എല്ലാ ദേശങ്ങളിലേയും മനുഷ്യർക്കും മനസ്സിലാക്കാനും പരിശോധിക്കാനും വികസിപ്പിക്കാനും കഴിയുന്ന സാർവ്വലൗകികമായ ഗണിതശാസ്ത്രപരികല്പനകളെ ആധുനിക ശാസ്ത്രം ഉപയോഗപ്പെടുത്തുന്നതിലേക്കു വഴിവെച്ച ചരിത്രം പരിശോധിക്കപ്പെടുകയാണിവിടെ
പ്രപഞ്ചത്തെ കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ വലിയ മാറ്റങ്ങൾക്കും തിരുത്തലുകൾക്കും വിധേയമാക്കിയ നിരവധി വിപ്ലവങ്ങളെ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്ന് നമുക്കു കണ്ടെടുക്കാം. അവയിൽ, കോപ്പർനിക്കസിന്റെ പേരിൽ അറിയപ്പെടുന്ന വിപ്ലവം ഏറ്റവും പ്രാധാന്യമുള്ള ഒന്നത്രെ! മനുഷ്യനു വസിക്കാനായി സ്രഷ്ടാവ് തെരഞ്ഞെടുത്തു നൽകിയ ഇടമായിട്ടാണ് മദ്ധ്യകാല യൂറോപ്യൻ മതങ്ങൾ ഭൂമിയെ മനസ്സിലാക്കിയിരുന്നത്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി ഗണിക്കപ്പെട്ടിരുന്നു. തന്റെ അരുമയായ പുത്രന് പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലാണ് ദൈവം വാസസ്ഥലമൊരുക്കിയത്. ഈ വിശ്വാസത്തെ നെടുകെ പിളർക്കുന്ന ആശയമാണ് കോപ്പർനിക്കൻ വിപ്ലവം
കൊണ്ടുവരുന്നത്. ഭൂമിയെ കേന്ദ്രമാക്കുന്ന ലോകത്തിനു പകരം സൂര്യകേന്ദ്രലോകത്തെ സ്ഥാപിക്കുന്ന വിപ്ലവമാണ് കോപ്പർനിക്കസിലൂടെ സംഭവിച്ചത്. സൂര്യനെന്ന നക്ഷത്രത്തെ ചുറ്റുന്ന ഒരു ചെറിയ ഗ്രഹമായി ഭൂമി മാറ്റപ്പെട്ടു. ഭൂമിയുടെ സ്ഥാനം പുനർനിർവ്വചിക്കപ്പെടുന്നതിലൂടെ ദൈവത്തിന്റെയും മനുഷ്യന്റെയും സ്ഥാനം കൂടി പുനർനിർവ്വചിക്കപ്പെടുന്നുണ്ടായിരുന്നു. വിശ്വാസസംഹിതകൾക്കു വലിയ പരിക്കേൽപ്പിക്കുന്ന സങ്കൽപ്പനമാണ് കോപ്പർനിക്കസ് മുന്നോട്ടുവച്ചത്. അത്, സത്യവേദപുസ്തകത്തിലെ തിരുവെഴുത്തിനു വിരുദ്ധമായിരുന്നു. പാശ്ചാത്യമനുഷ്യന്റെ മൂല്യസങ്കൽപ്പനങ്ങളിലും സംവേദനത്തിലും അത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
കോപ്പർനിക്കൻ വിപ്ലവം
ഗണിതശാസ്ത്രപരമായ ജ്യോതിശാസ്ത്രത്തിന്റെ കേന്ദ്രസങ്കൽപ്പനത്തിൽ വരുന്ന ഒരു മാറ്റമാണ് കോപ്പർനിക്കസ്സിന്റെ വിപ്ലവത്തിനു കാരണമാകുന്നതെങ്കിലും അതിന്റെ പ്രഭാവങ്ങൾ ബഹുദിശീയമായിരുന്നു. വാനശാസ്ത്രത്തിലും ഭൗതികത്തിലും തത്ത്വചിന്തയിലും മതത്തിലും പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ അതു പര്യാപ്തമായിരുന്നു. കോപ്പർനിക്കസ് കൊണ്ടുവന്ന വിപ്ലവത്തിന്റെ ബഹുസ്വരത സവിശേഷമായിരുന്നു. ഒരു സവിശേഷമണ്ഡലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഒരു സങ്കൽപ്പനത്തിന് ചിന്തയുടെ വിവിധവും വ്യത്യസ്തവുമായ മണ്ഡലങ്ങളെ ഏകോപിപ്പിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ഈ വിപ്ലവം കാണിച്ചു തരുന്നു. ഒരു ശാസ്ത്രസങ്കൽപ്പനം രൂപപ്പെടുന്നതെങ്ങനെയാണെന്നും മുൻകാലസങ്കൽപ്പനങ്ങളെ പ്രതി സ്ഥാപിക്കുന്നതെങ്ങനെയാണെന്നും സമർത്ഥമായി തെളിയിച്ചുകാണിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നായി കോപ്പർനിക്കൻ വിപ്ലവം ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ ചിന്താപ്രക്രിയയെ തന്നെ ഉടച്ചു വാർത്ത വിപ്ലവമാണ് കോപ്പർനിക്കസ് കൊണ്ടുവന്നത്. അതിന്റെ പ്രഭാവങ്ങൾ ദീർഘകാലത്തേക്കും; ഒരു പക്ഷേ എന്നന്നേക്കും, നിലനിൽക്കുന്നതും നിരന്തരം പുതുക്കാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു.
ജ്യോതിശാസ്ത്രത്തിൽ കോപ്പർനിക്കസിന്റെ പാത വ്യത്യസ്തമായിരുന്നുവെങ്കിലും അദ്ദേഹം പിന്തുടർന്ന ഭൗതികശാസ്ത്ര ആശയങ്ങൾ അരിസ്റ്റോട്ടിലിന്റേതായിരുന്നു. അരിസ്റ്റോട്ടിലിന്റെ ആശയങ്ങളാണ് യൂറോപ്പിൽ പ്രചാരത്തിൽ മുന്തിനിന്നിരുന്നത്. കോപ്പർനിക്കസ് പഠിച്ച ഇറ്റലിയിലെ സർവ്വകലാശാലകളിൽ പ്ലാറ്റോണിസ്റ്റുകൾ എന്നു വിളിക്കാവുന്ന ചിലരുണ്ടായിരുന്നു. എങ്കിലും, കോപ്പർനിക്കസിനെ അരിസ്റ്റോട്ടിലിന്റെ അവസാനത്തെ പിൻഗാമികളിൽ ഒരാളായി ആർതർ കോയ്സ്ലർ വിശേഷിപ്പിക്കുന്നു. അരിസ്റ്റാർക്കിന്റെ ആശയവും കോപ്പർനിക്കസിനെ സ്വാധീനിച്ചിരുന്നു. നിക്കോളാസ് കുസയേയും റെജിയൊമൊണ്ടാണസിനേയും പോലുള്ള പഴയകാല ചിന്തകർ സൂര്യകേന്ദ്രിതമായ ഒരു മാതൃകയെ കുറിച്ച് ആലോചിച്ചിരുന്നതായി കോപ്പർനിക്കസ് പഠിച്ചിരുന്ന സർവ്വകലാശാലകളിൽ ചർച്ച ചെയ്തിരുന്നു. കോപ്പർനിക്കസിന്റെ സൂര്യകേന്ദ്രമാതൃകയ്ക്കായി ഉപയോഗിച്ച നിരീക്ഷണങ്ങൾ ഖൽദയോസിൽ നിന്നും ഗ്രീക്കുകാരിൽ നിന്നും സ്വീകരിക്കപ്പെട്ടതായിരുന്നുവെന്നു കരുതപ്പെടുന്നുണ്ട്. അദ്ദേഹം സ്വയം നടത്തിയ ഇരുപത്തേഴു നിരീക്ഷണങ്ങളെ കൂടാതെ സൂര്യകേന്ദ്രവ്യവസ്ഥയുടെ രൂപീകരണത്തിനായി ഉപയോഗിച്ച ഡാറ്റ പൂർണ്ണമായും ടോളമിയുടേയും ഹിപ്പാർക്കസിന്റേയും മറ്റു ഗ്രീക്ക്-അറബ് വാനശാസ്ത്രകാരന്മാരുടേതുമായിരുന്നു. കുറ്റങ്ങളും കുറവുകളുമില്ലാത്ത തെളിവുകളായി കോപ്പർനിക്കസ് ഇവയെ സ്വീകരിച്ചു. സൂര്യകേന്ദ്രീയമായ ഒരു മാതൃകയെ കുറിച്ചുള്ള ആശയങ്ങൾ നേരത്തെ തന്നെ ഇറ്റലിയിലും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്നുവെന്നും കരുതണം. (ഇന്ത്യയിൽ, ആര്യഭടൻ സൂര്യകേന്ദ്രമാതൃകയെ കുറിച്ച് സൂചിപ്പിച്ച ജ്യോതിശാസ്ത്രജ്ഞനായിരുന്നു.) കോപ്പർനിക്കസ് സ്വയം നടത്തിയിരുന്ന ഗ്രഹനിരീക്ഷണങ്ങളുടെ കൃത്യതയെ കുറിച്ച് സംശയാകുലനായിരുന്നു. അദ്ദേഹത്തിന്റെ കൃതിയുടെ പ്രസിദ്ധീകരണത്തിനു കാലതാമസം ഉണ്ടായത് ഈ കൃത്യതക്കുറവു കൊണ്ടാണെന്നു കരുതപ്പെടുന്നുണ്ട്. എന്നാൽ, പൗരാണികരുടെ ആധികാരികതയിൽ അദ്ദേഹം അന്ധമായി വിശ്വസിച്ചിരുന്നു.
ആകാശഗോളങ്ങളുടെ ഭ്രമണചലനങ്ങളെ കുറിച്ചുള്ള പുസ്തകം 1573ൽ നൂറംബർഗിൽ ആദ്യമായി പ്രസിദ്ധീകൃതമായി. തന്റെ മരണദിനത്തിൽ ആ പുസ്തകം കണ്ടതിനു ശേഷമാണ് കോപ്പർനിക്കസ് കണ്ണടച്ചത്. ആയിരം പ്രതികൾ പൂർണ്ണമായും വിറ്റു തീർന്നില്ല. ലോകത്തിന്റെ വിജ്ഞാനചരിത്രത്തെ മാറ്റിമറിച്ച കോപ്പർനിക്കൻ വിപ്ലവത്തെ പ്രതിപാദിക്കുന്ന പുസ്തകം വിൽപ്പനയിൽ വളരെ മോശം പ്രകടനമാണ് കാഴ്ച വച്ചത്
വൃത്തപഥങ്ങളിലൂടെ ഏകവേഗത്തിൽ ചലിക്കുന്ന ഗ്രഹങ്ങളെ പഴയ ജ്ഞാനികൾ സങ്കൽപ്പിച്ചിരുന്നുവെന്ന വിശ്വാസമാണ് സൂര്യകേന്ദ്രവ്യവസ്ഥയെ കുറിച്ച് ആലോചിക്കാൻ കോപ്പർനിക്കസിനെ പ്രേരിപ്പിച്ചത്. ഗ്രഹചലനങ്ങളുടെ ഒരു ലളിതസിദ്ധാന്തം രൂപീകരിക്കുകയെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും പ്രതീക്ഷയും സഫലമായില്ല. തെറ്റായ ചില വാദങ്ങളിലൂടെ ഗ്രഹങ്ങളുടെ പാതകൾ ദീർഘവൃത്തങ്ങളായി തീരുന്ന ഒരു സന്ദർഭത്തെ കുറിച്ച് നിഗമിക്കാൻ കോപ്പർനിക്കസ് പ്രേരിതനാകുന്നുണ്ടെങ്കിലും ആ കലനങ്ങളെ അദ്ദേഹം വെട്ടിക്കളയുകയും ഉപേക്ഷിക്കുകയും തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തു. ആകാശഗോളങ്ങളുടെ ഭ്രമണചലനങ്ങളെ കുറിച്ചുള്ള പുസ്തകം 1573ൽ നൂറംബർഗിൽ ആദ്യമായി പ്രസിദ്ധീകൃതമായി. തന്റെ മരണദിനത്തിൽ ആ പുസ്തകം കണ്ടതിനു ശേഷമാണ് കോപ്പർനിക്കസ് കണ്ണടച്ചത്. ആയിരം പ്രതികളാണ് അത് അച്ചടിച്ചിരുന്നത്. അവ പൂർണ്ണമായും വിറ്റു തീർന്നില്ല. ലോകത്തിന്റെ വിജ്ഞാനചരിത്രത്തെ മാറ്റിമറിച്ച കോപ്പർനിക്കൻ വിപ്ലവത്തെ പ്രതിപാദിക്കുന്ന പുസ്തകം വിൽപ്പനയിൽ വളരെ മോശം പ്രകടനമാണ് കാഴ്ച വച്ചത്. പുസ്തകം ഒട്ടും തന്നെ വായനാക്ഷമമായിരുന്നില്ലത്രെ! ടോളമിയുടെ വ്യവസ്ഥയിലെന്ന പോലെ തന്നെ കോപ്പർനിക്കസിന്റെ വ്യവസ്ഥയും ധാരാളം വൃത്തപഥങ്ങളെ ആവശ്യപ്പെടുന്ന രീതിയിൽ സങ്കീർണ്ണത നിറഞ്ഞതായിരുന്നു. കോപ്പർനിക്കസിന്റെ വ്യവസ്ഥയിൽ മുപ്പതു വൃത്തങ്ങൾ വേണമായിരുന്നു. ലാളിത്യത്തിനും എളുപ്പത്തിനും വേണ്ടി ഇവരുടെ പദ്ധതികൾക്കിടയിൽ ഒരു തെരഞ്ഞെടുപ്പ് അസാധ്യമായിരുന്നു.
ഗലീലിയോ സാധ്യമാക്കിയ വിപ്ലവം
പിൽക്കാലത്ത് ടൈക്കോ ബ്രാഹേയാണ് വിപുലവും സ്വീകാര്യവുമായ നിരവധി വാനനിരീക്ഷണങ്ങൾ നടത്തിയത്. ടൈക്കോ ബ്രാഹേയുടെ നിരീക്ഷണങ്ങളുടേയും കലനത്തിന്റേയും കാലത്താണ് സിദ്ധാന്തവും പരീക്ഷണനിരീക്ഷണങ്ങളും തമ്മിലുള്ള യോജിപ്പിന്റെ ആവശ്യകത
കൂടുതൽ വ്യക്തമായി ബോദ്ധ്യപ്പെട്ടു തുടങ്ങുന്നത്. കെപ്ലറുടെ ആറുവർഷം നീണ്ട കലനങ്ങളാണ് ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങൾ ദീർഘവൃത്തങ്ങളാണെന്നു തെളിയിക്കുന്നത്. ഇരുപതുവർഷങ്ങൾ കൊണ്ടാണ് കെപ്ലർ തന്റെ പേരിൽ അറിയപ്പെടുന്ന മൂന്നു ഗ്രഹചലനനിയമങ്ങൾ രൂപപ്പെടുത്തിയത്. ബ്രാഹേയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കെപ്ലർ രൂപീകരിച്ച ജ്യോതിർഗോളങ്ങളുടെ പട്ടിക ഉപയോഗിച്ച് ഭൂത, വർത്തമാന, ഭാവികാലങ്ങളിലെ ആകാശഗോളസ്ഥാനങ്ങളെ കണ്ടെത്താൻ കഴിയുമായിരുന്നു. കോപ്പർനിക്കൻ വിപ്ലവം കോപ്പർനിക്കസിലോ അതിനു മുമ്പു തന്നെയോ ആരംഭിക്കുന്നതും കെപ്ലറിലും ഗലീലിയോയിലും ന്യൂട്ടനിലും വരെ എത്തിനിൽക്കുന്നതുമായിരുന്നു. ഗലീലിയോയിൽ, ആധുനികശാസ്ത്രം മറ്റൊരു വലിയ വിപ്ലവകരമായ മാറ്റത്തിനു വിധേയമാകുന്നു.
ആധുനികതത്ത്വചിന്തയുടെ സ്ഥാപകനായി പരിഗണിക്കപ്പെടുന്നത് റെനെ ദെക്കാർത്തെയെയാണ്. എന്നാൽ, ആധുനികത ഉദ്ഘാടനം ചെയ്യപ്പെട്ടത് ശാസ്ത്രത്തിന്റെ മണ്ഡലത്തിലായിരുന്നു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പുതുക്കിപ്പണിയുന്നത് ഗലീലിയോ ആയിരുന്നു. ആധുനികശാസ്ത്രത്തിന്റെ പിതാവ് ഗലീലിയോ ആയിരുന്നു. രീതിശാസ്ത്രപരമായ സവിശേഷതകൾ പരമ്പരാഗതശാസ്ത്രങ്ങളിൽ നിന്ന് ആധുനികശാസ്ത്രത്തെ വ്യതിരിക്തമാക്കി. പരമ്പരാഗതശാസ്ത്രങ്ങളുടെ പരീക്ഷണങ്ങളും വിശകലനങ്ങളും പരിശോധനീയമല്ലാത്ത സംവർഗങ്ങളിന്മേലാണ് ചിട്ടപ്പെടുത്തിയിരുന്നത്. അവയ്ക്ക് പ്രാദേശികമോ വംശീയമോ ആയ കടപ്പാടുകളുണ്ടായിരുന്നു. ഗണിതശാസ്ത്രപരമായ സങ്കല്പനങ്ങളെ ക്രമീകൃതമായ പരീക്ഷണപ്രയോഗങ്ങൾക്ക് വിധേയമാക്കി പരിശോധിക്കുന്ന പുതിയ രീതിശാസ്ത്രം ആവിഷ്‌ക്കരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ഗലീലിയോയാണ്. ആധുനികശാസ്ത്രത്തിലെ പരീക്ഷണനിരീക്ഷണങ്ങളുടെ ലക്ഷ്യംതന്നെ പ്രകൃതിയാഥാർത്ഥ്യത്തെ കുറിച്ചുളള അറിവുകളെ ഗണിതശാസ്ത്രത്തിന്റെ പദാവലികളിലേക്ക് വിവർത്തനം ചെയ്യുകയെന്നതായിരുന്നു. പ്രകൃതി എഴുതപ്പെട്ടിരിക്കുന്നത് ഗണിതശാസ്ത്രത്തിന്റെ ഭാഷയിലാണെന്ന ഗലീലിയോയുടെ പ്രശസ്തമായ പ്രസ്താവം ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുള്ള പുതിയ വീക്ഷണമാണ് വിളംബരം ചെയ്തത്. ആധുനികശാസ്ത്രത്തിന് സാർവ്വലൗകികമായ ഒരു ഭാഷ; ഗണിതശാസ്ത്രത്തിന്റെ ഭാഷ, കണ്ടെത്താൻ കഴിഞ്ഞു. ശാസ്ത്രം അതിന്റെ ഭാഷയെ കണ്ടെത്തിക്കഴിഞ്ഞതിനുശേഷമാണ് അതിനു അഭൂതപൂർവ്വമായ വളർച്ച സാധ്യമായത്. എല്ലാ ദേശങ്ങളിലേയും മനുഷ്യർക്കും മനസ്സിലാക്കാനും പരിശോധിക്കാനും വികസിപ്പിക്കാനും കഴിയുന്ന സാർവ്വലൗകികമായ ഗണിതശാസ്ത്രപരികല്പനകളെ ആധുനികശാസ്ത്രം ഉപയോഗപ്പെടുത്തുന്നത് ഇതോടു കൂടിയാണ്.
ആധുനികശാസ്ത്രം എല്ലാ ദേശങ്ങൾക്കും പൊതുവായതാണെന്ന് ജോസഫ് നീധം പറയുന്നത് ഈ സവിശേഷസന്ദർഭത്തെ മുൻനിർത്തിയാണ്. സാർവലൗകികമായ ഒരു സംസ്‌ക്കാരമാണ് (Cultural Universal) ശാസ്ത്രത്തിന്റേതെന്ന ധാരണയിൽ നീധം എത്തിച്ചേരുന്നുണ്ടല്ലോ, നമുക്കു വിയോജിക്കാമെങ്കിലും. പരമ്പരാഗതശാസ്ത്രങ്ങൾക്കു മേൽ ആധുനികശാസ്ത്രം നേടിയ ഗുണപരമായ മെച്ചത്തിന്റെ സൂചനകൾ അതിലുണ്ടായിരുന്നു. എന്നാൽ, പരമ്പരാഗതശാസ്ത്രങ്ങളുടെ ഘടനക്കുളളിൽ വികസിച്ചുവന്ന പ്രശ്‌നങ്ങളേയും സങ്കേതങ്ങളേയും തന്നെയാണ് ആധുനികശാസ്ത്രം ഉപയോഗപ്പെടുത്തിയത്. ജ്യാമിതീയതെളിവുകളുടെ യൂക്ലിഡിയൻ മാതൃകയും ഗ്രഹങ്ങളുടെ ചലനത്തെ കുറിച്ചുളള ടോളമിയുടേയും അരിസ്റ്റാർക്കിന്റേയും വിശകലനങ്ങളും ഗ്രീസിൽ നിന്നും അറേബ്യൻ നാടുകൾ വഴി യൂറോപ്പിൽ എത്തിച്ചേർന്നിരുന്നതിനെ കുറിച്ച് നേരത്തെ പരാമർശിച്ചല്ലോ? ഇന്ത്യയിൽ നിന്നും അറേബ്യ വഴി യൂറോപ്പിനു ലഭിച്ച സംഖ്യാസമ്പ്രദായത്തിന്റെ അഭാവത്തിൽ ഗലീലിയോയുടെ ശാസ്ത്രപ്രവർത്തനങ്ങൾ അസാധ്യമായിരുന്നു.
സത്യവേദപുസ്തകത്തേയും പ്രകൃതിയേയും എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടെതെന്ന് ഗലീലിയോ വിശദമാക്കുന്നുണ്ട്. ബൈബിളിന്റെ ആധികാരികത വിശ്വാസത്തിന്റേയും ധാർമ്മികതയുടേയും മണ്ഡലങ്ങളിൽ ഒതുങ്ങി നിൽക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. പള്ളി അധികാരികൾ നിർദ്ദേശിക്കുന്നതു പോലെ കോപ്പർനിക്കസിന്റെ പുസ്തകത്തിലെ ഉള്ളടക്കത്തെ തിരുത്തുന്നതു വരെ അതു നിരോധിക്കപ്പെടുന്നു
ഗലീലിയോ നടത്തിയ ഗണിതവൽക്കരണത്തിലൂടെ പ്രകൃതി എന്ന സങ്കല്പനം പരിവർത്തനത്തിനു വിധേയമാകുകയായിരുന്നു. ആദർശീകൃത ജ്യാമിതി പ്രായോഗിക ജ്യാമിതിയായി മാറ്റപ്പെട്ടു. പ്രാപഞ്ചികവസ്തുക്കളെ കുറിച്ച് മനുഷ്യവംശം അന്നേവരെ പുലർത്തിയിരുന്ന ധാരണകളെ മാറ്റിമറിയ്ക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ഗലീലിയോ നടത്തിയത്. അത് യുക്തിചിന്തയെ പുതുക്കിപ്പണിതു. പ്രകൃതി ഒരു ഗണിതശാസ്ത്രവൈവിദ്ധ്യമായി മാറി. ഗണിതം പ്രകൃതിയുടെ തന്നെ ഭാഗമായ ഉണ്മയായി മാറുകയായിരുന്നു. പ്രകൃതി അളവുകൾക്കും കണക്കുകൂട്ടലുകൾക്കുമായി സമർപ്പിക്കപ്പെട്ടു. വസ്തുക്കളിൽ നിന്നും അളന്നെടുക്കാൻ കഴിയുന്നതും അക്കങ്ങൾ കൊണ്ട് രേഖപ്പെടുത്താൻ കഴിയുന്നതുമായ ഗുണങ്ങൾക്ക് സവിശേഷപ്രാധാന്യം ലഭിച്ചു. അവ പ്രാഥമികഗുണങ്ങളെന്നു വിളിക്കപ്പെട്ടു. നീളവും വ്യാപ്തവും ഭാരവും സമയവുമെല്ലാം പ്രാഥമികഗുണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു. രുചിയും മണവും വികാരങ്ങളും അളവുകൾക്കു വിധേയമാക്കി അക്കങ്ങളാക്കി പരിവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ദ്വിതീയഗുണങ്ങളായി മാറ്റിനിർത്തപ്പെട്ടു. എണ്ണമറ്റ ഭൗതികവസ്തുക്കളുടെ ലോകം ജീവലോകത്തു നിന്നു വേർപ്പെടുത്തപ്പെട്ടു. അവ രണ്ടു ലോകങ്ങളായി. ഗണിതശാസ്ത്രം ഭൗതികവസ്തുക്കളെ കുറിച്ചു നൽകുന്ന സൈദ്ധാന്തികമായ അറിവിനെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഉറപ്പിക്കണമെന്ന് ഗലീലിയോയുടെ രീതിശാസ്ത്രം നിർദ്ദേശിക്കുന്നുണ്ട്.
ഭൗതികവസ്തുക്കൾ പരിചയത്തിൽ വരുന്നത്; ഭൗതികശാസ്ത്രത്തിലെ വസ്തുക്കൾ എന്ന നിലയ്ക്കല്ല, നിത്യജീവിതത്തിലെ ഇന്ദ്രിയസംവേദനങ്ങൾ എന്ന നിലയ്ക്കാണ്. സംവേദനത്തെ സംവേദനവസ്തുവിന്റെ നേരിട്ടുള്ള ഗ്രാഹ്യമെന്നു കാണാതെ, സവിശേഷമായ രേഖീകരണത്തിലൂടെ കൈവരുന്ന പരോക്ഷമായ അവബോധമായി കാണുന്ന സമീപനമാണ് ഗലീലിയോ സ്വീകരിച്ചത്. അത് ദെക്കാർത്തെയുടെ നിലപാടുകൂടിയായിരുന്നു. ആധുനികശാസ്ത്രത്തിന്റെ നിലപാടാണത്. ഈ നിലപാടിനെ എഡ്മണ്ട് ഹുസേൽ വിമർശിക്കുന്നുണ്ട്. ശാസ്ത്രവസ്തുവും ആനുഭവികവസ്തുവും എന്ന മാരകമായ പിളർപ്പാണ് ഗലീലിയോ സൃഷ്ടിച്ചതെന്ന് ഹുസേൽ പറയുന്നു. ഈ വിമർശത്തെ നാം വിശദമായി പിന്നീടു പരിശോധിക്കുന്നുണ്ട്. പ്രകൃതിവസ്തുക്കളെ ഗണിതശാസ്ത്രവസ്തുക്കളായി ന്യൂനീകരിച്ചതിനെ കുറിച്ച് ഹുസേലിനേയും ഹൈഡഗറേയും പോലുള്ള ചിന്തകർ വലിയ വിമർശങ്ങൾ ഉയർത്തിയെങ്കിലും ശാസ്ത്രത്തിലെ വസ്തു പൊതുബോധത്തിലെ വസ്തുവല്ലെന്നും ശാസ്ത്രം നിർമ്മിച്ചെടുക്കുന്ന വസ്തുവാണെന്നുമുള്ള സമീപനത്തിലേക്ക് ബാഷ്‌ലാദിനെ പോലുള്ള ചിന്തകന്മാർ സഞ്ചരിക്കുന്നതു കാണാം. ശാസ്ത്രചിന്തയുടെ യുക്തിപരമായ ചട്ടക്കൂട് ഗണിതത്തിന്റേതാണെന്ന് ബാഷ്‌ലാദ് വാദിക്കുന്നു.
മതവിചാരണ
ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന് ഗണിതവൽക്കരണത്തിന്റെ വ്യത്യസ്തമായ വഴി തുറന്നു നൽകിയതാണ് ഗലീലിയോയുടെ പ്രധാനപ്പെട്ട സംഭാവനയെന്നു കാണാം. എന്നാൽ, അദ്ദേഹം നടത്തിയ സൗരയൂഥനിരീക്ഷണങ്ങളുടേയും കോപ്പർനിക്കസിന്റെ സിദ്ധാന്തത്തിനു നൽകിയ പ്രചാരത്തിന്റേയും തുടർന്നു നടക്കുന്ന മതവിചാരണയുടേയും പേരിലാണ് ജനങ്ങൾക്കിടയിൽ ഏറെയും അറിയപ്പെടുന്നത്. 1610ൽ ടസ്‌കനിയിയിലെ ഗ്രാന്റ് ഡ്യൂക്കിന്റെ കോടതിയിലെ തത്ത്വചിന്തകനായി ഗലീലിയോ പ്രവൃത്തിയെടുത്തിരുന്നു. ഇപ്പോൾ നാം ശാസ്ത്രം എന്നു വിളിക്കുന്ന അർത്ഥത്തിൽ തത്ത്വചിന്തയെ ഉപയോഗിക്കുന്നതിനും ഈ നിലപാടുള്ളവരെ വ്യത്യസ്ത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിനും ഗലീലിയോ തന്റെ ഈ പദവിയിലൂടെ ശ്രമിക്കുന്നു. പിസാ സർവ്വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറായി ബെനസിറ്റോ കാസ്റ്റെലിയെ നിയമിക്കുന്നത് ഇങ്ങനെയാണ്. ഭൂമിയുടെ ചലനത്തെ കുറിച്ചുള്ള കോപ്പർനിക്കൻ ആശയങ്ങൾ പഠിപ്പിക്കരുതെന്ന് ചിലർ കാസ്റ്റെലിയോട് ആവശ്യപ്പെടുന്നുണ്ട്. ഭൂമിയുടെ ചലനത്തെ കുറിച്ചുള്ള ആശയങ്ങൾ സത്യവേദപുസ്തകവുമായി വൈരുദ്ധ്യത്തിലാണെന്ന് ഗ്രാന്റ് ഡ്യൂക്കസ് ക്രിസ്റ്റീന പറയുന്നു. ഇക്കാര്യം കാസ്റ്റെലി ഗലീലിയോയുമായി ചർച്ച ചെയ്യുന്നുണ്ട്. ഇതിനെ കുറിച്ച് ഗലീലിയോ എഴുതുന്ന കത്തിൽ മതവും ശാസ്ത്രവും കൂട്ടിക്കുഴക്കരുതെന്ന് അഭിപ്രായപ്പെടുന്നു. ദൈവം സത്യവേദപുസ്തകത്തിന്റേതെന്ന പോലെ പ്രകൃതിയുടേയും ഗ്രന്ഥകാരനാണ്. പ്രകൃതിയും സത്യവേദപുസ്തകവും തുറന്നു തരുന്നത് സത്യങ്ങളാണ്. ബൈബിളിന്റെ ഭാഷ സാധാരണ മനസ്സിലാക്കലിനു വേണ്ടിയുള്ളതാണ്. ഭൂമി ചലിക്കുന്നില്ലെന്ന വേദപുസ്തകത്തിലെ വാക്യങ്ങൾ സാധാരണ അനുഭവത്തിന്റെ രേഖീകരണമാണ്. ഭൂമി ചലിക്കുന്നുവെന്ന് പ്രകൃതി നമ്മെ ബോധ്യപ്പെടുത്തുന്നുവെങ്കിൽ അതിലും നാം സംശയിക്കേണ്ടതില്ല. പ്രകൃതി ലളിതമായി നമ്മുടെ മുന്നിൽ കാണിച്ചുതരുന്ന യാഥാർത്ഥ്യത്തെ ബൈബിൾ കൊണ്ട് എതിർക്കരുത്. ഗലീലിയോയുടെ ഈ കത്തിന്റെ പകർപ്പുകളെടുത്ത് കാസ്റ്റെലി വിതരണം ചെയ്യുന്നു. ഈ പകർപ്പുകൾ മഹാശാസ്ത്രജ്ഞന്റെ ശത്രുക്കളുടെ കൈകളിലും എത്തിച്ചേരാനുള്ള സാധ്യതയുണ്ടായിരുന്നു.
നിക്കോളോ ലോറിനി എന്ന വൈദികൻ റോമിലെ മതദ്രോഹവിചാരകരുടെ പക്കൽ ഗലീലിയോയുടെ കത്തിന്റെ പകർപ്പ് എത്തിക്കുന്നു. മതദ്രോഹവിചാരകർ ഇതേ കത്ത് ദൈവശാസ്ത്ര ഉപദേശകനും അയക്കുന്നുണ്ടെങ്കിലും അതിന്റെ ഉള്ളടക്കം ദൈവനിഷേധപരമാണെന്ന് അദ്ദേഹം കരുതുന്നില്ല. ഫാദർ ലോറിനിക്ക് കത്ത് എത്തിച്ചു നൽകിയ തോമസോ കാക്കിനി റോമിൽ പോകുകയും സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി സൂര്യനെ ചുറ്റി ചലിക്കുകയാണെന്നുമുള്ള കോപ്പർനിക്കൻ ആശയങ്ങൾ ഗലീലിയോ പഠിപ്പിക്കുന്നതായി മതദ്രോഹവിചാരകരെ അറിയിക്കുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ, റോമിലെ തന്റെ ചില സുഹൃത്തുക്കളുമായി ഗലീലിയോ കത്തിടപാടുകൾ നടത്തുന്നുണ്ട്. നേപ്പിൾസിലെ വൈദികനായിരുന്ന പൗലോ ഫൊസ്‌കാരിനി പ്രസിദ്ധീകരിച്ച ലഘുലേഖയിൽ കോപ്പർനിക്കൻ വ്യവസ്ഥയെ ബൈബിളിനു വിരുദ്ധമായി കാണാൻ കഴിയില്ലെന്ന്
എഴുതുന്നുണ്ട്. ഇതിന്റെ പകർപ്പ് കർദ്ദിനാൾ റോബർട്ട് ബെല്ലാർമിനോക്കു ലഭിക്കുന്നു. ഭൂമിയുടെ ചലനം ഒരു സങ്കൽപ്പനം മാത്രമാണെങ്കിൽ അതിനെ പ്രശ്‌നമാക്കേണ്ടതില്ലെന്ന സമീപനമാണ് കർദ്ദിനാൾ സ്വീകരിക്കുന്നത്. എന്നാൽ, ഭൂമി യഥാർത്ഥത്തിൽ ചലിക്കുന്നുണ്ടെങ്കിൽ അത് ക്രൈസ്തവവിശ്വാസത്തിനും സത്യവേദപുസ്തകത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഭൂമി ചലിക്കുന്നതിന് എന്തെങ്കിലും തെളിവുള്ളതായി തനിക്ക് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കർദ്ദിനാൾ ബെല്ലാർമിനോയുടെ നിലപാടിനുള്ള മറുപടിയെന്നോണം കാസ്റ്റെലിക്കും ക്രിസ്റ്റിനയ്ക്കും എഴുതുന്ന കത്തിൽ സത്യവേദപുസ്തകത്തേയും പ്രകൃതിയേയും എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടെതെന്ന് ഗലീലിയോ വിശദമാക്കുന്നുണ്ട്. ബൈബിളിന്റെ ആധികാരികത വിശ്വാസത്തിന്റേയും ധാർമ്മികതയുടേയും മണ്ഡലങ്ങളിൽ ഒതുങ്ങി നിൽക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. പള്ളി അധികാരികൾ നിർദ്ദേശിക്കുന്നതു പോലെ കോപ്പർനിക്കസിന്റെ പുസ്തകത്തിലെ ഉള്ളടക്കത്തെ തിരുത്തുന്നതു വരെ അതു നിരോധിക്കപ്പെടുന്നു. ഇങ്ങനെയാണ് താൽക്കാലികമായി ഈ വാദപ്രതിവാദങ്ങൾ അവസാനിക്കുന്നത്. ഗലീലിയോയെ വിളിച്ച് മുന്നറിയിപ്പ് നൽകാനും അദ്ദേഹത്തോട് കോപ്പർനിക്കസിന്റെ ആശയങ്ങളെ ഉപേക്ഷിക്കുന്നതിനു നിർദ്ദേശിക്കാനും പോപ്പ് കർദ്ദിനാൾ ബെല്ലാർമിനോയോട് ആവശ്യപ്പെടുന്നു. ബെല്ലാർമിനോയുടെ സാന്നിധ്യത്തിൽ നടക്കുന്ന വിചാരണയുടെ രേഖകൾ അനുസരിച്ച് കോപ്പർനിക്കസിന്റെ ആശയങ്ങളെ ഒഴിവാക്കുന്നതിനെ എതിർക്കുകയില്ലെന്ന് ഗലീലിയോ സമ്മതിക്കുന്നു. എന്നാൽ, വാക്കു കൊണ്ടോ എഴുത്തു കൊണ്ടോ കോപ്പർനിക്കസിന്റെ അഭിപ്രായങ്ങളെ ഉയർത്തിപ്പിടിക്കുകയോ പഠിപ്പിക്കുകയോ ചെയ്യില്ലെന്നു പറയുന്ന മറ്റൊരു രേഖയുടെ അടിയിൽ ഗലീലിയോ തന്റെ ഒപ്പു കൊണ്ട് സാക്ഷ്യപ്പെടുത്തിയില്ല.
തർക്കം; ശാസ്ത്രവും മതവും തമ്മിൽ
1623ൽ കർദ്ദിനാൾ ബാർബെറിനി പുതിയ പോപ്പായി അർബൻ എട്ടാമനെന്ന പേരിൽ വാഴിക്കപ്പെട്ടു. പുതിയ പോപ്പിനെ ഗലീലിയോ സന്ദർശിക്കുന്നുണ്ട്. കോപ്പർനിക്കസിന്റെ ആശയങ്ങൾക്കു മേലുള്ള നിരോധനം നീക്കുമോയെന്ന് അദ്ദേഹം അന്വേഷിക്കുന്നുണ്ട്. സന്ദർശനത്തിന്റെ ഫലമെന്നോണം ടോളമിയുടെ ഭൂമികേന്ദ്രവ്യവസ്ഥയുമായി താരതമ്യം ചെയ്തുകൊണ്ട് കോപ്പർനിക്കസിന്റെ സൂര്യകേന്ദ്രവ്യവസ്ഥയെ കുറിച്ച് എഴുതാൻ ഗലീലിയോക്ക് അനുമതി ലഭിക്കുന്നു. കോപ്പർനിക്കസിന്റെ സങ്കൽപ്പനങ്ങളെ വെളിവാക്കുന്ന സംഭാഷണങ്ങളുടെ രൂപത്തിൽ ഒരു പുസ്തകം രചിക്കാനാണ് ഗലീലിയോ ഒരുമ്പെട്ടത്. അരിസ്റ്റോട്ടിലിന്റെ വീക്ഷണങ്ങളുള്ള സിമ്പിളിക്ക, മുഖംമൂടിയിട്ട കോപ്പർനിക്കസായി സാൽവിയാറ്റി, ഗലീലിയോയുടെ സുഹൃത്തിന്റെ രൂപത്തിലുള്ള സാഗ്രെദോ എന്നിവരായിരുന്നു നാലു ദിവസത്തെ സംഭാഷണങ്ങളിലേർപ്പെട്ടത്. പൂർത്തിയാക്കിയ പുസ്തകത്തിന്റെ പ്രതി 1630ൽ റോമിലെ പള്ളി അധികാരികൾക്ക് സമർപ്പിക്കപ്പെട്ടു. "സംഭാഷണങ്ങൾ : ടോളമിയുടേയും കോപ്പർനിക്കസ്സിന്റേയും ലോകവ്യവസ്ഥകളെ കുറിച്ച് (Dialogues: On The Two Chief World Systems, Ptolomaic and Copernican) എന്ന പുസ്തകം മുഖ്യപരിശോധകൻ വായിക്കുകയും ചില തിരുത്തലുകൾ വരുത്തിയാൽ താൽക്കാലികമായ അനുമതി നൽകാൻ സമ്മതിക്കുകയും ചെയ്തു.
തിരുത്തലുകൾക്കായി ഗലീലിയോ ഫ്‌ളോറൻസിലേക്കു മടങ്ങി. ലിൻസിയൻ അക്കാദമിയാണ് പുസ്തകത്തിന്റെ പ്രസാധനം നിർവ്വഹിക്കുമെന്നു പ്രതീക്ഷിച്ചിരുന്നത്. അക്കാദമിക്കു വേണ്ടത്ര ധനസഹായം നൽകിയിരുന്ന രാജാവിന്റെ മരണവും വടക്കൻ ഇറ്റലിയിൽ പ്ലേഗ് പടർന്നു പിടിച്ചതും പുസ്തകപ്രസാധനത്തെ തടസ്സപ്പെടുത്തി. പുസ്തകം ഫ്‌ളോറൻസിൽ വച്ചു പ്രസിദ്ധപ്പെടുത്താൻ ഗലീലിയോ തീരുമാനിച്ചതോടെ അത് അവിടെത്തന്നെ പരിശോധനയ്ക്കു വിധേയമായി. 1632 ഫെബ്രുവരിയിൽ പുസ്തകത്തിന്റെ ആയിരം പ്രതികൾ പുറത്തുവന്നു.
ദൈവാധികാരം മനുഷ്യമനസ്സുകൾ കൊണ്ട് തടുത്തു നിർത്താനാവില്ലെന്ന പോപ്പിന്റെ ഉറച്ചശബ്ദം പുസ്തകത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. സംഭാഷണങ്ങളിൽ, സിമ്പിളിക്കയുടെ വാക്യങ്ങളായിട്ടാണ് അത് പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ടത്. പോപ്പ് അർബനെ ആക്ഷേപിക്കുന്ന രീതിയിലാണ് ഈ വാക്യങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന പ്രചരണങ്ങളുണ്ടായിരുന്നു. പോപ്പിന്റെ ചെവികളിലും ഈ വാർത്തകൾ എത്തിച്ചേർന്നു. പുസ്തകം നിരോധിക്കണമോയെന്ന് സൂക്ഷ്മാന്വേഷണം നടത്താൻ ഒരു പ്രത്യേകസമിതിയെ പോപ്പ് നിയോഗിച്ചതായിരുന്നു അതിന്റെ ഭവിഷ്യത്ഫലം. ഗലീലിയോയെ വിളിപ്പിക്കുന്നതിന് പ്രത്യേകസമിതി തീരുമാനിച്ചു. ഭൂമിയുടെ ചലനങ്ങളെ കുറിച്ച് ഒരിക്കലും പറയരുതെന്ന് ഗലീലിയോയെ നിർദ്ദേശിക്കുന്ന ഒരു രേഖ മതദ്രോഹവിചാരകരുടെ ഫയലുകളിൽ നിന്നും കണ്ടെടുത്തതായി ആ പ്രത്യേക സമിതി വെളിപ്പെടുത്തുന്നുണ്ട്. ഗലീലിയോ ആ നിർദ്ദേശത്തെ ഉൾക്കൊള്ളുകയോ അനുസരിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കണ്ടു. ഗലീലിയോയെ റോമിലേക്കു വിളിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ രോഗസ്ഥിതി യാത്രയെ ചില മാസങ്ങളോളം വൈകിപ്പിച്ചു. പെട്ടെന്ന് അനുസരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു. അല്ലെങ്കിൽ, അദ്ദേഹത്തെ ചങ്ങലയിൽ ബന്ധനസ്ഥനാക്കി കൊണ്ടുവരാൻ ഭടന്മാരെ നിയോഗിക്കുമെന്ന കൽപ്പനയും വന്നു. 1633 ഫെബ്രുവരി മാസത്തിൽ ഗലീലിയോ റോമിലെത്തിയെങ്കിലും ഏപ്രിലിലാണ് വിചാരണ ആരംഭിച്ചത്. കർദ്ദിനാൾ ബെല്ലാർമിനോയുടെ പത്രത്തിന്നനുസരിച്ചാണ് താൻ പ്രവർത്തിച്ചിട്ടുള്ളതെന്ന് ഗലീലിയോ മറുപടി നൽകി. അതു പ്രകാരം കോപ്പർനിക്കസിന്റെ ആശയങ്ങളെ ഉയർത്തിപിടിക്കില്ലെന്നു സമ്മതിച്ചിട്ടുണ്ടെങ്കിലും അതു പഠിപ്പിക്കില്ലെന്നു പറഞ്ഞിട്ടില്ല. തന്റെ പുസ്തകത്തിൽ, കോപ്പർനിക്കസിനെ നിരുപാധികം പിന്തുണയ്ക്കുന്നില്ല, അദ്ദേഹം നിരത്തുന്ന കാരണങ്ങൾ പ്രബലമല്ലെന്നാണ് പറയുന്നത്. കർദ്ദിനാൾ ബെല്ലാർമിനോയുടെ സാക്ഷ്യപത്രത്തെ കുറിച്ച് ഗലീലിയോ പറഞ്ഞ കാര്യങ്ങൾ വിചാരകന്മാർക്ക് പുതിയ കാര്യമായിരുന്നു. എങ്കിലും, മൂന്നു വിചാരണക്കാരും ഗലീലിയോ കുറ്റക്കാരനാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പക്ഷേ, അവരുടെ ഇംഗിതത്തിന്നനുസരിച്ച് കടുത്ത നടപടികളിലേക്കു നീങ്ങാൻ കഴിയുമായിരുന്നില്ല. ഗലീലിയോ വീട്ടുതടങ്കലിലെന്നോണം പാർപ്പിക്കപ്പെട്ടു. തന്റെ തെറ്റ് ശുദ്ധമായ അജ്ഞതയുടേയും അശ്രദ്ധയുടേയും ചിന്താശൂന്യതയുടേതുമാണെന്ന് അദ്ദേഹം കുമ്പസാരിച്ചു. ശാസ്ത്രവും മതവും തമ്മിൽ നടക്കുന്ന വലിയ തർക്കത്തിന്റെ വേദിയായി ഗലീലിയോയുടെ ജീവിതം മാറിത്തീരുന്നതാണ് നാം കാണുന്നത്.
ശാസ്ത്രത്തിന്റെ ഗണിതവൽക്കരണം
കോപ്പർനിക്കൻ വിപ്ലവം കെപ്ലറിലും ഗലീലിയോയിലും കൂടി കടന്ന് ന്യൂട്ടനിലെത്തുമ്പോഴേക്കും ആകാശഗോളങ്ങളുടെ ചലനവും ഭൂമിയിലെ വസ്തുക്കളുടെ ചലനവും ഏതാണ്ട് പൂർണ്ണമായും ഏകീകരണത്തിനു വിധേയമാകുന്നു. ശാസ്ത്രത്തിന്റെ ഗണിതവൽക്കരണമാണ് ഇക്കാര്യത്തിൽ
വലിയ സംഭാവന നൽകിയത്. ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഏകീകരണപ്രക്രിയയാണിത്. പ്രപഞ്ചത്തിന്റെ ഏകത്വത്തെ കുറിച്ചുള്ള ആശയങ്ങൾ മുളച്ചു തുടങ്ങുന്നുവെന്നർത്ഥം. ഇപ്പോൾ, സമകാലത്ത് എതിർപ്പുകൾ നേരിടേണ്ടി വരുന്ന ഒരു സമീപനമാണിത്. അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചം അവസാനമുള്ളതും പരിമിതവുമായിരുന്നു. പഴയകാല ഗ്രീക്കു ചിന്തകരായ ലൂസിപ്പസിനും ഡമോക്രിറ്റസിനും പ്രപഞ്ചം അനന്തമായിരുന്നെങ്കിലും അരിസ്റ്റോട്ടിലിന്റെ മാസ്മരികപ്രഭാവത്തിനു മുന്നിൽ ആ ആശയങ്ങൾ വേണ്ടത്ര നിലനിന്നില്ല. അവരുടെ രചനകൾ മദ്ധ്യകാലങ്ങളിലെത്തുമ്പോഴേക്കും മിക്കവാറും അപ്രത്യക്ഷമായിരുന്നു. കോപ്പർനിക്കൻ വിപ്ലവത്തിന്റെ തുടർച്ചയിൽ ഇംഗ്ലീഷുകാരനായ തോമസ് ഡിഗ്ഗസ് അനന്തപ്രപഞ്ചത്തെ കുറിച്ചുള്ള ആശയത്തെ പുനരവതരിപ്പിക്കുന്നുണ്ട്. (വർഷങ്ങൾക്കു മുന്നേ, കുസയിലെ നിക്കോളാസ് പ്രപഞ്ചത്തെ അനന്തഗോളമായി സങ്കൽപ്പിച്ചിരുന്നു. അദ്ദേഹം ഒരു മിസ്റ്റിക് ആയിരുന്നു. അദ്ദേഹത്തിന്റെ വാനഗോളചിന്തകൾ ശാസ്ത്രീയമായ ധാരണകൾ ഉണ്ടാക്കാൻ പര്യാപ്തമായിരുന്നില്ല.) കോപ്പർനിക്കസിന്റെ ആശയങ്ങളുടെ പ്രചാരകനായിരുന്ന ജോർദിനോ ബ്രൂണോ അനന്തപ്രപഞ്ചത്തെ കുറിച്ചുള്ള ആശയങ്ങളെ അക്കാലത്തെ ശാസ്ത്രസങ്കൽപ്പനങ്ങളുമായി ബന്ധിപ്പിച്ചു മനസ്സിലാക്കിയിരുന്നു. അനന്തശൂന്യതയെ കുറിച്ചുള്ള അണുവാദികളുടെ സങ്കൽപ്പനത്തെ കോപ്പർനിക്കൻ വിപ്ലവത്തിന്റെ സാഹചര്യങ്ങളുമായി ചേർത്തുവച്ചു കൊണ്ട് അനന്തപ്രപഞ്ചത്തെ കുറിച്ചുള്ള ആശയത്തെ അവതരിപ്പിക്കാൻ ബ്രൂണോയ്ക്കു കഴിഞ്ഞതായി തോമസ് കുൺ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോപ്പർനിക്കസ് തുടങ്ങിവച്ച ആശയവിപ്ലവത്തിന്റെ പരിസമാപ്തി ന്യൂട്ടന്റെ കണികാലോകയന്ത്രം എന്ന സങ്കൽപ്പനത്തിൽ കാണാൻ കഴിയും. ▮
(തുടരും)