ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രചരിത്രകാരന്മാരിലൊരാളായ അലക്‌സാന്ദ്രെ കൊയ്‌റെയുടെ ശാസ്ത്രത്തിന്റെ ചരിത്രത്തെയും രീതിശാസ്ത്രത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിലൂടെ
പ്രകൃതിശാസ്ത്രങ്ങളും മാനവികശാസ്ത്രങ്ങളും തമ്മിൽ പാലം പണിയുന്നത് അസാധ്യമാണെന്നു കരുതിയിരുന്ന ഒരു കാലത്ത്, അതിന്നായി മനസ്സു തുറന്നുവയ്ക്കുകയും നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്ത ദാർശനികനായിരുന്നു, അലക്സാന്ദ്രെ കോയ്റെ. ശാസ്ത്രദർശനത്തിൽ പരിഗണനീയമായ സംഭാവനകൾ നൽകിയ ഈ ഫ്രഞ്ചുചിന്തകൻ ശാസ്ത്രത്തിന്റെ ചരിത്രത്തേയും രീതിശാസ്ത്രത്തേയും കുറിച്ച് വളരെ വ്യത്യസ്തമായി ചിന്തിച്ചു. ശാസ്ത്രചിന്തയുടെ ചരിത്രത്തിലേക്കു കോയ്റെ നൽകിയ സംഭാവനകൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രചരിത്രകാരന്മാരിലൊരാളായി അദ്ദേഹത്തെ സ്ഥാപിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ നടന്ന ശാസ്ത്രവിപ്ലവം പ്രാചീനകാലത്തെ ശാസ്ത്രവും ആധുനികശാസ്ത്രവും തമ്മിൽ വലിയ വിച്ഛേദം സൃഷ്ടിക്കുന്നതായി കോയ്റെ കാണുന്നു. വിജ്ഞാനം ആർജ്ജിക്കുന്ന കാര്യത്തിൽ മാത്രമല്ല, മനുഷ്യരാശിയുടെ ചിന്തയിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന വിപ്ലവമായിരുന്നു അത്.
ഭൗതികലോകത്തെ മനസ്സിലാക്കുന്നതിനും നയിക്കുന്നതിനുമുള്ള ആധുനികശാസ്ത്രം സൈദ്ധാന്തികമാണെന്ന നിലപാടാണ് അലക്സാന്ദ്രെ കോയ്റെ സ്വീകരിച്ചിരുന്നത്. അനുഭവങ്ങൾക്കും വസ്തുതകൾക്കുമപ്പുറത്ത് യുക്തിക്കു വളരെ പ്രാധാന്യമുണ്ടെന്ന് പ്ലാറ്റോയെ പോലെ കോയ്റെയും ധരിച്ചിരുന്നു
ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെ കുറിച്ച് കോയ്റെയ്ക്കുള്ള താൽപ്പര്യങ്ങളുമായി അദ്ദേഹത്തിന്റെ ശാസ്ത്രചരിത്രസങ്കൽപ്പനങ്ങൾക്കു ബന്ധമുണ്ടായിരുന്നു. ഭൗതികലോകത്തെ മനസ്സിലാക്കുന്നതിനും നയിക്കുന്നതിനുമുള്ള ആധുനികശാസ്ത്രം സൈദ്ധാന്തികമാണെന്ന നിലപാടാണ് അലക്സാന്ദ്രെ കോയ്റെ സ്വീകരിച്ചിരുന്നത്. അനുഭവങ്ങൾക്കും വസ്തുതകൾക്കുമപ്പുറത്ത് യുക്തിക്കു വളരെ പ്രാധാന്യമുണ്ടെന്ന് ഗ്രീക്ക് ആചാര്യനായിരുന്ന പ്ലാറ്റോയെ പോലെ കോയ്റെയും ധരിച്ചിരുന്നു. ശാസ്ത്രം അനിവാര്യമായും സൈദ്ധാന്തികമാണ്. സിദ്ധാന്തത്തിന്റെ പ്രാഥമ്യമാണ് ആധുനികശാസ്ത്രത്തിന്റെ സ്ഥാപനത്തിനു കാരണമാകുന്നത്. അനുഭവങ്ങളുടെ സംഘാടനം നിർവ്വഹിക്കുകയും അവയെ നയിക്കുകയും ചെയ്യുന്നത് സിദ്ധാന്തമാണ്. ഈ സങ്കൽപ്പനത്തിന്റെ അടിസ്ഥാനത്തിൽ കോയ്റെ നിർമ്മിച്ചെടുത്ത ആധുനികശാസ്ത്രചരിത്രത്തിൽ ഗലീലിയോയുടെ ഗണിതശാസ്ത്രപരമായ യഥാതഥവാദം വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും കൂടിച്ചേരലിൽ നിന്നാണ് ആധുനികശാസ്ത്രത്തിന്റെ ഉദയമെന്ന സമീപനത്തിൽ നിന്നും മാറിനിൽക്കുന്ന വീക്ഷണമാണിത്. അനുഭവങ്ങളോ നിരീക്ഷണങ്ങളോ അല്ല, സൈദ്ധാന്തികചിന്തയാണ് ശാസ്ത്രനിയമങ്ങളെ നിർദ്ദേശിക്കുന്നത്. പ്രത്യക്ഷവസ്തുവാദപരമല്ല, അനുഭവൈകവാദപരമല്ല, ബേക്കണിന്റേയും കോംതെയുടേയും മാഹിന്റേയും സമീപനമല്ല, ദക്കാർത്തേയുടേയും പ്ലാറ്റോയുടേയും ഭാഗികമായി ഗലീലിയോയുടേയും സമീപനമാണിത്. അവസാനകാലത്തെഴുതിയ ലേഖനങ്ങളിൽ പോലും പ്രയോഗത്തിലുപരിയായി സിദ്ധാന്തത്തേയും അതിന്റെ പിന്നിലുള്ള ആശയവാദത്തേയും കോയ്റെ പ്രതിരോധിക്കുന്നു.
എല്ലാ നിരീക്ഷണങ്ങളും സിദ്ധാന്തത്തിനു കീഴ്പ്പെട്ടു നിൽക്കുന്നതാണ്. നിരീക്ഷണങ്ങളുടെ അടിയിൽ സിദ്ധാന്തം പ്രവർത്തിക്കുന്നു. "നിരീക്ഷിക്കൂ' എന്ന് തന്റെ വിദ്യാർത്ഥിയോടു നിർദ്ദേശിക്കുന്ന അധ്യാപകൻ നിരീക്ഷിക്കപ്പെടേണ്ട വസ്തുവിനെ കുറിച്ചും നിരീക്ഷിക്കേണ്ട രീതിയെ കുറിച്ചും പരോക്ഷമായെങ്കിലും സൂചനകൾ നൽകുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരു വസ്തുവിനെ, ഒരു നിശ്ചിത പ്രവർത്തനത്തെ, ഒരു സവിശേഷവീക്ഷണത്തെ, ഒരു പ്രശ്നത്തെ, രേഖീകരണത്തിനുള്ളഭാഷയെ ഒക്കെ ഏതൊരു നിരീക്ഷണവും മുൻകൂട്ടി കാണുന്നുണ്ട്. നിരീക്ഷണത്തെ കുറിച്ചുള്ള പ്രസ്താവനകൾ സൈദ്ധാന്തികമാണ്. നിരീക്ഷണങ്ങൾ സിദ്ധാന്തങ്ങളിലേക്കു ചാഞ്ഞുനിൽക്കുന്നു, സിദ്ധാന്തങ്ങളെ മുന്നേ തന്നെ ഉള്ളിൽ വഹിക്കുന്നു. നിരീക്ഷണത്തെ കുറിച്ചു പറയുന്ന ഈ കാര്യങ്ങൾ എല്ലാ അനുഭവങ്ങളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്. അനുഭവങ്ങളെ ഗ്രഹിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിന് സിദ്ധാന്തം ആവശ്യമുണ്ട്.
ആധുനികപരീക്ഷണാത്മകശാസ്ത്രത്തിന്റെ രൂപീകരണത്തിന് പ്രായോഗികജ്ഞാനമായിരുന്നു അനിവാര്യമായിരുന്നതെങ്കിൽ നൂറു കണക്കിനു വർഷം മുന്നേ, റോമൻ സാമ്രാജ്യത്തിലെ എഞ്ചിനീയർമാരുടെ കാലത്തു തന്നെ, അതു രൂപം കൊള്ളുമായിരുന്നുവെന്ന് കോയ്റെ എഴുതുന്നുണ്ട്.
സാമൂഹികസന്ദർഭങ്ങളുടെ സ്വാധീനങ്ങളിൽ നിന്നും സ്വതന്ത്രമായി ശാസ്ത്രം അതിന്റെ നീതീകരണത്തെ ശാസ്ത്രത്തിന്നുള്ളിൽ തന്നെ കണ്ടെത്തുന്നുവെന്ന് അലക്സാന്ദ്രെ കോയ്റെ കാണുന്നു. ആന്തരികതാവാദം (Internalism) എന്നു വിളിക്കാവുന്ന വീക്ഷണമാണിത്. ഗണിതശാസ്ത്രപരമായ യഥാതഥവാദത്തിനും ആന്തരികതാവാദത്തിനും ശാസ്ത്രത്തിന്റെ സ്വാശ്രയത്വത്തെ ഉൾക്കൊള്ളുന്നതിനു കഴിയും. ശാസ്ത്രത്തിന്റെ സാമൂഹികശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെ മണ്ഡലത്തിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും കോയ്റെ ഗണ്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ആധുനികശാസ്ത്രത്തിന്റെ രൂപീകരണത്തിൽ ഈ ഘടകങ്ങൾ വഹിച്ച പങ്കിനെ കുറിച്ച് മിക്കവാറും വിമർശപരമായ ഒരു സമീപനം അദ്ദേഹം സ്വീകരിച്ചു. സാമൂഹികവും സാങ്കേതികവിദ്യാപരവുമായ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ആധുനികശാസ്ത്രത്തിന്റെ ചരിത്രത്തെ വ്യാഖ്യാനിച്ച മെർട്ടനും ഗ്രോസ്മാനും മറ്റും നടന്ന വഴികളിൽ നിന്നും വ്യത്യസ്തമായിരുന്നു, ഇത്. സാങ്കേതികവിദ്യയുടെ പ്രായോഗികജ്ഞാനത്തിൽ ഊന്നുന്നതും സാമൂഹികശാസ്ത്രപരവുമായ ആശയങ്ങൾ കോയ്റെയുടെ വിമർശത്തെ താങ്ങാൻ കെൽപ്പുള്ളതായിരുന്നില്ല. ആധുനികപരീക്ഷണാത്മകശാസ്ത്രത്തിന്റെ രൂപീകരണത്തിന് പ്രായോഗികജ്ഞാനമായിരുന്നു അനിവാര്യമായിരുന്നതെങ്കിൽ നൂറു കണക്കിനു വർഷം മുന്നേ, റോമൻ സാമ്രാജ്യത്തിലെ എഞ്ചിനീയർമാരുടെ കാലത്തു തന്നെ, അതു രൂപം കൊള്ളുമായിരുന്നുവെന്ന് കോയ്റെ എഴുതുന്നുണ്ട്. ആധുനികചിന്തയെ പുതിയ ശൈലിയിലുള്ള ചിന്തയായി കോയ്റെ കണ്ടു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ഈ ചിന്താവ്യതിയാനത്തിന്റെ ഹൃദയമായിരുന്നു. പ്രപഞ്ചത്തിന്റെ സൈദ്ധാന്തികവ്യാഖ്യാനം നിശിതമായും ഗണിതശാസ്ത്രപരമാണെന്ന് അതു കരുതി. പ്രകൃതിയെ മനസ്സിലാക്കുന്നതിനുള്ള ഗണിതത്തിന്റെ ഉപയോഗം യുക്തിയുടെ ലോകത്തെ വെളിപ്പെടുത്തി. പരീക്ഷണാത്മകരീതിശാസ്ത്രം അനുഭവത്തിലുപരിയായി യുക്തിയെയാണ് ആശ്രയിക്കുന്നത്. ബലതന്ത്രത്തിലെ ജഡത്വനിയമത്തിന്റെ രൂപീകരണം അനുഭവങ്ങളുടെ ശേഖരത്തിൽ നിന്നു കൊണ്ടായിരുന്നില്ല, അത് ആശയങ്ങളുടെ വികാസത്തിന്റെ ഭാഗമായിരുന്നു. നിശ്ചലാവസ്ഥയെ ഉണ്മയുടെ പ്രാഥമികാവസ്ഥയായിട്ടാണ് ഗ്രീക്കുകാർ കണ്ടിരുന്നത്. ഈ സൈദ്ധാന്തികബിന്ദുവിൽ നിന്നും ആരംഭിക്കുകയും ചലനാവസ്ഥയെ നിശ്ചലാവസ്ഥയുടെ അതേ ഭവശാസ്ത്രപരമായ നിലയിൽ സ്ഥാപിക്കുകയുമാണ് ആധുനികയുക്തി ചെയ്തത്. സ്ഥിതാവസ്ഥയിലും സ്ഥിരപ്രവേഗചലനാവസ്ഥയിലുമുള്ള വസ്തുക്കളെ ഒരേ ഗണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാം ചലനനിയമം സ്ഥിതാവസ്ഥയുടേയും ചലനാവസ്ഥയുടേയും ഭവശാസ്ത്രപരമായ തുല്യതയെ സ്ഥാപിക്കുകയും ക്ലാസിക്കൽ ബലതന്ത്രത്തിന്റെ സൃഷ്ടിക്കു അടിസ്ഥാനകാരണമാകുകയും ചെയ്യുന്നുണ്ട്. പ്ലാറ്റോയുടേയും ഗലീലിയോയുടേയും ആശയങ്ങൾക്കിടയിൽ അനിവാര്യമായ ബന്ധങ്ങളെ കണ്ടെത്താൻ കോയ്റെയെ ഇതു പ്രേരിപ്പിക്കുന്നു.
ശാസ്ത്രത്തിന്റെ സാമൂഹികവ്യാഖ്യാനങ്ങളെ ഭാഗികമായി കൃത്യവും എന്നാൽ അസംതൃപ്തവുമായി കോയ്റെ കാണുന്നു. അവയെ തീർത്തും ഉപേക്ഷിക്കുന്ന സമീപനം അദ്ദേഹം സ്വീകരിക്കുന്നില്ല. ആധുനികശാസ്ത്രത്തിന്റെ നിർവ്വഹണത്തിന് ആവശ്യമുള്ള വ്യവസ്ഥകളായി അവയെ അദ്ദേഹം ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ അവ മാത്രം മതിയാകുമായിരുന്നില്ല. യൂറോപ്യന്മാർ ഇന്ത്യയെ കണ്ടെത്താനായി നടത്തിയ നാവികയാത്രകൾ ഘടികാരങ്ങളുടെ നിർമ്മാണത്തെ ത്വരിതപ്പെടുത്തിയിരിക്കണം. യുദ്ധങ്ങൾ വെടിമരുന്നിന്റെ കണ്ടെത്തലിനു ചില വഴികൾ തുറന്നിരിക്കണം. ഇങ്ങനെ പല ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ, ശാസ്ത്രത്തിന്റെ പ്രായോഗികവും അനുഭവാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ; സാങ്കേതികവിദ്യ, കാൾക്കുലസിന്റെ വികാസത്തെ സഹായിച്ചുവെന്നു കരുതാനാകില്ല. മുതലാളിത്തവർഗത്തിന്റെ ഉദയത്തെ കോപ്പർനിക്കസ്സിന്റെ ജ്യോതിശാസ്ത്രവുമായി ബന്ധിപ്പിക്കാൻ കഴിയില്ല. പരീക്ഷണാത്മകശാസ്ത്രത്തിന്റെ ഉദയവും വളർച്ചയും സൈദ്ധാന്തികവും അതിഭൗതികവുമായ സമീപനത്തിന്റെ സ്രോതസ്സല്ല; മറിച്ച്, അതിന്റെ ഫലമാണ്. അഥവാ കോയ്റെയെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിലെ വിപ്ലവങ്ങൾ ഉയിർക്കൊള്ളുന്നത് സാമൂഹികവും സാങ്കേതികവിദ്യാപരവുമായ വസ്തുതകളിൽ നിന്നല്ല; അവ ആവശ്യമുള്ള വ്യവസ്ഥകളായിരുന്നുവെങ്കിലും. അതിഭൗതികസമീപനത്തിന്റേയും ചിന്തയുടേയും മണ്ഡലത്തിലുണ്ടായിരുന്ന വ്യതിയാനങ്ങളും പുതുക്കലുകളുമാണ് ആധുനികശാസ്ത്രത്തിനു തുടക്കമിടുന്നതെന്ന് കോയ്റെ പറയുന്നു.
ആധുനികശാസ്ത്രത്തിന്റെ വിപ്ലവത്തെ നയിച്ച ശക്തി സാമൂഹികമോ സാങ്കേതികവിദ്യാപരമോ ആയിരുന്നില്ല; മറിച്ച്, തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെട്ട സൈദ്ധാന്തികമാറ്റങ്ങളിൽ നിന്നും ഉരുവം കൊണ്ടതായിരുന്നുവെന്ന് ചുരുക്കിപ്പറയാം
സങ്കേതങ്ങൾ(Techniques) സാങ്കേതികവിദ്യയാകുന്നത് ശാസ്ത്രത്തിന്റെ വരവിനു ശേഷമാണ്. സാങ്കേതികവിദ്യകളുടെ തുടക്കം പോലും ശാസ്ത്രത്തിന്റെ അഭാവത്തിൽ അസാധ്യമായിരുന്നു. സങ്കേതങ്ങളുടെ ചരിത്രം ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ശാസ്ത്രം സങ്കേതങ്ങളുടെ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, ശാസ്ത്രം സാങ്കേതികവിദഗ്ധരും എഞ്ചിനീയർമാരും ചേർന്നു നിർമ്മിച്ചതല്ല. ഘടികാരം ഒരു സാങ്കേതികവിദ്യയുടെ സൃഷ്ടിയാണ്. എന്നാൽ, ഘടികാരത്തിന്റെ നിർമ്മാണത്തിനു മുന്നേ ഒരു ശാസ്ത്രീയ സങ്കൽപ്പനം അതിൽ പ്രവർത്തിച്ചു തുടങ്ങുന്നു. ഘടികാരത്തിന്റെ നിർമ്മാണത്തിന് സാങ്കേതികവിദഗ്ധരേക്കാൾ കൂടുതലായി ഗലീലിയോ, ഹൈജൻസ്, ഹുക്ക് തുടങ്ങിയ ശാസ്ത്രജ്ഞന്മാരോട് കടപ്പെട്ടിരിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഇലക്ട്രോണിക് സാങ്കേതികവിദഗ്ധരേക്കാളും ഉപരിയായി ഇലക്ട്രോണിനെ ആദ്യമായി സങ്കൽപ്പിച്ച ഭൗതികശാസ്ത്രജ്ഞന്മാരോട് കടപ്പാടുണ്ട്. ഒരു സൈദ്ധാന്തികവസ്തുവിന് പ്രായോഗികയാഥാർത്ഥ്യമായി മാറിത്തീരാനും അങ്ങനെ പരിവർത്തിക്കപ്പെടാനും കഴിയുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പ്രകൃതിയിലെ സമയം ഘടികാരത്തിലെ യാന്ത്രികകാലമായി മാറിത്തീരുന്ന സാങ്കേതികസംഭവത്തിനും മുന്നേ ഒരു ശാസ്ത്രീയസംഭവത്തിലൂടെ കടന്നു പോകുന്നുണ്ട്. ഒരു ഉപകരണത്തിന്റെ ശരിയായ പ്രവർത്തനം ഇന്ദ്രിയങ്ങളുടെ വ്യാപനം എന്ന നിലയ്ക്കുപരിയായി ചിന്തയുടെ ഭൗതികവൽക്കരണമാണെന്ന് കോയ്റെ പറയുന്നു. ആധുനികശാസ്ത്രത്തിന്റെ വിപ്ലവത്തെ നയിച്ച ശക്തി സാമൂഹികമോ സാങ്കേതികവിദ്യാപരമോ ആയിരുന്നില്ല; മറിച്ച്, തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെട്ട സൈദ്ധാന്തികമാറ്റങ്ങളിൽ നിന്നും ഉരുവം കൊണ്ടതായിരുന്നുവെന്ന് ചുരുക്കിപ്പറയാം. ഈ ചിന്തകളുടെ തുടർച്ചയെന്നോണം, ശാസ്ത്രത്തിന്റേയും തത്ത്വചിന്തയുടേയും ഒന്നുചേരലിനെ, ഐക്യത്തെ കോയ്റെ കാണുന്നു. ഇങ്ങനെയൊക്കയാണെങ്കിലും, ശാസ്ത്രത്തിന്റെ സാമൂഹികവ്യാഖ്യാനങ്ങൾ ചമയ്ക്കുന്നവർക്ക് വ്യക്തിപരമായ വിമർശം എഴുതാൻ കോയ്റെ തയ്യാറാകുന്നില്ല.
ആധുനികശാസ്ത്രം സൈദ്ധാന്തികമാണെന്ന നിലപാടു സ്വീകരിച്ച കോയ്റെ പരീക്ഷണങ്ങളുടെ ആവശ്യകതയെ നിരാകരിക്കുകയായിരുന്നില്ല, അവയുടെ പരിമിതിയെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. നിർണ്ണായകമായ പരീക്ഷണങ്ങളില്ലെന്ന് അദ്ദേഹം കരുതി. ശാസ്ത്രത്തിന്റെ പരിണാമത്തിന്റെ ത്വരകം പരീക്ഷണങ്ങളാണെന്ന അഭിപ്രായവും അദ്ദേഹത്തിനില്ലായിരുന്നു. പരീക്ഷണങ്ങളുടെ ആവശ്യകതയെ കുറിച്ചു പറയുമ്പോൾ തന്നെ അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ എടുത്തുകാട്ടി. അക്കങ്ങളിലുള്ള ഡാറ്റ നൽകാൻ കഴിയുന്നത് പരീക്ഷണങ്ങൾക്കാണ്. അവയില്ലെങ്കിൽ, പ്രകൃതിയെ കുറിച്ചുള്ള നമ്മുടെ ധാരണ അപൂർണ്ണമായിരിക്കും. ഗലീലിയോയുടെ പരീക്ഷണങ്ങളെ കോയ്റെ വിശദമായി സമീപിക്കുന്നുണ്ട്. ഗലീലിയോയുടെ പരീക്ഷണഫലങ്ങൾ ഏകദേശഫലങ്ങളാണെങ്കിലും അവ പ്രകൃതിയോടു ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് അളന്നെടുക്കാവുന്ന ഫലങ്ങൾ നൽകാൻ കഴിവുള്ള ധൈഷണികനിർമ്മിതികളായിരുന്നു. എന്നാൽ, സൈദ്ധാന്തികസന്ദർഭത്തിൽ നിന്നും വേർപ്പെടുത്തി പരീക്ഷണങ്ങളെ കാണാൻ കഴിയില്ല. ആധുനികശാസ്ത്രത്തിലെ പരീക്ഷണത്തെ കുറിച്ചുള്ള ആശയങ്ങൾ അരിസ്റ്റോട്ടിലിന്റെ പാരമ്പര്യത്തിന് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നതല്ല. അരിസ്റ്റോട്ടിലിന്റെ പാരമ്പര്യം അളവിനെ കാണുന്നില്ല, ഗുണത്തിനു പ്രാധാന്യം നൽകുന്നു. ഗലീലിയോ മുന്നോട്ടുവച്ച സ്ഥലത്തിന്റെ ജ്യാമിതിവൽക്കരണം എന്ന ആശയം പരീക്ഷണങ്ങളുടെ ധൈഷണികനിർമ്മിതിയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
ഗലീലിയോയെ പ്ലാറ്റോയുമായി ബന്ധിപ്പിക്കുന്ന കോയ്റെയുടെ നിരീക്ഷണങ്ങൾ ചില പ്രധാന ചോദ്യങ്ങളിലേക്കു നമ്മെ ക്ഷണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഗ്രീസിന്റെ ഗണിതശാസ്ത്രവുംസിദ്ധാന്തവും ആധുനികശാസ്ത്രത്തിലേക്കും സാങ്കേതികവിദ്യയിലേക്കും നയിക്കപ്പെടാതിരുന്നത് എന്ന പ്രശ്നത്തെ ഇവിടെ സംബോധന ചെയ്യേണ്ടിവരുന്നു. അടിമത്തവ്യവസ്ഥയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും രൂപം കൊള്ളുന്നത് അസാധ്യമായിരുന്നുവെന്ന സാമൂഹികവിശദീകരണത്തെ കോയ്റെ സംതൃപ്തിദായകമായ വിശദീകരണമായി കാണുന്നില്ല. സാങ്കേതികവിദ്യയുടെ സൃഷ്ടിക്ക് ശാസ്ത്രത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നു. ആധുനികശാസ്ത്രം ആധുനികതയുടെ മാത്രം സൃഷ്ടിയായിരുന്നു. ശാസ്ത്രത്തിനു മുമ്പ് സാങ്കേതികവിദ്യയെ സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും പരസ്പരബന്ധിതമായല്ലാതെ നമുക്കു മനസ്സിലാക്കാൻ കഴിയില്ല. ആധുനികശാസ്ത്രം സൈദ്ധാന്തികജ്ഞാനത്തിന്റേയും പ്രായോഗികജ്ഞാനത്തിന്റേയും സാകല്യത്തിൽ നിന്നും ഉരുവം കൊള്ളുന്നതാണ്. എന്നാൽ, കോയ്റെയെ സംബന്ധിച്ചിടത്തോളം സിദ്ധാന്തത്തിനു പ്രാഥമ്യമുണ്ട്.
പുതിയ പ്രപഞ്ചം അധികാരശ്രേണിക്കനുസരിച്ച് ക്രമപ്പെട്ടതല്ല. ആയിത്തീർന്നു(Becoming)കൊണ്ടിരിക്കുന്നതും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചമാണത്
ആധുനികശാസ്ത്രം സൈദ്ധാന്തികമാണെന്ന നിലപാടിന്റെ തുടർച്ചയിൽ ശാസ്ത്രവിപ്ലവത്തിന്റെ പ്രധാനപ്പെട്ട രണ്ടു സ്വഭാവങ്ങളെ കുറിച്ച് കോയ്റെ പറയുന്നുണ്ട്. അവ, "ശ്രേണിബദ്ധപ്രപഞ്ചത്തിന്റെ നാശ'വും "സ്ഥലത്തിന്റെ ജ്യാമിതിവൽക്കരണ'വും ആണ്. സ്ഥലത്തിന്റെ ജ്യാമിതിവൽക്കരണം എന്ന ആശയം എങ്ങനെ കടന്നുവരുന്നുവെന്നു ഇതിന്നകം സൂചിപ്പിച്ചുവല്ലോ? ഇതോടൊപ്പം "ഭൗതികയാഥാർത്ഥ്യത്തിന്റെ ഗണിതവൽക്കരണം', "പ്രപഞ്ചത്തിന്റെ അനന്തവൽക്കരണം', "ഏകദേശലോകത്തിൽ നിന്നും സൂക്ഷ്മതയുടേയും കൃത്യതയുടേയും ലോകത്തിലേക്കുള്ള നീക്കം' എന്നീ പ്രവണതകളേയും കോയ്റെ സൂചിപ്പിക്കുന്നു. സ്ഥലത്തിന്റെ ജ്യാമിതിവൽക്കരണം ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന്റേയും ശാസ്ത്രസിദ്ധാന്തങ്ങളുടേയും പരിവർത്തനത്തെ കൊണ്ടുവരുന്നതായിരുന്നു. തത്ത്വചിന്തകന്മാരും ഗണിതശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ധരും അടങ്ങുന്ന ചെറിയ സാമൂഹികവിഭാഗത്തെ ബാധിക്കുന്ന കാര്യമായിരുന്നു അത്. ഗലീലിയോക്കു മുമ്പുള്ള ഭൗതികത്തിന്റെ മൂർത്തസ്ഥലസങ്കൽപ്പനത്തെ അമൂർത്തമായ യൂക്ലീഡിന്റെ സ്ഥലസങ്കൽപ്പനം കൊണ്ട് ഇത് മാറ്റി പ്രതിഷ്ഠിച്ചു. ജഡത്വനിയമത്തിന്റെ രൂപീകരണം ഈ മാറ്റം കൊണ്ടു മാത്രം സാധ്യമാകുന്നതായിരുന്നു. ജഡത്വനിയമത്തിന്റേയും അതിന്റെ തുടർച്ചയിൽ ന്യൂട്ടന്റെ ബലതന്ത്രത്തിന്റേയും രൂപീകരണത്തിൽ സ്ഥലത്തിന്റെ ജ്യാമിതിവൽക്കരണം തെളിഞ്ഞു പ്രകടിതമായി. എന്നാൽ, ശ്രേണിബദ്ധപ്രപഞ്ചത്തിന്റെ നാശം എന്ന സങ്കൽപ്പനം പ്രപഞ്ചത്തെ കുറിച്ച് പുതിയൊരു ചിത്രം നൽകുന്നതും മുഴുവൻ ജനവിഭാഗങ്ങളേയും സ്വാധീനിക്കുന്നതുമായ മാറ്റമായിരുന്നു. ശ്രേണിബദ്ധവും കൃമീകൃതവും അടഞ്ഞതും പരിമിതവുമായ പ്രപഞ്ചത്തെ കുറിച്ചുള്ള സങ്കൽപ്പനം നാശമടയുന്നു. തുറന്നതും അനിശ്ചിതവും അപരിമിതവും എല്ലായിടത്തും എല്ലാ ദിശകളിലും സമാനവും സാർവ്വലൗകിക നിയമങ്ങളാൽ നയിക്കപ്പെടുന്നതുമായ പ്രപഞ്ചത്തെ കുറിച്ചുള്ള സങ്കൽപ്പനം രൂപം കൊള്ളുന്നു. പുതിയ പ്രപഞ്ചം അധികാരശ്രേണിക്കനുസരിച്ച് ക്രമപ്പെട്ടതല്ല. ആയിത്തീർന്നു(Becoming)കൊണ്ടിരിക്കുന്നതും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചമാണത്. ആകാശവും ഭൂമിയും ഒരേ ഭവശാസ്ത്രനില(Ontological Status)യിൽ സ്ഥാപിക്കപ്പെടുന്നു. ഭൂമിയിലെ വസ്തുക്കളുടെ ചലനവും ആകാശഗോളങ്ങളുടെ ചലനവും ഒരേ നിലയിൽ പരിചരിക്കപ്പെടുന്നു. വാനഗോളശാസ്ത്രവും ഭൗതികശാസ്ത്രവും പരസ്പരാശ്രിതവും പരസ്പരബന്ധിതവും ആയിരിക്കുന്നു. പ്രപഞ്ചം ജ്യാമിതി കൊണ്ട് ഏകീകൃതമായിരിക്കുന്നു. അരിസ്റ്റോട്ടിലിന്റെ കേവലഗുണങ്ങൾ അപ്രസക്തമാകുകയും അളവുകൾ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു. ചലനം സംഖ്യകൾ കൊണ്ട് രേഖപ്പെടുന്ന സ്ഥിതി വരുന്നു. പ്രപഞ്ചം അമൂർത്തമായിരിക്കുന്നു.
ശാസ്ത്രവിപ്ലവത്തിന്റെ ഇരട്ടസ്വഭാവത്തെ കുറിച്ച് അവതരിപ്പിച്ച ആശയങ്ങളിൽ കോയ്റേ വേണ്ടത്ര സംതൃപ്തനായിരുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തവൽക്കരണത്തെ കുറിച്ച് അദ്ദേഹം എഴുതിത്തുടങ്ങുന്നു. ഇരട്ട സ്വഭാവത്തെ കൂടുതൽ സംക്ഷിപ്തമായി എഴുതുന്ന രീതിയിൽ പ്രകൃതിയുടെ ഗണിതവൽക്കരണത്തെ കുറിച്ചും ശാസ്ത്രത്തിന്റെ ഗണിതവൽക്കരണത്തെ കുറിച്ചും പറയുന്നു. സ്ഥലത്തിന്റെ ജ്യാമിതിവൽക്കരണം എന്ന പരികൽപ്പന കാര്യങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളുന്നില്ലെന്നു പറയുന്നു. പുതിയ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ഉള്ളടക്കം ഗണിതീയഭൗതികത്തിന്റെ നിർമ്മാണമാണെന്ന് കോയ്റെക്കു ബോധ്യപ്പെടുന്ന സന്ദർഭമാണിത്. പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവത്തിന്റെ ആഴത്തിലുള്ള അർത്ഥം ഭൗതികയാഥാർത്ഥ്യത്തിന്റെ ഗണിതവൽക്കരണമാണെന്നു മനസ്സിലാക്കപ്പെടുന്നു. ഗണിതവൽക്കരണത്തെ ഭൗതികയാഥാർത്ഥ്യത്തിന്റെ ശരിയായ ആന്തരികസത്തയായി കോയ്റെ കണ്ടു. കാസിറർ, എഡ്വിൻ ബ്രട്ട്, എഡ്മണ്ട് ഹുസേൽ, മാർട്ടിൻ ഹൈഡഗർ തുടങ്ങിയവരൊക്കെ ഈ പ്രമേയത്തിൽ വ്യത്യസ്ത രീതികളിൽ എത്തിച്ചേർന്നിരുന്നല്ലോ.
പുരാതനകാലം മുതലേ ആകാശഗോളങ്ങളിൽ ഗണിതം പ്രയോഗിക്കപ്പെട്ടിരുന്നു. ഇപ്പോൾ, ഭൂമിയിലെ വസ്തുക്കളുടെ ചലനവും ആകാശഗോളങ്ങളുടെ ചലനവും ഒരേ നിലയിൽ പരിചരിക്കപ്പെടേണ്ട സ്ഥിതി ആഗതമാകുന്നു. ആധുനികപരീക്ഷണസംവിധാനങ്ങൾ ഇതിന്റെ തുടർച്ചയാണ്
ഗണിതവൽക്കരണത്തിന്റെ ഫലമായി, ഏറിയതോ കുറഞ്ഞതോയെന്ന് വിശേഷമായി പറയേണ്ട അളവുകൾ മാത്രം വ്യവഹരിക്കുന്ന അനുഭവൈകലോകത്തു നിന്നും സൂക്ഷ്മതയും കൃത്യതയുമുള്ള യുക്തിപ്രപഞ്ചത്തിലേക്കുള്ള മാറ്റം സംഭവിക്കുന്നുണ്ട്. ഇന്ദ്രിയങ്ങൾ നൽകുന്ന അനിശ്ചിതമായ ഡാറ്റയുടെ സ്ഥാനത്ത് ഉറപ്പും കൃത്യതയുമുള്ള സംഖ്യകൾ പകരം വരുന്നു. അനിശ്ചിതഗുണങ്ങളുടെ സ്ഥാനത്ത് നിശ്ചിതത്വമുള്ള അളവുകൾ വരുന്നു. ഗണിതം അമൂർത്തവൽകൃതമായ ലോകത്തിലാണല്ലോ പ്രയോഗക്ഷമമാകുന്നത്. അരിസ്റ്റോട്ടിലിന്റെ ലോകസങ്കൽപ്പത്തിൽ, ഭൗതികമായ ഉണ്മയുള്ളവയെല്ലാം ജീവികളെ പോലെ ആയിരുന്നു, അവയ്ക്ക് കൃത്യമായ അളവുകളോ മാനങ്ങളോ ഉണ്ടായിരുന്നില്ല. കൃത്യമായ സംഖ്യകളുടെ ലോകം അവയ്ക്ക് അന്യമായിരുന്നു. അതുകൊണ്ട്, ഭൂമിയിലെ ചലനലോകത്തിന് ഗണിതം പ്രയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പുരാതനകാലം മുതലേ ആകാശഗോളങ്ങളിൽ ഗണിതം പ്രയോഗിക്കപ്പെട്ടിരുന്നു. ഇപ്പോൾ, ഭൂമിയിലെ വസ്തുക്കളുടെ ചലനവും ആകാശഗോളങ്ങളുടെ ചലനവും ഒരേ നിലയിൽ പരിചരിക്കപ്പെടേണ്ട സ്ഥിതി ആഗതമാകുന്നു. ആധുനികപരീക്ഷണസംവിധാനങ്ങൾ ഇതിന്റെ തുടർച്ചയാണ്.
പ്രപഞ്ചത്തിന്റെ ഭവശാസ്ത്രപരമായ ഏകീകരണമാണ്, പ്രായോഗികശാസ്ത്രപ്രവർത്തനങ്ങളിലേക്കു നയിക്കുന്നതെന്ന തന്റെ നിലപാടിന്റെ സാധൂകരണമായി ഇതിനെ കോയ്റെ കണ്ടു. ഭവശാസ്ത്രപരമായ ഏകീകരണം ഉഭയദിശീയമായിരുന്നു. ഒരു വശത്ത് ഗണിതശാസ്ത്രം ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു. മറുവശത്ത്, ഭുമിയിലെ വസ്തുക്കളിൽ പ്രയോഗിച്ചിരുന്ന കാരണയുക്തി ആകാശഗോളങ്ങൾക്കും ബാധകമാക്കി. ഭൗതികലോകം അക്കങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ടതായി മാറി. കോയ്റെയെ സംബന്ധിച്ചിടത്തോളം പരീക്ഷണാത്മകശാസ്ത്രത്തിന്റെ ആവിർഭാവം ഈ പ്രക്രിയയുടെ അനന്തരഫലമായിരുന്നു. എന്നാൽ, കൃത്യതയുടെ അടിസ്ഥാനത്തിലല്ല, ഏകദേശീയവും സംഭാവ്യവുമായ ജ്ഞാനത്തിന്റെ നീതീകരണത്തെ തിരിച്ചറിയുന്നതിലൂടെയാണ് പരീക്ഷണാത്മകശാസ്ത്രം സാധ്യമായതെന്ന മറ്റൊരു പാഠം ഇതോടൊപ്പം ചിലർ ഉന്നയിച്ചിട്ടുണ്ട്. ഈ വാദത്തിനു പ്രസക്തിയുണ്ടെങ്കിലും പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവം ജ്ഞാനത്തെ അക്കങ്ങളുടെ ലോകത്തിലേക്ക് ആനയിച്ചുകൊണ്ട് ഏകദേശീയജ്ഞാനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിത്തീർത്തുവെന്ന കോയ്റെയുടെ വാദം ഒട്ടും തന്നെ അസാധുവാകുന്നില്ല. ആധുനികസാങ്കേതികവിദ്യയുടെ ഉദയത്തിനും അക്കങ്ങളുടെ കൃത്യത സഹായകമായെന്നു കോയ്റെ സമർത്ഥിക്കുന്നുണ്ട്.
അനന്തപ്രപഞ്ചം എന്ന സങ്കൽപ്പനം ദാർശനികവും ദൈവശാസ്ത്രപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു. പരിമിതവും മനുഷ്യകേന്ദ്രീകൃതവും ക്രമീകൃതവുമായ പ്രപഞ്ചം അനന്തവും ഏകതാനവുമായി മാറിത്തീരുന്ന വിപ്ലവമാണ് പതിനേഴാം നൂറ്റാണ്ടിൽ ശാസ്ത്രത്തിനുള്ളിലും പുറത്തും സംഭവിക്കുന്നതെന്ന് അലക്സാന്ദ്രെ കോയ്റെ സ്ഥാപിക്കുന്നു
അടഞ്ഞലോകത്തു നിന്നും അനന്തപ്രപഞ്ചത്തിലേക്ക് എന്ന ധാരണയെ കുറിച്ച് കോയ്റെ നിരന്തരം എഴുതുകയുണ്ടായില്ല. എന്നാൽ, ഒരു പ്രധാന പ്രബന്ധത്തിന്റെ ശീർഷകമായി അതു പ്രത്യക്ഷപ്പെട്ടു. പ്രപഞ്ചഗോളം വലുതാകുന്നതായി, അനിശ്ചിതമാകുന്നതായി, അതിന്റെ ചുറ്റളവ് നഷ്ടപ്പെട്ട് അനന്തമാകുന്നതായി, പുരാതനപ്രപഞ്ചത്തിന്റെ പൊടി പോലുമില്ലാതെ അപ്രത്യക്ഷമാകുന്നതായി കോയ്റെ എഴുതുന്നുണ്ട്. പ്രപഞ്ചത്തിന്റെ അനന്തവൽക്കരണം സ്ഥലത്തിന്റെ ജ്യാമിതിവൽക്കരണവുമായി അനിവാര്യമായും കണ്ണിചേർക്കപ്പെട്ടിരുന്നു. പ്രപഞ്ചത്തിന് കേന്ദ്രമോ അതിരുകളോ ഇല്ലാതായി. അനന്തപ്രപഞ്ചത്തിലെ എല്ലാ സ്ഥലവും പൂർണ്ണമായും സമാനമായിരുന്നു. അനന്തപ്രപഞ്ചം എന്ന സങ്കൽപ്പനം ദാർശനികവും ദൈവശാസ്ത്രപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു. പരിമിതവും മനുഷ്യകേന്ദ്രീകൃതവും ക്രമീകൃതവുമായ പ്രപഞ്ചം അനന്തവും ഏകതാനവുമായി മാറിത്തീരുന്ന വിപ്ലവമാണ് പതിനേഴാം നൂറ്റാണ്ടിൽ ശാസ്ത്രത്തിനുള്ളിലും പുറത്തും സംഭവിക്കുന്നതെന്ന് അലക്സാന്ദ്രെ കോയ്റെ സ്ഥാപിക്കുന്നു.
ന്യൂട്ടനെ കുറിച്ചുള്ള കോയ്റെയുടെ പഠനങ്ങൾ ഏറെ ഉൾക്കാഴ്ച പകരുന്നതാണ്. പ്രകൃതി എഴുതപ്പെട്ടിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന ഗലീലിയോയുടെ സങ്കൽപ്പനവും കണികകളാകുന്ന അക്ഷരങ്ങളും വാക്കുകളും കൊണ്ടാണ് പ്രകൃതിയുടെ പുസ്തകം എഴുതപ്പെട്ടിരിക്കുന്നതെന്ന ബോയിലിന്റെ സങ്കൽപ്പനവും സംയോജിക്കുന്ന ഒരു പ്രവർത്തനം ന്യൂട്ടനിൽ സംഭവിക്കുന്നു. ദ്രവ്യം, സ്ഥലം, ചലനം, ആകർഷണം എന്നീ നാലു സങ്കൽപ്പനങ്ങൾ കൊണ്ടാണ് ന്യൂട്ടൺ തന്റെ പ്രപഞ്ചത്തെ ഭാവന ചെയ്തത്.
ദ്രവ്യം - പരസ്പരം വേർതിരിക്കപ്പെട്ടതും വ്യത്യസ്തവും മാറ്റമില്ലാത്തതുമായ കണികകൾ കൊണ്ടു നിർമ്മിക്കപ്പെട്ടത്.
സ്ഥലം - ദ്രവ്യചലനം സാദ്ധ്യമാക്കുന്നത്, ശൂന്യം, എല്ലാ ദിശകളിലും രീതികളിലും സമാനം.
ചലനം - അനന്തവും സമാനവും ശൂന്യവുമായ സ്ഥലത്ത് സംഭവിക്കുന്നത്, അപരിചിതവും വിരോധാഭാസജനകവുമായ ബന്ധം
ആകർഷണം - എല്ലാ കണങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന ദ്രവ്യത്തിന്റെ പ്രവർത്തനം. എല്ലാ ദ്രവ്യകണങ്ങളും പരസ്പരം ആകർഷിക്കുന്നു.
ഗലീലിയോ നടത്തിയതായി പറയപ്പെടുന്ന പരീക്ഷണങ്ങളെ കുറിച്ചും അദ്ദേഹത്തിനു ലഭിച്ചതായി കരുതപ്പെടുന്ന പരീക്ഷണഫലങ്ങളെ കുറിച്ചും കോയ്റെ സന്ദേഹിക്കുന്നുമുണ്ട്.
സ്ഥലത്തിന്റെ തുടർച്ചയേയും കണികകളുടെ തുടർച്ചാരാഹിത്യത്തേയും സാധ്യമാക്കിയ ശൂന്യത എന്ന സങ്കൽപ്പനവും ന്യൂട്ടോണിയൻ പ്രപഞ്ചത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കണികകൾക്കിടയിലെ ആകർഷണബലം അതിന്റെ ഭൗതികമായ ഏകത്വത്തെ ഉറപ്പാക്കുന്നു. എന്നാൽ, ഈ ആകർഷണബലത്തെ ഭൗതികബലമായി ന്യൂട്ടൺ പോലും കാണുകയുണ്ടായില്ല. അതിനെ ഗണിതശാസ്ത്രപരമായ ബലമായി അദ്ദേഹം കണ്ടു. അകന്നു നിൽക്കുന്ന കണികകൾക്കിടയിലെ ആകർഷണബലത്തിനാവശ്യമായ വിദൂരപ്രവർത്തനം (action at a distance) ദൈവത്തിനു പോലും അസാധ്യമാണെന്ന് ന്യൂട്ടൺ കരുതി. എന്നാൽ, ഈ സിദ്ധാന്തം പഠിക്കുന്ന ആദ്യതലമുറയിലെ വിദ്യാർത്ഥികൾ തന്നെ ഈ ബലത്തിനെ യഥാർത്ഥവും ഭൗതികവുമായിട്ടാണ് മനസ്സിലാക്കിയത്. ന്യൂട്ടന്റെ സങ്കൽപ്പനങ്ങളും സിദ്ധാന്തങ്ങളും ആദ്യകാലങ്ങളിൽ വലിയ തോതിൽ എതിർക്കപ്പെട്ടെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ തത്ത്വസംഹിതയായി അതു മാറിത്തീർന്നു. ആ നൂറ്റാണ്ടിൽ രൂപം കൊണ്ട ഏതൊരു ജ്ഞാനവ്യവഹാരവും ന്യൂട്ടോണിയൻ ഭൗതികത്തെ അടിസ്ഥാനവും മാതൃകയുമായി സ്വീകരിക്കുന്നതു കാണാം. സങ്കീർണ്ണവും ഗഹനവും നിഗൂഢവുമായ ന്യൂട്ടന്റെ പ്രപഞ്ചസങ്കൽപ്പനം ഉദ്ദേശ്യപൂർണ്ണമായ ഒരു പ്രഥമപ്രവർത്തനത്തെ ആവശ്യപ്പെടുന്നുണ്ടായിരുന്നു. വോൾട്ടയറുടെ വാക്കുകളിൽ പറഞ്ഞാൽ, പ്രപഞ്ചഘടികാരത്തിന് ഒരു നായകൻ വേണ്ടിയിരുന്നു. പ്രപഞ്ചഘടികാരത്തെ നിർമ്മിക്കുകയും നിരന്തരം പരിശോധിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്ന ഒരു ദൈവത്തിൽ എല്ലാ ന്യൂട്ടോണിയന്മാരും; ലാപ്ലാസ് ഒഴികെ, വിശ്വസിച്ചിരുന്നു. നിരവധി ശാസ്ത്രജ്ഞന്മാരുടേയും ചിന്തകന്മാരുടേയും സംഭാവനകൾ ന്യൂട്ടനിൽ സമ്മേളിച്ചു പ്രതിപ്രവർത്തിച്ചതായി കോയ്റെ എഴുതുന്നുണ്ട്. ഫെർമെ, പാസ്‌ക്കൽ, വാല്ലിസ്, ബാരോ, ഹൈജൻസ് എന്നിങ്ങനെ എത്രയോ പേരുടെ സംഭാവനകൾ ന്യൂട്ടനിൽ സംശ്ലേഷിച്ചു പ്രതിപ്രവർത്തിച്ചതായി കോയ്റെ പറയുന്നു. ന്യൂട്ടോണിയൻ ഭൗതികം ന്യൂട്ടൺ ഒറ്റയ്ക്കു നിർമ്മിച്ചതല്ലെന്ന് കോയ്റെ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.
ശാസ്ത്രചരിത്രരചനയിൽ അംഗീകൃതമായ രീതിശാസ്ത്രത്തെ അലോസരപ്പെടുത്തുന്ന ഇടപെടലുകൾ കോയ്റെ നടത്തുന്നുണ്ട്. അത് പോസിറ്റിവിസ്റ്റു വീക്ഷണത്തിനു വിരുദ്ധമായിരുന്നു
ഹുസേലിന്റെ ചരിത്രത്തിലേക്കുള്ള നോട്ടവും അതീത പ്രാതിഭാസികശാസ്ത്രവും കോയ്റെയെ സ്വാധീനിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥിയായിരുന്ന കോയ്റെ എഴുതിയ ഗവേഷണത്തിനുള്ള ഒരു നിർദ്ദേശം അംഗീകരിക്കാൻ ഹുസേൽ വിസമ്മതിക്കുന്നുണ്ട്. കോയ്റെയുടെ ഗലീലിയോ പഠനങ്ങൾ പ്രധാനമായിരുന്നല്ലോ? ഗലീലിയോ ഒരു പ്ലാറ്റോണിസ്റ്റ് ആണെന്ന് കോയ്റെ സ്ഥാപിക്കുന്നുണ്ടല്ലോ. ഗലീലിയോ നടത്തിയതായി പറയപ്പെടുന്ന പരീക്ഷണങ്ങളെ കുറിച്ചും അദ്ദേഹത്തിനു ലഭിച്ചതായി കരുതപ്പെടുന്ന പരീക്ഷണഫലങ്ങളെ കുറിച്ചും കോയ്റെ സന്ദേഹിക്കുന്നുമുണ്ട്. എഡ്മണ്ട് ഹുസേലിനെ ഗലീലിയോയിലേക്കു നയിക്കുന്നതിൽ അതു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ഡേവിഡ് കാർ ചൂണ്ടിക്കാണിക്കുന്നു. മറിച്ച്, ഗലീലിയോ പഠനത്തിലുള്ള താൽപ്പര്യം കോയ്റെക്ക് ഹുസേലിൽ നിന്നും ലഭിച്ചതാണെന്നു കരുതുന്നവരുമുണ്ട്. ശാസ്ത്രചരിത്രരചനയിൽ അംഗീകൃതമായ രീതിശാസ്ത്രത്തെ അലോസരപ്പെടുത്തുന്ന ഇടപെടലുകൾ കോയ്റെ നടത്തുന്നുണ്ട്. അത് പോസിറ്റിവിസ്റ്റു വീക്ഷണത്തിനു വിരുദ്ധമായിരുന്നു. എന്നാൽ, കോയ്റെയുടെ രീതിശാസ്ത്രം പിൽക്കാലത്തെ എത്രയോ ചിന്തകന്മാരെ സ്വാധീനിക്കുന്നു. തോമസ് കുണും മിഷേൽ ഫൂക്കോയും ഉൾപ്പെടെ അനേകം പേർ അലക്സാന്ദ്രെ കോയ്റെ തങ്ങളെ സ്വാധീനിച്ചതിനെ കുറിച്ച് സ്വയം എടുത്തു പറഞ്ഞിട്ടുണ്ട്.▮
(തുടരും)