Bar sur Aube ലെ ബാഷ്​ലാദിന്റെ ഛായാചിത്രം / Photo: Wikimedia commons

ബാഷ്​ലാദിന്റെ ജ്ഞാനശാസ്ത്ര പ്രമാണങ്ങൾ

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 9

ഡ്മണ്ട് ഹുസേലിന്റെ ഗലീലിയോ വിമർശത്തിന്റെയും ക്രിസ്റ്റഫർ കോഡ്‌വെല്ലിന്റെ "മുതലാളിത്തശാസ്ത്രവിമർശ'ത്തിന്റെയും അലക്സാന്ദ്രെ കോയ്റെയുടെ ആന്തരികതാവാദത്തിന്റെയും വിശദീകരണങ്ങളിലൂടെ ആധുനികശാസ്ത്രത്തിന്റെ രൂപീകരണകാലം മുതൽ ഇരുപതാം നൂറ്റാണ്ടിലെ പ്രതിസന്ധിയുടെ കാലം വരെയുള്ള ശാസ്ത്രചരിത്രത്തെയും തത്വചിന്തയെയും ഒരു വിഹഗവീക്ഷണത്തിനു നാം വിധേയമാക്കിയല്ലോ? ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്രദർശനത്തെ അടയാളപ്പെടുത്തുന്ന ചിന്തകനായി സ്വയം കണ്ടെത്തുന്ന ബാഷ്​ലാദി (Bachelard) നെ കുറിച്ചാണ് ഇനി പറയേണ്ടിയിരിക്കുന്നത്. എഡ്മണ്ട് ഹുസേലിന്റെ വഴികളിലൂടെ മാർട്ടിൻ ഹൈഡഗറിലും മറ്റും എത്തുന്നവർ ശാസ്ത്രം ചിന്തിക്കുന്നില്ല എന്ന നിലപാടിനെ പിന്തുടരുകയാണല്ലോ ചെയ്തത്. ഫ്രഞ്ച് ജ്ഞാനശാസ്ത്രം ഇതിനെതിരായ സമീപനം സ്വീകരിക്കുന്നത് കാണാവുന്നതാണ്. ഫ്രഞ്ച് ജ്ഞാനശാസ്ത്രജ്ഞനായ ബാഷ്​ലാദി നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം നിർമ്മിച്ചെടുത്ത പ്രകൃതി മാത്രമേ നിലനിൽക്കുന്നുള്ളൂ. ഉണ്മയുടെ ഗണിതവൽക്കരണത്തിലൂടെ ശാസ്ത്രത്തിന് ഉയർന്നപദവി ഉറപ്പിക്കുന്ന നിലപാടാണിത്. ശാസ്ത്രത്തിന്റെ തത്വചിന്തയെ കുറിച്ചെന്ന പോലെ കാവ്യഭാവനയെ കുറിച്ചും എഴുതിയ ദാർശനികനായിരുന്നു, ബാഷ്​ലാദ്​.

ബാഷ്​ലാദിനെ സംബന്ധിച്ചിടത്തോളം, ശാസ്ത്രത്തെ സവിശേഷമാക്കുന്നത് അതിന് സവിശേഷമായ വസ്തുസങ്കൽപ്പനമുണ്ടെന്ന കാര്യമാണ്. അത് പ്രത്യക്ഷവസ്തുവല്ല. ശാസ്ത്രവ്യവ്യഹാരങ്ങൾക്കു പുറത്ത്, യാഥാർത്ഥ്യമെന്നോണം, ശാസ്ത്രത്തിനു കണ്ടുപിടിക്കാനും അന്വേഷിക്കാനുമുള്ള വസ്തുവായി അത് എവിടെയും നിലനിൽക്കുന്നില്ല.

ബാഷ്​ലാദിന്റെ ശാസ്ത്രദർശനത്തിന്റെ കേന്ദ്രപ്രമേയം ജ്ഞാനശാസ്ത്രപരമായ ഒരു വിച്ഛേദത്തെ കുറിച്ചു പറയുന്നു. ശാസ്ത്രാനുഭവവും സാധാരണാനുഭവവും തമ്മിൽ അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. കാരണയുക്തിപരമായ ശേഷികളെ ആർജ്ജിക്കുന്നതിന് സാധാരണാനുഭവം സൃഷ്ടിക്കുന്ന തടസ്സങ്ങളെ തരണം ചെയ്യേണ്ടതുണ്ട്. പൊതുബോധം ജ്ഞാനശാസ്ത്രപരമായ ശൈഥില്യത്തിനു കാരണമാകുന്നുണ്ടെന്ന് ബാഷ്​ലാദ്​ പറയും. സംവേദനാത്മകജ്ഞാനത്തിനും ശാസ്ത്രജ്ഞാനത്തിനുമിടയിൽ ഒരു വിടവുണ്ട്. ഒരു തെർമ്മോമീറ്ററിൽ താപനിലയുടെ അളവ് കാണുന്നു. അത് ഒരു സ്പർശനാനുഭവമല്ല. ഒരു സിദ്ധാന്തത്തിന്റെ അഭാവത്തിൽ, തെർമ്മോമീറ്ററിൽ എന്താണു കാണുന്നതെന്നു അറിയുക സാധ്യമല്ല. താപനിലയുടെ സങ്കീർണതകളെ അറിയുകയും നമ്മുടെ ദൈനംദിനാനുഭവങ്ങളിൽ നിന്നും വിച്ഛേദിക്കുകയും ചെയ്തുകൊണ്ടേ ഊഷ്മാവിനെ കുറിച്ചുള്ള ശാസ്ത്രജ്ഞാനത്തിലേക്കു പ്രവേശിക്കാൻ കഴിയൂ.

ഫ്രഞ്ച് ജ്ഞാനശാസ്ത്രജ്ഞൻ ബാഷ്​ലാദ്​. ശാസ്ത്രത്തിന്റെ തത്വചിന്തയെക്കുറിച്ചെന്ന പോലെ കാവ്യഭാവനയെക്കുറിച്ചും എഴുതിയ ദാർശനികനായിരുന്നു അദ്ദേഹം

ബാഷ്​ലാദിനെ സംബന്ധിച്ചിടത്തോളം, ശാസ്ത്രത്തെ സവിശേഷമാക്കുന്നത് അതിന് സവിശേഷമായ വസ്തുസങ്കൽപ്പനമുണ്ടെന്ന കാര്യമാണ്. അത് പ്രത്യക്ഷവസ്തുവല്ല. ശാസ്ത്രവ്യവ്യഹാരങ്ങൾക്കു പുറത്ത്, യാഥാർത്ഥ്യമെന്നോണം, ശാസ്ത്രത്തിനു കണ്ടുപിടിക്കാനും അന്വേഷിക്കാനുമുള്ള വസ്തുവായി അത് എവിടെയും നിലനിൽക്കുന്നില്ല. ശാസ്ത്രത്തിന് അതിന്റെ വസ്തുവിനെ നിർമ്മിച്ചെടുക്കേണ്ടതുണ്ട്, ശാസ്ത്രത്തിലെ വസ്തുക്കൾ അതിന്റെ ആന്തരികപ്രശ്നമാണ്, അത് ശാസ്ത്രത്തിലെ സൈദ്ധാന്തിക നിർദ്ദേശങ്ങളുടേയും പരീക്ഷണനിലവാരങ്ങളുടേയും സംയുക്തമാണ്. ശാസ്ത്രത്തിന്റെ മുഹൂർത്തം പ്രത്യക്ഷത്തിലുള്ളത് നിർമ്മിതമായതിനു വഴിമാറുന്ന മുഹൂർത്തമാണ്. ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയ്ക്ക് പ്രത്യക്ഷവസ്തുവിൽ നിന്നും വിച്ഛേദിക്കുകയും പ്രാഥമികതെളിവുകളിൽ നിന്നും ആദ്യകാഴ്ചയുടെ പ്രലോഭനങ്ങളിൽ നിന്നും വിടുതൽ നേടുകയും ശാസ്ത്രത്തിലെ വസ്തുവിനെ നിർമിച്ചെടുക്കുകയും വേണം. സാക്ഷാദ് വസ്തുവിന്റെ അതേപടിയുള്ള വെളിപ്പെടുത്തലല്ല ശാസ്ത്രം നിർവ്വഹിക്കുന്നത്. വസ്തുനിഷ്ഠ സ്വഭാവത്തെ നിർണ്ണയിക്കുകയാണ് ശാസ്ത്രം ചെയ്യുന്നത്. ശാസ്ത്രം അന്വേഷിക്കുന്ന സാക്ഷാദ് വസ്തു സാക്ഷാൽക്കരണം തന്നെയാണ്. ശാസ്ത്രത്തിന്റെ ലക്ഷ്യമായ യാഥാർത്ഥ്യത്തെ അതു നിർമ്മിച്ചെടുക്കുന്നു. ശാസ്ത്രം അതിന്റെ വസ്തുവിനെ സ്വയം നിർമിക്കുന്നുവെന്ന ജ്ഞാനശാസ്ത്രപരമായ ഈ നിലപാട് അപരിഷ്‌ക്കൃതമായ പ്രത്യക്ഷവാദത്തിന്റെ നിഷേധവും നിരോധനവുമല്ലാതെ മറ്റൊന്നല്ല. യാഥാർത്ഥ്യത്തെ സന്ദേഹരഹിതമായ പ്രത്യക്ഷസൂചനയായി കാണുന്നതിനെ ഫലപ്രദമായി തടയുന്നുവെന്നതാണ് ശാസ്ത്രത്തെ സവിശേഷമായി ഒറ്റപ്പെടുത്തി നിർത്തുന്നത്.

ആധുനിക ശാസ്ത്രത്തിലെ ഒരു പരീക്ഷണസങ്കേതം കൂടുതൽ മൂർത്തമായ ഒരു തിയറം തന്നെയാണ്. ഉപകരണപരമായി തീരുന്നിടത്തോളം ജ്ഞാനം വസ്തുനിഷ്ഠമാകുന്നു.

ബാഷ്​ലാദിന്റെ ജ്ഞാനശാസ്ത്രനിർവ്വചനപ്രകാരം ശാസ്ത്രം ഒരേ സമയം തന്നെ ചിന്തയും സാങ്കേതികവിദ്യയുമാണ്. സിദ്ധാന്തങ്ങളുടേയും പരീക്ഷണനടപടിക്രമങ്ങളുടേയും അടിസ്ഥാനത്തിൽ ശാസ്ത്രം നിർമ്മിക്കുന്ന യാഥാർത്ഥ്യമേ ആധുനികജ്ഞാനശാസ്ത്രത്തിനുള്ളൂ. ശാസ്ത്രത്തിന്റെ സൈദ്ധാന്തികജ്ഞാനം എപ്പോഴും ഒരു സാങ്കേതിക ജ്ഞാനവുമാകുന്നു. ഇതിനെ പ്രാതിഭാസികസങ്കേതം (Phenomenon technique) എന്നു ബാഷ്​ലാദ്​ വിളിക്കുന്നു. പ്രകൃതിപഠനത്തിന്റെ പ്രാതിഭാസികശാസ്ത്രത്തിൽ നിന്നും പരീക്ഷണശാലയിലെ പ്രാതിഭാസിക സങ്കേതങ്ങളിലേക്കു ആധുനികശാസ്ത്രം പ്രവേശിച്ചിരിക്കുന്നുവെന്ന് ബാഷ്​ലാദ്​ പറയുന്നു. ഇരുപതാംനൂറ്റാണ്ടിലെ ശാസ്ത്രം നിർമ്മിച്ച വസ്തുക്കൾ അതിന്റെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. ഇലക്ട്രോൺ എന്ന കണികയെ എടുക്കുക. ശാസ്ത്രം നിർമ്മിച്ച സങ്കേതങ്ങളിലൂടെയല്ലാതെ ഇലക്ട്രോണുകളെ കാണാനോ അനുഭവിക്കാനോ പരിശോധിക്കാനോ കഴിയില്ല. ഇലക്ട്രോണുകൾ പ്രാതിഭാസിക സങ്കേതങ്ങളുടെ ഫലങ്ങളാണ്. അവയുടെ അസ്തിത്വം ഉറപ്പിക്കുന്നത് ശാസ്ത്രപരീക്ഷണങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികവിദ്യകളിലൂടെയാണ്. ആധുനിക ശാസ്ത്രത്തിലെ ഒരു പരീക്ഷണസങ്കേതം കൂടുതൽ മൂർത്തമായ ഒരു തിയറം തന്നെയാണ്. ഉപകരണപരമായി തീരുന്നിടത്തോളം ജ്ഞാനം വസ്തുനിഷ്ഠമാകുന്നു.

ശാസ്ത്രം നിർമ്മിച്ച വസ്തുക്കൾ അതിന്റെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. ഇലക്ട്രോൺ എന്ന കണികയെ എടുക്കുക. ശാസ്ത്രം നിർമ്മിച്ച സങ്കേതങ്ങളിലൂടെയല്ലാതെ ഇലക്ട്രോണുകളെ കാണാനോ അനുഭവിക്കാനോ പരിശോധിക്കാനോ കഴിയില്ല.

ഇരുപതാം നൂറ്റാണ്ടിൽ ഭൗതികശാസ്ത്രം വളരെ വലിയ വികാസങ്ങൾക്കു വിധേയമായി. ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും കൊണ്ടുവന്ന പുതിയ ഉൾക്കാഴ്ചകൾ അതിപ്രധാനമായിരുന്നു. അടിസ്ഥാനസങ്കല്പനങ്ങൾ പുതുക്കിപ്പണിയേണ്ടവയാണെന്ന് ആപേക്ഷികസിദ്ധാന്തം കാണിച്ചു തന്നു. ആധുനികരസതന്ത്രം എടുക്കുക. രാസപദാർത്ഥങ്ങളുടെ ശുദ്ധമായ രൂപങ്ങൾക്ക് മനുഷ്യപ്രയത്നം കാരണമായിട്ടുണ്ട്. അത് പ്രകൃതിയിൽ നിന്നും അതേപടി ലഭിക്കുന്നതല്ല. വസ്തുനിഷ്ഠജ്ഞാനം മനുഷ്യപ്രവർത്തനത്തിലുള്ള പങ്ക് തെളിയിക്കുന്ന ഉദാഹരണമാണിത്. ഇത് സാമൂഹികമാനങ്ങളുള്ളതാണ്. ശുദ്ധമായ സഹജാവബോധമല്ല. ശുദ്ധമായ പരീക്ഷണാത്മക ജ്ഞാനവുമല്ല. ഇത് പ്രതിഫലനാത്മകവും വ്യാവഹാരികവുമായ ജ്ഞാനമാണ്. കാർട്ടീഷ്യൻ ജ്ഞാനശാസ്ത്രത്തിന്റെ രീതിശാസ്ത്രനിർദ്ദേശങ്ങളിൽ നിന്നും സമകാലശാസ്ത്രപ്രവർത്തനങ്ങൾ വിടുതൽ നേടുന്നതിന് ശാസ്ത്രത്തിന്റെ വികാസം തന്നെ കാരണമായി. കാർട്ടീഷ്യനല്ലാത്ത ജ്ഞാനശാസ്ത്രത്തിലേക്കുള്ള നീക്കം ശാസ്ത്രത്തിന്റെ ദർശനത്തെ ശാസ്ത്രത്തിൽ നിന്നു തന്നെ കണ്ടെത്തണമെന്ന നിലപാടിനുള്ള ന്യായീകരണമായി. ഇത്, ശാസ്ത്രത്തിന്റെ വികാസത്തോടൊപ്പം ജ്ഞാനശാസ്ത്രത്തിലും അതിഭൗതികത്തിലും പ്രതിഫലിക്കുകയും ശാസ്ത്രത്തിന്റെ ദർശനത്തെ തന്നെ മാറ്റിത്തീർക്കുകയും ചെയ്യുന്നു. ശാസ്ത്രപഠനത്തിനായി എല്ലാക്കാലത്തേക്കും യോജിക്കുന്ന കേവലവും സുരക്ഷിതവുമായ അടിസ്ഥാനങ്ങളെ കണ്ടെത്താനുള്ള കേവലാടിസ്ഥാനവാദത്തിന്റെ ശ്രമങ്ങളെ ഇരുപതാംനൂറ്റാണ്ടിലെ ശാസ്ത്രം തള്ളിക്കളയുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രചിന്തയുടെ യുക്തിപരമായ ചട്ടക്കൂട് ഗണിതശാസ്ത്രത്തിന്റേതാണ്. കാരണനിയമങ്ങളുടെ രൂപങ്ങൾ വിചിന്തനശാസ്ത്രപരമല്ല, ഗണിതശാസ്ത്രപരമാണ്. ഗണിതശാസ്ത്രം വികസിതമായ ശാസ്ത്രങ്ങൾക്ക് യുക്തിപരമായ ചട്ടക്കൂട് ഒരുക്കി നല്കുന്നു.

ജ്ഞാനശാസ്ത്രത്തിന്റെ ചരിത്രത്തെ കാരണയുക്തിവാദി (Rationalists)കളുടേയും യഥാതഥവാദി (Realists) കളുടേയും ഒരു സംവാദക്കളരിയായി ബാഷ്​ലാദ്​വ്യാഖ്യാനിക്കുന്നു. ശാസ്ത്രജ്ഞാനത്തെ മനുഷ്യമനസ്സിന്റെ നിർമ്മിതിയായി കാണുന്ന കാരണയുക്തിയുടെ പദങ്ങളിലോ, ബാഹ്യയാഥാർത്ഥ്യത്തിന്റെ ഘടനയുടെ ശരിയായ പ്രതിഫലനമായി കാണുന്ന യഥാതഥവാദത്തിന്റെ പദങ്ങളിലോ, ഏതെങ്കിലും ഒന്നിൽ മാത്രമായി പൂർണ്ണമായും വിശദീകരിക്കണമെന്ന സമീപനത്തെ ബാഷ്​ലാദ്​ നിഷേധിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ സങ്കീർണ്ണതകളോട് നീതി കാണിക്കാത്ത അനുവദനീയമല്ലാത്ത അമൂർത്തവൽക്കരണമാണിത്. കാരണയുക്തിയും യഥാതഥവാദവും പരസ്പരം സംഘർഷത്തിലല്ല നിലനിൽക്കുന്നത്. ആധുനികശാസ്ത്രമനസ്സിൽ അവ സമാധാനത്തോടെ ഒരുമിച്ചു നിലനിൽക്കുന്നു. ശാസ്ത്രജ്ഞാനം അനുഭവത്തോടു യുക്തിപരമായി സംഘടിതമായതും അടിസ്ഥാനപ്പെട്ടതുമാണ്. ആധുനികശാസ്ത്രം നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഭൗതികപ്രതിഭാസങ്ങളുടെ സാക്ഷാത്ക്കാരമാകുന്നതു പോലെ തന്നെ അത് മനുഷ്യമനസ്സിന്റെ കാരണയുക്തിപ്രവർത്തനത്തിന്റെ കൂടി ഉൽപ്പന്നവുമാണ്. ശാസ്ത്രത്തിന്റെ തത്വചിന്ത ഈ രണ്ടു കാര്യത്തേയും ഉൾക്കൊള്ളണം, ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള തത്വചിന്താപരമായ ജ്ഞാനസിദ്ധാന്തങ്ങളോട് ആധുനികശാസ്ത്രം രണ്ടു കാര്യങ്ങളിൽ വിച്ഛേദം നേടുന്നു.

1. കാരണയുക്തിവാദത്തിന്റേയും യഥാതഥവാദത്തിന്റേയും സഹ അസ്തിത്വത്തെയാണ്, ഏതെങ്കിലും ഒന്നിലേക്കുള്ള ന്യൂനീകരണത്തെയല്ല ആധുനികശാസ്ത്രം അടിസ്ഥാനമാക്കുന്നത്.

2. ആധുനികശാസ്ത്രം ആധാരമാക്കുന്ന വസ്തുക്കൾ പ്രകൃതിയിൽ നിന്നും കണ്ടെടുക്കുന്നവയല്ല, പ്രാതിഭാസികസങ്കേതങ്ങളിലൂടെ നിർമിക്കപ്പെടുന്നവയാണ്. കാരണയുക്തിവാദത്തിന്റേയും യഥാതഥവാദത്തിന്റേയും മധ്യനിലയെയാണ് ബാഷ്​ലാദ്​ സ്വീകരിക്കുന്നത്. ഗണിതശാസ്ത്രത്തിന്റെ കാരണയുക്തിക്കോ പ്രാതിഭാസികസങ്കേതങ്ങളിലൂടെ നിർമ്മിക്കപ്പെടുന്ന വസ്തുക്കളെ കുറിച്ചുള്ള അനുഭവത്തിനോ, ഏതെങ്കിലും ഒന്നിനു മാത്രമായി യാതൊരു മുൻഗണനയും നൽകപ്പെടുന്നില്ല.

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രചിന്തയുടെ യുക്തിപരമായ ചട്ടക്കൂട് ഗണിതശാസ്ത്രത്തിന്റേതാണ്. കാരണനിയമങ്ങളുടെ രൂപങ്ങൾ വിചിന്തനശാസ്ത്രപരമല്ല, ഗണിതശാസ്ത്രപരമാണ്. ഗണിതശാസ്ത്രം വികസിതമായ ശാസ്ത്രങ്ങൾക്ക് യുക്തിപരമായ ചട്ടക്കൂട് ഒരുക്കി നല്കുന്നു. ഈ രീതിശാസ്ത്രം കാന്റിയനല്ലെങ്കിലും കാന്റിന്റെ ആത്മാവിനെ ഉള്ളിൽ വഹിക്കുന്നതാണ്. ഇതിനെ കാന്റിയനിസം - രണ്ടാം ഏകദേശീകരണമെന്ന് ബാഷ്​ലാദ്​ വിളിക്കുന്നു. യുക്തിചിന്തയിലെ നിയാമകവും ഗണിതശാസ്ത്രപരവുമായ രൂപങ്ങൾ അനുഭവയാഥാർത്ഥ്യവുമായി ബന്ധപ്പെടുമ്പോൾ രൂപീകരണപരമായ ഒരു പങ്കു വഹിക്കുന്നുണ്ട്. ആധുനികഭൗതികശാസ്ത്രസിദ്ധാന്തങ്ങൾ ഗണിതശാസ്ത്രത്തോടു കടപ്പെട്ടിരിക്കുന്നു; ശാസ്ത്രഭാഷയെന്ന നിലയ്ക്കു മാത്രമല്ല, അതിന്റെ നിലനിൽപ്പിനും സാദ്ധ്യതകൾക്കും നീതീകരണത്തിനുമെല്ലാം. ന്യൂട്ടോണിയൻ ബലതന്ത്രത്തിലെ സിദ്ധാന്തങ്ങൾ കാൾക്കുലസിന്റെ ആവിർഭാവത്തോടൊപ്പം മാത്രം സംഭവിക്കുന്നതാണ്. ആപേക്ഷികസിദ്ധാന്തം യൂക്ലിഡിയനല്ലാത്ത ജ്യാമിതികളുടേയും, ടെൻസർ സിദ്ധാന്തങ്ങളുടേയും മാത്രം പശ്ചാത്തലത്തിൽ സാധ്യമാകുന്നതാണ്. ആപേക്ഷികസിദ്ധാന്തത്തിന്റെ മാനസിക ചട്ടക്കൂട് ടെൻസർ സിദ്ധാന്തങ്ങളിലാണെന്നു ബാഷ്​ലാദ്​ പറയുന്നുണ്ട്. സൂക്ഷ്മദർശിനി സൂക്ഷ്മാണുജീവശാസ്ത്രത്തെ സൃഷ്ടിച്ചതു പോലെ, ആപേക്ഷികസിദ്ധാന്തത്തെ സൃഷ്ടിച്ച ഗണിതശാസ്ത്ര ഉപകരണമായിരുന്നു അത്. പുതിയ ഗണിതശാസ്ത്ര ഉപകരണങ്ങളുടെ പഠനങ്ങളിലൂടെയല്ലാതെ പുതിയ ശാസ്ത്രജ്ഞാനം കരഗതമാകുന്നില്ല.

ബാഷ്​ലാദ്​ സൂചിപ്പിക്കുന്ന പ്രാതിഭാസികസങ്കേതത്തിലെ പ്രതിഭാസങ്ങളെ സാധാരണ അനുഭവത്തിലെ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതല്ല. ശാസ്ത്രവസ്തുക്കൾ ഇന്ദ്രിയാനുഭവത്തെ അടിസ്ഥാനപ്പെടുത്തുന്നതല്ല, അവ ഗണിതാത്മക ചിന്തയുടെ ഉൽപ്പന്നങ്ങളാണ്. കാന്റിന്റെ വീക്ഷണത്തിൽ പ്രതിഭാസേതര(Noumenon)മായത് അഗമ്യമാണ്. എന്നാൽ, ബാഷ്​ലാദിനെ സംബന്ധിച്ചിടത്തോളം നേരിട്ടു സംവദിക്കാനാവാത്ത ശാസ്ത്രപ്രതിഭാസങ്ങൾ ജ്ഞാനശാസ്ത്രപരമായി അജ്ഞാതമായി തുടരുന്നില്ല. അവ ജ്ഞാതമാകുന്നതിൽ നിന്നും തടയപ്പെടുന്നില്ല. പ്രാതിഭാസികേതരമായതിനെ; അജ്ഞാതത്തെ, ജ്ഞാതമാക്കുന്ന പ്രക്രിയ നിർവ്വഹിക്കുന്നത് ഗണിതശാസ്ത്രമാണ്. അത് ശാസ്ത്രവസ്തുക്കളെ നിർമ്മിക്കുന്നു. ശാസ്ത്രപ്രയോഗങ്ങളെ സാധാരണപ്രവർത്തനങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്നത് ഈ ഗണിതശാസ്ത്രപ്രയോഗമാണ്. കാരണയുക്തിചിന്തയുടെ അനുഭവപരമായ സാക്ഷാത്ക്കാരം ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ പരീക്ഷണാത്മക സ്വഭാവത്തിന്റെ നിർമ്മിതിയാണ്.

ഇരുപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തിൽ ഈ കൂട്ടായ പ്രയത്നവും പങ്കുവയ്ക്കലും പ്രധാനമായിരിക്കുന്നു. ഇപ്പോഴത്തെ ശാസ്ത്രപ്രവർത്തനത്തിൽ ഒരാൾക്കു മാത്രമായി കാരണയുക്തിവാദിയായി നിൽക്കാൻ കഴിയില്ല, കാരണയുക്തിയുടെ പ്രവർത്തകർ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.

ശാസ്ത്രം കേവലവ്യക്തിയായ ശാസ്ത്രജ്ഞന്റെ സൃഷ്ടിയല്ല, അത് ശാസ്ത്രജ്ഞസമൂഹത്തിന്റെ സൃഷ്ടിയാണെന്ന് പരോക്ഷമായി ബാഷ്​ലാദ്​പറഞ്ഞുവയ്ക്കുന്നുണ്ട്. ആധുനികശാസ്ത്രം കാരണയുക്തിയുടെ സാക്ഷാത്ക്കാരമാണല്ലോ. ശാസ്ത്രം സംഭവിക്കുന്നത് ശാസ്ത്രജ്ഞന്മാർ വസിക്കുന്ന ഒരു ശാസ്ത്രനഗരത്തിലാണ്. ഇവർ ശാസ്ത്രത്തിന്റെ കാരണയുക്തിയിൽ ഏർപ്പെട്ടുകൊണ്ട് ശാസ്ത്രവസ്തുക്കളെ കുറിച്ച് കൂട്ടായ ഗ്രാഹ്യം നേടിയെടുക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു. ഈ ശാസ്ത്രനഗരത്തിലെ ശാസ്ത്രജ്ഞന്മാർക്കിടയിലെ സാമൂഹികമായ കൈമാറ്റങ്ങളിലൂടെയാണ് കാരണയുക്തി ഉയിർക്കൊള്ളുന്നത്. ശാസ്ത്രജ്ഞന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താൽപ്പര്യങ്ങളും ശാസ്ത്രത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ട ജ്ഞാനശാസ്ത്രപരമായ തടസ്സങ്ങളാണ്. ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവരുന്ന പ്രബന്ധങ്ങൾ പല ശാസ്ത്രജ്ഞന്മാർ ചേർന്നെഴുതുന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തിൽ ഈ കൂട്ടായ പ്രയത്നവും പങ്കുവയ്ക്കലും പ്രധാനമായിരിക്കുന്നു. ഇപ്പോഴത്തെ ശാസ്ത്രപ്രവർത്തനത്തിൽ ഒരാൾക്കു മാത്രമായി കാരണയുക്തിവാദിയായി നിൽക്കാൻ കഴിയില്ല, കാരണയുക്തിയുടെ പ്രവർത്തകർ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, വ്യക്തിയായ ശാസ്ത്രജ്ഞന്റെ ആഗ്രഹങ്ങളും സ്വയംബോധവും ശാസ്ത്രജ്ഞസമൂഹം രൂപീകരിച്ചെടുത്ത ബോധത്തിന്നപ്പുറത്തേക്കു നയിക്കപ്പെടുന്ന സന്ദർഭങ്ങളുണ്ടാകാം. ഇത് പുതിയ ജ്ഞാനമായിത്തീരാം. ഈ ശാസ്ത്രജ്ഞൻ ആർജ്ജിച്ചെടുക്കുന്ന ജ്ഞാനം നിരീക്ഷണപരീക്ഷണങ്ങളിലൂടെ തിരുത്താനും നവീകരിക്കാനും ഉറപ്പിച്ചെടുക്കാനും കഴിയുന്നതാണ്.

ശാസ്ത്രസിദ്ധാന്തങ്ങളുടെ കണ്ടെത്തലിന്റെ സന്ദർഭങ്ങളെ അവയുടെ നീതീകരണസന്ദർഭങ്ങളോടു ചേർത്തു നിർത്തി കാണണമെന്നു ബാഷ്​ലാദ്​പറയുന്നു. ലോജിക്കൽ പോസിറ്റിവിസ്റ്റുകളുടെ നിലപാടുകളോട് നേരിട്ട് ഇടയുന്ന സന്ദർഭമാണിത്. ശാസ്ത്രചരിത്രത്തിന്റെ പ്രാധാന്യത്തെ കാണുന്ന സമീപനവുമാണിത്. ശാസ്ത്രസിദ്ധാന്തങ്ങളുടെ ചരിത്രമാനങ്ങളെ ഉപേക്ഷിക്കുന്ന ഇടപെടലുകൾ സിദ്ധാന്തവും അനുഭവവും തമ്മിലുള്ള യുക്തിപരമായ പരസ്പരബന്ധങ്ങളെ മനസ്സിലാക്കുന്നതിനെ തടയുകയായിരിക്കുമല്ലോ ചെയ്യുന്നത്. ശാസ്ത്രത്തിന്റെ ചരിത്രത്തിന് ശാസ്ത്രദർദശനത്തിൽ ഒരു പങ്കു വഹിക്കാനുണ്ട്. ശാസ്ത്രദാർശനികൻ ചരിത്രദർശനവുമായി ഒഴിവാക്കാനാവാത്തവണ്ണം ചേർന്നു നില്ക്കുകയും സംവാദങ്ങളിലേർപ്പെടുകയും വേണം. ശാസ്ത്രദർശനത്തിന് ആവശ്യമുള്ള ശാസ്ത്രചരിത്രം ഒരു സവിശേഷപ്രകൃതിയുള്ളതാണെന്ന് ബാഷ്​ലാദ്​കരുതുന്നു. ശാസ്ത്രത്തിന്റെ ചരിത്രം വിവരണാത്മകം മാത്രമല്ല, മൂല്യപരിശോധനാത്മകം കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രരംഗത്തുണ്ടായ മുന്നേറ്റങ്ങൾ ശാസ്ത്രത്തെ കുറിച്ചുള്ള സങ്കല്പനങ്ങളെ തന്നെ മാറ്റി മറിച്ചുവെന്ന് ബാഷ്​ലാദ്​ പറയുന്നു. ശാസ്ത്രം വികസിക്കുന്നതിന്നനുസരിച്ച് ശാസ്ത്രത്തിന്റെ ദർശനവും വികസിക്കുന്നു. അതുകൊണ്ട്, സാർവ്വകാലികമായി പ്രയോഗക്ഷമമാകുന്ന വളരെ സാമാന്യമായ ഒരു ശാസ്ത്രദർശനമില്ല. ശാസ്ത്രത്തിലെ മാറ്റം തത്വചിന്തയിലും മാറ്റമുണ്ടാക്കും, തിരിച്ച്, തത്വചിന്തയിലെ മാറ്റം ശാസ്ത്രത്തിലും. ശാസ്ത്രജ്ഞാനം ശുദ്ധമായ നിരീക്ഷണത്തിൽ നിന്നും ഉണ്ടാകുന്നതല്ല. വ്യാഖ്യാനാത്മകവും പ്രതിഫലനാത്മകവുമായ വ്യവഹാരമെന്ന നിലയ്ക്കാണ് ശാസ്ത്രസിദ്ധാന്തങ്ങൾ ജ്ഞാനശാസ്ത്രപരമായി പ്രത്യക്ഷപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രപ്രവർത്തനങ്ങൾ കാർട്ടീഷ്യൻ ജ്ഞാനശാസ്ത്രത്തിന്റെ രീതിശാസ്ത്രനിർദ്ദേശങ്ങളിൽ നിന്നും വിടുതൽ നേടിയിരിക്കുന്നുവെന്ന് ബാഷ്​ലാദ്​കരുതുന്നു. യുക്ലീഡിയൻ ജ്യാമിതിയുടെ സ്വയം പ്രഖ്യാപിതസത്യത്തെ ആപേക്ഷികതാസിദ്ധാന്തം വെല്ലുവിളിക്കുകയുണ്ടായല്ലോ? ശാസ്ത്രത്തിന്റെ സൈദ്ധാന്തികവല്ക്കരണത്തിൽ വിശ്ലേഷണാത്മക ജ്യാമിതി വലിയ പങ്കു വഹിച്ചതു പോലെ ഗണിതശാസ്ത്രത്തിന്റെ മണ്ഡലത്തിലുണ്ടായ പുതിയ വികാസങ്ങൾ ശാസ്ത്രചിന്തയെ വലിയ തോതിൽ പരിവർത്തിപ്പിച്ചു. വ്യത്യസ്തജ്യാമിതികൾ തെരഞ്ഞെടുപ്പിനുള്ള സാധ്യതകൾ നല്കിയതോടെ, പരീക്ഷണശാലയിലെ നിരീക്ഷണങ്ങൾക്കനുസൃതവും ആനുഭവികവുമായി ഉറപ്പിക്കാവുന്നതുമായ ജ്യാമിതീയ ചട്ടക്കൂട് ഏതാണെന്ന പ്രശ്നം ഉയർന്നു വന്നു. സഹജാവബോധം നിർദ്ദേശിച്ച, ചോദ്യങ്ങളേതുമില്ലാതെ സ്വീകരിക്കപ്പെട്ടിരുന്ന സ്വയംസിദ്ധപ്രമാണങ്ങൾ (Axioms)ചില ജ്യാമിതീയവ്യൂഹങ്ങളിൽ പ്രയോഗക്ഷമമല്ലെന്നു തെളിയിക്കാൻ കഴിഞ്ഞതോടെ കൂടുതൽ കൃത്യമായ സാമാന്യസിദ്ധാന്തങ്ങളും വ്യത്യസ്ത വ്യൂഹങ്ങൾക്കിടയിലെ പരസ്പരബന്ധസമവാക്യങ്ങളും സൃഷ്ടിക്കപ്പെട്ടു. തുടർച്ചകളില്ലാത്ത, ഇടർച്ചകളുള്ള വളരെ സങ്കീർണ്ണമായ ഘടനകളെ കുറിച്ച് പുതിയ ധാരണകൾ ലഭ്യമായി. ഗണസിദ്ധാന്തം (Set Theory) , ടോപ്പോളജി (Topology) എന്നിവയെല്ലാം ചേർന്ന് ഇടർച്ചയുള്ള വ്യൂഹങ്ങൾക്കു വേണ്ടിയുള്ള ധാരാളം സങ്കേതങ്ങളെ നിർദ്ദേശിച്ചു. യുക്ത്യധിഷ്ഠിതമായ ധാരാളം ചട്ടക്കൂടുകൾ ലഭ്യമാണിപ്പോൾ, ശാസ്ത്രജ്ഞന്മാർക്കു സ്വപ്നം കാണാൻ. ബാഷ്​ലാദിനെ സംബന്ധിച്ചിടത്തോളം ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രം കാർട്ടീഷ്യനോ യൂക്ലിഡിയനോ ബേക്കോണിയനോ അല്ല. എന്നാൽ, ഈ ചിന്താപദ്ധതികളെയെല്ലാം പൂർണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടല്ല തന്റെ സമീപനത്തിൽ ബാഷ്​ലാദ്​ എത്തിച്ചേരുന്നത്.

ബാഷ്​ലാദിനെ സംബന്ധിച്ചിടത്തോളം ഒരു ശാസ്ത്രജ്ഞന്റെ ലക്ഷ്യം വസ്തുനിഷ്ഠജ്ഞാനമായിരിക്കണം. ശാസ്ത്രജ്ഞന്മാർ വസ്തുനിഷ്ഠജ്ഞാനത്തെ ആന്തരികവല്ക്കരിക്കണം

ശാസ്ത്രത്തിൽ വസ്തുനിഷ്ഠതയുടെ സാധ്യതകളെ അഭിസംബോധന ചെയ്യാനുള്ള ഒരു ശ്രമം ബാഷ്​ലാദിന്റെ സൈദ്ധാന്തികപരിശ്രമങ്ങളിലുണ്ട്. ഗണിതശാസ്ത്രം അതിനു വഴി തുറന്നു നൽകുന്നുണ്ടല്ലോ? സാമാന്യധാരണകളിൽ നിന്നും ശാസ്ത്രജ്ഞാനത്തിന്റെ വിച്ഛേദം അനിവാര്യമാണെന്നതിനാൽ, ശാസ്ത്രീയമായ വസ്തുനിഷ്ഠജ്ഞാനം ഒരിക്കലും "പ്രാഥമികജ്ഞാനം' ആയിരിക്കില്ല. ബാഷ്​ലാദിനെ സംബന്ധിച്ചിടത്തോളം ഒരു ശാസ്ത്രജ്ഞന്റെ ലക്ഷ്യം വസ്തുനിഷ്ഠജ്ഞാനമായിരിക്കണം. ശാസ്ത്രജ്ഞന്മാർ വസ്തുനിഷ്ഠജ്ഞാനത്തെ ആന്തരികവല്ക്കരിക്കണം. പരീക്ഷണനിരീക്ഷണങ്ങൾക്കുപയോഗിച്ച ഉപകരണങ്ങളും സങ്കേതങ്ങളും പുനർപരിശോധനകൾക്കും വിമർശാത്മക വികലനങ്ങൾക്കും വിധേയമാകണം. വിമർശാത്മകമായ സ്വയംബോധത്തിന്റെ പ്രതിഫലനം ശാസ്ത്രം ആവശ്യപ്പെടുന്നുണ്ട്. വസ്തുനിഷ്ഠതയുടെ സങ്കല്പനങ്ങളെ ആന്തരവല്ക്കരിച്ചവർക്കാണിത് സാധ്യമാകുന്നത്. ശാസ്ത്രജ്ഞന്മാർ വസ്തുനിഷ്ഠതയുടെ സങ്കല്പനങ്ങളെ ആന്തരികവല്ക്കരിക്കണമെന്നു പറയുന്നതു കൊണ്ടു മാത്രം പ്രശ്നങ്ങൾ പരിഹൃതമാകുന്നില്ല. വസ്തുനിഷ്ഠതക്ക് വ്യത്യസ്തമായ മാനദണ്ഡങ്ങൾ കല്പിക്കപ്പെടാം. ശാസ്ത്രജ്ഞന്റെ സ്വതന്ത്രമനസ്സും സ്വയം നിർണ്ണയശേഷിയും വസ്തുനിഷ്ഠതയുടെ സംപ്രത്യയവല്ക്കരണം സാധ്യമാക്കാൻ സഹായിക്കുന്നതാണ്. ശാസ്ത്രത്തിലെ വസ്തുനിഷ്ഠതയെ കുറിച്ചുള്ള സങ്കല്പനങ്ങളുടെ മാനദണ്ഡങ്ങൾ ചുമത്തപ്പെട്ട മാനദണ്ഡങ്ങളാ (imposed standards) ണെന്നു ചുരുക്കം. സ്വയം നിർണയശേഷിയുള്ള കവികർത്തൃത്വം സ്വകാര്യതയിൽ നിർമിക്കുന്ന കാവ്യബിംബങ്ങൾ പുതിയ കാവ്യഭാഷയെ നിർമ്മിക്കുന്നതു പോലെ സ്വതന്ത്രമായ ശാസ്ത്രമനസ്സ് പഴയ ശാസ്ത്രസിദ്ധാന്തങ്ങളെ അട്ടിമറിക്കുന്ന പുതിയ ഉൾക്കാഴ്ചകളിലേക്കു നയിക്കപ്പെടുകയും പുതിയ ശാസ്ത്രസിദ്ധാന്തങ്ങൾക്കു രൂപം നല്കുകയും ചെയ്യുന്നു. സർഗാത്മക ശാസ്ത്രപ്രവർത്തനങ്ങൾക്കു സർഗാത്മക കലാപ്രവർത്തനങ്ങളോടു സാദൃശ്യം കല്പിക്കാൻ കഴിയും.

കാൾ പോപ്പർ. നമുക്കും നമ്മുടെ ചിന്തയ്ക്കും പുറത്ത് സ്വതന്ത്രമായി നില്ക്കുന്ന ഭൗതികലോകമെന്ന സങ്കല്പനത്തെ വസ്തുനിഷ്ഠതയുടെ അവശ്യോപാധിയായി സ്വീകരിക്കുന്ന കാൾ പോപ്പറുടെ യഥാതഥ വീക്ഷണത്തെ ബാഷ്​ലാദ്​ നിരസിക്കുന്നു

ഭൗതികശാസ്ത്ര സിദ്ധാന്തങ്ങൾ അതിഭൗതികത്തിൽ നിന്നും സ്വതന്ത്രമാണെന്ന അവകാശവാദത്തെ ബാഷ്​ലാദ്​ നിരസിക്കുന്നു. അതുപോലെ, അറിയുന്ന വിഷയിയുടെ പങ്കിനെ ജ്ഞാനാർജ്ജന പ്രക്രിയയിൽ നിന്നും ഒഴിവാക്കുന്ന ദാർശനികരോടൊപ്പമല്ല ബാഷ്​ലാദിന്റെ സ്ഥാനം. ഏതൊരു ജ്ഞാനശാസ്ത്രത്തിലും വിഷയിയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ബാഷ്​ലാദ്​ നിർബ്ബന്ധിക്കുന്നു. എന്നാൽ, യുക്തിപരത ഒരിക്കലും വിഷയിയുടെ സാമ്രാജ്യത്വത്തിനു കീഴ്പ്പെട്ടു പോകരുതെന്ന്, അത് ഏതെങ്കിലും അടഞ്ഞബോധത്തിന്റെ സൃഷ്ടിയാകരുതെന്ന് നാം നിഷ്‌ക്കർഷിക്കുകയും വേണം. നമുക്കും നമ്മുടെ ചിന്തയ്ക്കും പുറത്ത് സ്വതന്ത്രമായി നില്ക്കുന്ന ഭൗതികലോകമെന്ന സങ്കല്പനത്തെ വസ്തുനിഷ്ഠതയുടെ അവശ്യോപാധിയായി സ്വീകരിക്കുന്ന കാൾ പോപ്പറുടെ യഥാതഥ വീക്ഷണത്തെ ബാഷ്​ലാദ്​ നിരസിക്കുന്നു. നമ്മളിൽ നിന്നും കേവലമായി സ്വതന്ത്രമായി നില്ക്കുന്ന ലോകമില്ല, നാം കൂടി ഉൾപ്പെട്ട ലോകമേയുള്ളൂ. വസ്തുനിഷ്ഠജ്ഞാനത്തിന്റെ സങ്കല്പനങ്ങൾക്കു വേണ്ടി വാദിക്കുന്ന ബാഷ്​ലാദ്​, ഈ ലക്ഷ്യത്തിനു വേണ്ടി വ്യത്യസ്ത ചരിത്രഘട്ടങ്ങളിലും വ്യത്യസ്ത സമൂഹങ്ങളിലും വ്യത്യസ്തങ്ങളായ വഴികളാണ് സ്വീകരിച്ചു പോന്നിട്ടുള്ളതെന്നു പറയുന്നു. എല്ലാ ശാസ്ത്രാന്വേഷണങ്ങളുടേയും ലക്ഷ്യവും അതിർത്തിയുമെന്ന നിലയ്ക്ക് വസ്തുനിഷ്ഠജ്ഞാനം ഔപചാരികവും നിർവ്വഹണപരവുമാണ്. ശാസ്ത്രത്തിലെ പുരോഗതി വസ്തുനിഷ്ഠതയിലേക്കുള്ള പുരോഗതിയാണ്. വസ്തുനിഷ്ഠജ്ഞാനം മനുഷ്യപ്രവർത്തനത്തിന്റെ അനിവാര്യമായ പങ്ക് ഉൾച്ചേർന്നതാണ്. ശാസ്ത്രഗവേഷണം വർദ്ധമാനമായ രീതിയിൽ സവിശേഷവൽക്കരണങ്ങൾക്കും വിഭജനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയയാണെന്ന് ബാഷ്​ലാദ്​ചൂണ്ടിക്കാണിക്കുന്നുണ്ട്. വിയന്ന സർക്കിളിലേയും മറ്റും ബുദ്ധിജീവികൾ ശാസ്ത്രത്തിന്റെ ഏകത്വത്തെ കുറിച്ചും ഏകീകൃതമായ രീതിശാസ്ത്രത്തെ കുറിച്ചും സംസാരിച്ചു കൊണ്ടിരുന്ന നാളുകളിലാണ് ബാഷ്​ലാദ്​ ശാസ്ത്രത്തിലെ ബഹുലതകളെ കുറിച്ച് സൂചിപ്പിക്കുന്നത്.

ഹുസേലിനെയോ ബാഷ്​ലാദിനെയോ നാം പിന്തുടരുക? ഇപ്പോൾ, അത് സന്ദേഹത്തിന്റെ കാര്യമാണ്. പ്രകൃതിയുടെ ഗണിതവൽക്കരണം സൃഷ്ടിച്ച ഈ പ്രശ്നത്തെ ഗണിതശാസ്ത്രത്തെ കൂടുതലായി അറിഞ്ഞുകൊണ്ട് നമുക്കു പരിഹരിക്കാൻ കഴിയുമോ?

ശരിയായ സ്വയംസിദ്ധപ്രമാണങ്ങൾ തെരഞ്ഞെടുത്താൽ ഏതു ഗണിതജ്ഞാനസ്വരൂപത്തേയും ഒരു ഔപചാരിക വ്യൂഹ(formal system) മാക്കി മാറ്റാൻ കഴിയുമെന്ന ആശയം ഡേവിഡ് ഹിൽബർട്ടും ബർട്രാന്റ് റസ്സലും പങ്കുവയ്ക്കുന്നുണ്ടല്ലോ? ഗണിതശാസ്ത്രത്തെ പോലെ തന്നെ ഭൗതികശാസ്ത്രത്തെയും പ്രാമാണികവ്യൂഹങ്ങളുടെ ചട്ടക്കൂടിൽ കൊണ്ടുവരാൻ കഴിയുമെന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫ്രെജെയും ഹിൽബർട്ടും റസ്സലും മുന്നോട്ടുവച്ച അടിസ്ഥാനസമീപനങ്ങളിൽ ഗണിതശാസ്ത്രത്തിന്റെ കാരണയുക്തി വിചിന്തനശാസ്ത്ര (logic) ത്തിന്റെ കാരണയുക്തിയായി ചുരുക്കപ്പെടുന്നുണ്ട്. ഇതനുസരിച്ച്, ഗണിതശാസ്ത്രത്തിലൂടെ എത്തിച്ചേരുന്ന അനുമാനങ്ങൾ വിചിന്തനശാസ്ത്രത്തിന്റെ അനുമാനങ്ങളുടെ സംക്ഷിപ്തരൂപങ്ങൾ മാത്രമാണ്. ഫ്രെജെയുടെ ഈ മാനദണ്ഡങ്ങൾ സ്വീകരിച്ചാൽ, ഭൗതികശാസ്ത്രവും വിചിന്തനശാസ്ത്രത്തിന്റെ കാരണയുക്തിയെ തന്നെയാണ് സ്വീകരിക്കുന്നതെന്നു വരും. (അനുമാനങ്ങളിൽ എത്തിച്ചേരാനുള്ള മാർഗ്ഗമായി ഗണിതത്തെയാണല്ലോ ഭൗതികശാസ്ത്രം ഉപയോഗിക്കുന്നത്. ഗണിതത്തിന്റെ കാരണയുക്തി വിചിന്തനശാസ്ത്രത്തിന്റേതാണെന്നു സ്ഥാപിതമായാൽ ഭൗതികത്തിന്റെ അനുമാനയുക്തിയും വിചിന്തനശാസ്ത്രത്തിന്റേതാണെന്നു പറയേണ്ടി വരും.) ബാഷ്​ലാദ്​ ഇതിനോടു യോജിക്കുന്നില്ല. ബാഷ്​ലാദ്​ കാരണയുക്തിയെ ബന്ധപ്പെടുത്തുന്നത് വിചിന്തനശാസ്ത്രത്തോടല്ല. അദ്ദേഹം ചിന്തയേയും പരീക്ഷണപ്രയോഗങ്ങളേയും കൂട്ടിച്ചേർക്കുന്ന ഗണിതത്തോട് കാരണയുക്തിയെ സമീകരിക്കുന്നു. ഗണിതശാസ്ത്രത്തെ കുറിച്ചുള്ള വിചിന്തനശാസ്ത്രപരവും (logicist) ഔപചാരിക (formalist) വുമായ വീക്ഷണങ്ങളെ ബാഷ്​ലാദ്​ നിരസിക്കുന്നു. ഒരു രീതിയിൽ, ആധുനികശാസ്ത്രത്തെ പ്രായോഗികഗണിതമായി ബാഷ്​ലാദ്​കാണുന്നുണ്ടെന്നു പറയാം. ഫ്രെജെയുടെ സമീപനം സ്വീകരിച്ചാൽ ദാർശനികമായ ഒരു പരിപ്രേക്ഷ്യത്തിൽ ഗണിതശാസ്ത്രയുക്തിയെ സ്വീകരിക്കാത്ത ജീവശാസ്ത്രങ്ങളും ആധുനിക ഗണിതീയഭൗതികവും തമ്മിൽ ഭേദങ്ങളില്ലെന്നു കരുതേണ്ടി വരും. എല്ലാ സിദ്ധാന്തങ്ങളും വിചിന്തനശാസ്ത്രപരമായി ക്രമീകരിക്കപ്പെട്ട ഒരു ഗണം വാക്യങ്ങൾ മാത്രമായി ചുരുക്കപ്പെടും. ഗണിതശാസ്ത്രത്തിന്റെ പ്രത്യക്ഷം കൊണ്ട് ശാസ്ത്രത്തിലെ ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാനസാഹചര്യങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നു വരും. പതിനേഴാം നൂറ്റാണ്ടിലെയോ ഇരുപതാം നൂറ്റാണ്ടിലെയോ ശാസ്ത്രവിപ്ലവങ്ങളിൽ ഭൗതികശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രത്തെ പരിവർത്തിപ്പിക്കാൻ ഗണിതശാസ്ത്രം തനതായ ഒരു പങ്കും വഹിച്ചിട്ടില്ലെന്നു വരും. ഗണിതശാസ്ത്രത്തിന് ഭൗതികശാസ്ത്രസിദ്ധാന്തങ്ങളുടെ രൂപം നിർണയിക്കുന്നതിൽ മാത്രമേ പങ്കുള്ളൂവെന്നും അതിന്റെ ഉള്ളടക്കവുമായി ബന്ധമില്ലെന്നു കരുതേണ്ടി വരും. ബാഷ്ലാദിന്റെ സമീപനം ഈ പരിമിതികളെ തരണം ചെയ്യുന്നതാണ്.

ഹുസേലിന്റെ ഗലീലിയോ വിമർശത്തിലേക്കു വീണ്ടും വരട്ടെ! പ്രപഞ്ചത്തിന്റെ ഗണിതവൽക്കരണം സൃഷ്ടിച്ച അർത്ഥനാശത്തെ കുറിച്ചാണ് ഹുസേൽ പറഞ്ഞത്. ശാസ്ത്രം അതിന്റെ വസ്തുക്കളെ നിർമ്മിക്കുന്നതിന്നിടയിൽ അർത്ഥത്തെ നശിപ്പിക്കുന്നു. എന്നാൽ, ശാസ്ത്രം പിറവി കൊള്ളുന്നതു തന്നെ പ്രപഞ്ചത്തിന്റെ ഗണിതവൽക്കരണത്തെ മുന്നുപാധിയാക്കിയാണെന്ന സമീപനത്തിലാണ് ബാഷ്​ലാദിന്റെ ജ്ഞാനശാസ്ത്രപ്രമാണം നിലനിൽക്കുന്നത്. ശാസ്ത്രവസ്തുവിന്റെ രൂപീകരണവും നിർമ്മാണവും എല്ലാ അർത്ഥങ്ങളിൽ നിന്നും അർത്ഥാന്വേഷണങ്ങളിൽ നിന്നും വേർപെട്ടു നിൽക്കുന്നതാണ്. ഹുസേൽ നിർദ്ദേശിക്കുന്ന അർത്ഥങ്ങളുടെ സ്രോതസ്സായ ജീവലോകത്തിൽ നിന്നും ശാസ്ത്രജ്ഞാനം പിൻവാങ്ങി നിൽക്കുന്നു. ശാസ്ത്രജ്ഞാനത്തിനു മുന്നേയുള്ള എല്ലാ അർത്ഥങ്ങളേയും നശിപ്പിക്കുന്നില്ലെങ്കിൽ തന്നെ ഈ അർത്ഥങ്ങളോടെല്ലാം ആധുനികശാസ്ത്രം താൽപ്പര്യരാഹിത്യം പ്രകടിപ്പിക്കുന്നു. അർത്ഥങ്ങളോട് താൽപ്പര്യരഹിതമായിരിക്കാനും അർത്ഥങ്ങളില്ലാതെ പ്രവർത്തിക്കാനും ശാസ്ത്രത്തിനു കഴിയുന്നുണ്ടെങ്കിൽ, ഗണിതശാസ്ത്രപ്രതീകങ്ങളും സമീകരണങ്ങളും ഉപയോഗിച്ചു കൊണ്ട് ഇനിയും പൂർണമായിട്ടില്ലാത്ത യാഥാർത്ഥ്യത്തെ സമീപിക്കാൻ അതിനു കഴിയുകയും ചെയ്യുന്നു. ഗണിതശാസ്ത്രപ്രതീകങ്ങൾ അർത്ഥത്തെ സംവഹിക്കുന്നില്ല! ഹുസേലിനെയോ ബാഷ്​ലാദിനെയോ നാം പിന്തുടരുക? ഇപ്പോൾ, അത് സന്ദേഹത്തിന്റെ കാര്യമാണ്. പ്രകൃതിയുടെ ഗണിതവൽക്കരണം സൃഷ്ടിച്ച ഈ പ്രശ്നത്തെ ഗണിതശാസ്ത്രത്തെ കൂടുതലായി അറിഞ്ഞുകൊണ്ട് നമുക്കു പരിഹരിക്കാൻ കഴിയുമോ? ▮(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments