ശാസ്ത്രത്തിന്റെ മണ്ഡലത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്നവർ എങ്ങനെയാണ് പ്രതികരിച്ചത്? വീൺബർഗും മീരാനന്ദയും മറ്റും പ്രകടിപ്പിച്ച ചില അഭിപ്രായങ്ങളെ ആനുഷംഗികമായെങ്കിലും ഇതിനു മുന്നേ പരാമർശിക്കുകയുണ്ടായി. വലിയ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ ഒരു പ്രതികരണം രസകരമായ ഒരു തട്ടിപ്പിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

ലേഖനം പുറത്തുവന്നശേഷം ഏറെ താമസിയാതെ തന്റെ ലേഖനം ഒരു തട്ടിപ്പാണെന്നു വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് ല്വിംഗ്വാ ഫ്രാങ്കായിൽ സോക്കൽ പ്രസിദ്ധീകരിച്ചു. സോഷ്യൽ ടെക്സ്റ്റിലെ ലേഖനം ഉത്തരാധുനികതയുടെ ഒരു ഹാസ്യാനുകരണമായിരുന്നുവെന്നു സോക്കൽ പറഞ്ഞു.

ന്യൂയോർക്ക് സർവ്വകലാശാലയിലെ പ്രൊഫസറും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന അലൻ സോക്കലിന്റെ പ്രതികരണമായിരുന്നു അത്. "സോഷ്യൽ ടെക്സ്റ്റ്'എന്ന തത്ത്വചിന്താമാസികയുടെ 1996 ഏപ്രിലിൽ പുറത്തിറക്കിയ "ശാസ്ത്രയുദ്ധങ്ങൾ'ക്കു വേണ്ടിയുളള പ്രത്യേക ലക്കത്തിൽ അല്ലൻ സോക്കൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ""അതിർത്തികളെ അതിലംഘിക്കുന്നു: ക്വാണ്ടം ഗ്രാവിറ്റിയുടെ പരിവർത്തനാത്മക വ്യാഖ്യാനശാസ്ത്രത്തിലേക്ക്'' (Transgressing Boundaries: Towards a Transformative Hermeneutics of Quantum Gravity) എന്ന ശീർഷകത്തിൽ എഴുതപ്പെട്ട ഈ ലേഖനം ഫ്രെഡറിക് ജെയിംസൺ, ആൻഡ്രുറോസ് തുടങ്ങി പ്രശസ്തരായ തത്ത്വചിന്തകന്മാരടങ്ങുന്ന പത്രാധിപസമിതി പരിശോധിക്കുകയും പുതുക്കി എഴുതുകയും ചെയ്തതിനു ശേഷമാണ് "സോഷ്യൽ ടെക്സ്റ്റിൽ' പ്രസിദ്ധീകരിച്ചത്. എന്നാൽ, ലേഖനം പുറത്തുവന്നതിനു ശേഷം ഏറെ താമസിയാതെ തന്റെ ലേഖനം ഒരു തട്ടിപ്പാണെന്നു വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് ല്വിംഗ്വാ ഫ്രാങ്കായിൽ സോക്കൽ പ്രസിദ്ധീകരിച്ചു.

അലൻ സോക്കൽ

സോഷ്യൽ ടെക്സ്റ്റിലെ ലേഖനം ഉത്തരാധുനികതയുടെ ഒരു ഹാസ്യാനുകരണമായിരുന്നുവെന്നു സോക്കൽ പറഞ്ഞു. ഉത്തരാധുനികതയുടെ ബൗദ്ധിക ഇടപെടലുകളുടെ ഉറപ്പില്ലായ്മയും നിഷ്ഫലതയും വെളിവാക്കുന്നതിനാണ് താൻ ശ്രമിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സോക്കലിന്റെ ലേഖനം വായിക്കാത്തവർ പോലും അഭിപ്രായം പറയാൻ നിർബന്ധിക്കപ്പെടുന്ന ധൈഷണികാന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്. ന്യൂയോർക്കിലെ കെട്ടിടസമുച്ചയത്തിലെ ഇരുപത്തൊന്നാം നിലയിലുളള തന്റെ ഫ്ളാറ്റിൽ നിന്നും താഴേക്കു ചാടി ഗുരുത്വാകർഷണനിയമമെന്ന സാമൂഹികവിശ്വാസത്തെ വെല്ലുവിളിക്കാൻ, ശാസ്ത്രസിദ്ധാന്തങ്ങൾ കേവലം സാമൂഹികവിശ്വാസങ്ങളാണെന്ന ഉത്തരാധുനികതയുടെ വാദം തെളിയിക്കാൻ സോക്കൽ ഉത്തരാധുനിക സൈദ്ധാന്തികന്മാരോട് ആവശ്യപ്പെടുന്നു.

പോൾ ഗ്രോസും നോർമൻ ലെവിറ്റും ചേർന്നെഴുതിയ ഉന്നതമായ അന്ധവിശ്വാസം (Higher Superstition)എന്ന പുസ്തകമാണ് സോക്കലിനു പ്രചോദനമായത്. ഉത്തരാധുനികസാഹിത്യത്തിലെ ധാരാളം കൃതികളെ പരിശോധിക്കുന്ന ഈ ഗ്രന്ഥകാരന്മാർ അവയിൽ ശാസ്ത്രവിരുദ്ധമായ മനോഭാവങ്ങളേയും നിലപാടുകളേയുമാണ് കണ്ടെത്തുന്നത്. ശാസ്ത്രം സാമൂഹികശക്തികളാൽ സ്വാധീനിക്കുന്നുവെന്നോ അത് രാഷ്ട്രീയമായ അടിച്ചമർത്തലിനുള്ള ഉപകരണമാണെന്നോ മാത്രമല്ല അത് അടിസ്ഥാനപരമായി അർത്ഥരഹിതമാണെന്നും ഉത്തരാധുനികർ ആരോപിക്കുന്നതായി ഗ്രോസും ലെവിറ്റും പറയുന്നുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങളെ ഉത്തരാധുനികത അവമതിക്കുകയാണെന്നു ശാസ്ത്രജ്ഞന്മാർക്കു ബോധ്യപ്പെടുത്തി കൊടുക്കുന്നതിന് ഇവരുടെ പുസ്തകം പ്രധാന പങ്കുവഹിക്കുന്നു. സോക്കലിന്റെ ആക്രമണം ഇതിന്റെ പരിണിതഫലം കൂടിയായിരുന്നു.

സോഷ്യൽ ടെക്സ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുള്ള ഒരു ഭാഗം ഉദ്ധരിക്കുന്നത് അല്ലൻ സോക്കലിന്റെ നിലപാടിനേയും സമീപനത്തേയും അടുത്തു കാണുന്നതിനു സഹായിക്കുന്നതാണ്. "... പ്രകൃതിയും മനുഷ്യരാശിയും, നിരീക്ഷകനും നിരീക്ഷിതവും, വിഷയവും വിഷയിയും എന്നിങ്ങനെയുള്ള കാർട്ടീഷ്യൻ അതിഭൗതിക വിഭജനങ്ങളെ ഉത്തരാധുനികശാസ്ത്രം അപനിർമ്മിക്കുകയും അതിവർത്തിക്കുകയും ചെയ്യുന്നു. "പുറത്തു നിലനിൽക്കുന്ന' വസ്തുനിഷ്ഠവും ഭാഷാപൂർവ്വവുമായ ഭൗതികവസ്തുക്കളെ കുറിച്ചുള്ള അതിവിദഗ്ദ്ധമായ വിശ്വാസത്തെ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ക്വാണ്ടം ബലതന്ത്രം തകർത്തിരുന്നു... ഒരു കണികയുടെ സ്ഥാനവും സംവേഗവും ഉണ്മയുടെ ഭാഗമായി തീരുന്നത് നമ്മുടെ നിരീക്ഷണപ്രവർത്തനത്തിലൂടെ മാത്രമാണെന്ന് ക്വാണ്ടം ബലതന്ത്രം നമ്മെ അറിയിച്ചതു പോലെ സ്ഥലവും കാലവും സന്ദർഭാധിഷ്ഠിതമാണെന്ന്, അവയുടെ അർത്ഥം നിരീക്ഷണരീതിക്ക് ആപേക്ഷികമായി മാത്രം നിർവ്വചിക്കപ്പെടുന്നതാണെന്ന് ക്വാണ്ടം ഗുരുത്വം നമ്മെ അറിയിക്കുന്നു.'' സോക്കലിനെ പോലുള്ള യുക്തിവാദികൾക്ക് ഈ വാക്യങ്ങൾ പൊട്ടിച്ചിരിക്കാൻ വക നൽകുന്നതാണ്. ഉത്തരാധുനിക പാരഡി രചിച്ചു കൊണ്ട് പൊട്ടിച്ചിരിക്കുകയാണ് സോക്കൽ ചെയ്തത്. എന്നാൽ, സോഷ്യൽ ടെക്സ്റ്റിന്റെ പത്രാധിപന്മാർക്ക് ന്യായമായും വിശ്വാസ്യമെന്നു കരുതാവുന്ന ലേഖനമായിരുന്നു അത്. ഈ തട്ടിപ്പിനു ശേഷം അലൻ സോക്കൽ തന്റെ കാഴ്ചപ്പാടുകളെ വിശദീകരിച്ചു കൊണ്ട് പല ലേഖനങ്ങൾ എഴുതുകയുണ്ടായി. അലൻ സോക്കലും ഴാങ് ബ്രിക്മോന്റും ചേർന്നെഴുതിയ രണ്ടു സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. തത്ത്വചിന്തകന്മാർ ശാസ്ത്രത്തിലെ സിദ്ധാന്തങ്ങളേയും ചിന്തകളേയും വികൃതമായി വ്യാഖ്യാനിക്കുകയാണെന്നു തെളിയിക്കുന്നതിനുള്ള ശ്രമങ്ങൾ ഈ പുസ്തകങ്ങളിൽ കാണാം. വ്യാജധൈഷണികത (Intellectual Impostures) എന്ന ശീർഷകത്തിലുള്ള പുസ്തകത്തിൽ ഴാക് ലകാൻ, ജൂലിയ ക്രിസ്തേവ, ലൂസ് ഇറിഗറെ, ബ്രൂണോ ലാത്വ, ഗില്ലസ് ഡല്യൂസ്, ഗുത്താരി, ബോദ്രിലാദ് എന്നിവരുടെയെല്ലാം ഇടപെടലുകളെ വികലനത്തിനു വിധേയമാക്കുന്നതു കാണാം.

ഴാങ് ബ്രിക്മോന്റ്

ലകാൻ ഗണിതശാസ്ത്രത്തോട് ഹിംസാത്മകമായി, അക്രമാസക്തമായി പെരുമാറുന്നുവെന്ന് ഉത്തരാധുനികതയുടെ വ്യാജധൈഷണികതയെ കുറിച്ച് എഴുതുന്ന ലേഖകന്മാർ നിരീക്ഷിക്കുന്നുണ്ട്. ലകാൻ ടോപ്പോളജിയിൽ നിന്നും മറ്റും എടുത്തുപയോഗിക്കുന്ന ഗണിതശാസ്ത്ര പദങ്ങളുടെ യഥാർത്ഥ വിവക്ഷിതാർത്ഥം അദ്ദേഹം ഉൾക്കൊള്ളുന്നില്ലെന്ന് ഇവർ പറയുന്നു. മനോവിശകലനത്തെ ഗണിതവൽക്കരിക്കാനുള്ള പദ്ധതിയിൽ വിചിത്രവും ഭ്രമാത്മകവുമായി ഗണിതത്തെ ഉപയോഗിക്കുന്ന ലകാൻ സഫലമായി ഒന്നും ചെയ്യുന്നില്ലെന്ന് നിഗമിക്കുന്നു. ഗൂഢാർത്ഥപരമായ ലകാന്റെ എഴുത്തുകൾ ഐഹികമായ യോഗാത്മകത (Secular Mysticism)യെ സൃഷ്ടിക്കുന്നതും ഒരു പുതിയ മതത്തെ സമീപിക്കുന്ന അത്ഭുതങ്ങൾ ഉളവാക്കുന്നതുമാണ്. ജൂലിയ ക്രിസ്തേവയിലേക്കു വന്നാൽ, ഭാഷാശാസ്ത്രം, സാഹിത്യവിമർശം, മനോവിശകലനം, രാഷ്ട്രീയ തത്ത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ ഗണിതശാസ്ത്രസംപ്രത്യയങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ സാംഗത്യം വിശദീകരിക്കുന്നതിനോ നീതീകരിക്കുന്നതിനോ ശ്രമിക്കുന്നില്ലെന്ന വിമർശനമാണ് ഈ ലേഖകർ മുന്നോട്ടു വയ്ക്കുന്നത്. അലൻ സോക്കലും ഴാങ് ബ്രിക്മോന്റും തത്ത്വചിന്തകരോടു പങ്കുവയ്ക്കുന്ന വിമർശനത്തിന്റെ പൊതുസ്വഭാവം ഇതാണ്. ശാസ്ത്രേതരപുസ്തകങ്ങളിലെ ശാസ്ത്രമെന്നു തോന്നിക്കുന്ന ഭാഷയെ വിലയിരുത്താൻ ശാസ്ത്രജ്ഞന്മാർ യോഗ്യരായിക്കണമെന്നില്ലെന്ന് സോക്കലിന്റെ വായനകളെ കുറിച്ച് ഗബ്രിയേൽ സ്റ്റോൾസൺബർഗ് അഭിപ്രായപ്പെടുന്നുണ്ട്.

ജൂലിയ ക്രിസ്തേവ

ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങളിൽ ഉപയോഗിക്കുന്ന വിർച്ച്വൽ കണങ്ങൾ എന്ന സങ്കല്പനത്തെ ഡല്യൂസ് തന്റെ ദാർശനികപദ്ധതിയിൽ ഉപയോഗിക്കുന്നുണ്ട്. ജൂലിയ ക്രിസ്തേവ ഗണിതത്തിലെ ഗണസിദ്ധാന്തത്തിൽ നിന്നും രൂപകങ്ങൾ നിർമ്മിച്ച് ദാർശനികപദ്ധതിയിൽ ഉപയോഗിക്കുന്നതിനു സമാനമായ പ്രവർത്തനം തന്നെയാണിത്. ശാസ്ത്രസംപ്രത്യയങ്ങളെ അവയുടെ സ്വാഭാവികപരിസ്ഥിതിയിൽ നിന്നുമെടുത്ത് വളരെ വ്യത്യസ്തമായ ദാർശനികസന്ദർഭങ്ങളിൽ ഉപയോഗിക്കുന്നത് എത്രമാത്രം നീതീകരിക്കാവുന്നതാണെന്ന ചോദ്യം അല്ലൻ സോക്കലും ഴാങ് ബ്രിക്മൊന്റും വിമർശരൂപേണ ഡല്യൂസിനോടും ചോദിക്കുന്നുണ്ട്. ആയിരം പ്ലേറ്റോമാർ എന്ന പുസ്തകത്തിൽ ഡല്യൂസ് ഈ പ്രശ്നത്തെ കുറിച്ചു പറയുന്നുണ്ട്. സൂക്ഷ്മവും കൃത്യവുമായ പ്രകൃതമുള്ള ശാസ്ത്രസമീകരണങ്ങളോ സംപ്രത്യയങ്ങളോ രൂപകങ്ങളായി തത്ത്വചിന്തകർ ഉപയോഗിക്കുന്നത് ശരിയായിരിക്കില്ലെന്ന അഭിപ്രായമാണ് ഡല്യൂസ് പ്രകടിപ്പിക്കുന്നത്. അവ സൂക്ഷ്മതയുള്ള ശാസ്ത്രത്തിന്റെ ഭാഗമാണ്. എന്നാൽ, സൂക്ഷ്മതയില്ലാത്തതും കൃത്യതയില്ലാത്തതുമായ വിഭാവനങ്ങളുണ്ട്. ശാസ്ത്രജ്ഞന്മാർക്കു തനിയെ പ്രവർത്തിക്കാൻ കഴിയാത്തവ, ശാസ്ത്രജ്ഞന്മാരെ പലപ്പോഴും തത്ത്വചിന്തകന്മാരാക്കുന്നവ, തത്ത്വചിന്തകന്മാർക്ക് ഒരു പങ്കു നിർവ്വഹിക്കാനുള്ളവ, ശാസ്ത്രജ്ഞന്മാരും ദാർശനികന്മാരും ഒരുമിച്ചു പ്രവർത്തിക്കേണ്ടവ. ശാസ്ത്രവും ദർശനവും കലയും സാഹിത്യവുമെല്ലാം, മേലാളിത്തങ്ങളില്ലാതെ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡല്യൂസ് പറയുന്നു. ഇവയോരോന്നിനും അവയുടേതായ വ്യത്യസ്ത രീതികളുണ്ട്.

ശാസ്ത്രവികാസത്തെ നിർണയിക്കുന്നതിൽ ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾക്കു പങ്കുണ്ട്. ശാസ്ത്രജ്ഞന്മാർ ആന്തരിക ഘടകങ്ങൾക്കും തത്ത്വചിന്തകന്മാർ ബാഹ്യഘടകങ്ങൾക്കുമാണ് ഊന്നൽ നല്കുന്നതെങ്കിലും ഒരു യുക്തിപരമായ സംവാദത്തിന് വലിയ സാധ്യതകളുണ്ട്.

എന്നാൽ, അവയുടെ സംപ്രത്യയങ്ങളും മറ്റും പരസ്പരം പ്രതിപ്രവർത്തിക്കുന്നതിനെ ഒഴിവാക്കുവാൻ പാടില്ല. അവയ്ക്ക് ഒരുമിച്ചു പ്രവർത്തിക്കാനും ധനാത്മകമായി അങ്ങോട്ടുമിങ്ങോട്ടും കൊടുക്കാനും വാങ്ങാനും പരസ്പരം ത്വരിപ്പിക്കാൻ കഴിയുമെന്ന ആശയം ഡല്യൂസിന്റെ ചിന്തയിൽ നന്നായി പ്രകടമാണ്. ഡല്യൂസ് ശാസ്ത്രത്തിൽ കൂടുതലായി ശ്രദ്ധയൂന്നുകയും ദാർശനികപ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന വിമർശനം ഫെർഡിനാൻഡ് ആൽക്വി മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിനോടു പ്രതികരിച്ച്​, ശാസ്ത്രം അതിന്റെ അതിഭൗതികത്തെ കണ്ടെത്തിയിട്ടില്ലെന്ന ബെർഗ്സന്റെ വാക്കുകളെ ഡല്യൂസ് ഉദ്ധരിക്കുന്നു. തന്റെ പ്രാഥമികവും പ്രധാനവുമായ താൽപര്യം തത്ത്വചിന്തയ്ക്കാവശ്യമായ ശാസ്ത്രത്തേക്കാളുപരി ശാസ്ത്രത്തിനാവശ്യമായ അതിഭൗതികത്തെ കുറിച്ചാണെന്ന് ഡല്യൂസ് പറയുന്നു. തത്ത്വചിന്തകരുടെ ഇടയിൽ യഥാതഥവാദത്തിലേക്കുള്ള ചായ് വ് പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ തത്ത്വചിന്തയുടെ സവിശേഷതയെ നിരാകരിച്ചു കൂടെന്നു തീർച്ചയാണെന്നു സമ്മതിക്കുമ്പോൾ തന്നെ ആധുനിക ഭൗതികശാസ്ത്രത്തിനില്ലാത്ത അതിഭൗതികത്തെ നൽകാനുള്ള ശ്രമമായിട്ടാണ് തന്റെ പ്രവർത്തനത്തെ ഡല്യൂസ് സ്വയം കാണുന്നത്.

ഗില്ലസ് ഡല്യൂസ് / Photo: snl.no

ആധുനികശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന യാഥാർത്ഥ്യം, യുക്തിപരത, വസ്തുനിഷ്ഠത എന്നീ മൂല്യങ്ങളെ പ്രതിരോധിക്കണമെന്ന് സോക്കൽ കരുതുന്നു. പുരോഗമന രാഷ്ട്രീയ പ്രവർത്തനത്തിൽ ഈ മൂല്യങ്ങൾക്കു വലിയ പങ്കുണ്ട്. രാഷ്ട്രീയമായി ഇടതുപക്ഷത്തു നില്ക്കുന്നുവെന്നു പറയുന്ന ഉത്തരാധുനികരുടെ ലക്ഷ്യവേധിയല്ലാത്ത കലഹം ഉത്തരവാദിത്തപൂർണമായ സാമൂഹിക വിമർശനം ആവിഷ്‌ക്കരിക്കുന്നതിൽ നിന്ന്​ അകലെയാണ്. വിനാശകരമായ ആപേക്ഷികവാദത്തിൽ അവർ മുങ്ങിത്താഴ്ന്നിരിക്കുന്നുവെന്ന് സോക്കൽ പറയുന്നു. ശാസ്ത്രം സാമൂഹിക വിശ്ലേഷണങ്ങൾക്ക് വിധേയമാകേണ്ടതാണെന്ന വാദത്തെ സോക്കൽ നിഷേധിക്കുന്നില്ല. ശാസ്ത്രവികാസത്തെ നിർണയിക്കുന്നതിൽ ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾക്കു പങ്കുണ്ട്. ശാസ്ത്രജ്ഞന്മാർ ആന്തരിക ഘടകങ്ങൾക്കും തത്ത്വചിന്തകന്മാർ ബാഹ്യഘടകങ്ങൾക്കുമാണ് ഊന്നൽ നല്കുന്നതെങ്കിലും ഒരു യുക്തിപരമായ സംവാദത്തിന് വലിയ സാധ്യതകളുണ്ട്. യാഥാർത്ഥ്യത്തെ നിർണയിക്കുകയെന്ന നിസ്സംശയമായും വിഷമകരമായ കാര്യം നമ്മെ വസ്തുനിഷ്ഠ യാഥാർത്ഥ്യമില്ല എന്ന നിഗമനത്തിലേക്കു കൊണ്ടുപോകരുതെന്ന് അദ്ദേഹം പറയുന്നു, അധികാരികൾ നിഗൂഢവല്ക്കരണത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ പുരോഗമനകാരികൾക്ക് യാഥാർത്ഥ്യം എന്താണെന്നതിനെ പറ്റി യുക്തിയുക്തമായ വിവരണങ്ങൾ നല്കാൻ കഴിയണം. ശാസ്ത്രത്തെ സാമൂഹിക സ്വാധീനങ്ങളിൽനിന്നും പൂർണമായും ഒഴിവാക്കുന്ന പരമ്പരാഗത സമീപനങ്ങളേയും ശാസ്ത്രത്തെ സാമൂഹിക ശക്തികളുടെ ഇതര പ്രസ്താവനകളായി മാത്രം കാണുന്ന സാമൂഹിക നിർമിതിവാദത്തേയും ഒഴിവാക്കി കിച്ചറും ഹാക്കും മുന്നോട്ടുവയ്ക്കുന്ന ഒരു മധ്യനിലയോട് തനിക്ക്​ പൂർണമായി യോജിപ്പാണെന്നും സോക്കൽ പറയുന്നുണ്ട്.

തങ്ങളുടെ പൂർവ്വികർ ആത്മാക്കളുടെ ലോകത്തുനിന്നും വന്നതാണെന്ന് സുനി (Zuni) ജനത വിശ്വസിക്കുമ്പോൾ അവർ ഏഷ്യയിൽ നിന്നും ഏതാണ്ട് പതിനായിരം വർഷങ്ങൾക്കു മുമ്പ് ബെറിംഗ് കടലിടുക്ക് കടന്നുവന്നവരാണെന്ന് ശാസ്ത്രകാരന്മാർ നിഗമിക്കുന്നു. ഈ രണ്ടു വാദങ്ങളും അതാതിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളിൽ ശരിയാണെന്നാണ് ഉത്തരാധുനികർ പറയുന്നത്.

അമേരിക്കൻ ദാർശനികനായ പോൾ ബൊഗോസിയൻ സോക്കൽ തട്ടിപ്പിനെ കുറിച്ച് ഒരു ലേഖനം എഴുതുന്നുണ്ട്. ഉത്തരാധുനികരുടെ ആപേക്ഷികവാദപരമായ സമീപനങ്ങളെ ഇദ്ദേഹം വിമർശിക്കുന്നു. അമേരിക്കയിലെ ആദിവാസികളുടെ ഇടയിൽ ജീവന്റെ സൃഷ്ടിയെ കുറിച്ചു നിലനില്ക്കുന്ന വിശ്വാസങ്ങൾക്കും പുരാവസ്തുശാസ്ത്രകാരന്മാരുടെ നിഗമനങ്ങൾക്കും ഒരേ സാധുത കല്പിക്കുന്ന ഉത്തരാധുനികരുടെ സമീപനത്തെ കുറിച്ച് പറയുന്നു.

പോൾ ബൊഗോസിയൻ

തങ്ങളുടെ പൂർവ്വികർ ആത്മാക്കളുടെ ലോകത്തുനിന്നും വന്നതാണെന്ന് സുനി (Zuni) ജനത വിശ്വസിക്കുമ്പോൾ അവർ ഏഷ്യയിൽ നിന്നും ഏതാണ്ട് പതിനായിരം വർഷങ്ങൾക്കു മുമ്പ് ബെറിംഗ് കടലിടുക്ക് കടന്നുവന്നവരാണെന്ന് ശാസ്ത്രകാരന്മാർ നിഗമിക്കുന്നു. ഈ രണ്ടു വാദങ്ങളും അതാതിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളിൽ ശരിയാണെന്നാണ് ഉത്തരാധുനികർ പറയുന്നത്. ഉത്തരാധുനികരുടെ ആപേക്ഷികവാദം, ശാസ്ത്രസിദ്ധാന്തങ്ങളോടൊപ്പം ആദിവാസി ജനതയുടെ ഐതിഹ്യങ്ങളേയും വിശ്വാസങ്ങളേയും കൂടി വിജ്ഞാനത്തിന്റെ ഭാഗമായി കാണുന്നതിന്റെ ഉദാഹരണമാണിത്. യാഥാർത്ഥ്യത്തെക്കുറിച്ചുളള ഒരു വിശദീകരണവും അതിന്റെ നേർവിപരീതവും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിൽ സത്യമാണെന്നു പറയുന്നതിനും ഉത്തരാധുനികർക്കു കഴിയും. ഈ നിലപാടനുസരിച്ച് ഉത്തരാധുനികതയും അതിനു നേർവിപരീതമായ സമീപനങ്ങളെ സ്വീകരിക്കുന്ന യഥാതഥവാദവും സത്യമായിരിക്കണം. ഉത്തരാധുനികർക്കു തന്നെ ഇക്കാര്യം സമ്മതിച്ചു തരാൻ കഴിയില്ലെന്ന് പോൾ ബൊഗോസിയൻ നിരീക്ഷിക്കുന്നു. ഭാഷയെ കുറിച്ചും ചില കാര്യങ്ങൾ ബൊഗോസിയൻ പറയുന്നുണ്ട്. നാം ഉപയോഗിക്കുന്ന വാക്കുകൾ സാമൂഹികമായി നിർമിക്കപ്പെട്ടതാണ്. അവ നമ്മുടെ കഴിവുകളുടേയും പരിമിതികളുടേയും താല്പര്യങ്ങളുടേയും അനിശ്ചിതമായ നിരവധി ഭാവങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ, ഇത് വസ്തുനിഷ്ഠയാഥാർത്ഥ്യത്തെ അറിയാനും രേഖപ്പെടുത്താനുമുളള കഴിവ് വാക്കുകൾക്കില്ലെന്ന് തെളിയിക്കുന്നില്ല. ഒരു വാക്കിന് അർത്ഥം കല്പിച്ചു നല്കിയാൽ, ഈ അർത്ഥത്തെ പുനരുല്പാദിപ്പിക്കാൻ ആ വാക്ക് ഉപയോഗിക്കാവുന്നതാണ്.

ശാസ്ത്രയുദ്ധങ്ങളും ശാസ്ത്രത്തെ കുറിച്ചുള്ള അധിനിവേശാനന്തരപഠനങ്ങളും ശാസ്ത്രത്തിന്റെ ശുദ്ധിയെ കുറിച്ചുള്ള വീക്ഷണങ്ങൾക്കു വലിയ പ്രഹരമേൽപ്പിച്ചുവെന്നു പറയണം. ▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments