ലൂഡ്‌വിഗ് ഫോയർബാഹിന്റെ ചിത്രീകരണം / Photo: Ernst Keil, Wikimedia Commons‌

​ ഫോയർബാഹിനെ കുറിച്ചുള്ള പ്രബന്ധങ്ങളും ജ്ഞാനശാസ്ത്രവും

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 21

1845ൽ മാർക്‌സ് എഴുതുന്ന ഫോയർബാഹിനെ കുറിച്ചുള്ള തീസിസുകൾ, മാർക്‌സിസത്തിന്റെ ജ്ഞാനശാസ്ത്രസമീപനങ്ങളിലേക്കുള്ള ഒരു നല്ല പ്രവേശികയാണ്.

1. മാർക്‌സിസം ഒരു ജ്ഞാനശാസ്ത്രസിദ്ധാന്തത്തെ രൂപീകരിച്ചിട്ടില്ല. എന്നാൽ, ജ്ഞാനശാസ്ത്രത്തിന്റെ മണ്ഡലത്തിൽ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു.

2. ഒരു ജ്ഞാനശാസ്ത്രസിദ്ധാന്തത്തെ രൂപീകരിക്കുകയെന്നാൽ, ജ്ഞാനരൂപീകരണത്തെ കുറിച്ച് പൂർണമായും കേവലമായും വിശദീകരിക്കാൻ കഴിയുന്ന പദ്ധതിയൊരുക്കുകയെന്നാണർത്ഥം. അങ്ങനെയൊരു സിദ്ധാന്ത പദ്ധതിയുടെ ആധികാരികതയോ അന്തിമ നിഗമനങ്ങളോ മാർക്‌സിസത്തിന് സ്വീകാര്യമാകില്ല. അതു മാർക്‌സിസത്തിന്റെ ആശയലോകത്തിനു വിരുദ്ധമായിരിക്കും.

3. മാർക്‌സ് ഒരു സമ്പദ്ശാസ്ത്രകാരനല്ല, ഒരു തത്ത്വചിന്തകനല്ല, ഒരു ജ്ഞാനശാസ്ത്രകാരനുമല്ല. എന്നാൽ, ഇവയുടെ വ്യവഹാരമണ്ഡലങ്ങളിലെല്ലാം മാർക്‌സും മാർക്‌സിസവും ഇടപെട്ടിരുന്നു. അങ്ങനെ, തത്ത്വചിന്തയ്ക്കും ജ്ഞാനശാസ്ത്രത്തിനും അകത്തും പുറത്തുമാകാതെ മാർക്‌സിസം
നിലകൊണ്ടു. സവിശേഷമായ വ്യവഹാരങ്ങളിലൂടെ ഈ അനുശീലനപദ്ധതികളെയാകെ സ്വാധീനിക്കുകയും അവയെ നിരന്തരം പുതുക്കുന്നതിനുള്ള പ്രേരണയാകുകയും ചെയ്തു.

4.1. 1845ൽ മാർക്‌സ് എഴുതുന്ന ഫോയർബാഹിനെ കുറിച്ചുള്ള തീസിസുകൾ, മാർക്‌സിസത്തിന്റെ ജ്ഞാനശാസ്ത്രസമീപനങ്ങളിലേക്കുള്ള ഒരു നല്ല പ്രവേശികയാണ്. ഫോയർബാഹിന്റെ ഭൗതികവാദത്തിന്റെ പരിമിതിയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഒന്നാമത്തെ തീസിസ് ആരംഭിക്കുന്നത്. "വസ്തുവിനെ, യാഥാർത്ഥ്യത്തെ, ഇന്ദ്രിയാനുഭൂതിയെ വിഷയവസ്തുവിന്റെയോ ധ്യാനത്തിന്റെയോ രൂപത്തിൽ മാത്രമേ കാണുന്നുള്ളൂ, മനുഷ്യന്റെ ഇന്ദ്രിയപ്രവർത്തനമായി, പ്രയോഗമായി, ആത്മനിഷ്ഠമായി കാണുന്നില്ല' എന്നതാണ് ഈ പരിമിതി. അന്നേവരെയുള്ള ഭൗതികവാദസമീപനങ്ങളുടെ ദോഷമായി മാർക്‌സ് അതിനെ കാണുകയും ചെയ്യുന്നു.

4.2. യാഥാർത്ഥ്യത്തെ വിഷയവസ്തുവായി മാത്രം കാണുന്നുവെങ്കിൽ വിഷയവസ്തുവിനാൽ നിർണയിക്കപ്പെടുന്ന ലോകമാണ് നമുക്കു ലഭ്യമാകുക, വിഷയം പ്രാഥമികമാകുന്ന ലോകം. യാന്ത്രികഭൗതികവാദം നിർദ്ദേശിക്കുന്ന ലോകമാണിത്.

1888ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട മാർക്‌സിന്റെ 'ഫോയർബാഹിനെക്കുറിച്ചുള്ള തീസിസുകളുടെ കവർ

വിഷയം സ്വയം നിർണ്ണയിക്കപ്പെടുന്നതാണെങ്കിൽ അതിന്റെ അസ്തിത്വം എങ്ങനെയാണ് സംഭവിക്കുന്നത്? അതിനെ എങ്ങനെയാണ് അറിയാനാകുക? വസ്തുവിനെ, യാഥാർത്ഥ്യത്തെ ധ്യാനത്തിന്റെ രൂപത്തിൽ മാത്രമാണ് കാണുന്നതെങ്കിൽ എല്ലാറ്റിനേയും ചിന്തയുടെ ഫലമായി കാണുകയും വിഷയിയാണ് പ്രാഥമികമെന്ന ആശയവാദത്തിന്റെ നിലപാടിൽ എത്തിച്ചേരുകയും ചെയ്യും. അന്നേവരെയുള്ള ഭൗതികവാദവും ആശയവാദവും സഞ്ചരിച്ചിരുന്ന ഏകപക്ഷീയതകളെ വിമർശിക്കുകയാണ് ഈ തീസിസിലൂടെ മാർക്‌സ് ചെയ്യുന്നത്. ഭൗതികവാദം വസ്തുവിനെ പ്രയോഗമായി കാണുന്നില്ലെന്നു വിമർശിക്കുന്നു. യാഥാർത്ഥ്യത്തെ വിഷയവസ്തുവായി കാണുന്ന ഭൗതികവാദം മനുഷ്യന്റെ ഇന്ദ്രിയപ്രവർത്തനത്തിന്റെ ഭാഗമായാണ് യാഥാർത്ഥ്യത്തെ കുറിച്ചുള്ള ജ്ഞാനം സ്വരൂപിക്കപ്പെടുന്നതെന്ന്, അത് പ്രയോഗത്തിന്റെ ഫലമാണെന്നു മനസ്സിലാക്കുന്നില്ല.

കേവലധ്യാനത്തിന്റെ വഴികളിൽ മുഴുകുന്ന ആശയവാദത്തിനാകട്ടെ, ശുദ്ധചിന്തയുടെ വഴികൾക്കപ്പുറത്ത് ഇന്ദ്രിയപ്രവർത്തനത്തെ വിഷയ-വിഷയികളുടെ പരസ്പരബന്ധമായി, പരസ്പരസ്വാധീനമായി, കരണ-പ്രതികരണങ്ങളായി കാണാൻ കഴിയുന്നില്ല."ആശയവാദത്തിന് യഥാർത്ഥമായ ഇന്ദ്രിയപ്രവർത്തനത്തെ പ്രയോഗമെന്ന നിലയ്ക്ക് അറിഞ്ഞു കൂട' എന്ന് മാർക്‌സ് പറയുന്നത് ഇതുകൊണ്ടാണ്. ജ്ഞാനാർജ്ജനത്തിന്റെ സൈദ്ധാന്തികചിത്രത്തിൽ വിഷയവസ്തുവും വിഷയിബോധവും ഇവയെ സ്വാധീനിക്കുന്ന നിരവധി പാരിസ്ഥിതികഘടകങ്ങളും ഇവയ്ക്കിടയിലെ എല്ലാ പരസ്പരബന്ധങ്ങളും ഉൾച്ചേരണം.

4.3. "ഇന്ദ്രിയാനുഭൂതിയുടെ വിഷയവസ്തുക്കളെ ചിന്തയുടെ വിഷയവസ്തുക്കളിൽ നിന്നും യഥാർത്ഥത്തിൽ വേർതിരിച്ചു കാണാൻ ഫോയർബാഹ് ആഗ്രഹിക്കുന്നുണ്ട്' എന്ന് മാർക്‌സ് എഴുതുന്നു. ഫോയർബാഹ് പ്രകടിപ്പിക്കുന്ന ആഗ്രഹത്തെ മാർക്‌സ് സ്വീകരിക്കുന്നുണ്ട്. പ്രത്യക്ഷക്കാഴ്ചയിലെ വസ്തുക്കളും സൈദ്ധാന്തികചിന്തയിലെ വസ്തുക്കളും ഒന്നല്ലെന്ന സമീപനമാണിത്.

മാർക്‌സിന്റെ പ്രതിമ / Photo: David Merrett, Flickr

4.4 ഗലീലിയോ തുടക്കമിടുന്ന ആധുനികശാസ്ത്രം അതിന്റെ സൈദ്ധാന്തികവസ്തുവിനെ നിർമ്മിക്കുന്നുണ്ട്. ഇത് ശാസ്ത്രവസ്തുവും ആനുഭവികവസ്തുവും എന്ന മാരകമായ പിളർപ്പിനെ സൃഷ്ടിച്ചുവെന്നും പ്രകൃതിവസ്തുവിനെ ഗണിതശാസ്ത്രവസ്തുവാക്കി മാറ്റുന്നതിലൂടെ വലിയ അർത്ഥലോപത്തെ സൃഷ്ടിച്ചുവെന്നും എഡ്മണ്ട് ഹുസേൽ വിമർശിക്കുന്നു. അർത്ഥം നഷ്ടപ്പെട്ട ലോകം ചിന്തയെ ഉപേക്ഷിച്ച ലോകമാണ്. ശാസ്ത്രം ചിന്തിക്കുന്നില്ലെന്ന് ഹൈഡഗർ പറയുന്നുണ്ട്. ശാസ്ത്രപ്രവർത്തനം ആത്മാവറ്റതായിരിക്കുന്നുവെന്ന വിമർശമാണ് ഹൈഡഗർ ഉയർത്തുന്നത്. നിയമനിഷ്ഠമായ ഗണിതഭാഷയാണോ അർത്ഥത്തെ സൃഷ്ടിക്കുന്ന രൂപകാത്മകവും കാവ്യാത്മകവുമായ ഭാഷയാണോ കരണീയം എന്ന ചോദ്യത്തിലേക്ക് ഈ പ്രശ്‌നങ്ങളെ എത്തിക്കാവുന്നതാണ്. നമ്മുടെ ലക്ഷ്യം കവിതാത്മകജ്ഞാനം മാത്രമായിരിക്കണമെന്ന ഹൈഡഗറുടെ സമീപനത്തിന്റെ വഴി ഇതാണ്.

ശാസ്ത്രീയമായ വസ്തുനിഷ്ഠജ്ഞാനം ഒരിക്കലും "പ്രാഥമികജ്ഞാനം' ആയിരിക്കില്ല. ശാസ്ത്രത്തിന്റെ സൈദ്ധാന്തികജ്ഞാനം എപ്പോഴും ഒരു സാങ്കേതികജ്ഞാനമാകുന്നു.

4.5 ശാസ്ത്രവസ്തുവിന്റെ സന്ദർഭം പ്രത്യക്ഷത്തിലുള്ളത് നിർമ്മിതമായതിനു വഴിമാറുന്ന സന്ദർഭമാണ്. പ്രത്യക്ഷവസ്തുവല്ല ശാസ്ത്രജ്ഞാനത്തിന്നുതകുന്നത്, ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയ്ക്ക് പ്രത്യക്ഷവസ്തുവിൽ നിന്നു വിച്ഛേദിക്കുകയും പ്രാഥമികതെളിവുകളിൽ നിന്നും ആദ്യകാഴ്ചയുടെ പ്രലോഭനങ്ങളിൽ നിന്നും വിടുതൽ നേടുകയും ശാസ്ത്രവസ്തുവിനെ നിർമ്മിച്ചെടുക്കുകയും വേണം. പൊതുബോധത്തിൽ നിന്നും ശാസ്ത്രജ്ഞാനത്തിന്റെ വിച്ഛേദം അനിവാര്യമാണെന്നതിനാൽ, ശാസ്ത്രീയമായ വസ്തുനിഷ്ഠജ്ഞാനം ഒരിക്കലും "പ്രാഥമികജ്ഞാനം' ആയിരിക്കില്ല. ശാസ്ത്രത്തിന്റെ സൈദ്ധാന്തികജ്ഞാനം എപ്പോഴും ഒരു സാങ്കേതികജ്ഞാനമാകുന്നു. ഉപകരണപരമായി തീരുന്നിടത്തോളം ജ്ഞാനം വസ്തുനിഷ്ഠമാകുന്നു. ബാഷ്‌ലാദിനെ പോലെയുള്ള പിൽക്കാല ശാസ്ത്രദാർശനികന്മാർ ഈ കാര്യത്തെ വികസിതരൂപത്തിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

4.6 ശാസ്ത്രം അതിന്റെ സൈദ്ധാന്തികവസ്തുവിനെ നിർമിക്കുന്ന പ്രക്രിയ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നുവെന്നാണ് പരീക്ഷണശാലകളിലെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഗാസ്റ്റൺ ബാഷ്​ലാദ്​

കണികാത്വരകങ്ങളുടെ പ്രവർത്തനം ശ്രദ്ധിച്ചാൽ ഇതു നന്നായി മനസ്സിലാകും. അവ പ്രോട്ടോണുകളേയും മറ്റും ഉയർന്ന സംവേഗങ്ങളിലേക്ക്, ഉയർന്ന ഊർജ്ജാവസ്ഥകളിലേക്കു ത്വരിപ്പിക്കുന്നു. ഈ അതിവേഗകണികകളെ പരസ്പരം കൂട്ടിമുട്ടുന്നതിനു അനുവദിക്കുന്നു. സംഘട്ടനത്തിൽ ഊർജ്ജത്തിന്റെ ഒരു ഭാഗം കണികകളായി മാറിത്തീരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ഹിഗ്‌സ് ബോസോൺ പോലുള്ള കണികകളെ കണ്ടെത്തിയത്. ഉയർന്ന ഊർജ്ജാവസ്ഥകളിൽ നടക്കുന്ന നിരന്തരചലനത്തിന്റേയും നിരന്തരപരിവർത്തനങ്ങളുടേയും മാറ്റങ്ങളുടേയും ലോകമാണ് കണികാഭൗതികവും അതിന്റെ സിദ്ധാന്തസ്വരൂപമായ ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങളും തുറന്നു നൽകുന്നത്. ഈ കണികകൾ ആനുഭവികവസ്തുക്കളല്ല. ഈ കണികകൾ സ്ഥിതാവസ്ഥയിലായിരിക്കില്ല. തുടർപ്രക്രിയകളുടെ ലോകമാണത്. ക്വാണ്ടം ബലക്ഷേത്രസിദ്ധാന്തങ്ങളിൽ ശൂന്യത (vacuum) പോലും ശൂന്യമല്ല. വളരെ ഉയർന്ന ഊർജ്ജാവസ്ഥകളിലുള്ള അയഥാർത്ഥ യഥാർത്ഥ(virtual)കണങ്ങളുടെ അവസ്ഥയാണത്. ഒരിക്കലും വേർതിരിക്കാനും ഒറ്റപ്പെടുത്തി അറിയാനും കഴിയാത്ത ക്വാർക്കുകളുടെ രൂപത്തിൽ, ദ്രവ്യവുമായി പ്രതിപ്രവർത്തിക്കുകയെന്നതു അസാദ്ധ്യമാകുന്നിടത്തോളം കുറഞ്ഞ അളവിലുള്ള പ്രതിപ്രവർത്തനക്ഷമത കാണിക്കുകയും ഒരു രുചി(flavour)യിൽ നിന്നും മറ്റൊരു രുചിയിലേക്കു മാറ്റത്തിനു വിധേയമാകുകയും ചെയ്യുന്ന ന്യൂട്രിനോകളുടെ രൂപത്തിൽ, പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളെ വിശദീകരികാനുതകുന്ന ബലക്ഷേത്രകണികകളായ ബോസാണുകളുടെ രൂപത്തിൽ... അവ ഭൗതികശാസ്ത്രത്തിൽ സ്ഥാനം പിടിക്കുന്നു. നിരന്തരപ്രക്രിയകളിലൂടെ സൃഷ്ടിക്കപ്പെടുകയും പരസ്പരബന്ധങ്ങളിലേർപ്പെടുകയും സംഹരിക്കുകയും നശിക്കുകയും ചെയ്യുന്ന വസ്തുക്കളാണവ. അവ ഊർജ്ജം തന്നെയാണ്. ദ്രവ്യമെന്നത് ഊർജ്ജമെന്നു പറയുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡല്യൂസ് നിർദ്ദേശിക്കുന്നുണ്ട്.

4.6 ആനുഭവിക വസ്തുക്കളേയും സൈദ്ധാന്തിക ചിന്തയിലെ വസ്തുക്കളേയും വ്യതിരിക്തമായി ഫോയർബാഹ് കാണുന്നുണ്ടെങ്കിലും മനുഷ്യന്റെ പ്രവർത്തനത്തെ വസ്തുനിഷ്ഠ പ്രയോഗമായി അദ്ദേഹം കാണുന്നില്ലെന്ന് മാർക്‌സ് വിമർശിക്കുന്നു. അതുകൊണ്ട്, സൈദ്ധാന്തിക നിലപാടിനെ യഥാർത്ഥത്തിൽ മനുഷ്യോചിതമായ ഒരേയൊരു നിലപാടായി കാണുന്നതിലേക്ക് ഫോയർബാഹ് എത്തിച്ചേരുന്നു. പ്രയോഗത്തെ അതിന്റെ പ്രയോജനാത്മകമായ തലത്തിൽ മാത്രം, മാർക്‌സിന്റെ വാക്കുകളിൽ പറഞ്ഞാൽ അതിന്റെ മലിനവും ലാഭേച്ഛയാർന്നതുമായ ബാഹ്യരൂപത്തിൽ മാത്രം ഫോയർബാഹ് കാണുന്നു. ഇത് വളരെ ആദർശാത്മകമായ ഒരു നിലപാടാണെങ്കിലും "പ്രയോഗത്തിന്റെ വിപ്ലവകരമായ പ്രാധാന്യത്തെ ഗ്രഹിക്കാത്ത നിലപാടാണ്.' പ്രയോഗത്തെ പ്രയോജനവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്താം, എന്നാൽ അതു നിർവ്വഹിക്കുന്ന വിമർശനാത്മകമായ പ്രവർത്തനത്തിന്റെ പ്രാധാന്യം കാണാതിരിക്കരുത്.

5.1 "മനുഷ്യന്റെ ചിന്ത വസ്തുനിഷ്ഠയാഥാർത്ഥ്യമുള്ളതാണോയെന്ന പ്രശ്‌നം സിദ്ധാന്തത്തിന്റെ പ്രശ്‌നമല്ല; പ്രായോഗികപ്രശ്‌നമാണ്. പ്രായോഗികപ്രവർത്തനത്തിൽ മനുഷ്യൻ തന്റെ ചിന്തയുടെ സത്യാവസ്ഥയെ, അതായത് യാഥാർത്ഥ്യത്തെ, ശക്തിയെ, ഐഹികത്വത്തെ തെളിയിക്കണം. പ്രായോഗികപ്രവർത്തനത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ചിന്ത യഥാർത്ഥമാണോ അയഥാർത്ഥമാണോ എന്ന തർക്കം തികച്ചും പാണ്ഡിത്യപരമായ പ്രശ്‌നമാണ്.'

5.2 ചിന്തയുടെ സാമഗ്രികൾ ആനുഭവികവസ്തുക്കളല്ലെന്നു പറഞ്ഞതിനു ശേഷം ചിന്തയുടെ യാഥാർത്ഥ്യത്തെ ആനുഭവികലോകവുമായി ബന്ധപ്പെട്ട പ്രയോഗത്തിലൂടെ തെളിയിക്കണമെന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സിദ്ധാന്തവും പ്രയോഗവും വ്യത്യസ്ത മണ്ഡലങ്ങളാണെന്നും ചിന്തയുടെ യാഥാർത്ഥ്യവും സിദ്ധാന്തത്തിനുള്ള തെളിവുകളും സൈദ്ധാന്തികമണ്ഡലത്തിനുള്ളിൽ തന്നെ പരിഹൃതമാകേണ്ട പ്രശ്‌നങ്ങളാണെന്നും പറയുകയാണ് ഈ വീക്ഷണത്തിന്റെ സമീപനം.

ഒരു വ്യവഹാരത്തേയും അതിന്റേതായ മാനദണ്ഡങ്ങൾ കൊണ്ടു മാത്രം പൂർണമായും വികലനം ചെയ്യാൻ കഴിയില്ല. അപ്പോൾ, അത് ഒരു അടഞ്ഞ വ്യവസ്ഥയായി മാറും. സിദ്ധാന്തത്തിന്റെ പൂർണവിമർശം സാധ്യമാകണമെങ്കിൽ വ്യവസ്ഥയുടെ പരിപ്രേക്ഷ്യങ്ങളുടെ പുറത്തു നിന്നു കൂടി നോക്കണം

5.3 സിദ്ധാന്തത്തെ അതിന്റെ പൂർണതയിൽ കാണുന്നത് പ്രധാനമാണെന്നു പറയുമ്പോൾ തന്നെ മറ്റൊരു കാര്യം കൂട്ടിച്ചേർക്കണം. സിദ്ധാന്തത്തെ അതിന്റെ മാനകങ്ങൾ കൊണ്ടു മാത്രം പരിശോധിക്കുമ്പോൾ വിമർശം അസാധ്യമാകുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെടാം. ചാക്രികമായ വാദമുഖങ്ങളിൽ കുടുങ്ങി കിടന്നുവെന്നു വരാം. കവിതയിലെ വൃത്തത്തേയും അലങ്കാരത്തേയും പരിശോധിക്കുന്ന പണ്ഡിതവിമർശകനെ പോലെ യാന്ത്രികമായ പ്രവൃത്തിയായി ഇതു മാറിത്തീരാം. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തത്ത്വചിന്താവിമർശം നടത്തുന്നത് തെറ്റാണെന്നു പറയുകയല്ല, ചില ലക്ഷ്യസാധ്യങ്ങൾക്ക് അതുവേണ്ടി വരാം. ഒരു വ്യവഹാരത്തേയും അതിന്റേതായ മാനദണ്ഡങ്ങൾ കൊണ്ടു മാത്രം പൂർണമായും വികലനം ചെയ്യാൻ കഴിയില്ല. അപ്പോൾ, അത് ഒരു അടഞ്ഞ വ്യവസ്ഥയായി മാറും. സിദ്ധാന്തത്തിന്റെ പൂർണവിമർശം സാധ്യമാകണമെങ്കിൽ വ്യവസ്ഥയുടെ പരിപ്രേക്ഷ്യങ്ങളുടെ പുറത്തു നിന്നു കൂടി നോക്കണം. അത് ഏകാർത്ഥത്തിന്റെ രീതിശാസ്ത്രത്തെ നിരസിക്കുന്നതാണ്. ബഹുലതയെ സ്വാഗതം ചെയ്യുന്നതാണ്.

5.4 സ്വയംസിദ്ധ പ്രമാണമണ്ഡല (axiomatics)വും പ്രശ്‌നമണ്ഡല (problematics)വും തമ്മിലുള്ള അതിസങ്കീർണമായ ബലതന്ത്രത്തെ കുറിച്ച് ഡല്യൂസും ബാദിയുവും സംവാദങ്ങളിലും വിവാദങ്ങളിലും ഏർപ്പെടുന്നുണ്ട്. സൈദ്ധാന്തികമണ്ഡലവും പ്രയോഗമണ്ഡലവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഈ ചർച്ചകളുടെ കാതൽ എന്നതു കൊണ്ട് മാർക്‌സ് ഇക്കാര്യത്തിൽ സ്വീകരിച്ച സമീപനം ഇവിടെയും പ്രസക്തമാണ്. ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്നു കൊണ്ടാണ് പ്രായോഗികപ്രശ്‌നമണ്ഡല (problematics)ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഡല്യൂസ് പറയുന്നത്. സൈദ്ധാന്തികമണ്ഡലത്തിന്റെ രുപീകരണത്തിലും സിദ്ധാന്തങ്ങളെ ഉറപ്പിക്കുന്നതിലും പ്രായോഗികപ്രശ്‌നമണ്ഡലത്തിന്റെ സംഭാവനകൾ ഗണിതശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യം എന്ന മാർക്‌സിന്റെ നിലപാട് ഡല്യൂസ് സ്വീകരിക്കുന്നുണ്ടെന്നു കരുതണം. എന്നാൽ, സൈദ്ധാന്തികമണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന, ശുദ്ധതത്ത്വചിന്തകന്മാർക്ക് പ്രിയങ്കരമായേക്കാവുന്ന ഒരു സമീപനമാണ് ബാദിയു സ്വീകരിക്കുന്നത്.

പോൾ ഫയറബന്റ്

5.5 ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിൽ ഏകാത്മകത ദർശിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുകയേയുള്ളൂ. വ്യവസ്ഥാനുസൃതം പ്രവർത്തിക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനു മുന്നിൽ ഒരു ശാസ്ത്രജ്ഞൻ ആദർശരഹിതനായ ഒരു അവസരവാദിയായിട്ടാണ് പ്രത്യക്ഷപ്പെടുകയെന്ന ഐൻസ്റ്റൈന്റെ വാക്കുകൾ ശാസ്ത്രജ്ഞന്മാരുടെ രീതിശാസ്ത്രത്തോടുള്ള സമീപനത്തെ വെളിവാക്കുന്നതാണ്. പോൾ ഫയറബന്റ് ശാസ്ത്രത്തിൽ എന്തുമാകാം എന്നു പറയുന്നതും ഈ പ്രകരണത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്. എന്നാൽ, സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും ഐക്യം എന്ന ആശയത്തെ വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്ന സാമൂഹികപ്രസ്ഥാനം ആധുനികശാസ്ത്രമാണ്. ഏതൊരു ശാസ്ത്രസിദ്ധാന്തവും പ്രയോഗത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്ന് ആധുനികശാസ്ത്രം നിഷ്‌ക്കർഷിക്കുന്നുണ്ട്. തെളിയിക്കലിനേയും ഉറപ്പുവരുത്തലിനേയും പ്രമാദവൽക്കരണത്തേയും കുറിച്ചുള്ള സമീപനങ്ങളിൽ സന്ദിഗ്ദ്ധതകളുണ്ടെങ്കിലും ഏതൊരു സൈദ്ധാന്തികനിർദ്ദേശവും പ്രായോഗികമായി ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും അതിനെ ഗ്രഹിക്കാൻ കഴിവുള്ളവർക്കെല്ലാവർക്കും ബോധ്യപ്പെടണമെന്നും ശാസ്ത്രം നിഷ്‌ക്കർഷിക്കുന്നു. ഹിഗ്‌സ് ബോസോണിനെ സൃഷ്ടിക്കുന്നതിനായി വലിയ ഊർജ്ജശേഷിയുള്ള കണികാത്വരകങ്ങൾ നിർമ്മിച്ചതും ഗുരുത്വാകർഷണതരംഗങ്ങളുടെ അസ്തിത്വം ഉറപ്പാക്കുന്നതിന് സങ്കീർണ്ണമായ ലിഗോ പരീക്ഷണവ്യൂഹം സ്ഥാപിച്ചതും ജോൺ ബെൽ രൂപപ്പെടുത്തിയ അസമതകളുടെ പരിശോധനക്കായി പല പ്രാവശ്യം ആവർത്തിച്ച് പരീക്ഷണസംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തിയതും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യം എന്ന ആശയത്തോട് ആധുനികശാസ്ത്രം പുലർത്തുന്ന പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്.

ഭൗതികം സൈദ്ധാന്തികം മാത്രമായി തീരുകയും തത്ത്വചിന്തയോട് അടുക്കുകയും ചെയ്യുന്ന പ്രകരണമാണോ വരാൻ പോകുന്നതെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. അത് നിഗൂഢാത്മകതയുടെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

5.6 ഈ പ്രതിജ്ഞാബദ്ധതയെ നിലനിർത്തുന്നതിന് ആധുനികശാസ്ത്രത്തിനു കഴിയുമോയെന്ന സന്ദേഹങ്ങൾ ഉയരുന്ന നാളുകൾ കൂടിയാണിത്. കോസ്‌മോളജിയുടെ പഠനവിഷയമായി മുഴുവൻ പ്രപഞ്ചവും മാറിത്തീരുന്നതോടെ ക്വാണ്ടം ഭൗതികത്തിന്റെ ഔദ്യോഗികവ്യാഖ്യാനമായിരുന്ന കോപ്പൺഹെഗൻ വ്യാഖ്യാനം ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുകയുണ്ടായി. നാം പരിഗണിക്കുന്ന നിരീക്ഷണ വ്യൂഹം മുഴുവൻ പ്രപഞ്ചവുമാണെങ്കിൽ, നിരീക്ഷണോപകരണം എന്ന സങ്കല്പനം നിരർത്ഥകമാവുന്നു. പ്രപഞ്ചത്തിനു പുറത്തു നില്ക്കുന്ന ഒരു ഉപകരണത്തെ നമുക്കു സങ്കല്പിക്കേണ്ടി വരുന്നു. കോപ്പൺഹെഗൻ വ്യാഖ്യാനത്തിനു പകരം അനേകം പ്രപഞ്ചങ്ങളെ കുറിച്ചു പറയുന്ന മറ്റൊരു വ്യാഖ്യാനം ശാസ്ത്രജ്ഞന്മാർക്കു സ്വീകരിക്കേണ്ടി വന്നു. പിന്നണി വികിരണ(Background Radiation)ങ്ങളുടെ കണ്ടെത്തലും ഉയർന്ന ക്ഷമതയുള്ള ദൂരദർശിനികളുടെ പ്രവർത്തനവും കോസ്‌മോളജിയെ ഒരു പരീക്ഷണാത്മകശാസ്ത്രമാക്കി മാറ്റിയിട്ടുണ്ടെങ്കിലും കോസ്‌മോളജിയിലെ പല സൈദ്ധാന്തികവൽക്കരണങ്ങളേയും പ്രയോഗതലത്തിലേക്കു കൊണ്ടുവരുന്നത് വലിയ വൈഷമ്യങ്ങളെ നേരിടുന്നു. നൂൽ സിദ്ധാന്തം(String Theory), അമ്മ സിദ്ധാന്തം (Mother Theory) എന്നിങ്ങനെയുള്ള നൂതന ഭൗതികശാസ്ത്രസിദ്ധാന്തങ്ങൾക്ക് പരീക്ഷണാത്മകവും പ്രായോഗികവുമായ തെളിവുകൾ സാധ്യമാകുമോയെന്ന സന്ദേഹം ശാസ്ത്രജ്ഞന്മാർ തന്നെ പുലർത്തുന്നു. ഗണിതീയ സൈദ്ധാന്തികഭൗതികം മുന്നോട്ടുവയ്ക്കുന്ന പല സമീകരണങ്ങളും പരീക്ഷണാത്മകതെളിവുകളില്ലാതെ ഗണിതീയമായ ഉറപ്പിന്റെ പിൻബലത്തിൽ മാത്രം സ്വീകാര്യമാകുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടേക്കാം. ഭൗതികം സൈദ്ധാന്തികം മാത്രമായി തീരുകയും തത്ത്വചിന്തയോട് അടുക്കുകയും ചെയ്യുന്ന പ്രകരണമാണോ വരാൻ പോകുന്നതെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. അത് നിഗൂഢാത്മകതയുടെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.

6.0 "ഇഹലോകകുടുംബത്തിലാണ് വിശുദ്ധകുടുംബത്തിന്റെ രഹസ്യം കിടക്കുന്നതെന്നു കണ്ടെത്തിക്കഴിഞ്ഞാൽ ആദ്യത്തേതിനെ തന്നെ സൈദ്ധാന്തികമായി വിമർശിക്കുകയും പ്രായോഗികമായി വിപ്ലവകരമാക്കുകയും വേണം.'

7.0 "അദ്ദേഹം (ഫോയർബാഹ്) ഇന്ദ്രിയാനുഭൂതിയെ, പ്രായോഗികപ്രവർത്തനമായി, മനുഷ്യന്റെ ഇന്ദ്രിയപ്രവർത്തനമായി കാണുന്നില്ല.'

7.1 ഇന്ദ്രിയാനുഭവത്തെ പ്രയോഗമായി കാണുകയെന്നാൽ, യാഥാർത്ഥ്യം പ്രയോഗം തന്നെയാണെന്ന് തിരിച്ചറിയുകയാണ്. പ്രയോഗമില്ലാതെ യാഥാർത്ഥ്യത്തിന്റെ അനുഭവമില്ല.

8.1 "സിദ്ധാന്തത്തെ മിസ്റ്റിസിസത്തിലേക്കു നയിക്കുന്ന എല്ലാ നിഗൂഢതകളും മനുഷ്യന്റെ പ്രായോഗികപ്രവർത്തനത്തിലൂടെയും ആ പ്രായോഗികപ്രവർത്തനത്തെ മനസ്സിലാക്കുന്നതിലൂടെയും അവയ്ക്കുള്ള യുക്തിസഹമായ ഉത്തരം കണ്ടെത്തുന്നു.'

8.2 പ്രായോഗികപ്രവർത്തനത്തിലൂടെയല്ലാതെ മുന്നോട്ടുവയ്ക്കപ്പെടുന്ന വിശുദ്ധമായ സിദ്ധാന്തങ്ങൾ നിഗൂഢതാവാദത്തിലേക്കു നയിക്കാവുന്നതാണ്. വിജ്ഞാനത്തിൽ നിഗൂഢതകൾ നിറയുന്നത് സ്വേച്ഛാധിപത്യത്തിലേക്കു വഴി തെളിക്കുന്നു. നിഗൂഢരഹിതമാകുകയെന്നത്, പ്രായോഗികജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്നതിന്, ശരിയും തെറ്റും വേർതിരിച്ചു കാണുന്നതിന് ആവശ്യമാണ്. നിഗൂഢതയെ മാറ്റിത്തീർക്കാനുള്ള മാർഗ്ഗം പ്രായോഗികപ്രവർത്തനത്തിലൂടെ യാഥാർത്ഥ്യത്തെ തെളിയിക്കുകയെന്നതു മാത്രമാണ്. ▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments