ആൻഡ്രിയ ഡോറിയ എന്ന കപ്പൽ തകർന്ന ആഴത്തിലേക്കു പോകാൻ അവർ ഒരുക്കിയ അന്തർവാഹിനിയുടെ പേരാണ് സൈക്ലോപ്സ്.

ടൈറ്റാൻ അന്തർവാഹിനിക്ക് എന്തു സംഭവിച്ചു?
ഒരു ഭൗതികശാസ്ത്ര അന്വേഷണം

ടൈറ്റാൻ വാഹിനി തകരാൻ ഒത്തിരി സാങ്കേതിക കാര്യങ്ങളുണ്ട്. കാർബൺ ഫൈബറുകളുടെ ഉപയോഗം, വെള്ളം കയറി കുറഞ്ഞ ശക്തി, അമിതമായ പുറത്തുള്ള മർദ്ദം, അതിലൂടെയുണ്ടായ അകത്തേക്കുള്ള സ്ഫോടനം, സിലിണ്ടറിക്കൽ അഥവാ കുഴൽ ആകാരം, കോമ്പ്രെസ്സീവ് ഞെരുക്കങ്ങളുടെ കൂടിച്ചേരൽ എന്നിവ ഈ അപകടത്തിനു കാരണമായി എന്നാണ് പ്രാഥമികമായി മനസിലാക്കുന്നത്.

മേരിക്കയിൽ വാഷിങ്ടണ്ണിനടുത്ത എവരറ്റ് എന്ന സ്ഥലത്ത് രണ്ടു വ്യക്തികൾ-സ്റ്റോക്കടൺ റഷും, ഗുലിർമോസോണിനും- ചേർന്ന് 2009- ൽ ഓഷ്യൻ ഗേറ്റ് എന്നൊരു സ്വകാര്യ കമ്പനി സ്ഥാപിച്ചു. അറ്റ്ലാന്റിക് മഹാസമുദ്രത്തിലും മെക്സിക്കോ കടലിടുക്കുകളിലും കാലിഫോണിയ തീരപ്രദേശത്തിനടുത്തുള്ള ആഴക്കടലുകളിലേക്ക് വിനോദസഞ്ചാര രീതിയിൽ കടലിനടിയിലേക്ക് അതിസാഹസികത നിറഞ്ഞ യാത്രകൾ ഫീസടിസ്ഥാനത്തിലൊരുക്കുന്ന ടൂർ കമ്പനിയാണ് ഓഷ്യൻ ഗേറ്റ്.

നിരവധി പര്യവേഷണ യാത്രകൾ നിരന്തരം നടത്താറുള്ള കമ്പനിക്ക് പൊതുവെ പര്യവേഷണ യാത്രികർക്കിടയിൽ നല്ല മതിപ്പാണ്. അതിനായി പ്രത്യേകതരം അന്തർവാഹിനികൾ (സബ്മേഴ്സിബിൾസ് ) അവർ ഉപയോഗിക്കാറുണ്ട്.
ആൻഡ്രിയ ഡോറിയ, ടൈറ്റാനിക് എന്നീ വിഖ്യാത കപ്പലുകളുടെ അവശിഷ്ടങ്ങൾ കാണാൻ അവയുള്ള ആഴങ്ങളിലേക്ക് ഇവർ നടത്തുന്ന യാത്രകൾ വിശ്വവിഖ്യാതമാണ്. ആൻഡ്രിയ ഡോറിയ എന്ന കപ്പൽ തകർന്ന ആഴത്തിലേക്കു പോകാൻ അവർ ഒരുക്കിയ അന്തർവാഹിനിയുടെ പേരാണ് സൈക്ലോപ്സ്.

സമാനരീതിയിൽ, ടൈറ്റാനിക് കപ്പൽ തകർന്ന 40,000 മീറ്റർ ആഴത്തിലേക്കു അവർ നടത്തുന്ന യാത്രാവഹിനിയുടെ പേരാണ് ടൈറ്റൻ. ഒരു ടിക്കറ്റിന് ഏകദേശം രണ്ടുകോടി രൂപയാണ് വരുക. 2023 ജൂൺ 18-ന് 5 യാത്രികരുമായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ അവർ ഒരു യാത്ര തിരിച്ചു. ആ യാത്രയിലുള്ളവർ ലോക പ്രശസ്ത ബിസിസിനസുകാരായിരുന്നു.

പാകിസ്ഥാനി ബ്രിട്ടീഷ് ബിസിനസുകാരനായ ഷാഹ്സാദാ ദാവൂദ്, അയാളുടെ മകനായ സുലൈമാൻ ദാവൂദ്, ബ്രിട്ടീഷ് ബിസിനസുകാരനായ ഹാമീഷ് ഹാർഡിങ്, മുൻ ഫ്രഞ്ച് നേവി കമാന്റർ ഹെന്നറി നാർഗോലറ്റ്, പിന്നെ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ മുഖ്യ കാര്യദർശിയും കടൽ വൈമാനികനുമായ സ്റ്റോക്കടൺ റഷ് എന്നിവരായിരുന്നു ടൈറ്റൺ സംഘാഗങ്ങൾ.

അന്തർവാഹിനികളെ രണ്ടായി തരം തിരിക്കാം- സബ്മേഴ്സിബിൽ, സബ്മറൈൻ

അന്തർവാഹിനികളെ രണ്ടായി തരം തിരിക്കാം- സബ്മറൈൻ, സബ്മേഴ്സിബിൽ. സബ്മറൈൻ പരസഹായമില്ലാതെ കടലിനടിയിലൂടെയും കടൽ ജലനിരപ്പിനുമുകളിലൂടേയും ഒരേസമയം സഞ്ചരിക്കാനും നിരവധി പേരെ കയറ്റാനും നല്ല നീളവും വിസ്തീർണവുമുള്ള കടൽവാഹനമാണ്. സബ്മേഴ്സിബിൽ എന്നാൽ ചെറിയ വാഹനമാണ്. കടലിനടിയിലൂടെ മറ്റൊരു മാതൃകപ്പലിന്റെ സഹായത്തോടെ കൂടുതൽ വെർട്ടിക്കിളായും കുറച്ചു ഹൊറിസോണ്ടലായും സഞ്ചരിക്കുന്ന വാഹനം. അതിനെ ഓപ്പറേറ്റ് ചെയ്യുന്നത് വീഡിയോ ഗെയിം നിയന്ത്രിക്കുന്ന ലോജിസ്റ്റിക് വഴിയാണ്. ശബ്ദതരംഗംകൾ വഴിയാണ് ആശയവിനിമയം. കടലിൽ ഒരു സ്ഥലത്ത് കപ്പലിൽ എത്തിച്ചേരുകയും അവിടന്ന് താഴത്തോട്ട് ആഴങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന വാഹനമാണ് സബ്മേഴ്സിബിൽ. അത്തരം ഒരു വാഹനമാണ് വിശ്വവിഖ്യാതമായ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റാൻ എന്ന അന്തർവാഹിനി.

ടൈറ്റണിന്റെ സവിശേഷതകൾ

സൈക്ലോപ്സ് 2  എന്ന മറുപേരിലറിയപ്പെടുന്ന ടൈറ്റന് ഏതാണ്ട് 7 മീറ്റർ നീളവും 10,432 കിലോ ഗ്രാം ഭാരവുമുണ്ട്. ടൈറ്റാനിയവും കാർബൺ ഫൈബറും ചേർന്നാണ് ഈ അന്തർവാഹിനി നിർമിച്ചിരിക്കുന്നത്. ഏതാണ്ട് 5.6 km/hr സ്പീഡിൽ സഞ്ചരിക്കുന്ന ടൈറ്റൻ 4 ഇലക്ട്രിക് ത്രസ്റ്ററുകളുടെ പിന്തുണയോടുകൂടിയാണ് പ്രവർത്തിക്കുന്നത്. കൃത്യമായ നിരീക്ഷണസംവിധാനങ്ങളും 96 മണിക്കൂർ നിലനിൽക്കുന്ന ജീവൻ
സഹായ സംവിധാങ്ങളും ബാലസ്റ്റുകളും ബലൂൺ സജികരണങ്ങളും മൺചാക്കുകളും അടങ്ങുന്ന രക്ഷാകവചങ്ങളും ഉള്ള അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ ഇതിന്റെ സവിശേഷതകളാണ്.

2018ൽ ടൈറ്റനിൽ പരീക്ഷണ ഡൈവിങ് നടത്തുന്ന ഉടമകളിലൊരാളായ സ്റ്റോക്കട്ൺ റഷ് / Photo: Becky Kagan Schott

ടൈറ്റന് എന്താണ് സംഭവിച്ചത്?

2023 ജൂൺ 18ന് ഒരു വലിയ കപ്പലിന്റെ ആശയവിനിമയ സഹായത്തോടെ ആഴക്കടലിൽ ടൈറ്റൻ 5 യാത്രികരുമായി മുങ്ങിത്താന്നു. 4000 മീറ്റർ ആഴത്തിലേക്കായിരുന്നു യാത്ര. മൊത്ത സമയം 5 മണിക്കൂർ. രണ്ടര മണിക്കൂർ അങ്ങോട്ടും രണ്ടര മണിക്കൂർ ഇങ്ങോട്ടും. എന്നാൽ യാത്ര ആരംഭിച്ച് 1.45 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ അന്തർവാഹിനിക്ക് കൺട്രോളിങ് കപ്പലുമായുള്ള ശബ്ദസന്ദേശ ആശയവിനിമയം നഷ്ടപ്പെട്ടു. 5 മണിക്കൂറിനുശേഷം തിരിച്ചുവരാത്തതുകൊണ്ട് അമേരിക്കൻ നാവികസേനയുടെ വിദൂര വിക്ഷേപണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തകർന്ന അവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു.

തകർച്ചയുടെ ഭൗതികശാസ്ത്രം

അന്തരീക്ഷത്തിൽ ഒരു വ്യക്തി നിലനിൽക്കുമ്പോൾ അയാളുടെ ശരീരത്തിൽ അനുഭവപ്പെടുന്ന അറ്റ്മോസ്ഫെയറിക്ക് മർദ്ദം എന്ന് പറയുന്നത്, 1 kg/cm (ഓരോ 1cm ചതുരത്തിലും 1kg എന്ന കണക്കിൽ) ആണ്. വായുവിന്റെ സാന്ദ്രത കുറഞ്ഞതാണ് അതിന്റെ കാരണം. എന്നാൽ കടലിനടിയിലേക്ക് പോകുമ്പോൾ വെള്ളത്തിന്റെ സാന്ദ്രത കൂടുതലായതു കാരണം ആഴം കൂട്ടുന്നതിന്നുസരിച്ച് മർദ്ദം കൂടുകയും ഏതാണ്ട് 3800 മീറ്റർ ആഴത്തിലെത്തുമ്പോൾ 380 kg/cm2 എന്ന തരത്തിൽ മർദ്ദമെത്തുകയും ചെയ്യും.
അങ്ങനെ നോക്കുമ്പോൾ അടിത്തട്ടിൽ വാഹിനിയുടെ അകത്ത് കുറച്ചു മർദ്ദവും പുറത്ത് 380 kg/cm2 മർദ്ദവും. അതുമൂലം വാഹിനിയുടെ അകത്തേക്ക് ഒരു ഞെരുക്കം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കംപ്രെസ്സീവ് ഡിഫോർമേഷൻ എന്നാണ് അതിനെ പറയുക. വാഹിനിക്ക് മൂന്ന് കംപാർട്ടുമെന്റുകളുണ്ട്. അറ്റങ്ങളിലായി അർദ്ധഗോളങ്ങളും നടുക്ക് യാത്രികർ ഇരിക്കുന്ന സ്ഥലത്ത് സിലിണ്ടറിക്കൽ ആകൃതിയും. ഇങ്ങനെയാണ് മൂന്ന് ബോഗികൾ രൂപകല്പന ചെയ്തത്

Photo: NAVY Productions / Youtube

വാഹിനിയുടെ ബോഗിയുടെ രൂപാകൃതി വട്ടത്തിലുള്ളതായിരുന്നെങ്കിൽ ഒരുപരിധിവരെ മർദ്ദം പ്രതിരോധിക്കാൻ കഴിഞ്ഞേനെ. എന്നാൽ ഈ ബോഗി കുഴൽ രൂപത്തിലുള്ളതായിരുന്നു. മാത്രമല്ല, ഞെരുക്കലിൽ രൂപമാറ്റം വരാനുള്ള സാധ്യത വളരെ കൂടുതലും. അതിനേക്കാളുപരിയായി, ഇത്തരം വാഹിനികൾ സ്റ്റീൽ, അലൂമിനിയം, ടൈറ്റാനിയം എന്നീ പാദാർഥങ്ങൾ കൊണ്ടാണ് പൊതുവെ രൂപകൽപന ചെയ്യാറ്. സമ്മർദ്ദം പ്രതിരോധിക്കാൻ വേണ്ടിയാണ് ഇതൊക്കെ ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം ഭാരവും പൈസയും കുറഞ്ഞ കാർബൺ ഫൈബർ ഡോട്ടുകളാണ് ഇതിൽ ഉപയോഗിച്ചത്. കാർബൺ ഫൈബർ ഷീറ്റുകൾ ചേർത്തുവെച്ച് ഉണ്ടാക്കുമ്പോൾ ശക്തി കൂടും എന്ന് കണക്കാക്കിയാണ് കാർബൺ തിരഞ്ഞെടുത്തത്. എന്നാൽ ഓരോ ഉപയോഗത്തിനുശേഷവും ഫൈബറുകൾക്കിടയിൽ വെള്ളം തള്ളിക്കളയാൻ പറ്റാതെ വരും. ടൈറ്റാൻ വാഹിനിയുടെ പതിഞ്ചാമത്തെ യാത്രയായിരുന്നു ഇത് എന്ന് ചില വാർത്താഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ചിലർ ഇത് നിഷേധിക്കുന്നുമുണ്ട്.
അങ്ങനെ വെള്ളം കയറുമ്പോൾ കാർബൺ ഫൈബറുകളുടെ ശക്തി കുറയാൻ സാധ്യതയുണ്ട്. അപ്പോൾ ചേർത്തുപിടിച്ച വച്ചിരിക്കുന്ന ഫൈബറുകൾ കുതറിമാറാനും പ്രതിരോധം കുറയാനും സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ടൈറ്റാൻ വാഹിനി തകരാൻ ഒത്തിരി സാ​ങ്കേതിക കാര്യങ്ങളുണ്ട്.കാർബൺ ഫൈബറുകളുടെ ഉപയോഗം, വെള്ളം കയറി കുറഞ്ഞ ശക്തി, അമിതമായ പുറത്തുള്ള മർദ്ദം, അതിലൂടെയുണ്ടായ അകത്തേക്കുള്ള സ്ഫോടനം, സിലിണ്ടറിക്കൽ അഥവാ കുഴൽ ആകാരം, കോമ്പ്രെസ്സീവ് ഞെരുക്കങ്ങളുടെ കൂടിച്ചേരൽ എന്നിവ ഈ അപകടത്തിനു കാരണമായി എന്നാണ് പ്രാഥമികമായി മനസിലാക്കുന്നത്.

ടൈറ്റാൻ അന്തർവാഹിനി അവസാന യാത്രികർ. ബ്രിട്ടീഷ് ബിസിനസുകാരനായ ഹാമീഷ് ഹാർഡിങ്, ഓഷ്യൻ ഗേറ്റ് കമ്പനിയുടെ മുഖ്യ കാര്യദർശിയും കടൽ വൈമാനികനുമായ സ്റ്റോക്കടൺ റഷ്, മുൻ ഫ്രഞ്ച് നേവി കമാന്റർ ഹെന്നറി നാർഗോലറ്റ്, ഷാഹ്സാദാ ദാവൂദ്, അയാളുടെ മകനായ സുലൈമാൻ ദാവൂദ്

മാത്രമല്ല, ശബ്ദതരംഗങ്ങൾ വഴിയുള്ള ആശയ വിനിമയത്തിനുള്ള വേഗത വളരെ കുറവുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ടെക്സ്റ്റ് മെസേജുകളായിരുന്നു കൂടുതലും. പിന്നെ അന്തർ വാഹിനിയിൽ നിന്ന് വരുന്ന ശബ്ദവും ഈ ആശയവിനിമയ ശബ്ദതരംഗങ്ങളെ നിഷ്പ്രഭമാക്കി എന്ന് വേണം കരുതാൻ. ഇതുമൂലം ആശയ വിനിമയം പരിപൂർണമായി വിജയകരമായില്ല.

വിനോദ സഞ്ചാര പര്യവേഷണ രംഗത്ത് ഒത്തിരി യാത്രകൾ നടത്തിയിട്ടുള്ള ഇതിന്റെ നിർമാതാക്കൾക്ക് ഈ പോരായ്മകൾ അറിയാമായിരുന്നിട്ടും മറ്റേതോ കാര്യത്തിൽ അവർ പ്രതീക്ഷയർപ്പിച്ചിരുന്നു എന്നുവേണം മനസിലാക്കാൻ. സാങ്കേതികമായി അതിൽ വന്ന പിഴവാണ് ഈ അപകടത്തിലേക്കു നയിച്ചതും അഞ്ചുപേരുടെ മരണത്തിനിടയാക്കിയതും. ഗവേഷണ ഏജൻസികൾ ഫിസിക്കൽ മോഡലിങ്ങും കമ്പ്യൂട്ടർ മോഡലിങ്ങും അന്വേഷണവിധേയമായി ആരംഭിച്ചിട്ടുണ്ട്. ഇതെല്ലം കഴിയുന്ന മുറക്ക് അപകടത്തെ പറ്റിയുള്ള ശാസ്ത്രീയ വിവരം ലഭിക്കും എന്നുവേണം കരുതാൻ.


ഡോ. പ്രവീൺ സാകല്യ

സുനാമി - പ്രളയ ഗവേഷകൻ. കോഴഞ്ചേരി സെൻറ്​ തോമസ് കോളേജിലെ ഫിസികസ് വിഭാഗം മേധാവി. ചെന്നൈയിലെ ദേശീയ തീരദേശ ഗവേഷണ കേന്ദ്രത്തിലും ഐ.ഐ.ടി ഡൽഹിയിലെ അറ്റ്മോസ്​ഫിയറിക്​ സയൻസ് വിഭാഗത്തിലും പ്രോജക്ട് ശാസ്ത്രജ്ഞനായും, തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെലോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments