അനുഭവിച്ചേ അറിയൂ! പ്രത്യക്ഷ വസ്തുവാദികളുടെ ലോകത്തിൽ

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം

പ്രകൃതി പ്രതിഭാസങ്ങളെയും അവയുടെ ബന്ധങ്ങളെയും ഗുണങ്ങളെയും കുറിച്ച് അനുഭവങ്ങളിലൂടെ സ്വരൂപിക്കുന്ന ജ്ഞാനമാണ് ശരിയായ ജ്ഞാനമെന്ന് വിശ്വസിക്കുന്ന പ്രത്യക്ഷ വസ്തുവാദത്തിന്റെ രൂപപ്പെടലിനെയും വികാസത്തെയും കുറിച്ച് ചർച്ച ചെയ്യുകയാണിവിടെ.

ത്തൊമ്പതാം നൂറ്റാണ്ടിൽ, അമ്പതുകൾക്കും എൺപതുകൾക്കും ഇടയിൽ, ജർമൻ സ്‌കൂളുകളിൽ യാന്ത്രിക ഭൗതികവാദത്തിന്റെ സ്വാധീനമാണുണ്ടായിരുന്നത്. കോംതെയുടെ പ്രത്യക്ഷവസ്തുവാദ(Positivism)ത്തിന്റേയും ഭൗതികവാദത്തിന്റേയും യാന്ത്രികവാദത്തിന്റേയും മിശ്രിതമായിരുന്നു അത്. വിവിധ ശാസ്ത്രശാഖകളെ ദാർശനികമായി സമീപിക്കുകയും ശാസ്ത്രത്തിന്റെ തത്ത്വചിന്തയെ കുറിച്ചു പറയുകയും ചെയ്യുന്ന ആദ്യത്തെ ചിന്തകൻ ഓഗസ്റ്റെ കോംതെയാണെന്നു പറയാം. പ്രകൃത്യതീതശക്തികളേയും ആശയവാദത്തേയും പ്രകൃതിപ്രതിഭാസങ്ങളുടെ വിശദീകരണങ്ങളിൽ നിന്നും ഒഴിവാക്കുന്ന സമീപനവുമായിട്ടാണ് കോംതെയുടെ

ഓഗസ്റ്റെ കോംതെ

ഇടപെലുകൾ ആരംഭിക്കുന്നത്. പ്രകൃതിപ്രതിഭാസങ്ങളേയും അവയുടെ ബന്ധങ്ങളേയും ഗുണങ്ങളേയും കുറിച്ച് അനുഭവങ്ങളിലൂടെ സ്വരൂപിക്കുന്ന ജ്ഞാനത്തെയാണ് പോസിറ്റിവിസ്റ്റുകൾ ശരിയായ ജ്ഞാനമായി പരിഗണിച്ചത്. ദാർശനികമായ ഊഹങ്ങളെയോ അനുമാനങ്ങളെയോ ആശ്രയിക്കാതെ, ആനുഭവികമായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ശാസ്ത്രജ്ഞാനം ആർജ്ജിക്കാൻ കഴിയുമെന്ന സമീപനമാണ് ഇത് മുന്നോട്ടുവച്ചത്. ഈ ചിത്രത്തിൽ ദ്രവ്യം പ്രാഥമികമാകുകയും നിരീക്ഷകരിൽ നിന്നും സ്വതന്ത്രമായി നില്ക്കുന്ന വസ്തുനിഷ്ഠലോകത്തെ കുറിച്ചുള്ള പഠനമായി ശാസ്ത്രപഠനം വിലയിരുത്തപ്പെടുകയും ചെയ്തു. ശാസ്ത്രസിദ്ധാന്തങ്ങൾ ദ്രവ്യചലനത്തെ നിർണയിക്കുന്ന യാന്ത്രികനിയമങ്ങളായി തിരിച്ചറിയപ്പെടുകയായിരുന്നു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഈ യാന്ത്രികനിയമങ്ങളെ കണ്ടെത്താനുള്ള ആനുഭവികാന്വേഷണങ്ങളായി മനസ്സിലാക്കപ്പെട്ടു. അതിഭൗതികമായ ഊഹങ്ങൾക്ക് ശാസ്ത്രത്തിന്റെ മണ്ഡലത്തിൽ പ്രാധാന്യമില്ലെന്നുറപ്പിക്കുന്നതോടെ ആനുഭവികജ്ഞാനത്തിന് പൂർവ നിശ്ചയങ്ങളുമായോ അതീതവുമായോ എന്തെങ്കിലും ബന്ധങ്ങൾ ഇല്ലെന്നു വന്നു. മനസ്സും ചിന്തയുമില്ലാത്ത ഇന്ദ്രിയങ്ങൾ മാത്രമുള്ള മനുഷ്യനാണ് ശാസ്ത്രപഠനത്തിലേർപ്പെടുന്നതെന്ന ധാരണയാണിതെന്നു ചിലർക്കെങ്കിലും തോന്നാവുന്നതേയുള്ളൂ.

പോസിറ്റിവിസ്റ്റ് റിസർച്ച് ഡിസൈൻ

പത്തൊമ്പതാം നൂറ്റാണ്ടിൽ, എഴുപതുകളോടെ ജർമനിയിൽ ഈ വീക്ഷണത്തിനെതിരെ വെല്ലുവിളി ഉയർന്നുവരാൻ തുടങ്ങി. ഇന്ദ്രിയങ്ങളുടെ ശരീരശാസ്ത്രത്തെ കുറിച്ചുള്ള ഹെംഹോൾട്‌സിന്റെ പഠനം ശാസ്ത്രജ്ഞാനത്തിന്റെ വളർച്ചയിൽ ചിന്തിക്കുന്ന വിഷയിയുടെ പങ്ക് ഉൾപ്പെടുത്തേണ്ടതാണെന്ന സമീപനം സ്വീകരിക്കുന്നുണ്ട്. യാന്ത്രിക ഭൗതികവാദത്തിന് അന്യമായ കാര്യമായിരുന്നു ഇത്. ജർമൻ ശാസ്ത്രസമൂഹത്തിൽ പതുക്കെ പതുക്കെ യാന്ത്രികഭൗതികവാദസമീപനം കൈയ്യൊഴിക്കപ്പെടുകയും നവ കാന്റിയൻ തത്ത്വചിന്ത കടന്നുവരുകയും ചെയ്തു.

ശുദ്ധമായ ഔപചാരിക സ്വഭാവമുള്ള, പൂർവനിശ്ചിതമായ ഒരു മൂലകത്തെ ഏതൊരു ശാസ്ത്രസിദ്ധാന്തവും ഉൾക്കൊള്ളുന്നുണ്ടെന്ന നവകാന്റിയൻ നിലപാടിനെ മാഹ് തുടക്കത്തിൽ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം ഇതിനെ നിരാകരിക്കുന്നു. ശാസ്ത്രജ്ഞാനത്തിന്റെ രൂപീകരണത്തിൽ, പൂർവ നിശ്ചിതമായ ഘടകങ്ങളെ സ്വീകരിക്കേണ്ടതില്ലെന്നും സംവേദനങ്ങളിലൂടെ നമുക്കു ലഭ്യമാകുന്ന വസ്തുതകളുടെ സംപ്രത്യയാത്മകപ്രതിഫലനമാണ് ശാസ്ത്രത്തിന്റെ രീതിയെന്നുമുള്ള നിലപാടിലേക്ക് അദ്ദേഹം നീങ്ങി. മാഹിന്റെ നവകാന്റിയൻ ചിന്ത അങ്ങനെ പുതിയ പ്രത്യക്ഷവസ്തുവാദത്തിനു വഴിമാറി.

സംവേദനങ്ങൾ ശാസ്ത്രതത്ത്വങ്ങളുടെ ചുരുക്കെഴുത്തുകളാണെന്ന മാഹിന്റെ സമീപനം വിജയിക്കാതിരുന്നതിന്റെ ഭാഗികമായ കാരണം സംവേദനങ്ങളിലേക്കു ചുരുക്കാൻ കഴിയാത്ത ഗണിതശാസ്ത്രതത്ത്വങ്ങൾ കുടി ശാസ്ത്രസിദ്ധാന്തങ്ങളിലുണ്ടെന്നതായിരുന്നു.

ശാസ്ത്രത്തിൽ നിന്നും തത്ത്വചിന്തയിൽ നിന്നും അതിഭൗതികത്തിന്റെ അതിവാദങ്ങളെ ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് നവപ്രത്യക്ഷവാദത്തിനുണ്ടായിരുന്നത്. ഇന്ദ്രിയങ്ങളിലൂടെ ലഭ്യമാകാത്തതൊന്നും നമ്മുടെ ധിഷണയിലില്ലെന്ന അരിസ്റ്റോട്ടിലിന്റെ പ്രഖ്യാപനത്തിന്റെ മുഴക്കങ്ങൾ പ്രത്യക്ഷവസ്തുവാദത്തിൽ കേൾക്കാം. ആശയങ്ങളുടെ രൂപീകരണത്തിൽ തെളിവിന്റേയും ഇന്ദ്രിയാനുഭവത്തിന്റേയും പങ്കിൽ അനുഭവൈകവാദം ശക്തമായി ഊന്നുന്നുണ്ട്. എല്ലാ പരികൽപ്പനകളും സിദ്ധാന്തങ്ങളും അനുഭവങ്ങളും നിരീക്ഷണങ്ങളുമായി ഒത്തുനോക്കി പരിശോധിക്കണമെന്ന് അത് ആവശ്യപ്പെടുന്നു. ജർമ്മൻ ചിന്തകനായ അവനാറിയോസ് അനുഭവൈകവാദപരമായ സമീപനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നുണ്ട്.

ഈ അനുഭവൈകവാദത്തെ സ്ഥാപിക്കാൻ ശക്തമായ ശ്രമങ്ങൾ ഏണസ്റ്റ് മാഹ് നടത്തുന്നു. 1895നും 1901നും ഇടയിലുള്ള കാലയളവിൽ പ്രേരണാത്മകശാസ്ത്രങ്ങളെ കുറിച്ചു പഠിക്കാനായി വിയന്ന സർവ്വകലാശാലയിൽ സ്ഥാപിതമായ വകുപ്പിൽ മാഹ് പ്രവൃത്തിയെടുക്കുന്നുണ്ട്. മാഹിന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന പുത്തൻ പ്രത്യക്ഷവാദസമീപനങ്ങൾ വിയന്നയിലെ മാത്രമല്ല, കൈസർ-വിൽഹൈം, ബർലിൻ, ഗോട്ടിന്ഞ്ജൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേയും ശാസ്ത്രജ്ഞന്മാരെ ആകർഷിച്ചിരുന്നു. റഷ്യയിലെ ചില മാർക്‌സിസ്റ്റുകളേയും അത് ആകർഷിക്കുന്നുണ്ട്. മാഹിന്റെ പ്രത്യക്ഷവസ്തുവാദ സമീപനങ്ങൾക്കെതിരെ ലെനിൻ എഴുതിയ "ഭൗതികവാദവും അനുഭവൈകവാദവിമർശവും' എന്ന പുസ്തകം പ്രസിദ്ധമാണ്.

ഭൗതികശാസ്ത്രത്തിലെ സൈദ്ധാന്തികവൽക്കരണങ്ങൾ പൂർണമായും നേരിട്ടു നിരീക്ഷിക്കാൻ കഴിയുന്ന പ്രതിഭാസങ്ങളെ ആശ്രയിച്ചു കൊണ്ടായിരിക്കണമെന്ന് മാഹ് നിഷ്‌ക്കർക്കുന്നു. ന്യൂട്ടോണിയൻ ഭൗതികത്തിൽ ഉപയോഗിക്കുന്ന കേവലസ്ഥലത്തേയും കേവലകാലത്തേയും കുറിച്ചുള്ള സങ്കൽപ്പനങ്ങൾക്ക് യാതൊരു സാംഗത്യവും മാഹ് കാണുന്നില്ല. അതിനു പകരം ആപേക്ഷികചലനത്തെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ന്യൂട്ടോണിയൻ ഭൗതികത്തിൽ ജഡത്വം, അപകേന്ദ്രബലം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളുടെ വിശദീകരണങ്ങൾക്കായി കേവലസ്ഥലത്തേയും കേവലകാലത്തേയും കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ഉപയോഗിക്കേണ്ടി വരുന്നതിനെ മാഹ് വിമർശിക്കുകയും അവ പ്രപഞ്ചത്തിന്റെ ദ്രവ്യഘടനയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നവയായി മനസ്സിലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കാന്റിന്റെ അതിഭൗതികത്തിനുള്ള പ്രതിവിധിയായി അദ്ദേഹം തന്റെ പ്രത്യക്ഷാനുഭവവാദത്തെ കണ്ടു. ശാസ്ത്രപ്രസ്താവനകൾ ആനുഭവികമായി തെളിയിക്കപ്പെടണം. ശാസ്ത്രതത്ത്വങ്ങൾ സംവേദനങ്ങളുടെ ചുരുക്കിയെഴുതപ്പെട്ട വിവരണങ്ങളാണെന്ന രീതിയിൽ ഒരു സമീപനം വികസിപ്പിക്കാൻ മാഹ് ശ്രമിച്ചിരുന്നു. എന്നാൽ, ഇതു വിജയിക്കുന്നില്ല. സംവേദനങ്ങൾ ശാസ്ത്രതത്ത്വങ്ങളുടെ ചുരുക്കെഴുത്തുകളാണെന്ന മാഹിന്റെ സമീപനം വിജയിക്കാതിരുന്നതിന്റെ ഭാഗികമായ കാരണം, സംവേദനങ്ങളിലേക്കു ചുരുക്കാൻ കഴിയാത്ത ഗണിതശാസ്ത്രതത്ത്വങ്ങൾ കൂടി ശാസ്ത്രസിദ്ധാന്തങ്ങളിലുണ്ടെന്നതായിരുന്നു.

അണുവാദത്തിനെതിരെ പോസിറ്റിവിസ്റ്റുകൾ സ്വീകരിച്ച സമീപനങ്ങൾ കൂടി അണുവാദിയായിരുന്ന ലുഡ്‌വിഗ് ബോൾട്‌സ്മാൻ എന്ന വിശ്രുതശാസ്ത്രജ്ഞന്റെ ആത്മഹത്യക്കു കാരണമായിട്ടുണ്ടെന്നു പറയപ്പെടുന്നു.

പിൽക്കാലത്ത് മാഹിന്റെ നിലപാടുകളിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പഴയ നിലപാടുകളിൽ അയവുകൾ വരുന്നു. എല്ലാ നിരീക്ഷണങ്ങളും പൂർവാർജ്ജിതബോധത്തേയും ചില മുൻനിശ്ചയങ്ങളേയും സംപ്രത്യയങ്ങളേയും മറ്റും ആവശ്യപ്പെടുന്നുണ്ട്. സംപ്രത്യയഘടകങ്ങളെ പൂർവ നിശ്ചിതമൂലകങ്ങളായി ശാസ്ത്രസിദ്ധാന്തത്തിൽ ഉൾക്കൊള്ളിക്കുന്നതിനെ പിന്നീട് അദ്ദേഹം സ്വാഗതം ചെയ്യുന്നു. സമാനമായ ഒരു സമീപനം പൊങ്കാറേയും വികസിപ്പിച്ചെടുക്കുന്നുണ്ട്.

ഏണസ്റ്റ് മാഹ്

ഐൻസ്റ്റൈന്റെ സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിൽ മാഹിന്റെ പ്രകടമായ സ്വാധീനം കാണാം. ഐൻസ്റ്റൈൻ മാഹിന് അയയ്ക്കുന്ന കത്തിൽ അദ്ദേഹത്തിന്റെ ശിഷ്യനായി സ്വയം തിരിച്ചറിയുന്നുണ്ട്. ആപേക്ഷികസിദ്ധാന്തത്തിന്റെ വിശദീകരണങ്ങളിൽ നിരീക്ഷകന്മാരും അവരുടെ ഉപകരണങ്ങളും ധാരാളമായി കടന്നുവരുന്നതു കാണാമല്ലോ.

ഇങ്ങനെ, ഐൻസ്റ്റൈന്റെ സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിൽ പ്രത്യക്ഷാനുഭവവാദം സംഭാവനകൾ നൽകിയെങ്കിലും വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനും അതു കാരണമാകുന്നുണ്ട്. ശാസ്ത്രജ്ഞന്മാരേയും തത്ത്വചിന്തകരേയും പരസ്പരം അകറ്റുകയും അന്യരാക്കി തീർക്കുകയും ചെയ്തതായി അനുഭവൈകവാദം പഴിക്കപ്പെടുന്നുണ്ട്. അണുസിദ്ധാന്ത(Atomic Theory)ത്തിനെതിരായ അതിന്റെ സമീപനം അത്യന്തം കുഴപ്പം പിടിച്ചതായിരുന്നു. ദ്രവ്യത്തിന്റെ കണികാസ്വഭാവത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങൾ ജോൺ ഡാൽട്ടനും അവഗാഡ്രോയും ബോൾട്‌സ്മാനും മറ്റും ശക്തമായി ഉന്നയിച്ചു കഴിഞ്ഞിരുന്നുവെങ്കിലും പ്രത്യക്ഷാനുഭവവാദികൾ അണുക്കളെ നേരിട്ടു കാണാതെയും അവരുടെ അനുഭവത്തിന്റെ ഭാഗമാകാതെയും അതിന്റെ അസ്തിത്വത്തെ അംഗീകരിക്കാൻ വിമുഖരായിരുന്നു. അവർക്ക് അനുഭവമാണല്ലോ ശാസ്ത്രയാഥാർത്ഥ്യത്തിന്റെ ഉരകല്ല്. അണുസിദ്ധാന്തം ഭൗതികശാസ്ത്രത്തിന്റേയും രസതന്ത്രത്തിന്റേയും സാധാരണഭാഷയായി മാറിത്തീർന്നിരുന്നുവെങ്കിലും മാഹിന്റെ സമീപനം പിന്തുടരുന്നവർക്ക് അത് സ്വീകാര്യമായിരുന്നില്ല. അണുക്കളെ നേരിട്ട് നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാൻ സഹായിക്കുന്ന ഇലക്‌ട്രോൺ സൂക്ഷ്മദർശിനികൾ അപ്പോൾ രൂപപ്പെട്ടിരുന്നില്ലല്ലോ.

നിരീക്ഷിക്കാൻ കഴിയാത്ത വസ്തുക്കളെ ഊഹിച്ചെടുക്കുകയെന്നത് ഭൗതികശാസ്ത്രജ്ഞന്റെ കടമയാണെന്ന് കൗഫ്മാൻ കരുതിയിരുന്നില്ല. അതുകൊണ്ട് താൻ പുതിയ ഒരു കണികയെ കണ്ടെത്തിയതായി കൗഫ്മാൻ അവകാശപ്പെട്ടതേയില്ല. പ്രത്യക്ഷാനുഭവവാദം കൗഫ്മാന്റെകാര്യത്തിൽ ഒരു ചീത്തക്കഥയായി മാറിത്തീരുന്നു.

പ്രത്യക്ഷാനുഭവവാദം അണുവാദത്തിനെതിരെ ഉയർത്തിയ പ്രതിരോധങ്ങൾ സാംഖ്യകഭൗതികത്തെ അസ്വീകാര്യമാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതും കാണാം. മാക്‌സ്‌വെൽ, ബോൾട്‌സ്മാൻ, ഗിബ്‌സ് തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ ശ്രമഫലമായി പത്തൊമ്പതാം നൂറ്റാണ്ടിൽ സാംഖ്യകബലതന്ത്രത്തിനുണ്ടായ വികാസത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമായിരുന്നു പ്രത്യക്ഷാനുഭവവാദികൾ സ്വീകരിച്ചത്. അണുവാദത്തിനെതിരെ പോസിറ്റിവിസ്റ്റുകൾ സ്വീകരിച്ച സമീപനങ്ങൾ കൂടി അണുവാദിയായിരുന്ന ലുഡ്‌വിഗ് ബോൾട്‌സ്മാൻ എന്ന വിശ്രുതശാസ്ത്രജ്ഞന്റെ ആത്മഹത്യക്കു കാരണമായിട്ടുണ്ടെന്നു പറയപ്പെടുന്നു. പോസിറ്റിവിസം ശാസ്ത്രവളർച്ചയെ നിരുത്സാഹപ്പെടുത്തിയതിന്റെ കഥകൾ ഇലക്‌ട്രോണിന്റെ ചരിത്രത്തിലും കേൾക്കാൻ കഴിയും. ഇലക്‌ട്രോണിനെ കണ്ടെത്തിയത് ജെ.ജെ. തോംസൺ ആണെന്നാണ് പാഠപുസ്തകങ്ങൾ പറയുന്നത്. യഥാർത്ഥത്തിൽ കാഥോഡിൽ നിന്നും പുറപ്പെടുന്ന വികിരണങ്ങൾ പല ഭൗതികശാസ്ത്രജ്ഞന്മാരും നിരീക്ഷിച്ചിരുന്നുവെങ്കിലും അതിനെ കുറിച്ച് വ്യക്തമായ ധാരണകൾ രൂപപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. വിശദമായ പഠനങ്ങൾനടത്തിയ ഒരാൾ തോംസണായിരുന്നു. കാഥോഡ് കിരണങ്ങൾ വിദ്യുത്, കാന്തികബലക്ഷേത്രങ്ങളിൽ വ്യതിചലനത്തിനു വിധേയമാകുന്നതായി കണ്ടെത്തുന്നുണ്ട്. ചാർജും ദ്രവ്യമാനവും തമ്മിലുള്ള അനുപാതത്തിന് എപ്പോഴും ഒരേ മൂല്യം തന്നെ ലഭിക്കുന്നതായും അദ്ദേഹം കണ്ടെത്തി. മറ്റൊരു പരീക്ഷണത്തിലൂടെ അതിന്റെ ഏകദേശചാർജും അതു വഴി ഏകദേശപിണ്ഡവും നിശ്ചയിച്ചു. തോംസൺ ഈ പരീക്ഷണങ്ങൾ നടത്തുന്ന കാലയളവിൽ തന്നെ വാൾട്ടർ കൗഫ്മാൻ എന്ന ശാസ്ത്രജ്ഞൻ കാഥോഡ് കിരണങ്ങളെ കുറിച്ചുള്ള പരീക്ഷണങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബർലിനിൽ വച്ചു ചെയ്യുന്നുണ്ട്.

Walter Kaufmann's experimental measurement of electron charge to mass ratio (1901 - 1905).

ചാർജും പിണ്ഡവും തമ്മിലുള്ള അനുപാതത്തിന് കൂടുതൽ മെച്ചപ്പെട്ട ഫലം കിട്ടിയത് കൗഫ്മാന്റെ പരീക്ഷണത്തിലായിരുന്നു. എന്നാൽ, കൗഫ്മാൻ ഒരിക്കലും ഇലക്‌ട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞനെന്ന നിലക്ക് പരിഗണിക്കപ്പെടുന്നില്ല. അദ്ദേഹം കാഥോഡ് കിരണങ്ങൾ കണികകളാണെന്നു മനസ്സിലാക്കിയില്ല. കൗഫ്മാൻ ഒരു പ്രത്യക്ഷാനുഭവവാദിയായിരുന്നു. നിരീക്ഷിക്കാൻ കഴിയാത്ത വസ്തുക്കളെ ഊഹിച്ചെടുക്കുകയെന്നത് ഭൗതികശാസ്ത്രജ്ഞന്റെ കടമയാണെന്ന് കൗഫ്മാൻ കരുതിയിരുന്നില്ല. അതുകൊണ്ട് താൻ പുതിയ ഒരു കണികയെ കണ്ടെത്തിയതായി കൗഫ്മാൻ അവകാശപ്പെട്ടതേയില്ല. പ്രത്യക്ഷാനുഭവവാദം കൗഫ്മാന്റെ കാര്യത്തിൽ ഒരു ചീത്തക്കഥയായി മാറിത്തീരുന്നു. ആംഗല പാരമ്പര്യത്തിൽ വളർന്ന തോംസണിൽ അണുവാദത്തിന്റെ ആശയങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇലക്‌ട്രോണിനെ കുറിച്ചുള്ള ആശയങ്ങൾ റേഡിയോ പ്രഭാവത്തിലൂടെയും ചൂടാക്കുന്ന ലോഹങ്ങളിൽ നിന്നുള്ള ഇലക്‌ട്രോൺ ഉത്സർജ്ജനത്തിലൂടെയും മറ്റും പിന്നീട് ഉറപ്പിക്കപ്പെടുന്നു.

1910ൽ പ്ലാങ്കിന് അയക്കുന്ന കത്തിൽ മാഹ് എഴുതുന്നത്, അണുവിലുള്ള വിശ്വാസം അത്ര തീവ്രതരമാണെങ്കിൽ ഭൗതികശാസ്ത്രചിന്തയുടെ മാർഗ്ഗത്തെ തന്നെ എനിക്കു തള്ളിപ്പറയേണ്ടി വരുമെന്നാണ്. താൻ ഭൗതികശാസ്ത്രജ്ഞനായി തുടരുകയില്ലെന്നും ശാസ്ത്രജ്ഞപദവി തിരിച്ചു നൽകുമെന്നും അദ്ദേഹം എഴുതി.

1908ൽ വിൽഹൈം ഓസ്റ്റ്‌വാൾഡ് എന്ന രസതന്ത്രജ്ഞൻ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിലെഴുതിയ വാക്കുകളാണ് അണുസിദ്ധാന്തത്തെ സംബന്ധിച്ച് പ്രത്യക്ഷവാദികളുടെ കീഴടങ്ങലായി കണക്കാക്കപ്പെടുന്നത്. അണുസങ്കൽപ്പനത്തിന്റെ വക്താക്കൾ കഴിഞ്ഞ നൂറു വർഷങ്ങളിലേറെയായി തിരഞ്ഞുകൊണ്ടിരുന്ന ദ്രവ്യത്തിന്റെ കണികാസ്വഭാവത്തിന് പരീക്ഷണാത്മക തെളിവുകൾ ലഭിച്ചിരിക്കുന്നതായി തനിക്കു ബോധ്യം വന്നിരിക്കുന്നുവെന്ന് അദ്ദേഹം എഴുതി. റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച ക്രമരഹിതമായ ചലനത്തിന് ഐൻസ്റ്റൈൻ നൽകിയ വിശദീകരണവും ഇലക്‌ട്രോണിന്റെ വിദ്യുത്ചാർജ് കണ്ടെത്തിയതോടെ അത് ഒരു കണമാണെന്നു സ്ഥിരീകരിച്ചതുമാണ് ഓസ്റ്റ്‌വാൾഡ് ഉദ്ധരിച്ച പരീക്ഷണാത്മക തെളിവുകൾ.

ഓസ്റ്റ്‌വാൾഡിന്റെ കീഴടങ്ങലിനു ശേഷവും മാഹ് പിൻമാറുന്നില്ല. 1910ൽ പ്ലാങ്കിന് അയക്കുന്ന കത്തിൽ മാഹ് എഴുതുന്നത്, അണുവിലുള്ള വിശ്വാസം അത്ര തീവ്രതരമാണെങ്കിൽ ഭൗതികശാസ്ത്രചിന്തയുടെ മാർഗ്ഗത്തെ തന്നെ എനിക്കു തള്ളിപ്പറയേണ്ടി വരുമെന്നാണ്. താൻ ഭൗതികശാസ്ത്രജ്ഞനായി തുടരുകയില്ലെന്നും ശാസ്ത്രജ്ഞപദവി തിരിച്ചു നൽകുമെന്നും അദ്ദേഹം എഴുതി. എന്നാൽ, നമ്മുടെ പരീക്ഷണാത്മകതെളിവുകൾ സിദ്ധാന്തത്തോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കുന്നതിന് രസതന്ത്രത്തിലെ അണുസിദ്ധാന്തവും സാംഖ്യക ബലതന്ത്രവും അണുസങ്കൽപ്പനത്തിലൂടെ നടത്തിയ ഇടപെടലുകൾ മാത്രം മതിയാകും. മാഹിനെ പോലുള്ളവർ അനുഭവൈകവാദനിലപാടുകളിൽ ഉറച്ചു നിന്നെങ്കിലും ഐൻസ്റ്റൈൻ ഉൾപ്പെടെ പല ശാസ്ത്രജ്ഞന്മാരും അതിൽ നിന്നും മാറി ചിന്തിക്കുന്നതും കാണാം. ഇലക്‌ട്രോണുകൾക്ക് കൃത്യമായി നിശ്ചയിക്കാവുന്ന പാതകൾ ഇല്ലെന്ന ഹൈസൺബർഗിന്റെ വാക്കുകളോടു പ്രതികരിച്ചു കൊണ്ട് ഭൗതിക സിദ്ധാന്തങ്ങളിൽ നിരീക്ഷിക്കാനാവാത്ത ഭൗതികരാശികൾ കൂടി ഉണ്ടായിരിക്കാമെന്ന മറുപടിയാണ് ഐൻസ്റ്റൈൻ നൽകുന്നത്. സവിശേഷ ആപേക്ഷികസിദ്ധാന്തത്തിൽ നിരീക്ഷിക്കപ്പെടാവുന്ന ഭൗതികരാശികൾ മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂവെന്ന് ഹൈസൺബർഗ് ചൂണ്ടിക്കാണിക്കുമ്പോൾ, ആദ്യകാലത്ത് ആ ദർശനം ഉപയോഗിച്ചിരുന്നുവെങ്കിലും എപ്പോഴും അതു തന്നെ തുടരുന്നതിൽ കാര്യമില്ലെന്ന സമീപനമാണ് ഐൻസ്റ്റൈൻ സ്വീകരിക്കുന്നത്. എന്നാൽ, പ്രശസ്ത ശാസ്ത്രജ്ഞന്മാരിൽ പലരും അനുഭവൈകവാദനിലപാടുകൾ ഉപേക്ഷിച്ചതിനു ശേഷവും ആ നിലപാടുകൾ അരങ്ങിൽ നിന്നും അപ്രത്യക്ഷമായില്ല. ഇരുപതുകളിൽ രൂപീകൃതമാകുന്ന വിയന്ന സർക്കിളിൽ മാഹിന്റെ വലിയ സ്വാധീനം ദൃശ്യമായിരുന്നു. വിചിന്തനാത്മകപ്രത്യക്ഷവസ്തുവാദികൾ (Logical Positivists)എന്നാണ് അവർ അറിയപ്പെട്ടത്.

ഇവിടെ വിശദീകരിച്ച പ്രകാരം തന്നെ; മാഹിന്റെ പ്രത്യക്ഷവാദം, നവ കാന്റിയൻവാദം, യാന്ത്രികഭൗതികവാദം എന്നിവയുടെ സ്വാധീനമാണ് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്യൻ ശാസ്ത്രജ്ഞന്മാർക്കിടയിൽ, പ്രത്യേകിച്ചും ജർമൻ ശാസ്ത്രജ്ഞന്മാർക്കിടയിൽ, ഉണ്ടായിരുന്നത്. എന്നാൽ, ഈ കാലയളവിൽ ഭൗതികശാസ്ത്ര രംഗത്തുണ്ടായ വികാസങ്ങൾ ഇവയ്ക്ക് വലിയ ആഘാതങ്ങളാണേൽപ്പിച്ചത്. വസ്തുക്കളേയും സംഭവങ്ങളേയും ബന്ധിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ നമ്മുടെ മനസ്സ് നിർമ്മിച്ചെടുക്കുന്ന ഘടകങ്ങളായിട്ടാണ് സ്ഥലത്തേയും കാലത്തേയും കാന്റ് മനസ്സിലാക്കിയിരുന്നത്. അഥവാ നമ്മുടെ മനസ്സിനു പുറത്ത് അതിന് അസ്തിത്വമുണ്ടായിരുന്നില്ല.

ആപേക്ഷിക സിദ്ധാന്തത്തിന്റെ ആവിർഭാവത്തോടെ സ്ഥല- കാലങ്ങൾ ചലനത്താലും ഗുരുത്വാകർഷണബലത്താലും ബാധിക്കുന്നതായി മനസ്സിലാക്കപ്പെട്ടതോടെ കാന്റിയൻ സങ്കൽപ്പനങ്ങൾ പ്രതിസന്ധിയിലായി. മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തവും അത് ഉപയോഗിച്ചുകൊണ്ട് പ്രകാശവിദ്യുത്പ്രഭാവത്തിന് ഐൻസ്റ്റൈൻ നൽകിയ വിശദീകരണവും ഐൻസ്റ്റൈൻ തന്നെ ബ്രൗണിയൻ ചലനത്തിനു നൽകിയ വിശദീകരണത്തോടെ അണുവിന്റെ അസ്തിത്വം സ്ഥാപിക്കപ്പെട്ടതും നൈരന്തര്യ ബലതന്ത്രത്തിന്റെ

ആൽബർട്ട് ഐൻസ്റ്റൈൻ

നിലപാടുകളെ പ്രശ്‌നഭരിതമാക്കി. പ്രപഞ്ചം നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു രൂപങ്ങളായ ദ്രവ്യവും ഊർജ്ജവും നൈരന്തര്യരാഹിത്യ(Discontinuous) ത്തെയാണ് പ്രകടിപ്പിക്കുന്നതെന്നു ബോധ്യപ്പെട്ടതോടെ അണുവാദത്തിനെതിരെയും മറ്റും നിലപാടെടുത്ത മാഹിന്റെ പോസിറ്റിവിസവും പ്രതിസന്ധിയെ അഭിമുഖീകരിച്ചു തുടങ്ങി. ക്വാണ്ടം ബലതന്ത്രത്തിന്റെ രൂപീകരണം യാന്ത്രികഭൗതികവാദത്തിന്റെ നിർണ്ണയവാദപരമായ സമീപനങ്ങൾക്കും പ്രഹരങ്ങളേൽപ്പിച്ചു. ക്വാണ്ടം ഭൗതികവും ആപേക്ഷികസിദ്ധാന്തവും മറ്റും അംഗീകരിക്കപ്പെട്ടതോടെ തത്ത്വചിന്തയിലെ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങി. മോറിസ് ഷ്ലിക്കിന്റെ നേതൃത്വത്തിൽ കൂടിയിരുന്ന വിയന്ന സർക്കിളിലും റീഷൺബാഹിന്റെ ബർലിൻ സ്‌ക്കൂളിലും മറ്റും ഈ പ്രതിസന്ധി ചർച്ച ചെയ്യപ്പെട്ടു.

ശാസ്ത്രത്തിന്റെ മേഖലയിലെ അടിസ്ഥാനപ്രശ്‌നങ്ങളേയും ശാസ്ത്രത്തിലുണ്ടാകുന്ന പുതിയ വികാസങ്ങളെയും കുറിച്ച്​ തൽപ്പരരായിരുന്ന ശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും ഗണിതജ്ഞരും എല്ലാമടങ്ങുന്ന ബുദ്ധിജീവിവൃന്ദമാണ് ഈ സ്‌കൂളുകൾക്കു നേതൃത്വം നൽകിയിരുന്നത്. ബർട്രാന്റ് റസ്സൽ, ഡേവിഡ് ഹിൽബർട്ട്, വൈറ്റ്‌ഹെഡ്, കുർട് ഗോഡൽ, വിറ്റ്‌ഗെൻസ്റ്റൈൻ, ഗോട്‌ലോബ് ഫ്രെജെ തുടങ്ങിയവരുടെ ആശയങ്ങളൊക്കെ ഇവർ ചർച്ച ചെയ്തിരുന്നു. ഓട്ടോ നൂറത്ത്, കർണാപ്, റീഷൺബാഹ്, ഹാൻസ് ഹാൻ, മോറിസ് ഷ്‌ളിക്ക്, ഫിലിപ്പ് ഫ്രാങ്ക് എന്നിവരൊക്കെ ഉൾപ്പെട്ട സർക്കിളായിരുന്നു ഇത്.

വിചിന്തനാത്മക പ്രത്യക്ഷവസ്തുവാദികൾക്ക് പ്രകൃതിശാസ്ത്രം, ഗണിതം, വിചിന്തനശാസ്ത്രം എന്നിവയോട് സവിശേഷ താൽപ്പര്യമുണ്ടായിരുന്നു. വിയന്ന സർക്കിളിന്റെ ഒരൊറ്റ കുടക്കീഴിലാണ് ഇവർ അറിയപ്പെടുന്നതെങ്കിലും പലർക്കും പല കാര്യങ്ങളിലും അഭിപ്രായഭേദങ്ങളുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭൗതികശാസ്ത്രത്തിലുണ്ടായ വികാസം അവരെ ആവേശം കൊള്ളിച്ചു. തത്ത്വചിന്തയെ ശാസ്ത്രീയമാക്കണമെന്ന ലക്ഷ്യമാണ് അവരിൽ ചിലർക്കുണ്ടായിരുന്നത്. തത്ത്വചിന്തയിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ ഇതു സഹായകമാകുമെന്ന് അവർ വിശ്വസിച്ചു. ഭൗതികശാസ്ത്രത്തിലെ വസ്തുനിഷ്ഠതയാണ് അവരെ ഏറ്റവുമധികം ആകർഷിച്ചത്. മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ആത്മനിഷ്ഠത ഗവേഷണഫലങ്ങളെ മോശമായി സ്വാധീനിക്കുന്നുണ്ടെന്നും ഭൗതികശാസ്ത്രപ്രശ്‌നങ്ങൾ പരിഹൃതമാകുന്നത് വസ്തുനിഷ്ഠമായ ഒരു മണ്ഡലത്തിലാണെന്നും അവർ കരുതി. പരീക്ഷണാത്മകപരിശോധനകൾ ഉൾപ്പെടെയുള്ള സങ്കേതങ്ങൾ ശാസ്ത്രസിദ്ധാന്തങ്ങളെ യഥാർത്ഥവസ്തുതകളുമായി താരതമ്യം ചെയ്യുന്നതിനും പക്ഷപാതരഹിതവും കൃത്യവുമായ സിദ്ധാന്തങ്ങളിൽ എത്തിച്ചേരുന്നതിനും അനുവദിക്കുന്നു. അങ്ങനെ, ഈ പുതിയ പോസിറ്റിവിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ആധുനികശാസ്ത്രത്തിന്റേത് യുക്തിപരമായ പ്രവർത്തനപദ്ധതിയായി, യാഥാർത്ഥ്യത്തെ അറിയുന്നതിനുള്ള ഉറപ്പുള്ള മാർഗ്ഗമായി ഇതു മാറിത്തീർന്നു.

നവ പ്രത്യക്ഷവസ്തുവാദികൾ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒട്ടും തൽപ്പരരായിരുന്നില്ല. ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ രൂപീകരണസന്ദർഭത്തിൽ നിന്നും നീതീകരണസന്ദർഭത്തെ അവർ വിച്ഛേദിച്ചു. ഒരു ശാസ്ത്രജ്ഞൻ തന്റെ സിദ്ധാന്തത്തിലേക്ക് എത്തിച്ചേരുന്ന ചരിത്രപ്രക്രിയയെയാണ് രൂപീകരണസന്ദർഭം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്, തെളിവുകളുടെ അന്വേഷണവും സിദ്ധാന്തത്തിന്റെ പരിശോധനയുമാണ് നീതീകരണസന്ദർഭം. രൂപീകരണസന്ദർഭത്തെ നയിക്കുന്നത് ആത്മനിഷ്ഠവും മാനസികവുമായ കാര്യങ്ങളാണെന്ന് പോസിറ്റിവിസ്റ്റുകൾ കരുതുന്നു. എന്നാൽ, നീതീകരണസന്ദർഭം വസ്തുനിഷ്ഠമായ വിചിന്തനത്തിലൂടെ കൂടുതൽ ഉറപ്പുള്ളതാണ്. ശാസ്ത്രത്തിന്റെ ചിന്തകന്മാർ നീതീകരണത്തിന്റെ സന്ദർഭത്തെ മാത്രം പരിഗണിച്ചാൽ മതിയെന്ന സമീപനമാണ് വിയന്ന സർക്കിളിലെ ചിന്തകന്മാർ സ്വീകരിച്ചത്. എങ്ങനെയാണ് ഒരു ശാസ്ത്രജ്ഞൻ തന്റെ സങ്കൽപ്പനങ്ങളിലെത്തിച്ചേർന്നത് എന്ന കാര്യത്തെ ഉപേക്ഷിക്കുകയും തന്റെ സങ്കൽപ്പനത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ടോയെന്നതു മാത്രമാണ് പരിഗണനീയമായ കാര്യമെന്ന് ഉറപ്പിക്കുകയുമാണ് ഇവർ ചെയ്തത്. ഈ സമീപനം ചരിത്രവിരുദ്ധമാണെന്നു തീർച്ച!

ശാസ്ത്രത്തിന്റെ രൂപീകരണസന്ദർഭം തത്ത്വചിന്തകരെ ഒന്നും പഠിപ്പിക്കുന്നില്ലെന്നും അത് ചരിത്രകാരന്മാരുടെയോ മന: ശാസ്ത്രകാരന്മാരുടെയോ വിഷയമാണെന്നും പോസിറ്റിവിസ്റ്റുകൾ ഉറപ്പിക്കുന്നുണ്ട്. പിൽക്കാലത്ത് ബാഷ്‌ലാദിനേയും തോമസ്‌കുണിനേയും പോലുള്ള പണ്ഡിതരുടെ നിശിതവിമർശങ്ങൾക്കു വിധേയമായത് ഈ ചരിത്രവിരുദ്ധസമീപനമാണ്. സൈദ്ധാന്തികവും സംപ്രത്യയപരവുമായ ഘടകങ്ങളെ നിരീക്ഷിക്കപ്പെട്ട വസ്തുതകളിൽ നിന്നും കൃത്യമായി വേർതിരിക്കണമെന്ന നിഷ്‌ക്കർഷയും പ്രത്യക്ഷവസ്തുവാദികൾ പുലർത്തിയിരുന്നു. അത്തരത്തിലുള്ള ഒരു വർഗീകരണത്തിന്റെ അഭാവത്തിൽ ശാസ്ത്രസിദ്ധാന്തത്തിന്റെ വസ്തുനിഷ്ഠതയും യുക്തിപരതയും വിട്ടുവീഴ്ചയ്ക്കു കീഴ്‌പ്പെടുന്നതിനു കാരണമാകുമെന്ന് അവർ കരുതി.

ലോജിക്കൽ പോസിറ്റിവിസത്തിന്റെ പ്രാധാന്യമേറിയ സംഭാവന, അത് അർത്ഥപൂർണ്ണമായ വസ്തുതകളെ ശരിയാണെന്നു തെളിയിക്കണമെന്ന മാനദണ്ഡത്തെ (Verifiability Criterion of Meaningful Facts) സ്വീകരിച്ചുവെന്നുള്ളതായിരുന്നു. ഇത് വളരെയധികം വിവാദവും സൃഷ്ടിച്ചു. 1930നും 1960നും ഇടയ്ക്കുള്ള കാലയളവിൽ ഈ പോസിറ്റിവിസ്റ്റ് മാനദണ്ഡത്തിന് പല വിധത്തിലുള്ള തിരുത്തലുകളും ഉണ്ടാകുന്നുണ്ട്. തെളിയിച്ചെടുക്കുകയെന്ന പ്രമേയം പരിശോധനീയതയെന്നും ഉറപ്പുവരുത്തെലന്നും മറ്റും മാറുന്നുണ്ട്. കാൾപോപ്പറിന്റെ അസത്യവൽക്കരണ(Falsification)ത്തെ കുറിച്ചുള്ള സിദ്ധാന്തീകരണവും ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള അതിർത്തികൾ നിർണ്ണയിക്കാനുള്ള നിർദ്ദേശ (Demarcation Hypothesis)വും ഇതിന്റെ തുടർച്ചയിലാണ് സംഭവിക്കുന്നത്. പിൽക്കാലത്ത്, ഹാൻസ് റീഷൻബാഹ് സംഭാവ്യതയെ ആധാരമാക്കുന്ന ഒരു സങ്കൽപ്പനവും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏറ്റവും ഉയർന്ന സംഭാവ്യതകളുള്ള സങ്കൽപ്പനങ്ങളേയും സിദ്ധാന്തങ്ങളേയും സാമാന്യവൽക്കരണങ്ങളേയും വസ്തുതാപരമായി അർത്ഥപൂർണ്ണതയുള്ളവയായി നിർദ്ദേശിക്കുകയാണ് റീഷൻബാഹ് ചെയ്തത്.

എല്ലാ ശാസ്ത്രങ്ങളും ഏകമാണ്. ഏതൊരു ശാസ്ത്രശാഖയേയും കൂടുതൽ സാമാന്യവും അടിസ്ഥാനപരവുമായ ഒരു ശാസ്ത്രശാഖയിലേക്കു ചുരുക്കിയെടുക്കാൻ കഴിയും. എല്ലാ ശാസ്ത്രശാഖകളേയും ഭൗതികശാസ്ത്രത്തിലേക്കു ചുരുക്കി കൊണ്ട് ശാസ്ത്രത്തിന്റെ ഏകത്വം ഉറപ്പുവരുത്താനും കഴിയും. വ്യത്യസ്ത സവിശേഷശാസ്ത്രങ്ങളുടെ സിദ്ധാന്തങ്ങളും ഫലങ്ങളും ഒരു പൊതുഭാഷയിൽ, സാർവ്വലൗകികമായ ഒരു ഭാഷയിൽ, രേഖപ്പെടുത്താൻ കഴിയും. എല്ലാ സവിശേഷശാസ്ത്രങ്ങൾക്കും പൊതുവായ ഒരു രീതിശാസ്ത്രമുണ്ട്. വിചിന്തനാത്മക പ്രത്യക്ഷവസ്തുവാദത്തിന്റെ ഒരു കേന്ദ്രപ്രമേയമാണിത്.

പോസിറ്റിവിസത്തിന്റെ മുൻധാരകളിൽ നിന്ന്​ വിയന്ന സർക്കിളിന്റെ നിലപാടുകളും സമീപനങ്ങളും വ്യത്യസ്തതയാർജ്ജിക്കുന്നുണ്ട്. കോംതെ- മാഹ് പാരമ്പര്യത്തിൽ നിന്നും ചില കാര്യങ്ങളെങ്കിലും അതിന് ഉപേക്ഷിക്കേണ്ടതുണ്ടായിരുന്നു. നിരീക്ഷണത്തിനും അനുഭവത്തിനും പ്രാധാന്യം നൽകിക്കൊണ്ട് അണുസിദ്ധാന്തത്തെ തന്നെ എതിർക്കുന്ന സമീപനങ്ങൾ ആധുനികശാസ്ത്രത്തിന്റെ ആദർശത്തിന് ഉതകുന്നതായിരുന്നില്ല. അതേസമയം ശാസ്ത്രസിദ്ധാന്തങ്ങൾ അനുഭവൈകമായി തെളിയിക്കേണ്ടതാണെന്ന കാര്യത്തെ ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല. വിചിന്തനപരമായ പ്രത്യക്ഷവസ്തുവാദം/വിചിന്തനപരമായ അനുഭവൈകവാദം (Logical Positivism / Logical Empiricism) എന്നിങ്ങനെ പുതിയ പേരുകളിൽ അത് അറിയപ്പെടാൻ തുടങ്ങിയത് ഇതുകൊണ്ടാണ്.

വിചിന്തനാത്മകവും ഗണിതശാസ്ത്രപരവുമായ സവിശേഷസ്വഭാവത്തെ എടുത്തുകാണിക്കാനാണ് ലോജിക്കൽ എന്ന പദം ഉൾക്കൊള്ളിച്ചിരുന്നത്. വിചിന്തനശാസ്ത്രവും ഗണിതവും അനുഭവൈകമാണെന്ന ജോൺ മില്ലിന്റെ അഭിപ്രായത്തെയല്ല, അവ സങ്കൽപ്പനങ്ങളുടേയും നിർവ്വചനങ്ങളുടേയും അടിസ്ഥാനത്തിലാണ് ശരിയാകുന്നതെന്ന ഫ്രെജെയുടേയും റസ്സലിന്റേയും വീക്ഷണത്തെയാണ് വിയന്ന സർക്കിൾ സ്വീകരിച്ചത്. ഗണിതപ്രസ്താവനകളെ വിശ്ലേഷണാത്മകനിർദ്ദേശങ്ങളായിട്ടാണ് കാണേണ്ടത്. കാന്റ് അവയെ അങ്ങനെ വിളിച്ചിരുന്നു. വിശ്ലേഷണാത്മകനിർദ്ദേശങ്ങൾ കാര്യകാരണബന്ധത്തെ ഉറപ്പിക്കുന്ന അർത്ഥപൂർണ്ണമായ പ്രസ്താവനകളായിരിക്കും, അഥവാ അവയുടെ ശരിയേയോ തെറ്റിനേയോ നിശ്ചയിക്കുന്നത് അവയിൽ

മോറിസ് ഷ്ലിക്ക്

ഉള്ളടങ്ങിയിരിക്കുന്ന പദങ്ങളുടെ അർത്ഥത്തിന്റെ അടിസ്ഥാനത്തിലാണ്. ജ്യാമിതിയെ ഇതിൽ നിന്നും വ്യത്യസ്തമായി കാണേണ്ടതുണ്ട്. അത് ഒരു അനുഭവൈകശാസ്ത്രമാണെന്ന സമീപനം ഡേവിഡ് ഹിൽബർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇവിടെ ഹിൽബർട്ടിന്റെ സമീപനം കാന്റിൽ നിന്നും വിരുദ്ധമാണെന്നു തീർച്ച! വിശ്ലേഷണാത്മകം (Analytic), സംശ്ലേഷണാത്മകം (Synthetic) എന്നിങ്ങനെയുള്ള വേർതിരിക്കലിനെ അമേരിക്കൻ വിചിന്തനശാസ്ത്രജ്ഞനായ ക്വിൻ പിന്നീട് വിമർശിക്കുന്നുണ്ട്.

വിചിന്തനാത്മക പ്രത്യക്ഷവസ്തുവാദത്തിന് പിൽക്കാലത്ത് വലിയ വിമർശനങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ചില സൂചനകൾ ഇതിന്നകം നൽകിക്കഴിഞ്ഞു. വിയന്ന സർക്കിളിന് എന്തു സംഭവിച്ചു? മുപ്പതുകളുടെ തുടക്കത്തിൽ തന്നെ നാസിസവും ഫാസിസവും യൂറോപ്പിലെ വലിയ രാഷ്ട്രീയശക്തികളായി മാറിക്കഴിഞ്ഞിരുന്നല്ലോ? ബുദ്ധിജീവിതത്തിലേക്കും അതു കടന്നു കയറി. ഉദാരവാദികളും സോഷ്യലിസ്റ്റുകളും ഇടതുപക്ഷക്കാരും ജൂതന്മാരും എല്ലാമടങ്ങുന്ന വിയന്ന സർക്കിളിനു നേരെ കടന്നാക്രമണങ്ങളുണ്ടായി. വിയന്ന സർക്കിളിന്റെ സ്ഥാപകനായ മോറിസ് ഷ്ലിക്ക് സർവ്വകലാശാലയുടെ പടിയിൽ വെടിയേറ്റു മരിച്ചു വീണു. മോറിസ് ഷ്ലിക്കിന്റെ ഒരു പൂർവ്വവിദ്യാർത്ഥിയും നാസി അനുഭാവിയുമായിരുന്ന ഹാൻസ് നെൽബോക്ക് ആയിരുന്നു കൊലയാളി. ഈ കൊലയ്ക്കു പ്രചോദനമേകിയ ലിയോ ഗബ്രിയേൽ എന്ന ഫാസിസ്റ്റ് പിന്നീട് വിയന്ന സർവ്വകലാശാലയിലെ പ്രൊഫസറായി. ഹിറ്റ്‌ലറുടെ സേന വിയന്നയിൽ പ്രവേശിച്ചയുടനെ നെൽബോക്ക് തടവിൽ നിന്നും മോചിതനുമായി. കുർട് ഗോഡൽ, വിറ്റ്ഗൻസ്റ്റൈൻ, വോൺ ന്യൂമാൻ, ആൽബർട്ട് ഐൻസ്റ്റൈൻ,...തുടങ്ങി എത്രയോ പേർ സ്വദേശം വിട്ടു ദൂരരാജ്യങ്ങളിലേക്കു കുടിയേറി. ▮


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments