സോൾവേ കോൺഫറൻസിൽ നീൽസ് ബോറുമായി ഐൻസ്റ്റൈൻ നടത്തുന്ന സംവാദങ്ങൾ ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട സംഭവങ്ങളാണ്
"ചരിത്രത്തിന്റെ അനന്യമായ ഒരു സന്ദർഭത്തിലാണ് നാം ജീവിക്കുന്നത്. ഇത് ഒരു പ്രതിസന്ധിയുടെ സന്ദർഭമാണ്, അക്ഷരാർത്ഥത്തിൽ തന്നെ. ആത്മീയ - ഭൗതികസംസ്‌കാരത്തിന്റെ എല്ലാശാഖകളും നിർണ്ണായകമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു. പൊതുകാര്യങ്ങളുടെ യഥാർത്ഥസ്ഥിതി കാണുമ്പോൾ മാത്രമല്ല ഇത് അനുഭവപ്പെടുന്നത്. വ്യക്തി-സാമൂഹികജീവിതത്തിലെ എല്ലാ അടിസ്ഥാനകാര്യങ്ങൾക്കും നേരെയുള്ള പൊതുസമീപനത്തിലും ഇത് അനുഭവപ്പെടുന്നു.
....മുമ്പ് അവിശ്വാസികളുടെ ആക്രമണത്തിന് പാത്രമായിരുന്നത് മതങ്ങൾ, പ്രത്യേകിച്ചും അവയുടെ അനുശാസനങ്ങളും ധാർമ്മികമൂല്യങ്ങളും, ആയിരുന്നു. പിന്നെ, ഈ വിഗ്രഹഭഞ്ജകർ നാളിതുവരെ കലയുടെ മേഖലയിൽ അംഗീകരിക്കപ്പെട്ടിരുന്ന തത്ത്വങ്ങളും ആദർശങ്ങളും തകർക്കാൻ തുടങ്ങി. ഇപ്പോൾ അവർ ശാസ്ത്രത്തിന്റെ ക്ഷേത്രവും ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരാളെങ്കിലും ചോദ്യം ചെയ്യാത്ത ഒരു സങ്കൽപ്പനം പോലും ശാസ്ത്രത്തിൽ ഇപ്പോഴില്ല. അതേ സമയം ശാസ്ത്രത്തിന്റെ പേരിൽ ഉന്നയിക്കപ്പെടുന്ന ഏത് അബദ്ധസിദ്ധാന്തവും വിശ്വസിക്കുകയും അതിനു ശിഷ്യപ്പെടുകയും ചെയ്യുന്ന കുറച്ചു പേരെയെങ്കിലും എവിടെയും കണ്ടെത്താമെന്നതും ഉറപ്പാണ്.'
1933ൽ, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ മാക്സ്പ്ലാങ്ക് എഴുതിയ "ശാസ്ത്രത്തിന്റെ പോക്ക് എങ്ങോട്ടാണ്?' എന്ന കൃതിയിൽ നിന്നുമുള്ള വാക്യങ്ങളാണിത്. ക്രിസ്റ്റഫർ കോഡ്വെൽ എഴുതിയ "മൃതമായികൊണ്ടിരിക്കുന്ന സംസ്‌കാരത്തെ കുറിച്ചുള്ള പഠനങ്ങൾ' എന്ന പുസ്തകത്തിന്റെ ആമുഖത്തിലും "ഭൗതികത്തിലെ പ്രതിസന്ധി' എന്ന പുസ്തകത്തിന്റെ ഒരു അദ്ധ്യായത്തിലും ഈ വാക്കുകൾ ഉദ്ധരിച്ചു ചേർക്കുന്നുണ്ട്. രൂക്ഷമായ മുതലാളിത്തപ്രതിസന്ധിയുടെ കാലമായിരുന്നു, അത്. ആ കാലം അഭിമുഖീകരിച്ച പ്രതിസന്ധിയുടെ വ്യത്യസ്ത മുഖങ്ങളെ കുറിച്ച്; പ്രകൃതിശാസ്ത്രം, ദർശനം, സാഹിത്യം, കല, ..തുടങ്ങി എല്ലാ മേഖലകളേയും ബാധിച്ചിരിക്കുന്ന രോഗങ്ങളെ കുറിച്ച്, അദ്ദേഹം വിശദീകരിക്കുന്നു. ഈ രോഗങ്ങളെ ചികിത്സിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന മന:ശാസ്ത്ര വിശാരദന്മാർക്കും ബിഷപ്പുമാർക്കും എഡിങ്ടണും കെയിൻസിനും പ്രതിസന്ധിയുടെ ഉത്ഭവസ്ഥാനങ്ങളെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് കോഡ്വെൽ എഴുതുന്നു. യൂറോപ്പിൽ ഫാസിസ്റ്റ് ഭരണകൂടങ്ങൾ സ്ഥാനമുറപ്പിക്കുന്ന കാലയളവിലാണ് ഈ വാക്കുകൾ എഴുതപ്പെടുന്നത്.
മതത്തിന്റേയും ദൈവത്തിന്റേയും സാന്മാർഗികതയുടേയും അതിഭൗതികത്തിന്റേയും മിഥ്യാബോധങ്ങളിൽ നിന്നും മുക്തരായിരിക്കുന്നുവെന്നു ധരിച്ചിരിക്കുന്നവർ മുതലാളിത്തത്തിന്റെ മിഥ്യാബോധത്തിനുള്ളിൽ തന്നെ ജീവിക്കുന്നവരാണെന്ന് കോഡ്വെൽ നിരീക്ഷിക്കുന്നു.
ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ വീക്ഷണങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലവുമാണത്. ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും ചുവടുറപ്പിക്കുന്നു. വിയന്ന സർക്കിളിന്റെ ലോജിക്കൽ പോസിറ്റിവിസ്റ്റ് നിലപാടുകൾ മുന്നോട്ടുവയ്ക്കപ്പെടുന്നു. എഡ്മണ്ട് ഹുസേൽ എന്ന ദാർശനികൻ മറ്റൊരു സമീപനത്തിൽ നിന്നുകൊണ്ട് യൂറോപ്യൻ ശാസ്ത്രങ്ങൾക്കു വിമർശമെഴുതുന്നു. ആധുനികശാസ്ത്രം അഭിമുഖീകരിച്ച പ്രതിസന്ധിയെ മുതലാളിത്തത്തിന്റെ പ്രതിസന്ധിയുടെ ഭാഗമായി കണ്ടെത്തുകയാണ് ക്രിസ്റ്റഫർ കോഡ്വെൽ ചെയ്തത്. ശാസ്ത്രത്തിന്റെ സാമൂഹികമായ വികലനവും വിമർശവും കോഡ്വെല്ലിൽ സംഭവിക്കുന്നു.
മുതലാളിത്തശാസ്ത്രസംസ്‌കാരം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴങ്ങളെ കോഡ്വെൽ വെളിവാക്കുന്നു. പ്ലാങ്കിനും മറ്റു പല ശാസ്ത്രജ്ഞന്മാർക്കും അറിയുന്ന കാര്യം എല്ലാം തകിടം മറിയുന്നുവെന്നതു മാത്രമാണ്. എല്ലാ മേഖലകളിലും സവിശേഷവൽക്കരണത്തിന്റേയും സാങ്കേതികശേഷിയുടേയും വളർച്ചയുണ്ടായിട്ടുണ്ട്. പക്ഷേ, ഇത് കൂടുതൽ വൈരുദ്ധ്യങ്ങളേയും അരാജകാവസ്ഥയേയും സൃഷ്ടിച്ചിരിക്കുന്നു. മതത്തിന്റേയും ദൈവത്തിന്റേയും സാന്മാർഗികതയുടേയും അതിഭൗതികത്തിന്റേയും മിഥ്യാബോധങ്ങളിൽ നിന്നും മുക്തരായിരിക്കുന്നുവെന്നു ധരിച്ചിരിക്കുന്നവർ മുതലാളിത്തത്തിന്റെ മിഥ്യാബോധത്തിനുള്ളിൽ തന്നെ ജീവിക്കുന്നവരാണെന്ന് കോഡ്വെൽ നിരീക്ഷിക്കുന്നു.
യൂറോപ്പിലെ മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥയുടെ ഉദയവും വ്യാപാരി വർഗത്തിന്റെ വളർച്ചയും ശാസ്ത്രത്തിന്റെ വളർച്ചയെ ത്വരിപ്പിച്ചതായി ശാസ്ത്രചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുതലാളിത്ത ഉൽപ്പാദനോപാധികളുടെ വികാസത്തിനും ഉയർന്ന സാങ്കേതിക വൈദഗ്ധ്യം കൈവരിക്കുന്നതിനും ശുദ്ധശാസ്ത്രത്തിന്റെ വളർച്ച അനിവാര്യമായിരുന്നു. ശാസ്ത്രത്തിന്റെ വളർച്ചക്ക് പ്രയോജകീഭവിക്കാത്ത മതവിശ്വാസങ്ങൾക്കെതിരെ കടന്നാക്രമണങ്ങൾ നടത്തുന്നതിന് മുതലാളിത്ത ജനാധിപത്യവിപ്ലവങ്ങൾക്ക് കഴിഞ്ഞിരുന്നു. ഒരു കാർഷിക, ഉദ്യോഗസ്ഥ മേധാവിത്വ നാഗരികതക്ക് ചെയ്യാനാകാത്തത് വ്യാപാര സംസ്‌ക്കാരത്തിന് ഒറ്റക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ, ശാസ്ത്രത്തിന്റെ വളർച്ചക്ക് പ്രയോജനം ചെയ്യാത്ത നാടുവാഴിത്ത സംവർഗങ്ങളെയെന്ന പോലെ ശാസ്ത്രവളർച്ചക്കു വൈകല്യങ്ങളുണ്ടാക്കുകയും അതിനെ അപഭ്രംശത്തിനു വിധേയമാക്കുകയും ചെയ്യുന്ന മുതലാളിത്ത സംവർഗങ്ങളെ കുറിച്ചു കൂടി പറയാൻ കഴിയുമല്ലോ? കേവലസ്ഥലം, കാര്യകാരണബന്ധം, നിശിതമായ നിശ്ചിതത്വം എന്നിങ്ങനെ ഭൗതികശാസ്ത്രത്തിന്റെ നിർമ്മിതിയിൽ ഉപയോഗിക്കപ്പെട്ട സംവർഗങ്ങളെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഏതെല്ലാം അർത്ഥങ്ങളെയാണ്? മുതലാളിത്തത്തിന്റെ ലോകവീക്ഷണം ശാസ്ത്രത്തെ എങ്ങനെയല്ലാം സ്വാധീനിച്ചുവെന്നും പരിവർത്തിപ്പിച്ചുവെന്നും അറിയണം. സാമൂഹികശാസ്ത്രപരമായ വികലനത്തിലൂടെ കോഡ്‌വെൽ ഇതാണ് നിർവ്വഹിച്ചത്. കോഡ്‌വെല്ലിന്റെ വികലനത്തെ കുറിച്ചു പറയുന്നതിനു മുന്നേ, ഈ കാലയളവിൽ ഭൗതികശാസ്ത്രത്തിൽ എന്താണ് സംഭവിച്ചതെന്നു സംഗ്രഹിച്ചു പറയാം.
ഡാർവിന്റെ പരിണാമസിദ്ധാന്തം ന്യൂട്ടോണിയൻ ഭൗതികത്തിന്റെ യന്ത്രസങ്കൽപ്പനത്തിനു വെല്ലുവിളികൾ ഉയർത്തുകയും പരിണമിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ കുറിച്ചുള്ള ധാരണകൾ ഭൗതികത്തിലും പ്രയോഗക്ഷമമാകുന്നതിനു കാരണമാകുകയും ചെയ്തു. പരിണാമസിദ്ധാന്തം ജീവശാസ്ത്രത്തിൽ കൂടുതൽ ക്രമപൂർണ്ണമായ അവസ്ഥയിലേക്കുള്ള പരിണാമത്തെയാണ് ദർശിച്ചതെങ്കിൽ, ഭൗതികശാസ്ത്രത്തിലെ വ്യവസ്ഥകൾ കൂടുതൽ ക്രമരഹിതമായി മാറിത്തീരുന്നതായാണ് മനസ്സിലാക്കപ്പെട്ടത്. താപഗതികത്തിലെ നിയമങ്ങളുടെയും എൻട്രോപ്പി (Entropy) എന്ന സങ്കൽപ്പനത്തിന്റേയും രൂപീകരണത്തിലേക്ക് ഇതു നീങ്ങുന്നു. എൻട്രോപ്പിയെ ക്രമരാഹിത്യത്തിന്റെ അളവായി കണക്കാക്കാം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതികത്തിന്റെ ഏറ്റവും വലിയ കണ്ടെത്തലുകളായി ഇവയെ കാണാവുന്നതാണ്. കാലത്തിന്റെ ദിശ(Arrow of Time)യെ കാണിക്കുന്ന വിധത്തിൽ, ഭൗതികവ്യവസ്ഥകളിൽ എൻട്രോപ്പിക്കുണ്ടാകുന്ന വർധനവ് ന്യൂട്ടോണിയൻ ഭൗതികത്തിന്റെ യാന്ത്രികസങ്കൽപ്പനങ്ങൾ കൊണ്ടു മാത്രം വിശദീകരിക്കാൻ പ്രയാസമായിരുന്നു. സംഭാവ്യത(Probability)യെ കുറിച്ച് ബോൾട്സ്മാൻ രുപപ്പെടുത്തിയ സങ്കൽപ്പനത്തെ ആധാരമാക്കിയാണ് ഇതു വിശദീകരിക്കുന്നത്. താപഗതിക (Thermodynamics)ത്തെ ന്യൂട്ടോണിയൻ അടിസ്ഥാനങ്ങളിൽ തന്നെ ഉറപ്പിക്കുന്നതിന് ബോൾട്സ്മാന്റെയും മറ്റും സാംഖ്യകബലതന്ത്ര(Statistical Mechanics)ത്തിനു കഴിയുന്നുണ്ട്. ഇതോടൊപ്പം, ക്ലാസിക്കൽ ഭൗതികത്തിന്റെ സിദ്ധാന്തങ്ങളിൽ ഇതര രീതികളിലൂടെ, ബഹുലമായ രീതികളിലൂടെ, എത്തിച്ചേരാൻ കഴിയുമെന്ന് തെളിയിക്കപ്പെടുന്നുമുണ്ട്. ന്യൂട്ടോണിയൻ ഭൗതികത്തിലെ ബലം എന്ന സങ്കൽപ്പനത്തെ കുറിച്ച് ചില ശാസ്ത്രജ്ഞന്മാർ അസംതൃപ്തി പ്രകടിപ്പിക്കുകയും ക്ലാസിക്കൽ ഭൗതികത്തിന് മറ്റു സങ്കൽപ്പനങ്ങളിലൂടെ പ്രതിനിധാനം സാധ്യമാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.
പ്രശസ്തമായ മൂന്നു ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ടാണ് 2005ൽ ആൽബർട്ട് ഐൻസ്റ്റൈൻ ശാസ്ത്രമണ്ഡലത്തിലേക്കു കടന്നുവന്നത്. ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിലെ സങ്കൽപ്പനങ്ങളെ വലിയ നവീകരണങ്ങൾക്കു വിധേയമാക്കുന്ന വീക്ഷണങ്ങൾ ഈ മൂന്നു പ്രബന്ധത്തിലുമുണ്ടായിരുന്നു. സ്ഥല-കാലങ്ങളെ കുറിച്ച് പുതിയ സങ്കൽപ്പനം മുന്നോട്ടുവയ്ക്കുകയും വിദ്യുത്ഗതികത്തിനും ന്യൂട്ടോണിയൻ ബലതന്ത്രത്തിനും ഇടയിലുള്ള വൈരുദ്ധ്യങ്ങളെ പരിഹരിക്കുകയും ചെയ്ത സവിശേഷ ആപേക്ഷികതാ സിദ്ധാന്തം, അണുക്കളുടെ അസ്തിത്വത്തെ ഉറപ്പിച്ച ബ്രൗണിയൻ ചലനത്തിനുള്ള വിശദീകരണം, മാക്സ്പ്ലാങ്കിന്റെ ക്വാണ്ടം സങ്കൽപ്പനത്തെ വീണ്ടും പ്രയോഗക്ഷമമാക്കിയ പ്രകാശവിദ്യുത്പ്രഭാവത്തിനുള്ള വിശദീകരണം എന്നിവയായിരുന്നു അവ. പത്തു വർഷങ്ങൾക്കു ശേഷം അദ്ദേഹം അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം ദ്രവ്യത്തിന് സ്ഥല-കാലങ്ങളിലുള്ള സ്വാധീനത്തെ കുറിച്ചു പറയുന്നതിലൂടെ കൂടുതൽ വിപ്ലവകരമായിരുന്നു. ഭൗതികശാസ്ത്രത്തിന് ഏകീകൃതമായ ഒരു അടിസ്ഥാനം നിർമ്മിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഐൻസ്റ്റൈൻ എക്കാലവും പ്രവർത്തിച്ചത്. പ്രകൃതിയിലെ അടിസ്ഥാനബലങ്ങളെ ഏകീകരിക്കാൻ ശ്രമിക്കുന്നതും ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാന സമീപനങ്ങളോടു തർക്കിക്കുന്നതുമെല്ലാം ഈ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു.
ഹൈസൻബർഗ് ആവിഷ്‌ക്കരിച്ച അനിശ്ചിതത്വനിയമം തെറ്റാണെന്നു സൂചിപ്പിച്ചു കൊണ്ടും ക്വാണ്ടം ബലതന്ത്രത്തിന്റെ അപൂർണ്ണതയെ കുറിച്ചു പറഞ്ഞു കൊണ്ടും സോൾവേ കോൺഫറൻസിൽ നീൽസ് ബോറുമായി ഐൻസ്റ്റൈൻ നടത്തുന്ന സംവാദങ്ങൾ ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട സംഭവങ്ങളാണ്.
ക്ലാസിക്കൽ ബലതന്ത്രത്തിന്റെ പരിമിതികൾ ബോധ്യപ്പെട്ടു തുടങ്ങുന്ന ഒരു സന്ദർഭത്തിലാണ് ക്വാണ്ടം ബലതന്ത്രം രൂപം കൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്ന ക്വാണ്ടം ബലതന്ത്രം പഴയ ബലതന്ത്രത്തിലെ ചിരസമ്മതി നേടിയ പല സങ്കല്പനങ്ങളേയും ചോദ്യം ചെയ്തുകൊണ്ടും അടിസ്ഥാനപരമായ പുതിയ ധാരണകളെ മുന്നോട്ടു വച്ചു കൊണ്ടുമാണ് രംഗപ്രവേശം ചെയ്തത്. ഐൻസ്റ്റൈനോടും മാക്സ്പ്ലാങ്കിനോടുമൊപ്പം നീൽസ് ബോർ, ഹൈസൻബർഗ്, മാക്സ് ബോൺ, ഇർവിൻ ഷ്റോഡിന്ഞ്ജർ, ലൂയി ഡി ബ്രയ്ലി, പോൾ ഡിറാക്, പോളി എന്നിങ്ങനെ ഒരു കൂട്ടം മഹാശാസ്ത്രജ്ഞന്മാരുടെ സംയുക്തപ്രവർത്തനത്തിന്റെ ഫലമായിരുന്നു അത്.
പ്രകൃതി പ്രതിഭാസങ്ങൾ അനുസ്യൂതപ്രവാഹങ്ങളായിട്ടാണ് സംഭവിക്കുന്നതെന്നാണ് ക്ലാസിക്കൽ ഭൗതികം കരുതിയിരുന്നത്. പ്രപഞ്ചീകരണ പ്രക്രിയകളിലെ തുടർച്ച ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ അടിസ്ഥാനസങ്കല്പം തന്നെയായിരുന്നു. ഈ നൈരന്തര്യ സങ്കല്പമാണ് സ്ഥൂലപ്രകൃതിയുടെ കൃത്യമായ ചിത്രം നല്കുന്നതിന് ന്യൂട്ടോണിയൻ ബലതന്ത്രത്തെ സഹായിച്ചത്. എന്നാൽ, ആണവലോകം തുടർച്ചാരാഹിത്യത്തിന്റേതായ മൗലികസ്വഭാവം പ്രകടിപ്പിക്കുന്നുവെന്നാണ് ക്വാണ്ടം ബലതന്ത്രം കണ്ടെത്തിയത്. സൂക്ഷ്മലോകത്തിന്റെ അനിശ്ചിതത്വസ്വഭാവം ഹൈസൻബർഗിന്റെ അനിശ്ചിതത്വനിയമത്തിലൂടെ രേഖപ്പെടുത്തപ്പെട്ടു. പല ഭൗതികശാസ്ത്രജ്ഞന്മാരും അനിശ്ചിതത്വം പ്രകൃതിയുടെ നിയമമാണെന്ന വിധത്തിൽ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്.
ക്വാണ്ടം ഭൗതികത്തിലെ സങ്കല്പനങ്ങൾ ശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും മേഖലകളിൽ വലിയ പരിവർത്തനങ്ങൾക്ക് നാന്ദിയായി. സൈദ്ധാന്തികരംഗത്തു മാത്രമല്ല, പ്രയോഗത്തിന്റെ മേഖലയിലും അത് വലിയ വിപ്ലവങ്ങൾക്കു തുടക്കം കുറിച്ചു
ആണവലോകത്തെ നിശ്ചിതത്വത്തോടെ വിശദീകരിക്കാൻ കഴിയില്ലെന്ന ക്വാണ്ടം ബലതന്ത്രത്തിന്റെ നിലപാടു മൂലം പല മഹാശാസ്ത്രജ്ഞന്മാരും ഇതിനെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. ശാസ്ത്രത്തിലേക്ക് അരാജകവാദം കടന്നുവരുന്നതായി ആരോപിക്കപ്പെട്ടു. ഐൻസ്റ്റൈന് കാലിൻചുവട്ടിൽനിന്ന് മണ്ണ് ഒലിച്ചുപോകുന്നതായിട്ടാണ് തോന്നിയത്. ക്വാണ്ടം ഭൗതികത്തിൽ ഉൾച്ചേർന്നിരിക്കുന്ന അനിശ്ചിതപ്രകൃതിയെ കുറിച്ചുള്ള സങ്കല്പനങ്ങളോട് ഐൻസ്റ്റൈന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. യാഥാർത്ഥ്യം ഇതായിരിക്കില്ലെന്നു തനിക്കു തോന്നുന്നുവെന്നു വെളിപ്പെടുത്തിയ ഐൻസ്റ്റൈൻ, മാക്സ്ബോണിന് അയക്കുന്ന ഒരു കത്തിലൂടെ തന്റെ അഭിപ്രായഭേദം ഇങ്ങനെ രേഖപ്പെടുത്തി. "ദൈവം ലോകത്തോട് ഒരു പകിട കൊണ്ടു കളിക്കുകയല്ല.'
ഹൈസൻബർഗ് ആവിഷ്‌ക്കരിച്ച അനിശ്ചിതത്വ നിയമം തെറ്റാണെന്നു സൂചിപ്പിച്ചു കൊണ്ടും ക്വാണ്ടം ബലതന്ത്രത്തിന്റെ അപൂർണ്ണതയെ കുറിച്ചു പറഞ്ഞു കൊണ്ടും സോൾവേ കോൺഫറൻസിൽ നീൽസ് ബോറുമായി ഐൻസ്റ്റൈൻ നടത്തുന്ന സംവാദങ്ങൾ ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ഐൻസ്റ്റൈന്റെ എതിർപ്പ് ശാസ്ത്രലോകത്തിനു ഒരു വലിയ പ്രശ്നമായിരുന്നു. ഭൗതികശാസ്ത്രം പ്രതിസന്ധിയിലാണെന്ന മുറവിളികൾ ശക്തമായി ഉയരുന്നത് ഈ ഘട്ടത്തിലാണ്. ക്വാണ്ടം ഭൗതികത്തിലെ സങ്കല്പനങ്ങൾ ശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും മേഖലകളിൽ വലിയ പരിവർത്തനങ്ങൾക്ക് നാന്ദിയായി. സൈദ്ധാന്തികരംഗത്തു മാത്രമല്ല, പ്രയോഗത്തിന്റെ മേഖലയിലും അത് വലിയ വിപ്ലവങ്ങൾക്കു തുടക്കം കുറിച്ചു. ക്രിസ്റ്റഫർ കോഡ്‌വെല്ലിന്റെ സാമൂഹികശാസ്ത്രപരമായ അപഗ്രഥനം ഈ പ്രകരണത്തിന്റെ സൃഷ്ടിയായിരുന്നു. ന്യൂട്ടോണിയൻ ഭൗതികത്തിന്റെ അവസാനത്തെ കോട്ട കാവൽക്കാരനായി ഐൻസ്റ്റൈനെ വിശേഷിപ്പിക്കുന്ന കോഡ്‌വെൽ ആന്തരികമായ ഒരു അനിശ്ചിതത്വത്തെ പ്രകൃതിനിയമമായി പ്രഖ്യാപിക്കുന്നതിലാണ് ഹൈസൻബർഗിന്റെ നിയമത്തിന്റെ പ്രാധാന്യമെന്നും ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, പുതിയ സരണി ശരിയായ അർത്ഥത്തിൽ വിപ്ലവകരമായ ഒന്നല്ല. ഭൗതികത്തിന്റെ വിശാലമായ ഭൂമികയ്ക്കു യോജിക്കുന്ന വ്യക്തമായ ഒരു ദർശനമുള്ളതു കൊണ്ട് ഐൻസ്റ്റൈൻ അദ്ദേഹത്തിന്റെ പിൻഗാമികളേക്കാൾ ഉയർന്നു നിൽക്കുന്നു. വിശേഷവൽകൃതങ്ങളും വിരുദ്ധങ്ങളുമായ മേഖലകളെ ഉൾക്കൊള്ളാനും സമന്വയിപ്പിക്കാനും കഴിവുള്ള തത്ത്വചിന്ത ആധുനികഭൗതികത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് കോഡ്‌വെൽ എഴുതിയിരിക്കുന്നു.
പ്രപഞ്ചത്തെ ഘടികാരമെന്ന രൂപകം കൊണ്ടു വിശേഷിപ്പിച്ച മുതലാളിത്തം പ്രകൃതിയെ മനസ്സിലാക്കിയത് യന്ത്രങ്ങളിലൂടെയാണ്. അവ പ്രകൃതിയുടെ നിയമങ്ങൾക്കനുസരിച്ചാണ് നിർമിക്കപ്പെട്ടിട്ടുളളതെന്നതുകൊണ്ട് യന്ത്രത്തിന്റെ സംവർഗങ്ങളെ പ്രകൃതിയുടെ മേൽ ആരോപിക്കുന്നതിൽ തെറ്റില്ലെന്നു പറയാം. പക്ഷേ, യന്ത്രത്തെ സംബന്ധിച്ച മുതലാളിത്തത്തിന്റെ വീക്ഷണം, സമൂഹത്തിലെ അതിന്റെ സ്ഥാനത്തിൽ നിന്ന് വിഭിന്നമായിട്ടല്ല നിലനിൽക്കുന്നത്. യന്ത്രം മുതലാളിക്കുവേണ്ടി ഉല്പാദിപ്പിക്കുന്ന ഉപകരണമാണെന്ന് മുതലാളിത്തം കരുതുന്നു. അഥവാ, മുതലാളിത്തത്തിന് യന്ത്രങ്ങളുമായുള്ള ബന്ധം ഉടമസ്ഥതയുടേതാണ്. ഉടമസ്ഥത എന്നത് ഏകപക്ഷീയമായ ഒരു ബന്ധമാണ്. വസ്തുക്കൾക്കിടയിൽ ഏകപക്ഷീയമായ ഒരു ബന്ധം അസാധ്യമാണ്. എല്ലാ ബന്ധങ്ങളും പരസ്പരം നിർണ്ണയിക്കുന്നവയാണ്. യന്ത്രത്തിന്റെ ഉടമയായി തിരിച്ചറിയുമ്പോഴും യന്ത്രത്തെ പ്രവർത്തിപ്പിക്കുകയോ അതിനോട് സാർത്ഥകമായി ഇടപെടുകയോ ചെയ്യാത്ത മുതലാളിക്ക് ഈ അറിവില്ല. അതുകൊണ്ട് മുതലാളിവർഗത്തിന്റെ വീക്ഷണം യാന്ത്രികഭൗതികവാദത്തിന്റെ ഏകപക്ഷീയതയിൽ ഊന്നിനില്ക്കുന്നു. മുതലാളിത്ത ചിന്തകന്മാർക്ക് പ്രകൃതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഗണങ്ങൾ ഈ യാന്ത്രികതയുടേതാണ്. യന്ത്രത്തെ പ്രവർത്തിപ്പിക്കുകയും അതിനോട് നിരന്തരം ഇടപെടുകയും ചെയ്യുന്ന തൊഴിലാളിക്ക് യന്ത്രവുമായുള്ള ബന്ധം മുതലാളിക്ക് അന്യമാണ്. തൊഴിലാളിയുടെ യന്ത്രങ്ങളോടുള്ള ബന്ധം വൈരുദ്ധ്യാത്മകതയുടേതാണ്. കോഡ്‌വെൽ തന്റെ ചില പ്രബന്ധങ്ങളിൽ മുതലാളിത്തശാസ്ത്രം, തൊഴിലാളിവർഗശാസ്ത്രം തുടങ്ങിയ പരികൽപ്പനകൾ ഉപയോഗിക്കുന്നതു കാണാം.
നമ്മുടെ ബോധമണ്ഡലത്തിൽ വസ്തുക്കളും ജ്യാമിതീയ ആകൃതികളും മാത്രമല്ല ഉള്ളത്. അഭിലാഷങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും കൂടിയുണ്ട്. ഈ വൈകാരികഘടകങ്ങളൊന്നും ഭൗതികശാസ്ത്രത്തിന്റെ നിർമ്മിതിയിൽ അനുപേക്ഷണീയമായ പങ്കു വഹിക്കുന്നില്ല
എന്നാൽ, ന്യൂട്ടോണിയൻ ഭൗതികത്തെ മുതലാളിത്ത സമൂഹത്തിന്റെ കേവലപ്രതിഫലനമായി കോഡ്‌വെൽ കാണുന്നില്ല. അങ്ങനെയായിരുന്നുവെങ്കിൽ അതിനു യാഥാർത്ഥ്യത്തെ കുറിച്ചുള്ള ജ്ഞാനമാകാൻ കഴിയുമായിരുന്നില്ല. ന്യൂട്ടോണിയൻ ഭൗതികത്തിന്റെ പ്രായോഗികവിജയം അതിലടങ്ങിയിരിക്കുന്ന യഥാർത്ഥജ്ഞാനത്തെ കാണിക്കുന്നുണ്ടെന്ന് കോഡ്‌വെൽ എഴുതുന്നുണ്ട്. വിഷയവസ്തുവിനെ നൈസർഗികപ്രജ്ഞയിൽ നിന്നും വിച്ഛേദിക്കുന്നതിലൂടെ ഭൗതികം പൂർണ്ണമായും വസ്തുനിഷ്ഠമാണ് എന്നു കരുതാൻ ദാർശനികരെ പ്രേരിപ്പിച്ചു. ഇതു വൈരുദ്ധ്യങ്ങളെ സൃഷ്ടിക്കുകയും അവ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങൾ ഭൗതികത്തിന്റെ വളർച്ചയിലേക്കു നയിക്കുകയും ചെയ്തു. മുതലാളിത്ത സംവർഗങ്ങൾ ഭൗതികത്തിന്റെ വികാസത്തെ സഹായിച്ചതോടൊപ്പം അതിനു സവിശേഷമായ വൈകൃതം സമ്മാനിക്കുകയും ചെയ്തുവെന്ന് കോഡ്‌വെൽ എഴുതുന്നുണ്ട്.
ഭാവിയിലെ തത്ത്വചിന്തകന്മാർക്കുളള ആശയഖനിയാണെന്ന് ജെ.ബി.എസ്.ഹാൽഡേൻ വിശേഷിപ്പിച്ച "ഭൗതികത്തിലെ പ്രതിസന്ധി'യിൽ ഭൗതികശാസ്ത്രത്തിൽ ആധിപത്യം പുലർത്തുന്ന ബൂർഷ്വാ സംവർഗങ്ങളെ കോഡ്‌വെൽ ആക്രമിക്കുന്നുണ്ട്. പ്രപഞ്ചം നിശിതമായും കൃത്യമായും നിർണ്ണയിക്കാൻ കഴിയുന്നതാണെന്ന സമീപനം ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ ആധാരശിലയായിരുന്നല്ലോ? പ്രപഞ്ചം പ്രവചനീയവും നിശിതമായ നിശ്ചിതത്വമുള്ളതുമാണെന്ന് സിദ്ധാന്തീകരിക്കപ്പെടുന്നുണ്ട്. നിശ്ചിതത്വം എന്നത് സംഭവങ്ങൾക്കിടയിലെ അനിവാര്യബന്ധമാണ്. ന്യൂട്ടോണിയൻ ബലതന്ത്രം ഉറപ്പോടെ സ്വീകരിക്കുന്ന നിശിതമായ നിശ്ചിതത്വം എല്ലായ്പ്പോഴും സ്വീകരിക്കപ്പെടേണ്ട ഒരു അടിസ്ഥാനസംവർഗമല്ലെന്ന് കോഡ്‌വെൽ സ്ഥാപിക്കുന്നുണ്ട്. കാര്യകാരണബന്ധത്തെ നിശിതമായ നിശ്ചിതത്വത്തിനു സമാനമായി കാണുന്ന സമീപനത്തെയും ക്രിസ്റ്റഫർ കോഡ്‌വെൽ വിമർശിക്കുന്നു. നിർണ്ണയവാദപരമായ നിലപാടിനെതിരെ കോഡ്‌വെൽ സംസാരിക്കുന്നു. എല്ലാ സംഭവങ്ങളും പൂർവ്വനിശ്ചിതമാണെന്നോ അനിവാര്യമാണെന്നോ അംഗീകരിച്ചാൽ, എങ്ങനെയാണ് ഒരു സംഭവത്തെ കാരണമായി ഗണിക്കുകയെന്നു ചോദിക്കുന്നു. തുടക്കത്തിൽ തന്നെ, അത് മറ്റു സംഭവങ്ങളാൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളതായിരിക്കുമല്ലോ. ഈ മുമ്പുള്ള സംഭവങ്ങളുടെ കാരണം അതിനു മുമ്പുള്ള സംഭവങ്ങളായിരിക്കും. കാരണം തേടിയുള്ള പശ്ചാത്ഗമനം അനന്തമായി നീളും.
കാര്യകാരണബന്ധമാകട്ടെ, സംഭവങ്ങൾക്കിടയിൽ ഒന്നു മറ്റൊന്നിനോടു സ്വാധീനം കൽപ്പിക്കുന്ന പരസ്പരബന്ധമാണ്. എനിക്ക് കാര്യകാരണബന്ധത്തിന്റെ സമൂർത്താനുഭവം ഉണ്ടാകണമെങ്കിൽ നിയതമായ ഒരു പ്രവർത്തനം ഞാൻ ആഗ്രഹിക്കണം. അതിന്നനുസൃതമായി ഞാൻ പ്രവർത്തിക്കുന്ന വസ്തുക്കളിൽ ചലനം സൃഷ്ടിക്കണം. കാര്യകാരണബന്ധത്തിനു പ്രയോഗം, സ്വാതന്ത്ര്യം എന്ന ആശയങ്ങളുമായി ബന്ധമുണ്ടെന്നു ക്രിസ്റ്റഫർ കോഡ്‌വെൽ പറയുന്നു. നമ്മുടെ സംവേദനത്തിന്റെ എല്ലാ മണ്ഡലങ്ങളും വസ്തുവിന്മേലുള്ള പ്രവർത്തനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്നതാണ്. നിശിതമായ നിശ്ചിതത്വം ഇങ്ങനെയൊരു ചലനത്തെ ആവശ്യപ്പെടുന്നില്ല. ബോധമണ്ഡലത്തിൽ സ്ഥിരമായവയെ സൂചിപ്പിക്കുന്ന യുക്തിപരമായ സവിശേഷതയാണ് നിശ്ചിതത്വം. ചില ഘട്ടങ്ങളിൽ സൈദ്ധാന്തികമായി അതിനു പ്രസക്തിയുണ്ടാകാം. കാര്യകാരണബന്ധത്തിന് സിദ്ധാന്തവും പ്രയോഗവും കൂടിച്ചേരുന്ന യഥാർത്ഥശാസ്ത്രത്തിന്റെ മണ്ഡലത്തിലാണ് പ്രസക്തി കൈവരുന്നത്. നിരന്തരമായി പ്രകൃതിയെ മാറ്റുന്നതിലൂടെ ദ്രവ്യത്തിന്റെ ഗുണധർമ്മങ്ങൾ നാം മനസ്സിലാക്കുന്നു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിൽ വിഷയിക്കും വിഷയത്തിനും അവയ്ക്കിടയിലെ നൂറായിരം പരസ്പരബന്ധങ്ങൾക്കും സ്ഥാനമുണ്ടെന്നു സ്ഥാപിക്കാനാണ് കോഡ്‌വെൽ ശ്രമിച്ചത്. കാര്യകാരണബന്ധം വസ്തു-ബോധബന്ധത്തിന്റെ സംയുക്തസൃഷ്ടിയാണെന്ന്, അത് സിദ്ധാന്തത്തേയും പ്രയോഗത്തേയും ഐക്യപ്പെടുത്തുന്നുവെന്ന് കോഡ്‌വെൽ കരുതുന്നു. പ്രയോഗത്തേയും സിദ്ധാന്തത്തേയും വേർപെടുത്തുന്ന കാഴ്ചപ്പാടുകൾ ദ്രവ്യത്തിൽനിന്നും ആത്മാവിനെ അപഹരിക്കുന്നുവെന്ന് എഴുതുന്നു.
ദ്രവ്യം സംവേദനാത്മകമാണ്. എന്നാൽ, ദ്രവ്യത്തെ കുറിച്ചു മനസ്സിലാക്കാൻ ഭൗതികശാസ്ത്രജ്ഞന്മാർ ഉപയോഗിക്കുന്ന ഗണിതശാസ്ത്രപരികൽപ്പനകൾ അമൂർത്തവൽക്കരിക്കപ്പെട്ട അനുഭവങ്ങളാണ്. ആനുഭവികലോകവും സൈദ്ധാന്തികലോകവും വേർതിരിഞ്ഞു നിൽക്കുന്നു. നമ്മുടെ ബോധമണ്ഡലത്തിൽ വസ്തുക്കളും ജ്യാമിതീയ ആകൃതികളും മാത്രമല്ല ഉള്ളത്. അഭിലാഷങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും കൂടിയുണ്ട്. ഈ വൈകാരികഘടകങ്ങളൊന്നും ഭൗതികശാസ്ത്രത്തിന്റെ നിർമ്മിതിയിൽ അനുപേക്ഷണീയമായ പങ്കു വഹിക്കുന്നില്ല. നാം വസ്തുനിഷ്ഠഘടകങ്ങളെ മാത്രം പരിഗണിക്കുന്നു. അപ്പോൾ, നിറവും രുചിയും മണവും തുടങ്ങി ആത്മനിഷ്ഠമായതെല്ലാം ദ്വിതീയഗുണങ്ങളാണെന്നു പറഞ്ഞുകൊണ്ടാണ് നാം ആരംഭിക്കുന്നത്. അവയെ രണ്ടാം നിരയിലേക്കു മാറ്റി നിർത്തുന്നു, ഈ വിചിന്തനരീതി ആപേക്ഷികസിദ്ധാന്തത്തിലേക്കെത്തുമ്പോഴേക്കും വസ്തുനിഷ്ഠഗുണങ്ങളെന്നു നാം നിശ്ചയിച്ചുറപ്പിച്ചവയെല്ലാം; നീളം, കാലം, ചലനം, ദ്രവ്യമാനം, ജ്യാമിതീയ ആകൃതികൾ... ഇവയെല്ലാം, നിരീക്ഷകനെ ആശ്രയിച്ചു നിൽക്കുന്നതാണെന്ന ഫലത്തിലേക്കെത്തിച്ചേരുന്നു.
ഫെമിനിസ്റ്റ്ശാസ്ത്രം എന്ന പരികൽപ്പനയെ കുറിച്ചു കേൾക്കുമ്പോൾ തൊഴിലാളിവർഗ്ഗശാസ്ത്രം എന്ന കോഡ്‌വെല്ലിന്റെ പരികൽപ്പന ഓർമ്മയിൽ വരാതിരിക്കില്ല. തൊഴിലാളിവർഗത്തിന്റെ സവിശേഷതയിൽ നിന്നുകൊണ്ട് മാർക്സിസത്തിന്റെ ഒരു നിലപാടുതറ സിദ്ധാന്തം ക്രിസ്റ്റഫർ കോഡ്‌വെൽ നിർമ്മിച്ചെടുത്തുവെന്നു പറയാവുന്നതാണ്.
ഒന്നും കേവലമല്ലെന്നു നമുക്കു പറയേണ്ടി വരുന്നു. അതാകട്ടെ, ഗണിതശാസ്ത്രസമീകരണങ്ങളിലൂടെയാണ് നാം കണ്ടെത്തുന്നത്. ഗണിതശാസ്ത്രസമീകരണങ്ങളാകട്ടെ, ചിന്തകളാണ്, സമൂർത്തമായ അസ്തിത്വമുള്ളവയല്ല. സ്വയം നിർണ്ണയിക്കുന്ന പൂർണ്ണമായ വസ്തുനിഷ്ഠലോകത്തെ തിരഞ്ഞ നമ്മൾ പൂർണ്ണമായും ആത്മനിഷ്ഠലോകത്തിലെത്തിച്ചേരുന്നു. ഭൗതികശാസ്ത്രത്തിൽ ഇതാണ് സംഭവിക്കുന്നത്. മറിച്ച്, പൂർണ്ണമായും ആത്മനിഷ്ഠമെന്നു ധരിച്ചിറങ്ങുകയാണെങ്കിൽ ലഭ്യമാകുന്നത് കേവലമായ വസ്തുനിഷ്ഠലോകമായിരിക്കും. തത്ത്വചിന്തയിൽ ഇതു കാണാം. സ്വയം നിർണ്ണയിക്കുന്ന പ്രതിഭാസങ്ങളെ കുറിച്ചുള്ള സങ്കൽപ്പനങ്ങൾ നിയമരഹിതമായ, എന്തിനെയും എങ്ങനെയും കൂട്ടിച്ചേർക്കാൻ കഴിയുന്ന ഒരു കൂട്ടം പരസ്പരബന്ധങ്ങളെ മാത്രമായിരിക്കും നൽകുക. തഥ്യയുടെ ഏതെങ്കിലും മണ്ഡലം കേവലമായി സ്വയം നിർണയിക്കുന്നില്ലെന്ന നിഗമനത്തിലേ നമുക്ക് എത്തിച്ചേരാൻ കഴിയൂ.
ഏതൊരു മാർക്സിസ്റ്റിനെയും പോലെ ശാസ്ത്രവും സമൂഹവും തമ്മിലുള്ള പരസ്പരപ്രതിപ്രവർത്തനം ക്രിസ്റ്റഫർ കോഡ്‌വെല്ലിന്റേയും പ്രധാനപ്പെട്ട അന്വേഷണവിഷയമായിരുന്നു. സാമൂഹികവ്യവസ്ഥ, സമൂഹത്തിന്റെ വിഭവശേഷി, സാങ്കേതികനിലവാരം, സാമൂഹികസംവർഗങ്ങളുടെ പ്രയോജനക്ഷമത എന്നിവയെല്ലാം ശാസ്ത്രത്തിന്റെ വളർച്ചയിൽ സംഭാവന ചെയ്യുന്നുണ്ട്. ഏതൊരു ശാസ്ത്രീയസിദ്ധാന്തവും പൊതുവായ ഒരു സാമൂഹികവീക്ഷണത്തിന്റെ വിശേഷവല്കൃതമായ ഒരു വികാസരൂപം മാത്രമാണെന്ന കോഡ്‌വെല്ലിന്റെ സമീപനത്തെ കുറിച്ച് പുസ്തകത്തിനെഴുതുന്ന അവതാരികയിൽ എച്ച്. ലെവി പ്രഖ്യാപിക്കുന്നുണ്ട്. ഉത്തരാധുനികരെ ഏറെ പ്രചോദിപ്പിച്ചിട്ടുളള തോമസ്‌കൂണിന്റെ ശാസ്ത്രവിപ്ലവങ്ങളുടെ ഘടനയെക്കുറിച്ചുളള പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് എത്രയോ വർഷം മുമ്പേ തന്നെ ക്രിസ്റ്റഫർ കോഡ്‌വെൽ സാമാന്യതലത്തിൽ ഈ പ്രമേയം കൈകാര്യം ചെയ്യുകയുണ്ടായി! ശാസ്ത്രത്തിന്റെ സാങ്കേതിക ഉള്ളടക്കം സമൂഹത്തിലെ സാംസ്‌കാരികമൂല്യങ്ങളാൽ നിർണയിക്കപ്പെടുന്നുവെന്നു പറയുന്ന സാമൂഹികനിർമ്മിതിവാദത്തിലേക്കുള്ള ചായ്വ് കോഡ്‌വെൽ പ്രകടിപ്പിക്കുന്നുണ്ടോയെന്നു സന്ദേഹിക്കാവുന്നതാണ്. ശാസ്ത്രത്തെ സുസാധ്യമാക്കുന്ന ഇടപെടൽ സമൂഹം നിർവ്വഹിക്കുന്നുവെന്നു പറയുന്ന കാൾ മാൻഹൈമിന്റേയും റോബർട്ട് മെർട്ടന്റേയും മറ്റും സമീപനങ്ങളിലല്ല കോഡ്‌വെൽ നിലയുറപ്പിക്കുന്നതെന്നു പറയണം.
നിർണയവാദം പ്രതിസന്ധികളെ ക്ഷണിച്ചു വരുത്തിയ നാളുകളിൽ തന്നെ അതിനെ ബൂർഷ്വാഗണമെന്ന് വർഗീകരിക്കാൻ കരുത്തു കാട്ടിയ കോഡ്‌വെൽ തത്ത്വശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ അവബോധത്തിന്റെ അഗാധതയെ കാണിച്ചു തരുന്നുണ്ട്. ബൂർഷ്വാസംവർഗം, മുതലാളിത്ത ശാസ്ത്രം, തൊഴിലാളി വർഗശാസ്ത്രം എന്നീ പരികൽപ്പനകളിലെല്ലാം ഭാവിയിലെ ധിഷണക്കു വാതിലുകൾ തുറന്നിടുന്ന ചിന്തകനെ കാണാം. ഫെമിനിസ്റ്റ്ശാസ്ത്രം എന്ന പരികൽപ്പനയെ കുറിച്ചു കേൾക്കുമ്പോൾ തൊഴിലാളിവർഗശാസ്ത്രം എന്ന കോഡ്‌വെല്ലിന്റെ പരികൽപ്പന ഓർമ്മയിൽ വരാതിരിക്കില്ല. തൊഴിലാളിവർഗത്തിന്റെ സവിശേഷതയിൽ നിന്നുകൊണ്ട് മാർക്സിസത്തിന്റെ ഒരു നിലപാടുതറ സിദ്ധാന്തം (Standpoint Theory) ക്രിസ്റ്റഫർ കോഡ്‌വെൽ നിർമ്മിച്ചെടുത്തുവെന്നു പറയാവുന്നതാണ്. എന്നാൽ, ലൈസങ്കോ വിവാദത്തിലൂടെയും മറ്റും പിന്നീടു വെളിവാക്കപ്പെട്ട അതിവാദപരവും ഏകപക്ഷീയവുമായ ചില വീക്ഷണങ്ങൾ കോഡ്‌വെല്ലിൽ ഉണ്ടായിരുന്നതായി സന്ദേഹിക്കാവുന്നതാണ്.▮
(തുടരും)