പോൾ ഫയറബെന്റ്

രീതിശാസ്ത്രത്തിനെതിരെ​

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 13

ശാസ്ത്രത്തിനു പുറത്തുള്ള ജ്ഞാനമണ്ഡലങ്ങളെ അവഗണിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വരട്ടുതത്ത്വവാദം ശാസ്ത്രത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന പലരേയും പിടികൂടിയിരിക്കുന്നു

രീതിശാസ്ത്രത്തിനെതിരെ (Against Method) എന്ന ശീർഷകത്തിൽ പോൾ ഫയറബെന്റ് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ശാസ്ത്രത്തിന് നിശിതവും നിശ്ചിതവുമായ രീതിശാസ്ത്രത്തെ നിർദ്ദേശിക്കുന്ന ഇടപെടലുകൾക്കെതിരെയാണ് ഫയറബന്റ് ഈ പുസ്തകത്തിൽ എഴുതുന്നത്. പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിൽ ലെനിനേയും ഐൻസ്‌റ്റൈനേയും അദ്ദേഹം ഉദ്ധരിക്കുന്നു. വ്യവസ്ഥാനുസൃതമായി പ്രവർത്തിക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനെ സംബന്ധിച്ചിടത്തോളം, ഒരു പ്രകൃതി ശാസ്ത്രജ്ഞൻ ആദർശരഹിതനായ അവസരവാദിയായി പ്രത്യക്ഷപ്പെടുന്നുവെന്ന ഐൻസ്‌റ്റൈന്റെ വാക്കുകൾ അദ്ദേഹം എടുത്തെഴുതുന്നു. പ്രകൃതി ശാസ്ത്രജ്ഞന്മാർ സ്വീകരിക്കുന്ന വളരെ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ രീതിശാസ്ത്രങ്ങളെ ചൂണ്ടിയാണ് ഐൻസ്‌റ്റൈൻ ഇങ്ങനെ പറഞ്ഞത്. ശാസ്ത്രസംപ്രത്യയങ്ങളുടെ നിർമ്മാണത്തിനായി ഏതെങ്കിലും ഒരു ജ്ഞാനശാസ്ത്രവ്യവസ്ഥയിലേക്കു മാത്രമായി ചുരുങ്ങി നിൽക്കാൻ, അനുഭവയാഥാർത്ഥ്യത്താൽ നിർമിക്കപ്പെടുന്ന ബാഹ്യാവസ്ഥകൾ ശാസ്ത്രജ്ഞന്മാരെ അനുവദിക്കുന്നില്ലെന്ന് ഐൻസ്‌റ്റൈൻ കൂട്ടിച്ചേർക്കുന്നുണ്ട്.

ലെനിന്റെ "ഇടതുപക്ഷകമ്മ്യൂണിസം ഒരു ബാലാരിഷ്ടത' എന്ന പുസ്തകത്തിൽ നിന്നും പോൾ ഫയറബന്റ് ദീർഘമായിട്ടാണ് ഉദ്ധരിക്കുന്നത്. "ചരിത്രം പൊതുവിലും വിപ്ലവങ്ങളുടെ ചരിത്രം പ്രത്യേകിച്ചും ...എപ്പോഴും വളരെയധികം സാരസമ്പുഷ്ടവും വൈവിദ്ധ്യപൂർണ്ണവും നാനാമുഖവും സജീവവും പ്രതിഭാസമ്പന്നവുമാണ്.... അതിപ്രധാനമായ രണ്ടു പ്രായോഗികനിഗമനങ്ങൾ ഇതിൽ നിന്നും ഉളവാകുന്നുണ്ട്. ഒന്നാമത്, സ്വന്തം കടമ നിറവേറ്റണമെങ്കിൽ, വിപ്ലവവർഗത്തിന് സാമൂഹികപ്രവർത്തനത്തിന്റെ ഒന്നൊഴിയാതുള്ള എല്ലാ രൂപങ്ങളും സ്വായത്തമാക്കാൻ കഴിയണം. രണ്ടാമത്, ഒരു രൂപത്തിൽ നിന്നും മറ്റൊന്നിലേക്ക് അതിവേഗത്തിലും പൊടുന്നനെയും മാറാൻ വിപ്ലവവർഗം തയ്യാറായിരിക്കണം.' ലെനിൻ വിപ്ലവകാരികൾക്കു നൽകിയ നിർദ്ദേശങ്ങൾ ശാസ്ത്രജ്ഞന്മാരോട് പോൾ ഫയറബന്റ് ആവർത്തിക്കുന്നു. ഒന്നൊഴിയാതെ എല്ലാ സമരമാർഗങ്ങളും സ്വീകരിക്കാനുള്ള ലെനിന്റെ ആഹ്വാനത്തെ ഫയറബന്റ് മറ്റൊരു രീതിയിൽ ശാസ്ത്രജ്ഞന്മാരോടു പറയുന്നു. വിപ്ലവരാഷ്ട്രീയപ്രവർത്തനമാകട്ടെ, ശാസ്ത്രപ്രവർത്തനമാകട്ടെ അവയെ ഏതെങ്കിലും സവിശേഷമായ രീതിശാസ്ത്രത്തിലേക്കു ന്യൂനീകരിക്കുന്നവർക്ക് ചരിത്രം നിരന്തരം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ധാരണകളെ അറിയാൻ കഴിയില്ല. പരമ്പരാഗതമായ ധാരണകളിൽ തളച്ചിടപ്പെടാതിരിക്കാൻ, ചരിത്രം വച്ചു നീട്ടുന്ന പുതിയ സാധ്യതകളെ സ്വീകരിക്കാൻ എല്ലാ വ്യവഹാരങ്ങളും തുറന്ന സമീപനങ്ങളെ സ്വീകരിക്കണം. സൈദ്ധാന്തികമായ അരാജകത്വം, എല്ലാ ചിന്തകളേയും കടന്നുകയറാനും കൂടിക്കുഴയാനും പരസ്പരം പ്രതിപ്രവർത്തിക്കാനും അവസരമൊരുക്കുന്നുവെന്ന്, സർഗാത്മകതയെ ത്വരിപ്പിക്കുന്നുവെന്ന് പോൾ ഫയറബന്റ് എഴുതുന്നു.

വിപ്ലവരാഷ്ട്രീയപ്രവർത്തനമാകട്ടെ, ശാസ്ത്രപ്രവർത്തനമാകട്ടെ അവയെ ഏതെങ്കിലും സവിശേഷമായ രീതിശാസ്ത്രത്തിലേക്കു ന്യൂനീകരിക്കുന്നവർക്ക് ചരിത്രം നിരന്തരം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ധാരണകളെ അറിയാൻ കഴിയില്ല.

ശാസ്ത്രം അവശ്യമായും ഒരു അരാജകവാദസംരംഭമാണെന്നു ഫയറബന്റ് പറയുന്നു. അരാജകവാദം കൂടുതൽ മാനുഷികമാണ്. നിയമങ്ങളും നിയന്ത്രണങ്ങളുമല്ല, അരാജകത്വമാണ് പുരോഗതിയെ കൊണ്ടുവരുന്നത്. സുസ്ഥാപിതമായ പരീക്ഷണഫലങ്ങളെ വൈരുദ്ധ്യങ്ങളിലേക്കു നയിക്കുന്ന സങ്കൽപ്പനങ്ങൾ

ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചും എതിർപ്രേരണാത്മകത (Counter Inductivity)യെ സ്വീകരിക്കുന്നതിനെ കുറിച്ചും ഫെയറബന്റ് എഴുതുന്നുണ്ട്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രമായി എന്തുമാകാമെന്നും എന്തും അനുവദനീയമാണെന്നും ("Anything goes') പറയുന്നതിലേക്ക് ഇത് എത്തിപ്പെടുന്നു. പുരോയാനത്തെ തടസ്സപ്പെടുത്താത്ത തത്ത്വം ഇതു മാത്രമാണ്. നിശ്ചിതമായ രീതിശാസ്ത്രത്തെ കുറിച്ചുള്ള ആശയവും കാരണയുക്തിയെ കുറിച്ചുള്ള കൃത്യമായ സിദ്ധാന്തവും വളരെ പ്രാകൃതമായ വീക്ഷണങ്ങളാണ്. എന്തുമാകാം എന്ന ഫയറബന്റിന്റെ നിലപാട് വലിയ വിമർശങ്ങളേയും ശാപങ്ങളേയും ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനെ ശാസ്ത്രവിരുദ്ധമായി വിലയിരുത്തിയവരുണ്ട്. ഫയറബന്റ് തന്റെ നിലപാടിന് വ്യാഖ്യാനങ്ങൾ നൽകുന്നതിനു തയ്യാറാകുന്നുമുണ്ട്. തന്റെ ചില വാദങ്ങളെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചതു കൊണ്ട് ഉണ്ടായ കുഴങ്ങിയ അവസ്ഥകളെ കുറിച്ച് അദ്ദേഹത്തിനു പറയേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ആധുനികശാസ്ത്രം അരാജകവാദപരമായ ഒരു സംരംഭമാണെന്നാണ് ഫയറബന്റ് ഉറപ്പിക്കാൻ ശ്രമിച്ചത്.

ശാസ്ത്രം വിമോചനാത്മകമായ ഒരു പ്രസ്ഥാനമായിട്ടാണ് ആരംഭിക്കുന്നതെങ്കിലും പിന്നീട് കൂടുതൽ കൂടുതലായി വരട്ടുതത്ത്വവാദപരവും കർക്കശവുമായി മാറിത്തീർന്നു. ഇതോടുകൂടി വർദ്ധമാനമായ തോതിൽ ഒരു പ്രത്യയശാസ്ത്രമായി അതു പരിണമിച്ചിരിക്കുന്നു. ശാസ്ത്രത്തിനു പുറത്തുള്ള ജ്ഞാനമണ്ഡലങ്ങളെ അവഗണിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വരട്ടുതത്ത്വവാദം ശാസ്ത്രത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന പലരേയും പിടികൂടിയിരിക്കുന്നു. പാശ്ചാത്യമായ ഒരു വീക്ഷണത്തിനു വേണ്ടി മറ്റു പരിപ്രേക്ഷ്യങ്ങളേയും ലോകവീക്ഷണങ്ങളേയും തള്ളിക്കളയുന്നതിൽ യുക്തിപരമായ നീതികരണങ്ങളില്ല. വളരെ വലിയ വിജയങ്ങൾക്കിടയിലും, സ്പഷ്ടമായ രീതിയിൽ ശാസ്ത്രത്തെ മതത്തിൽ നിന്നോ മാന്ത്രികവിദ്യയിൽ നിന്നോ ഐതിഹ്യങ്ങളിൽ നിന്നോ തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു. ശാസ്ത്രവും യുക്തിപരതയും മഹിമയുടെ സാർവ്വലൗകികമായ മാനദണ്ഡങ്ങളല്ല. സ്വന്തം ചരിത്രപരമായ വേരുകളെ കുറിച്ച് അറിയാത്ത സവിശേഷമായ ചില പാരമ്പര്യങ്ങളാണത്.

ജനാധിപത്യസമൂഹങ്ങളെ ശാസ്ത്രത്തിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ജനാധിപത്യസമൂഹങ്ങളിലെ ശാസ്ത്രസ്ഥാപനങ്ങളും ഗവേഷണപദ്ധതികളും പൊതുനിയന്ത്രണത്തിലായിരിക്കണം. ഭരണകൂടത്തെ മതസ്ഥാപനങ്ങളിൽ നിന്നും മാറ്റി നിർത്തേണ്ടതു പോലെ ശാസ്ത്രസ്ഥാപനങ്ങളിൽ നിന്നു കൂടി മാറ്റി നിർത്തണം.

ശാസ്ത്രത്തിന് അതിന്റെ സ്വന്തം കാലിൽ നിൽക്കാൻ കഴിയും. കാരണയുക്തിവാദികളുടെയോ ഐഹികതാവാദികളുടെയോ മാനവികതാവാദികളുടെയോ മാർക്സിസ്റ്റുകളുടെയോ മതപ്രസ്ഥാനങ്ങളുടെയോ സഹായം അതിനാവശ്യമില്ലെന്ന് ഫയറബന്റ് എഴുതുന്നുണ്ട്. ശാസ്ത്രത്തെ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും രക്ഷിക്കണം. എന്നാൽ, ജനാധിപത്യസമൂഹങ്ങളെ ശാസ്ത്രത്തിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ജനാധിപത്യസമൂഹങ്ങളിലെ ശാസ്ത്രസ്ഥാപനങ്ങളും ഗവേഷണപദ്ധതികളും പൊതുനിയന്ത്രണത്തിലായിരിക്കണം. ഭരണകൂടത്തെ മതസ്ഥാപനങ്ങളിൽ നിന്നും മാറ്റി നിർത്തേണ്ടതു പോലെ ശാസ്ത്രസ്ഥാപനങ്ങളിൽ നിന്നു കൂടി മാറ്റി നിർത്തണം. സത്യത്തിലേക്കും യാഥാർത്ഥ്യത്തിലേക്കുമുള്ള ഏകപാത എന്നതിനു പകരം പല പാതകളിൽ ഒരെണ്ണമെന്ന നിലയ്ക്ക് ശാസ്ത്രത്തെ മനസ്സിലാക്കണമെന്നും അങ്ങനെ പഠിപ്പിക്കണമെന്നും ഫയറബന്റ് പറയുന്നു. തന്റെ വാദങ്ങളിലെ ആശയങ്ങൾ ഒട്ടും പുതിയതല്ലെന്ന് അദ്ദേഹം എഴുതുന്നു. ശാസ്ത്രജ്ഞാനത്തെ കുറിച്ചുള്ള തന്റെ വ്യാഖ്യാനം മാഹിനേയും ബോൾട്സ്മാനേയും ഐൻസ്‌റ്റൈനേയും ബോറിനേയും പോലുള്ള ഭൗതികശാസ്ത്രജ്ഞന്മാർക്ക് സുവ്യക്തമായിരുന്നു. എന്നാൽ, ഈ മഹാചിന്തകരുടെ ആശയങ്ങളെ തിരിച്ചറിയാൻ കഴിയാത്തവണ്ണം വികൃതമാക്കിയത് നിയോപോസിറ്റിവിസത്തിന്റേയും വിമർശാത്മകയുക്തിവാദത്തിന്റേയും മൂഷികവർഗത്തിൽ പെട്ട കരണ്ടുതീനികളാണ്.

പോൾ ഫയറബെന്റ്

ശാസ്ത്രസിദ്ധാന്തങ്ങളെ രൂപീകരിക്കുന്ന സംഭവങ്ങൾക്കും നടപടിക്രമങ്ങൾക്കും ഫലങ്ങൾക്കും പൊതുവായ ഒരു ഘടനയില്ല. എല്ലാ ശാസ്ത്രാന്വേഷണങ്ങളിലും സാമാന്യമായി പ്രവർത്തിക്കുന്ന പൊതുമൂലകങ്ങളില്ല. പ്രപഞ്ചഘടനാശാസ്ത്രത്തിലെ സ്ഥിതാവസ്ഥസിദ്ധാന്ത (Steady State Theories)ങ്ങളെ തള്ളിക്കളഞ്ഞതും ഡി.എൻ.എയുടെ ഘടന കണ്ടെത്തിയതും വ്യത്യസ്ത സവിശേഷകാര്യകാരണങ്ങൾ കൊണ്ടാണ്. വിജയകരമായ ഇത്തരം ഗവേഷണങ്ങൾക്ക് പൊതുവായ മാനദണ്ഡങ്ങൾ കണ്ടെത്താൻ കഴിയില്ല. ശാസ്ത്രഗവേഷണങ്ങളിലെ വിജയങ്ങളെ ലളിതമായ മാർഗങ്ങൾ കൊണ്ട് വിശദീകരിക്കാനും കഴിയില്ല. സാമൂഹികസാഹചര്യങ്ങളുടേയും മറ്റും ചരിത്രപരമായ ഒരു വിവരണം നൽകാനേ കഴിയൂ. ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രത്തിനുണ്ടാകുന്ന വിജയം നിർദ്ധാരണം ചെയ്യപ്പെടാത്ത മറ്റൊരു പ്രശ്നത്തിനുള്ള മാർഗം നിർദ്ദേശിക്കുന്ന മാനദണ്ഡമാകുന്നില്ല. ശാസ്ത്രത്തിലെ വിജയം പൊതുമാനദണ്ഡങ്ങളെ നൽകുന്നുവെന്ന വാദം തീർത്തും അപ്രസക്തമായ ഒന്നാണെന്ന് ഫയറബന്റ് നിരീക്ഷിക്കുന്നു. പാശ്ചാത്യശാസ്ത്രം ഭൂഗോളത്തെ മുഴുവൻ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നത് ശരിയാണ്. അതിന്റെ ആന്തരികമായ യുക്തിഭദ്രതയാണ് ഇതിനു കാരണമെന്നു പറയരുതെന്ന് ഫയറബന്റ് നിഷ്‌ക്കർഷിക്കുന്നു. അധികാരമാണ് ഇതിന്നടിയിൽ പ്രവർത്തിക്കുന്നത്. ആധുനികശാസ്ത്രവും അധികാരവും തമ്മിലുള്ള ബന്ധം സുവിദിതമാണ്. മരണത്തിനുള്ള ഫലപ്രദമായ ഉപകരണങ്ങളെ നിർമ്മിച്ചെടുത്തത് പാശ്ചാത്യശാസ്ത്രമാണ്. പാശ്ചാത്യശാസ്ത്രമില്ലാതിരുന്നെങ്കിൽ മൂന്നാം ലോകത്തിലെ കൂടുതൽ മനുഷ്യർ പട്ടിണി മൂലം മരിക്കുമായിരുന്നുവെന്നത് ശരിയാണ്. പാശ്ചാത്യശാസ്ത്രം പല പകർച്ചവ്യാധികളേയും ഉന്മൂലനം ചെയ്തുവെന്നതും ശരിയാണ്. എന്നാൽ, വികസനത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ട ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശാസ്ത്രം വഹിച്ച പങ്ക് വിസ്മരിച്ചു കൊണ്ടാണോ ഈ ശരികളെ കുറിച്ചു നാം സംസാരിക്കുക! താൻ ശാസ്ത്രത്തിനെതിരല്ലെന്നു ഫെയറബെന്റ് പറയുന്നു. സംസ്‌കാരങ്ങളുടെ കൊലകൾക്കു വേണ്ടി ശാസ്ത്രത്തിനെ ഉപയോഗിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് താൻ എതിരാണെന്ന് അദ്ദേഹം എഴുതുന്നു.

ആധുനികഭൗതികശാസ്ത്രത്തിലും മറ്റും പ്രകടമാകുന്ന ചില പ്രവണതകൾ ഏകാത്മകതയിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നതാണെന്ന് ഫയറബന്റ് പറയുന്നു. ഏകീകൃതസിദ്ധാന്തങ്ങൾ രൂപീകരിക്കാനും പ്രപഞ്ചത്തെ ഒറ്റ സിദ്ധാന്തത്തിലേക്കോ ഒറ്റ സമീകരണത്തിലേക്കോ ചുരുക്കാനുമുള്ള സമീപനങ്ങൾ സൈദ്ധാന്തിക ഭൗതികത്തിലും മറ്റും നമുക്കു കാണാവുന്നതേയുള്ളൂ. ഇത്തരം പ്രവണതകൾക്കെതിരായ നിലപാടാണ് ഫയറബന്റ് സ്വീകരിക്കുന്നത്. ജ്ഞാനശാസ്ത്രപരമായ ബഹുലതയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു കാര്യത്തെ വിശദീകരിക്കാൻ കഴിവുള്ള പല സിദ്ധാന്തങ്ങൾക്കു സാധ്യതയില്ലേ? പ്രപഞ്ചം ഏകാത്മകമാണെന്ന ചിന്തയിൽ പ്രവർത്തിക്കുന്ന മൂലകങ്ങൾ ജനാധിപത്യപരമായതാണോ? സിദ്ധാന്തങ്ങളിലെ വ്യത്യസ്തതകളും പൊട്ടിപ്പിരിയലുകളും ശാസ്ത്രത്തിനു ഗുണകരമായി ഭവിക്കുമെന്ന് ഫയറബന്റ് ദീർഘദർശനം നടത്തുന്നു. ശാസ്ത്രത്തിന്റെ വിവിധ മേഖലകളുടെ അസമമായ വികാസം പലപ്പോഴും യുക്തിരഹിതമായ രീതിശാസ്ത്രങ്ങളെ പോലും സ്വീകരിക്കാൻ പ്രേരിപ്പിച്ചേക്കുമത്രേ! ചിന്തയുടെ മുഴുവൻ ചരിത്രവും ശാസ്ത്രങ്ങളിലേക്കു സ്വാംശീകരിക്കാൻ ഇതൊക്കെ സഹായകമാകുമെന്ന് ഫയറബന്റ് കരുതുന്നുണ്ട്.

നമ്മുടെ സിദ്ധാന്തങ്ങളെ വിധിക്കുന്നതിനു കെൽപ്പുള്ള സിദ്ധാന്തമുക്തമായ ഡാറ്റ ഇല്ല. ജ്ഞാനം ഒരു നിർമ്മിതിയാണ്. വ്യത്യസ്ത ജനവിഭാഗങ്ങൾ വ്യത്യസ്ത കാലങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ ലോകത്തെ വ്യത്യസ്തമായ രീതികളിൽ തെളിയിച്ചു കാണിക്കുകയും അതിന്റെ വിവിധ കാഴ്ചകളേയും ഭാവങ്ങളേയും യഥാതഥമെന്ന് ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

തോമസ്‌കുണിന്റേയും പോൾ ഫയറബന്റിന്റേയും മറ്റും നിലപാടുകളും സമീപനങ്ങളും ഉത്തരാധുനികരേയും സാമൂഹികനിർമ്മിതിവാദികളേയും ഏറെ ആകർഷിക്കുന്നതായിരുന്നു. ശാസ്ത്രത്തിൽ വ്യത്യസ്ത ആശയമാതൃകകൾ സാധ്യമാണെന്നും ആശയമാതൃകകളുടെ കാചങ്ങളിലൂടെയാണ് നാം ലോകത്തെ കാണുന്നതും മനസ്സിലാക്കുന്നതും സിദ്ധാന്തങ്ങൾ സ്വരൂപിക്കുന്നതെന്നുമുള്ള തോമസ് കുണിന്റെ സമീപനം വ്യത്യസ്ത ആശയമാതൃകകൾ വ്യത്യസ്തശാസ്ത്രങ്ങളെ നിർമ്മിക്കാൻ പര്യാപ്തമാണെന്ന സൂചനകൾ ഉൾക്കൊള്ളുന്നുണ്ട്. സൈദ്ധാന്തികമായി അനേകം ശാസ്ത്രങ്ങൾ സാധ്യമാണെന്ന നിലപാടിലേക്കു നയിക്കുന്നതായിരുന്നു, ഇത്. നാം വസ്തുതകൾ നിർമ്മിക്കുകയും പ്രകൃതിയിലേക്കു പ്രക്ഷേപിക്കുകയും ചെയ്യുന്നു. പ്രകൃതി മഹാമനസ്‌കതയുള്ളതാണ്. വൈരുദ്ധ്യങ്ങൾ നിറഞ്ഞ എത്രയോ വിശദീകരണങ്ങൾക്കൊപ്പം അതു നിലനിൽക്കുന്നു. ഇത് മറ്റൊരു രീതിയിലാകാൻ കാരണമില്ല. വിശുദ്ധമായ സിദ്ധാന്തങ്ങളില്ല. നമ്മുടെ സിദ്ധാന്തങ്ങളെ വിധിക്കുന്നതിനു കെൽപ്പുള്ള സിദ്ധാന്തമുക്തമായ ഡാറ്റ ഇല്ല. ജ്ഞാനം ഒരു നിർമ്മിതിയാണ്. വ്യത്യസ്ത ജനവിഭാഗങ്ങൾ വ്യത്യസ്ത കാലങ്ങളിൽ, വിവിധ സ്ഥലങ്ങളിൽ ലോകത്തെ വ്യത്യസ്തമായ രീതികളിൽ തെളിയിച്ചു കാണിക്കുകയും അതിന്റെ വിവിധ കാഴ്ചകളേയും ഭാവങ്ങളേയും യഥാതഥമെന്ന് ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ അന്വേഷണങ്ങൾക്ക് പൊതുവായ സത്യത്തിന്റെ രീതിശാസ്ത്രമില്ല. യുക്തിപരതയെ സാമൂഹികബന്ധങ്ങളിലേക്കു ന്യൂനീകരിച്ചു കൊണ്ട് ശാസ്ത്രത്തെ ആക്രമിക്കുകയാണ് സാമൂഹികനിർമ്മിതിവാദികൾ ചെയ്യുന്നതെന്നുള്ള ആക്ഷേപത്തിന് അവർക്കുള്ള മറുപടി ഇതൊക്കെയാണ്.

സാമൂഹികനിർമ്മിതിവാദത്തിന്റെ നിലപാടുകൾ ശക്തമായി ഉയർത്തിയത് പെൺശാസ്ത്രവാദികളാണ്. ശാസ്ത്രത്തിന്റെ വളർച്ചയിൽ പുരുഷാധിപത്യസമൂഹം എങ്ങനെ പ്രവർത്തിച്ചുവെന്നും സ്ത്രീയെ സൂചിപ്പിക്കുന്ന രൂപകങ്ങൾ ശാസ്ത്രഭാഷയ്ക്കും സൈദ്ധാന്തീകരണങ്ങൾക്കും എങ്ങനെയെല്ലാം സഹായകമായിയെന്നുമുള്ള അന്വേഷണങ്ങൾ മുതൽ ശാസ്ത്രം ഒരു പുരുഷാധിപത്യവ്യവഹാരമാണെന്നും നിലവിലുള്ള ആധുനികശാസ്ത്രസിദ്ധാന്തങ്ങൾ പുരുഷാധിപത്യത്തെ ഉറപ്പിക്കുന്ന ഇതര പ്രസ്താവനകൾ മാത്രമാണെന്നും വിമോചനാത്മകമായ ആശയമാതൃകയുള്ള ഫെമിനിസ്റ്റുകൾക്ക് കൂടുതൽ മെച്ചപ്പെട്ട ശാസ്ത്രത്തെ നിർമ്മിക്കാൻ കഴിയുമെന്നും മറ്റും പറയുന്ന സൈദ്ധാന്തീകരണങ്ങൾ വരെ പെൺശാസ്ത്രവാദികളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. ഈവ്ലിൻ ഫോക്സ് കെല്ലർ, ഹെലൻ ലോഞ്ജിനോ, ഡോണ ഹാരാവേ, സാന്ദ്ര ഹാർഡിങ്, എൽ.ജെ. ജോർദനോവ, കരോലിൻ മർച്ചന്റ് എന്നിവരുടെയെല്ലാം എഴുത്തുകളിലൂടെ പെൺശാസ്ത്രവാദത്തിന്റെ നിലപാടുകളും സമീപനങ്ങളും പ്രചരിതമായിരിക്കുന്നു. ശാസ്ത്രത്തിന്റെ ഉള്ളടക്കം ഒരു സാമൂഹികവിശദീകരണം ആവശ്യപ്പെടുന്നുണ്ട് എന്ന ആശയത്തെ എല്ലാ ഫെമിനിസ്റ്റ് ശാസ്ത്രവാദികളും പിൻപറ്റുന്നുണ്ട്.

പുരുഷാധിപത്യസമൂഹം ശാസ്ത്രത്തിൽ ചെലുത്തിയ സ്വാധീനങ്ങളെ കുറിച്ച് പെൺശാസ്ത്രവാദികൾ നടത്തിയ ഉൾക്കാഴ്ചയുള്ള അന്വേഷണങ്ങൾ പുതിയ ധാരണകൾ സ്വരൂപിക്കാൻ സഹായകമായിട്ടുണ്ട്. ശാസ്ത്രസിദ്ധാന്തങ്ങളുടെ രൂപീകരണത്തിൽ സംജ്ഞാനപരമല്ലാത്ത മൂലകങ്ങളും പങ്കെടുക്കുന്നുണ്ടെന്ന ധാരണയെ ഉറപ്പിക്കാൻ ഇവർക്കു കഴിയുന്നു. സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങൾ ശാസ്ത്രസിദ്ധാന്തങ്ങളുടെ രൂപീകരണത്തിൽ പങ്കെടുത്തതിന്റെ നിരവധി സംഭവങ്ങളെ; ചരിത്രത്തെ, ഇവർ അനാവരണം ചെയ്യുന്നു. ശാസ്ത്രപഠനത്തിൽ ഉപയോഗിക്കപ്പെട്ട ലൈംഗികതയുടെ രൂപകങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ ഭാഷയിലെ രൂപകങ്ങൾ ശാസ്ത്രസിദ്ധാന്തത്തിന്റെ രൂപീകരണത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള അനിഷേധ്യമായ തെളിവുകളാണ് നൽകിയത്. ആധുനികശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന വസ്തുനിഷ്ഠത എന്ന സങ്കൽപ്പനത്തെ വലിയ അളവിൽ പ്രശ്നീകരണത്തിനു വിധേയമാക്കാൻ പെൺശാസ്ത്രവാദികൾക്കു കഴിഞ്ഞു. വസ്തുനിഷ്ഠത ശാസ്ത്രത്തിന് ഒരു വരമല്ലെന്ന് അവർ വാദിക്കുന്നു. പ്രകൃതിയെ സംസ്‌കാരത്തിനു വിരുദ്ധമായി കാണുന്ന പുരുഷാധിപത്യസമൂഹമാണ് വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിലുള്ള വിഭജനം സൃഷ്ടിച്ചതെന്ന് ഇവർ കരുതുന്നു. ശാസ്ത്രത്തെ വസ്തുനിഷ്ഠമായി കാണുകയും ആത്മനിഷ്ഠതയുടെ മൂലകങ്ങളെ അതിൽ നിന്നും ഒഴിവാക്കുകയും ചെയ്യുന്ന സമീപനം നൈതികമൂല്യങ്ങളെ ശാസ്ത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്ന് ഫെമിനിസ്റ്റ് ശാസ്ത്രവാദികൾ ആരോപിക്കുന്നു. ശാസ്ത്രത്തിന് രാഷ്ട്രീയാധികാരവുമായുള്ള ബന്ധത്തെ മറയ്ക്കുന്നതിന് ഇതു സഹായിച്ചു.

സുഭാഷ് കോക്ക്

വ്യത്യസ്ത ആശയമാതൃകകൾക്കനുസരിച്ച് വ്യത്യസ്ത ശാസ്ത്രങ്ങൾ സാധ്യമാണെന്ന ഉത്തരാധുനികരുടേയും സാമൂഹികനിർമ്മിതിവാദികളുടേയും നിലപാട് ഇരുതല മൂർച്ചയുള്ള ഒരു വാളിനെ പോലെയാണ് പ്രവർത്തിക്കുന്നത്! ഈ നിലപാടിനെ ആശ്രയിച്ചു വാദഗതികൾ രൂപപ്പെടുത്തുന്ന പെൺശാസ്ത്രവാദികളുടെ ഇടപെടലുകൾ ചില അതിവാദങ്ങൾക്കപ്പുറത്ത് ധനാത്മകമായ ചില സംഭാവനകൾക്കു കാരണമായെങ്കിലും ഇതേ വാദഗതിയെ ആശ്രയിക്കുന്ന മതമൗലികവാദികളുടെ ഇടപെടലുകൾ പലപ്പോഴും പ്രതിലോമഫലങ്ങൾ നൽകുന്നതായിരുന്നു. ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങൾ പ്രത്യക്ഷത്തിൽ തന്നെ വലിയ തോതിൽ ബോധ്യപ്പെടുകയും അത് ജനങ്ങൾക്കിടയിൽ വലിയ വിശ്വാസ്യത നേടുകയും ചെയ്യുന്നതോടെ തങ്ങളുടെ മതം ശാസ്ത്രീയമാണെന്നു വാദിക്കുന്നതിനും തെളിയിക്കുന്നതിനുമുള്ള ശ്രമങ്ങൾ മതമൗലികവാദികൾ ആരംഭിക്കുന്നുണ്ടല്ലോ? ശാസ്ത്രസിദ്ധാന്തങ്ങൾ തങ്ങളുടെ വേദപുസ്തകത്തിലുണ്ടെന്ന വാദവുമായി ഇവർ രംഗത്തെത്തുന്നു. ആധുനിക ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുകൾ കോഡുകളുടെ രൂപത്തിൽ വേദാന്തത്തിൽ ദർശിക്കാമെന്നു പറയുന്ന സുഭാഷ് കാക്കിനെ സംബന്ധിച്ചിടത്തോളം വേദങ്ങൾ ഭൗതികശാസ്ത്ര പുസ്തകങ്ങളാണ്. വേദശാസ്ത്രം വൈദിക ആശയമാതൃകക്കുളളിൽ പൂർണ്ണമായും ശാസ്ത്രമാണെന്ന് സുഭാഷ് കാക്ക് പറയുന്നു. വ്യത്യസ്ത ആശയമാതൃകകൾക്കനുസരിച്ച് ഹൈന്ദവശാസ്ത്രവും ക്രൈസ്തവശാസ്ത്രവും ഖുറാൻശാസ്ത്രവും ...എല്ലാം സാധ്യമാണെന്ന വാദം ഉയിർക്കൊള്ളുന്നു.

ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനെതിരെ സൃഷ്ടിവാദത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രചണ്ഡമായ പ്രചാരണങ്ങൾ നടത്തുന്ന അമേരിക്കയിലെ ഇവാഞ്ചലിക്കൽസിന്റെ ഇടപെടലുകൾ ആശയമാതൃകാവാദത്തിന്റെ ചുവടുകൾ പിൻപറ്റുന്നതായിരുന്നു. പരിണാമസിദ്ധാന്തം മതേതരമാനവികവാദം (Secular humanism) എന്ന മതത്തിന്റെ വിശ്വാസപ്രമാണമാണെന്നും അതിന് സൃഷ്ടിവാദത്തിന്റെ അന്തസ്സിൽ കൂടുതൽ എന്തെങ്കിലും അവകാശപ്പെടാനില്ലെന്നും സത്യവേദപുസ്തകത്തിലെ ഉല്പത്തി വിചാരങ്ങൾക്ക് പരിണാമവാദത്തോടൊപ്പം തുല്യപ്രാധാന്യം നൽകണമെന്നും ഇവർ കോടതികളിൽ വാദിക്കാൻ തുടങ്ങി! ജീവശാസ്ത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ഫോസിലുകൾ പരിണാമവാദത്തിനുളള തെളിവുകളാണ്. എന്നാൽ, "ശാസ്ത്രീയ'സൃഷ്ടിവാദികൾക്ക് ഇത് സൃഷ്ടികർത്താവായ ദൈവം പൂർണ്ണതയുളള ജീവജാതികളെ സൃഷ്ടിച്ചുവെന്നതിന്റെ തെളിവുകളാണ്. ഫോസിലുകളെ കുറിച്ചുള്ള നിരീക്ഷണപഠനങ്ങൾ പ്രകൃതി നിർദ്ധാരണനിയമങ്ങളെ സാധൂകരിക്കുന്നതിനു വേണ്ടി പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യുന്നില്ലെന്നാണ് അവരുടെ വാദം. ദൈവശാസ്ത്രകാരൻമാരുടെ ആശയമാതൃകയനുസരിച്ച് സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന് പറയുന്നു.

പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ കുറിച്ചോ നാനാത്വങ്ങളെ കുറിച്ചോ ഉത്തരാധുനികത മുന്നോട്ടു വയ്ക്കുന്ന പുരോഗാമിയും അനുലോമവുമായ കാര്യങ്ങളെ തള്ളിക്കളയുകയും ആപേക്ഷികതാവാദത്തിന്റേയും ഐകരൂപ്യവാദത്തിന്റേയും അയുക്തികതയേയും പ്രതിലോമപരതയേയും ഹർഷാരവങ്ങളോടെ പുൽകുകയും ചെയ്യുന്ന സാംസ്‌ക്കാരിക ദേശീയതയുടെ വക്താക്കൾ ആധുനികശാസ്ത്രത്തെ തങ്ങളുടെ പഴഞ്ചൻകഥ തന്നെയെന്ന് ഉറപ്പിക്കാൻ ശ്രമിക്കുന്നു.

അമേരിക്കയിലെ ഇവാഞ്ചലിക്കൽസിനെ പോലെ ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ നിലപാടുകളിലും സമീപനങ്ങളിലും സാമൂഹികനിർമ്മിതിവാദത്തിന്റെ ആശയങ്ങൾ പ്രകടമാണ്. സാംസ്‌ക്കാരികമായ ആധികാരികതയെ കുറിച്ച് നിരർത്ഥകമായി പുലമ്പിക്കൊണ്ട് ശാസ്ത്രത്തെ ഐതിഹ്യകഥകളാക്കി പരിവർത്തിപ്പിക്കുകയും തങ്ങളുടേതാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് സാംസ്‌ക്കാരിക ദേശീയതയിലൂന്നുന്ന ഹിന്ദുത്വശക്തികൾ ചെയ്തു കൊണ്ടിരിക്കുന്നത്. സാംസ്‌ക്കാരികമായ ആധികാരികതയും അധീശത്വവും സ്ഥാപിച്ചെടുക്കാനുള്ള അതിന്റെ ശ്രമങ്ങളിൽ ആധുനികശാസ്ത്രത്തെ ഒരു ഉപകരണമാക്കി മാറ്റിത്തീർക്കുന്നു. വേദാന്തത്തിന്റെ അതിഭൗതികം സഹസ്രാബ്ദങ്ങൾക്കു മുന്നേ ഗ്രഹിച്ചു കഴിഞ്ഞിരുന്ന കാര്യങ്ങളെ പാശ്ചാത്യവൽക്കരിച്ചു വികൃതമാക്കി അവതരിപ്പിക്കുകയാണ് ആധുനികശാസ്ത്രം ചെയ്യുന്നതെന്ന് ഇത് ആരോപിക്കുന്നു. ഈ ആരോപണത്തിന്റെ രാഷ്ട്രീയമായ നീതീകരണത്തിന് ഉത്തരാധുനികതയും അധിനിവേശാനന്തരതയും മറ്റും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിൽ നിന്നും പകുതി വെന്ത ചില കാര്യങ്ങളെ ഇവർ സ്വീകരിക്കുന്നു. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ കുറിച്ചോ നാനാത്വങ്ങളെ കുറിച്ചോ ഉത്തരാധുനികത മുന്നോട്ടു വയ്ക്കുന്ന പുരോഗാമിയും അനുലോമവുമായ കാര്യങ്ങളെ തള്ളിക്കളയുകയും ആപേക്ഷികതാവാദത്തിന്റേയും ഐകരൂപ്യവാദത്തിന്റേയും അയുക്തികതയേയും പ്രതിലോമപരതയേയും ഹർഷാരവങ്ങളോടെ പുൽകുകയും ചെയ്യുന്ന സാംസ്‌ക്കാരിക ദേശീയതയുടെ വക്താക്കൾ ആധുനികശാസ്ത്രത്തെ തങ്ങളുടെ പഴഞ്ചൻകഥ തന്നെയെന്ന് ഉറപ്പിക്കാൻ ശ്രമിക്കുന്നു. ഉത്തരാധുനികതയുടെ പക്ഷത്തു നിൽക്കുന്നവർ തന്നെ ഹിന്ദുത്വത്തിന്റെ ശക്തികൾക്കെതിരെ നിലപാടുകൾ സ്വീകരിക്കാൻ സന്നദ്ധരാകുന്നുണ്ടെങ്കിലും ഉത്തരാധുനികതയുടെ ചില നിലപാടുകൾ (പല ഉത്തരാധുനികതകൾ ഉണ്ടല്ലോ!) ഹിന്ദുത്വത്തിന്റെ വക്താക്കളെ ത്വരിപ്പിക്കുന്നുണ്ട്.

മീരാ നന്ദ

ഹിന്ദുത്വത്തിന്റെ പ്രതിലോമപരമായ ആശയലോകത്തെ വിവൃതമാക്കുന്നതിൽ ബദ്ധശ്രദ്ധയായ മീരാ നന്ദ എന്ന ശാസ്ത്രജ്ഞ സമകാലത്തെ ഹൈന്ദവവൽക്കരണപ്രക്രിയയിൽ പുത്തൻ ബുദ്ധിജീവിതം വഹിക്കുന്ന പങ്കിനെ കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ഐഹികീകരണത്തെ എതിർക്കുകയും ശാസ്ത്രത്തിന്റെ ഉപകരണവാദപരമായ സമീപനങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു പ്രതിലോമപ്രസ്ഥാനമായി മീരാ നന്ദ ഹിന്ദുത്വത്തെ നിർവ്വചിക്കുന്നു.

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾക്ക് വൻ പ്രാതിനിധ്യമുള്ള ഭരണകൂടം സ്ഥാപിതമായപ്പോൾ ജ്യോതിഷവും ഹസ്തരേഖാശാസ്ത്രവും മറ്റും ശാസ്ത്രത്തിന്റെ അന്തസ്സു നൽകി സർവകലാശാലകളിൽ പഠിപ്പിക്കാനാരംഭിക്കുന്നു. ഉപഗ്രഹങ്ങളുടെ വിക്ഷേപണസമയത്ത് ഔദ്യോഗികമായ സമ്മതത്തോടെ ഗണപതിപൂജ നടത്തുന്ന ശാസ്ത്രജ്ഞന്മാരെ ഇവിടെ കാണാൻ കഴിയും

വലതുപക്ഷ പിന്തിരിപ്പൻ സ്വഭാവത്തെ പോഷിപ്പിക്കുന്നതിൽ ഉത്തരാധുനികതയുടേയും അധിനിവേശാനന്തരതയുടേയും ബുദ്ധിജീവികൾ വഹിച്ച പങ്കിനെ അവർ എടുത്തുപറയുകയും വിമർശിക്കുകയും ചെയ്യുന്നു. അശീഷ് നന്ദിയും വന്ദനാശിവയും ക്ലോഡ് അൽവാരസും ഗായത്രിചക്രവർത്തി സ്പിവാക്കും ഉൾപ്പെടെയുളള ഇന്ത്യയിലെ ഉത്തരാധുനികബുദ്ധിജീവികൾ വിതച്ച ജ്ഞാനോദയപ്രബുദ്ധതാവിരുദ്ധതയുടെ വിത്തുകൾ വളർന്നു കൊയ്യാൻ പാകമായിരിക്കുന്നുവെന്ന് മീര പറയുന്നു. ഈ ബുദ്ധിജീവികൾ ലക്ഷ്യമാക്കിയ പാശ്ചാത്യവിരുദ്ധഅപരം "ഇന്ത്യയിലെ ഹിന്ദുമതമൗലികവാദികളുടെ ഔദ്യോഗികപ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഒരു അപരശാസ്ത്രത്തെ കണ്ടെത്താനുളള ഹിന്ദുത്വവാദികളുടെ അന്വേഷണങ്ങൾക്ക് ഈ ഉത്തരാധുനിക സമീപനം ത്വരകമായി തീർന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും നിന്ന് ആധുനികശാസ്ത്രത്തെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ വ്യാപകമാകുന്നു.

ആധുനികശാസ്ത്രഗവേഷണഫലങ്ങൾ പൗരസ്ത്യ മിസ്റ്റിസിസത്തിന്റെ വെളിപാടുകളെ സാധൂകരിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഫ്രിറ്റ്ജോഫ് കാപ്രയുടെ ഭൗതികത്തിന്റെ താവോ (The Tao of Physics) പോലെയുള്ള പുസ്തകങ്ങളെ ഇന്ത്യയിലെ ഹിന്ദുമതമൗലികവാദികൾ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾക്ക് വൻ പ്രാതിനിധ്യമുള്ള ഭരണകൂടം സ്ഥാപിതമായപ്പോൾ ജ്യോതിഷവും ഹസ്തരേഖാശാസ്ത്രവും മറ്റും ശാസ്ത്രത്തിന്റെ അന്തസ്സു നൽകി സർവകലാശാലകളിൽ പഠിപ്പിക്കാനാരംഭിക്കുന്നു. ഉപഗ്രഹങ്ങളുടെ വിക്ഷേപണസമയത്ത് ഔദ്യോഗികമായ സമ്മതത്തോടെ ഗണപതിപൂജ നടത്തുന്ന ശാസ്ത്രജ്ഞന്മാരെ ഇവിടെ കാണാൻ കഴിയും. ആണവബോംബിന്റെ നിർമ്മാണത്തിലൂടെ ഒരു ജനതയെ മുഴുവൻ ഹിസ്റ്റീരിയ ബാധിച്ചവരെ പോലെ തിമിർത്താടാൻ പ്രേരിപ്പിക്കുന്നവരും ഹിന്ദുത്വശക്തികളുടെ അയൽരാജ്യങ്ങളോടുള്ള അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തേയും യുദ്ധക്കൊതിയേയും പ്രോത്സാഹിപ്പിക്കുന്നവരും നമ്മുടെ ശാസ്ത്രലോകത്തുണ്ട്. ചാണകത്തിന് ആണവവികിരണങ്ങളെ തടയാൻ കഴിവുണ്ടെന്നും നമ്മുടെ പുരാതനസംസ്‌ക്കാരം ഭൂമിക്കു പുറത്തുള്ള ഒരു ഉയർന്ന നാഗരികതയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ശ്രീകൃഷ്ണൻ ഒരു അന്യഗ്രഹനാഗരികതയിൽ നിന്നും വന്നതാണെന്നും മറ്റും പ്രസംഗിക്കുന്ന ശാസ്ത്രജ്ഞന്മാർ മനുജോസഫിന്റെ നോവലിലെ കഥാപാത്രങ്ങൾ മാത്രമല്ല, ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളിൽ അവരുണ്ട്.

പദാർത്ഥത്തെ ആത്മാവിൽ നിന്നും വേർതിരിക്കാത്ത, ഭൗതികപ്രകൃതിയെ ധാർമ്മികയാഥാർത്ഥ്യത്തിൽ നിന്നും വേർതിരിക്കാത്ത ഹിന്ദുത്വവാദം, ധാർമ്മികപിഴവുകൾ ഭൗതികയാഥാർത്ഥ്യത്തിൽ പ്രതികരണങ്ങൾ സൃഷ്ടിക്കുമെന്നു വാദിക്കുകയും കർമ്മത്തിലേയും ധർമ്മത്തിലേയും പിഴവുകളാണ് പ്രകൃതിദുരന്തങ്ങൾക്കും അസ്പർശ്യതയ്ക്കും മറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങൾക്കു സഹായകമാകുന്നു.

ഈയിടെ ഒരു മലയാളസാഹിത്യകാരനും മകനും ചേർന്ന് ഒരു ഭഗവത്ഗീതാശ്ലോകത്തിൽ നിന്നും ഇരുപതാംനൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തെ മുഴുവൻ വ്യാഖ്യാനിച്ചെടുത്ത ദയനീയമായ കാഴ്ചയും നാം കാണുകയുണ്ടായി. ഹിന്ദുത്വവാദത്തിന്റെ സമീപനങ്ങൾ ശാസ്ത്രകോൺഗ്രസുകളിലും ശാസ്ത്രപ്രസിദ്ധീകരണങ്ങളിലും എത്തിച്ചേരുന്നിടത്തോളം വ്യാപകമായിട്ടുണ്ട്. ശാസ്ത്രപ്രവർത്തനങ്ങൾക്കല്ല, മറിച്ച് ഐതിഹ്യനിർമ്മാണങ്ങൾക്കും പ്രചാരണത്തിനുമാണ് സർക്കാർ ഫണ്ടുകൾ മാറ്റിവയ്ക്കപ്പെടുന്നതും വിനിയോഗിക്കപ്പെടുന്നതും എന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആര്യശാസ്ത്രത്തിനു വേണ്ടിയുള്ള ഹിറ്റ്‌ലറുടെ വാദങ്ങൾ പോലെ ഹിന്ദുശാസ്ത്രത്തിനു വേണ്ടിയുള്ള മുറവിളികൾ ഉയരുന്നു.

പാശ്ചാത്യശാസ്ത്രത്തിലെ അപകടകരമായ പ്രവണതകൾക്കും തെറ്റുകൾക്കും കാരണം ദ്വൈതചിന്തയാണെന്നും പ്രകൃതിയെ ബോധത്തിൽ നിന്നും വിഷയത്തെ വിഷയിയിൽ നിന്നും വേർപെടുത്തുന്ന ഈ ചിന്തയ്ക്കു പകരം ഹിന്ദുമതത്തിലെ ഏകാത്മചിന്തയെ പ്രതിസ്ഥാപിക്കണമെന്നും ഇവർ വാദിക്കുന്നു. പദാർത്ഥത്തെ ആത്മാവിൽ നിന്നും വേർതിരിക്കാത്ത, ഭൗതികപ്രകൃതിയെ ധാർമ്മികയാഥാർത്ഥ്യത്തിൽ നിന്നും വേർതിരിക്കാത്ത ഹിന്ദുത്വവാദം, ധാർമ്മികപിഴവുകൾ ഭൗതികയാഥാർത്ഥ്യത്തിൽ പ്രതികരണങ്ങൾ സൃഷ്ടിക്കുമെന്നു വാദിക്കുകയും കർമ്മത്തിലേയും ധർമ്മത്തിലേയും പിഴവുകളാണ് പ്രകൃതിദുരന്തങ്ങൾക്കും അസ്പർശ്യതയ്ക്കും മറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങൾക്കു സഹായകമാകുന്നു. പ്രകൃതിയെ ധർമ്മമൂല്യചിന്തകളിൽ നിന്നും വിടർത്തുന്ന ആധുനികശാസ്ത്രചിന്തയുടെ രീതിശാസ്ത്രവും ദർശനവും ഇന്ത്യയിലെ അസ്പർശ്യരും നിന്ദിതരുമായ ജനകോടികൾക്ക് ആശ്രയമാണെന്ന് മീരാനന്ദ എഴുതുന്നു. അംബേദ്ക്കറെ പോലുള്ള ദളിത് ചിന്തകർ ഇതു തിരിച്ചറിഞ്ഞിരുന്നതായും മീര കൂട്ടിച്ചേർക്കുന്നു.

ഹിന്ദുത്വശക്തികളുടെ ഈ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ പോലും ഉത്തരാധുനികതയുടെയും സാമൂഹികനിർമ്മിതിവാദത്തിന്റെയും വീക്ഷണം ഉപയോഗിക്കപ്പെടുന്നതിനെ കുറിച്ചാണ് നാം പറഞ്ഞുവന്നത്. ഉത്തരാധുനികതയുടെ ഇരുതല മൂർച്ചയുള്ള വാളിനെ നന്നായി പരിചയപ്പെടാനുള്ള സന്ദർഭമാണിത്. സാമൂഹികനിർമ്മിതിവാദത്തിന്റെ സമീപനങ്ങൾ ഡേവിഡ് ബ്ലൂറിന്റെ ശക്തമായ വസ്തുനിഷ്ഠത (Strong Objectivity)യെ കുറിച്ചുള്ള സങ്കൽപ്പനങ്ങളിലും മറ്റും കൂടുതൽ നന്നായി പ്രകടമാകുന്നു. കൂടുതൽ വിശദമായി പറയേണ്ട കാര്യമാണിത്.▮(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments