ഗലീലിയോ ഗലീലി (മുട്ടുകുത്തി നിന്നുകൊണ്ട് ബൈബിളിനെ തള്ളിമാറ്റുന്നത്) വിചാരണ വേളയിൽ / Photo: commons.wikimedia

ഇപ്പോഴും വിമർശിക്കപ്പെടുന്ന ഗലീലിയോ

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം- 4

ഉത്തരാധുനികശാസ്ത്രത്തിന്റെ യുഗത്തിലും വിമർശത്തിന്റെ കുന്തമുന ഗലീലിയോയിലേക്കു നീളുന്നു

മുപ്പതുകളിലാണ് എഡ്മണ്ട് ഹുസേൽ യൂറോപ്യൻ ശാസ്ത്രങ്ങൾക്ക് വിമർശനം എഴുതുന്നത്. ക്രിസ്റ്റഫർ കോഡ്വെൽ ഭൗതികശാസ്ത്രത്തിന്റെ പ്രതിസന്ധിയെ കുറിച്ചു പറഞ്ഞ കാലമാണത്. യൂറോപ്യൻ ശാസ്ത്രങ്ങൾ പ്രതിസന്ധിയിലാണെന്ന പ്രമേയത്തെ ഇരുവരും പങ്കുവയ്ക്കുമ്പോൾ തന്നെ അവരുടെ അടിസ്ഥാനസങ്കൽപ്പനങ്ങളും സമീപനങ്ങളും വ്യത്യസ്തങ്ങളായിരുന്നു. തത്ത്വചിന്തയിലെ അയുക്തികത മനുഷ്യവിരുദ്ധമായ ആശയങ്ങളിലേക്കു നയിക്കപ്പെടുന്നതിന്റെ ധാരാളം തെളിവുകൾ ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നും നാലും

എഡ്മണ്ട് ഹുസേൾ
എഡ്മണ്ട് ഹുസേൾ

ദശകങ്ങളിലെ യൂറോപ്യൻ ചരിത്രത്തിൽ നിന്ന്​ കണ്ടെടുക്കാൻ കഴിയും. യൂറോപ്യൻ സംസ്‌ക്കാരത്തെ ആഴത്തിൽ ബാധിച്ചിരുന്ന അയുക്തികതയേയും ധൈഷണികമായ കുഴങ്ങിയ അവസ്ഥകളേയും എടുത്തു കാണിക്കാനുള്ള ശ്രമമായിരുന്നു, ഹുസേളിന്റേത്. "യൂറോപ്യൻ ശാസ്ത്രങ്ങളിലെ പ്രതിസന്ധി'യെ തന്റെ പ്രധാനപ്പെട്ട കൃതിയായി ഹുസേൽ കണക്കാക്കിയിരുന്നു. ഈ കൃതിയിൽ, ആധുനികതയുടെ ആത്മാവിന്റെ ഉത്ഭവസ്ഥാനങ്ങളെയാണ് താൻ തേടുന്നതെന്ന് ഹുസേൽ പ്രഖ്യാപിക്കുന്നുണ്ട്. പൂർത്തീകരിക്കപ്പെടാത്ത ആ കൃതി എങ്ങനെയാണ് ആധുനികശാസ്ത്രം നിർമ്മിക്കപ്പെട്ടതെന്ന അന്വേഷണമായിരുന്നു.

ന്യൂട്ടന്റെ ഭൗതികശാസ്ത്രം അസാധാരണമായി വിജയകരമായ ഒരു പദ്ധതിയായി കരുതപ്പെട്ട നാളുകളുണ്ടായിരുന്നു! അത് ലോകത്തിനു വലിയ ആത്മവിശ്വാസം നൽകി. ശാസ്ത്രത്തിന്റെ കഴിവുകളുടെ ഉപയോഗത്തിലൂടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രത്യാശയെ അതു പകർന്നിരുന്നു! എന്നാൽ, ആധുനികശാസ്ത്രം മനുഷ്യനെ പ്രകൃതിയിൽ നിന്നും ജീവലോകത്തു നിന്നും അകറ്റുന്ന ഒരു ചിന്തയെ പേറുന്നതായി ഹുസേൽ കരുതി. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്കും ആധുനികഭൗതികത്തിൽ പ്രതിസന്ധികൾ പ്രത്യക്ഷപ്പെടുന്നു. പ്രകൃതിശാസ്ത്രത്തിൽ മാത്രമായിരുന്നില്ല പ്രതിസന്ധി പ്രത്യക്ഷപ്പെട്ടത്. എല്ലാ മേഖലകളിലും അത് അനുഭവപ്പെട്ടു. സാംസ്‌ക്കാരിക ജീവിതത്തിന്റെ അർത്ഥപൂർണ്ണതയിലുള്ള അവിശ്വാസമായി അതു മാറിത്തീർന്നു. ഈ പ്രതിസന്ധിയുടെ ആഴങ്ങളെ ഹുസേൽ കാണുന്നുണ്ട്.

മതദ്രോഹവിചാരകന്മാരുടെ വിചാരണകൾക്കും തടങ്കലിനും വിധേയമായ ഗലീലിയോ പിൽക്കാലത്തെ തത്ത്വചിന്തകന്മാരുടേയും നിശിതമായ വിമർശത്തിനു വിധേയനായി. ആ വിമർശനം തുടർന്നു കൊണ്ടിരിക്കുന്നു

ഗലീലിയോ പരീക്ഷണ ശാസ്ത്രജ്ഞനായിരുന്നു

ആധുനികശാസ്ത്രത്തിന്റെ വിമർശം ഹുസേലിൽ ഭൗതികശാസ്ത്രത്തിന്റേയും ഗലീലിയോയുടേയും വിമർശമായി തീരുന്നു. ആധുനികശാസ്ത്രത്തിന്റെ ലോകവീക്ഷണം അതിന്റെ ശക്തമായ രൂപത്തിൽ ഉരുവം കൊള്ളുന്നത് ഗലീലിയോയിലാണല്ലോ? അദ്ദേഹം ആധുനികശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ, ഗലീലിയോ വിമർശിക്കപ്പെട്ടതു പോലെ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു ശാസ്ത്രജ്ഞനും വിമർശിക്കപ്പെട്ടിട്ടില്ല. മതദ്രോഹവിചാരകന്മാരുടെ വിചാരണകൾക്കും തടങ്കലിനും വിധേയമായ അദ്ദേഹം പിൽക്കാലത്തെ തത്ത്വചിന്തകന്മാരുടേയും നിശിതമായ വിമർശത്തിനു വിധേയനായി. ആ വിമർശനം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഉത്തരാധുനികശാസ്ത്രത്തിന്റെ യുഗത്തിലും വിമർശത്തിന്റെ കുന്തമുന ഗലീലിയോയിലേക്കു നീളുന്നു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ സമാനതകളില്ലാത്ത ഏക വിശദീകരണമാർഗമായി ഗലീലിയോ മുന്നോട്ടുവയ്ക്കുകയും പ്രകൃതിയാഥാർത്ഥ്യത്തെ കുറിച്ചുളള മറ്റു സമീപനങ്ങൾ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന വേഡ് റോലാന്റിന്റെ വിമർശം ഓർക്കുക! ഗലീലിയോ പരീക്ഷണ ശാസ്ത്രജ്ഞനായിരുന്നു.

ഗലീലിയോയുടെ 'കനോക്യാലി' ടെലസ്‌കോപ്പ് ഫ്‌ളോറൻസിലെ മ്യൂസിയോ ഗലീലിയോയിൽ Photo:wikipedia
ഗലീലിയോയുടെ 'കനോക്യാലി' ടെലസ്‌കോപ്പ് ഫ്‌ളോറൻസിലെ മ്യൂസിയോ ഗലീലിയോയിൽ Photo:wikipedia

ആകാശഗോളങ്ങളെ കാണാൻ അദ്ദേഹം ടെലസ്‌ക്കോപ്പുകൾ നിർമിക്കുന്നുണ്ട്. എന്നാൽ, ഇതിനപ്പുറം ആധുനികശാസ്ത്രത്തെ ഗണിതവൽക്കരണത്തിനു വിധേയമാക്കുന്ന ബൃഹത്പ്രവർത്തനം ഗലീലിയോയിലാണ് ആരംഭിക്കുന്നത്. ഭൗതികചലനത്തിന്റെ ഘടകങ്ങൾ അവശ്യമായും ഗണിതശാസ്ത്രപരമാണെന്ന് ഗലീലിയോ മനസ്സിലാക്കിയിരുന്നു. ലഭ്യമായിരുന്ന ജ്യാമിതി ഉപയോഗിച്ചു കൊണ്ടു തന്നെ പ്രകൃതിയുടെ ഗണിതവൽക്കരണം ഗലീലിയോ സാധ്യമാക്കി. പ്രകൃതിയുടെ ഭാഷ ഗണിതശാസ്ത്രമാണെന്നു ഗലീലിയോ ഉറപ്പിച്ചു. അമൂർത്തവൽക്കരണം, ഔപചാരികവൽക്കരണം, ആദർശീകരണം, സാമാന്യവൽക്കരണം എന്നിവയിലൂടെയെല്ലാം ആധുനികശാസ്ത്രത്തിന്റെ ഗണിതീയ രീതിശാസ്ത്രത്തെ സാധ്യമാക്കുന്ന പ്രവർത്തനം അദ്ദേഹം നടപ്പാക്കുന്നു. ഇത് ഭൗതികശാസ്ത്രത്തിന് അന്നേ വരെ അത്ര പരിചിതമായിരുന്നില്ല. ഹുസേലിന്റെ ഗലീലിയോ വികലനവും വിമർശവും ഇവിടെയാണ് ആരംഭിക്കുന്നതും.

ആദർശലോകമല്ല. യഥാർത്ഥലോകം

ഗലീലിയോയുടെ ശാസ്ത്രസമീകരണങ്ങൾ പ്രകൃതിയുടെ ആദർശനിയമങ്ങളാണ്. സമൂർത്തമായ അനുഭവങ്ങളിൽ നിന്ന്​ വ്യത്യസ്തമായ, ചിരപരിചിതമല്ലാത്ത, സവിശേഷവും ആദർശപരവുമായി അമൂർത്തവൽക്കരിക്കപ്പെട്ട അനുഭവങ്ങളുടെ സംഘാതമായി പ്രകൃതിയിലെ വസ്തുവിനെ നിർമിച്ചെടുക്കുകയാണ് ഗലീലിയോ ചെയ്തത്. സൈദ്ധാന്തിക ഭൗതികത്തിലേയും പരീക്ഷണാത്മക ഭൗതികത്തിലേയും വസ്തുക്കൾ പ്രകൃതിയിലെ യഥാർത്ഥ വസ്തുക്കളല്ലെന്നർത്ഥം. അവ ആദർശവൽക്കരിക്കപ്പെട്ട വസ്തുക്കളാണ്. അവ ഭൗതികശാസ്ത്രത്തിന്റെ ഉപയോഗത്തിന്​ തയ്യാറാക്കപ്പെട്ട വസ്തുക്കളാണ്. സരളാവർത്ത ദോലകത്തെ നിർവ്വചിക്കുമ്പോൾ ഭാരമില്ലാത്തതും വലിയാത്തതും നീളത്തിൽ മാറ്റമുണ്ടാകാത്തതുമായ ഒരു നൂലിനെ സങ്കല്പിക്കുന്നു. അതിന്റെ അറ്റത്ത് ബിന്ദുസമാനമായ ഒരു വസ്തുവിനെ സങ്കല്പിക്കുന്നു. നുലിനെ ഒരു ഉറച്ച താങ്ങിൽ ബന്ധിക്കുന്നതായി സങ്കല്പിക്കുന്നു. ഘർഷണരഹിതമായി, വളരെ ചെറിയ ആയാമത്തിൽ ദോലകം ചലിക്കുന്നതായി സങ്കല്പിക്കുന്നു.

ഗലീലിയോയുടെ 'Sidereus Nuncius' ലെ ചന്ദ്രന്റെ ചിത്രീകരണം
ഗലീലിയോയുടെ 'Sidereus Nuncius' ലെ ചന്ദ്രന്റെ ചിത്രീകരണം

ഈ സങ്കല്പനങ്ങളെല്ലാം ആദർശവസ്തുവിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. യഥാർത്ഥവസ്തുക്കളുടെ ചലനത്തിൽ കാണാൻ കഴിയാത്ത സരളാവർത്തകദോലനത്തെ സൈദ്ധാന്തികപദ്ധതിയിൽ വിശദീകരിക്കുകയും യഥാർത്ഥലോകത്തെ ഈ ആദർശലോകത്തിന്റെ ഏകദേശീകരണങ്ങളായി കാണുകയുമാണ് ഭൗതികം ചെയ്തത്. ആദർശവല്ക്കരിക്കപ്പെട്ട വസ്തുലോകം ഇതരലോകവുമായുള്ള പരസ്പരബന്ധങ്ങളിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ലോകമാണ്. യഥാർത്ഥലോകം ഈ ആദർശലോകമല്ല. യഥാർത്ഥലോകമെന്നത്, നിരന്തരം നിർമ്മിക്കുകയും ചലിക്കുകയും മാറിക്കൊണ്ടിരിക്കുകയും പരിവർത്തിക്കപ്പെടുകയും നശിക്കുകയും ചെയ്യുന്ന ലോകമാണ്. യഥാർത്ഥലോകം സ്ഥിതമായ ലോകമല്ല. ഇതാണ് ലോകമെന്ന് ഉറപ്പിച്ചു പറയാവുന്ന പൂർത്തിയാക്കപ്പെട്ട ലോകമല്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഒരേ സമയം തന്നെ നിലനില്ക്കുന്നതും നിലനില്ക്കാത്തതുമായ ലോകമാണത്. ഈ നിമിഷത്തിലെ ജീവിതം ഈ നിമിഷത്തേക്കു മാത്രമുള്ള ലോകമാണത്. ഒരിക്കലും രണ്ടു പ്രാവശ്യം ഇറങ്ങാൻ കഴിയാത്ത നദിയാണതെന്ന് ഹെരാക്ലിറ്റസിനെ ഓർമിച്ചു കൊണ്ടു പറയാം.

പുതിയ രീതിശാസ്ത്രത്തെ കണ്ടെത്തിയ ഗലീലിയോ പ്രത്യക്ഷമായിരുന്ന പലതിനേയും മറച്ചുവയ്ക്കുന്നുണ്ടെന്ന് ഹുസേൽ വിമർശിക്കുന്നു. പ്രത്യക്ഷത്തിൽ നമുക്ക് അനുഭവവേദ്യമായിരുന്ന ജീവലോകത്തെയാണ് ഭൗതികശാസ്ത്രം മറച്ചുവച്ചതെന്ന് ഹുസേൽ പറയുന്നു.

നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ ആയിത്തീർന്നുകൊണ്ടിരിക്കുന്ന ലോകമാണത്. ഈ വസ്തുലോകത്തെ മനസ്സിലാക്കുന്നതിനും അറിയുന്നതിനും വസ്തുക്കളെ അവയുടെ പ്രകൃത്യായുള്ളതും ചരിത്രപരമായിട്ടുള്ളതുമായ കെട്ടുപാടുകളിൽ നിന്ന് വിടർത്തിയെടുക്കുകയും സവിശേഷവല്ക്കരിച്ചു പരിശോധിക്കുകയുമാണ് ഭൗതികശാസ്ത്രം ചെയ്യുന്നത്. പൊതുവായ ഒരു സമീപനവും സമവായവും രൂപപ്പെടുത്താനുള്ള ശ്രമമാണിത്. ആദർശവൽക്കരിക്കപ്പെട്ട വസ്തുലോകം ഇതരലോകവുമായുള്ള പരസ്പരബന്ധങ്ങളിൽ നിന്നും മുറിച്ചു മാറ്റപ്പെട്ട ലോകമാണ്. യഥാർത്ഥലോകം ഈ ആദർശലോകമല്ല. യഥാർത്ഥലോകത്തെ മനസ്സിലാക്കുന്നതിനും അറിയുന്നതിനും വസ്തുക്കളെ അവയുടെ പ്രകൃത്യായുള്ളതും ചരിത്രപരമായിട്ടുള്ളതുമായ കെട്ടുപാടുകളിൽ നിന്ന് വിടർത്തിയെടുക്കുകയും സവിശേഷവൽക്കരിച്ചു പരിശോധിക്കുകയുമാണ് ഭൗതികശാസ്ത്രം ചെയ്യുന്നത്. അഥവാ, ഭൗതികശാസ്ത്രം അതിന്റെ വസ്തുവിനെ നിർമ്മിക്കുന്നു.

യഥാർത്ഥവസ്തുവിനെ ആദർശവസ്തുവാക്കി മാറ്റിത്തീർക്കുന്ന ഈ പ്രവർത്തനം കാരണയുക്തിയുടെ പ്രയോഗത്തിന്നാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കലാണ്. ഇത് സ്വാഭാവികവ്യവസ്ഥയുടെ വക്രീകരണമാണ്. ഇത് സ്വാഭാവികവ്യവസ്ഥയുടെ മേലുള്ള ഒരു അധികാരപ്രയോഗമാണെന്നും പറയാം. പുതിയ രീതിശാസ്ത്രത്തെ കണ്ടെത്തിയ ഗലീലിയോ പ്രത്യക്ഷമായിരുന്ന പലതിനേയും മറച്ചുവയ്ക്കുന്നുണ്ടെന്ന് ഹുസേൽ വിമർശിക്കുന്നു. പ്രത്യക്ഷത്തിൽ നമുക്ക് അനുഭവവേദ്യമായിരുന്ന ജീവലോകത്തെയാണ് ഭൗതികശാസ്ത്രം മറച്ചുവച്ചതെന്ന് ഹുസേൽ പറയുന്നു. ഹുസേൽ ശാസ്ത്രത്തിലെ വസ്തുലോകത്തിനെതിരെ ജീവലോകത്തെ പ്രതിഷ്ഠിക്കുന്നു. എന്താണ് ജീവലോകം? ശാസ്ത്രപൂർവ്വാനുഭവത്തിന്റെ ലോകമാണത്. മരങ്ങളും മൺപാത്രങ്ങളും പക്ഷികളും കസേരകളും ഗോയയുടെ ചിത്രവും ഉള്ളടങ്ങുന്ന ലോകം. സുഹൃത്തുക്കളും കാമുകരും അപരിചിതരും കൂടിച്ചേരുന്ന വികാരങ്ങളുടേയും മൂല്യങ്ങളുടേയും പ്രായോഗികതാൽപ്പര്യങ്ങളുടേയും സാംസ്‌കാരികമായ ഈടുവയ്പുകളുടേയും ലോകം കൂടിയാണത്. പെട്ടെന്നുള്ള സംവേദനത്തിലൂടെ ഗ്രഹിക്കാൻ കഴിയുന്ന ലോകം. ശാസ്ത്രവസ്തുക്കളുടെ ലോകത്തു നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമായ ലോകമാണത്. ആത്മനിഷ്ഠഘടകങ്ങൾക്കോ സാംസ്‌കാരികമൂല്യങ്ങൾക്കോ വികാരങ്ങൾക്കോ ജ്ഞാനശാസ്ത്രപരമായ പ്രാതിനിധ്യം ആവശ്യമില്ലെന്ന നിലയിലാണ് ശാസ്ത്രസംരംഭങ്ങൾ യാഥാർത്ഥ്യത്തെ സമീപിക്കുന്നത്. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന ശാസ്ത്രബിംബം വസ്തുനിഷ്ഠമായി, സാർവലൗകികമായി വ്യവഹരിക്കപ്പെടുന്നു. ശാസ്ത്രവസ്തുക്കളുടെ ലോകവും ജീവലോകവും എങ്ങനെ ബന്ധപ്പെടുന്നുവെന്നത് ആധുനികതത്ത്വചിന്തയിലെ മർമ്മപ്രധാനമായ പ്രശ്നങ്ങളിലൊന്നാണെന്ന് ഹുസേൽ കരുതുന്നുണ്ട്. അത് സംഘർഷത്തിന്റെ മണ്ഡലമാണ്.

റോമൻ വിചാരണ നേരിടുന്ന ഗലീലിയോ; ക്രിസ്ത്യാനോ ബന്ദിയുടെ 1857ലെ പെയിന്റിങ്‌
റോമൻ വിചാരണ നേരിടുന്ന ഗലീലിയോ; ക്രിസ്ത്യാനോ ബന്ദിയുടെ 1857ലെ പെയിന്റിങ്‌

നമുക്കറിയാമായിരുന്ന ജീവിതലോകത്തെ ഗണിതശാസ്ത്രം അതിന്റെ വസ്ത്രങ്ങളണിയിച്ചു. ഈ വസ്ത്രങ്ങൾ പരസ്പരബന്ധങ്ങളെ മറച്ചു. പരസ്പരബന്ധിതമായ ഒരു ലോകത്തിനു പകരം കേവലമായി സ്വയം നിർണ്ണയിക്കാവുന്ന ലോകത്തെ കുറിച്ചുള്ള ഒരു ചിത്രം ഗണിതശാസ്ത്രം നിർമ്മിച്ചെടുത്തു. ആത്മനിഷ്ഠമായി ആപേക്ഷികമായിരുന്ന, വളരെ നേരിയ രീതിയിൽ മാത്രം സാമാന്യമായ രേഖീകരണത്തിനു പ്രാപ്തമെന്നു കരുതിയിരുന്ന അനന്തമായ വസ്തുലോകങ്ങളെ സവിശേഷമായ ഒരു രീതിശാസ്ത്രത്തിലൂടെ വസ്തുനിഷ്ഠമായി നിർണ്ണയിക്കാവുന്നതും സ്വയം നിർണ്ണയിക്കുന്നതുമായി നിർവ്വചിച്ചെടുത്തു. ഗലീലിയോ അനന്തത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണയെയാണ് സ്വീകരിക്കുന്നതെങ്കിലും പൂർണ്ണമായ അനന്തപ്രകൃതി, സമൂർത്തമായ പ്രാപഞ്ചിക കാരണതത്ത്വത്തിന്റെ ഭാഗമായി ഗലിലിയോയിൽ മാറിത്തീരുന്നുണ്ട്. പ്രകൃതി സവിശേഷമായ പ്രായോഗികഗണിതം കൊണ്ട് വിശദീകരണക്ഷമമായി.

ഈ സാർവലൗകികകാരണനിയമം സവിശേഷമായ ഉദാഹരണങ്ങളിൽ നിന്നും സാമാന്യവൽക്കരിച്ച് പ്രേരണാത്മകമായി എത്തിയതല്ല. എല്ലാ പ്രേരണാത്മകതക്കും മുന്നേയാണ് അതു സങ്കൽപ്പിക്കപ്പെട്ടത്. ഒരു സാർവ്വലൗകികകാരണനിയമമാണ് മുന്നേ എത്തിയത്. എല്ലാ സാധ്യമായ മാറ്റങ്ങളും നടക്കേണ്ടിയിരുന്നത് മുന്നേക്കൂട്ടി തയ്യാറാക്കിയ നിയമങ്ങളനുസരിച്ചാണ്. പ്രകൃതിയെ വിശദീകരിക്കുവാൻ എന്തുകൊണ്ട് ജ്യാമിതിയേയും ഗണിതത്തേയും ഉപയോഗിക്കുന്നുവെന്ന ചോദ്യം ഗലീലിയോ സ്വയം ചോദിച്ചിരുന്നില്ലെന്ന് ഹുസേൽ പറയുന്നു. ശാസ്ത്രത്തിനു പഠിക്കാൻ കഴിയുന്ന വസ്തുപ്രപഞ്ചത്തെ സംപ്രത്യയവല്ക്കരണ (Conceptualization) ങ്ങളിലൂടെ അത് നിർമിച്ചെടുത്തു. ഏതെങ്കിലും വിധത്തിൽ ആത്മീയമായിട്ടുള്ളതിൽ നിന്ന്​മനുഷ്യപ്രയോഗത്തിലുള്ള എല്ലാ വസ്തുക്കളിലും സന്നിഹിതമായിരിക്കുന്ന സാംസ്‌ക്കാരികഗുണങ്ങളിൽ നിന്നും വസ്തുവിനെ അമൂർത്തവല്ക്കരിച്ചെടുക്കുകയാണ് ഗലീലിയോ ചെയ്തത്. ഇതിന്റെ ഫലമായി പരസ്പരബന്ധിതമായിരുന്ന വസ്തുലോകം സ്വയം അടഞ്ഞ വസ്തുക്കളുടെ ലോകമായി.

ശാസ്ത്രവസ്തുവും ആനുഭവികവസ്തുവും എന്ന മാരകമായ പിളർപ്പാണ് ഗലീലിയോ സൃഷ്ടിച്ചതെന്ന് ഹുസേൽ പറയുന്നു. പ്രകൃതിയുടെ ഗണിതശാസ്ത്രവൽക്കരണത്തിലൂടെ ഗലീലിയോ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ വലിയ വിച്ഛേദത്തിനു തുടക്കമിടുകയായിരുന്നു

ഗലീലിയോ സൃഷ്​ടിച്ച പിളർപ്പ്​

ഇപ്പോൾ, ലോകം പ്രകൃതിലോകവും മാനസികലോകവുമായി വേർതിരിഞ്ഞു. സ്വയം ഉള്ളടങ്ങിയ ദ്രവ്യലോകം എന്ന സംപ്രത്യയം പുതിയതായിരുന്നു. പഴയകാല ഭൗതികവാദികൾക്കു പോലും അതു പരിചിതമായിരുന്നില്ല. അനിർണ്ണീതവും പ്രാപഞ്ചികവുമായ ജീവലോകത്തിന്റെ, സ്ഥലകാലങ്ങളുടെ, അതിനു കൽപ്പിക്കാൻ കഴിയുന്ന എണ്ണിയാലൊടുങ്ങാത്ത സ്വാഭാവികവും സഹജാവബോധപരവുമായ രൂപങ്ങളുടെ ഇടയിൽ ആധുനികഗണിതശാസ്ത്രം യഥാർത്ഥ അർത്ഥത്തിലുള്ള ഒരു വസ്തുനിഷ്ഠലോകത്തെ ആദ്യമായി സാധ്യമാക്കി. സാർവലൗകികമായി, രീതിശാസ്ത്രപരമായി, ഏകീകൃതമായി ആർക്കും നിർണ്ണയിക്കാൻ കഴിയുന്ന ആദർശീകൃതവസ്തുക്കളുടെ അനന്തസാകല്യം. ഈ പുതിയ സംപ്രത്യയവൽക്കരണമനുസരിച്ച് അന്തർജ്ഞാനപരമായി പരിചയപ്പെടുന്ന ഏതൊന്നും ദെക്കാർത്തെയുടെ ഭാഷയിലെ വസ്തുവിന്റെ വ്യാപനമായി, ദ്രവ്യത്തിന്റെവ്യാപനമായി മനസ്സിലാക്കപ്പെട്ടു.

ശാസ്ത്രവസ്തുവും ആനുഭവികവസ്തുവും എന്ന മാരകമായ പിളർപ്പാണ് ഗലീലിയോ സൃഷ്ടിച്ചതെന്ന് ഹുസേൽ പറയുന്നു. സൂര്യനെ കുറിച്ചുള്ള രണ്ട് ആശയങ്ങളെ പറ്റി പറയാം. ഇന്ദ്രിയസംവേദനങ്ങളിലൂടെ ലഭ്യമാകുന്നതാണ്, ആദ്യത്തേത്. ഉദയം, അസ്തമയം, ഇരുളിനെ നീക്കുന്ന വെളിച്ചം, നിദ്രയിൽ നിന്നുണർത്തുന്ന ഉഷസ്, സന്ധ്യ, ഉച്ചച്ചൂട്, ഉഷ്ണം, വിയർപ്പ് എന്നിങ്ങനെ നിരവധി അനുഭവങ്ങളിലൂടെയാണ് നാം സൂര്യനെ അറിയുന്നത്. ഇന്ദ്രിയാനുഭവങ്ങളാണവ. ഭൗതികശാസ്ത്രത്തിലെ സൂര്യൻ ഗണിതകലനത്തിലൂടെയും ജ്യോതിശാസ്ത്രത്തിലൂടെയും നിർമ്മിക്കപ്പെടുന്നതാണ്. അത് ഭൗതികഅളവുകളുടെ സൂര്യനാണ്. അക്കങ്ങളായി മാറ്റിയെഴുതപ്പെടുന്ന സൂര്യനാണ്. ഗലീലിയോയെ സംബന്ധിച്ചിടത്തോളം ജ്യാമിതിയും ഗണിതീയഭൗതികവും ചേർന്നു നിർമ്മിച്ചെടുക്കുന്ന ഈ സൂര്യനാണ് യഥാർത്ഥമായിട്ടുള്ളത്. ചലനം, ദൂരം, ഊഷ്മാവ്, താപം എന്നിങ്ങനെയുള്ള അമൂർത്തമായ ആശയങ്ങൾ കൊണ്ടു നിർമ്മിച്ചെടുക്കുന്ന സൂര്യനാണത്. ഗലീലിയോയുടെ സൂര്യനെ മനസ്സിലാക്കാൻ ആത്മനിഷ്ഠതയുടെ സങ്കൽപ്പനങ്ങൾ ആവശ്യമില്ല. നിറവും മണവും രുചിയുമെല്ലാം നമ്മുടെ ബോധത്തിൽ നിലനിൽക്കുന്നുണ്ടെന്ന സമീപനം ഗലീലിയോ സ്വീകരിക്കുമ്പോഴും ചെവികളും നാക്കും മൂക്കും നീക്കം ചെയ്താൽ ശബ്ദവും രുചിയും ഗന്ധവും ഇല്ലാതാകുമെന്നും ചലനവും അതിനെ കുറിയ്ക്കുന്ന സംഖ്യകളും നിലനിൽക്കുമെന്നും ഗലീലിയോ കരുതി.

ഹുസേലിന്റെ ശവകുടീരം
ഹുസേലിന്റെ ശവകുടീരം

ഗലീലിയോ ഹുസേലിനെ സംബന്ധിച്ച്​ വലിയ കണ്ടുപിടുത്തങ്ങളുടെ ശാസ്ത്രകാരൻ മാത്രമായിരുന്നില്ല, പ്രകൃതിയുടെ ജീവിതലോകത്തെ ഒളിച്ചുവച്ച ബുദ്ധിമാൻ കൂടിയായിരുന്നു. പ്രകൃതിയുടെ ഗണിതശാസ്ത്രവൽക്കരണത്തിലൂടെ ഗലീലിയോ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ വലിയ വിച്ഛേദത്തിനു തുടക്കമിടുകയായിരുന്നു. പ്രകൃതിയുടെ ഗണിതശാസ്ത്രവൽക്കരണത്തിനു നൽകേണ്ടി വന്ന വില അർത്ഥലോപത്തെ സൃഷ്ടിച്ചുവെന്നതാണെന്ന് ഹുസേൽ പറയുന്നു. പ്രായോഗികജീവിതത്തിൽ ശാസ്ത്രജ്ഞാനത്തിനുണ്ടായിരുന്ന ആദിമമായ വേരുകളെ അതു മറന്നു കളയുന്നു. ഗലീലിയോയ്ക്കു ശേഷം ഗണിതശാസ്ത്രപരമായ ആദർശീകരണം ശാസ്ത്രത്തിന്റെ ലക്ഷ്യമായി തീർന്നു. പരീക്ഷണാത്മക ശാസ്ത്രം അളവുകളിലൂടെയും കലനങ്ങളിലൂടെയും ഫലങ്ങളെ അറിയാനുള്ള ലളിതമായ മാർഗ്ഗമായി മാറി. ഗണിതശാസ്ത്രപ്രതീകങ്ങൾ സംവേദനങ്ങളുടെ ലോകത്തെ മറച്ചുവയ്ക്കുക മാത്രമല്ല, ലോകം തന്നെ അതായി മാറി. ചേതനയുള്ള ലോകമാണ് നഷ്ടമായതെന്ന് ഹുസേൽ പറയുന്നു. മനുഷ്യന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ജീവിതത്തെ തഴപ്പിച്ചിരുന്ന മണ്ണ് നഷ്ടമായി. ലോകത്തെ മനസ്സിലാക്കുന്നതിനും സ്വയം തിരിച്ചറിയുന്നതിനും സഹായകമായിരുന്ന, എല്ലാ മാനുഷികപ്രവർത്തനങ്ങൾക്കും അർത്ഥം നൽകിയിരുന്ന ചേതനയുടെ ലോകം, ജീവിതലോകം നഷ്ടമായി. ഗണിതവൽക്കരണത്തെ സ്വീകരിച്ച ആധുനികശാസ്ത്രം അർത്ഥത്തെ മറയ്ക്കുകയായിരുന്നു. അർത്ഥത്തിനു ചിന്തയുമായി ബന്ധമുണ്ട്. അർത്ഥം നഷ്ടപ്പെട്ട ലോകം ചിന്തയില്ലാത്ത ലോകമാണ്. ഹുസേലിന്റെ പാത പിന്തുടരുന്നവർക്ക് ശാസ്ത്രം ചിന്തിക്കുന്നില്ല എന്ന നിഗമനത്തിലേക്കു കടക്കാൻ കഴിയും.

മാർട്ടിൻ ഹൈഡഗർ ഇതരരൂപങ്ങളിൽ ഇതാണ് ചെയ്തത്. ശാസ്ത്രം അതിന്റെ വ്യവസ്ഥയിലേക്ക് ഉണ്മയുടെ മണ്ഡലത്തെയൊന്നാകെ പരിമിതപ്പെടുത്തുകയും സ്വയം ഉറപ്പിച്ചെടുക്കുകയും ചെയ്തുവെന്ന് ഹൈഡഗർ നിരീക്ഷിക്കുന്നു.

മാർട്ടിൻ ഹൈഡഗർ
മാർട്ടിൻ ഹൈഡഗർ

ഹുസേലിന്റെ വികലനത്തിൽ ലോകത്തെ ഗണിതശാസ്ത്രവൽക്കരിക്കപ്പെട്ട വസ്തുലോകമാക്കി മാറ്റിയ ആധുനികശാസ്ത്രം സ്വയം ആ ലോകത്തെ ആന്തരവൽക്കരിച്ചിരുന്നു. ശാസ്ത്രം മാനകീകരണങ്ങൾക്കും കലനത്തിനും വിധേയമാകുന്ന വസ്തുവായി സ്വയം മാറിത്തീരുന്നുണ്ടെന്നാണ് ഹൈഡഗർ പറയുന്നത്. സ്വയം ഒരു അടിത്തറയിൽ ഉറപ്പിക്കാൻ കഴിഞ്ഞ ശാസ്ത്രത്തിന് അതിന്റെ അടിസ്ഥാനങ്ങൾക്ക് അർത്ഥം നിർമ്മിക്കാൻ കഴിഞ്ഞില്ല. ഈ അടിസ്ഥാനങ്ങളുടെ പ്രയോഗങ്ങൾക്ക് അർത്ഥം കൈവരണമെങ്കിൽ അർത്ഥത്തെ നിർമ്മിക്കുന്ന ദാർശനികചിന്ത ശാസ്ത്രത്തിന്നുണ്ടാകണം. ശാസ്ത്രം ചിന്തിക്കുന്നില്ലെന്ന ഹൈഡഗറുടെ പ്രമേയത്തിന്റെ സന്ദർഭം ഇതാണ്.

യഥാർത്ഥലോകത്തെ അതേപടി കണ്ടെത്തുന്നതായി അവകാശപ്പെടുന്ന ആധുനിക ഗണിതശാസ്ത്രത്തിന്റെ അതിഭൗതിക യഥാതഥവാദവ്യാഖ്യാനത്തെ നിരാകരിക്കുന്നു, ഹുസേൽ. ആത്മനിഷ്ഠാപേക്ഷികമായി മനുഷ്യേന്ദ്രിയങ്ങൾ കണ്ടെത്തുന്ന അനുഭവപ്രത്യക്ഷങ്ങളെ പകരം സ്വീകരിക്കുന്നു. പരീക്ഷണഫലങ്ങളിൽ ഉറപ്പുണ്ടാകുന്നതിന് നിശ്ചിത അളവോളം ആദർശീകരണം ആവശ്യമാണ്. ആദർശീകരണത്തിന്റെ നേട്ടത്തിൽ ഹുസേൽ ഊന്നുന്നുമുണ്ട്. എന്നാൽ, ആദർശനിയമങ്ങളുടെ ഒരു ഉപഗണം മാത്രമേ പ്രകൃതിയിൽ പ്രായോഗികക്ഷമമാകുന്നുള്ളൂ. പ്രപഞ്ചത്തെ കുറിച്ചുള്ള ശരിയായ ശാസ്ത്രം കാര്യകാരണനിയമത്തിന്റെ എല്ലാ സാധ്യതകളേയും നിർമ്മിച്ചെടുക്കണം. അതിന്, അനന്തസാധ്യതകളുണ്ട്. ഗലീലിയോ - ദക്കാർത്തെ സമീപനം സൃഷ്ടിച്ച പിളർപ്പിനെ പ്രശ്നീകരിക്കാനാണ് ഹുസേലിന്റെ അതീത പ്രതിഭാസവിജ്ഞാനീയം ശ്രമിച്ചത്. ഭൗതികശാസ്ത്രത്തിലെ ഭൗതികവസ്തുവിനെ മാറ്റിവയ്ക്കാനും നമ്മുടെ ഇന്ദ്രിയസംവേദനങ്ങൾക്കു വിധേയമാകുന്ന നിത്യപരിചയത്തിലുള്ള വസ്തുവിനെ ഫോക്കസ് ചെയ്യാനും ഹുസേൽ പറയുന്നു. അനുഭവത്തിന്റെ ആപേക്ഷികതയിൽ ലഭ്യമാകുന്ന വസ്തുവിലെ അതീതത്തെ കാണാനുള്ള നിർദ്ദേശമാണിത്. എന്താണ് നിരീക്ഷിക്കപ്പെടേണ്ടതെന്ന ഗലീലിയോയുടെ ആദർശീകരണത്തിനപ്പുറം പോകാനാണ് ഹുസേൽ താൽപ്പര്യപ്പെട്ടത്.

അമേരിക്കൻ തത്ത്വചിന്തകനായ ഡോൺ ഇഹ്ദെ (Don Ihde) ഈ വിമർശനങ്ങൾക്കെതിരെ അടുത്ത കാലത്തെഴുതിയ മറുപടി ഹുസേലിന്നെതിരായി

ഡോൺ ഇഹ്ദെ
ഡോൺ ഇഹ്ദെ

സാധാരണ മുന്നോട്ടു വയ്ക്കുന്ന വീക്ഷണങ്ങളെ പ്രകാശിപ്പിക്കുന്നതാണ്. ഗലീലിയോയുടെ സൈദ്ധാന്തികഭൗതികത്തിലേയും ജ്യാമിതിയിയിലേയും ഇടപെടലുകളിൽ മാത്രമാണ് ഹുസേൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഇഹ്ദെ പറയുന്നു. ഗലീലിയോയുടെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണ് ഇതു നൽകുന്നത്. ആ മഹാ ശാസ്ത്രജ്ഞൻ ലെൻസുകൾ നിർമിക്കുകയും ദൂരദർശിനികൾ ഉപയോഗിച്ച് ആകാശഗോളങ്ങളെ കാണുകയും ചരിഞ്ഞപ്രതലങ്ങളിൽ ചലിക്കുന്ന വസ്തുക്കളെ കുറിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഗലീലിയോ ശുദ്ധ സൈദ്ധാന്തികനായിരുന്നില്ല. അദ്ദേഹം പരീക്ഷണശാസ്ത്രജ്ഞനും സാങ്കേതികശാസ്ത്രവിദഗ്ദ്ധനുമായിരുന്നു. ഗലീലിയോയുടെ പ്രായോഗിക പ്രവർത്തനങ്ങൾ ഹുസേലിന്റെ ശ്രദ്ധയിൽ വരാത്തതിൽ ആശ്ചര്യമില്ലെന്ന് ഇഹ്ദെ എഴുതുന്നുണ്ട്. വളരെ യാഥാസ്ഥിതികമായ വ്യവഹാരമെന്ന നിലയ്ക്കാണ് ഹുസേൽ ശാസ്ത്രത്തെ കാണുന്നത്. ഹുസേലിന്റെ വിവരണങ്ങളെ നയിക്കുന്നത് ചരിത്രവിരുദ്ധവും അമൂർത്തവുമായ ഗവേഷണമണ്ഡലങ്ങളാണ്. ഭൗതികശാസ്ത്രത്തെ അതിന്റെ സൈദ്ധാന്തിക ഉള്ളടക്കമായി ന്യൂനീകരിച്ചു കൊണ്ട് കൂടുതൽ അമൂർത്തവൽക്കരിക്കുന്നു. സാങ്കേതികവിദ്യകളും പരീക്ഷണസജ്ജീകരണങ്ങളും ഉൾക്കൊള്ളുന്ന പ്രയോഗമെന്ന നിലയ്ക്ക് ശാസ്ത്രത്തെ ഹുസേൽ മനസ്സിലാക്കുന്നില്ല. മറിച്ച്, ഔപചാരികവും അമൂർത്തവും സാമാന്യവൽകൃതവും അനുഭവരഹിതവുമായ ഒരു സംരംഭമായി ഭൗതികശാസ്ത്രത്തെ കാണുന്നു. ഇങ്ങനെയൊരു യാഥാസ്ഥിതികമായ ചട്ടക്കൂടിൽ ഹുസേലിന്റെ കണ്ടെത്തലുകളിൽ അതിശയോക്തിയില്ലെന്ന് ഇഹ്ദെ കാണുന്നു. ഹുസേലിന്റെ ഗലീലിയോ മുന്നേ തന്നെ തെരഞ്ഞെടുക്കപ്പെട്ട, ന്യൂനീകരിക്കപ്പെട്ട ഗലീലിയോ ആണ്. അതിബൗദ്ധികവൽക്കരിക്കപ്പെട്ട ഹുസേലിന്റെ ഗലീലിയോ പരീക്ഷണശാലയിലല്ല, ദന്തഗോപുരത്തിലെ ചാരുകസാലയിൽ ഇരിക്കുന്നു. പ്രായോഗികപ്രവർത്തനത്തെ കുറിച്ചുള്ള പരാമർശങ്ങൾ ഹുസേലിന്റെ പ്രബന്ധത്തിൽ കാണാൻ കഴിയില്ല.

ഹുസേൽ വിമർശിക്കുന്ന ഗലീലിയോ ചരിത്രരേഖകളിലില്ലാത്ത ശാസ്ത്രജ്ഞനാണെന്ന് ഡോൺ ഇഹ്ദെ ആരോപിക്കുന്നു. ശാസ്ത്രത്തിന്റെ സാമൂഹികവും സാങ്കേതികവും പ്രായോഗികവുമായ മാനങ്ങളെ ഹുസേൽ തിരസ്‌കരിക്കുന്നു

ഹുസേലിന്റെ ഗലീലിയോ വിമർശത്തിനു വിമർശമെഴുതുക മാത്രമല്ല ഡോൺ ഇഹ്ദെ ചെയ്യുന്നത്. ഇത് ആധുനികശാസ്ത്രവുമായി സംവദിക്കാൻ ക്ലാസിക്കൽ പ്രാതിഭാസികശാസ്ത്ര(Classical Phenomenology)ത്തിനു കഴിയാതിരിക്കുന്നതിന്റെ പ്രശ്നം കൂടിയാണെന്ന് അദ്ദേഹം കാണുന്നുണ്ട്. ശാസ്ത്രവസ്തുക്കൾ; ദൂരെ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും മുതൽ ഇലക്ട്രോണുകളും പ്രോട്ടോണുകളും ഉൾപ്പെടെ മൗലികകണങ്ങൾ വരെ ഉപകരണങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്. ഗലീലിയോയുടെ ശാസ്ത്രപ്രയോഗം അദ്ദേഹം പ്രകൃതിയിൽ നിന്നും നിർമ്മിച്ചെടുത്ത ഉപകരണങ്ങളിലൂടെയായിരുന്നു. അതുകൊണ്ടു തന്നെ പ്രകൃതിയിലെ ജീവലോകവും ഭൗതികശാസ്ത്രവും തമ്മിൽ ഒരു വിച്ഛേദവും സംഭവിച്ചിട്ടില്ല. ഹുസേൽ വിമർശിക്കുന്ന ഗലീലിയോ ചരിത്രരേഖകളിലില്ലാത്ത ശാസ്ത്രജ്ഞനാണെന്ന് ഡോൺ ഇഹ്ദെ ആരോപിക്കുന്നു. ശാസ്ത്രത്തിന്റെ സാമൂഹികവും സാങ്കേതികവും പ്രായോഗികവുമായ മാനങ്ങളെ ഹുസേൽ തിരസ്‌കരിക്കുന്നു. ദൂരദർശിനിയിലൂടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലെ മലകളേയും താഴ്വരകളേയും ദർശിച്ച ശാസ്ത്രജ്ഞന്റെ സമീപനങ്ങൾ ജീവലോകവും ശാസ്ത്രലോകവും തമ്മിലുള്ള വിച്ഛേദത്തിലേക്കു നയിക്കുന്നതാകുന്നത് എങ്ങനെയാണെന്ന് ഇഹ്ദെ ആശ്ചര്യപ്പെടുന്നു.

ഹുസേലിന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ഓർമക്ക്​ സ്ഥാപിച്ച ഫലകം
ഹുസേലിന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ഓർമക്ക്​ സ്ഥാപിച്ച ഫലകം

ഡോൺ ഇഹ്ദെയുടെ ഈ നിരീക്ഷണങ്ങളിലുപരിയായി ഹുസേലിന്റെ നിലപാടിനും സമീപനങ്ങൾക്കും പ്രസക്തിയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. ഭൗതികശാസ്ത്രത്തിലെ പ്രതിഭാസങ്ങളെയും സംഭവങ്ങളെയും ഗലീലിയോ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഭൗതികശാസ്ത്രത്തിലെ ഓരോ സംഭവവും ഒന്നോ രണ്ടോ അനിവാര്യപ്രതിഭാസങ്ങളുടേയും നിരവധി ആകസ്മികതകളുടേയും കൂടിച്ചേരലാണ്. അനിവാര്യതകളെ സ്വീകരിക്കുകയും ആകസ്മികതകളെ തള്ളിക്കളയുകയും ചെയ്തുകൊണ്ട് ശുദ്ധപ്രതിഭാസത്തിന്റെ ലോകത്തെ നേടിയെടുക്കുകയും ജ്യാമിതിവൽക്കരിക്കുകയും ചെയ്യുന്ന രീതിശാസ്ത്രമാണ് ഗലീലിയോ സ്വീകരിക്കുന്നത്. ഇതാണ് സാധ്യമായ പദ്ധതിയെന്ന് ഗലീലിയോ കരുതുന്നു. പ്രക്ഷേപ്യചലനത്തെ (Projectile motion) ഗലീലിയോ സമീപിക്കുന്ന രീതി ശ്രദ്ധിക്കുക. ഏകതാനമായ തിരശ്ചീനചലനത്തിന്റേയും മന്ദീകൃതലംബചലനത്തിന്റേയും സംയുക്തമായി പ്രക്ഷേപ്യചലനത്തെ കാണുന്നു. അതിന്റെ പാത ഒരു പാരാബോള (Parabola) യാണെന്നു കണ്ടെത്തുന്നു. യാഥാർത്ഥ്യത്തിലുള്ള പ്രക്ഷേപ്യങ്ങൾ വളഞ്ഞ പാതകളെയാണ് സ്വീകരിക്കുന്നതെന്ന അനുഭവത്തെ ജ്യാമിതീയ പ്രശ്നമാക്കി മാറ്റി അമൂർത്തമാതൃക സൃഷ്ടിക്കുന്നു. പ്രക്ഷേപ്യത്തിന്റെ പാതയെ നിശ്ചയിക്കുന്നതിൽ ആകസ്മികഘടകങ്ങൾക്കുള്ള പങ്ക് ഒഴിവാക്കുന്നു. ഇതിലൂടെ പ്രക്ഷേപ്യവ്യവസ്ഥയുടെ സങ്കീർണ്ണതയെ ലഘൂകരിക്കുന്നുണ്ട്. എന്നാൽ, ആകസ്മികതകളെ ഒഴിവാക്കിയ ഗലീലിയോയുടെ മാതൃക ഒരു ആദർശമാതൃകയാണ്.

ശാസ്ത്രം ഇപ്പോൾ അഭിമുഖീകരിക്കുന്ന തീവ്രമായ പ്രതിസന്ധികൾ ജീവനെ സംബന്ധിച്ച ധാർമികവും നൈതികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഈ നൈതികാവബോധത്തിന്റെ പ്രയോഗങ്ങളും പ്രവർത്തനങ്ങളും ജീവന്റെ പ്രതിരോധത്തിനുള്ളവയാണെന്ന് സ്വയം വ്യക്തമാക്കുന്നുണ്ട്

ഗലീലിയോയുടെ സമീകരണങ്ങൾ അനുഭവലോകത്തിലെ യഥാർത്ഥ പ്രക്ഷേപ്യത്തെയല്ല, ആദർശീകരിച്ച പ്രക്ഷേപ്യത്തെയാണ് നയിക്കുന്നത്. ഈ പ്രശ്നത്തിൽ, ഗലീലിയോ പ്രക്ഷേപ്യത്തിന്റെ വലിപ്പത്തെയും രൂപത്തെയും ആദർശവൽക്കരിക്കുന്നു. ഭൂമിയുടെ പ്രതലവും പ്രക്ഷേപ്യം സഞ്ചരിക്കുന്ന പ്രദേശവും യൂക്ലിഡിയൻ ജ്യാമിതിയെ അംഗീകരിക്കുന്നതായി സങ്കൽപ്പിക്കുന്നു. പ്രക്ഷേപ്യത്തിന്റെ ചലനത്തിനിടയിൽ ഘർഷണപ്രഭാവം കൊണ്ടുള്ള ഊർജ്ജനഷ്ടത്തെയും അതു സഞ്ചരിക്കുന്ന മാധ്യമം സൃഷ്ടിക്കുന്ന പ്രഭാവങ്ങളേയും പരിഗണിക്കാതിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് ആദർശപ്രക്ഷേപ്യം(Ideal Projectile) നിർമിക്കപ്പെടുന്നത്. യൂക്ലിഡിയൻ ജ്യാമിതിയുടെ സമീകരണങ്ങളുടെ ലോകത്തിലാണ് ഈ ആദർശീകരിച്ച പ്രക്ഷേപ്യം പ്രവർത്തിക്കുന്നത്. സമൂർത്ത സാഹചര്യത്തിൽ പ്രക്ഷേപ്യത്തിന്റെ ചലനപാത പാരാബോള ആയിരിക്കില്ലെന്ന് ഗലീലിയോ തന്നെ പറയുന്നുണ്ട്. കൃത്യതയുള്ള ശാസ്ത്രത്തെ സൃഷ്ടിക്കുന്നതിന് ജ്യാമിതിയെ ആശ്രയിക്കേണ്ടിയിരുന്നു. അവയുടെ പ്രയോജനവാദപരമായ ലക്ഷ്യങ്ങൾക്കപ്പുറത്ത് ശാസ്ത്രത്തിന്റെ ഫലങ്ങളെ സത്യാത്മകമായി ഗലീലിയോ കാണുകയും ചെയ്തു. ജീവിതത്തിലെ യഥാർത്ഥ അനുഭവലോകവും ശാസ്ത്രലോകവും തമ്മിലുള്ള വിച്ഛേദം ഇവിടെ കാണാം. ശാസ്ത്രോപകരണങ്ങളോ പ്രയോഗമോ ഈ വിച്ഛേദത്തെ പരിഹരിക്കുന്നില്ല.

ഹുസേലിന്റെ ആധുനികശാസ്ത്രവിമർശനത്തിന് യാഥാർത്ഥ്യവുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ സന്ദേഹങ്ങളില്ല. ആധുനികശാസ്ത്രം അതിന്റെ വസ്തുവിനെ നിർമിച്ചെടുക്കുകയാണെന്ന്, അത് ജീവിതലോകത്തിലെ യഥാർത്ഥവസ്തുവല്ലെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം, ഇപ്പോഴും വ്യത്യസ്തമായി അതു വ്യാഖ്യാനിക്കപ്പെടുന്നുവെങ്കിലും. എന്നാൽ, ഈ സങ്കൽപ്പനം വലിയ മാറ്റങ്ങൾക്കു വിധേയമാകുകയാണ്. യഥാർത്ഥമായ ജീവൻ,ശാസ്ത്രത്തിന്റെ വിഷയവസ്തുവാകുന്നതോടെ, ശാസ്ത്രം നിർമ്മിച്ചെടുക്കുന്ന വസ്തു എന്ന സങ്കൽപ്പനം പരിമിതമായ ഒന്നായി മാറിയിരിക്കുന്നു. ശാസ്ത്രം ഇപ്പോൾ അഭിമുഖീകരിക്കുന്ന തീവ്രമായ പ്രതിസന്ധികൾ ജീവനെ സംബന്ധിച്ച ധാർമികവും നൈതികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഈ നൈതികാവബോധത്തിന്റെ പ്രയോഗങ്ങളും പ്രവർത്തനങ്ങളും ജീവന്റെ പ്രതിരോധത്തിനുള്ളവയാണെന്ന് സ്വയം വ്യക്തമാക്കുന്നുണ്ട്. അത് ശാസ്ത്രത്തിന്നെതിരെയും ആയിത്തീരാം. ജീവൻ ഒരു ശാസ്ത്രപ്രശ്നമായി മാറിത്തീർന്നത് ജീവനു ഗുണകരമാണോയെന്ന ചോദ്യം ശാസ്ത്രത്തിൽ നിന്നും പ്രതികരണം ആവശ്യപ്പെടുന്നുണ്ട്. ▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments