Photo: pixabay

​ശാസ്ത്രം ഒരു വിശുദ്ധപശുവല്ല

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 22

ശാസ്ത്രം ശിക്ഷകനോ രക്ഷകനോ എന്ന ചോദ്യം എപ്പോഴും ഉയർന്നിരുന്നു.

ധുനികശാസ്ത്രത്തിന്റെ തുടക്കകാലം മുതൽ മനുഷ്യരാശി ചില സന്ദേഹങ്ങൾ സൂക്ഷിക്കുന്നുണ്ടായിരുന്നു. ശാസ്ത്രം ശിക്ഷകനോ രക്ഷകനോ എന്ന ചോദ്യം എപ്പോഴും ഉയർന്നിരുന്നു. ശാസ്ത്രത്തെ മൃതിയുടെ വൃക്ഷമായി കണ്ട വില്യം ബ്ലേക്കു മുതൽ സൗന്ദര്യത്തെ കാണുന്ന കണ്ണു പൊട്ടിക്കുന്ന അറിവിന്റെ വെളിച്ചത്തോടു ദൂരെപ്പോകാൻ പറയുന്ന ജി.ശങ്കരക്കുറുപ്പു വരെ കാൽപ്പനികതയുടേയും മിസ്റ്റിസിസത്തിന്റേയും കവികളുടെ നീണ്ടനിര ശാസ്ത്രത്തോടു വ്യത്യസ്തമായി പ്രതികരിക്കുന്നത് പിൽക്കാല ധൈഷണിക ചരിത്രത്തിൽ കാണാൻ കഴിയും.

നാഗസാക്കി, ഹിരോഷിമ, ഓഷ്‌വിറ്റ്‌സ്, ബുഖൻവാൾഡ്, വിയറ്റ്‌നാം, സെവെസോ, ചെർണോബിൽ, ഭോപ്പാൽ, മിനിമാത്ത, ഷിസ്റ്റോസോമിയാസിസ്, വനനശീകരണം, ആഗോളതാപനം, പരിസ്ഥിതി മലിനീകരണം, ജീവജാതികളുടെ ഉന്മൂലനം... ഈ വാക്കുകളെല്ലാം നീതിപൂർവ്വമല്ലാത്ത ശാസ്ത്രത്തെ കുറിച്ചുള്ള വിചാരം നമ്മിൽ ഉണർത്തുന്നു. ശാസ്ത്രത്തെ വിമർശനങ്ങളിൽ നിന്ന്​ മാറ്റി നിർത്തുകയും എല്ലാ പ്രശ്‌നങ്ങൾക്കും സാങ്കേതികവിദ്യയെ പഴിക്കുകയും ചെയ്യുന്ന രീതി ശാസ്ത്രീയതയോടു ആഭിമുഖ്യം പുലർത്തുന്നവർ സ്വീകരിക്കുന്നതു കാണാം. ശാസ്ത്രമല്ല, അതിനെ ഉപയോഗിക്കുന്നവരാണ്, നയങ്ങൾ രൂപീകരിക്കുന്ന അധികാരികളും സാങ്കേതികവിദഗ്ധരും ബ്യൂറോക്രസിയുമാണ് പഴിക്കപ്പെടേണ്ടതെന്ന ധാരണ വ്യാപകമായി പ്രചരിതമായിട്ടുണ്ട്. ശാസ്ത്രം നിർമ്മമമാണെന്ന സമീപനം സ്വീകരിക്കപ്പെടുന്നു. കഴിഞ്ഞ അധ്യായങ്ങളിൽ നാം നടത്തിയ വികലനങ്ങളിൽ നീതിപൂർവ്വമല്ലാത്ത ശാസ്ത്രത്തിലേക്കു ചൂണ്ടിനിൽക്കുന്ന കുറേ കാര്യങ്ങളെയെങ്കിലും പരാമർശിക്കുന്നുണ്ട്. ശാസ്ത്രം നിർമ്മമമാണോ? അത് ഒരു വിശുദ്ധപശുവാണോ?

തന്റെ കാഴ്ചപ്പാടിൽ സൂക്ഷ്മവും ഗൗരവതരവുമായ പരിവർത്തനങ്ങൾ വരുത്തിക്കൊണ്ടു മാത്രമേ ഒരാൾക്ക് ശാസ്ത്രത്തിന്റെ ലോകത്തിലേക്കു പ്രവേശിക്കാൻ കഴിയൂ. ശാസ്ത്രത്തിന്റെ ലോകം എല്ലാവർക്കും പ്രാപ്തമാകുന്ന ലോകമല്ല.

സത്താവാദപരമായ സമീപനങ്ങൾ സ്വീകരിക്കുന്ന ശാസ്ത്രം അതിന്റെ വസ്തുവിനെ നിർമിക്കുന്നു. ശാസ്ത്രത്തിലെ വസ്തു പ്രകൃത്യാലുള്ള വസ്തുവല്ല. ആദർശവസ്തുവാണത്. കാരണയുക്തിയുടെ പ്രയോഗത്തിന്നാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് ആദർശവസ്തുവിനെ നിർമിക്കുന്നത്. ശാസ്ത്രജ്ഞൻ ഊഹിച്ചെടുക്കുന്ന അടിസ്ഥാനസങ്കൽപ്പനങ്ങൾ പ്രകൃതിവസ്തുവിൽ നിന്ന്​ ഭിന്നമായ ആദർശവസ്തുവിനെ ആവശ്യപ്പെടുന്നുമുണ്ടാകാം. പ്രകൃതിയുടെ ഗണിതവൽക്കരണത്തിനും വസ്തുനിഷ്ഠതയെ ആർജ്ജിക്കാനും ആദർശവസ്തു ആവശ്യമായി വരുന്നു. ആദർശവസ്തുവിന്റെ നിർമാണത്തിൽ സ്വാഭാവികവ്യവസ്ഥയുടെ വക്രീകരണം സംഭവിക്കുന്നുണ്ട്. ഇത് സ്വാഭാവികവ്യവസ്ഥയുടെ മേലുള്ള ഒരു അധികാരപ്രയോഗമാണെന്നും പറയാം. പരസ്പരബന്ധിതമായ ഒരു ലോകത്തിനു പകരം കേവലമായി സ്വയം നിർണ്ണയിക്കാവുന്ന ലോകത്തെ കുറിച്ചുള്ള ഒരു ചിത്രം ഗണിതശാസ്ത്രം നിർമ്മിച്ചെടുത്തുവെന്ന ഹുസേലിയൻ വിമർശത്തിന് വലിയ സാംഗത്യമുണ്ട്.

എഡ്മണ്ട് ഹുസേൽ 1900ലെ ചിത്രം

ആദർശവസ്തുവിന്റെ, ഗണിതവൽക്കരണത്തിനു വിധേയമാകേണ്ട വസ്തുവിന്റെ നിർമാണത്തിൽ അർത്ഥലോപം സംഭവിക്കുന്നതായി ഹുസേലും ഹൈഡഗറും മറ്റും ആരോപിക്കുന്നുണ്ട്. (എന്നാൽ, ഡല്യൂസ് നിർദ്ദേശിക്കുന്ന സത്താവാദവിരുദ്ധമായ സമീപനം; നിരീക്ഷണത്തിനു വിധേയമാകുന്ന വസ്തുവിന്റെ സഞ്ചാരപഥങ്ങൾ അറിയുകയും അതിനു യോജിച്ച ഗണിതശാസ്ത്രസമീകരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന രീതി, ഉത്തരങ്ങളിൽ നിന്നും ചോദ്യങ്ങളിലേക്കു സഞ്ചരിക്കുന്ന എതിർദിശാ സഞ്ചാരം, പ്രകൃതിവസ്തുക്കളിൽ നേരിട്ടു പ്രയോഗക്ഷമമാകുന്നതായിരിക്കണം. ക്ലാസിക്കൽ ഭൗതികത്തിന്റെ സിദ്ധാന്തങ്ങളെ പൂർണമായും പുനരുൽപ്പാദിപ്പിക്കുന്നതിന് ഈ രീതി സഫലമായി പ്രയോഗക്ഷമമാണെങ്കിലും സൂക്ഷ്മവ്യവസ്ഥകളിൽ ഇത് എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാൻ കഴിയുമെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു!)

ശാസ്ത്രത്തിൽ ഏറിയ കൂറും ഉപയോഗിക്കുന്നത് ഗണിതഭാഷയാണ്. ഇത് നിയമനിഷ്ഠമായ ഭാഷയാണ്. നിശിതവും നിശ്ചിതവുമായ അർത്ഥം ഒരു വാക്കിനു കൈവരുത്തുന്ന രീതിയിലുള്ള നിർവ്വചനങ്ങൾ ശാസ്ത്രം നിർമിക്കുന്നു. നിയമനിഷ്ഠമായ ഭാഷയെ സ്വീകരിക്കുന്നതിലും നിശ്ചിതാർത്ഥമുള്ള വാക്കിനെ സ്വീകരിക്കുന്നതിലും ശാസ്ത്രം പുലർത്തുന്ന ഭാഷയോടുള്ള സമീപനം അതിന്റെ സ്വേച്ഛാപ്രവർത്തനത്തെ തടയുന്ന രീതിയിലുള്ളതാണ്. ബഹുലമായ അർത്ഥങ്ങളെ നിർമിക്കാനുള്ള ഭാഷയുടെ ശേഷിയെ അമർത്തിക്കളയുന്ന ഒരു പ്രവർത്തനം നിർവ്വചനങ്ങളിലും സംപ്രത്യയരൂപീകരണങ്ങളിലും നടക്കുന്നുണ്ട്. ഭാഷയെ പെട്ടെന്നുള്ള പ്രയോജനത്തിലേക്ക് ചുരുക്കുന്നു. അത്യധികം ഉപയോഗമാത്രവാദപരമായ സമീപനമാണിത്. സർഗാത്മകമായ മൂല്യങ്ങൾക്കെതിരായ പ്രവർത്തനമായി ഇതിനെ ഗണിക്കാവുന്നതാണ്. ശാസ്ത്രം പ്രകൃതിവസ്തുവിനോടും ഭാഷയോടും സ്വീകരിക്കുന്ന സമീപനം ആധിപത്യപരമാണ്.

ശാസ്ത്രജ്ഞാനത്തിന് അധികാരവുമായുള്ള ബന്ധം സുവ്യക്തമാണെങ്കിലും അത് ശാസ്ത്രത്തെ ഉപയോഗിക്കുന്നവരുടെ മനോഭാവവുമായിട്ടോ പ്രത്യയശാസ്ത്രവുമായിട്ടോ കണ്ണി ചേർത്താണ് പലപ്പോഴും വിശദീകരിക്കപ്പെടാറുള്ളത്. ശാസ്ത്രത്തിനു മേലുള്ള ബാഹ്യസ്വാധീനം എന്ന നിലയ്ക്കാണ് ഇതു മിക്കവാറും മനസ്സിലാക്കപ്പെടുന്നത്.

ശാസ്ത്രബോധനവും ആധിപത്യപരമായ ഒരു പ്രവർത്തനമാണെന്ന് തോമസ് കുൺ പറയുന്നുണ്ടല്ലോ? സവിശേഷമായ പരിശീലനം ലഭിക്കാത്ത ഒരു വിദ്യാർത്ഥിക്ക് ശാസ്ത്രത്തിന്റെ ജ്ഞാനലോകത്തേക്ക് പ്രവേശനം സാധ്യമല്ല. ഒരു സാധാരണ മനുഷ്യൻ ഭൂപടത്തിൽ നോക്കി കുറേയേറെ വരകളെ കാണുമ്പോൾ സവിശേഷശിക്ഷണം ലഭിച്ച വിദ്യാർത്ഥിക്ക് അവയെ നദികളെന്നോ റോഡുകളെന്നോ മലകളെന്നോ ഒക്കെ വായിച്ചെടുക്കാൻ കഴിയും. പരിശീലനം സിദ്ധിച്ച വിദ്യാർത്ഥിക്ക് ക്ലൗഡ് ചേമ്പറിലേയും ബബ്ൾ ചേമ്പറിലേയും കാഴ്ചകൾ മൗലികകണങ്ങളുടെ സഞ്ചാരപഥങ്ങളായി മനസ്സിലാക്കാൻ കഴിയുമ്പോൾ ഒരു സാധാരണമനുഷ്യന്റെ മുന്നിൽ അവ അലങ്കോലപ്പെട്ട ചില രേഖകളായിട്ടായിരിക്കും പ്രത്യക്ഷപ്പെടുന്നത്. തന്റെ കാഴ്ചപ്പാടിൽ സൂക്ഷ്മവും ഗൗരവതരവുമായ പരിവർത്തനങ്ങൾ വരുത്തിക്കൊണ്ടു മാത്രമേ ഒരാൾക്ക് ശാസ്ത്രത്തിന്റെ ലോകത്തിലേക്കു പ്രവേശിക്കാൻ കഴിയൂ. ശാസ്ത്രത്തിന്റെ ലോകം എല്ലാവർക്കും പ്രാപ്തമാകുന്ന ലോകമല്ല. ശാസ്ത്രീയതയുടെ ശിക്ഷണരീതികളിലൂടെ, അധികാരപ്രവർത്തനത്തിലൂടെ അത് ലോകബോധത്തെ മാറ്റിത്തീർക്കുന്നു. (ഇത് പൊതുബോധത്തിന്റെ മാറ്റിത്തീർക്കലാണെന്ന ബാഷ്‌ലാദിന്റെ വിശദീകരണം ഇത്തരുണത്തിൽ ഓർക്കുകയും ചെയ്യണം)

അധികാരപ്രയോഗത്തിന്റേയും മർദ്ദനത്തിന്റേയും കീഴ്‌പ്പെടുത്തലിന്റേയും മൂലകങ്ങൾ ശാസ്ത്രത്തിൽ ആന്തരികമായി പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണിത്. ശാസ്ത്രജ്ഞാനത്തിന് അധികാരവുമായുള്ള ബന്ധം സുവ്യക്തമാണെങ്കിലും അത് ശാസ്ത്രത്തെ ഉപയോഗിക്കുന്നവരുടെ മനോഭാവവുമായിട്ടോ പ്രത്യയശാസ്ത്രവുമായിട്ടോ കണ്ണി ചേർത്താണ് പലപ്പോഴും വിശദീകരിക്കപ്പെടാറുള്ളത്. ശാസ്ത്രത്തിനു മേലുള്ള ബാഹ്യസ്വാധീനം എന്ന നിലയ്ക്കാണ് ഇതു മിക്കവാറും മനസ്സിലാക്കപ്പെടുന്നത്. എന്നാൽ, വസ്തുനിഷ്ഠതയെ അവകാശപ്പെടുകയും അതിനെ ആർജ്ജിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യവഹാരമെന്ന നിലയ്ക്ക് അതിന്റെ രൂപീകരണത്തിൽ തന്നെ അധികാരത്തിന്റെ മൂലകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ഒരു ബാഹ്യസ്വാധീനം എന്ന നിലയ്ക്കു മാത്രമല്ല ആന്തരികഗുണം എന്ന നിലയ്ക്കു കൂടി അധികാരത്തോടുള്ള ശാസ്ത്രത്തിന്റെ ബന്ധത്തെ മനസ്സിലാക്കേണ്ടതുണ്ട്.

ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയ്ക്ക് ഗണിതശാസ്ത്രം പ്രധാനപങ്കു വഹിക്കുന്നുണ്ട്. ശാസ്ത്രത്തെ ഗണിതവൽക്കരണത്തിനു വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ ഭാഷയുടേയും പ്രകൃതിവസ്തുവിന്റേയും മേലുള്ള അധികാരപ്രയോഗമായി രൂപീകരണസന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. / Photo: flickr

ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയ്ക്ക് ഗണിതശാസ്ത്രം പ്രധാനപങ്കു വഹിക്കുന്നുണ്ട്. ശാസ്ത്രത്തെ ഗണിതവൽക്കരണത്തിനു വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ ഇവിടെ സൂചിപ്പിച്ചതു പോലെ ഭാഷയുടേയും പ്രകൃതിവസ്തുവിന്റേയും മേലുള്ള അധികാരപ്രയോഗമായി രൂപീകരണസന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. വൈകാരികവും അളന്നെടുക്കാനാകാത്തതുമായ ഘടകങ്ങളെ ശാസ്ത്രപ്രക്രിയയിൽ നിന്നും ഒഴിവാക്കുന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രം യഥാർത്ഥത്തിൽ നൈതികവും ധാർമ്മികവുമായ മൂല്യങ്ങളെയാണ് ശാസ്ത്രപ്രവർത്തനത്തിൽ നിന്നും ഒഴിവാക്കുന്നത്. ശാസ്ത്രം വസ്തുനിഷ്ഠത ആർജ്ജിക്കുന്നത് ഈ മാർഗ്ഗത്തിലൂടെയാണ്. വസ്തുനിഷ്ഠത ശാസ്ത്രത്തിന് ഒരു വരമല്ലെന്ന ഫെമിനിസ്റ്റുകളുടെ വിമർശത്തിനു സാംഗത്യമുണ്ട്.

ശാസ്ത്രഗവേഷണഫലങ്ങളെ കുത്തകവൽക്കരിച്ചുകൊണ്ട്, ഇതേ ഗവേഷണഫലങ്ങളിൽ എത്തുന്നതിനുളള ഇതര സാധ്യതകളെ തടയുകയും തങ്ങളുടെ മൂലധന താല്പര്യങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്ന കോർപ്പറേഷനുകളുണ്ട്. ലോകബൗദ്ധികസമ്പത്തിനെ പൂർണ്ണമായും വരുതിയിലാക്കാനുളള ശ്രമങ്ങളായി ഇതിനെ കാണണം

ഭൗതികശാസ്ത്രം നിയമനിഷ്ഠഭാഷയെയാണ് കൂടുതലായും ആശ്രയിക്കുന്നതെന്നു പറയുമ്പോഴും ശാസ്ത്രസങ്കൽപ്പനങ്ങളെ രൂപപ്പെടുത്തുന്നതിൽ രൂപകാത്മകഭാഷ വഹിക്കുന്ന പങ്കിനെ വിശദമായി നാം കാണുകയുണ്ടായി. നിയമനിഷ്ഠഭാഷയെന്നു ഗണിക്കപ്പെടുന്ന ഗണിതഭാഷ തന്നെ അടിസ്ഥാനപരമായി രൂപകാത്മകതയുടെ മൂലകങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നും കണ്ടു. രൂപകാത്മകഭാഷ പ്രത്യയശാസ്ത്രപരമായ ദൗത്യങ്ങൾ വഹിക്കുന്നുണ്ടെന്നുള്ള ധാരണയെ ശാസ്ത്രത്തിനും പ്രയോഗക്ഷമമാക്കാവുന്നതാണ്. ആധുനികശാസ്ത്രത്തേയും പ്രത്യയശാസ്ത്രവിശ്ലേഷണങ്ങൾക്കു വിധേയമാക്കാവുന്നതാണെന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്. ശാസ്ത്രം പ്രത്യയശാസ്ത്രത്തിനു പുറത്തല്ല.

ശാസ്ത്രത്തെ സ്വാധീനിക്കുന്ന ബാഹ്യഘടകങ്ങളുടെ പങ്കിനെ കൂടി പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്. ശാസ്ത്രഗവേഷണത്തിന് പലപ്പോഴും വലിയ മൂലധനം ആവശ്യമായി വരുന്ന സാഹചര്യത്തിൽ ബഹുരാഷ്ട്രകോർപ്പറേഷനുകൾ ഗവേഷണമേഖലകളെ അപ്പാടെ സ്‌പോൺസർ ചെയ്യുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതുമൂലം ബഹുരാഷ്ട്രകോർപ്പറേഷനുകളുടെ ലാഭതാൽപ്പര്യങ്ങളാണ് ഗവേഷണങ്ങളെ നിർണ്ണയിക്കുന്നതെന്ന സാഹചര്യം ഉണ്ടാകുന്നു. ശാസ്ത്രഗവേഷണഫലങ്ങളെ കുത്തകവൽക്കരിച്ചുകൊണ്ട്, ഇതേ ഗവേഷണഫലങ്ങളിൽ എത്തുന്നതിനുളള ഇതര സാധ്യതകളെ തടയുകയും തങ്ങളുടെ മൂലധന താല്പര്യങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്ന കോർപ്പറേഷനുകളുണ്ട്. ലോകബൗദ്ധികസമ്പത്തിനെ പൂർണ്ണമായും വരുതിയിലാക്കാനുളള ശ്രമങ്ങളായി ഇതിനെ കാണണം.

മിഷേൽ ഫൂക്കോ / Photo: thierry ehrmann, flickr

ജോർജ് കാങ്ഗ്യലത്തിന്റെ പുസ്തകത്തിന് മിഷേൽ ഫൂക്കോ എഴുതിയ അവതാരികയിൽ, യാഥാർത്ഥ്യത്തെ കുറിച്ചുള്ള ഭൗതികശാസ്ത്രസമീപനം അതേപടി ജീവശാസ്ത്രങ്ങൾക്കു യോജിക്കില്ലെന്ന നിലപാടു സ്വീകരിക്കുന്നുണ്ട്. അചേതനമായ ഭൗതികശാസ്ത്രവസ്തുവിനെ പോലെ ജീവനുള്ള വസ്തുവിനെ പരിഗണിക്കാൻ കഴിയില്ലെന്ന സമീപനം ഫൂക്കോയുടെ ചിന്തയിലുണ്ട്. ഭൗതികശാസ്ത്രം നിർമ്മിച്ചെടുക്കുന്ന വസ്തു ഗണിതത്തെ കൃത്യമായി പിന്തുടരുകയും അതുവഴി കൃത്യത ആർജ്ജിക്കുകയും ചെയ്യുന്ന വസ്തുവാണ്. ഭൗതികത്തിലെ വസ്തുനിഷ്ഠതയുടെ വഴിയാണത്. എന്നാൽ, ജീവൻ ഉരുവം കൊള്ളുന്നതു തന്നെ കൃത്യതയില്ലായ്മയിൽ നിന്നോ പിശകിൽ നിന്നോ ആണെന്ന് ഫൂക്കോ സൂചിപ്പിക്കുന്നു. പരമ്പരാഗത ഭൗതികശാസ്ത്രത്തിന്റെ കൃത്യമായ ഏകവഴിയിലെന്ന പോലെയാണ് ജീവവസ്തു പ്രവർത്തിക്കുന്നതെന്നു പറയാൻ കഴിയില്ല. ജീനുകളിലെ ഉൽപ്പരിവർത്തനമെന്നത് പിശകായിട്ടാണ് നാം പരിഗണിക്കുന്നത്. അത് നേർവഴിയിൽ നിന്നും ഒരു മാറിനടക്കലാണ്. യഥാർത്ഥവഴികളിൽ നിന്നുള്ള ഈ മാറിനടപ്പ് പുതിയ ജനുസ്സുകളെ നിർമ്മിക്കുന്നതിനു തന്നെ കാരണമായിത്തീരുന്നു.

ജീൻ ശാസ്ത്രവസ്തുവായി മാറുമ്പോൾ ജീൻബാങ്കുകൾ നിർമ്മിക്കപ്പെടുന്നു. ബാങ്കുകളിൽ ജീനുകൾ സുരക്ഷിതമായിരിക്കുമോ? ജീൻ മുറിച്ചെടുക്കലും ഒട്ടിച്ചു ചേർക്കലും സാധ്യമായിരിക്കുന്നു. ഇതിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാമായിരിക്കാം?

അത്ഭുതകരമായ പരിവർത്തനങ്ങളിലേക്കു നയിക്കുന്നു. പുതിയ ജനുസ്സുകളും ജീവജാലങ്ങളും ഉണ്ടാകുന്നത് ഇങ്ങനെയാണ്. ജീവന്റെ വളർച്ചയ്ക്കും പരിണാമത്തിനും വികാസത്തിനും ഈ ഉൽപ്പരിവർത്തനങ്ങൾക്ക് വലിയ പങ്കോ സാധ്യതകളോ ഉണ്ടെന്നാണ് ഫൂക്കോ അനുമാനിക്കുന്നത്. അത് പ്രകൃതിയുടെ സർഗ്ഗാത്മകതയുടേയും ബഹുലതയുടേയും വൈവിദ്ധ്യത്തിന്റേയും വഴി കൂടിയാണ്. സത്താവാദപരമായ ഭൗതികശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയുടെ വഴിയല്ല ഇത്. ഭൗതികശാസ്ത്രത്തിലെ വസ്തുനിഷ്ഠനിയമങ്ങൾ കൊണ്ട് ജീവശാസ്ത്രത്തെ സമീപിക്കുമ്പോൾ പല പാളിച്ചകളും ഉണ്ടായേക്കാം. ഗണിതനിയമങ്ങൾ കുറേയെങ്കിലും ബാധകമാകുന്ന ജനിതകശാസ്ത്രത്തിന്റെ മേഖല പോലും പ്രശ്‌നസങ്കലിതമാണ്.

ജനിതകശാസ്ത്രവും ജനറ്റിക് എഞ്ചിനീയറിങും ജീവവസ്തുവിനെ ശാസ്ത്രവസ്തുവാക്കി മാറ്റിത്തീർക്കാനുള്ള ശ്രമത്തിലാണ്. ജീൻ ശാസ്ത്രവസ്തുവായി മാറുമ്പോൾ ജീൻബാങ്കുകൾ നിർമ്മിക്കപ്പെടുന്നു. ബാങ്കുകളിൽ ജീനുകൾ സുരക്ഷിതമായിരിക്കുമോ? ജീൻ മുറിച്ചെടുക്കലും ഒട്ടിച്ചു ചേർക്കലും സാധ്യമായിരിക്കുന്നു. ഇതിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാമായിരിക്കാം? ജീനുകളുടെ പുനഃസംയോജനം വഴി ഉണ്ടാകുന്ന മാറ്റങ്ങൾ ഉദ്ദേശിക്കുന്ന ഫലങ്ങളായിരിക്കില്ല നൽകുന്നത്. ഇതിന് ധാരാളം തെളിവുകളുണ്ട്.

ജീവനെ രാസസംയുക്തങ്ങളുടേയും അയോണുകളുടേയും മിശ്രിതം മാത്രമാക്കി കാണുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ നിലപാടുകൾ ജീവനോടുളള ആദരവിനെ പൂർവ്വികരുടെ വിഡ്ഢിത്തമായി അവതരിപ്പിക്കുന്നു.

ശാസ്ത്രജ്ഞൻ തന്റെ പരീക്ഷണത്തിന് ഉദ്ദേശിക്കുന്ന ഏകസ്വഭാവം മാത്രമായിരിക്കില്ല ഒരു ജീനിനുള്ളത്. ശാസ്ത്രജ്ഞൻ നിശ്ചയിക്കുന്ന സ്ഥലത്തു തന്നെ അത് എത്തിച്ചേരണമെന്നില്ല. സംയോജനത്തിനു വിധേയമാകുന്ന ജീൻ മറ്റു ജീനുകളുമായി പ്രതിപ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഫലങ്ങൾ പലപ്പോഴും അപ്രതീക്ഷിതങ്ങളായിരിക്കും. ഇത്തരം കാര്യങ്ങളിൽ വിശദമായ പഠനം നടത്താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്രകോർപ്പറേഷനുകൾ മിക്കപ്പോഴും തയ്യാറല്ല. കൃഷിക്കായി ജനിതക എഞ്ചിനീയറിങിലൂടെ തയ്യാറാക്കുന്ന വിത്തുകൾക്ക് മണ്ണിനും ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും ഇണങ്ങി രൂപപ്പെടുന്ന സ്വാഭാവികവിത്തുകളുടെ രോഗപ്രതിരോധശേഷിയോ ഉൽപ്പാദനശേഷിയോ ഉണ്ടാകാൻ സാധ്യതയില്ല.

ജീൻ മുറിച്ചെടുക്കലും ഒട്ടിച്ചു ചേർക്കലും സാധ്യമായിരിക്കുന്നു. ഇതിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാമായിരിക്കാം? ജീനുകളുടെ പുന:സംയോജനം വഴി ഉണ്ടാകുന്ന മാറ്റങ്ങൾ ഉദ്ദേശിക്കുന്ന ഫലങ്ങളായിരിക്കില്ല നൽകുന്നത്.

ജനിതകവിഭവങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിനുളള ബഹുരാഷ്ട്രകുത്തകകളുടെ ശ്രമങ്ങൾ അതിഭീകരങ്ങളായ അനന്തരഫലങ്ങളെ സൃഷ്ടിച്ചേക്കാം. ജനിതകവൈവിദ്ധ്യത്തിൽ നിന്ന് ജനിതക ഏകാത്മകതയിലേക്കുളള മാറ്റം ജനിതകവിഭവങ്ങളുടെ വലിയ ശോഷണത്തിന് കാരണമാകും. മനുഷ്യജീനുകളും മറ്റും പേറ്റന്റു ചെയ്യപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. ജീവനെ രാസസംയുക്തങ്ങളുടേയും അയോണുകളുടേയും മിശ്രിതം മാത്രമാക്കി കാണുന്ന ബഹുരാഷ്ട്രക്കുത്തകകളുടെ നിലപാടുകൾ ജീവനോടുളള ആദരവിനെ പൂർവ്വികരുടെ വിഡ്ഢിത്തമായി അവതരിപ്പിക്കുന്നു.

ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിൽ ഇതേവരെ പ്രത്യക്ഷപ്പെടാതിരുന്ന ജീവൻ അതിന്റെ വിഷയവസ്തുവായി തീരുന്നതോടെയാണ് ശാസ്ത്രയാഥാർത്ഥ്യത്തിന്റെ പ്രതിസന്ധി ചർച്ചയുടെ ഗൗരവമേറിയ വിഷയമാകുന്നത്. ജീവനെ സംബന്ധിച്ച ബയോടെക്‌നോളജിയുടെ ജ്ഞാനം ലളിതമായി നിർമ്മിക്കപ്പെട്ട ഒരു ശാസ്ത്രവസ്തുവിനെ കുറിച്ചുള്ള ജ്ഞാനമല്ല. നേരത്തെ പറഞ്ഞതു പോലെ ബയോടെക്‌നോളജിയുടെ ശാസ്ത്രവസ്തു ജീവൻ തന്നെയാണ്. ജീവൻ അതിനുള്ളിൽ തന്നെ യഥാർത്ഥമാണ്. ജീവൻ ശാസ്ത്രത്തിൽ പ്രവർത്തിക്കുകയും അതിന്റെ പ്രശ്‌നങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു. ജീവനെ ഭൗതികശാസ്ത്രത്തിലെ ദ്രവ്യമെന്ന നിലയിലേക്കു ചുരുക്കാവുന്നതല്ല. ജീവവസ്തുവിനെ പൂർണ്ണമായും കൃത്യമായ അളവുകളിലേക്ക്, ഗണിതത്തിലെ അക്കങ്ങളിലേക്കു കൊണ്ടുവരാൻ കഴിയുമോയെന്നത് വലിയൊരു പ്രശ്‌നമാണ് (ജനിതകചികിത്സയിൽ ഇതു സാധ്യമായേക്കാം. എന്നാൽ, അതുകൊണ്ടുവന്നേക്കാവുന്ന ഭവിഷ്യത്തുകൾ ഇവിടെ സൂചിപ്പിക്കപ്പെട്ടതുപോലെ അപ്രവചനീയമാണ്). ഭൗതികശാസ്ത്രത്തിലെ ദ്രവ്യം വസ്തുനിഷ്ഠതയുടെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ജീവശാസ്ത്രത്തിലെ ദ്രവ്യം പിശകിന്റെയും കൃത്യതയില്ലായ്മയുടെയും സ്വാഭാവികവഴികളെ സ്വീകരിക്കുകയും ഉൽപ്പരിവർത്തനങ്ങൾക്കു വിധേയമാകുകയും ചെയ്യുന്നുവെന്നു മാത്രമല്ല, അത് അത്ഭുതകരമായ ഗുണപരമായ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ശാസ്ത്രം ഇപ്പോൾ അഭിമുഖീകരിക്കുന്ന തീവ്രമായ പ്രതിസന്ധികൾ ജീവനെ സംബന്ധിച്ച ധാർമ്മികവും നൈതികവുമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഈ നൈതികാവബോധത്തിന്റെ പ്രയോഗപ്രവർത്തനങ്ങൾ ശാസ്ത്രത്തിനെതിരെ ജീവന്റെ പ്രതിരോധത്തിനുള്ളവയാണ്.

ജീവശാസ്ത്രത്തിലെ പ്രധാനനിയമം എല്ലാ നിയമങ്ങൾക്കും അപവാദമുണ്ട് എന്ന കാര്യമാണ്. ഇത് സാമാന്യവൽക്കരണങ്ങളെ വിഷമമേറിയ കാര്യമാക്കി മാറ്റുന്നു. ജീവശാസ്ത്രവ്യവസ്ഥകൾ അസംതൃപ്തമായ കുടുംബങ്ങളെ പോലെയാണത്രേ!

ഏതൊരു ശാസ്ത്രത്തേയും കൃത്യതയിൽ മനസ്സിലാക്കാൻ ഗണിതത്തെ ആശ്രയിക്കേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. ജീവശാസ്ത്രങ്ങളെ ശരിയായി ഗ്രഹിക്കുന്നതിനും ഗണിതം ആവശ്യമായി വരും. ഗണിതത്തെ ജീവശാസ്ത്രത്തിലേക്കു നയിക്കുന്നതിനു തടസ്സമായി പ്രത്യക്ഷപ്പെടുന്നത് ജീവശാസ്ത്രവ്യവസ്ഥകളുടെ സങ്കീർണ്ണസ്വഭാവമാണ്. ഭൗതികശാസ്ത്രവ്യവസ്ഥകൾ രൂപപ്പെടുന്നത് ലളിതവ്യവസ്ഥകളായിട്ടാണ്. ലളിതവ്യവസ്ഥകളുടെ ഗണിതവൽക്കരണം താരതമ്യേന എളുപ്പതരമായിരുന്നു. എന്നാൽ, ഭൗതികശാസ്ത്രങ്ങളിൽ തന്നെ ഗണിതവൽക്കരണപ്രക്രിയ മന്ദഗതിയിലായിരുന്നു. ജീവശാസ്ത്രവ്യവസ്ഥകളുടെ സങ്കീർണ്ണതകളോടൊപ്പം എല്ലാ പ്രക്രിയകൾക്കിടയിലും പ്രവർത്തിക്കുന്ന ബലതന്ത്രപരമായ അസന്തുലിതാവസ്ഥകളും സംഘാടനത്തിലേക്കു നയിക്കുന്ന മത്സരാധിഷ്ഠിത പ്രഭാവങ്ങളും ജീവവ്യവസ്ഥകളെ അപ്രവചനീയമാക്കുന്നു. സങ്കീർണ്ണവ്യവസ്ഥകളുടെ ഒരു സവിശേഷത പുതിയ ഗുണങ്ങളുടേയും സ്വഭാവങ്ങളുടേയും പ്രത്യക്ഷപ്പെടലാണ്. കൂടിച്ചേർന്ന് സങ്കീർണ്ണമാകുമ്പോൾ ചെറിയ ഘടകങ്ങൾക്കില്ലാത്ത ഗുണങ്ങളും സ്വഭാവങ്ങളും ആവിർഭവിക്കുന്നു. സങ്കീർണ്ണവ്യവസ്ഥകളും കുഴപ്പങ്ങൾ നിറഞ്ഞ വ്യവസ്ഥകളും ഒരേ രീതിയിൽ പരിഗണിക്കപ്പെടാവുന്നതുമല്ല. സങ്കീർണ്ണവ്യവസ്ഥകളുടെ ഗണിതവൽക്കരണം ഉച്ചനിലയിലുള്ള ഗണിതശാസ്ത്രശാഖകളെ ആവശ്യപ്പെടുന്നുണ്ട്. അവയുടെ പഠനത്തിൽ അടുത്തകാലത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.

സങ്കീർണ്ണവ്യൂഹങ്ങൾ പരസ്പരബന്ധിതമായ, പരസ്പരം പ്രതിപ്രവർത്തിക്കുന്ന ഉപവ്യൂഹങ്ങൾ ചേർന്ന് നിർമ്മിക്കപ്പെട്ടതാണ്. മനുഷ്യമസ്തിഷ്‌ക്കം, പാരിസ്ഥിതിക വ്യവസ്ഥകൾ, നാഡീവ്യൂഹവ്യവസ്ഥകൾ... തുടങ്ങിയവയിലെല്ലാം ധാരാളം ഉപവ്യവസ്ഥകളുണ്ട്. ഇവയുടെ പഠനത്തിന് ഏകീകൃതമായ ഒരു പദ്ധതി ഇനിയും രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ക്രമരഹിതമായ വ്യവസ്ഥകളെ കുറിച്ചുള്ള സിദ്ധാന്തം(Chaos Theory), സ്വയം സംഘാടനം(Self Organization) എന്നിവ പോലെ സങ്കീർണ്ണമായ വ്യവസ്ഥകളെ കുറിച്ചുള്ള പഠനങ്ങൾ ഈ മേഖലയിലെ നല്ല തുടക്കങ്ങളാണ്. ബലതന്ത്രവ്യവസ്ഥകളിലുള്ള പൊങ്കാറേയുടെ ഇടപെടലുകൾ ടോപ്പോളജി എന്ന ഗണിതശാസ്ത്രശാഖയുടെ ആവിർഭാവത്തിനു കാരണമായതു പോലെ സങ്കീർണ്ണ ജീവവ്യവസ്ഥകളെ കുറിച്ചുള്ള പഠനങ്ങൾ പുതിയ ഗണിതശാസ്ത്ര ഉപകരണങ്ങളേയും സങ്കേതങ്ങളേയും പുതിയ ഗണിതമേഖലകളെ തന്നെയും ആവശ്യപ്പെടുന്നുണ്ട്.

തിയൊഡോഷ്യസ് ഡൊബ്ഷാൻസ്‌കി

ജീവശാസ്ത്രത്തിന്റെ ഗണിതവൽക്കരണം സവിശേഷമായ കരുതലുകളെ ആവശ്യപ്പെടുന്നുണ്ട്. ജീവശാസ്ത്രത്തിലെ പ്രധാനനിയമം എല്ലാ നിയമങ്ങൾക്കും അപവാദമുണ്ട് എന്ന കാര്യമാണ്. ഇത് സാമാന്യവൽക്കരണങ്ങളെ വിഷമമേറിയ കാര്യമാക്കി മാറ്റുന്നു. ജീവശാസ്ത്രവ്യവസ്ഥകൾ അസംതൃപ്തമായ കുടുംബങ്ങളെ പോലെയാണത്രേ! ടോൾസ്റ്റോയി എഴുതിയതു പോലെ അവ പല രീതികളിൽ അസംതൃപ്തങ്ങളാണ്. പ്രകൃതിനിർദ്ധാരണമൊഴികെ വ്യക്തമായി സ്ഥാപിക്കപ്പെട്ട നിയമങ്ങൾ ജീവശാസ്ത്രത്തിലില്ലെന്നു പറയാം. അത് വളരെ പ്രധാനപ്പെട്ട നിയമവുമാണ്. ജീവശാസ്ത്രത്തിൽ പ്രകൃതിനിർദ്ധാരണത്തിന്റേയും പരിണാമത്തിന്റേയും അടിസ്ഥാനത്തിലല്ലാതെ ഒന്നും തന്നെ അർത്ഥപൂർണ്ണമാകുന്നില്ലെന്ന ഡൊബ്ഷാൻസ്‌കിയുടെ പ്രസ്താവന പ്രശസ്തമാണ്. ജീവികൾ ചരിത്രത്തിന്റെ ഉൽപ്പന്നങ്ങളാണ്.

ആസ്‌ട്രേലിയയിൽ നിന്നുള്ള ഗവേഷകർ മനുഷ്യഭ്രൂണത്തിന്റെ മാതൃക നിർമ്മിച്ചതായുള്ള വാർത്തകൾ വന്നിരിക്കുന്നു. ബീജവും അണ്ഡവും കൂട്ടിച്ചേർത്തല്ല അവർ ഭ്രൂണം നിർമ്മിച്ചിരിക്കുന്നത്, ചർമ്മകോശങ്ങൾ കൊണ്ടാണ്.

ജീവദ്രവ്യം കടന്നുപോയ മാറ്റത്തിന്റെ ചരിത്രവും ഏതു രീതിയിലാണ് ഈ മാറ്റം സംഭവിക്കുന്നതെന്ന കാര്യവും ജീവശാസ്ത്രത്തിന്റെ ഗണിതവൽക്കരണത്തിൽ പ്രധാനമായും പരിഗണിക്കപ്പെടണം. ജീവദ്രവ്യത്തിന്റെ ഘടനയെ ഭൗതികശാസ്ത്രത്തിന്റെ സാധാരണനിയമങ്ങളിലേക്കു ചുരുക്കിയെടുക്കുന്ന രീതിയിൽ പ്രവർത്തിക്കരുതെന്ന് ഷ്‌റോഡിന്ഞ്ജർ പറയുന്നുണ്ട്. ധാരാളം അണുക്കളും തന്മാത്രകളും ചേർന്നുണ്ടാകുന്ന ജീവദ്രവ്യവ്യവസ്ഥകളിൽ ഭൗതികശാസ്ത്രത്തിന്റേയും രസതന്ത്രത്തിന്റേയും നിയമങ്ങൾ സാംഖ്യകസംഭാവ്യതകളെന്ന നിലയിലായിരിക്കും പ്രത്യക്ഷപ്പെടുന്നത്. ഒരു റേഡിയോ അണുവിന്റെ ആയുസ്സിന്റെ സംഭാവ്യത ഒരു ശലഭത്തിന്റെ ആയുസിന്റെ സംഭാവ്യതയെ അപേക്ഷിച്ച് തുലോം കുറഞ്ഞ അളവിൽ മാത്രം തീർച്ചയുള്ളതാണെന്ന് ഷ്‌റോഡിന്ഞ്ജർ പറയുന്നുണ്ട്. ഗ്രിഗർ മെൻഡൽ സാംഖ്യകനിയമങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതോടെ ജീവശാസ്ത്രവും ഗണിതവൽക്കരണത്തിനു വിധേയമായി തുടങ്ങി. ജനിതകവിപ്ലവം സൃഷ്ടിച്ചിരിക്കുന്ന അനുക്രമീകരണതന്ത്രം (Sequencing Strategy) ഗണിതത്തിന്റെ ഉച്ചനിലയിലുള്ള ഉപയോഗത്തെ ആശ്രയിക്കുന്നതാണ്.

അലൻ ടൂറിങ്

ജീവദ്രവ്യത്തിന്റെ സ്വാഭാവികസ്രോതസ്സിനെ സങ്കൽപ്പിക്കുന്ന ഒരു ഗണിതശാസ്ത്രമാതൃകയെ അലൻ ടൂറിങ് നിർമ്മിക്കുകയുണ്ടായി. സംയോഗത്തിന് വിധേയമായ അണ്ഡത്തിന്റെ രൂപരഹിതമായ ഘടനയെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. അന്തർവ്യാപനം (Diffusion) വഴി പടരുന്നതും പരസ്പരം പ്രതിപ്രവർത്തിക്കുന്നതുമായ രാസപദാർത്ഥങ്ങളുടെ സാകല്യമായി ഭ്രൂണത്തെ അദ്ദേഹം കണ്ടു. രാസപ്രവർത്തനത്തിന്റേയും അന്തർവ്യാപനത്തിന്റേയും നിരക്കനുസരിച്ചും താപഗതികആന്ദോളന(Thermodynamic Vibrations)ങ്ങൾക്കനുസരിച്ചും ഇത് പല ഫലങ്ങളിലേക്കും നയിക്കപ്പെടുന്നതാണ്. ഭ്രൂണത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്ന രാസസാന്ദ്രതയും മറ്റു ചിലയിടങ്ങളിൽ കുറഞ്ഞ രാസസാന്ദ്രതയുമുണ്ടാകാം. ഇവ ഹൈഡ്രയുടെയോ നക്ഷത്രമത്സ്യത്തിന്റെയോ പാറ്റേണുകളെ അനുകരിക്കാം. മറ്റു ചില സാന്ദ്രതകളിൽ ഘടികാരത്തെ പോലെയോ തരംഗത്തെ പോലെയോ ദോലനത്തിനു വിധേയമാകാം. ആദ്യം തണത്ത പ്രതികരണമാണുണ്ടാക്കിയതെങ്കിലും പതുക്കെ പതുക്കെ ഈ മാതൃക ധിഷണാശാലികളുടെ ഇടയിൽ ചില ചലനങ്ങൾ ഉണ്ടാക്കി. ഈ സമീപനം ശരിയല്ലെന്നു പിൽക്കാലത്തു തെളിഞ്ഞു. ജീവന്റെ മാതൃകാനിർമ്മാണത്തിനുള്ള ആദ്യശ്രമമെന്ന നിലയ്ക്കു മാത്രം ഇതിനെ ഇപ്പോൾ കാണാം.

എന്നാൽ, ഇപ്പോൾ ആസ്‌ട്രേലിയയിൽ നിന്നുള്ള ഗവേഷകർ മനുഷ്യഭ്രൂണത്തിന്റെ മാതൃക നിർമ്മിച്ചതായുള്ള വാർത്തകൾ വന്നിരിക്കുന്നു. മെൽബോണിലെ മൊനാഷ് സർവ്വകലാശാലയിൽ പ്രൊഫ. ജോസ് പോളോയുടെ നേതൃത്വത്തിലുളള സംഘമാണ് ഈ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ബീജവും അണ്ഡവും കൂട്ടിച്ചേർത്തല്ല അവർ ഭ്രൂണം നിർമ്മിച്ചിരിക്കുന്നത്, ചർമ്മകോശങ്ങൾ കൊണ്ടാണ്. എന്നാൽ, ഇത് പ്രകൃതിദത്തമായ ഭ്രൂണത്തിന്റെ അതേ പകർപ്പല്ല. നൈതികവും ധാർമ്മികവുമായ കാരണങ്ങളാൽ പ്രകൃതിദത്തഭ്രൂണത്തിന്റെ ആദ്യനാളുകളിലെ വളർച്ച നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നതിന് വിലക്കുകളുണ്ട്. മൊനാഷ് സർവ്വകലാശാലയിലെ ഗവേഷകർ നിർമ്മിച്ചെടുത്ത ഐബ്ലാസ്റ്റോയ്ഡ്‌സ് (iBlastoids) മനുഷ്യഭ്രൂണവികാസത്തിന്റെ ആദ്യനാളുകളെ കുറിച്ചു പഠിക്കാൻ സഹായിക്കുന്നതാണ്. പതിനൊന്നു ദിവസത്തിന്നപ്പുറത്തേക്ക് ഈ വളർച്ച നിരീക്ഷിക്കപ്പെടുന്നതിന് ഉദ്ദേശിക്കുന്നില്ല. ഇത് പൂർണ്ണമനുഷ്യജീവിയായി വികസിക്കുമെന്നു കരുതപ്പെടുന്നുമില്ല. എന്നാൽ, ഭ്രൂണവളർച്ചയുടെ ആദ്യനാളുകളിലുണ്ടാകുന്ന വൈകല്യങ്ങൾ മനസ്സിലാക്കാൻ ഉതകുമെന്നു കരുതപ്പെടുന്നു .▮

(തുടരും)


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments