അലെയ്ൻ ബാദിയു / Photo: Wikimedia Commons

ഗണസിദ്ധാന്തം ഭവശാസ്ത്രമാകുന്നു

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 20

ആധുനികതയുടേയും ജ്ഞാനോദയപ്രബുദ്ധതയുടേയും ഉദ്ഘാടകനായ ഇമ്മാനുവേൽ കാൻറ്​ രസതന്ത്രത്തെ ശാസ്ത്രങ്ങളുടെ പട്ടികയിൽ ചേർക്കാൻ വിസമ്മതിക്കുന്നതിനെ ഓർക്കാവുന്ന സന്ദർഭമാണിത്.

ന്നാണോ പലതാണോ എന്ന പ്രശ്‌നം; ഏകത്തിനാണോ അനേകത്തിനാണോ മുൻഗണനയെന്ന പ്രശ്‌നം, പ്ലാറ്റോയുടെ അതിഭൗതികത്തിന്റേയും ഭവശാസ്ത്രത്തിന്റേയും ജ്ഞാനശാസ്ത്രത്തിന്റേയും കേന്ദ്രപ്രശ്‌നമായിരുന്നു. പ്ലാറ്റോയുടെ മുൻഗാമിയായിരുന്ന പാർമെനിഡസ് കരുതിയിരുന്നത്, യാഥാർത്ഥ്യം കാലാതീതവും മാറ്റമില്ലാത്തതും ഇന്ദ്രിയാനുഭവങ്ങൾ കൊണ്ടു സംവദിക്കാൻ കഴിയാത്തതുമാണെന്നാണ്. പാർമെനിഡസിന്റെ ശിഷ്യനായ സിനോ രൂപീകരിച്ച പ്രസിദ്ധമായ പൂർവ്വാപരവൈരുദ്ധ്യങ്ങൾ (Paradoxes) ഇന്ദ്രിയാനുഭവങ്ങൾ മിഥ്യയാണെന്നു തെളിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നല്ലോ? കാരണയുക്തിയും ശുദ്ധചിന്തയും കൊണ്ടു ആർജ്ജിക്കുന്ന യഥാർത്ഥജ്ഞാനവും മാറിക്കൊണ്ടിരിക്കുന്ന ഇന്ദ്രിയാനുഭവങ്ങൾക്കു തുല്യമായ സമവായവിശ്വാസങ്ങളും കേവലാഭിപ്രായങ്ങളും തമ്മിലുള്ള വിടവ് പ്ലാറ്റോണിക് ചിന്തയിൽ ദൃശ്യമാണ്. സ്ഥിതമായതിനെ കുറിച്ചുള്ള, സത്തയെ കുറിച്ചുള്ള, ഏകത്വത്തെ കുറിച്ചുള്ള പ്ലാറ്റോണിക് ചിന്തയെ പിൽക്കാല ചിന്തകന്മാരും പങ്കു വയ്ക്കുന്നുണ്ട്. ലെബനിത്‌സിൽ ഇതു കണ്ടെത്താം, ആധുനികകാല ചിന്തകനായ ക്വിനിലും ഇതു കാണാം.

അതിഭൗതികവും ഭവശാസ്ത്രവും അഭിമുഖീകരിച്ച പ്രശ്‌നത്തെ, അനേകത്തിനു പകരം ഏകത്വത്തെ സ്വീകരിച്ചു കൊണ്ട് ദാർശനികമായി പരിഹരിക്കാൻ പ്ലാറ്റോക്കു കഴിഞ്ഞതായി അലെയ്ൻ ബാദിയു കാണുന്നില്ല. പ്ലാറ്റോയെ പോലെ തന്നെ ഭവശാസ്ത്രത്തെ സത്യാന്വേഷണത്തിന്റെ തുടക്കമായും ഗണിതശാസ്ത്രത്തെ ഭവശാസ്ത്രമായും സ്വീകരിക്കുന്ന ബാദിയു ഏകത്വവും ബഹുലതയും തമ്മിലുള്ള പ്ലാറ്റോണിക് പ്രശ്‌നത്തെ തത്ത്വചിന്ത കടന്നുചെല്ലേണ്ട പ്രശ്‌നങ്ങളിലേക്കുള്ള സവിശേഷമായ വാതിലായിട്ടാണ് കണ്ടത്. ഉണ്മയെ ഏകത്വത്തിന്റെ പദങ്ങളിൽ ഉൾക്കൊള്ളിക്കാൻ കഴിയുമോയെന്ന് ബാദിയു അന്വേഷിക്കുന്നുണ്ട്. ഈ പൗരാണിക വിവാദം ഫ്രെജെയിലും റസ്സലിലും കാന്ററി(Cantor)ലും കൂടി ഗണിതത്തിലെ ഗണസിദ്ധാന്ത(Set Theory)ത്തിലെത്തുമ്പോൾ, അതിന്റെ യഥാർത്ഥവിവക്ഷകളിൽ എത്തിച്ചേരുന്നതായി ബാദിയു കാണുന്നു. പാർമെനിഡിസിനേയും പ്ലാറ്റോയേയും നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന പ്രശ്‌നം കാന്റർ സൃഷ്ടിച്ച ഗണിതശാസ്ത്രവികാസത്തിലൂടെ തത്ത്വചിന്തയിൽ തുടർന്നും പ്രവർത്തിക്കാനുള്ള കാതലായ ധാരണയായി മാറിത്തീരുന്നു.

ഗിയോർഗ് കാന്റർ

ബാദിയു ബഹുലതയെ സ്വീകരിക്കുന്നു. ഏകത്തെ ബഹിഷ്‌ക്കരിക്കുന്നു. ബാദിയു ബഹുലത (Multiplicity)യുടെ ചിന്തകനായി മാറുന്നു. ഏകമെന്നത്, ബഹുലതയെ ബഹുലതയായി തിരിച്ചറിയാനുള്ള മാർഗം മാത്രമാണ്. ഉണ്മ ഗണിതശാസ്ത്രമല്ലാതെ മറ്റൊന്നുമല്ലെന്ന് ബാദിയു പറയുന്നുണ്ട്. ബാദിയു ശൂന്യതയെ സങ്കൽപ്പിക്കുന്നു. ബഹുസ്വരങ്ങളെ സങ്കൽപ്പിക്കുന്നു. ഉണ്മ ശൂന്യതയിൽ നിന്നും പറിച്ചെടുത്ത ബഹുസ്വരതയാണ്. ശൂന്യതയിൽ നിന്നും ആരംഭിച്ച്, ഗണിതശാസ്ത്രത്തിന്റെ ചട്ടക്കൂടിൽ കാന്ററിന്റെ ഗണസിദ്ധാന്തങ്ങളിലൂടെ ശുദ്ധബാഹുല്യങ്ങളെ നിർമ്മിക്കുന്നത് യുക്തിപരമാണെന്ന്, ഭവശാസ്ത്രം ഗണിതശാസ്ത്രമാണെന്ന് ഉറപ്പിക്കാൻ കഴിയുമെന്ന് ബാദിയു. വസ്തുവിനെ ഒരു ഗണമായി ഔപചാരികവൽക്കരിക്കാം. ഗണിതശാസ്ത്രത്തിന് ഉണ്മയെ കുറിച്ച് സാധ്യമായതെല്ലാം പിടിച്ചെടുക്കാൻ ശേഷിയുണ്ടെന്നും കലയേയും രാഷ്ട്രീയത്തേയും സ്‌നേഹത്തേയും പോലെ ശാസ്ത്രവും തത്ത്വചിന്തയെ നിബന്ധിക്കുന്ന സത്യത്തെ ഉൽപ്പാദിപ്പിക്കുന്നുവെന്നും ബാദിയുവിന്റെ യുക്തിവിചാരം അറിയുന്നുണ്ട്.

എന്റെ മുന്നിൽ നിൽക്കുന്ന ഈ വൃക്ഷം അനേകം ബഹുലതകൾ കൂടിച്ചേർന്ന അനന്തസങ്കീർണ്ണബഹുലതകളുടെ ലഘൂകരിച്ച രൂപമാണ്. ആദിമമായ, അണുരൂപമാർന്ന ഏകത്വം അതിന്റെ കൂടിച്ചേരലുകളെ തടയുന്നില്ല. ഈ വൃക്ഷം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അതിന്റെ ഗുണപരമായ സത്തയെ കണ്ടെത്തുന്ന വൃക്ഷാണുക്കൾ കൊണ്ടല്ല. അവസാനം അവശേഷിക്കുന്നത് ഏകത്വമല്ല, ഇല്ലായ്മയാണ്, ശൂന്യമാണ്. ശൂന്യതയിൽ നിന്നു മാത്രമായി നെയ്‌തെടുക്കപ്പെട്ട ബഹുലതകൾ സവിശേഷമായി വിന്യസിച്ചെടുത്തതാണ്, ഈ വൃക്ഷത്തെ. ഗണിതശാസ്ത്രത്തിനു മാത്രം പ്രാപ്യമായ ഔപചാരികമായ സൃഷ്ടിപ്രക്രിയകളിലൂടെ സാധ്യമാകുന്നതാണിത്.

ലോകത്ത് സത്യം പ്രത്യക്ഷമാകുന്ന പ്രക്രിയ നിയാമകമായ കൂടിച്ചേരലിന്റെ രൂപം സ്വീകരിക്കുന്നു. അത് പ്രാതിഭാസികമാണ്. ഉണ്മയും പ്രത്യക്ഷവും തമ്മിലുള്ള ബന്ധങ്ങൾ സന്ദിഗ്ദ്ധങ്ങളാണ്.

ഉണ്മയും സാന്നിധ്യവും (പ്രത്യക്ഷവും) തമ്മിലുള്ള ഭേദങ്ങളെ കുറിച്ച് ബാദിയു പറയുന്നു. പ്രത്യക്ഷത്തെ കുറിച്ചുള്ള ചിന്ത വിചിന്തനശാസ്ത്രപരമാണ്. വിചിന്തനശാസ്ത്രം ബന്ധങ്ങളുടെ ഔപചാരികസിദ്ധാന്തമാണ്. ലോകത്ത് സത്യം പ്രത്യക്ഷമാകുന്ന പ്രക്രിയ നിയാമകമായ കൂടിച്ചേരലിന്റെ രൂപം സ്വീകരിക്കുന്നു. അത് പ്രാതിഭാസികമാണ്. ഉണ്മയും പ്രത്യക്ഷവും തമ്മിലുള്ള ബന്ധങ്ങൾ സന്ദിഗ്ദ്ധങ്ങളാണ്. എന്റെ മുന്നിൽ നിൽക്കുന്ന വൃക്ഷങ്ങൾ സാദൃശ്യമുള്ളവയാണ്, കേവലമായി അവയോരോന്നും വ്യത്യസ്തങ്ങളാണെങ്കിലും വൃക്ഷങ്ങളെന്ന ഗണത്തിൽ പെടുത്താവുന്നിടത്തോളം സദൃശങ്ങളാണ്. അവയ്ക്കിടയിലെ അനന്തസങ്കീർണതകൾ സ്വത്വങ്ങളേയും വ്യത്യസ്തതകളേയും നയിക്കുന്ന ലളിതമായ വിചിന്തനശാസ്ത്രനിയമങ്ങൾ കൊണ്ട് കണ്ടെടുക്കാം. പ്രത്യക്ഷത്തിന്റെ, സാന്നിധ്യത്തിന്റെ നിയമങ്ങൾ അതീതങ്ങളാണ്. ഹുസേൽ സ്വീകരിച്ച കാന്റി (Kant)ന്റെ ഉൾക്കാഴ്ച ശരിയായിരുന്നുവെന്ന് ബാദിയു വിലയിരുത്തുന്നു. അതീതമായത് അനിവാര്യമെന്നോണം വിചിന്തനശാസ്ത്രപരമാണ്. അതീത വിചിന്തനശാസ്ത്രത്തെ ഔപചാരികവിചിന്തനശാസ്ത്രത്തിന് എതിരായി നിർത്തിയപ്പോഴാണ്, ഹുസേലിനു തെറ്റിപ്പോയത്.

റൂഡോൾഫ് കർനാപ്

ഉണ്മയും പ്രത്യക്ഷവും തമ്മിലുള്ള ഭേദങ്ങൾ ഗണിതശാസ്ത്രവും (ഭവശാസ്ത്രം) വിചിന്തനശാസ്ത്രവും (പ്രാതിഭാസികശാസ്ത്രം) തമ്മിലുള്ള വ്യത്യാസമാണ്. ഗണിതശാസ്ത്രവും വിചിന്തനശാസ്ത്രവും തമ്മിലുള്ള വിടവിനെയാണ് ഹൈഡഗർ ഭവശാസ്ത്രപരമായ വ്യത്യാസം എന്നു വിളിച്ചതെന്ന് ബാദിയു ചൂണ്ടിക്കാണിക്കുന്നു. ഈ കുഴങ്ങിയ അവസ്ഥ പലരിലും തുടരുന്നുണ്ട്. ഈ കുഴപ്പം പരിഹരിക്കുന്നതിന് രണ്ടു മാർഗങ്ങളുണ്ട്. ഗണിതശാസ്ത്രത്തെ ലളിതമായ വിചിന്തനശാസ്ത്രസിദ്ധാന്തമാക്കുകയെന്നതാണ് ആദ്യത്തേത്. വിറ്റ്‌ജെൻസ്റ്റൈനും ഫ്രെജെയും റസ്സലും ചെയ്തത് അതാണ്. ഈ സമീപനം ഉണ്മയെ സാന്നിധ്യത്തിൽ ലയിപ്പിച്ചു കളഞ്ഞു. അടുത്തത്, വിചിന്തന ശാസ്ത്രത്തെ ഗണിതശാസ്ത്രത്തിന്റെ ഒരു സവിശേഷശാഖയാക്കി മാറ്റുകയെന്നതാണ്. ഉണ്മയെ സാന്നിധ്യത്തിൽ നിന്നും വ്യത്യസ്തമായി കാണാത്ത സമീപനമായിരുന്നു ഇത്. വിയന്ന സർക്കിളിലെ പ്രത്യക്ഷവസ്തുവാദികൾ ചെയ്തത് അതാണ്. ഉണ്മയെ സാന്നിധ്യത്തിൽ ലയിപ്പിച്ച ഹൈഡഗറും പ്രത്യക്ഷവസ്തുവാദിയായിരുന്ന കർനാപും മിക്കവാറും എല്ലാക്കാര്യങ്ങളിലും വിയോജിച്ചിരുന്നുവെങ്കിലും ഒരു കാര്യത്തിൽ യോജിച്ചിരുന്നതായി ബാദിയു എഴുതുന്നുണ്ട്. അതിഭൗതികത്തിന്റെ അന്ത്യം ഇരുവരും ആഗ്രഹിച്ചിരുന്നു. കർനാപിന്റെ ആകാംക്ഷകൾ ശാസ്ത്രത്തെ അതിഭൗതികത്തിൽ നിന്നും വിമോചിപ്പിക്കാനായിരുന്നെങ്കിൽ, ശാസ്ത്രത്തെ എതിർക്കാനുള്ള ശ്രമത്തിൽ ഹൈഡഗർ നിഹിലിസ്റ്റ് ആയി മാറുകയും തത്ത്വചിന്തയുടെ അന്ത്യത്തെ കുറിച്ചു പറയുകയും ചെയ്തു.

ഉണ്മയെ സാന്നിധ്യത്തിൽ ലയിപ്പിച്ച ഹൈഡഗറും പ്രത്യക്ഷവസ്തുവാദിയായിരുന്ന കർനാപും മിക്കവാറും എല്ലാക്കാര്യങ്ങളിലും വിയോജിച്ചിരുന്നുവെങ്കിലും ഒരു കാര്യത്തിൽ യോജിച്ചിരുന്നതായി ബാദിയു എഴുതുന്നുണ്ട്. അതിഭൗതികത്തിന്റെ അന്ത്യം ഇരുവരും ആഗ്രഹിച്ചിരുന്നു.

ഗണിതശാസ്ത്രത്തിലെ ഔപചാരികവ്യവസ്ഥകളെ സിദ്ധാന്തനിയന്ത്രണത്തിലുള്ള പരീക്ഷണാത്മക നടപടിക്രമങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയതയെ മനസ്സിലാക്കുകയും നീതീകരിക്കുകയും ചെയ്യുന്ന ശാസ്ത്രമേഖലകളെ ഇതര ശാസ്ത്രങ്ങളിൽ നിന്നും ബാദിയു വേർതിരിക്കുന്നു. ഗണിതശാസ്ത്രത്തെ സിദ്ധാന്തരൂപീകരണത്തിനുപയോഗിക്കാത്ത എല്ലാ ശാസ്ത്രശാഖകളേയും അദ്ദേഹം മറുഭാഗത്തു നിർത്തുന്നു. അവയ്ക്ക് ശാസ്ത്രത്തിന്റെ അന്തസ്സ് നൽകുന്നതിൽ അദ്ദേഹം സന്ദേഹിയാകുന്നു. ഇവയെ ശാസ്ത്രങ്ങളുടെ ഗണത്തിൽ പെടുത്താനാകില്ലെന്ന്, പ്രത്യയശാസ്ത്രത്തിലേക്ക് ചുരുങ്ങുന്നവയാണെന്ന് അദ്ദേഹം കരുതുന്നു. ലളിതമായ സാങ്കേതികജ്ഞാനം മാത്രമായ ജീവശാസ്ത്രങ്ങളും മിക്കവാറും മാനവിക, സാമൂഹികശാസ്ത്രങ്ങളും (ചില ചുരുക്കം അപവാദങ്ങൾ ഒഴിവാക്കണം) പ്രത്യയശാസ്ത്രങ്ങളാണെന്ന് ബാദിയു സന്ദേഹിക്കുന്നു. ബാദിയു ഭൗതികശാസ്ത്രത്തെ ഗണിതശാസ്ത്രമായി തന്നെ കണ്ടെത്തുന്നു. ആധുനികതയുടേയും ജ്ഞാനോദയപ്രബുദ്ധതയുടേയും ഉദ്ഘാടകനായ ഇമ്മാനുവേൽ കാൻറ്​ രസതന്ത്രത്തെ ശാസ്ത്രങ്ങളുടെ പട്ടികയിൽ ചേർക്കാൻ വിസമ്മതിക്കുന്നതിനെ ഓർക്കാവുന്ന സന്ദർഭമാണിത്. കാന്റിന്റെ ജീവിതകാലത്ത് രസതന്ത്രം ആൽക്കെമിയെ പോലുള്ള പ്രയോഗരീതികളിൽ മാത്രം ഒതുങ്ങിനിന്നിരുന്നു. ഒരിക്കലും ഗണിതവൽക്കരണത്തിനു വിധേയമായിരുന്നില്ല. രസതന്ത്രത്തെ ശാസ്ത്രമായി കാണുന്നതിൽ നിന്നും കാന്റിനെ തടഞ്ഞത് അത് അക്കാലത്ത് ഗണിതവൽക്കരണത്തോടു കാണിച്ച ഈ വിമുഖതയായിരുന്നു. ആധുനികശാസ്ത്രത്തിന്റെ മേഖലയിലേക്ക് തന്റെ തത്ത്വചിന്തയെ വ്യാപിപ്പിച്ച ഡല്യൂസിനോട് ഭവശാസ്ത്രത്തെ കുറിച്ച് ബാദിയു സംവാദങ്ങളിൽ ഏർപ്പെടുന്നുണ്ട്.

ബാദിയു ഡല്യൂസിനെ വിമർശിക്കുന്ന വാക്കുകൾ എഴുതുന്നു. ഡല്യൂസ് ബഹുലതകളുടെ തത്ത്വചിന്തകനല്ലെന്നും ഏകത്വത്തിന്റെ ചിന്തകനാണെന്നും ആരോപിക്കുന്നു. ഒരു ഗണിതശാസ്ത്രമാതൃകയിൽ നിന്നും രൂപീകരിച്ച ബഹുലതകളെ കുറിച്ചുള്ള സിദ്ധാന്തം അദ്ദേഹത്തിനില്ല, മറിച്ച് ഒരു ചേതനാതത്ത്വത്തിൽ നിന്നോ പ്രകൃതിതത്ത്വത്തിൽ നിന്നോ രൂപീകരിക്കുന്ന ഒരു സിദ്ധാന്തമാണ് ഡല്യൂസിനുള്ളത്. ഡല്യൂസ് രൂപീകരിക്കുന്ന ഏകസ്വരം (Univocity)എന്ന സംപ്രത്യയത്തെ മുൻനിർത്തിയും ബാദിയു ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഏകസ്വരമെന്ന സംപ്രത്യയത്തെ ഏകത്വത്തോട് സമീകരിക്കുകയാണ് ബാദിയു ചെയ്യുന്നത്. ഉണ്മയെ ഏകമെന്നു കാണുന്ന ചിന്തയാണ് ഡല്യൂസിന്റേതെന്ന് നിഗമിക്കുന്നു. ഡല്യൂസിന്റെ അയഥാർത്ഥയഥാർത്ഥ (virtual)ബഹുലതകൾ എന്ന സംപ്രത്യയത്തോട് ബാദിയു താൽപ്പര്യരഹിതനാണ്. അത് സമകാല ഗണസിദ്ധാന്തങ്ങളിലെ ബഹുലതകളെ അപേക്ഷിച്ച് താഴേക്കിടയിലുള്ളതാണെന്നു മാത്രമല്ല, അയഥാർത്ഥയഥാർത്ഥം (virtual)നിലനിൽക്കുന്നില്ലെന്നും ബാദിയു വിമർശിക്കുന്നു. ഭവശാസ്ത്രമെന്നത് ഗണിതശാസ്ത്രത്തിലെ സ്വയംസിദ്ധപ്രമാണാനുസൃതമായ ഗണസിദ്ധാന്തമാണെന്ന് ബാദിയു പറയുന്നുണ്ടല്ലോ. അസാധാരണമായ ഒരു ന്യൂനീകരണതന്ത്രമാണ് ബാദിയു സ്വീകരിക്കുന്നതെന്നു കാണാം - ഭൗതികശാസ്ത്രത്തെ ഗണിതശാസ്ത്രത്തിലേക്കു ചുരുക്കുന്നു, ഗണിതശാസ്ത്രത്തെ ഗണസിദ്ധാന്തത്തിന്റെ സ്വയംസിദ്ധപ്രമാണങ്ങളിലേക്കു ചുരുക്കുന്നു, ഗണസിദ്ധാന്തത്തെ ഭവശാസ്ത്രമായി സ്വീകരിക്കുന്നു. ഭൗതികശാസ്ത്രനിയമങ്ങളെ ഒരു കൂട്ടം ഗണിതശാസ്ത്ര സമീകരണങ്ങളായി ചുരുക്കുന്നതിലൂടെ നിർണ്ണയനപ്രക്രിയ ഗണിതശാസ്ത്രത്തിന്റേതാണെന്ന ധാരണയാണ് നൽകുന്നത്. ഫ്രീമാൻ ഡൈസൺ എന്ന ഭൗതികശാസ്ത്രജ്ഞൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. പല ഭൗതികശാസ്ത്രജ്ഞന്മാരും ഇത് ഏറ്റു പറഞ്ഞേക്കും.

ഫ്രീമാൻ ഡൈസൺ

ഡല്യൂസിനെ സംബന്ധിച്ച്​ ഗണിതശാസ്ത്രം നൽകുന്ന ഭവശാസ്ത്രത്തെ ഏതെങ്കിലും സ്വയംസിദ്ധപ്രമാണങ്ങളിലേക്കു ചുരുക്കാൻ കഴിയില്ല. സ്വയംസിദ്ധപ്രമാണമണ്ഡല (axiomatics)വും പ്രശ്‌നമണ്ഡല(problematics)വും തമ്മിലുള്ള അതിസങ്കീർണ്ണമായ ബലതന്ത്രത്തെ ഡല്യൂസ് കാണുന്നു. പ്രശ്‌നമണ്ഡലം സ്വയംസിദ്ധപ്രമാണമണ്ഡലത്തിലേക്ക് ചുരുക്കാവുന്നതല്ല. ഗണിതശാസ്ത്രത്തിന്റെ പ്രശ്‌നമണ്ഡലത്തെ നിരന്തരം കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന, മുതലാളിത്തത്തിന്റേയും ഭരണകൂടത്തിന്റേയും സാമൂഹികസ്വയംപ്രമാണതത്ത്വത്തോട് കണ്ണിചേർക്കാൻ കഴിയുന്ന, രാജകീയ സ്വയംപ്രമാണ തത്ത്വമായിട്ടാണ് ഗണസിദ്ധാന്തത്തെ ഡല്യൂസ് മനസ്സിലാക്കുന്നത്. അതുകൊണ്ട്, ബഹുലത എന്ന സംപ്രത്യയത്തെ ഗണിതശാസ്ത്രത്തിലെ ഗണങ്ങളുമായി ലളിതമായി ബന്ധിപ്പിച്ചു കൊണ്ട് തിരിച്ചറിയാനുള്ള ശ്രമങ്ങൾ നിഷേധിക്കപ്പെടേണ്ടതാണ്. ഗണിതശാസ്ത്രം സ്വയംസിദ്ധപ്രമാണമണ്ഡലവും പ്രശ്‌നമണ്ഡലവും തീർക്കുന്ന സംഘർഷങ്ങൾക്കിടയിലാണ്. ഈ സംഘർഷങ്ങളും വ്യാപിതബഹുലതകൾക്കും വൈവിദ്ധ്യബഹുലതകൾക്കും ഇടയിലെ സങ്കീർണതകളുമാണ് ബാദിയു-ഡല്യൂസ് തർക്കങ്ങളുടെ കാതൽ. ഗണിതശാസ്ത്രത്തിന്റെ വ്യാഖ്യാനങ്ങളിൽ ഡല്യൂസും ബാദിയുവും വിരുദ്ധപഥങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഡല്യൂസിന് ശാസ്ത്രത്തിന്റെ പ്രവർത്തനമണ്ഡലം സ്വയംസിദ്ധപ്രമാണമണ്ഡലവും പ്രശ്‌നമണ്ഡലവും ഒരുമിച്ചു ചേരുന്ന പരസ്പരപ്രതിപ്രവർത്തനത്തിന്റേതാണെങ്കിൽ ബാദിയുവിന് അത് സ്വയംസിദ്ധപ്രമാണമണ്ഡലത്തിന്റേതു മാത്രമാണ്.

ലോകത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ വിശദീകരണങ്ങളിൽ അടിസ്ഥാനപരമായതെന്തോ നഷ്ടപ്പെടുന്നുണ്ടെന്ന് ശാസ്ത്രയുക്തിക്കെതിരായ ഈ വിമർശനങ്ങൾ പറഞ്ഞുവയ്ക്കുന്നു.

പ്രശ്‌നമണ്ഡലത്തെ ശുദ്ധമായും സഹജാവബോധപരമായും പ്രവർത്തനതലത്തിൽ മാത്രമായി ചുരുക്കിക്കാണുന്നതും സ്വയംസിദ്ധ പ്രമാണമണ്ഡലത്തെ സംപ്രത്യയപരവും ഔപചാരികവുമായി കേവലമായി കാണുന്നതും തെറ്റായ രീതിയാണെന്ന സമീപനമാണ് ഡല്യൂസിനുള്ളതെന്നു പറയാം. ബാദിയുവിനെ സംബന്ധിച്ചിടത്തോളം സംഭവങ്ങളും പ്രതിഭാസങ്ങളും ഭവശാസ്ത്രത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ടതാണ്. പ്രതിഭാസങ്ങൾക്ക് ഭവശാസ്ത്രപരമായ അന്തസ്സില്ല. ഭവശാസ്ത്രപരമായ പദവികളില്ലാത്ത പ്രതിഭാസങ്ങൾ സംപ്രത്യയപരമായി ആത്മനിഷ്ഠതയുമായി കണ്ണിചേർക്കപ്പെടുന്നുവെന്ന് ബാദിയുവിനെ വിമർശിച്ചു കൊണ്ട് ഡാനിയൽ സ്മിത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ഡല്യൂസിനെ സംബന്ധിച്ചിടത്തോളം പ്രതിഭാസം സ്വയം തന്നെ പ്രശ്‌നപൂരിതമാണ്. എന്താണ് സംഭവിക്കുന്നതെന്നു കാണുന്നതിനു പോലും ഗണിതശാസ്ത്രത്തിൽ ഇപ്പോൾ വലിയ പ്രാധാന്യമുണ്ട്. പ്രയോഗപ്രവർത്തനങ്ങളിലല്ല, ചിത്രങ്ങളായി കാണുന്നതിനു മാത്രം പ്രാധാന്യമുണ്ട്. പല ഗണിതശാസ്ത്രജ്ഞന്മാരും സ്വയംസിദ്ധപ്രമാണത്തേക്കാൾ പ്രധാനമായി കമ്പ്യൂട്ടറിനേയും കമ്പ്യൂട്ടർ സിമുലേഷനുകളേയും കാണുന്ന കാലമാണിതെന്ന് ഡല്യൂസ് എഴുതുന്നു. ഏകസ്വരം എന്ന സംപ്രത്യയത്തെ കുറിച്ചുള്ള ബാദിയുവിന്റെ വിശദീകരണം ഡല്യൂസിന്റെ സംപ്രത്യയത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണെന്ന് തെളിയിക്കാവുന്നതുമാണ്. ബാദിയു ഏറ്റിപ്പറയുകയാണെന്ന് ടോഡ് മേയ് നിരീക്ഷിക്കുന്നുണ്ട്. വ്യത്യാസങ്ങളുടെ ഏകസ്വരത്തെയാണ് ഡല്യൂസ് ഉണ്മയെന്നു വിളിക്കുന്നത്. ഇവിടെ, വ്യത്യാസമാണ് ഏകസ്വരം.

റഷ്യയിലെ കലിനിൻഗാർഡിൽ സ്ഥാപിച്ച ഇമ്മാനുവേൽ കാൻറിൻറെ പ്രതിമ / Photo: Wikimedia commons

ഗണസിദ്ധാന്തത്തെ ഭവശാസ്ത്രമായി സ്വീകരിക്കുകയും ബഹുലതകളുടെ സിദ്ധാന്തം രൂപീകരിക്കുകയും ചെയ്യുന്നതിനു മുന്നേ തന്നെ ബാദിയു ശാസ്ത്രത്തെ കുറിച്ചുള്ള തത്ത്വചിന്താപരമായ നിരീക്ഷണങ്ങളിലേർപ്പെടുന്നുണ്ട്. നീത്‌ഷെയും ഹുസേലും ഹൈഡഗറും അഡോണോയും ഫൂക്കോയും ദറിദയും എന്നിങ്ങനെ യൂറോപ്യൻ തത്ത്വചിന്തകരുടെ നീണ്ട നിര കാന്റി(Kant)ന്റെ കാരണയുക്തിവിമർശത്തിന്റെ തുടർച്ചയെന്നോണം സംപ്രത്യയാത്മകയുക്തിപരതയുടെ പരിമിതികളെ സാമാന്യമായും ആധുനികശാസ്ത്രയുക്തിയുടെ പരിമിതികളെ സവിശേഷമായും വെളിവാക്കാനുള്ള ശ്രമങ്ങളിൽ മുഴുകുന്നുണ്ട്. ഇവർ ശാസ്ത്രത്തെയല്ല, ശാസ്ത്രമാത്രവാദത്തെയാണ് വിമർശിക്കുന്നതെന്ന ന്യായീകരണങ്ങളും മുന്നോട്ടുവയ്ക്കുന്നു. ലോകത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ വിശദീകരണങ്ങളിൽ അടിസ്ഥാനപരമായതെന്തോ നഷ്ടപ്പെടുന്നുണ്ടെന്ന് ശാസ്ത്രയുക്തിക്കെതിരായ ഈ വിമർശനങ്ങൾ പറഞ്ഞുവയ്ക്കുന്നു. ശാസ്ത്രസംപ്രത്യയങ്ങൾക്കും സംവർഗ്ഗങ്ങൾക്കും പിടിച്ചെടുക്കാൻ കഴിയാത്തതെന്തോ ഈ ലോകത്തിൽ ഉണ്ട്. വിശ്ലേഷണാത്മകപാരമ്പര്യത്തിൽ പെട്ട തത്ത്വചിന്തകന്മാർ ശാസ്ത്രത്തെ തത്ത്വചിന്തയുമായി കൂട്ടുചേർക്കുന്നതിനു ശ്രമിക്കുമ്പോൾ കോണ്ടിനെന്റൽ തത്ത്വചിന്തകന്മാർ ശാസ്ത്രയുക്തിക്കു പിടിച്ചെടുക്കാനാവാത്ത ശിഷ്ടമാണ് പ്രധാനമെന്നു കരുതുന്നു. ദൃഢമായ ഒരു ബദലിനെ അഭിമുഖീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഈ വിരുദ്ധ സമീപനങ്ങൾ ഇടപെടുന്നത്.

ശാസ്ത്രവ്യവഹാരങ്ങൾ ലോകത്തെ കുറിച്ച് സാധ്യമായ വിവരണങ്ങൾ നൽകുന്നുവെന്ന പോസിറ്റിവിസ്റ്റ് സംപ്രത്യയവൽക്കരണത്തെയോ ശാസ്ത്രസങ്കൽപ്പനങ്ങൾക്കു ഒരിക്കലും വഴങ്ങാത്തതെന്തോ ലോകത്തിലുണ്ടെന്ന വിമർശനത്തെയോ നാം സ്വീകരിക്കേണ്ടി വരുന്നു. ഈ രണ്ടു പ്രവണതകളിൽ നിന്നും ബാദിയു എത്രമാത്രം മാറിനിൽക്കുന്നുവെന്ന് ആലോചിക്കാവുന്നതാണ്. ഈ ചിന്താക്കുഴപ്പത്തിന്റെ രണ്ടു പക്ഷങ്ങളേയും ബാദിയുവിന്റെ യുക്തിവിചാരം സ്വീകരിക്കുന്നില്ല.

ശാസ്ത്രവും പ്രത്യയശാസ്ത്രവും തമ്മിലുള്ള സങ്കീർണ ബന്ധത്തെ അംഗീകരിക്കുമ്പോൾ തന്നെ ശാസ്ത്രത്തിന്റെ വികാസത്തെ തടയുന്ന പ്രത്യയശാസ്ത്രപരമായ മുൻവിധികളെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നത് തത്ത്വചിന്തയിലുപരി ശാസ്ത്രം തന്നെയാണെന്ന പുതിയ സമീപനം മുന്നോട്ടു വയ്ക്കാൻ ബാദിയുവിനു കഴിയുന്നുവെന്നതാണ് ഏറ്റവും പ്രധാനം.

അനുഭവത്തിന്റെ സമൂർത്തതയെ ശാസ്ത്രത്തിന് എത്തിപ്പിടിക്കാനാകില്ലെന്ന വിമർശത്തോട് താൽപ്പര്യരഹിതമായിക്കൊണ്ട് ബാദിയുവിന്റെ ഗണിതശാസ്ത്രപരമായ ഭവശാസ്ത്രം ഉണ്മയോട് നേരിട്ടു സംവദിക്കാൻ ആഗ്രഹിക്കുന്നു. ദ്രവ്യത്തിന്റെ സിദ്ധാന്തമായ ഭൗതികശാസ്ത്രം ഗണിതപരമാണ്. ഉണ്മയെ ഉണ്മയായി അറിയാൻ ഗണിതശാസ്ത്രത്തിനു കഴിയും. യാഥാർത്ഥ്യത്തെ കുറിച്ചുള്ള ബാദിയുവിന്റെ സങ്കൽപ്പനങ്ങൾ അതീതമായതിനെ സുഗ്രാഹ്യമെന്നു കാണുന്നു. പ്രകൃതിയും സംസ്‌കാരവും തമ്മിലുള്ള ഇടർച്ചയെ ഊഹാത്മകമായി മായ്ച്ചു കളയുന്നതിനെ തള്ളിക്കളയുന്നു. അന്തർലീനതയെ കുറിച്ചുള്ള പ്രത്യക്ഷവാദവിരുദ്ധമായ സങ്കൽപ്പനത്തേയും അതീതത്തിന്റെ കാരണയുക്തിപരമായ ഗ്രാഹ്യത്തേയും ബാദിയു നിർദ്ദേശിക്കുന്നു. യാഥാർത്ഥ്യത്തേയും യാഥാർത്ഥ്യത്തെ കുറിച്ചുള്ള ജ്ഞാനത്തേയും ബാദിയു വേർതിരിക്കുന്നു. ഒരു വശത്ത്, ശാസ്ത്രചരിത്രത്തിലെ ഇടർച്ചകളെ വിശദീകരിക്കാൻ അപ്രാപ്തമാക്കുന്ന രീതിയിൽ സമകാലശാസ്ത്രത്തിൽ പിടിമുറുക്കിയിരിക്കുന്ന വഷളൻ പ്രത്യക്ഷവസ്തുവാദത്തേയും മറുവശത്ത് ശാസ്ത്രയുക്തിയുടെ ശക്തിയെ ലഘൂകരിക്കുന്ന വിവിധ തരം യുക്തിവിരുദ്ധതകളേയും ബാദിയു ഒഴിവാക്കുന്നു.

ശാസ്ത്രം പ്രത്യയശാസ്ത്രപരമായി ഉദാസീനമല്ലെന്ന മാർക്‌സിസ്റ്റ് വിചാരത്തെ അലയ്ൻ ബാദിയു സ്വീകരിക്കുന്നു. എന്നാൽ, ശാസ്ത്രമെന്നത് സാങ്കേതികവിദ്യയും പ്രത്യയശാസ്ത്രവും കൂട്ടിച്ചേർത്തതാണെന്ന ഉപരിപ്ലവമായ വീക്ഷണത്തെ ബാദിയു അംഗീകരിക്കുന്നില്ല. ഉണ്മയെ ഗ്രഹിക്കാൻ സവിശേഷ കഴിവു നൽകുന്ന വിധത്തിൽ പ്രത്യയശാസ്ത്രത്തെ ആന്തരികമായി വിമർശിക്കാനും ശാസ്ത്രത്തെ പൂർണമായും പ്രത്യയശാസ്ത്രത്തിനു കീഴ്‌പ്പെടുത്തുന്ന സൈദ്ധാന്തികദർശനത്തിനു വഴിപ്പെടാതിരിക്കാനും കഴിയുന്ന വിധത്തിൽ ശാസ്ത്രത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും കൂടിച്ചേരലിനെ തിരിച്ചറിയുകയെന്നത് ഒരു വെല്ലുവിളിയാണ്. ശാസ്ത്രവും പ്രത്യയശാസ്ത്രവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെ അംഗീകരിക്കുമ്പോൾ തന്നെ ശാസ്ത്രത്തിന്റെ വികാസത്തെ തടയുന്ന പ്രത്യയശാസ്ത്രപരമായ മുൻവിധികളെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നത് തത്ത്വചിന്തയിലുപരി ശാസ്ത്രം തന്നെയാണെന്ന പുതിയ സമീപനം മുന്നോട്ടു വയ്ക്കാൻ ബാദിയുവിനു കഴിയുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments