പതിനേഴാം നൂറ്റാണ്ടിലെ ചിന്തകരുടെ ഭാവനയെ പ്രചോദിപ്പിച്ച യന്ത്രസംവിധാനം ഘടികാരമായിരുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ക്രിസ്റ്റൈൻ ഹൈജൻസ് രൂപകൽപ്പന ചെയ്ത ആദ്യകാല പെന്റുലം ക്ലോക്കുകളിലൊന്നാണ് ചിത്രത്തിൽ. പെന്റുലത്തെക്കുറിച്ച് അദ്ദേഹം തയ്യാറാക്കി 1673ൽ പ്രസിദ്ധീകരിച്ച Horologii Oscillatorii എന്ന പ്രബന്ധമാണ് ഒപ്പമുള്ളത് / Photo:Wikimedia Commons

​ലോകം ഒരു ഘടികാരമാണ്

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 6

ഇംഗ്ലണ്ടിൽ മധ്യവർഗം യഥാർത്ഥ അധികാരശക്തിയായി മാറിത്തീർന്നു കൊണ്ടിരുന്ന കാലത്താണ് ന്യൂട്ടൺ തന്റെ ഭൗതികശാസ്ത്ര പ്രവർത്തനങ്ങളിലേർപ്പെടുന്നത്. ഭൗതികശാസ്ത്രസങ്കൽപ്പനങ്ങളുടേയും സംവർഗങ്ങളുടേയും രൂപീകരണത്തിൽ ഈ കാലവും വ്യവസ്ഥയും ശാസ്ത്രവും തമ്മിൽ തമ്മിലുള്ള സാമൂഹികമായ പ്രതിപ്രവർത്തനങ്ങളെയും പരിഗണിക്കാതെ വയ്യ!

ന്യൂട്ടോണിയൻ ഭൗതികം ന്യൂട്ടൺ ഒറ്റയ്ക്കു നിർമ്മിച്ചതല്ല! എന്നാൽ, ഭൗതികത്തിന്റെ അടിസ്ഥാന സങ്കൽപ്പനങ്ങൾ രൂപപ്പെടുത്തുകയെന്നത് ചെറിയ കാര്യമല്ല. ന്യൂട്ടനാണ് അതു നിർവ്വഹിച്ചത്. എക്കാലത്തേയും മഹാനായ ജീനിയസ് എന്ന അർത്ഥം വരുന്ന വാക്കുകൾ ഡേവിഡ് ഹ്യൂം ഐസക് ന്യൂട്ടനെ കുറിച്ചെഴുതുന്നുണ്ട്. പ്രകൃതിയെ മൂടിയിരുന്ന ചില നിഗൂഢതകളുടെ ആവരണത്തെ ന്യൂട്ടൺ നീക്കിക്കളഞ്ഞു. എന്നാൽ, അതിനായി ഉപയോഗപ്പെടുത്തിയ യാന്ത്രികദർശനത്തിന്റെ അപൂർണ്ണതകളെ എടുത്തുകാണിച്ചു. അങ്ങനെ, പ്രകൃതിയുടെ രഹസ്യങ്ങളെ അതേ നിഗൂഢതയിലേക്കു പുനരാനയിച്ചുവെന്ന് ഡേവിഡ് ഹ്യൂം പറയുന്നു. ന്യൂട്ടൺ എടുത്തു കാണിച്ച യാന്ത്രികദർശനത്തിന്റെ അപര്യാപ്തതകൾ പ്രകൃതിയിലെ പരസ്പരബന്ധങ്ങളെ കുറിച്ചുള്ള നമ്മുടെ സാമാന്യജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തുന്നതായിരുന്നു. പ്രകൃതിയെ ശുശ്രൂഷയുടേയും പരിപാലനത്തിന്റേയും മാതൃബിംബങ്ങൾ കൊണ്ട് എഴുതിയിരുന്ന പഴയകാലവീക്ഷണം ഫ്രാൻസിസ് ബേക്കണിന്റേയും മറ്റും രചനകളിൽ വലിയ പരിവർത്തനങ്ങൾക്കു വിധേയമാകുന്നുണ്ട്.

ന്യൂട്ടന്റെ Mathematical Principles of Natural Philosophyയുടെ ആദ്യ എഡിഷന്റെ (1687) ടൈറ്റിൽ പേജ്. കേവലസ്ഥലത്തെയും കേവവലകാലത്തെയും കുറിച്ചുള്ള ആശയങ്ങൾ ഈ പുസ്തകത്തിലാണ് ന്യൂട്ടൺ അവതരിപ്പിക്കുന്നത് / Photo:Wikipedia

ഇതിന്റെ സൈദ്ധാന്തികമറുവശം പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവത്തെ സചേതനമാക്കിയ യാന്ത്രികഭൗതികവാദപരമായ സംപ്രത്യയവൽക്കരണമായിരുന്നു. ലോകം യന്ത്രമായി മാറി. അക്കാലത്തെ ചിന്തകന്മാരുടെ ഭാവനയെ പ്രചോദിപ്പിച്ച യന്ത്രസംവിധാനം ഘടികാരമായിരുന്നു. പാശ്ചാത്യനാഗരികതയുടെ പിന്നീടുള്ള വികാസത്തിൽ പ്രധാന ഘടകമായി നിന്ന യാന്ത്രികദർശനം ദെക്കാർത്തെയിൽ ആരംഭിക്കുകയും ന്യൂട്ടനിൽ പൂർണ്ണമാകുകയും ചെയ്തു.

പൊതുലക്ഷണങ്ങളില്ലാത്ത ചിന്തയിലെ ലോകവും യഥാർത്ഥലോകവും യോജിച്ചു നിൽക്കുന്നതിനു കാരണങ്ങൾ കണ്ടെത്താൻ കഴിയാത്ത കാർട്ടീഷ്യന്മാർക്ക് ദൈവത്തിൽ അഭയം തേടാനേ കഴിയുമായിരുന്നുള്ളൂ. ദൈവത്തിനു മാത്രമേ ഇതു വിശദീകരിക്കാൻ കഴിയൂ.

ജ്ഞാനത്തെ വിഷയവസ്തുവുമായി എങ്ങനെ ബന്ധിപ്പിക്കും? ഈ ചോദ്യമാണ് ദെക്കാർത്തെയേയും അലട്ടിയത്. ആശയങ്ങൾ, സിദ്ധാന്തങ്ങൾ, സംപ്രത്യയങ്ങൾ എന്നിങ്ങനെ ജ്ഞാനാർജ്ജനത്തിന് മനുഷ്യർ ആധാരമാക്കുന്നതെല്ലാം യാഥാർത്ഥ്യവുമായി ബന്ധപ്പെട്ടതാണോ? വിഷയവസ്തു ബോധത്തിനു പുറത്താണോ? തത്ത്വചിന്തയിലെ കേന്ദ്രപ്രശ്‌നമാണിത്. ചിന്തയ്ക്കു പുറത്തുള്ള സ്വതന്ത്രയാഥാർത്ഥ്യവും ചിന്തയും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്‌നമാണിത്. ചിന്തയുടെ അനന്യതയും ഉണ്മയും തമ്മിലുള്ള പ്രശ്‌നമാണത്. ചിന്തയും ചിന്തയ്ക്കു പുറത്തുള്ള വസ്തുവും ഒന്നല്ലെന്നു സാമാന്യബോധം കരുതുന്നു. സംപ്രത്യയങ്ങളിലൂടെയുള്ള ചിന്തയും സ്ഥലീയമായ ജ്യാമിതീയരൂപവും തമ്മിൽ എന്തെങ്കിലും ബന്ധങ്ങളില്ല. ചിന്തയും ചിന്തയുടെ വ്യാപന(ദ്രവ്യം)വുമായി ദെക്കാർത്തെ ഇവയെ മനസ്സിലാക്കുന്നുവെങ്കിലും അവയ്ക്കു പൊതുലക്ഷണങ്ങളില്ല. ചിന്തയിലെ വസ്തുവും ചിന്തയ്ക്കു പുറത്തുള്ള വിഷയവസ്തുവും തമ്മിൽ സാമ്യങ്ങളേതുമില്ലെങ്കിൽ, ഐകരൂപ്യമില്ലെങ്കിൽ, പൊതുവായി ഒന്നുമില്ലെങ്കിൽ, ഈ രണ്ടു ലോകങ്ങളും ഒന്നിച്ചു യോജിച്ചു പോകുന്നതെങ്ങനെയാണ്?

ദെക്കാർത്തെയുടെ പ്രശ്‌നം ഇതാണ്. പൊതുലക്ഷണങ്ങളില്ലാത്ത ചിന്തയിലെ ലോകവും യഥാർത്ഥലോകവും യോജിച്ചു നിൽക്കുന്നതിനു കാരണങ്ങൾ കണ്ടെത്താൻ കഴിയാത്ത കാർട്ടീഷ്യന്മാർക്ക് ദൈവത്തിൽ അഭയം തേടാനേ കഴിയുമായിരുന്നുള്ളൂ. ദൈവത്തിനു മാത്രമേ ഇതു വിശദീകരിക്കാൻ കഴിയൂ. ഈ വിരുദ്ധലോകങ്ങളെ ദൈവം പരസ്പരം യോജിപ്പിലാക്കുന്നു. ഇവിടെ ദൈവം ഒരു സൈദ്ധാന്തികനിർമ്മിതിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

ചിന്തയ്ക്കും ചിന്തയുടെ വ്യാപിതരൂപത്തിനും പുറത്ത് മൂന്നാമത്തേതായി, പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി, ചിന്തയിലെ വസ്തുവിനേയും യഥാർത്ഥവസ്തുവിനേയും ബന്ധിപ്പിക്കുന്ന കണ്ണിയായി, സംപ്രത്യയങ്ങളേയും യഥാർത്ഥവസ്തുവിനേയും ബന്ധിപ്പിക്കുന്ന കണ്ണിയായി, വാക്കുകളിലേയും ചിഹ്നങ്ങളിലേയും പ്രവർത്തനങ്ങളേയും യഥാർത്ഥലോകത്തിലെ പ്രവർത്തനങ്ങളേയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ട് വിശ്ലേഷണാത്മക ജ്യാമിതിയുടെ സ്ഥാപകനായിരുന്ന ദെക്കാർത്തെക്ക് വൃത്തത്തിന്റെ ബീജഗണിതവാക്യവും നിങ്ങൾ വരയ്ക്കുന്ന ചിത്രത്തിലെ വൃത്തത്തിന്റെ സ്ഥലീയരൂപവും പരസ്പരചേർച്ചയിലായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭൗതികമായി വിശദീകരിക്കേണ്ടിയിരുന്നില്ല. അത് ദൈവമെന്ന കാരണം കൊണ്ട്, സുവ്യക്തമായ കാരണം കൊണ്ട്, അതിഭൗതികമായ കാരണം കൊണ്ട് വിശദീകരിക്കപ്പെട്ടു. ഗണിതശാസ്ത്രരൂപങ്ങൾ സർഗധനരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ധൈഷണിക, മാനസികനിർമ്മിതികളാണെങ്കിൽ, ഏതെങ്കിലും ബാഹ്യനിർണ്ണയനങ്ങൾക്കു വിധേയമല്ലെങ്കിൽ, ഭൂമിയിലെ ആനുഭവികയാഥാർത്ഥ്യവുമായി, അനുഭവത്തിലെ വസ്തുക്കളുമായി ഇവ എങ്ങനെ ചേർന്നു നിൽക്കുന്നതാണെന്ന പ്രശ്‌നം പൂർണ്ണമായും അവ്യക്തവും ദൈവത്തിനു മാത്രം അറിയുന്നതുമാണ്. ഇങ്ങനെ, ദെക്കാർത്തെയുടെ ജ്ഞാനശാസ്ത്രത്തിൽ ദൈവം കടന്നുവരുന്നു. ന്യൂട്ടൺ പിന്തുടർന്നത് ദെക്കാർത്തെയെ ആണല്ലോ? കാർട്ടീഷ്യൻ ദർശനത്തിന്റെ അടിയിൽ ശാസ്ത്രജ്ഞാനത്തിന്റെ ഉറപ്പിലുള്ള വിശ്വാസമുണ്ടായിരുന്നു. അത് ദൈവവിശ്വാസത്തോളം ഉറപ്പുള്ളതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രം കേവലസത്യങ്ങളില്ലെന്ന നിലപാടിൽ എത്തിച്ചേർന്നിരുന്നെങ്കിലും ഈ കാർട്ടീഷ്യൻ വിശ്വാസം ശാസ്ത്രത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ പോലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ദെക്കാർത്തെയുടെ രീതിശാസ്ത്രത്തെ ജ്ഞാനാർജ്ജനത്തിലുള്ള പ്രസക്തമാർഗമായി സ്വീകരിക്കപ്പെട്ടതിന്റെ ഭവിഷ്യത്ഫലങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.

ദെക്കാർത്തെയുടെ ജ്യോമട്രിയുടെ ടൈറ്റിൽ പേജ്

ക്രിസ്റ്റ്യൻ ഹൈജൻസ് വസ്തുക്കൾക്കിടയിലെ ആകർഷണതത്ത്വത്തെ പരിഹാസ്യമായ അബദ്ധമായിട്ടാണ് കണ്ടിരുന്നത്. ഭൗതികലോകപ്രതിഭാസങ്ങൾക്ക് ഭൗതികവിശദീകരണങ്ങൾ നൽകാതെ നിഗൂഢമായ ആശയങ്ങളെ പുനരവതരിപ്പിക്കുകയാണ് ന്യൂട്ടൺ ചെയ്യുന്നതെന്ന് ലബനിത്‌സ് ആരോപിക്കുന്നുണ്ട്. തന്റെ സമകാലികരുടെ ഈ ആരോപണങ്ങളോട്; പൊതുവിൽ, ന്യൂട്ടൺ യോജിക്കുകയാണ് ചെയ്തതെന്നു പറയണം. വസ്തുക്കൾക്കിടയിലെ ആകർഷണബലത്തിന്റെ വിദൂരപ്രവർത്തനം യാന്ത്രികവിശദീകരണങ്ങൾക്ക് അതീതവും അസാധ്യവുമാണെന്നു തന്നെ അദ്ദേഹം കരുതി. ദാർശനികമായ ഉൾക്കാഴ്ചയുള്ളവർക്ക് പെട്ടെന്ന് അതിലേക്കു നിപതിക്കാനാവില്ല. യാന്ത്രികവിശദീകരണങ്ങളിൽ, സമ്പർക്കരഹിതമായ ഒരു

ക്രിസ്റ്റ്യൻ ഹൈജൻസ്

പ്രവർത്തനത്തിലൂടെ ആകർഷണത്തെ വിശദീകരിക്കാനാവില്ല. സാമാന്യമായി, യാന്ത്രികദർശനത്തെ കർക്കശമായി പാലിച്ചിരുന്നെങ്കിലും ന്യൂട്ടൺ അതിന്റെ അപൂർണ്ണതകളെ എടുത്തു കാണിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ ഏറെ നാളുകളിലും ആകർഷണത്തിന്റെ നിഗൂഢതത്ത്വമായ വിദൂരപ്രവർത്തനത്തെ വിശദീകരിക്കാനുള്ള മാർഗങ്ങളെ അദ്ദേഹം അന്വേഷിച്ചിരുന്നു. വസ്തുക്കളുടെ പരസ്പരാകർഷണത്തിനുള്ള കാരണമായി എല്ലാ ഭൗതികവസ്തുക്കളിലും കുടികൊള്ളുന്ന ആത്മാവിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നു.

ഇത് ആകർഷണബലം പ്രകടിപ്പിക്കുന്ന അതീതമായ വിദൂരപ്രവർത്തനത്തിന്റെ പ്രശ്‌നം മാത്രമായിരുന്നില്ല. മനുഷ്യചിന്തയെ തന്നെ നിഗൂഢമായ പ്രവർത്തനമായിട്ടാണ് കണ്ടിരുന്നത്. ദ്രവ്യം എങ്ങനെയാണ് ചിന്തയെ ഉൽപ്പാദിപ്പിക്കുന്നത്? പ്രകൃതിയിലെ എല്ലാ ചലനങ്ങൾക്കും കാരണമായിട്ടുള്ളത് ആത്മാവായിരിക്കാമെന്ന് ന്യൂട്ടൺ ചിന്തിക്കുന്നു. ഇതിലും ഒരു പടി കൂടി മുന്നോട്ടുപോയി പ്രപഞ്ചം ചിന്തിക്കുന്നില്ലെന്നു പറയാൻ നമുക്കു കഴിയില്ലെന്ന് ലോക്ക് (Locke) പറയുന്നുണ്ട്. ദൈവം ദ്രവ്യത്തെ സൃഷ്ടിച്ചത് ചിന്തിക്കാൻ കൂടിയാണ്. ബർട്രാന്റ് റസ്സലിലേക്കും മറ്റും എത്തുമ്പോൾ ഈ ആശയം തീർത്തും അപ്രസക്തമാകുന്നുണ്ട്. ഇപ്പോൾ, ബുദ്ധിയുള്ള പ്രപഞ്ചം എന്ന സങ്കൽപ്പനം തന്നെ അബദ്ധമായി പരിഗണിക്കപ്പെടുന്നു.

കേവലസ്ഥല(Absolute Space)ത്തെയും കേവലകാല(Absolute Time)ത്തെയും കുറിച്ചു ഐസക് ന്യൂട്ടൺ പുലർത്തിയിരുന്ന സങ്കല്പനങ്ങളെ ആധാരമാക്കിയാണല്ലോ ക്ലാസിക്കൽ ബലതന്ത്രം രൂപം കൊള്ളുന്നത്? പ്രകൃതി തത്ത്വശാസ്ത്രത്തിന്റെ ഗണിതതത്ത്വങ്ങൾ(Mathematical Principles of Natural Philosophy) എന്ന പുസ്തകത്തിൽ ന്യൂട്ടൺ ഈ ആശയങ്ങൾ അവതരിപ്പിച്ചു. വസ്തുക്കളുടെ അസ്തിത്വത്തിൽ നിന്നും സ്വതന്ത്രമായി സ്ഥിതമായി നിൽക്കുന്നത് എന്ന അർത്ഥത്തിലാണ് ഇവിടെ കേവലം എന്ന വാക്ക് ഉപയോഗിക്കുന്നത്. സ്ഥലത്തെ വസ്തുക്കൾക്കിരിക്കാനുള്ള പാത്രമായി കാണുന്നു. വസ്തുക്കളില്ലെങ്കിലും അതിന് അസ്തിത്വമുണ്ട്. ഈ കേവലസ്ഥലസങ്കൽപ്പനത്തെ ഭൗതികപരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയുമെന്ന് ന്യൂട്ടൺ കരുതിയിരുന്നു. കേവലചലനത്തെ അവയുടെ യഥാർത്ഥപ്രഭാവങ്ങളിൽ നിന്നും കാരണങ്ങളിൽ നിന്നും കണ്ടെത്തുകയും ചലനപ്രതിഭാസങ്ങളിൽ പ്രകൃതിയിലെ ബലങ്ങളെ അന്വേഷിക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ന്യൂട്ടൺ പറയുന്നുണ്ട്. ബലതന്ത്രത്തിന്റെ വ്യവസ്ഥിതമായ രേഖീകരണത്തിനാണ് ന്യൂട്ടൺ ശ്രമിച്ചത്.

ഐസക് ന്യൂട്ടന്റെ കയ്യെഴുത്ത് / Photo: Cambridge University Library

അതിന്നായി ചില അടിസ്ഥാന നിർവ്വചനങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ദ്രവ്യത്തിന്റെ അളവ് (ദ്രവ്യമാനം), ചലനത്തിന്റെ അളവ് (സംവേഗം), ജഡത്വം, ബലം, അപകേന്ദ്രബലം എന്നിവയെല്ലാം നിർവ്വചിക്കപ്പെടുന്നു. ജഡത്വവും ബലവുമൊഴികെ മറ്റു നിർവ്വചനങ്ങളെല്ലാം അളവുകളുടെ അടിസ്ഥാനത്തിലാണ്. ദ്രവ്യവും ചലനവും നിർവ്വചിക്കപ്പെടുന്നില്ല. സ്ഥലം, കാലം എന്നിവയെ മുന്നേ കണ്ടുകൊണ്ടാണ് ചലനത്തെ കുറിച്ചുള്ള ധാരണകൾ രൂപീകരിച്ചത്. സ്ഥലം, കാലം, ചലനം, ദ്രവ്യം എന്നിവയെല്ലാം സുവ്യക്തമായ കാര്യങ്ങളായതിനാൽ അവയെ നിർവ്വചിക്കേണ്ടതില്ലെന്നു ന്യൂട്ടൺ കരുതി. എന്നാൽ, സ്ഥലവും കാലവും സംവേദനം ചെയ്യുന്ന വസ്തുക്കളെ ആധാരമാക്കിയാണല്ലോ മനസ്സിലാക്കപ്പെടുന്നത്. അവയെ (കേവലം, ആപേക്ഷികം), (ഗണിതപരം, സാധാരണം), (സത്യമായത്, സംവദിക്കുന്നത്) എന്നിങ്ങനെയെല്ലാം വേർതിരിക്കേണ്ടി വരുന്നു.

കേവലവും സത്യാത്മകവും ഗണിതപരവുമായ കാലം ബാഹ്യമായ യാതൊന്നിനോടും ബന്ധമില്ലാതെ സമതുലിതമായി ഒഴുകിക്കൊണ്ടിരിക്കുന്നു. കേവലസ്ഥലം അതിന്റെ ആന്തരപ്രകൃതിയാൽ ബാഹ്യമായ യാതൊന്നിനോടും ബന്ധമില്ലാതെ സ്ഥിതവും സദൃശവുമായിരിക്കുന്നു. ആപേക്ഷികസ്ഥലം സ്ഥിതമല്ല, ചലനസ്വഭാവമുള്ളതാണ്. കാലത്തെ സത്യാത്മകവും ഗണിതീയവുമായി കാണുന്ന ന്യൂട്ടൺ സ്ഥലത്തെ അങ്ങനെ ഗണിക്കുന്നില്ല. സ്ഥലത്തിലൂടെയുള്ള എല്ലാ ചലനങ്ങളും ത്വരണത്തിനോ മാന്ദ്യത്തിനോ വിധേയമാകുന്നതു കൊണ്ടാണ് സ്ഥലത്തേയും ചലനത്തേയും കാലത്തെ പോലെ ഗണിക്കാതിരുന്നത്. കാലം എപ്പോഴും സമതുലിതമായി ഒഴുകിക്കൊണ്ടിരിക്കുന്നു. കാലം അതിന്റെ അളവുപ്രക്രിയയിൽ നിന്നും തീർത്തും സ്വതന്ത്രമായിരിക്കുന്നു. പ്രധാനപ്രശ്‌നം കേവലസ്ഥലത്തെ എങ്ങനെ സംവദിക്കാൻ കഴിയുമെന്നതാണ്. സ്ഥിതമായ സ്ഥലം നമ്മുടെ സംവേദനങ്ങളിൽ വരുന്നില്ല. കേവലസ്ഥലവും കേവലചലനവും കേവലവും സ്ഥിതവുമായ ഒരു ചട്ടക്കൂടിനെ ഭാവനയിൽ മുന്നേ കാണുന്നുണ്ട്.

മുതലാളിത്തം സൃഷ്ടിക്കാൻ ശ്രമിച്ച കേവലവ്യക്തിസങ്കൽപ്പനത്തെ കൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കാവുന്നതാണ്. ഇംഗ്ലണ്ടിൽ ബൂർഷ്വാസി യഥാർത്ഥ അധികാരശക്തിയായി മാറിത്തീർന്നു കൊണ്ടിരുന്ന കാലത്താണ് ന്യൂട്ടൺ തന്റെ ഭൗതികശാസ്ത്ര പ്രവർത്തനങ്ങളിലേർപ്പെടുന്നത്.

വർത്തുളചലനത്തെ ആധാരമാക്കി കേവലചലനത്തേയും ആപേക്ഷികചലനത്തേയും വേർതിരിച്ചു വിശദീകരിക്കാൻ ന്യൂട്ടൺ ശ്രമിക്കുന്നുണ്ട്. വെള്ളം നിറച്ച ഒരു തൊട്ടിയിൽ ചരടുകെട്ടി വൃത്തപഥത്തിൽ കറക്കുന്ന പരീക്ഷണം അദ്ദേഹം നിർദ്ദേശിക്കുന്നു. കേവലസ്ഥലത്തെ ആപേക്ഷികമാക്കിയുള്ള ചലനത്തെ കേവലചലനമെന്നു വിളിക്കുകയാണ് ന്യൂട്ടൺ ചെയ്തത്. വസ്തുക്കളിൽ നിന്നും സ്വതന്ത്രമായി നിൽക്കുന്ന കേവലസ്ഥലത്തിന്റെ അസ്തിത്വം തെളിയിച്ചതായി ന്യൂട്ടൺ അവകാശപ്പെടുകയുണ്ടായില്ല! അപകേന്ദ്രബലത്തെ ആധാരമാക്കി കേവലചലനത്തേയും കേവലസ്ഥലത്തേയും വിശദീകരിക്കാനുള്ള ന്യൂട്ടന്റെ ശ്രമത്തെ ഏണസ്റ്റ് മാഹ് വിമർശിക്കുന്നുണ്ട്. കേവലസ്ഥലം, കേവലകാലം, കേവലചലനം എന്നീ സങ്കൽപ്പനങ്ങളിലെല്ലാം അതീതത്തെ കുറിച്ചുള്ള വിചാരങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. അതു ദെക്കാർത്തെയുടെ സങ്കൽപ്പനങ്ങൾ തന്നെയായിരുന്നു. ന്യൂട്ടന്റെ വിശ്വാസം അതിൽ പങ്കുചേരുന്നു. മുതലാളിത്തം സൃഷ്ടിക്കാൻ ശ്രമിച്ച കേവലവ്യക്തിസങ്കൽപ്പനത്തെ കൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കാവുന്നതാണ്. ഇംഗ്ലണ്ടിൽ ബൂർഷ്വാസി യഥാർത്ഥ അധികാരശക്തിയായി മാറിത്തീർന്നു കൊണ്ടിരുന്ന കാലത്താണ് ന്യൂട്ടൺ തന്റെ ഭൗതികശാസ്ത്ര പ്രവർത്തനങ്ങളിലേർപ്പെടുന്നത്. ഭൗതികശാസ്ത്രസങ്കൽപ്പനങ്ങളുടേയും സംവർഗങ്ങളുടേയും രൂപീകരണത്തിൽ ഈ കാലവും വ്യവസ്ഥയും ശാസ്ത്രവും തമ്മിൽ തമ്മിലുള്ള സാമൂഹികമായ പ്രതിപ്രവർത്തനങ്ങളെയും പരിഗണിക്കാതെ വയ്യ!

ജോൺ ഡാൽട്ടന്റെ A New System of Chemical Philosophy യിൽ ആറ്റങ്ങളുടെയും തന്മാത്രകളുടെയും ചിത്രീകരണം

ന്യൂട്ടോണിയൻ ബലതന്ത്രത്തിൽ, എല്ലാ ഭൗതികപ്രതിഭാസങ്ങളേയും പദാർത്ഥകണികകളുടെ ചലനത്തിലേക്കു ന്യൂനീകരിക്കുന്നു. ഈ കണികകൾ പരസ്പരാകർഷണമുള്ളവയാണ്, മറ്റൊരു കണികയിൽ ഈ ഗുരുത്വാകർഷണബലം സൃഷ്ടിക്കുന്ന പ്രഭാവങ്ങൾ ഗണിതശാസ്ത്രപരമായി ന്യൂട്ടന്റെ ചലനസമീകരണങ്ങൾ ഉപയോഗിച്ച് വിശദീകരിക്കാവുന്നതാണ്. ക്ലാസിക്കൽ ബലതന്ത്രത്തിന്റെ അടിസ്ഥാനമായി തീർന്നത് ഈ ആശയമായിരുന്നു. ഭൗതികവസ്തുക്കളുടെ ചലനത്തെ വിശദീകരിക്കുന്ന ഉറപ്പുള്ള നിയമങ്ങളായി ന്യൂട്ടന്റെ ചലനനിയമങ്ങൾ പരിഗണിക്കപ്പെട്ടു. ഭൗതികലോകത്തുണ്ടാകുന്ന എല്ലാ മാറ്റങ്ങളേയും വിശദീകരിക്കാൻ ഇതിനു കഴിയുമെന്നും കരുതപ്പെട്ടു. ന്യൂട്ടോണിയൻ വീക്ഷണമനുസരിച്ച്, ഭൗതികകണികകളേയും അവയ്ക്കിടയിലെ ബലങ്ങളേയും ചലനനിയമങ്ങളേയും തുടക്കത്തിൽ ദൈവം സൃഷ്ടിച്ചതാണ്. ഈ പ്രപഞ്ചം തുടർച്ചയായി ഒരു യന്ത്രത്തെ പോലെ ചലിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയെ കുറിച്ചുള്ള ഈ യാന്ത്രികവീക്ഷണത്തിന് നിർണ്ണയവാദത്തോട് അടുത്ത ബന്ധമുണ്ട്. പ്രപഞ്ചം പൂർണ്ണമായും നിർണ്ണയിക്കാൻ കഴിയുന്നതും കാരണയുക്തവുമായ ഭീമാകാരമായ യന്ത്രമാണ്. ഈ പ്രപഞ്ചത്തിലെ സംഭവങ്ങളെ പൂർണ്ണകൃത്യതയോടെ പ്രവചിക്കാൻ കഴിയും. പിൽക്കാലത്ത്, ജോൺ ഡാൽട്ടൻ മുന്നോട്ടുവച്ച അണുസങ്കൽപ്പനങ്ങൾ കൂടി ഈ യാന്ത്രികദർശനത്തോടൊപ്പം ഉദ്ഗ്രഥിക്കപ്പെടുന്നു. സ്ഥൂലലോകമെന്നതു പോലെ അണുക്കളും തന്മാത്രകളും മറ്റും അടങ്ങുന്ന സൂക്ഷ്മലോകവും ലോകയന്ത്രത്തിന്റെ ഭാഗമായി മനസ്സിലാക്കിത്തുടങ്ങുന്നു.

ഒരു കണികയുടെ വർത്തമാനാവസ്ഥ അറിയാമെങ്കിൽ അതിന്റെ ഭാവിയെ കൃത്യമായി പ്രവചിക്കാൻ കഴിയുമെന്നും പ്രകൃതിയെ കുറിച്ച് കൃത്യമായ ജ്ഞാനം ഉല്പാദിപ്പിക്കാൻ കഴിയുമെന്നും ന്യൂട്ടോണിയൻ ഭൗതികശാസ്ത്രം ഉറപ്പിച്ചിരുന്നുവെന്നാണ് ഇപ്പോൾ പറഞ്ഞത്. ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന ലാപ്ലാസിന്റെ നാമത്തിൽ അറിയപ്പെട്ടിരുന്ന നിർണ്ണയവാദ(Determinism)ത്തിലധിഷ്ഠിതമായ ഒരു ദർശനമാണിത്. ക്ലാസിക്കൽ ബലതന്ത്രത്തിന്റെ അടിത്തറയായത് ഈ വിശ്വാസമാണ്. പ്രപഞ്ചത്തെ ഒരു ഘടികാരമായി കാണുന്ന നിശിതമായ നിശ്ചിതത്വത്തിന്റെ ഈ വീക്ഷണത്തിന് സ്ഥൂലവ്യൂഹങ്ങളിലെ പ്രതിഭാസങ്ങളെ നന്നായി വിശദീകരിക്കാൻ കെല്പുണ്ടായിരുന്നു. സൗരയൂഥത്തിലെ ഒരു ഗ്രഹമായ യുറാനസിന്റെ സഞ്ചാരപഥത്തിലെ ക്രമരഹിതമായ ചലനത്തിനു കാരണം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരു ഗ്രഹത്തിന്റെ സാന്നിധ്യം കൊണ്ടായിരിക്കുമെന്ന പ്രവചനവും ഇതിനെ തെളിയിക്കുന്ന വിധത്തിൽ നെപ്ട്യൂൺ എന്ന ഗ്രഹത്തിന്റെ കണ്ടെത്തലും ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ ക്ഷമതയെ തെളിയിച്ചിരുന്നു. ലോകം ജ്ഞേയമാണെന്നും ഈ ജ്ഞാനത്തെ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട ജീവിതം സാധ്യമാണെന്നും വിശ്വസിപ്പിക്കുന്നതിന് ന്യൂട്ടോണിയൻ ബലതന്ത്രത്തിനു കഴിഞ്ഞു. അത് ലോകത്തിന് വലിയൊരു ആത്മവിശ്വാസം പകർന്നു നല്കിയിരുന്നു. എന്നാൽ, നേരത്തെ വിവരിച്ചതു പോലെ, ഈ ലോകയന്ത്രത്തിന്റെ ചിത്രം ഒരു സ്രഷ്ടാവിനേയും അദ്ദേഹം ചുമത്തുന്ന ദൈവികനിയമങ്ങളേയും സ്വീകരിക്കുന്നതായിരുന്നു. എന്നാൽ, ഭൗതികപ്രതിഭാസങ്ങൾ ഏതെങ്കിലും വിധത്തിൽ ദൈവികമാണെന്നു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. ശാസ്ത്രത്തിന് പതുക്കെ പതുക്കെയെങ്കിലും അങ്ങനെയൊരു സ്രഷ്ടാവിനെ അവിശ്വസിക്കേണ്ടി വരുന്നു. ശാസ്ത്രലോകത്തിന്റെ വീക്ഷണത്തിൽ നിന്നും ദൈവികത അപ്രത്യക്ഷമാകുന്നു. അത് ഒരു സാംസ്‌കാരികശൂന്യതയെ സൃഷ്ടിക്കുകയും യൂറോപ്പിന്റെ സംസ്‌കാരത്തിന്റെ മുഖ്യധാരയായി മാറിത്തീരുകയും ചെയ്യുന്നു.

യാന്ത്രികലോകവീക്ഷണത്തിന്റെ ആരോഹണത്തോടെ എല്ലാ ശാസ്ത്രങ്ങളും ഭൗതികശാസ്ത്രത്തെ അടിസ്ഥാനമാക്കാൻ ശ്രമിക്കുന്നു. പ്രപഞ്ചം ഒരു യന്ത്രമാണെങ്കിൽ, അതിന്റെ നിയമങ്ങൾ ന്യൂട്ടോണിയൻ ഭൗതികശാസ്ത്രനിയമങ്ങളാണെങ്കിൽ, ഈ ലോകത്തു പ്രവർത്തനക്ഷമമാകുന്ന എല്ലാ ശാസ്ത്രങ്ങളും ന്യൂട്ടോണിയൻ ഭൗതികത്തെ അടിസ്ഥാനപ്പെടുത്തേണ്ടി വരും. ദെക്കാർത്തെ ഇക്കാര്യത്തെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. എല്ലാ തത്ത്വചിന്തയേയും ഒരു വൃക്ഷത്തോടു സാമ്യപ്പെടുത്തിയാൽ ഭൗതികം അതിന്റെ തായ്ത്തടിയാണ്, മറ്റു ശാസ്ത്രങ്ങൾ ശിഖരങ്ങളും.

ഗിയോവന്നി ബോറെല്ലിയുടെ De Motu Animalium യിൽ നിന്ന്. കാർട്ടീഷ്യൻ ലോകവീക്ഷണം പ്രവർത്തിച്ചത് ജീവജാലങ്ങളെ പല തരത്തിലുള്ള ഭാഗങ്ങൾ കൊണ്ടു നിർമ്മിച്ച യന്ത്രങ്ങളായി കാണുന്ന രീതിയിലാണ്. പേശീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ യാന്ത്രികതയുടെ പദങ്ങളിൽ വിശദീകരിക്കാൻ ഗിയോവന്നി ബോറല്ലി ശ്രമിച്ചിരുന്നു

ജീവശാസ്ത്രത്തിൽ കാർട്ടീഷ്യൻ ലോകവീക്ഷണം പ്രവർത്തിച്ചത് ജീവജാലങ്ങളെ പല തരത്തിലുള്ള ഭാഗങ്ങൾ കൊണ്ടു നിർമ്മിച്ച യന്ത്രങ്ങളായി കാണുന്ന രീതിയിലാണ്. അവയുടെ ഘടകഭാഗങ്ങളെ മനസ്സിലാക്കിക്കൊണ്ട് ജീവജാലങ്ങളെ പൂർണ്ണതയിൽ മനസ്സിലാക്കാൻ കഴിയുമെന്ന വിശ്വാസം ഏറെ നാൾ നിലനിൽക്കുന്നുണ്ട്. ശരീരശാസ്ത്രത്തിന്റെ ഗവേഷണത്തിൽ യന്ത്രസങ്കൽപ്പനത്തെ ആധാരമാക്കുന്ന ചട്ടക്കൂടിനെ ദെക്കാർത്തെ നിർദ്ദേശിക്കുന്നു. പേശീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ യാന്ത്രികതയുടെ പദങ്ങളിൽ വിശദീകരിക്കാൻ ഗലിലിയോയുടെ വിദ്യാർത്ഥിയായിരുന്ന ഗിയോവന്നി ബോറെല്ലി ശ്രമിക്കുന്നു. വില്യം ഹാർവി രക്തചംക്രമണത്തെ വിശദീകരിക്കാൻ യന്ത്രമാതൃകയെ ഉപയോഗിക്കുന്നത് വലിയ വിജയമായി തീരുന്നു. പുരാതനകാലം മുതൽ വളരെ വിഷമം പിടിച്ച പ്രശ്‌നമായി കണ്ടിരുന്ന രക്തവ്യവസ്ഥക്ക്, സൂക്ഷ്മദർശിനികളുടെ സഹായമില്ലാതെ ദ്രവമർദ്ദത്തിന്റേയും ശരീരഘടനയുടേയും പദങ്ങളിൽ വിശദീകരണം നൽകാൻ യന്ത്രമാതൃകയ്ക്കു കഴിഞ്ഞു. യാന്ത്രികദർശനത്തിന്റെ ഈ വലിയ വിജയത്തെ ദെക്കാർത്തെ നേരിട്ടു പ്രശംസിക്കുന്നുണ്ട്. ഈ വിജയത്തിൽ നിന്നും ആവേശം ഉൾക്കൊണ്ടു കൊണ്ട് ദഹനവ്യവസ്ഥയേയും ഉപാപചയപ്രവർത്തനങ്ങളേയും യന്ത്രമാതൃക കൊണ്ട് വിശദീകരിക്കാൻ മറ്റു ചിലർ നടത്തുന്ന ശ്രമങ്ങൾ പെട്ടെന്നു വിജയിക്കുന്നില്ല!

ശരീരത്തേയും മനസ്സിനേയും വേർപ്പെടുത്തുന്ന കാർട്ടീഷ്യൻ സമീപനം മനുഷ്യനെ പൂർണ്ണതയിൽ കാണാൻ വിസമ്മതിക്കുന്ന ഒരു രീതിശാസ്ത്രത്തെയാണ് വൈദ്യശാസ്ത്രത്തിനു സമ്മാനിച്ചത്. മുന്നൂറിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന പ്രവണതയാണത്.

വൈദ്യശാസ്ത്രത്തിൽ കാർട്ടീഷ്യൻ യാന്ത്രികവീക്ഷണം വലിയ പ്രഭാവങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മനുഷ്യശരീരം ഒരു യന്ത്രമായി കണക്കാക്കപ്പെട്ടു. അതിന്റെ വിവിധ ഭാഗങ്ങൾ വിശ്ലേഷണം ചെയ്തു കൊണ്ട് യന്ത്രത്തെ പൂർണ്ണമായും മനസ്സിലാക്കാം. രോഗം ശരീരയന്ത്രത്തിന്റെ വിവിധ ഭാഗങ്ങളുടെ തകരാറുകളാണ്. സവിശേഷശരീരഭാഗത്തിന്റെ തകരാറുകളെ ഭൗതികമായോ രാസികമായോ ചികിത്സിക്കുകയും പരിഹരിക്കുകയുമാണ് ഡോക്ടറുടെ ധർമ്മം. ഇങ്ങനെ, ശരീരത്തേയും മനസ്സിനേയും വേർപ്പെടുത്തുന്ന കാർട്ടീഷ്യൻ സമീപനം മനുഷ്യനെ പൂർണ്ണതയിൽ കാണാൻ വിസമ്മതിക്കുന്ന ഒരു രീതിശാസ്ത്രത്തെയാണ് വൈദ്യശാസ്ത്രത്തിനു സമ്മാനിച്ചത്. മുന്നൂറിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന പ്രവണതയാണത്. ശരീരത്തെ യന്ത്രമായി കാണുന്നു, രോഗത്തെ യന്ത്രഭാഗത്തിനു സംഭവിച്ച കേടോ തകരാറോ ആയി കാണുന്നു, ഡോക്ടറുടെ കടമ ഈ യന്ത്രഭാഗത്തിന്റെ കേടുപാടുകൾ തീർക്കുകയാണെന്നു കാണുന്നു. ആരോഗ്യത്തെ യാന്ത്രികമായ പ്രവർത്തനത്തിന്റെ ഭാഗമായി കാണുന്നു.

ഇന്നു കാണുന്ന ജീവിവർഗങ്ങളെല്ലാം ഒരു പൊതുപൂർവ്വികനിൽ നിന്ന്​ ഉത്ഭവിച്ചതാണെന്ന് The Origin of Species ൽ ഡാർവിൻ പറയുന്നു. ബീഗിൾ പര്യവേക്ഷണത്തിൽ നിന്നും ലഭിച്ച തെളിവുകളും തുടർന്നു നടത്തിയ പരീക്ഷണങ്ങളിൽ നിന്നെത്തിച്ചേർന്ന നിഗമനങ്ങളും ഡാർവിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ശുശ്രൂഷയുടെയോ ഭേദപ്പെടുത്തലിന്റെയോ പദങ്ങളിൽ രോഗചികിത്സയെ കുറിച്ചു പറയാൻ കഴിയാതാകുന്നു. ദെക്കാർത്തെയുടെ ദർശനത്തിനു മുമ്പ്, സാമൂഹികവും ആത്മീയവുമായ പാരിസ്ഥിതിക സന്ദർഭങ്ങളെ മുൻനിർത്തിയാണ് വൈദ്യന്മാർ രോഗചികിത്സ നടത്തിയിരുന്നത്. ദെക്കാർത്തെക്കു പോലും പഴയ ദർശനത്തിൽ നിന്നും വിട്ടുപോരാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം തന്റെ ശിഷ്യയായ ബൊഹീമിയയിലെ എലിസബത്ത് രാജകുമാരിക്ക് നൽകുന്ന ചികിത്സാനിർദ്ദേശങ്ങളിൽ, അവരുടെ രോഗാവസ്ഥ മിക്കവാറും വൈകാരികസമ്മർദ്ദം മൂലമാണെന്നു പറയുകയും അതിൽ നിന്നും അയവു നേടാൻ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. ദെക്കാർത്തെ ഒരു എളിയ കാർട്ടീഷ്യൻ മാത്രമായാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നതെങ്കിലും പിൽക്കാലത്ത് കാർട്ടീഷ്യൻ സമീപനം പഴയ രീതിശാസ്ത്രത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. വില്യം ഹാർവി, ക്ലോഡ് ബർണാഡ്, ലൂയി പാസ്ച്ചർ, റോബർട്ട് കോക്ക് തുടങ്ങിയവരുടെ ഇടപെടലുകൾ ആധുനികവൈദ്യശാസ്ത്രത്തിന്റെ വലിയ വികാസത്തിനു കാരണമായെങ്കിലും കാർട്ടീഷ്യൻ ദർശനത്തിന്റെ സ്വാധീനം ശക്തമായി തുടർന്നു. മന:ശാസ്ത്രത്തിന്റെ മേഖലയിലും കാർട്ടീഷ്യൻ ദർശനം ആധിപത്യം സ്ഥാപിക്കുന്നതു കാണാം.

കാർട്ടീഷ്യൻ ചിന്തയിലെ വൈരുദ്ധ്യങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങൾ സ്പിനോസയുടെ ചിന്തയിൽ കാണാം. സ്പിനോസയെ സംബന്ധിച്ചിടത്തോളം ചിന്തയും ചിന്തയുടെ വ്യാപിതരൂപവും (ദ്രവ്യം) രണ്ടു സവിശേഷവിഷയങ്ങളല്ല. കാർട്ടീഷ്യൻ വിഭജനത്തിൽ പ്രത്യക്ഷപ്പെടുന്ന ചിന്തയില്ലാത്ത ശരീരവും ശരീരമില്ലാത്ത ചിന്തയും സ്പിനോസയുടെ ചിന്തയിൽ അപ്രത്യക്ഷമാകുന്നു. ഇവ പൂർണ്ണമായും സ്വതന്ത്രമായി നിലനിൽക്കുകയും വിഭിന്നവും വ്യത്യസ്തവുമായ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോഴും അഥവാ അസ്തിത്വത്തിന്റെ വ്യത്യസ്തരൂപങ്ങളായിരിക്കുമ്പോഴും ഏകമായ മൂന്നാമതൊന്നിന്റെ ഭാഗമായിരിക്കുന്നു. യഥാർത്ഥ അനന്തപ്രകൃതിയാണ് മൂന്നാമത്തെ ഗണം. സ്ഥലീയമായി വ്യാപിച്ചു നിൽക്കുന്നതും ചിന്തിക്കുന്നതും പ്രകൃതിയാണ്. മാർക്‌സിസ്റ്റുപൂർവ്വ വൈരുദ്ധ്യാത്മക ചിന്തയുടെ മൂലകങ്ങൾ സ്പിനോസയിലുണ്ടെന്നു പറയണം. എന്നാൽ, വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ഉൾപ്പെടെയുള്ള എല്ലാ ശാസ്ത്രശാഖകളും വികസിച്ചു വന്നത് ന്യൂനീകൃതമായ രീതിശാസ്ത്രങ്ങളെ സ്വീകരിച്ച കാർട്ടീഷ്യൻ ദർശനത്തിന്റേയും ന്യൂട്ടോണിയൻ യാന്ത്രികവീക്ഷണത്തിന്റേയും അടിസ്ഥാനത്തിലാണ്.

ന്യൂട്ടോണിയൻ യാന്ത്രികവീക്ഷണത്തിന് ആദ്യമായി വലിയ പ്രഹരം നൽകുന്നത് ഡാർവിന്റെ പരിണാമസിദ്ധാന്തമാണ്. ഒരു സ്രഷ്ടാവിന്റെ കൈകൾ കൊണ്ടു നിർമ്മിക്കപ്പെട്ട യന്ത്രം എന്ന സങ്കൽപ്പനത്തിൽ നിന്നും ലോകം വിമോചിതമാകുകയും ക്രമേണ പരിണമിക്കുകയും പരിവർത്തിക്കുകയും ഇന്നത്തെ നിലയിലെത്തുകയും ചെയ്ത ലോകത്തെ കുറിച്ചുള്ള ചിത്രം സാധ്യമാകുകയും ചെയ്തു.

ഡാർവിൻ സഞ്ചരിച്ച എച്ച്.എം.എസ് ബീഗിൾ എന്ന കപ്പലിന്റെ ഛായാചിത്രം. കോൺറാഡ് മാർടൻസ് വരച്ചത്.

ദക്ഷിണഅമേരിക്കയിലെ ഗാലപ്പഗോസ് അടക്കമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത ദ്വീപുകളിൽ നിന്നും ലഭിച്ച പഠനവസ്തുക്കളുമായി ബീഗിൾ എന്ന കപ്പലിൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തുന്ന ചാൾസ് ഡാർവിൻ "ഓരോ ഇനവും സ്ഥിരമാണ്, അതിന്റെ ദ്വീപുകളിൽ' എന്നെഴുതുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ജീവലോകത്തും, മാറാതെ നിൽക്കുന്ന ചിലതുണ്ടാകാമെന്നും ഡാർവിനു തോന്നുന്നു. എന്തുകൊണ്ടാണ് ഭൂമിയിലെ ജീവികൾ ഈ രീതിയിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന ചോദ്യം ഗ്രിഗർ മെൻഡലിനെയെന്ന പോലെ ഡാർവിനേയും അലട്ടിയിരുന്നു. ഡാർവിനോടൊപ്പം ഓവനും ലയലും മറ്റും ഫോസിലുകളിലും അവശിഷ്ടങ്ങളിലും അടിസ്ഥാനപരമായ ഒരു പാറ്റേൺ കണ്ടെത്തുന്നു. ദൈവശാസ്ത്രത്തിന്റേയും അന്നേവരെയുള്ള ജീവശാസ്ത്രത്തിന്റേയും മണ്ഡലത്തിൽ ഒരു വിച്ഛേദമായി ഡാർവിന്റെ ചിന്താരീതി മാറിത്തീരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവശാസ്ത്രത്തിന് ഒരു കേന്ദ്രമുണ്ടായിരുന്നില്ല. ഒരു ജീവിയുടെ എണ്ണത്തെ നിർണ്ണയിക്കുന്നതിൽ പകർച്ചവ്യാധികളും വിഭവപരിമിതികളും മറ്റും പങ്കു വഹിക്കുന്നതിനെ കുറിച്ചും പ്രകൃതിയുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും പറഞ്ഞ മാൽത്തൂസിനെ ഡാർവിന് അറിയാമായിരുന്നു. മാൽത്തൂസിയൻ ചിന്തകനായ ഹെർബർട്ട് സ്‌പെൻസറിൽ നിന്നാണ് അർഹതയുള്ളവയുടെ അതിജീവിക്കൽ എന്ന വാക്കുകൾ ഡാർവിൻ സ്വീകരിക്കുന്നത്. ഡാർവിന്റെ പഠനങ്ങളുടെ കാലത്തു തന്നെ ആൽഫ്രഡ് റസ്സൽ വാലസ് സമാനമായ ഒരു പഠനം നടത്തുന്നുണ്ട്. ഡാർവിന്റേയും വാലസിന്റേയും പ്രബന്ധങ്ങൾ ഒരുമിച്ചു വായിക്കപ്പെടുന്നുണ്ട്. ഡാർവിന്റെ പ്രശസ്തമായ പുസ്തകം ജീവജാതികളുടെ ഉത്ഭവം 1858ൽ പ്രസിദ്ധീകരിക്കപ്പെടുന്നു.

ചാൾസ് ഡാർവിൻ

എന്നാൽ, ഡാർവിന്റെ സിദ്ധാന്തത്തെ കൂടി ന്യൂട്ടോണിയൻ യാന്ത്രികസമീപനത്തിലേക്കു ഉദ്ഗ്രഥിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പത്തൊമ്പതാം നുറ്റാണ്ടിൽ, വിദ്യുത്ബലത്തേയും കാന്തികബലത്തേയും കുറിച്ചുള്ള കൂടുതൽ അറിവുകൾ ലഭിക്കുന്നു. ഈ ബലങ്ങളെ സൈദ്ധാന്തികമായി ഏകീകരിക്കുന്ന ഗണിതസമീകരണങ്ങൾ എഴുതപ്പെടുന്നു. വിദ്യുത് കാന്തികബലത്തേയും വിദ്യുത് കാന്തികതരംഗങ്ങളേയും കുറിച്ചുള്ള ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെല്ലിന്റെ അനുമാനങ്ങൾ ക്ലാസിക്കൽ ബലതന്ത്രവുമായി പുതിയ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. യാന്ത്രികപദങ്ങളിൽ തന്റെ കണ്ടെത്തലുകളെ വിശദീകരിക്കാനുള്ള മാക്‌സ്‌വെല്ലിന്റെ ശ്രമം തന്നെ പരാജയപ്പെട്ടു. വിദ്യുത്കാന്തികതയെ കുറിച്ചുള്ള സങ്കൽപ്പനങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ പ്രകൃതിപ്രതിഭാസങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായി ന്യൂട്ടോണിയൻ ബലതന്ത്രത്തെ കാണുന്ന സമീപനം അവരോഹണത്തിനു വിധേയമായി. ശാസ്ത്രത്തിന്റെ പിൽക്കാല മുന്നേറ്റങ്ങൾ ക്ലാസിക്കൽ ഭൗതികത്തിന്റെ പല സംവർഗ്ഗങ്ങളേയും അസാധുവാക്കുന്നതാണ് നാം പിന്നീടു കാണുന്നത്. കേവലസ്ഥലത്തേയും കേവലചലനത്തേയും കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ആപേക്ഷികതാസിദ്ധാന്തം അട്ടിമറിച്ചു. തന്മാത്രകളും അണുക്കളും മൗലികകണങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന സൂക്ഷ്മലോകത്തിലെ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ക്ലാസിക്കൽ ബലതന്ത്രം അശക്തമാണെന്നു തെളിയുന്ന പ്രകരണങ്ങളും സൃഷ്ടിക്കപ്പെട്ടു.▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments